x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

വി. യാക്കോബ് ശ്ലീഹായോടുള്ള നൊവേന

Authored by : Liturgical Commission, Diocese Mananthavady On 10-Jul-2024

വി. യാക്കോബ് ശ്ലീഹായോടുള്ള നൊവേന

ഈശോയുടെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ വി. യാക്കോബ് സെബദി-സലോമി ദമ്പതികളുടെ പുത്രനാണ്. ഈശോയുടെ വളർത്തു പിതാവായ ജോസഫിന്റെ സഹോദരനാണ് സെബദി. ഇടിമുഴക്കത്തിന്റെ പുത്രന്മാരെന്ന് അറിയപ്പെട്ടിരുന്ന യാക്കോബും യോഹന്നാനും മത്സ്യ ബന്ധനത്തിലേർപ്പെട്ടിരിക്കെയാണ് മിശിഹായാൽ വിളിക്കപ്പെടുന്നത്. ശ്ലീഹന്മാരുടെ ഗണത്തിൽ ചെറിയ യാക്കോബ് ഉണ്ടായിരുന്നതിനാൽ ഈ ശ്ലീഹാ വലിയ യാക്കോബ് എന്നുകൂടി അറിയപ്പെടുന്നു. ശ്ലീഹന്മാരിൽ പ്രധാനരായി പത്രോസിനോടൊപ്പം യാക്കോബും സഹോദരൻ യോഹന്നാനും ഉണ്ടായിരുന്നു.

ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് സുവിശേഷപ്രഘോഷണത്തിന് അപ്പസ്തോലന്മാർ പുറപ്പെട്ടു. യൂദായിലെ 12 ഗോത്രങ്ങളിലും സുവിശേഷം പ്രസംഗിച്ച ശേഷം വി. യാക്കോബ് സ്പെയിനിൽ മിശിഹായെ പ്രസംഗിച്ചു. ആ രാജ്യം മുഴുവൻ മിശിഹായെ രക്ഷകനായി സ്വീകരിച്ച് ക്രിസ്ത്യാനികളായി എന്ന് പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു.

ഹേറോദ് അഗ്രിപ്പായുടെ കാലത്ത് മതപീഡനം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഈശോയിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ് ശ്ലീഹ സധൈര്യം മരണം വരിച്ചു. തലവെട്ടിക്കൊല്ലുവാനുണ്ടായ രാജകല്പനയുണ്ടായപ്പോൾ വാളിനുമുമ്പിൽ പതറാതെ നിന്നുകൊണ്ടാണ് അദ്ദേഹം രക്തസാക്ഷിമകുടം ചൂടിയത്. ശ്ലീഹന്മാരിലെ പ്രഥമരക്തസാക്ഷി യാക്കോബാണ്.

തിരുനാൾ ദിനം : ഏപ്രിൽ 30

പ്രാരംഭഗാനം

(അദ്ധ്വാനിക്കുന്നവർക്കും.. എന്ന രീതി)

സ്നേഹസ്വരൂപാ ദൈവമേ
ആരാധിച്ചേവം നിന്നെ
നന്ദിചൊല്ലി വാഴ്ത്തീടാം
സ്വർഗ്ഗീയ ദാനങ്ങൾക്കായ്

മാനവരക്ഷയ്ക്കായ് നിൻ
സൂനുവേ നല്കാൻ പോലും
ഇത്രയും ആഴമായ് നീ
ലോകത്തെ സ്നേഹിച്ചല്ലോ

യാക്കോബു ശ്ലീഹാ തൻ്റെ
ധന്യമാം മദ്ധ്യസ്ഥത്താൽ
നിൻ സുതൻ ഞങ്ങളിൽ നീ
കാരുണ്യം തൂകീടേണേ

