x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ മത ശാസ്ത്ര സംവാദം

ഗലീലിയോയെ സഭ എന്തുചെയ്തു?

Authored by : Mar Joseph Pamplany On 10-Sep-2020

സഭയെ ആക്രമിക്കുവാനുള്ള ഏറ്റവും ശക്തമായ വടിയായി പലരും ഉപയോഗിച്ചുകൊണ്ടിരുന്ന കഥകളിലൊന്നാണ് ഗലീലിയോയുടെ ജീവിതം. ഇതിലെ സത്യവും മിഥ്യയും തിരിച്ചറിയേണ്ടതുണ്ട്. വിന്‍സെന്‍സോ ഗലീലിയുടെ ആറുമക്കളില്‍ സീമന്തപുത്രനായി ഇറ്റലിയിലെ പിസായില്‍ ഗലീലിയോ ജനിച്ചത് 1564 ഫെബ്രുവരി 15 - നായിരുന്നു. ഗലീലിയോയ്ക്ക് എട്ടുവയസ്സ് പ്രായമായപ്പോള്‍ അവരുടെ കുടുംബം ഫ്ളോറന്‍സിലേക്ക് താമസംമാറ്റി. അവിടെയുള്ള ക്രിസ്ത്യന്‍ ആശ്രമപള്ളിക്കൂടത്തിലാണ് ഗലീലിയോ പ്രാഥമികവിദ്യാഭ്യാസം നേടിയത്. വൈദികനാകാന്‍ അതിയായി ആഗ്രഹിച്ചെങ്കിലും സാഹചര്യങ്ങള്‍ അദ്ദേഹത്തെ ഗണിതശാസ്ത്രജ്ഞനാക്കി. 1589 - ല്‍ പിസായിലെ കത്തോലിക്കാ സര്‍വ്വകലാശാലയില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദമെടുത്ത ഗലീലിയോ അതേ സര്‍വ്വകലാശാലയില്‍ അധ്യാപകനായി. 1592 - ല്‍ പാദുവാ സര്‍വ്വകലാശാലയില്‍ ജ്യോമിട്രി, മെക്കാനിക്സ്, ജ്യോതിശാസ്ത്രം എന്നിവ പഠിപ്പിക്കാനായി നിയമിതനായി. ഈ കാലഘട്ടത്തില്‍, ശാസ്ത്രമേഖലയില്‍ ശ്രദ്ധേയമായ ഒട്ടനവധി കണ്ടുപിടുത്തങ്ങള്‍ ഗലീലിയോ നടത്തി.

തികഞ്ഞ കത്തോലിക്കാ വിശ്വാസിയായിരുന്ന ഗലീലിയോയുടെ മൂന്നുമക്കളില്‍ രണ്ടുപേര്‍ വി. മത്തായിയുടെ മഠത്തില്‍ചേര്‍ന്ന് സന്യാസ വ്രതങ്ങള്‍ സ്വീകരിച്ചു.
വാനനിരീക്ഷണത്തിലൂടെ താന്‍ കണ്ടെത്തിയ വസ്തുതകളുടെ വെളിച്ചത്തില്‍ കോപ്പര്‍നിക്കസിന്‍റെ സൗരകേന്ദ്രീകൃത പ്രപഞ്ചം എന്ന ആശയമാണ് ശരി എന്ന് ഗലീലിയോ വാദിച്ചു. പ്രപഞ്ചത്തിന്‍റെ കേന്ദ്രം ഭൂമിയാണെന്ന് അരിസ്റ്റോട്ടിലും (ബി.സി 378-322) പ്ടോളമിയും (ബി.സി 150) പഠിപ്പിച്ചിരുന്നു. ഈ പഠനം സത്യമാണെന്ന് ഗലീലിയോയുടെ കാലംവരെ സഭയുള്‍പ്പെടെ സകലരും കരുതിയിരുന്നു. ഭൂമിയാണ് പ്രപഞ്ചത്തിന്‍റെ കേന്ദ്രം എന്ന രീതിയില്‍ സഭ ഒരുനാളും പ്രബോധനം നല്‍കിയിരുന്നില്ല.

