x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ ഇതര മതസംവാദം

വത്തിക്കാൻ കൗൺസിലും മതസൗഹാർദ്ദവും

Authored by : Dr Davis Njarackal V C On 10-Jun-2021

കത്തോലിക്കാ സഭയിൽ വലിയൊരു മാറ്റത്തിൻറെ ശംഖൊലി മുഴക്കിക്കൊണ്ടാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ രംഗപ്രവേശം ചെയ്തത്. സഭയുടെ സർവ്വമേഖലകളിലും ഈ മാറ്റത്തിൻറെ തിരയിളക്കങ്ങൾ നമുക്ക് ദർശിക്കാനാവും. ഇതര മതങ്ങളോടുള്ള സമീപനത്തിലും മനോഭാവത്തിലും സഭയ്ക്ക് വന്ന പരിവർത്തനം ഏത് കോണിലൂടെ നോക്കിയാലും പ്രകാശിച്ച് നിൽക്കുന്നതായികാണാം. 


ഭാരതസംസ്ക്കാരം

ആർഷഭാരത സംസ്ക്കാരം എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതും, എല്ലാവരേയും സ്വാഗതം ചെയ്യുന്നതും ആദരവോടെ കാണുന്നതുമാണല്ലോ. വിവിധ മതങ്ങൾ, അവയിൽ തന്നെ വിവിധ ജാതികൾ എന്നിങ്ങനെ വൈരുദ്ധ്യപൂർണ്ണമായ ഒരു സമഗ്രത, നാനാത്വത്തിൽ ഏകത്വം ഇതെല്ലാം ഭാരതചരിത്രത്തിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്നു. മതങ്ങളുടെ സംഗമഭൂമിയായ ഭാരതത്തിൻറെ പരമ്പരാഗത ചരിത്രം പൂർവ്വികർ നമ്മുടെ മുമ്പിൽ തെളിച്ച് വച്ചു. ഭാരത സംസ്ക്കാരം മതസൗഹാർദ്ദ സംസ്ക്കാരം തന്നെയാണ്. ഇന്ത്യൻ ഭരണഘടന ഏത് മതത്തേയും സ്വീകരിക്കാനും സമാധാനത്തോടെ പ്രചരിപ്പിക്കാനും നമുക്ക് അവകാശം നൽകുന്നു. എല്ലാ മതങ്ങളും സ്നേഹത്തിൻറെയും സൗഹാർദ്ദത്തിൻറെയും സമാധാ നത്തിൻറെയും ചൈതന്യം പകരുവാനാണ് ശ്രമിക്കുന്നത്. മതങ്ങളെല്ലാം ഈശ്വരനിലേക്കുള്ള വിവിധ മാർഗ്ഗങ്ങളാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത പുണ്യഭൂമിയാണ് നമ്മുടെ നാട്. 


കൗൺസിലിൻറെ സമീപനം

രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷമാണ് കത്തോലിക്കാ സഭയിൽ ഇതരമതങ്ങളോടുള്ള തുറന്ന മനോഭാവങ്ങളും പഠനങ്ങളും പുറത്തുവന്നത്. 'സഭയുടെ ഇതര മതങ്ങളോടുള്ള ബന്ധം' എന്ന പേരിൽ ഒരു പ്രമാണരേഖയും കൗൺസിൽ പുറപ്പെടുവിക്കുകയുണ്ടായി (Norsat Actate). മനുഷ്യരെല്ലാം ഒരൊറ്റ സമൂഹത്തിൽപെട്ടവരാണെന്നും അവരുടെ ഉത്ഭവവും ആത്യന്തികലക്ഷ്യവും ഒന്ന് തന്നെയാണെന്നും (NA 1/2) അതിനാൽ മനുഷ്യരെല്ലാവരും ഏത് മതത്തിലോ, ജാതിയിലോ, രാജ്യത്തോ ആയിരുന്നാലും സ്നേഹത്തിലും, സൗഹാർദ്ദത്തിലും ജീവിക്കാൻ വിളിക്കപ്പെട്ടവരാണെന്നുമുള്ള ബോധ്യമാണ് സഭയെ ഇതരമതങ്ങളുമായി ബന്ധപ്പെടുത്തുന്നതും സഹകരിച്ച് പ്രവർത്തിക്കാൻ പ്രചോദിപ്പിക്കുന്നതും. മതങ്ങളേക്കാൾ മനുഷ്യന് പ്രാധാന്യം കൽപ്പിക്കണമെന്ന ആത്മീയചിന്തയാണ് ഇതിൻറെ പിന്നിലുളളത്. 


