x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ സഭാസംബന്ധമായ പൊതുവിഷയങ്ങൾ

കല്ലറകള്‍

Authored by : Noble Thomas Parackal On 29-May-2021

ഇടവകദേവാലയത്തില്‍ ഒരു കല്ലറ കത്തോലിക്കാവിശ്വാസിയുടെ അവകാശമാണ്. അത് തികച്ചും സൗജന്യമായിത്തന്നെയാണ് എല്ലാ കത്തോലിക്കാ ഇടവകകളും അതാത് ഇടവകാംഗങ്ങള്‍ക്ക് നല്കുന്നത് എന്നത് ഏവര്‍ക്കും അറിവുള്ള കാര്യവുമാണ്. എങ്കിലും ചിലപ്പോഴെങ്കിലും ഇടവകകള്‍ കല്ലറകള്‍ കച്ചവടം ചെയ്യുന്നുവെന്നും അതിന് പിന്നില്‍ വലിയ നീതികേടുണ്ടെന്നുമുള്ള പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്താണ് കല്ലറകള്‍ക്ക് പിന്നിലുള്ള സാമ്പത്തികഇടപാടുകളുടെ യാഥാര്‍ത്ഥ്യം എന്ന് ഒന്ന് പരിശോധിക്കാം.

ചിലപ്പോഴെങ്കിലും കത്തോലിക്കാ ഇടവകകളില്‍ അവയുടെ സെമിത്തേരി അടിക്കണക്കിന് തിരിച്ച് വില്പനക്ക് വച്ചിരിക്കുകയാണ് എന്ന രീതിയിലുള്ള പ്രചരണങ്ങള്‍ നാം കാണാറുണ്ട്. എന്നാല്‍ ഒരു ഇടവകയിലും കല്ലറകള്‍ക്ക് പണം വാങ്ങാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സാധാരണഗതിയില്‍ ഇടവകയിലെ സെമിത്തേരിയില്‍ ഇടവകയിലെ എല്ലാ വിശ്വാസികള്‍ക്കും ഒരേ അവകാശമാണുള്ളത്. കല്ലറകള്‍ വരുന്നതിന് മുമ്പ് കുഴികളെടുത്ത് മരിച്ചവരെ അടക്കിയിരുന്നപ്പോള്‍ യാതൊരുവിധ ചിലവുകളും മരിച്ചടക്കിന് ഉണ്ടായിരുന്നില്ല (കുഴിക്കാണം എന്ന പേരില്‍ വാങ്ങിയിരുന്ന ചെറിയ തുക കുഴിവെട്ടുകാരന്‍റെ ഉപജീവനാര്‍ത്ഥമാണ് ചിലവഴിച്ചിരുന്നത്). എന്നാല്‍ കാലം മാറി കല്ലറകളുടെ ഉപയോഗം നിലവില്‍ വന്നപ്പോള്‍ കല്ലറകള്‍ നിര്‍മ്മിക്കുന്നതിന് പണം ആവശ്യമായി വന്നു. സാമ്പത്തികശേഷി ഉള്ള ഇടവകദേവാലയങ്ങള്‍ സ്വയമായും അല്ലാത്തവ വിശ്വാസികളില്‍ നിന്ന് പിരിച്ചും കല്ലറകള്‍ നിര്‍മ്മിച്ചു. ഈ കല്ലറകളില്‍ അടക്കുന്നതിന് ഇടവകാംഗങ്ങള്‍ പിന്നീട് പ്രത്യേകിച്ച് പണം നല്കേണ്ടതില്ല. അതേസമയം, അവയുടെ നിര്‍മ്മാണത്തിന് വേണ്ടി ഇടവകാംഗങ്ങള്‍ക്കെല്ലാവര്‍ക്കും നിശ്ചയിച്ച തുക കൊടുത്തിട്ടില്ലെങ്കില്‍ ചിലപ്പോള്‍ അത് ഉപയോഗിക്കേണ്ട സമയത്ത് ഉത്തരവാദിത്വപ്പെട്ടവര്‍ ചോദിക്കാന്‍ ഇടയുണ്ട്.

ഇടവകകളില്‍ കല്ലറകളെക്കുറിച്ച് പറയുമ്പോള്‍ പൊതുക്കല്ലറകള്‍ എന്തെന്നും കുടുംബക്കല്ലറകള്‍ എന്തെന്നും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. അപ്പോഴാണ് സാമ്പത്തികചിലവുകളുടെ സാങ്കേതികത മനസ്സിലാക്കാന്‍ സാധിക്കുക.

