We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Catechetical Commission On 08-Apr-2023
പൊതുനിർദ്ദേശങ്ങൾ
1. ഉയിർപ്പുതിരുനാൾ ആഘോഷങ്ങൾക്ക് ദേവാലയവും ദേവാലയാങ്കണവും ഉചിതമായി അലങ്കരിച്ചിരിക്കണം.
2. ഉയിർപ്പു കർമ്മത്തിന് സ്ലീവയോ ഉയിർപ്പുരൂപമോ ഉപയോഗിക്കുന്നു.
3. പ്രദക്ഷിണസമയത്ത് ഉപയോഗിക്കുന്നതിനുള്ള തിരികൾ ഒരുക്കിവച്ചിരിക്കണം.
4. വി.കുർബാനയോടുകൂടിയാണ് ഉയിർപ്പിന്റെ കർമ്മങ്ങൾ നടത്തുന്നത്.
5. ഉയിർപ്പിന്റെ പ്രത്യേക സമാധാനാശംസ, അതിനായി പ്രത്യേകം ഒരുക്കിയിരിക്കുന്ന സ്ഥലത്തുവച്ചോ വചനവേദിയിൽ വച്ചോ നടത്താവുന്നതാണ്. എവിടെവച്ചാണെങ്കിലും പ്രദക്ഷിണം ഉണ്ടായിരിക്കുന്നത് അഭികാമ്യമാണ്.
6. ഏറ്റവും ആഘോഷപൂർവ്വകമായി (റാസയായി) ഈ ശുശ്രൂഷ നടത്തുമ്പോൾ ഉപയോഗിക്കുന്ന ഭാഗങ്ങൾ ഈ [[ അടയാളംകൊണ്ട് വേർതിരിച്ചിരിക്കുന്നു.
7. ഈ തിരുക്കർമ്മം രാവിലെ 3 മണിക്കാണ് സാധാരണയായി നടത്തുന്നത്. എന്നാൽ വളരെ അസൗകര്യമുള്ള സ്ഥലങ്ങളിൽ അനുയോജ്യമായ സമയക്രമീകരണം നടത്താവുന്നതാണ്.
8. ദൈവാലയത്തിനു പുറത്തുവച്ച് പ്രാരംഭകർമ്മങ്ങൾ നടത്തുമ്പോൾ, കുരിശുകൊണ്ട് വാതിൽക്കൽ മുട്ടി അകത്തു പ്രവേശിക്കുന്ന കർമ്മം
ഐച്ഛികമാണ്. ഐച്ഛിക കർമ്മങ്ങൾ ഈ അടയാളം കൊണ്ട് [] വേർതിരിച്ചിരിക്കുന്നു.
9. ഉയിർപ്പു കർമ്മത്തിൽ ഉയിർപ്പു രൂപം/സ്ലീവ ധൂപിക്കുന്ന അവസരത്തിൽ "sagdeenan mar"എന്നു തുടങ്ങുന്ന വിശുദ്ധ അപ്രേമിൻ്റെ സുറിയാനി ഗീതം ആലപിക്കാവുന്നതാണ്
കർമ്മക്രമം
കാർമ്മികനും ശുശ്രൂഷികളും സഹായികളും ക്രമപ്രകാരമുള്ള തിരുവസ്ത്രങ്ങൾ അണിഞ്ഞ് സ്ലീവ, സുവിശേഷ ഗ്രന്ഥം, ധൂപകലശം, തിരികൾ എന്നിവയോടുകൂടി പ്രദക്ഷിണമായി മദ്ബഹയിൽ പ്രവേശിച്ച് ആചാരം ചെയ്യുന്നു. തുടർന്ന് എല്ലാവരും വചനവേദിയിലേക്കു/ പ്രധാന കവാടത്തിങ്കലേക്ക് പോകുന്നു.
കാർമ്മി: അന്നാപ്പെസഹാത്തിരുനാളിൽ
കർത്താവരുളിയ കല്പനപോൽ
തിരുനാമത്തിൽച്ചേർന്നീടാം
ഒരുമയൊടീബലിയർപ്പിക്കാം.
സമൂ: അനുരഞ്ജിതരായ്ത്തീർന്നീടാം
നവമൊരു പീഠമൊരുക്കീടാം
ഗുരുവിൻ സ്നേഹമൊടിയാഗം
തിരുമുമ്പാകെയണച്ചീടാം.
കാർമ്മി: അത്യുന്നതമാം
സ്വർല്ലോകത്തിൽ
സർവ്വേശനു സ്തുതിഗീതം. (3)
സമൂ: ഭൂമിയിലെങ്ങും
മർത്യനു ശാന്തി
പ്രത്യാശയുമെന്നേക്കും. (3)
കാർമ്മി: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
പരിശുദ്ധൻ നീ പരിശുദ്ധൻ.
സമു: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
സ്തുതിതൻ നിസ്തുല മഹിമാവാൽ
ഭൂസ്വർഗ്ഗങ്ങൾ നിറഞ്ഞു സദാ
പാവനമായി വിളങ്ങുന്നു.
വാനവമാനവവൃന്ദങ്ങൾ
ഉദ്ഘോഷിച്ചു സാമോദം
പരിശുദ്ധൻ നീ എന്നെന്നും
പരിശുദ്ധൻ നീ പരിശുദ്ധൻ.
സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
നിൻ ഹിതമിവിടെ ഭവിക്കണമേ.
സ്വർഗ്ഗത്തെന്നതുപോലുലകിൽ
നിൻ ചിത്തം നിറവേറണമേ
ആവശ്യകമാമാഹാരം
ഞങ്ങൾക്കിന്നരുളീടണമേ.
ഞങ്ങൾ കടങ്ങൾ പൊറുത്തതുപോൽ
ഞങ്ങൾക്കുള്ള കടം സകലം
പാപത്തിൻ കടബാദ്ധ്യതയും
അങ്ങു കനിഞ്ഞു പൊറുക്കണമേ.
ഞങ്ങൾ പരീക്ഷയിലൊരുനാളും
ഉൾപ്പെടുവാനിടയാകരുതെ
ദുഷ്ടാരൂപിയിൽ നിന്നെന്നും
ഞങ്ങളെ രക്ഷിച്ചരുളണമേ.
എന്തെന്നാലെന്നാളേക്കും
രാജ്യം ശക്തി മഹത്ത്വങ്ങൾ
താവകമല്ലോ കർത്താവേ
ആമ്മേനാമ്മേനെന്നേക്കും.
കാർമ്മി: താതനുമതുപോത്മജനും
റൂഹായ്ക്കും സ്തുതി എന്നേക്കും
ആദിമുതൽക്കെന്നതുപോലെ
ആമ്മേനാമ്മേനനവരതം
സമു: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
പരിശുദ്ധൻ നീ പരിശുദ്ധൻ.
സ്വർഗ്ഗസ്ഥിതനാം താതാനിൻ
സ്തുതിതൻ നിസ്തുല മഹിമാവാൽ
ഭൂസ്വർഗ്ഗങ്ങൾ നിറഞ്ഞു സദാ
പാവനമായി വിളങ്ങുന്നു.
വാനവമാനവവൃന്ദങ്ങൾ
ഉദ്ഘോഷിപ്പൂ സാമോദം
പരിശുദ്ധൻ നീ എന്നെന്നും
പരിശുദ്ധൻ നീ പരിശുദ്ധൻ.
(അല്ലെങ്കിൽ)
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്)
അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സു സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. ഞങ്ങൾക്ക് ആവശ്യകമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ, ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ ദുഷ്ടാരൂപയിൽ നിന്നു രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടേതാകുന്നു.
ആമ്മേൻ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ.
അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
(അല്ലെങ്കിൽ)
കാർമ്മി : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
(സമൂഹവും ചേർന്ന്)
അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സു സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. ഞങ്ങൾക്ക് ആവശ്യകമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. ദുഷ്ടാരൂപിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ
കാർമ്മി: യുഗങ്ങളുടെ രാജാവായ മിശിഹായേ, മരണത്തെ പരാജയപ്പെടുത്തി ഞങ്ങൾക്കു ജീവൻ പ്രദാനം ചെയ്ത നിന്റെ അനന്തകാരുണ്യത്തെ ഞങ്ങൾ വാഴ്ത്തുന്നു. നിന്റെ ഉത്ഥാനരഹസ്യം ആഘോഷിക്കുന്നതിനും, അതിന്റെ ദിവ്യഫലങ്ങൾ അനുഭവിക്കുന്നതിനും ഞങ്ങളെ ഒരുമിച്ചു കുട്ടിയതിന് ഞങ്ങൾ നന്ദി പറയുന്നു. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നു മോചിതരും പാപത്തിന്റെ ബന്ധനങ്ങളിൽ നിന്നു സ്വതന്ത്രരുമായി ഉത്ഥാനത്തിന്റെ സൗഭാഗ്യത്തിൽ പ്രവേശിക്കുവാൻ ഞങ്ങൾക്ക് ഇടയാകട്ടെ. ഈ ദിവ്യരഹസ്യങ്ങൾ യോഗ്യതാപൂർവം പരികർമ്മം ചെയ്യുവാൻ ഞങ്ങളെ സഹായിക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
സങ്കീർത്തനം 46, 47, 48
(രീതി : കർത്താവേ, മമരാജാവേ...)
സൈന്യങ്ങൾ തന്നധിനാഥൻ
നമ്മോടൊത്തു വസിക്കുന്നു
യാക്കോബിൻ ബലമാം ദൈവം
ഓർക്കുകിൽ നമ്മുടെയവലംബം.
കരഘോഷങ്ങൾ മുഴക്കിടുവിൻ
തിരുസന്നിധിയിൽ ജനതകളേ,
ആഹ്ളാദാരവമുയരട്ടെ
ദൈവത്തിൻ തിരു ഭവനത്തിൽ.
ദൈവസ്തുതികൾ പാടിടുവിൻ
സ്തോത്രം ചെയ്തു പുകഴ്ത്തിടുവിൻ
കീർത്തനഗീതം മീട്ടിടുവിൻ
നമ്മുടെ രാജാവവനല്ലോ.
ഭൂമിക്കെല്ലാമധിപനവൻ
അവനായ് ഗീതം പാടുകനാം
ദൈവം ജനതയ്ക്കധിനാഥൻ
സിംഹാസനമതിൽ വാഴുന്നു.
കർത്താവുന്നതനാകുന്നു
സ്തുത്യർഹൻ നിജനഗരത്തിൽ
ഉന്നതമവനുടെ പുണ്യഗിരി
മന്നിനു മുഴുവൻ സാഘോഷം
കാർമ്മി: സൈന്യങ്ങളുടെ കർത്താവ് നമ്മോടു കൂടെയുണ്ട്; യാക്കോബിന്റെ ദൈവമാണ് നമ്മുടെ അഭയം.
