x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ ഇതര മതസംവാദം

തോമസ് അക്വിനാസിന്റെ കാഴ്ചപ്പാട്

Authored by : Dr. Vincent Kundukulam, Fr. Tom Olikkarottu On 24-Feb-2023

7

തോമസ് അക്വിനാസിന്റെ കാഴ്ചപ്പാട്

ക്രൈസ്തവ ദൈവശാസ്ത്രാവലോകനത്തിൽ അവഗണിക്കാനാവാത്ത ഒരു കാലഘട്ടമാണ് സ്കൊളാസ്റ്റിക് കാലഘട്ടം. ഗ്രീക്ക് തത്ത്വചിന്തയുടെ മൂലകങ്ങളിൽ ദൈവശാസ്ത്രത്തെ പ്രതിഷ്ഠിക്കുകയും വിശ്വാസത്തിന് യുക്തിയുടെ പ്രബലമായൊരു അടിത്തറപാകുകയും ചെയ്തവരാണ് സെന്റ് ആൻസലമും (1033-1109) ബൊനെവെഞ്ചറും (1221-1274) ഡൺസ്കോട്ടസും (1266-1308) അക്വിനാസും (1225-1274) ഉൾപ്പെടുന്ന മദ്ധ്യകാലഘട്ടം. ഈ അദ്ധ്യായം സ്കൊളാസ്റ്റിക് ചിന്തകരിൽ പ്രമുഖനായ തോമസ് അക്വിനാസ് ഇതരമതങ്ങളോടു പുലർത്തിയ സമീപനങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ്.

ചരിത്രത്തിൽ വി. തോമസ് അക്വിനാസ് അറിയപ്പെടുന്നത് വിശ്വാസത്തെയും യുക്തിയെയും തമ്മിൽ സംയോജിപ്പിച്ച ദൈവശാസ്ത്രജ്ഞനായിട്ടാണ്. ക്രൈസ്തവ തത്ത്വസംഹിതകളെ അരിസ്റ്റോട്ടിലിന്റെ ദർശനങ്ങളും പദപ്രയോഗങ്ങളുംവഴി വ്യാഖ്യാനിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മുഖ്യസവിശേഷത. സഭയുടെ പരിധിക്കപ്പുറമുള്ള വിവിധ മതവിശ്വാസികളോട് സംവദിക്കുക ക്രൈസ്തവദൈവശാസ്ത്രത്തിന്റെ അനിവാര്യതയായി വി. അക്വിനാസ് കരുതി.

7.1 മതാന്തരസംഭാഷണം

യേശുവിനെ അറിയാത്തവരുടെയും സഭയിൽ അംഗങ്ങളല്ലാത്തവരുടെയും രക്ഷാസാധ്യതകളെപ്പറ്റി ചിന്തിക്കുന്ന അക്വിനാസ് മതാന്തരസംഭാഷണത്തിനുള്ള സാധ്യതകൾ തുറന്നിടുന്നുണ്ട്. രക്ഷാകരചരിത്രത്തിൽ മനുഷ്യസമൂഹത്തിന്റെ അടിസ്ഥാനകൂട്ടായ്മ കണ്ടെത്തുന്നത് സംഭാഷണത്തിനുള്ള ഏറ്റവും നല്ല വേദിയായി അക്വിനാസ് കാണുന്നു.

മനുഷ്യ സമുദായത്തിന്റെ അടിസ്ഥാനപരവും അവികലവുമായ കൂട്ടായ്മയുടെ ആധാരം ദൈവവുമായുള്ള മനുഷ്യന്റെ ബന്ധമാണ്. ഒരേ ദൈവത്തിൽനിന്നുവരുന്ന മനുഷ്യസമൂഹമാകെ അവിഭജിതമായ ഒരു കൂട്ടായ്മയുടെ ഭാഗമാണ്. എല്ലാവരുടെയും പ്രഭവസ്ഥാനവും ആത്യന്തികലക്ഷ്യവും ജീവശക്തിയും ദൈവംതന്നെ. മനുഷ്യസമൂഹത്തിന്റെ പൊതുനന്മ (common good) ദൈവമാണ്. ഈ കാഴ്ചപ്പാടിൽനിന്നുള്ള മതാന്തരസംഭാഷണങ്ങൾ അക്വിനാസിന്റെ അഭിപ്രായത്തിൽ മനുഷ്യരുടെ ഇടയിൽ ഐക്യവും സാഹോദര്യവും വർദ്ധിപ്പിക്കും. കാരണം, കൂട്ടായ്മയുടെ ഭാഗമായ വ്യക്തികൾ ദൈവത്തിലേക്കു തിരിയുമ്പോൾ സമൂഹം മുഴുവന്റെയും നന്മയ്ക്ക് അത് നിമിത്തമായിമാറുന്നു. ദൈവത്തെപ്രതി മനുഷ്യനെ സ്നേഹിക്കാനും സേവിക്കാനും ഒരുവനെ ഇത് പ്രാപ്തനാക്കും.

