x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

വിശ്വാസത്തെ വെല്ലുവിളിക്കുന്ന വിഘടിത വിഭാഗങ്ങള്‍

Authored by : Mar Joseph Pamplany On 10-Sep-2020

വിശ്വമതങ്ങളില്‍ പലതും മാതൃമതത്തിലെ സെക്ടുകളായാണ് ഉത്ഭവിച്ചിട്ടുള്ളത്. ബുദ്ധമതവും സിക്കുമതവും ഹിന്ദുമതത്തിനുള്ളില്‍ രൂപംകൊണ്ട ആത്മീയ പ്രസ്ഥാനങ്ങളായിരുന്നു. ക്രിസ്തുമതമാകട്ടെ യഹൂദമതത്തിലെ ഒരു ഉപവിഭാഗമായാണ് രൂപം കൊണ്ടത്. നവീനമതങ്ങളുടെ ഉത്ഭവത്തിനു നാന്ദിയായി സെക്ടുകളുടെ ആവിര്‍ഭാവത്തെ വിലയിരുത്താമെന്നു സാരം. എന്നാല്‍ ബഹുഭൂരിപക്ഷം സെക്ടുകളും അവയുടെ ഉപജ്ഞാതാക്കളുടെ കാലത്തോടെ കാലഹരണപ്പെടുന്നു. ചിലവ ഏന്തിയും മുടന്തിയും അല്പകാലം കൂടി പിടിച്ചു നില്‍ക്കും. എന്നാല്‍ ചില സെക്ടുകളാകട്ടെ പടര്‍ന്നു പന്തലിച്ച് നവീനവിഭാഗങ്ങളായി രൂപപ്പെടുന്നു. കേരളത്തില്‍ അടുത്തകാലത്ത് ആത്മീയ പ്രസ്ഥാനങ്ങളായി രംഗപ്രവേശനം ചെയ്യുകയും കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെ എതിര്‍ത്തുകൊണ്ട് വിഘടിത ഗ്രൂപ്പുകളായി രൂപമാറ്റം നേടുകയും ചെയ്ത എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റ്, സ്പിരിറ്റ് ഇന്‍ ജീസസ്സ്, ആത്മാഭിഷേക സഭ, സ്വര്‍ഗ്ഗീയവിരുന്ന്, അപ്പര്‍ റൂം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ സെക്ടുകള്‍ക്ക് പ്രകടമായ ദൃഷ്ടാന്തങ്ങളാണ്.
കത്തോലിക്കാവിശ്വാസത്തില്‍ സെക്ടുകളോടും ഇതരസഭകളോടുമുള്ള സമീപനം വ്യത്യസ്തമാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ ആശയം സ്പഷ്ടമാക്കുന്നുണ്ട്. "മാമ്മോദീസാ സ്വീകരിച്ച സകല ക്രൈസ്തവരെയും "കര്‍ത്താവില്‍ സഹോദരീസഹോദരന്മാരാ"യി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അഭിസംബോധന ചെയ്യുന്നുണ്ടെങ്കിലും സെക്ടുകളെയും കപട ആത്മീയപ്രസ്ഥാനങ്ങളെയും ക്രൈസ്തവസമൂഹങ്ങളായി കരുതാനോ അവയുമായി സഭൈക്യസംഭാഷണങ്ങളില്‍ ഏര്‍പ്പെടാനോ സാധിക്കില്ല." (Ecclesia America, 3). സഭൈക്യശ്രമങ്ങളില്‍ സകല ക്രൈസ്തവസമൂഹങ്ങള്‍ക്കും ഭീഷണിയാണ് സെക്ടുകള്‍ എന്നും പാപ്പാ നിരീക്ഷിക്കുന്നു (Redemptoris Missio, 47). തന്മൂലം സഹവര്‍ത്തിക്കേണ്ട സഹോദരസമൂഹമായി സെക്ടുകളെ കരുതാന്‍ കത്തോലിക്കാ വിശ്വാസത്തില്‍ സ്ഥാനമില്ല.

സെക്ടുകളുടെ സവിശേഷതകള്‍


സെക്ടുകള്‍ വിശ്വാസത്തിലും ആചാരത്തിലും വ്യത്യസ്തരാണെങ്കിലും ചില പൊതുസ്വഭാവങ്ങള്‍ അവയില്‍ ദര്‍ശിക്കാനാകും.

