We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 15-Sep-2020
അടുത്തകാലത്ത് ഒരു ധ്യാനവേളയില്‍ ഒരു ചെറുപ്പക്കാരന്‍ പങ്കുവച്ച അനുഭവത്തോടെ ഈ വിചിന്തനം ആരംഭിക്കാം. അയല്‍വക്കത്തൊരു അക്രൈസ്തവഭവനത്തില്‍ കല്യാണസദ്യയുണ്ടത് തെറ്റായിപ്പോയി എന്നും പ്രസ്തുത ഭക്ഷണത്തിലൂടെ അന്യദേവന്മാരുടെ ദുര്‍ഭൂതങ്ങള്‍ ഉള്ളില്‍ പ്രവേശിച്ചതായും ഒരു ധ്യാനകേന്ദ്രത്തില്‍നിന്ന് കൗണ്‍സിലിംഗ് വേളയില്‍ അദ്ദേഹത്തിന് അറിയിപ്പുലഭിച്ചത്രേ. അന്നുമുതല്‍ തന്നെ ബാധിച്ച അന്യദേവന്‍റെ ദുര്‍ഭൂതത്തെ ഭയന്നു കഴിയുകയാണയാള്‍. വീടിന്‍റെ അയല്‍വക്കത്ത് ഇതരമതസ്ഥരുടെ ആരാധനാസ്ഥലങ്ങളുണ്ടെന്നറിഞ്ഞാല്‍ സകല പ്രശ്നങ്ങളും പ്രതിസന്ധികളും പ്രസ്തുത ആലയങ്ങളിലെ ആരാധനാമൂര്‍ത്തിയുടെ സ്വാധീനം മൂലമാണെന്ന കാര്യത്തില്‍ പല ആധ്യാത്മികര്‍ക്കും അര്‍ത്ഥശങ്കയില്ല.
ഇതരമതസ്ഥരായ അയല്‍ക്കാരെപ്പോലും സംശയദൃഷ്ടിയോടെ വീക്ഷിക്കാനും തങ്ങള്‍ക്കനുഭവപ്പെടുന്ന നഷ്ടങ്ങള്‍ അവരുടെ മന്ത്രവാദവും കൂടോത്രവും മൂലമാണെന്നു പറയാനും മടിക്കാത്തവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. ധ്യാനഗുരുക്കന്മാരും ആത്മീയശുശ്രൂഷകരും വചനപ്രഘോഷണങ്ങളും കൂദാശകളും മാറ്റിവച്ച് മണ്ണുമാന്തി തകിടുകളും ഏലസുകളും ചരടുകളും കൂടോത്രംചെയ്ത കോഴിത്തലയും മുട്ടയും തേടി നടക്കുന്ന കാലമാണിത്. ഇതര ദൈവസങ്കല്പങ്ങളോടു വര്‍ദ്ധിച്ചുവരുന്ന ഭീതിയും അവരുടെ ഉപദ്രവമേല്ക്കാതിരിക്കാനുള്ള രക്ഷാമാര്‍ഗ്ഗവും തേടുന്നത് സമൂഹത്തില്‍ വര്‍ദ്ധമാനമാകുന്ന വിശ്വാസതകര്‍ച്ചയുടെ ലക്ഷണമല്ലേ. ഒരേ ഒരു ദൈവം മാത്രമേയുള്ളൂ എന്ന ഉറപ്പുള്ളവന് ഇതരദൈവങ്ങളെ പേടിക്കേണ്ടതില്ലല്ലോ. ഇതര മതസ്ഥരോടും അവരുടെ അനുഷ്ഠാനങ്ങളോടും വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുത വര്‍ഗ്ഗീയതയുടെ സുനാമിയ്ക്കൊരുക്കമായ തിരയിളക്കമാണ്.