മൂന്നു രീതിയിലുള്ള സംവാദങ്ങളാണ് തോമസ് അക്വിനാസ് വിഭാവനം ചെയ്തത്.

a) ദൈവവചനം പൂർണമായോ ഭാഗികമായോ സ്വീകരിക്കുന്നവരോട് പ്രാഥമിക തത്ത്വങ്ങളിൽ തുടങ്ങി വ്യക്തമായ നിഗമനങ്ങളിലെത്തിച്ചേരുന്ന സംവാദങ്ങളിലേർപ്പെടാം.

b) സ്വാഭാവിക ബുദ്ധിയുടെ തത്ത്വങ്ങൾ മാത്രം സ്വീകരിക്കുന്നവരാണെങ്കിൽ മനുഷ്യബുദ്ധിയുടെ പരിധിയിൽവരുന്ന ദൈവശാസ്ത്രവിഷയങ്ങളെപ്പറ്റി സംവദിക്കാം.

c) സ്വാഭാവികബുദ്ധിയുടെ നിയമങ്ങൾ സ്വീകരിക്കാത്ത വ്യക്തികളോട് വാദമുഖങ്ങളിലൂടെയുള്ള സംവാദങ്ങൾ നടന്നില്ലെങ്കിൽത്തന്നെയും പ്രേരണവഴി സംവദിക്കാം (J. Fodor, F. Chris Bauerschmidt, Aquinas in Dialogue, Thomas for the 21st Century, p.1).

7.2 സഭക്കുപുറമേയുള്ള രക്ഷ

സഭയ്ക്ക് പുറമെ രക്ഷയില്ല എന്ന പ്രസ്താവനയുടെ ഉത്ഭവപശ്ചാത്തലം കഴിഞ്ഞ അദ്ധ്യായത്തിൽ നാം കണ്ടതാണല്ലോ. ഈ മുദ്രാവാക്യത്തിന്റെ ദുർവ്യാഖ്യാനം അതിന്റെ പരകോടിയിലെത്തിയ കാലഘട്ടത്തിലായിരുന്നു അക്വിനാസ് ജീവിച്ചത്. കുരിശുയുദ്ധങ്ങൾക്കായുള്ള മാർപാപ്പാമാരുടെ ആഹ്വാനം ശ്രവിച്ചുകൊണ്ട് ഇതരമതസ്ഥരെ പ്രത്യേകിച്ച് മുസ്ലീംങ്ങളെ എതിർത്തു തോൽപ്പിക്കാൻ ക്രൈസ്തവർ ഇറങ്ങിത്തിരിച്ചകാലം. സംഘർഷാത്മകമായ ഈ സാഹചര്യത്തിലും ഇതരമതങ്ങളിലെ രക്ഷാകരമൂല്യങ്ങളെക്കുറിച്ച് ഭാവാത്മകമായി ചിത്രീകരിക്കാൻ കഴിഞ്ഞു എന്നതാണ് അക്വിനാസിന്റെ നേട്ടം. “ദൈവം എല്ലാ മനുഷ്യരുടെയും രക്ഷ ആഗ്രഹിക്കുന്നു” (1 തിമോ 2,4). “യേശുവിലുള്ള വിശ്വാസത്തിലൂടെ ഈ രക്ഷ സംലഭ്യമാക്കപ്പെടുന്നു" (ഗലാ 2,16) എന്നീ ദ്വിയാഥാർത്ഥ്യങ്ങളെ സമന്വയിപ്പിക്കാനായിരുന്നു അക്വിനാസിന്റെ ശ്രമം.

