x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ സഭാസംബന്ധമായ പൊതുവിഷയങ്ങൾ

സമുദായത്തിന്റെ മരണം സമാധാനത്തിന്റെ മരണം കൂടിയാണ്.

Authored by : Noble Thomas Parackal On 29-May-2021

ചര്‍ച്ച് ബില്ല് പെട്ടെന്ന് ആകാശത്തു നിന്ന് പൊട്ടി വീണതല്ല. ചോറ് എന്തുമാത്രം വെന്തുവെന്നറിയാന്‍ തവിയിട്ടെടുത്ത് പരിശോധിക്കുന്ന വറ്റുപോലെയാണത്. വെന്തില്ലെന്ന് മനസ്സിലായി വീണ്ടും വേകാന്‍ വെച്ചിരിക്കുകയാണ്. തവി തത്കാലം മാറ്റിവെച്ചിരിക്കുന്നുവെന്നു മാത്രം.

ആശങ്കകളകന്നു എന്ന് അതിനര്‍ത്ഥമില്ല.

ലക്ഷ്യം സഭയുടെ പാടേയുള്ള തകര്‍ച്ചയാണ്. അത് ആഗ്രഹിക്കുന്നവര്‍ സഭയുടെ ആരംഭം മുതലേയുണ്ട്. അവര്‍ സഭയുടെ കൂടെയും സഭക്കകത്തുമുണ്ട്. എണ്ണമെടുത്താല്‍ അവസാനിക്കില്ല എന്നതുകൊണ്ട് ആ ശ്രമം ഉപേക്ഷിക്കാം. പക്ഷേ, സഭക്ക് ശത്രുക്കളുണ്ട് എന്നും അവര്‍ വെറുതെയിരിക്കുകയല്ല എന്നും അവര്‍ ഒറ്റക്കൊറ്റക്കല്ല എന്നും മനസ്സിലാക്കുകയാണ് പ്രധാനം. ശത്രുക്കള്‍ ഒരുമിച്ചിരിക്കുന്നുവെന്ന് നാം തിരിച്ചറിയണം. വാളുകളും പീരങ്കികളും കൊണ്ടല്ല ഇന്നവര്‍ സഭാപീഡനം നടത്തുന്നത്.മറിച്ച്, സഭയുടെ വീഴ്ചകളും പരാജയങ്ങളും സംഘടിതവും ആസൂത്രിതവുമായി ആഘോഷിച്ചുകൊണ്ടാണ്. അവ ഉയര്‍ത്തിപ്പിടിച്ച് തിരുസ്സഭാജീവിതത്തിന്‍റൈ ശക്തികേന്ദ്രമായ കൂദാശകള്‍, പൗരോഹിത്യം, സന്ന്യാസം എന്നിവയെ അവഹേളിക്കുകയും സഭയെന്നത് ഒരു അഴുക്കുചാലാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നു.
സഭയെന്ന ക്രിസ്തുവിന്‍റെ ശരീരം തിന്മക്കെതിരായ നിലപാടുകളിലും സ്വയം വിശുദ്ധീകരിക്കുന്ന കൂട്ടായ്മാജീവിതത്തിലും സംഘടിതബലത്തോടെ മുമ്പോട്ടു പോകുന്നതിന് തടയിടാന്‍ ആഗ്രഹിക്കുന്നവര്‍ പലരുണ്ട്. പോയ നൂറ്റാണ്ടുകളിലെ സഭാശത്രുക്കളുടെ സമാനമോഹങ്ങളെല്ലാം കാലാന്തരത്തില്‍ തകര്‍ന്നടിഞ്ഞതും സഭ അവയെല്ലാം അതിജീവിച്ചതും അസൂയയോടെ നോക്കിക്കൊണ്ടു നിന്നവര്‍ സഭയെ തകര്‍ക്കാന്‍ കണ്ടെത്തിയ രണ്ട് മാര്‍ഗ്ഗങ്ങളാണുള്ളത്.

കേരളത്തിന്‍റെ കഴിഞ്ഞ രണ്ട് ആണ്ടിലെ സഭാജീവിതത്തിലേക്ക് നോക്കുമ്പോള്‍ അത് മനസ്സിലാകും:
1. ആത്മീയനേതൃത്വത്തെയും വിശ്വാസികളെയും തമ്മിലകറ്റുക
2. സമുദായത്തെ സാമൂഹികമായി പിന്നോക്കാവസ്ഥയിലേക്കെത്തിക്കുക.