മനുഷ്യരെ ശത്രുക്കളായി കാണാനും, മതിലുകൾ കെട്ടിമാറ്റിനിർത്താനുമുള്ള അളവുകോലായി മതങ്ങളെ കാണുവാൻ പാടില്ല. മറിച്ച് മിത്രങ്ങളായി കണ്ട് ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന സഹയാത്രികരാകാൻ സഹായിക്കുന്ന മാർഗ്ഗദീപങ്ങളാണ് അവ. "ജാതി, മതം, വർണ്ണം, ജീവിത നിലവാരം എന്നിവയുടെ പേരിൽ മനുഷ്യനോട് വിവേചനം കാണിക്കുന്നതിനേയും മനുഷ്യനെ ഞെരുക്കുന്നതിനെയും സഭ അപലപിക്കുന്നു. കാരണം ക്രിസ്തുവിൻറെ അഭീഷ്ടത്തിന് വിരുദ്ധമാണിത്. തന്മൂലം പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ കാൽപ്പാടുകളെ പിൻതുടർന്ന് ഈ പരി.സൂനഹദോസും ക്രിസ്തീയ വിശ്വാസികളെ ശക്തി യുക്തം ഉദ്ബോദിപ്പിക്കുകയാണ്: 'ഇതരമതങ്ങളുടെ ഇടയിൽ സൗഹൃദം പുലർത്തുക (1 പത്രോ 2:2)'. അതുപോലെ തന്നെ "കഴിയുമെങ്കിൽ എല്ലാ മനുഷ്യരോടും സമാധാനത്തിൽ ജീവിക്കാൻ യത്നിക്കുക" (NA 5/3). വളരെശക്തമായ ഭാഷയിലാണ് കൗൺസിൽ ആഹ്വാനം ചെയ്യുന്നത്; മറ്റ് മതസ്ഥരുമായി എല്ലാ മനുഷ്യരുമായി സൗഹാർദ്ദം പുലർത്തുക' എന്ന്. നദികളെല്ലാം സമുദ്രത്തെ തേടുന്നതുപോലെ എല്ലാ മതങ്ങളും ദൈവത്തെ തേടുകയാണ്. ശ്രീരാമകൃഷ്ണ പരമഹംസൻ പറയുന്നു: "ഒരു വീടിൻറെ മേൽക്കൂരയിലേക്ക് കോവണിയോ, ഏണിയോ, കയറോ ഉപയോഗിച്ച് കയറുന്നതുപോലെ ദൈവത്തിലേക്കുള്ള വ്യത്യസ്തങ്ങളായ മാർഗ്ഗങ്ങളാണ് മതങ്ങൾ". 'പല മത സാരവും ഏകമാം' എന്ന ചിന്ത ഭാരതമൈത്രിയുടെ അനശ്വര സന്ദേശമാണ്. എല്ലാ മതങ്ങളും മനുഷ്യ ജീവിതത്തിൻറെമേലുള്ള ഒരു പരാശക്തിയെ അവതരിപ്പിക്കാനും അത് വഴി ജീവിതപ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താനും ശ്രമിക്കുന്നുവെന്നും അതിനായി ഓരോ മതവും വിവിധ മാർഗ്ഗങ്ങൾ അവലംബിക്കുകയും അവയിലൂടെ അവരുടെ മതതത്വങ്ങളെയും ജീവിതപ്രമാണങ്ങളെയും മതാചാരങ്ങളേയും അവതരിപ്പിക്കുന്നുവെന്നും (NA 2/1) കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. ഹിന്ദുമതത്തെയും ബുദ്ധമതത്തെയും യഹൂദമതത്തെയും, ഇസ്ലാംമതത്തെയും പേരെടുത്ത് പറഞ്ഞ് അവയുടെ ശ്രേഷ്ഠതയെയും മനുഷ്യകുലത്തിന് അവപ്രദാനം ചെയ്തിട്ടുള്ള നന്മകളെയും കൗൺസിൽ എടുത്ത് പറയുമ്പോൾ സഭയുടെ ഇതര മതങ്ങളോടുള്ള ആദരവിനെയാണ് അത് സൂചിപ്പിക്കുന്നത് (NA 3,4). 