സഭയുണ്ടാകുന്നതിനുംമുമ്പേ നിലനിന്നിരുന്ന ഒരു സാമാന്യജ്ഞാനം ശരിയാണെന്ന് സഭയും കരുതിയിരുന്നു എന്നതാണ് സത്യം. നിക്കോളാസ് കോപ്പര്‍നിക്കസ് (എ.ഡി. 1473-1543) തന്‍റെ വിഖ്യാത ഗ്രന്ഥത്തിലൂടെ (De revolutionibus orbium coelestium) സൂര്യനാണ് പ്രപഞ്ചകേന്ദ്രമെന്നും നിശ്ചലസൂര്യനെ ഭൂമിയും ഇതരഗ്രഹങ്ങളും ഭ്രമണം ചെയ്യുകയാണെന്നും പ്രസ്തുത ഭ്രമണത്തിനിടയില്‍ ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നുണ്ടെന്നും വാദിച്ചു. ഈ വാദത്തെയാണ് ഗലീലിയോ പിന്തുണച്ചത്. റോമിലെ ഈശോസഭാ സര്‍വ്വകലാശാലയായ "കൊളേജിയോ റൊമാനോ" യില്‍ തന്‍റെ പുതിയ സിദ്ധാന്തം അവതരിപ്പിക്കാനായി ഗലീലിയോ ക്ഷണിക്കപ്പെട്ടു. ഗലീലിയോയുടെ കണ്ടെത്തലുകളില്‍ മതിപ്പുതോന്നിയ അധികാരികള്‍ അദ്ദേഹത്തിന് ബഹുതിമുദ്രകള്‍ സമ്മാനിച്ചു.

എന്നാല്‍ 1614-ല്‍ സൂര്യകേന്ദ്രീകൃത പ്രപഞ്ചവീക്ഷണം പാഷണ്ഡതയാണെന്ന് സാന്താമരിയ കത്തീഡ്രല്‍ വികാരിയായ തോമസ് കസ്സീനി അഭിപ്രായപ്പെട്ടു. സൂര്യകേന്ദ്രീകൃത പ്രപഞ്ച വീക്ഷണം (Heliocentric theory) ബൈബിളിലെ ചില ഭാഗങ്ങള്‍ക്കു വിരുദ്ധമാണ് എന്ന ആശയമാണ് എതിരാളികള്‍ പ്രചരിപ്പിച്ചത്. സൂര്യന്‍ ചലിക്കുന്നില്ലെങ്കില്‍ ജോഷ്വാ സൂര്യനെ നിശ്ചലമാക്കിയത് (ജോഷ്വ 10:12-13) എങ്ങിനെ? ഉദയം മുതല്‍ അസ്തമയംവരെയുള്ള സൂര്യന്‍റെ പ്രയാണം (സഭാ 1:5) എങ്ങിനെ വിശദീകരിക്കും? ഭൂമി കറങ്ങുകയാണെങ്കില്‍ "ദൈവം ഭൂമിയെ അടിസ്ഥാനങ്ങളിലുറപ്പിച്ചു" (സങ്കീ 103:5) എന്ന വാക്യത്തെ എപ്രകാരം മനസ്സിലാക്കാം? തുടങ്ങിയ ചോദ്യങ്ങളുമായാണ് കസ്സീനിയും സംഘവും ഗലീലിയോയെ നേരിട്ടത്. കസ്സീനിയുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി ഗലീലിയോ നല്‍കിയ കത്തിന്‍റെ പകര്‍പ്പ് കസ്സീനി റോമില്‍ വിശ്വാസതിരുസംഘത്തിന് അയച്ചുകൊടുത്തു. അവര്‍ നടത്തിയ സൂക്ഷ്മപരിശോധനയില്‍ ഗലീലിയോയുടെ പഠനത്തില്‍ തെറ്റൊന്നും കണ്ടെത്തിയില്ല. തന്നെയുമല്ല, അന്‍റോണിയോ ഫോസ്കാറിനി (എ.ഡി. 1565-1630) എന്ന കര്‍മ്മലീത്താ വൈദികന്‍ കോപ്പര്‍നിക്കന്‍ സിദ്ധാന്തവും ബൈബിളിന്‍റെ വിവരണങ്ങളും തമ്മില്‍ വൈരുധ്യമില്ല എന്നു സ്ഥാപിക്കാന്‍ ഒരു ഗ്രന്ഥമെഴുതി പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥം വായിച്ച കര്‍ദ്ദിനാള്‍ റോബര്‍ട്ട് ബല്ലാര്‍മിന്‍, പ്രത്യക്ഷത്തില്‍ പ്ടോളമിയുടെ സിദ്ധാന്തത്തെക്കാള്‍ കൂടുതല്‍ വിശ്വസനീയമായി തോന്നുന്നത് കോപ്പര്‍ നിക്കസിന്‍റെ സിദ്ധാന്തങ്ങളാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു (Letter to foscarini). എന്നാല്‍ ബൈബിളിനെയും സഭാപിതാക്കന്മാരുടെ പഠനങ്ങളെയും മാനിച്ച് ഈ പുതിയ സിദ്ധാന്തം കൂടുതല്‍ പഠനങ്ങള്‍ക്കു വിധേയമാക്കാതെ പരസ്യമായി പഠിപ്പിക്കാനാവില്ല എന്ന നിലപാടാണ് കര്‍ദ്ദിനാള്‍ ബല്ലാര്‍മിന്‍ സ്വീകരിച്ചത്.