സമൂ: ഉയിർത്തെഴുന്നേറ്റ കർത്താവേ, നിന്റെ ഉത്ഥാനത്തിൽ ഞങ്ങൾ ആനന്ദിക്കുന്നു.
കാർമ്മി: ജനതകളെ കരഘോഷം മുഴക്കുവിൻ ദൈവത്തിന്റെ മുമ്പിൽ ആഹ്ലാദാരവം മുഴക്കുവിൻ
സമൂ: ദൈവത്തെ പാടിപ്പുകഴ്ത്തുവിൻ, സത്രോത്രങ്ങൾ ആലപിക്കുവിൻ
കാർമ്മി: നമ്മുടെ രാജാവിനു സ്തുതികളുതിർക്കുവിൻ, കീർത്തനങ്ങളാലപിക്കുവിൻ
സമൂ: ദൈവം ഭൂമി മുഴുവന്റേയും രാജാവാണ്. സങ്കീർത്തനംകൊണ്ട് അവിടുത്തെ സ്തുതിക്കുവിൻ
കാർമ്മി: ദൈവം ജനതകളുടെമേൽ വാഴുന്നു, അവിടുന്ന് തന്റെ പരിശുദ്ധ സിംഹാസനത്തിലിരിക്കുന്നു
സമൂ: കർത്താവ് ഉന്നതനാണ്; നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ അത്യന്തം സ്തുത്യർഹനാണ്.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
സമു: ആദിമുതൽ എന്നേക്കും. ആമ്മേൻ.
കാർമ്മി: ഉയിർത്തെഴുന്നേറ്റ കർത്താവേ, നിന്റെ ഉത്ഥാനത്തിൽ ഞങ്ങൾ ആനന്ദിക്കുന്നു.
ശുശ്രു: ഹല്ലേലൂയ്യ, ഹല്ലേലൂയ്യ, ഹല്ലേലൂയ്യ.
നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: ലോകരക്ഷകനായ മിശിഹായേ, ലോകം മുഴുവൻ നിന്റെ സമാധാനത്താൽ നിറയട്ടെ. നിന്റെ പരിശുദ്ധമായ സ്ലീവയാൽ നിന്റെ സഭയെ ശക്തിപ്പെടുത്തുകയും അവളുടെ സന്താനങ്ങളെ നിന്റെ കൃപയാൽ സംരക്ഷിക്കുകയും ചെയ്യണമേ. ഞങ്ങൾ എല്ലാ സമയവും സഭയിൽ നിനക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ ഇടയാകട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും.
കാർമ്മി: വാതിലുകളേ, ശിരസ്സുയർത്തുവിൻ
മഹത്വത്തിൻ രാജാവെഴുന്നള്ളുന്നു
നിത്യവെളിച്ചത്തിൻ രാജാവെഴുന്നള്ളുന്നു.
അകത്തുള്ളവർ: മഹത്ത്വത്തിൻ രാജാവാരാകുന്നു
ഈ വെളിച്ചത്തിൻ രാജാവാരാകുന്നു.
കാർമ്മി: സൈന്യത്തിൻ കർത്താവെഴുന്നള്ളുന്നു
ലോകനായകനാം നാഥനെഴുന്നള്ളുന്നു.
ഉന്നതവാനിടമേ
വാതിൽ തുറക്കുക നീ
മംഗളദീപവുമായി
മന്നവനണയുന്നു.
ഉന്നത........
നിത്യമനോഹരനാം
നിർമ്മല ദൈവസുതൻ
വെള്ളിവെളിച്ചത്തിൽ
മുങ്ങിവിളങ്ങുന്നു.
ഉന്നത........
പൊട്ടിയ ബന്ധത്തിൻ
കണ്ണികൾ കൂടുന്നു.
വിണ്ടലമവനിയുമായ്
വീണ്ടുമിണങ്ങുന്നു.
ഉന്നത........
(രീതി: നാഥനിലെന്നും നമ്മുടെ ഹൃദയം...)
ഗായക I: കർത്താവു ഭരണം നടത്തുന്നു; ഭൂമിയെല്ലാം ആനന്ദിക്കട്ടെ.
പീഡകളേറ്റു മിശിഹാനാഥൻ കുരിശിൽ ദാരുണമായ്
രക്ഷ ലഭിച്ചവരായ് നാം ചിന്തകളിൽ നിർമ്മലരായ്
സംയമനത്താലെന്നും നിസ്തുലമാം ശാന്തിയുമായ്
കുരിശിതു നമ്മൾക്കെന്നും ശക്തിയെഴും കോട്ടയുമാം
ദുഷ്ടനിണക്കും കെണികൾ സകലം നാം തോല്പിക്കാമൊന്നായ്.
ഗായക II: ഭൂമി മുഴുവൻ കർത്താവിന് ആനന്ദഗീതം ആലപിക്കട്ടെ.
പീഡാസഹനം വഴിയായ് നാഥൻ തോല്പിച്ചല്ലോ മരണത്തെ
തിരുവുത്ഥാനത്താലേ വിജയം നാം കൊണ്ടാടാം
സന്തോഷാരവമെങ്ങും കേൾക്കു നാം കാതുകളിൽ
കുരിശിതു നമ്മൾക്കെന്നും ശക്തിയെഴും കോട്ടയുമാം
ദുഷ്ടനിണക്കും കെണികൾ സകലം നാം തോല്പിക്കാമൊന്നായ്.
ഗായക I: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സർവ്വരുമൊന്നായ് പാടീടട്ടെ ആമ്മേനാമ്മേൻ.
സ്ലീവാ നമ്മൾക്കെന്നും നന്മകൾ തന്നുറവിടമാം
രക്ഷിതമായതുവഴിയായ് മർത്യഗണം കർത്താവേ
കുരിശിതു ഞങ്ങൾക്കെന്നും ശക്തിയെഴും കോട്ടയുമാം
ദുഷ്ടനെയുമവൻകെണികളെയും അതുവഴി നാം തോല്പിച്ചീടട്ടെ.
ഗായക II: ആദിമുതൽ എന്നേക്കും ആമ്മേൻ.
സർവ്വരുമൊന്നായ് പാടീടട്ടെ ആമ്മേനാമ്മേൻ....
(രീതി: ഉന്നതവാനിടമേ....)
നിനക്കു ഞാൻ സമാധാനം ആശംസിക്കും,
ദൈവത്തിന്റെ ജനമേ, ശാന്തിയിൽ മുങ്ങിടുവിൻ
ഉത്ഥിതനായല്ലോ മിശിഹാ ശാന്തിയുമായ്
നീതിമാന്മാർക്ക് അന്ധകാരത്തിൽ പ്രകാശമുദിച്ചു.
നിത്യവെളിച്ചമിതാ പാരിലുദിച്ചല്ലോ
ദൈവത്തിൻ തനയൻ സത്യവെളിച്ചംതാൻ.
ഭൂമിയിലെങ്ങും ആഹ്ലാദം
തിരുവുത്ഥാനത്തിൽ സൃഷ്ടികൾ മോദിപ്പൂ,
കാരണമാതുവഴിനാമനുരഞ്ജിതരായി
ഇപ്പോൾ മുതൽ എന്നേക്കും
ഉത്ഥാനംവഴിയായ് പാപവിമോചനവും
മൃതിയിൽ ജീവനുമാനാഥൻ നല്കുകയായ്
എന്നും എന്നേക്കും.
സാത്താൻ കദനത്താൽ തേങ്ങുന്നനുനിമിഷം,
ഉത്ഥാനംവഴിയായ് സഭയോ മോദിപ്പൂ.
തന്റെ ശക്തി പ്രാപിക്കുന്നതിനുവേണ്ടി
മൃത്യുകുടീരത്തിൽനിന്നനുത്ഥിതനായി
സൃഷ്ടിഗണത്തിൽത്തൻ ശാന്തി വിതയ്ക്കുകയായ്.
നമ്മുടെ രാജാവായ ദൈവത്തിന്
സ്തുതികൾ ആലപിക്കുവിൻ.
രാജാവാം മിശിഹായ്ക്കെന്നും സ്തുതിപാടാം,
തൻ ജനനിരകൾക്കായ് രക്ഷപകർന്നീശൻ.
വരുവിൻ, നമുക്ക് അവനിൽ സന്തോഷിച്ചുല്ലസിക്കാം.
സഭയുടെയുന്നതമാം തിരുനാൾദിനമല്ലോ
നാഥൻ നല്കിടുമീയൊരുമ നിനച്ചീടാം.
കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, അങ്ങയുടെ ബഹുമാനത്തിനായി ഞങ്ങൾ സമർപ്പിക്കുന്ന ഈ ധൂപം അങ്ങയുടെ മഹനീയ ത്രിത്വത്തിന്റെ നാമത്തിൽ ആശീർവദിക്കപ്പെടട്ടെ. ഇത് അങ്ങയുടെ പ്രസാദത്തിനും അങ്ങയുടെ അജഗണത്തിന്റെ പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ, എന്നേക്കും.
ശുശ്രൂ: ആമ്മേൻ
ശുശ്രൂ: സമാധാനം നമ്മോടുകൂടെ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ സ്നേഹത്തിന്റെ പരിമളം ഞങ്ങളിൽ വീശുകയും അങ്ങയുടെ സത്യത്തിന്റെ ജ്ഞാനം ഞങ്ങളുടെ ആത്മാക്കളെ പ്രകാശിപ്പിക്കുകയും ചെയ്യുമ്പോൾ, സ്വർഗ്ഗത്തിൽനിന്നു പ്രത്യക്ഷനാകുന്ന അങ്ങയുടെ തിരുക്കുമാരനെ സ്വീകരിക്കുവാൻ ഞങ്ങൾക്ക് ഇടയാകട്ടെ. സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നില്ക്കുന്ന സഭയിൽ നിരന്തരം അങ്ങയെ സ്തുതിക്കുവാനും മഹത്ത്വപ്പെടുത്തുവാനും ഞങ്ങൾ യോഗ്യരാകട്ടെ. എന്തുകണ്ടെന്നാൽ, അങ്ങ് എല്ലാറ്റിന്റെയും സൃഷ്ടാവാകുന്നു.
സകലത്തിന്റെയും നാഥാ, എന്നേക്കും.
സമു: ആമ്മേൻ.
ഗായക: സർവ്വാധിപനാം കർത്താവേ,
നിന്നെ വണങ്ങി നമിക്കുന്നു
ഈശോ നാഥാ, വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്യനുനിത്യമഹോന്നതമാ-
മുത്ഥാനം നീയരുളുന്നു
അക്ഷയമവനുടെയാത്മാവി
ന്നുത്തമരക്ഷയുമേകുന്നു.
