We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Catechetical Commission On 07-Feb-2024
പൊതുനിർദ്ദേശങ്ങൾ
കർമ്മക്രമം
പ്രാരംഭഗീതം
ജീവൻ പകരും നാഥാ നീ
ജീവനു തുല്യം സ്നേഹിച്ചൂ
ഭൂവിനെ, രക്ഷാമാർഗ്ഗത്തിൽ
ദ്യോവിൻ ഭാഗ്യം നല്‌കിടുവാൻ
നിർവൃതി നല്‌കാൻ സ്നേഹത്തിൻ
നിത്യത പകരും കൂദാശ
സ്ഥാപിച്ചല്ലോ സെഹിയോനിൽ
ദിവ്യവിരുന്നായ് ദൈവസുതൻ
കർത്താവന്നാ ശിഷ്യർതൻ
കാലുകൾ കഴുകീ വിനയത്താൽ
മാതൃക നല്‌കീ മനുജർക്കായ്
സകലരുമതുപോൽ ചെയ്തിടുവാൻ
അന്നുമുറിച്ചവനേകിയൊരാ
ഗാത്രവുമപ്പവുമൊന്നായി
ജീവിതമതുപോലഖിലർക്കും
ഭൂവിൽ മുറിയണമപ്പംപോൽ
നിത്യവുമങ്ങേ സാന്നിധ്യം
നീക്കും നമ്മുടെ രോഗങ്ങൾ
ഔഷധമാകുന്നീയുലകിൽ
ദോഷഫലങ്ങൾ പോക്കിടുവാൻ
പാപികളാകും മാനവരെ
പരിചൊടു നാഥൻ ദർശിപ്പൂ
ഓസ്തിയിൽ നിന്നതി സ്നേഹമോടെ
നിസ്തുലമാകും കൃപയാലേ.
കുർബാന ആരംഭിക്കുന്നു
കാർമ്മി: അന്നാപ്പെസഹാത്തിരുനാളിൽ
കർത്താവരുളിയ കല്പനപോൽ
തിരുനാമത്തിൽച്ചേർന്നീടാം
ഒരുമയോടീബലിയർപ്പിക്കാം.
സമൂ: അനുരഞ്ജിതരായ്ത്തീർന്നീടാം
നവമൊരു പീഠമൊരുക്കീടാം
ഗുരുവിൻ സ്നേഹമൊടീയാഗം
തിരുമുമ്പാകെയണച്ചീടാം.
കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ
സർവ്വേശനു സ്‌തുതിഗീതം. (3)
സമൂ: ഭൂമിലെങ്ങും മർത്യനു ശാന്തി
പ്രത്യാശയുമെന്നേക്കും. (3)
(അല്ലെങ്കിൽ)
കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3)
സമൂ: ആമ്മേൻ (3)
കാർമ്മി: ഭൂമിയിൽ മനുഷ്യർക്കു സമാധാനവും
പ്രത്യാശയും എപ്പോളും എന്നേക്കും.
സമൂ: ആമ്മേൻ.
കാർമ്മി: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
പരിശുദ്ധൻ നീ പരിശുദ്ധൻ.
സമൂ: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
സ്‌തുതിതൻ നിസ്‌തുല മഹിമാവാൽ
ഭൂസ്വർഗ്ഗങ്ങൾ നിറഞ്ഞു സദാ
പാവനമായി വിളങ്ങുന്നു.
വാനവമാനവവൃന്ദങ്ങൾ
ഉദ്ഘോഷിപ്പൂ സാമോദം
പരിശുദ്ധൻ നീ എന്നെന്നും
പരിശുദ്ധൻ നീ പരിശുദ്ധൻ.
സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
നിൻ ഹിതമിവിടെ ഭവിക്കണമേ.
സ്വർഗ്ഗത്തെന്നതുപോലുലകിൽ-
നിൻ ചിത്തം നിറവേറണമേ
ആവശ്യകമാമാഹാരം
ഞങ്ങൾക്കിന്നരുളീടണമേ.
ഞങ്ങൾ കടങ്ങൾ പൊറുത്തതുപോൽ
ഞങ്ങൾക്കുള്ള കടം സകലം
പാപത്തിൻ കടബാദ്ധ്യതയും
അങ്ങു കനിഞ്ഞു പൊറുക്കണമേ.
ഞങ്ങൾ പരീക്ഷയിലൊരുനാളും
ഉൾപ്പെടുവാനിടയാകരുതേ
ദുഷ്‌ടാരൂപിയിൽനിന്നെന്നും
ഞങ്ങളെ രക്ഷിച്ചരുളണമേ.
എന്തെന്നാലെന്നാളേക്കും
രാജ്യം ശക്തി മഹത്ത്വങ്ങൾ
താവകമല്ലോ കർത്താവേ
ആമ്മേനാമ്മേനെന്നേക്കും.
കാർമ്മി: താതനുമതുപോലാത്മജനും
റൂഹായ്ക്കും സ്‌തുതി എന്നേക്കും
ആദിമുതൽക്കെന്നതുപോലെ
ആമ്മേനാമ്മേനനവരതം.
സമൂ: സ്വർഗ്ഗസ്ഥിതനാം താത നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
പരിശുദ്ധൻ നീ പരിശുദ്ധൻ.
സ്വർഗ്ഗസ്ഥിതനാം താത നിൻ
സ്‌തുതിതൻ നിസ്‌തുല മഹിമാവാൽ
ഭൂസ്വർഗ്ഗങ്ങൾ നിറഞ്ഞു സദാ
പാവനമായി വിളങ്ങുന്നു.
വാനവമാനവവ്യന്ദങ്ങൾ
ഉദ്ഘോഷിപ്പൂ സാമോദം
പരിശുദ്ധൻ നീ എന്നെന്നും
പരിശുദ്ധൻ നീ പരിശുദ്ധൻ.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു. സ്വർഗ്ഗസ്ഥായ ഞങ്ങളുടെ പിതാവേ,അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സു സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ ഞങ്ങൾക്ക് ആവശ്യകമായ ആഹാരം ഇന്നു ഞങ്ങൾക്ക് തരണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതു പോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. ദുഷ്ടാരൂപിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടെതാകുന്നു, ആമ്മേൻ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാന്മാവിനും സ്‌തുതി.
സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സു സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. ഞങ്ങൾക്ക് ആവശ്യകമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപെടുത്തരുതേ. ദുഷ്ടാരൂപിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടെതാകുന്നു. ആമ്മേൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
ശുശ്രൂ: നമുക്ക് പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: ഞങ്ങളുടെ കർത്താവായ മിശിഹായെ, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകികൊണ്ട് ശുശ്രൂഷയുടെ മാതൃക കാണിക്കുകയും, പരിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട് സ്വന്തം ശരീരരക്തങ്ങൾ ഭക്ഷണപാനീയങ്ങളായി നല്കുകയും ചെയ്‌ത നിനക്കു ഞങ്ങൾ നന്ദി പറയുന്നു. സ്നേഹത്തിൻ്റെ കൂദാശയായി നീ സ്ഥാപിച്ചുനല്കിയ ഈ ദിവ്യരഹസ്യങ്ങൾ നിർമ്മലമനഃസാക്ഷിയോടും വിശുദ്ധവിചാരങ്ങളോടും കൂടി അർപ്പിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. സകലത്തിൻ്റെയും നാഥാ,എന്നേക്കും.
സമൂ: ആമ്മേൻ.
സങ്കീർത്തനമാല
സങ്കീർത്തനം 135
കാർമ്മി: കർത്താവിനെ നിങ്ങൾ പ്രകീർത്തിക്കുവിൻ അവൻ നല്ലവനാകുന്നു;
അവൻ്റെ കാരുണ്യം അനന്തമാണ്.
സമൂ: കർത്താവിനെ നിങ്ങൾ പ്രകീർത്തിക്കുവിൻ അവൻ നല്ലവനാകുന്നു;
അവൻ്റെ കാരുണ്യം അനന്തമാണ്.
