x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ മത ശാസ്ത്ര സംവാദം

യുഗാന്ത്യ ദൈവശാസ്ത്രം ശാസ്ത്രപീഠത്തില്‍

Authored by : Dr. Augustine Pamplany On 28-May-2021

യുഗാന്ത്യ ദൈവശാസ്ത്രം ശാസ്ത്രപീഠത്തില്‍


യുഗാന്തദര്‍ശനം: പ്രാപഞ്ചികമായ സര്‍വ്വാതിശായികത്വം(Eschatology as cosmic transcendence)


ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ക്രിസ്തുവും പുനരുത്ഥാനവും യുഗാന്തപരമായ പൂര്‍ണ്ണതയെ അതിന്‍റെ സത്താപരവും കാലബന്ധിയുമായ തലങ്ങളില്‍ സ്ഥിരീകരിക്കുന്നു. ക്രിസ്തീയയുഗാന്തദര്‍ശനം പ്രാഥമികമായും, "എല്ലാ മുഖങ്ങളില്‍ നിന്നും കണ്ണുനീര്‍ തുടച്ചുമാറ്റുന്ന" (ഏശ.25:8) ദൈവത്തിന്‍റെ യുഗാന്തദര്‍ശനമാണ്. വെളിപാടിന്‍റെ പുസ്തകത്തിലും മത്തായി 25-ലെ യുഗാന്തവിവരണത്തിലുമെല്ലാം ഊന്നിപ്പറയുന്നത് അതിന്‍റെ വ്യക്തിപരവും സാമൂഹികവുമായ തലങ്ങളാണ്. യുഗാന്തദര്‍ശനത്തിന്‍റെ പ്രാപഞ്ചികപ്രാധാന്യത്തെ നാം മുമ്പ് ചര്‍ച്ചചെയ്തിട്ടുണ്ട്. ശാസ്ത്രീയവും ദൈവശാസ്ത്രപരവുമായ യുഗാന്തദര്‍ശനങ്ങളുടെ ഇടകലരല്‍ അവയുടെ രണ്ടിന്‍റെയും സ്വതന്ത്രമായ അസ്ഥിതത്തെ നാം അംഗീകരിക്കണമെന്നു നിര്‍ബന്ധിക്കുന്നു. [36] ഈ സാഹചര്യത്തിലാണ് പാനന്‍ബര്‍ഗിന്‍റെ പ്രസ്താവന ശ്രദ്ധേയമാകുന്നത്: "ലോകത്തിന്‍റെ സമ്പൂര്‍ണ്ണനാശം അവതരിപ്പിക്കുന്ന ബൈബിളിലെ യുഗാന്തദര്‍ശനം-പ്രത്യേകമായൊരു സമയവിവരം നല്കുന്നില്ലായെങ്കിലും (മര്‍.13:22)-വിദൂരഭാവിയിലെ ലോകാവസാനസാദ്ധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന ശാസ്ത്രീയനിഗമനങ്ങളോട് യോജിപ്പിലല്ല. അതിനാല്‍, രണ്ടും ഒരേ സംഭവത്തെ കൈകാര്യം ചെയ്യുന്നുവെന്ന് അനുമാനിക്കുക സാദ്ധ്യമല്ല." [37]