വചനവേദിയിലുള്ളവർ: കർത്താവേ, അങ്ങേക്കു നന്ദി പറയുന്നത് ഉത്തമമാകുന്നു; അത്യുന്നതാ, അങ്ങയുടെ നാമം പ്രകീർത്തിക്കുന്നതും
സർവ്വാധിപനാം....
ഗായക: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
സമു: ആദിമുതൽ എന്നേയ്ക്കും, ആമ്മേൻ
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ
കാർമ്മി: എന്റെ കർത്താവേ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും, ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. ഞങ്ങൾ എപ്പോഴും നിനക്കു സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമു: ആമ്മേൻ.
ശുശ്രൂ: ശബ്ദമുയർത്തിപ്പാടിടുവിൻ
സർവ്വമൊന്നായ് പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ.
ഗായക: പരിപാവനനാം സർവ്വേശാ
സമു: പരിപാവനനാം ബലവാനേ,
പരിപാവനനാം അമർത്യനേ,
നിൻകൃപ ഞങ്ങൾക്കേകണമേ.
വചന വേദിയിൽ ഉള്ളവർ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
പരിപാവനനാം സർവ്വേശാ,
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ,
നിൻകൃപ ഞങ്ങൾക്കേകണമേ.
ഗായക: ആദിമുതൽ എന്നേക്കും ആമ്മേൻ.
സമു: പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ,
പരിപാവനനാം അമർത്യനേ,
നിൻകൃപ ഞങ്ങൾക്കേകണമേ.
ശുശ്രു: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമു: ആമ്മേൻ
സഹോദരരേ, നിങ്ങൾ ഇരുന്നു ശ്രദ്ധയോടെ കേൾക്കുവിൻ. ഏശയ്യായുടെ പുസ്തകത്തിൽ നിന്നുള്ള വായന (60: 1-7)
ഉണർന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേർന്നിരിക്കുന്നു. കർത്താവിന്റെ മഹത്വം നിന്റെ മേൽ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാൽ, കർത്താവ് നിന്റെ മേൽ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നിൽ ദൃശ്യമാവുകയും ചെയ്യും. ജനതകൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കൻമാർ നിന്റെ ഉദയശോഭയിലേക്കും വരും. കണ്ണുകളുയർത്തി ചുറ്റും നോക്കിക്കാണുക; അവർ ഒരുമിച്ചുകൂടി നിന്റെ അടുത്തേക്കു വരുന്നു. നിന്റെ പുത്രൻമാർ ദൂരെനിന്നു വരും; പുത്രിമാർ കരങ്ങളിൽ സംവഹിക്കപ്പെടും. ഇതെല്ലാം ദർശിച്ചു നീ തേജസ്വിനിയാകും. സമുദ്രത്തിലെ സമ്പത്ത് നിന്റെ അടുക്കൽ കൊണ്ടുവരുകയും ജനതകളുടെ ധനം നിനക്കു ലഭിക്കുകയും ചെയ്യുമ്പോൾ നിന്റെ ഹൃദയം ആനന്ദപുളകിതമാകും. ഒട്ടകങ്ങളുടെ ഒരു പറ്റം, മിദിയാനിലെയും ഏഫായിലെയും ഒട്ടകക്കൂറ്റൻമാരുടെ കൂട്ടം, നിന്നെ മറയ്ക്കും. ഷേബായിൽ നിന്നുള്ളവരും വരും. അവർ സ്വർണവും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവരുകയും കർത്താവിന്റെ കീർത്തനം ആലപിക്കുകയും ചെയ്യും. കേദാറിലെ ആട്ടിൻ പറ്റങ്ങളെ നിന്റെ അടുക്കൽ കൊണ്ടുവരും. നെബായോത്തിലെ മുട്ടാടുകളെ നിനക്കു ലഭിക്കും. സ്വീകാര്യമാംവിധം അവ എന്റെ ബലിപീഠത്തിൽ വരും. എന്റെ ശ്രേഷ്ഠമായ ആലയത്തെ ഞാൻ മഹത്വപ്പെടുത്തും.
സമു: ദൈവമായ കർത്താവിനു സ്തുതി
സഹോദരരേ, സാമുവേലിന്റെ ഒന്നാം പുസ്തകത്തിൽ നിന്നുള്ള വായന (1 സാമു 2:1-10)
ഹന്നാ ഇങ്ങനെ പ്രാർഥിച്ചു: എന്റെ ഹൃദയം കർത്താവിൽ ആനന്ദിക്കുന്നു. എന്റെ ശിരസ്സ് കർത്താവിൽ ഉയർന്നിരിക്കുന്നു. എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു. എന്നാൽ, അവിടുത്തെ രക്ഷയിൽ ഞാൻ ആനന്ദിക്കുന്നു. കർത്താവിനെപ്പോലെ പരിശുദ്ധനായി മറ്റാരുമില്ല. കർത്താവല്ലാതെ മറ്റാരുമില്ല. നമ്മുടെ ദൈവത്തെപ്പോലെ സുസ്ഥിരമായ ഒരു ആശ്രയമില്ല. അഹന്തയോടെ മേലിൽ സംസാരിക്കരുത്. നിന്റെ നാവിൽ നിന്നു ഗർവ് പുറപ്പെടാതിരിക്കട്ടെ. കാരണം, കർത്താവ് സർവജ്ഞനായ ദൈവമാണ്. പ്രവൃത്തികളെ വിലയിരുത്തുന്നത് അവിടുന്നാണല്ലോ. വീരൻമാരുടെ വില്ലുകൾ തകരുന്നു. ബലഹീനരാകട്ടെ ശക്തിപ്രാപിക്കുന്നു. സുഭിക്ഷം അനുഭവിച്ചിരുന്നവർ ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു. വിശപ്പ് അനുഭവിച്ചിരുന്നവർ സംതൃപ്തി അടയുന്നു, വന്ധ്യ ഏഴു പ്രസവിക്കുന്നു, സന്താനസമ്പത്തുള്ളവൾ നിരാലംബയാകുന്നു. കർത്താവ് ജീവൻ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു. അവിടുന്നു പാതാളത്തിലേക്കിറക്കുകയും അവിടെനിന്നു കയറ്റുകയും ചെയ്യുന്നു. ദരിദ്രനും ധനികനും ആക്കുന്നത് കർത്താവാണ്. താഴ്ത്തുന്നതും ഉയർത്തുന്നതും അവിടുന്നുതന്നെ. ദരിദ്രനെ അവിടുന്നു ധൂളിയിൽ നിന്ന് ഉയർത്തുന്നു. അഗതിയെ കുപ്പയിൽ നിന്നു സമുദ്ധരിക്കുന്നു. അങ്ങനെ അവരെ പ്രഭുക്കൻമാരോടൊപ്പം ഇരുത്തി, ഉന്നതസ്ഥാനങ്ങൾക്ക് അവകാശികളാക്കുന്നു. ഭൂമിയുടെ അടിത്തൂണുകൾ കർത്താവിന്റേതാണ്. അതിൻമേൽ അവിടുന്ന് ലോകത്തെ ഉറപ്പിച്ചിരിക്കുന്നു. തന്റെ വിശ്വസ്തരുടെ പാദങ്ങളെ അവിടുന്നു കാക്കുന്നു. ദുഷ്ടൻമാർ അന്ധകാരത്തിൽ ഉപേക്ഷിക്കപ്പെടുന്നു. ശക്തിയാൽ ആരും പ്രബലനാകുന്നില്ല. കർത്താവ് പ്രതിയോഗികളെ ഛിന്നഭിന്നമാക്കുന്നു. അവർക്കെതിരേ ആകാശത്തിൽ ഇടിമുഴക്കുന്നു. അവിടുന്ന് ഭൂമിയെ മുഴുവൻ വിധിക്കും. തന്റെ രാജാവിനു ശക്തി കൊടുക്കും, തന്റെ അഭിഷിക്തന്റെ ശിരസ്സുയരുമാറാക്കും.
സമു: ദൈവമായ കർത്താവിനു സ്തുതി
ശുശ്രു: പ്രകീർത്തനം ആലപിക്കുവാനായി നിങ്ങൾ എഴുന്നേൽക്കുവിൻ
(ശൂറായ)
(രീതി : അംബരമനവരതം...)
കാർമ്മി: സർവ്വചരാചരവും
ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു.
ദിവ്യാത്മാവിൻ ഗീതികളാൽ
ഹല്ലേലൂയ ഗീതികളാൽ
കർത്താവിന്നുസ്ഥാനത്തിൻ
നിർമ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയിൽ.
ശുശ്രു II: തൻ മഹിമവല്ലോ
വാനിലുമൂഴിയിലും
തിങ്ങിവിളങ്ങുന്നു.
സമു: ദിവ്യാത്മാവിൻ ഗീതികളാൽ
ശുശ്രു II: ജനതകളവിടുത്തെ
മഹിമകൾ പാടുന്നു
താണുവണങ്ങുന്നു.
സമു: ദിവ്യാത്മാവിൻ ഗീതികളാൽ
കാർമ്മി: നിത്യപിതാവിനും സുതനും റൂഹായ്ക്കും സ്തുതിയുണ്ടാകട്ടെ
സമു: ദിവ്യാത്മാവിൻ ഗീതികളാൽ
ശുശ്രൂ: ആദിയിലെപ്പോലെ
ഇപ്പൊഴുമെപ്പോഴും
എന്നേക്കും ആമ്മേൻ.
സമൂ: ദിവ്യാത്മാവിൻ ഗീതികളാൽ...
ശുശ്രൂ : ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹല്ലേലൂയ്യാ. നമുക്കു
പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ
(തുർഗാമ)
(രീതി: തൂയൈ)
ദൈവികമാം പരിപാലനയിൽ
ദിവ്യവിരുന്നിനണഞ്ഞിടുവാൻ
കാത്തുവസിക്കും മാനവരേ,
ഭീതികളൊക്കെയകറ്റിടുവിൻ.
ദൈവികവചനവെളിച്ചത്തിൽ
ഹൃദയം നിർമ്മലമാക്കിടുവിൻ
സ്വർഗ്ഗം നേടാൻ ചിരകാലം
പൈതങ്ങൾപോലായിടുവിൻ.
ആത്മാവിൻ സ്വരവീചികളാൽ
സ്വർഗ്ഗമഹത്ത്വമറിഞ്ഞിടുവിൻ,
നിത്യാനന്ദം നേടിടുവാൻ
വീഥി തുറന്നു തരും ദൈവം.
പൗലോസിൻ പരിപൂജിതമാം
സത്യവചസ്സുകൾ കേൾക്കാം നാം
റോമാക്കാർക്കന്നെഴുതിയൊരാ
ലേഖനമിന്നു ശ്രവിച്ചീടാം.
