x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ ഇതര മതസംവാദം

സഭാപിതാക്കന്മാരും ബഹുത്വവും

Authored by : Dr. Vincent Kundukulam, Fr. Tom Olikkarottu On 23-Feb-2023

6

സഭാപിതാക്കന്മാരും ബഹുത്വവും

സുവിശേഷമാകുന്ന വിത്ത് വിതയ്ക്കപ്പെട്ടത് ലോകമാകുന്ന വയലിലാണ്. മണ്ണിന് ആഴമില്ലാത്ത പാറപ്പുറത്തും മുൾച്ചെടികൾക്കിടയിലും വീണ വിത്തുകൾക്കു സംഭവിച്ചതുപോലെ ആദിമനൂറ്റാണ്ടുകളിൽ സുവിശേഷത്തിനും നിരവധി പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്. വചനം തെറ്റിദ്ധരിക്കുകയും ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്തപ്പോൾ ശരിയായ പഠനങ്ങളിലൂടെ വിശ്വാസത്തെ നയിച്ചത് സഭാപിതാക്കന്മാരായിരുന്നു. ഒരർത്ഥത്തിൽ ബഹുത്വം ഏറ്റം രൂക്ഷമായ പ്രശ്നമായി അനുഭവപ്പെട്ടത് ആദിമനൂറ്റാണ്ടുകളിലായിരുന്നു എന്നു പറയാം. വിജാതിയ മതങ്ങളുടെയും ദൈവങ്ങളുടെയും നടുവിൽ ക്രിസ്തുവിനെ കർത്താവും ദൈവവുമായി അവതരിപ്പിക്കുക എന്ന വെല്ലുവിളിയാണ് സഭാപിതാക്കന്മാർ ഏറ്റെടുത്തത്. വിജാതിയ മതങ്ങളോടെന്നപോലെ യഹൂദമതത്തോടുള്ള സമീപനവും നിർവചിക്കുകയെന്ന ക്ലേശകരമായ ദൗത്യവും അവർ ഏറ്റെടുക്കേണ്ടിവന്നു. 

6.1 സഭാപിതാക്കന്മാരും യഹൂദമതവും

യഹൂദമതവുമായുള്ള ക്രിസ്തുമതത്തിന്റെ ബന്ധത്തെ സൂചിപ്പിക്കുന്നതിന് ഏതെല്ലാം പദപ്രയോഗങ്ങൾ സ്വീകരിക്കാം എന്നത് സഭാപിതാക്കന്മാരുടെ വലിയ ഉത്കണ്ഠയായിരുന്നു. വിശ്വാസ സമർത്ഥകനായ വി. ജസ്റ്റിൻ മാർട്യറുടെ (+165) “ട്രിഫോയുമായുള്ള സംവാദം” (Dialogue with Trypho) എന്ന പുസ്തകം ഇതിനു സാക്ഷ്യം വഹിക്കുന്നു. അർഹിക്കുന്ന ആദരവോടും ബഹുമാനത്തോടും കൂടിയാണ് ഇവിടെ ജസ്റ്റിൻ തന്റെ വാദഗതികൾ എതിരാളിയായ ട്രിഫോയുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. അതേ സമയം ഇരു മതങ്ങളും അംഗീകരിക്കുന്ന പഴയ നിയമ പ്രവചനങ്ങൾ യേശുവിൽ നിറവേറുന്നു എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. ഉദാഹരണമായി, ഇസ്രയേൽജനം ചെങ്കടൽ കടക്കുന്നത് (പുറ 14.) ക്രിസ്തുവിന്റെ മരണത്തിൻമേലുള്ള വിജയത്തിന്റെ പ്രതീകമായും, ഏശയ്യായുടെ എമ്മാനുവേൽ പ്രവചനം (ഏശ 7,14) യേശുവിന്റെ കന്യാമറിയത്തിൽ നിന്നുള്ള ജനനത്തിന്റെ പ്രവചനമായും വി. ജസ്റ്റിൻ അവതരിപ്പിക്കുന്നുണ്ട്.

വി. ജസ്റ്റിനെ സംബന്ധിച്ചിടത്തോളം യഹൂദമതവുമായുള്ള സംവാദത്തിനു വഴിതുറക്കുന്ന പ്രേരക ശക്തി യേശുക്രിസ്തുവിൽ സംലഭ്യമായ നൂതനത്വമാണ്. ക്രിസ്തു തന്റെ പ്രബോധനത്തെ പുതിയ തോൽക്കുടത്തോടും പുതിയ വീഞ്ഞിനോടുമാണല്ലോ ഉപമിക്കുന്നത് (മത്താ 9,16-17). യേശുവിൽ ലഭ്യമായ ഈ നിത്യനൂതനമായ സദ്വാവാർത്തയുടെ പശ്ചാത്തലത്തിൽ യഹൂദമതാചാരങ്ങളെ ഉപദേശിക്കുന്നതിൽ വി. ജസ്റ്റിൻ തെല്ലും വിമുഖത കാണിക്കുന്നില്ല. യഹൂദരാകട്ടെ ദൈവം മോശവഴി അവർക്കു നിയമം നൽകി എന്നതിലാണ് അഭിമാനിക്കുന്നത്. എന്നാൽ നിയമദാതാവായ ക്രിസ്തുതന്നെ മനുഷ്യനായി അവതരിച്ചതുകൊണ്ട് യഹൂദരോട് ഇനിയും പഴയനിയമത്തിന്റെ ചട്ടക്കൂടുകളിൽ കഴിയാതെ സർവ്വനിയമങ്ങളുടെയും പൂർത്തീകരണമായ യേശുവിനെ പിൻതുടരാൻ ജസ്റ്റിൻ ആഹ്വാനം ചെയ്യുന്നു. സജീവ ശിലയായ ക്രിസ്തുവിനെ ഉപേക്ഷിച്ചതിനെ വിമർശിക്കുന്നതോടൊപ്പം ക്രിസ്തുവിലൂടെ മാത്രമേ യഹൂദർക്ക് രക്ഷയുള്ളു എന്ന് ജസ്റ്റിൻ സ്ഥാപിക്കുന്നു. (Justin Martyr, Dialogue with Trypho, Chapters 25-26, Ante-Nicene Fathers, vol. 1, pp. 206-207).

