We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Catechetical Commission On 23-Aug-2023
കർമ്മക്രമം
കാർമ്മികനും ശുശ്രൂഷികളും സഹായികളും ക്രമപ്രകാരമുള്ള തിരുവസ്ത്രങ്ങളണിഞ്ഞ്, കുർബാന ക്രമത്തിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ, പ്രദക്ഷിണമായി വചനവേദിയിൽ വന്നു നിൽക്കുന്നു. പ്രദക്ഷിണസമയത്ത് താഴെ കാണുന്ന ഗീതം ആലപിക്കുന്നു.
പ്രവേശന ഗീതം
(പുലരിയിൽ നിദ്രയുണർന്നങ്ങേ....)
വന്നണയുന്നൂ ദൈവസുതൻ
മന്നിനു ശാന്തി പകർന്നിടുവാൻ
നീതി കൊളുത്താനീയുലകിൽ
വാനവധർമ്മം സ്ഥാപിക്കാൻ
നിത്യപിതാവിൻ തനയനിതാ
മർത്യകുലത്തിനു സമ്മാനം
തന്റെ പ്രവാചകർ വഴിയായി
മുമ്പേയരുളീ തിരുവചനം
കാലത്തികവിൽ സകലേശൻ
പുത്രൻ വഴിയായ് മൊഴിയരുളീ
പാപകടങ്ങൾ നീക്കിടുവാൻ
രക്ഷകനിങ്ങു പിറന്നല്ലോ.
മഹിമകൾ നിറയും സ്വർഗ്ഗത്തിൽ
നിന്നു പിറന്നൂ ദൈവസുതൻ
വചനം മാംസമണിഞ്ഞല്ലോ
മാനവനിരയിൽ പാർത്തിടുവാൻ.
ആട്ടിടയന്മാർ വാഴ്ത്തുകയായ്
ബെത്ലേം പുരിയിൽ തിരുസുതനെ
കീർത്തിക്കാമാത്തിരുനാമം
പാർത്തലമതിൽ നാമെന്നാളും.
(അല്ലെങ്കിൽ)
(ബ്രീകീത്തോൺ....)
അന്ധകാരത്തിൽ കഴിഞ്ഞ ജനം
ഒരു വലിയ പ്രകാശം കണ്ടു.
മാനവരക്ഷകനാം
ദൈവകുമാരനിതാ
ഭൂമിയിലണയുന്നു
മർത്യനു ശാന്തി പകർന്നിടുവാൻ
മന്നിൽ നീതി കൊളുത്തിടുവാൻ
വാനവധർമ്മം സ്ഥാപിക്കാൻ
ആഗതനാകും ദൈവസുതൻ
വാഴുന്നു നിത്യം രാജാവായ്.
അങ്ങയുടെ മഹത്വം ഭൂമിയിൽ പ്രകാശിക്കട്ടെ.
പൂർവികകാലത്തിൽ
ദൈവം കനിവോടെ
പാരിതിനേകി മുദാ
തന്റെ പ്രവാചകർ വഴിയായി
രക്ഷാകരമാം സന്ദേശം
ഇന്നു മഹോന്നതനാം ദൈവം
മർത്യഗണത്തിനു നൽകുന്നൂ
തിരുവചനം പുത്രൻവഴിയായി.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
പാപകടം മുഴുവൻ
ദൂരെയകറ്റുന്നു
രക്ഷ പകർന്നിടുവാൻ
നിർമ്മലരാക്കിത്തീർക്കുന്നു.
മർത്യരെയെല്ലാം കൃപയാലെ
മഹിമകൾ നിറയും സ്വർഗ്ഗത്തിൽ
വാനവരൊത്തു വസിച്ചീടും
ദൈവസുതൻ വിണ്ണിൻ കതിരോനായ്
ആദിമുതൽ എന്നേക്കും ആമ്മേൻ
ദൈവികവചനമിതാ
മാംസമെടുക്കുന്നു
മാനവനാകുന്നു
മർത്യരോടൊത്തുവസിക്കുന്നു
വിനയമിയന്നാ ബെത്ലേമിൽ
ആട്ടിടയന്മാരെത്തുന്നു
ആദരവോടെ വാഴ്ത്തുന്നു.
തിരുമുമ്പിൽ കൈകൾ കൂപ്പുന്നു
കാർമ്മി: അന്നാപ്പെസഹാത്തിരുനാളിൽ
കർത്താവരുളിയ കൽപനപോൽ
തിരുനാമത്തിൽ ചേർന്നീടാം
ഒരുമയൊടീബലിയർപ്പിക്കാം.
സമൂ: അനുരാഞ്ജിതരായ്ത്തീർന്നീടാം
നവമൊരു പീഠമൊരുക്കീടാം
ഗുരുവിൻ സ്നേഹമൊടീയാഗം
തിരുമുമ്പകെയണച്ചീടാം
(അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി ഇവിടെ ആലപിക്കുന്നില്ല)
കാർമ്മി: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
പരിശുദ്ധൻ നീ പരിശുദ്ധൻ.
സമൂ: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
സ്തുതിതൻ നിസ്തുല മഹിമാവാൽ
ഭൂസ്വർഗ്ഗങ്ങൾ നിറഞ്ഞു സദാ
പാവനമായി വിളങ്ങുന്നു.
വാനവമാനവവൃന്ദങ്ങൾ
ഉദ്ഘോഷിപ്പൂ സാമോദം
പരിശുദ്ധൻ നീ എന്നെന്നും
പരിശുദ്ധൻ നീ പരിശുദ്ധൻ.
സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
നിൻ ഹിതമിവിടെ ഭവിക്കണമേ.
സ്വർഗ്ഗത്തെന്നതുപോലുലകിൽ
നിൻ ചിത്തം നിറവേറണമേ
ആവശ്യകമാമാഹാരം
ഞങ്ങൾക്കിന്നരുളീടണമേ.
ഞങ്ങൾ കടങ്ങൾ പൊറുത്തതുപോൽ
ഞങ്ങൾക്കുള്ള കടം സകലം
പാപത്തിൻ കടബാദ്ധ്യതയും
അങ്ങു കനിഞ്ഞു പൊറുക്കണമേ.
ഞങ്ങൾ പരീക്ഷയിലൊരുനാളും
ഉൾപ്പെടുവാനിടയാകരുതെ
ദുഷ്ടാരൂപിയിൽ നിന്നെന്നും
ഞങ്ങളെ രക്ഷിച്ചരുളണമേ.
എന്തെന്നാലെന്നാളേക്കും
രാജ്യം ശക്തി മഹത്ത്വങ്ങൾ
താവകമല്ലോ കർത്താവേ
ആമ്മേനാമ്മേനെന്നേക്കും.
കാർമ്മി: താതനുമതുപോത്മജനും
റൂഹായ്ക്കും സ്തുതി എന്നേക്കും
ആദിമുതൽക്കെന്നതുപോലെ
ആമ്മേനാമ്മേനനവരതം.
സമൂ: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
പരിശുദ്ധൻ നീ പരിശുദ്ധൻ.
സ്വർഗ്ഗസ്ഥിതനാം താതാനിൻ
സ്തുതിതൻ നിസ്തുല മഹിമാവാൽ
ഭൂസ്വർഗ്ഗങ്ങൾ നിറഞ്ഞു സദാ
പാവനമായി വിളങ്ങുന്നു.
വാനവമാനവവൃന്ദങ്ങൾ
ഉദ്ഘോഷിപ്പൂ സാമോദം
പരിശുദ്ധൻ നീ എന്നെന്നും
പരിശുദ്ധൻ നീ പരിശുദ്ധൻ.
(അല്ലെങ്കിൽ)
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
(സമൂഹവും ചേർന്ന്)
അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സു സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. ഞങ്ങൾക്ക് ആവശ്യകമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. ദുഷ്ടാരൂപയിൽ നിന്നു രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടേതാകുന്നു.
ആമ്മേൻ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
(സമൂഹവും ചേർന്ന്)
അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
(അല്ലെങ്കിൽ)
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
(സമൂഹവും ചേർന്ന്)
അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സു സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. ഞങ്ങൾക്ക് ആവശ്യകമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. ദുഷ്ടാരൂപിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ അനന്തകാരുണ്യത്തെ ഞങ്ങൾ വാഴ്ത്തുന്നു. ദൈവമായിരുന്നിട്ടും തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ച മിശിഹാ, സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ചൈതന്യം കൊണ്ട് നമ്മെ നിറയ്ക്കട്ടെ. പുൽക്കൂട്ടിൽ അവതീർണ്ണനായ മിശിഹായെ പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമായി സ്വീകരിച്ച് നമുക്കാരാധിക്കാം. ഈ വിശുദ്ധ രഹസ്യങ്ങൾ ഭക്തിയോടെ പരികർമ്മം ചെയ്ത് പരിത്രാണ കർമ്മത്തിന്റെ ഫലങ്ങൾക്ക് അർഹരാകുവാൻ അവിടുന്ന് നമ്മെ സഹായിക്കട്ടെ. പിതാവും പുത്രനും പരിശുദ്ധത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ
സങ്കീർത്തനം 97
(രീതി: കർത്താവാം മമ രാജാവേ )
കർത്താവെന്നും വാഴുന്നു
നിത്യം ഭൂമിക്കാമോദം
ആനന്ദത്തിൽ മുഴുകട്ടെ
ദ്വീപസമൂഹവുമാനവരതം
പാർത്തലമാകെ ഭരിച്ചീടും
കർത്താവിൻ തിരുസന്നിധിയിൽ
മെഴുകായുരുകിയൊലിക്കുന്നു
കൊടുമുടിയേന്തും ശൈലങ്ങൾ
നിസ്തുലമാകും തൻ നീതി
ഉദ്ഘോഷിക്കുന്നാകാശം
ജനതകളെല്ലാമവിടുത്തെ
മഹിമകൾ കണ്ടു നമിക്കുന്നു.