ബൈബിളിലെ യുഗാന്തദര്‍ശനം അടിസ്ഥാനപരമായി വിവക്ഷിക്കുന്നത് സര്‍വ്വപ്രപഞ്ചത്തിന്‍റെയും മനുഷ്യരുടെയും ആത്യന്തികമായ ലക്ഷ്യവും വിധിയും ദൈവമാണെന്നാണ്. ഒരു മഹാനാശത്തോടെ അവസാനിക്കുന്നതോ അല്ലെങ്കില്‍ എന്നേക്കും നിലനില്ക്കുന്നതോ ആയ ഇരു പ്രപഞ്ചങ്ങളിലും ഇത് സത്യമാണ്. ശാസ്ത്രീയയുഗാന്തദര്‍ശനം പ്രാപഞ്ചികഭാഗധേയത്തിന്‍റെ ഭാവാത്മകകാഴ്ചപ്പാടിലേക്ക് നയിക്കുന്നുവെങ്കിലും ബൈബിള്‍ യുഗാന്തദര്‍ശനത്തിന്‍റെ സത്യത്തെ നിഷേധിക്കുന്നില്ല. അനന്തമായി നിലനില്ക്കുന്ന ഒരു പ്രപഞ്ചത്തില്‍പ്പോലും നമുക്ക് അര്‍ത്ഥപൂര്‍ണ്ണമായി വ്യക്തിപരവും സാമൂഹികവുമായ യുഗാന്തദര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കാനാകും.  എന്നിരുന്നാലും, ചില പരിധികള്‍ക്കപ്പുറം വ്യക്തിപരവും, സാമൂഹികവും, പ്രാപഞ്ചികവുമായ യുഗാന്തദര്‍ശനങ്ങളെ കൊണ്ടുപോകുവാന്‍ ഇതു നമ്മെ അനുവദിക്കുന്നില്ല. ഇവ ആഴമായി പരസ്പരബന്ധമുള്ള പ്രവണതകളാണ്. ആധുനിക ശാസ്ത്ര ദൈവശാസ്ത്ര കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന ലോകത്തിന്‍റെയും മനുഷ്യന്‍റെയും ദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍, വ്യക്തിപരമായത് പ്രപഞ്ചത്തിന്‍റെ ചക്രവാളവുമായി ആന്തരികമായി ഒന്നുചേര്‍ന്നിരിക്കുന്നു. അങ്ങനെ വ്യക്തിപരമായ യുഗാന്തദര്‍ശനത്തെക്കുറിച്ച് സംസാരിക്കുന്നത് പ്രാപഞ്ചികമായ യുഗാന്തദര്‍ശനത്തെക്കുറിച്ചുള്ള സംസാരമാണ്. വ്യക്തിപരവും സാമൂഹികവുമായ സഫലീകരണത്തില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു സഫലീകരണം സാദ്ധ്യമല്ല. പ്രപഞ്ചത്തിന്‍റെയോ മനുഷ്യന്‍റെയോ നിലനില്പില്ലാതെ സ്നേഹം ആത്യന്തികമായി വിജയിക്കുമെന്ന് സങ്കല്പിക്കുന്നത് സാദ്ധ്യമല്ലാത്ത കാര്യമാണ്. എങ്കിലും ശാസ്ത്രീയയുഗാന്തദര്‍ശനത്തിന് നേരിട്ടല്ലാതെ പല മാര്‍ഗ്ഗങ്ങളില്‍ ബൈബിള്‍ യുഗാന്തദര്‍ശനത്തിന്‍റെ വളര്‍ച്ചയെ സഹായിക്കാനാകും. പരസ്പരം ഉള്‍ക്കാഴ്ചകളും വിമര്‍ശനങ്ങളും പുനര്‍വ്യാഖ്യാനത്തിന് പശ്ചാത്തലങ്ങളും നല്കിക്കൊണ്ട് അവയ്ക്ക് പരസ്പരം സംഭാവനകള്‍ നല്കാം. 


