We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical Commission, Diocese Mananthavady On 09-Jul-2024
വിശുദ്ധ കുരിശിനോടുള്ള നൊവേന
ഡയക്ലീഷൻ ചക്രവർത്തിയുടെ മരണശേഷം റോമിൽ ഒരു അധികാരമത്സരം നടന്നു. ബ്രിട്ടാനിയായിലെ റോമൻ പടയാളികൾ കോൺസ്റ്റന്റൈനെ ചക്രവർത്തിയായി തിരഞ്ഞെടുത്തു. എന്നാൽ മുൻ ഉപചക്രവർത്തിയുടെ മകനായിരുന്ന മാക്സെൻഷിയൂസ് ചക്രവർത്തിപദത്തിന് അവകാശമുന്നയിച്ചുകൊണ്ട് കോൺസ്റ്റന്റൈയിനെ വെല്ലുവിളിച്ചു. എ.ഡി. 312 ഒക്ടോബറിൽ ടൈബർ നദിക്കു കുറുകെയുള്ള 'മിൽവിയൻ' പാലത്തിൽ അവർ പരസ്പരം ഏറ്റുമുട്ടി. മാക്സെൻഷിയൂസിന്റെ വലിയ സൈന്യത്തെ കണ്ട് കോൺസ്റ്റന്റൈൻ ഭയചകിതനായി. ഉറക്കം വരാതെ രാത്രിയിൽ ആലോചനാനിമഗ്നനായി പുറത്ത് ഉലാത്തിക്കൊണ്ടിരുന്ന കോൺസ്റ്റന്റൈൻ പെട്ടെന്ന് ആകാശത്തിൽ ഒരു അടയാളം കണ്ടു. അടയാളത്തോടൊപ്പം ഇങ്ങനെയൊരു എഴുത്തും ഉണ്ടായിരുന്നു: “ഈ അടയാളത്താൽ നീ വിജയം വരിക്കും".
കോൺസ്റ്റന്റൈൻ ആകാശത്തിൽ കണ്ട അടയാളം കുരിശായിരുന്നു വെന്നാണ് ജീവചരിത്രകാരനായ കേസറിയായിലെ യൗസേബിയൂസ് പറയുന്നത്. അതേ രാത്രിയിൽത്തന്നെ ഈശോമിശിഹാ സ്വപ്നത്തിൽ കോൺസ്റ്റന്റൈന് പ്രത്യക്ഷപ്പെട്ട് യുദ്ധത്തിൽ സംരക്ഷണമുദ്രയായി തന്റെ അടയാളം ഉപയോഗിക്കാൻ നിർദ്ദേശിച്ചുവെന്നും പറയപ്പെടുന്നു. അടുത്തദിവസം മുതൽ മിശിഹായുടെ കുരിശിന്റെ അടയാളമുള്ള പതാകയുമേന്തി യുദ്ധം തുടങ്ങിയ കോൺസ്റ്റന്റൈന്റെ പടയാളികൾ ശക്തരായ എതിരാളികളെ നിശ്ശേഷം പരാജയപ്പെടുത്തുകയും കോൺസ്റ്റന്റൈൻ റോമാസാമ്രാജ്യത്തിന്റെ മുഴുവൻ ചക്രവർത്തിയായിത്തീരുകയും ചെയ്തു. ക്രിസ്തീയവിശ്വാസവും ആരാധനാസ്വാതന്ത്ര്യവും റോമാസാമ്രാജ്യത്തിലെങ്ങും സാധ്യമാക്കിയ എ.ഡി.313-ലെ പ്രശസ്തമായ മിലാൻ വിളംബരത്തിന് സാഹചര്യമൊരുക്കിയത് ഈ വിജയമാണ് എന്നാണ് പാരമ്പര്യം.