ചില സഭാപിതാക്കന്മാർ യഹൂദമതത്തെ അവഗണിച്ചുവെന്നു പറയാം. ഉദാഹരണമായി സഭാപിതാവായ ഇരണേവുസിന്റെ വാക്കുകൾ, “എവിടെ സഭയുണ്ടോ അവിടെ ദൈവാത്മാവുണ്ട്. എവിടെ ദൈവാത്മാവുണ്ടോ അവിടെ സഭയുണ്ട്” എന്നാണ് (Irenaeus, Adversus haeresses, 3:24,1; PG 7: 966-967). ഒരിജന്റെ രചനകളിൽ ഇതരമതനിഷേധത്തിന്റെ ചില സ്ഫുലിംഗങ്ങൾ കാണാം. സഭക്കുപുറമേ രക്ഷയില്ലെന്ന നിലപാട് ഒരിജൻ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. ജോഷ്വായുടെ പുസ്തകത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളിൽ ഇത് വെളിവാകുന്നു. “ആരെങ്കിലും രക്ഷ ആഗ്രഹിക്കുന്നെങ്കിൽ അവൻ ഈ ഭവനത്തിലേക്കു വരട്ടെ. ഇവിടെവന്ന് രക്ഷ കണ്ടെത്തട്ടെ. ക്രിസ്തുവിന്റെ രക്തം രക്ഷയുടെ അടയാളമായ ഈ ഭവനത്തിലേക്ക് കടന്നുവരട്ടെ. ആരും ആരെയും വഞ്ചിക്കാതിരിക്കട്ടെ. ഈ ഭവനത്തിനുപുറത്ത്, അതായത് ക്രിസ്തുവിന്റെ സഭക്കു വെളിയിൽ ആരും രക്ഷ പ്രാപിക്കുന്നില്ല”(Origen, Homilies on Josuah 3,5; P.G. 12: 841 - 842). ഈ കാലഘട്ടത്തിൽ തന്നെയാണ് “സഭയ്ക്ക് പുറമേ രക്ഷയില്ല" എന്ന വി. സിപ്രിയാന്റെ പ്രസിദ്ധമായ വാക്കുകൾ രൂപം കൊള്ളുന്നതും.

സഭാപിതാക്കന്മാർ യഹൂദമതത്തിലെ നന്മയെ ആദരിച്ചു. അതിനു തെളിവാണ് യഹൂദരുടെ വി. ഗ്രന്ഥങ്ങളെല്ലാം ദൈവ നിവേശിതമാണെന്നും അവ പുതിയ നിയമത്തിന്റെ പ്രാരംഭമുണെന്നും അവർ അംഗീകരിച്ചത്. എന്നാൽ യഹൂദമതത്തിലെ ജീർണ്ണതകളെയും ക്രിസ്തുവിനോടും ക്രൈസ്തവ സമൂഹത്തോടും യഹൂദ പണ്ഡിതൻമാർ പ്രകടിപ്പിച്ച അസഹിഷ്ണുതയെയും അവർ എതിർത്തു.

6.2 വിജാതിയരോടുള്ള എതിർപ്പ്

വിജാതിയ മതങ്ങളോട് പല സഭാപിതാക്കന്മാരും കർശനമായ നിലപാടാണ് പുലർത്തിയിരുന്നത്. യവന-റോമൻ സംസ്ക്കാരങ്ങളിലെ ബഹുദൈവവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ആദ്യകാല പിതാക്കന്മാർ ചോദ്യം ചെയ്യുകയും അവയെല്ലാം സത്യദൈവത്തിലുള്ള വിശ്വാസത്തിന് നിരക്കാത്തതാണെന്ന് സമർത്ഥിക്കുകയും ചെയ്തു. ഏക ദൈവവിശ്വാസത്തിന് അടിസ്ഥാനമായിരുന്ന “നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു: ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്: നിനക്കായി ഒരു വിഗ്രഹവും നിർമ്മിക്കരുത്. മുകളിൽ ആകാശത്തോ താഴെ ഭൂമിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കുകയോ, അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്” (നിയ 5,7-9) എന്ന ആദ്യകൽപന ജനങ്ങളെ നിരന്തരം ഓർമ്മിപ്പിക്കുന്നതിൽ സഭാപിതാക്കന്മാർ ബദ്ധശ്രദ്ധരായിരുന്നു. അതുപോലെ “വിജാതീയരുടെ ദേവന്മാർ വ്യാജമൂർത്തികളാണല്ലോ. കർത്താവ് ആകാശത്തിന്റെ സ്രഷ്ടാവും” (സങ്കീ 96,5) തുടങ്ങിയ വേദപുസ്തക ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് വിജാതിയ മതങ്ങൾ വ്യാജ ആരാധനയാണ് നടത്തുന്നത് എന്ന് അവർ ചൂണ്ടിക്കാട്ടി.

വിജാതിയ മതങ്ങളിലെ വിഗ്രഹാരാധനയും, മന്ത്രവാദവും, പ്രകൃതിശക്തികളോടുളള ആരാധനയും യഥാർത്ഥ ദൈവാരാധനയല്ലെന്ന് സഭാപിതാക്കന്മാർ തുറന്നു പറഞ്ഞു. രണ്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ജീവിച്ചിരുന്ന അലക്സാണ്ഡ്രിയായിലെ വി. ക്ലമന്റിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “വിഗ്രഹങ്ങൾ നിർമ്മിക്കുന്നവരാൽ ഭൂമി അവഹേളിക്കപ്പെടുന്നു. മണ്ണിന്റെ തന്നെ സ്വഭാവം മാറ്റിമറിച്ച് അതിനെ ആരാധിക്കുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഇവർ ദൈവങ്ങളെയൊ പിശാചുക്കളെയൊ അല്ല മണ്ണിനെയും തങ്ങളുടെ കലയെയുമാണ് ആരാധിക്കുന്നത്. കാരണം, കലാകാരനാൽ നിർമ്മിക്കപ്പെട്ട പ്രതിമ ജീവനില്ലാത്തതാണ്. അതുവഴി യഥാർത്ഥ ദൈവത്തെ സ്പർശിക്കാൻ സാധിക്കുകയില്ല. മനസ്സുകൊണ്ടു മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ' (Clement, Exhortation to the Heathen, Chapter IV. Ante-Nicene Fathers, Vol. 2, p. 186). സ്രഷ്ടവസ്തുക്കളെ ആരാധിക്കുന്നതിനെ നിഷേധിച്ചുകൊണ്ട് അദ്ദേഹം തുടരുന്നു: 'മറ്റുചിലർ എങ്ങനെയെന്നറിയില്ല തെറ്റിൽ അകപ്പെട്ടിരിക്കുകയാണ്. അവർ ദൈവത്തെ ആരാധിക്കുന്നതിനു പകരം ദൈവത്തിന്റെ സൃഷ്ടികളായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളേയുമാണ് ആരാധിക്കുന്നത്. പക്ഷേ, അവയെല്ലാം സമയം അളക്കാനുള്ള ഉപകരണങ്ങൾ മാത്രമാണ്. അവിടുത്തെ നാവിൽനിന്ന് ഉതിർന്ന വചനങ്ങളാൽ സ്ഥാപിക്കപ്പെട്ടതാണതെല്ലാം' (Clement, Exhortation to Heathen, Chapter 4, Ante-Nicene Fathers, vol. 2, p. 189).