യേശുവിനു മുമ്പു ജീവിച്ചിരുന്നവരും യേശുവിന്റെ സന്ദേശം കേൾക്കാൻ അവസരം ലഭിക്കാത്തവരുമായ ബഹുശതം ജനങ്ങൾക്ക് എങ്ങനെ രക്ഷാകരമായ വിശ്വാസം ഉണ്ടാകും എന്ന അടിസ്ഥാനപരമായ ചോദ്യത്തിന് സഭയുടെ വിശ്വാസസത്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടുള്ള ഉത്തരമാണ് അക്വിനാസ് നൽകുന്നത്. സ്പഷ്ടവും അന്തർലീനവുമായ വിശ്വാസം, ആഗ്രഹത്താലുള്ള ജ്ഞാനസ്നാനം തൂങ്ങിയ ചിന്തകളിലൂടെയാണ് അക്വിനാസ് ഇത് സമർത്ഥിക്കുന്നത്.

7.2.1 സ്പഷ്ടവും അന്തർലീനവുമായ വിശ്വാസം

രക്ഷയ്ക്ക് യേശുവിലുള്ള സ്പഷ്ടമായ വിശ്വാസം ആവശ്യമാണെന്ന നിലപാട് അദ്ദേഹം മുറുകെപിടിക്കുന്നുണ്ട്. എന്നാൽ വിശ്വാസത്തിന് സ്പഷ്ടവും പ്രകടവുമായ തലമുള്ളതുപോലെ അന്തർലീനവും നിഗൂഢവുമായ തലവുമുണ്ടെന്ന് അക്വിനാസ് പറയുന്നു. ഉദാഹരണമായി യേശുവിനു മുമ്പു ജീവിച്ചിരുന്ന നീതിമാന്മാരായ വ്യക്തികൾ തങ്ങളുടെ സ്വാഭാവിക ബുദ്ധിയിലൂടെ വെളിവായ ദൈവഹിതം അനുസരിച്ച് ജീവിച്ചപ്പോൾ അന്തർലീനമായ വിശ്വാസമാണ് ജീവിച്ചത്.

ക്രിസ്തുവിനു മുൻപുണ്ടായിരുന്നവരിൽ അന്തർലീനമായിരുന്ന വിശ്വാസം ഏതുതരത്തിലുള്ളതാണ് എന്ന സ്വാഭാവിക ചോദ്യം ഇവിടെ ഉദിക്കുന്നു. അന്തർലീനമായ ഈ വിശ്വാസത്തെപ്രതി അക്വിനാസ് പറയുന്നു: "രക്ഷാകരവെളിപാടിന്റെ മേഖലകൂടാതെ രക്ഷിക്കപ്പെടുന്നവരെല്ലാം ഏകമദ്ധ്യസ്ഥനാലുള്ള വിശ്വാസംകൂടാതെയല്ല. രക്ഷിക്കപ്പെടുന്നത്. യേശു ക്രിസ്തുവിൽ അവർക്കു സ്പഷ്ടമായ വിശ്വാസമില്ലായിരുന്നെങ്കിൽത്തന്നെയും ദൈവപരിപാലനയിൽ അവർക്കു വിശ്വാസമുണ്ടായിരുന്നു. ദൈവം തനിക്കിഷ്ടപ്പെട്ട രീതിയിൽക്കൂടി മനുഷ്യവർഗത്തെ രക്ഷിക്കുമെന്ന് അവർ വിശ്വസിച്ചു. കൃപയുടെ പൂർണതയായ യേശുവിന്റെ വരവോടെ വിജ്ഞരും സാധാരണക്കാരും ക്രിസ്തുരഹസ്യത്തിൽ സ്പഷ്ടമായ വിശ്വാസമുണ്ടാകേണ്ടവരാണ്, പ്രത്യേകമായി സഭയിൽ പൊതുവായി ആഘോഷിക്കപ്പെടുന്ന വിശ്വാസരഹസ്യങ്ങളിൽ". അന്തർലീനമായ വിശ്വാസത്തിന് ഉദാഹരണമായി നടപടിപ്പുസ്തകത്തിലെ കൊർണേലിയൂസിന്റെ വിശ്വാസത്തെ അക്വിനാസ് ഉയർത്തിക്കാട്ടുന്നു (നട 10,1-2). സത്പ്രവൃത്തികളാൽ ദൈവത്തെ പ്രസാദിപ്പിച്ചിരുന്ന കൊർണേലിയൂസിന് സുവിശേഷം സ്വീകരിക്കുംമുമ്പു തന്നെ ക്രിസ്തുവിൽ അന്തർലീനമായ വിശ്വാസമുണ്ടായിരുന്നു. ക്രിസ്തുവിലൂടെ വെളിവാക്കപ്പെട്ട സത്യത്തിന്റെ പൂർണതയിലേക്കു നയിക്കാനാണ് പത്രോസ് കൊർണേലിയൂസിന്റെ അടുത്തേക്ക് അയക്കപ്പെട്ടത്. അന്തർലീനമായ വിശ്വാസത്തിൽനിന്നു സ്പഷ്ടമായ വിശ്വാസത്തിലേക്ക് അദ്ദേഹം നയിക്കപ്പെടുന്നു. (Summa Theologica, Part II, Second Part, Question 2, Articles 68).

