We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical Commission, Diocese Mananthavady On 09-Jul-2024
നിത്യസഹായമാതാവിനോടുള്ള നൊവേന
നിത്യസഹായമാതാവിന്റെ അത്ഭുതചിത്രം സുവിശേഷകനായ വിശുദ്ധ ലൂക്കാ വരച്ചുവെന്ന് പാരമ്പര്യം പറയുന്നു. ഈ ചിത്രം ഏറെ അർത്ഥവത്തായതും ചരിത്രപ്രാധാന്യമുള്ളതുമായ ഒന്നാണ്.
ഈശോയുടെ ബാല്യകാലത്തിലെ ഒരു സംഭവമാണ് ഈ ചിത്രം അനുസ്മരിപ്പിക്കുന്നത്. കൂട്ടുകാരുമായി കളിച്ചുകൊണ്ടിരുന്ന ബാലനായ ഈശോയ്ക്ക് രണ്ടു മാലാഖമാർ കാണപ്പെട്ടു. അവരിൽ മിഖായേൽ മാലാഖ പീഡാനുഭവസമയത്ത് തന്റെ പാർശ്വം കുത്തിത്തുറക്കുവാനുള്ള കുന്തവും ഗബ്രിയേൽ മാലാഖ താൻ ചുമക്കുവാൻ പോകുന്ന കുരിശും വഹിച്ചിരുന്നു. ഈ കാഴ്ച കണ്ട് ഭയപ്പെട്ട ബാലനായ ഈശോ തന്റെ മാതാവിന്റെ പക്കലേക്ക് ഓടി. അമ്മയുടെ കരങ്ങളിൽ അഭയം തേടി. ഈശോയുടെ ഒരു കാലിലെ ചെരുപ്പ് വള്ളിപൊട്ടി തൂങ്ങിക്കിടക്കുന്നത് ഓടിവന്നതിനെ സൂചിപ്പിക്കുന്നു. നമ്മുടെ ആവശ്യങ്ങളിലും ഈശോയപ്പോലെ ഈ അമ്മയിൽ അഭയം തേടിയാൽ നമുക്കും അവൾ ഒരു നിത്യസഹായമാതാവായിരിക്കും. മാതാവിന്റെ കരുണാർദ്രമായ കണ്ണുകൾ നമ്മെ സദാ തന്റെ പക്കലേക്ക് ക്ഷണിക്കുന്നു.
പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തോടു കൂടി ഈ ചിത്രം ക്രീറ്റിൽ നിന്നും റോമിലേക്ക് കൊണ്ടുവരപ്പെടുകയും നിത്യസഹായമാതാവെന്ന പേരിൽ വണങ്ങപ്പെടുകയും ചെയ്തു. റോമിൽ വച്ച് അസാധാരണങ്ങളായ പല സംഭവങ്ങളും ഉണ്ടായി. ഒരു പിഞ്ചുബാലികയ്ക്ക് നമ്മുടെ നാഥ പ്രത്യക്ഷപ്പെട്ടത് അവയിലൊന്നാണ്. റോമിലുള്ള മേരിമേജർ, സെന്റ് ജോൺ ലാറ്ററൻ എന്നീ ബസിലിക്കാകളുടെ മദ്ധ്യഭാഗത്തായി തന്റെ ചിത്രം പ്രതിഷ്ഠിച്ചു വണങ്ങപ്പെടണമെന്നുള്ള ആഗ്രഹം ദൈവ ജനനി ആ പിഞ്ചുബാലികയെ അറിയിച്ചു. ഈ രണ്ടു ബസിലിക്കാകളുടെ മദ്ധ്യഭാഗത്തായി അഗസ്തീനിയൻ വൈദികരുടെ മേൽനോട്ടത്തിൽ വി. മത്തായിയുടെ ദേവാലയം സ്ഥിതി ചെയ്തിരുന്നു. ഈ ദേവാലയത്തിലെ പ്രധാന ബലിപീഠത്തിനു മുകളിലായി ആ ചിത്രം പ്രതിഷ്ഠിക്കപ്പെട്ടു.
1798-ൽ ഫ്രഞ്ചുസേന വി. മത്തായിയുടെ ദേവാലയം നാമാവശേഷമാക്കി. തുടർന്ന് അഗസ്തീനിയൻ വൈദികർ ആ ചിത്രം തങ്ങളുടെ ഒരാശ്രമത്തിലേക്ക് മാറ്റിസ്ഥാപിച്ചു. 1866 വരെ ഈ ചിത്രം അവിടെ അജ്ഞാതമായി സ്ഥിതി ചെയ്തിരുന്നു.