തുടർന്ന്, കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായിരുന്ന ഹെലേന രാജ്ഞി തന്റെ 80-ാം വയസ്സിൽ പാലസ്തീനായിലേക്ക് യാത്രയായി. ഈശോയെ തറച്ച കുരിശ് കണ്ടെടുക്കണമെന്ന ആഗ്രഹമായിരുന്നു ഈ യാത്രയുടെ പിന്നിൽ. കാൽവരിയിലെ ചപ്പുചവറുകൾ നീക്കിയപ്പോൾ മൂന്നു കുരിശുകൾ രാജ്ഞി കണ്ടെത്തി. ജറുസലെമിലെ മെത്രാനായിരുന്നു വിശുദ്ധ മക്കാറിനൂസിന്റെ നേതൃത്വത്തിൽ ക്രിസ്തുവിന്റെ കുരിശ് തിരിച്ചറിയാൻ മൂന്നു കുരിശുകളും ഒരു മൃതദേഹത്തിൻന്മേൽ സ്പർശിച്ച് അവർ പരീക്ഷിച്ചു. പ്രാർത്ഥനാപൂർവ്വം നടത്തിയ പരിശ്രമങ്ങളിലൂടെ ക്രിസ്തുവിനെ തറച്ച കുരിശ് അവർ തിരിച്ചറിയുകയും ഭക്ത്യാദരങ്ങളോടെ അത് പുതിയ ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നും പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. ആ ദിനം വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാളായി ആചരിച്ചു വരുന്നു. സെപ്തംബർ 14-നാണ് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ.
വിശുദ്ധ കുരിശിനോടുള്ള പ്രത്യേകമായ ഭക്തിയും വണക്കവും തിരുസ്സഭയിൽ കാലാകാലങ്ങളായി നിലനില്ക്കുന്നുണ്ട്. മിശിഹായുടെ തന്നെ അടയാളമായി വണങ്ങപ്പെടുന്ന കുരിശ് പ്രത്യാശയുടെയും സംരക്ഷത്തിന്റെയും പ്രതീകം കൂടിയാണ്.
തിരുനാൾ ദിനം : സെപ്തംബർ 14 |
പ്രാരംഭഗാനം
(പുലരിയിൽ നിദ്രയുണർന്നങ്ങേ.... എന്ന രീതി)
ദൈവകുമാരൻ കുരിശാലെ
മനുജനു രക്ഷ പകർന്നരുളീ
രക്ഷാകരമാം കുരിശിനെ ഞാൻ
ആരാധിച്ചു വണങ്ങുന്നു
ജീവൻ പകരും കുരിശേ നീ
ഭൂവിൽ കതിരു പരത്തുന്നു
കൂരിരുളേറിയ താഴ്വരയിൽ
പാവന ദീപമുയർത്തുന്നു
സാത്താനതുകണ്ടകലുന്നു
ഭക്തന്മാരതു പുണരുന്നു
ശക്തിയിൽ നിന്നൊഴുകുന്നു.
ഞങ്ങൾക്കതു താനവലംബം
കാർമ്മി: ആരാധ്യനായ ദൈവമേ, രക്ഷകനായ ഈശോമിശിഹായേ, അങ്ങു ഞങ്ങളുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ചുവല്ലോ. അങ്ങയുടെ വിശുദ്ധകുരിശ്, ഞങ്ങൾക്ക് വഴികാട്ടിയാകട്ടെ. ഞങ്ങളുടെ ആത്മാക്കളെ സദ്ചിന്തകൾ കൊണ്ടു നിറയ്ക്കണമേ, എല്ലാ തിന്മകളിൽ നിന്നും മോചിപ്പിക്കണമേ, എല്ലാ അപകടങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും രക്ഷിക്കണമേ, ഞങ്ങൾക്കു നിത്യ ജീവൻ നല്കണമേ. കാണപ്പെടുന്നതും കാണപ്പെടാത്തതുമായ എല്ലാ ശത്രുക്കളിൽ നിന്നും സംരക്ഷിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,
സമൂ: ആമ്മേൻ
കാർമ്മി: സ്നേഹിതനുവേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് കുരിശിലെ മരണം വഴി ഞങ്ങളെ പഠിപ്പിച്ച ഈശോയെ,
സമൂ: കുരിശിൽ നിന്ന് ക്രൈസ്തവജീവിതത്തിന്റെ അർത്ഥം ഗ്രഹിച്ചു വളരുവാൻ ഞങ്ങളെ ശക്തരാക്കണമേ.
