x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

വി. ഗീവർഗീസ് സഹദായുടെ നൊവേന

Authored by : Liturgical Commission, Diocese Mananthavady On 10-Jul-2024

വി. ഗീവർഗീസ് സഹദായുടെ നൊവേന

പൗരസ്ത്യ സഭാപാരമ്പര്യത്തിൽ ചിരപ്രതിഷ്ഠ നേടിയ വി. ഗീവർഗ്ഗീസ്, ഈശോയ്ക്ക് സാക്ഷ്യം വഹിച്ച് വിശ്വാസത്തിനുവേണ്ടി വീരചരമമടഞ്ഞ ഊർജ്ജസ്വലനായ ഒരു സഭാതനയനാണ്. മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കപ്പദോച്ചിയായിലെ ഒരു കുലീന കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അക്കാലത്ത് ഏറ്റവും ഉത്കൃഷ്ടമായി കരുതിയിരുന്ന ഒന്നാണ് സൈനികസേവനം. ആരോഗ്യവും സൗന്ദര്യവും ഒത്തിണങ്ങിയ ഗീവർഗ്ഗീസും സൈനികസേവനത്തിന് നിയമിതനായി.

ഈ കാലയളവിൽ റോമൻ സാമ്രാജ്യാധിപൻ ഡയോക്ലീഷൻ ചക്രവർത്തിയായിരുന്നു. വിശ്വസ്തനും ധീരനും യുദ്ധതന്ത്രജ്ഞനും രാജ്യസ്നേഹിയുമായ ഗീവർഗ്ഗീസിനെ ശരിക്കും അടുത്തറിഞ്ഞ ഡയക്ലീഷൻ പടിപടിയായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്കി തന്റെ വിശ്വസ്തരുടെ നിരയിൽ ചേർത്തു. ഡയക്ലീഷൻ ചക്രവർത്തിയുടെ ഏറ്റവും വിശ്വസ്ത പടത്തലവനായി ഔദ്യോഗികജീവിതം നയിക്കുമ്പോഴാണ് ചക്രവർത്തി മതപീഡനസംബന്ധമായ ഒരു വിളംബരം പുറപ്പെടുവിച്ചത്. പല ക്രിസ്തീയ പടയാളികളും ക്രിസ്തുമതം ഉപേക്ഷിച്ചു. എങ്കിലും ഗീവർഗ്ഗീസ് സത്യവിശ്വാസത്തിൽ ഉറച്ചുനിന്നു. തന്റെ ഉദ്യോഗവും ജീവിതസൗകര്യങ്ങളും ഉപേക്ഷിച്ച് പീഡയനുഭവിക്കുന്ന ക്രൈസ്തവസഹോദരങ്ങളെ ആശ്വസിപ്പിക്കുന്നതിനും അവരെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുന്നതിനും തയ്യാറായി. ഇത് ചക്രവർത്തിയുടെ കോപത്തിന് വഴി തെളിച്ചു. അദ്ദേഹം ജയിലിൽ അടയ്ക്കപ്പെട്ടു. ക്രിസ്തുമതം ഉപേക്ഷിച്ചാൽ സ്ഥാനക്കയറ്റം നല്കാമെന്നും അല്ലാത്തപക്ഷം ക്രൂരമായി പീഡിപ്പിച്ചുകൊല്ലുമെന്നും ചക്രവർത്തി ഭീഷണിപ്പെടുത്തി. ഈശോയിലുള്ള അചഞ്ചലമായ വിശ്വാസവും ധൈര്യവും മൂലം പീഡനങ്ങളിലൊന്നും അദ്ദേഹം വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചില്ല. ഒരു വിധത്തിലും അദ്ദേഹത്തിന്റെ മനസ്സുതിരിക്കാൻ സാധിക്കുകയില്ലെന്ന് തെളിഞ്ഞപ്പോൾ അദ്ദേഹത്തെ നിഷ്കരുണം വധിക്കാൻ ചക്രവർത്തി ആജ്ഞാപിച്ചു. ഗീവർഗ്ഗീസിന്റെ പീഡാസഹനവും ധൈര്യവും അചഞ്ചലമായ വിശ്വാസവും കണ്ട് അനേകം പേർ ക്രൈസ്തവവിശ്വാസം സ്വീകരിച്ചു. ഗീവർഗ്ഗീസ് മുട്ടിന്മേൽ നിന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഈ തക്കംനോക്കി ഒരു പടയാളി അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ചു. എ.ഡി. 303 ഏപ്രിൽ 24- നായിരുന്നു ഇത്. എല്ലാ വർഷവും ഏപ്രിൽ 23-ന് ലത്തീൻ സഭയിലും 24-ന് പൗരസ്ത്യസഭകളിലും വി. ഗീവർഗ്ഗീസിന്റെ തിരുനാൾ ആഘോഷിക്കുന്നു.

