x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ സഭാസംബന്ധമായ പൊതുവിഷയങ്ങൾ

ചില വിചിന്തനവിഷയങ്ങൾ

Authored by : James kiliyananikkal On 10-Jun-2021

ക്രിസ്തീയത അതിൻറെ ആത്മീയ, മതാത്മക, ധാർമിക മാനങ്ങളിൽ പൂർണത അവകാശപ്പെടാൻ കഴിയുന്നവിധം സവിശേഷമാണ് എന്നു നാം കാണുകയുണ്ടായി. എന്നാൽ ഈ ലോകത്തിൽ ബലഹീനരായ മനുഷ്യരിലൂടെ ചരിത്രത്തിൽ മുന്നോട്ടുപോകുന്ന യാഥാർത്ഥ്യമെന്നനിലയിൽ അതിൻറെ പൂർണതയ്ക്ക് മങ്ങലേല്പിക്കുന്ന അപഭ്രംശങ്ങൾ സംഭവിക്കാനിടയുണ്ട്. ഏറ്റം ജാഗ്രതയോടെയായിരിക്കണം ഈ പൂർണതയുടെ മതത്തെ നാം അവതരിപ്പിക്കേണ്ടത് എന്നു സാരം. അല്ലാത്തപക്ഷം, അവതരണത്തിലെ അപൂർണതകളൊക്കെയും ക്രിസ്തീയതയുടെ അപൂർണതകളായി വ്യാഖ്യാനിക്കപ്പെടാൻ ഇടയായേക്കും. ക്രിസ്തീയതയെ അപൂർണതയുടെ പാതയായി ഇകഴ്ത്താൻ ഇടയാക്കുന്ന ചില വിഷയങ്ങളെ ഈ അധ്യായത്തിൽ വിചിന്തനം ചെയ്യാം. എല്ലാ മതങ്ങൾക്കും ഇവ പരിശോധനാ വിഷയങ്ങളാണ് എന്ന വസ്തുതയും സവിനയം സൂചിപ്പിച്ചുകൊള്ളുന്നു.ദൈവം സ്നേഹമല്ലാതായാൽ?ദൈവത്തെക്കുറിച്ച് നൽകാൻ കഴിയുന്ന ഏറ്റവും ശരിയായ നിർവ്വചനം, "ദൈവം സ്നേഹമാണ്" എന്നതുതന്നെയാണ്. ദൈവസ്നേഹം അതിൻറെ പൂർണതയിൽ കാരുണ്യമായും സ്വയം ദാനമായും മനുഷ്യൻ അനുഭവിക്കാൻ ദൈവം ക്രിസ്തു വഴി സാധ്യത നൽകി. ഈ സാധ്യതയാണ് ദൈവം ആരാണെന്നു ഗ്രഹിക്കാൻ മനുഷ്യന് അവസരമൊരുക്കിയത്. അതോടുകൂടി ഇതര ദൈവസങ്കല്പ്പങ്ങളൊക്കെയും അപൂർണങ്ങളായി സ്വയം വിധിക്കപ്പെടാൻ ഇടയായി. കാരണം സ്നേഹത്തിനു മാത്രമേ പൂർണത അവകാശപ്പെടാനാവുകയുള്ളു. കോപിക്കുന്നവനും, ശപിക്കുന്നവനും, ശിക്ഷിക്കുന്നവനും, പാപിയെ വെറുക്കുന്നവനും, ശത്രുസംഹാരകനും ഒക്കെയായി ദൈവത്തെ അവതരിപ്പിച്ചാൽ മനുഷ്യന് എങ്ങനെയാണ് ദൈവത്തിൻറെ സ്നേഹാനുഭവം ഉണ്ടാവുക? മനുഷ്യൻ എപ്പോഴൊക്കെ ദൈവത്തെ സ്നേഹമല്ലാതെ അവതരിപ്പിച്ചിട്ടുണ്ടോ അപ്പോഴൊക്കെ മനുഷ്യൻ സ്നേഹം കൈവെടിഞ്ഞിട്ടുമുണ്ട്. ഭയം ജനിപ്പിക്കുന്ന ദൈവത്തെയും ശത്രുക്കളെ ഉന്മൂലനാശം വരുത്തുന്ന ദൈവത്തെയും അവതരിപ്പിക്കുന്ന ഒരു മതത്തിലാണ് ഒരുവൻ വിശ്വസിക്കുന്നതെങ്കിൽ അവൻ അതേ പാത സ്വീകരിക്കാൻ പ്രേരിതനായിത്തീരുന്നു. വിദ്വേഷവും വെറുപ്പും വിതയ്ക്കുന്ന മതമൗലിക വാദത്തെക്കുറിച്ച് പഠിക്കുമ്പോൾ ആദ്യം പരിശോധിക്കേണ്ടത് പ്രസ്തുത മതത്തിൽ ദൈവം യഥാർത്ഥ സ്നേഹമായിട്ടാണോ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് എന്നാണ്. അല്ലാത്ത പക്ഷം സ്നേഹമെന്ന മാനദണ്ഡം വച്ച് ദൈവസങ്കൽപ്പത്തെ രൂപപ്പെടുത്തി മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

ദൈവം സ്നേഹമല്ലാതായാൽ ദൈവം ദൈവമല്ലാതാകും; തത്ഫലമായി മനുഷ്യൻ മനുഷ്യനല്ലാതാകും. മനുഷ്യൻ സ്നേഹത്തിൽ വളർന്ന് യഥാർത്ഥ മനുഷ്യനായി രൂപപ്പെടുന്നതിൻറെ അടിസ്ഥാന കാരണം ദൈവം സ്നേഹമായിരിക്കുന്നതിനാലാണ്. ദൈവം സ്നേഹമായിരിക്കുന്നു എന്നതുപോലെ പ്രധാനപ്പെട്ടതാണ് ദൈവത്തെ സ്നേഹമായി അവതരിപ്പിക്കുക എന്നത്. ദൈവത്തെ സ്നേഹമല്ലാതെ അവതരിപ്പിക്കുന്നവർ ദൈവത്തെ അവഹേളിക്കുക മാത്രമല്ല, സ്നേഹത്തിൽ ഉറപ്പിക്കപ്പെടേണ്ട മനുഷ്യനെ നശിപ്പിക്കുകകൂടി ചെയ്യുന്നു. ദൈവത്തെ സ്നേഹമായി അവതരിപ്പിക്കുക എന്ന വലിയ ദൗത്യം ഏറ്റം ഗൗരവമായി മതങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട് ഈ കാലഘട്ടത്തിൽ. ദൈവത്തിൻറെ പേരിൽ ഇതരമതസ്ഥരെ പീഡിപ്പിക്കുന്നതിൻറെയും വധിക്കുന്നതിൻറെയും കാരണം, സ്നേഹം തന്നെയായ ദൈവത്തെ കണ്ടെത്തായ്കയാണ്. സ്നേഹം തന്നെയായ ദൈവത്തെ കണ്ടെത്തുന്നതുവരെ മനുഷ്യൻ ദൈവത്തിൻറെ പേരിൽ മറ്റുള്ളവരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തുകൊണ്ടിരിക്കും. ആകയാൽ മതത്തിൻറെ പേരിലുള്ള മനുഷ്യക്കുരുതി അവസാനിപ്പിക്കാനുള്ള മാർഗ്ഗം മതങ്ങളെ ഇല്ലാതാക്കുകയല്ല, സ്നേഹം തന്നെയായ ദൈവത്തെ അനുഭവിക്കുവാൻ ഇടയാക്കുക എന്നതാണ്. സ്നേഹത്തിൽ സ്വയം ദാനമായി മാറിയ ദൈവത്തെയും, ദൈവത്തിൻറെ കാരുണ്യത്തെയും അനുഭവിച്ചറിയുമ്പോൾ ആ സ്നേഹം  മനുഷ്യനെ സ്നേഹമായിത്തീരാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ദൈവം സ്നേഹമാണെന്നും സ്നേഹപൂർണത സ്വയം ദാനത്തിലാണെന്നും പഠിപ്പിക്കാത്ത മതങ്ങൾക്ക് ശാശ്വതമായ നന്മയിലേക്ക് മാനവരാശിയെ നയിക്കുവാൻ കഴിയുകയില്ല. പരിപൂർണസ്നേഹം പ്രഘോഷിക്കാത്ത മതങ്ങൾ മാനവരാശിക്ക് പൂർണതയുടെ പാതയാകുന്നില്ല എന്നു സാരം. സ്നേഹം തന്നെയായ ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും സുനിശ്ചിതമായ മാർഗം നാം സഹോദരനെ സ്നേഹിക്കുക എന്നതാണ്. ഇവിടെയാണ് സുവിശേഷത്തിൽ ഉന്നയിക്കപ്പെട്ട ആ ചോദ്യം വീണ്ടും ഉയർന്നുവരുന്നത്: ആരാണ് എൻറെ അയൽക്കാരൻ? ആരാണ് എൻറെ സഹോദരൻ? ഉത്തരം സ്പഷ്ടമാണ്. നിൻറെ സഹായവും പരിചരണവും ആവശ്യമുള്ളവൻ ആരോ അവനെയാണ് നീ സഹോദരനായി കണ്ട് ശുശ്രൂഷിക്കേണ്ടത്. മതമോ, വർണമോ, രാഷ്ട്രീയ പാർട്ടിയോ, പൗരത്വമോ കൊണ്ട് വേർതിരിക്കപ്പെടാവുന്നതല്ല സാഹോദര്യം. അത് സകല മാനവരാശിയെയും ഉൾക്കൊള്ളുന്നതാണ്. അപ്രകാരം വിശ്വസാഹോദര്യം ഉൾക്കൊള്ളുന്ന സ്നേഹമാണ് സ്നേഹംതന്നെയായ ദൈവപ്രീതിക്കുള്ള മാർഗം. ഈ വസ്തുത അസന്നിഗ്ദ്ധമായി പഠിപ്പിക്കാനും അതു പ്രയോഗത്തിൽ വരുത്താനും കഴിയാത്ത മതങ്ങൾക്ക് അവയുടെ അനുയായികളെ പൂർണതയിലേയ്ക്ക് എത്തിക്കുക സാധ്യമല്ല. ചുരുക്കത്തിൽ, ദൈവം സ്നേഹമല്ലാതെ, സ്നേഹത്തിനു വിരുദ്ധമായതെന്തെങ്കിലുമായി അവതരിപ്പിക്കപ്പെട്ടാൽ അത് ആത്യന്തികമായി തകർക്കുന്നത് മാനവരാശിയെത്തന്നെയായിരിക്കും.

