x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

കരിസ്മാറ്റിക് പ്രസ്ഥാനത്തോടുള്ള ആദരവ് അബദ്ധപ്രബോധനങ്ങളോടുള്ള അന്ധമായ വിധേയത്വമല്ല (പൂര്‍വ്വികശാപം/ തലമുറകളുടെ ശാപം അബദ്ധപ്രബോധനമാകുന്നതെങ്ങനെ?

Authored by : Noble Thomas Parackal On 25-May-2021

കരിസ്മാറ്റിക് പ്രസ്ഥാനത്തോടുള്ള ആദരവ് അബദ്ധപ്രബോധനങ്ങളോടുള്ള അന്ധമായ വിധേയത്വമല്ല (പൂര്‍വ്വികശാപം/ തലമുറകളുടെ ശാപം അബദ്ധപ്രബോധനമാകുന്നതെങ്ങനെ?)

ക്രൈസ്തവവിശ്വാസത്തിന്‍റെ ഭാഗമെന്ന മട്ടില്‍ പ്രചരിക്കുന്ന ചില അബദ്ധധാരണകളെക്കുറിച്ച് രണ്ട് ലേഖനങ്ങള്‍ എഴുതിയപ്പോഴേക്കും ലേഖകന്‍ ഒരു കരിസ്മാറ്റിക് വിരുദ്ധനാണെന്ന ധാരണയില്‍ പലരും എഴുതുന്നതു കണ്ടു. എല്ലാ വര്‍ഷവും തന്നെ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുക്കുന്ന ഒരാളെന്ന നിലയിലും കേരളത്തിലെ ഒരുവിധം പ്രശസ്തരായ കരിസ്മാറ്റിക് വചനപ്രഘോഷകരോട് നല്ല ബന്ധം പുലര്‍ത്തുന്ന എളിയ വൈദികനുമെന്ന നിലയില്‍ തിരുസ്സഭയിലുള്ള കരിസ്മാറ്റിക് പ്രസ്ഥാനത്തോടുള്ള ആദരവ് അതിന്‍റെ ഭാഗമായി പടരുന്ന അബദ്ധജഡിലവും സഭാപ്രബോധനങ്ങള്‍ക്ക് നിരക്കാത്തതുമായ ആശയങ്ങളോടുള്ള വിധേയത്വമല്ല എന്ന് സൂചിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. ഇക്കാലമത്രയും എഴുതിയിട്ടുള്ളതു മുഴുവനും ആരുടെയെങ്കിലുമൊക്കെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്. അതിനാല്‍ ഈ വിഷയങ്ങളില്‍ പലരും ചോദിക്കുന്ന ചോദ്യങ്ങളെ സഭാപ്രബോധനങ്ങളുടെ അടിസ്ഥാനത്തില്‍വിശദീകരിക്കേണ്ടത് വൈദികനെന്ന നിലയില്‍ എന്‍റെ കടമയാണെന്ന് ഞാന്‍വിശ്വസിക്കുന്നു. എന്നാല്‍ ഈ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനു മുന്പ് ബൈബിള്‍ വ്യാഖ്യാനത്തെക്കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ആഗ്രഹിക്കുകയാണ്.

ദൈവവചനം എങ്ങനെ മനസ്സിലാക്കണം?

1. കത്തോലിക്കാവിശ്വാസമനുസരിച്ച് ദൈവവചനം എന്നത് ലിഖിതരൂപത്തിലുള്ള ബൈബിളും പാരമ്പര്യവും ചേര്‍ന്നതാണ്. പലരും ബൈബിളിലെ ഒറ്റപ്പെട്ട വചനങ്ങളെ മാത്രം എടുത്ത് ദൈവികവെളിപാടായി വ്യാഖ്യാനിക്കാറുണ്ട്. എഴുതപ്പെട്ട വചനവും കൈമാറ്റം ചെയ്യപ്പെടുന്ന പാരന്പര്യവും (തിരുസ്സഭയിലൂടെ) ഒന്നുചേരുമ്പോള്‍ മാത്രമേ വചനം ശരിയായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കൂ.

