x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ ഇതര മതസംവാദം

ഇതരമതങ്ങളിലെ രക്ഷ ചില ചോദ്യങ്ങൾ

Authored by : Dr. Vincent Kundukulam, Fr. Tom Olikkarottu On 11-Mar-2023

11

ഇതരമതങ്ങളിലെ രക്ഷ ചില ചോദ്യങ്ങൾ

ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ ഇതരമതങ്ങൾക്ക് സഹമദ്ധ്യസ്ഥങ്ങളുടെ പദവി അംഗീകരിച്ച് കൊടുക്കുന്ന നിലപാടിലാണ് കത്തോലിക്കാസഭ എത്തിച്ചേർന്നിരിക്കുന്നതെന്ന് സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെക്കുറിച്ചുള്ള മുൻ അദ്ധ്യായങ്ങളിലെ പഠനം വ്യക്തമാക്കുന്നു. സാർവ്വത്രിക രക്ഷയുടെ കേന്ദ്രബിന്ദു ക്രിസ്തുവായിരിക്കെതന്നെ ഇതരമതാചാരങ്ങളും അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളും പുണ്യപുരുഷരും രക്ഷയിലേക്കുള്ള കൈവഴികളായി അദൃശ്യസഭയിൽ നിലനിൽക്കുന്നു എന്നത് ചില പ്രായോഗിക പ്രശ്നങ്ങൾ നമുക്കു മുന്നിൽ ഉയർത്തുന്നുണ്ട്. ഇതരമതങ്ങളിലുള്ള എല്ലാ മൂല്യങ്ങളും ആചാരങ്ങളും രക്ഷാകരങ്ങളാണോ? ഏതടിസ്ഥാനത്തിലാണ് അവ രക്ഷയുടെ ഉപാധികളായിരിക്കുന്നത്? അക്രൈസ്തവ ദൈവങ്ങളെല്ലാം ഒരുപോലെ ക്രിസ്തുവിന്റെ ഉപകരണങ്ങളാകാൻ യോഗ്യതയുള്ളവരാണോ? ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് സുവ്യക്തവും സത്യസന്ധവുമായ ഉത്തരം നൽകാനായില്ലെങ്കിൽ ഇതരമത ബന്ധങ്ങളിൽ പ്രത്യേകിച്ചും വൈവിദ്ധ്യമാർന്ന മതവിശ്വാസങ്ങളുടെ സംഗമഭൂമിയായ ഭാരതത്തിൽ ക്രൈസ്തവരുടെ ഇടയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇതര മതബന്ധത്തിലുണ്ടാകാവുന്ന പ്രായോഗിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് ഈ അദ്ധ്യായത്തിന്റെ ലക്ഷ്യം.

11.1 ഇതരമതങ്ങളുടെ രക്ഷാകരമൂല്യം

ഇതര മതങ്ങളുടെ രക്ഷാകരമൂല്യം നിർണ്ണയിക്കാൻ പ്രധാനമായും മൂന്ന് മാനദണ്ഡങ്ങളാണ് കത്തോലിക്കാ ദൈവശാസ്ത്രത്തിൽ രൂപപ്പെട്ടിട്ടുള്ളത്.

(a) സുവിശേഷസന്ദേശവുമായുള്ള പൊരുത്തം: ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുസാന്നിധ്യത്തിന്റെ ദൃശ്യ പ്രതീകമായി ചരിത്രത്തിൽ തുടരുന്നത് യേശുവിന്റെ വചനങ്ങളാണ്. ആദിമ ക്രൈസ്തവർ ഇതര സംസ്കാരങ്ങളുടെ ഇടയിൽ ജീവിച്ചപ്പോൾ നേരിട്ട പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് ശ്ലീഹന്മാർ നിർദ്ദേശിച്ച മാർഗ്ഗരേഖകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നുണ്ട്. യേശുവും അവിടുത്തെ ശിഷ്യന്മാരും വെളിപ്പെടുത്തിയ സന്ദേശങ്ങളോടു ചേർന്നുപോകുന്ന ഇതര സംസ്ക്കാരങ്ങളിലെ വെളിപാടുകളും സമ്പ്രദായങ്ങളും ദൈവത്തിൽ നിന്നുതന്നെ ജനിക്കുന്നതാണെന്ന കാഴ്ചപ്പാടാണ് സഭക്കുള്ളത്. മുകളിൽ പറഞ്ഞ മാനദണ്ഡം വച്ചു വിലയിരുത്തുമ്പോൾ മറ്റു മതങ്ങളിലെ എല്ലാ സമ്പ്രദായങ്ങളും സുവിശേഷാത്മകമാണെന്ന് കരുതാനാവില്ല. ഉദാഹരണമായി ഹൈന്ദവമതത്തിലെ കാര്യം തന്നെ എടുക്കാം - ആർഷഭാരത സംസ്ക്കാരത്തിൽ അമൂല്യമായ ആത്മീയ സമ്പത്തിന്റെ ശേഖരങ്ങളുണ്ടെങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽ അവയിൽ പലതും മലീമസമാക്കപ്പെട്ടിട്ടുണ്ട്. മനുഷ്യനെ പലതട്ടുകളിലായി തിരിച്ച് ചൂഷണം ചെയ്ത ജാതിവ്യവസ്ഥ, അയിത്തം, സതി, നരബലി തുടങ്ങിയ ആചാരങ്ങൾ ക്രൈസ്തവ ദർശനങ്ങളോടു പൊരുത്തപ്പെട്ടു പോകുന്നതല്ല. സുവിശേഷവിരുദ്ധമായ ഇത്തരം കാര്യങ്ങൾക്ക് രക്ഷാകരമൂല്യമുണ്ടെന്ന് സഭ കരുതുന്നില്ല.

(b) മറ്റ് സംസ്കാരങ്ങളിലെ ദൈവിക പ്രചോദനത്തെ തിട്ടപ്പെടുത്തുമ്പോൾ അംഗീകരിക്കേണ്ട രണ്ടാമത്തെ വസ്തുത, രക്ഷയുടെ സ്രോതസ് ദൈവപുത്രനായ യേശുക്രിസ്തു തന്നെയാണെന്നതാണ്. അന്യമതങ്ങളിലെ വിശ്വാസികൾ രക്ഷപ്പെടുന്നത് ആ മതങ്ങളിലെ പുണ്യാത്മാക്കളുടെ മാദ്ധ്യസ്ഥത്താലാണെങ്കിലും അവ രക്ഷാകരങ്ങളായിത്തീരുന്നത് യേശുക്രിസ്തുവിനോടുള്ള ബന്ധം മൂലമാണ്. മനുഷ്യനായി അവതരിക്കുകയും കുരിശുമരണത്തിലൂടെയും ഉയിർപ്പിലൂടെയും ലോകരക്ഷസാധിക്കുകയും ചെയ്തത് ദൈവപുത്രനായ യേശുവായതിനാൽ രക്ഷയുടെ ഏക മദ്ധ്യസ്ഥൻ അവിടുന്ന് മാത്രമാണ്. രക്ഷയുടെ സ്രോതസ് ക്രിസ്തുവാണെന്ന വെളിപാടും ദൈവത്തിന്റെ സാർവത്രിക രക്ഷാപദ്ധതിയിലുള്ള സഭയുടെ വിശ്വാസവും ഒരേ സമയം കാത്തു പാലിക്കുന്ന ഈ മനോഭാവം നമ്മുടെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു.