പൊതുക്കല്ലറകള്‍

30 കല്ലറകള്‍ ഒരു ഇടവകസെമിത്തേരിയില്‍ ഉണ്ടെങ്കില്‍ ആദ്യം മരിക്കുന്നവരെ മുതല്‍ 30 പേരെ ക്രമാനുസൃതം ഈ കല്ലറകളില്‍ അടക്കുകയും 31-ാമത്തെ വ്യക്തി മരണമടയുമ്പോള്‍ ആദ്യത്തെ കല്ലറ തുറന്ന് അസ്ഥികള്‍ നീക്കം ചെയ്ത് (അതിനായി തയ്യാറാക്കിയിരിക്കുന്ന സ്ഥലത്തേക്ക്) അവിടെ അടക്കുകയാണ് നിലവിലുള്ള രീതി. എല്ലാ കല്ലറകളും തീരുന്ന മുറക്കോ അല്ലെങ്കില്‍ ഒരു നിശ്ചിതകാലത്തിനു ശേഷമോ ആണ് ഒരാളെ അടക്കിയ കല്ലറയില്‍ മറ്റൊരാളെ അടക്കുന്നത്. ഇത്തരം കല്ലറകള്‍ക്ക് പൊതുക്കല്ലറകള്‍ എന്നാണ് പറയുക. പൊതുക്കല്ലറകള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഒരു വിശ്വാസിയും യാതൊരു വിധത്തിലുള്ള സംഭാവനയും പൊതുക്കല്ലറകള്‍ക്ക് നല്കേണ്ടതുമില്ല.

കുടുംബക്കല്ലറകള്‍

പൊതുക്കല്ലറകളില്‍ അടക്കം ചെയ്യുന്ന പ്രിയപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങള്‍ഏതാനും നാളുകള്‍ക്കുള്ളില്‍ നീക്കം ചെയ്യപ്പെടുന്നത് പലരിലും വൈകാരികമായ വിഷമം സൃഷ്ടിച്ചതിന്‍െറ പശ്ചാത്തലത്തിലാണ് കുടുംബക്കല്ലറ എന്ന ആശയം രൂപപ്പെട്ടത്. ഒരു കുടുംബത്തിന് വേണ്ടി ഒരു കല്ലറ മാറ്റി വെക്കുന്നു. പള്ളിസെമിത്തേരിയില്‍ ഒരു കല്ലറയോ അതിനുള്ള സ്ഥലമോ ഒരു കുടുംബം പണം കൊടുത്ത് നിശ്ചിതകാലത്തേക്ക് വാങ്ങുന്ന സംവിധാനമാണത്. ഇപ്രകാരം വാങ്ങുന്ന കല്ലറകളില്‍ ആ കുടുംബത്തില്‍പ്പെട്ടവരെ എല്ലാവരെയും മരണപ്പെടുന്ന മുറക്ക് അടക്കാന്‍ കഴിയും. മറ്റുള്ളവരെ അവിടെ അടക്കുകയില്ല. കുടുംബാംഗങ്ങള്‍ക്ക് അതിന് സമീപത്ത് നിന്ന് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. പ്രിയപ്പെട്ട കുടുംബാംങ്ങളെല്ലാവരും ഒരിടത്തുതന്നെ അന്തിയുറങ്ങുന്നു എന്ന സംതൃപ്തിയും ഇതിലുണ്ട്. ദൈവശാസ്ത്രപരമായി ഇത്തരം ചിന്തകള്‍ക്ക് വലിയ പ്രസക്തിയില്ലെങ്കിലും വൈകാരികബന്ധവും ആവശ്യങ്ങളും പരിഗണിച്ച് സഭ ഇത് അനുവദിക്കുന്നു.

കുടുംബക്കല്ലറകള്‍ക്ക് പണം വാങ്ങുന്നത് എന്തുകൊണ്ട്?

