We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 04-Feb-2021
വിശ്വവിഖ്യാതനായ വി. ആഗസ്തിനോസിന്‍റെ അഭിപ്രായത്തില്‍ മനുഷ്യന്‍റെ മനസ്സില്‍ ഉയര്‍ന്നുവരുന്ന ഒരു ചോദ്യമാണ്, "ദൈവമേ ഈ ഞാന്‍ എന്താണ്? എന്‍റെ സ്വഭാവം എങ്ങനെയുള്ളതാണ്? അസംഖ്യം വൈവിദ്ധ്യങ്ങളുടെയും വൈചിത്ര്യങ്ങളുടെയും സമാഹാരമായ ഒരു ജീവവിശേഷം!" (അഗസ്റ്റിന്‍റെ ആത്മകഥ, 10.17.26). ഞാന്‍ ആരാണ്, നീ ആരാണ് മുതലായ സ്വാഭാവിക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ ശ്രമിക്കുകയാണ് ദൈവശാസ്ത്രപരമായ മനുഷ്യദര്‍ശനത്തിലൂടെ. ദൈവശാസ്ത്ര മനുഷ്യദര്‍ശനത്തിന്‍റെ ചില ലക്ഷ്യങ്ങളും, മാനങ്ങളും ചുരുക്കത്തില്‍ വിശദീകരിക്കുവാന്‍ പരിശ്രമിക്കുകയാണിവിടെ.
പുരാണഗ്രന്ഥങ്ങളില്‍ പലതും മനുഷ്യദര്‍ശനത്തിന്‍റെ വിവിധമാനങ്ങള്‍ കണ്ടെത്താന്‍ പരിശ്രമിച്ചിട്ടുണ്ട്. ഭജഗോവിന്ദത്തിലും, ഉപനിഷത്തുകളിലും, വി. ബൈബിളിലും എല്ലാം ഈവിധ ചിന്തകള്‍ നമുക്ക് കണ്ടെത്താനാവും. വി. ഗ്രന്ഥത്തില്‍ സങ്കീര്‍ത്തനപുസ്തകത്തിലൂടെ മനുഷ്യന്‍റെ പ്രാധാന്യം ദര്‍ശിക്കുവാന്‍ ശ്രമിക്കുന്നതായി കാണുവാന്‍ സാധിക്കും. ഇപ്രകാരം നാം വായിക്കുന്നു: "അവിടുത്തെ ചിന്തയില്‍വരാന്‍മാത്രം മര്‍ത്യന് എന്തു മേന്മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്?" (സങ്കീ 8:4). മനുഷ്യന്‍ എന്നും ഒരു അത്ഭുത പ്രതിഭാസംതന്നെയാണ്. മനുഷ്യജീവന്‍, മനുഷ്യമനസ്സ്, മനുഷ്യനും സമൂഹവുംതമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം എന്നും ചര്‍ച്ചചെയ്യപ്പെടുന്നതും എന്നാല്‍ പൂര്‍ണ്ണ അര്‍ത്ഥം പിടികിട്ടാത്തതുമായ ചില ആശയങ്ങളാണ്. കാരണം ഇവയുടെ ആഴങ്ങളിലേക്ക് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ എത്തിച്ചേരുക മനുഷ്യബുദ്ധിക്കുതന്നെ അപ്രാപ്യമാണ്. ആഗസ്തീനോസ് പറയുന്നതുപോലെ, "ഏതു വശത്തേയ്ക്കും എത്രയാഴമായി ഞാന്‍ മുങ്ങിനോക്കിയാലും അടിയിലെത്തുക സാധ്യമല്ല. അത്രവലിയ ശക്തിയാണ് സ്മരണ! അത്രവലിയ ശക്തിയാണ് ജീവന്‍. മനുഷ്യന്‍റെ മരണവിധേയമായ ഈ ജീവന്‍ പോലും" (ആഗസ്റ്റിന്‍റെ ആത്മകഥ 10.17.26).