2. ബൈബിളിലെ രചനകള്‍ക്ക് വിവിധ സാഹിത്യരൂപങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അവയെ തിരിച്ചറിയുകയും ആ സാഹിത്യരൂപങ്ങളുടെ നിഷ്കൃഷ്ടാര്‍ത്ഥം എന്താണെന്ന് ഗ്രഹിക്കുകയും വേണം. ഒപ്പം വിവര്‍ത്തനങ്ങളിലൂടെ അടിസ്ഥാന ആശയം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ബൈബിള്‍ കമന്‍ററികള്‍ ഉപയോഗിക്കണം.

3. ദൈവവചനം ദൈവനിവേശിതമാണെന്ന് പറയുമ്പോള്‍ അതിലെ ഓരോ വചനവും ദൈവനിവേശിതമാണെന്നല്ല, മറിച്ച് എഴുതപ്പെട്ട വചനവും പാരമ്പര്യവും കൂടിച്ചേരുന്ന ദൈവവചനത്തിന് ആകമാനമാണ് ദൈവനിവേശനം ഉള്ളത്. അതിനാല്‍ ബൈബിളിലെ ഒരു വചനത്തിന് വിരുദ്ധമായ മറ്റൊരു വചനവും കണ്ടെത്തുമ്പോള്‍ നാം ആകുലപ്പെടേണ്ടതില്ല. കാരണം ദൈവവചനത്തിന്‍റെ മുഴുവന്‍ പശ്ചാത്തലത്തില്‍ ആ ആശയം എന്താണ് എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അത്തരം പ്രബോധനങ്ങള്‍ നല്കാന്‍ അധികാരമുള്ളത് ദൈവവചനത്തിന്‍റെ ഉത്തരവാദിത്വപൂര്‍ണ്ണമായ ശുശ്രൂഷക്ക് (വ്യാഖ്യാനത്തിന്) ഭരമേത്പിക്കപ്പെട്ടിരിക്കുന്ന തിരുസ്സഭക്കാണ്.

4. ദൈവവചനം ദൈവികവെളിപാടാണ്. ദൈവം മനുഷ്യന് നല്കുന്ന വെളിപ്പെടുത്തലുകള്‍. ആ വെളിപാടുകള്‍ വളര്‍ച്ചാസ്വഭാവമുള്ളതാണ്, അല്ലെങ്കില്‍ കാലഘട്ടങ്ങളിലൂടെ പുരോഗമിക്കുന്നതാണ് (progressive). എന്നു പറഞ്ഞാല്‍ ദൈവികവെളിപാട് ആദ്യം ലഭിച്ചപ്പോള്‍ അത് മനസ്സിലാക്കാന്‍ കഴിഞ്ഞതിനേക്കാള്‍ വ്യക്തതയോടെ പത്തു നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ അത് മനസ്സിലാക്കാന്‍ മനുഷ്യര്‍ക്ക് സാധിച്ചു. കാരണം പത്ത് നൂറ്റാണ്ടുകള്‍ ദൈവവുമായുള്ള ബന്ധം അവനെ അത്രയും പക്വമതിയാക്കി. അങ്ങനെ നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ദൈവികവെളിപാട് നമുക്ക് കാണാനും തൊടാനും കഴിയുന്നത്ര വ്യക്തതയോടെ അവതരിച്ചു. അതാണ് ഈശോ മിശിഹാ. അതിനാലാണ് എല്ലാ വെളിപാടുകളുടെയും പൂര്‍ണത ഈശോയാണെന്നും ഈശോയുടെ വാക്കുകളിലാണ് എല്ലാ ദൈവികവെളിപാടുകളും അതിന്‍റെ പൂര്‍ണത കണ്ടെത്തുന്നതെന്നും ഈശോയിലൂടെ ദൈവം ലോകത്തോട് സംസാരിക്കാനുള്ളതെല്ലാം സംസാരിച്ചുവെന്നും ഇനിയൊരു പൊതുവെളിപാട് തിരുസ്സഭക്ക് ആവശ്യമില്ലെന്നും സഭ പഠിപ്പിക്കുന്നത്. ആയതിനാല്‍ ദൈവത്തെയും ദൈവികവെളിപാടുകളെയും അവ്യക്തമായും അപൂര്‍ണ്ണമായും സ്വീകരിക്കുകയും മനസ്സിലാക്കുകയും ചെയ്ത കാലഘട്ടത്തില്‍ രൂപപ്പെട്ട പഴയനിയമത്തിലെ ദൈവവചനങ്ങളെ ഈശോയുടെ പ്രബോധനങ്ങളുടെയും പാരമ്പര്യങ്ങളുടെയും കൂടി വെളിച്ചത്തില്‍ വ്യാഖ്യാനിച്ചാല്‍ മാത്രമേ അത് കത്തോലിക്കാതിരുസ്സഭയുടെ പഠനമെന്ന് നമുക്ക് പറയാന്‍ കഴിയുകയുള്ളൂ.