കാർമ്മി: കർത്താവായ ദൈവമേ (സമൂഹവും ചേർന്ന്)/ അങ്ങയുടെ തിരുക്കുമാരനെ/ ഞങ്ങളുടെ രക്ഷകനായി അയച്ചതിനെ ഓർത്ത്/ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു./ യഹൂദർക്ക് ഇടർച്ചയും/ വിജാതീയർക്ക് ഭോഷത്തവുമായ കുരിശുവഴി/ ഞങ്ങളെ രക്ഷിക്കുകയും/ പാപത്തിന്റെയും മരണത്തിന്റെയും സാത്താന്റെയും മേൽ/ വിജയം വരിച്ച്/ കുരിശിനെ രക്ഷയുടെയും മഹത്വത്തിന്റെയും അടയാളമായി/ അങ്ങ് ഉയർത്തുകയും ചെയ്തുവല്ലോ./ ഞങ്ങളുടെ രക്ഷയ്ക്കായി/ ക്രൂശിതനായ ഈശോയിൽ അഭിമാനം കൊള്ളുവാനും/ അനുദിനജീവിതത്തിലെ കുരിശുകൾ/ സന്തോഷത്തോടെ വഹിച്ചുകൊണ്ട് ഉത്ഥിതനായ അങ്ങയെ അനുഗമിക്കുവാനും/ ഞങ്ങളെ ശക്തരാക്കണമേ./ സകലത്തിന്റെയും നാഥാ, എന്നേക്കും, ആമ്മേൻ./
കാർമ്മി: അനന്തമായ സ്നേഹത്താൽ ഈശോയുടെ ബലിയിലൂടെ ദൈവം നമ്മെ വീണ്ടെടുത്തു. നമ്മുടെ രക്ഷയുടെ അടയാളമായ കുരിശിനെ നമുക്കു വരവേല്ക്കാം.
സമൂ: കർത്താവേ, അങ്ങയുടെ കുരിശിനെ ഞങ്ങൾ സ്വീകരിക്കുന്നു.
കാർമ്മി: നമ്മുടെ പാപങ്ങൾ ഏറ്റെടുത്ത് എല്ലാവർക്കും വേണ്ടി പരിഹാരവും പ്രായശ്ചിത്തവും ചെയ്ത ഈശോയുടെ കുരിശിനെ നമുക്ക് സ്വീകരിക്കാം.
സമൂ: ഞങ്ങളുടെ പ്രത്യാശയായ കുരിശിനെ ഞങ്ങൾ സ്വീകരിക്കുന്നു.
കാർമ്മി: ദൈവത്തിനും മനുഷ്യർക്കുമിടയിലെ ഏകമധ്യസ്ഥനായ ഈശോയുടെ കുരിശിലെ ബലിയെ നമുക്ക് സ്വീകരിക്കാം.
സമൂ: ഞങ്ങളുടെ പ്രത്യാശയായ കുരിശിനെ ഞങ്ങൾ സ്വീകരിക്കുന്നു.
കാർമ്മി: പറുദീസായിലേക്കുള്ള ഏകവും സത്യവുമായ ഗോവണി കുരിശാണ്, സ്വർഗ്ഗത്തിലേക്ക് കയറാൻ കുരിശില്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.
സമൂ: ഞങ്ങളുടെ പ്രത്യാശയായ കുരിശിനെ ഞങ്ങൾ സ്വീകരിക്കുന്നു.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.
കാറോസൂസ
കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടി കുരിശിലെ ബലിയുടെ മഹത്വത്തെ പ്രകീർത്തിച്ചുകൊണ്ട് കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എന്ന് അപേക്ഷിക്കാം.