കാർമ്മി: അനുഗ്രഹസമ്പന്നനും സ്നേഹനിധിയുമായ ദൈവമേ, വി. യാക്കോബ് ശ്ലീഹായുടെ മാദ്ധ്യസ്ഥം തേടി അവിടുത്തെ തിരുസന്നധിയിൽ ഞങ്ങൾ അണയുന്നു. ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടങ്ങളും നഷ്ടങ്ങളും രോഗങ്ങളും ആകുലതകളും വഴി ഏറെ കഷ്ടപ്പെടുന്ന ഞങ്ങളെ കടാക്ഷിക്കണമേ. തിരുസുതനായ ഈശോയുടെ തിരുനാമത്തിലും വി. യാക്കോബ് ശ്ലീഹായുടെ മദ്ധ്യസ്ഥതയിലും ഞങ്ങളർപ്പിക്കുന്ന പ്രാർത്ഥനകൾ ശ്രവിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,

സമൂ: ആമ്മേൻ

കാർമ്മി: ശ്ലീഹന്മാരിലെ പ്രഥമരക്തസാക്ഷിയും ശത്രുസൈന്യങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കുന്നവനുമായ വി. യാക്കോബ് ശ്ലീഹായേ,

സമൂ: എല്ലാ അപകടങ്ങളിലും ദൈവത്തിൽ ആശ്രയിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

കാർമ്മി: പിതാവായ ദൈവമേ (സമൂഹവും ചേർന്ന്)/ അങ്ങയുടെ മഹത്വത്തിനും/ ഞങ്ങളുടെ ആത്മീയവും ലൗകീകവുമായ അനുഗ്രഹസിദ്ധികൾക്കും വേണ്ടി/ ഞങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. യാക്കോബിനോടു ചേർന്ന്/ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു./ പിതാവേ, ഞങ്ങൾ അങ്ങയുടേതാകുന്നു./ അങ്ങേയ്ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാകുന്നു./ നീതിയുടെയും കാരുണ്യത്തിന്റെയും ഉറവിടമായ അങ്ങ്/ ഞങ്ങളുടെ വിധികർത്താവാണെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു./ രക്ത സാക്ഷിമകുടം ചൂടിക്കൊണ്ട്/ തിരുക്കുമാരനോടുള്ള സ്നേഹവും വിശ്വസ്തതയും ധീരമായി പ്രഖ്യാപിച്ച/ യാക്കോബു ശ്ലീഹായുടെ വിശ്വാസ സ്ഥിരതയും/ സന്മാർഗ്ഗനിഷ്ഠയും പരിത്യാഗമനഃസ്ഥിതിയും/ ദൈവ സ്നേഹവും വിശ്വസ്തതയും ഞങ്ങൾക്കും നല്കണമേ/ ആമ്മേൻ.

സങ്കീർത്തനം (16,18,34)

കാർമ്മി: ദൈവമേ, ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു, അവിടുന്നാണ് ഞങ്ങളുടെ ഓഹരിയും പാനപാത്രവും.

സമൂ: കർത്താവേ, ഞങ്ങളങ്ങയിൽ ആശ്രയിക്കുന്നു. ഞങ്ങൾ ഒരിക്കലും ലജ്ജിതാരാകാതിരിക്കട്ടെ. ശത്രുക്കളുടെ മേൽ ഞങ്ങൾ വിജയം ആഘോഷിക്കട്ടെ

കാർമ്മി: ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാകുന്നു. മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.

സമൂ: അവിടുത്തെ നോക്കിയവരെല്ലാം പ്രകാശിതരായി. സർവ്വഭയങ്ങളിൽ നിന്നും അവിടുന്ന് നമ്മെ മോചിപ്പിച്ചു.

