x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ സഭാസംബന്ധമായ പൊതുവിഷയങ്ങൾ

സഭാനവീകരണത്തിന്റെ മറവില്‍ പ്രചരിക്കുന്ന സഭാവിരുദ്ധതയുടെ വിമതതന്ത്രങ്ങള്‍

Authored by : Noble Thomas Parackal On 29-May-2021

വര്‍ത്തമാനകാലകത്തോലിക്കാസഭക്ക് നവീകരണം അനിവാര്യമാണെന്നത് മറുപക്ഷമില്ലാത്ത ചിന്തയാണ്. അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സാംസ്കാരികപരിസരങ്ങളോട് സംവദിക്കാന്‍ കഴിയുംവിധം തിരുസ്സഭ അതിന്‍റെ പരമ്പരാഗതമായ രീതികളിലും ശൈലികളിലും ചില തിരുത്തിയെഴുത്തുകള്‍നടത്തേണ്ടതുണ്ട്. മാര്‍ക്സിയന്‍ ചിന്തയുടെ സ്വാധീനത്തിലുള്ള വിമോചനസങ്കല്പങ്ങള്‍, സാമ്പത്തികശാസ്ത്രം, ലോകബോധം, ഉത്തരാധുനികചിന്തയുടെയും നിരീശ്വരവാദത്തിന്‍റെയും യുക്തിവാദത്തിന്‍റെയും ലിബറല്‍ ചിന്താശൈലികളുടെയും പെട്ടെന്നുള്ള വളര്‍ച്ചയും മതജീവിതത്തിലുള്ള അവയുടെ കടന്നുകയറ്റവും മാധ്യമങ്ങളുടെ അതിപ്രസരവും സഭയുടെ ആത്മീയനേതൃത്വം ഇന്ന് അഭിമുഖീകരിക്കുന്ന ചില പ്രതിസന്ധികളാണ്.

മാര്‍ക്കറ്റും മാധ്യമങ്ങളും മതവിരുദ്ധശക്തികളും ഒരുമിക്കുകയും സഭയ്ക്കെതിരെ സംഘടിക്കുകയും ആഞ്ഞടിക്കുകയും ചെയ്യുന്നതിന്‍റെ ബാഹ്യപ്രകടനങ്ങളാണ് പല രൂപങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. അതേസമയം, സഭ ആക്രമിക്കപ്പെടുന്നത് അകാരണമായിട്ടാണൈന്ന ചിന്ത ആവശ്യമില്ലതാനും. എന്നാല്‍ സഭാതനയരുടെ വീഴ്ചകള്‍ മാത്രം ആനുപാതികമല്ലാത്ത രീതിയില്‍ മാധ്യമങ്ങളും മറ്റും ആഘോഷവിഷയമാക്കുമ്പോള്‍ അവയുടെ ഉദ്ദേശശുദ്ധിയെയും പിന്നാമ്പുറ ആലോചനകളെയും സംശയത്തോടെയല്ലാതെ നമുക്ക് സമീപിക്കാനാവില്ല.
ഇത്തരമൊരു പശ്ചാത്തലത്തില്‍ സഭാപരമായ ആത്മപരിശോധനകളും വിലയിരുത്തലുകളും പുതുസമീപനങ്ങളുടെ ശൈലികളെപ്പറ്റിയുള്ള വിചാരങ്ങളും സഭക്കകത്തു തന്നെ പല തലങ്ങളില്‍ ധാരാളമായി നടക്കുന്നുണ്ട്. സംവിധാനങ്ങളിലും ശൈലികളിലും രീതികളിലും കാലഘട്ടത്തിനനസൃതമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന ചിന്ത ബലപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഒരു സ്ഥാപനത്തിന്‍റെ ഘടനയിലും പ്രവര്‍ത്തനരീതിയിലും മാറ്റങ്ങള്‍ വരുത്തുന്നതു പോലെ സഭയില്‍ മാറ്റങ്ങളുണ്ടാവുക സാധ്യമല്ല. അതിന് ഒരുപാട് ഘടകങ്ങളെ അതിന്‍റെ അനുബന്ധങ്ങളായി പരിഗണിക്കുകയും പാരമ്പര്യങ്ങള്‍, പ്രബോധനങ്ങള്‍, അടിസ്ഥാനപരമായ വിശ്വാസം, നിയമങ്ങള്‍ എന്നിങ്ങനെ പലകാര്യങ്ങള്‍ ഗൗനിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനാല്‍ സമയവും സാമര്‍ത്ഥ്യവും സര്‍വ്വോപരി, പരിശുദ്ധാത്മാവിന്‍റെ ശക്തമായ പ്രവര്‍ത്തനവും ആവശ്യമുള്ള ഒന്നാണ് ഈ നവീകരണശ്രമം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഈ ചിന്തകളുടെ പശ്ചാത്തലത്തില്‍, കത്തോലിക്കാസഭയിലെ നവീകരണശ്രമങ്ങളെക്കുറിച്ചുള്ള ചരിത്രവിചാരവും അതിനായി ശ്രമിച്ച രണ്ട് ചരിത്രപുരുഷന്മാരെക്കുറിച്ചുള്ള ധ്യാനവും അനിവാര്യമാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസും ജര്‍മ്മന്‍കാരനായിരുന്ന അഗസ്റ്റീനിയന്‍ സന്ന്യാസി മാര്‍ട്ടിന്‍ലൂഥറുമാണ് അവര്‍. ഫ്രാന്‍സിസ് അസ്സീസി പതിമൂന്നാം നൂറ്റാണ്ടിലും ലൂഥര്‍ പതിനാറാം നൂറ്റാണ്ടിലുമാണ് ജീവിച്ചിരുന്നത്. തിരുസ്സഭക്ക് നവീകരണം ആവശ്യമായിരുന്നുവെന്ന് അതാത് കാലഘട്ടങ്ങളില്‍ വിശ്വസിച്ച രണ്ട് വിപ്ലവകാരികളായിരുന്നു അവര്‍. അവരുടെ വിപ്ലവങ്ങള്‍ രണ്ടും രണ്ടു വിധത്തിലാണ് പരിശുദ്ധ കത്തോലിക്കാസഭയെ സ്വാധീനിച്ചത് എന്ന് ചരിത്രം പഠിക്കുന്നവര്‍ക്ക് മനസ്സിലാകും. സഭാനവീകരണത്തിനായി മുറവിളിയിടുന്നവരെ ഈ ചരിത്രസംരഭങ്ങളോട് കൂട്ടിവായിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നതും അതിനാലാണ്.