1615 ല്‍ ഗലീലിയോയുടെ നിലപാടുകളെ ന്യായീകരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ബോനിഫാസ് ഗദ്ദാനിയുടെ നിര്‍ദ്ദേശാനുസരണം ഡൊമിനിക്കന്‍ വൈദികനും ശാസ്ത്രജ്ഞനുമായിരുന്ന തോമസോ കംപാനെല്ല Apologia pro Galileo എന്ന ഗ്രന്ഥം രചിച്ചു. സഭയും സഭാനേതൃത്വവും ഒന്നാകെ ഗലീലിയോയ്ക്കും ശാസ്ത്രപഠനങ്ങള്‍ക്കും എതിരായിരുന്നു എന്ന വാദം അടിസ്ഥാനരഹിതമാണെന്നു മനസ്സിലാക്കാനാണ് ഗലീലിയോയെ പിന്തുണച്ച കര്‍ദ്ദിനാള്‍മാരുടെ നടപടികള്‍ വിശദീകരിച്ചത്. 1616 ല്‍ ഗലീലിയോയുടെ നിലപാടുകളെ എതിര്‍ത്തുകൊണ്ട് വിശ്വാസതിരുസംഘം വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും 1623-ല്‍ പാപ്പായായി സ്ഥാനാരോഹണം ചെയ്ത ഉര്‍ബന്‍ എട്ടാമന്‍ (കര്‍ദ്ദിനാള്‍ മാഫെയോ ബാര്‍ബെരീനി) ഗലീലിയോയുടെ ചിരകാലസുഹൃത്തായിരുന്നതിനാല്‍ ഗലീലിയോയ്ക്കെതിരേയുള്ള നടപടികള്‍ എല്ലാംതന്നെ അവസാനിച്ചു.

റോമില്‍ തിരിച്ചെത്തിയ ഗലീലിയോ തന്‍റെ വാദഗതികള്‍ കൂടുതല്‍ സമര്‍ത്ഥമായി അവതരിപ്പിച്ചു. എന്നാല്‍ സൂര്യകേന്ദ്രീകൃത പ്രപഞ്ചവീക്ഷണം പരസ്യമായി പഠിപ്പിക്കാന്‍ പാടില്ല എന്ന് കര്‍ദ്ദിനാള്‍ റോബര്‍ട്ടോ ബല്ലാര്‍മിനോയുടെ വിലക്ക് (1616) ഗലീലിയോ അനുസരിച്ചുപോന്നു. 1622-ല്‍ തന്‍റെ പഠനങ്ങള്‍ ഒരു ഗ്രന്ഥമായി പ്രസിദ്ധീകരിക്കാന്‍ സഭയുടെ അനുവാദം ആരാഞ്ഞു. 1623-ല്‍ സഭയുടെ അനുവാദത്തോടെ ആദ്യഗ്രന്ഥവും 1630-ല്‍ രണ്ടാംഗ്രന്ഥവും പ്രസിദ്ധം ചെയ്തു.

1630-ല്‍ ഗലീലിയോ തന്‍റെ വിഖ്യാതഗ്രന്ഥമായ Dialogue on Two Great World Systems പ്രസിദ്ധം ചെയ്തു. കോപ്പര്‍ നിക്കസിന്‍റെ സിദ്ധാന്തം മാത്രമാണ് ശരിയെന്നും പ്ടോളമിയുടെ സിദ്ധാന്തം തെറ്റാണെന്നും ഈ ഗ്രന്ഥത്തിലൂടെ ഗലീലിയോ അസന്ദിഗ്ധമായി തെളിയിച്ചു. ബൈബിളിനെ നിഷേധിക്കുന്ന പഠനം എന്ന തെറ്റിദ്ധാരണയില്‍ തിരുസംഘം ഗലീലിയോയ്ക്ക് ശിക്ഷവിധിച്ചു. എഴുപതുകാരനായ ഈ ശാസ്ത്രജ്ഞന് വിധിക്കപ്പെട്ട ശിക്ഷകള്‍ ഇവയാണ്:

(1) മുട്ടില്‍നിന്ന് വിശ്വാസപ്രമാണം ഏറ്റുചൊല്ലണം,

(2) സൂര്യകേന്ദ്രീകൃത പ്രപഞ്ചസിദ്ധാന്തം തള്ളിപ്പറയണം,

(3) വീട്ടുതടങ്കല്‍ അനുഭവിക്കണം.