വ്യത്യാസങ്ങളെ ബഹുമാനിക്കുക മറ്റ് മതങ്ങളിൽ കാണുന്ന പഠനങ്ങൾ കത്തോലിക്കാസഭയുടെ പഠനങ്ങളിൽ നിന്നും വളരെ വ്യത്യസ്തങ്ങളാണെങ്കിൽ പോലും അവയെ ആദരിക്കുന്ന മനോഭാവമാണ് സഭ വച്ച് പുലർത്തുന്നത്. "ഈ മതങ്ങളിൽ കാണുന്ന സത്യവും വിശുദ്ധവുമായ യാതൊന്നും കത്തോലക്കാ തിരുസഭ തിരസ്ക്കരിക്കുന്നില്ല. മറ്റ് മതങ്ങളിലെ പ്രവർത്തന രീതികളും, ജീവിതമുറകളും, പ്രമാണങ്ങളും സിദ്ധാന്തങ്ങളും, തിരുസഭവിശ്വസിക്കയും പഠിപ്പിക്കുകയും ചെയ്യുന്നവയിൽ നിന്ന് പലതുകൊണ്ടും വ്യത്യസ്തമാണ്. എങ്കിലും തിരുസഭ അവയെല്ലാം ബഹുമാനത്തോടുകൂടിയാണ് നിരീക്ഷിക്കുന്നത്. കാരണം സർവ്വമനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിൻറെ രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട്" (NA 2/2). 

