We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 15-Sep-2020
1. മാര്‍ട്ടിന്‍ ലൂഥറും കൂട്ടരും കത്തോലിക്കാസഭയില്‍നിന്നും വിഘടിച്ച് പ്രൊട്ടസ്റ്റന്‍റ് സഭയ്ക്ക് ജന്മമേകി. വിശ്വാസത്താല്‍മാത്രം രക്ഷ, വിശുദ്ധ ഗ്രന്ഥം മാത്രമേ രക്ഷയ്ക്കാധാരമായുള്ളു, വിശുദ്ധരുടെയും മാലാഖമാരുടെയും മാധ്യസ്ഥ്യം ആവശ്യമില്ല തുടങ്ങിയ പ്രബോധനങ്ങളിലുറച്ചുനിന്ന് അവര്‍ പുതിയ പ്രബോധനങ്ങളേകി. പ്രൊട്ടസ്റ്റന്‍റ് സഭയില്‍നിന്നും ധാരാളം സഭാവിഭാഗങ്ങള്‍ പിളര്‍പ്പിലൂടെയുണ്ടായി. ഇങ്ങനെ ആയിരക്കണക്കിന് ക്രിസ്ത്യന്‍ സമൂഹങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലുണ്ടായി. ഇവയ്ക്ക് വ്യക്തമായ തത്ത്വസംഹിതകളോ അടിസ്ഥാന സ്വഭാവവിശേഷങ്ങളോ ഇല്ലാ എന്നതും വ്യക്തമായ നേതൃത്വമില്ല എന്നതും ഈ വിഭാഗങ്ങളുടെ പ്രത്യേകതയാണ്. പ്രൊട്ടസ്റ്റന്‍റ് സഭകളില്‍നിന്നും ആത്മീയ ഉണര്‍വ്വ് സംഘങ്ങള്‍ എന്ന ലേബലില്‍ ധാരാളം പെന്തക്കോസ്ത് ഗ്രൂപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ഓരോ പെന്തക്കോസ്ത് ഗ്രൂപ്പും പൂര്‍ണ്ണമായും സ്വതന്ത്രഗ്രൂപ്പാണ്. ഏതെങ്കിലും നിയന്ത്രണമോ ഭരണസംവിധാനമോ ഇവര്‍ക്കില്ല. പരിശുദ്ധാരൂപിയാല്‍ നേരിട്ട് നയിക്കപ്പെടുന്നവര്‍ എന്ന നിലയില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ തങ്ങളുടെ ഇന്ദ്രിയ വൈകാരികാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കല്പിക്കുന്നു. ഇവര്‍ പരിശുദ്ധാത്മാവിന്‍റെ അഭിഷേകം അഥവാ പെന്തക്കോസ്ത് അനുഭവം ലഭിച്ചതായി അവകാശപ്പെടാറുണ്ട്.
