We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Vincent Kundukulam, Fr. Tom Olikkarottu On 27-Dec-2022
2
ഇതരമത ദൈവശാസ്ത്രത്തിന്റെ ആവിർഭാവം
മതവിശ്വാസങ്ങളുടെ വൈവിധ്യം ഒരു പ്രാചീനയാഥാർത്ഥ്യമാണെങ്കിലും കഴിഞ്ഞ മൂന്ന് ദശകങ്ങൾക്കുള്ളിലാണ് മതബഹുത്വം (Religious Pluralism) എന്ന പദം ഇന്ന് മനസ്സിലാക്കുന്ന സാങ്കേതികത്വത്തോടെ പാശ്ചാത്യചിന്തകർ ഉപയോഗിക്കാൻ തുടങ്ങിയത്. മതങ്ങളുടെ തലത്തിലുള്ള ബഹുത്വത്തെ സഹിഷ്ണുതയോടെ നോക്കിക്കാണാനും അവയുടെ പ്രാധാന്യത്തെയും മൂല്യത്തെയുംകുറിച്ചു ഭാവാത്മകമായ മനോഭാവം പാശ്ചാത്യലോകത്ത് രൂപപ്പെടാനും ഇടയായ സാഹചര്യങ്ങൾ നിരവധിയാണ്.
2.1 കോളനിവാഴ്ചയുടെ അന്ത്യം
പാശ്ചാത്യ കോളനിവാഴ്ചയുടെ അന്ത്യവും തദ്ദേശീയ മതസംസ്ക്കാരങ്ങളുടെ ഉയിർത്തെഴുന്നേല്പുമാണ് ക്രിസ്തീയചിന്തകർക്കു അന്യമതങ്ങളെ ക്രിയാത്മകമായി കാണാനും അവയുടെ രക്ഷാകരമൂല്യത്തെക്കുറിച്ച് വിചിന്തനം നടത്താനും അവസരമൊരുക്കിയ വസ്തുതകളിലൊന്ന്. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ വൻകരകൾ പാശ്ചാത്യരാഷ്ട്രങ്ങളുടെ ആധിപത്യത്തിൻകീഴിലായിരുന്ന കാലത്ത് തദ്ദേശീയമായ മതവിശ്വാസങ്ങൾക്കോ സംസ്ക്കാരങ്ങൾക്കോ വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിരുന്നില്ല. മൂന്നാംലോകരാജ്യങ്ങളെക്കാൾ പാശ്ചാത്യൻ ശാസ്ത്രീയമായും വ്യാവസായികമായും രാഷ്ട്രീയമായും സൈനികമായും മുൻപന്തിയിലായിരുന്നതിനാൽ പാശ്ചാത്യമതവും സംസ്ക്കാരവുമാണ് ഉത്കർഷമെന്ന വിചാരമായിരുന്നു ഔദ്യോഗികനിലപാടുകളെ നയിച്ചിരുന്നത്. അധികാരവും സമ്പത്തുമുള്ളവന്റെ ആശയങ്ങൾക്കും നിലപാടുകൾക്കും കൂടുതൽ മൂല്യമുണ്ടാകുകയെന്നത് സ്വാഭാവികമാണല്ലോ.
പൗരസ്ത്യ മതസംസ്കാരങ്ങളെപ്പറ്റി ഗവേഷണം നടത്തുകയും അവയിലെ നന്മ തിരിച്ചറിയുകയുംചെയ്ത പണ്ഡിതന്മാരൊഴിച്ചാൽ പാശ്ചാത്യർ പൊതുവേ ഏകദൈവവിശ്വാസത്തിലധിഷ്ഠിതമല്ലാത്ത മതങ്ങളെയും അവയിലെ ആചാരാനുഷ്ഠാനങ്ങളെയും അന്ധവിശ്വാസങ്ങളായാണ് പരിഗണിച്ചിരുന്നത്. പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായത്തിൻകീഴിൽ പരിശീലിപ്പിക്കപ്പെട്ടിരുന്ന തദ്ദേശവാസികളിൽ നല്ലൊരുപങ്കും തങ്ങളുടെ മതസാംസ്ക്കാരികപൈതൃകത്തോട് അവജ്ഞപുലർത്തുന്ന കൊളോണിയൻ മനോഭാവത്തിന്റെ ഉടമകളായി വളർന്നുവന്നു. പാശ്ചാത്യസംസ്ക്കാരങ്ങളിലെ ഉപരിപ്ലവങ്ങളായ ഘടകങ്ങളിൽ ആകർഷിക്കപ്പെട്ട് സ്വന്തം സംസ്ക്കാരത്തെയും മതവിശ്വാസങ്ങളെയും തള്ളിപ്പറയാനുള്ള ഇവരുടെ ശ്രമം തദ്ദേശീയ സാംസ്ക്കാരികപൈതൃകത്തെ തളർത്തി.