സഹോദരരേ, പൗലോസ് ശ്ലീഹാ റോമാക്കാർക്ക്
എഴുതിയ ലേഖനം (5:20 6:23)
പാപം വർധിപ്പിക്കാൻ നിയമം രംഗപ്രവേശം ചെയ്തു; എന്നാൽ, പാപം വർധിച്ചിടത്ത് കൃപ അതിലേറെ വർധിച്ചു. അങ്ങനെ പാപം മരണത്തിലൂടെ ആധിപത്യം പുലർത്തിയതുപോലെ, കൃപ നീതിവഴി നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നിത്യജീവനിലേക്ക് നയിക്കാൻ ആധിപത്യം പുലർത്തും.
അപ്പോൾ നാം എന്താണു പറയേണ്ടത്? കൃപ സമൃദ്ധമാകാൻവേണ്ടി പാപത്തിൽ തുടരണമോ? ഒരിക്കലും പാടില്ല. പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതെങ്ങനെ? യേശുക്രിസ്തുവിനോട് ഐക്യപ്പെടാൻ ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താൽ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തിൽ ഉയിർത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്കരിക്കപ്പെട്ടത്. അവന്റെ മരണത്തിനു സദൃശമായ ഒരു മരണത്തിൽ നാം അവനോട് ഐക്യപ്പെട്ടവരായെങ്കിൽ അവന്റെ പുനരുത്ഥാനത്തിനു സദൃശമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും.
നാം ഇനി പാപത്തിന് അടിമപ്പെടാതിരിക്കത്തക്കവിധം പാപപൂർണമായ ശരീരത്തെ നശിപ്പിക്കാൻവേണ്ടി നമ്മിലെ പഴയമനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നു നമുക്കറിയാമല്ലോ. എന്തെന്നാൽ, മരിച്ചവൻ പാപത്തിൽനിന്നു മോചിതനായിരിക്കുന്നു. നാം ക്രിസ്തുവിനോടുകൂടെ മരിച്ചുവെങ്കിൽ അവനോടുകൂടി ജീവിക്കും എന്നു നാം വിശ്വസിക്കുന്നു. മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന് അവന്റെ മേൽ ഇനി അധികാരമില്ല. അവൻ മരിച്ചു; പാപത്തെ സംബന്ധിച്ചിടത്തോളം എന്നേക്കുമായി അവൻ മരിച്ചു. അവൻ ജീവിക്കുന്നു; ദൈവത്തിനുവേണ്ടി അവൻ ജീവിക്കുന്നു. അതുപോലെ, നിങ്ങളും പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്തുവിൽ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിൻ. അതുകൊണ്ട്, ജഡമോഹങ്ങൾ നിങ്ങളെ കീഴ്പ്പെടുത്താൻ തക്കവിധം പാപം നിങ്ങളുടെ മർത്യശരീരത്തിൽ ഭരണം നടത്താതിരിക്കട്ടെ. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമർപ്പിക്കരുത്; പ്രത്യുത, മരിച്ചവരിൽനിന്നു ജീവൻ പ്രാപിച്ചവരായി നിങ്ങളെത്തന്നെയും, നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിനു സമർപ്പിക്കുവിൻ. പാപം നിങ്ങളുടെമേൽ ഭരണം നടത്തുകയില്ല. കാരണം, നിങ്ങൾ നിയമത്തിനു കീഴിലല്ല കൃപയ്ക്കു കീഴിലാണ്.
അതുകൊണ്ടെന്ത്? നാം നിയമത്തിനു കീഴ്പ്പെട്ടവരല്ല, കൃപയ്ക്ക് കീഴ്പ്പെട്ടവരാണ് എന്നതുകൊണ്ട് നമുക്കു പാപം ചെയ്യാമോ? ഒരിക്കലും പാടില്ല. നിങ്ങൾ അനുസരണമുള്ള ദാസരെപ്പോലെ നിങ്ങളെത്തന്നെ ആർക്കെങ്കിലും സമർപ്പിക്കുമ്പോൾ, നിങ്ങൾ അവന്റെ അടിമകളാണെന്ന് അറിയുന്നില്ലേ? ഒന്നുകിൽ, മരണത്തിലേക്കു നയിക്കുന്ന പാപത്തിന്റെ അടിമകൾ; അല്ലെങ്കിൽ, നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്റെ അടിമകൾ. ഒരിക്കൽ നിങ്ങൾ പാപത്തിന് അടിമകളായിരുന്നെങ്കിലും നിങ്ങൾക്കു ലഭിച്ചപ്രബോധനം ഹൃദയപൂർവം അനുസരിച്ച്, പാപത്തിൽനിന്നു മോചിതരായി നിങ്ങൾ നീതിക്ക് അടിമകളായതിനാൽ ദൈവത്തിനു നന്ദി.
നിങ്ങളുടെ പരിമിതി നിമിത്തം ഞാൻ മാനുഷികരീതിയിൽ സംസാരിക്കുകയാണ്. ഒരിക്കൽ നിങ്ങൾ നിങ്ങളുടെ അവയവങ്ങളെ അശുദ്ധിക്കും അനീതിക്കും അടിമകളായി സമർപ്പിച്ചതുപോലെ, ഇപ്പോൾ അവയെ വിശുദ്ധീകരണത്തിനു വേണ്ടി നീതിക്ക് അടിമകളായി സമർപ്പിക്കുവിൻ. നിങ്ങൾ പാപത്തിന് അടിമകളായിരുന്നപ്പോൾ നീതിയുടെ നിയന്ത്രണത്തിലല്ലായിരുന്നു. ഇന്നു നിങ്ങൾക്കു ലജ്ജാവഹമായിത്തോന്നുന്ന അക്കാര്യങ്ങളിൽനിന്ന് അന്നു നിങ്ങൾക്ക് എന്തു ഫലം കിട്ടി? അവയുടെ അവസാനം മരണമാണ്.
എന്നാൽ, ഇപ്പോൾ നിങ്ങൾ പാപത്തിൽനിന്നു മോചിതരായി ദൈവത്തിന് അടിമകളായിരിക്കുകയാൽ നിങ്ങൾക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്. പാപത്തിന്റെ വേതനം മരണമാണ്. ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കർത്താവായ യേശുക്രിസ്തു വഴിയുള്ള നിത്യജീവനും.
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി
ഹല്ലേലൂയ്യാഗീതം (സുമ്മാറ)
(രീതി : ഹല്ലേലൂയ്യ പാടീടുന്നേൻ.....)
ഹല്ലേലൂയ്യാ, പാടാമൊന്നായ്
ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.
കർത്താവെന്നും വാണീടുന്നു
ഭുതലമഖിലം മോദിക്കട്ടെ.
കരയും കടലും തടവില്ലാതെ
സ്വരമുച്ചത്തിലുയർത്തീടട്ടെ.
കർത്താവിൻ സ്തുതി പാടുക മോദാൽ
ആനന്ദത്താലാർപ്പുവിളിപ്പിൻ
താതനുമതുപോൽസുതനും
പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ.
ആദിമുതല്ക്കേയിന്നും നിത്യവു
മായി ഭവിച്ചീടട്ടെ, ആമ്മേൻ.
ഹല്ലേലൂയ്യാ പാടാമൊന്നായ്
ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.
ശുശ്രൂ: പുസ്തകങ്ങളുടെ ആരംഭത്തിൽ എന്നെപ്പറ്റി എഴുതിയിരിക്കുന്നു;
എഴുതീനരകുലരക്ഷകനാം
മിശിഹാരാജൻ തൻമൊഴികൾ
സുവിശേഷത്തിൻ തിരുഗ്രന്ഥം
പരിശുദ്ധാത്മനിവേശത്താൽ
യൂദയസഭയിൽ മത്തായി
മർക്കോസ് റോമിലെ ജനതയ്ക്കായ്
ലൂക്കാ ഈജിപ്തിലെ സഭയിൽ
യോഹന്നാൻ ഏഫേസൂസിൽ
നാഥാ, ജനതതിയീ ഗ്രന്ഥം
ധ്യാനിപ്പു; നിൻ മഹിമകളെ
മന്നിതിൽ വാഴ്ത്തി നമിക്കുന്നു.
സമൂ: ദൈവമേ, അങ്ങയുടെ തിരുവിഷ്ടം നിറവേറ്റാൻ ഞാൻ ആഗ്രഹിച്ചു.
എഴുതീ നരകുലരക്ഷകനാം....
ശുശ്രൂ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
എഴുതീ നരകുലരക്ഷകനാം....
(തുർഗാമ)
(ക്സാവാ റമ്പാ.....)
ഭൂമി വിറകൊള്ളുകയും ഇളകുകയും ചെയ്തു
മിശിഹാനാഥൻ കുരിശിന്മേൽ
മരണം പുല്കും നിമിഷത്തിൽ
സൃഷ്ടികളെല്ലാം വിറപൂണ്ടു,
വാനിൽ സൂര്യനിരുണ്ടല്ലോ
ദീപം മങ്ങിയണഞ്ഞല്ലോ
ദേവാലയവിരി കീറുകയിൽ
ദുഃഖം കരിനിഴൽ വീഴ്ത്തുകയായ്
പടയാളികളുടെ ധാർഷ്ട്യത്താൽ
ഭൂമി വിറച്ചു, കർത്താവേ,
മരണമടഞ്ഞൊരു ജനമപ്പോൾ
ഉത്ഥിതരായീ സ്തുതിപാടി
അവിടുന്ന് തന്റെ ജനത്തിനു രക്ഷയയച്ചു.
എല്ലാ ജനതകളും കണ്ടു
രക്ഷാകരമാം ദൈവത്ത്വം,
മൃതരിൽനിന്നങ്ങുത്ഥിതനായ്!
ജനതകളൊന്നായ് പാടട്ടെ
ദൈവികമാം നവഗീതങ്ങൾ
സങ്കീർത്തനമധുധാരകളാൽ
നിറയുന്നുലകും വാനിടവും
തലമുറതോറും ദൈവത്തിൻ
കീർത്തനധാരകളുയരുന്നു.
പരിപാവനമാം വിശ്വാസം
സകലജനങ്ങളുമറിയുന്നു.
പരിശുദ്ധാരൂപിയുടെ കൃപയ്ക്ക് അർഹരായവരേ, വരുവിൻ.
സ്തുതികൾ പാടാം നിതരാം നാം
ദൈവം നമ്മെ സ്നേഹിച്ചു
കാരുണ്യത്തിൻ നിറവാലേ
തന്നുടെ പാവനരാജ്യത്തി
ന്നവകാശികളായ്ത്തീർന്നല്ലോ
വിശ്വാസത്തൊടുമുപവിയൊടും
സതതം നിർമ്മലഹൃദയവുമായ്
ജീവിതദാനം നല്കീ നീ
ദിവ്യരഹസ്യവുമറിയിച്ചു
യോഗ്യത നല്കിയ കാരുണ്യം
വാഴ്ത്തിനമിക്കാമെന്നെന്നും.