(c) ഇതരമതങ്ങളിലുള്ള ദൈവിക വെളിപാടുകൾ പ്രഥമമായും ആ വിശ്വാസികളുടെ നൻമയെ ലക്ഷ്യം വച്ചുകൊണ്ടാണ് ദൈവം നൽകുന്നത്. മറ്റ് വാക്കിൽ പറഞ്ഞാൽ, ഇതര മതമൂല്യങ്ങളിലുള്ള പങ്കുചേരൽ ക്രൈസ്തവന്റെ കൗദാശികജീവിതത്തിന് കോട്ടം തട്ടുന്ന രീതിയിലാകരുത്. അക്രൈസ്തവ മതങ്ങളിലെ സത്യത്തിന്റെ കിരണങ്ങൾക്ക് തീർച്ചയായും ക്രൈസ്തവ വിശ്വാസത്തെ പ്രോജ്വലമാക്കാനുള്ള പ്രാപ്തിയുണ്ടെന്നത് ഇവിടെ നിഷേധിക്കുന്നില്ല. ദൈവത്തിന്റെ നാനവിധ ഇടപെടലുകളെ മനസിലാക്കേണ്ടതും അവയിലുള്ള ക്രിസ്തു രഹസ്യത്തിന്റെ ഭാവങ്ങളെ ഉൾക്കൊളേളണ്ടതും ക്രൈസ്തവരുടെ കടമയാണ്.

ആധുനിക കാലഘട്ടത്തിൽ നഗരങ്ങളിലെ ഒറ്റപ്പെടലും തൊഴിൽരംഗത്തെ മാത്സര്യവും ഏല്പിക്കുന്ന ആഘാതങ്ങളിൽനിന്ന് രക്ഷനേടാൻ മനുഷ്യൻ നവീനമായ മതസമ്പ്രദായങ്ങൾ അന്വേഷിക്കുകയാണ്. ഭാരതത്തിലെ സാഹചര്യം കണക്കിലെടുത്താൻ സത്യസായിബാബ, അമൃതാനന്ദമയി, ഓഷോ രജനീഷ്, ശ്രീ ശ്രീ രവിശങ്കർ, ബ്രഹ്മകുമാരികൾ തുടങ്ങി എന്നിവരുടെ നേതൃത്വത്തിൽ എത്രയോ ആത്മീയ പന്ഥാവുകളാണ് പച്ചപിടിച്ച് വളരുന്നത്. യന്ത്രവത്കൃത സമൂഹത്തിന്റെ മാത്സര്യങ്ങളിൽ നിന്ന് മാറിനിൽക്കാനാവാത്ത ക്രൈസ്തവരിൽ നിരവധിപേർ അവരുടെ പഴയ ക്രൈസ്തവാചാരങ്ങൾക്കു പകരം യോഗ, സുദർശനക്രിയ, വിപാസന ധ്യാനം തുടങ്ങിയ അഭ്യാസങ്ങൾ സ്ഥിരം പരിശീലിക്കുന്നു. ഇത് അതിൽത്തന്നെ ക്രൈസ്തവന് നിഷിദ്ധങ്ങളല്ല. പക്ഷെ കൗദാശികജീവിതത്തെ ഭംഗപ്പെടുത്തുന്നതോ, തളർത്തുന്നതോ ആയ രീതിയിൽ അവൻ ഇതരമത സമ്പ്രദായങ്ങൾക്ക് അടിമപ്പെട്ടുകൂടാ. കാരണം ഇതരമതങ്ങളിലെ നല്ല മുറകളുടെ പ്രഭവസ്ഥാനം യേശു തന്നെയാണ്. മേൽ പറഞ്ഞ ആത്മീയ അഭ്യാസങ്ങളുടെ പരിശീലനം ക്രിസ്തുവിലുള്ള വിശ്വാസം ആഴപ്പെടാവുന്ന രീതിയിൽ പ്രയോഗിക്കാൻ അജപാലകർ വേണ്ടത്ര മുൻകരുതലുകൾ എടുക്കണമെന്നു സാരം.

ഹൈന്ദവർ കൃഷ്ണനെയും രാമനെയും ആശ്രയിച്ച് ഇഷ്ടകാര്യങ്ങൾ സാധിക്കുമ്പോഴും ബുദ്ധസാധനകൾ പിൻതുടർന്ന് ബുദ്ധമതക്കാർ നിർവ്വാണം പ്രാപിക്കുമ്പോഴും, ഗോത്രവംശജർ പ്രകൃതിദത്തമായ പ്രതീകങ്ങളിലൂടെ ഈ സായൂജ്യം നേടുമ്പോഴും, മുസ്ലീംങ്ങൾ പ്രവാചകനായ നബിയുടെ സൂക്തങ്ങളനുസരിച്ച് അള്ളാഹുവിങ്കലിലേക്ക് മനസുയർത്തുമ്പോഴും പ്രകടമാകുന്നത് ക്രിസ്തുവിന്റെ രക്ഷയാണെന്ന സഭയുടെ വിശ്വാസം ഇതരമതസ്ഥർ അംഗീകരിച്ച് തരുമോ എന്ന് ചോദിച്ചേക്കാം. ഇതരമതങ്ങളിലുള്ളവർ ഈ ക്രിസ്തീയ കാഴ്ചപ്പാട് സ്വീകരിക്കണമെന്നില്ല. മേല്പറഞ്ഞ ക്രിസ്തീയ വിശ്വാസം മറ്റുള്ളവരുടെ മേൽ അടിച്ച് ഏൽപിക്കണമെന്നോ, അതുമല്ലെങ്കിൽ താത്വികമായെങ്കിലും ഇതരമതങ്ങൾ ഈ നിലപാടിനോടു യോജിച്ചാലേ ക്രൈസ്തവ വിശ്വാസം സ്വാർത്ഥകമാകൂ എന്നോ ഇവിടെ വിവക്ഷിക്കുന്നില്ല. സഭയ്ക്ക് ദൈവം ക്രിസ്തുവിലൂടെ നൽകിയ വെളിപാടുകളിൽ വെള്ളം ചേർക്കാതെ തന്നെ മറ്റുള്ളവരോടു ഭാവാത്മകമായ സഹവർത്തിത്വം പുലർത്താൻ സഹായകമാണ് ഇതരമതങ്ങൾ ക്രിസ്തുവിലുള്ള സഹമാദ്ധ്യസ്ഥങ്ങളാണെന്ന കാഴ്ച്ചപ്പാട്.