എങ്കിലും വി. ഗ്രന്ഥത്തില്‍ ദൈവം മനുഷ്യന് വലിയ സ്ഥാനവും മഹത്വവും, ദൈവത്തിന്‍റെ ഛായയും, സാദൃശ്യവും തരുന്നു. സങ്കീര്‍ത്തനപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു: "എന്നിട്ടും അവിടുന്ന് അവനെ ദൈവദൂതന്മാരെക്കാള്‍ അല്പംമാത്രം താഴ്ത്തി; മഹത്വവും ബഹുമാനവുംകൊണ്ട് അവനെ മകുടമണിയിച്ചു" (സങ്കീ 8:5). മനുഷ്യമഹത്വത്തെക്കുറിച്ചും, പ്രാധാന്യത്തെക്കുറിച്ചും ഒത്തിരിയേറെ പറയുന്നുണ്ടെങ്കിലും ശാസ്ത്രീയമായ ക്രമീകൃതമായ ഒരു പഠനം മനുഷ്യവ്യക്തിയെക്കുറിച്ച് ബൈബിളിലെ ഒരു പുസ്തകത്തിലും പൂര്‍ണ്ണമായി കാണുവാന്‍ സാധിക്കില്ല. പക്ഷേ പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന ചിന്തകള്‍ കൂട്ടിവായിച്ചാല്‍ ഒരു പൂര്‍ണ്ണചിത്രം ലഭിക്കുന്നു.
മനുഷ്യദര്‍ശനത്തിന്‍റെ പ്രത്യേകതകള്‍
മനുഷ്യന്‍ മനുഷ്യനെക്കുറിച്ചുതന്നെ പറയുന്നു, പഠിപ്പിക്കുന്നു. നാം നമ്മെക്കുറിച്ചുതന്നെ ചോദിക്കുന്നു, ഉത്തരം കണ്ടെത്തുന്നു, പഠിപ്പിക്കുന്നു. ചോദ്യം ചോദിക്കുന്നതും, ചോദിക്കപ്പെടുന്നതും ഒരാള്‍തന്നെ. എങ്കിലും ഇവിടെ നമുക്കറിയാം നീ എന്നു പറയുന്നതും ഞാന്‍ എന്നു പറയുന്നതും തികച്ചും വ്യത്യസ്ഥമാണ് എന്ന്.
മനുഷ്യദര്‍ശനങ്ങളില്‍ ദൈവശാസ്ത്രപരമായ മനുഷ്യദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. വിവിധ മനുഷ്യദര്‍ശനങ്ങളില്‍ എവിടെയും ഉന്നയിക്കപ്പെടുന്ന ചോദ്യം, ഞാന്‍ ആരാണ്? നീയാരാണ്? എന്നുതന്നെയാണ്. ജീവശാസ്ത്രപരമായ മനുഷ്യദര്‍ശനം, മനശാസ്ത്രപരമായ മനുഷ്യദര്‍ശനം, പുരാവസ്തുപരമായ മനുഷ്യദര്‍ശനം, രാഷ്ട്രീയപരമായ മനുഷ്യദര്‍ശനം, സാമൂഹ്യമനുഷ്യദര്‍ശനം, തത്വശാസ്ത്രപരമായ മനുഷ്യദര്‍ശനം എന്നിങ്ങനെ പലതായി മനുഷ്യദര്‍ശനത്തെ തിരിക്കാവുന്നതാണ്. ഇവിടെയെല്ലാം മനുഷ്യനെക്കുറിച്ചുള്ള പഠനങ്ങളുടെ വിവിധ വശങ്ങള്‍ കണ്ടെത്തുന്നു. കൂടാതെ വിവിധ മതങ്ങളിലെ മനുഷ്യസങ്കല്പങ്ങളും പഠനങ്ങളും തുടര്‍ന്നുവരുന്ന ഭാഗങ്ങളില്‍ നാം പഠനവിധേയമാക്കുന്നതാണ്.