അനുഗ്രഹങ്ങളുടെ ദൈവവും സമൃദ്ധിയുടെ സുവിശേഷവും മാത്രം പ്രഘോഷിക്കപ്പെട്ടാൽ?സഹനങ്ങളെ മാറ്റിനിർത്താനും, ഭൗതികസുഖങ്ങളെ വെട്ടിപ്പിടിക്കാനും, ആസ്വദിക്കാനും മനുഷ്യന് സഹജമായ പ്രേരണയുണ്ട്. ദൈവം അനുഗ്രഹങ്ങളുടെ ദൈവമാണെന്നും തൻറെ ഭക്തരെ അവിടുന്നു പരിപാലിക്കുന്നുവെന്നും എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. ആരോഗ്യവും ആയുസ്സും നൽകുന്ന ദൈവം, സമ്പത്തും സമൃദ്ധിയും നൽകുന്ന ദൈവം, കച്ചവടങ്ങളും കൃഷിയിടങ്ങളും വളർത്തുമൃഗങ്ങളും ഫലം നൽകാൻ അനുഗ്രഹിക്കുന്ന ദൈവം, പരീക്ഷയിൽ ഉന്നത വിജയം നല്കുന്ന ദൈവം, ഉദ്ദിഷ്ടകാര്യങ്ങൾ സാധിച്ചു തരുന്ന ദൈവം, ഇങ്ങനെയൊക്കെ ദൈവത്തെക്കുറിച്ച് പരസ്യങ്ങൾ നൽകാൻ മതങ്ങൾ ഇക്കാലത്ത് ഏറെ ബദ്ധശ്രദ്ധരായിരിക്കുന്നു! ക്രിസ്തീയ ആത്മീയതയിലും ഈ പ്രവണത ഏറെ വർദ്ധിച്ചിരിക്കുന്നതായി കാണാൻ കഴിയും.ഇവിടെ വിശ്വാസിയുടെ ചോദ്യങ്ങൾ പ്രസക്തമാകുന്നു. സമ്പത്തും ഐശ്വര്യവും ലഭിക്കുന്നില്ലെങ്കിൽ പിന്നെയെന്തിന് ദൈവത്തെ തേടണം? ദാരിദ്ര്യവും കടബാധ്യതയും രോഗവും മാറുന്നില്ലെങ്കിൽ എന്തിനു പ്രാർത്ഥിക്കണം? വിജയവും ലാഭവും ലഭിക്കുന്നില്ലെങ്കിൽ എന്തിനു ദൈവത്തെ കൂട്ടുപിടിക്കണം?  എന്നാൽ സത്യമിതാണ്: ഭൗതികസമ്പത്തും നേട്ടങ്ങളും കൈവരിക്കുവാൻ വേണ്ടി ദൈവത്തെ പ്രീതിപ്പെടുത്തുവാനുള്ള മാർഗ്ഗമായി മതകർമ്മങ്ങളും മതാനുഷ്ഠാനങ്ങളും  ഗണിക്കപ്പെടുന്നിടത്ത് യഥാർത്ഥ ആദ്ധ്യാത്മികതയ്ക്ക് കോട്ടം സംഭവിക്കുന്നു. അത്തരം ശുശ്രൂഷകൾക്ക് ആളുകൾ തിങ്ങിക്കൂടുന്നതു കാണുമ്പോൾ ആത്മീയതയുടെ വളർച്ചയാണ് അതെന്ന് നാം തെറ്റിദ്ധരിക്കുന്നു. ആളുകളെ ആകർഷിക്കാൻ പറ്റിയ വഴികളാണ് അനുഗ്രഹങ്ങളുടെ ദൈവവും സമൃദ്ധിയുടെ സുവിശേഷവും എന്ന് പ്രഥമ ദൃഷ്ട്യാ തോന്നാം. എന്നാൽ യഥാർത്ഥ ക്രിസ്തീയതയെ അവതരിപ്പിക്കുന്നതിൽ ഇവ പരാജയപ്പെടുന്നു.

ആത്മീയ ശുശ്രൂഷകൾകൊണ്ട് ഭൗതികനേട്ടങ്ങൾക്ക് 'ദാസ്യവൃത്തി' ചെയ്യുന്നിടങ്ങളിലൊക്കെയും യഥാർത്ഥ ക്രിസ്തീയ വിശ്വാസവും ആത്മീയതയും തലമുറകളിലേക്കു പകരുന്നതിൽ പരാജയപ്പെടുകയല്ലേ ചെയ്യുന്നത്?ഭൗതികത ആസ്വദിക്കണമെന്ന് വർധിച്ചുവരുന്ന ആഗ്രഹത്തോട് "നോ" പറയുവാൻ ആത്മീയബലം പകരുകയാണ് മതങ്ങൾ ചെയ്യേണ്ടത്. കുരിശെടുത്ത് ക്രിസ്തുവിനെ അനുഗമിക്കാൻ കരുത്തു പകരേണ്ട ശുശ്രൂഷകൾ കുരിശിനെ ഒഴിവാക്കാനുള്ള പോംവഴികളായി മാറിയിട്ടുണ്ടോ എന്ന് ആത്മപരിശോധന ചെയ്യേണ്ടതുണ്ട്. "ദരിദ്രരെ നിങ്ങൾ അനുഗ്രഹീതർ" എന്നും "ദുഃഖിതരും  കരയുന്നവരും അനുഗൃഹീതർ" എന്നും വാഴ്ത്തിപ്പാടിയ ഗിരിപ്രഭാഷണത്തെ തമസ്ക്കരിക്കുകയാവും സമൃദ്ധിയുടെ സുവിശേഷപ്രഘോഷണത്തിലൂടെ ചെയ്യുന്നത്.ഭൗതികനന്മകൾ ദൈവാനുഗ്രഹത്തിൻറെ അടയാളങ്ങളും അവയുടെ അഭാവം ദൈവശിക്ഷയുടെ അടയാളവുമായി വ്യാഖ്യാനിക്കപ്പെടുന്ന സ്ഥിതി അപകടകരംതന്നെ. "സത്രത്തിൽ അവർക്കു സ്ഥലം കിട്ടാതിരുന്നതും" മറിയം ശിശുവിനെ പ്രസവിച്ച് "പുൽത്തൊട്ടിയിൽ കിടത്തിയതും" ദൈവാനുഗ്രഹത്തിൻറെ കുറവും, ദൈവകോപത്തിൻറെ അടയാളവുമായി നമുക്കു കരുതാനാവുമോ? നേരേമറിച്ച്, അത് ഒരു പുതിയ ദൈവിക വെളിപ്പെടുത്തലിൻറെ ഭാഗമായിട്ടല്ലേ കാണേണ്ടത്? ഭൗതികതയുടെ മാർഗ്ഗത്തിലൂടെ രക്ഷ സാധിക്കാമെന്ന പ്രലോഭനങ്ങളെ യേശു മരുഭൂമിയിൽ വെച്ചും കുരിശിലായിരിക്കുമ്പോഴും അഭിമുഖീകരിച്ചിരുന്നു. എന്നാൽ കുരിശുവഹിക്കലിൻറെ പാത യേശു സധൈര്യം പിൻചെന്നു. നാം കുരിശിനെ നീക്കിക്കളയാൻ ആത്മീയ ശുശ്രൂഷകളെ ഉപാധിയാക്കുമ്പോൾ ക്രിസ്തുവിൻറെ കുരിശിൻറെ സന്ദേശത്തെ തന്നെയല്ലേ അവഗണിക്കുന്നത്? പത്രോസിലൂടെ യേശുവിന് നേരിട്ടതും ഗദ്സേമനിയിൽവെച്ച് അവിടുന്ന് പ്രലോഭിപ്പിക്കപ്പെട്ടതും കുരിശിൻറെ പാത ഉപേക്ഷിച്ച് ഭൗതികതയുടെ വഴികൾ തേടാൻ തന്നെയായിരുന്നല്ലോ. 

സമൃദ്ധിയുടെ സുവിശേഷം പ്രചരിക്കുന്നിടത്ത് സഹനവും രോഗവും ഉണ്ടാകുമ്പോൾ ദൈവനീതിയെയും ദൈവസ്നേഹത്തെയും സംശയിക്കാൻ ഇടവരും. നിത്യജീവിതവും ആത്മീയസത്യങ്ങളും വിസ്മരിക്കപ്പെടുകയും ജീവിതം ഭൗതികമായി മാത്രം വ്യാഖ്യാനിക്കപ്പെടുകയും ചെയ്യാനുള്ള പ്രവണത ഉണ്ടാവുകയും ചെയ്യും. ചോദിക്കുന്നതെന്തും നൽകുന്നവൻ മാത്രമല്ല, നിഷേധിക്കുന്നവൻകൂടിയാണ് ദൈവം എന്ന തിരിച്ചറിവാണ് ആത്മീയത. ഉള്ളായ്മകളുടെ ദൈവം നമുക്കു മുമ്പിൽ ഇല്ലായ്മകളുടെ ദൈവമായി അവതരിച്ചവനാണ്. സർവ്വസമ്പന്നൻ പരമദരിദ്രനായി അവതരിച്ചു എന്നതാണല്ലോ സദ്വാർത്ത. ഈ സദ്വാർത്ത നമുക്ക് അംഗീകരിക്കാനാവാത്ത യാഥാർത്ഥ്യമായി മാറിയിരിക്കുന്നുവോ?ദൈവം ഭയം ജനിപ്പിച്ചാൽദൈവം സ്നേഹമാണ്. സ്നേഹത്തിൽ ഭയത്തിനിടമില്ല. സ്നേഹം തന്നെയായ ദൈവത്തെ മനുഷ്യൻ അനുഭവിക്കാൻ ദൈവം ആഗ്രഹിക്കുന്നത് സ്നേഹവും കാരുണ്യവുമായിട്ടാണ്. ഭയം ജനിപ്പിക്കുന്ന ദൈവസങ്കൽപങ്ങൾ ഏതെല്ലാം മതത്തിൽ നാം കാണുന്നുവോ അത് ദൈവത്തെയും മനുഷ്യനെയും വികലമാക്കുന്നു. ദൈവത്തിൻറെ പേരിൽ മതം അതിൻറെ അനുയായികളിൽ ഭയം ജനിപ്പിക്കുന്നുവെങ്കിൽ അത് ചൂഷണവും അന്ധവിശ്വാസവുമാണ്. ഭയത്തിൽ നിന്ന് ഒരിക്കലും യഥാർത്ഥ നന്മ ഉളവാകുന്നില്ല. ദൈവത്തിൻറെ ഭരണം സ്നേഹത്തിൻറെ ഭരണമാണ്, അത് ഭയപ്പെടുത്തി കാര്യങ്ങൾ നടത്തുക എന്നതല്ല. യഥാർത്ഥ മതം മനുഷ്യനെ എല്ലാവിധ ഭയങ്ങളിൽനിന്നും മോചിപ്പിക്കാൻ കഴിവുള്ളതാണ്. സ്നേഹത്തിനുമാത്രമേ ഭയത്തെ ദൂരെയകറ്റാൻ കഴിയുകയുള്ളു. സ്നേഹപൂർണത അവതരിപ്പിക്കുന്നതിലൂടെ ക്രിസ്തുമതം ഭയത്തെ ബഹിഷ്കരിക്കുകയാണ് ചെയ്യുന്നത്, ചെയ്യേണ്ടത്. മാനുഷിക കാര്യസാധ്യത്തിനുവേണ്ടി ദൈവത്തെ ഭയം ജനിപ്പിക്കുന്നവനായി അവതരിപ്പിച്ചാൽ അത് ദൈവനിഷേധത്തിനു തുല്യമായിരിക്കും. സ്നേഹത്തിനു വിരുദ്ധമായതൊന്നും ദൈവത്തിലില്ല എന്നതിനാൽ ഭയപ്പെടുത്തുന്ന ദൈവത്തെ അവതരിപ്പിക്കുന്ന മതങ്ങൾ ദൈവത്തിൻറെ മുഖം വിരൂപമാക്കുന്നു; മനുഷ്യനെ അടിമത്തത്തിൽ കഴിയാനിടവരുത്തുകയും ചെയ്യുന്നു.ആദിമ കെരിഗ്മയിൽ നിന്ന് വ്യതിചലിച്ചാൽ? എല്ലാ മതങ്ങൾക്കും അതിൻറെ ആരംഭഘട്ടത്തിൽ ഒരു അടിസ്ഥാന പ്രഘോഷണവിഷയമുണ്ടായിരിക്കും. ഇത് മതസ്ഥാപകനിൽനിന്നോ മതഗ്രന്ഥത്തിൽനിന്നോ ലഭിക്കുന്നതാണ്. എന്നാൽ ക്രമേണ ചരിത്രഗതിയിൽ ഇതിൽനിന്ന് വ്യതിചലിക്കാൻ ഇടവരിക സ്വാഭാവികമാണ്. ക്രിസ്തീയതയ്ക്കും ഈ അപകടസാധ്യതയുണ്ട്. ക്രിസ്തു എന്ന വ്യക്തിയും അവിടുന്നു നല്കിയ രക്ഷയും അവിടുത്തെ സ്നേഹപ്രമാണവുമാണ് ക്രിസ്തുമതത്തിൻറെ ആദിമ കെരിഗ്മ. ചരിത്രത്തിലൂടെ കടന്നുപോകവേ ക്രിസ്തുസഭയ്ക്ക് നേരിടേണ്ടിവന്ന വലിയ വെല്ലുവിളി വിശ്വാസ വിഷയങ്ങളെക്കുറിച്ചുള്ളതായിരുന്നു. ആയതിനാൽ വിശ്വാസവിഷയങ്ങളെ നിർവചിച്ചു നല്കുന്ന ശൈലി രൂപപ്പെട്ടു. അങ്ങനെ വിശ്വാസ നിർവചനങ്ങൾ പ്രഘോഷണ വിഷയമായി. തുടർന്നുവന്ന കാലഘട്ടങ്ങളിൽ സഭയ്ക്ക് ഊന്നൽ നൽകി. അങ്ങനെ സഭയും പ്രഘോഷണ വിഷയമായി. സഭയുടെ വളർച്ചയ്ക്കും ഉറപ്പിനുമായി മതബോധനം രൂപപ്പെടുത്തപ്പെട്ടപ്പോൾ ആചാരാനുഷ്ഠാനങ്ങൾക്കും മതാത്മകതയ്ക്കും പ്രാധാന്യം നല്കുകയുണ്ടായി. അതോടൊപ്പം ക്രോഡീകരിക്കപ്പെട്ട നിയമങ്ങളും സഭയുടെ  ചരിത്രവും ഭരണ സംവിധാനവും സഭാജീവിതത്തിൻറെ ഇതര ഘടകങ്ങളും പ്രഘോഷണത്തിൻറെയും പ്രബോധനത്തിൻറെയും മുഖ്യ പരിഗണനയ്ക്ക് വിഷയീഭവിച്ചു. പിന്നീട് വ്യക്തികളുടെ ദൈവാനുഭവവും പ്രസ്ഥാനങ്ങളും ശ്രദ്ധാകേന്ദ്രമായിമാറുന്ന പ്രവണതകളും രൂപപ്പെട്ടു. ഇങ്ങനെ  ആദിമ കെരിഗ്മയിൽ നിന്നുള്ള വ്യതിചലനം ക്രമേണ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് എല്ലാ മതങ്ങളിലും സംഭവിച്ചേക്കാവുന്ന മാറ്റം തന്നെയാണ്. ആദിമ കെരിഗ്മയോടുള്ള വിശ്വസ്ഥത എല്ലാ മതങ്ങളും പുലർത്തേണ്ടതുണ്ട്.ക്രൈസ്തവ സന്ന്യാസസമൂഹങ്ങളും അവയുടെ ആദിമ കാരിസത്തിൽ നിന്നും ആത്മീയ വീക്ഷണത്തിൽ നിന്നും മാറിപ്പോകാൻ ഇടയുണ്ട്. ഇത് പ്രത്യക്ഷത്തിൽ, താത്ക്കാലികമായി മതത്തെയും സഭാ സമൂഹത്തെയും ശക്തിപ്പെടുത്തുകയും ഉറപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതായിതോന്നാം. മതാത്മകതയുടെ വളർച്ച പ്രകടമാവുകയും ചെയ്യും. എന്നാൽ യഥാർത്ഥ ആത്മീയതയ്ക്കും മതമൂല്യങ്ങൾക്കും ഇത് മങ്ങലേല്പിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. ക്രിസ്തീയതയുടെ യഥാർത്ഥ വളർച്ചയും നവീകരണവും കൈവരിക്കണമെങ്കിൽ അത് ആദിമ പ്രഘോഷണവിഷയത്തിലേയ്ക്കുള്ള തിരിച്ചുപോകൽ നടത്തണം. ആദിമ കെരിഗ്മയാകട്ടെ ക്രിസ്തുസംഭവവും സ്നേഹപ്രമാണവുമാണ്. ആദിമ പ്രഘോഷണവിഷയവും ഇപ്പോഴത്തെ പ്രഘോഷണ വിഷയവും എപ്രകാരം വ്യത്യാസപ്പെട്ടു നില്ക്കുന്നു എന്ന് എല്ലാ മതങ്ങളും പരിശോധനാ വിഷയമാക്കേണ്ടതുണ്ട്.വ്യതിചലനങ്ങൾ സംഭവിച്ചേക്കാവുന്ന മറ്റു മേഖലകളുമുണ്ട്.