കർത്താവേ, നീ അഖിലാണ്ഡം
കാത്തിടുമധിപൻ സുത്യർഹൻ
എല്ലാ ദേവഗണങ്ങളിലും
വല്ലഭനുന്നതനല്ലോ നീ.
നീതിയിൽ വാഴും മാനവരെ
മോദിച്ചീടുക കർത്താവിൽ
നന്ദിയൊടാത്തിരുനാമത്തെ
എന്നും വാഴ്ത്തി നമിച്ചിടുവിൻ
താതനുമതുപോലാത്മജനും
റൂഹായ്ക്കും സ്തുതി എന്നേക്കും
ആദിമുതൽക്കെന്നതുപോലെ
ആമ്മേനാമ്മേനനവരതം
(അല്ലെങ്കിൽ )
കാർമ്മി: കർത്താവു ഭരണം നടത്തുന്നു
ഭൂമിയെല്ലാം ആനന്ദിക്കട്ടെ;
ദ്വീപ സമൂഹങ്ങൾ സന്തോഷിക്കട്ടെ.
സമൂ: ലോകരക്ഷകനായ മിശിഹായേ,
നിന്റെ ആഗമനം അനുഗൃഹീതമാകുന്നു.
മാലാഖമാരോടുകൂടി നിന്നെ സ്തുതിക്കുവാൻ
നീ ഞങ്ങളെ യോഗ്യരാക്കി
കാർമ്മി: ഭൂമി മുഴുവന്റെയും അധിപനായ കർത്താവിന്റെ
മുമ്പിൽ മലകൾ മെഴുകുപോലെ ഉരുകുന്നു
സമൂ: ആകാശം ദൈവനീതിയെ പ്രഘോഷിക്കുന്നു.
ജനപദങ്ങൾ ദിവ്യ മഹത്ത്വം ദർശിക്കുന്നു.
കാർമ്മി: എന്തെന്നാൽ നിന്റെ ന്യായവിധി മഹനീയമാകുന്നു;
ഭൂമിയിൽ നീ ഉന്നതനാകുന്നു;
സർവ്വദേവന്മാരെക്കാൾ ഉത്കൃഷ്ടനാകുന്നു.
സമൂ: ദൈവത്തെ സ്നേഹിക്കുന്നവർ തിന്മയെ ദ്വോഷിക്കുന്നു;
ഭക്തരുടെ ജീവനെ ദൈവം പാലിക്കുന്നു.
ദുഷ്ടന്മാരിൽ നിന്ന് അവരെ രക്ഷിക്കുന്നു.
കാർമ്മി: നീതിമാന്മാർക്ക് ഒരു പ്രകാശമുദിച്ചു;
പരമാർത്ഥ ഹൃദയാർക്ക് ആഹ്ലാദമുണ്ടായി.
സമൂ: നീതിമാന്മാർ കർത്താവിലാനന്ദിക്കട്ടെ!
അവന്റെ വിശുദ്ധ സ്മരണയെ പുകഴ്ത്തട്ടെ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദ്യമുതൽ എന്നേക്കും ആമ്മേൻ.
കാർമ്മി: ലോകരക്ഷനായ മിശിഹായെ,
നിന്റെ ആഗമനം അനുഗൃഹീതമാകുന്നു.
മാലാഖമാരോടുകൂടി നിന്നെ സ്തുതിക്കുവാൻ
നീ ഞങ്ങളെ യോഗ്യരാക്കി
ശുശ്രൂ: നമുക്ക് പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ
(ഓനീസാ ദ്കങ്കേ )
(രീതി: പുലരിയിൽ നിദ്രയുണർന്നങ്ങേ )
ഗായക I: പൈതലേ, അനാദിയിലേ നിനക്കു ഞാൻ ജന്മം നൽകി
വിണ്ണിൻ മഹിമയിൽ നിന്നുലകിൽ
വന്നുപിറന്നു തിരുവചനം
ഗോചരനല്ലാത്തവനിവിടെ
മാനവരൂപം കൈകൊണ്ടു.
അത്യുന്നതമാം സ്വർഗ്ഗത്തിൽ
വാഴും ദൂതരോടൊത്തിവരും
സ്തുതി ചെയ്തങ്ങയെ സാമോദം
വാഴ്ത്തിപ്പാടി വണങ്ങുന്നു.
ഇടയരുമൊത്തിവർ പാടുന്നു
ഭൂവിനു ശാന്തിഭവിക്കട്ടെ
കരുണപൊഴിക്കുക ഞങ്ങളിൽ നീ
കന്യാതനയാ, നീ ശരണം.
ഗായക II: സൂര്യൻ ഉണ്ടാകുന്നതിനുമുമ്പേ നിന്റെ നാമമുണ്ട്.
വിണ്ണിൻ മഹിമയിൽ നിന്നുലകിൽ....
ഗായക I: എല്ലാം സൃഷ്ടിച്ച ദൈവത്തിൽ ആദിമുതലേ
മറഞ്ഞിരിക്കുന്നവൻ.
വിണ്ണിൻ മഹിമയിൽ നിന്നുലകിൽ...
ഗായക I: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സർവ്വചരാചര രക്ഷകനേ,
മാനവനായ് നീ കനിവോടെ
അതിനാൽ ഭൂതലമഖിലം നിൻ
മഹിമ നിറഞ്ഞു കവിഞ്ഞല്ലോ.
രക്ഷകനാഥാ, ധരണിയിതിൽ
പാവനമാം നിൻ സ്ലീവായാൽ
മാനവരൊന്നായ് ചേരുകയിൽ
അജഗണമായി, തിരുസഭയായ്.
വാനവഗണവും മാനവരും
ആനന്ദത്താൽ നിറയുന്നു
സൃഷ്ടികളൊന്നായ് തിരുനാമം
ഉദ്ഘോഷിപ്പൂ സ്തുതിപാടി.
ഗായിക II: ആദ്യമുതൽ എന്നേക്കും, ആമ്മേൻ.
സർവ്വചരാചര രക്ഷകനേ...
കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ ഏകജാതന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഞങ്ങൾ സമർപ്പിക്കുന്ന ഈ സുഗന്ധദ്രവ്യം ആശീർവദിക്കണമേ. അങ്ങയുടെ തിരുകുമാരന്റെ മനുഷ്യാവതാര ഫലങ്ങൾ ഞങ്ങളിൽ സമൃദ്ധമാകുവാൻ കൃപ ചെയ്യണമേ, സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ
കാർമ്മി: പിതാവും പുത്രനും പരിശുദ്ധാവുമായ സർവ്വേശ്വരാ അങ്ങയുടെ ബഹുമാനത്തിനായി ഞങ്ങൾ സമർപ്പിക്കുന്ന ഈ ധൂപം അങ്ങയുടെ മഹനീയ ത്രിത്വത്തിന്റെ നാമത്തിൽ ആശീർവദിക്കപ്പെടട്ടെ. ഇത് അങ്ങയുടെ പ്രസാദത്തിനും അങ്ങയുടെ അജഗണത്തിന്റെ പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. എന്നേക്കും.
ശുശ്രൂ: ആമ്മേൻ.
ശുശ്രൂ: സമാധാനം നമ്മോടുകൂടെ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ സ്നേഹത്തിന്റെ പരിമളം ഞങ്ങളിൽ വീശുകയും അങ്ങയുടെ സത്യത്തിൻ്റെ ജ്ഞാനം ഞങ്ങളുടെ ആത്മാക്കളെ പ്രകാശിപ്പിക്കുകയും ചെയ്യുമ്പോൾ, സ്വർഗത്തിൽനിന്നു പ്രത്യക്ഷനാകുന്ന അങ്ങയുടെ തിരുകുമാരനെ സ്വീകരിക്കുവാൻ ഞങ്ങൾക്ക് ഇടയാകട്ടെ. സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നിൽക്കുന്ന സഭയിൽ നിരന്തരം അങ്ങയെ സ്തുതിക്കുവാനും മഹത്വപ്പെടുത്താനും ഞങ്ങൾ യോഗ്യരാകട്ടെ. എന്തുകൊണ്ടെന്നാൽ, അങ്ങ് എല്ലാറ്റിൻ്റെയും സൃഷ്ടാവാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ
ഗായക: സർവ്വാധിപനാം കർത്താവേ,
സമൂ: നിന്നെ വണങ്ങി നമിക്കുന്നു.
ഈശോ നാഥാ വിനയമോടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്യനു നിത്യമഹോന്നതമാ-
മുത്ഥാനം നീയരുളുന്നു
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
വചന വേദിയിലുള്ളവർ: ദൈവവചനം മാംസം ധരിച്ച്
നമ്മുടെ ഇടയിൽ വസിച്ചു.
സർവ്വാധിപനാം കർത്താവേ....