വി. ഗീവർഗ്ഗീസിന്റെ തിരുസ്വരൂപത്തിൽ അദ്ദേഹത്തെ കാണുന്നത് കുതിരപ്പുറത്താണ്. സൈനികവേഷത്തിൽ കുതിരപ്പുറത്തിരുന്ന് ഒരു കുന്തംകൊണ്ട് ക്രൂരജന്തുവായ ഒരു മഹാവ്യാളിയുടെ (കാളസർപ്പം) വായിൽ കുത്തുന്നതും മുൻവശത്ത് ഒരു രാജകുമാരി നിൽക്കുന്നതുമായിട്ടാണ് ചിത്രം. അദ്ദേഹം റോമൻ പടയാളിയായിരുന്നുവെന്നും വിശ്വാസസംരക്ഷണത്തിനായി പോരാടിയെന്നും, ഒരു വിഷജന്തുവിനെ കൊന്ന് ലിബിയ എന്ന രാജകുമാരിയെ രക്ഷിച്ചുവെന്നും മറ്റുമുള്ള ഐതിഹ്യത്തെയാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്.

കേരളക്രൈസ്തവർ വി. ഗീവർഗ്ഗീസിനോട് അതിരറ്റ ഭക്തിയുള്ളവരാണ്. പുരാതനകാലം മുതൽ ഏറെ വണങ്ങപ്പെടുന്ന ഒരു വിശുദ്ധനാണ് ഇദ്ദേഹം. ഒട്ടുമിക്ക ദേവാലയങ്ങളിലും വി. ഗീവർഗ്ഗീസിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കുകയും തിരുനാൾ ആഘോഷിക്കുകയും ചെയ്യുന്നതായി നമുക്ക് കാണാൻ സാധിക്കും. വിഷഭയത്തിൽ നിന്ന് രക്ഷ പ്രാപിക്കുന്നതിനും ജന്തുക്കൾക്ക് വസന്ത പിടിക്കാതിരിക്കുന്നതിനും ഈ വിശുദ്ധനോട് പ്രത്യേകം മാദ്ധ്യസ്ഥം അപേക്ഷിക്കുന്നവരാണ് കേരളക്രൈസ്തവർ.

തിരുനാൾ ദിനം : ഏപ്രിൽ 24

പ്രാരംഭഗാനം

(നിത്യസഹായമാതേ.. എന്ന രീതി)

വന്ദ്യനാം രക്തസാക്ഷി
ഗീവർഗ്ഗീസ് സഹദായെ
ഞങ്ങൾക്കായ് എന്നുമെന്നും
പ്രാർത്ഥിക്ക സ്നേഹതാതാ

വിശ്വാസം സംരക്ഷിക്കാൻ
പീഡകളേറ്റു വാങ്ങി
പ്രാണനെ ഹോമിച്ചോനെ
ധീരനാം കർമ്മയോഗി

സുവിശേഷ ചൈതന്യമി
മക്കളിൽ നിറയുവാനായ്
മാദ്ധ്യസ്ഥം യാചിക്കുന്നു.
വീരനാം പുണ്യതാതാ

കാർമ്മി: രോഗികളെ സുഖപ്പെടുത്തുന്നവനും ദുഖിതരെ ആശ്വസിപ്പിക്കുന്നവനുമായ ദൈവമേ, നിന്നിൽ അഭയം തേടുന്ന മക്കളായ ഞങ്ങളെ കരുണാപൂർവ്വം കടാക്ഷിക്കണമേ. ബലഹീനരും പാപികളുമായ ഞങ്ങൾക്ക് സംരക്ഷകനും മദ്ധ്യസ്ഥനുമായി വി. ഗീവർഗീസിനെ നല്കിയ ദൈവമേ, ഞങ്ങൾക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും വിശുദ്ധന്റെ മാദ്ധ്യസ്ഥംവഴി നല്കണമെന്ന് അങ്ങയോട് ഞങ്ങളപേക്ഷിക്കുന്നു. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും

സമൂ: ആമ്മേൻ

കാർമ്മി: ഞങ്ങളുടെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ വി. ഗീവർഗ്ഗീസേ, അങ്ങയുടെ മാദ്ധ്യസ്ഥത്തിൽ അഭയം തേടുന്ന ഞങ്ങളെ ആത്മീയവും ഭൗതികവുമായ എല്ലാ സാഹചര്യങ്ങളിലും സംരക്ഷിച്ച് സ്വർഗ്ഗീയഭവനത്തിലേക്ക് നയിക്കണമേ.