മതങ്ങള്‍ സഹോദരതുല്യം സ്നേഹത്തോടും സഹിഷ്ണുതയോടും കഴിയുന്ന, കഴിയാന്‍ ആഗ്രഹിക്കുന്ന നാടാണ് ഭാരതം. സ്വന്തം മതവിശ്വാസത്തെ വിശ്വസിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്കുന്ന ഭാരതത്തിന്‍റെ പരമോന്നത ഭരണഘടന ഇതരമതവിശ്വാസങ്ങളെ ആദരവോടെ നോക്കിക്കാണണം എന്ന് അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ മതങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ, മൗലിക വാദഗതികള്‍മൂലം ഇതരമതങ്ങളെയും അവയുടെ ആചാരങ്ങളെയും ആചാര്യന്മാരെയും അധിക്ഷേപിക്കുന്ന ശൈലി അടുത്തകാലത്തായി വര്‍ദ്ധമാനമാകുകയാണ്. സങ്കടകരമെന്നു പറയട്ടെ സ്നേഹത്തിന്‍റെ സുവിശേഷം പ്രസംഗിക്കേണ്ട ക്രിസ്ത്യാനികളില്‍ ചിലരെങ്കിലും അറിഞ്ഞോ അറിയാതെയോ ഈ മതമൗലികവാദചിന്തയുടെ അടിമകളാകുന്നുണ്ട്. ഇതരദൈവസങ്കല്പങ്ങളെ പിശാചുക്കളായി അവതരിപ്പിച്ചുകൊണ്ട് ഭാരതീയമായ സകലതിനെയും പരിഹസിക്കുകയും ചാവുദോഷമായ പാപമായി മുദ്രയിടുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നുണ്ട്.നിലവിളക്കു കത്തിക്കുന്നതും പൊട്ടുതൊടുന്നതും ചമ്രംപടിഞ്ഞിരുന്നു പ്രാര്‍ത്ഥിക്കുന്നതും കാഷായവേഷം ധരിക്കുന്നതും പാപമായി പരിഗണിക്കപ്പെടുന്ന കാലമാണിത്.
സഭയ്ക്കു പുറമേ രക്ഷയില്ല
"സഭയ്ക്കു പുറമേ രക്ഷയില്ല" എന്ന വി. സിപ്രിയാന്‍റെ വാക്കുകള്‍ സ്ഥാനത്തും അസ്ഥാനത്തും പലരും പ്രയോഗിക്കാറുണ്ട്. ഈ പ്രസ്താവന തെറ്റാണെന്നു വാദിക്കുന്ന പുരോഗമന ചിന്താഗതിക്കാരോട് എനിക്കു യോജിപ്പുമില്ല. കാരണം സഭയ്ക്കു പുറമേ രക്ഷയില്ല എന്നതു സത്യമാണ്. മിശിഹായുടെ തിരുരക്തത്താല്‍ രക്ഷിക്കപ്പെട്ടതും രക്ഷിക്കപ്പെടേണ്ടതുമായ സൃഷ്ടപ്രപഞ്ചം മുഴുവന്‍ തിരുസ്സഭയോടു ബന്ധപ്പെട്ടതാണ്. സഭയ്ക്കു പുറമേയുള്ളത് എന്ന് ഉറപ്പിച്ചു പറയാനാവുന്ന ഏകവ്യക്തി പിശാചാണ്. പൂര്‍ണ്ണമായും സഭയ്ക്കു പുറമേയുള്ള ഏക അവസ്ഥ നരകമാണ്. പിശാചും നരകവും ഒഴികേയുള്ളതൊന്നും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സഭയ്ക്ക് അന്യമല്ല.
സഭയെ ഒരു മതമായും ഇതരമതങ്ങളുമായി മത്സരക്കളത്തില്‍ പൊരുതുന്ന പ്രസ്ഥാനമായും കരുതരുത്. അപ്രകാരം ചിന്തിക്കുമ്പോഴാണ് ഇതരമതസ്ഥര്‍ സഭയ്ക്കു പുറമേയാണെന്ന ചിന്ത നമ്മെ ഭരിക്കുന്നത്. ഈ ചിന്താഗതിയനുസരിച്ചുനോക്കിയാല്‍ ഹൈന്ദവരും മുസ്ലീങ്ങളും മറ്റു മതസ്ഥരുമെല്ലാം സഭയ്ക്കു വെളിയിലുള്ളവരും രക്ഷപ്പെടില്ലാത്തവരുമാണെന്നു നമുക്കു തോന്നാം. കൗദാശികമായി ക്രിസ്തുവിനോടും സഭാഗാത്രത്തോടും ബന്ധം പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കിലും ഇതരമതസ്ഥരും സഭയുടെ ഭാഗമായവരോ ആകേണ്ടവരോ ആണ്.