പ്രപഞ്ചതൃഷ്ണയുടെ അന്തര്‍ദാഹം


ശാസ്ത്രീയമായി നാം കണ്ടെത്തിയ ലോകത്തിന്‍റെ അതിസാധാരണഘടകങ്ങളും അന്തര്‍സാദ്ധ്യതകളും പ്രപഞ്ചത്തിന്‍റെ അന്ത്യവിധിയെക്കുറിച്ച് ചിന്തിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. അനന്തവും നിത്യവുമാണെങ്കിലും പ്രപഞ്ചത്തിന്‍റെ ഭാവി ശാസ്ത്രീയസിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നതുപോലെ ഉണങ്ങിയതും ഊഷരവുമാവുക സാദ്ധ്യമാണോ? ലോകത്തിന്‍റെ ആന്തരികഘടനയിലെ ത്രിത്വാത്മപ്രതിഫലനങ്ങള്‍, അന്തര്‍പ്രപഞ്ച ക്രിസ്തുത്വം, പ്രപഞ്ചത്തിലേക്കുള്ള ദൈവികമായതിന്‍റെ പ്രവാഹം, മനുഷ്യന്‍റെ ആവിര്‍ഭാവത്തിലുള്ള പ്രാപഞ്ചിക യാഥാര്‍ത്ഥ്യവത്കരണങ്ങള്‍ - ഇവയെല്ലാം പുതിയ ആകാശത്തിന്‍റെയും പുതിയ ഭൂമിയുടെയും വിശകലനപരമായ ചക്രവാളമായി മാറുന്ന നിര്‍ബന്ധിതചട്ടക്കൂടായി മാറുന്നു. ദിവ്യവത്കൃത (divinised) പ്രപഞ്ചത്തിന്‍റെ തീര്‍ച്ചയായ ശീതമരണം (cold death)  അല്ലെങ്കില്‍ താപമരണം (heat death) ആധുനിക ശാസ്ത്രീയ-മതാത്മക അനുഭവങ്ങളാല്‍ അനിവാര്യമായിത്തീര്‍ന്ന യാഥാര്‍ത്ഥ്യത്തിന്‍റെ അവശ്യസ്വഭാവത്തിന്‍റെ അനീതിപരമായ അട്ടിമറിയാണ്. ലോകത്തിന്‍റെ ആന്തരികവും ബാഹ്യവുമായ ക്രിയാത്മകപ്രവര്‍ത്തനങ്ങള്‍ ശാന്തതയ്ക്കുവേണ്ടിയുള്ള അഭിവാഞ്ചയാണ്: "ആയിരിക്കുന്നതെല്ലാം, വിശ്രമമില്ലാതെ ഒരു സ്ഥലത്തിനുവേണ്ടിയുള്ള തിരച്ചിലിലാണ്.... ഒരു വിശ്രമസ്ഥലത്തിനുവേണ്ടി. അഗസ്റ്റിന്‍ പറഞ്ഞതുപോലെ 'അവിടുന്നില്‍ വിശ്രമിക്കുന്നതുവരെ' അശാന്തിയനുഭവിക്കുന്ന വെറും മനുഷ്യഹൃദയമല്ല അത്. സൃഷ്ടി മുഴുവന്‍ ഈ അശാന്തികൊണ്ട് നിറഞ്ഞിരിക്കുന്നു. അതുമാത്രമല്ല ശാന്തി തേടിയുള്ള അന്വേഷണത്തില്‍ അത് സ്വയം അതിവര്‍ത്തിക്കുകയും ചെയ്യുന്നു." [38]
ദൈവികപൂര്‍ണ്ണതയില്‍ നിന്ന് ജീവന്‍ സ്വീകരിക്കുന്ന ലോകത്തിന്‍റെ ചലനം, തുടര്‍സൃഷ്ടിയില്‍ ദൈവികപൂര്‍ണ്ണത കൊണ്ടു നിറയുന്ന ഒരു ലോകം, പരിണാമാത്മകതലങ്ങളില്‍ ഗുണപരമായ അതിരിക്തത  പ്രദര്‍ശിപ്പിക്കുന്ന ഒരു ലോകം സ്വര്‍ഗ്ഗീയജറുസലേമിലേക്കുള്ള തീര്‍ത്ഥാടനമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു; അതിന്‍റെ താത്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു പുതിയ സ്വര്‍ഗ്ഗവും യാഥാര്‍ത്ഥ്യങ്ങളാല്‍ നിറഞ്ഞിരിക്കുന്ന പുതിയ ഭൂമിയും. "(സ്വര്‍ഗ്ഗമില്ലാത്ത) ഒരു ലോകം അതിനുള്ളില്‍തന്നെ വിശ്രമിക്കുകയും സംക്രമിക്കുകയും ചെയ്യുന്ന അടഞ്ഞ ഒരു സംവിധാനമായിരിക്കും. അതിരിക്തതയില്ലാത്ത ലോകം പുതിയതായി ഒന്നും ഒരിക്കലും സംഭവിക്കാത്ത ഇടമായിരിക്കും. ഒരേ കാര്യത്തന്‍റെ വിരസവും അനന്തവുമായ ആവര്‍ത്തനത്തിന്‍റെ ലോകമായിരിക്കും അത്." [39]