11.2 സത്യങ്ങളിലെ വൈവിധ്യത

ഈ അവസരത്തിൽ സത്യത്തിന്റെ വൈവിധ്യമേറിയ ഭാവങ്ങളെക്കുറിച്ചും അവയുടെ വ്യാഖ്യാനങ്ങളിലുള്ള വ്യത്യസ്തതകളെക്കുറിച്ചും പ്രതിപാദിക്കേണ്ടതുണ്ട്. സാധാരണയായി മൂന്നു തരത്തിലുള്ള സത്യങ്ങളും അവയെ വ്യാഖ്യാനിക്കുന്ന ഭാഷകളുമുണ്ടെന്ന് പറയാറുണ്ട്.

(a) ശാസ്ത്രീയ സത്യങ്ങൾ - ശാസ്ത്രം വികസിപ്പിച്ചെടുത്ത മാർഗങ്ങളുപയോഗിച്ച് തെളിയിക്കാവുന്ന സത്യങ്ങളാണ് ഈ ഗണത്തിൽ ഉൾപ്പെടുന്നത്. ഉദാഹരണമായി, ഹൈഡ്രജനും ഓക്സിജനും കൂടിച്ചേർന്നാൽ ജലം രൂപപ്പെടുമെന്നത് ഒരു ശാസ്ത്രീയ സത്യമാണ്. ലോകത്തിന്റെ ഏതു കോണിലും ഏതു കാലഘട്ടത്തിലും ഏതു സംസ്കാരത്തിലും പെട്ടവർക്ക് പരീക്ഷിച്ച് നിജപ്പെടുത്താവുന്ന ഒരു സത്യമാണിത്. അതിനാൽ അവ സാർവ്വത്രികമായി സ്വീകരിക്കപ്പെടുന്നു.

(b) ശാസ്ത്രീയ സത്യങ്ങളിൽ നിന്നും വ്യത്യസ്തമാണ് വിശ്വാസ സത്യങ്ങൾ. ഇതിലെ പ്രമേയങ്ങൾ അപരിമേയമായ ദൈവിക സത്തയെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ മനുഷ്യബുദ്ധിയുടെ പരികല്പനകൾക്ക് വഴങ്ങുന്നില്ല. ദൈവം സ്നേഹമാണ് എന്ന യാഥാർത്ഥ്യം പരീക്ഷണശാലകളിൽ തെളിയിക്കപ്പെടാവുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ വിശ്വാസത്തിൽ പങ്കുപറ്റുന്ന വ്യക്തികളുടെ ഇടയിലാണ് വിശ്വാസസത്യങ്ങൾ സ്വാർത്ഥകമാകുന്നത്. വിശ്വാസ സമൂഹത്തിന്റെ പരിധികൾക്കപ്പുറം അവയ്ക്ക് കേവലമായ മൂല്യം കല്പിക്കാനാവില്ല.

ഏവർക്കും സുവിദിതമായി പരിശോധിച്ചറിയാവുന്നവയല്ല എന്ന വസ്തുത വിശ്വാസസത്യങ്ങളുടെ മാറ്റ് കുറയ്ക്കുന്നില്ല. അനുഭവത്തിന്റെ തീച്ചൂളയിലാണ് വിശ്വാസസത്യം പാകപ്പെട്ടുന്നത്. അനുഭവം വൈയക്തികമാണെങ്കിലും യാഥാർത്ഥ്യത്തിന് നിരക്കുന്നവയാണ്. മാത്രമല്ല, സത്യാന്വേഷണത്തിന്റെ അത്യുത്തമമായ പാത കൂടിയാണ് അനുഭവം. ഒരു കുഞ്ഞ് ഈ അടുത്ത നാൾവരെ തന്റെ പിതാവിനെ തിരിച്ചറിഞ്ഞിരുന്നത് ഡി.എൻ.എ ടെസ്റ്റിന്റെ സഹായത്തോടെയായിരുന്നില്ല. അമ്മയുടെ സാക്ഷ്യപ്പെടുത്തൽ അവന് കേവലസത്യമായിരുന്നു. ശാസ്ത്രീയ പുരോഗതിനേടിയ ഈ കാലഘട്ടത്തിലും ഒരു കുഞ്ഞിന് പിതൃത്വം യാഥാർത്ഥ്യമായിത്തീരുന്നത് ലബോറട്ടറി നൽകുന്ന സത്യത്തിന്റെ വെളിച്ചത്തിലായിരിക്കില്ല. മറിച്ച്, പിതൃസഹജമായ വാസല്യത്തിൽ നിന്നും ശിക്ഷണത്തിൽ നിന്നുമാണ്. അതുപോലെ തന്നെ 'യേശുവാണ് എന്റെ രക്ഷകൻ' എന്ന സത്യം എന്റെ അസ്തിത്വത്തിൽ നിന്ന് വേർതിരിച്ചെടുക്കാവുന്ന ഒന്നല്ല. അനുദിന ജീവിതത്തിന്റെ സാധാരണത്വങ്ങളിൽ നെയ്തെടുക്കപ്പെടുന്ന ഈ ബോധ്യം പ്രാണനുതുല്യം ഒരു വ്യക്തിക്ക് യഥാർത്ഥ്യമാണ്. എന്തിനേറെ, ഹൈഡ്രജനും ഓക്സിജനും കൂടിച്ചേർന്നാൽ ജലം രൂപപ്പെടുമെന്ന ശാസ്ത്രീയ സത്യത്തെക്കാൾ വിലപ്പെട്ട സത്യമാകാം ഒരു ക്രിസ്ത്യനിക്ക് ക്രിസ്തുവാണ് രക്ഷകനെന്ന വിശ്വാസം. അപ്പോഴും ഇതൊരു ശാസ്ത്രീയ സത്യമല്ലെന്ന വസ്തുത അംഗീകരിച്ചേ പറ്റൂ.