കേരളത്തില്‍ അടുത്തകാലത്തു രൂപംകൊണ്ട പല വിഘടിത വിഭാഗങ്ങളും പെന്തക്കോസ്തു തത്വങ്ങള്‍ അനുധാവനം ചെയ്യുന്നവരാണ്. കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആത്മാഭിഷേക സഭ (Church of eternity), കോട്ടയത്ത് 1997 ല്‍ ആരംഭിച്ച സ്വര്‍ഗ്ഗീയവിരുന്ന്, കാഞ്ഞിരപ്പള്ളിയില്‍ ആരംഭിച്ചതും വിവിധസ്ഥലങ്ങളില്‍ വിവിധപേരുകളില്‍ അറിയപ്പെടുന്നതും (അപ്പര്‍ റൂം, കോര്‍ണര്‍ സ്റ്റോണ്‍, ജീസസ് ക്രിസ്ത്യന്‍ കമ്യൂണിറ്റി, പവര്‍ ഫെലോഷിപ്പ്, ബെഥേല്‍ കമ്യൂണിറ്റി) ഉടമ്പടിയുടെ ജനത (കവനന്‍റ് പീപ്പിള്‍) എന്ന് സ്വയം വിശേഷിപ്പിപക്കുന്നതുമായ വിഭാഗം എന്നിവ ഇക്കൂട്ടത്തില്‍പെടുന്നവയാണ്. ഈ വിഭാഗങ്ങള്‍ പൊതുവില്‍ ഉന്നയിക്കുന്ന വാദഗതികള്‍ സഭയുടെ പരമ്പരാഗത വിശ്വാസ സത്യങ്ങള്‍ക്കു വിരുദ്ധമാണ്:
2. പ്രായഭേദമെന്യേ (ശിശുക്കള്‍ക്കും) മാമ്മോദീസാനല്‍കുന്ന കത്തോലിക്കാ വിശ്വാസത്തെ ഇക്കൂട്ടര്‍ എതിര്‍ക്കുന്നു. സഭയുടെ പ്രാരംഭംമുതല്‍ ശിശുക്കളെ സ്നാനപ്പെടുത്തിയിരുന്നു എന്നതിന് വേണ്ടുവോളം സൂചനകള്‍ പുതിയ നിയമത്തിലുണ്ട്. സ്തേഫാനോസ് (1 കോറി 1:16), കൊര്‍ണോലിയൂസ് (അപ്പ 10:1-11, 18), ലിദിയ (അപ്പ 18:8) എന്നിങ്ങനെ പലരുടെയും കുടുംബങ്ങള്‍ ജ്ഞാനസ്നാനപ്പെട്ട വിവരം പുതിയനിയമത്തിലുണ്ടല്ലോ. പ്രസ്തുത കുടുംബങ്ങളിലെ കുഞ്ഞുങ്ങളെയും സ്നാനപ്പെടുത്തിയിരുന്നു എന്നു തീര്‍ച്ചയാണ്. 1 കോറി 7:14; മത്താ 16:18; അപ്പ 2:39 എന്നീ വേദഭാഗങ്ങളും കാണുക. അപ്പ. 2:19 ന്‍റെ ഒരു പുരാതന പാഠഭേദം (Western Text) "വാഗ്ദാനം നമുക്കും നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഉള്ളതാണല്ലോ" എന്നാണ്.
യേശു കൈകള്‍ വെച്ച് അനുഗ്രഹിക്കേണ്ടതിന് (മാതാപിതാക്കന്മാര്‍) ശിശുക്കളെ യേശുവിന്‍റെ പക്കല്‍ കൊണ്ടുവന്ന കഥ ആദ്യത്തെ മൂന്നു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. (മത്താ 19,13-15; മാര്‍ക്കോ 10:19, 16; ലൂക്കാ 18:15-17) ഇവിടെ യേശു നിര്‍വ്വഹിക്കുന്നത് സാധാരണ നിലയിലുള്ള അനുഗ്രഹം നല്‍കലല്ല യേശു കൈകള്‍ വച്ച് പ്രാര്‍ത്ഥിച്ച് "സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അനുഗ്രഹം" (മത്താ 19:13-15) ശിശുക്കള്‍ക്കും നല്‍കി. യേശു ശിശുക്കളുടെമേല്‍ കൈകള്‍വെച്ച് അവര്‍ക്ക് നല്‍കിയത് സ്വര്‍ഗ്ഗരാജ്യാനുഗ്രഹമാണെന്ന് മൂന്നു സുവിശേഷകന്മാരും സാക്ഷിക്കുന്നു. മാമ്മോദീസാ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ പ്രഥമ അനുഗ്രഹമാണ്. "ശിശുക്കള്‍ എന്‍റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍ ദൈവരാജ്യം അവരെപോലെയുള്ളവരുടേതാണ്" എന്ന യേശുവചനം മൂന്നു സുവിശേഷങ്ങളിലുണ്ട് (മര്‍ക്കോ 10:14; മത്താ 19:13-15; ലൂക്കാ 18:16). "തടയരുത്" (തടയുക) എന്ന ക്രിയാപദം പുതിയ നിയമത്തില്‍ ജ്ഞാനസ്നാനത്തോട് ബന്ധപ്പെട്ടതാണ് (അപ്പ 10:13-16; മത്താ 3:13-14). മാതാപിതാക്കന്മാരോ തത്സ്ഥാനിയരോ കൊണ്ടുവന്നിരുന്ന ശിശുക്കള്‍ക്ക് സ്നാനം നല്‍കി ദൈവരാജ്യാനുഗ്രഹം സംലംഭ്യമാക്കാന്‍ പുതിയനിയമസഭ ശ്രദ്ധിച്ചിരുന്നു.