അസ്സീസിയിലെ ഫ്രാന്‍സിസ് ആരംഭിച്ചതും നയിച്ചതും നിയന്ത്രിച്ചതുമായ വിപ്ലവം തിരുസ്സഭയുടെ മഹത്വത്തെയും വിശുദ്ധിയെയും ആകാശത്തോളം വളര്‍ത്തുകയും സ്വര്‍ഗ്ഗം ആ വളര്‍ച്ചയില്‍ വളരെയേറെ സന്തോഷിക്കുകയും ചെയ്തു. ഫ്രാന്‍സീസിന്‍റെ ജീവിതത്തിലേക്ക് നോക്കിയിട്ട് ചരിത്രം അത്ഭുതപ്പെടുകയും തിരുസ്സഭ ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഇന്നും നാം കാണുന്നുണ്ട്. രണ്ടാം ക്രിസ്തുവെന്ന് വിളിക്കപ്പെടാന്‍ മാത്രം വിശുദ്ധവും തീക്ഷ്ണവുമായ സ്നേഹവും ആദരവും തിരുസ്സഭാഗാത്രത്തോട് പുലര്‍ത്തുകയായിരുന്നു ഫ്രാന്‍സിസ് ചെയ്തത്.

ലോഹനിര്‍മ്മിതമായ ആയുധങ്ങളുടെ വക്കൊടിയുകയും മൂര്‍ച്ച നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ അതിനെ അടിച്ചുപരത്തിയും തീയിലിട്ട് ചുട്ടും ഉലയിലുരുക്കിയും രാകിയും ഉരസിയുമെല്ലാം വളരെ കഠിനമായി നമ്മള്‍ കെകാര്യം ചെയ്യാറുണ്ട്. രാഷ്ട്രതന്ത്രത്തിലെ ഉരുക്കുഹസ്തങ്ങള്‍ ഈ രീതിശാസ്ത്രത്തിന്‍റെ ഉപയോക്താക്കളാണ്. ആയുധങ്ങളും അഗ്നിയും കൂടവും അവിടെ ഉപയോഗിക്കപ്പെടുന്നു. അടിച്ചമര്‍ത്തലിന്‍റെ തത്വശാസ്ത്രമാണ് അവിടെ വിജയം കാണുന്നത്. പറഞ്ഞുവരുന്നത്, തിരുസ്സഭയോട് ഇത്തരമൊരു സമീപനം സാദ്ധ്യമല്ലെന്ന് സൂചിപ്പിക്കാനാണ്. ഉരുക്കുമുഷ്ടികൊണ്ടും ആയുധങ്ങള്‍ കൊണ്ടും അഗ്നികൊണ്ടും ആക്രോശങ്ങള്‍ കൊണ്ടും അടിച്ചമര്‍ത്തിക്കൊണ്ടും തിരുസ്സഭയെ നവീകരിക്കാനാവില്ല. കാരണം അത് ക്രിസ്തുവിന്‍റെ വിശുദ്ധശരീരമാണ്. അഗ്നിക്കും ഉലക്കും രൂപമാറ്റം വരുത്താവുന്ന ലോഹമല്ല, ഇന്നും ജീവിക്കുന്ന മിശിഹായുടെ ശരീരമാണത്. ഭാരമില്ലാത്തതും ദുര്‍ബലവും ചെറുകാറ്റിനുപോലും വഹിക്കാനാവുന്നതുമായ ഒരപ്പത്തിന് ചുറ്റും സമ്മേളിക്കുന്ന ആരാധനാസമൂഹമാണത്. അവിടെ ആലപിക്കപ്പെടുന്നത് സങ്കീര്‍ത്തനങ്ങളാണ്, അന്തരീക്ഷത്തിലുയരുന്നത് ദൈവസ്തുതികളാണ്. തെറിവിളിയും ആക്രോശവും വിപ്ലവാഹ്വാനങ്ങളും തെരുവുപ്രകടനങ്ങളും ഈ സമൂഹത്തെ ചിതറിക്കുകയല്ലാതെ മെച്ചപ്പെടുത്തുകയില്ല എന്നതാണ് സത്യം.