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
കാർമ്മി: രക്ഷയുടെ അടയാളമായ കുരിശുവഴി ലോകത്തെ വീണ്ടെടുത്ത മിശിഹായേ അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ ലോകരാഷ്ട്രങ്ങള അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
കാർമ്മി: ദൈവജനത്തെ സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കാനുള്ള പരിശ്രമങ്ങളിൽ സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ............ പാപ്പായെയും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ...... ....മെത്രാപ്പോലീത്തായെയും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ.................... മെത്രാപ്പോലീത്തായെയും എല്ലാ വൈദികമേലദ്ധ്യക്ഷന്മാരെയും അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
കാർമ്മി: ഞങ്ങളുടെ രൂപാതയെയും ഞങ്ങളുടെ പിതാവും മേലധ്യക്ഷനുമായ മാർ...............മെത്രാനെയും എല്ലാ വൈദികരെയും സമർപ്പിതയും അനുഗ്രഹിക്കണമെന്നും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു നല്കണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
കാർമ്മി: ഞങ്ങളുടെ ഇടവകാംഗങ്ങളെല്ലാവരും യോജിപ്പിലും ഒരുമയിലും അങ്ങയുടെ ശരീരത്തിലെ വിവിധ അവയവങ്ങളെപ്പോലെ ജീവിക്കുവാൻ ഇടയാക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലർത്തനമെന്നും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും അങ്ങയെപ്പോലെ വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാൻ ഇടയാക്കണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)
കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ ഈശോയുടെ കുരിശോടു ചേർത്ത് അവിടുത്തേയ്ക്ക് സമർപ്പിക്കാം.
(നിശ്ശബ്ദം)
കാർമ്മി: “ഞാൻ ഭൂമിയിൽ നിന്നുയർത്തപ്പെടുമ്പോൾ സകല മനുഷ്യരും എന്നിലേക്കാകർഷിക്കപ്പെടും" എന്നരുൾചെയ്ത കർത്താവേ, സകല ജനങ്ങളും കുരിശിൽ രക്ഷ കണ്ടെത്തുവാനും കുരിശിന്റെ പാതയിൽ സഞ്ചരിച്ച് അങ്ങയുടെ മഹത്വത്തിൽ പങ്കാളികളാകുവാനും ഇടയാകട്ടെ. അവിടുത്തെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും അർത്ഥം ഗ്രഹിക്കുവാനും അങ്ങ് ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. തീക്ഷ്ണത കൊണ്ടു നിറഞ്ഞ ശ്ളീഹന്മാർ ധൈര്യപൂർവ്വം മിശിഹായെ പ്രഘോഷിച്ചതുപോലെ കുരിശിലൂടെ രക്ഷ പകർന്ന അങ്ങയുടെ സന്ദേശം ലോകമെങ്ങും പ്രഘോഷിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,
സമൂ: ആമ്മേൻ.
ഗാനം
(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)
(നിത്യസഹായമാതേ... എന്ന രീതി)
കുരിശിന്റെ വഴിയേ ഞങ്ങൾ
അണിചേരാൻ വന്നിടുന്നു
സഹനത്തിൻ വഴിയേ ഞങ്ങൾ
അനുഗമിച്ചീടുന്നിതാ
കാൽവരി മാമലയിൽ
കുരിശിൽ മരിച്ച താതാ
രക്ഷതന്നടയാളമായ്
കുരിശു നീ നല്കിയല്ലോ (കുരിശിന്റെ....)
ജീവിതപാതകളിൽ
ഞങ്ങൾതൻ വേദനകൾ
അവിടുത്തെ കുരിശോടൊപ്പം
ചേർത്തിടാൻ തുണയേകണേ (കുരിശിന്റെ...)