വിശുദ്ധ ബൈബിളിലൂടെയും വിശുദ്ധ പാരമ്പര്യത്തിലൂടെയും വെളിപ്പെടുത്തപ്പെട്ട സത്യങ്ങളോട് ഇതര മതങ്ങളുടെ ആത്മീയ ദർശനങ്ങളെ ചേർത്തുവയ്ക്കുന്ന പ്രവണത, സാംസ്കാരികാനുരൂപണത്തിൻറെ പേരിൽ ഇതര മതാചാരങ്ങളെ അന്ധമായി അനുകരിക്കൽ, പരിഷ്കാരത്തിനും ജനപ്രീതിക്കുമായി സഭയുടെ ധാർമികപ്രബോധനങ്ങളെ അവഗണിക്കൽ എന്നിവയെല്ലാം വ്യതിചലനത്തിൻറെ രൂപങ്ങളാണ്.അത്യാഢംബരപൂർണമായ പടുത്തുയർത്തലുകൾ ഉണ്ടായാൽ?മതത്തെ വളർത്താനും പരിപോഷിപ്പിക്കാനുമുള്ള ആഗ്രഹവും, കടമയും മതാനുയായികൾക്കും മതനേതാക്കന്മാർക്കും ഉണ്ടാവുക സ്വാഭാവികം തന്നെ. അത് നല്ലതും ആവശ്യവുമാണ്. എന്നാൽ മതത്തിൻറെ ബാഹ്യവളർച്ചയിൽ മാത്രം ഊന്നൽ നല്കുകയും അതാണ് മതത്തിൻറെ വളർച്ചയെന്ന് കരുതുകയും ചെയ്താൽ ആത്മീയത ക്ഷയിക്കാനിടയാകും. ആന്തരികതയുടെ ബലക്ഷയം ബാഹ്യമോടികളുടേയും ആഘോക്ഷങ്ങളുടെയും മറവിൽ ശ്രദ്ധിക്കപ്പെടാതെ കുറെ ഏറെ നാളുകളിലേക്ക് കടന്നുപോയി എന്നും വരാം. സമുദായം അതിൻറെ വിഭവശേഷിയുടെ സിംഹഭാഗവും ബാഹ്യമോടികൾക്കും, കെട്ടിപ്പടുത്തലുകൾക്കും, നിർമാണപ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുകയും കാരുണ്യപ്രവൃത്തികൾ നാമമാത്രമായിത്തീരുകയും ചെയ്യുമ്പോൾ മതത്തിൻറെ ആന്തരികത ക്ഷയിക്കുന്നു. സന്ന്യാസഭവനങ്ങളുടെയും ദേവാലയങ്ങളുടെയും നിർമിതി, കപ്പേളകളുടെയും കുരിശടികളുടെയും പടുത്തുയർത്തൽ, കൊന്തഗ്രാമങ്ങൾ, കുരിശിൻറെ വഴികൾ എന്നിവയുടെ സ്ഥാപനം, പിയാത്ത രൂപങ്ങളും കൊടിമരങ്ങളും കൽക്കുരിശുകളും നിർമിക്കൽ എന്നിവയിലെല്ലാം ആവശ്യമായ മിതത്വവും ലാളിത്യവും പാലിക്കപ്പെടേണ്ടതുണ്ട്. ഇവയും മതത്തിൻറെ ആഘോഷങ്ങളും വിശ്വാസവും മൂല്യങ്ങളും പ്രകടിപ്പിക്കുന്നതിലുപരി പ്രൗഡിയും പ്രതാപവും പ്രകടിപ്പിക്കാനുള്ള അവസരമായി മാറാനിടയുണ്ട്. അമിതമായ സ്ഥാപനവത്കരണത്തിനുള്ള പ്രേരണയും ഇതിനോടുചേർന്നുപോകുന്നു. ആത്മീയതയ്ക്കും ധാർമികതയ്ക്കും ഊന്നൽ നല്കാതെ മതജീവിതം ബാഹ്യമോടികളിൽ കുടുങ്ങിക്കിടക്കുന്നു എന്നതിൻറെ സൂചനകളാണോ ഇവ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാലക്രമേണ, ഇവയുടെയെല്ലാം നടത്തിപ്പിൻറെ വർദ്ധിച്ച ഭാരം മതത്തെ വീർപ്പുമുട്ടിച്ചുതുടങ്ങും. മതവിശ്വാസികൾ ഈ ഭാരം വഹിക്കാൻ സ്വാഭാവികമായും നിർബന്ധിതരാകും. ഇപ്രകാരം സന്തുലിതമല്ലാത്ത പടുത്തുയർത്തൽ പലവിധ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നു.

ഒന്നാമതായി, ഇവയൊക്കെയും പലപ്പോഴും സുവിശേഷ മൂല്യങ്ങൾക്ക് വിരുദ്ധമാണ് എന്നതാണ് വസ്തുത. ക്രിസ്തു പഠിപ്പിച്ചതും ജീവിച്ചുകാണിച്ചതുമായ മൂല്യങ്ങളായ ലാളിത്യം, ദാരിദ്ര്യം, പങ്കുവെയ്ക്കൽ എന്നിവയെ ലോകത്തിൽ അവതരിപ്പിക്കുകയാണ് സഭ ചെയ്യേണ്ടത്. ആധുനിക ലാസർമാരുടെ വേദനകൾക്കു മുമ്പിൽ പങ്കുവെയ്ക്കാൻ മനസ്സില്ലാതെ ആഢംബരത്തിൽ കഴിയുന്ന ധനവാന്മാരായി നാം മാറാൻ പാടില്ലല്ലോ. രണ്ടാമതായി, ഒരു മതേതര രാഷ്ട്രമെന്ന നിലയിൽ ഇവിടെ നമ്മോടൊപ്പം വസിക്കുന്ന ഇതരമതാനുയായികൾക്കിടയിൽ അസൂയയും മാൽസര്യവും ജനിപ്പിക്കാൻ ഇത് ഇടയാക്കും. ഓരോ മതസ്ഥരും മറ്റുള്ളവർ തങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ മതാചാരങ്ങൾകൊണ്ടും മതസ്ഥാപനങ്ങൾകൊണ്ടും മറ്റുള്ളവരെ പ്രകോപിപ്പിക്കാൻ ഒരിക്കലും പാടുള്ളതല്ലല്ലോ. മൂന്നാമതായി, സംവിധാനങ്ങളുടെ നടത്തിപ്പിൻറെ പേരിൽ സ്വന്തം മതാനുയായികളെ നൈയ്യാമികമായി മാത്രം കാണാൻ ഇടയാകുകയും കാരുണ്യത്തിൻറെയും സ്നേഹത്തിൻറെയും നിയമം ലംഘിക്കപ്പെടുകയും ചെയ്യും. ഭരണകർത്താക്കളും ഭരണീയരും എന്ന നിലയിൽ നേതൃത്വവും ജനവും വീക്ഷിക്കപ്പെടാൻ സാധ്യതയേറും. നാലാമതായി, സമൂഹത്തിലെ പാവപ്പട്ടവരെ അവഗണിക്കാനിടയാവുകയും, പാർശ്വവൽക്കരിക്കപ്പെട്ടവർ കൂടുതൽ കൂടുതൽ അകറ്റപ്പെടുകയും ചെയ്യും. മതം സാമ്പത്തിക സുസ്ഥിതിയും കാര്യപ്രാപ്തിയും ഉള്ളവരുടേതാണ് എന്ന ചിന്ത സാധാരണക്കാരിൽ ഉരുത്തിരിയും. അഞ്ചാമതായി, ഇത്തരം സംവിധാനങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന് മതം രാഷ്ട്രീയാധികാരത്തോടും സാമ്പത്തിക ശക്തികളോടും ബന്ധം ചേരാൻ നിർബന്ധിതമാവുകയും അതിനായി ധാർമ്മികതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരികയും ചെയ്യും. ആത്മീയതക്കും ധാർമ്മികതയ്ക്കും ഇതോടെ ഉലച്ചിൽ സംഭവിക്കുന്നു. സംവിധാനങ്ങളുടെ ഭാരം ചുമക്കേണ്ടിവരിക എന്ന ദുര്യോഗം സാധാരണ ജനത്തിൻറെമേൽ വന്നുഭവിക്കുന്നു എന്ന അപകടവും സംഭവിക്കുന്നു. ആറാമതായി, നേതൃത്വം തങ്ങളുടെ ആത്മീയ ശുശ്രൂഷ ക്രമേണ ഉപേക്ഷിച്ച് ഭൗതികമായ നിർമ്മാണപ്രവർത്തനങ്ങളിൽ കൂടുതലായി ശ്രദ്ധ പതിപ്പിക്കുന്നതോടെ അജപാലനപ്രവർത്തനങ്ങൾ കുറയുകയും അജപാലകരുടെ ആത്മീയത ശുഷ്കമാവുകയും ചെയ്യും. ജനങ്ങൾക്കു ലഭിക്കേണ്ട ആത്മീയ ശുശ്രൂഷകൾ ലഭിക്കാതിരിക്കുകയുംചെയ്യും. ചർച്ചകളുടെയും വിലയിരുത്തലുകളുടെയും പ്രഥമ പരിഗണന സ്ഥാപനങ്ങളുടെ നടത്തിപ്പായി മാറുകയും പാവങ്ങളോടുള്ള കരുണ അവഗണിക്കപ്പെടുകയും ചെയ്യും. ഇതിൻറെ ഫലമായി, കാരുണ്യത്തിൻറെയും സ്നേഹത്തിൻറെയും എന്നതിനെക്കാൾ ബിസിനസ്സ് സംരംഭങ്ങളുടെയോ സാമൂഹ്യസംഘടനകളുടെയോ ശൈലി മതം സ്വീകരിക്കാൻ ഇടയാകും. മതം തന്നെ ഒട്ടനവധി ബിസിനസ്സ് സംരംഭങ്ങളിലേക്ക് താത്പര്യം കാണിച്ചു തുടങ്ങും. ആത്മീയതയും അജപാലനവും പോലും ബിസിനസ്സ് നയങ്ങളാൽ വിലയിരുത്തപ്പെടാനും ഇടവരും. ആത്മീയ മത സംഘടനയുടെയോ പ്രസ്ഥാനത്തിൻറെയോ പ്രവർത്തന വിജയം സാമ്പത്തിക ലാഭ നഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ വീക്ഷിക്കപ്പെടുകയും അവയുടെ പ്രവർത്തനങ്ങൾ പേപ്പർ വർക്കുകളുടെയും പരസ്യങ്ങളുടെയും മാത്രം കാര്യമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നതിലേയ്ക്ക് അധഃപതിക്കും. മതത്തിന് മനുഷ്യൻറെ അനുദിന പ്രശ്നങ്ങളുമായി ബന്ധമില്ലാതായിത്തീരുകയും മതം ഒരു ആഡംബരത്തിൻറെ വിഷയമാവുകയും ചെയ്യും.