കാർമ്മി: മഹോന്നതനായ ദൈവത്തെ പ്രകീർത്തിക്കുവിൻ
അവൻ്റെ കാരുണ്യം അനന്തമാണ്.
സമൂ: കർത്താവിനെ നിങ്ങൾ പ്രകീർത്തിക്കുവിൻ
അവൻ നല്ലവനാകുന്നു;
അവൻ്റെ കാരുണ്യം അനന്തമാണ്.
കാർമ്മി: നാഥന്മാരുടെ നാഥനെ പ്രകീർത്തിക്കുവിൻ
അവൻ്റെ കാരുണ്യം അനന്തമാണ്.
സമൂ: കർത്താവിനെ നിങ്ങൾ പ്രകീർത്തിക്കുവിൻ
അവൻ നല്ലവനാകുന്നു;
അവൻ്റെ കാരുണ്യം അനന്തമാണ്.
കാർമ്മി: ഈജിപ്തിലെ കടിഞ്ഞൂൽ തനയരെ
സംഹരിച്ചവനെ പ്രകീർത്തിക്കുവിൻ.
സമൂ: കർത്താവിനെ നിങ്ങൾ പ്രകീർത്തിക്കുവിൻ
അവൻ നല്ലവനാകുന്നു;
അവൻ്റെ കാരുണ്യം അനന്തമാണ്.
കാർമ്മി: അവരുടെ ഇടയിൽനിന്ന് ഇസ്രായേൽജനത്തെ
മോചിപ്പിച്ചവനെ പ്രകീർത്തിക്കുവിൻ.
സമൂ: കർത്താവിനെ നിങ്ങൾ പ്രകീർത്തിക്കുവിൻ
അവൻ നല്ലവനാകുന്നു;
അവൻ്റെ കാരുണ്യം അനന്തമാണ്.
കാർമ്മി: കടലിനെ വിഭജിച്ചവനെ പ്രകീർത്തിക്കുവിൻ
അതിലൂടെ നടുവിലൂടെ
അവരെ നയിച്ചവനെ പ്രകീർത്തിക്കുവിൻ.
സമൂ: കർത്താവിനെ നിങ്ങൾ പ്രകീർത്തിക്കുവിൻ
അവൻ നല്ലവനാകുന്നു;
അവൻ്റെ കാരുണ്യം അനന്തമാണ്.
കാർമ്മി: ഫറവോയെയും സൈന്യത്തെയും
കടലിൽ താഴ്ത്തിയവനെ പ്രകീർത്തിക്കുവിൻ.
സമൂ: കർത്താവിനെ നിങ്ങൾ പ്രകീർത്തിക്കുവിൻ
അവൻ നല്ലവനാകുന്നു;
അവൻ്റെ കാരുണ്യം അനന്തമാണ്.
കാർമ്മി: ശക്തരായ രാജാക്കന്മാരെ
നിഹനിച്ചവനെ പ്രകീർത്തിക്കുവിൻ.
സമൂ: കർത്താവിനെ നിങ്ങൾ പ്രകീർത്തിക്കുവിൻ
അവൻ നല്ലവനാകുന്നു;
അവൻ്റെ കാരുണ്യം അനന്തമാണ്.
കാർമ്മി: അവരുടെ ദേശം അവകാശമായി
ജനത്തിനേകിയവനെ പ്രകീർത്തിക്കുവിൻ.
സമൂ: കർത്താവിനെ നിങ്ങൾ പ്രകീർത്തിക്കുവിൻ
അവൻ നല്ലവനാകുന്നു;
അവൻ്റെ കാരുണ്യം അനന്തമാണ്.
കാർമ്മി: വൈരികളിൽ നിന്ന് രക്ഷിച്ചവനെ
പ്രകീർത്തിക്കുവിൻ.
സമൂ: കർത്താവിനെ നിങ്ങൾ പ്രകീർത്തിക്കുവിൻ
അവൻ നല്ലവനാകുന്നു;
അവൻ്റെ കാരുണ്യം അനന്തമാണ്.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും
സ്‌തുതി.
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ
കാർമ്മി: ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ തിരുനാമത്തെ പ്രതി ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യണമേ.
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: മഹോന്നതനായ കർത്താവേ, അങ്ങയുടെ ഭയഭക്തിജനകമായ പീഠത്തിന്റെയും ഉന്നതമായ ത്രോണോസിന്റെയും അലംകൃതവും സ്‌തുത്യർഹവുമായ സിംഹാസനത്തിന്റെയും മുമ്പാകെ, അങ്ങയുടെ ശുശ്രൂഷകന്മാരായ ക്രോവേന്മാർ ഇടവിടാതെ സ്തുതിക്കുകയും സ്രാപ്പേന്മാർ പരിശുദ്ധൻ എന്ന് നിരന്തരം ഉദ്ഘോഷിക്കുകയും ചെയ്യുന്നു. അവരോടുചേർന്ന് ഞങ്ങളും അങ്ങേക്ക് ഭയഭക്തികളോടെ സ്തുതിയും ബഹുമാനവും കൃതജ്ഞതയും സമർപ്പിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും. ആമ്മേൻ.
ഗായകI: അങ്ങയുടെ സമൃദ്ധമായ നന്മകളെ അവർ വിളിച്ചറിയിക്കും.
പെസഹാനാളിൽ സ്ഥാപിച്ചല്ലോ പാവനകൂദാശ പങ്കാളിയായല്ലോ തൻ ബലിയിൽ കൃപയോടെ അപ്പവുമതുപോൽ വീഞ്ഞും മാംസവും രക്തവുമായ് രക്ഷപകർന്നിടുവാനായ് വന്നവനാം കർത്താവേ ഭക്തിയോടെന്നും ഞങ്ങൾ വാഴ്ത്തി മുദാ
കീർത്തിച്ചീടട്ടെ.
ഗായകII: തലമുറതോറും അങ്ങയുടെ നാമം സ്‌മരിക്കപ്പെടും.
പെസഹാനാളിൽ സ്ഥാപിച്ചല്ലോ പാവനകൂദാശാ.....
ഗായകI: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സർവ്വരുമൊന്നായ് പാടീടട്ടേ ആമ്മേനാമ്മേൻ
സ്ലീവാ നമ്മൾക്കെന്നും നന്മകൾ തന്നുറവിടമാം
രക്ഷിതമായതുവഴിയായ് മർത്യഗണം കർത്താവേ
കുരിശിതു ഞങ്ങൾക്കെന്നും ശക്തിയെഴും
കോട്ടയുമാം
ദുഷ്ടനെയുമവൻകെണികളെയും അതുവഴി നാം
തോല്പിച്ചീടട്ടെ.
ഗായകI: ആദിമുതൽ എന്നേക്കും ആമ്മേൻ.
കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, അങ്ങയുടെ ബഹുമാനത്തിനായി ഞങ്ങൾ സമർപ്പിക്കുന്ന ഈ ധൂപം അങ്ങയുടെ മഹനീയ ത്രിത്വത്തിന്റെ നാമത്തിൽ+ ആശീർവദിക്കപ്പെടട്ടെ. ഇത് അങ്ങയുടെ പ്രസാദത്തിനും അങ്ങയുടെ അജഗണത്തിന്റെ പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ, എന്നേക്കും.
ശുശ്രൂ: ആമ്മേൻ.