വിശ്രുത ദൈവശാസ്ത്രജ്ഞനും പണ്ഡിതനുമായിരുന്ന തെർതുല്യനും (+225) വിജാതിയ മതവിശ്വാസങ്ങളിലെ ആരാധനാരീതികളെ വിമർശിക്കുന്നുണ്ട്. തെർതുല്യന്റെ 'അപ്പോളജി' (Apology) എന്ന വിഖ്യാതഗ്രന്ഥത്തിൽ ക്രിസ്തുമതത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന റോമാസാമ്രാജ്യാധികാരികളുടെ നയങ്ങളെ എതിർക്കുമ്പോൾ ക്രിസ്ത്യാനികൾ വിജാതിയ ദൈവങ്ങളെ ആരാധിക്കാൻ വിമുഖത പ്രകടിപ്പിക്കുന്നതിന്റെ കാരണങ്ങൾ അദ്ദേഹം വിശദീകരിക്കുന്നത് ശ്രദ്ധേയമാണ്: “ഞങ്ങൾ നിങ്ങളുടെ ദൈവങ്ങളെ ആരാധിക്കുന്നില്ലെന്നും ചക്രവർത്തികൾക്ക് ബലിയർപ്പിക്കുന്നില്ലെന്നും നിങ്ങൾ പറയുന്നു. ഞങ്ങൾ നിങ്ങളുടെ ദൈവങ്ങളെ ആരാധിക്കാത്തതിനു കാരണം നിങ്ങളുടെ ദൈവങ്ങൾ ഞങ്ങളുടെ ആരാധനാവിഷയങ്ങൾ അല്ലാത്തതുകൊണ്ടാണ്..... നിങ്ങളുടെ ദൈവങ്ങൾ യഥാർത്ഥത്തിൽ ദൈവങ്ങളായിരുന്നുവെങ്കിൽ മാത്രമാണ് ആ ദൈവങ്ങൾക്ക് ദൈവികമായ ആദരവുകളർപ്പിക്കാൻ ഞങ്ങൾക്ക് കടമയുണ്ടാകുമായിരുന്നത്... എന്നാൽ നിങ്ങൾ പറയുന്നു അവർ ദൈവങ്ങളാണെന്ന്. പക്ഷെ ഞങ്ങൾ എതിർക്കുകയും നിങ്ങളുടെ മനസ്സാക്ഷിയോടുതന്നെ ചോദിക്കുകയും ചെയ്യുന്നു; ആ മനസ്സാക്ഷിതന്നെ ഞങ്ങളെ വിധിക്കട്ടെ; ഞങ്ങളെ ശപിക്കട്ടെ. നിങ്ങളുടെ ദൈവങ്ങൾ മനുഷ്യർമാത്രമാണെന്നതിനെ ആ മനസ്സാക്ഷിക്ക് നിരസിക്കുവാൻ കഴിയുമെങ്കിൽ" (Tertullian, The Apology, Chapter 10, Ante-Nicene Fathers, vol. 3, p. 26).

ആദ്യകാല സഭാപിതാക്കന്മാർ വിജാതിയ മതങ്ങൾക്കെതിരെ ഹൃദയം കഠിനമാക്കിയെങ്കിൽ അതിനു നിദാനം ആദ്യ നൂറ്റാണ്ടുകളിലെ മതമർദ്ദനമായിരുന്നു. ദുസ്സഹമായ മർദ്ദനത്തിലും പീഡനങ്ങളിലും കഴിഞ്ഞ ആദിമ ക്രിസ്ത്യാനികൾ റോമസാമ്രാജ്യത്തിലെ മത സംസ്ക്കാരങ്ങളെ തങ്ങളുടെ നിലനിൽപ്പിനെപ്രതി വിമർശിച്ചതിൽ അസാധാരണത്വം കാണാനാവില്ല. എന്നാൽ ഈ വിമർശനങ്ങൾ ഉയർത്തുമ്പോഴും ആക്ഷേപിക്കുന്നതിനേക്കാൾ അനുഭവിച്ചറിഞ്ഞ ക്രിസ്തു എന്ന ഏക രക്ഷകനെനേയും ക്രിസ്തുമാർഗ്ഗത്തിലെ നന്മകളെയും ഉയർത്തി കാട്ടുവാനാണ് സഭാപിതാക്കന്മാർ ശ്രമിച്ചിരുന്നത്.

ക്രൈസ്തവ സഭാപിതാക്കന്മാരുടെ വിജാതിയ മതനീരസത്തിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കാവുന്നത് മനുഷ്യമഹത്വത്തിനും ശ്രേഷ്ഠതയ്ക്കും അവർ നൽകിയ പ്രാധാന്യമാണ്. വേശ്യാവൃത്തി, നരബലി തുടങ്ങിയവ മനുഷ്യമഹത്വത്തിന് എതിരാണെന്നും മനുഷ്യന്റെ ഉള്ളിലുള്ള ദൈവികതയ്ക്ക് തികച്ചും വിരുദ്ധമാണെന്നും കണ്ടതിനാൽ വിജാതിയ മതാനുഷ്ഠാനങ്ങളെ നിരാകരിക്കുന്നതിന് അവർ നിർബന്ധിതരായി. ദൈവസ്നേഹത്തിന് പാത്രമായ മനുഷ്യൻ ആദരിക്കപ്പെടേണ്ടവനാണെന്ന സത്യമാണ് ഇതുവഴി പിതാക്കന്മാർ സ്ഥാപിച്ചത്.

സഭാപിതാക്കന്മാരുടെ ബഹുതയോടുള്ള ഇടുങ്ങിയ സമീപനത്തെ വിശദീകരിക്കുമ്പോൾ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. സിപ്രിയാന്റെ (+258) പ്രസ്താവന പരാമർശിക്കാതെ കടന്നു പോകാനാവില്ല. സഭയ്ക്ക് പുറമേ രക്ഷയില്ല (Extra Ecclesia. Nulla Salus) എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ തെറ്റിദ്ധാരണകൾക്കു വഴിതെളിച്ചു. വിശുദ്ധ സിപ്രിയന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഈ ചിന്ത അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ രചനകളിലാണ് ആദ്യമായി കണ്ടെത്തുന്നത്. ഇഗ്നേഷ്യസ് സഭയുടെ കൂട്ടായ്മയിൽനിന്ന് പുറത്തുപോകുന്നവരെയാണ് രക്ഷയിൽ നിന്ന് പുറത്തുപോകുന്നു എന്ന ആശയംകൊണ്ട് വിവക്ഷിച്ചത്.