എന്നാൽ കോളനിവാഴ്ച തകരുകയും വിദേശശക്തികളുടെ വിദ്യാഭ്യാസ-സാംസ്കാരിക മേൽക്കോയ്മ ഇല്ലാതാവുകയും ചെയ്തതോടെ സ്വതന്ത്രരാജ്യങ്ങൾ തങ്ങളുടെ മത-സാംസ്ക്കാരിക പൈതൃകങ്ങളുടെ തനിമ അന്വേഷിക്കുകയും സാമൂഹിക ജീവിതവും വിദ്യാഭ്യാസ സമ്പ്രദായങ്ങളും അതിനനുസൃതമായി ചിട്ടപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഉദാഹരണമായി ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തര അവസ്ഥതന്നെയെടുക്കാം. ഇന്ത്യൻ ഭരണഘടന അടിസ്ഥാനമിട്ടിരിക്കുന്നത് മതേതരമൂല്യങ്ങളിലാണല്ലോ. സെക്കുലറിസം എന്ന ആശയം അതിന്റെ നവീനമായ തനിമകളോടെ രൂപപ്പെട്ടത് യൂറോപ്യൻസംസ്ക്കാരത്തിൽനിന്നാണ്. മതനിരാസത്തോട് ഏറെ അടുത്തുനില്ക്കുന്ന നെഹ്റുവിന്റെ മതേതരസങ്കല്പം പാശ്ചാത്യസെക്കുലർ ചിന്താധാരയുടെ സംഭാവനയാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനം പാശ്ചാത്യമാണെന്ന സങ്കല്പമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യകാലങ്ങളിൽ നിലവിലിരുന്നത്.
എന്നാൽ ഭാരതീയ മതേതരത്വത്തിന് മതനിരാസത്തേക്കാൾ എല്ലാ മതങ്ങളോടും തുല്യമായ ആദരവ് എന്ന ഉദാത്തമായ കാഴ്ചപ്പാടിലാണ് അടിസ്ഥാനമെന്ന യാഥാർത്ഥ്യം ഭാരതീയർ തിരിച്ചറിഞ്ഞത് പിന്നീടാണ്. “സർവധർമ സമഭാവന" എന്ന വിശാലദർശനം ഭാരതീയർക്കു പണ്ടേ സ്വന്തമായിരുന്നു. ആ പശ്ചാത്തലത്തിലാണ് പാശ്ചാത്യരുടെ മതേതര സങ്കൽപം ഭാരതീയർക്ക് എളുപ്പത്തിൽ സ്വീകാര്യമായത്. പക്ഷെ സെക്കുലറിസത്തിന്റെ ഈ ഭാരതീയ പശ്ചാത്തലം അംഗീകരിക്കപ്പെട്ടത് സ്വാതന്ത്ര്യലബ്ധിക്ക് ഏറെ വർഷങ്ങൾക്കുശേഷമാണെന്നു മാത്രം. രാഷ്ട്രനിർമ്മാണത്തിനും അഭിവൃദ്ധിക്കും പാശ്ചാത്യസംസ്ക്കാരം അനിവാര്യമല്ലെന്ന ധാരണ ഇതുമൂലം വേരുറച്ചു.