ക്രിസ്തീയ മനുഷ്യശാസ്ത്രത്തിന്‍റെ പ്രാധാന്യം
ക്രിസ്തീയ ദൈവശാസ്ത്രപരമായ മനുഷ്യദര്‍ശനത്തിന് വളരെ പ്രാധാന്യമുണ്ട്. കാരണം ഇത് മറ്റു മനുഷ്യദര്‍ശനങ്ങളില്‍നിന്നും വ്യത്യസ്തമായ പുതിയ ഉള്‍ക്കാഴ്ച നല്‍കുന്നു. ഇവിടെ മനുഷ്യനെ യേശുക്രിസ്തുവില്‍ വെളിപ്പടുത്തപ്പെട്ട ദൈവവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. യേശുക്രിസ്തു ഒരേസമയം പൂര്‍ണ്ണദൈവവും പൂര്‍ണ്ണമനുഷ്യനുമായിരുന്നു.
കൂടാതെ ക്രിസ്തീയ മനുഷ്യദര്‍ശനം നമ്മെ ഓരോരുത്തരെയും നമുക്കുതന്നെ വെളിപ്പെടുത്തിതരുന്നു. പീലാത്തോസ് ഈശോയെ നോക്കി പറയുന്ന ഒരു വാചകമുണ്ട്: "ഇതാ മനുഷ്യന്‍" (യോഹ 19:5). യേശുവാണ് യഥാര്‍ത്ഥ മനുഷ്യന്‍, പൂര്‍ണ്ണമനുഷ്യന്‍ എന്ന് നമുക്ക് പറയുവാന്‍ സാധിക്കും. കാരണം പഴയനിയമത്തില്‍, മനുഷ്യന്‍ ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, എന്നും നാം വായിക്കുന്നു. ദൈവം വീണ്ടും അരുളിചെയ്തു: നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം.... അങ്ങനെ ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു (ഉല്‍പ 1:26-27). മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തെ പ്രതിനിധീകരിക്കുന്നു. ഈജിപ്തില്‍ ഫറവോയുടെ പ്രതിമകള്‍ സ്ഥാപിച്ചിരുന്നു. മെസപ്പെട്ടോമിയായില്‍ രാജാവ് ഭൂമിയിലെ ദൈവത്തിന്‍റെ പ്രതിനിധിയായിരുന്നു. രാജാക്കന്മാരുടെയും, ദൈവങ്ങളുടെയും പ്രതിമകള്‍ സ്ഥാപിച്ചിരുന്നു പല രാജ്യങ്ങളിലും (2 രാജ 11:18; എസെ 7:20). ഇത്തരം പ്രതിമകളെ സൂചിപ്പിക്കുന്ന "സെലംڈ എന്ന ഹീബ്രുപദമാണ് "ഛായ" എന്ന് മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. ഛായയും, സാദൃശ്യവും എന്നീ വാക്കുകള്‍ ഏകദേശം ഒരേ അര്‍ത്ഥത്തില്‍തന്നെയാണ് ഉപയോഗിക്കുക. അദൃശ്യനായ സ്രഷ്ടാവിനെ ഈ പ്രപഞ്ചത്തില്‍ പ്രതിനിധാനം ചെയ്യേണ്ടവനാണ് മനുഷ്യന്‍ എന്ന് ഈ പദങ്ങള്‍ വിവക്ഷിക്കുന്നു.
ബൈബിളിലെ മനുഷ്യദര്‍ശനം
വി. ബൈബിള്‍ വളരെ സമഗ്രവും, പൂര്‍ണ്ണവുമായ ഒരു മനുഷ്യദര്‍നം പ്രദാനം ചെയ്യുന്നു. ബൈബിളിലെ വിവിധ പുസ്തകങ്ങളില്‍ ചിതറിക്കിടക്കുന്ന ചിന്തകളും, ആശയങ്ങളും, പഠനങ്ങളും കൂട്ടിച്ചേര്‍ത്തുവായിക്കുമ്പോള്‍ പഴയനിയമത്തില്‍നിന്നും, പുതിയനിയമത്തില്‍നിന്നുമായി മനുഷ്യനെക്കുറിച്ച് വളരെ ആഴമായ ഒരു ദര്‍ശനം ലഭിക്കുന്നു. മനുഷ്യന്‍ എന്ന വാക്കുതന്നെ വ്യത്യസ്ത അര്‍ത്ഥത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. ആദാം എന്നുള്ളത് മനുഷ്യനെ സൂചിപ്പിക്കാനും, പുരുഷനെയും സ്ത്രീയെയും സൂചിപ്പിക്കാനും, ഒരുപോലെ ഉപയോഗിക്കുന്നു (ഉല്‍പ 4:26; 4:25). മനുഷ്യന്‍റെ മര്‍ത്യതയെ സൂചിപ്പിച്ചുകൊണ്ട് ഏശയ്യാ 51:12 ലും സങ്കീര്‍ത്തനം 103:15-16 ലും മനുഷ്യന്‍ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു.