ഒന്നാമതായി, ലിഖിതവചനമായ ബൈബിളിന്‍റെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനവും അലിഖിത വെളിപാടായ വിശുദ്ധ പാരമ്പര്യങ്ങളോടുള്ള സന്ധിയില്ലാത്ത എതിര്‍പ്പും സെക്ടുകളുടെ പൊതുസ്വഭാവമാണ്. ബൈബിളിലെ ചില വിവരണങ്ങളെ മാത്രം സാഹചര്യത്തില്‍ നിന്നും അതിന്‍റെ പ്രതീകാത്മക അര്‍ത്ഥത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് നിക്ഷിപ്ത താല്‍പര്യത്തോടെ വ്യാഖ്യാനിക്കുക എന്നത് സെക്ടുകളുടെ തനതു സ്വഭാവമാണ്. പൂര്‍വ്വപിതാക്കന്മാരുടെ വംശാവലിയിലെ പ്രായം കണക്കുകൂട്ടി ഭൂമിയുടെ പഴക്കം നിശ്ചയിക്കുക, വെളിപാടു പുസ്തകത്തിലെ പ്രതീകങ്ങളെ വ്യാഖ്യാനിച്ച് ലോകാവസാനത്തിന്‍റെ കൃത്യതിയതി പ്രവചിക്കുക, ലേവ്യരുടെ ശുദ്ധാശുദ്ധിയുടെ നിയമങ്ങള്‍ മാത്രം അടിസ്ഥാനമാക്കിയുള്ള സാമൂഹ്യജീവിതക്രമം നിര്‍ദ്ദേശിക്കുക തുടങ്ങിയ അനേകം വ്യാഖ്യാനവൈരുദ്ധ്യങ്ങള്‍ സെക്ടുകളുടെയിടയില്‍ സാധാരണമാണ്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ വചനഭാഗങ്ങളെ തിരസ്കരിക്കാനാണ് പൊതുവേ ഇക്കൂട്ടര്‍ താല്‍പര്യപ്പെടുന്നത്. ബൈബിള്‍ വ്യാഖ്യാനത്തിലെ നവീന തത്വങ്ങളെയും ദൈവശാസ്ത്ര ചിന്താധാരകളെയും ഇവര്‍ സമ്പൂര്‍ണ്ണമായി നിഷേധിക്കുന്നു.

രണ്ടാമതായി, തങ്ങളുടെ വരുതിയിലായ വ്യക്തികളെ സാമൂഹിക സമ്പര്‍ക്കത്തില്‍നിന്നും സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നും അകറ്റിനിര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. വിശേഷിച്ചും മാതൃസഭയിലെ അംഗങ്ങളുമായുള്ള ബന്ധം ഒഴിവാക്കാനും അവരുമായി സമ്പര്‍ക്കത്തിനുള്ള സകല സാധ്യതകളും അടച്ചുകളയാനും സെക്ടുകളുടെ നേതൃത്വം ബോധപൂര്‍വ്വം പരിശ്രമിക്കുന്നു. ഉദാഹരണമായി, എമ്മാനുവേല്‍ എംപറര്‍ ട്രസ്റ്റിന്‍റെ ധ്യാനത്തില്‍ പങ്കെടുക്കുന്നവരെക്കൊണ്ട് കത്തോലിക്കാസഭയുമായുള്ള ബന്ധം വിച്ഛേദിച്ചതിന്‍റെ സാക്ഷ്യപത്രം ഒപ്പിട്ടു മേടിക്കുകയും അതിന്‍റെ ഓരോ കോപ്പി ബന്ധപ്പെട്ട രൂപതാധ്യക്ഷന് അയച്ചുകൊടുക്കുകയും ചെയ്തു വരുന്നു. പലരൂപതകളിലും പത്തും ഇരുപതും വ്യക്തികളുടെ സാക്ഷ്യപത്രങ്ങള്‍ വീതം ഒരേ വാചകത്തിലും രൂപത്തിലും ലഭിച്ചിട്ടുണ്ട്. അണികള്‍ക്ക് മാതൃസഭയുമായി ബന്ധപ്പെടാനുള്ള സകല പഴുതുകളും അടയ്ക്കുക എന്ന നേതൃത്വത്തിന്‍റെ ചാണക്യബുദ്ധിയാണ് ഈ സാക്ഷ്യപത്രത്തിലൂടെ വെളിപ്പെടുന്നത് സാമൂഹ്യബന്ധങ്ങള്‍ ഒഴിവാക്കുന്നതിനായി പാട്ട്, ഡാന്‍സ്, സിനിമ, സ്പോര്‍ട്സ് തുടങ്ങിയവയെല്ലാം പാപമാണെന്ന് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. ആഭരണങ്ങള്‍ പരിത്യജിച്ച് അവ വിറ്റ തുക സമര്‍പ്പിക്കാനും രോഗം വന്നാല്‍ ചികിത്സിക്കാതിരിക്കാനും ഉപദേശം നല്‍കുന്ന ഗ്രൂപ്പുകളുണ്ടല്ലോ. തങ്ങളുടെ വിശ്വാസസംഹിത അംഗീകരിക്കാത്ത കുടുംബാംഗങ്ങളെപ്പോലും ശത്രുതയോടെ വീക്ഷിക്കാന്‍ ഇവര്‍ പ്രേരണ നല്‍കുന്നു.