അങ്ങിൽ ശരണപ്പെടുന്നവരാരും ലജ്ജിക്കുകയില്ല.
“നാഥാ, ദുഷ്ടതമൂലം ഞാൻ
പാപം ചെയ്തു നിരവധിയായ്
കരുണാസാഗരമല്ലോ നീ ലജ്ജിതനല്ലിനി നിൻകുരിശിൽ
ഞാനെന്നാളും, പാപത്താൽ
നിന്നെ മറന്നതിനാലെന്നിൽ
കനിവിൻ കിരണം തൂകണമേ
നിന്നോടൊപ്പം സ്ലീവായിൽ
പീഡിതനീ ഞാൻ സ്വർഗത്തിൽ
അങ്ങണയുമ്പോളോർക്കണമേ
ചിതമായ് കള്ളൻ മൊഴിയുകയായ്.
എന്റെ രാജാവായ കർത്താവേ, ഞാൻ അങ്ങയെ പുകഴ്ത്തും.
ഈശോ, താവകമരണത്താൽ
ഞങ്ങൾ നേടീ പുതുജീവൻ
മാമ്മോദീസ വഴിയിപ്പോൾ
നിത്യമഹോന്നതജീവനിതാ
ഞങ്ങൾക്കെല്ലാം കൈവന്നു
മൃതിയിൽനിന്നതു മാനവരാം
ഞങ്ങൾക്കേകണമുത്ഥാനം
മോദമൊടിന്നീ തിരുനാളിൽ
വാഴ്ത്തുകയായിവർ തിരുമുമ്പിൽ.
ഉത്ഥിതനായൊരു മിശിഹായേ
ഉലകിനു ശാന്തി നിതാന്തം നീ
വരുവിൻ നമുക്കവിടുത്തെ കുമ്പിട്ടാരാധിക്കാം.
മന്നിൽ മാനവരക്ഷയ്ക്കായ്
ആഗതനായ് നീ തിരുനാഥാ!
ആരാധിപ്പു കുരിശിനെ ഞാൻ
ജീവൻ നല്കുമൊരടയാളം-
അതുവഴി വിനയം പുല്കി നീ
മരണം സ്വയമേ കൈക്കൊണ്ടു
മൃതരിൽ ജീവനണച്ചിടുവാൻ
രക്ഷപകർന്നു മാനവരോ
നിന്നെ വണങ്ങിനമിക്കുന്നു.
ഉത്ഥിതനായൊരു മിശിഹായേ
ഉലകിനു ശാന്തി നിതാന്തം നീ
വി. മത്തായി അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം (28:1-6)
സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്ദർശിക്കാൻ വന്നു. അപ്പോൾ വലിയ ഒരു ഭൂകമ്പം ഉണ്ടായി. കർത്താവിന്റെ ദൂതൻ സ്വർഗത്തിൽ നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിൻമേൽ ഇരുന്നു. അവന്റെ രൂപം മിന്നൽപ്പിണർപോലെ ആയിരുന്നു, വസ്ത്രം മഞ്ഞുപോലെ വെളുത്തതും. അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവൽക്കാർ വിറപൂണ്ട് മരിച്ചവരെപ്പോലെയായി. ദൂതൻ സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവൻ ഇവിടെയില്ല; താൻ അരുളിച്ചെയ്തതു പോലെ അവൻ ഉയിർപ്പിക്കപ്പെട്ടു
കാർമ്മി: മിശിഹാ മരിച്ചവരിൽ നിന്ന് ഉത്ഥാനം ചെയ്തു. (മൂന്നു പ്രാവശ്യം)
സമൂ: ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (മൂന്നു പ്രാവശ്യം)
കാർമ്മി: മിശിഹാനാഥൻ മൃതരിൽ നിന്നും ഉത്ഥിതനായി. (മൂന്നു പ്രാവശ്യം)
സമൂ: ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ (മൂന്നു പ്രാവശ്യം)
ഉയിർത്തെഴുന്നേറ്റു നാഥ
നുയിർത്തെഴുന്നേറ്റു
വിജയലാളിതനായ് നാഥ-
നുയിർത്തെഴുന്നേറ്റു.
ഉയിർത്തെഴുന്നേറ്റു.....
കുരിശിലേറിയവൻ, മൃതനായ്
കബറടങ്ങിയവൻ
കതിരിനുടയവനായ് വീണ്ടു-
മുയിർത്തെഴുന്നേറ്റു
ഉയിർത്തെഴുന്നേറ്റു.....
ഈ ദിനം ദൈവമേകിയ
ദിവ്യദിനമല്ലോ
മോദമായ് മഹിതകീർത്തന-
മേറ്റുപാടാം
ഉയിർത്തെഴുന്നേറ്റു.....
ദീപംകൊളുത്തി നാഥാ, തേടിവരുന്നു ഞങ്ങൾ
നിൻ ദിവ്യസന്നിധാനം തേടിവരുന്നു ഞങ്ങൾ
ദീപം......
ഭൂവിൻ പ്രഭുക്കളെല്ലാം നിന്നെ വണങ്ങിടുന്നു
പാരിൻപ്രതാപമെല്ലാം നിൻമുമ്പിൽ മങ്ങിടുന്നു
ദീപം......
മരണം തളർന്നുതാണു; നരകം തകർന്നുവീണു
വിജയം പതഞ്ഞുയർന്നു; വിയദാലയം തെളിഞ്ഞു
ദീപം......
ഇരുളിൽക്കഴിഞ്ഞിരുന്ന ജനതയ്ക്ക് ലോകനാഥാ,
പരമപ്രധാനമായ് നീ ധരമേലിറങ്ങിവന്നു.
ദീപം......
(അല്ലെങ്കിൽ)
മിശിഹാനാഥാ, നിൻവദനം
ഞങ്ങളിൽനിന്നു തിരിക്കരുതേ
ആരാധകർ നിൻ പുതുജീവൻ
പുല്കി നിതാന്തം നീങ്ങിടുവാൻ
പ്രാർത്ഥന കേൾക്കുക മിശിഹായേ,
ആശ്രയമങ്ങാണനവരതം
കൃപയാൽ ഹൃത്തിൻ മുറിവുകളിൽ
കനിവിന്നൗഷധമരുളണമേ.
അങ്ങയെ ഞങ്ങൾ വിളിക്കുന്നു
അലിവൊടു പ്രാർത്ഥന കേൾക്കണമേ
രക്ഷണമേകീ ദാസരിൽ നീ
പാപപ്പൊറുതിയണയ്ക്കണമേ.
അനുതാപികളെക്കൈക്കൊള്ളും
കരുണാനിധിയാം മിശിഹായേ,
തിരുവിഷ്ടം നിറവേറ്റീടാൻ
ഓരോ ദിനവും കാക്കണമേ.
സഭകൾക്കരുളുക മഹിമസദാ
ആരാധകരെക്കാക്കണമേ
പരിപാലിക്കണമജനിരയെ
നിൻകൃപ ഞങ്ങൾക്കരുളണമേ
തിരുമുഖമങ്ങു തിരിക്കരുതേ
തിരുസന്നിധിയിൽ കാക്കണമേ
സ്തുതിയും നന്ദിയുമർപ്പിക്കു
തിരുനാമത്തിനു സാമോദം.
രക്ഷകനേശുവിനംബികയേ,
രാവും പകലും ഞങ്ങൾക്കായ്
നാഥൻ ശാന്തി പകർന്നിടുവാൻ
പ്രാർത്ഥന നിത്യമണയ്ക്കണമേ.
സകല വിശുദ്ധരുമങ്ങേ വിൺ
മഹിമയണിഞ്ഞു വിരാജിപ്പു
അവരുടെ പ്രാർത്ഥന ഞങ്ങൾക്കായ്
രക്ഷണമേകണമനവരതം
കരുണയുണർത്താനീയുലകിൽ
കുരിശിനെ നല്കിയ മിശിഹായേ,
ദുഷ്ട പിശാചിൻ ശക്തികൾ നീ
കുരിശിൻ ചിറകാൽ നീക്കണമേ.
സകലജനത്തിനുമാശ്രയമാം
നാഥാ, തലമുറ കാക്കുന്നു
ഉത്ഥാനത്തിൻ ദിന, മന്നാ
പാഥേയം നീ തീർക്കുന്നു.
പ്രദക്ഷിണം ദേവാലയാങ്കണത്തിൽ പ്രത്യേകം ഒരുക്കിയിരിക്കുന്ന സ്ഥലത്തോ
അല്ലെങ്കിൽ വചനവേദിയിലോ എത്തിയതിനുശേഷം
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, ഞങ്ങളുടെ ബലഹീനമായ പ്രകൃതിയുടെ നവീകരണത്തിനു വേണ്ടി അങ്ങയുടെ തിരുക്കുമാരനിലൂടെ പൂർത്തിയാക്കപ്പെട്ട രക്ഷാപദ്ധതിയെപ്രതി അങ്ങയെ ഞങ്ങൾ വാഴ്ത്തുന്നു. അവർണ്ണനീയമായ ഈ ദാനത്തിന് ഞങ്ങൾ അങ്ങേക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
തുടർന്ന് സങ്കീർത്തനം 97 ചൊല്ലുന്നു.
കാർമ്മി: കർത്താവു ഭരണം നടത്തുന്നു; ഭൂമിയെല്ലാം ആനന്ദിക്കട്ടെ; ദ്വീപസമൂഹങ്ങൾ സന്തോഷിക്കട്ടെ. ഹല്ലേലൂയ്യ, ഹല്ലേലൂയ്യ, ഹല്ലേലൂയ്യ.
സമു: (കാനോന) ആദത്തിന്റെ മഹത്ത്വീകൃതമായവംശമേ,/ ഉത്ഥാനം ചെയ്യുകയും/ തന്റെ ഉത്ഥാനത്താൽ എല്ലാവരെയും സന്തോഷിപ്പിക്കുകയും ചെയ്ത / ഈശോയിൽ ആനന്ദിക്കുവിൻ.
കാർമ്മി: മേഘവും അന്ധകാരവും അവിടുത്തെ ചുറ്റുമുണ്ട്; നീതിന്യായങ്ങളിൽ അവൻ തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു.
സമൂ: തിരുമുമ്പിൽ അഗ്നി ജ്വലിപ്പിക്കുന്നു; വൈരികളെ അതു ദഹിപ്പിക്കുന്നു.
കാർമ്മി: മിന്നൽപ്പിണറുകൾ ലോകത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി അതുകണ്ട് വിറകൊള്ളുന്നു.
സമൂ: ഭൂമി മുഴുവന്റെയും അധിപനായ കർത്താവിന്റെ മുമ്പിൽ മലകൾ മെഴുകുപോലെ ഉരുകുന്നു.