ഇതരമതങ്ങളിലെ രക്ഷയുമായി ബന്ധപ്പെടുത്തിയായിരുന്നില്ല വിശുദ്ധ സിപ്രിയാനും ഇങ്ങനെ പഠിപ്പിച്ചത്. അദ്ദേഹം ജീവിച്ചിരുന്ന മൂന്നാം നൂറ്റാണ്ട് പാഷണ്ഡതകളുടെയും വിഭജനങ്ങളുടെയും ഒരു നൂറ്റാണ്ടായിരുന്നു. പാഷണ്ഡതകളിലൂടെ സഭയിൽ ആഭ്യന്തര പ്രശ്നങ്ങൾ വർദ്ധിച്ചപ്പോൾ ചില നിഷ്ഠകൾ നടപ്പിലാക്കേണ്ടത് അത്യന്താപേഷിതമായി വന്നു. ക്രിസ്തു സന്നിഹിതനായിരിക്കുന്നിടത്താണല്ലോ രക്ഷയുള്ളത്. “നമ്മെപ്പോലെ അവരും ഒന്നായിരിക്കണം” (യോഹ 17,11) എന്നു പ്രാർത്ഥിച്ച യേശുവിന്റെ ആത്മാവിന് വിഭജനങ്ങൾ സൃഷ്ടിക്കുന്നവരിൽ പ്രവർത്തിക്കാനാവില്ലല്ലോ. അപ്പോൾ വിഭാഗീയതകളുടെയും സ്പർദ്ധയുടെയും ആത്മാവ് പേറുന്ന അബദ്ധ സിദ്ധാന്തക്കാർക്ക് രക്ഷയില്ലെന്ന് സിപ്രിയാൻ പ്രസ്താവിച്ചു. അദ്ദേഹം പറയുന്നു: “സഭയിലെ പുരോഹിതരെയും, മെത്രാന്മാരെയും നിരസിക്കുന്നവർ അവർക്കായി വേറെ രക്ഷയുടെ സങ്കേതങ്ങൾ അവശേഷിക്കു ന്നില്ലെന്ന് മനസ്സിലാക്കട്ടെ.... അവർക്ക് ഏറെനാൾ പുറത്ത് വസിക്കാനാവില്ല. കാരണം, ദൈവത്തിന് ഒരു ഭവനമേയുള്ളൂ. സഭയാകുന്ന ഈ ഭവനത്തിലല്ലാതെ മറ്റെങ്ങും രക്ഷയില്ല"(Cyprian, Epist. 4,4 Corpus Scriptorum Ecclesiasticorum Latinorum 3,2:476-477).

പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ എഫ്.എ. സള്ളിവന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. സിപ്രിയാന്റെ രചനകളിലൊന്നും സഭയ്ക്കുപുറമേ രക്ഷയില്ലെന്ന വാക്കുകൾ ക്രിസ്തീയ വിശ്വാസത്തിനു വെളിയിലുള്ള വിജാതിയരെ ലക്ഷ്യം വച്ചാണെന്നതിനുള്ള സൂചനകളില്ല. സിപ്രിയൻ ഉദ്ദേശിച്ചത്, വിഭജനങ്ങളിലൂടെയും തെറ്റായ പഠനങ്ങൾ വഴിയും സഭയുടെ കൂട്ടായ്മയിൽ നിന്ന് സ്വയം അകന്നുപോയവരെയാണ്. രക്ഷയുടെ സദ്വാർത്ത സ്വീകരിക്കാനാകാതെപോയ വിജാതിയരെ അദ്ദേഹം വിവക്ഷിക്കുന്നുണ്ടാകുമോ എന്ന് നമുക്കറിഞ്ഞുകൂടാ (FA. Sullivan, Salvation Outside the Church?, pp. 22-23).

യഥാർത്ഥത്തിൽ പാഷണ്ഡികളെ ഉദ്ദേശിച്ച് വി. സിപ്രിയൻ നടത്തിയ ഈ പരാമർശം പിന്നീട് ഇതരമതങ്ങളോടുള്ള മനോഭാവമായി രൂപാന്തരപ്പെടുകയായിരുന്നു. ഈ തെറ്റിദ്ധാരണ സഭ ഔദ്യോഗികമായി മാറ്റുന്നതിന് രണ്ടാം വത്തിക്കാൻ കൗൺസിൽവരെ കാത്തിരിക്കേണ്ടിവന്നു.

6.3 തുറന്ന മനോഭാവങ്ങൾ

ഇതരമതങ്ങളോടും അവരുടെ വിശ്വാസ സംഹിതകളോടും നിഷേധാത്മകമായിട്ട് മാത്രമല്ല സഭാപിതാക്കന്മാർ സംവദിച്ചിരുന്നത്. വിശാലമായ ഹൃദയത്തോടെ ഇതരമതങ്ങളെ വീക്ഷിക്കുകയും അവയിലെ ദൈവിക വെളിപാടുകളെ അംഗീകരിക്കുകയും ചെയ്ത പിതാക്കന്മാരുണ്ടായിരുന്നു. പക്ഷേ വിശാലമായ ഈ വീക്ഷണത്തിന്റെ നിദാനം മറ്റു മതങ്ങൾ അവയിൽത്തന്നെ രക്ഷയുടെ പൂർണ്ണത സംവഹിക്കുന്നു എന്നതായിരുന്നില്ല: മറിച്ച്, ദൈവിക വെളിപാടിന്റെ പൂർണതയായ ക്രിസ്തുവിന്റെ അപൂർണമായ സാന്നിധ്യം ആ മതങ്ങളിലുണ്ടാകുമെന്ന വിശ്വാസമായിരുന്നു.

രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ: സഭാപിതാക്കന്മാരുടെ ബഹുതയോടുള്ള തുറന്ന മനോഭാവം ഏറ്റവും ആദ്യം പ്രകടമായത് വചന ദൈവശാസ്ത്ര (Logos theology) ചിന്തകരിലാണ്. വചന ദൈവശാസ്ത്രം - അഥവാ നിത്യമായ ദൈവവചനത്തിന്റെ സാർവ്വത്രികവും സർവ്വാശ്ലേഷിയുമായ സാന്നിദ്ധൃത്തെപ്പറ്റി ആദ്യമായി പ്രതിപാദിക്കുന്നത് സഭാപിതാവായ വി. ജസ്റ്റിനാണ്. യവനതത്ത്വശാസ്ത്രത്തിലെ Logos വചനംഎന്ന ചിന്ത കടമെടുത്തുകൊണ്ട് Divine Logos- ദൈവവചനം മാംസം ധരിച്ചതാണ് ക്രിസ്തു എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. വചനമായ ദൈവം മനുഷ്യബുദ്ധിയിൽ അനാദിമുതലേ പ്രവർത്തനനിരതമാണെന്ന് വിശുദ്ധ ജസ്റ്റിൻ പറയുന്നു: "ക്രിസ്തു ദൈവത്തിന്റെ ആദ്യജാതനാണ് എന്ന് നാം മനസ്സിലാക്കിയിരിക്കുന്നു. അതുപോലെ തന്നെ എല്ലാ മനുഷ്യവംശങ്ങളും പങ്കുപറ്റുന്ന Logos ആണ് അവനെന്നും നമ്മൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ഈ വചനത്തിന് അനുസൃതമായി ജീവിച്ചവരെല്ലാം ക്രിസ്ത്യാനികളാണ്. അവരെ നിരീശ്വരന്മാരെന്ന് കരുതിയെങ്കിലും, അതായത് ഗ്രീക്കുകാരുടെ ഇടയിൽ സോക്രട്ടീസിനെയും ഹെരാക്ലീറ്റസിനയും അതുപോലുള്ള മറ്റു മനുഷ്യരെയും കരുതിയതുപോലെ” (Justin Martyr, Apology, Chapter 46, Ante-Nicene Fathers, vol. 1, p. 178).