രാഷ്ട്രനിർമ്മാണത്തിനാവശ്യമായ സാംസ്ക്കാരിക ചേരുവകകൾ കണ്ടെത്താൻ ഹൈന്ദവ മതത്തിനു മാത്രമല്ല സാധിച്ചിട്ടുള്ളത്. ലോക സാമ്പത്തിക വ്യവസായികശക്തികളിൽ മുൻനിരയിൽ നിൽക്കുന്ന ജപ്പാൻ, ചൈന, തെക്കൻകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ബുദ്ധ-ജൈന ഷിന്റോ-താവോ-കൺഫ്യൂഷ്യസ് മതപാരമ്പര്യങ്ങൾക്കും അവിടങ്ങളിലെ രാഷ്ട്രീയ-സാംസ്ക്കാരിക-സാമ്പത്തിക പുരോഗതിയെ ത്വരിതപ്പെടുത്താൻ കഴിയുന്നുണ്ട്. വ്യവസായവിപ്ലവത്തിന്റെയും വിവരസാങ്കേതികവിദ്യയുടെയും ഫലങ്ങളെ ഇസ്ലാമിക സംസ്കാരവുമായി ഇഴചേർത്ത് വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മുസ്ലീംരാജ്യങ്ങൾ ആ മതത്തിന്റെ സാംസ്കാരികമേൽക്കോയ്മയാണ് വിളിച്ചോതുന്നത്. ഇങ്ങനെ അക്രൈസ്തവമതങ്ങൾക്കും മനുഷ്യസംസ്ക്കാരത്തെ വികസനോന്മുഖമാക്കാനാവുമെന്ന് പാശ്ചാത്യക്രിസ്ത്യൻ ചിന്തകർ തിരിച്ചറിഞ്ഞത് ഇതരമതങ്ങളെ അനുഭാവപൂർവം വീക്ഷിക്കാൻ സാഹചര്യമൊരുക്കി.
2.2 ഇതരമതസമ്പർക്കം
ക്രൈസ്തവ ദൈവശാസ്ത്രജ്ഞരുടെയിടയിൽ ഇതര മതങ്ങളെക്കുറിച്ച് ഭാവാത്മകമായ ചിത്രം രൂപപ്പെടാൻ നിദാനമായ മറ്റൊരു വസ്തുത പാശ്ചാത്യർക്ക് ഇതര മതസംസ്കാരങ്ങളുമായി അടുത്ത് ഇടപഴകാൻ ലഭിച്ച അവസരങ്ങളാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കോളനിരാജ്യങ്ങൾ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലേക്കു നിയമപരമായും ഔദ്യോഗികമായും കുടിയേറാൻ ഇതര മതവിശ്വാസികൾക്ക് വഴിയൊരുങ്ങി. യുദ്ധത്തിൽ തകർന്നുപോയ പല യൂറോപ്യൻ പട്ടണങ്ങളുടെയും പുനർനിർമ്മാണത്തിനാവശ്യമായ തൊഴിലാളികളെ കണ്ടെത്തിയത് ഏഷ്യൻ -ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നായിരുന്നു. ഹൈന്ദവ, ബുദ്ധ-ജൈന, സിക്ക്, മുസ്ലീം മതങ്ങളിൽപ്പെട്ട ഈ മനുഷ്യരോടൊത്തുള്ള സഹവാസവും ജീവിതവും പാശ്ചാത്യർക്ക് പൗരസ്ത്യമതവിശ്വാസങ്ങളെ അടുത്തറിയാൻ അവസരമൊരുക്കി.
ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തോടെ വർദ്ധിച്ച സഞ്ചാര സൗകര്യങ്ങളും അന്താരാഷ്ട്ര വ്യവസായവും ടൂറിസവും പൗരസ്ത്യ പാശ്ചാത്യലോകങ്ങളെ കൂടുതൽ അടുപ്പിച്ചു. ഏഷ്യൻ മതപാരമ്പര്യങ്ങളിൽനിന്നും ഊർജ്ജം സ്വീകരിക്കുന്ന തങ്ങളുടെ സഹപ്രവർത്തകർ തൊഴിൽരംഗത്തും ജീവിതക്രമീകരണത്തിലും ശോഭിക്കുന്നതുകണ്ടപ്പോൾ പൗരസ്ത്യമതങ്ങളിലും അനുഷ്ഠാനങ്ങളിലും പാശ്ചാത്യർ ആകൃഷ്ടമായി. യൂറോപ്യൻപട്ടണങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ പൗരസ്ത്യമതങ്ങളുടെ ആരാധനാലയങ്ങളും ധ്യാനകേന്ദ്രങ്ങളും ആശ്രമങ്ങളും പഠനകേന്ദ്രങ്ങളും കൂണുപോലെ മുളച്ചുപൊന്തി. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെയും വിവരസാങ്കേതികവിദ്യയുടെയും സ്ഫോടനാത്മകമായ വളർച്ചയും കൂടിയായപ്പോൾ അക്രൈസ്തവമതങ്ങളെക്കുറിച്ച് വീടിനുള്ളിൽ ഇരുന്നുതന്നെ അറിയാൻ പാശ്ചാത്യർക്ക് അവസരമുണ്ടായി. ഇങ്ങനെ ആഗോളീകരണത്തിന്റെ ഫലമായി ഇതരമതവിശ്വാസികളുമായുണ്ടായ സമ്പർക്കം അവരെപ്പറ്റിയുണ്ടായിരുന്ന തെറ്റിദ്ധാരണകൾ നീങ്ങാൻ സഹായകമായി.