മൂന്നാമതായി, സഭാനേതൃത്വത്തെ അടച്ചാക്ഷേപിക്കുകയും ദൈവമല്ലാതെ മറ്റൊരു നേതാവില്ല എന്ന പ്രബോധനം നല്‍കുകയും ചെയ്യുന്നവരാണിവര്‍. എന്നാല്‍, വ്യവസ്ഥാപിത സഭാനേതൃത്വത്തെ എതിര്‍ക്കാന്‍ പഠിപ്പിക്കുന്ന സെക്ടുകളുടെ നേതാവ് പലപ്പോഴും അണികളുമേല്‍ സര്‍വ്വാധിപത്യം പുലര്‍ത്തുന്നു എന്നതാണ് വൈരുദ്ധ്യം. ചോദ്യംചെയ്യപ്പെടാത്ത അനുസരണമാണ് ഈ നേതാക്കന്മാര്‍ തങ്ങളുടെ അനുയായികളില്‍ നിന്ന് ആവശ്യപ്പെടുന്നത്. സമ്പത്ത് എന്തുചെയ്യണം, ഏതു ബിസിനസ്സ് തുടങ്ങണം, ആരെ വിവാഹം കഴിക്കണം, എപ്പോള്‍ വിവാഹം കഴിക്കണം, എവിടെ എപ്പോള്‍ വീടു പണിയണം തുടങ്ങിയ സകലകാര്യങ്ങളിലും നിര്‍ബന്ധിത കല്‍പനകള്‍ നല്‍കുന്നതില്‍ സെക്ടുകളുടെ നേതാക്കന്മാര്‍ അതീവ തല്പരരാണ്. ദൈവഹിതം നേരിട്ട് അറിയാന്‍ കഴിവുള്ള തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ദൈവകല്‍പനകളായി അനുസരിക്കണമെന്നാണ് ഇവരുടെ നിലപാട്. അനുയായികളുടെ സമ്പത്തില്‍ നല്ലൊരു പങ്ക് ദശാംശം എന്ന പേരില്‍ നേതൃത്വം കൈക്കലാക്കുകയും ചെയ്യുന്നു. നേതാവിന്‍റെ പ്രബോധനങ്ങളും നിര്‍ദ്ദേശങ്ങളും നിരസിക്കുന്നവര്‍ക്ക് പലവിധ സമ്മര്‍ദ്ദങ്ങളും ഭീഷണികളും നേരിടേണ്ടി വരുന്നു. മുഖ്യധാരാസഭകളിലെ വൈദികനേതൃത്വത്തെ ആക്ഷേപിച്ചുകൊണ്ട് ആരംഭിക്കുന്ന സെക്ടുകള്‍ നേതാവിന്‍റെ ഏകാധിപത്യത്തില്‍ ഞെരിഞ്ഞമരുന്നു എന്നതാണ് സങ്കടകരമായ സത്യം.