ദൈവം എല്ലാത്തിന്‍റെയും അവസാനമായി പൂര്‍ണ്ണതയായി മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു (ഉല്‍പ 1:26-30). മനുഷ്യനെ ഭൂമിയിലെ പൊടിയില്‍നിന്നും സൃഷ്ടിക്കുന്നതായും നമുക്ക് കാണുവാന്‍ സാധിക്കും (ഉല്‍പ 2:7-8; 18-23). ഇവിടെ മനുഷ്യന്‍റെ പ്രാധാന്യവും അതോടൊപ്പം മനുഷ്യന് ദൈവവുമായും, പ്രകൃതിയുമായും, മറ്റുമനുഷ്യരുമായുള്ള ബന്ധത്തെയും എടുത്തു കാണിക്കുന്നു. മനുഷ്യന്‍ നിരന്തരമായി ഈ മൂന്നു ബന്ധങ്ങളില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.
1) ദൈവവുമായുള്ള ബന്ധം
പുറപ്പാടിന്‍റെ പുസ്തകത്തില്‍ വായിക്കുന്നു: "ഞാന്‍ നിങ്ങളെ എന്‍റെ ജനമായി സ്വീകരിക്കും; നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യും" (പുറ 6:7; ലേവ്യ 26:12; ജറെ 30:22; എസെ 36:28). ഇവിടെ മനുഷ്യനും ദൈവവുമായുള്ള ബന്ധത്തെ വളരെ കൃത്യമായും വിശദമായും അവതരിപ്പിച്ചിരിക്കുന്നു. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടു, ദൈവം മനുഷ്യന്‍റെ നാസാരന്ദ്രങ്ങളിലേക്ക് ജീവന്‍റെ ശ്വാസം നിശ്വസിച്ചു എന്നു പറയുമ്പോഴും ദൈവമനുഷ്യബന്ധം വിശദമാക്കപ്പെടുന്നു. ദൈവം മനുഷ്യനുമായി നിരന്തരം ബന്ധപ്പെടാനും, മനുഷ്യന്‍ ദൈവത്തിലാശ്രയിക്കാനും, ദൈവവുമായി നിരന്തര സമ്പര്‍ക്കത്തിലായിരിക്കാനും ആഗ്രഹിക്കുന്നു.
2) പരസ്പരബന്ധം
മനുഷ്യര്‍ പരസ്പരം ബന്ധത്തിലായിരിക്കത്തക്കവിധമാണ് ദൈവം അവരെ സൃഷ്ടിച്ചിരിക്കുക. ദൈവമാണ് മനുഷ്യന് ചേര്‍ന്ന ഇണയെ നല്‍കുന്നത്. "ദൈവമായ കര്‍ത്താവരുളിച്ചെയ്തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല. അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും" (ഉല്‍പ 2:18; 20-22). ഈ ഭൂമിയിലെ മൃഗങ്ങള്‍ക്കോ, പക്ഷികള്‍ക്കോ, പ്രകൃതിക്കുതന്നെയോ മനുഷ്യന് ഇണയോ, കൂട്ടോ ആയിരിക്കാന്‍ കഴിയില്ല. അതിനാല്‍ ദൈവം മനുഷ്യന്‍റെ വാരിയെല്ലില്‍നിന്നും സ്ത്രീയെ സൃഷ്ടിക്കുന്നു. മനുഷ്യര്‍ തമ്മിലുള്ള ബന്ധവും പരസ്പര ആശ്രയത്വവും ഈ വാക്കുകളിലൂടെ വെളിപ്പെടുന്നു. കൂടാതെ മനുഷ്യന്‍ സമൂഹജീവിയാണ്. അവര്‍ സമൂഹമായി ജീവിക്കുന്നു. സമൂഹത്തിന്‍റെ ഭാഗംതന്നെയാണ്. ഇതിനെക്കുറിച്ച് മറ്റൊരദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
3) പ്രകൃതിയുമായുള്ള ബന്ധം