3. നാലാം നൂററാണ്ടില്‍ സഭയില്‍പ്പെട്ട ചുരുക്കം ചിലര്‍ സ്നാനം നീട്ടി വയ്ക്കുന്ന ഒരു സമീപനം സ്വീകരിച്ചിരുന്നു. അങ്ങനെ ചെയ്തത് ശിശുസ്നാനത്തെ എതിര്‍ത്തതുകൊണ്ടല്ല. സ്നാനം സ്വീകരിച്ചതിനുശേഷം ചെയ്യുന്ന ഗൗരവമായ പാപങ്ങള്‍ക്ക് കല്‍പ്പിച്ചിരുന്ന സുദീര്‍ഘവും കഠിനവുമായ പ്രായശ്ചിത്തങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗമെന്ന നിലയ്ക്കാണ് പാപപ്രേരണ കുറയുന്ന പ്രായത്തില്‍ സ്നാനം സ്വീകരിക്കാമെന്നു ചിലര്‍ കരുതിയത്. പക്ഷേ അവര്‍പോലും ശിശുസ്നാനത്തിനുവേണ്ടി ശക്തിയുക്തം നിലകൊണ്ടു. 17-ാം നൂറ്റാണ്ടില്‍ പിറന്ന "വീണ്ടും സ്നാന" പ്രസ്ഥാനക്കാരുടെ (അനാബാപ്റ്റിസ്റ്റുകാരുടെ) പിന്‍ഗാമികള്‍ (ഉദാ. പെന്തക്കോസ്തു വിഭാഗങ്ങള്‍) ഒഴികെ എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ശിശുക്കളെ സ്നാനപ്പെടുത്തുന്ന ആദിമസഭാ പാരമ്പര്യമാണ് ഇന്നും തുടരുന്നത്.
സ്നാനത്തിന് പ്രായവും ബുദ്ധിപരമായ അറിവും മാനദണ്ഡമാക്കിയാല്‍, ബുദ്ധിപരമായി വൈകല്യമുള്ളവരെ സ്നാനപ്പെടുത്തുവാന്‍ സാധിക്കയില്ലല്ലോ? സ്നാനത്താലുള്ള വീണ്ടും ജനനം ഉന്നതത്തില്‍നിന്നുള്ളതാണ്. ദൈവകൃപയുടെ പ്രവൃത്തിക്ക് നമ്മുടെ സഹകരണം ആവശ്യമാണെങ്കിലും നമ്മുടെ അറിവും പ്രായവും പരിഗണിച്ച് ലഭിക്കുന്നതോ അവയാല്‍ നേടിയെടുക്കാവുന്നതോ അല്ല. വിശ്വാസം നിമിത്തമുള്ള കൃപ സ്വീകരിക്കുവാന്‍ സ്വീകര്‍ത്താവുതന്നെ വിശ്വസിക്കണമെന്ന് എല്ലായ്പ്പോഴും നിര്‍ബന്ധമില്ല. മറ്റുള്ളവരുടെ വിശ്വാസത്തില്‍ രക്ഷ ലഭിച്ച അനേകരുടെ കഥകള്‍ ബൈബിളിലുണ്ട്. ചില ഉദാഹരണങ്ങള്‍: തളര്‍വാതരോഗി (മര്‍ക്കോ 