ഇതരമതസ്തരുമായി കലഹിച്ചു കഴിയുന്നതിലും അവരുടെ ആചാരങ്ങളെ പരിഹസിച്ച് അവരെ പ്രകോപിപ്പിക്കുന്നതിലും യാതൊരുവിധ ആത്മീയതയും ഇല്ലെന്നുമാത്രമല്ല അത് ക്രിസ്തീയ സ്നേഹത്തിനു വിരുദ്ധമായ മനോഭാവമാണ്. ഇതരമതസ്തരെ സഹോദരതുല്യം സ്നേഹിച്ച് അവരോടു സുവിശേഷം സൗഹാര്‍ദ്ദമായി പങ്കുവച്ച അവരെ ക്രിസ്തുവിനുവേണ്ടി നേടുന്നതിലാണ് ശരിയായ ആത്മീയതയുള്ളത്. മതസൗഹാര്‍ദ്ദത്തെ ചില ക്രൈസ്തവനേതാക്കളെങ്കിലും തെറ്റായി വ്യാഖ്യാനിക്കാറുണ്ട് എന്നത് സത്യമാണ്. ശ്രീകൃഷ്ണനും ശ്രീരാമനും അള്ളാവും ക്രിസ്തുവും എല്ലാവരും തുല്യരാണ്. അതുകൊണ്ട് എല്ലാ വിശ്വാസവും എല്ലാ മതവും തുല്യമാണ് എന്ന വാദം ക്രിസ്തീയവിശ്വാസവുമായി ഒത്തുപോകുന്നതല്ല.
എന്നാല്‍ ക്രൈസ്തവരുടെ മതസൗഹാര്‍ദ്ദചിന്ത കുറേക്കൂടി ആഴമുള്ളതാണ്. ഒരേയൊരു ദൈവമേയുള്ളു എന്നാല്‍ എല്ലാ മതവിശ്വാസികളും ഒരേ ദൈവത്തിന്‍റെ മക്കളും പരസ്പരം സഹോദരങ്ങളുമാണ്. ക്രിസ്തുവിന്‍റെ കുരിശിലെ ബലിയുടെ രക്തത്താല്‍ രക്ഷിക്കാന്‍ ദൈവം തിരുമനസ്സായ സകല മനുഷ്യരും ദൈവതിരുമുമ്പില്‍ അമൂല്യരാണ്. ഏതെങ്കിലും മനുഷ്യനെ വിശ്വാസത്തിന്‍റെപേരില്‍ അവഗണിക്കുന്നതും അവഹേളിക്കുന്നതും തെറ്റാണ്. ഓരോ മനുഷ്യവ്യക്തിക്കും ഈശോയുടെ തിരുരക്തത്തിന്‍റെ വിലയുണ്ട്. ദൈവങ്ങളുടെ സാഹോദര്യം പറയുന്ന മതസൗഹാര്‍ദ്ദമല്ല മനുഷ്യരുടെ സാഹോദര്യം പ്രഘോഷിക്കുന്ന മതസൗഹാര്‍ദ്ദമാണ് ക്രൈസ്തവര്‍ പ്രചരിപ്പിക്കേണ്ടത്.
വിഗ്രഹാര്‍പ്പിത ഭക്ഷണങ്ങളും പൊട്ടുകുത്തലും
വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച ഭക്ഷണം കഴിക്കാമോ എന്ന ചോദ്യത്തിന് "ഈ ലോകത്ത് വിഗ്രഹമെന്നൊന്നില്ല" (1 കോറി) എന്നു മറുപടി നല്‍കിയ പൗലോസ് ശ്ലീഹായുടെ വിശ്വാസതീക്ഷണതയാണ് നമുക്കാവശ്യം. ഒരേ ഒരു ദൈവമേയുള്ളു എന്ന ഉറപ്പ് സകല വിഗ്രഹഭീതികളെയും അപ്രസക്തമാക്കുന്നു. കാരണം വിഗ്രഹം എന്നത് ഇതരദൈവസാന്നിധ്യത്തെ സാധൂകരിക്കുന്ന ചിന്തയാണ്. ഇതരദൈവങ്ങളില്ലാത്തതിനാല്‍ വിഗ്രഹങ്ങള്‍ക്കു പിന്നില്‍ ദൈവീക ശക്തിയുമില്ല. വിഗ്രഹമില്ലാത്തതിനാല്‍ വിഗ്രഹാര്‍പ്പിത ഭക്ഷണം എന്ന ചിന്തയ്ക്കും പ്രസക്തിയില്ല എന്നാണ് പൗലോസ് ശ്ലീഹാ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ചഞ്ചലമനസ്കരുടെ ദുര്‍ബ്ബലവിശ്വാസത്തിന് ഇടര്‍ച്ചനല്‍കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന അജപാലന മുന്നറിയിപ്പും അപ്പസ്തോലന്‍ നല്‍കുന്നുണ്ട്. വിഗ്രഹാര്‍പ്പിതമായി കരുതുന്ന