വിശ്വാസത്തിന്റെ കേന്ദ്രബിന്ദു അതിഭൗതികമായതിനാൽ വിശ്വാസസത്യത്തിന്റെ ശ്രേഷ്ഠത വർദ്ധിക്കുന്നുണ്ട്. ദൈവം തന്നെയാണ് വിശ്വാസത്തിന്റെ പ്രചോദനവും ലക്ഷ്യവും. വിശ്വാസത്തിന്റെ ഈ അതിഭൗതികമാനം അതിനെ അതുല്യമാക്കുമ്പോഴും മാനുഷികമായ കാഴ്ചപ്പാടിൽ ചിന്തിക്കുമ്പോൾ വിശ്വാസസത്യത്തിന് ആപേക്ഷികമാനമുണ്ടെന്ന് പറയാതിരിക്കാനാവില്ല. വിശ്വാസത്തിന്റെ വിഷയം ദൈവമാണെങ്കിലും അതിന്റെ കർത്താവ് പരിമിതികളുള്ള മനുഷ്യനാണ്. വിശ്വാസാനുഭവം എത്ര തീവ്രമാണെങ്കിലും അതുൾകൊള്ളുന്നതിലും, പ്രകടിപ്പിക്കുന്നതിലും അപര്യാപ്തതകളും തെറ്റുകളും സംഭവിക്കാം. അതുകൊണ്ട് വിവേചനത്തോടുകൂടി വിശ്വാസത്തെ വ്യാഖ്യാനിക്കാനുള്ള ശ്രദ്ധ അത്യന്താപേഷിതമാണ്. വിശ്വാസസത്യങ്ങൾ പ്രഘോഷിക്കുന്നവർ കേവല സത്യത്തിന്റെ കുത്തകാവകാശികളല്ലെന്ന് സാരം.

(c) ശാസ്ത്രീയ- വിശ്വാസ സത്യങ്ങളുടെ അടിസ്ഥാനമാണ് കേവലസത്യം (absolute truth). പൂർണ്ണമായ സത്യം ദൈവം മാത്രമാണ്. മനുഷ്യബുദ്ധിക്ക് ഉൾകൊള്ളാവുന്നതിനപ്പുറമാണ് കേവല സത്യത്തിന്റെ കാതൽ. കേവല സത്യത്തിന്റെ നിദർശനങ്ങളാണ് വിശ്വാസവും യുക്തിയും. വിശ്വാസാധിഷ്ഠിതവും യുക്ത്യാധിഷ്ഠിതവുമായ സത്യങ്ങളുടെ പരസ്പര പോഷണത്തിലൂടെ കേവല യാഥാർത്ഥ്യത്തെ മനസിലാക്കാനാണ് മനുഷ്യനും മതങ്ങളും ശ്രമിക്കുന്നത്. യേശു ഏക രക്ഷകനാണെന്ന സത്യത്തിന്റെ അർത്ഥതലങ്ങളെ ദൈവിക വെളിപാടുകളുടെയും ഈശ്വരദാനമായ ബുദ്ധിയുടെയും സഹായത്തോടെ ഗ്രഹിക്കാനുള്ള വിനീതമായ ശ്രമമാണ് ഏതൊരു ക്രൈസ്തവന്റെയും ദൗത്യവും വെല്ലുവിളിയും. തന്റെ വിശ്വാസബോധ്യങ്ങളിൽ നിന്നും വ്യത്യസ്തങ്ങളായ ബോധ്യങ്ങൾ സൂക്ഷിക്കാൻ ഇതര വിശ്വാസികൾക്ക് അവകാശമുണ്ടെന്ന് സമ്മതിച്ചുകൊണ്ടുതന്നെ സ്വന്തം വിശ്വാസത്തിൽ അടിയുറച്ച് വളരാനാണ് സഭ അവളുടെ മക്കളെ ആഹ്വാനം ചെയ്യുന്നത്.

11.3 ഇതര മതാചാരങ്ങളിലെ പങ്കുചേരൽ

ഇതരമതങ്ങളോടുള്ള സഹവർത്തിത്വത്തിൽ സന്നിഗ്ധാവസ്ഥ സൃഷ്ടിക്കുന്ന മറ്റൊരു മേഖലയാണ് അവരുടെ ആചാരങ്ങളിലുള്ള പങ്കുചേരൽ. അമ്പലങ്ങളിൽ നിന്ന് പ്രസാദമായി ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാമോ? നിലവിളക്ക് കത്തിക്കാമോ?, ആയുർവേദ ചികിൽസ നടത്താമോ?, തുളസിച്ചെടി വീട്ടുമുറ്റത്ത് വളർത്താമോ?, എന്നിങ്ങനെ നൂറു കൂട്ടം സംശയങ്ങളാണ് ഇന്നത്തെ കേരള ക്രിസ്ത്യാനികൾക്ക്.

11.3.1 വിഗ്രഹാർപ്പിതഭക്ഷണം

വി. പൗലോസ് ശ്ലീഹാ കോറിന്തോസുകാർക്ക് എഴുതിയ 1-ാം ലേഖനത്തിൽ 8,10 എന്നീ അധ്യായങ്ങളിൽ വിഗ്രഹാർപ്പിത ഭക്ഷണത്തോടു സ്വീകരിക്കേണ്ട മനോഭാവത്തെപ്പറ്റി നൽകുന്ന നിർദ്ദേശങ്ങളാണ് ഈ സംശയങ്ങൾക്കാധാരമായി ചിലർ ചൂണ്ടികാണിക്കുന്നത്. “വിജാതീയർ ബലിയർപ്പിക്കുന്നത് പിശാചിനാണ് ദൈവത്തിനല്ല" (10,20) എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് വിജാതീയ ആചാരങ്ങളെല്ലാം പൈശാചികമാണെന്ന ദുർവ്യാഖ്യാനമാണ് തീവ്രതയുള്ള നവീകരണവാദികൾ നൽകുന്നത്.

കോറിന്തോസ് സഭയിലെ പ്രത്യേക പശ്ചാത്തലത്തിൽ നിന്നു കൊണ്ടുവേണം വിഗ്രഹാർപ്പിത ഭക്ഷണത്തെക്കുറിച്ചുള്ള പൗലോസിന്റെ വിചിന്തനങ്ങൾ മനസിലാക്കാൻ. കോറിന്തോസിലെ വിശ്വാസികളിൽ ചിലർ സാത്താൻസേവ നിലവിലിരുന്ന മതസമ്പ്രദായങ്ങളിൽ നിന്ന് മാനസാന്തരപ്പെട്ടവരായിരുന്നു. പിശാച് സേവയില്ലാത്ത വിജാതീയ സമൂഹങ്ങളിൽ നിന്നും കോറിന്തോസ് സഭയിലേക്ക് പ്രവേശിച്ചവരുമുണ്ട്. വിജാതീയരുടെ ആരാധനകളിൽ മൃഗബലി സാധാരണമായിരുന്നു. വിഗ്രഹങ്ങൾക്കർപ്പിച്ച ഭക്ഷണം പിന്നീട് വിരുന്നുസൽക്കാരങ്ങളിൽ വിളമ്പിയിരുന്നു. വിജാതീയ ഉത്സവങ്ങളിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നവർക്ക്, നസ്രായനിൽ വിശ്വസിച്ചിരുന്നവർ ഉൾപ്പെടെ, വിഗ്രഹങ്ങൾക്കർപ്പിച്ചതിൽ നിന്ന് പാകംചെയ്തെടുത്ത ആഹാരപ്ദാർത്ഥങ്ങൾ പങ്കിടാനുള്ള അവസരങ്ങളുണ്ടായിരുന്നെന്നർത്ഥം.