2:5 മത്താ 9:2 ലൂക്കാ 5:29) ശതാധിപന്‍റെ സേവകന്‍ (മത്ത 8: 5-13) (ലൂക്കാ 7:110) പിശാചു ബാധിതനായ ബാലന്‍ (മാര്‍ക്കോ 9:17-27) (ലൂക്കാ 9: 27-43) എന്നിവര്‍ ബന്ധുക്കളുടേയോ പ്രിയപ്പെട്ടവരുടേയോ വിശ്വാസം നിമിത്തം രക്ഷിക്കപ്പെട്ടവരാണ്. ഈ സത്യം പൗലോസും എഴുതുന്നുണ്ട് (1 കോറി 7-15). ശിശുക്കളെ സ്നാനത്തിന് സമര്‍പ്പിക്കുമ്പോള്‍ മാതാപിതാക്കന്മാരുടെയും തത്സ്ഥാനിയരുടേയും ബന്ധുക്കളുടേയും മറ്റു പ്രിയപ്പെട്ടവരുടേയും എല്ലാറ്റിനുമുപരി സഭയുടെയും വിശ്വാസം ശിശുക്കള്‍ക്കുവേണ്ടി ഫലവത്തായിത്തീരുന്നു.
4. പരിശുദ്ധ മറിയത്തിന്‍റെ നിത്യകന്യാത്വം എന്ന വിശ്വാസസത്യത്തെ വചനവിരുദ്ധമായി ഇവര്‍ കാണുന്നു. എന്നാല്‍ പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള സഭാപ്രബോധനങ്ങള്‍ വചനത്തിലും സഭാപാരമ്പര്യത്തിലും അധിഷ്ഠിതമാണ്. സകലതലമുറകളാലും ഭാഗ്യവതി എന്നു വിശേഷിപ്പിക്കപ്പെടാന്‍ ദൈവം പരിശുദ്ധ മറിയത്തിനു വരം കൊടുത്തു (ലൂക്കാ 1:51). രക്ഷാകരചരിത്രത്തിന്‍റെ പ്രാരംഭത്തില്‍ പിശാചിന്‍റെ തല തകര്‍ക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട സ്ത്രീയാണവള്‍ (ഉല്‍പ 3:15). നന്മനിറഞ്ഞവളായി ദൈവം കണ്ടെത്തിയവളും (ലൂക്കാ 1:35) വിശ്വസിക്കുന്ന സകലര്‍ക്കും അമ്മയായി ക്രിസ്തുനാഥന്‍ തന്നെ അന്ത്യസമ്മാനമായി നല്‍കിയവളുമാണ് മറിയം (യോഹ 19:25-27). തന്മൂലം പരി. മറിയത്തെ അപമാനിക്കുന്ന സഭാവിരുദ്ധര്‍ നടത്തുന്ന ആരോപണങ്ങള്‍ വചനവിരുദ്ധവും വിഡ്ഢിത്തവുമാണ്. വിശദാംശങ്ങള്‍ക്ക് ഈ ഗ്രന്ഥത്തിലെ നിത്യകന്യകയും സ്വര്‍ഗ്ഗാരോപിതയും എന്ന പഠനം കാണുക.
5. ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള സഭാ പ്രബോധനത്തെയും മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളുടെ പ്രസക്തിയേയും ഇവര്‍ ചോദ്യം ചെയ്യുന്നു. ശുദ്ധീകരണ സ്ഥലം കത്തോലിക്കാ വിശ്വാസത്തിന്‍റെ ഭാഗമാണ്. മരണാവസ്ഥയില്‍ ദൈവത്തോട് ഐക്യത്തില്‍ കഴിയുന്നവരെങ്കിലും പാപത്തിന്‍റെ കെട്ടുപാടുകളില്‍ നിന്ന് പൂര്‍ണമായും വിമുക്തരല്ലാത്തവര്‍ക്ക് പൂര്‍ണ്ണമായ ശുദ്ധീകരണം പ്രാപിച്ചതിനുശേഷമേ ദൈവസന്നിധിയില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളു എന്ന വിശ്വാസമാണ് ശുദ്ധീകരണ സ്ഥലം എന്ന ആശയത്തിന്‍റെ അടിസ്ഥാനം. ജീവിച്ചിരിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ മരിച്ചവരെ സഹായിക്കാന്‍ കഴിയും. തന്മൂലം ശുദ്ധീകരണ സ്ഥലമെന്നത് ഒരു വ്യക്തിയുടെ മരണത്തിനും സ്വര്‍ഗ്ഗപ്രവേശനത്തിനും മദ്ധ്യേയുള്ള ഒരവസ്ഥയായി കണക്കാക്കപ്പെടുന്നു. വിശദാംശങ്ങള്‍ക്ക് ഈ ഗ്രന്ഥത്തിലെ ശുദ്ധീകരണസ്ഥലവും മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും എന്ന പഠനം കാണുക.
6. തിരുസ്സഭയിലെ കൂദാശകളില്‍ മാമ്മോദീസാ ഒഴികെയുള്ള മറ്റൊന്നിനെയും അവര്‍ അംഗീകരിക്കുന്നില്ല. കുമ്പസാരം, വി. കുര്‍ബ്ബാന, സ്ഥൈര്യലേപനം, തിരുപ്പട്ടം തുടങ്ങിയ കൂദാശകളെക്കുറിച്ചുള്ള സഭാ പ്രബോധനങ്ങള്‍ ഇവര്‍ നിഷേധിക്കുന്നു. വിശുദ്ധകുര്‍ബ്ബാനയിലെ ഈശോയുടെ യഥാര്‍ത്ഥ സാന്നിധ്യം ഇവര്‍ നിഷേധിക്കുന്നു. പകരം വി. കുര്‍ബ്ബാനയെ കേവലമൊരു ഭക്ഷണക്കൂട്ടായ്മയായി മാത്രം കരുതുന്നവരാണിവര്‍. ഉദാഹരണമായി, സ്വര്‍ഗ്ഗീയ വിരുന്നിലെ അംഗങ്ങള്‍ ഞായറാഴ്ചയാചരണത്തിന്‍റെ ഭാഗമായി അപ്പവും വീഞ്ഞും സമൃദ്ധമായി ഉപയോഗിച്ച് വിരുന്നു നടത്തുന്ന പതിവാണുള്ളത്. മറ്റു പെന്തക്കോസ്തല്‍ സഭകളുടെയും നിലപാട് ഇതുതന്നെയാണ്. കൂദാശകളിലൂടെയുള്ള വരപ്രസാദത്തിനു പകരം ഭാഷാവരം, രോഗശാന്തിവരം, പ്രവചനവരം തുടങ്ങിയ പരിശുദ്ധാത്മ വരദാനങ്ങള്‍ക്കാണ് ഇവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. പരിശുദ്ധാത്മാവുമായി നേരിട്ടു സമ്പര്‍ക്കമുള്ളവരാകയാല്‍ തങ്ങള്‍ക്ക് കൂദാശകള്‍ ആവശ്യമില്ല എന്ന നിലപാടാണ് ഇവര്‍ പൊതുവില്‍ സ്വീകരിക്കുന്നത്. യേശു മാത്രമാണ് ഏക പുരോഹിതനെന്നും യേശുവിന്‍റെ ബലി ആവര്‍ത്തിക്കാനാവില്ല