ശുശ്രൂ: സമാധാനം നമ്മോടുകൂടെ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ സ്നേഹത്തിൻ്റെ പരിമളം ഞങ്ങളിൽ വീശുകയും അങ്ങയുടെ സത്യത്തിൻ്റെ ജ്ഞാനം ഞങ്ങളുടെ ആത്മാക്കളെ പ്രകാശിപ്പിക്കുകയും ചെയ്യുമ്പോൾ, സ്വർഗ്ഗത്തിൽനിന്നു പ്രത്യക്ഷനാകുന്ന അങ്ങയുടെ തിരുക്കുമാരനെ സ്വീകരിക്കുവാൻ ഞങ്ങൾക്ക് ഇടയാകട്ടെ. സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നില്ക്കുന്ന സഭയിൽ നിരന്തരം അങ്ങയെ സ്തുതിക്കുവാനും മഹത്ത്വപ്പെടുത്തുവാനും ഞങ്ങൾ യോഗ്യരാകട്ടെ. എന്തുകൊണ്ടന്നാൽ, അങ്ങ് എല്ലാറ്റിൻ്റെയും സ്രഷ്ടാവാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
ഗായക സമൂ: സർവ്വാധിപനാം കർത്താവേ,
നിന്നെ വണങ്ങി നമിക്കുന്നു
ഈശോ നാഥാ, വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്യനു നിത്യമഹോന്നതമാ-
മുത്ഥാനം നീയരുളുന്നു
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
വേദിയിലുള്ളവർ: കർത്താവേ, അങ്ങേക്കു നന്ദി പറയുന്നത് ഉത്തമമാകുന്നു;
അത്യുന്നതാ, അങ്ങയുടെ നാമം പ്രകീർത്തിക്കുന്നതും.
സർവ്വാധിപനാം...
ഗായക സമൂ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ആദിമുതൽ എന്നേയ്ക്കും, ആമ്മേൻ
സർവ്വാധിപനാം...
ഗായക സമൂ: സകലത്തിന്റെയും നാഥാ,
നിന്നെ ഞങ്ങൾ സ്തുതിക്കുന്നു;
ഈശോമിശിഹായേ,
നിന്നെ ഞങ്ങൾ പുകഴ്ത്തുന്നു.
എന്തുകൊണ്ടെന്നാൽ,
നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും
ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.
വജന വേദിയിലുള്ളവർ: കർത്താവേ, അങ്ങേക്കു നന്ദി പറയുന്നത് ഉത്തമമാകുന്നു; അത്യുന്നതാ, അങ്ങയുടെ നാമം പ്രകീർത്തിക്കുന്നതും.
സകലത്തിന്റെയും നാഥാ...
ഗായക സമൂ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിമുതൽ എന്നേയ്ക്കും, ആമ്മേൻ സകലത്തിന്റെയും നാഥാ...
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: എന്റെ കർത്താവേ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും, ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ,
ശുശ്രൂ: ശബ്ദമുയർത്തിപ്പാടിടുവിൻ
സർവ്വരുമൊന്നായ് പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ.
ഗായക സമൂ: പരിപാവനനാം സർവ്വേശാ,
പരിപാവനനാം ബലവാനേ,
പരിപാവനനാം അമർത്യനേ,
നിൻകൃപ ഞങ്ങൾക്കേകണമേ.
വജന വേദിയിലുള്ളവർ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
പരിപാവനനാം സർവ്വേശാ,
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ.
നിൻകൃപ ഞങ്ങൾക്കേകണമേ.
ഗായക സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.
പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ,
പരിപാവനനാം അമർത്യനേ,
നിൻകൃപ ഞങ്ങൾക്കേകണമേ.
ശുശ്രൂ: സഹോദരരേ, നിങ്ങൾ സ്വരമുയർത്തി ജീവിക്കുന്ന ദൈവത്തെ പ്രകീർത്തിക്കുവിൻ.
ഗായക സമൂ: പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനേ, ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ.
വജന വേദിയിലുള്ളവർ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി.
പരിശുദ്ധനായ ദൈവമേ...
ഗായക സമൂ: ആദിമുതൽ എന്നേയ്ക്കും, ആമ്മേൻ.
പരിശുദ്ധനായ ദൈവമേ...
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്‌തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്ത വിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ.
ഒന്നാം വായന
സഹോദരരേ, നിങ്ങൾ ഇരുന്നു ശ്രദ്ധയോടെ കേൾക്കുവിൻ. പുറപ്പാടിന്റെ പുസ്‌തകത്തിൽ നിന്നുള്ള വായന
(12:1-20)
കർത്താവ് ഈജിപ്‌തിൽ വച്ചു മോശയോടും അഹറോനോടും അരുളിച്ചെയ്‌തു: ഈ മാസം നിങ്ങൾക്കു വർഷത്തിന്റെ ആദ്യമാസമായിരിക്കണം. ഇസ്രായേൽ സമൂഹത്തോടു മുഴുവൻ പറയുവിൻ: ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിൻകുട്ടിയെ കരുതിവയ്ക്കണം; ഒരു വീടിന് ഒരാട്ടിൻകുട്ടി വീതം. ഏതെങ്കിലും കുടുംബം ഒരാട്ടിൻകുട്ടിയെ മുഴുവൻ ഭക്ഷിക്കാൻ മാത്രം വലുതല്ലെങ്കിൽ ആളുകളുടെ എണ്ണം നോക്കി അയൽക്കുടുംബത്തെയും പങ്കുചേർക്കട്ടെ. ഭക്‌ഷിക്കാനുള്ള കഴിവു പരിഗണിച്ചുവേണം ഒരാടിനു വേണ്ട ആളുകളുടെ എണ്ണം നിശ്ചയിക്കാൻ. കോലാടുകളിൽ നിന്നോ ചെമ്മരിയാടുകളിൽനിന്നോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തുകൊള്ളുക: എന്നാൽ, അത് ഒരു വയസ്‌സുള്ളതും ഊനമറ്റതുമായ മുട്ടാട് ആയിരിക്കണം. ഈ മാസം പതിന്നാലാം ദിവസംവരെ അതിനെ സൂക്‌ഷിക്കണം. ഇസ്രായേൽ സമൂഹം മുഴുവൻ തങ്ങളുടെ ആട്ടിൻ കുട്ടികളെ അന്നു സന്‌ധ്യയ്ക്കു കൊല്ലണം. അതിന്റെ രക്തത്തിൽ നിന്നു കുറച്ചെടുത്ത് ആടിനെ ഭക്ഷിക്കാൻ കുടിയിരിക്കുന്ന വീടിൻെറ രണ്ടു കട്ടിളക്കാലുകളിലും മേൽപടിയിലും പുരട്ടണം. അവർ അതിൻ്റെ മാംസം തീയിൽ ചുട്ട് പുളിപ്പില്ലാത്ത അപ്പവും കയ്‌പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്ഷിക്കണം. ചുട്ടല്ലാതെ പച്ചയായോ വെള്ളത്തിൽ വേവിച്ചോ ഭക്ഷിക്കരുത്. അതിനെ മുഴുവനും, തലയും കാലും ഉൾഭാഗവുമടക്കം ചുട്ട് ഭക്‌ഷിക്കണം. പ്രഭാതമാകുമ്പോൾ അതിൽ യാതൊന്നും അവശേഷിക്കരുത്. എന്തെങ്കിലും മിച്ചം വന്നാൽ തീയിൽ ദഹിപ്പിക്കണം. ഇപ്രകാരമാണ് അതു ഭക്ഷിക്കേണ്ടത്: അരമുറുക്കി ചെരുപ്പുകളണിഞ്ഞ് വടികൈയിലേന്തി തിടുക്കത്തിൽ ഭക്‌ഷിക്കണം. കാരണം, അതു കർത്താവിന്റെ പെസഹായാണ്. ആ രാത്രി ഞാൻ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്‌തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാൻ സംഹരിക്കും. ഈജിപ്തിലെ ദേവൻമാർക്കെല്ലാം എതിരായി ഞാൻ ശിക്‌ഷാവിധി നടത്തും. ഞാനാണ് കർത്താവ്. കട്ടിളയിലുള്ള രക്തം നിങ്ങൾ ആ വീട്ടിൽ താമസിക്കുന്നു വെന്നതിന്റെ അടയാളമായിരിക്കും. അതു കാണുമ്പോൾ ഞാൻ നിങ്ങളെ കടന്നുപോകും. ഞാൻ ഈജിപ്‌തിനെ പ്രഹരിക്കുമ്പോൾ ആ ശിക്‌ഷ നിങ്ങളെ ബാധിക്കുകയില്ല. ഈ ദിവസം നിങ്ങൾക്ക് ഒരു സ്‌മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും കർത്താവിൻറെ തിരുനാളായി നിങ്ങൾ ആചരിക്കണം. ഇതു നിങ്ങൾക്ക് എന്നേക്കും ഒരു കൽപനയായിരിക്കും.