കാർമ്മി: ആകാശം ദൈവനീതിയെ പ്രഘോഷിക്കുന്നു; ജനപദങ്ങൾ ദിവ്യമഹത്വം ദർശിക്കുന്നു.
സമൂ: ബിംബാരാധകർ ലജ്ജിക്കട്ടെ! വിഗ്രഹസേവകർ നാണിക്കട്ടെ! ദൈവദൂതന്മാർ പ്രണമിക്കട്ടെ.
കാർമ്മി: സെഹിയോൻ ഇതെല്ലാം ശ്രവിക്കട്ടെ! അവൾ ആനന്ദഭരിതയാകട്ടെ! യുദായുടെ പുത്രിമാർ സന്തോഷിക്കട്ടെ.
സമൂ: എന്തെന്നാൽ നിന്റെ ന്യായവിധി മഹനീയമാകുന്നു; ഭൂമിയിൽ നീ ഉന്നതനാകുന്നു; സർവദേവന്മാരെക്കാൾ ഉത്കൃഷ്ടനാകുന്നു.
കാർമ്മി: ദൈവത്തെ സ്നേഹിക്കുന്നവർ തിന്മയെ ദ്വേഷിക്കുന്നു; ഭക്തരുടെ ജീവനെ ദൈവം പാലിക്കുന്നു. ദുഷ്ടന്മാരിൽ നിന്നവരെ രക്ഷിക്കുന്നു.
സമൂ: നീതിമാന്മാർക്ക് ഒരു പ്രകാശമുദിച്ചു; പരമാർത്ഥ ഹൃദയർക്ക് ആഹ്ലാദമുണ്ടായി.
കാർമ്മി: നീതിമാന്മാർ കർത്താവിലാനന്ദിക്കട്ടെ! അവന്റെ വിശുദ്ധ സ്മരണയെ പുകഴ്ത്തട്ടെ.
സമൂ: കർത്താവു ഭരണം നടത്തുന്നു; ഭൂമിയെല്ലാം ആനന്ദിക്കട്ടെ; ദ്വീപസമൂഹങ്ങൾ സന്തോഷിക്കട്ടെ. ഹല്ലേലൂയ്യ, ഹല്ലേലുയ്യ, ഹല്ലേലൂയ്യ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.
കാർമ്മി: ആദത്തിന്റെ മഹത്ത്വീകൃതമായ വംശമേ,
ഉത്ഥാനം ചെയ്യുകയും, തന്റെ ഉത്ഥാനത്താൽ എല്ലാവരെയും സന്തോഷിപ്പിക്കുകയും ചെയ്ത ഈശോയിൽ ആനന്ദിക്കുവിൻ.
(തെശ് ബൊഹ്ത്ത)
സർവ്വേശപുത്രനുയിർത്തു
സമ്മോദമെങ്ങും തളിർത്തു;
സ്വർല്ലോകവാതിൽ തുറന്നു:
ദിവ്യപ്രകാശം പരന്നു.
മർത്യനെത്തേടിയണഞ്ഞു
മർത്യനു ശാന്തി പകർന്നു
വാഴ്ത്തുന്നു നിൻ ദിവ്യനാമം
നല്കേണമേ സ്വർഗദാനം.
(അല്ലെങ്കിൽ)
(ലൈക്കാ ഏസൽ)
ഭൂമിയുടെ അതിർത്തികളിൽനിന്ന്
അവനു സ്തുതി മുഴങ്ങട്ടെ.
പാതാളത്തിലിറങ്ങിയ നാഥാ,
മർത്യരെ വിണ്ണിലുയർത്തിടുവാനായ്
ഉത്ഥാനത്താൽ നൂതനമാക്കി
ഭൂതലമെല്ലാം വാഗ്ദാനത്താൽ
സ്തുതി പാടുന്നു സൃഷ്ടികളെല്ലാം
നിന്റെയുയിർപ്പിൽ സ്നേഹമഹേശാ.
മരുപ്രദേശവും അതിലെ പട്ടണങ്ങളും ആനന്ദിക്കട്ടെ.
യുഗമോരോന്നും കൈകളിലേന്തും
കാലത്തിന്നധിനാഥൻ ദൈവം
തിന്മകൾ തിങ്ങും കാലം നീക്കി
മോചനമേകാൻ വന്നു ഭൂവിൽ
കാലത്തികവിൽ ഞങ്ങൾക്കരുളു-
ന്നുത്ഥാനത്തിൻ മംഗളകാലം.
അവർ കർത്താവിനു മഹത്ത്വമർപ്പിച്ചു
വീരോജ്ജ്വലനായ് മുന്നേറുന്നു
സൈന്യാധിപനാം ദൈവകുമാരൻ
രണധീരൻപോൽ ശത്രുഗണത്തെ
തോല്പിക്കുന്നവനെന്നും മന്നിൽ
വീണ്ണിൻ ഗിരിയിൽ മുകിലുകളെല്ലാം
നീതിപൊഴിക്കാൻ വന്നണയുന്നു
കർത്താവായ ഞാനാണ് അവ സൃഷ്ടിച്ചത്.
വാനവരെല്ലാമാഹ്ലാദിപ്പു
മാനവനിരയും ഭൂതലമെല്ലാം
ദൈവകുമാരനുയിർത്തതിനാലേ
അനുരഞ്ജനമായ് പാരിതിലെങ്ങും
ആകെ നവീകൃതമായൊരു ലോകം
ശാന്തിയണഞ്ഞിന്നാനന്ദിച്ചു.
ഒരാൾ: മിശിഹായുടെ സമാധാനം നിങ്ങളോടുകൂടെ
മറ്റെയാൾ: അങ്ങയോടും കൂടെ,
(അല്ലെങ്കിൽ)
ഒരാൾ: മിശിഹാ ഉയിർത്തെഴുന്നേറ്റു
മറ്റെയാൾ: മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു.
തുടർന്ന് ആശീർവ്വാദപ്രാർത്ഥനകൾ ചൊല്ലുന്നു. ഓരോ പ്രാർത്ഥനയ്ക്കും. സമൂഹം "ആമ്മേൻ' എന്ന് പ്രത്യുത്തരിക്കുന്നു.
കാർമ്മി: കർത്താവേ, നിന്റെ വിശുദ്ധ ജനത്തെ ആശീർവ്വദിക്കുകയും നിന്റെ സമാധാനം അവരിൽ വർദ്ധിപ്പിക്കുകയും ചെയ്യണമേ.
ശുശ്രൂ: കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: കർത്താവേ, നിന്റെ പരിശുദ്ധ സഭയെ ആശീർവ്വദിക്കുകയും അതിൽ സമാധാനം നിലനിർത്തുകയും ചെയ്യണമേ. സാർവ്വത്രികസഭയുടെ തലവനായ മാർ (പേര്) പാപ്പായെയും/ ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ (പേര്) മെത്രാപ്പോലീത്തയെയും/ അതിരൂപതാധ്യക്ഷനായ മാർ (പേര്) മെത്രാപ്പോലീത്തയെയും/ ഞങ്ങളുടെ മേലദ്ധ്യക്ഷനും പിതാവുമായ മാർ (പേര്) മെത്രാനെയും സംരക്ഷിക്കുകയും അവർക്ക് ഏല്പിക്കപ്പെട്ട സഭകളെ സമാധാനത്തിൽ നയിക്കുവാൻ ശക്തരാക്കുകയും ചെയ്യണമേ.
സമു: ആമ്മേൻ.
കാർമ്മി: കർത്താവേ, അങ്ങയുടെ പുരോഹിതന്മാരെയും മ്ശമ്ശാനന്മാരെയും മറ്റു ശുശ്രൂഷികളെയും സന്യസ്തരെയും പ്രേഷിത രംഗങ്ങളിൽ സേവനം ചെയ്യുന്ന മിഷനറിമാരെയും ആശീർവദിക്കുകയും അവരെ സമാധാനത്തിൽ വിശുദ്ധീകരിക്കുകയും ചെയ്യണമേ.
സമൂ: ആമ്മേൻ.
കാർമ്മി: കർത്താവേ, വയോധികർ, മാതാപിതാക്കൾ, യുവജനങ്ങൾ, കുട്ടികൾ, മറ്റു കുടുംബാംഗങ്ങൾ എന്നിവരെയും ഞങ്ങളിൽ നിന്ന് അകന്നിരിക്കുന്നവരെയും ആശീർവദിക്കുകയും സമാധാനത്തിൽ ഒന്നിപ്പിക്കുകയും ചെയ്യണമേ.
സമു: ആമ്മേൻ
കാർമ്മി: കർത്താവേ, ഞങ്ങളുടെ രാഷ്ട്രത്തിന്റെ ഭരണാധികാരികളെയും, സാമൂഹികപ്രവർത്തകർ, ആതുരശുശ്രുഷകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാവരെയും ആശീർവദിക്കുകയും അവരെ സമാധാനത്തിൽ നയിക്കുകയും ചെയ്യണമേ.
സമു: ആമ്മേൻ
കാർമ്മി: കർത്താവേ, എല്ലാ വിദൂരസ്ഥരെയും ദരിദ്രർ, സമ്പന്നർ, കർഷകർ, തൊഴിലാളികൾ, വ്യാപാരികൾ, വ്യവസായികൾ എന്നിവരെയും ആശീർവദിക്കുകയും സമാധാനത്തിൽ അവരെ സംരക്ഷിക്കുകയും ചെയ്യണമേ.
സമു: ആമ്മേൻ
കാർമ്മി: കർത്താവേ, രോഗികളെയും പീഡിതരെയും മർദ്ദിതരെയും ക്ലേശിതരെയും ദുഃഖിതരെയും ശാരീരികവും മാനസീകവുമായി വേദനിക്കുന്നവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ആശീർവദിക്കുകയും അവരെ സമാധാനത്തിൽ ആശ്വസിപ്പിക്കുകയും ചെയ്യണമേ.
സമു: ആമ്മേൻ
കാർമ്മി: കർത്താവേ, ഈ പ്രപഞ്ചത്തെയും അതിലെ ജീവജാലങ്ങളെയും സസ്യലതാദികളെയും ആശീർവദിക്കുകയും അവയെ സമാധാനത്തിൽ പരിപോഷിപ്പിക്കുകയും ചെയ്യണമേ.
സമു: ആമ്മേൻ
കാർമ്മി: കർത്താവേ, നിന്റെ തിരുനാളുകൾ സമാധാനത്തിൽ ആഘോഷിക്കുന്നതിനായി എല്ലാ ക്രിസ്തീയസമൂഹങ്ങളെയും ആശീർവദിക്കണമേ.