മനുഷ്യന്‍ എന്നും പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിയില്ലാതെ മനുഷ്യന് ജീവിക്കാനാവില്ല. ദൈവം മനുഷ്യനെ രൂപപ്പെടുത്തുന്നത് പ്രകൃതിയില്‍നിന്നാണ്. "ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തി" (ഉല്‍പ 2:7; 18:27; ജോബ് 10:8-9). ഇപ്രകാരം മനുഷ്യന്‍ തന്‍റെ ജനനം മുതല്‍, മരണംവരെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നു. മനുഷ്യന് പ്രകൃതിയുമായുള്ള ബന്ധം അത്യന്താപേക്ഷിതമാണ്. മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍ ഭൂമിയിലേക്കുതന്നെ മടങ്ങുന്നു. മണ്ണില്‍നിന്ന് വന്നവന്‍ മണ്ണിലേക്ക് മടങ്ങുന്നു. പ്രകൃതിയെ കീഴടക്കുവാനും, കൃഷിചെയ്യുവാനും, സംരക്ഷിക്കുവാനും ദൈവം അവനെ ചുമതലപ്പെടുത്തുന്നു (ഉല്‍പ 2:15). മനുഷ്യന്‍ പ്രകൃതിയോട് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവന്‍ പാപംചെയ്തു കഴിയുമ്പോള്‍ പ്രകൃതിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു (ഉല്‍പ 3:17-18). പ്രകൃതി മനുഷ്യപാപത്തിലൂടെ ശപിക്കപ്പെട്ടതും, മുള്ളും, മുള്‍ച്ചെടികളും മുളപ്പിക്കുന്നതും ആയിതീര്‍ന്നതുപോലെ, മനുഷ്യന്‍റെ രക്ഷയില്‍ പ്രകൃതിയും സന്തോഷിക്കുന്നു (സങ്കീ 96:10-13; ഏശ 35; 11:6-9).
പുതിയനിയമത്തിലെ മനുഷ്യദര്‍ശനം
ഈശോ മനുഷ്യവംശത്തെ മനസ്സിലാക്കിയതിനെ നാല് ഭാഗമായിട്ട് തിരിക്കാവുന്നതാണ്.
1) മനുഷ്യന്‍ സ്വതന്ത്രനാണ്
ദൈവത്തിന്‍റെ ഇഷ്ടം അറിയുവാനുള്ള കഴിവ് അവനുണ്ട്. ശരിയും തെറ്റും തിരിച്ചറിയാന്‍ മനുഷ്യന് കഴിയുന്നു (യോഹ 8:1-11; മര്‍ക്കോ 10:17-22; ലൂക്ക 15:11-32; ലൂക്ക 16:19-31). ശരിയും തെറ്റും അറിയുവാനും സ്വീകരിക്കുവാനും, തള്ളിക്കളയുവാനുമുള്ള കഴിവ് മനുഷ്യന് ഉണ്ട്.
2) മനുഷ്യന്‍ വിലപ്പെട്ടവനാണ്
മനുഷ്യന് യേശു വലിയ വില കല്പിക്കുന്നു. ഭാഷക്കും, ജാതിക്കും, ലിംഗത്തിനും ഉപരിയായ ഒരു വില മനുഷ്യനുണ്ട്. സമ്പത്തിനേക്കാളും വിലപ്പെട്ടവനാണ് മനുഷ്യവ്യക്തിയെന്ന് ഈശോ വ്യക്തമായി പഠിപ്പിക്കുന്നു (മര്‍ക്കോ 2:27; മത്താ 12:10). പ്രകൃതിയിലെ എന്തിനെക്കാളും ഒരു മനുഷ്യവ്യക്തി വിലപ്പെട്ടവനാണ് (മത്താ 6:26-34; മര്‍ക്കോ 8:37; മത്താ 16:26). ഏതുതരത്തില്‍പ്പെട്ട വ്യക്തികളും, യേശുവിന്‍റെ ശിഷ്യസമൂഹത്തിലും സുഹൃത്തുക്കളായും ഉണ്ടായിരുന്നു. ദൈവവുമായുള്ള വലിയ ബന്ധത്തിലൂടെ മനുഷ്യന്‍ വിലപ്പെട്ടവനായിത്തീര്‍ന്നു (മത്താ 5:43-47; 6:26-34; 10:30-31; യോഹ 15:13).
3) മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുന്നില്ല
മനുഷ്യജീവിതം മരണത്തിനുമപ്പുറത്തേക്ക് നീളുന്നതാണെന്ന് ഈശോ പഠിപ്പിക്കുന്നു. യേശുവിന്‍റെ കാലത്തെ യഹൂദരില്‍ ഫരിസേയര്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്നെങ്കിലും, സദൂക്കായര്‍ വിശ്വസിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് യേശു പഠിപ്പിക്കുക: "ഞാനാണ് പുനരുത്ഥാനവും ജീവനും എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും" (യോഹ 11:25). മരണശേഷമുള്ള ജീവിതത്തിനായി ഒരുങ്ങിയിരിക്കുവാന്‍ യേശു തന്‍റെ പഠനങ്ങളില്‍ ആഹ്വാനം ചെയ്യുന്നു (മത്താ 6:20; മത്താ 16:26; ലൂക്ക 12:15).
4) മനുഷ്യന്‍ പാപാവസ്ഥയിലാണ്
മനുഷ്യന്‍ ദൈവത്തിനെതിരായി പാപം ചെയ്യുന്നു. മനുഷ്യന്‍റെ മഹത്വവും, വലിപ്പവും വിവരിക്കുമ്പോഴും അവന്‍റെ പാപാവസ്ഥയെ മറക്കുവാന്‍ സാധിക്കുകയില്ല. പിതാവേ സ്വര്‍ഗ്ഗത്തിനെതിരായും, നിന്‍റെ മുമ്പിലും ഞാന്‍ പാപം ചെയ്തു (ലൂക്ക 15:21). ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുന്നതാണ് നിയമം (മത്താ 22:34-40; മര്‍ക്കോ 12:28-34). ഈ നിയമം പാലിക്കാതെ വരുമ്പോള്‍ അത് ദൈവവുമായും, മനുഷ്യനുമായും, പ്രകൃതിയുമായും ഉള്ള ബന്ധങ്ങളില്‍ തകര്‍ച്ചക്ക് കാരണമാകും (മത്താ 15:19-20; മര്‍ക്കോ 7:21-23). മനുഷ്യഹൃദയങ്ങളില്‍ പാപം കുടികൊള്ളുന്നു (മത്താ 15:11; മര്‍ക്കോ 7:15). മനുഷ്യന്‍ പാപാവസ്ഥയിലാണെങ്കിലും ദൈവം അവന്‍റെ പാപങ്ങള്‍ ക്ഷമിക്കുന്നു. തന്‍റെ രക്തത്തിലൂടെ മനുഷ്യന് രക്ഷ പ്രദാനം ചെയ്യുന്നു (മത്താ 1:21; 3:6; 12:31; 26:28; 9:1-8; മര്‍ക്കോ 2:1-12).
വി. പൗലോസിന് തന്‍റേതായ മനുഷ്യദര്‍ശനമുണ്ട്. കൂടാതെ ആദിമസഭയിലും തുടര്‍ന്ന് സഭാപിതാക്കന്മാരുടെ ഇടയിലും മനുഷ്യദര്‍ശനത്തെക്കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ കാണാവുന്നതാണ്. ഇവയെല്ലാം ദൈവവചനത്തിലൂടെ വെളിപ്പെടുന്ന അടിസ്ഥാന മനുഷ്യദര്‍ശനത്തെ ആധാരമായി രൂപപ്പെട്ടവയാണ്.
theology-in-human-philosophy- Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu catholic malayalam theology mananthavdy diocese Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206