ഭക്ഷണം കഴിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നുതന്നെയാണ് ശ്ലീഹാ പഠിപ്പിക്കുന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അത് ഒഴിവാക്കാനാവശ്യപ്പെട്ടത് പ്രസ്തുത പ്രവൃത്തി ദുര്‍ബ്ബലമനസ്കരില്‍ ഉളവാക്കാനിടയുള്ള ഇടര്‍ച്ചയെ ഓര്‍ത്താണ്. തന്മൂലം ദുര്‍ബ്ബലമനസ്കരായ വിശ്വാസികള്‍ക്ക് ഇടര്‍ച്ചയ്ക്ക് ഇടവരുന്നില്ലാത്ത സന്ദര്‍ഭങ്ങളില്‍ "വിഗ്രഹാര്‍പ്പിതം" എന്ന് ആരോപിക്കപ്പെടുന്നവ ഭക്ഷിക്കാവുന്നതാണ്.
നെറ്റിയില്‍ പൊട്ടുകുത്തുന്നത് വിശ്വാസവിരുദ്ധമായ മഹാപാപമായി വിലക്കപ്പെടുന്നതും അടുത്തകാലത്തു വളര്‍ന്നുവന്ന പ്രവണതയാണ്. പൊട്ടുകുത്തുന്നത് ഒരു സൗന്ദര്യവര്‍ദ്ധനോപാധിയായാണ് പരക്കെ പരിഗണിക്കപ്പെടുന്നത്. സ്വന്തം മുഖത്തെ ആകര്‍ഷണീയമായി ആരെങ്കിലും പരിരക്ഷിക്കുന്നതില്‍ ചാവുദോഷം കണ്ടെത്തുന്നവര്‍ താലിബാനികളുടെ ക്രിസ്ത്യന്‍ പതിപ്പുകളാണ്. അവിവാഹിത സ്ത്രീകള്‍ കറുത്തപൊട്ടും വിവാഹിതര്‍ ചുവന്നപൊട്ടും ധരിക്കുന്ന പതിവ് പരമ്പരാഗതമായി ഭാരതത്തിലുണ്ടായിരുന്നു. എന്നാല്‍ ധരിക്കുന്ന വസ്ത്രത്തിന്‍റെ നിറത്തിനു യോജിച്ച നിറത്തിലുള്ള പൊട്ടുകളാണ് സ്ത്രീകള്‍ ഇന്ന് തിരഞ്ഞെടുക്കുന്നത്.
പൊട്ടുകുത്തുന്നത് പരമശിവന്‍റെ മൂന്നാം കണ്ണാണ് എന്നു വാദിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ ഏകദൈവവിശ്വാസത്തെ നിഷേധിക്കുകയാണ്. കാരണം, ദൈവം ഒന്നേയുള്ളു എന്ന ഉറപ്പുള്ളവര്‍ ഇത്തരം ബാലിശമായ വാദങ്ങള്‍ ഉന്നയിക്കില്ല. പൊട്ടുകുത്തുന്നതിനു പിന്നില്‍ ഭാരതീയ മുനിമാര്‍ പഠിപ്പിച്ചിരുന്ന ഒരു ആത്മീയതയുണ്ട്: പൊട്ട് മനുഷ്യന്‍റെ ആന്തരിക നേത്രത്തെ സൂചിപ്പിക്കുന്ന അടയാളമാണ്. രണ്ടു കണ്ണുകള്‍കൊണ്ടു ലോകത്തെ നോക്കിക്കാണുമ്പോള്‍ ആന്തരികനേത്രംകൊണ്ട് മനുഷ്യന്‍ ദൈവത്തെ നോക്കണം എന്ന ഓര്‍മ്മപ്പെടുത്തലായിട്ടാണ് ഭാരതീയര്‍ പൊട്ടുകുത്തിയിരുന്നത്. ഇപ്രകാരം ആന്തരികനേത്രസങ്കല്പമായും ദൈവാഭിമുഖ്യത്തിന്‍റെ ഓര്‍മ്മക്കുറിപ്പായും മനസ്സിലാക്കുമ്പോള്‍ പൊട്ടുകുത്തുന്നതില്‍ തിന്മയായി യാതൊന്നുമില്ല. എല്ലാവരും പൊട്ടുകുത്തി നടക്കണം എന്നല്ല മേല്‍പറഞ്ഞതിന്‍റെ അര്‍ത്ഥം. സൗന്ദര്യ സംവര്‍ദ്ധകങ്ങള്‍ പരമാവധി കുറച്ച് ദൈവം തന്ന സ്വഭാവിക സൗന്ദര്യത്തില്‍ സംതൃപ്തരായി ലളിതമായി ജീവിക്കുന്നതാണ് അഭിലഷണീയം. എന്നാല്‍ പൊട്ടുകുത്തുന്നത് വിശ്വാസവിരുദ്ധമാണ് എന്ന താലിബാനിസം പ്രചരിപ്പിക്കുന്നത് തികച്ചും അനഭിലഷണീയമാണ്.