സമു: ആമ്മേൻ
കാർമ്മി: സമാധാനദാതാവായ മിശിഹായേ, രഹസ്യങ്ങളും ദൃഷ്ടാന്തങ്ങളും ഉപമകളും പൂർണ്ണമായും വ്യക്തമാക്കപ്പെടുന്ന യുഗാന്തത്തിലെ ആ പൊതു ഉയിർപ്പു ദിനത്തിൽ ആഹ്ലാദിക്കുന്നതിന് ഞങ്ങളെ യോഗ്യരാക്കണമേ. അവിടെ നിന്റെ അവകാശത്തിൽ പങ്കുചേരുന്നതിനും നീ വഴിയായി പിതാവിനും പരിശുദ്ധാത്മാവിനും സ്തുതിയും കൃതജ്ഞതയും സമർപ്പിക്കുന്നതിനും ഞങ്ങൾക്ക് ഇടയാകട്ടെ. ഞങ്ങളുടെ ഈ സമൂഹത്തിലും ഇന്ന് നിന്റെ നാമത്തിൽ ഒരുമിച്ചുകുടിയിരിക്കുന്ന എല്ലാ സമൂഹങ്ങളിലും ലോകം മുഴുവനിലും നിന്റെ അനുഗ്രഹവും സമാധാനവും നിറയട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും,
സമു: ആമ്മേൻ.
പ്രഘോഷണപ്രാർത്ഥനകൾ (കാറോസൂസ)
ശുശ്രൂ: നമുക്കെല്ലാവർക്കും സന്തോഷത്തോടും ആഹ്ലാദത്തോടും കൂടി “കർത്താവേ, ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ” എന്നപേക്ഷിക്കാം.
സമു: കർത്താവേ, ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ
ശുശ്രൂ: സ്വർഗവാസികളുടെയും ഭൂവാസികളുടെയും സമാധാനമായ മിശിഹായേ, നിന്റെ ഉത്ഥാനത്തിന്റെ സമാധാനം ആഘോഷിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമെന്ന് ഞങ്ങളപേക്ഷിക്കുന്നു.
സമു: കർത്താവേ, ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ.
ശുശ്രൂ: “സമാധാനം നിങ്ങൾക്കു ഞാൻ തരുന്നു, എന്റെ സമാധാനം നിങ്ങൾക്കു ഞാൻ നല്കുന്നു" എന്നരുളിച്ചെയ്ത മിശിഹായേ, നിന്റെ ഉയിർപ്പിന്റെ സമാധാനത്തിൽ ഞങ്ങളെയും പങ്കുകാരാക്കണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.
സമു: കർത്താവേ, ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ.
ശുശ്രൂ: കല്ലറയിൽനിന്നുയിർക്കുകയും ലോകത്തെയും തന്റെ സഭയെയും ശാശ്വതമായ സമാധാനത്തിൽ നിറയ്ക്കുകയും ചെയ്ത മിശിഹായേ, നിന്റെ ഉത്ഥാനത്തിന്റെ സന്തോഷം പങ്കുവയ്ക്കുവാൻ ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങളപേക്ഷിക്കുന്നു.
സമു: കർത്താവേ, ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ.
ശുശ്രൂ: നിന്റെ സമാധാനത്താൽ ഞങ്ങളെ സമ്പന്നരാക്കുന്ന മിശിഹായേ, ഞങ്ങളുടെ അനുദിനജീവിതത്തിലെ വേദനകളിലും പ്രതിസന്ധികളിലും നീ നല്കിയ സമാധാനം അനുഭവിച്ചറിഞ്ഞ് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങളപേക്ഷിക്കുന്നു.
സമു: കർത്താവേ, ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ.
ശുശ്രൂ: ഞങ്ങളുടെ പരിശുദ്ധ പിതാക്കന്മാരായ മാർപാപ്പ, ശ്രഷ്‌ഠമെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാർ, മെത്രാന്മാർ, എന്നിവരുടെയും അവരുടെ എല്ലാ സഹ ശുശ്രൂഷികളുടെയും സമാധാനത്തിനും സുസ്ഥിതിക്കുംവേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു
സമു: കർത്താവേ, ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ.
ശുശ്രൂ: നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.
സമു: ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേക്കു ഞങ്ങൾ സമർപ്പിക്കുന്നു.
കാർമ്മി: ഞങ്ങളുടെ കർത്താവായ മിശിഹായേ, നിന്റെ കൃപയാൽ ഞങ്ങളെ എല്ലാവരെയും രക്ഷിക്കണമേ. ഞങ്ങളുടെയിടയിൽ നിന്റെ ശാന്തിയും സമാധാനവും വർദ്ധിപ്പിക്കണമേ. നിന്റെ ഉയിർപ്പിന്റെ രഹസ്യങ്ങളുടെ പൂർണ്ണതയിലേക്ക് ഞങ്ങളെ അടുപ്പിക്കുകയും ഞങ്ങളുടെമേൽ കരുണയായിരിക്കുകയും ചെയ്യണമേ. നിന്റെ സമാധാനത്തിലും ശാന്തിയിലും ഞങ്ങളുടെ ഹൃദയം ആനന്ദിക്കുന്നതിനും ഞങ്ങൾ പരസ്പരം ഐക്യത്തിൽ ജീവിക്കുന്നതിനും ഞങ്ങളുടെ ജീവിതം നിന്റെ കൃപയാൽ നിറയുന്നതിനും ഞങ്ങളെ അർഹരാക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമു: ആമ്മേൻ.
ശുശ്രൂ: കർത്താവേ, ആശീർവദിക്കണമേ. സഹോദരരേ നിങ്ങൾ കൈവയ്പിനായി തലകുനിക്കുകയും ആശീർവാദം സ്വീകരിക്കുകയും ചെയ്യുവിൻ
എല്ലാവരും തല കുനിക്കുന്നു. കാർമ്മികൻ കുനിഞ്ഞു നിന്ന് താഴെവരുന്ന കൈവയ്പ് പ്രാർത്ഥന താഴ്ന്ന സ്വരത്തിൽ ചൊല്ലുന്നു.
കാർമ്മി: കർത്താവേ, ശക്തനായ ദൈവമേ, അങ്ങയുടെ അഭിക്ഷിക്തൻ കഠിനമായ പീഡകളനുഭവിച്ചു വീണ്ടെടുത്ത അജഗണമായ പരിശുദ്ധ കത്തോലിക്കാസഭ അങ്ങയുടേതാകുന്നു. ദൈവസ്വഭാവത്തിൽ അങ്ങുമായി ഒന്നായിരിക്കുന്ന പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ യഥാർത്ഥ പൗരോഹിത്യത്തിന്റെ പദവികൾ കൈവയ്പ്പുവഴി നല്കപ്പെടുന്നു. വിശ്വാസികൾക്ക് ആത്മീയശുശ്രൂഷ ചെയ്യുന്നതിനു പരിശുദ്ധമായ സഭാശരീരത്തിലെ സവിശേഷാംഗങ്ങളാകുവാൻ നിസ്സാരരും ബലഹീനരുമായ ഞങ്ങളെ അങ്ങു കാരുണ്യാതിരേകത്താൽ യോഗ്യരാക്കി. കർത്താവേ, അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കുകയും അങ്ങയുടെ ദാനങ്ങൾ ഞങ്ങളുടെ കരങ്ങൾ വഴി വർഷിക്കുകയും ചെയ്യണമേ. അങ്ങയുടെ കാരുണ്യവും അനുഗ്രഹവും ഞങ്ങളുടെയും അങ്ങു തിരഞ്ഞെടുത്ത ഈ ജനത്തിന്റെയും മേൽ ഉണ്ടാകുമാറാകട്ടെ.
കാർമ്മികൾ നിവർന്നുനിന്ന് ഉയർന്ന സ്വരത്തിൽ ചൊല്ലുന്നു.
കാർമ്മി: കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നു ചേർന്ന് അങ്ങയെ ഞങ്ങളുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവൃത്തികളാൽ ജീവിതകാലം മുഴുവനും അങ്ങയെ യഥോചിതം പ്രീതിപ്പെടുത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. അങ്ങേക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കുവാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
ശുശ്രു: മാമ്മോദീസ സ്വീകരിക്കുകയും ജീവന്റെ അടയാളത്താൽ മുദ്രിതരാകുകയും ചെയ്തവർ ഭക്തിയോടും ശ്രദ്ധയോടുംകൂടെ വിശുദ്ധരഹസ്യങ്ങളിൽ പങ്കുകൊള്ളട്ടെ.
(ഓനീസാ ദ്റാസേ)
(രീതി : മിശിഹാ കർത്താവിൻ തിരുമെയ് )
എന്റെ രാജാവായ കർത്താവേ, ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു.
അമൃതം പകരും പോൽ
ഉത്ഥാനത്താലേ
നവജീവൻ നല്കി
നാഥാ, സഭയെ നയിച്ചു നീ
പാലിക്കുന്നു വിപത്തുകളിൽ
കനക വിഭൂഷിതവധുവേപ്പോൽ
കാൺമു സഭയെ നാമെന്നും;
വാഴ്ത്തുന്നു സഭയിൽ നിറമോദം.
പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിതീർന്നിരിക്കുന്നു.
അമൃതം പകരും പോൽ...
(അല്ലെങ്കിൽ)
എന്റെ രാജാവായ കർത്താവേ, ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. മരിച്ചവരുടെ ഇടയിൽ നിന്ന് ആദ്യ ജാതനായി ഉയിർത്തെഴുന്നേറ്റ കർത്താവേ, നിന്റെ ഉത്ഥാനം ഞങ്ങൾക്ക് ജീവനും മഹത്ത്വവും പ്രദാനം ചെയ്യുന്നു. നിന്റെ സ്നേഹഭാജനമായ സഭ അണിഞ്ഞൊരുങ്ങിയ വധുവിനെപ്പോലെയും മക്കളോടൊരുമിച്ചു ഉല്ലസിക്കുന്ന അമ്മയെപ്പോലെയും നിന്റെ ഉയിർപ്പിൽ ആനന്ദിക്കുന്നു. നിന്റെ മരണത്തിന്റെയും ഉയിർപ്പിന്റെയും സ്മാരകമായ ഈ ദിവ്യരഹസ്യങ്ങളിൽ സജീവമായി പങ്കുകൊള്ളുവാൻ കർത്താവേ, ഞങ്ങളെ യോഗ്യരാക്കണമേ.
പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു.
മരിച്ചവരുടെ ഇടയിൽനിന്ന്...
(ദ്ഹീലത്ത്)
(രീതി: പുലരിയിൽ നിദ്രയുണർന്ന..)
കർത്താവേ, തവതിരുനാമം
കീർത്തിതമല്ലോ ചിരകാലം
പാവനമാം തവഗേഹത്തിൽ
പൂജിതനങ്ങു മഹോന്നതനും.
