x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ സഭാസംബന്ധമായ പൊതുവിഷയങ്ങൾ

ക്രയവിക്രയങ്ങളിലെ സുതാര്യത

Authored by : Bishop Jose Porunnedom On 29-May-2021

സഭാസ്വത്തുക്കള്‍ കെകാര്യം ചെയ്യുന്നതിലുള്ള സുതാര്യത കാത്തുസൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളും മാനദണ്ഡങ്ങളും വിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. സഭാസ്വത്തുക്കളുടെ ഭരണം സംബന്ധിച്ച നിയമങ്ങള്‍ - സഭാനിയമത്തിലും സിവില്‍ നിയമത്തിലും ഉള്ളത് - നന്നായി പഠിക്കുകയും അവ നടപ്പാക്കാന്‍ ബന്ധപ്പെട്ടവരെ സഹായിക്കുകയും വേണ്ടി വന്നാല്‍ നിര്‍ബന്ധിക്കുകയും ചെയ്യുക എന്നതാണ് സുതാര്യത കാത്തുസൂക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. സമിതികളിലും മറ്റും പങ്കെടുക്കാന്‍ അവകാശവും ഉത്തരവാദിത്വവും ഉള്ളവര്‍ തങ്ങളുടെ അവകാശങ്ങള്‍ കൃത്യമായി ഉപയോഗിക്കുകയും ഉത്തരവാദിത്വങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കുകയും ചെയ്യുക എന്നതു തന്നെയാണ് പ്രധാന മാനദണ്ഡം. അതിനായി ആ അവകാശങ്ങളും അധികാരങ്ങളും കടമകളും നിയമത്തില്‍ നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത് ബന്ധപ്പെട്ട എല്ലാവരും അറിഞ്ഞിരിക്കുകയും വേണം. സ്വാര്‍ത്ഥതയും ഭയവും ഒന്നും ഇക്കാര്യത്തില്‍ ഉണ്ടാകാനും പാടില്ല.

സ്വത്ത് വര്‍ദ്ധിപ്പിക്കാനും സംരക്ഷിക്കാനും സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനും മറ്റുമുള്ള ശ്രമത്തില്‍ വൈദികരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിര്‍ബന്ധബുദ്ധിയും സുതാര്യതയില്ലായ്മയും ഏകാധിപത്യപ്രവണതയും പോലെയുള്ള അപചയങ്ങളാണ് പരാതികള്‍ക്ക് പലപ്പോഴും കാരണമാകുന്നത്. നിയമങ്ങള്‍ കൃത്യമായി പാലിക്കാനുള്ള വിമുഖത വളരെ വ്യാപകമാണെന്നത് നിര്‍ഭാഗ്യകരമാണ്. ഈ പ്രവണത ശക്തി പ്രാപിക്കുന്നതിനനുസരിച്ച് അല്മായ വിശ്വാസികള്‍ അവയില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അകലുന്നു എന്നതും വസ്തുതയാണ്. അതോടൊപ്പം സഭാനിയമങ്ങളിലും ഭരണസംവിധാനങ്ങളിലുമുള്ള അറിവില്ലായ്മയും കൂടിയാകുമ്പോള്‍ അല്മായ വിശ്വാസികള്‍ക്ക് തങ്ങള്‍ തീര്‍ത്തും അവഗണിക്കപ്പെട്ടതായി അനുഭവപ്പെടുന്നു. നിയമങ്ങളിലും ഭരണസംവിധാനങ്ങളിലും അറിവ് സമ്പാദിക്കുകയും തങ്ങള്‍ക്ക് അനുവദനീയമായ സമിതികളില്‍ ക്രമമായും സജീവമായും പങ്കെടുക്കുകയും ചെയ്യുക എന്നതുമാണ് ഇതിന് പരിഹാരമായിട്ടുള്ളത്.