എന്നുമുള്ള വാദത്തോടെ കത്തോലിക്കാ പൗരോഹിത്യത്തെയും വി. കുര്‍ബ്ബാനയര്‍പ്പണത്തെയും ഇവര്‍ ചോദ്യംചെയ്യുന്നു. നിത്യപുരോഹിതനായ യേശുവിന്‍റെ ഏക പൗരോഹിത്യത്തില്‍ പങ്കുചേരുന്നതാണ് ശുശ്രൂഷാ പൗരോഹിത്യമെന്നും (CCC) കുരിശിലെ ബലിയുടെ ചരിത്രപരമായ ആവര്‍ത്തനമല്ല കൗദാശികമായ ആവര്‍ത്തനമാണ് വി. കുര്‍ബ്ബാന എന്നുമുള്ള സഭാപ്രബോധനങ്ങളെ ഇവര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
7. വിശുദ്ധരുടെയും മാലാഖാമാരുടെയും മാദ്ധ്യസ്ഥത്തെക്കുറിച്ച് കത്തോലിക്കാസഭയുടെ വിശ്വാസത്തെ ഇവര്‍ ചോദ്യംചെയ്യുന്നു. എന്നാല്‍, വിശുദ്ധര്‍ക്കും മാലാഖാമാര്‍ക്കും ദൈവസന്നിധിയിലുള്ള മാധ്യസ്ഥ്യ ശക്തിയെക്കുറിച്ച് വി. ഗ്രന്ഥവും സഭാപാരമ്പര്യവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. റഫായേല്‍ മാലാഖാ തോബിത്തിനോടു പറയുന്നതു ശ്രദ്ധിക്കുക: "നീ പ്രാര്‍ത്ഥിച്ചപ്പോള്‍.... ഞാനാണ് അത് ദൈവസന്നിധിയില്‍ സമര്‍പ്പിച്ചത് (തോബി 12:12). സ്വര്‍ഗ്ഗവാസികള്‍ വിശുദ്ധരുടെ (വിശ്വാസികളുടെ) പ്രര്‍ത്ഥനകള്‍ സിംഹാസനസ്ഥനായ ദൈവത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നതായി വെളിപാടുഗ്രന്ഥവും (5:6-8; 6:9-11; 8:3-4) ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. ഏകമധ്യസ്ഥനായ യേശുവിന്‍റെ (1 തിമോ 2:5) യോഗ്യതയാലും അവിടുത്തെ മാധ്യസ്ഥ്യത്തില്‍ അവിടുന്ന് പങ്കാളിത്തം നല്‍കിയതിനാലുമാണ് വിശുദ്ധര്‍ക്ക് ദൈവസന്നിധിയില്‍ മാധ്യസ്ഥ ശക്തി ലഭിക്കുന്നത്. ക്രിസ്തീയ ജീവിതം ക്രിസ്തുവിലുള്ള പങ്കാളിത്തത്തിന്‍റെ ജീവിതമാകയാലാണ് ജീവിച്ചിരിക്കുന്നവര്‍ക്ക് പരസ്പര മാധ്യസ്ഥ്യം വഹിച്ചു പ്രാര്‍ത്ഥിക്കാനാവുന്നത്. ഈ ഭൂമിയില്‍ ആയിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്നു വിശ്വസിക്കുന്നതിനു പിന്നിലേ യുക്തിതന്നെയാണ് വിശുദ്ധരുടെ മാധ്യസ്ഥ്യത്തിനു പിന്നിലും ഉള്ളത്. പുണ്യവാന്മാരുടെ ഐക്യത്തിലൂടെ മുഴുവന്‍ സഭാംഗങ്ങളും (സ്വര്‍ഗ്ഗത്തിലും ശുദ്ധീകരണസ്ഥലത്തും, ഭൂമിയിലും ഉള്ളവര്‍) യേശുവിന്‍റെ ശരീരത്തിലെ അംഗങ്ങളാണ് (1 കോറി 12:12-27). തന്മൂലം അവര്‍ സ്വഭാവത്താല്‍തന്നെ പരസ്പരം സഹായിക്കാന്‍ കടപ്പെട്ടവരാണ് (കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഇഇഇ 946-948 കാണുക).