നിങ്ങൾ ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസംതന്നെ നിങ്ങളുടെ വീടുകളിൽ നിന്ന് പുളിമാവു നീക്കം ചെയ്യണം. ഒന്നുമുതൽ ഏഴുവരെയുള്ള ദിവസങ്ങളിൽ ആരെങ്കിലും പുളിച്ച അപ്പം ഭക്ഷിച്ചാൽ അവൻ ഇസ്രായേലിൽ നിന്നു വിച്‌ഛേദിക്കപ്പെടണം. ഒന്നാം ദിവസവും ഏഴാംദിവസവും നിങ്ങൾ വിശുദ്‌ധ സമ്മേളനം വിളിച്ചു കൂട്ടണം. ആദിവസങ്ങളിൽ വേല ചെയ്യരുത്. എന്നാൽ, ഭക്ഷിക്കാനുള്ളതു പാകം ചെയ്യാം. പുളിപ്പില്ലാത്ത അപ്പത്തിൻറ തിരുനാൾ നിങ്ങൾ ആചരിക്കണം. കാരണം, ഈ ദിവസമാണ് ഞാൻ നിങ്ങളുടെ വ്യൂഹങ്ങളെ ഈജിപ്‌തിൽനിന്നു പുറത്തുകൊണ്ടുവന്നത്. നിങ്ങൾ തലമുറതോറും ഈ ദിവസം ആചരിക്കണം. ഇത് എന്നേക്കുമുള്ള കൽപനയാണ്. ആദ്യ മാസത്തിലെ പതിനാലാം ദിവസം സന്‌ധ്യ മുതൽ ഇരുപത്തൊന്നാം ദിവസം സന്‌ധ്യവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. നിങ്ങളുടെ വീടുകളിൽ ഏഴു ദിവസത്തേക്കു പുളിമാവു കാണരുത്. ആരെങ്കിലും പുളിപ്പുള്ള അപ്പം ഭക്ഷിച്ചാൽ അവൻ, വിദേശിയോ സ്വദേശിയോ ആകട്ടെ, ഇസ്രായേൽ സമൂഹത്തിൽ നിന്നു വിച്‌ഛേദിക്കപ്പെടണം. പുളിപ്പിച്ച യാതൊന്നും നിങ്ങൾ ഭക്ഷിക്കരുത്. നിങ്ങൾ വസിക്കുന്നിടത്തെല്ലാം പുളിപ്പില്ലാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ.
സമൂ: ദൈവമായ കർത്താവിനു സ്തുതി
(1:10-14)
നിങ്ങൾ എന്റെ ബലിപീഠത്തിൽ വ്യർഥമായി തീ കത്തിക്കാതിരിക്കാൻ നിങ്ങളിൽ ആരെങ്കിലും വാതിൽ അടച്ചിരുന്നെങ്കിൽ! നിങ്ങളിൽ എനിക്കു പ്രീതിയില്ല. നിങ്ങളുടെ കരങ്ങളിൽനിന്നു ഞാൻ ഒരു കാഴ്ച്‌ചയും സ്വീകരിക്കുകയില്ല സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു. സൂര്യോദയം മുതൽ അസ്‌തമയംവരെ എന്റെ നാമം ജനതകളുടെയിടയിൽ മഹത്ത്വപൂർണമാണ്. എല്ലായിടത്തും എന്റെ നാമത്തിനു ധൂപവും ശുദ്‌ധമായ കാഴ്ച്‌ചയും അർപ്പിക്കപ്പെടുന്നു. എന്തെന്നാൽ, ജനതകളുടെ ഇടയിൽ എന്റെ നാമം ഉന്നതമാണ് - സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു. കർത്താവിൻ്റെ ബലിപീഠത്തെ നിന്ദിക്കാം, നിന്‌ദ്യമായ ഭോജനം അതിൽ അർപ്പിക്കാം എന്നു കരുതുമ്പോൾ നിങ്ങൾ അതിനെ മലിനമാക്കുന്നു. സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ഞങ്ങൾ മടുത്തു എന്നു പറഞ്ഞ് നിങ്ങൾ എനിക്കെതിരേ ചീറുന്നു. അക്രമംകൊണ്ടു പിടിച്ചെടുത്തതിനെയും, മുടന്തുള്ളതിനെയും, രോഗം ബാധിച്ചതിനെയും നിങ്ങൾ കാഴ്‌ചയായി അർപ്പിക്കുന്നു! നിങ്ങളുടെ കൈകളിൽനിന്നു ഞാൻ അതു സ്വീകരിക്കണമോ?- കർത്താവു ചോദിക്കുന്നു. തന്റെ ആട്ടിൻകൂട്ടത്തിൽ മുട്ടാട് ഉണ്ടായിരിക്കുകയും അതിനെ നേരുകയും ചെയ്തിട്ട് ഊനമുള്ളതിനെ കർത്താവിനു ബലിയർപ്പിക്കുന്ന വഞ്ചകനു ശാപം. സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനായ രാജാവാണ്. ജനതകൾ എൻ്റെ നാമം ഭയപ്പെടുന്നു.
സമൂ: ദൈവമായ കർത്താവിനു സ്‌തുതി.
ശുശ്രൂ: പ്രകീർത്തനം ആലപിക്കുവാനായി നിങ്ങൾ എഴുന്നേല്ക്കുവിൻ
പ്രകീർത്തനം (ശൂറായ)
കാർമ്മി: അംബരമനവരതം
ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു.
ദിവ്യാത്മാവിൻ ഗീതികളാൽ
ഹല്ലേലൂയ്യാ ഗീതികളാൽ
കർത്താവിൻ തിരുപെസഹാ തൻ
നിർമ്മലമാകുമനുസ്‌മരണം
കൊണ്ടാടാം ഇന്നീ വേദികയിൽ
ശുശ്രൂ II: തൻമഹിമാവല്ലോ
വാനിലുമുഴിയിലും
തിങ്ങിവിളങ്ങുന്നു
സമൂ: ദിവ്യാത്മാവിൻ ഗീതികളാൽ ....
ശുശ്രൂ II: ജനതകളവിടുത്തെ
മഹിമകൾ പാടുന്നു
താണുവണങ്ങുന്നു.
സമൂ: ദിവ്യാത്മാവിൻ ഗീതികളാൽ ....
കാർമ്മി: നിത്യപിതാവിനും
സുതനും റൂഹായ്ക്കും
സ്‌തുതിയുണ്ടാകട്ടെ.
സമൂ: ദിവ്യാത്മാവിൻ ഗീതികളാൽ ....
ശുശ്രൂ: ആദിയിലെപ്പോലെ
ഇപ്പൊഴുമെപ്പോഴും
എന്നേക്കും ആമ്മേൻ.
സമൂ: ദിവ്യാത്മാവിൻ ഗീതികളാൽ ....
ശുശ്രൂ: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.
നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കല്പനകളുടെ മധുരസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതു വഴി ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ.