ഇനിയുമുണ്ട് – വിശദമായി പിന്നെ എഴുതാം. എങ്കിലും ഇത്രയും കാര്യങ്ങള്‍മനസ്സിലാക്കിയാല്‍ തുടര്‍ന്ന് ചര്‍ച്ച ചെയ്യുന്ന വിഷയം വലിയ പ്രശ്നങ്ങളില്ലാതെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.

പൂര്‍വ്വികശാപം (തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ശാപം) എന്നത് കത്തോലിക്കാവിശ്വാസമല്ല

കത്തോലിക്കാസഭയുടെ വിശ്വാസത്തിന്‍റെ ഭാഗമായി പുര്‍വ്വികരുടെ ശാപം നമ്മെ പിന്തുടരുന്നുവെന്ന പ്രബോധനത്തെ നമുക്ക് എവിടെയും കണ്ടെത്താന്‍കഴിയുകയില്ല. എന്നാല്‍ അതേസമയം പലരും ബൈബിള്‍വചനങ്ങള്‍ ഉദ്ധരിക്കാറുണ്ട്. “എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാന്‍ ശിക്ഷിക്കും” (പുറ. 20,5). “കുറ്റവാളിയുടെ നേരെ കണ്ണടക്കാതെ പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയോളം ശിക്ഷിക്കുന്നവന്‍” (പുറ. 34,7). “കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍ക്ക് മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനുമാണെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ” (സംഖ്യ 14,18). “ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍ വരെയുള്ള മക്കളെ അവരുടെ പിതാക്കന്മാരുടെ തിന്മ മൂലം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ്” (നിയമാ. 5,9). ഇപ്രകാരമുള്ള വചനങ്ങളെ ആധാരമാക്കിയാണ് പൂര്‍വ്വികശാപം അല്ലെങ്കില്‍തലമുറകളുടെ ശാപം എന്ന അബദ്ധസിദ്ധാന്തം കത്തോലിക്കാസഭയില്‍ പഠിപ്പിക്കുന്നത്.