2.3 പാശ്ചാത്യ ക്രൈസ്തവലോകത്തെ ജീർണ്ണത
പാശ്ചാത്യലോകത്ത് ക്രൈസ്തവമതാചാരങ്ങൾ അനുഷ്ഠിക്കുന്നവരുടെ ശതമാനം തുലോം കുറഞ്ഞതും അവരിൽ പലരും അക്രൈസ്തവമതവിശ്വാസങ്ങളിൽ ആകൃഷ്ടരായതും ക്രൈസ്തവദൈവശാസ്ത്രജ്ഞരുടെ കണ്ണുതുറപ്പിച്ച മറ്റൊരു ഘടകമായിരുന്നു. ഞായറാഴ്ചയാചരണക്കാരുടെ സംഖ്യ ഗ്രാമങ്ങളിൽ മുപ്പത് ശതമാനത്തിലേക്കും നഗരങ്ങളിൽ അഞ്ച് ശതമാനത്തിലേക്കും കുറഞ്ഞു. കൗദാശിക ആവശ്യങ്ങൾക്കായി മാത്രം സഭയെ സമീപിച്ചിരുന്നവരുടെ എണ്ണത്തിൽപ്പോലും ഗണ്യമായ ഇടിവുണ്ടായി. ഏറെ സംഘടിതമായ സംവിധാനങ്ങളും പ്രബോധനങ്ങളും നിയമസംഹിതകളും അതിന് നേതൃത്വം നൽകാൻ ലക്ഷക്കണക്കിന് വൈദികരും സന്ന്യസ്തരും ഉണ്ടായിട്ടും എന്തു കൊണ്ടാണ് വിശ്വാസികൾ സഭയോട് വിമുഖത കാണിക്കുന്നത് എന്ന ചോദ്യം ക്രൈസ്തവദൈവശാസ്ത്രജ്ഞന്മാരുടെ ആഴമായ പഠനങ്ങൾക്ക് വിഷയീഭവിച്ചു. നാഗരികസംസ്കാരം മനുഷ്യഹൃദയങ്ങളിലേല്പിക്കുന്ന ആഘാതങ്ങളെ നേരിടാൻ യോഗ, വിപാസനധ്യാനം, ആയുർവേദചികിത്സകൾ തുടങ്ങിയവ സഹായകരമാണെന്നും, ആത്മീയാന്വേഷണത്തിൽ സമ്പന്നമായ മേച്ചിൽപ്പുറങ്ങളിലേക്കു അവ നയിക്കുന്നുണ്ടെന്നുമുള്ള അനുഭവങ്ങൾ അവയിലെ രക്ഷാകരമൂല്യങ്ങളുടെ നേരേ ഗുണൈകദൃക്കുകളാകാൻ ക്രൈസ്തവചിന്തകരെ പ്രേരിപ്പിച്ചു.
2.4 ശാസ്ത്രത്തിന്റെയും യുക്തിയുടെയും വളർച്ച
ഇതരമതങ്ങളെ ഭാവാത്മകമായി കാണാൻ പ്രേരിപ്പിച്ച മറ്റൊരു ഘടകം സത്യത്തിന് പല മുഖങ്ങളുണ്ടെന്ന ബോധ്യമാണ്. ശാസ്ത്രത്തിന്റെയും യുക്തിയുടെയും സാമൂഹികശാസ്ത്രങ്ങളുടെയും വളർച്ച സഭയ്ക്കുവെളിയിലും സത്യത്തിന്റെ കിരണങ്ങൾ ഉണ്ടെന്ന വാദം ശക്തിപ്പെടുത്തുന്നതായിരുന്നു.