ദൈവവും സൃഷ്ടിയും തമ്മിലുള്ള സത്താപരമായ വിടവ് കുറയുമ്പോള്‍, അത് സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള അകലവും കുറയ്ക്കുന്നു. നമ്മുടെ അതിസൂക്ഷ്മമായ ലോകം ഒരര്‍ത്ഥത്തില്‍ സ്വാഭാവികമായൊരു സ്വര്‍ഗ്ഗമാണ്. നീണ്ട ഒരു യാത്രയ്ക്കൊടുവില്‍ നാം കണ്ടെത്തുന്ന ഒന്നല്ല സ്വര്‍ഗ്ഗം. മറിച്ച് ആത്മീയപ്രപഞ്ചത്തെ അനുനിമിഷം അനുധാവനം ചെയ്യുന്ന ഒരു സാദ്ധ്യതയണ് അത്. മോള്‍ട്ട്മാന്‍റെ അഭിപ്രായത്തില്‍, പ്രപഞ്ചസംവിധാനത്തിന്‍റെ ദൈവികമായ തുറവി ഈ സംവിധാനത്തിന്‍റെ നിര്‍ണയിക്കപ്പെട്ട ഭാഗത്തെ 'ഭൂമി'യെന്നും നിര്‍ണയിക്കപ്പെടാത്ത ഭാഗത്തെ 'സ്വര്‍ഗ്ഗ'മെന്നും വിളിക്കാന്‍ സഹായിക്കുന്നു.40 


ബൈബിളിലെ 'എസ്കത്തേണ്‍' (eschaton)

സമയത്തിന്‍റെ ഭാവിയോ അനന്തതയോ അല്ല, ദൈവത്തിന്‍റെ വരവാണ്. ദൈവത്തിന്‍റെ ആഗമനം സൃഷ്ടിയിലുള്ള അവിടുത്തെ അധിവാസവും അവിടുത്തെ നിത്യരാജ്യത്തിന്‍റെ സ്ഥാപനവുമാണ്. ചരിത്രത്തിന്‍റെ പ്രത്യേകമായ വാഗ്ദാനങ്ങളെല്ലാം ദൈവത്തിന്‍റെ സാര്‍വ്വത്രികമായ ഈ പ്രത്യക്ഷപ്പെടലിലേക്ക് വിരല്‍ ചൂണ്ടുന്നു. അവിടുന്ന് മഹത്ത്വത്തില്‍ വരുമ്പോള്‍, അവിടുന്ന് ലോകത്തെ മഹത്ത്വം കൊണ്ടും പ്രാഭവം കൊണ്ടും നിറയ്ക്കും. [41] കാരണം അടിസ്ഥാനപരമായി നമ്മുടെ ക്രിസ്തീയവിശ്വാസം വിശ്വാസവും പ്രതീക്ഷയും ഉള്‍ക്കൊള്ളുന്നു. ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന സ്നേഹസമ്പന്നനായ ദൈവത്തിലുള്ള വിശ്വാസമാണിത്. തന്‍റെ പ്രിയപ്പെട്ട സൃഷ്ടി ശൂന്യതയിലേക്ക് ആഴ്ന്നുപോകാന്‍ അവിടുന്ന് അനുവദിക്കുകയില്ലായെന്നുള്ളത് ഒരു പ്രതീക്ഷയാണ്. താന്‍ സൃഷ്ടിച്ചവയെ രക്ഷിച്ചില്ലായെങ്കില്‍ ക്രിസ്തീയതയുടെ രക്ഷകനായ ദൈവം സ്നേഹമുള്ളവനായിരിക്കില്ല. [42] ബൈബിളിലെ മനുഷ്യന്‍ ആന്തരികമായി പ്രപഞ്ചത്തിന്‍റെ ഭാഗമാണ്. അതിനാല്‍, പ്രകൃതിയില്‍ നിന്ന് വേറിട്ട് മനുഷ്യന് രക്ഷയില്ലായെന്ന് ചിന്തിക്കുന്നത് യുക്തിസഹമാണ്. "അതിനാല്‍, മനുഷ്യരക്ഷ സാധിതമാകാന്‍ രക്ഷിക്കപ്പെട്ട സൃഷ്ടി ആവശ്യമുണ്ട്; ഒരു പുതിയ സൃഷ്ടിയും പുതിയ ഭൂമിയും. പ്രപഞ്ചസാഹചര്യത്തില്‍ മാറ്റം വരാതെ മനുഷ്യന് നിത്യജീവന്‍ സംലഭ്യമാകുമോ? പുതിയ ലോകം ദൈവത്തിന്‍റെ വീടാണ്, ദൈവത്തിന്‍റെ യുഗാന്തപരമായ 'ഷെക്കിന' (shekinah)." [43]