കുടുംബക്കല്ലറകളും നിലനില്‍ക്കുന്നത് പള്ളിസെമിത്തേരിയുടെ അകത്ത് തന്നെയാണ്. അതായത് ഇടവകയില്‍ എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട സ്ഥലമാണ് ഒരു കുടുംബം മാത്രം സവിശേഷമാംവിധം കുറേയധികം വര്‍ഷക്കാലത്തേക്ക് (30-50 വര്‍ഷങ്ങള്‍) സ്വന്തമാക്കുന്നത്. ഒരു കുടുംബത്തിന് മാത്രമായി പള്ളിസെമിത്തേരിയില്‍ നിശ്ചിതസ്ഥലം മാറ്റിസൂക്ഷിക്കുന്നതിന് അവര്‍ നിശ്ചിതതുക നല്കണം എന്നത് മറ്റുള്ളവരുടെ ന്യായപൂര്‍വ്വകമായ ആവശ്യമായിരുന്നു. സെമിത്തേരിയുടെ തന്നെ നിര്‍മ്മാണത്തിനും നവീകരണത്തിനും വേണ്ടി ഈ തുക ഉപയോഗിക്കാനും സാധിക്കും. മാത്രവുമല്ല, നേരത്തേ സൂചിപ്പിച്ചതുപോലെ സഭാത്മകവും ആത്മീയവുമായ ചിന്തയില്‍ ഇത്തരം കുടുംബക്കല്ലറകള്‍ അപ്രസക്തമാണ്. അന്ത്യവിധിയെക്കുറിച്ചുള്ള വിശ്വാസവും സഭാപഠനവും ഇത്തരം വൈകാരികനടപടിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുമില്ല. അതിനാല്‍ത്തന്നെ വിശ്വാസികളെ കുടുംബക്കല്ലറകള്‍ എന്ന സംവിധാനത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതിന് വേണ്ടിയും പലപ്പോഴും ഉയര്‍ന്ന തുകകള്‍ അതിനായി നിശ്ചയിച്ചിരിക്കുന്നത്.

കുടുംബക്കല്ലറകളുടെ തുക നിശ്ചയിക്കുന്നത് ആരാണ്?

പള്ളിസെമിത്തേരിയുടെ സ്ഥലം ഭാഗംവച്ച് വിറ്റ് ഇടവകകള്‍ കോടികള്‍ സമ്പാദിക്കുന്നുണ്ട് എന്നൊരു വാദമുണ്ട്. പൊതുക്കല്ലറകള്‍ യാതൊരു തുകയും വാങ്ങാതെ തന്നെ എല്ലാ വിശ്വാസികള്‍ക്കും ഒരുപോലെ സംലഭ്യമാക്കിയിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യവും കുടുംബക്കല്ലറകളുടെ തുക നിശ്ചയിക്കുന്നത് ഇടവകയുടെ പൊതുയോഗമാണെന്നതും ഇവിടെ വിസ്മരിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഇടവകാ പൊതുയോഗത്തിന്‍റെ തീരുമാനപ്രകാരം കുടുംബക്കല്ലറയുടെ ഏറ്റവും കുറഞ്ഞ തുക നിശ്ചയിക്കാന്‍ ഇടവകയുടെ പൊതുയോഗം മാത്രം തീരുമാനിച്ചാല്‍മതി. അതായത്, വിശ്വാസികളുടെ കൈയ്യില്‍ത്തന്നെയാണ് ഈ തീരുമാനത്തിൻ്റെ താക്കോല്‍ ഇരിക്കുന്നതെന്ന് ചുരുക്കം.

സമാപനം

മിശിഹായുടെ രണ്ടാമത്തെ ആഗമനം വരെ നമ്മുടെ ഭൗതികശരീരങ്ങള്‍ക്ക് അന്തിയുറങ്ങാനുള്ള കബറിടങ്ങള്‍ സഭ നമുക്ക് സൗജന്യമായി നല്കുന്നുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ വേണ്ടപ്പോള്‍ ചിലവും ആനുപാതികമായി വര്‍ദ്ധിക്കും എന്നത് സാധാരണ ലോകക്രമമാണ്. മരണശേഷം എവിടെ എങ്ങനെ കിടക്കുന്നു എന്നതിലല്ല, മരിക്കുന്നതിന് മുമ്പ് എവിടെ എങ്ങിനെ ജീവിച്ചു എന്നതായിരിക്കണം നമ്മുടെ പരിഗണനാവിഷയം. ദൈവവും കണക്കിലെടുക്കുന്നത് അത് മാത്രമാണ്.

tomb cemetery tombs Noble Thomas Parackal Noble Parackal fr noble fr noble parackal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message