അതുപോലെ തന്നെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതം നടക്കുന്നു എന്ന് പൊതുയോഗാംഗങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്യണം. ഉദാഹരണമായി ഒരു മീറ്റിംഗില്‍ നടന്ന കാര്യങ്ങളുടെ റിപ്പോര്‍ട്ട് അല്ലെങ്കില്‍ മിനിറ്റ്സ് അടുത്ത മീറ്റിംഗില്‍ വായിക്കുകയും മുമ്പെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയതിന്‍റെയും നടപ്പാക്കാതെ പോയതിന്‍റെയും അവലോകനം നടത്തുകയും ചെയ്യണം. അത് ആവശ്യപ്പെടാന്‍ കെക്കാരന്മാര്‍ക്കും യോഗാംഗങ്ങള്‍ക്കും അല്ലെങ്കില്‍ പ്രതിനിധിയോഗാംഗങ്ങള്‍ക്കും അവകാശവും കടമയും ഉണ്ട്. സമയാസമയങ്ങളില്‍ രൂപതാകേേന്ദ്രത്തിലേക്ക് കൊടുക്കേണ്ട കണക്കുകളും വിഹിതങ്ങളും കൊടുത്തൊ എന്നും ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് അന്വേഷിക്കേണ്ട ചുമതലയും അവരുടേത് തന്നെ. അവരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി കിട്ടുന്നല്ലെങ്കില്‍ അടുത്ത മീറ്റിംഗില്‍ അതൊരു അജണ്ടാവിഷയമായി കൊണ്ടു വന്ന് ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണം.

അജണ്ടയിലേക്കുള്ള വിഷയങ്ങള്‍ മീറ്റിംഗിനു മുമ്പായി എഴുതിക്കൊടുക്കുന്നതാണ് ഉത്തമം.
സാമ്പത്തികകാര്യങ്ങളുടെ കണക്കുകള്‍ സിവില്‍ നിയമങ്ങള്‍ക്കും സഭാനിയമങ്ങള്‍ക്കും വിധേയമായി കൃത്യമായി എഴുതി സൂക്ഷിച്ചാല്‍ തന്നെ സുതാര്യത വലിയൊരളവില്‍ ഉണ്ടാകും. ആവശ്യമായ എല്ലാ അനുബന്ധ രേഖകളും ഉണ്ടായിരിക്കണം. ഉദാഹരണം ബില്ല്, രസീത്, വൗച്ചര്‍ തുടങ്ങിയവ. ഈ അനുബന്ധ രേഖകള്‍ ഇല്ലാതെ എഴുതുന്ന കണക്കുകള്‍ കൃത്യമായിരിക്കുകയില്ല എന്ന് പറയേണ്ടതില്ലല്ലോ. ശരിയായ രേഖകള്‍ ഇല്ലാതെ സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി ലാഭിക്കുന്നതും മറ്റും ഒരിക്കലും നീതീകരിക്കത്തക്കതല്ല. കെക്കൂലി കൊടുക്കുമ്പോഴും കണക്കുകള്‍ സുതാര്യമായി എഴുതാന്‍ കഴിയില്ല. എല്ലാ പണയിടപാടുകളും ബാങ്ക് വഴി മാത്രം ആക്കുകയും നോട്ടിന്‍റെ ഉപയോഗം പരമാവധി കുറക്കുകയും ചെയ്യണം. ഇടവകക്കും സ്ഥാപനങ്ങള്‍ക്കും കിട്ടുന്ന പണം കള്ളപ്പണമല്ല എന്ന് ഉറപ്പ് വരുത്തിയാല്‍ കണക്കെഴുതുന്നതില്‍ സുതാര്യത എളുപ്പമാകും. പ്രത്യേകിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന സംഭാവനകള്‍ കള്ളപ്പണമല്ല എന്ന് ബന്ധപ്പെട്ടവര്‍ തീര്‍ച്ചയാക്കണം. സ്ഥാപനങ്ങളില്‍ കിട്ടുന്ന തുകകള്‍ യാതൊരു കാരണവശാലും നോട്ടായി വാങ്ങാതെയും കൊടുക്കാതെയും ഇരുന്നാല്‍ ആ രീതിയിലുള്ള സുതാര്യതക്കുറവും സംശയങ്ങളും ഇല്ലാതാക്കാന്‍ കഴിയും. നിയമാനുസൃതം ആലോചിക്കേണ്ട എല്ലാ സമിതികളിലും അലോചിക്കുകയും വേണം.