കാർമ്മി: ദൈവമേ, എനിക്ക് നീതി നടത്തിത്തരണമേ. അധർമ്മികളിൽ നിന്നും എന്നെ മോചിപ്പിക്കണമേ

സമൂ: കഷ്ടകാലത്തിൽ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു. ഇടിമുഴക്കത്തിന്റെ ശബ്ദത്തിൽ കർത്താവ് എനിക്കുത്തരം നല്കി.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ

കാറോസൂസ

കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വി. യാക്കോബ് ശ്ലീഹായെ, ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം

സമൂ: വി. യാക്കോബ് ശ്ലീഹായെ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,

സമൂ: വി. യാക്കോബ് ശ്ലീഹായെ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ..................പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ....................മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ....................... മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,

സമൂ: വി. യാക്കോബ് ശ്ലീഹായെ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ................ മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും

സമൂ: വി. യാക്കോബ് ശ്ലീഹായെ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്

സമൂ: വി. യാക്കോബ് ശ്ലീഹായെ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,

സമൂ: വി. യാക്കോബ് ശ്ലീഹായെ, ഈശോയോട് അപേക്ഷിക്കണമേ

(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)

കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വി. യാക്കോബ് ശ്ലീഹായുടെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.

(നിശ്ശബ്ദം)

കാർമ്മി: “നിങ്ങൾ എന്നെ അന്വേഷിക്കും. പൂർണ്ണഹൃദയത്തോടെ എന്നെ വിളിച്ചപേക്ഷിക്കുന്നവർ എന്നെ കണ്ടെത്തു"മെന്ന് അരുൾചെയ്ത കർത്താവേ, അത്യഗാധമായ ദുഃഖത്തിലും വേദനയിലും കഴിയുന്ന ഞങ്ങൾ വി. യാക്കോബു ശ്ലീഹായുടെ മാദ്ധ്യസ്ഥം വഴി അങ്ങയോടപേക്ഷിക്കുന്നു. ദുഷ്ടരുടെയും വഞ്ചകരുടെയും അധർമ്മികളുടെയും അജ്ഞാനികളുടെയും പിടിയിൽ നിന്നും ദുഷ്ടപിശാചിന്റെ അടിമത്തത്തിൽ നിന്നും അവർ വിതയ്ക്കുന്ന നാശത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. സകലത്തിന്റെയും നാഥാ, എന്നേയ്ക്കും,

സമൂ: ആമ്മേൻ

ഗാനം

(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)

(മറിയമേ നിന്റെ നിത്യസഹായം... എന്ന രീതി)

കർത്താവാം യേശുവിൻ ബന്ധുവും
ശിഷ്യഗണത്തിന്റെ ശ്രേഷ്ഠനുമാം
യാക്കോബു ശ്ലീഹാതൻ സ്വർഗ്ഗീയമാദ്ധ്യസ്ഥം
യാചിച്ചു ഞങ്ങളിതാ
വെള്ളക്കുതിരയിൽ വെള്ളിടിത്തീ പോലെ
മിന്നിടും പൊൻവാളിനാൽ
വൈരികളിൽ നിന്നും സ്പെയിനിനെ മോചിച്ചു
സ്വർഗ്ഗീയദൂതരുമായി
യേശുവിൻ സാക്ഷിയായ് ലോകത്തിന്റെ ദീപമായ്
ശോഭിതരായ് ജീവിക്കാൻ
ദുഷ്ട പിശാചിന്റെ ക്രൂരമാം പീഡനം
തീർക്കുക നിൻ ശക്തിയാൽ