ജോണ്‍ വൈക്ലിഫും ജാന്‍ ഹുസ്സും സ്വപ്നം കണ്ടതും പതിനഞ്ചാം നൂറ്റാണ്ടില്‍ ലൂഥര്‍ നേതൃത്വം നല്കിയതുമായ പ്രൊട്ടസ്റ്റന്‍റ് നവീകരണശ്രമം ഇത്തരുണത്തില്‍ ഒരുത്തമ ഉദാഹരണമാണ്. മാര്‍ട്ടിന്‍ ലൂഥര്‍ സഭാനവീകരണത്തിന് വേണ്ടി ഉരുക്കുമുഷ്ടി ഉപയോഗിച്ചു. ഉച്ചത്തില്‍ പ്രസംഗിച്ചു. സഭാസംവിധാനങ്ങളെ വെല്ലുവിളിച്ചു. ഫലമോ, കത്തോലിക്കാസഭ നേരിട്ട ഏറ്റവും വലിയ പിളര്‍പ്പിന് ജര്‍മ്മന്‍കാരനായ ആ ദൈവശാസ്ത്രജ്ഞന്‍ കാരണമായിത്തീര്‍ന്നു. പക്ഷേ, ചരിത്രം അദ്ദേഹത്തോട് പകരം വീട്ടി. നവീകരണത്തിനുവേണ്ടി പിളര്‍ത്തിയ സഭ മാര്‍ട്ടിന്‍ലൂഥറിന്‍റെ നിയന്ത്രണത്തില്‍ നിന്നില്ല. പിന്നീട് ലൂഥറിന്‍റെ പ്രൊട്ടസ്റ്റന്‍റ് സിദ്ധാന്തങ്ങളോട് കൂട്ടുചേര്‍ന്ന കാല്‍വിനും സ്വിംഗ്ലിയും വീണ്ടും വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ടുവന്നു. ആകാശ്രേങ്ങളുയര്‍ന്നു, ആശയസംഘട്ടനങ്ങളുണ്ടായി. പ്രൊട്ടസ്റ്റന്‍റ് സഭ പിളര്‍പ്പുകളുടെ രാഷ്ട്രീയത്തിലേക്ക് കൂപ്പുകുത്തി.

എന്തായിരുന്നു ലൂഥറില്‍ നിന്നും ഫ്രാന്‍സിസിനെ വ്യത്യസ്തനാക്കിയ ഘടകം? ഫ്രാന്‍സിസ് നയിച്ച നവീകരണം ആരംഭിച്ചത് ഫ്രാന്‍സിസിന്‍റെ തന്നെ മാനസാന്തരത്തിലും ആന്തരികനവീകരണത്തിലുമായിരുന്നു. പ്രാര്‍ത്ഥനയുടെയും പ്രായ്ശ്ചിത്തത്തിന്‍റെയും ജീവിതം ആരംഭിച്ചാണ് ഫ്രാന്‍സിസ് തിരുസ്സഭയെ പടുത്തുയര്‍ത്താന്‍ തുടങ്ങിയത്. ക്രിസ്തുവിന്‍റെ സഭയോടും അതിന്‍റെ സംവിധാനങ്ങളോടും കൂറുപുലര്‍ത്തിക്കൊണ്ടാണ് ഫ്രാന്‍സിസ് വിശുദ്ധീകരണത്തിന്‍റെ വിപ്ലവമന്ത്രം പ്രസംഗിച്ചത്.