കർത്താവിൽനിന്ന് എനിക്കു ലഭിച്ചതും ഞാൻ നിങ്ങളെ ഭരമേൽപിച്ചതുമായ കാര്യം ഇതാണ്: കർത്താവായ യേശു, താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ, അപ്പമെടുത്ത്, കൃതജ്‌ഞതയർപ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എൻ്റെ ഓർമയ്ക്കായി നിങ്ങൾ ഇതു ചെയ്യുവിൻ. അപ്രകാരം തന്നെ അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങൾ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓർമയ്ക്കായി ചെയ്യുവിൻ. നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽനിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിൻ്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. തൻമൂലം, ആരെങ്കിലും അയോഗ്യതയോടെ കർത്താവിൻ്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽനിന്നു പാനംചെയ്യുകയും ചെയ്താൽ അവൻ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. അതിനാൽ, ഓരോരു ആരും ആത്മശോധന ചെയ്‌തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽനിന്നു പാനംചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാൽ, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവൻ തന്റെ തന്നെ ശിക്‌ഷാവിധിയാണു ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും.
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.
ഹല്ലേലൂയ്യ ഗീതം (സുമാറ)
ഹല്ലേലൂയ്യ പാടാമൊന്നായ്
ഹല്ലേലൂയ്യ, ഹല്ലേലൂയ്യ
ശിഷ്യന്മാരുടെ പാദം കഴുകി
സ്നേഹത്തിൻ പുതുമാതൃക നല്കി
തന്റെ ശരീരം നല്കി നമുക്കായ്
നവമൊരു ജീവൻ നമ്മിൽ പുലരാൻ.
മാതൃകയേവം കൈക്കൊണ്ടീടാൻ
വചനം നമ്മെ മാടിവിളിപ്പു.
താതനുമതുപോൽസുതനും
പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ.
ആദിമുതല്ക്കേയിന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേൻ.
ഹല്ലേലൂയ്യ പാടാമൊന്നായ്
ഹല്ലേലൂയ്യ ഹല്ലേലൂയ്യ.
വി. യോഹന്നാൻ, വി. മത്തായി എന്നിവർ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.
(യോഹ 13:1-14 +മത്താ 26:26-30, 14-30)
ഈ ലോകം വിട്ട് പിതാവിൻെറ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ അവൻ സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു. അത്താഴ സമയത്ത് പിശാച് ശിമയോൻെറ പുത്രനായ യൂദാസ് സ്കറിയോത്തായുടെ മനസ്‌സിൽ യേശുവിനെ ഒറ്റിക്കൊടുക്കുവാൻ തോന്നിച്ചു. പിതാവ് സകലതും തന്റെ കരങ്ങളിൽ ഏൽപിച്ചിരിക്കുന്നുവെന്നും താൻ ദൈവത്തിൽ നിന്നു വരുകയും ദൈവത്തിങ്കലേക്കുപോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു. അത്താഴത്തിനിടയിൽ അവൻ എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയിൽ കെട്ടി. അനന്തരം, ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യൻമാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്നതുവാലകൊണ്ടു തുടയ്ക്കാനും തുടങ്ങി. അവൻ ശിമയോൻ പത്രോസിന്റെ അടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു: കർത്താവേ, നീ എന്റെ കാൽ കഴുകുകയോ? യേശു പറഞ്ഞു: ഞാൻ ചെയ്യുന്നതെന്തെന്ന് ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ പിന്നീട് അറിയും. പത്രോസ് പറഞ്ഞു: നീ ഒരിക്കലും എന്റെ പാദം കഴുകരുത്. യേശു പറഞ്ഞു: ഞാൻ നിന്നെ കഴുകുന്നില്ലങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല. ശിമയോൻ പത്രോസ് പറഞ്ഞു: കർത്താവേ, എങ്കിൽ എന്റെ പാദങ്ങൾ മാത്രമല്ല, കരങ്ങളും ശിരസ്‌സും കൂടി കഴുകണമേ! യേശു പ്രതിവചിച്ചു: കുളികഴിഞ്ഞവൻ്റെ കാലുകൾ മാത്രമേ കഴുകേണ്ടതുള്ളു. അവൻ മുഴുവൻ ശുചിയായിരിക്കും. നിങ്ങളും ശുദ്‌ധിയുള്ളവരാണ്; എന്നാൽ എല്ലാവരുമല്ല. തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്ന് അവൻ അറിഞ്ഞിരുന്നു; അതു കൊണ്ടാണ് നിങ്ങളിൽ എല്ലാവരും ശുദ്‌ധിയുള്ളവരല്ല എന്ന് അവൻ പറഞ്ഞത്. അവരുടെ പാദങ്ങൾ കഴുകിയതിനുശേഷം അവൻ മേലങ്കി ധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങൾക്കു ചെയ്‌തതെന്ന് നിങ്ങൾ അറിയുന്നുവോ? നിങ്ങൾ എന്നെ ഗുരു എന്നും കർത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാൻ ഗുരുവും കർത്താവുമാണ്. നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്‌പരം പാദങ്ങൾ കഴുകണം.
അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പമെടുത്ത് ആശീർവദിച്ചു മുറിച്ച് ശിഷ്യൻമാർക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിൻ; ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്‌ഞതാസ്തോത്രം ചെയ്ത‌് അവർക്കു കൊടുത്തു കൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതിൽനിന്നു പാനം ചെയ്യുവിൻ. ഇതു പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എൻ്റെ രക്തമാണ്. ഞാൻ നിങ്ങളോടു പറയുന്നു, എൻ്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടൊത്തു നവമായി ഇതു പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തിൽനിന്നു ഞാൻ വീണ്ടും കുടിക്കുകയില്ല. സ്തോത്രഗീതം ആലപിച്ചശേഷം അവർ ഒലിവുമലയിലേക്കു പോയി.
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.
കാൽകഴുകൽ ശുശ്രൂഷ
ശുശ്രൂ: നമുക്ക് പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: ഞങ്ങളുടെ കർത്താവും ഗുരുവുമായ മിശിഹായേ, അന്ത്യ അത്താഴവേളയിൽ നീ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ട് എളിമയുടെയും ശുശ്രൂഷയുടെയും ആത്മസമർപ്പണത്തിന്റെയും മാതൃക നല്കുകയും അത് അനുകരിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുകയും ചെയ്തുവല്ലോ. ജീവദായകമായ നിന്റെ കല്പന അനുസരിച്ചുകൊണ്ട് ഈ ശുശ്രൂഷ യഥായോഗ്യം നിർവ്വഹിക്കുവാനും പരസ്പരസ്നേഹത്തിലൂടെ ഇതിന്റെ ചൈതന്യം അനുദിനജീവിതത്തിൽ നിലനിർത്തുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും. ആമ്മേൻ.
കാൽകഴുകലിന്റെ ഗീതം
താലത്തിൽ വെള്ളമെടുത്തു
വെൺകച്ചയുമരയിൽ ചുറ്റി
മിശിഹാ തൻ ശിഷ്യന്മാരുടെ
പാദങ്ങൾ കഴുകി.
വിനയത്തിൻ മാതൃക നല്‌കാൻ
സ്നേഹത്തിൻ പൊൻകൊടി നാട്ടാൻ
സകലേശൻ ദാസന്മാരുടെ
പാദങ്ങൾ കഴുകി.
സ്നേഹത്തിൻ ചിറകുവിരിഞ്ഞു
'രാജാളി' തെളിഞ്ഞുപറഞ്ഞു,
'സ്നേഹിതരേ, നിങ്ങൾക്കിന്നൊരു
മാതൃക ഞാനേകി'
ഗുരുവെന്നു വിളിപ്പൂ നിങ്ങൾ
പരമാർത്ഥതയുണ്ടതിലെങ്കിൽ
ഗുരുനല്‌കിയ പാഠം നിങ്ങൾ
സാദരമോർത്തിടുവിൻ.
പാദങ്ങൾ കഴുകിയ ഗുരുവിൻ
ശിഷ്യന്മാർ നിങ്ങൾ,അതോർത്താൽ
അന്യോന്യം പാദം കഴുകാൻ
ഉത്സുകരായ്ത്തീരും.