നേതൃത്വത്തെയും വിശ്വാസികളെയും തമ്മിലകറ്റാന്‍ അവലംബിക്കുന്നത് പ്രത്യക്ഷത്തില്‍ നിരുപദ്രവങ്ങളെന്ന് തോന്നുന്ന മാര്‍ഗ്ഗങ്ങളാണ്. ആശയപ്രചരണത്തിന്‍റെ പലവിധ മാധ്യമങ്ങളിലൂടെ സഭാനേതൃത്വത്തിലുള്ള വൈദികരും മെത്രാന്മാരും വിശ്വാസികളില്‍ നിന്ന് വേറിട്ട ഒരു വിഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശത്രുക്കള്‍ക്ക് സാധിച്ചുവെന്നതാണ് സത്യം.
എന്നാല്‍, അടിസ്ഥാനപരമായ സഭാവിശ്വാസത്തില്‍ രൂപതാമെത്രാന്‍റെ നേതൃത്വത്തില്‍ ഒരുമിച്ചുകൂടുന്ന വൈദികരുടെയും സന്ന്യസ്തരുടെയും അത്മായരുടെയും കൂട്ടായ്മയാണ് തിരുസ്സഭ എന്നതും മെത്രാനും വൈദികരും സഭാകൂട്ടായ്മയിലെ കുടുംബങ്ങളില്‍ നിന്ന് തന്നെ രൂപപ്പെടുന്നവരാണെന്നും സഭാസംവിധാനങ്ങളുടെ സുതാര്യവും സുസ്ഥിരവുമായ നടത്തിപ്പിന് വിശ്വാസികളില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെടുന്നവരാണ് അവരെന്നുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ മറക്കാന്‍ വിശ്വാസികള്‍ അവര്‍ പോലുമറിയാതെ പ്രേരിപ്പിക്കപ്പെട്ടു.സഭാവിരോധികളുടെ സാവധാനത്തിലുള്ള മസ്തിഷ്കക്ഷാളനത്തിന് വശംവദരാക്കപ്പെട്ടവരും തിരുസ്സഭയുടെ കൂട്ടായ്മാജീവിതത്തോട് പലവിധ കാരണങ്ങളാല്‍ ആകലത്തിലായിരുന്നവരും സാവധാനം ശത്രുപക്ഷത്തേക്ക് കുടിയേറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.                                                                                                                                                           
വിശ്വാസികള്‍ക്കിടയില്‍ സഭാനേതൃത്വത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കാന്‍ വീണുകിട്ടിയ സര്‍വ്വവിധ അവസരങ്ങളും അവര്‍ സുന്ദരമായി ഉപയോഗപ്പെടുത്തുക മാത്രമല്ല, തലയില്‍ ആള്‍ത്താമസമില്ലാത്തവരും സഭാംഗങ്ങളെന്ന് പേരുകൊണ്ട് അറിയപ്പെടുന്നവരുമായ ചിലരെ സഭാവിരുദ്ധമുന്നേറ്റങ്ങളുടെ അമരക്കാരായി നിയമിക്കുകയും അവര്‍ക്ക് സാമ്പത്തികമായ സ്രോതസ്സുകള്‍ തുറന്നുനല്കുകയും ചെയ്തു. സമീപകാലത്ത് സഭക്കെതിരെ തുറക്കപ്പെട്ട എല്ലാ സമരമുഖങ്ങളിലും തീവ്രസ്വഭാവമുള്ള വര്‍ഗീയസംഘടനകളുടെ സാന്നിദ്ധ്യമുണ്ടായിരുന്നത് നാം നേരിട്ട് കണ്ടതാണ്. അത്തരം വര്‍ഗ്ഗീയവാദികളും മതമൗലികവാദികളും പ്രത്യയശാസ്ത്രവക്താക്കളും രാഷ്ട്രീയപാര്‍ട്ടികളും സഭാവിരുദ്ധരും പലരൂപത്തില്‍ ഒരുമിക്കുകയും സഭയെന്ന പൊതുശത്രുവിനെ ഇല്ലാതാക്കാനും സഭാനേതൃത്വത്തെ സമൂഹമദ്ധ്യത്തില്‍ അപഹസിക്കാനും സഭക്കുള്ളിലെ വിമതരെയെല്ലാം വിലക്കെടുക്കുകയും ചെയ്തു.