യേശുവിനെ കേൾക്കാത്ത ജനലക്ഷങ്ങൾക്ക് എങ്ങനെ ഈ വെളിപാടിന്റെ പൂർണത ദർശിക്കാനാകും? എങ്ങനെ സ്പഷ്ടമായ വിശ്വാസം ലഭിക്കും? ഈ ചോദ്യങ്ങൾക്ക് അക്വിനാസ് “തന്റെ കഴിവിന്റെ പരിധിയിൽ സാധ്യമായതെല്ലാം ചെയ്യുന്നവന് ദൈവം തന്റെ കൃപ നിഷേധിക്കുന്നില്ല” എന്ന സാമാന്യതത്ത്വത്തിന്റെ പിൻബലത്തിൽ ഉത്തരം നൽകുന്നു. ഈ തത്ത്വത്തിന്റെ പിൻബലത്തിൽ സ്പഷ്ടമായ വിശ്വാസം ലഭിക്കുന്നതിന് അക്വീനാസ് രണ്ടു മാർഗങ്ങളാണ് നിർദ്ദേശിക്കുന്നത്.

a) നേരിട്ടുള്ള വെളിപാടുവഴി; b) ആന്തരിക പ്രചോദനത്താൽ

ഇവയിൽ ആദ്യത്തേത് സുവിശേഷപ്രഘോഷണംവഴിയും രണ്ടാമത്തേത് ദൈവം ആത്മാവിൽ നൽകുന്ന പ്രചോദനം വഴിയുമാണ് സാധിക്കുന്നത്. അക്വിനാസിന്റെ അഭിപ്രായത്തിൽ സുവിശേഷം ശ്രവിക്കാൻ ഒരു സാധ്യതയുമില്ലാത്ത സാഹചര്യത്തിൽ ജീവിക്കുന്നവനെ സംബന്ധിച്ചിടത്തോളം അവൻ നന്മ അന്വേഷിക്കാനും തിന്മ ഒഴിവാക്കാനും തന്റെ സ്വാഭാവികബുദ്ധി (natural reason) ഉപയോഗിക്കുന്നെങ്കിൽ, ആന്തരിക പ്രചോദനത്താലോ കൊർണേലിയൂസിന്റെ പക്കലേക്കു പത്രോസ് അയക്കപെട്ടതുപോലെ ഒരു പ്രാസംഗികൻവഴിയോ ദൈവം അവനു നിശ്ചയമായും സ്വയം വെളിപ്പെടുത്തും (De Veritate, Q 14, a. 11, ad lum text quoted in F.A. Sullivan, Salvation Outside Church?, p. 53).