വി. ജസ്റ്റിന്റെ ഈ കാഴ്ച്ചപ്പാട് വളരെ ശ്രദ്ധാർഹമാണ്. വിജാതീയരുടെ ഇടയിലെ മഹത്വ്യക്തികളെ അതും യേശുക്രിസ്തുവിന്റെ വരവിനുമുമ്പ് ജീവിച്ചിരുന്നവരെയടക്കം നിത്യമായ ദൈവവചനത്തിന്റെ പ്രവർത്തനമാധ്യമങ്ങളായി അംഗീകരിക്കാനും, 'ക്രിസ്ത്യാനികൾ' എന്ന് സംബോധന ചെയ്യാനും കാണിച്ച ആർജവം ശ്ലാഘനീയമാണ്. പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന നിത്യമായ വചനവും യേശുക്രിസ്തുവും ഒന്നായതിനാൽ മനുഷ്യാവതാരത്തിനുമുമ്പുതന്നെ ഈ വചനമായ ക്രിസ്തു പ്രപഞ്ചത്തിൽ സന്നിഹിതനാണ്. പ്രപഞ്ചോത്പത്തിക്കുമുമ്പേ അവിടുന്ന് പ്രവർത്തനനിരതനാണെന്ന് വി. ജസ്റ്റിൻ സ്ഥാപിക്കുന്നു.

വി. യോഹന്നാന്റെ സുവിശേഷത്തിലും ലേഖനങ്ങളിലുമുള്ള വചനവിജ്ഞാനീയത്തിന്റെ അടിസ്ഥാനത്തിലാകാം ജസ്റ്റിൻ തന്റെ വചന ദൈവശാസ്ത്രത്തിന് രൂപം നൽകിയത്. യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നതുതന്നെ വചനത്തിന്റെ കാലാതിവർത്തിയും സർവ്വവ്യാപിയുമായ പ്രവർത്തനത്തെപ്പറ്റി പ്രതിപാദിച്ചുകൊണ്ടാണ്. “ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോട് കൂടെയായിരുന്നു. വചനം ദൈവമായിരുന്നു... സമസ്തവും അവനിലൂടെ ഉണ്ടായി. ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല.” (യോഹ 1,1-3). അപ്പോൾ ഉത്തമമായ മനഃസാക്ഷിയുടെ സ്വരം അനുസരിച്ചും ധാർമ്മിക നിയമങ്ങൾക്കു വിധേയമായും ജീവിച്ചവരെല്ലാം മാംസം ധരിച്ച വചനമായ യേശുക്രിസ്തുവിലാണ് ജീവിച്ചത്. എവിടെയെല്ലാം മനുഷ്യർ തങ്ങളുടെ ശരിയായ ബുദ്ധിയിലും യുക്തിയുടെ ഭദ്രതയിലും ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടോ അവിടെയെല്ലാം അവരെ പ്രകാശിപ്പിക്കുന്നത് നിത്യവചനവും ദൈവപുത്രനുമായ യേശുക്രിസ്തുവാണെന്നും അക്കാരണത്താൽ അവരെല്ലാം ക്രിസ്ത്യാനികളാണെന്നും വി. ജസ്റ്റിൻ സമർത്ഥിക്കുന്നു.

വചനത്തിന്റെ സാർവ്വത്രിക സാന്നിദ്ധ്യത്തെപ്പറ്റി പറയുമ്പോഴും ക്രിസ്തുവിലാണ് ഈ വചനത്തിന്റെ സമ്പൂർണ്ണത പ്രകടമാകുന്നത് എന്ന് ചൂണ്ടിക്കാണിക്കുന്നതിൽ വി. ജസ്റ്റിൻ തികച്ചും ശ്രദ്ധാലുവായിരുന്നു. ഇതരമതങ്ങളിലെ നിയമദാതാക്കളും തത്ത്വചിന്തകന്മാരും നന്മയും വിശുദ്ധിയും പഠിപ്പിച്ചപ്പോഴും അവർക്കു വചനത്തിന്റെ ഭാഗികമായ ദർശനം മാത്രമേ ലഭിച്ചിരുന്നുള്ളു എന്ന് ജസ്റ്റിൻ അഭിപ്രായപ്പെടുന്നു. ബഹുതയോടുള്ള വി. ജസ്റ്റിന്റെ ഭാവാത്മക സമീപനത്തിന്റെ മേന്മ ഇതര മതങ്ങളിലെ സത്യത്തിന്റെയും, വിജ്ഞാനത്തിന്റെയും നന്മയുടെയും വിത്തുകൾ നമുക്കു ലഭിച്ചിരിക്കുന്ന വചനമായ യേശു ക്രിസ്തുവിന്റെ വെളിച്ചത്തിൽ കാണാൻ കഴിഞ്ഞു എന്നതാണ്.

“ഓരോ മനുഷ്യനും തനിക്ക് പങ്കുചേരാൻ സാധിച്ച വചനവിത്തിന്റെ (spermatic word) അംശമനുസരിച്ച് അതുമായി ബന്ധപ്പെടുത്തി നന്നായി സംസാരിച്ചിരിക്കുന്നു... മനുഷ്യർ നന്മയായി അംഗീകരിച്ചിട്ടുള്ളവയെല്ലാം ക്രിസ്ത്യാനികളായ നമ്മുടെ സമ്പത്തുമാണ്” (Justin Martyr, The Second Apology. Chapter 13, Ante- Nicene Fathers, vol. 1, p. 193). ആധുനിക കാലഘട്ടത്തിൽ മതബഹുത്വത്തെ ദൈവശാസ്ത്രപരമായി സമീപിക്കുന്ന ഏവർക്കും പ്രചോദനാത്മകമാണ് ഈ നിലപാടെന്ന് പറയാതെവയ്യ.