ക്രിസ്തീയത വൈരുദ്ധ്യങ്ങൾ കൈവെടിഞ്ഞാൽ?

ക്രിസ്തീയത ഒട്ടനവധി വൈരുദ്ധ്യങ്ങൾ ഉൾക്കൊള്ളുന്ന മതമാണ്. അതിൽ ഏറ്റം പ്രകടമായത്, അപരിമേയനായ ദൈവം മനുഷ്യനായി അവതരിച്ചു എന്നതുതന്നെയാണ്; സ്രഷ്ടാവ് സൃഷ്ടിയായി മാറി എന്ന വൈരുദ്ധ്യം. അതുമാത്രമല്ല, ഒരേ സമയം ക്രിസ്തു ദൈവവും മനുഷ്യനുമാണ് എന്നത് ഈ വൈരുദ്ധ്യത്തെ ദ്വിഗുണീഭവിപ്പിക്കുന്നു. വൈരുദ്ധ്യങ്ങളെ ക്രിസ്തു തൻറെ അസ്തിത്വത്തിൽ സമന്വയിപ്പിച്ചു. സർവ്വസമ്പന്നൻ പരമദരിദ്രനായി കാലിത്തൊഴുത്തിൽ പിറന്നു എന്നതും വൈരുദ്ധ്യത്തിൻറെ മറ്റൊരു ഭാവമാണ്. ക്രിസ്തുവിൻറെ പ്രബോധനത്തിലും വൈരുദ്ധ്യങ്ങൾ ഏറെയുണ്ട്. സമ്പത്ത് ഭൗതികജീവിതത്തിന് ആവശ്യമാണെന്നിരിക്കെ ദരിദ്രർ അനുഗ്രഹീതരാണെന്ന പ്രഖ്യാപനം! ദുഖവും സഹനവും പീഡനങ്ങളും മാറ്റിക്കളയാൻ തത്രപ്പെടുന്ന മനുഷ്യജീവിതത്തിൽ രക്ഷകനായി വന്നവൻ അരുളിച്ചെയ്തു, ദുഖിതരും പീഡിതരും കരയുന്നവരും അനുഗ്രഹീതരാണെന്ന്! ലോകത്തിൻറെ ബുദ്ധി നമുക്ക് ഉപദേശിച്ചുതരുന്നു, ക്ഷമയും ദാനധർമ്മവും കാരുണ്യവും സ്വയം ത്യജിക്കലുമെല്ലാം നഷ്ടങ്ങളും ഭോഷത്തേവുമാണെന്ന്. അപ്പോഴിതാ ക്രിസ്തു ഉപദേശിക്കുന്നു അവയെല്ലാമായിരിക്കണം ക്രിസ്തുശിഷ്യൻറെ ജീവിതശൈലിയെന്ന്!ഇനിയുമുണ്ട് വൈരുദ്ധ്യങ്ങൾ ഏറെ. കുരിശിലെ സഹനത്തെ കണ്ടുകൊണ്ട് സ്നേഹം അനുഭവിക്കാനുള്ള ക്ഷണം നൽകുന്ന മതമാണ് ക്രിസ്തുമതം! തൻറെ മുറിവിലേക്കു നോക്കി സൗഖ്യം പ്രാപിക്കാൻ മനുഷ്യനെ ക്ഷണിക്കുന്ന കാൽവരിയിലെ ദൈവം! കുരിശിൽ മരിച്ചവനെ നോക്കിക്കൊണ്ട് നിത്യജീവൻ നൽകുന്നവനാണവനെന്നു വിശ്വസിക്കാനുള്ള ക്ഷണം! ദാഹിച്ചുകേഴുന്നവനെ കണ്ടുകൊണ്ട് ജീവജലത്തിൻറെ അരുവി ഒഴുക്കുന്നവനാണെന്നു വിശ്വസിക്കുക! ദൈവം 'ഉപേക്ഷിച്ചവനെ' കണ്ടുകൊണ്ട് ദൈവത്തിൻറെ ഏകപുത്രനാണെന്നു വിശ്വസിക്കുക! ഇവയെല്ലാം ക്രിസ്തുമതം അവതരിപ്പിക്കുന്ന വൈരുദ്ധ്യങ്ങൾ തന്നെയാണ്. വൈരുദ്ധ്യങ്ങളുടെ എണ്ണം തുടരുന്നു: ഉത്ഥിതനായി മഹത്വപൂർണ്ണനായവൻ തൻറെ ശരീരത്തിൽ മുറിപ്പാടുകൾ പേറുന്നു! അതും അവിടുത്തെ തിരിച്ചറിയാനുള്ള അടയാളങ്ങൾ എന്നവിധം! ഒരു ഗോതമ്പപ്പത്തിൽ മറഞ്ഞിരിക്കുന്ന ദൈവം! എന്താണ് ഇതിൻറെയെല്ലാം സൂചന? ഇവയെല്ലാം മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവും വൈരുദ്ധ്യങ്ങൾ ഉൾക്കൊള്ളുന്നതുമാണ് എന്നതിനാൽ അവയെ മാറ്റി നിർത്തുകയാണോ ബുദ്ധിപൂർവ്വകമായിട്ടുള്ളത്? അതോ അവയൊക്കെ അവതരിപ്പിക്കുന്ന സത്യമെന്തെന്ന് പഠിക്കാൻ ശ്രമിക്കുന്നതോ? ഒരു കാര്യം വ്യക്തമാകുന്നു: മനുഷ്യബുദ്ധി രൂപം കൊടുത്തതല്ല ഈ മതം. ഇത് ദൈവത്തിൻറെ സ്വയം വെളിപ്പെടുത്തലിൻറേതാണ്. ഈ സത്യം വിളിച്ചറിയിക്കുകയാണ് ഈ വൈരുദ്ധ്യങ്ങൾ ചെയ്യുന്നത്. ലോകത്തിൻറെ ചിന്താഗതികൾക്കും മനുഷ്യബുദ്ധിക്കും ഗ്രഹിക്കാൻ കഴിയാത്ത കാര്യങ്ങൾ അഗ്രാഹ്യമായിരിക്കുന്നു എന്ന കാരണത്താൽ തിരസ്ക്കരിക്കുന്നത് ബുദ്ധിശൂന്യതയല്ലേ? അവയെ ദൈവികജ്ഞാനത്തിൽ ഗ്രഹിക്കാൻ ശ്രമിക്കുന്നതല്ലേ ബുദ്ധിപരമായിട്ടുള്ളത്? ക്രിസ്തീയതയിലെ വൈരുദ്ധ്യങ്ങളൊക്കെയും അതിൻറെ ദൈവികതയുടെ അടയാളങ്ങളായി ഗ്രഹിക്കാൻ ദൈവികജ്ഞാനം നമ്മെ ക്ഷണിക്കുകയാണ്. ഈ ദൈവികജ്ഞാനം പ്രാപിക്കാനായി സ്വാഭാവിക മനുഷ്യബുദ്ധിക്കപ്പുറത്തേക്കു നാം ചുവടുവയ്ക്കണം. അതാണ് വിശ്വാസം നമുക്കു പകർന്നു നൽകുന്ന ജ്ഞാനത്തിലേക്കുള്ള പ്രവേശനം. ക്രിസ്തീയത നമ്മെ ക്ഷണിക്കുന്നതും അവിടേയ്ക്കു തന്നെ. അപ്പോൾ വിശ്വാസത്തിൻറെ മേഖലയിൽ വൈരുദ്ധ്യങ്ങൾ ഇല്ലാതാകും. വൈരുദ്ധ്യങ്ങളെന്നുതോന്നുന്ന ഘടകങ്ങളെ വേർതിരിച്ചു നിർത്തുന്നതാണ് സ്വാഭാവിക ബുദ്ധിയെങ്കിൽ വൈരുദ്ധ്യങ്ങളെ ചേർത്തുനിർത്തി സമന്വയിപ്പിക്കുന്നതാണ് ദൈവികജ്ഞാനം. വൈരുദ്ധ്യങ്ങളെ ചേർത്തുനിർത്തുക എന്നതിലുപരി, ഒന്നു മറ്റൊന്നിൻറെ പ്രകടനഭാവവും പോഷകഘടകവുമായിത്തീരുന്നു എന്ന അവസ്ഥ ദൈവത്തിനു മാത്രം സംഭവിപ്പിക്കാൻ കഴിയുന്നതാണ്. അങ്ങനെ മനുഷ്യത്വത്തിൽ ദൈവത്വത്തെ ഒളിപ്പിച്ചുവച്ചു, ദാരിദ്ര്യത്തിൽ സമ്പന്നതയെ മറച്ചുവച്ചു, മുറിവിൽ സൗഖ്യത്തെ നിക്ഷേപിച്ചു, കുരിശിൽ രക്ഷയെ ചേർത്തുവച്ചു, മരണത്തിൽ ജീവനെ യോജിപ്പിച്ചു! അങ്ങനെ ദാരിദ്ര്യവും മുറിവും കുരിശും മരണവും അനുഗ്രഹത്തിൻറെ അടയാളങ്ങളായി. ഈവിധം ദൈവത്തിൻറെ ഭോഷത്തം മനുഷ്യൻറെ ജ്ഞാനത്തെക്കാൾ മഹനീയമാണെന്ന് പ്രഖ്യാപിക്കുന്ന മതമാണ് ക്രിസ്തുമതം. ക്രിസ്തുമതത്തിൻറെ അസ്തിത്വം ഈ ഭോഷത്തത്തിൽ അടിയുറപ്പിക്കപ്പെട്ടതാണ്. അത് വൈരുദ്ധ്യങ്ങളുടെ മതമാണ്. ആ വൈരുദ്ധ്യങ്ങൾ അതിൻറെ ദൈവികതയുടെ അടയാളമാണ്. വൈരുദ്ധ്യങ്ങളെന്ന് മനുഷ്യബുദ്ധിക്ക് തോന്നുന്നവയെ സമന്വയിപ്പിക്കാൻ ദൈവത്തിന് കഴിയും. സമന്വയിപ്പിക്കാൻ മാത്രമല്ല, ഒന്ന് മറ്റൊന്നിൻറെ പ്രകടനഭാവമായി അവതരിപ്പിക്കാനും അവ പരസ്പര പൂരകങ്ങളായി വർത്തിക്കുന്നുവെന്ന് വെളിപ്പെടുത്തി തരാനും ദൈവത്തിനു കഴിയും. ഉദാഹരണമായി, സഹനവും സ്നേഹവും വൈരുദ്ധ്യങ്ങളായി പ്രത്യക്ഷത്തിൽ നമുക്കു തോന്നാം. ദൈവം സ്നേഹമാണെങ്കിൽ പിന്നെ ലോകത്തിൽ ഇത്രമാത്രം സഹനങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ട്? സ്നേഹവും സഹനവും തമ്മിലുള്ള വൈരുദ്ധ്യം ഇല്ലാതാകുന്നത് ക്രിസ്തുവിൽ മാത്രമാണ്.