പഴയനിയമത്തിലെ വ്യത്യസ്ത ആശയങ്ങള്‍

എന്നാല്‍, വിശുദ്ധ ഗ്രന്ഥത്തിലെ ഈ വചനഭാഗങ്ങള്‍ പഴയനിയമവചനഭാഗങ്ങളാണ്. ഇത് ക്രൈസ്തവആത്മീയതയുടെയോ വിശ്വാസത്തിന്‍റെയോ ഭാഗമല്ല. ഒരു പ്രത്യേക പാപത്തിന് (വിഗ്രഹാരാധന) ഒരു പ്രത്യേകജനതക്ക് (ഇസ്രായേലിന്) നല്കിയിരുന്ന ശിക്ഷയാണ് അത്. ഈ ശിക്ഷ നിലനില്‍ക്കില്ല എന്നത് പഴയനിയമത്തില്‍ തന്നെ ന്യായാധിപന്മാരുടെ പുസ്തകത്തില്‍ നാം വായിക്കുന്നുമുണ്ട്. മാത്രവുമല്ല, ഇസ്രായേല്‍ ജനത ദൈവികവെളിപാടിലൂടെ മരണത്തിന് ശേഷവും ജീവിതമുണ്ട് എന്ന് തിരിച്ചറിയുന്നതിന് മുന്പ് അവര്‍ക്കുണ്ടായിരുന്ന ചിന്തയാണിത്. എന്തുകൊണ്ട് തിന്മ ചെയ്യരുത് എന്ന് ചോദ്യത്തിന് ഒരാളുടെ തിന്മയുടെ ഫലം അയാളനുഭവിച്ചില്ലെങ്കില്‍ അയാളുടെ മക്കള്‍ തലമുറകളോളം അനുഭവിക്കേണ്ടി വരും അതിനാല്‍ നന്മ ചെയ്യണം എന്ന മറുപടിയാണ് അക്കാലഘട്ടത്തില്‍ അവര്‍ക്ക് ലഭ്യമായിരുന്നത്. അതേസമയം മരണത്തിനുശേഷവും ജീവിതമുണ്ട് എന്ന് മനസ്സിലായപ്പോള്‍ ഓരോരുത്തരുടെയും നന്മതിന്മകളുടെ ഫലം അയാള്‍തന്നെയാണ് അനുഭവിക്കേണ്ടി വരിക എന്ന് ഇസ്രായേലിന് സാവധാനം മനസ്സിലായി.

“പാപം ചെയ്യുന്നവന്‍ മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്‍റെ തിന്മകള്‍ക്കു വേണ്ടിയോ പിതാവ് പുത്രന്‍റെ തിന്മകള്‍ക്ക് വേണ്ടിയോ ശിക്ഷിക്കപ്പെടുകയില്ല. നീതിമാന്‍ തന്‍റെ നീതിയുടെ ഫലവും ദുഷ്ടന്‍ തന്‍റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും” (എസ.18,20).
“മക്കള്‍ക്കു വേണ്ടി പിതാക്കന്മാരെയോ പിതാക്കന്മാര്‍ക്കുവേണ്ടി മക്കളെയോ വിധിക്കരുത്. പാപത്തിനുള്ള മരണശിക്ഷ അവനവന്‍ തന്നെ അനുഭവിക്കണം” (നിയമാ. 24,16).
“പിതാക്കന്മാര്‍ പുളിക്കുന്ന മുന്തിരിങ്ങ തിന്നു മക്കളുടെ പല്ല് പുളിച്ചു എന്ന് ഇസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി ഇപ്പോഴും നിങ്ങള്‍ ആവര്‍ത്തിക്കുന്നതെന്തിന്? ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാനാണേ, ഈ പഴമൊഴി ഇനിയൊരിക്കലും ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല. എല്ലാവരുടെയും ജീവന്‍ എന്‍റേതാണ്. പിതാവിന്‍റെ ജീവനെന്നപോലെ പുത്രന്‍റെ ജീവനും എനിക്കുള്ളതാണ്. പാപം ചെയ്യുന്നവന്‍റെ ജീവന്‍ നശിക്കും” (എസ.18,1-3).