7.2.2 ആഗ്രഹത്താലുള്ള മാമ്മോദീസ

യേശുക്രിസ്തുവിലുള്ള സ്പഷ്ടമായ വിശ്വാസത്തിലേക്കു കടന്നുവരാത്ത ജനതകളുടെ രക്ഷയെക്കുറിച്ചുള്ള അക്വിനാനിന്റെ മറ്റൊരു വിശകലനമായിരുന്നു ആഗ്രഹത്താലുള്ള മാമ്മോദീസ (baptism of desire). രക്ഷയിലേക്കു നയിക്കുന്ന മാമ്മോദീസായ്ക്കുള്ള സ്പഷ്ടമോ അന്തർലീനമോ ആയ ആഗ്രഹത്തെപ്പറ്റിയാണ് അക്വിനാസ് ഇവിടെ സൂചിപ്പിക്കുന്നത്. രണ്ടു വിഭാഗത്തിലുള്ള ആളുകളെക്കുറിച്ച് ഇവിടെ പരാമർശിക്കുന്നുണ്ട്. മാമ്മോദീസ സ്വീകരിക്കാനാഗ്രഹിക്കുകയും ഏതെങ്കിലും കാരണത്താൽ കൂദാശ സ്വീകരിക്കാനാവാതെ മരണമടയുകയും ചെയ്തവരാണ് ആദ്യവിഭാഗം. ഇവരുടെ ആഗ്രഹം ഉപവിയിൽ പ്രകടമാകുന്ന വിശ്വാസത്തിന്റെ അനന്തരഫലമാണ്. ക്രിസ്തുവിനെപ്പറ്റിയുള്ള സദ്വാർത്ത ശ്രവിക്കാനായില്ലെങ്കിലും ദൈവതിരുമനസ്സിനോട് അനുരൂപമാകാനുള്ള ആഗ്രഹത്താൽ വിശ്വാസവും ഉപവിയും കരഗതമാകുന്നവരാണ് രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്നത്. ഇവരുടെ, യേശുവിലുള്ള വിശ്വാസം തികച്ചും അന്തർലീനമായ ഒന്നാണ്. അക്വിനാസിന്റെ അഭിപ്രായത്തിൽ സ്പഷ്ടമായോ അന്തർലീനമായോ മാമ്മോദീസയ്ക്ക് ആഗ്രഹിക്കുന്നവർക്ക് അവർ മാമ്മോദീസ സ്വീകരിക്കുന്നതിനു മുമ്പുതന്നെ പാപമോചനം ലഭിക്കുകയും ക്രിസ്തുവിന്റെ രക്ഷാകരമായ കൃപ ലഭിക്കുകയും ചെയ്യുന്നു (Summa Theologiae III, Q. 69, a. 4, ad 2 text quoted in J. Dupuis, Toward a Christian Theology of Religious Pluralism, pp. 115- 117).

7.2.3 തിരിച്ചറിവോടെയുള്ള അടിസ്ഥാന തിരഞ്ഞെടുപ്പ്

സുവിശേഷം കേൾക്കാത്തവരുടെ രക്ഷാസാധ്യതകളെപ്പറ്റിയുള്ള ചിന്തകളിൽ അക്വിനാസ് നൽകുന്ന മൂന്നാമത്തെ വിചിന്തനം തിരിച്ചറിവ് എത്തുമ്പോഴുള്ള അടിസ്ഥാനതിരഞ്ഞടുപ്പിനെ അധികരിച്ചാണ്. വ്യക്തി തിരിച്ചറിവിന്റെ പ്രായമെത്തുമ്പോൾ പ്രസാദവരത്തിന്റെ സഹായത്താൽ ഒരു ധാർമ്മിക നിലപാടും തീരുമാനവും എടുക്കുന്നുണ്ട് - ഇതാണ് "fundamental option' അഥവാ അടിസ്ഥാനപരമായ തിരഞ്ഞെടുപ്പ് എന്നതുകൊണ്ട് ക്രൈസ്തവധാർമ്മിക ദൈവശാസ്ത്രം വിവക്ഷിക്കുന്നത്. മനുഷ്യന്റെ ആത്യന്തികമായ ജീവിതലക്ഷ്യം ദൈവത്തെ അറിഞ്ഞ് സ്നേഹിക്കുകയും മഹത്വപ്പെടുത്തുകയുമാണല്ലോ.