സാംസ്ക്കാരികാനുരൂപണം'ജനതകളുടെ പ്രകാശം എന്ന പേരിൽ അറിയപ്പെടുന്ന തിരുസഭയെപ്പറ്റിയുള്ള പ്രമാണ രേഖയിൽ (17) ഓരോ ജനതയുടെയും സംസ്ക്കാരത്തിൽ എന്തെല്ലാം അഭിലഷണീയമായിട്ടുണ്ടോ അതെല്ലാം അഭംഗുരംകാത്ത് സൂക്ഷിക്കണമെന്നും മനുഷ്യൻറെ നന്മയ്ക്കായി അവയെ ന്യൂനതയറ്റതും ഉന്നതവും പരിപൂർണ്ണവുമാക്കണമെന്നും സഭ ജനങ്ങളോട് ആവശ്യപ്പെടുന്നു. ഇതരമതങ്ങളോടും മതാചാരങ്ങളോടുമുള്ള സഭയുടെ ഈ വിശാലവീക്ഷ ണം തന്നെയാണ് സഭാമക്കൾ പിൻതുടരേണ്ടതും. വിവിധ മതങ്ങളിൽ നിന്നും സംസ്ക്കാരത്തിൽ നിന്നും നല്ലതെന്ന് തോന്നുന്നവ സഭയുടെ സദാചാരങ്ങളിലേക്ക് ഉൾച്ചേർക്കാനുള്ള വിശാലവീക്ഷണവും ഇന്ന് സഭാമക്കൾക്കുണ്ട്. അതിൻറെ ഭാഗമായിട്ടാണ് ഇന്ത്യൻ സംസ്ക്കാരത്തിലുള്ള 'താലികെട്ടും' നിലവിളക്കും ആരതിയും നമ്മുടെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി മാറിയത്. ഹിന്ദുമതത്തിൻറെ വിശുദ്ധഗ്രന്ഥങ്ങലിലൊന്നാണല്ലോ വേദങ്ങൾ. ഇതിൻറെ ചുവടുപിടിച്ചാണ് നാമും നമ്മുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെ വേദഗ്രന്ഥമായും അതിൻറെ പഠനത്തെ വേദപാഠമായും കാണുന്നത്. യേശുവിനെ ഗുരുവായി ചിത്രീകരിക്കുന്നതും ഈ ഭാരതസംസ്ക്കാര അനുരൂപണത്തിൻറെ ഭാഗമാണ്. ഇങ്ങനെ പല മേഖലകളിലും നാം മറ്റ് സംസ്ക്കാരങ്ങളുടെ ആചാരനുഷ്ഠാനങ്ങളുമായി ചേർന്ന് നിന്നുകൊണ്ട് ഒരു മതസൗഹാർദ്ദസംസ്ക്കാ രത്തിന് ശ്രമിക്കുമ്പോൾ മറ്റൊരു വശത്ത് ചിലരെങ്കിലും ഇപ്പോഴും ഇതരമതങ്ങളെയും ആചാരങ്ങളേയും അപലപിക്കുകയും വിമർശിക്കുകയും ചെയ്യുന്നു എന്നുള്ളത് ഖേദകരമായ സത്യം തന്നെ. ഇതരമതങ്ങളിലെ നന്മയെ കാണാനുള്ള നമ്മുടെ കാഴ്ചപ്പാട് ഒന്നുകൂടി വിശാലമാക്കേണ്ടിയിരിക്കുന്നു. എല്ലാ മതങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും മറ്റ് മതസ്ഥർക്ക് മനസ്സിലാകാത്ത രീതിയിലുള്ളതും രഹസ്യാത്മകമായിട്ടുള്ളതുമുണ്ടാകാം. അറിയില്ലാത്തതുകൊണ്ട് അവയെ തിന്മയായിചിത്രീകരിക്കാൻ പാടില്ല. ആരാധനയുടെ ഭാഗമാകാതെ സൗഹൃദത്തിൻറെയോ, പഠനത്തിൻറെയോ ഭാഗമായി ഇതരമത പുണ്യസ്ഥലങ്ങളോ, ആരാധനാലയങ്ങളോ സന്ദർശിക്കുന്നതും അവിടെ നിന്നും ലഭിക്കുന്ന പ്രസാദം കഴിക്കുന്നതും പാപമായിട്ടോ തെറ്റായിട്ടോ ചിത്രീകരിക്കേണ്ടതുണ്ടോ? ഇതരമതസ്ഥരുടെ ആചാരങ്ങളെയും അനുഷ്ഠാന വിധികളെയും വിമർശിക്കുന്നതും താഴ്ത്തിക്കെട്ടുന്നതും നമ്മുടെ മനസ്സിൻറെ അപകത്വയെയാണ് ചൂണ്ടിക്കാട്ടുന്നത്. മതത്തിൻറെയും ജാതിയുടെയും പേരിലുള്ളഭേദബുദ്ധി നമ്മുടെ ശാന്തിയും സമാധാനവും കെടുത്തിക്കളയുക മാത്രമല്ല പൂർവ്വികർ തുടങ്ങിവച്ച ആ നല്ല പാരമ്പര്യവും സംസ്ക്കാരവുമെല്ലാം ജലരേഖകളായി മാറ്റുകയും ചെയ്യുമെന്നതിൽ തർക്കമില്ല. 


മതവിദ്വേഷത്തെ നഖശിഖാന്തം എതിർത്തുകൊണ്ട് സഭയുടെ പ്രബോധനം നമുക്ക് ഉൾക്കൊള്ളാം. "ഇതര മതാനുയായികളുമായി വിവേകത്തോടും സ്നേഹത്തോടുംകൂടി വിശ്വാസത്തിനും ക്രിസ്തീയ ജീവിതത്തിനും സാക്ഷ്യംവഹിച്ചുകൊണ്ട് സംഭാഷണങ്ങളിലും സഹകരണത്തിലും ഏർപ്പെടാം. അവരിൽ ദൃശ്യമാകുന്ന ആദ്ധ്യാത്മികവും ധാർമ്മികവുമായ നന്മകളും സാമൂഹിക സാംസ്ക്കാരികമൂല്യങ്ങളും അംഗീകരിച്ച് പരിരക്ഷിക്കുകയും അഭിവൃദ്ധമാക്കുകയുംചെയ്യാം" (NA 2/3).  

 

കാരുണികൻ മാഗസിന്റെ 2012 ഓഗസ്റ്റ് ലക്കത്തിൽനിന്നും കാരുണികൻ മാഗസിന്റെ 2012 ഓഗസ്റ്റ് ലക്കത്തിൽനിന്നും    

vatican II reliogion Dr Davis Njarackal V C Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message