ഉത്സവവേദികൾക്കു പുറമേയും വിഗ്രഹാർപ്പിത ഭക്ഷണത്തിൽ പങ്കുപറ്റുവാനുള്ള സാഹചര്യം കോറിന്തോസിൽ ഉണ്ടായിരുന്നു. വിജാതീയ ക്ഷേത്രങ്ങളിൽ ഹോമിക്കപ്പെട്ടിരുന്ന മൃഗങ്ങളുടെ എണ്ണം പൂജയ്ക്ക് വന്നിരുന്നവർക്ക് ഭക്ഷിച്ച് തീർക്കാവുന്നതിൽ കൂടുതലായിരുന്നു. ആവശ്യത്തിലധികമുള്ളവ ചന്തയിൽ വില്ക്കുമായിരുന്നു. ഇത്തരം മാംസവും ഭക്ഷിക്കാമോ എന്നതായിരുന്നു സഭയിൽ ഉന്നയിക്കപ്പെട്ട പ്രശ്നം.

വി.പൗലോസ് പ്രശ്നപരിഹാരത്തിനായി മൂന്നു മാനദണ്ഡങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.

(a) "ഭക്ഷണം നമ്മെ ദൈവത്തോടു അടുപ്പിക്കുകയില്ല. ഭക്ഷിക്കാതിരിക്കുന്നതുകൊണ്ട് കൂടുതൽ അയോഗ്യരോ, ഭക്ഷിക്കുന്നതുകൊണ്ട് കൂടുതൽ യോഗ്യരോ ആകുന്നുമില്ല"(8,8). അതായത് വിഗ്രഹാർപ്പിത ഭക്ഷണം അതിൽത്തന്നെ നന്മയും തിന്മയും അല്ലെന്നർത്ഥം.

(b) ശ്ലീഹായുടെ രണ്ടാമത്തെ നിർദ്ദേശം വിഗ്രഹാർപ്പിത ഭക്ഷണം വിജാതീയരുടെ മനോഭാവത്തോടുകൂടെ ഭക്ഷിക്കരുതെന്നാണ്. ഭക്ഷണത്തെക്കാൾ ഭക്ഷിക്കുന്നവന്റെ മനോഭാവമാണ് വിശുദ്ധിയുടെയും അശുദ്ധിയുടെയും അവളവുകോൽ. വിഗ്രഹങ്ങൾക്കർപ്പിച്ച ഭക്ഷണം പ്രത്യേകിച്ചും സാത്താനർപ്പിച്ചവ, വിജാതീയ വിശ്വാസത്തോടെ ഭക്ഷിക്കുമ്പോൾ, ക്രൈസ്തവ വിശ്വാസത്തിന് നിരക്കാത്തതാകുന്നു. പഴയ നിയമത്തിലെ ഇസായേലിന്റെ അവിശ്വസ്തമായ പെരുമാറ്റങ്ങൾക്ക് സമാനമാണത്. ക്രിസ്തുവിനെ മാറ്റി നിർത്തി അന്യദേവന്മാരെ നാഥനായി സ്വീകരിക്കുന്ന രീതി വേശ്യാവൃത്തിക്ക് സമാനമാണ്. ഇതിനാലാണ് വി.പൗലോസ് വിഗ്രഹാർപ്പിത ഭക്ഷണം വിജാതീയ മനോഭാവത്തോടെ സ്വീകരിക്കരുതെന്ന് നിഷ്ക്കർഷിക്കുന്നത്.

(c) വിശ്വാസജീവിതം ഒറ്റപ്പെട്ട യാത്രയല്ല. സാമൂഹിക ജീവിയായ മനുഷ്യൻ മതസമൂഹത്തിലാണ് അവന്റെ വിശ്വാസം ജീവിക്കുന്നത്. അവന്റെ ദുഷ്പ്രവർത്തികൾ സമൂഹത്തിലെ ഇതരഅംഗങ്ങളുടെ വിശ്വാസത്തെ പ്രതികൂലമായി ബാധിക്കാവുന്നതാണ്. ഇടർച്ചവരുത്തുന്നത് മാരകമായ പാപമാകുന്നതും ഈ സാഹചര്യത്തിലാണ്. “സഹോദരന് ഇടർച്ചവരുത്തുന്നവൻ ആരു തന്നെയായാലും കഴുത്തിൽ തിരികല്ല് കെട്ടി, കടലിന്റെ ആഴങ്ങളിൽ എറിയപ്പെടുന്നതാണ് കൂടുതൽ നല്ലത് (മർക്കോ 9,42) എന്ന യേശു വചനം ഓർമ്മിക്കുക. അതുകൊണ്ടാണ് ക്രിസ്തു ശിഷ്യൻ, വിഗ്രഹാലയത്തിൽ ഭക്ഷണത്തിനിരിക്കുന്നതായി ദുർബലമനസ്കൻ കണ്ടാൽ അവന് ഇടർച്ചയ്ക്ക് കാരണമാകുമെന്നതിനാൽ അത് പാപകരമാണെന്ന് വിധിക്കുന്നത്.