മധ്യകാലഘട്ടങ്ങളിൽ ഭൂമി പരന്നതാണെന്നും അതൊരിടത്തു സ്ഥായിയായി നിൽക്കുന്നുവെന്നും സൂര്യനും ഇതര ഗോളങ്ങളും ഭൂമിക്കുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു എന്നുമുള്ള ടോളമിയുടെ സിദ്ധാന്തമായിരുന്നു സഭ ശരിയായി ഗണിച്ചിരുന്നത്. പ്രബലമായ ഈ വിശ്വാസത്തെയാണ് ഗലീലിയുടെയും കോപ്പർനികസിന്റെയും കണ്ടുപിടുത്തങ്ങൾ തകിടംമറിച്ചത്. സൂര്യൻ പ്രപഞ്ചകേന്ദ്രമാണെന്നും ഭൂമി അതിനെ ചുറ്റുന്ന ഗോളങ്ങളിൽ ഒന്നു മാത്രമാണെന്നുമുള്ള അവരുടെ പഠനം ശരിയാണെന്നു തെളിയിക്കപ്പെട്ടു. നൂറ്റാണ്ടുകളായി സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന കാര്യങ്ങൾ ശാസ്ത്രീയമായി തെറ്റാണെന്നു തെളിയിക്കപ്പെട്ടതോടെ സത്യത്തിന്റെ കുത്തകാവകാശം ക്രിസ്തുമതത്തിനില്ലെന്നും ശാസ്ത്രം മതത്തെപ്പോലെ സത്യത്തിലേക്കുള്ള പാതയാണെന്നും വ്യക്തമായി.
നവോത്ഥാനകാലഘട്ടത്തോടെ യുക്തിയുടെ മേധാവിത്വത്തിനും ലോകം സാക്ഷിയായി. വിശ്വാസസംഹിതകളുടെ പിൻബലമോ അടിത്തറയോ ഇല്ലെങ്കിലും സമൂഹനിർമ്മിതി സാധ്യമാണെന്ന് വാദിച്ച് ആധുനികതത്ത്വശാസ്ത്രം മുന്നോട്ടുവന്നു. വെളിപാടുഗ്രന്ഥങ്ങളെ ആശ്രയിക്കാതെതന്നെ ജീവിതത്തിനാവശ്യമായ ധാർമ്മികസംഹിതകൾ രൂപപ്പെടുത്താൻ ദാർശനികസിദ്ധാന്തങ്ങൾക്കായി. അതോടെ മതവും, ശാസ്ത്രവും, യുക്തിയും സത്യാന്വേഷണത്തിന്റെ മാർഗ്ഗങ്ങളായി. സാമൂഹികശാസ്ത്രങ്ങളായ മനഃശാസ്ത്രം, വൈദ്യശാസ്ത്രം, രാഷ്ട്രമീമാംസ, സാമൂഹികശാസ്ത്രം, ധനതത്ത്വശാസ്ത്രം, നരവംശശാസ്ത്രം എന്നിങ്ങനെ അറിവിന്റെ കണ്ണാടികൾ വർദ്ധിച്ചപ്പോൾ ബഹുത്വമെന്നത് സത്യത്തിന്റെ മറുവാക്കായി. സത്യത്തിന് പല മുഖങ്ങളുണ്ടാകാം എന്ന തിരിച്ചറിവ് ക്രിസ്തുമതത്തെപ്പോലെ ഇതരമതങ്ങളിലും ജീവിതത്തിന്റെ ആത്യന്തിക പ്രശ്നങ്ങൾക്കു പ്രതിവിധികളുണ്ടെന്നും ആ വിശ്വാസങ്ങളും അവയിലെ തിന്മയല്ലാത്ത ആചാരാനുഷ്ഠാനങ്ങളും രക്ഷാകരങ്ങൾതന്നെയാണെന്നും അംഗീകരിക്കാൻ അനുകൂലമായ സാഹചര്യമൊരുക്കി.