ഗായക, സമൂ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ആദ്യമുതൽ എന്നേക്കും, ആമ്മേൻ.
സർവ്വാധിപനാം കർത്താവേ...
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: എന്റെ കർത്താവേ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയർപ്പിക്കുന്നവനും, ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കാൻ കടപ്പെട്ടവരാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ
ശുശ്രൂ: ശബ്ദമുയർത്തിപ്പാടിടുവിൻ
സർവ്വരുമൊന്നായ് പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ,
വാഴ്ത്തിടുവിൻ.
ഗായക, സമൂ : പരിപാവനനാം സർവ്വേശാ,
പരിപാവനനാം ബലവാനേ,
പരിപാവനനാം അമർത്യനേ,
നിൻ കൃപ ഞങ്ങൾക്കേകണമേ.
വചനവേദിയിലുള്ളവർ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
പരിപാവനനാം സർവ്വേശാ....
ഗായക, സമൂ: ആദ്യമുതലേ എന്നേക്കും ആമ്മേൻ.
പരിപാവനനാം സർവ്വേശാ....
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനോത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ
സഹോദരരേ, നിങ്ങൾ ഇരുന്നു ശ്രദ്ധയോടെ കേൾക്കുവിൻ.
ഏശയ്യായുടെ പുസ്തകത്തിൽ നിന്നുള്ള വായന (7:10-16; 9:1-3, 6-7)
കർത്താവ് വീണ്ടും ആഹാസിനോട് അരുൾച്ചെയ്തു: നിന്റെ ദൈവമായ കർത്താവിൽനിന്ന് ഒരടയാളം ആവശ്യപ്പെടുക; അതു പാതാളംപോലെ ആഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ. ആഹാസ് പ്രതിവജിച്ചു: ഞാൻ ഇത് ആവശ്യപ്പെടുകയോ, കർത്താവിനെ പരീക്ഷിക്കുകയോ ഇല്ല. അപ്പോൾ ഏശയ്യ പറഞ്ഞു: ദാവീദിന്റെ ഭവനമേ, ശ്രദ്ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ എന്റെ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത്? അതിനാൽ കർത്താവു തന്നെ നിനക്ക് അടയാളം തരും. യുവതി ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും. തിന്മ ത്യജിക്കാനും നന്മ സ്വീകരിക്കാനും പ്രായമാകുമ്പോൾ ബാലൻ തൈരും തേനും ഭക്ഷിക്കും. നന്മതിന്മകൾ തിരിച്ചറിയാൻ ആ ബാലനു പ്രായമാകുന്നതിനു മുൻപ് നിങ്ങൾ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യങ്ങൾ നിർജനമാകും.
എന്നാൽ, ദുഃഖത്തിലാണ്ടു പോയവളുടെ അന്ധകാരം നീങ്ങിപ്പോകും. ആദ്യകാലങ്ങളിൽ സെബുലൂണിന്റെയും നഫ്താലിയുടെയും ദേശങ്ങളെ അവിടുന്ന് നിന്ദനത്തിന് ഇരയാക്കി. എന്നാൽ, അവസാനനാളുകളിൽ സമുദ്രത്തിലേക്കുള്ള പാതയെ, ജോർദാനക്കരെയുള്ള ദേശത്തെ, ജനതകളുടെ ഗലീലിയെ അവിടുന്ന് മഹത്വപൂർണമാക്കും. അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു. അങ്ങ് ജനതയെ വർധിപ്പിച്ചു; അവർക്ക് അത്യധികമായ ആനന്ദം നൽകി. വിളവെടുപ്പിൽ സന്തോഷിക്കുന്നവരെപ്പോലെയും കവർച്ച വസ്തു പങ്കുവയ്ക്കുമ്പോൾ ആനന്ദിക്കുന്നവരെപ്പോലെയും അവർ അങ്ങയുടെ മുമ്പിൽ ആഹ്ലാദിക്കുന്നു.
എന്തെന്നാൽ, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധർമ്മത്തിലും എന്നേക്കും അത് സ്ഥാപിച്ചു പരിപാലിക്കാൻ തന്നെ സൈന്യങ്ങളുടെ കർത്താവിന്റെ തീഷ്ണത ഇതു നിറവേറ്റും.
സമൂ: ദൈവമായ കർത്താവിനു സ്തുതി
സഹോദരരേ, നിങ്ങൾ ശ്രദ്ധയോടെ കേൾക്കുവിൻ.
മിഖായുടെ പുസ്തകത്തിൽ നിന്നുള്ള വായന (4:1-3, 5:2-5, 8-9)
അന്തിമനാളുകളിൽ കർത്താവിന്റെ ആലയം സ്ഥിതിചെയ്യുന്ന മല ഗിരീശൃംഗങ്ങൾക്കു മുകളിൽ സ്ഥാപിക്കപ്പെടും; കുന്നുകൾക്ക് മുകളിൽ ഉയർത്തപ്പെടും. ജനതകൾ അവിടേക്കു പ്രവഹിക്കും. വരുവിൻ, നമ്മുടെ കർത്താവിന്റെ ഗിരിയിലേക്ക്, യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്ക് പോകാം, അവിടുന്ന് തന്റെ മാർഗ്ഗങ്ങൾ നമ്മെ പഠിപ്പിക്കും, നമുക്ക് അവിടുത്തെ വഴികളിലൂടെ നടക്കാം എന്നു പറഞ്ഞുകൊണ്ട് അനേകം ജനതകൾ വരും. സിയോനില്‍ നിന്നു നിയമവും ജെറുസലേമിൽനിന്നു കർത്താവിന്റെ വചനവും പുറപ്പെടും. അവിടുന്ന് അനേകം ജനതകൾക്കിടയിൽ ന്യായം വിധിക്കും. വിദൂരസ്ഥലമായ പ്രബല രാജ്യങ്ങൾക്ക് അവിടുന്ന് വിധിയാളനായിരിക്കും. അവർ തങ്ങളുടെ വാളുകൾ കൊഴുവായും കുന്തങ്ങൾ വാക്കത്തിയായും രൂപാന്തരപ്പെടുത്തും. ജനം ജനത്തിനെതിരെ വാൾ ഉയർത്തുകയില്ല. അവർ മേലിൽ യുദ്ധം അഭ്യസിക്കുകയില്ല.
ബേത്ലെഹെം- എഫ്രാത്താ, യൂദാഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽനിന്നു പുറപ്പെടും; അവൻ പണ്ടേ, യുഗങ്ങൾക്കു മുൻപേ, ഉള്ളവനാണ്. അതിനാൽ ഈറ്റുനോവെടുത്തവൾ പ്രസവിക്കുന്നതുവരെ അവൻ അവരെ പരിത്യജിക്കും. പിന്നീട്, അവന്റെ സഹോദരരിൽ അവശേഷിക്കുന്നവൻ ഇസ്രായേൽ ജനത്തിലേക്കു മടങ്ങിവരും. കർത്താവിന്റെ ശക്തിയോടെ തന്റെ ദൈവമായ കർത്താവിന്റെ മഹത്വത്തോടെ, അവൻ വന്ന് തന്റെ ആടുകളെ മേയ്ക്കും. ഭൂമിയുടെ അതിർത്തിയോളം അവൻ പ്രതാപവാനാകയാൽ അവർ സുരക്ഷിതരായി വസിക്കും. അവൻ നമ്മുടെ സമാധാനമായിരിക്കും. ആസ്സീറിയാ നമ്മുടെ നാട് ആക്രമിക്കുകയും നമ്മുടെ മണ്ണിൽ കാലുകുത്തുകയും ചെയ്യുമ്പോൾ നാം അവനെതിരെ ഏഴ് ഇടന്മാരെയും എട്ടു പ്രഭുക്കന്മാരെയും അണിനിരത്തും.
യാക്കോബിന്റെ ഭവനത്തിൽ അവശേഷിക്കുന്നവർ ജനതകൾക്കിടയിൽ, അനേകം ജനതകൾക്കിടയിൽ, വന്യമൃഗങ്ങൾക്കിടയിൽ, സിംഹത്തെപ്പോലെയും ആട്ടിൻപറ്റത്തിൽ യുവസിംഹത്തെപ്പോലെയും ആയിരിക്കും. അത് ചവിട്ടിമെതിച്ചും ചീന്തിക്കീറിയും നടക്കും. രക്ഷിക്കാനാരും ഉണ്ടാവുകയില്ല. പ്രതിയോഗികളുടെ മീതേ നിന്റെ കരം ഉയർന്നു നിൽക്കും. നിന്റെ സർവ്വ ശത്രുക്കളും വിച്ഛേദിക്കപ്പെടും. ദൈവമായ കർത്താവ് അരുളിചെയ്യുന്നു.
സമൂ: ദൈവമായ കർത്താവിനു സ്തുതി.
ശുശ്രൂ: പ്രകീർത്തനം ആലപിക്കുവാനായി നിങ്ങൾ എഴുന്നേൽക്കുവിൻ
( ശൂറായ)
(രീതി അംബരമനവരതം....)
കാർമ്മി: സർവ്വചരാചരവും
ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു
ആത്മീയതയാൽ മധുരതമാം
ഗീതികളാലെ മിശിഹാതൻ
തിരുജനനത്തെ കീർത്തിക്കാം
ഹല്ലേലൂയാ പാടിടാം
വാഴ്ത്തീടാം നിത്യം തിരുനാമം.