മേൽ വിവരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതരമതങ്ങളുടെ ആരാധനാലയങ്ങളിൽ പോയി അവരുടെ പൂജാവിധികളുടെ ഭാഗമായി നടക്കുന്ന പ്രസാദങ്ങളിലെ പങ്കുപറ്റൽ ഒഴിവാക്കണമെന്ന് സഭ നിഷ്കർഷിക്കുന്നു. ഹിന്ദുക്ഷേത്രത്തിൽ പോയി അരവണ പായസം കഴിക്കുന്നതും, ശബരിമലയ്ക്ക് പോകാൻ മാലയിടുന്നതും, കേരള സാഹചര്യത്തിൽ നിഷിദ്ധംതന്നെ. അതേസമയം ക്ഷേത്രങ്ങളിൽ ഭക്തന് പ്രസാദമായി നൽകുന്ന പദാർത്ഥങ്ങൾ ആരാധനയുടെ ചുറ്റുവട്ടത്തിനപ്പുറത്ത് സാഹോദര്യത്തിന്റെ അടയാളമായി നൽകപ്പെടുമ്പോൾ അത് നിഷേധിക്കേണ്ടതില്ലെന്നാണ് സഭയുടെ ചിന്താഗതി. ഓഫീസിലോ മറ്റു ജോലിസ്ഥലങ്ങളിലോ കൊണ്ടുവരുന്ന ഭക്ഷണം മതാത്മകമായ സാഹചര്യത്തിൽ നിന്ന് മാറ്റപ്പെട്ടിരിക്കുന്നതിനാലും സൗഹൃദത്തിന്റെ സൂചകമായതിനാലും ഇടർച്ചയ്ക്ക് കാരണമാകുന്നില്ലെന്നാണ് സഭയുടെ നിലപാട് (Guidelines for Inter-Religious Dialogue, no. 103).

11.3.2 പ്രതീകങ്ങളുടെ പ്രാതിനിധ്യഭാവങ്ങൾ

ഇതരമതാചാരങ്ങളോട് ക്രൈസ്തവർ പുലർത്തേണ്ട മനോഭാവത്തിന്റെ വ്യക്തമായ ചിത്രം ലഭിക്കണമെങ്കിൽ പ്രതീകളെക്കുറിച്ചുള്ള വിചിന്തനങ്ങൾ ആവശ്യമാണ്. ഒരേ സമയം വ്യത്യസ്ത അർത്ഥങ്ങളെ, വൈരുദ്ധ്യാത്മകമായവയെപ്പോലും, പ്രതിനിധാനം ചെയ്യാൻ കെൽപുള്ളതാണ് പ്രതീകങ്ങൾ. ഉദാഹരണമായി ക്രൈസ്തവപാരമ്പര്യത്തിൽ സർപ്പം മരണത്തിന്റെയും ജീവന്റെയും പ്രതീകമാണ്. സംഖ്യയുടെ പുസ്തകം 21-ാം അദ്ധ്യായം 6-ാം വാക്യത്തിൽ വാഗ്ദത്തഭൂമിയിലേക്ക് യാത്രചെയ്തിരുന്ന ഇസ്രായേൽ ജനം ആഗ്നേയസർപ്പങ്ങളുടെ ദംശനമേറ്റ് മരിച്ചതായി വിവരിക്കുന്നുണ്ട്. സർപ്പദംശനമേറ്റവരോട് പിച്ചളകൊണ്ടുണ്ടാക്കിയ സർപ്പത്തെ നോക്കി മരണത്തിൽ നിന്ന് രക്ഷപെടാനാണ് ദൈവം മോശവഴി കൽപിക്കുന്നത് (സംഖ്യ 21,8).

അനുഷ്ഠിക്കുന്ന വ്യക്തിയുടെ മനോഭാവം അനുസരിച്ച് വ്യത്യസ്തങ്ങളായ അർത്ഥങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നു എന്നതും പ്രതീകങ്ങളെ സവിശേഷമാക്കുന്നു. നിലവിളക്ക് കത്തിക്കുന്നത് തന്നെ ഉദാഹരണമായിട്ടെടുക്കാം. ഭാരതത്തിലത് കലാസാംസ്ക്കാരിക പരിപാടികളുടെ നാന്ദികുറിക്കുന്ന ആചാരമായി ഇതു നിലകൊള്ളുന്നു. ഏതൊരു മീറ്റിംഗും ഉദ്ഘാടനം ചെയ്യാനുള്ള ഈ രീതി സാംസ്കാരികമായ ധർമ്മമാണ് നിറവേറ്റുന്നത്. ഇതോടൊപ്പം മതാത്മകമായ മാനവും നിലവിളക്ക് തെളിയിക്കുന്നതിനുണ്ട്. അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കും അസത്യത്തിൽ നിന്ന് സത്യത്തിലേക്കും മർത്യതയിൽ നിന്ന് അമർത്യതയിലേക്കും പ്രവേശിക്കുന്നതിന്റെ അടയാളമായി മതാത്മക മനുഷ്യന് ഈ ചടങ്ങിൽ പങ്കുചേരാം. ഇതിലുപരിയായി ഹൈന്ദവമത വിശ്വാസികൾക്ക് ഒരു പ്രത്യേക ദർശന സാക്ഷാത്കാരവും കൂടിയാകാം നിലവിളക്ക്കത്തിക്കൽ. ശിവന്റെയും പാർവ്വതിയുടെയും ഒത്തുചേരൽ സ്മരിക്കാനും അവർക്ക് ഈ ചടങ്ങ് നിർവ്വഹിക്കാം. അതുപോലെ ക്രൈസ്തവന് ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിന്റെ സാന്നിദ്ധ്യം സ്മരിക്കുന്നതിന്റെ ഭാഗമായി ഈ ചടങ്ങ് നിർവ്വഹിക്കാം. അനുഷ്ഠാനകന്റെ മനോധർമ്മമനുസരിച്ച് ഒരേ പ്രതീകം കൊണ്ട് നാനാർത്ഥങ്ങൾ സൂചിപ്പിക്കുവാൻ പ്രതീകങ്ങൾ ഉപകരിക്കുന്നതിനാൽ വിവിധ മതവിശ്വാസികൾക്ക് അവരുടേതായ അർത്ഥതലങ്ങൾ സൂക്ഷിക്കുമ്പോഴും ഇതരമതവിശ്വാസികളുടെ ആചാരങ്ങളിൽ പങ്കുചേരാൻ സാധിക്കുന്നു.