ഏറ്റം വലിയ സ്നേഹപ്രകടനം ഏതായിരുന്നു എന്നും ഏറ്റം വലിയ സഹനം ഏതായിരുന്നു എന്നും ചോദിച്ചാൽ നമുക്കു ലഭിക്കുന്ന ഉത്തരം ഒന്നുതന്നെ - ക്രിസ്തുവിൻറെ കുരിശുമരണം. ഈ രണ്ടു ചോദ്യങ്ങളും വ്യത്യസ്തങ്ങളാണ്, എന്നാൽ വൈരുദ്ധ്യങ്ങളല്ല എന്നതിനാലാണ് രണ്ടു ചോദ്യങ്ങൾക്കും ഒരേ ഉത്തരം ലഭിച്ചത്. ചോദ്യങ്ങൾ വൈരുദ്ധ്യങ്ങളായിരുന്നുവെങ്കിൽ ഉത്തരങ്ങൾ വ്യത്യസ്തങ്ങളാകുമായിരുന്നു. സ്നേഹപൂർണതയും സഹനപൂർണതയും അതിൻറെ പാരമ്യത്തിൽ പരസ്പരം വിരുദ്ധങ്ങളല്ല, പരസ്പരം പ്രകടിതഭാവങ്ങളായി നിലകൊള്ളുന്നു എന്ന് കുരിശിലെ സ്നേഹവും കുരിശിലെ സഹനവും നമുക്കു വ്യക്തമാക്കിത്തരുന്നു. ഏവയെല്ലാം അവയുടെ പാരമ്യത്തിൽ വൈരുദ്ധ്യങ്ങളല്ലയോ അവയൊക്കെയും അവയുടെ ഭാഗിക അംശങ്ങളിലും വൈരുദ്ധ്യമായിരിക്കുകയില്ല എന്നുറപ്പാണല്ലോ. സഹനപൂർണത സ്നേഹപൂർണതയെ അവതരിപ്പിക്കുന്നു; സ്നേഹപൂർണത സഹനപൂർണതയിലൂടെ സ്വയം പ്രകടിതമായിരിക്കുന്നു. വൈരുദ്ധ്യങ്ങൾ ദൈവികജ്ഞാനത്താൽ ഗ്രഹിക്കുമ്പോൾ വൈരുദ്ധ്യമല്ലാതാകുകയും ഉപരിജ്ഞാനത്തിൻറെ പ്രകടനമായി വെളിപ്പെടുകയും ചെയ്യുന്നു.നാം മുൻപേ പരാമർശിച്ചതുപോലെ മറ്റനവധി വൈരുദ്ധ്യങ്ങളെ അവതരിപ്പിക്കുന്ന മതമാണ് ക്രിസ്തുമതം. സർവ്വസമ്പന്നനായവനെ പരമ ദാരിദ്ര്യത്തിൽ അവതരിപ്പിക്കുന്നു. ഇതെങ്ങനെ മനസ്സിലാക്കാൻ കഴിയും? യഥാർത്ഥ സമ്പന്നത ലോകത്തിൻറെ സമ്പന്നതകൊണ്ട് പ്രകടമാക്കേണ്ടതല്ലയെന്നും, ലോകത്തിൻറെ സമ്പന്നതയെ ആശ്രയിച്ചല്ല ദൈവിക സമ്പന്നത നിലകൊള്ളുന്നതെന്നും 'കാലിത്തൊഴുത്തിലെ ദൈവം' നമ്മെ പഠിപ്പിക്കുന്നു. സമ്പന്നതയുടെ മാനദണ്ഡം ഭൗതിക വിഭവങ്ങളുടെ സമാഹരണമല്ല എന്ന് തെളിയിക്കപ്പെട്ടു - കാലിത്തൊഴുത്തിലെ ദിവ്യശിശുവിൽ.അതുപോലെതന്നെ, കാൽവരിക്കുരിശിലെ നിസ്സഹായതയിൽ സർവ്വശക്തനെ അവതരിപ്പിക്കുകയാണ് ക്രിസ്തു. ലോകത്തിൻറെ മാനദണ്ഡങ്ങളല്ല യഥാർത്ഥ ശക്തി വെളിപ്പെടുത്തുന്ന ദൈവത്തിൻറെ മാനദണ്ഡങ്ങൾ എന്ന് കുരിശിലെ യേശു തെളിയിക്കുന്നു. അങ്ങനെ സഹനവും ക്ഷമയും സ്നേഹവും ദൈവികശക്തിയുടെ പ്രകടനഭാവങ്ങളായി കാൽവരി അവതരിപ്പിക്കുന്നു.

ലോകത്തിൻറെ വിജയത്തിൻറെയും, ശക്തിയുടെയും മാനദണ്ഡങ്ങളെ മാറ്റി ദൈവത്തിൻറെ മാനദണ്ഡങ്ങളെ അവതരിപ്പിക്കുന്നിടമായി മാറി കാൽവരി.ഇനിയുമുണ്ട് വൈരുദ്ധ്യങ്ങൾ. യേശുവിൻറെ മുറിവുകളിൽ മാനവരാശിയുടെ മുറിവുകൾക്ക് സൗഖ്യവും രക്ഷയും നിക്ഷേപിച്ചുവച്ച ദൈവത്തിൻറെ ജ്ഞാനം മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമാണ്. സർപ്പദംശനത്തിൽ നിന്നു രക്ഷ നേടാൻ പിത്തള സർപ്പത്തെത്തന്നെ - ഒരു കീരിയെയല്ല എന്നോർക്കുക - ഉണ്ടാക്കി  അതിൽ നോക്കാൻ കല്പിച്ച ദൈവം തൻറെ പുത്രൻറെ മുറിവിൽ മാനവരാശിയുടെ മുറിവിൻറെ സൗഖ്യം പ്രകടമാക്കിയിരിക്കുന്നു.മനുഷ്യബുദ്ധിക്ക് എന്നും ദൈവികപദ്ധതികൾ ആശ്ചര്യകരം തന്നെ. ദൈവത്തിൻറെ നീതിയും കരുണയും തമ്മിലും ഒരു വൈരുദ്ധ്യമുള്ളതായി മനുഷ്യനു തോന്നുന്നു. എങ്ങനെയാണ് ദൈവത്തിന് ഒരേസമയം നീതിമാനും കാരുണ്യവാനുമായിരിക്കാൻ കഴിയുക? കാരുണ്യം നീതിയെ ഉല്ലംഖിക്കുകയും ഇല്ലാതാക്കുകയും ചെയ്യുകയില്ലേ? നീതി കാരുണ്യത്തെ പരിമിതപ്പെടുത്തുകയും നിഷേധിക്കുകയും ചെയ്യുകയില്ലേ? ഒരുകാര്യം സത്യമാണ്: നീതിയും കാരുണ്യവും അവയുടെ പൂർണതയിൽ ദൈവത്തിൽ സമന്വയിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിൻറെ അനന്തജ്ഞാനം ഇവ രണ്ടിനെയും അവയുടെ പാരമ്യത്തിൽ പരസ്പര പൂരകങ്ങളാക്കി മാറ്റിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് ദൈവം ഒരേ സമയം നീതിമാനും കാരുണ്യവാനുമായിരിക്കുന്നത്. നീതിയും കാരുണ്യവും പുണ്യങ്ങളാണ്. ഒരു പുണ്യം മറ്റൊരു പുണ്യത്തെ കുറയ്ക്കുകയോ നിഷേധിക്കുകയോ  ചെയ്യുന്നുവെങ്കിൽ അത് പുണ്യമായിരിക്കുകയില്ല. അവയ്ക്ക് ഒരുമിച്ചായിരിക്കാൻ കഴിയുന്നതിനാലാണ് അവ പുണ്യങ്ങളായിരിക്കുന്നത്. ആകയാൽ ദൈവത്തിൽ കാരുണ്യവും നീതിയും അതിൻറെ പൂർണതയിൽ കുടികൊള്ളുക എന്നത് യുക്തമാണ്.  ചുരുക്കത്തിൽ, വൈരുദ്ധ്യങ്ങൾ ഒരു മതത്തെ അസാധുവാക്കുകയല്ല ചെയ്യുന്നത്. മനുഷ്യബുദ്ധി രൂപം കൊടുത്തതല്ല പ്രസ്തുത മതത്തെ എന്ന സത്യം വിളിച്ചോതുകയാണ് വൈരുദ്ധ്യങ്ങൾ ചെയ്യുന്നത്. ആകയാൽ വൈരുദ്ധ്യങ്ങൾ ദൈവികതയുടെയും ദൈവികജ്ഞാനത്തിൻറെയും തെളിവുകളായി ഗണിക്കപ്പെടേണ്ടതാണ്. അവയെ ഇല്ലാതാക്കിയാൽ മതം കേവലം 'മാനുഷിക ബുദ്ധിക്ക്' നിരക്കുന്നതും ദൈവികജ്ഞാനം കുറവുള്ളതുമായി ഭവിക്കും. ദൈവിക ജ്ഞാനത്താൽ മാത്രമേ ക്രിസ്തീയതയിൽ ദൈവം ഒരുക്കിയിരിക്കുന്ന വൈരുദ്ധ്യങ്ങളെ ഗ്രഹിക്കാൻ നമുക്കു കഴിയുകയുള്ളു. ഇംഗീഷ് ചിന്തകനായ ജെറമി ടെയ്ലറിൻറെ വാക്കുകളിൽ, "രഹസ്യമില്ലാത്ത മതം നിർബ്ബന്ധമായും ദൈവമില്ലാത്ത മതമായിരിക്കും". അതുകൊണ്ടുതന്നെ ക്രിസ്തീയതയുടെ പ്രവർത്തനവിജയം വിലയിരുത്തപ്പെടേണ്ടത് സാമൂഹ്യ, രാഷ്ട്രീയ സംഘടനകളുടെയോ, ബിസിനസ് സംരംഭങ്ങളുടെയോ, പ്രവർത്തനങ്ങളെ വിലയിരുത്തുന്ന മാനദണ്ഡങ്ങൾ വച്ചുകൊണ്ടായിരിക്കരുത് എന്നു സ്പഷ്ടം. അംഗങ്ങളുടെ സംഖ്യാബലം, ജനപ്രീതി, സാമ്പത്തികലാഭം, രാഷ്ട്രീയസ്വാധീനം, പേരുംപെരുമയും, സംഘടിതശക്തി ഇവയൊക്കെ ലോകത്തിലെ സാധാരണ സംഘടനകളുടെ വിജയം അളക്കാനുള്ള മാനദണ്ഡങ്ങളാണ്. ക്രിസ്തീയതയുടെ വിജയത്തിൻറെ അളവുകോൽ ഇവയായിരിക്കരുത്. അത്തരം മാനദണ്ഡങ്ങൾക്കൊണ്ട് കാലിത്തൊഴുത്തിലെ ശിശുവിനെയും കാൽവരിയിലെ കുരിശുമരണത്തെയും അളന്നാൽ എന്തായിരിക്കും ഫലം? ക്ഷമയും കാരുണ്യവും സ്നേഹവും ശുശ്രൂഷയും ജീവിതശൈലിയായ ക്രിസ്തീയതയെ അളക്കാനുള്ള മാനദണ്ഡം ഭൗമികമായവയായിരിക്കരുത്, സ്വർഗ്ഗീയമായവയായിരിക്കണം. ഗിരിപ്രഭാഷണവും ക്രിസ്തുവിൻറെ ജീവിതമാതൃകയുമായിരിക്കണം, അഥവാ സ്നേഹമതൊന്നു മാത്രമായിരിക്കണം. 