നാലാമതായി, തങ്ങളുടെ പ്രബോധനങ്ങളോട് ഒത്തുപോകാത്ത സകല പ്രബോധനങ്ങളെയും ഇവര്‍ പിശാചിന്‍റെ പ്രബോധനങ്ങളായാണ് അവതരിപ്പിക്കുന്നത്. തങ്ങള്‍ മാത്രം ശരിയും മറ്റെല്ലാവരും തെറ്റും എന്നതാണ് ഇവരുടെ നയം. തങ്ങളുടെ പ്രബോധനം സ്വീകരിക്കാത്ത സകലരും നശിക്കും എന്നതാണ് ഇവരുടെ നിലപാട്. ഉദാഹരണമായി, എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റിന്‍റെ പേടകത്തില്‍ പ്രവേശിച്ച് ധ്യാനം കൂടുന്ന ആദ്യത്തെ 1,44,000 പേര്‍ മാത്രമേ രക്ഷപ്രാപിക്കുകയുള്ളൂ എന്ന് അവര്‍ അവകാശപ്പെടുന്നു. സ്പിരിറ്റ് ഇന്‍ ജീസസ് പ്രസ്ഥാനവും ഇതിനുസമാനമായ പ്രബോധനമാണ് നടത്തുന്നത്. തങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കാത്ത സകലരും നാശത്തിന്‍റെ പാതയിലാണെന്ന് ഇവര്‍ വാദിക്കുന്നു. അണികളുടെ വിവേകത്തെയും വിവേചന ശക്തിയെയും നിഷേധിക്കുന്ന ഇത്തരം അവകാശവാദങ്ങളിലൂടെ സ്വയംകൃത പ്രബോധനങ്ങളെ ദൈവിക അരുളപ്പാടുകളായി അവതരിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്കു കഴിയുന്നു. മുഖ്യധാരാസഭകളുടെ പ്രബോധനങ്ങളെല്ലാം പൈശാചികമോ മാനുഷികമോ ആയ പ്രബോധനങ്ങളാണെന്നും അപ്പസ്തോലന്മാരുടെ കാലശേഷം നഷ്ടപ്പെട്ടുപോയ സത്യം "വീണ്ടും കണ്ടെത്തിയ" അഭിനവ മിശിഹാമാരാണ് തങ്ങളെന്നും ഇക്കൂട്ടര്‍ അവകാശപ്പെടുന്നു.അപ്പസ്തോലിക കാലത്തുനിന്നും അഭിനവ കാലത്തേക്കുള്ള ചാട്ടത്തില്‍ സഭയുടെ സകല പാരമ്പര്യങ്ങളെയും ഇവര്‍ പാപമായി പരിഗണിക്കുന്നു. അപ്പസ്തോലിക കാലം വീണ്ടും തുടരുന്നത് തങ്ങളിലൂടെയാണ് എന്നതാണ് ഇവരുടെ അവകാശവാദം.