ശുശ്രൂ II: തൻ മഹിമാവല്ലോ
വാനിലുമൂഴിയിലും
തിങ്ങിവിളങ്ങുന്നു.
സമൂ: ആത്മീയതയാൽ മധുരിതമാം.....
ശുശ്രൂ I: ജനതകൾ അവിടുത്തെ
മഹിമകൾ പാടുന്നു
താണുവണങ്ങുന്നു.
സമൂ: ആത്മീയതയാൽ മധുരിതമാം...
കാർമ്മി: നിത്യ പിതാവിനും
സുതനും റൂഹായ്ക്കും
സ്തുതിയുണ്ടാകട്ടെ.
സമൂ: ആത്മീയയാൽ മധുരിതമാം...
ശുശ്രൂ II: ആദിയിലെപ്പോലെ
ഇപ്പോഴുമെപ്പോഴും
എന്നേക്കും ആമ്മേൻ.
സമൂ: ആത്മീയതയാൽ മധുരിതമാം ...
ശുശ്രൂ: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.
നമുക്ക് പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവിതായകവും ദൈവികവുമായ കൽപ്പനകളുടെ മധുരസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി ആത്മ ശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വര എന്നേക്കും.
സമൂ: ആമ്മേൻ
സഹോദരരേ, പൗലോസ് ശ്ലീഹാ
ഗലാത്തിയക്കാർക്ക് എഴുതിയ ലേഖനം(3:15-4:6)
സഹോദരരേ, മനുഷ്യസാധാരണമായ ഒരു ഉദാഹരണം പറഞ്ഞാൽ, ഒരുവന്റെ ഉടമ്പടി ഒരിക്കൽ സ്ഥിതീകരിച്ചതിനുശേഷം ആരും അത് അസാധുവാക്കുകയോ, അതിൽ എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ ചെയ്യാറില്ല. വാഗ്ദാനങ്ങൾ ലഭിച്ചത് അബ്രാഹത്തിനും അവന്റെ സന്തതിക്കുമായിട്ടാണ്. പലരെ ഉദ്ദേശിച്ച് സന്തതികൾക്ക് എന്ന് അതിൽ പറഞ്ഞിട്ടില്ല; പ്രത്യുത ഒരുവനെ ഉദ്ദേശിച്ച് നിന്റെ സന്തതിക്ക് എന്നാണ് പറഞ്ഞിരിക്കുന്നത്. അത് ക്രിസ്തുവിനെ ഉദ്ദേശിച്ചാണ്. ഞാൻ പറയുന്നത് ഇതാണ്: നാനൂറ്റി മുപ്പതു വർഷങ്ങൾക്കുശേഷം നിലവിൽ വന്ന നിയമം ദൈവം പണ്ടു തന്നെ സ്ഥിരീകരിച്ച ഉടമ്പടിയെ, വാഗ്ദാനത്തെ, നീക്കിക്കളയത്തക്കവിധം അസാധുവാക്കുകയില്ല. എന്തെന്നാൽ, പാരമ്പര്യാവകാശം നിയമത്തിൽ നിന്നാണു ലഭിക്കുന്നതെങ്കിൽ അത് ഒരിക്കലും വാഗ്ദാനത്തിൽ നിന്നായിരിക്കുകയില്ല. എന്നാൽ, ദൈവം അബ്രാഹത്തിന് അതു നൽകിയതു വാഗ്ദാനം വഴിയാണ്. പിന്നെയെന്തിനാണ് നിയമം? വാഗ്ദാനം സിദ്ധിച്ചവനു സന്തതി ലഭിക്കുന്നതുവരെ പാപങ്ങൾ നിമിത്തം നിയമം നൽകപ്പെട്ടു. ദൈവദൂതന്മാർ വഴി ഒരു മധ്യവർത്തിയിലൂടെ അതു വിളംബരം ചെയ്യപ്പെട്ടു. ഒന്നിൽക്കൂടുതൽ പേരുണ്ടെങ്കിലേ മധ്യവർത്തി വേണ്ടൂ; എന്നാൽ ദൈവം ഏകനാണ്.
അങ്ങനെയെങ്കിൽ നിയമം ദൈവത്തിന്റെ വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണോ? ഒരിക്കലുമില്ല. എന്തെന്നാൽ, ജീവദായകമായ ഒരു നിയമം നിലവിലുണ്ടായിരുന്നെങ്കിൽ നീതി തീർച്ചയായും ആ നിയമം വഴി ഉണ്ടാകുമായിരുന്നു. എന്നാൽ, യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി വിശ്വാസികൾ വാഗ്ദാനം പ്രാപിക്കേണ്ടതിന് എല്ലാവരും പാപത്തിനധീനരാണെന്ന് വിശുദ്ധ ഗ്രന്ഥം പ്രഖ്യാപിച്ചു. വിശ്വാസം ആവിർഭവിക്കുന്നതിന്മുമ്പ് നമ്മൾ നിയമത്തിന്റെ കാവലിലായിരുന്നു. വിശ്വാസം വെളിപ്പെടുന്നതുവരെ നിയന്ത്രണണാധീനരായി കഴിയുകയും ചെയ്തു.
തൻനിമിത്തം നമ്മൾ വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്, ക്രിസ്തുവിന്റെ ആഗമനംവരെ നിയമം നമ്മുടെ പാലകനായിരുന്നു. ഇപ്പോഴാകട്ടെ, വിശ്വാസം സമാഗതമായ നിലയ്ക്ക് നമ്മൾ പാലകന് അധീനരല്ല.
യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണ്. ക്രിസ്തുവിനോട് ഐക്യപ്പെടാൻവേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വാതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവിൽ ഒന്നാണ്. നിങ്ങൾ ക്രിസ്തുവിനുള്ളവരാണെങ്കിൽ, അബ്രഹത്തിന്റെ സന്തതികളാണ്; വാഗ്ദാനമനുസരിച്ചുള്ള അവകാശികളുമാണ്.
ഇതാണ് ഞാൻ വിവക്ഷിക്കുന്നത്; പിന്തുടർച്ചാവകാശി വസ്തുവിന്റെ ഉടമയാണെന്നിരിക്കലും, ബാലനായിരിക്കുന്നിടത്തോളംകാലം അടിമയിൽ നിന്നു വിഭിന്നനല്ല. പിതാവ് നിശ്ചയിച്ച കാലാവധിവരെ അവൻ രക്ഷകർത്താക്കളുടെയും കാര്യസ്ഥൻമാരുടെയും സംരക്ഷണത്തിലായിരിക്കും. നമ്മുടെ കാര്യവും ഇതുപോലെതന്നെ; നമ്മൾ ശിശുക്കളായിരുന്നപ്പോൾ പ്രകൃതിയുടെ ശക്തികൾക്ക് അടിമപ്പെട്ടിരുന്നു. എന്നാൽ, കാലസമ്പൂർണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ അയച്ചു. അവൻ സ്ത്രീയിൽനിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു. അങ്ങനെ, നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവൻ നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കി. നിങ്ങൾ മക്കളായതുകൊണ്ട് ആബ്ബാ! - പിതാവേ! എന്നു വിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു.
സാമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.
കാർമ്മി: എന്റെ കർത്താവേ, പാപിനിയായ മറിയം നിന്റെ ശിരസ്സിൽ സുഗന്ധതൈലം പൂശിയപ്പോൾ നിന്നിൽനിന്നു പ്രസരിച്ച ഹൃദ്യമായ പരിമളം ഈ ധൂപത്തോടുകൂടെ കലരുമാറാകട്ടെ. നിന്റെ ബഹുമാനത്തിനും ഞങ്ങളുടെ കടങ്ങളുടെയും പാപങ്ങളുടെയും മോചനത്തിനുമായി ഈ ധൂപം ഞങ്ങൾ സമർപ്പിക്കുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.
ശുശ്രൂ: ആമ്മേൻ.
ശുശ്രൂ: ഹല്ലേലൂയ്യാ(3)
( സുമാറ )
(രീതി :ഹല്ലേലൂയ്യാ പാടിടുന്നേൻ.... )
ഹല്ലേലൂയ്യാ പാടാമൊന്നായ്
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
കർത്താവരുൾചെയ്തെന്നോടേവം
നീയല്ലോ മമ വത്സലപുത്രൻ
ഞാനിന്നേകി നിനക്കായ് ജന്മം,
ചോദിക്കുക നീയെന്നോടെന്തും.
ധരയുടെയതിരുകൾ നിൻ കീഴാകും
ജനതകളഖിലം നിന്നവകാശം.
താതനുമതുപോൽസുതനും
പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ.
ആദ്യമുതല്ക്കേയിന്നും നിത്യവുമായി
ഭവിച്ചിടട്ടെ, ആമ്മേൻ.
ഹല്ലേലൂയ്യാ പാടാമൊന്നായ്
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.
ശുശ്രൂ: നമുക്കു ശ്രദ്ധാപൂർവ്വംനിന്നു പരിശുദ്ധ സുവിശേഷം ശ്രവിക്കാം.
കാർമ്മി: സമാധാനം നിങ്ങളോടുകൂടെ.
സമൂ: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.