സാര്‍വ്വത്രികമായ യുഗാന്ത്യവിരുന്ന് (Universal eschatological feast)


ബൈബിളിലെ യുഗാന്തദര്‍ശനം ഒരു പ്രാപഞ്ചികദര്‍ശനത്തില്‍ അതിവിശാലമായി കാണാനാകും. വ്യക്തിപരവും സാമൂഹികവുമായതു മാത്രമല്ല ലോകത്തെക്കുറിച്ചു തന്നെയുള്ള യുഗാന്തപരമായ പരാമര്‍ശങ്ങള്‍ കൊണ്ട് ബൈബിള്‍ സാഹിത്യം സമ്പന്നമാണ്. ഉത്പത്തിപുസ്തകത്തിലെ സൃഷ്ടിവിവരണത്തില്‍ നിന്നു തന്നെ സമഗ്രമായൊരു യുഗാന്തവീക്ഷണം ലഭ്യമാണ്. കാരണം, ദൈവം എന്തുദ്ദേശിക്കുന്നു എന്നതിന്‍റെ ചിത്രീകരണമാണ് ഉത്പത്തി ഒന്നാം അദ്ധ്യായം. അത് യുഗാന്തപരമായ ഒരു പ്രസ്താവന കൂടിയാണ്. സകലതും മനുഷ്യനിലേക്കും മനുഷ്യന്‍ ദൈവത്തിലേക്കും ക്രമീകരിക്കപ്പെട്ടിരിക്കുന്ന ശാന്തവും സുന്ദരവുമായ ഈ ലോകത്തില്‍ അവസാനം എപ്രകാരമായിരിക്കും. ഉത്പത്തി ഒന്നാമദ്ധ്യായത്തെ പിന്തുടരുന്ന മനുഷ്യപാപത്തിന്‍റെ കഥകള്‍ക്ക് യഥാര്‍ത്ഥത്തിലുള്ള ദൈവികോദ്ദ്യേശത്തെ വികൃതമാക്കുക സാദ്ധ്യമല്ല. ദൈവത്തിന്‍റെ രാജ്യം വിജയിക്കും. വെളിപാട് 21-22 ദൈവത്തിന്‍റെ പുതിയ ലോകത്തെക്കുറിച്ചുള്ള വിവരണമാണ്. [44] 
പൗലോസിന്‍റെ ദൈവശാസ്ത്രത്തിലാണ് പ്രാപഞ്ചികരക്ഷ ശക്തമായ രീതിയില്‍ പ്രത്യക്ഷപ്പെടുന്നത്. പൗലോസിന്‍റെ ചിന്തയില്‍ എല്ലാ യാഥാര്‍ത്ഥ്യത്തിലും, സൃഷ്ടിയിലേക്ക് പ്രത്യേകിച്ച് മനുഷ്യാവതാരത്തില്‍ തന്നെത്തന്നെ സന്നിവേശിപ്പിച്ച ദൈവത്തിന്‍റെ സ്പര്‍ശമുണ്ട്. ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ പ്രകടനമായിട്ടാണ് ലോകം നമുക്ക് നല്കപ്പെട്ടിരിക്കുന്നത്. ഭൗതികയാഥാര്‍ത്ഥ്യത്തിനും ആന്തരികമായ മൂല്യമുണ്ട്. വിജാതീയരുടെയിടയില്‍ സഭ പടര്‍ന്നതോടെ ഏറ്റവും കൂടുതല്‍ വ്യാപകമായത് പൗലോസിന്‍റെ യുഗാന്തദര്‍ശനമായിരുന്നു. എന്നാല്‍ പിന്നീട്, രക്ഷയില്‍ നിന്നും ഭൗതികശരീരത്തെ ഒഴിവാക്കാനുള്ള തത്ത്വവാദികളുടെ ശ്രമങ്ങള്‍ക്കെതിരെ സഭ യുദ്ധം ചെയ്യുകയും പൗലോസിന്‍റെ പ്രപഞ്ചബന്ധിയായ ദര്‍ശനം ഒതുങ്ങിപ്പോവുകയും ചെയ്തു. 