സമൂ: അനാഥരെയും ആലംബഹീനരെയും സംരക്ഷിച്ച ധീരയോദ്ധാവായ വിശുദ്ധ ഗീവർഗ്ഗീസേ അങ്ങേ പക്കൽ അഭയം തേടുന്ന ഞങ്ങളുടെ സഹായത്തിനെത്തണമേ.

കാർമ്മി: ഈശോയുടെ ഉത്തമശിഷ്യനായ വി. ഗീവർഗ്ഗീസ് സഹദായെ (സമൂഹവും ചേർന്ന്)/ അങ്ങേ മാദ്ധ്യസ്ഥം വഴിയായി ലഭിക്കുന്ന അനേകം അനുഗ്രഹങ്ങളെ/ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു./ ദൈവ സന്നിധിയിലുള്ള അങ്ങയുടെ മാദ്ധ്യസ്ഥശക്തിയിൽ ഞങ്ങൾ ദൃഢമായി ശരണപ്പെടുന്നു./ ദുഃഖത്താൽ വലയുന്ന അങ്ങേ വത്സലമക്കൾക്ക്/ ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും/ ധാരാളമായി ഈശോയിൽ നിന്നും ഞങ്ങൾക്ക് വാങ്ങിത്തരുന്നതിന് അങ്ങ് സദാ സന്നദ്ധനാണെന്ന്/ ഞങ്ങൾ ദൃഡമായി വിശ്വസിക്കുന്നു./ പുണ്യപിതാവേ, ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ/ എല്ലാ ആവശ്യങ്ങളിലും/ അങ്ങ് ഞങ്ങൾക്ക് തുണയും സഹായവുമായിരിക്കണമേ./ വിഷഭയത്തിൽ നിന്നും പൈശാചിക ഉപദ്രവങ്ങളിൽ നിന്നും/ ഞങ്ങളെ കാത്തുരക്ഷിക്കുന്നതിനുള്ള/ അമൂല്യമായ വരം ലഭിച്ചിരിക്കുന്ന സ്നേഹപിതാവേ/ ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളുടെ സഹായത്തിനെത്തണമേ,
ആമ്മേൻ.

സങ്കീർത്തനം (31)

കാർമ്മി: കർത്താവേ ഞാൻ അങ്ങിൽ അഭയം തേടുന്നു, എന്നെ നിരാശനാക്കരുതേ

സമൂ: നീതിമാനായ കർത്താവേ, അങ്ങുന്ന് എന്നെ രക്ഷിക്കണമേ

കാർമ്മി: എന്റെ പ്രാർത്ഥന ചെവിക്കൊള്ളുകയും പ്രത്യുത്തരമരുളുകയും ചെയ്യണമേ

സമൂ: അങ്ങുന്നെന്റെ അഭയവും സഹായവുമാകുന്നു, എന്നെ പരിപാലിക്കണമേ

കാർമ്മി: അങ്ങെന്റെ ആശ്രയവും ബലവുമാകുന്നു, അങ്ങേ നാമത്തെ പ്രതി എന്നെ ആശ്വസിപ്പിക്കണമേ

സമൂ: ശത്രുവിന്റെ കെണിയിൽ നിന്ന് എന്നെ രക്ഷിക്കണമേ, എന്തെന്നാൽ അങ്ങ് എന്റെ സഹായമാകുന്നു.

കാർമ്മി: അങ്ങേ തൃക്കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.

സമൂ: വിശ്വസ്തനായ കർത്താവേ, അങ്ങുന്ന് എന്റെ രക്ഷകനാകുന്നു.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ,

കാറോസൂസ

കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വി. ഗീവർഗ്ഗീസ് സഹദായേ, ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.

സമൂ: വി. ഗീവർഗ്ഗീസ് സഹദായേ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോകരാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,

സമൂ: വി. ഗീവർഗ്ഗീസ് സഹദായേ ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ..................പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ................. മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ.................... മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,

സമൂ: വി. ഗീവർഗ്ഗീസ് സഹദായേ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: ഞങ്ങളുടെ രൂപതയും, ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ.................... മെത്രാനും, എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായ പ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും

സമൂ: വി. ഗീവർഗ്ഗീസ് സഹദായേ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്

സമൂ: വി. ഗീവർഗ്ഗീസ് സഹദായേ, ഈശോയോട് അപേക്ഷിക്കണമേ.

കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,

സമൂ: വി. ഗീവർഗ്ഗീസ് സഹദായേ, ഈശോയോട് അപേക്ഷിക്കണമേ.