കാവിവസ്ത്രങ്ങളും സാംസ്കാരിക അനുരൂപണങ്ങളും
കാവി നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്ന പുരോഹിതരെയും സന്യസ്തരെയും പുച്ഛിക്കുകയും വര്‍ഗ്ഗവഞ്ചകരായി മുദ്രകുത്തുകയും ചെയ്യുന്ന വിശ്വാസികളുണ്ട് എന്ന് ഇത്തരം വസ്ത്രം ധരിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിറങ്ങള്‍ പ്രകൃതിയുടെ സമ്പത്താണ്. പ്രപഞ്ചത്തിന്‍റെ വൈവിധ്യാത്മക സൗന്ദര്യത്തിനുള്ള ദൈവിക പദ്ധതിയുടെ ഭാഗമാണ് വര്‍ണ്ണവൈവിധ്യങ്ങള്‍. ഒരു മതത്തിനും ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഒരു നിറത്തിന്‍റെയും കുത്തകാവകാശമില്ല. ഒരു നിറത്തിനും തിരുസ്സഭ ദൈവത്വമോ അസ്പൃശ്യതയോ കല്പിച്ചിട്ടില്ല.
കാവിനിറം ഭാരതീയസംസ്കാരത്തില്‍ പ്രാധാന്യമുള്ളതാണ്. അതിനാലാണ് അത് ദേശീയപതാകയിലും ഇടംനേടിയത്. ധീരതയുടെയും രക്തസാക്ഷിത്വമുള്‍പ്പടെയുള്ള മഹാത്യാഗത്തിന്‍റെയും പ്രതീകമായാണ് ഭാരതീയ സംസ്കാരം കാവിവസ്ത്രത്തെ കരുതുന്നത്. കാവിവസ്ത്രം ലോകത്തെ പരിത്യജിച്ച് വികാരങ്ങളെ വിജയിച്ചവന്‍റെ വസ്ത്രമാണെന്ന് ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടത് അര്‍ത്ഥവത്താണ്. സന്യസ്തവേഷമായി ഭാരതീയര്‍ പൊതുവേ കാവിയാണ് ഉപയോഗിച്ചിരുന്നത്. കാവിവസ്ത്രം ക്രിസ്ത്യന്‍ സമര്‍പ്പിതരോ ക്രൈസ്തവവിശ്വാസികളോ സ്വീകരിക്കുന്നതിലും ഉപയോഗിക്കുന്നതിലും യാതൊരു തെറ്റുമില്ല എന്നുമാത്രമല്ല ഭാരതീയ ക്രൈസ്തവര്‍ ഇത്തരം സാംസ്കാരികാനുരൂപണങ്ങള്‍ക്ക് തയ്യാറാകുന്നത് ഏറെ നല്ലതാണ്.