വി. ഇരണേവൂസ്: ദൈവവചനത്തിന്റെ സാർവ്വത്രിക സാന്നിദ്ധ്യത്തെപ്പറ്റിയുള്ള ചിന്തകൾ സഭാപിതാവായ വി.ഇരണേവൂസിന്റെ (+202) പഠനങ്ങളിലും കാണുന്നുണ്ട്. പുത്രന്റെ നിത്യ സാന്നിധ്യത്തെപറ്റി പരാമർശിച്ചുകൊണ്ട് ഇരണേവൂസ് പറയുന്നു: “ആദിമുതൽതന്നെ സൃഷ്ടിക്കപ്പെട്ടവയിലൂടെ നില നിന്നിരുന്ന പുത്രൻ പിതാവിനെ എല്ലാവർക്കും വെളിപ്പെടുത്തി. പിതാവ് ആഗ്രഹിക്കുമ്പോഴും ആഗ്രഹിക്കുന്നതുപോലെയും അവൻ പിതാവിനെ വെളിപ്പെടുത്തി" (Irenaeus, Against Hersies, Book 4, Chapter 6, no.7, Ante-Nicene Fathers, vol. 1, p.469). ഇരണേവൂസിന്റെ ഈ വാക്കുകൾ “സമസ്തവും അവനിലൂടെ ഉണ്ടായി, ഉണ്ടായിട്ടുള്ളതൊന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.” (യോഹ 1,3) “എന്നെകാണുന്നവൻ പിതാവിനെ കാണുന്നു" (യോഹ 14,9) എന്നുള്ള യോഹന്നാൻ സുവിശേഷത്തിന്റെ പ്രതിധ്വനിയായി മനസ്സിലാക്കാം.

വി. ക്ലെമൻ്റ് : അലക്സാണ്ഡ്രിയായിലെ വി. ക്ലെമൻ്റ് മനുഷ്യ വംശത്തിലെ വിജ്ഞാനധാരകളിലുള്ള ദൈവവചനത്തിന്റെ സാന്നിദ്ധ്യത്തെപ്പറ്റി എഴുതി. വിവിധ മതസംസ്ക്കാരങ്ങളിൽ മാത്രമല്ല വിജ്ഞാനമേഖലകളിലും വിശിഷ്യാ തത്ത്വശാസ്ത്രത്തിലും കാണുന്ന നന്മയുടെ സ്ഫുലിംഗങ്ങളെ ദൈവവചനത്തിന്റെ പ്രവർത്തനഫലമായി കാണാൻ വി. ക്ലെമൻ്റിന് കഴിഞ്ഞു. ഈ കാഴ്ച്ചപ്പാട് യവനതത്ത്വശാസ്ത്രത്തിന്റെ ചക്രവാളങ്ങൾക്കപ്പുറത്തേക്ക് അന്ന് അറിയപ്പെട്ടിരുന്ന പേർഷ്യൻ ഇൻഡ്യൻ സംസ്ക്കാരങ്ങളിലേക്ക് അദ്ദേഹം വ്യാപിപ്പിക്കുന്നുണ്ട്. വി. ക്ലെമൻ്റ് പറയുന്നു: “തത്ത്വശാസ്ത്രം ക്രിസ്തുവിൽ പൂർണമായി വെളിപ്പെടാനിരുന്നതിനുവേണ്ടി വഴിയൊരുക്കുകയായിരുന്നു" (Clement of Alexandria, The Stromata, Book 1, Chapter 5, Ante-Nicene Fathers, vol. 2, p. 305). ദാർശനിക മേഖലകളിലെ വചന സാന്നിധ്യത്തെക്കുറിച്ചുള്ള ഈ ചിന്ത ഇതരമതസംസ്കാരങ്ങളും, ചിന്താധാരകളും ആദരവോടും സഹിഷ്ണുതയോടും കൂടി സമീപിക്കുന്നതിന് സഹായകമാണെന്നതിൽ തർക്കമില്ല.

ഒരിജൻ: മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാചിന്തകനായ ഒരിജന്റെ രചനകളിലും വചനദൈവശാസ്ത്രം കണ്ടെത്താനാകും. ഒരിജന്റെ 'യോഹന്നാന്റെ സുവിശേഷ ഭാഷ്യം' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പ്രസ്താവിക്കുന്നത് ഇവിടെ പ്രസക്തമാണ്: "പ്രവാചകരിലൂടെയും രക്ഷകനിലൂടെയും പഠിപ്പിച്ച കാര്യങ്ങൾ ദൈവം എല്ലാമനുഷ്യരുടെയും ആത്മാവിൽ വിതച്ചിരിക്കുന്നു" [Origen, Commentary on the Gospel of St. John, VI, 188 (Sources Chretiennes 157, p. 269)].

ഇതരമതങ്ങളിലെയും വിജ്ഞാനധാരകളിലെയും ദൈവിക പ്രവർത്തനത്തെ ഒരിജൻ മനസ്സിലാക്കിയ വിധം അദ്ദേഹത്തിന്റെ പഴയനിയമത്തിലെ ബാലാക്കിനെപ്പറ്റിയുള്ള വിശദീകരണത്തിൽ നിന്ന് സുവിദിതമാകും. സംഖ്യയുടെ പുസ്തകത്തിൽ മോവാബ് രാജാവായ ബാലാക്ക് തനിക്കെതിരേവന്ന ഇസ്രായേൽജനത്തെ ഭയപ്പെട്ട് അവരെ ശപിക്കുന്നതിന് ബാലാം എന്ന പ്രശ്നം നോട്ടക്കാരനെ ആളയച്ചു വരുത്തുന്നതായി വായിക്കുന്നു(സംഖ്യ 22,5-6). പക്ഷെ ശപിക്കുന്നതിനുപകരം ദൈവത്താൽ പ്രേരിതനായി ബാലാം ഇസ്രായേൽ ജനത്തെ അനുഗ്രഹിക്കുകയാണ് ചെയ്തത്. (സംഖ്യ 23,1-12). ദൈവത്താൽ പ്രേരിതനായി തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ ജനത്തിൽനിന്ന് വരാനിരിക്കുന്ന ഒരു രാജാവിനെപ്പറ്റി ബാലാം പ്രവചിച്ചു: “യാക്കോബിൽനിന്നും ഒരു നക്ഷത്രം ഉദിക്കും. ഇസ്രായേലിൽ നിന്ന് ഒരു ചെങ്കോൽ ഉയരും” (സംഖ്യ 24,17) ഈ വേദപുസ്തക ഭാഗത്തിന് ഒരിജൻ നൽകുന്ന വ്യാഖ്യാനം ഇവിടെ ഏറെ ശ്രദ്ധേയമാണ്. “തന്റെ വചനം അറിയിക്കാനും, വരാനിരിക്കുന്ന രഹസ്യത്തെ പ്രവചിക്കാനും തനിക്ക് ഇഷ്ടപ്പെട്ടവർ എവിടെയുണ്ടോ അവിടെ, വിജാതീയരെപ്പോലും ദൈവം ഉപയോഗിച്ചു" (Origen, Homily on the Book of Numbers, XVI, 1 (Sources Chretiennes 29, pp. 311-312).