സമയത്തിന്‍റെ പൂര്‍ണ്ണതയിലും സൃഷ്ടി മുതല്‍ രക്ഷ വരെയും ഉള്ള യുഗാന്തപരമായ തലങ്ങളുടെ വെളിച്ചത്തിലാണ് പൗലോസ് സംസാരിക്കുന്നത് (റോമ.5:12-21; 1കൊറി.15:21ളള,21&45ളള; 1കൊറി.8:6; റോമ.11:36; എഫേ.4:5-6; കൊളോ.1:16; എഫേ.1:3-14; ഫിലി.2:6-11; എഫേ.1:20-21; കൊളോ.1:15-20, 2:8-10; റോമ.8:8-39). ഈ ഭാഗങ്ങള്‍, പ്രത്യേകിച്ച് റോമ 8:19-23 സൃഷ്ടി മുതല്‍ രക്ഷ വരെയുള്ള പൗലോസിന്‍റെ ദൈവശാസ്ത്രം അവതരിപ്പിക്കുന്നു:  സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതു വ്യര്‍ത്ഥയ്ക്ക് അടിമപ്പെട്ടിരിക്കുന്നു; സ്വന്തം ഇഷ്ടത്താലല്ല, പ്രത്യാശ കൊടുത്ത് അതിനെ അധീനമാക്കിയവന്‍റെ അഭീഷ്ടപ്രകാരം. സൃഷ്ടി ജീര്‍ണ്ണതയുടെ അടിമത്തത്തില്‍ നിന്ന് മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും. സമസ്തസൃഷ്ടികളും ഒന്നുചേര്‍ന്ന് ഇതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നു എന്നു നമുക്കറിയാം. സൃഷ്ടി മാത്രമല്ല, ആത്മാവിന്‍റെ ആദ്യഫലം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രത്വലബ്ധി പ്രതീക്ഷിച്ചുകൊണ്ട് ആന്തരികമായി വിലപിക്കുന്നു. 
-റോമ.8:19-23 ഇവിടെ യുഗാന്തദര്‍ശനം പ്രപഞ്ചവിജ്ഞാനീയവും മാനവവിജ്ഞാനീയവുമായി ഒന്നുചേരുന്നത് കാണാം. ഉത്പത്തി 3:7-ല്‍ പാപം ചെയ്തതു മൂലം ശപിക്കപ്പെട്ട ലോകം, ഇപ്പോള്‍ മനുഷ്യന്‍റെ വിധി പങ്കുവച്ച്, മനുഷ്യശരീരത്തെപ്പോലെ രക്ഷിക്കപ്പെടുകയും മഹത്ത്വീകരിക്കപ്പെടുകയും ചെയ്യുന്നു. ക്രിസ്തീയയാഥാര്‍ത്ഥ്യവും ഇതരയാഥാര്‍ത്ഥ്യങ്ങളും ക്രിസ്ത്യാനികളിലും മറ്റു ജീവജാലങ്ങളിലുമുള്ള ഒരു രക്ഷാകരലക്ഷ്യത്തോട് ബന്ധപ്പെട്ടിരിക്കുന്നു. സൃഷ്ടി താത്പര്യത്തോടെ ദൈവമക്കളുടെ വെളിപ്പെടലിനായി കാത്തിരിക്കുന്നതിനാല്‍ അവയ്ക്ക് പ്രത്യാശയുണ്ട്. "'ദൈവത്തിന്‍റെ പുത്രന്മാര്‍' അവര്‍ക്കുവേണ്ടി മാത്രമായി തിരഞ്ഞെടുക്കപ്പെട്ടവരല്ല, അവരുടെ രക്ഷയെന്നാല്‍ അവരൊഴികെയുള്ള മുഴുവന്‍ ലോകത്തിന്‍റെയും രക്ഷ എന്നുകൂടി അര്‍ത്ഥമുണ്ട്." [45] 