സ്നേഹപ്രമാണവും ക്രിസ്തീയതയുടെ ഭാവിയും?

നാം മുൻപ് പരാമർശിച്ച വിഷയമാണ് സ്നേഹപ്രമാണവും ക്രിസ്തീയതയുടെ നിലനില്പും തമ്മിലുള്ള വൈരുദ്ധ്യം. സ്നേഹപ്രമാണം ഏക നിയമമായി നല്കപ്പെട്ടിരിക്കെ ഈ ലോകത്ത് ക്രിസ്തീയതയ്ക്ക് എങ്ങനെ നിലനില്ക്കാൻ കഴിയും? സ്നേഹം പൂർണമാകുന്നത് സ്വയം ദാനത്തിലാണ്. അതിൻറെ പ്രകടന ശൈലിയാകട്ടെ ക്ഷമയും, ശുശ്രൂഷയും, കാരുണ്യവുമാണ്. അങ്ങനെയെങ്കിൽ ക്രിസ്തീയത അതിൻറെ അടിസ്ഥാന പ്രമാണത്തിലൂടെ സ്വയം ശൂന്യതയിലേയ്ക്ക് പ്രവേശിക്കുകയാണോ? സ്വയം ഇല്ലാതായിത്തീരുക എന്നതാണോ ക്രിസ്തീയതയുടെ ഭാവി? ഈ ചോദ്യം കൂടുതൽ കൂടുതൽ പ്രസക്തമാവുകയാണ് ഇക്കാലഘട്ടത്തിൽ. ക്രിസ്തീയതയ്ക്കെതിരായ പീഡനങ്ങൾ ലോകത്ത് പലഭാഗങ്ങളിലും നടന്നുകൊണ്ടാണിരിക്കുന്നത്. ഈ ഘട്ടത്തിൽ സ്നേഹപ്രമാണത്തെ മുറുകെ പിടിച്ചുകൊണ്ട് ക്രിസ്തീയതയ്ക്ക് എങ്ങനെ മുന്നേറാൻ കഴിയും? ക്രിസ്തീയത സ്നേഹപ്രമാണം കൊണ്ട്
'സ്വയം നാശം' ഉറപ്പുവരുത്തുകയല്ലേ ചെയ്യുന്നത്? സ്നേഹംകൊണ്ട് ഇനി എത്രനാൾ പിടിച്ചുനില്ക്കാനാവും?സ്നേഹപ്രമാണവും അസ്തിത്വത്തിൻറെ നിലനില്പും പരസ്പരവിരുദ്ധങ്ങളായി നമ്മുടെ മുൻപിൽ തെളിയുമ്പോൾ ദൈവികജ്ഞാനംകൊണ്ടു മാത്രമേ നമുക്കത് ഗ്രഹിക്കാൻ കഴിയുകയുള്ളു എന്ന വസ്തുത കൂടുതൽ സ്പഷ്ടമാകുന്നു. സ്നേഹത്തിൻറെ ഉറവിടം ദൈവികമായിരിക്കുന്നതിനാലും സ്നേഹപ്രമാണം ദൈവംതന്നെ മനുഷ്യന് നല്കിയതായതിനാലും ദൈവം സ്നേഹംതന്നെയായിരിക്കുന്നതിനാലും മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കുന്നതുപോലെതന്നെ സ്നേഹത്തിലും വിശ്വസിക്കണം. സ്നേഹത്തിൽ നിലകൊള്ളുന്ന വ്യക്തി ദൈവത്തിൽ നിലകൊള്ളുന്നു. ദൈവത്തിൽ നിലകൊള്ളണമെങ്കിൽ സ്നേഹത്തിൽ നിലകൊള്ളണമെന്നുസാരം.ദൈവം സ്നേഹപൂർണതയായിരിക്കുന്നതുപോലെതന്നെ ജീവൻറെ പൂർണതയും ഉറവിടവുമാണ്. ദൈവം ഉണ്മതന്നെയാണ്. സ്വയം ഭൂവായ അവിടുന്നു തന്നെയാണ് നമ്മുടെ അസ്തിത്വത്തിൻറെ കാരണവും ജീവൻറെ ഉറവിടവും. അവിടുന്നിലാണ് നാം എത്തിച്ചേരേണ്ടതും അസ്തിത്വത്തിൻറെ പൂർണത പ്രാപിക്കേണ്ടതും.രണ്ടുചോദ്യങ്ങൾ ഇവിടെ പ്രസക്തമാകുന്നു: ആരിലാണ് സ്നേഹപൂർണത നിലകൊള്ളുന്നത്? ആരിലാണ് അസ്തിത്വത്തിൻറെ പൂർണത കുടികൊള്ളുന്നത്? ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം ഒന്നുതന്നെ: ദൈവത്തിലാണ് സ്നേഹപൂർണതയും അസ്തിത്വ പൂർണതയും നിലകൊള്ളുന്നത്. നേരത്തെ നാം പരാമർശിച്ചതുപോലെ ചോദ്യങ്ങൾ വ്യത്യസ്തങ്ങളാണ് പക്ഷേ വൈരുദ്ധ്യങ്ങളല്ല, കാരണം ഉത്തരം ഒന്നുതന്നെ. ദൈവം ഒരേസമയം സ്നേഹപൂർണതയും അസ്തിത്വപൂർണതയുമായിരിക്കുകയാൽ സ്നേഹം ജീവനെ ഹനിക്കുന്നില്ല എന്നു സ്പഷ്ടം. അസ്തിത്വത്തിൻറെ പൂർണതയും സ്നേഹവും അവയുടെ പാരമ്യത്തിൽ പരസ്പര പൂരകങ്ങളായി വർത്തിക്കുന്നു. ഒന്ന് മറ്റൊന്നിനെ തകർക്കുകയല്ല, രണ്ടും പൂർണതയിൽ ഏകീഭവിച്ചിരിക്കുന്നു. അല്ലായിരുന്നുവെങ്കിൽ ദൈവം സ്നേഹപൂർണതയിലൂടെ സ്വയം ശൂന്യവത്കരണത്തിലൂടെ സ്വയം ഇല്ലാതാകുമായിരുന്നു.

മനുഷ്യൻ അവൻറെ അസ്തിത്വത്തിൻറെ അർത്ഥവും പൂർണതയും കണ്ടെത്തുന്നത് ഈ പ്രപഞ്ചത്തിലല്ല, ദൈവത്തിലാണ്. മനുഷ്യാസ്തിത്വത്തെ കേവലം ഈ പ്രപഞ്ചത്തിലെ ജീവിതമായി മാത്രം ഒതുക്കിനിർത്തി കാണാൻ ശ്രമിക്കുമ്പോഴാണ് സ്നേഹപ്രമാണം അസ്തിത്വത്തിൻറെ നിലനില്പ്പിന് എതിരായിരിക്കുന്നു എന്നുതോന്നുന്നത്. മനുഷ്യാസ്തിത്വത്തിൻറെ പൂർണത ദൈവത്തിൽ ഉറപ്പിക്കപ്പെട്ടിരിക്കുന്നു എന്ന സത്യം ഗ്രഹിക്കാൻ കഴിയുമ്പോൾ മാത്രമാണ് സ്നേഹപൂർണത അസ്തിത്വത്തെ ഹനിക്കുകയല്ല, പൂർണതയിൽ ഉറപ്പിക്കുകയാണ് എന്നു മനസ്സിലാക്കാൻ സാധിക്കുന്നത്. സ്വയംഭൂവും ഉണ്മതന്നെയുമായിരിക്കുന്ന ദൈവത്തിൽ മാത്രമേ മനുഷ്യന് അവൻറെ അസ്തിത്വത്തിന് അർത്ഥവും പൂർണതയും കണ്ടെത്താൻ കഴിയുകയുള്ളു. ആകയാൽ സ്നേഹത്തിൽ മനുഷ്യൻ ഉറപ്പിക്കപ്പെടുന്നതുവഴി ദൈവത്തിൽത്തന്നെയാണ് ഉറപ്പിക്കപ്പെടുന്നത്. അസ്തിത്വപൂർണത കൈവരിക്കാനുള്ള ഏകമാർഗം സ്നേഹമാർഗമായിരിക്കുന്നു എന്ന് വ്യക്തം. അങ്ങനെനോക്കുമ്പോൾ സ്നേഹപൂർണത പ്രാപിക്കുക എന്നത് ഒരു പുണ്യത്തിലുള്ള വളർച്ചയായി മാത്രം കരുതാനാവില്ല, അതിലുപരി അസ്തിത്വത്തെ പൂർണതയിലെത്തിക്കുകയാണത്. സ്നേഹം അങ്ങനെ ഒരേസമയം മാർഗവും ലക്ഷ്യവുമായിരിക്കുന്നു. ക്രിസ്തീയത സ്നേഹപൂർണതയിലൂടെ അസ്തിത്വപൂർണത കൈവരിക്കാനുള്ള മാർഗമായി നിലകൊള്ളുന്നു. എല്ലാ മതങ്ങളും ലക്ഷ്യം വയ്ക്കേണ്ടതും മാർഗമായി സ്വീകരിക്കേണ്ടതും സ്നേഹമതൊന്നു മാത്രമാണ്. സ്നേഹം വിജയിക്കുന്നിടത്ത് മനുഷ്യൻ വിജയിക്കുന്നു; സ്നേഹം പരാജയപ്പെടുന്നിടത്ത് മനുഷ്യൻ പരാജയപ്പെടുന്നു. സ്നേഹപൂർണത പ്രാപിക്കുമ്പോൾ മനുഷ്യൻ അസ്തിത്വപൂർണത കൈവരിക്കുന്നു. ബനഡിക്ട് പതിനാറാമൻ പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു: "ക്രൂശിക്കപ്പെട്ടവനാലാണ്, ക്രൂശിക്കുന്നവരാലല്ല, ലോകം രക്ഷിക്കപ്പെടുന്നത് എന്ന് കുഞ്ഞാടായിത്തീർന്ന ദൈവം നമ്മോട് പറയുന്നു. ദൈവത്തിൻറെ ക്ഷമാശീലത്താൽ ലോകം രക്ഷിക്കപ്പെടുന്നു. അതിനെ മനുഷ്യരുടെ ക്ഷമാരാഹിത്യം നശിപ്പിക്കുന്നു... ശക്തിയല്ല, സ്നേഹമാണ് നമ്മെ രക്ഷിക്കുന്നത്".
അങ്ങനെയെങ്കിൽ മരണത്തെ മുഖാമുഖം കാണുമ്പോഴും ക്രിസ്ത്യാനി സ്നേഹത്തിൽ ഉറപ്പിക്കപ്പെടുന്നെങ്കിൽ അസ്തിത്വത്തെ ഉണ്മയിൽ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. നേരേ മറിച്ച്, ക്രിസ്തീയത എപ്പോൾ സ്നേഹപ്രമാണം ഉപേക്ഷിക്കുന്നുവോ അപ്പോൾ അത് ക്രിസ്തീയതയല്ലാതായിത്തീരുന്നു. പൂർണതയുടെ പാത കൈവെടിയുമ്പോൾ ക്രിസ്തീയത മനുഷ്യനെ പൂർണതയിലെത്തിക്കാൻ കഴിവില്ലാത്തതായി ഭവിക്കുന്നു. അതായിരിക്കും ക്രിസ്തീയത അഭിമുഖീകരിക്കേണ്ടിവരുന്ന യഥാർത്ഥ വെല്ലുവിളി.

അത്ഭുതങ്ങൾ അസംഭവ്യമോ?