വത്സലരേ, നിങ്ങൾക്കായ് ഞാൻ
നല്‌കുന്നു പുതിയൊരു നിയമം
സ്നേഹിപ്പിൻ സ്വയമെന്നതുപോൽ
അന്യോന്യം നിങ്ങൾ.
അവനിയിലെൻ ശിഷ്യഗണത്തെ-
യറിയാനുള്ളടയാളമിതാ
സ്നേഹിപ്പിൻ സ്വയമെന്നതുപോൽ
അന്യോന്യം നിങ്ങൾ.
സ്നേഹിതനെ രക്ഷിപ്പതിനായ്
ജീവൻ ബലി ചെയ്‌വതിനെക്കാൾ
ഉന്നതമാം സ്നേഹം പാർത്താൽ
മറ്റെന്തുണ്ടുലകിൽ?
ഞാനേകിയ കല്പനയെല്ലാം
പാലിച്ചു നടന്നിടുമെങ്കിൽ
നിങ്ങളിലെൻ നയനംപതിയും
സ്നേഹിതരായ്ത്തീരും.
ദാസന്മാരെന്നു വിളിക്കാ,
നിങ്ങളെ ഞാനിനിയൊരുനാളും
സ്നേഹിതരായ്ത്തീർന്നു, ചിരമെൻ
വത്സലരേ, നിങ്ങൾ.
(മിശിഹാ പാറോക്കേ)
ജനങ്ങളേ, വന്നു ശ്രവിക്കുവിൻ.
മാനവപാപം നീക്കീടാൻ
മർത്യനു രക്ഷകനിഞ്ഞരുളാൻ
ബലിയായ് തിരുമെയ് നല്‌കിയൊരാ
മിശിഹാനാഥനെ വാഴ്ത്തീടാം.
ശിഷ്യഗണത്തിൻ പാദങ്ങൾ
കഴുകീനാഥൻ വിനയമൊടേ
സേവനമാതൃക നല്കിയൊരാ
നാഥനെ വാഴ്ത്തി നമിച്ചീടാം.
കർത്താവിന്റെ അദ്ഭുതങ്ങൾ ആരു വിവരിക്കും?
കൃപചൊരിയും നിൻസ്നേഹത്തിൻ
പൂർണ്ണതയെങ്ങനെ വർണ്ണിക്കും!
വചനത്തിൻ പരികർമ്മത്താൽ
മാതൃകയങ്ങു കനിഞ്ഞേകി.
ദാസനു സമനായ് കഴുകുകയായ്
ശിഷ്യഗണത്തിൻ പാദങ്ങൾ
ആധ്യാത്മികമാം മാതൃക നീ
ഞങ്ങളെയന്നു പഠിപ്പിച്ചു.
നിങ്ങളെല്ലാവരും ഇതു ശ്രവിക്കുവിൻ
ദിവ്യരഹസ്യം സെഹിയോനിൽ
പൂരിതമാക്കിയ തിരുനാഥൻ
ശിഷ്യഗണത്തോടന്നേവം
അരുൾ ചെയ്‌തല്ലോ സാമോദം:
"ഗുരുവും നാഥനുമാകും ഞാൻ
കഴുകി താവകപാദങ്ങൾ
ഞാനീ ചെയ്തതുപോലിനിമേൽ
നിങ്ങളുമെന്നും ചെയ്താലും"
അവൻ കണ്ടു വിറയൽപുണ്ടൂ
ഓറെശ്ലത്താഗേഹത്തിൽ
പൂരിതമായ രഹസ്യങ്ങൾ
മാലാഖമാർ ദർശിക്കേ
വിസ്മയപൂരിതരായല്ലോ
മഹിമ നിറഞ്ഞൊരു തിരുനാഥൻ
ബലിചെയ്യും നിജദേഹത്താൽ
ശിഷ്യഗണത്തിൻ പാദങ്ങൾ
കഴുകി പെസഹാത്തിരുനാളിൽ.
വരുവിൻ നമുക്ക് കർത്താവിനെ സ്തുതിക്കാം.
വിനയഗുണത്തിൻ നിറവോടേ
ശിഷ്യഗണത്തിൻ പാദങ്ങൾ
കഴുകിയ നാഥനെ വാഴ്ത്തീടാം.
ഉത്തമമാം സ്വരഗീതികളാൽ.
സ്നേഹഗുണത്തിൻ നിർഝരികൾ
നാഥൻ തന്നു നമുക്കായി
നാമതു നിത്യവുമന്യോന്യം
നല്‌കുകയാലേ സൗഭാഗ്യം.
നിർമ്മലമനോഭാവം കൈവരിക്കുവിൻ.
അപ്പം നാഥൻ വിഭജിച്ചൂ,
ഭക്ഷിക്കുകയായ് വഞ്ചകനും
മലിനതയോലും മനമോടേ
സാത്താനവനിൽ കുടിയേറി
നന്ദിമറന്നു, മറഞ്ഞല്ലോ
കൂരിരുൾതിങ്ങും വീഥികളിൽ.
ദുഷ്ടതനിറയും ഹൃദയത്തിൽ
ദൈവത്തിൻ വിളി കേൾക്കാതായ്.
പരമാർത്ഥ ഹൃദയമുള്ളവർക്ക്.
മഹിമ നിറഞ്ഞ രഹസ്യങ്ങൾ
നാഥൻ ശിഷ്യർക്കന്നേകി
ലോകർക്കഖിലം പാപത്തിൻ
മുക്തിക്കായ്ത്തിരു ബലിയായി
തിരുമെയ് സദയം വിഭജിച്ചൂ
തിരുരക്തവുമന്നർപ്പിച്ചു
കനിവാൽ മാനവവംശത്തെ
രക്ഷിച്ചവനെ വാഴ്ത്തീടാം
ആനന്ദപ്പൂർവം സ്‌തുതിപാടുവിൻ.
ഇന്നീ പെസഹാത്തിരുനാളിൽ
മോദം പകരുക ഞങ്ങളിൽ നീ
നാഥാ! സ്തുതികൾ പാടീടാൻ
ഞങ്ങളിലെന്നും കനിയേണം.
വഞ്ചനയെല്ലാം നീങ്ങീടാൻ
കുരിശാൽ രക്ഷ പകർന്നിടണേ.
നിൻഹിതമനിശം നിറവേറ്റാൻ
ബലവും ധൈര്യവുമരുളേണം.
എന്തെന്നാൽ അവൻ അദ്ഭുതം പ്രവർത്തിച്ചിരുന്നു.
ദുഃഖിതരെല്ലാം നാഥാ! നിൻ
പെസഹാവഴിയായ് സമ്മോദം
പുണരാൻ കനിയണമെന്നാളും
ദുഃഖിതനായി ഞെരുങ്ങുന്നു
സാത്താനിന്നീ നിമിഷത്തിൽ
മാനവർ രക്ഷാമാർഗ്ഗത്തിൽ
നീങ്ങുകയാലേ, നാഥാ, നിൻ
വിനയം രക്ഷിച്ചുയിരേകി.
അവൻ ദരിദ്രരെ തൻ്റെ മാർഗ്ഗം പഠിപ്പിക്കുന്നു.
പെസഹാനിശയിൽ തിരുനാഥൻ
ശിഷ്യഗണത്തൊടു കല്പിച്ചു
തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ
നിങ്ങളിലെന്നുടെ സ്നേഹംപോൽ.
നിങ്ങൾക്കായ് ഞാൻ പീഡകളും
മരണവുമിന്നു വരിക്കുന്നു.
രക്ഷയുമുയിരും നരനേകാൻ
പുണരും മൃതിയാകുരിശിൽ ഞാൻ.
നിങ്ങളെല്ലാവരും ശ്രദ്ധിക്കുവിൻ.