നാശമടഞ്ഞു മരണത്തിൻ
ശക്തിയുമതുപോൽ പാടവവും
വാനവുമുലകും നവമാം നിൻ
വരവിനു കാത്തുകഴിക്കുന്നു.
മലരണിയുന്ന പ്രതീക്ഷകളാൽ
മോദമെഴുന്നു സ്വർല്ലോകം,
ഹല്ലേലൂയ പാടിടാം
പരിശുദ്ധൻ, നീ പരിശുദ്ധൻ.
( അല്ലെങ്കിൽ)
ഉന്നതനായ ദൈവമേ, എന്നുമെന്നേക്കും അങ്ങയുടെ വിശുദ്ധസ്ഥലത്ത് അങ്ങ് മഹത്ത്വപൂർണ്ണനാകുന്നു. കർത്താവിന്റെ മഹത്ത്വം അവിടുത്തെ സ്ഥലത്ത് പ്രകീർത്തിക്കപ്പെടുന്നു. മർത്യരേ, നിങ്ങൾ ആനന്ദിക്കുകയും ആശ്വസിക്കുകയും ചെയ്യുവിൻ. എന്തുകൊണ്ടന്നാൽ മരണത്തിന്റെ ശക്തി നശിപ്പിക്കപ്പെട്ടു. മിശിഹാവന്ന് എല്ലാം നവീകരിക്കുവാൻ വേണ്ടി ആകാശവും ഭൂമിയും കാത്തിരിക്കുന്നു. സ്വർഗീയശക്തികൾ ഇന്ന് ആനന്ദിക്കുന്നു. എന്തുകൊണ്ടെന്നാൽ, തങ്ങളുടെ പ്രതീക്ഷ പൂർത്തീകരിക്കപ്പെട്ടതായി അവർ കണ്ടു. നമുക്ക് ഒരുമിച്ച് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, സകലത്തിന്റെയും നാഥാ, അങ്ങ് പരിശുദ്ധൻ എന്ന് അവിടുത്തെ പ്രകീർത്തിക്കാം. ഹല്ലേലുയ്യാ, ഹല്ലേലുയ്യാ.
(ഓനീസാ ദ്വമ്മ)
സമു: വരുവിൻ വരുവിൻ ജനതകളെല്ലാം
നിരുപമ നാഥനെ വാഴ്ത്തി നമിക്കാൻ
മരണത്തിൽനിന്നുത്ഥാനത്തിൽ
മഹിതവെളിച്ചം നിറയുന്നുലകിൽ
നിത്യപിതാവിന്നരികിൽ വാഴ്വു
സത്യമഹോന്നത ദൈവകുമാരൻ
കൈക്കൊള്ളാം നാം ദിവ്യരഹസ്യം
കൈവരുമപ്പോൾ ജീവിതഭാഗ്യം.
(അല്ലെങ്കിൽ)
സമു: ലോകരക്ഷകനായ മിശിഹാ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു. ഇതാ, സ്വർഗത്തിൽ, അദൃശ്യനായ പിതാവിന്റെ വലത്തുഭാഗത്ത് അവൻ ഉപവിഷ്ടനായിരിക്കുന്നു. നമ്മുടെ കർത്താവ് തന്റെ ശരീരരക്തങ്ങൾ നമുക്കു പ്രദാനം ചെയ്തുവല്ലോ. അവിടുത്തെ മരണത്തിന്റെയും ഉയിർപ്പിന്റെയും ദിവ്യ രഹസ്യങ്ങളെ നമുക്കെല്ലാവർക്കും സ്വീകരിക്കാം. നമുക്കൊന്നുചേർന്ന് സകലത്തിന്റെയും നാഥനായ കർത്താവ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് പാടി സ്തുതിക്കുകയും ചെയ്യാം. ഹല്ലേലൂയ്യ, ഹല്ലേലൂയ്യ
(ഓനീസാ ദ്വാത്തേ)
ശുശ്രു: ഉത്ഥാനത്തിൻ സുദിനം സാത്താൻ
തോല്വിയടഞ്ഞു, മരണവുമതുപോൽ.
ദിവ്യരഹസ്യം നല്കി നരർക്കായ്
പോഷണമേകീയുത്ഥിതനാഥൻ.
തിരുനാമത്തിനു സ്തുതികൾ പാടാൻ
ധരണിയിലർഹത നല്കണമെന്നും
അക്ഷയ ജീവൻ പകരുകയല്ലോ
അവനിയിലെന്നും ദിവ്യരഹസ്യം.
(അല്ലെങ്കിൽ )
ശുശ്രൂ: ജനങ്ങളേ വരുവിൻ, നമുക്കു കർത്താവിനെ പാടി പുകഴ്ത്താം, മിശിഹായുടെ ഉത്ഥാനദിവസം മരണം പരാജയപ്പെടുകയും സാത്താൻ കീഴടങ്ങുകയും ചെയ്തു. സകലത്തിന്റെയും മേൽ ഉത്ഥാനം ഭരണം നടത്തി. നാഥനും രക്ഷകനുമായ അവിടുത്തെ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് പാടി പുകഴ്ത്താം. തന്റെ ശരീരരക്തങ്ങളാൽ അവിടുന്ന് നമ്മ പരിപോഷിപ്പിക്കുന്നു. അവിടുത്തെ തിരുനാമത്തിന് യഥായോഗ്യം നന്ദിപറയുവാൻ ഞങ്ങളുടെ അധരങ്ങൾ തീർത്തും അപര്യാപ്തങ്ങളാണ്. മിശിഹായുടെ മരണത്താൽ നിത്യജീവൻ നമുക്കു നല്കപ്പെട്ടു. മനുഷ്യകുലത്തിൽ നിന്ന് മരണം തിരോധാനം ചെയ്യട്ടെ. ഇതാ, അക്ഷയജീവന്റെ രഹസ്യങ്ങൾ നമ്മുടെ മുമ്പിൽ വയ്ക്കപ്പെട്ടിരിക്കുന്നു. സഹോദരരേ, വരുവിൻ, ഭക്ത്യാദരങ്ങളോടെ നമുക്ക് അവയെ സമീപിക്കാം.
കാർമ്മി: കർത്താവായ ദൈവമേ, ഞങ്ങൾ സ്വീകരിച്ച ഈ ദിവ്യരഹസ്യങ്ങൾ ഞങ്ങളുടെ ഉത്ഥാനത്തിന് അച്ചാരമായി ഭവിക്കട്ടെ, മനുഷ്യവംശത്തിന് അങ്ങു നല്കിയ മഹത്ത്വത്തെ ഓർത്ത് സ്വർഗ്ഗരാജ്യത്തിൽ സകല നീതിമാന്മാരോടുംകൂടി അങ്ങയെ സ്തുതിക്കുവാൻ ഞങ്ങൾക്ക് ഇടയാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമു: ആമ്മേൻ, കർത്താവേ, ആശീർവ്വദിക്കണമേ.
കാർമ്മി: മനുഷ്യവംശത്തിന്റെ പ്രതീക്ഷയായ മിശിഹായേ, ഈ കുർബാനവഴി ഉത്ഥാനത്തിന്റെ രഹസ്യത്തിൽ നീ ഞങ്ങളെ പങ്കുകാരാക്കി. തിരുരക്തത്താൽ രക്ഷിക്കപ്പെട്ട സഭയിൽ ഞങ്ങൾ നിന്റെ അനന്തകാരുണ്യത്തിന് എന്നും നന്ദി പ്രകാശിപ്പിക്കുന്നു. ഉന്നതങ്ങളിൽ നിന്നുള്ള ആരാധ്യമായ ദാനം വാഴ്ത്തപ്പെട്ടതാകട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമു: ആമ്മേൻ.
(രീതി : കർത്തവാം മിശിഹാ വഴിയായ്...)
കാർമ്മി: പാപവിമോചനമേകിടുവാൻ
പാരിനു ശാന്തി പകർന്നിടുവാൻ
ക്രൂശിതനായൊരു നാഥാ, നിൻ
ഉത്ഥാനം പരമാനന്ദം.
ഉത്ഥിതനാഥാ, മാനവരിൽ
താവകശാന്തി വസിക്കട്ടെ
സ്വാതന്ത്ര്യത്തിൻ വീഥികളിൽ
സതതം നേരെ നയിക്കട്ടെ.
വാഗ്ദാനം പോൽ അനവരതം
വിശ്വാസത്തിൽ വളർന്നിടുവാൻ
ഉത്ഥിതനീശോമിശിഹായെ
ഉദ്ഘോഷിക്കുവിനെന്നാളും
ജീവൻ പകരും നിർമ്മലമാം
പാവനദിവ്യരഹസ്യങ്ങൾ
നിത്യമഹത്വം നൽകട്ടെ ✝️
ഇപ്പോഴുമേപ്പോഴുമെന്നേക്കും
സമു: ആമ്മേൻ
കാർമ്മി: ഉത്ഥാനത്തിന്റെ മഹത്ത്വത്താൽ പ്രപഞ്ചം മുഴുവനും ആനന്ദിപ്പിച്ച മിശിഹാ സഭയിൽ എന്നും വാഴ്ത്തപ്പെട്ടവനാകട്ടെ. അവിടുന്ന് സാത്താനെയും മരണത്തെയും പരാജയപ്പെടുത്തുകയും പാപകടങ്ങളിൽ നിന്ന് നമ്മെ മോചിക്കുകയും ചെയ്തു. ഉത്ഥിതനായ മിശിഹായുടെ സമാധാനം നമ്മിൽ എന്നും വസിക്കട്ടെ. ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് അവിടുന്ന് നമ്മെ നയിക്കട്ടെ. തന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കുമെന്ന വാഗ്ദാനം അനുസ്മരിച്ച് വിശ്വാസത്തിൽ വളരുവാനും ഉത്ഥാനരഹസ്യം എല്ലാവരോടും പ്രഘോഷിക്കുവാനും അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ. ലോകം മുഴുവൻ മിശിഹായുടെ ഉത്ഥാനത്താൽ നവജീവൻ പ്രാപിക്കട്ടെ. ദൈവത്തിന്റെ ജനമേ, ജീവദായകമായ ദിവ്യരഹസ്യങ്ങളാൽ സന്തുഷ്ടരാക്കപ്പെട്ട നിങ്ങളെ അവിടുന്ന് മഹത്ത്വത്തിലേക്കു പ്രവേശിപ്പിക്കുകയും ചെയ്യട്ടെ. ✝️ ഇപ്പോഴും എപ്പോഴും എന്നേക്കും.
സമു: ആമ്മേൻ.
ഉയിർപ്പുതിരുനാൾ ഈ തിരുക്കർമ്മം രാവിലെ 3 മണിക്കാണ് സാധാരണയായി നടത്തുന്നത്. കുരിശുകൊണ്ട് വാതിൽക്കൽ മുട്ടി അകത്തു പ്രവേശിക്കുന്ന കർമ്മം Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206