ഇതിനിടയ്ക്ക് റിഡംപ്റ്ററിസ്റ്റ് വൈദികർ വി. മത്തായിയുടെ പുരാതന ദേവാലയം സ്ഥിതിചെയ്തിരുന്ന സ്ഥലത്തുതന്നെ ഒരു നവീന ദേവാലയം പണികഴിപ്പിച്ചു. ഈ സന്ദർഭത്തിൽ അതുവരെ അജ്ഞാതമായിക്കഴിഞ്ഞിരുന്ന ആ അത്ഭുതചിത്രം ദൈവികപരിപാലനയാൽ കണ്ടുകിട്ടി. ഈ ചിത്രത്തിന്റെ പൂർവ്വചരിത്രം നന്നായി ഗ്രഹിച്ചിരുന്ന പിയൂസ് ഒമ്പതാമൻ മാർപാപ്പ, 1866-ൽ ഒരു കല്പന വഴി, ഈ ചിത്രം പൂർവ്വ സ്ഥാനത്തു പ്രതിഷ്ഠിച്ചു വണങ്ങപ്പെടണമെന്നു നിർദ്ദേശിക്കുകയും അതിന്റെ സംരക്ഷണം റിഡംപ്റ്ററിസ്റ്റ് വൈദികരെ ഏല്പിക്കുകയും ചെയ്തു. അവരാണ് അത് കേരളത്തിൽ പ്രചരിപ്പിച്ചത്.
തിരുനാൾ ദിനം : ജൂൺ 27 |
നിത്യസഹായമാതേ
പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ
നിൻമക്കൾ ഞങ്ങൾക്കായ് നീ
പ്രാർത്ഥിക്ക സ്നേഹനാഥേ
നീറുന്ന മാനസങ്ങൾ
ആയിരമായിരങ്ങൾ
കണ്ണീരിൻ താഴ്വരയിൽ
നിന്നിതാ കേഴുന്നമ്മേ
കേൾക്കണേ രോദനങ്ങൾ
നൽകണേ നൽവരങ്ങൾ
നിൻ ദിവ്യസൂനുവിങ്കൽ
ചേർക്കണേ മക്കളെ നീ
കാർമ്മി: ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ, അങ്ങ് ഞങ്ങളുടെ നിത്യസഹായവും അഭയസ്ഥാനവും പ്രതീക്ഷയുമാകുന്നു.
സമൂ: ഞങ്ങൾ ഇന്ന് അങ്ങേ സന്നിധിയിൽ അണഞ്ഞിരിക്കുന്നു./ അങ്ങ് ഞങ്ങൾക്കുവേണ്ടി സമ്പാദിച്ചിരിക്കുന്ന/ എല്ലാ നന്മകൾക്കായും/ ഞങ്ങൾ ദൈവത്തിന് കൃതജ്ഞതയർപ്പിക്കുന്നു./ നിത്യസഹായമാതാവേ/ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു./ നിരന്തരം ദൈവത്തിന് ശുശ്രൂഷ ചെയ്തുകൊണ്ടും/ ഞങ്ങളുടെ ശക്തിക്കനുസൃതമായി/ മറ്റുള്ളവരെ അവിടുത്തെ സന്നിധിയിലേക്ക് ആനയിച്ചുകൊണ്ടും/ അങ്ങയുടെ നേർക്കുള്ള സ്നേഹം/ പ്രകടിപ്പിച്ചുകൊള്ളാമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു./
കാർമ്മി: ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയ നിത്യസഹായമാതാവേ, ഈ നന്മകൾ ഞങ്ങൾക്കായി അങ്ങ് വാങ്ങിത്തരണമേ.