സ്ഥല വ്യത്യാസമനുസരിച്ചും പ്രതീകത്തിന്റെ അർത്ഥങ്ങളിൽ അന്തരമുണ്ടാകാം. ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന പ്രഭാഷകൻ സദസ്സിന്റെ മുമ്പിൽ നമസ്കരിക്കാറുണ്ട്. അതേ പ്രഭാഷകൻ മതനേതാക്കളുടെ സദസിനെ ആദരിക്കാനും ‘നമസ്കരിക്കുക' എന്ന രീതി അവലംബിച്ചേക്കാം. ആത്മീയ ഗുരുക്കളോടുള്ള വന്ദനം പറച്ചിൽ കേവലം സാംസ്കാരികമായ ചടങ്ങ് മാത്രമല്ല. സാധാരണ പ്രകടിപ്പിക്കുന്ന മനുഷ്യസഹചമായ ബഹുമാനത്തേക്കാൾ ഉന്നതമായ ആത്മീയ സാന്നിധ്യത്തെ അംഗീകരിക്കുന്ന പ്രവൃത്തികൂടിയാണിത്. ഈ പ്രസംഗകൻ ക്രൈസ്തവ വിശ്വാസിയാണെന്നിരിക്കട്ടെ. പരിശുദ്ധകുർബാനയുടെ മുമ്പിലെത്തുമ്പോൾ അയാൾ ശിരസ്സുകുനിച്ച് നമസ്കരിക്കും. ആരാധനാലയത്തിലാകുമ്പോൾ തലകുനിക്കൽ എന്ന ആചാരം തന്റെ സ്രഷ്ടാവും രക്ഷകനുമായ ദൈവത്തെ വാഴ്ത്തുന്നതിന്റെ ബാഹ്യഅടയാളമായി മാറുന്നു. പുറമേ നിന്ന് വീക്ഷിക്കുന്ന ഒരാൾക്ക് പ്രസംഗകൻ ചെയ്യുന്ന ആചാരം ഒന്നു തന്നെയാണെങ്കിലും, വണങ്ങുന്ന വ്യക്തികളുടെയും സ്ഥലത്തിന്റെയും ഭാവഭേദങ്ങളനുസരിച്ച് വിവിധങ്ങളായ അർത്ഥങ്ങളെ ദ്യോതിപ്പിക്കാൻ കഴിയുന്നു. അതുകൊണ്ട് തന്നെ ഇടർച്ചയ്ക്ക് കാരണമാകാതെ ഒരു മതവിശ്വാസിക്ക് അപരന്റെ മതാചാരങ്ങളിൽ പങ്കുചേരാവുന്നതാണ്.

ആചാരങ്ങളിൽ ഉൾച്ചേരുന്ന വ്യക്തികൾ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലും പ്രതീകങ്ങളുടെ അർത്ഥതലങ്ങൾ വികസിക്കാവുന്നതാണ്. ഒരു വൈദികനും ഏതാനും യുവാക്കളും പള്ളിമുറ്റത്തെ ഒതുക്ക് കല്ലുകളിൽ നർമ്മസല്ലാപം നടത്തുന്നു എന്നിരിക്കട്ടെ. ആ സമയം അതിലൊരു യുവാവിന്റെ പിതാവ് അവിടേക്ക് വന്നാൽ അവിടെയിരിക്കുന്ന എല്ലാവരും എഴുന്നേൽക്കുന്നത് സഹജമാണ്. വൈദികൻ എഴുന്നേൽക്കുന്നതിന്റെ അർത്ഥം തന്നെക്കാൾ പ്രായമുള്ള ഒരു അത്മായനെ ആദരിക്കുന്നതാകാം. യുവാക്കൾ എഴുന്നേൽക്കുന്നതോ? കൂട്ടുകാരന്റെ പിതാവിനെ ബഹുമാനിക്കുന്നത് അവർ തമ്മിലുള്ള സൗഹൃദത്തിന്റെ പ്രകാശനം കൂടിയാണ്. ഇതോടൊപ്പം ആ പിതാവിന്റെ മകനും എഴുന്നേൽക്കുന്നുണ്ട്. അത് പുത്രസഹജമായ ആദരവും വിധേയത്വവും പ്രകടമാക്കുവാനാണ്. ഇങ്ങനെ ആചാരം ഒന്നുതന്നെയാണെങ്കിലും വിവിധ അർത്ഥങ്ങളുടെ ആഘോഷമാക്കിമാറ്റാൻ പ്രതീകങ്ങൾക്ക് സാധിക്കുന്നു. വിവിധ മതാചാരങ്ങളിൽ സ്വതനിമ നഷ്ടപ്പെടാതെ പങ്കുചേരാൻ മനുഷ്യന് സാധിക്കുമെന്നതിന് ഇതിലേറെ ഉദാഹരണങ്ങൾ ആവശ്യമില്ലല്ലോ.

ഇതരമതാചാരങ്ങളോടു പുലർത്തേണ്ട മനോഭാവത്തെപ്പറ്റിസഭയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. "അന്ധവിശ്വാസത്തോടും അബദ്ധാചാരങ്ങളോടും കെട്ടു പിണഞ്ഞ് കിടക്കാത്ത പ്രതീകങ്ങളെ ആവശ്യമെങ്കിൽ ആരാധനാക്രമത്തിൽ പോലും ഉൾച്ചേർക്കാമെന്ന് രണ്ടാം വത്തിക്കാൻ കൗൺസലിന്റെ ആരാധനക്രമം എന്ന രേഖയിലെ 37-ാം ഖണ്ഡിക പറയുന്നു. മതാന്തര സംവാദത്തിനായുള്ള ഇൻഡ്യൻ ബിഷപ്സ് കോൺഫറൻസിന്റെ മാർഗ്ഗനിർദ്ദേശങ്ങളും ഇവിടെ പരാമർശാർഹമാണ്.

“ഓരോ മതത്തിന്റെയും പ്രതീകങ്ങൾക്കുള്ള തനിമ വിലകുറച്ചു കാണുന്നതോ അവയെ അന്ധമായി അനുകരിക്കുന്നതോ ആയ മനോഭാവം ശരിയല്ല. മതപാരമ്പര്യങ്ങളെയും സംസ്കാരങ്ങളെയും ആദരിക്കാത്ത ഇത്തരം ചെയ്തികൾ സംവാദത്തെ ബാധിക്കും. വിവിധ മതങ്ങളുടെ പ്രാർത്ഥനകളിൽ സംബന്ധിക്കാനും പൂജ്യസ്ഥലങ്ങൾ സന്ദർശിക്കാനും, ചടങ്ങുകളിൽ പങ്കുകൊള്ളാനും അവസരമുണ്ടാകുമ്പോൾ അതിലെ തീർത്തും മതാത്മകമായ ആചാരങ്ങളിൽ പ്രസ്തുത മതവിശ്വാസികൾ ആരാധനക്കായി സ്വീകരിക്കുന്ന അതേ നിലപാടുകൾ നമ്മളും സ്വീകരിക്കേണ്ടതില്ല. അത് തെറ്റിദ്ധാരണയ്ക്കും ഉതപ്പിനും കാരണമാകാം. അതേസമയം ചടങ്ങിന്റെ പവിത്രതയും അവരുടെ വിശ്വാസവും കണക്കിലെടുത്ത് ആത്മീയ ഇടങ്ങളിലും കർമ്മങ്ങളിലും സ്വീകരിക്കേണ്ട ബഹുമാനത്തിന്റെ പൊതുമുറകൾ പാലിക്കേണ്ടതാണ്.(Guidelines for inter religious dialogue,nos, 101-103).