സൃഷ്ടിമുഴുവനെയും പരാമര്‍ശിക്കുമ്പോള്‍, പൗലോസ് പറയാനുദ്ദേശിക്കുന്നത് മനുഷ്യനും ബാക്കിയുള്ള ജീവജാലങ്ങളും തമ്മില്‍ ബന്ധവും സാഹോദര്യവുമുണ്ടെന്നും മനുഷ്യന്‍ ചെയ്യുന്നതെല്ലാം അവയെ സ്വാധീനിക്കുണ്ടെന്നുമാണ്. [46] മാത്രമല്ല, അതിന്‍റെ 'സൃഷ്ടിപരത'യില്‍ സൃഷ്ടി പ്രത്യാശയില്‍ ദൈവകൃപയുടെ സ്വീകര്‍ത്താവാണ്.മനുഷ്യനെക്കുറിച്ച് സംസാരിക്കാതെ സൃഷ്ടിയെക്കുറിച്ചോ, അവനോ അവളോ താമസിക്കുന്ന ലോകത്തെക്കുറിച്ച് സംസാരിക്കാതെ മനുഷ്യനെക്കുറിച്ചോ സംസാരിക്കാനാവില്ലെന്ന് പൗലോസ് പറയുന്നു. രക്ഷ മനുഷ്യനിലും അവന്‍/അവള്‍ താമസിക്കുന്ന ലോകത്തിലും സംഭവിക്കുന്നു. [47] സൃഷ്ടിയുടെ മഹത്ത്വം പ്രപഞ്ചത്തിലെ മനുഷ്യന്‍റെ സാന്നിദ്ധ്യത്തെയല്ല, ദൈവത്തിന്‍റെ കൃപയെയാണ് ആശ്രയിച്ചിരിക്കുന്നത്. ലോകം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണ്, തനിയെയുണ്ടായതല്ല. റോമ.8:38-39-ല്‍ ലഭിക്കുന്ന യുഗാന്തചിത്രീകരണം നവീകൃതവും സഫലീകൃതവുമായ ഒരു സൃഷ്ടിയെ നിര്‍ദ്ദേശിക്കുന്നു. റോമ.8:19-ഉം തുടര്‍ന്നുള്ളവയും ഒരു "പ്രാപഞ്ചിക ആരാധനയുടെ" [48] സാര്‍വ്വത്രിക സ്വഭാവത്തിന്‍റെ നിരവധി ഉദാഹരണങ്ങളില്‍ ഒന്നാണ്. സൃഷ്ടിയുടെ പ്രത്യാശ ക്രിസ്തുവിന്‍റെ ഉത്ഥാനത്താലാണ് ഉറപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് പൗലോസ് തീര്‍ത്തുപറയുന്നു. ക്രിസ്തുവിനോടൊപ്പമുള്ള സൃഷ്ടിയുടെ സഹനം അവനോടൊപ്പമുള്ള മഹത്ത്വീകരണത്തില്‍ അവസാനിക്കും. മഹത്ത്വീകൃതനായ ക്രിസ്തുവാണ് വിലപിക്കുന്നതും അശാന്തവുമായ പ്രപഞ്ചത്തിനുള്ള ആത്യന്തികമായ ഉത്തരം. മറ്റൊരു കാഴ്ചപ്പാടില്‍, ഉത്ഥാനത്തിന്‍റെ പ്രാധാന്യത്തെ റാനറും വിവരിക്കുന്നുണ്ട്: "യേശുവിന്‍റെ ഉത്ഥാനം... സത്താപരമായി പരസ്പരബന്ധിതമായ ഒരു സംഭവം പോലെ ലോകത്തിന്‍റെ രൂപാന്തരീകരണത്തിന്‍റെയും ആരംഭമായിരുന്നു. ഈ ആരംഭത്തില്‍ ലോകത്തിന്‍റെ വിധി, തത്ത്വത്തില്‍, തീരുമാനിക്കപ്പെടുകയും ആരംഭിക്കുകയും ചെയ്തിരിക്കുന്നു." [49]

scientific-eschatology- eschatology Dr.Augustine pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message