കാർമ്മി: വി. ലൂക്കാ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം. (2:1-10)
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി
അക്കാലത്ത് ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേർക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറിൽനിന്ന് കൽപ്പന പുറപ്പെട്ടു. ക്വിരിനിയോസ് സിറിയായിൽ ദേശാധിപതി ആയിരിക്കുമ്പോൾ ആദ്യത്തെ ഈ പേരേഴുത്തു നടന്നു. പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്കു പോയി. ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാൽ, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തിൽനിന്നു യൂദായായിൽ ദാവീദിന്റെ പട്ടണമായ ബേത്ലെഹെമിലേക്ക് ഗർഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി. അവിടെ ആയിരിക്കുമ്പോൾ അവൾക്ക് പ്രസവസമയമടുത്തു. അവൾ തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല.
ആ പ്രദേശത്തെ വയലുകളിൽ, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാർ ഉണ്ടായിരുന്നു. കർത്താവിന്റെ ദൂതൻ അവരുടെ അടുത്തെത്തി. കർത്താവിന്റെ മഹത്വം ആരുടെമേൽ പ്രകാശിച്ചു. അവർ വളരെ ഭയപ്പെട്ടു. ദൂതൻ അവരോട് പറഞ്ഞു: ഭയപ്പെടേണ്ട. ഇതാ സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു.
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.
(രീതി: പുലരിയിൽ നിദ്ര ഉണർന്നങ്ങേ....)
ആട്ടിടയന്മാർ മൊഴിയുകയായ്;
പോകാൻ ബെസ്ലേം നഗരത്തിൽ
കാണാം, വാനവദൂതന്മാർ
ചൊന്ന മഹാത്ഭുതമിന്നവിടെ.
പോകുകയായവരതിവേഗം
കണ്ടു ദൈവകുമാരകനെ
കേവലമൊരു ചെറു പുൽക്കൂട്ടിൽ;
ജനനിയുമരികിൽ യൗസേപ്പും.
അറിയിക്കുകയായവരെല്ലാം
അത്ഭുതസംഭവമൊന്നൊന്നായ്
അഖിലരെയും, സ്തുതിഗീതികളാൽ
അതുലമഹേശനെ വാഴ്ത്തുകയായ്.
ഏറ്റുപറഞ്ഞു നമിക്കുന്നു
ഞങ്ങൾ മിശിഹാ കർത്താവേ,
ദൈവികസത്തയുമതുപോലെ
മാനുഷസത്തയുമൊത്തങ്ങിൽ.
വിജ്ഞാപനം: അന്ധകാരത്തിൽ വസിച്ചിരുന്ന മനുഷ്യർക്ക് പ്രകാശമായിട്ടാണ് മിശിഹാ ലോകത്തിൽ അവതരിച്ചത്. പഴയ നിയമത്തിൽ എരിയുന്ന മുൾപടർപ്പിൽ പ്രത്യക്ഷനായി ദൈവം മോശയെ വിമോചനത്തിൻ്റെ സദ്വാർത്ത അറിയിച്ചു. രക്ഷകന്റെ ആഗമനം എല്ലാ ബന്ധനങ്ങളിൽനിന്നും മനുഷ്യവംശത്തെ മോചിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. മനുഷ്യരെ തമ്മിൽത്തമ്മിലും ദൈവവുമായും അനുരഞ്ജിപ്പിക്കുന്ന മധ്യസ്ഥനാണ് മിശിഹാ. പാപാന്ധകാരത്തെ ഇല്ലാതാക്കുന്ന പ്രകാശമായിട്ടാണ് അവിടുന്ന് ബെത്ലെഹെമിൽ ജനിച്ചതെന്ന സത്യമാണ് തീയുഴൽച്ച ശുശ്രൂഷയിലൂടെ സഭ നമ്മെ അനുസ്മരിപ്പിക്കുന്നത്. നമ്മുക്ക് തീയുഴൽച്ചയ്ക്കായ് സജ്ജമാക്കിയിരിക്കുന്ന സ്ഥലത്തേക്കു പോകാം.
വിജ്ഞാപനത്തിനു ശേഷം കാർമ്മികൻ ഉണ്ണിയീശോയുടെ രൂപം വഹിച്ചുകൊണ്ട് തീയുഴൽച്ചയ്ക്കായ് ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്കു പോകുന്നു. തത്സമയം താഴെക്കാണുന്ന ഗീതം ആലപിക്കുന്നു. എല്ലാവരും ദേവാലയത്തിൽനിന്ന് പുറത്തേക്കിറങ്ങുന്നു.
(രീതി: അവനീപതിയാം)
ആരാധിക്കാം ദൈവകുമാരാ,
ആദി പിതാവിൻ വത്സല പുത്രാ!
ആദ്യമുതൽക്കേ വിനയാന്വിതനായ്
തന്നിൽ മറഞ്ഞു വസിച്ചൊരു നാഥാ!
താതനുസമനും തന്നുടെ സാത്താ-
ച്ഛയയുമാകും ദൈവകുമാരാ,
വാഴ്ത്താമങ്ങയെ നിത്യം താവക
സ്നേഹമഹത്ത്വം കീർത്തിച്ചീടാം.
തിരുവചനം നീ ദാസനുസമനായ്
ശൂന്യതയാക്കീ സ്വയമേമന്നിൽ !
തനയൻവഴിയായ് നമ്മോടെന്നും
സംഭാഷിക്കും താതനെ വാഴ്ത്താം.
ഇടയരൊടൊപ്പം ഞങ്ങളുമങ്ങേ
ദർശിക്കട്ടെ കാലിക്കൂട്ടിൽ
ജ്ഞാനികളൊപ്പം ഞങ്ങളുമങ്ങേ-
ക്കർപ്പിക്കട്ടെ കാഴ്ചകളെല്ലാം.
അല്ലെങ്കിൽ)
(രീതി: പുലരിയിൽ നിദ്ര...)
ആരാധിക്കാം സന്നിധിയിൽ
ആദിപിതാവിൻ പ്രിയസൂനോ,
താതനിലങ്ങു വസിച്ചല്ലോ
ആദിമുതൽക്കേ വിനയമോടേ.
താതനു സമനാണങ്ങെന്നും
സത്തയിലൊന്നാണതുപോലെ,
വാഴ്ത്താമങ്ങയെ സാമോദം
സ്നേഹമഹത്ത്വം കീർത്തിക്കാം.
ദാസനു സമനായ്ത്തീർന്നു നീ
മാനവരൂപമെടുക്കുകയാൽ,
പുത്രൻ വഴിയായ് ഭാഷിപ്പൂ
നരരോടെന്നും സകലേശൻ.
ഇടയരോടൊപ്പം പുൽക്കൂടിലിൽ
ഞങ്ങളുമങ്ങയെ വാഴ്ത്തട്ടെ
ജ്ഞാനികളൊപ്പം കാൽത്താരിൽ
തിരുമുൽക്കാഴ്ചയണയ്ക്കട്ടെ.
കാർമ്മി: എരിയുന്ന മുൾപ്പടർപ്പിൽ മോശയ്ക്കു പ്രത്യക്ഷനായ ദൈവമേ, പാവമാലിന്യങ്ങളിൽനിന്ന് ഞങ്ങളെ ശുദ്ധീകരിക്കണമേ. കാലത്തിന്റെ പൂർണ്ണതയിൽ, ലോകത്തിന്റെ പ്രകാശമായി കന്യകയിൽനിന്ന് ജാതനായ അങ്ങയുടെ തിരുകുമാരന്റെ ജനനത്തിരുനാളിൽ സന്തോഷിക്കുന്ന ഞങ്ങളെ പ്രകാശത്തിന്റെ മാർഗ്ഗത്തിലൂടെ നയിക്കണമേ. നിത്യപ്രകാശമായ അങ്ങയുടെ പ്രമാണങ്ങളിൽ വ്യാപരിക്കുവാനും ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി ജീവിക്കുവാനും ഞങ്ങളെ സഹായിക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
തുടർന്ന് കാർമ്മികൻ കുഴിയുടെ മൂന്നു കോണുകളിലും തീ കൊളുത്തുന്നു. തീ കൊളുത്തുന്ന ഓരോ പ്രാവശ്യവും "അത്യുന്നതമാം സ്വർല്ലോകത്തിൽ സർവ്വേശ്വരനു സ്തുതിഗീതം" എന്നു പാടുന്നു. സമൂഹം "ഭൂമിയിലെങ്ങും മർത്യനുശാന്തി, പ്രത്യാശയുമെന്നേക്കും" എന്ന് പാടുന്നു.
കാർമ്മി: (ആശീർവ്വദിച്ച കുന്തുരുക്കത്തിന്റെ ഏതാനും തരികൾ തീയിൽ ഇട്ടുകൊണ്ട് ചൊല്ലുന്നു)
കർത്താവായ മിശിഹായെ, ഞങ്ങൾ സമർപ്പിക്കുന്ന ഈ ധൂപം നിന്റെ പക്കലേക്കുയരട്ടെ. ഇതു നിന്നിൽനിന്ന് കൃപയും അനുഗ്രഹവും സമൃദ്ധമായി ലഭിക്കുവാൻ ഞങ്ങൾക്കു കാരണമാവുകയും ചെയ്യട്ടെ.
സമൂ: ആമ്മേൻ
ആരതിയേകി നമിക്കുന്നു നായകാ,
ദീപവും ധൂപവും പുഷ്പവും വച്ചു ഞാൻ.
വന്നു വസിക്കേണമെന്നുള്ളിലീശ്വരാ,
എന്നുടെ ജീവന്റെ ജീവനായെൻ പ്രഭോ.