രക്ഷാകരമായ രഹസ്യങ്ങൾ വിജാതീയർക്ക് വെളിപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യം ദൈവത്തിനുണ്ട്. തനിക്ക് ഇഷ്ടപ്പെട്ടവരെ തന്റെ രക്ഷാകര പ്രവർത്തനത്തിന്റെ ഉപകരണമാക്കുന്നതിന് ദൈവത്തിന് മതവിശ്വാസങ്ങളോ, ആരാധനാരീതികളോ, വർഗവൈവിധ്യങ്ങളോ തടസ്സമാകുന്നില്ല. രക്ഷയുടെ സദ്വാർത്ത വിജാതിയർക്കും ദൈവം വെളിപ്പെടുത്തും എന്ന തന്റെ പ്രസ്താവന മത്തായിയുടെ സുവിശേഷത്തിൽ ഉണ്ണിയേശുവിനെ ആരാധിക്കാൻ എത്തിയ ജ്ഞാനികളുടെ സംഭവവുമായി ബന്ധപ്പെടുത്തി ഒരിജൽ കൂടുതൽ വ്യക്തമാക്കുന്നു. കിഴക്കുനിന്ന് മിശിഹായെ ആരാധിക്കാൻ എത്തിയ ജ്ഞാനികൾ നക്ഷത്രത്തിന്റെ ഉദയം കണ്ടാണ് യാത്ര പുറപ്പെടുന്നത്. യാത്രയിലുടനീളം നക്ഷത്രം അവർക്ക് വഴികാട്ടിയുമായിരുന്നു. ഇതിനെപ്പറ്റി ഒരിജൻ പറയുന്നു: “തന്റെ സത്യത്തിലേക്കു മനുഷ്യരെ നയിക്കാൻ ദൈവം തനിക്ക് പരിചയമുള്ള ഏതിനേയും പ്രയോജനപ്പെടുത്തുന്നു. ദൈവം ജ്ഞാനികളെ അവരുടെ ദേശത്തുനിന്നും ക്രിസ്തുവിനെ ആരാധിക്കാൻ കൊണ്ടുവന്നത് ജ്യോതിഷം വഴിയാണ്. കാരണം അവർ ബാലാമിന്റെ പ്രവചനം (സംഖ്യ 24,17) മനസ്സിലാക്കിയിരുന്നു" (Origen, Commentary on the Gospel of Mathew : Fragment in Mt 27. text quoted in M. Fedou, Christianisme et Religions paiennes, p. 468).

വരാനിരിക്കുന്ന മിശിഹായെപ്പറ്റി പ്രവചിക്കുവാൻ ദൈവം വിജാതിയനെ, അതും ഒരു ശകുനം നോക്കുന്നവനെ ഉപകരണമാക്കിയത് വിചിത്രമായി തോന്നിയേക്കാം. ശകുനം നോക്കലും കൂടോത്രവും വിലക്കിയ ദൈവംതന്നെ (ലേവ്യർ 19,26) അവ ഉപയോഗിക്കുന്ന ഒരു വിജാതിയനെ തന്റെ സന്ദേശവാഹകനാക്കുകയോ എന്ന് നമ്മൾ ചോദിച്ചുപോകും. ഒരിജന്റെ അഭിപ്രായത്തിൽ ദൈവം ഒരിക്കലും തിന്മയെ കൂട്ടുപിടിക്കുകയോ, ന്യായീകരിക്കുകയോ അല്ല, മറിച്ച് വിജാതിയരുടെ മാർഗ്ഗത്തെ തന്റെ പദ്ധതികൾക്കുപകരണമാക്കുകയും, അതുവഴി തെറ്റായ മാർഗ്ഗങ്ങളിൽ നിന്നും അവരെ പിൻതിരിപ്പിക്കുകയുമാണ് ചെയ്യുന്നത്. വിജാതിയരുടെ ആചാരാനുഷ്ഠാനങ്ങളിലൂടെ അവരെ സമീപിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ഒരിജന്റെ ചിന്തകൾ സമകാലിക സമൂഹത്തിൽ ഇതരമതങ്ങളോട് തുറന്ന മനോഭാവം വളർത്തിയെടുക്കാൻ വളരെ സഹായകരമാണ്.

വി. അഗസ്റ്റിൻ : സഭാപിതാക്കന്മാരിൽ പണ്ഢിതനും പ്രസിദ്ധനുമായി അറിയപ്പെട്ട അഗസ്റ്റിനിലും (380-430) ബഹുതയോടുള്ള തുറന്ന മനോഭാവം കാണുന്നുണ്ട്. ഉദാഹരണമായി വചനത്തിന്റെ സാർവത്രികമായ പ്രവർത്തനത്തെപ്പറ്റിയുള്ള വിചിന്തനങ്ങൾ ഉത്പത്തിപുസ്തകത്തെക്കുറിച്ചുള്ള അഗസ്റ്റിന്റെ പഠനത്തിൽ അടങ്ങിയിട്ടുണ്ട്. ഉത്പത്തി 1,1 ൽ കാണുന്ന 'ആദിയിൽ' എന്ന പദത്തെ സമയത്തിന്റെ തുടക്കമായിട്ടല്ല മറിച്ച് എല്ലാറ്റിന്റെയും ആരംഭമായിട്ടാണ് അഗസ്റ്റിൻ വ്യാഖ്യാനിക്കുന്നത്. ദൈവത്തിന്റെ വചനമാണ് എല്ലാ വിജ്ഞാനത്തിന്റെയും ആരംഭവും അടിസ്ഥാനവുമെന്ന് അഗസ്റ്റിൻ വിശ്വസിച്ചു.

വി. അഗസ്റ്റിന്റെ കാഴ്ച്ചപ്പാടിൽ എല്ലാം പൂർണമായി ക്രിസ്തുവിൽ കേന്ദ്രീകൃതമാണ്. "യഥാർത്ഥ മതം' എന്ന ഗ്രന്ഥത്തിൽ അഗസ്റ്റിൻ പറയുന്നു: “ക്രിസ്തുമതമാണ് യഥാർത്ഥത്തിൽ രക്ഷ നല്കുന്നമതം. നമുക്ക് ഏറ്റവും അധികം ആശ്രയിക്കാനാവുന്നതും ഈ മതത്തിലാണ്. യഥാർത്ഥ മതം എന്ന ആശയം ക്രിസ്തുവിനു മുമ്പും നിലവിലുണ്ടായിരുന്നു. യഥാർത്ഥ മതചൈതന്യത്തിന്റെ ബഹിർസ്ഫുരണങ്ങൾ ക്രിസ്തുവിനു മുമ്പുള്ള മതങ്ങളിൽ പ്രകടമാകുന്നുണ്ട്. ക്രിസ്തുവിന്റെ വരവിനുമുമ്പ്, സത്യത്തിലും നീതിയിലും, വിശുദ്ധിയിലും ജീവിച്ചവർക്കാർക്കും ദൈവം തന്റെ രക്ഷ നിരസിച്ചിട്ടില്ല. പക്ഷേ, ക്രിസ്തുവിലാണ് രക്ഷയുടെ പൂർണ്ണത അടങ്ങിയിരിക്കുന്നത്. ജനങ്ങൾക്കെല്ലാം ദൈവത്തിന്റെ സത്യത്തിലേക്കു തിരിയുവാനുള്ള യഥാർത്ഥ സാധ്യത നൽകുന്നത് ക്രിസ്തുവാണ്.