8. വിശുദ്ധരോടുള്ള വണക്കത്തെ ഒന്നാം പ്രമാണത്തിന്‍റെ (നിയ 5:7) ലംഘനമായി വ്യാഖ്യാനിക്കുന്നത് തികഞ്ഞ അജ്ഞത മൂലമാണ്. വിശുദ്ധരെ കത്തോലിക്കാസഭ ഒരിക്കലും ആരാധിക്കുന്നില്ല മറിച്ച് വണങ്ങുക മാത്രമേ (adoration) ചെയ്യുന്നുള്ളൂ. ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണം (റോമ 13:7) എന്ന ശ്ലൈഹിക നിര്‍ദ്ദേശത്തിന്‍റെ ഭാഗമാണിത്. വിശുദ്ധരെ ആദരണീയരാക്കിയതും തന്‍റെ തിരുമുഖദര്‍ശനം നല്‍കി അനുഗ്രഹിച്ചതും (1 യോഹ 3:2) ദൈവം തന്നെയാണ്. ദൈവഛായയിലും (2 കോറി 3:18) ദൈവപ്രകൃതിയിലും (1 പത്രോ 1:4) ദൈവികമായ വിശുദ്ധിയിലും (ഹെബ്രാ 12:10) മഹത്വത്തിലും (റോമ 8:17; 1 പത്രോ 5:1) ജ്ഞാനത്തിലും (1 കോറി 13:12) അധികാരത്തിലും (1 കോറി 6:2-3; 2 തിമോ 2:12) അവരെ പങ്കാളികളാക്കിയത് ദൈവമാണ്. ദൈവത്തിന്‍റെ കരവേലയായ പ്രപഞ്ചം അവിടുത്തെ മഹത്വം വര്‍ണ്ണിക്കുന്നതുപോലെ (സങ്കീ 19:2) വിശുദ്ധര്‍ ദൈവത്തിന്‍റെ മഹത്വം സാക്ഷ്യപ്പെടുത്തുന്നവരാണ്. അവരെ ആദരിക്കുമ്പോള്‍ ദൈവം തന്നെയാണ് ആദരിക്കപ്പെടുന്നത്. വിശുദ്ധരെ അനുകരിക്കുന്നതാണ് അവരോടുള്ള ഏറ്റവും വലിയ വണക്കം. അവരെ അനുകരിക്കുന്നവര്‍ അവരെപ്പോലെ ദൈവസന്നിധിയില്‍ എത്തിച്ചേരുന്നു (ഹെബ്രാ 6:11-12; 13:7).
9. കത്തോലിക്കാ ദേവാലയങ്ങളിലെ തിരുസ്വരൂപങ്ങള്‍ വിഗ്രഹാരാധന നിരോധിക്കുന്ന ദൈവപ്രമാണങ്ങളുടെ (പുറ 20:4; നിയ 4:15-18) ലംഘനമായി വ്യാഖ്യാനിക്കുന്ന ശൈലി ഇവരില്‍ പൊതുവായി കാണപ്പെടുന്നു. എന്നാല്‍ തിരുസ്വരൂപങ്ങളെക്കുറിച്ചുള്ള അജ്ഞതയും അബദ്ധധാരണയുമാണ് ഇത്തരം നിഗമനങ്ങളിലെത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. (വിശദാംശങ്ങള്‍ക്ക് ഈ ഗ്രന്ഥത്തിലെ കത്തോലിക്കര്‍ വിഗ്രഹാരാധകരാണോ എന്ന പഠനം കാണുക).