പുതിയനിയമത്തിലെ പ്രബോധനങ്ങള്‍

ഇപ്പറഞ്ഞവയെല്ലാം പൂര്‍വ്വികശാപവും തലമുറകളിലൂടെയുള്ള ശാപവും പഴയനിയമം തന്നെ തള്ളിക്കളയുന്നുവെന്നതിന്‍റെ തെളിവുകളാണ്. ഇത്രയും വ്യക്തമായ വചനങ്ങള്‍ പഴയനിയമത്തില്‍ തന്നെയുണ്ട് എങ്കിലും ക്രൈസ്തവന്‍ഇവിടം കൊണ്ടും അവസാനിപ്പിക്കേണ്ടതില്ല. പുതിയനിയമത്തിന്‍റെ കാഴ്ചപ്പാടില്‍ഈ വിഷയം എപ്രകാരം കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നുവെന്നതാണ് സുപ്രധാനം. ഈശോയിലൂടെ കരഗതമായ രക്ഷയില്‍ പങ്കുകാരനും പങ്കുകാരിയും എന്ന നിലയില്‍ എനിക്കെങ്ങനെയാണ് പൂര്‍വ്വികരുടെ പാപം എനിക്ക് ബന്ധനമായിരിക്കുന്നു അല്ലെങ്കില്‍ ശാപമായിരിക്കുന്നുവെന്ന് പറയാനാവുക. കാരണം, ക്രിസ്ത്യാനിയെന്ന നിലയില്‍ ഞാന്‍ പുതിയ സൃഷ്ടിയാണ്. മാമ്മോദീസായില്‍ പാപക്കറകള്‍ കഴുകി ഞാന്‍ വീണ്ടും ജനിച്ചതാണ്. “ക്രിസ്തുവിലായിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി, പുതിയത് വന്നു കഴിഞ്ഞു” (2 കോറി. 5,17). അപ്രകാരമൊരു ദൈവമകന്, മകള്‍ക്ക് എങ്ങനെയാണ് ശാപത്തിന്‍റെ അടിമയാകാന്‍ സാധിക്കുക എന്ന് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ പൗലോസ് അപ്പസ്തോലന്‍ ചോദിക്കുന്നുണ്ട് “എന്തെന്നാല്‍ യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്‍റെ നിയമം നിന്നെ പാപത്തിന്‍റെയും മരണത്തിന്‍റെയും നിയമത്തില്‍ നിന്ന് സ്വതന്ത്രനാക്കിയിരിക്കുന്നു”(8,1). വെളിപാടിന്‍റെ പുസ്തകം പറയുന്നു, “ഇനിമേലില്‍ ശപിക്കപ്പെട്ടതായി ഒന്നും ഉണ്ടായിരിക്കുകയില്ല. ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനം അതില്‍ ഉണ്ടായിരിക്കും” (22,3).

ശിഷ്യന്മാര്‍ ഒരു അന്ധനെക്കുറിച്ച് ഈശോയോട് തന്നെ ചോദിക്കുന്നുണ്ട്, “റബ്ബീ, ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്? ഇവന്‍റെയോ ഇവന്‍റെ മാതാപിതാക്കന്മാരുടെയോ?” ഈശോ പറഞ്ഞ മറുപടി ഇതാണ്, “ഇവന്‍റെയോ ഇവന്‍റെ മാതാപിതാക്കന്മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്‍റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്” (യോഹ. 9,1-3). മാതാപിതാക്കന്മാരുടെ പാപമല്ല, ദൈവികപ്രവൃത്തികള്‍ പ്രകടമാകാനാണ് ഇവന്‍റെ അന്ധനായിരിക്കുന്നതെന്നാണ് ഈശോയുടെ വിശദീകരണം. പലപ്പോഴും സഹനങ്ങളുടെ കാരണമന്വേഷിച്ച് ഓടുകയും പൂര്‍വ്വികരില്‍ അതിന്‍റെ പഴിചാരുകയും ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടാണ് ഇത് ഉള്‍ക്കൊള്ളാന്‍ പറ്റാതെ പോകുന്നത് എന്ന് മനസ്സിലാകുന്നില്ല. സഹനങ്ങള്‍ രക്ഷാകരമാണെന്നും അത് മനുഷ്യജീവിതത്തിന്‍റെ സ്വാഭാവികതയാണെന്നും എന്നാല്‍ സഹനനിമിഷങ്ങളില്‍ദൈവം നമ്മെ ഉപേക്ഷിക്കുന്നില്ലായെന്നും ദൈവത്തോടൊപ്പം സ്വാഭാവികമായി ഈ സഹനാനുഭവങ്ങളെ അതിജീവിക്കുന്നതാണ് ആത്മീയതെന്നും എന്ന് തിരിച്ചറിയുന്നുവോ അന്ന് നമ്മുടെ ആത്മീയത പക്വതയാര്‍ജ്ജിച്ചുവെന്ന് നമുക്ക് വിശ്വസിക്കാം.