കാൽവരിഗിരിയിൽ കുരിശിന്മേൽ
പീഡകളേറ്റു മരിച്ചൂ നീ
സൃഷ്ടികുലത്തിനു രക്ഷകനായ്
നാഥാ, നിൻതിരുകൃപയാലേ
അനുതാപികളെ രക്ഷിച്ചൂ
ജീവൻ നല്കീ മർത്യർക്കായ്
തിരുവുത്ഥാനം നരനേകീ
മോചനമരുളും നവജീവൻ.
കർത്താവു തൻ്റെ രക്ഷ കാണിച്ചിരിക്കുന്നു.
വേദനനിറയും നിമിഷങ്ങൾ
ഗദ്ഗദമുണരും ഹൃദയത്തിൽ
ജാഗ്രതയാർന്നു പ്രാർത്ഥനകൾ
തൻ സഹനത്തിൻ കാഠിന്യം
നാഥൻ വിരവൊടുവെളിവാക്കീ
"നിങ്ങൾ പരീക്ഷയിൽ വീഴാതെ
പ്രാർത്ഥിക്കാ"നുപദേശിച്ചു
സ്വേദകണങ്ങൾ നിണമായീ.
പ്രഘോഷണപ്രാർത്ഥനകൾ (കാറോസൂസ)
ശുശ്രൂ: നമുക്കെല്ലാവർക്കും അനുതാപത്തോടും ഭക്തിയോടുംകൂടി നിന്ന് 'കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ' എന്ന് പ്രാർത്ഥിക്കാം.
സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂ: നാല്പതു ദിനരാത്രങ്ങൾ മരുഭൂമിയിൽ ഉപവാസത്തിലും പ്രാർത്ഥനയിലും ചെലവഴിച്ച മിശിഹായേ, തപസ്സിന്റെയും പ്രായശ്ചിത്തത്തിന്റെയും ചൈതന്യത്തിൽ ജീവിക്കുവാനും പ്രാർത്ഥനാരൂപിയിൽ വളരുവാനും ഞങ്ങളെ അനുഗ്രഹിക്കണമെന്ന് നിന്നോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂ: ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടായ മിശിഹായേ, ഞങ്ങളുടെയും മറ്റുള്ളവരുടെയും പാപങ്ങൾക്കു പരിഹാരമനുഷ്ഠിക്കുവാൻ ഞങ്ങളെ ശക്തരാക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂ: 'ഞാൻ സ്വർഗ്ഗത്തിൽനിന്നിറങ്ങിവന്ന അപ്പമാകുന്നു എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ നിത്യരക്ഷ പ്രാപിക്കും' എന്നരുളിച്ചെയ്ത കർത്താവേ, നിന്റെ ശരീരരക്തങ്ങൾ സ്വീകരിച്ച് നിത്യജീവിതത്തിന് യോഗ്യരാകുവാൻ അനുഗ്രഹിക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂ: “ഞാൻ ഈ ചെയ്തത് നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ" എന്നരുളിച്ചെയ്ത കർത്താവേ, ഈ ബലിയിൽ പങ്കുചേർന്ന് നിന്റെ രക്ഷാകര സ്നേഹം നിരന്തരം അനുഭവിക്കുവാൻ ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂ: ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മാതൃക നല്‌കിയ കർത്താവേ, ഞങ്ങളുടെ സഹോദരങ്ങളെ എളിമയോടെ ശുശ്രൂഷിക്കുവാൻ ഞങ്ങളെ ശക്തരാക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂ: 'നിങ്ങൾ പരസ്പരം പാദങ്ങൾ കഴുകുവിൻ' എന്നരുളിച്ചെയ്ത കർത്താവേ, വിനയത്തിന്റെയും ശൂന്യവത്കരണത്തിന്റെയും ജീവിതം നയിക്കുവാൻ ഞങ്ങളെ ശക്തരാക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ,
ശുശ്രൂ: ഒരേ അപ്പത്തിൽനിന്നു ഭക്ഷിക്കുകയും ഒരേ പാനപാത്രത്തിൽനിന്നു പാനം ചെയ്യുകയും ചെയ്യുന്ന ഞങ്ങൾ സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുവാൻ ഇടവരുത്തണമെന്ന് നിന്നോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂ: 'ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്നേഹിക്കുവിൻ' എന്ന കല്‌പന നൽകിയ കർത്താവേ, അന്യോന്യം സ്നേഹിച്ചുകൊണ്ട് നിന്റെ ശിഷ്യർക്ക് ഉചിതമായ ജീവിതം നയിക്കുവാൻ ഞങ്ങളെ സഹായിക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂ: പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും മാർഗ്ഗത്തിൽ ഞങ്ങളെ നയിക്കുവാൻ ഞങ്ങളുടെ പരിശുദ്ധ പിതാവ് മാർ (പേര്) പാപ്പായെയും / ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ (പേര്) മെത്രാപ്പോലീത്തയെയും/ ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ (പേര്) മെത്രാപ്പോലീത്തയെയും / ഞങ്ങളുടെ പിതാവും മേലധ്യക്ഷനുമായ മാർ (പേര്) മെത്രാനെയും/ മറ്റെല്ലാ മെത്രാന്മാരെയും ആത്മീയനന്മകൾ നല്കി അനുഗ്രഹിക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂ: നമുക്കെല്ലാവർക്കും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.
സമൂ: ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേക്കു ഞങ്ങൾ സമർപ്പിക്കുന്നു.
കാർമ്മി: അങ്ങയുടെ ഏകപുത്രനെ പെസഹാക്കുഞ്ഞാടായി ഞങ്ങൾക്കു നല്കിയ പിതാവായ ദൈവമേ, ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയുടെ മഹനീയമായ ഈ ദാനം പരസ്‌പര സ്നേഹത്തിൽ ജീവിക്കുവാൻ ഞങ്ങളെ ശക്തരാക്കട്ടെ. അവിടുത്തെ തിരുശ്ശരീരരക്തങ്ങൾ ഞങ്ങൾക്ക് നിത്യസൗഭാഗ്യത്തിന് കാരണമായിത്തീരുകയും ചെയ്യട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
ശുശ്രൂ: കർത്താവേ, ആശീർവദിക്കണമേ. സഹോദരരേ നിങ്ങൾ കൈവയ്‌പിനായി തല കുനിക്കുകയും ആശീർവാദം സ്വീകരിക്കുകയും ചെയ്യുവിൻ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, സാർവ്വത്രികവും ശ്ലൈഹികവുമായ സഭയുടെമേൽ അങ്ങയുടെ കരുണ നിറഞ്ഞ വലംകൈ നീട്ടണമേ. ദൃശ്യവും അദ്യശ്യവുമായ സകല വിപത്തുകളിലും നിന്ന് അതിനെ സംരക്ഷിക്കണമേ, ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടുംകൂടെ അങ്ങയുടെ മുമ്പാകെ ശുശ്രൂഷചെയ്യുവാൻ ഞങ്ങളെല്ലാവരെയും ദയാപൂർവ്വം യോഗ്യരാക്കണമേ.
കാർമ്മി: കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നു ചേർന്ന് അങ്ങയെ ഞങ്ങളുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവൃത്തികളാൽ ജീവിതകാലം മുഴവനും അങ്ങയെ യഥോചിതം പ്രീതിപ്പെടുത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കുവാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ.
ശുശ്രൂ: മാമ്മോദീസ സ്വീകരിക്കുകയും ജീവൻ്റെ അടയാളത്താൽ മുദ്രിതരാകുകയും ചെയ്‌തവർ ഭക്തിയോടും ശ്രദ്ധയോടുംകൂടെ വിശുദ്ധരഹസ്യങ്ങളിൽ പങ്കുകൊള്ളട്ടെ.
ദിവ്യരഹസ്യഗീതം (ഓനീസാ ദ്റാസേ)
വരുവിൻ, നമുക്കു കർത്താവിനെ വാഴ്ത്താം
കുരിശിൽ ഭീകരമാം
പീഡകളേറ്റിടുവാൻ
പോകുകയായ് നാഥൻ.