1634 മുതല്‍ 1638 വരെ അദ്ദേഹം സ്വന്തംവീട്ടില്‍ ഒതുങ്ങിക്കൂടേണ്ടിവന്നു. 1638-ല്‍ ഹെര്‍ണിയരോഗം ബാധിച്ചതിനാല്‍ അദ്ദേഹത്തിനെതിരേയുള്ള വിലക്കുകള്‍ സഭാധികാരികള്‍ പിന്‍വലിച്ചു. ഫ്ളോറന്‍സില്‍പോയി വിദഗ്ദ്ധചികിത്സനേടാന്‍ ഗലീലിയോയ്ക്കു കഴിഞ്ഞു. 1642 വരെ സുഹൃത്തുക്കളെയും സന്ദര്‍ശകരെയും സ്വീകരിച്ച് ഗവേഷണങ്ങളിലും പഠനങ്ങളിലും മുഴുകി അദ്ദേഹം കഴിഞ്ഞു. 1642-ല്‍ ഹൃദയാഘാതംമൂലം എഴുപത്തി എട്ടാം വയസ്സില്‍ കൂദാശകള്‍ യഥായോഗ്യം സ്വീകരിച്ച് മരണമടഞ്ഞു.
തിരുസംഘത്തിന്‍റെ ഈ നടപടി അവിവേകപരമായിരുന്നു എന്ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചിട്ടുണ്ട്. ബൈബിളിനെ ശാസ്ത്രതത്വങ്ങള്‍ പഠിപ്പിക്കുന്ന ഗ്രന്ഥമായി കരുതിയതും ഭൂമിയാണ് പ്രപഞ്ചകേന്ദ്രമെന്ന് ബൈബിള്‍ പഠിപ്പിക്കുന്നതായി തെറ്റിദ്ധരിച്ചതുമാണ് തിരുസംഘത്തിനു തെറ്റുപറ്റാന്‍ കാരണമായതെന്നും പാപ്പാ ചൂണ്ടിക്കാട്ടുന്നുണ്ട്. തിരുസംഘത്തിന്‍റെ നടപടി തെറ്റാവരത്തോടെയുള്ള പ്രബോധനമല്ല എന്നതും നാം ഓര്‍ക്കണം.

ഗലീലിയോയുടെ മൃതദേഹം ഫ്ളോറന്‍സിലെ വി. ക്രോച്ചേയുടെ ദേവാലയത്തിലാണ് സംസ്കരിച്ചത്. 1737 ല്‍ ഗലീലിയോയുടെ കബറിടത്തിനു മുകളില്‍ സഭ ഒരു സ്മാരകം പണിത് മഹാനായ ഈ ശാസ്ത്രജ്ഞനെ ആദരിക്കുകയും ചെയ്തു. രണ്ടായിരാമാണ്ടിലാണ് ഗലീലിയോയെ സഭ അംഗീകരിച്ചത് എന്ന വാദം ശരിയല്ല എന്ന് ഇതില്‍നിന്നും വ്യക്തമാണല്ലോ.

നിലവിലുള്ളതില്‍നിന്നും വ്യത്യസ്തമായ പുതിയ പഠനങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് നേരിടേണ്ടിവരുന്ന സ്വാഭാവികമായ എതിര്‍പ്പുകള്‍ ഗലീലിയോയ്ക്കും നേരിടേണ്ടിവന്നു എന്നത് സത്യമാണ്. ഗലീലിയോയെ എതിര്‍ത്ത തിരുസംഘത്തിനാണ് യഥാര്‍ത്ഥത്തില്‍ തെറ്റുപറ്റിയത് എന്ന് കാലം തെളിയിക്കുകയും അതിനെ സഭ അംഗീകരിക്കുകയും ചെയ്തു.

പരീക്ഷണ നിരീക്ഷണങ്ങളും ഗണിതശാസ്ത്രവും സംയോജിപ്പിച്ച് ശാസ്ത്രത്തിന് നവീനപാത വെട്ടിത്തുറന്ന ഗലീലിയോ ആധുനികശാസ്ത്രത്തിന്‍റെ പിതാവായാണ് പരിഗണിക്കപ്പെടുന്നത്.
ഗലീലിയോയെ സംബന്ധിക്കുന്ന സത്യം ഇതായിരിക്കേ സഭയെ തകര്‍ക്കാനാഗ്രഹിക്കുന്ന ശക്തികള്‍ ഗലീലിയോയെ സഭ പീഡിപ്പിച്ചുകൊന്നതിനെക്കുറിച്ച് നിറംപിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കാറുണ്ട്. ഒട്ടകത്തിന്‍റെ കാലില്‍കെട്ടി മരുഭൂമിയില്‍ വലിച്ചിഴച്ച് ഗലീലിയോയെ സഭാധികാരികള്‍ വധിച്ചതായി വിവരിക്കുന്ന കഥയാണ് ഇവയില്‍ പ്രചുരപ്രചരിതമായത്. എന്നാല്‍ ഈ കഥയ്ക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലായെന്ന് വ്യക്തമാണല്ലോ.

What did the church do to Galileo? galileo Mar Joseph Pamplany Heliocentric theory John Paul II and galileo teachings of Galileo church and Galileo Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message