വിവിധ മതങ്ങളിൽ ഈശ്വരനുമായി ബന്ധപ്പെടാൻ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ആചാരാനുഷ്ഠാനങ്ങളിലും പ്രാർത്ഥനകളിലും പങ്കുകൊള്ളുന്നതിൽ അനൗചിത്യമില്ലെന്ന് 1986 ഒക്ടോബറിൽ അസീസ്സിയിൽ നടന്ന ലോകസമാധാന പ്രാർത്ഥനയിലൂടെ ജോൺ പോൾ രണ്ടാമൻ പാപ്പാ വ്യക്തമാക്കി. ആ വർഷം തന്നെ റോമൻ കാര്യലയത്തിലെ അംഗങ്ങൾക്ക് നൽകിയ ക്രിസ്തുമസ് സന്ദേശത്തിൽ ഇതര മതങ്ങളുമായി പ്രാർത്ഥനയിൽ കഴിയുന്നതിന്റെ ദൈവശാസ്ത്രപരമായ കാരണങ്ങളും പാപ്പാ സൂചിപ്പിച്ചു. എല്ലാ മനുഷ്യന്റെയും ഹൃദയത്തിൽ കുടികൊള്ളുന്ന പരിശുദ്ധാത്മാവാണ് യഥാർത്ഥമായ പ്രാർത്ഥനയുടെ ഉറവിടം. ഉത്തമമായി പ്രാർത്ഥിക്കുന്നവരിലെല്ലാം സന്നിഹിതമാകുന്നത് പരിശുദ്ധാത്മാവായതിനാൽ പ്രാർത്ഥനയിൽ വിവിധ മതവിശ്വാസികൾ ഒന്നുചേരുന്നതിൽ അപാകതയില്ല. (Address to the Roman Curia, no, 11).

ഓരോ മതത്തിന്റെയും ലോകവീക്ഷണങ്ങളും പ്രതീകങ്ങളും ഇതരരിൽ നിന്ന് വ്യതിരിക്തമാണെങ്കിലും അവയെല്ലാം പ്രതിനിധീകരിക്കുന്നത് അഭൗമികമായ ഈശ്വരസത്തയുമായി ഐക്യത്തിലാകുവാനുള്ള മനുഷ്യാത്മാവിന്റെ ആന്തരികമായ ദാഹമാണ്. അനുഭൂതിയുടെ തലത്തിലുള്ള ഈ ഒന്നിപ്പ് വിവിധ മതാചാരാനുഷ്ഠാനങ്ങളെ പരസ്പരപൂരകങ്ങളാക്കുന്നു. പ്രതീകങ്ങളുടെ ആന്തരികതയിൽ നിലനിൽക്കുന്ന ഈ ബന്ധം വിവിധ മതവിശ്വാസികൾ പരസ്പരം പ്രാർത്ഥനയിൽ ഉൾച്ചേരുന്നത് സാധ്യമാക്കുന്നു (M. Dhavamony, Toward a Theology of Dialogue in inter religious Ritual Participation, Bulletin Pontificium Consilium Pro Dialogo Inter Religiones 25, 1990.)

ഇതരമതങ്ങളോടുള്ള ക്രൈസ്തവ സമീപനം ആരോഗ്യകരമാക്കുന്നതിന് ഉരുത്തിരിഞ്ഞ വീക്ഷണങ്ങളെ ഏതാണ്ടിങ്ങനെ സംഗ്രഹിക്കാം. സാർവ്വത്രികമായി ഒരു രക്ഷാകര പദ്ധതിയേഉള്ളൂ. അതിന്റെ കേന്ദ്രബിന്ദു ക്രിസ്തുവാണ്. ക്രിസ്തുവിന്റെ രക്ഷ വിവിധ സംസ്കാരങ്ങളിൽ ജീവിക്കുന്ന ജനപഥങ്ങളിൽ എത്തിച്ചേരുന്നതിന് തനതു സംസ്കാരങ്ങളിലെ ആത്മീയ സമ്പത്തുകൾ അവർക്ക് മാർഗമായിഭവിക്കുന്നു. ചരിത്രപുരുഷനായ യേശുക്രിസ്തുവിൽ വെളിപ്പെടുത്തപ്പെട്ട സത്യങ്ങളോടു പൊരുത്തപ്പെട്ടു പോകുന്നതായി ഇതരമതങ്ങളിൽ കാണുന്ന മൂല്യങ്ങൾ ക്രിസ്തുവിൽ നിന്നു പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ രൂപപ്പെടുന്നവയാണെന്ന് സഭ വിശ്വസിക്കുന്നു. ദൃശ്യസഭയ്ക്ക് പുറമെ ആത്മാവ് പ്രവർത്തനനിരതമായതിനാലും, നിത്യവചനമായ യേശു എല്ലാ മതസംസ്കാരങ്ങളിലും നിവസിക്കുന്നതിനാലും ക്രിസ്തുവിന്റെ രക്ഷാകരപ്രവൃത്തി പ്രപഞ്ചത്തെ മുഴുവൻ പിതാവുമായി അനുരഞ്ജനപ്പെടുത്തിയിട്ടുള്ളതിനാലും ഇതരമതങ്ങളും യേശുവിനെ അറിയാൻ സഹായകമാണ്.

ക്രിസ്തുവിലുള്ള അനന്യമായ വിശ്വാസം ഏറ്റുപറയുമ്പോഴും ഇതരമാദ്ധ്യസ്ഥങ്ങളെ ആദരവോടെ കാണാൻ ഉതകുന്ന സുവിശേഷാത്മകമായ ശൈലി രൂപപ്പെടുത്തുകയാണ് മതാന്തര സമ്പർക്കരംഗത്തെ വലിയ വെല്ലുവിളി. യുക്ത്യാധിഷ്ഠിതവും ആശയപ്രധാനവുമായ ഭാഷയേക്കാൾ പ്രതീകാത്മകതയിലൂടെ അനുഭവസ്ഥമാകുന്ന ഈശ്വര സായുജ്യത്തിന്റെ അനുഭവഭാഷ മതവിശിവാസികളെ തമ്മിൽ അടുപ്പിക്കും.

ഇതരമതങ്ങളിലെ രക്ഷ ചില ചോദ്യങ്ങൾ ഇതരമതങ്ങളുടെ രക്ഷാകരമൂല്യം സത്യങ്ങളിലെ വൈവിധ്യത ശാസ്ത്രീയ സത്യങ്ങൾ വിശ്വാസ സത്യങ്ങൾ. കേവലസത്യം ഇതര മതാചാരങ്ങളിലെ പങ്കുചേരൽ വിഗ്രഹാർപ്പിതഭക്ഷണം പ്രതീകങ്ങളുടെ പ്രാതിനിധ്യഭാവങ്ങൾ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message