ഈ പ്രപഞ്ചത്തെയും അതിലെ ഓരോ പ്രതിഭാസത്തെയും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ അത്ഭുതമായിത്തന്നെ കരുതാവുന്നതാണ്. മനുഷ്യൻ അവൻറെ ബുദ്ധിക്ക് അഗ്രാഹ്യവും കഴിവിന് അസാധ്യവുമായവയെ എപ്പോഴും അത്ഭുതത്തോടെ നോക്കികാണുന്നു. അവയൊക്കെയെയും പ്രപഞ്ചത്തിലെ അത്ഭുതങ്ങൾ എന്നു വിളിക്കാമെങ്കിലും പ്രപഞ്ചത്തിൻറെ സ്വാഭാവിക സംവിധാനമെന്ന നിലയിൽ നാമവയെ അത്ഭുതങ്ങളായി സാധാരണ ഗണിക്കാറില്ല.എന്തിനെയാണ് അത്ഭുതമെന്ന് വിളിക്കാനാവുക? ഒരു വസ്തുത അത്ഭുതമെന്ന് കരുതപ്പെടാൻ എന്താണ് മാനദണ്ഡം? ഈ പ്രപഞ്ചത്തിൻറെ അടിസ്ഥാന സത്യങ്ങളായി നിലകൊള്ളുന്ന സ്ഥിരനിയമങ്ങളുണ്ട്. അവയെ മാറ്റിമറിക്കാൻ മനുഷ്യനു കഴിവില്ല. അത്തരം സ്ഥിരനിയമങ്ങളിൽ ഏറ്റവും അടിസ്ഥാനമായിട്ടുള്ളതാണ് ഗണിത ശാസ്ത്രത്തിലെ നിയമങ്ങൾ. ഉദാഹരണമായി 2+2 = 4 എന്നത് എല്ലാക്കാലങ്ങളിലും എല്ലാ സ്ഥലങ്ങളിലും മാറ്റമില്ലാത്ത നിയമമാണ്. അവയെ തിരുത്താൻ മനുഷ്യന് കഴിയുകയില്ല. ഇപ്രകാരമുള്ള സ്ഥിരനിയമങ്ങൾ ഓരോ ശാസ്ത്രവിഷയത്തിനും അടിസ്ഥാനമായി നിലകൊള്ളുന്നുണ്ട്. സ്വാഭാവിക സംഭവങ്ങളെ മനസ്സിലാക്കാൻ ഈ സ്ഥിരനിയമങ്ങൾ നമ്മെ സഹായിക്കുന്നു. സ്വാഭാവിക സംഭവങ്ങൾകൊണ്ട് സ്ഥിരനിയമങ്ങളെ തിരുത്തുകയല്ല, സ്ഥിരനിയമങ്ങൾകൊണ്ട് സ്വാഭാവിക സംഭവങ്ങളെ മനസ്സിലാക്കുകയാണ് വേണ്ടത്.എന്നാൽ പ്രപഞ്ചത്തിൽ നാം കാണുന്ന സ്ഥിര സത്യങ്ങൾ മാറ്റപ്പെടാൻ കഴിയുമോ? തീർച്ചയായും മനുഷ്യനാൽ അത് അസാധ്യമാണ്. ബൗദ്ധികവാദത്തിൻറെ കടന്നുവരവോടെ ദൈവംപോലും സ്ഥിര നിയമങ്ങളെ മാറ്റുകയില്ലെന്നും തന്മൂലം അത്ഭുതങ്ങൾ അസംഭവ്യങ്ങളാണെന്നും വാദമുയർന്നു. ബൈബിളിൽ പരാമർശിക്കപ്പെടുന്ന അത്ഭുതങ്ങളൊക്കെയും മനുഷ്യൻ അവൻറെ വിശ്വാസത്തിൽ നെയ്തെടുത്ത സാങ്കൽപിക കഥകളാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഈ ആധുനിക തത്വചിന്തയുടെ ചുവടുവച്ച് എല്ലാവിധ അത്ഭുതങ്ങളെയും നിരാകരിക്കുന്ന ദൈവശാസ്ത്രചിന്തകളും ബൈബിൾ വ്യാഖ്യാന രീതിയും രൂപപ്പെട്ടു.
ഇവിടെ നാം കാണുന്ന വസ്തുതയുണ്ട്: പ്രപഞ്ചത്തിലെ സ്ഥിരനിയമങ്ങളുടെ ലംഘനമാണ് വിശുദ്ധ ബൈബിളിൽ നാം കാണുന്ന അത്ഭുതങ്ങളിൽ മിക്കവയും. H2O എന്നതാണ് ജലം. അത് എങ്ങനെ വീഞ്ഞായി മാറും? അഞ്ചപ്പവും രണ്ടു മീനുംകൊണ്ട് അയ്യായിരങ്ങളെ തൃപ്തരാക്കി എന്നതിനപ്പുറം ബാക്കിവന്നവ പന്ത്രണ്ട് കുട്ടകൾ നിറയെ ശേഖരിക്കപ്പെട്ടു. ഏത് ഗണിതനിയമപ്രകാരം ഇത് വിശദീകരിക്കാനാവും? അതുപോലെ, യേശുക്രിസ്തു വെള്ളത്തിനുമീതെ നടന്നപ്പോഴും, കൊടുങ്കാറ്റിനെ ശാന്തമാക്കിയപ്പോഴും രോഗികളെ സുഖപ്പെടുത്തിയപ്പോഴും മരിച്ചവരെ ഉയിർപ്പിച്ചപ്പോഴുമെല്ലാം പ്രപഞ്ചത്തിലെ സ്ഥിരനിയമങ്ങൾ ലംഘിക്കപ്പെടുകയല്ലേ ചെയ്തത്? രാവും പകലും പരസ്പരം അകലം പാലിച്ച് മാറിനില്ക്കുന്ന ഈ പ്രപഞ്ചത്തിൽ നട്ടുച്ചനേരത്ത്, ക്രിസ്തുവിൻറെ മരണവേളയിൽ ഇരുൾ പരന്നതെങ്ങനെ? ഇവയൊക്കെയും അസംഭവ്യങ്ങൾ എന്നു നാം വ്യാഖ്യാനിക്കുമ്പോൾ മനുഷ്യന് ഇവ അസാധ്യം എന്നതിൽ തർക്കമില്ല. എന്നാൽ ദൈവത്തിന് പ്രപഞ്ചത്തിൻമേൽ ഇടപെട്ട് ഇവയെ മാറ്റാൻ കഴിയുമെന്ന് കരുതാനാവുകയില്ലേ? പ്രപഞ്ചത്തിൻറെ സ്ഥിരനിയമങ്ങൾക്കപ്പുറത്ത് നിത്യസത്യങ്ങൾ നിലകൊള്ളുന്നു. നിത്യസത്യങ്ങളെല്ലാം ദൈവമെന്ന ശക്തിയുടെ മാത്രം കൈകളിലുള്ള കാര്യങ്ങളാണ്. കാരണം ദൈവം മാത്രമാണ് ഏകവും നിത്യവുമായ സത്യം. ദൈവം ദൈവമായിരിക്കുന്നു എന്ന കാരണത്താൽ ദൈവത്തിന് പ്രപഞ്ചത്തിലെ എല്ലാ സ്ഥിരനിയമങ്ങളെയും മാറ്റാൻ കഴിയുന്നു, പ്രപഞ്ചത്തെ തകർക്കാതെതന്നെ. അപ്പോൾ അവയൊക്കെ അത്ഭുതങ്ങളായി നാം കാണുന്നു.
അതായത്, വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കാൻ കഴിയുന്നവൻ മാത്രമല്ല ദൈവം, പ്രപഞ്ചത്തിലെ സ്ഥിരനിയമങ്ങളെ മാറ്റാൻ കഴിയുന്നവൻകൂടിയാണ് അവിടുന്ന്. പുരുഷ സഹകരണമില്ലാതെ കന്യകയിൽ നിന്നു പിറക്കുക എന്നതും പ്രപഞ്ചത്തിൻറെ സ്ഥിരനിയമത്തിൻറെ ലംഘനമായിരുന്നില്ലയോ? ഒരു ഗോതമ്പപ്പത്തിലേയ്ക്ക് പടിയിറങ്ങി അസ്തിത്വത്തെ ഒളിപ്പിക്കാൻ കഴിയുന്നതും പ്രപഞ്ചത്തിൻറെ സ്ഥിരനിയമത്തിൻറെ ലംഘനമല്ലേ? അപ്പോൾ ഒരുകാര്യം കൂടുതൽ വ്യക്തമാകുന്നു. ദൈവത്തിൻറെ പ്രവർത്തനശൈലി ചിലപ്പോഴെല്ലാം മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ വിധത്തിലായിരിക്കാം. എന്നാൽ അത് പ്രകൃതിക്ക് യഥാർത്ഥത്തിൽ വിരുദ്ധമാകുന്നില്ല. വിശുദ്ധ അഗസ്തീനോസ് ഈ സത്യം ഇങ്ങനെ കുറിക്കുന്നു: "അത്ഭുതങ്ങൾ പ്രകൃതിക്ക് എതിരല്ല, പ്രകൃതിയെ നാം മനസ്സിലാക്കുന്ന വിധത്തിന് എതിരാണ്". കൃത്യമായി പറഞ്ഞാൽ, പ്രകൃതിയെ നാം മനസ്സിലാക്കേണ്ടത് നിത്യസത്യമായ ദൈവത്തെ മാറ്റിനിർത്തിക്കൊണ്ടാകരുത്, ദൈവത്തിൻറെ പ്രവർത്തനത്തെക്കൂടി അംഗീകരിച്ചുകൊണ്ടായിരിക്കണം. പ്രപഞ്ചത്തിൻറെ സ്ഥിരനിയമങ്ങളിൽ ഇടപെട്ട് അതിന് ഉപരിയായി പ്രവർത്തിക്കാൻ കഴിയുന്നവനാണ് ദൈവം. ആ ദൈവത്തിൻറെ ഇടപെടലിൻറെ നിയമത്തെ ഗ്രഹിക്കണമെങ്കിൽ പ്രപഞ്ചത്തിൻറെ സ്ഥിരസത്യങ്ങൾ അറിഞ്ഞാൽ മാത്രം പോരാ, ദൈവത്തിൻറെ നിത്യസത്യങ്ങൾ അറിയണം. അങ്ങനെ, നിത്യസത്യവും നിത്യയാഥാർത്ഥ്യവുമായ ദൈവത്തിന് അവിടുന്നു സൃഷ്ടിച്ച പ്രപഞ്ചത്തിൻറെ സ്ഥിരം സത്യങ്ങളുടെമേൽ സംപൂർണ അധികാരമുണ്ട് എന്നു നാം ഗ്രഹിക്കുന്നു. ഇല്ലായിരുന്നുവെങ്കിൽ ദൈവം തന്നെയും താൻ സൃഷ്ടിച്ച പ്രപഞ്ചനിയമത്തിനുള്ളിൽ കഴിയുന്ന നിയന്ത്രിക്കപ്പെട്ട അവസ്ഥയിലാകുമായിരുന്നു. അപ്പോൾ ദൈവം ദൈവമല്ലാതായിത്തീരുകയാവും ചെയ്യുക.
ദൈവത്തോടുചേർന്നുനിന്ന് അത്ഭുതങ്ങളെ ഗ്രഹിക്കുമ്പോൾ അവയെല്ലാം അത്ഭുതങ്ങളല്ലാതാവുകയും "ദൈവത്തിൻറെ പ്രവർത്തനത്തിൻറെ ഒരു പ്രത്യേക ശൈലി"യായി നമുക്ക് അവയെ കാണാൻ കഴിയുകയും ചെയ്യും. ദൈവം പ്രപഞ്ചനിയമങ്ങളിലൂടെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു എന്ന് നമുക്ക് ദൈവത്തിൻറെമേൽ വ്യവസ്ഥവയ്ക്കാനാവില്ലല്ലോ.
പ്രപഞ്ചനിയമത്തിനുള്ളിലൂടെ മാത്രം പ്രവർത്തിക്കുന്ന ദൈവത്തിലാണ് നാം വിശ്വസിക്കുന്നതെങ്കിൽ നാം പ്രപഞ്ചത്തിൽ വിശ്വസിക്കുന്നു എന്നു പറയുന്നതല്ലേ കൂടുതൽ ശരി? അങ്ങനെയെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവരുടെ രോഗസൗഖ്യത്തിനായി നാം പ്രാർത്ഥിക്കുന്നതെങ്ങനെ? ദിവ്യകാരുണ്യ സാന്നിധ്യവും പാപമോചനവും എങ്ങനെ വിശ്വസിക്കാനാവും? കൂദാശകളിലൂടെ കൃപാവരം ലഭിക്കുന്നു എന്നത് എങ്ങനെ ഉൾക്കൊള്ളാൻ കഴിയും? ഇവയൊക്കെയും സ്വാഭാവിക സ്ഥിരനിയമങ്ങളുടെ ലംഘനങ്ങൾ ഉൾക്കൊള്ളുന്നവയല്ലേ? ദൈവത്തിലുള്ള വിശ്വാസം ദൈവത്തിൻറെ പ്രവൃത്തികളിലുള്ള വിശ്വാസത്തെയും ഉൾച്ചേർക്കുന്നതാണല്ലോ. ദൈവത്തിൻറെ പ്രവൃത്തികൾ നമുക്ക് എപ്പോഴും ഗ്രാഹ്യമാകണമെന്നില്ലല്ലോ. നാം പ്രപഞ്ചത്തെ മനസ്സിലാക്കിയവിധത്തിലായിരിക്കണം ദൈവം പ്രവർത്തിക്കേണ്ടത് എന്നു നമുക്ക് വാശിപിടിക്കാനാവുമോ? അത്ഭുതങ്ങൾ അസംഭവ്യങ്ങളല്ല, അവയോരോന്നും നമ്മുടെ ബുദ്ധിയുടെ പരിമിതികളെ ബോധ്യപ്പെടുത്തുകയും ദൈവികശക്തിയെ വെളിപ്പെടുത്തുകയും ചെയ്യുന്നവയാണ്. ക്രിസ്തീയത ഉൾക്കൊള്ളുന്ന വൈരുദ്ധ്യങ്ങൾ ദൈവത്തിൻറെ പ്രവൃത്തികളെ വിളംബരം ചെയ്യുന്നവയാണ്. ദൈവത്തിൻറെ പ്രവൃത്തികളിൽ വിശ്വസിക്കുന്നില്ലായെങ്കിൽ നാം പ്രപഞ്ചത്തിൽ മാത്രം വിശ്വസിക്കുന്നവരായിത്തീരും. കാൾ റാനർ പറയുന്നതുപോലെ "ജീവിതകാലം മുഴുവൻ ദൈവത്തിൻറെ അഗ്രാഹ്യതയോട് ചേർന്നുനില്ക്കുക എന്നതാണ് വിശ്വസിക്കുക എന്നതിൻറെ അർത്ഥം". ആ ചേർന്നുനില്പാണ് ഏറ്റവും യുക്തിസഹമായ മനുഷ്യപ്രവൃത്തി.
മതം മനുഷ്യനെ മറന്നാൽ? മനുഷ്യജീവിതം ഉൾക്കൊള്ളുന്ന വൈരുദ്ധ്യങ്ങളുണ്ട്. മനുഷ്യൻ തൻറെ ആത്യന്തികലക്ഷ്യമായി നിത്യജീവനും സ്വർഗ്ഗവും ഹൃദയത്തിൽ സൂക്ഷിക്കുന്നു. എന്നാൽ ആ ലക്ഷ്യത്തിലേക്ക് എത്തിക്കുന്ന കവാടമായ മരണത്തെ അവൻ അകറ്റി നിർത്താൻ ആഗ്രഹിക്കുന്നു. നിത്യം ജീവിക്കാനാഗ്രഹിക്കുന്നു, എന്നാൽ താൽക്കാലിക ഭൗമികവാസം ഉപേക്ഷിക്കാൻ മനസ്സുവരുന്നില്ല. സ്വർഗ്ഗം പ്രാപിക്കാനാഗ്രഹിക്കുന്നു, എന്നാൽ ഭൂമിയെ ഉപേക്ഷിക്കാൻ വിഷമിക്കുന്നു. അസ്തിത്വത്തിൽ കുടികൊള്ളുന്ന ഈ വൈരുദ്ധ്യം ഒരു കാര്യം വെളിവാക്കുന്നു. ഭൂമിയെയും ഈ ലോകജീവിതത്തെയും നിഷേധിച്ചുകൊണ്ട് സ്വർഗ്ഗത്തെയും നിത്യജീവിതത്തെയും കുറിച്ച് പഠിപ്പിക്കാൻ മതം ശ്രമിച്ചാൽ അത് മനുഷ്യനെ തൃപ്തിപ്പെടുത്തുകയില്ല. ഈ ലോകജീവിതത്തെ അർത്ഥമുള്ളതായി കണ്ടുകൊണ്ടുതന്നെ വേണം സ്വർഗ്ഗത്തെ അവതരിപ്പിക്കുവാൻ. ആയതിനാൽ അനുദിന ജീവിതത്തെയും ജീവിതവ്യാപാരങ്ങളെയും പ്രസക്തമാക്കുന്നതായിരിക്കണം മതജീവിതം. മതം ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടതുണ്ട്. മതം അതിൻറെ പ്രബോധനത്തിൽ മനുഷ്യൻറെ അനുദിന ജീവിതപ്രശ്നങ്ങളെ വിസ്മരിച്ചുകൊണ്ടും മനുഷ്യൻറെ ദൈനംദിന വേദനകളെയും ആവശ്യങ്ങളെയും മറന്നുകൊണ്ടും സ്വർഗത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും മാത്രം പഠിപ്പിച്ചാൽ മനുഷ്യന് അത് സ്വീകാര്യമാവുകയില്ല. ആത്മീയമേഖലയിൽ ഈ പ്രവണത കടന്നുകൂടാനുള്ള പ്രേരണ ഏറെയുണ്ട്. ഇത് യാഥാർത്ഥ്യങ്ങളിൽനിന്നുള്ള ഒരു ഒളിച്ചോട്ടമാണ് മതജീവിതം എന്ന് വിമർശിക്കപ്പെടാൻ ഇടയാക്കുമെന്നത് തീർച്ചയാണ്.