ചില വൈദികരുടെ വീഴ്ചകളെ പരാമര്‍ശിച്ചുകൊണ്ട് പൗരോഹിത്യബ്രഹ്മചര്യം ചര്‍ച്ചാവിഷയമാക്കിക്കൊണ്ട് മഹാഭൂരിപക്ഷം വരുന്ന വൈദികരെയും അടച്ചാക്ഷേപിച്ചതും, കുമ്പസാരം എന്ന പവിത്രമായ കൂദാശയെ അനാവശ്യമായി അവഹേളിച്ചതും അതുവഴിയായി സഭാജീവിതത്തിന്‍റെ തന്നെ ക്രെഡിബിലിറ്റിയെ ചോദ്യചിഹ്നമാക്കിയതും സീറോ മലബാര്‍ സഭാദ്ധ്യക്ഷന് മേല്‍ അദ്ദേഹത്തിന് യാതൊരു മനസ്സറിവുമില്ലാത്ത ക്രൂരമായ ആരോപണങ്ങളുന്നയിച്ചതും അവസാനം ചര്‍ച്ച് ബില്ല് അവതരിപ്പിച്ചുകൊണ്ട് സഭാനേതൃത്വം വിശ്വാസികളില്‍ നിന്ന് എന്തൊക്കെയോ മറച്ചുവെക്കുന്നുവെന്ന് ഒരു സര്‍ക്കാര്‍ സംവിധാനത്തിലൂടെ തന്നെ സ്ഥാപിക്കാന്‍ ശ്രമിച്ചതുമെല്ലാം വെറുതെയാണെന്നും ആകസ്മികമാണെന്നു കരുതുന്ന ബുദ്ധിശൂന്യമായ വിശ്വാസജീവിതം തുടരുന്നത് അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു.
സമുദായത്തെ സാമൂഹികമായി പിന്നോട്ടാക്കുന്നതിന്‍റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങള്‍ ഇന്ത്യാമഹാരാജ്യത്ത് അരങ്ങേറുന്നത് കണ്ണുതുറന്ന് നോക്കിയാല്‍ കാണാന്‍ കഴിയും. മെച്ചപ്പെട്ട ജോലിയും ജീവിതസൗകര്യങ്ങളും തേടി വിദേശഭൂമികകള്‍ തേടിപ്പറക്കുന്നവരും, ആവശ്യത്തിന് മക്കളെ ജനിപ്പിക്കാതെ സമുദായത്തിന്‍റെ അംഗബലത്തിന് തുരങ്കം വെക്കുന്നവരും സമുദായം ദുര്‍ബലപ്പെടുന്നതിന്‍റെ അകമേയുള്ള കാരണങ്ങളാണെങ്കില്‍ ദൈവവിശ്വാസം പ്രചരിപ്പിക്കാനും പഠിപ്പിക്കാനും ഇഷ്ടമുള്ള മതത്തില്‍ അംഗമാകാനുള്ള അവകാശങ്ങള്‍ക്ക് തടയിടുന്ന വര്‍ഗ്ഗീയസംഘടനകള്‍, അതേസമയം നമ്മുടെ കുഞ്ഞുങ്ങളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനത്തിലൂടെ സ്വന്തമാക്കുന്ന സംഘടിതശക്തികള്‍, ഭരണഘടന ഉറപ്പു നല്കുന്ന ന്യൂനപക്ഷത്തിന്‍റെ അവകാശങ്ങളെ ആസൂത്രിതമായ നിയമനിര്‍മ്മാണങ്ങളിലൂടെ അപഹരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ നിന്ന് തന്ത്രപൂര്‍വ്വം ക്രൈസ്തവസമുദായത്തെ ആകമാനം അവഗണിക്കുന്ന ന്യൂനപക്ഷ കമ്മീഷന്‍ എന്നിങ്ങനെ സമുദായത്തെ ദുര്‍ബലപ്പെടുത്താനുള്ള ശത്രുവിന്‍റെ കരുതിക്കൂട്ടിയുള്ള നീക്കങ്ങള്‍ നിരവധിയാണ്.


സമാപനം

ആത്മീയനേതൃത്വം ആക്രമിക്കപ്പെടുകയും സമുദായം ആനുകൂല്യങ്ങളുടെ വേദികളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും ചെയ്യുമ്പോള്‍ നാം സംഘടിച്ച് ശക്തരാകേണ്ടതുണ്ട്. മാധ്യമങ്ങള്‍ മത്സരിച്ച് നിന്ന് സഭാശത്രുക്കള്‍ക്ക് ദാസ്യവേല ചെയ്യുമ്പോള്‍ അവര്‍ക്ക് വീണ്ടും വീണ്ടും പരസ്യങ്ങള്‍ നല്കുന്ന ക്രൈസ്തവസമുദായാംഗങ്ങള്‍ ഓര്‍ത്തിരിക്കേണ്ട വസ്തുത, നിങ്ങള്‍ പണം കൊടുക്കുന്നത് നിങ്ങളുടെ സമുദായത്തിന്‍റെ അടിവേര് തോണ്ടാന്‍ നിരന്തരം ശ്രമിക്കുന്നവര്‍ക്കാണ്. സ്വയം ഇല്ലാതാക്കാനാണ് നിങ്ങള്‍ നിങ്ങളുടെ സമ്പത്ത് ഉപയോഗപ്പെടുത്തുന്നത്. സഭയിലെ വിമതരെ വിശ്വാസികളാക്കിയും സഭാനേതൃത്വത്തെ കുറ്റക്കാരാക്കിയും വാര്‍ത്തകള്‍ പടച്ചുവിടാന്‍ വെമ്പല്‍ കൊള്ളുന്ന ഈ മാദ്ധ്യമങ്ങളെ ഇനിയും നിലക്കു നിര്‍ത്തുന്നില്ലെങ്കില്‍, നിയന്ത്രിക്കുന്നില്ലെങ്കില്‍, ഇവ സമുദായത്തിന്‍റെ അടിത്തറ പൊളിച്ച് അവിടെ കുളം കുഴിക്കും. അതില്‍ നീന്തി നീരാടാന്‍ കാത്തിരിക്കുന്ന വിമതര്‍ക്ക് സന്തോഷമായിരിക്കും, പക്ഷേ, സമുദായത്തിന്‍റെ മരണം സമാധാനത്തിന്‍റെ മരണം കൂടിയാകുമെന്ന് ഓര്‍ക്കുന്നത് നമുക്ക് നല്ലതായിരിക്കും.

religion death of the religion Noble Thomas Parackal Noble Parackal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message