അടിസ്ഥാനപരമായ തിരഞ്ഞെടുപ്പ് ദൈവത്തെ മഹത്വപ്പെടുത്തുക എന്ന ജീവിതലക്ഷ്യത്തോട് ഭാവാത്മകമായി പ്രതികരിക്കണമോ, അതോ നിഷേധാത്മകമായി പ്രതികരിക്കണമോ എന്ന രണ്ട് സാധ്യതകളിലാണ് അടങ്ങിയിരിക്കുന്നത്. ജീവിതത്തിൽ അവൻ നടത്തുന്ന മറ്റ് എല്ലാ തിരഞ്ഞെടുപ്പുകളും ഈ അടിസ്ഥാനപരമായ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചാണ് ധാർമ്മികമോ അധാർമ്മികമോ ആയി മാറുന്നത്.

വ്യക്തിയുടെ തിരഞ്ഞെടുപ്പ് ആത്യന്തികലക്ഷ്യത്തോട് ഭാവാത്മകമായി പ്രതികരിക്കുന്നതാണെങ്കിൽ അവൻ നീതീകരിക്കപ്പെടുകയും രക്ഷയിലേക്ക് ആനീതനാകുകയും ചെയ്യുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ആത്യന്തികലക്ഷ്യത്തോട് നിഷേധാത്മകമായി പ്രതികരിക്കുന്നതാണെങ്കിൽ വ്യക്തി തന്റെ ജന്മപാപത്തോടൊപ്പം പുതുതായി ഒരു പാപംകൂടി കൂട്ടിച്ചേർക്കുന്നു. തിരിച്ചറിവ് വരുന്ന പ്രായത്തിൽ സ്വന്തം വ്യക്തിത്വം അടിസ്ഥാനപദമായ തിരഞ്ഞെടുപ്പിലൂടെ ക്രമപ്പെടുത്തുന്നതിലൂടെ യേശു ക്രിസ്തുവിലുള്ള വിശ്വാസവും മാമ്മോദീസായ്ക്കുള്ള ആഗ്രഹവുമാണ് അന്തർലീനമായി ഓരോ വ്യക്തിയിലും ദൃശ്യമാകുന്നതെന്നാണ് അക്വിനാസിന്റെ ദർശനം. ഈ അന്തർലീനമായ വിശ്വാസവും ആഗ്രഹവും അവന് രക്ഷാകരമായി പരിണമിക്കാം (Summa Theologiae, I-II, Q. 89, a.6 text quoted in F.A. Sullivan, Salvation Outside Church?. pp. 61-62).

രക്ഷാകരചരിത്രത്തിൽ ക്രിസ്തുവിന്റെ കേന്ദ്രസ്ഥാനവും അവിടുത്തെ കൃപാവരങ്ങളുടെ അനുപേക്ഷണീയതയും ഉറപ്പിച്ച് പറയുമ്പോഴും ഇതര മതസ്ഥരിലെ ദൈവികതയ്ക്ക് അർഹമായ സ്ഥാനം നൽകുന്നതിന് അക്വിനാസ് തയ്യാറായി. കുരിശുയുദ്ധങ്ങളുടെയും തീവ്ര മതവിശ്വാസപ്രഖ്യാപനങ്ങളുടെയും കാലഘട്ടത്തിൽ ഇതര മതങ്ങളിൽനിന്ന് നന്മ ഉൾക്കൊള്ളാനും അവരെ ആദരിക്കാനുമുള്ള അക്വിനാസിന്റെ ശ്രമങ്ങൾ മാതൃകാപരമാണ്. യേശുക്രിസ്തുവിനെ അറിയാത്തവരുടെയും അവനു മുമ്പു ജീവിച്ചിരുന്നവരുടെയും രക്ഷാസാധ്യതകളെപ്പറ്റി വിചിന്തനം നടത്തുകവഴി ബഹുതയ്ക്ക് ഒരു ക്രൈസ്തവ ദൈവശാസ്ത്ര അടിത്തറ പാകുകയായിരുന്നു വിശുദ്ധ തോമസ് അക്വിനാസ്.

ഇതരമതങ്ങളെപ്പറ്റിയുള്ള തോമസ് അക്വിനാസിന്റെ കാഴ്ചപ്പാട് സഭക്കുപുറമേയുള്ള രക്ഷ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message