അഞ്ചാമതായി, മനുഷ്യപ്രകൃതിയുമായി ബന്ധപ്പെട്ട സകലതിനെയും പാപമായി ചിത്രീകരിക്കുന്ന പ്രവണത സെക്ടുകളുടെ പൊതു സ്വഭാവമാണ്. മനുഷ്യന്‍ എന്നത് സമ്പൂര്‍ണ്ണ പാപമാണെന്നും അവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും പേര്‍ മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നും ഇവര്‍ വാദിക്കുന്നു. മാനുഷികതയെ പാപമായി പരിഗണിക്കുന്നതിനാല്‍ മാനുഷികതയുടെ ഭാഗമായ ലൈംഗികതയുമായി ബന്ധപ്പെട്ട് ഒട്ടനവധി അബദ്ധ ധാരണകള്‍ ഇവര്‍ പ്രചരിപ്പിക്കുന്നു. ലൈംഗീക പാപങ്ങളെ മാത്രം അതിഭീകരമായി ചിത്രീകരിക്കുക എന്നത് ഇവരുടെ സവിശേഷതയാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത സകലതിലും ലൈംഗീകതയുടെ പാപം ആരോപിക്കാന്‍ ഇവര്‍ക്കു പ്രയാസമില്ല. നിലവിളക്കില്‍ ലിംഗ-യോനി സംഗമവും എണ്ണത്തിരിയില്‍ കത്തുന്ന കാമഭാവങ്ങളും വായിച്ചെടുക്കാന്‍ ഇവര്‍ക്കു കഴിയുന്നു. ആന്തൂറിയം പുഷ്പത്തെ അശ്ലീലമായി കരുതുന്ന ഇവര്‍ ചെമ്പരത്തിപ്പൂവില്‍ ലൈംഗികാവയവത്തിന്‍റെ പ്രതിഛായ കണ്ടെത്തുന്നു. പുരയുടെ മൂലയോടിന് താങ്ങായി "ഓടുതാങ്ങി" ഉപയോഗിക്കുന്നത് പാപമാണെന്നു പഠിപ്പിച്ച വ്യക്തി അതിന്‍റെ കാരണം വിശദീകരിച്ചതിങ്ങനെയാണ്. ഓടുതാങ്ങിയുള്ള അറ്റം പാമ്പിന്‍റെ തലപോലെ വളഞ്ഞിരിക്കുന്നു. പാമ്പ് ലൈംഗികതയുടെ പ്രതീകമാകയാല്‍ ഓടുതാങ്ങിയുടെ വീട് ജഡികാസക്തിയുടെ കേന്ദ്രമാണത്രേ. തലവേദനയ്ക്കു പുരട്ടുന്ന വിക്സ് പിശാചിന്‍റെ കാഷ്ടമാണെന്നും അതുപയോഗിക്കുന്നവര്‍ക്ക് ആസക്തികള്‍ വര്‍ദ്ധിക്കുമെന്നും പഠിപ്പിക്കുന്ന പ്രബോധകരും ഇന്നു കേരളത്തില്‍ സജീവമാണ്. പാമ്പിന്‍റെ ചിത്രീകരണമുള്ള കൊന്തകളും ഭക്തവസ്തുക്കളും വ്യാപകമായി അഗ്നിക്കിരയാക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതും ഇതേ ചിന്താധാരയുടെ തുടര്‍ച്ചയാണ്.

ആറാമതായി, സെക്ടുകളിലെ അംഗത്വം സമൂഹത്തിലെ വരേണ്യ വര്‍ഗ്ഗത്തിലേക്കുള്ള പ്രവേശനമാര്‍ഗ്ഗമായി കരുതപ്പെടുന്നു. ലയണ്‍സ് ക്ലബ്ബും റോട്ടറി ക്ലബ്ബുമൊക്കെ സമൂഹത്തിലെ സ്റ്റാറ്റസ് സിമ്പലുകളാകുന്നതു പോലെ പല സെക്ടുകളും വരേണ്യ വര്‍ഗ്ഗത്തിന്‍റെ സ്വൈര വിഹാര കേന്ദ്രങ്ങളായി മാറുന്നുണ്ട്. പല സെക്ടുകളും അവയുടെ ശ്രേഷ്ഠ അംഗത്വം സമ്പന്നര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവരുടെ സാക്ഷ്യവും പ്രകടനവും വഴി സാധാരണക്കാരായവരെ മുന്നണിപ്പോരാളികളായി ഇവര്‍ നേടിയെടുക്കുന്നു. ചാവേറുകളെപ്പോലെ പ്രസ്ഥാനത്തിനു വേണ്ടി പൊരുതുന്ന ഈ മുന്നണിപ്പോരാളികള്‍ക്ക് ഒരിക്കലും പ്രസ്ഥാനത്തിന്‍റെ അകത്തളങ്ങളിലോ അധികാര കേന്ദ്രങ്ങളിലോ പ്രവേശനം ലഭിക്കുകയില്ല. അമേരിക്കയിലെ സെക്ടുകളുടെയിടയില്‍ നടത്തപ്പെട്ട സര്‍വ്വേയില്‍ സെക്ടുകളിലെ 51% ആളുകള്‍ ബിരുദാനന്തര ബിരുദധാരികളാണത്രേ 34% ആളുകള്‍ ഉന്നത ഉദ്യോഗസ്ഥരും 31% ആളുകള്‍ വ്യവസായ പ്രമുഖരുമാണ്. ഇവരില്‍ ഭൂരിപക്ഷത്തിനും വാര്‍ഷികാദായം രണ്ടു ലക്ഷം ഡോളറിനുമേല്‍ (1 കോടിയില്‍ പരം രൂപ) ഉള്ളവരാണ്. മുഖ്യധാരാസഭകളില്‍ നിന്നും ലഭിക്കാത്ത അംഗീകാരവും സ്വാതന്ത്ര്യവും നിയന്ത്രണാധികാരവും ലഭിക്കുന്നതിനാല്‍ സ്വൈരവിഹാരം കാംക്ഷിക്കുന്ന വരേണ്യ വര്‍ഗ്ഗം സെക്ടുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നതാണ് വസ്തുത.