സമാപനം

അവസാനിപ്പിക്കുമ്പോള്‍ ഇത്തരം അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ ചില വാദങ്ങളെക്കൂടി ഖണ്ഡിക്കുവാന്‍ ആഗ്രഹിക്കുകയാണ്. മെത്രാനും ബുദ്ധിജീവികളും പറയുന്നതല്ല കൃപയുള്ളവര്‍ പറയുന്നതാണ് വിശ്വാസികള്‍ സ്വീകരിക്കേണ്ടത്. സഭയുടെ പഠനങ്ങളല്ല വ്യക്തികളുടെ അനുഭവങ്ങളും ദര്‍ശനങ്ങളുമാണ് പ്രധാനം. സ്വകാര്യമായ വെളിപാടുകളെ അവഗണിക്കുന്നത് അജ്ഞതയും അഹങ്കാരവും മൂലമാണ്… ഇങ്ങനെ നിരവധിയായ ആക്ഷേപങ്ങളാണ് തിരുസ്സഭാപഠനത്തെ ചൂണ്ടിക്കാട്ടുന്നവര്‍ നേരിടുന്നത്. ഇവ ഉന്നയിക്കുന്നതില്‍ കത്തോലിക്കാസഭയില്‍ നിന്ന് വിട്ടുപോയ സെക്ടുകളും അത്തരം സെക്ടുകളുടെ പഠനങ്ങളില്‍ ആകൃഷ്ടരായ കത്തോലിക്കരും തീവ്രമായ കരിസ്മാറ്റിക് ചിന്താഗതിയുള്ള ഒരു ചെറിയ ന്യൂനപക്ഷവും എല്ലാമുണ്ട്. കത്തോലിക്കാസഭ 20 നൂറ്റാണ്ടുകള്‍ ശക്തിയോടെ നിലകൊണ്ടിട്ടുണ്ടെങ്കില്‍ അതിന് കാരണം അതിന്‍റെ പഠനങ്ങളിലുള്ള യുക്തിഭദ്രത കൊണ്ടും പ്രബോധനങ്ങളിലുള്ള ഐക്യം കൊണ്ടും വ്യക്തത കൊണ്ടുമൊക്കെയാണ്. അത്തരം വിശ്വാസവ്യാഖ്യാനങ്ങളെ ഏതെങ്കിലുമൊക്കെ വൈദികരുടെയും ദര്‍ശനക്കാരുടെയും അടിസ്ഥാനമില്ലാത്ത വചനവ്യാഖ്യാനങ്ങളുടെ വെളിച്ചത്തില്‍ ആക്രമിക്കുന്നത് തികച്ചും ബാലിശമാണ്.

വ്യക്തിയല്ല മജിസ്റ്റീരിയം (സഭയുടെ പ്രബോധനാധികാരം). സഭാപ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ആരു പഠിപ്പിച്ചാലും തെറ്റാണ്. വലിയ ധ്യാനഗുരുക്കന്മാര്‍ക്ക് അനുഭവങ്ങളുണ്ടാകാം. അനുഭവങ്ങളുടെ വെളിച്ചത്തില്‍ സഭാപ്രബോധനം തിരുത്തുകയല്ല വേണ്ടത്, മറിച്ച് സഭാപ്രബോധനങ്ങളുടെ വെളിച്ചത്തില്‍ അനുഭവങ്ങളെ വിവേചിച്ചറിയുകയും വ്യാഖ്യാനിക്കുകയുമാണ് വേണ്ടത്. ആയതിനാല്‍ അബദ്ധങ്ങള്‍ പഠിപ്പിക്കുന്നുവെന്ന് സംശയമുള്ളപ്പോള്‍ സഭയുടെ പ്രബോധനാധികാരം (മജിസ്റ്റേരിയം) എന്തു പഠിപ്പിക്കുന്നുവെന്ന് അന്വേഷിച്ചറിയുകയും അതിനു വിരുദ്ധമായവ തള്ളിക്കളയുകയും ചെയ്യാന്‍ വിശ്വാസികള്‍ പരിശ്രമിക്കേണ്ടതാണ്.

charismatic movements The ancestral curse Respect for the charismatic movement Noble Thomas Parackal noble parackal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message