നാമിന്ന് ജീവിക്കുന്നത് ഡിജിറ്റല്‍ യുഗത്തിലായതിനാല്‍ മേല്പ്പറഞ്ഞ രീതികള്‍ അവലംബിക്കാന്‍ പ്രയാസമൊന്നുമില്ല. ചില രൂപതകളിലെ ഇടവകകളിലും സ്ഥാപനങ്ങളിലും കണക്കുകള്‍ ഓണ്‍ലൈനായിട്ടാണ് തയ്യാറാക്കുന്നതും രൂപതാ കേന്ദ്രത്തിലേക്ക് അയക്കുന്നതും. അതുകൊണ്ട് നല്ലൊരളവു വരെ അവ സുതാര്യവും കൃത്യവും ആയിരിക്കും. എങ്കിലും സുതാര്യത ഉണ്ടാകരുത് എന്ന് മനഃപൂര്‍വ്വം വിചാരിച്ചാല്‍ സാധിക്കും എന്നതും വസ്തുതയാണ്. അതുകൊണ്ട് സത്യസന്ധത ഇതില്‍ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.


പല കാരണങ്ങള്‍ കൊണ്ടും കണക്കുകള്‍ കൃത്യമായി രൂപതാകേന്ദ്രത്തില്‍ സമര്‍പ്പിക്കാന്‍ പലരും മടി കാണിക്കാറുണ്ട്. ചിലപ്പോള്‍ അത് നല്ല ഉദ്ദേശ്യത്തോടെയുമാണ്. ഉദാഹരണമായി, പള്ളിനിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഇടവകകളില്‍ നിന്നുള്ള കണക്കുകള്‍ പലപ്പോഴും മാസാമാസം കൃത്യമായി കിട്ടാറില്ല. കയ്യില്‍ ഉള്ള തുകയുടെ കൃത്യം കണക്ക് ഇടവകക്കാരെ അറിയിച്ചാല്‍ പിന്നെ കിട്ടാനുള്ള വിഹിതം കൊടുക്കുകയില്ല എന്നൊരു വാദമാണ് പ്രധാനമായും ഇതിന്‍റെ പിന്നിലുള്ളത്. വസ്തുത കുറെയൊക്കെ ശരിയാണെങ്കിലും ആ രീതിയുടെ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മാത്രമല്ല അനാവശ്യമായ സംശയങ്ങള്‍ ഉടലെടുക്കുകയും ആരോപണങ്ങള്‍ ഉണ്ടാകുകയും ചെയ്യും. രൂപതാവിഹിതം കൊടുക്കാതിരിക്കാന്‍ വേണ്ടി വിഹിതത്തിന് പരിഗണിക്കപ്പെടേണ്ട വരവുകളില്‍ പലതും വക മാറ്റി ഇടവകകളില്‍ പലരും എഴുതുന്നുണ്ട് എന്നതും ഒരു സത്യമാണ്. ഇതിനെല്ലാം അറുതി വരുത്തണമെങ്കില്‍ പള്ളിയോഗവും പ്രതിനിധിയോഗവും കെക്കാരന്മാരും കണക്കനും എല്ലാം അവരുടെ ഉത്തരവാദിത്വം ഭയവും മടിയും കൂടാതെ ചെയ്യാന്‍ തയ്യാറാകണം. വെദികര്‍ ഇതിനെല്ലാം പിന്തുണ കൊടുക്കുകയും അവരോട് സഹകരിക്കുകയും വേണം.

Transparency in transactions Transparency Bishop Jose porunnedom Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message