ആത്മശരീരവും സിദ്ധികളൊക്കെയും
ആത്മനാഥാ, നിനക്കർപ്പണം ചെയ്വൂ ഞാൻ.
സൃഷ്ടിതൻ ചൈതന്യമായ് വിളങ്ങും പ്രഭോ
നിൻ പ്രഭയെന്നിൽ നിറയ്ക്കുക ചിന്മയാ.
ആരതിയേകി....
(1)
ഉണ്ണി പിറന്നു ബെസ്ലഹമിൽ
വന്ദനമരുളാൻ വന്നിടുവിൽ
നിർമ്മലമോദമലിഞ്ഞൊഴുകും
മംഗളഗാനം പാടിടുവിൻ.
ഉണ്ണി പിറന്നു...
പാതിരാവിൻ പനിനീരിൽ
പൂനിലാവിൻ പുഞ്ചിരിയിൽ
നീലവാനിലെ സുരദീപം
താണിറങ്ങി വരുന്നുലകിൽ
ഉണ്ണി പിറന്നു....
വിണ്ണിലീശനു കീർത്തനവും
മന്നിൽ മാനവനാശകളും
നേർന്നു വാനവദൂതന്മാർ
ചേർന്നു ഗീതികൾ പാടുന്നു.
ഉണ്ണി പിറന്നു.....
നവ്യതാരമുദിക്കുന്നു
നവ്യകാന്തി പരക്കുന്നു.
നാഥനർച്ചന ചെയ്തിടുവാൻ
നാടുവാഴികളണയുന്നു.
ഉണ്ണി പിറന്നു...
അർത്തരായ് നരരക്ഷകനെ
കാത്തുകാത്തു കഴിക്കുമ്പോൾ
പാർത്തലത്തിനു പൂംപുളകം
ചാർത്തിയെത്തിയ സന്ദേശം.
ഉണ്ണി പിറന്നു....
(2)
മാനവനായൊരു ദൈവകുമാരനെ
വാഴ്ത്തിപ്പാടുക നാമൊന്നായ്.
വിണ്ണിൽനിന്നീ മണ്ണിൽ വന്നോ-
രുണ്ണിയെ വാഴ്ത്തുക നാമൊന്നായ്.
വാനിൽനിന്നൊരു മാലാഖ
മറിയാംബികതൻ സന്നിധിയിൽ
വിനയമൊടെത്തിയുണർത്തിച്ചു
ദൈവത്തിൻ തിരുസന്ദേശം.
മാനവനായൊരു.....
മറിയത്തിൻ തിരുവുദരത്തിൽ
പരമോന്നതനന്നുരുവായി
മൃതിയുടെ നിഴലിലമർന്നോർക്കായ്
പുതിയൊരു ദീപ്തി പരന്നൊഴുകി.
മാനവനായൊരു...
കാലത്തിൻ പരിപൂർണ്ണതയിൽ
കാലിക്കൂട്ടിനുള്ളറയിൽ
പിള്ളക്കച്ച പുതച്ചീശൻ
പള്ളിയുറങ്ങി ശാന്തതയിൽ.
മാനവനായൊരു...
ഉണ്ണീ, നിൻതിരുവവതാരം
മന്നിതിനാശപകർന്നരുളി
വിണ്ണിൻ വാനവ ഗീതങ്ങൾ
പൂർണ്ണതയോടെ മുഴങ്ങുകയായ്.
മാനവനായൊരു.....
നാഥാ, നിന്നുടെയാഗമനം
കാത്തുവസിച്ചു പൂർവന്മാർ
അവരുടെ നയനം കണ്ടില്ല
തിരുവവതാരമഹത്ത്വങ്ങൾ
മാനവനായൊരു.....
മരിയാംബികയിൽനിന്നിപ്പോൾ
പുതിയൊരു സൂര്യനുദിക്കുകയാൽ
അതിനുടെ കാന്തിക്കതിരുകളാൽ
ഇരുളിൽ കോട്ട തകർന്നല്ലോ.
മാനവനായൊരു....
ദാവീദിൻ തിരുനഗരത്തിൽ
രക്ഷകനിന്നു പിറക്കുകയാല്‍
അജപാലന്മാരൊത്തങ്ങേ
ആരാധിച്ചു വണങ്ങുക നാം.
മാനവനായൊരു...
അഴകിൻ താരമുദിച്ചപ്പോൾ
കിഴക്കുനിന്നാ രാജാക്കൾ
ഉടയവനേ, നിൻ സന്നിധിയിൽ
ഉപഹാരവുമായെത്തുകയായ്.
മാനവനായൊരു...
മരണത്തിന്റെയുറക്കത്തിൽ
മരുവിയ മാനവവംശത്തെ
വിളിച്ചുണർത്തിയ രാജാവേ,
വിജയം താവകമാണല്ലോ
മാനവനായൊരു...
പാപത്തിന്നിരുൾ മായിക്കാൻ
പാരിനു രക്ഷ പകർന്നേകാൻ
തിരുവവതാരം ചെയ്തവനെ
നലമൊടു വാഴ്ത്തിപ്പാടുക നാം.
മാനവനായൊരു....
ആദിപിതാവിൻ പാപത്താൽ
അടഞ്ഞ സ്വർഗകവാടങ്ങൾ
വന്നു തുറന്നൊരു രക്ഷകനെ
വാഴ്ത്തിപ്പാടി നമിക്കുക നാം.
മാനവനായൊരു....
(3)
കീർത്തനമങ്ങേക്കെന്നെന്നും
കർത്താവേ, നരരക്ഷകനേ
കന്യാസുതനായ് ജാതൻ നീ
കാലത്തികവിൽ ബേദ്ലെഹെമിൽ.
എന്നെന്നും സ്തുതിയങ്ങേക്കായ്
എമ്മാനുവേലാം തിരുനാഥ!
ഉരുവായ് പരിശുദ്ധാത്മാവാൽ
ഉലകിൻ പാപ വിമോചകനായ്.
കണ്ടൂ പാവനത്രിത്വത്തിൻ
രണ്ടാമാളാമങ്ങുവഴി
രക്ഷണമുലകിൽ, മഹിമകളാൽ
രാജിതരാകും മിശിഹാ നീ.
സൃഷ്ടികളെല്ലാം നാഥാ, നിൻ
സ്നേഹ മഹത്ത്വം കീർത്തിപ്പൂ
നിത്യാനുഗ്രഹദായകമീ
നിന്നുടെയാഗമമീ മഹിമയിൽ.
മാലാഖമാരണിയണിയായ്
മാനവ രക്ഷകനങ്ങേക്കായ്
സ്തുതിഗീതങ്ങൾ പാടുന്നൂ
സ്വർഗ്ഗഗണങ്ങളുമൊരുപോലെ.
ധന്യതനിറയും മാതാവാം
കന്യകജന്മം നല്കുകയാല്‍
കന്യാസുതനായ്ത്തീർന്നൂ നീ
ധ്വനിപ്പൂ നിൻ മാഹാത്മ്യം.
പാപികളാകും ഞങ്ങൾക്കായ്
പാരിൽ രക്ഷണമേകിടുവാൻ
വന്നു പിറന്നൊരു തിരുസൂനോ,
വാഴ്ത്തി നമിക്കാമെന്നെന്നും.
പ്രഘോഷണ പ്രാർത്ഥനകൾ (കാറോസൂസാ)
ശുശ്രൂ: നമുക്കെല്ലാവർക്കും സന്തോഷത്തോടും ഭക്തിയോടുംകൂടെ നിന്ന് മനുഷ്യനായി പിറന്ന മിശിഹായെ ധ്യാനിച്ചുകൊണ്ട് 'ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു' എന്ന് ഏറ്റുപറയാം.
സമൂ: ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.
ശുശ്രൂ: വിനീതരായ ആട്ടിടയരെയും വിജ്ഞാനികളായ ശാസ്ത്രജ്ഞരെയും ദിവ്യശിശുവിന്റെ സവിധത്തിലേക്കു നയിച്ച ദൈവമേ,
സമൂ: ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.
ശുശ്രൂ: തന്റെ തിരുകുമാരന്റെ മനുഷ്യാവതാരം വഴി എളിമയുടെയും ദാരിദ്ര്യത്തിന്റെയും മാതൃക കാട്ടുകയും സമാധാനവും പ്രത്യാശയും നല്കി ലോകത്തെ അനുഗ്രഹിക്കുകയും ചെയ്ത ദൈവമേ,
സമൂ: ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.
ശുശ്രൂ: പാപം മൂലം അടയ്ക്കപ്പെട്ട പറുദീസയുടെ വാതിൽ തുറന്നു തരുന്നതിനും മനുഷ്യ ശരീരമെടുത്ത് ഞങ്ങളുടെ പാപങ്ങൾക്ക് പരിഹാരം ചെയ്യുന്നതിനും അങ്ങയുടെ പ്രിയസുതനെ അയച്ച ദൈവമേ,
സമൂ: ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.
ശുശ്രൂ: തന്റെ ഏകജാതനിൽ വിശ്വസിക്കുന്ന ഏവരും നശിച്ചു പോകാതെ അവർക്കു നിത്യജീവനുണ്ടാകേണ്ടതിന് അവനെ നല്കുവാൻ തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ച ദൈവമേ,
സമൂ: ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.