2.5 രണ്ടാം വത്തിക്കാൻ കൗൺസിൽ
ഇതിനെല്ലാം ഉപരിയായി ഇതരമത ദൈവശാസ്ത്രം രൂപപ്പെടുത്തുന്നതിൽ കത്തോലിക്കാ ചിന്തകർക്ക് പ്രചോദനവും പ്രേരണയുമായത് രണ്ടാം വത്തിക്കാൻ കൗൺസിൽ സ്വീകരിച്ച തുറന്ന മനോഭാവമാണ്. “സഭയ്ക്കുപുറമെ രക്ഷയില്ല” എന്ന നിലപാടിൽ നിന്നും സത്യത്തിന്റെയും നന്മയുടെയും കിരണങ്ങൾ ഇതരസംസ്ക്കാരങ്ങളിലുണ്ടെന്ന മനോഭാവത്തിലേക്കു കൗൺസിലിന്റെ ചിന്തകൾ ഉയർന്നു: “ഈ മതങ്ങളിൽ കാണുന്ന സത്യവും വിശുദ്ധവുമായ ഒന്നും കത്തോലിക്കാതിരുസഭ തിരസ്കരിക്കുന്നില്ല.... തിരുസഭ അവയെല്ലാം ആത്മാർത്ഥമായ ബഹുമാനത്തോടുകൂടിയാണ് നിരീക്ഷിക്കുന്നത്. കാരണം സർവമനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിന്റെ രശ്മികൾ അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട്.... അവരിൽ ദൃശ്യമാകുന്ന ആദ്ധ്യാത്മികവും ധാർമ്മികവുമായ നന്മകളും മൂല്യങ്ങളും പരിരക്ഷിക്കണമെന്നും അഭിവൃദ്ധമാക്കണമെന്നുമാണ് സഭയുടെ ഉദ്ബോധനം" (അക്രൈസ്തവ മതങ്ങൾ, 2). പ്രാദേശികസഭകൾ തങ്ങളുടെ മധ്യേയുള്ള അക്രൈസ്തവമതങ്ങളുടെ ലിഖിതങ്ങളും ആചാരാനുഷ്ഠാനങ്ങളും ഭാവാത്മകമായി പഠിക്കുകയും ക്രൈസ്തവ ജീവിതശൈലിയുമായി പൊരുത്തപ്പെട്ടുപോകാവുന്ന ഘടകങ്ങളെ സ്വാംശീകരിക്കുകയും ചെയ്തു. ഇതര മതങ്ങളിലെ വിശ്വസംഹിതകളെയും അനുഷ്ഠാനങ്ങളെയും ആദരവോടെ നോക്കിക്കാണാനും അവയുടെ രക്ഷാകരമൂല്യം അംഗീകരിക്കാനും അങ്ങനെ വിശാലമായ ഒരു ഇതരമത ദൈവശാസ്ത്രം രൂപപ്പെടുത്താനും കൗൺസിലിന്റെ സമീപനങ്ങൾ നിമിത്തമായി.
ഇതരമതങ്ങളോടുള്ള തുറവിയ്ക്ക് ആക്കംകൂട്ടിയ താത്ത്വികവും രാഷ്ട്രീയവും മതപരവും സഭാത്മകവുമായ ഘടകങ്ങൾ നമ്മൾ കണ്ടു. അക്രൈസ്തവമതങ്ങളോടുള്ള ദൈവശാസ്ത്ര കാഴ്ചപ്പാടുകളുടെ വികസനത്തിൽ നിർണ്ണായകമായ പങ്കുവഹിക്കുന്നത് വളർന്നുകൊണ്ടിരിക്കുന്ന മതബഹുത്വസംസ്കാരത്തിലെ നൂതന ആശയങ്ങളാണ്. മാനവസംസ്കാരത്തിന്റെ അവിഭാജ്യമൂല്യമായിത്തീർന്നിട്ടുള്ള വൈവിധ്യതയുടെ ദർശനങ്ങൾ ആഴമായി പഠിച്ചാലേ ക്രിസ്തുവിന്റെ അനന്യതയും സാർവത്രികതയും സമന്വയിപ്പിച്ച് വ്യാഖ്യാനിക്കുന്നതിലെ പ്രശ്നങ്ങൾ വ്യക്തമാകൂ. അതിനുള്ള ശ്രമമാണ് അടുത്ത അദ്ധ്യായം.
ഇതരമത ദൈവശാസ്ത്രത്തിന്റെ ആവിർഭാവം കോളനിവാഴ്ചയുടെ അന്ത്യം ഇതരമതസമ്പർക്കം പാശ്ചാത്യ ക്രൈസ്തവലോകത്തെ ജീർണ്ണത ശാസ്ത്രത്തിന്റെയും യുക്തിയുടെയും വളർച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206