കാർമ്മി: രക്ഷാകരമായ അടയാളമായി (സമൂഹവും ചേർന്ന്)/ കുരിശിനെ ഉയർത്തുകയും/ കുരിശിലൂടെ രക്ഷ പ്രദാനം ചെയ്യുകയും ചെയ്ത ഈശോയെ/ കുരിശിനെ സ്വീകരിച്ച്/ അങ്ങയുടെ രക്ഷാകര സഹനത്തിൽ പങ്കുചേർന്ന്/ മനുഷ്യസമൂഹത്തെ മുഴുവൻ/ അങ്ങയുടെ സ്നേഹത്തിൽ ഒരുമിച്ച് കൂട്ടുവാൻ/ ഞങ്ങളെ അനുഗ്രഹിക്കണമേ./ കർത്താവായ ദൈവമേ/ അങ്ങ് കുരിശിലൂടെ പൂർത്തിയാക്കിയ/ പീഡാസഹനത്തിന്റെയും മരണത്തിന്റെയും/ അർത്ഥം ഗ്രഹിച്ച്/ തിന്മയിൽ നിന്നും/ പൈശാചികശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും/ ഞങ്ങളെ ഓരോരുത്തരെയും/ ഞങ്ങളുടെ കുടുംബങ്ങളെയും സംരക്ഷിക്കണമേ./ ഓ! വിശുദ്ധ കുരിശേ,/ എന്റെ ആത്മാവിനെ സദ്ചിന്തകൾ കൊണ്ടു നിറയ്ക്കാൻ/ നീ കാരണമാകണമേ./ ഓ! വിശുദ്ധ കുരിശേ,/ നിന്റെ മേൽ മരിച്ചവൻ എല്ലാ തിന്മകളിൽ നിന്നും എന്നെ മോചിപ്പിക്കട്ടെ./ ഓ! വിശുദ്ധ കുരിശേ,/ എല്ലാ അപകടങ്ങളിൽ നിന്നും, പെട്ടെന്നുള്ള മരണത്തിൽ നിന്നും/ നിന്റെ മേൽ തറയ്ക്കപ്പെട്ടവൻ എന്നെ രക്ഷിക്കട്ടെ./ ഓ! ക്രൂശിതനായ നസ്രായക്കാരൻ ഈശോയേ,/ ഇപ്പോഴും എപ്പോഴും എന്റെമേൽ കരുണയുണ്ടാകേണമേ./ കാണപ്പെടുന്നതും കാണപ്പെടാത്തതുമായ/ എല്ലാ ശത്രുക്കളിൽ നിന്നും എന്നെ സംരക്ഷിക്കണമേ./ കർത്താവായ യേശുവേ, എന്നിൽ കനിയണമേ./ ഭയംകൂടാതെ കുരിശു വഹിക്കുവാനുള്ള ശക്തി,/ അങ്ങയുടെ കുരിശിന്റെ സഹനത്തിലൂടെ എനിക്കു നല്കണമേ./ ആമ്മേൻ!
കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ,
സമൂ: കുരിശിന്റെ പാതയിലൂടെയുള്ള യാത്ര ഞങ്ങളെ ശക്തിപ്പെടുത്തട്ടെ.
സമാപനപാർത്ഥന
കാർമ്മി: കുരിശിലൂടെ ദൈവമഹത്വം വെളിപ്പെടുത്തുകയും രക്ഷ നല്കുകയും ചെയ്ത കർത്താവിനെ നമുക്കു സ്തുതിക്കാം. അവിടുത്തെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും അർത്ഥം ഗ്രഹിക്കുവാനും ക്ലേശങ്ങളുടെ രക്ഷാകരമായ സന്ദേശം മനസ്സിലാക്കുവാനും മിശിഹാ നിങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കട്ടെ. മഹത്വപൂർണമായ കുരിശിന്റെ പ്രകാശത്തിൽ നിത്യമായി വസിക്കാൻ അവിടുന്ന് നിങ്ങളെ ശക്തരാക്കട്ടെ. രക്ഷാകരമായ കുരിശിന്റെ സന്ദേശം മറ്റുള്ളവർക്കും പകർന്നുകൊടുക്കാൻ നിങ്ങൾക്കു സാധിക്കട്ടെ. ഈ നൊവേനയിൽ പങ്കുകൊണ്ട നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും ഈ പ്രദേശവും കർത്താവീശോമിശിഹായുടെ വി. കുരിശിലൂടെ സംരക്ഷിക്കപ്പെടട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും +
സമൂ: ആമ്മേൻ.
സമാപനഗാനം
കുരിശിനാലെ ലോകമൊന്നായ് വീണ്ടെടുത്തവനേ
താണു ഞങ്ങൾ വണങ്ങുന്നു, ദിവ്യപാദങ്ങൾ (3)
വിശുദ്ധ കുരിശിനോടുള്ള നൊവേന vishudha kurishinodulla novena Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206