സമൂ: പ്രലോഭനങ്ങളിൽ വിജയം വരിക്കുന്നതിനുള്ള ശക്തിയും/ ഈശോമിശിഹായോടുള്ള പരിപൂർണ്ണസ്നേഹവും നന്മരണവും വഴി/ അങ്ങയോടും അങ്ങേ തിരുക്കുമാരനോടും കൂടെ/ നിത്യമായി ജീവിക്കുന്നതിന് ഞങ്ങൾക്കിടയാകട്ടെ./
കാർമ്മി: ഓ! നിത്യസഹായമാതാവേ (സമൂഹവും ചേർന്ന്)/ ഞങ്ങൾ മഹത്വമേറിയ അങ്ങയുടെ തിരുനാമം വിളിച്ചപേക്ഷിക്കുന്നു./ അങ്ങ് ജീവിക്കുന്നവരുടെ മദ്ധ്യസ്ഥയും/ മരിക്കുന്നവരുടെ സഹായവുമാകുന്നുവല്ലോ./ അങ്ങയുടെ നാമം എപ്പോഴും/ പ്രത്യേകിച്ച് പരീക്ഷകളിലും മരണസമയത്തും/ ഞങ്ങളുടെ അധരങ്ങളിൽ ഉണ്ടായിരിക്കും./ അങ്ങയുടെ നാമം ഞങ്ങൾക്ക് ശക്തിയും ശരണവുമാകുന്നു./ അനുഗൃഹീതയായ നാഥേ/ ഞങ്ങൾ അങ്ങയെ വിളിക്കുമ്പോഴെല്ലാം/ ഞങ്ങളെ സഹായിക്കണമേ./ ഞങ്ങളുടെ സങ്കടങ്ങളിൽ ഞങ്ങളോടു കൂടെയായിരിക്കണമേ./ തുടർന്നു സഹിക്കുവാനാണ് ദൈവതിരുമനസ്സെങ്കിൽ/ അവ സന്തോഷത്തോടും ക്ഷമയോടും കൂടി/ സ്വീകരിക്കുവാനുള്ള ശക്തി/ അങ്ങേ പുത്രനിൽ നിന്ന് ഞങ്ങൾക്കു വാങ്ങിത്തരണമേ./ ഓ, നിത്യസഹായമാതാവേ/ ഈ വരങ്ങളൊക്കെയും ഞങ്ങളുടെ നന്മകളിൽ ആശ്രയിക്കാതെ/ അങ്ങയുടെ സ്നേഹത്തിലും ശക്തിയിലും ശരണം വച്ചുകൊണ്ട്/ ഞങ്ങളപേക്ഷിക്കുന്നു.
സ്തോത്രഗീതം (ലൂക്ക 1, 46-56)
കാർമ്മി: എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു/ എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.
സമൂ: അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ തൃക്കൺപാർത്തു. ഇതാ, ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും.
കാർമ്മി: ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാകുന്നു.
സമൂ: അവിടുത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും
കാർമ്മി: അവിടുന്ന് തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു. ഹൃദയ വിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
സമൂ: ശക്തരെ സിംഹാസനത്തിൽ നിന്ന് താഴെ ഇറക്കുകയും, വിനീതരെ ഉയർത്തുകയും ചെയ്തു.
കാർമ്മി: അവിടുന്ന് വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾ കൊണ്ടു സംതൃപ്തരാക്കി. സമ്പന്നരെ വെറും കയ്യോടെ പറഞ്ഞയച്ചു.
സമൂ: നമ്മുടെ പിതാക്കന്മാരായ/ അബ്രാഹത്തിനോടും സന്തതികളോടും/ എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസ്മരിച്ചുകൊണ്ട്/ അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സംരക്ഷിച്ചു.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.
കാറോസൂസ
കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടി കർത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എന്ന് അപേക്ഷിക്കാം.
സമൂ: കർത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി/ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം സാമൂഹികസമാധാനത്തിലും മതൈക്യത്തിലും ജീവിക്കുന്നതിനുള്ള അനുഗ്രഹം നല്കണമേ.
സമൂ: കർത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി/ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ................ പാപ്പായ്ക്കും, ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ............... മെത്രാപ്പോലീത്തായ്ക്കും, ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ................. മെത്രാപ്പോലീത്തായ്ക്കും, എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും, ഞങ്ങളുടെ രാജ്യത്തിലെ എല്ലാ നേതാക്കന്മാർക്കും ജനങ്ങൾക്കും വിജ്ഞാനവും വിവേകവും നല്കണമേ.
സമൂ: കർത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി/ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലധ്യക്ഷനുമായ മാർ................... മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും ഉള്ള അനുഗ്രഹം നല്കണമേ.
സമൂ: കർത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി/ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്നതിനുള്ള അനുഗ്രഹം നല്കണമേ.
സമൂ: കർത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി/ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും ഉള്ള അനുഗ്രഹം നല്കണമേ.
സമൂ: കർത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്.)
കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ നിത്യ സഹായമാതാവിന്റെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.
(നിശ്ശബ്ദം)
കാർമ്മി: സ്നേഹപിതാവേ, ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യം മൂലം ക്ലേശിക്കുന്ന അങ്ങയുടെ മക്കളെ തൃക്കൺ പാർക്കണമേ. അങ്ങു സൃഷ്ടിച്ച ഞങ്ങൾക്ക് ശക്തിയും ജീവനും നല്കണമേ. അങ്ങനെ സഹനം വഴി ഞങ്ങൾ പവിത്രീകൃതമാവുകയും ശുദ്ധരാക്കപ്പെടുകയും അങ്ങയുടെ കാരുണ്യത്താൽ ഞങ്ങൾ അതിവേഗം രോഗവിമുക്തരാവുകയും ചെയ്യട്ടെ. ഈ യാചനകളെല്ലാം കർത്താവീശോമിശിഹാ വഴി ഞങ്ങൾക്കു തന്നരുണമേ, നിത്യം പിതാവും പുതനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും,
ഗാനം
(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)
മറിയമേ, നിന്റെ കാരുണ്യമെഴും
നേത്രങ്ങൾ കൊണ്ടു നോക്കുക.
നിൻപാദേ ഇതാ നിൻമക്കൾ വന്നു
നില്ക്കുന്നു അമ്മേ, കാണുക.
മാധുര്യമേറും നിൻ നേത്രങ്ങൾ ഹാ
ശോകപൂർണ്ണങ്ങളാണല്ലോ
ആ നിന്റെ തിരുനേത്രങ്ങൾ കൊണ്ടു
നോക്കുക മക്കൾ ഞങ്ങളെ.
കാർമ്മി: ഞങ്ങളുടെ കർത്താവീശോമിശിഹായേ (സമൂഹവും കൂടി) അങ്ങയുടെ മാതാവായ മറിയത്തെ/ എപ്പോഴും സഹായമരുളുവാൻ സന്നദ്ധതയുള്ള അമ്മയായി/ അങ്ങ് ഞങ്ങൾക്ക് നല്കിയല്ലോ./ ആ അമ്മയുടെ ജീവിതമാതൃക അനുകരിക്കുകയും/ അവളുടെ മാതൃസഹായം/ ഉത്സാഹപൂർവ്വം തേടുകയും ചെയ്യുന്ന ഞങ്ങൾ/ അങ്ങയുടെ രക്ഷയുടെ ഫലം/ എന്നുമനുഭവിക്കുവാൻ ഇടയാക്കണമെന്ന്/ നിത്യമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന/ അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു./ ആമ്മേൻ.
കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ
സമൂ: നിത്യസഹായമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സമാപനപ്രാർത്ഥന
കാർമ്മി: നിങ്ങളെ സംരക്ഷിക്കുവാൻ കർത്താവീശോമിശിഹാ നിങ്ങളോടു കൂടിയുണ്ടായിരിക്കട്ടെ. നിങ്ങളെ പരിപാലിക്കുവാൻ അവിടുന്ന് നിങ്ങളിൽ വസിക്കട്ടെ. നിങ്ങളെ നയിക്കുവാൻ അവിടുന്ന് നിങ്ങളുടെ മുമ്പിലും നിങ്ങളെ പരിരക്ഷിക്കുവാൻ നിങ്ങളുടെ പിമ്പിലും നിങ്ങളെ അനുഗ്രഹിക്കുവാൻ നിങ്ങളുടെ മുകളിലും ഉണ്ടായിരിക്കട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും+
സമൂ: ആമ്മേൻ.
സമാപനഗാനം
മറിയമേ നിന്റെ നിത്യസഹായം
തേടുന്നു ഞങ്ങളമ്മേ
മക്കളെന്നോർത്തു നീ, ഞങ്ങൾ തൻ പ്രാർത്ഥന
ഒക്കെയും കേൾക്കണമേ.
ഭാഗ്യവിഹീനരെ നിത്യവും കാത്തിടാൻ
കെൽപ്പെഴും താങ്ങായ് നിന്നെ
നിൻപുത്രൻ ഏല്പിച്ചു, ഭരമതേറ്റ നീ
ഞങ്ങളെ കാത്തിടണേ.
nithyasahaayamaathaavinodulla-novena അമലോത്ഭവകന്യക നിത്യസഹായമാതാവിനോടുള്ള നൊവേന Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206