മനുഷ്യനെ ദൈവോന്മുഖനാക്കിത്തീർക്കുക എന്നതിനർത്ഥം മനുഷ്യനെ മറക്കുക എന്നതല്ല, മനുഷ്യനെയും പ്രപഞ്ചജീവിതത്തെയും മൂല്യമുള്ളതായി കരുതുക എന്നതാണ്. ക്രിസ്തീയത സ്വർഗ്ഗത്തെ ചൂണ്ടിക്കാണിച്ച് ഭൂമിയെ മറക്കാൻ പ്രേരിപ്പിക്കുന്ന ഹിപ്നോട്ടിസമല്ല. ഭൗതികയാഥാർത്ഥ്യത്തെ വിസ്മരിക്കുന്ന മതമല്ല ക്രിസ്തുമതം. മനുഷ്യനെ മയക്കുന്ന കറുപ്പല്ലത്. ദൈവത്തിൻറെ പേരിൽ മനുഷ്യനെയോ, സ്വർഗ്ഗത്തിൻറെ പേരിൽ ഭൂമിയെയോ വിലയില്ലാതാക്കുകയല്ല ക്രിസ്തീയത ചെയ്യുന്നത്, മറിച്ച്, ദൈവത്തെയും സ്വർഗ്ഗത്തെയും മുൻനിർത്തി മനുഷ്യനെയും, ഭൂമിയെയും മഹത്വമുള്ളതാക്കിത്തീർക്കുകയാണ്. ക്രിസ്തുതന്നെയും ലോകത്തിലവതരിച്ചത് ലോകം മൂല്യമുള്ളതായതുകൊണ്ടാണ്. അവിടുന്ന് ഭൗതിക യാഥാർത്ഥ്യത്തെ വിസ്മരിച്ചുകൊണ്ട് സ്വർഗ്ഗത്തെ അവതരിപ്പിച്ചില്ല. രോഗിക്ക് സൗഖ്യവും, വിശക്കുന്നവന് ആഹാരവും, കുരുടന് കാഴ്ചയും, മരിച്ചവന് ഉയിർപ്പും, പാപിക്ക് മോചനവും നൽകി ഈ ലോകജീവിതത്തെ അർത്ഥപൂർണമാക്കി. മാത്രമല്ല, അപ്രകാരം പ്രവർത്തിക്കുകവഴി ദൈവം മാനവരാശിക്ക് സമ്മാനിക്കുന്ന രക്ഷയ്ക്ക് ഭൗമിക, ഭൗതിക തലമുണ്ട് എന്ന് തെളിയിക്കുക കൂടി ചെയ്തു. സ്വർഗ്ഗത്തെ ഭൂമിക്ക് വിളമ്പി നൽകാൻ വന്നവൻ ഭൂമിയെ സ്വർഗ്ഗമാക്കാൻ കൂടി നമ്മെ പരിശീലിപ്പിച്ചു. മനുഷ്യനെ സ്വർഗ്ഗത്തിലെത്തിക്കാൻ വന്നവൻ ഭൂമിയിൽ എങ്ങനെ സ്വർഗ്ഗീയരായി, സ്വർഗ്ഗപിതാവിൻറെ മക്കളായി വ്യാപരിക്കാമെന്നു പഠിപ്പിച്ചു. നിത്യാനന്ദം പങ്കുവക്കാൻ വന്നവൻ നമ്മോടൊത്തു ഭക്ഷിച്ചും പാനം ചെയ്തും ഭൗമീകാനന്ദങ്ങൾ നന്മയാണെന്നു കാണിച്ചുതന്നു. ഇവയുടെയെല്ലാം അടിസ്ഥാനമായി അവിടുത്തെ കരുണ നിലകൊണ്ടു. ക്രിസ്തുമതം ലോകത്തിന് അർത്ഥം നൽകുകയാണ്, അതു മനുഷ്യൻറെ ഭൗമീകജീവിതത്തിന് മഹത്വം ചാർത്തുകയാണ്, അവയെ നിരാകരിക്കുകയല്ല ചെയ്യുന്നത്. കാരുണ്യത്തിൻറെ കരസ്പർശമേകി മിശിഹായെപ്പോലെ സഭയും രോഗാതുരമായ ഈ ലോകത്തെ സുഖപ്പെടുത്തണമെന്നും, വേദനിക്കുന്ന ലോകത്തെ ആശ്വാസവചനങ്ങളാൽ സാന്ത്വനപ്പെടുത്തണമെന്നും, പാപാതുരമായ ലോകത്തിൻമേൽ അനുഗ്രഹത്തിൻറെ ആശീർവ്വാദം അയക്കണമെന്നും സാരം. അതിന് സഭയ്ക്ക് ക്രിസ്തുവിൻറെ കാരുണ്യഹൃദയം ലഭിക്കുകതന്നെ വേണം. ഇതാണ് സഭയുടെ വിളിയും ദൗത്യവും; ക്രിസ്തീയതയുടെ ശ്രേഷ്ഠതയും മഹനീയതയും അതുതന്നെ. ലോകത്തിന് സൗഖ്യവും രക്ഷയുമാണ് ക്രിസ്തീയത എന്ന സത്യം ഗ്രഹിക്കാൻ മാനവരാശിക്കു കഴിയണമെങ്കിൽ ക്രിസ്തീയതയുടെ ഏകഭാവം കരുണയായിരിക്കണം.മനുഷ്യനെ മറക്കുന്ന മതം മതമല്ലാതായിത്തീരുന്നു. എല്ലാ ദൈവാനുഭവവും അതിൻറെ ആഴങ്ങളിൽ മനുഷ്യാനുഭവമാണ് (Every God experiences fundamentally and basically human experience). മനുഷ്യൻറെ ആവശ്യങ്ങളിലും മുറിവുകളിലും തൊടാതെ മതത്തിന് ദൈവാനുഭവം പങ്കുവെച്ചുകൊടുക്കാനാവുകയില്ല. ദൈവപുത്രൻ മനുഷ്യനായി അവതരിച്ചതിൻറെ പിന്നിലെ സത്യവും ഇതുതന്നെയാണല്ലോ. കാരുണ്യത്താലാണ് ഈ സൗഖ്യദായകസ്പർശം സാധ്യമാകുന്നത്. ദൈവത്തിൻറെ ഹൃദയഭാവം കരുണയായിരിക്കുന്നതുപോലെ സഭയുടെ ഹൃദയവും കാരുണ്യത്തിൻറെ നിലയനമാകണം. ക്രിസ്തീയത ലോകത്തിന് അനുഗ്രഹമാകുന്നത് അതിൻറെ പ്രവർത്തനശൈലി കരുണയായി മാറുമ്പോഴാണ്. 

some reflection thoughts James kiliyananikkal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message