ഏഴാമതായി, വിഘടിത ഗ്രൂപ്പുകളിലെ അംഗങ്ങള്‍ സംഘാതമായ ഒരു മാനസികഘടന (collective mind set up) രൂപപ്പെടുത്തുന്നു എന്നത് ശ്രദ്ധേയമാണ്. വ്യക്തികള്‍ സ്വതന്ത്രമായി ചിന്തിക്കാതെ നേതാവിന്‍റെ ചിന്തയുടെ പ്രചാരകരായി മാറുന്നു എന്നതാണ് ഈ മാനസിക ഘടനയുടെ പ്രത്യേകത. സ്വതന്ത്രമായി ചിന്തിക്കാന്‍ അനുവാദമില്ലാത്ത അണികള്‍ നേതാവ് നല്‍കുന്ന പ്രബോധനങ്ങള്‍ അവ എത്രകണ്ട് യുക്തിരഹിതമാണെങ്കിലും അന്ധമായി വിശ്വസിച്ച് ഏറ്റു പറയുന്നു. ഉദാഹരണമായി, നരകം എന്നത് ഭൂമിക്കുള്ളിലെ കൊടും ചൂടുള്ള അഗ്നിത്തടാകമാണെന്നും അഗ്നിപര്‍വ്വതം പൊട്ടുമ്പോള്‍ പുറത്തുവരുന്ന ലാവ നരകത്തില്‍ നിന്നുള്ള ഉഷ്ണപ്രവാഹമാണെന്നും പ്രസ്തുത ലാവകളില്‍ ചാവാത്ത പുഴുക്കളെ കാണാനാകുമെന്നും എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റിന്‍റെ നേതാവ് പഠിപ്പിക്കുന്നു. നരകം ഭൗമികമാണെങ്കില്‍ യുഗാന്ത്യത്തില്‍ നരകവും ഇല്ലാതാകില്ലേ എന്ന സാമാന്യ യുക്തിപോലും നിഷേധിക്കുന്ന ഈ വ്യാഖ്യാനം അനുയായികള്‍ കണ്ണടച്ചു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. അഗ്നിപര്‍വ്വതത്തടാകത്തില്‍ വെന്തുരുകുന്ന അനേകകോടി ആത്മാക്കളുടെ നിലവിളിപോലും റെക്കോര്‍ഡുചെയ്തു കേള്‍പ്പിക്കാന്‍ ഈ പ്രസ്ഥാനത്തിന്‍റെ നേതാവിനു കഴിയുന്നു. നരകത്തിലെ ചൂട് 6000 ഡിഗ്രിയാണെന്നും ഈ മാന്യദ്ദേഹം അര്‍ത്ഥശങ്കയില്ലാതെ പ്രസ്താവിക്കുന്നു. ശാസ്ത്രീയജ്ഞാനം എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന ഇത്തരം പ്രചാരണങ്ങളും അണികള്‍ അക്ഷരശ്ശഃ വിശ്വസിക്കുന്നതിനെ മസ്തിഷ്ക പ്രക്ഷാളനം എന്നല്ലാതെ മറ്റെന്താണു പറയേണ്ടത്. പുതിയ പ്രസ്ഥാനത്തില്‍ അംഗമാകുന്നതിനു മുമ്പ് തങ്ങള്‍ ചെയ്ത സകല കാര്യങ്ങളെക്കുറിച്ചും കുറ്റബോധം ജനിപ്പിച്ചും രോഗങ്ങളെ പാപംമൂലമാണെന്നു വ്യാഖ്യാനിച്ചു ഭീഷണിപ്പെടുത്തിയും നേതൃത്വം അണികളുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നു.

Separatist groups that challenge faith challenge in faith sects Mar Joseph Pamplany Emperor Emmanuel Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message