ഭാരതീയമായതെല്ലാം നിഷിദ്ധമാണെന്ന ചിന്ത തെറ്റാണ്. ഭാരതക്രിസ്ത്യാനികളായ നാം വളരേണ്ടത് ഭാരതത്തിന്‍റെ സംസ്കാരം ഉള്‍ക്കൊണ്ടുകൊണ്ടാണ്. നമ്മുടെ പൂര്‍വ്വികര്‍ വിശ്വാസമേഖലയില്‍ സാംസ്കാരികാനുരൂപണം നടത്തുന്നതില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചിരുന്നവരാണ്. വിവാഹത്തിലെ താലികെട്ടും മന്ത്രകോടി അണിയിക്കലും ക്രൈസ്തവര്‍ ഭാരതീയ സംസ്കാരത്തില്‍നിന്ന് സ്വീകരിച്ചതാണ്. ഇന്നാട്ടിലെ ഹൈന്ദവരുടെ ഇടയില്‍ പ്രചാരത്തിലിരുന്ന വിവാഹചടങ്ങുകളായിരുന്നു ഇവ. മരണാനന്തരമുള്ള ശ്രാദ്ധദിനാഘോഷങ്ങളും നമ്മുടെ തനതു സംസ്കാരത്തില്‍നിന്നും കടമെടുത്തതാണ്. കര്‍ണ്ണാട്ടിക്, ഹിന്ദുസ്ഥാനി സംഗീതങ്ങള്‍ ഭാരതീയമാകയാല്‍ പ്രസ്തുത സംഗീതങ്ങള്‍ ദേവാലയശുശ്രൂഷകളിലുപയോഗിക്കാന്‍ പാടില്ല എന്നുപറയുന്നത് എത്രമേല്‍ ബാലിശമായിരിക്കും. ഈ നാടും ഇതിലെ സാംസ്കാരികത്തനിമകളും സ്രഷ്ടാവായ ദൈവത്തിന്‍റെ അനന്തപരിപാലനയില്‍ രൂപംകൊണ്ടതാണ്. അതിനാല്‍ ഭാരതീയമായ സകലതിനെയും ദൈവപരിപാലനയുടെ ഭാഗമായി സ്വീകരിക്കേണ്ടതാണ്.സാംസ്കാരികാനുരൂപണം ഒരിക്കലും സ്വന്തം വിശ്വാസത്തിന്‍റെ തനിമയെ നഷ്ടമാക്കിക്കൊണ്ടായിരിക്കരുത്. സുവിശേഷത്തെ ഭാരതവല്‍ക്കരിക്കാനല്ല ഭാരതത്തെ സുവിശേഷവല്‍ക്കരിക്കാനാണ് നാം ശ്രമിക്കേണ്ടത്.
സഭാപ്രബോധനങ്ങള്‍
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ കാഴ്ചപ്പാടുകളാണ് ഈ മേഖലയിലെ ദിശാസൂചി. "മറ്റു മതങ്ങളില്‍ നന്മയും സത്യവുമായ അംശങ്ങളുണ്ട് (ജനതകളുടെ പ്രകാശം, 16). മറ്റു മതങ്ങളില്‍ മതപരവും മാനുഷികവുമായി അനേകം അമൂല്യ സത്യങ്ങളുണ്ട് (സഭ ആധുനിക ലോകത്തില്‍, 92), ദൈവാനുഭവത്തിന്‍റെ വിത്തുകള്‍ അവയിലുണ്ട് (AG, 18) സത്യത്തിന്‍റെയും പ്രസാദവരത്തിന്‍റെയും വിത്തുകള്‍ മറ്റു മതങ്ങളില്‍ ദൃശ്യമാണ് (AG, 9), വചനത്തിന്‍റെ വിത്തുകളും (AG, 11,15) എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിന്‍റെ രശ്മികളും മറ്റുമതങ്ങളിലുണ്ട് (NA, 2). അതിനാല്‍ മറ്റുമതങ്ങളെ ബഹുമാനിക്കാനും അവയുടെ ആധ്യാത്മിക സമ്പത്തിനെ ആദരിക്കാനും (NA 2,3) സഭ ആവശ്യപ്പെടുന്നു. സഭാമാതാവിന്‍റെ ഇത്തരം പ്രബോധനങ്ങളൊന്നും വായിക്കാനോ പഠിക്കാനോ മെനക്കെടാതെ സ്വയംകൃത പ്രബോധനങ്ങളുമായി അരങ്ങു തകര്‍ക്കുന്നവര്‍ തങ്ങള്‍ സംസാരിക്കുന്ന മേഖലകളില്‍ സഭാമാതാവിനു പറയാനുള്ളത് എന്താണെന്ന് പഠിക്കാന്‍ ശ്രമിക്കാതിരിക്കുന്നത് കൃത്യവിലോപമല്ലേ?