പാവനമാം ബലിവേദികയിൽ
കാണ്മൂ ദിവ്യരഹസ്യങ്ങൾ
നാമിന്നീശോമിശിഹാതൻ
ബലിതൻ ഓർമ്മയിൽ മുഴുകുന്നു.
വാഴ്ത്തീടാം വിണ്ണിൻദാനങ്ങൾ.
കർത്താവിനെ പ്രതീക്ഷിച്ച് അവനിൽ
പ്രത്യാശയർപ്പിക്കുവിൻ.
കുരിശിൽ ഭീകരമാം...
വരുവിൻ, നമുക്കു കർത്താവിനെ വാഴ്ത്താം.
കുരിശിലെ പീഡാസഹനത്തിനായി നയിക്കപ്പെടുന്ന മിശിഹായെ നമ്മുടെ ആന്തരിക നയനങ്ങൾകൊണ്ട് ഈ ദിവ്യരഹസ്യങ്ങളിലൂടെ സ്നേഹപൂർവം വീക്ഷിക്കാം. വിശുദ്ധമായ അൾത്താരയിൽ ജീവദായകമായ ബലി അർപ്പിക്കപ്പെടുന്നു. നമുക്കു അവിടുത്തെ മരണത്തിന്റെ ഓർമ്മ ആചരിക്കുകയും മാലാഖമാരോടൊപ്പം ഉച്ചത്തിൽ കീർത്തനങ്ങൾ ആലപിക്കുകയും ചെയ്യാം. 'അവർണ്ണനീയമായ ദാനത്തെ പ്രതി അങ്ങേക്കു സ്തുതി'.
കർത്താവിനെ പ്രതീക്ഷിച്ച് അവനിൽ പ്രത്യാശയർപ്പിക്കുവിൻ,
കുരിശിലെ പീഡാസഹനത്തിനായി നയിക്കപ്പെടുന്ന മിശിഹായെ......
ദിവ്യകാരുണ്യഗീതം (ഓനീസാ ദ്‌വേമ്മ)
സമൂ: പീഡകളേറ്റു മിശിഹാനാഥൻ
പാപികളാകും മർത്യർക്കായി.
നല്‌കുകയായീ തിരുനാഥൻ തൻ
മാംസവുമതുപോൽ രക്തവുമിപ്പോൾ.
പാപവിമോചനചിന്തകളോടേ
കൈക്കൊള്ളുക നാം ദിവ്യരഹസ്യം.
സമൂ: നമുക്കുവേണ്ടി പീഡകൾ സഹിച്ച മിശിഹായുടെ തിരുശ്ശരീരവും തിരുരക്തവും അനുതാപത്തോടെ നമുക്കു സ്വീകരിക്കാം.
ശുശ്രൂ: പാവനമാകും പെസഹാരഹസ്യം
പൂർത്തീകൃതമായ് ഈ സുദിനത്തിൽ.
പെസഹാമേഷം ദൈവകുമാരൻ
പാരിതിനേകീ ദിവ്യശരീരം,
കൈക്കൊള്ളുകനാമാത്തിരുഗാത്രം
തിരുനിണമൊപ്പം, വിനയാന്വിതരായ്.
ശുശ്രൂ: ഈജിപ്തിലെ ആ സായംസന്ധ്യയിലാരംഭിച്ച രക്ഷാകർമ്മം പൂർത്തിയാക്കപ്പെട്ട ഈ പെസഹാദിനം അനുഗൃഹീതമാകുന്നു. മോശ ഈജിപ്‌തിൽ ആചരിച്ച പെസഹാ ദൈവപുത്രനായ മിശിഹായിൽ പൂർത്തിയായിരിക്കുന്നു. പെസഹാക്കുഞ്ഞാടായ മിശിഹായുടെ ശരീരം ഇതാ നമുക്കായി വിഭജിക്കപ്പെട്ടിരിക്കുന്നു. നമുക്ക് അവിടുത്തെ സമീപിക്കാം.
കൃതജ്ഞതാപ്രാർത്ഥനകൾ
കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ തിരുവചനം ശ്രവിക്കുവാനും കീർത്തനങ്ങൾ ആലപിച്ചുകൊണ്ട് അങ്ങയെ സ്തുതിക്കുവാനും അങ്ങ് ഞങ്ങളെ യോഗ്യരാക്കി. ഞങ്ങൾക്കായി അങ്ങ് ഒരുക്കിയിരിക്കുന്ന സ്വർഗ്ഗഭാഗ്യം അനുഭവിച്ച് അങ്ങയെ അനവരതം പാടിപ്പുകഴ്ത്താൻ ഞങ്ങൾ അർഹരാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ. കർത്താവേ, ആശീർവ്വദിക്കണമേ.
കാർമ്മി: ഞങ്ങളുടെ നാഥനും രക്ഷകനുമായ മിശിഹായേ, നിൻ്റെ കുരിശുമരണത്താൽ ഞങ്ങളുടെ പാപങ്ങൾ മോചിക്കുകയും തിരുശ്ശരീരരക്തങ്ങളാൽ ഞങ്ങളെ സമ്പന്നരാക്കുകയും ചെയ്‌തു. നിന്നോടൊത്തു നിത്യം വസിക്കുവാൻ ഈ ദിവ്യകൂദാശ ഞങ്ങൾക്ക് കാരണമായിത്തീരട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
കാർമ്മി: സ്നേഹപിതാവാം സകലേശൻ
പാപികളാകും മർത്യർക്കായ്
പാരിലയച്ചൂ കനിവോടെ
ഏകകുമാരൻ മിശിഹായെ
ജീവൻ നല്‌കാൻ സ്ഥാപിച്ചു
പരിപൂജിതമാം കുർബാന,
വരദാനങ്ങൾ ചൊരിയുന്നു
പാവനരൂപൻ ദിവ്യാത്മൻ.
ശിഷ്യന്മാരുടെ പാദങ്ങൾ
കഴുകിയ നാഥൻ നല്‌കിയതാം
മാതൃകപോലെ സകലർക്കും
സേവനമെന്നും ചെയ്തിടുവിൻ.
ദിവ്യശരീരവുമതുപോലെ
രക്തവുമേകിയ തിരുനാഥൻ
ദിവ്യാനുഗ്രഹമരുളട്ടെ +
ഇപ്പൊഴുമെപ്പൊഴുമെന്നേക്കും.
സമൂ: ആമ്മേൻ.
കാർമ്മി: തൻറെ ഏകജാതനെ നല്‌കുവാൻ തക്കവിധം പാപികളായ നമ്മെ സ്നേഹിച്ച പിതാവായ ദൈവത്തെ നമുക്കു സ്‌തുതിക്കാം. 'എൻ്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കും' എന്നരുളിച്ചെയ്യുകയും സ്നേഹത്തിൻ്റെ നിത്യസ്മാരകമായി വിശുദ്ധ കുർബാന സ്ഥാപിക്കുകയും ചെയ്‌ത രക്ഷകനായ മിശിഹായെ നമുക്കു വാഴ്ത്താം. വരപ്രസാദങ്ങൾ ചൊരിഞ്ഞുകൊണ്ട് നമ്മിൽ നിരന്തരം വസിക്കുന്ന പരിശുദ്ധാത്മാവിന് നന്ദി പറയാം. ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയ മിശിഹായെ അനുകരിച്ച് സഹോദരങ്ങൾക്കും സേവനം ചെയ്യുവാനും ദൈവത്തെ പ്രീതിപ്പെടുത്തുവാനും അവിടുന്നു നമ്മെ ശക്തരാക്കട്ടെ. നാം സ്വീകരിച്ച തിരുശരീരരക്തങ്ങൾ നമുക്കു നിത്യജീവിതത്തിന്റെ അച്ചാരമായിരിക്കട്ടെ. ഇന്നത്തെ തിരുക്കർമ്മങ്ങളിൽ സംബന്ധിച്ച നിങ്ങളെല്ലാവരെയും സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂ: ആമ്മേൻ.
Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206