പൊതുവില്‍ കത്തോലിക്കാ ഭവനങ്ങളെ കേന്ദ്രീകരിച്ചാണ് ഇത്തരം വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ കത്തോലിക്കരുടെ ഇടയില്‍ ഇവര്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കുവാന്‍ വീടുവീടാന്തരം കയറി ഇവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നു. രോഗികളുള്ള വീടുകളില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തുകയും വിശുദ്ധ ഗ്രന്ഥത്തിലെ വചനഭാഗങ്ങള്‍ തന്നിഷ്ടപ്രകാരം വ്യാഖ്യാനിക്കുകയും ചെയ്യുന്നു. കേരള കത്തോലിക്കാസഭയിലെ കരിസ്മാറ്റിക് നവീകരണഫലമായുണ്ടായ നവീന പ്രാര്‍ത്ഥനാശൈലിയുടെ (സ്തുതിപ്പുകളും കൈകൊട്ടലും മറ്റും) മറവില്‍ കത്തോലിക്കരുടെ ഇടയില്‍ കടന്നുകൂടുന്ന പെന്തക്കുസ്താവിഭാഗം സാധാരണജനങ്ങള്‍ക്കുമുന്നില്‍ തങ്ങളെത്തന്നെ ഒരു കരിസ്മാറ്റിക് ഗ്രൂപ്പായി അവതരിപ്പിക്കുന്ന അപകടവും ഉണ്ടായിട്ടുണ്ട്. കൂടാതെ ഞായറാഴ്ച ആചരണവും കൂദാശാജീവിതവും നയിക്കാത്ത വിശ്വാസികളെ ഇവര്‍ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നു. കത്തോലിക്കാസഭയില്‍ പുരോഹിത ആധിപത്യമാണെന്നും അല്മായര്‍ക്ക് യാതൊരു വിലയുമില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവര്‍ വിശ്വാസികളെ തങ്ങളുടെ ഗ്രൂപ്പില്‍ കൂട്ടാറുണ്ട്.
ഏതെങ്കിലുമൊക്കെ കാരണത്താല്‍ സഭാധികാരികളോട് അഭിപ്രായവ്യത്യാസമുള്ളവരെ പ്രീണിപ്പിച്ച് തങ്ങളുടെ കൂടെ കൂട്ടാന്‍ ഇവര്‍ കിണഞ്ഞു പരിശ്രമിക്കുന്നു. പഠനത്തിനും ജോലിക്കുമായി കുടുംബത്തില്‍നിന്ന് അകന്നുകഴിയുന്ന കത്തോലിക്കാവിശ്വാസികളുടെ ഇടയില്‍ കൂടുതല്‍ സിദ്ധികളുടെപേരില്‍ നുഴഞ്ഞുകയറാനും ഇവര്‍ പരിശ്രമിക്കുന്നു. പരീക്ഷയില്‍ ജയിക്കാന്‍, ജോലി ലഭിക്കാന്‍, വിദേശത്ത് പോകുവാന്‍ എന്നിവയ്ക്കുവേണ്ടി പ്രാര്‍ത്ഥനാസഹായവുമായി ഇവര്‍ വ്യക്തിപരമായി കത്തോലിക്കരെ സമീപിച്ച് തങ്ങളുടെ സ്വാധീനത്തിലാക്കാറുമുണ്ട്. കൂടാതെ പല പെന്തക്കുസ്താവിഭാഗങ്ങള്‍ക്കും വിദേശങ്ങളില്‍നിന്ന് ധാരാളം പണം അവരുടെ സഭാപ്രവര്‍ത്തനങ്ങള്‍ക്കു ലഭ്യമാകുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ സാമ്പത്തികപ്രലോഭനങ്ങള്‍വഴി വശീകരിക്കാനും ഇവര്‍ പരിശ്രമിക്കുന്നു.
Pentecostal Sects Response to Pentecostal Sects Mar Joseph Pamplany Pentecostal sects on sacraments sects on saints sects on intercession sects on purgatory catholic responses to Pentecostal false teachings Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206