വത്തിക്കാന്‍ കൗണ്‍സിലിന്‍റെ അന്യമതങ്ങളെക്കുറിച്ചുള്ള പഠനങ്ങളെ ആധാരമാക്കി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ കൈയ്യൊപ്പോടെ 1991 മെയ്മാസം 19-ാം തീയതി സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘം പ്രസിദ്ധീകരിച്ച "സംവാദവും പ്രഘോഷണവും" (Dialogue and proclamation) എന്ന പ്രമാണ രേഖയുടെ 29-ാം ഖണ്ഡികയില്‍ ഇപ്രകാരം പറയുന്നു: "രക്ഷിക്കപ്പെടുന്ന എല്ലാ മനുഷ്യരും വ്യത്യസ്തമായ വിധത്തിലാണെങ്കിലും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനംവഴി യേശുവിന്‍റെ രക്ഷാകരരഹസ്യത്തിലാണ് പങ്കുചേരുന്നത്. ക്രിസ്ത്യാനികള്‍ വിശ്വാസംവഴി ഈ സത്യം അറിയുമ്പോള്‍, മറ്റുള്ളവരാകട്ടെ തങ്ങളുടെ രക്ഷയുടെ ഉറവിടം ക്രിസ്തുവാണെന്ന് അറിയാതെ ജീവിക്കുന്നു. രക്ഷയുടെ രഹസ്യം അവരിലെത്തി ചേരുന്നത് ദൈവത്തിനു മാത്രം അറിയാവുന്ന വഴികളിലൂടെ, പരിശുദ്ധാത്മാവിന്‍റെ അദൃശ്യമായ പ്രവര്‍ത്തനത്തിലൂടെയാണ്...... തങ്ങളുടെ രക്ഷകനെ അറിയാത്തപ്പോഴും അംഗീകരിക്കാത്തപ്പോഴും രക്ഷയുടെ ദാനം ദൈവം അവര്‍ക്കും നല്‍കുന്നു (cf. AG 3,9,11).
ദൈവികവെളിപാടിന്‍റെ ബഹുതയെ ഊന്നിപ്പറഞ്ഞുകൊണ്ട് ഇതരമതങ്ങളിലും സത്യദൈവത്തിന്‍റെ വെളിപാടുണ്ടെന്നു ജോണ്‍പോള്‍ മാര്‍പാപ്പ പ്രഖ്യാപിച്ചതും (രക്ഷകന്‍റെ മിഷന്‍, 55) പരിശുദ്ധാത്മാവിന്‍റെ സ്വരമാണ് ദൈവതിരുമുമ്പില്‍ പ്രാര്‍ത്ഥിക്കുന്ന സകല മതവിശ്വാസികളിലും പ്രതിഫലിക്കുന്നത് (john paul ii, message to asia, 21.02.1981, no,4)എന്ന നവീന തിരിച്ചറിവും അജപാലനപരമായ വിവേകത്തോടെ സാധാരണക്കാരിലെത്തിക്കാന്‍ അജപാലകര്‍ക്കു കഴിയാത്തതിനാലാണ് ക്രിസ്ത്യന്‍ താലിബാനികള്‍ രംഗപ്രവേശം ചെയ്യുന്നത്. രക്ഷകനായ യേശുവിന്‍റെ അനന്യമായ മധ്യസ്ഥതയില്‍ സഹമധ്യസ്ഥരാകാനുള്ള ഇതരമതങ്ങളുടെ സാധ്യതയെ ഊന്നിപ്പറഞ്ഞ സഭയുടെ കാഴ്ചപ്പാടുകളെ (കര്‍ത്താവായ യേശു,14) അവഗണിച്ചുകൊണ്ട് ഇതരമതവിരുദ്ധവും ക്രൈസ്തവ മതമൗലികവാദം പ്രോത്സാഹിപ്പിക്കുന്നതുമായ സംസ്കാരം വളര്‍ത്തുന്നതിന് അറിഞ്ഞോ അറിയാതെയോ നാം ഇടനല്‍കരുത്.
the spirituality of other religion spirituality Mar Joseph Pamplany Other Religions Christianity and other religions salvation outside the church food offered to idols Teaching of the church on other religions Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206