ശുശ്രൂ: ദാസന്റെ വേഷം ധരിച്ചു കാലിത്തൊഴുത്തിൽപിറന്ന ദിവ്യ സുതൻവഴി പതിതരെയും പാവപ്പെട്ടവരെയും തന്നിലേക്കടുപ്പിച്ച ദൈവമേ.
സമൂ: ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.
ശുശ്രൂ: മനുഷ്യാവതാരം വഴി ഞങ്ങളുടെ നിത്യ പുരോഹിതനായ മിശിഹായേ, ഞങ്ങളുടെ പരിശുദ്ധ പിതാവ് മാർ (പേര്) പാപ്പയെയും, ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ (പേര്) മെത്രാപ്പോലീത്തയെയും / ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ(പേര് )മെത്രാപ്പോലീത്തയെയും/ ഞങ്ങളുടെ പിതാവും രൂപതാധ്യക്ഷനായ മാർ (പേര്)മെത്രാനെയും മറ്റെല്ലാ മെത്രാന്മാരെയും ആത്മീയ നന്മകൾ നൽകി അനുഗ്രഹിക്കുന്ന ദൈവമേ,
സമൂ: ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.
ശുശ്രൂ: നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.
സമൂ: ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേക്കു ഞങ്ങൾ സമർപ്പിക്കുന്നു.
കാർമ്മി: കർത്താവായ ദൈവമേ, ദൈവികജീവനിൽ പങ്കുകാരാക്കുവാൻ അങ്ങയുടെ തിരുകുമാരനെ ഞങ്ങൾക്കു നൽകിയതിന് അങ്ങേക്കു ഞങ്ങൾ നന്ദി പറയുന്നു. നിത്യകന്യകയായ മറിയത്തോടും നീതിമാനായ യൗസേപ്പിനോടും വിനീതരായ ആട്ടിടയന്മാരോടുംകൂടി ഞങ്ങളും ദിവ്യപൈതലിനെ സ്വീകരിച്ച് ആരാധിക്കുന്നു. ദൈവമക്കൾക്ക് ഉചിതമായ ജീവിതം നയിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. മനുഷ്യാവതാരത്താൽ ധന്യരായ ഞങ്ങളുടെ ചിന്തയിലും പ്രവർത്തിയിലും മിശിഹാ അവതീർണ്ണനാകുവാൻ അനുഗ്രഹിക്കുകയും ചെയ്യണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ
ശുശ്രൂ: കർത്താവേ, ആശീർവദിക്കണമേ, സഹോദരരേ നിങ്ങൾ കൈവയ്പിനായി തലകുനിക്കുകയും ആശീർവാദം സ്വീകരിക്കുകയും ചെയ്യുവിൻ.
കാർമ്മി: കർത്താവേ, ശക്തനായ ദൈവമേ, അങ്ങയുടെ അഭിഷിക്തൻ കഠിനമായ പീഡകളനുഭവിച്ചു വീണ്ടെടുത്ത അജഗണമായ പരിശുദ്ധ കത്തോലിക്കാസഭ അങ്ങയുടേതാകുന്നു. ദൈവസ്വഭാവത്തിൽ അങ്ങുമായി ഒന്നുമായിരിക്കുന്ന പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ യഥാർത്ഥ പൗരോഹിത്യത്തിന്റെ പദവികൾ കൈവയ്പുവഴി നൽകപ്പെടുന്നു. വിശ്വാസികൾക്ക് ആത്മീയശുശ്രൂഷ ചെയ്യുന്നതിനു പരിശുദ്ധമായ സഭാശരീരത്തിലെ സവിശേഷാംഗങ്ങളാകുവാൻ നിസ്സാരരും ബലഹീനരുമായ ഞങ്ങളെ അങ്ങു കാരുണ്യാതിരേകത്താൽ യോഗ്യരാക്കി. കർത്താവേ, അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കുകയും അങ്ങയുടെ ദാനങ്ങൾ ഞങ്ങളുടെ കരങ്ങൾ വഴി വർഷിക്കുകയും ചെയ്യണമേ. അങ്ങയുടെ കാരുണ്യവും അനുഗ്രഹവും ഞങ്ങളുടെയും അങ്ങു തിരഞ്ഞെടുത്ത ഈ ജനത്തിന്റെയും മേൽ ഉണ്ടാകുമാറാകട്ടെ.
കാർമ്മി: കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നു ചേർന്ന് അങ്ങയെ ഞങ്ങളുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവൃത്തികളാല്‍ ജീവിതകാലം മുഴുവനും അങ്ങയെ യഥോചിതം പ്രീതിപ്പെടുത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കുവാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ.
ശുശ്രൂ: മാമ്മോദീസ സ്വീകരിക്കുകയും ജീവന്റെ അടയാളത്താൽ മുദ്രിതരാവുകയും ചെയ്തവർ ഭക്തിയോടും ശ്രദ്ധയോടുംകൂടെ വിശുദ്ധരഹസ്യങ്ങളിൽ പങ്കുകൊള്ളട്ടെ.
(ഓനീസാ ദ്റാസേ)
(രീതി: മിശിഹാ കർത്താവിൽ തിരുമെയ്...)
കർത്താവിനു പുതിയ കീർത്തനം പാടുവിൻ
ദിവ്യമഹത്ത്വത്താൽ
കതിരുകൾ നിറയുകയാൽ
ലോകം പ്രഭയാർന്നു
രാജാവാകും ദൈവസുതൻ
പാരിൽ വന്നു പിറന്നപ്പോൾ
മോദം ഭൂവിൽ തിരതല്ലി
വാനവവൃന്ദം സ്തുതിപാടി
നവശാന്തി ചുറ്റും ചിറകാർന്നൂ.
ഭൂമിയും അതിലെ നിവാസികളും
മാനവരൂപത്തിൽ
വന്നു പിറന്നല്ലോ
ദൈവത്തിൻ തനയൻ
ഉന്നത വീഥിയിൽ സ്തുതിഗീതം
നിത്യപിതാവിനു ചിരകാലം
ജനതകളെല്ലാം വാഴ്ത്തുന്നു
കീർത്തനഗീതം പാടുന്നു
മോദമോടെ മന്നിൽ കൃപയാകാൻ
(അല്ലെങ്കിൽ)
കർത്താവിനു പുതിയ കീർത്തനം പാടുവിൻ
കർത്താവിന്റെ മഹത്വം അവരുടെമേൽ പ്രകാശിച്ചു. രാജാവായ മിശിഹായുടെ ജനനത്തിൽ ലോകം മുഴുവൻ സന്തോഷം കൊണ്ടു നിറഞ്ഞിരിക്കുന്നു. സ്വർഗ്ഗീയ സൈന്യങ്ങളും മാലാഖമാരുടെ വൃന്ദങ്ങളും നമ്മോടൊത്ത് ഇപ്പോൾ ഉദ്ഘോഷിക്കുന്നു. "അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി. ഭൂമിയിൽ സമാധാനവും ശാന്തിയും". എന്തെന്നാൽ ദൈവത്തിന്റെ ഏകജാതൻ നമുക്കായി ശരീരത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ജനതകളുടെ ഇടയിൽ അവന്റെ ശക്തി പ്രഘോഷിക്കപ്പെട്ടു.
ഭൂമിയും അതിലെ നിവാസികളും.
കർത്താവിന്റെ മഹത്വം അവരുടെ മേൽ..,.
(ദ്ഹീലത്ത് )
(രീതി :ഹല്ലേലൂയ്യ പാടീടുന്നേൻ....)
ഉന്നതനാകും ദൈവപിതാവേ
മഹിതം താവകപാവനഗേഹം
കീർത്തനമങ്ങേ പൂജിതനാമം
കർത്താവേ, നീ വാഴും ഭവനം.
(ദ്ഹീലത്തിന്റെ)
(രീതി :ഹല്ലേലൂയ്യ പാടീടുന്നേൻ....)
കർത്താവന്നുമൊഴിഞ്ഞു, നീയെൻ
പ്രിയനാം, നിന്നെ ജനിപ്പിച്ചു ഞാൻ.
ഹല്ലേലൂയ്യാ ഉന്നതനാകും
ദൈവം നിത്യമഹത്ത്വമെഴുന്നോൻ
വാഴ്ത്തുകയായീ രാജകുമാരികൾ
ദന്തമനോഹരമേടകൾ തോറും.
വാനവദൂതനെടുത്തൊരു ചെങ്കന-
ലേശയ്യായുടെ ദർശനമതുപോൽ.
ഇന്നതു വൈദികശ്രേഷ്ഠനെടുപ്പൂ
തന്നുടെ കൈകളിലാദരപൂർവ്വം
ഹല്ലേലൂയ്യാ ഉന്നതനാകും
ദൈവം നിത്യ മഹത്ത്വമെഴുന്നോൻ.
(അല്ലെങ്കിൽ )
(ദ്ഹീലത്ത്)
ഉന്നതനായ ദൈവമേ, എന്നുമെന്നേക്കും നിന്റെ
വിശുദ്ധസ്ഥലത്ത് നീ മഹത്വപൂർണ്ണനാകുന്നു.
കർത്താവിന്റെ മഹത്വം അവന്റെ
വാസസ്ഥലത്ത് വാഴ്ത്തപ്പെട്ടതാകുന്നു.