കാർമ്മി: സെബദീപുത്രന്മാർ ഒരുവനും (സമൂഹവും ചേർന്ന്)/ കർത്താവായ ഈശോയുടെ ബന്ധുവും/ ഇടിമുഴക്കത്തിന്റെ പുത്രനെന്ന് അറിയപ്പെടുന്നവനുമായ വി. യാക്കോബ് ശ്ലീഹായേ/ ദിവ്യഗുരുവിന്റെ പ്രബോധനമനുസരിച്ച്/ സ്പെയിനിനെ അവിടുന്ന് ക്രൈസ്തവരാജ്യമാക്കിയല്ലോ./ ക്രൂശിതന് സാക്ഷ്യം വഹിക്കുവാൻ/ ഹേറോദ് അഗ്രിപ്പായുടെ നിഷ്ഠൂരമായ വാളിനു മുമ്പിൽ/ സധൈര്യം കഴുത്ത് കാണിച്ച് അങ്ങ് ധീരരക്തസാക്ഷിയായി മാറി./ ശ്ലീഹന്മാരിൽ ആദ്യ രക്തസാക്ഷിയായ യാക്കോബ് ശ്ലീഹായെ/ പാപികളും ബലഹീനരും ക്ലേശിതരുമായ/ ഞങ്ങളെ സഹായിക്കണമേ./ സ്പെയിനിനെ ശത്രുകരങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനായി/ വെള്ളക്കുതിരപ്പുറത്ത് വെള്ളിടിത്തീ പോലെ വന്ന അങ്ങ്/ എല്ലാ ദുഷ്ടശക്തികളിൽ നിന്നും/ സകല ക്രൈസ്തവവിശ്വാസികളെയും, പ്രത്യേകിച്ച് എന്നെയും സംരക്ഷിക്കണമേ./ അപ്പസ്തോലനും രക്തസാക്ഷിയുമായ അങ്ങേയ്ക്ക്/ സ്വർഗ്ഗത്തിൽ ലഭിച്ചിരിക്കുന്ന ഉന്നതമായ മഹത്വത്തിൽ നിന്നും/ അങ്ങേ മാദ്ധ്യസ്ഥം യാചിക്കുന്ന ഞങ്ങളെ സഹായിക്കണമേ,/ ആമ്മേൻ.

കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ

സമൂ: വി. യാക്കോബ് ശ്ലീഹായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സമാപനപ്രാർത്ഥന

കാർമ്മി: നിത്യസൗഭാഗ്യത്തിന്റെ ഉറവിടവും അനുഗ്രഹത്തിന്റെ നീർച്ചാലുമായ ദൈവമേ, അവിടുത്തെ പ്രിയസുതനായ ഈശോമിശിഹാ വഴി മാനവകുലത്തിന് നല്കിയ രക്ഷയുടെ ഫലങ്ങൾ വി. യാക്കോബു ശ്ലീഹായുടെ മാദ്ധ്യസ്ഥം വഴി വർഷിക്കുന്നതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഈ ധന്യവിശുദ്ധന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥതയാൽ ദുഷ്ടാരൂപികളിൽ നിന്നും എല്ലാവിധ അശുദ്ധികളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ഞങ്ങൾ മോചിതരാകട്ടെ. ആത്മീയവും ഭൗതികവുമായ നന്മകളാലും അനുഗ്രഹങ്ങളാലും ഞങ്ങളെല്ലാവരും സമ്പന്നരുമാകട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും - എപ്പോഴും + എന്നേക്കും

സമൂ: ആമ്മേൻ.

സമാപനഗാനം

(മറിയമേ നിന്റെ ചിത്രത്തിൽ.... എന്ന രീതി)

മഹത്വേ രാജ്യേ വാഴും നാഥന്റെ
വലംഭാഗത്തിൽ ചേരുവാൻ
ശിരഛേദന രക്തസാക്ഷിയായ്
പ്രഭവസ്ഥാനം പുൽകി നീ

ഇടിവാളിന്റെ സുതനെ - നിത്യം
ഞങ്ങളിൽ കൃപ തൂകണേ
പഞ്ഞവും പടവാളിൽ നിന്നുമേ
പാരിതിൽ രക്ഷ നല്കണേ

മഹത്വപ്രഭയണിയും ദിവ്യ-
ഗുരുവാം യേശു സവിധേ
അണി ചേർന്നിവർ ധന്യരാകുവാൻ
അശ്വാരൂഢനെ തുണക്കൂ..

സെബദി-സലോമി ദമ്പതികളുടെ പുത്രനാണ് വി. യാക്കോബ് ശ്ലീഹായോടുള്ള നൊവേന പ്രഥമരക്തസാക്ഷി Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message