(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)

കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വി. ഗീവർഗ്ഗീസ് സഹദായുടെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം

(നിശ്ശബ്ദം)

കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ വിശ്വസ്ത ദാസനും ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനുമായ വി. ഗീവർഗ്ഗീസിന്റെ യോഗ്യതകൾ പരിഗണിച്ച് ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും സ്വീകരിച്ച് ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. അത്യാഹിതങ്ങളിൽ നിന്ന് ഞങ്ങളെ സംരക്ഷിച്ച്, ആരോഗ്യവും ദീർഘായുസ്സും നല്കണമേ. വിഷജന്തുക്കളിൽ നിന്നും അപകട സാഹചര്യങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. ഞങ്ങളുടെ വളർത്തുമൃഗങ്ങളെ സംരക്ഷിക്കുകയും നല്ല കാലാവസ്ഥയും സമൃദ്ധമായ വിളവുകളും നല്കി അനുഗ്രഹിക്കുകയും ചെയ്യണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും

സമൂ: ആമ്മേൻ.

ഗാനം

(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു.)

രക്തസാക്ഷിയാം ഗീവർഗ്ഗീസ് താതാ
ഞങ്ങൾക്കായ് എന്നും പ്രാർത്ഥിക്ക
സ്വർഗ്ഗലോകത്തിലെത്തുവാനെന്നും
മാർഗ്ഗം ഞങ്ങൾക്ക് കാട്ടേണമേ

മാനസങ്ങളിൽ ദൈവസ്നേഹമാ-
മഗ്നിയുജ്ജ്വലിപ്പിക്കുവാൻ
ഈശോ നല്കിയ സത്യമാർഗ്ഗത്തി-
ലുൾക്കരുത്തോടെ നില്ക്കുവാൻ (2)

കാർമ്മി: അനീതിക്കെതിരായി (സമൂഹവും ചേർന്ന്)/ ധീരമായി പോരാടുകയും/ സത്യവിശ്വാസം പ്രചരിപ്പിക്കുന്നതിന് തീക്ഷ്ണമായി പരിശ്രമിക്കുകയും/ വിശ്വാസത്തിനുവേണ്ടി അതികഠിനമായ പീഡനങ്ങൾ സഹിച്ച്/ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത/ വി. ഗീവർഗ്ഗീസ് സഹദായെ/ ഞങ്ങൾക്കെന്നും സഹായമരുളുന്ന/ മദ്ധ്യസ്ഥനായി നല്കിയ പരമകാരുണ്യവാനായ ദൈവമേ/ ഞങ്ങളങ്ങയെ സ്തുതിക്കുന്നു./ ഞങ്ങളുടെ നിസ്സഹായാവസ്ഥയിൽ ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ അണയുന്നു./ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന വി. ഗീവർഗ്ഗീസിന്റെ സുകൃതങ്ങൾ പരിഗണിച്ച്/ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചുതരണമെന്ന്/ ഈശോമിശിഹായുടെ നാമത്തിൽ ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു./
ആമ്മേൻ.

കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ

സമൂ: വി. ഗീവർഗ്ഗീസ് സഹദായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സമാപനപ്രാർത്ഥന

കാർമ്മി: തന്റെ ദിവ്യവരങ്ങളാൽ നമ്മെ ധന്യരാക്കിയ മിശിഹായെ നമുക്കു സ്തുതിക്കാം. വീരോചിതമായ വിശ്വാസ ചൈതന്യത്താൽ വിളങ്ങി, അനേകായിരങ്ങളെ വിശ്വാസത്തിലേക്കാകർഷിച്ച വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ മാദ്ധ്യസ്ഥം അപേക്ഷിക്കുന്ന നിങ്ങളെ അവിടുന്ന് വിശ്വാസതീക്ഷ്ണതയാൽ നിറയ്ക്കട്ടെ. എല്ലാവിധ ഭയങ്ങളിൽനിന്നും രോഗങ്ങളിൽനിന്നും നിങ്ങൾ വിമുക്തരാകട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും

സമൂ: ആമ്മേൻ.

സമാപനഗാനം

വന്ദ്യപാദനാം ഗീവർഗ്ഗീസിനെ
നന്ദിയോടെ നമിക്കുന്നു
ക്രിസ്തുവിന്റെ സാക്ഷി വിശ്വസ്തദാസൻ
വന്ദ്യനാം പടയാളി നീ

സത്യവിശ്വാസരക്ഷകാ നിന്നെ
വാഴ്ത്തിപ്പാടുന്നു എന്നെന്നും
മക്കൾ ഞങ്ങൾക്ക് തുണയായിടണേ
അശ്വാരൂഢനാം താതനെ

വി. ഗീവർഗീസ് സഹദായുടെ നൊവേന Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message