(ദ്ഹീലത്തിന്റെ)
കർത്താവ് എന്നോട് പറഞ്ഞു: "നീ എന്റെ പുത്രനാകുന്നു. ഇന്ന് നിന്നെ ജനിപ്പിച്ചിരിക്കുന്നു". ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ
ഉന്നതനായ ദൈവമേ, എന്നുംമെന്നേക്കും നിന്റെ വിശുദ്ധസ്ഥലത്ത് നീ മഹത്വപൂർണ്ണനാകുന്നു. കർത്താവിന്റെ മഹത്വം അവന്റെ വാസസ്ഥലത്ത് വാഴ്ത്തപ്പെട്ടതാകുന്നു.
ദന്തഗോപുരങ്ങളിൽനിന്ന് രാജപുത്രിമാർ മഹത്വപൂർവ്വം നിന്നെ സ്തുതിക്കുന്നു. ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.
ഉന്നതനായ ദൈവമേ, എന്നുംമെന്നേക്കും നിന്റെ വിശുദ്ധസ്ഥലത്ത് നീ മഹത്വപൂർണ്ണനാകുന്നു. കർത്താവിന്റെ മഹത്വം അവന്റെ വാസസ്ഥലത്ത് വാഴ്ത്തപ്പെട്ടതാകുന്നു.
ഏശയ്യ പ്രവാചകൻ കണ്ടതും മാലാഖ കൊടിലുകൊണ്ട് എടുത്തതുമായ തീക്കട്ട ഇതാ പുരോഹിതന്മാർ വിശുദ്ധസ്ഥലത്ത് തങ്ങളുടെ കരങ്ങളിൽ സംവഹിക്കുന്നു. ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ
(ഓനീസാ ദ്വേമ്മ)
(രീതി: ഹല്ലേലൂയ്യ പാടീടുന്നേൻ....)
സമൂ: വരുവിൻ നിത്യനിഗൂഢരഹസ്യം
കൈക്കൊള്ളാമതി നിർമ്മലരായി നാം
പാപവിമോചക ഭോജ്യമതെന്നും
ഹല്ലേലൂയ ഹല്ലേലൂയ
(അല്ലെങ്കിൽ)
സമൂ: നിഗൂഢമായിരുന്നതും പാപവിമോചനത്തിനായി നമുക്ക് വേണ്ടി നൽകപ്പെട്ടതുമായ രഹസ്യം ഇതാ. ആത്മശരീര വിശുദ്ധിയോടെ നമുക്ക് ഇതിനെ സമീപിക്കാം. ഹല്ലേലൂയാ, ഹല്ലേലൂയാ....
(ഓനീസാ ദ്വാത്തെ)
(രീതി: ഹല്ലേലൂയ്യ പാടീടുന്നേൻ....)
കന്യക നൽകി പുത്രനുജന്മം
എമ്മാനുവേലായിത്തീർന്നവനിവിടെ
എന്തെന്നാൽ തിരുരക്ഷകനല്ലോ
ജാതൻ വരുവിൻ, ഹല്ലേലൂയ്യാ,
(അല്ലെങ്കിൽ)
ശുശ്രൂ: ഇതാ, കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്റെ നാമം "എമ്മാനുവേൽ" എന്നായിരിക്കും. എന്തെന്നാൽ, ഇന്നു നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ മിശിഹാ, പിറന്നിരിക്കുന്നു.
(രീതി: ഹല്ലേലൂയ്യ പാടീടുന്നേൻ....)
തിരുജനനത്താൽ സൃഷ്ടികളെല്ലാം
ധന്യതനേടി, യനുഗ്രഹമാർന്നു.
നിത്യപിതാവിനു സ്തോത്രം പാടാൻ
നിരയായ് ഞങ്ങൾ വന്നണയുന്നു.
വാനവദൂതർ പാടും സ്തുതികൾ
വിണ്ടലമെങ്ങും കേൾക്കുകയല്ലോ.
കർത്താവേ, നീ സ്വർഗ്ഗവുമായി
ഭൂമിയെ ശാന്തിയിലൊന്നാക്കുന്നു.
കണ്ണുകൾ കണ്ടു, സ്ഫുടമായ് നാഥനെ
വാനവദൂതർ വാഴ്ത്തിനമിപ്പൂ.
താവക പീഡാസഹനം പാവന-
മോർമ്മിപ്പിപ്പൂ ദിവ്യശരീരം.
അത്ഭുതകരമാം സംഭവനിരകൾ
തിരുജനനത്തിൻ കാൺമൂ ഞങ്ങൾ.
ഉന്നതവീഥിയിൽ ശാന്തി ജഗത്തിൽ
ഉത്തമമർത്യർക്കെല്ലാം മോദം.
അനുരഞ്ജിതമായ് നിന്നിൽധരയും
സ്വർഗവുംമൊരുപോൽ തിരുജനനത്താൽ.
കാർമ്മി: കർത്താവായ ദൈവമേ, സകല മനുഷ്യസങ്കല്പങ്ങൾക്കും അതീതമായി ദൈവപുത്രനായ മിശിഹാ ഒരു ശിശുവായി പുല്തൊട്ടിയിൽ പിറന്നുവല്ലോ. ഞങ്ങൾ അർപ്പിച്ച ഈ ബലിയിൽ അവിടുന്ന് സ്വയം മറച്ച്, അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ തന്നെത്തന്നെ നല്കിയതിനെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു. എളിയ സാഹചര്യങ്ങളിൽപ്പോലും അങ്ങയുടെ സാന്നിധ്യം അന്വേഷിക്കുവാനും വിവേചിച്ചറിയുവാനുമുള്ള ഉൾക്കാഴ്ച ഞങ്ങൾക്ക് പ്രധാനം ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ. കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: കർത്താവായ മിശിഹായെ, മനുഷ്യാവതാരംവഴി മനുഷ്യവർഗ്ഗത്തെ ആനന്ദിപ്പിച്ചതിന് നിനക്കു ഞങ്ങൾ നന്ദി പറയുന്നു. തിരുപ്പിറവിയുടെ സദ്വാർത്ത കേട്ട് ആനന്ദിക്കുവാനും അത് അറിയിക്കുവാനും എളിയവരായ ആട്ടിടയന്മാരെ നീ അനുഗ്രഹിച്ചുവല്ലൊ. ഈ സദ്വാർത്ത ആഴത്തിൽ ഉൾക്കൊണ്ട് ലോകത്തെ അറിയിക്കുവാൻ ഞങ്ങൾക്ക് അനുഗ്രഹം നൽകണമേ. സ്വർഗ്ഗീയ ഗണങ്ങളോട് ചേർന്ന് 'അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി' എന്ന് നിരന്തരം പാടി സ്തുതിക്കുവാൻ ഞങ്ങൾക്കിടയാകട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ
(രീതി: കർത്താവാം മിശിഹാ വഴിയായ്...)
പൂർവപിതാക്കൾക്കരുളുകയായ്
വിവിധതരത്തിൽ, കാലത്തിൽ
പ്രവചനമഖിലം, സമയത്തിൻ
തികവിൽ തിരുസുതനാഗതനായ്.
പാപത്തിൻമതിൽ നീക്കുകയും
പരമാനന്ദം നല്കുകയും
ചെയ്ത പിതാവിനു സ്തുതി പാടി
മാനവരഖിലം വാഴത്തീടാം.
ഇന്നീ ബലിയിലണഞ്ഞീടാൻ
കഴിയാത്തവരിൽ കർത്താവിൻ
കൃപയുണ്ടാകണമെന്നാളും
ദിവ്യാനുഗ്രഹമതുപോലെ.
പരിപാവനമീയാഗത്തിൽ
പങ്കാളികളായ് തീർന്നവരിൽ
തിരുജനനം വരമരുളട്ടെ
ഇപ്പോഴുംമെപ്പോഴുംമെന്നേക്കും.
സമൂ: ആമ്മേൻ.
കാർമ്മി: പൂർവ്വകാലങ്ങളിൽ പ്രവാചകന്മാർവഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും നമ്മുടെ പിതാക്കന്മാരോടു സംസാരിക്കുകയും, സമയത്തിന്റെ പൂർണ്ണതയിൽ തന്റെ പുത്രനെ അയയ്ക്കുകയും ചെയ്ത ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. പാപത്തിന്റെ ദാസ്യത്തിൽനിന്നു മോചിപ്പിച്ച് ആന്തരികമായ ആനന്ദവും സമാധാനവും ഈ തിരുനാളിൽ ഞങ്ങൾക്കു നൽകിയ കർത്താവേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയുടെ സമാധാനം ഞങ്ങളിൽ ശാശ്വതമായി നിലനിർത്തണമേ. സഹോദരരേ, ഈ തിരുകർമ്മങ്ങളിൽ പങ്കെടുത്ത നിങ്ങൾ ഓരോരുത്തരിലും ഇതിൽ പങ്കെടുക്കാൻ സാധിക്കാത്ത നിങ്ങളുടെ പ്രിയപ്പെട്ടവരിലും കർത്താവിന്റെ കൃപയും അനുഗ്രഹവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ. സകല ജനങ്ങൾക്കുംവേണ്ടിയുള്ള വലിയ സന്തോഷത്തിൻ്റെ സദ്വാർത്ത നിങ്ങൾക്കും കർത്താവിനെ അറിയാത്തവർക്കും നിങ്ങൾക്കും ലഭിക്കുമാറാകട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും.
സമൂ: ആമ്മേൻ.
Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206