അഗസ്റ്റിന്റെ ആത്മകഥയായ കൺഫെഷൻസ് (Confessions) ആസ്പദമാക്കി ചില നൂതന മതാന്തര സംഭാഷണ ചിന്തകൾ പുറത്തുവന്നിട്ടുണ്ട്. അതിൽ പ്രധാനമാണ് അഗസ്റ്റിനെ സംവാദത്തിന്റെ വ്യക്തിയായി ചിത്രീകരിക്കുന്ന രീതി. അഗസ്റ്റിന്റെ "കൺഫെഷൻസിലെ “ദൈവമേ നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു, നിന്നിൽ വിലയം പ്രാപിക്കുന്നതുവരെ ഞങ്ങൾ അസ്വസ്ഥരാണ്” എന്ന ആത്മഗതത്തിന്റെ ചുവടുപിടിച്ച് ദൈവ മനുഷ്യ സംവാദത്തിന്റെ വ്യക്തിയായി അഗസ്റ്റിനെ കാണുകയാണിവിടെ (ഇ. കണിയാംപറമ്പിൽ 'ക്രൈസ്തവ സഭാപിതാക്കന്മാരും ഇതര മതങ്ങളും" മതവും ചിന്തയും, ലക്കം 1, പുസ്തകം 86, 2005,പേജ് 14-16).

ദൈവവും ദൈവത്തിൽനിന്ന് വ്യതിരിക്തനായ മനുഷ്യനും പരസ്പരം സംവേദനത്തിന്റെ പാതയിലാണ്. ദൈവമനുഷ്യ സ്നേഹ സംവാദമായി ഇതിനെ കാണാനാകും. ബഹുത്വത്തെ ഭാവാത്മകമായി മനസ്സിലാക്കുന്നതിന് പരമപ്രധാനമായത് ഓരോന്നിനെയും അവയുടെ വ്യതിരിക്തതയിൽ (othernesss) മനസ്സിലാക്കുക എന്നതാണ്. വ്യതിരിക്തതയെ സംവാദത്തിന്റെയും സംവേദനത്തിന്റെയും അടിത്തറയായികാണുന്ന ഈ ചിന്തമതാന്തര സംഭാഷണത്തിന് ഏറെ സഹായകരമാണ്.

അഗസ്റ്റിന്റെ അഭിപ്രായത്തിൽ മതാന്തര സംഭാഷണം സ്വന്തം മതവിശ്വാസത്തിന്റെ ആഴങ്ങൾ തേടുവാനാണ് ഒരുവനെ നിർബന്ധിക്കുന്നത്. അഗസ്റ്റിന്റെ വാക്കുകളിൽത്തന്നെ ഇത് വ്യക്തമാക്കാം: “ക്രിസ്തീയവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളെ വിജാതീയർ തങ്ങളുടെ ജ്വരബാധിച്ച അസ്വസ്ഥതയിൽ ആക്രമിക്കുമ്പോൾ പ്രസ്തുത ക്രൈസ്തവ വിശ്വാസസത്യങ്ങൾ ശ്രദ്ധയോടെ പുനഃപരിശോധിക്കാൻ അവസരമുണ്ടാക്കുന്നു. ഇത് വിശ്വാസത്തെ കൂടുതൽ ആഴത്തിൽ അറിയുന്നതിനും ശത്രുക്കളുടെ ആക്രമണങ്ങൾക്കെതിരായി അവയെ ചെറുക്കുവാനും ഇടയാക്കുന്നു. അങ്ങനെ എതിരാളികളുടെ ആക്രമണം സ്വന്തം വിശ്വാസത്തെ പഠിക്കാനും പ്രഘോഷിക്കാനുമുള്ള വേദിയാക്കി മാറ്റുന്നു" (C.T. Mathews, "Pluralism, Otherness, and the Augustinian tradition, Modern Theology, 14(1998) pp 88-93).

ചുരുക്കത്തിൽ, അഗസ്റ്റിന്റെ കാഴ്ച്ചപ്പാടിൽ മതാന്തര സംവാദങ്ങൾ തികച്ചും പ്രയോജനകരമാണ്. സ്വന്തം മതത്തിന്റെ ആഴങ്ങളറിയുന്നതിനും ഇതരമതവിശ്വാസങ്ങളുടെ വ്യതിരിക്തത അംഗീകരിച്ച് അവയിലെ ദൈവനിവേശിതത്വം തിരിച്ചറിയുന്നതിനും ഇത് നമ്മെ സഹായിക്കുന്നു. അപരനിൽ ദൈവാംശം കണ്ടെത്താനുള്ള ഈ ശ്രമം അവരിൽ നിവസിക്കുന്ന ക്രിസ്തുവിലേക്കുള്ള പ്രയാണവുമാണ്.

മതബഹുത്വത്തോടുള്ള സഭാപിതാക്കന്മാരുടെ വിവിധങ്ങളായ ഭാഷ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ നാം കാണുന്നത് പിതാക്കന്മാരെല്ലാം ക്രിസ്തുവിൽ വെളിപ്പെട്ട രക്ഷയുടെ അന്യത ഉയർത്തിപ്പിടിച്ചാണ് ക്രിസ്തുമതത്തിന്റെ മേന്മയെക്കുറിച്ച് സംസാരിച്ചത് എന്നാണ്. ഇതരമതങ്ങളെ വിമർശിച്ചപ്പോഴും അവയെ ക്രിസ്തുവിന്റെ രക്ഷാകരവലയത്തിൽ നിന്ന് ഒഴിവാക്കാതിരിക്കുന്നതിന് സഭാപിതാക്കന്മാർ ശ്രമിച്ചിട്ടുണ്ട്. ഇത് മത വൈവിധ്യം ഉയർത്തുന്ന വെല്ലുവിളികളെ ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നതിന് നമുക്ക് മാതൃകയും പ്രേരണയുമാണ്.

സഭാപിതാക്കന്മാരും ബഹുത്വവും സഭാപിതാക്കന്മാരും യഹൂദമതവും വിജാതിയരോടുള്ള എതിർപ്പ് രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ വി. ഇരണേവൂസ്: വി. ക്ലെമൻ്റ്  ഒരിജൻ വി. അഗസ്റ്റിൻ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message