ഇന്ന്, കേരളസഭയെ വിമര്‍ശിക്കുകയും സഭയുടെ വീഴ്ചകളെയും പരാജയങ്ങളെയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നവരില്‍ നാം ഫ്രാന്‍സിസിന്‍റെയും ലൂഥറിന്‍റെയും ചൈതന്യമുള്ളവരെ കണ്ടുമുട്ടുന്നുണ്ട്. ഫ്രാന്‍സിസ്കന്‍ ചൈതന്യമുള്ളവര്‍ അനേകരുണ്ട്. അവര്‍ പ്രാര്‍ത്ഥിക്കുകയും നിശബ്ദമായി പ്രവര്‍ത്തിക്കുകയും ഗുണപരമായ മാറ്റങ്ങള്‍ക്കുവേണ്ടി അദ്ധ്വാനിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ പുറത്തേക്ക് എത്തുന്നതു മുഴുവന്‍ ലൂഥറിന്‍റെ അനുയായികളുടെ സ്വരവും ആക്രോശങ്ങളുമാണ്. അവരില്‍ ചിലര്‍ വൈദികവസ്ത്രത്തിലം മറ്റു ചിലര്‍ സന്ന്യാസവസ്ത്രത്തിലുമാണ്. ചിലര്‍ ക്രിസ്ത്യാനികളാണെന്ന് പേരുകൊണ്ട് ബോദ്ധ്യപ്പെടുത്തുന്നുണ്ട്. എല്ലാവരും സഭാനവീകരണത്തിന്‍റെ ബാറ്റണ്‍ ഏറ്റെടുത്തുകൊണ്ടുള്ള ഓട്ടത്തിലാണ്. ആരു ജയിക്കും? ചരിത്രം നല്കുന്ന പാഠങ്ങള്‍ അവര്‍ക്ക് സൂചനകളാകട്ടെ.

ഏറ്റെടുത്ത വ്രതം ജീവിക്കാനാവാത്ത സന്ന്യസ്തരും മെത്രാന്‍റെ മുമ്പില്‍ മുട്ടുകുത്തി നിന്ന് വിധേയത്വം വാഗ്ദാനം ചെയ്ത വൈദികരും അവരില്‍ നിന്നും പ്രതീക്ഷിക്കുന്ന ആത്മീയവും സഭാത്മകവുമായ ചൈതന്യത്തിന് നിരക്കാത്ത വിധത്തില്‍ തിരുസ്സഭാനവീകരണത്തിന്‍റെ എഴുത്തും പറച്ചിലുമായി പൊതുജനത്തിന് മുമ്പിലെത്തുന്നത് ഒരു വൈരുദ്ധ്യമാണ്. ആ വൈരുദ്ധ്യം അവരുടെ വിപ്ലവാഹ്വാനങ്ങളില്‍ തന്നെയുണ്ട്. എഴുത്തും പറച്ചിലും ജീവിതവും തമ്മിലുള്ള വലിയ അന്തരത്തില്‍ വിമതരുടെ ആത്മീയജീവിതത്തെയും കപടസഭാസ്നേഹത്തെയും വിശ്വാസികള്‍ തിരിച്ചറിയുന്നുമുണ്ട്. സഭാത്മകമായ ആത്മീയതയുടെ അടിസ്ഥാനങ്ങളെ ചവിട്ടിമെതിച്ച് തിരുസ്സഭയുടെ വിശുദ്ധിക്കുവേണ്ടി അദ്ധ്വാനിക്കാന്‍ ഇവര്‍ക്കു കഴിയുമെന്ന് ആരും വിശ്വസിക്കുന്നില്ല. പിടിവാശിയുടെയും വ്യര്‍ത്ഥാഭിമാനത്തിന്‍റെയും പൊട്ടക്കുളത്തില്‍ കിടന്ന് അഭിരമിക്കുന്നവര്‍ തങ്ങള്‍ക്കെതിരെ തിരുസ്സഭ മുഴുവനായി ഉയരുന്ന വിശ്വാസികളുടെ രോഷത്തെ തിരിച്ചറിയാതെ പോകുന്നതില്‍ അത്ഭുതമില്ല. കലഹവും വിഭജനങ്ങളുമുണ്ടാക്കുന്നവരെ ചിതറിക്കണമേയെന്ന് വിശ്വാസികള്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങിയിരിക്കുന്നു.

ക്രിസ്തുവിനെ തിരുസ്സഭയില്‍ നിന്ന് വേറിട്ടു കാണുവാന്‍ പഠിപ്പിച്ചുകൊണ്ടും പൗരോഹിത്യവും മിശിഹായും തമ്മില്‍ ബന്ധമില്ലെന്ന് സ്ഥാപിച്ചുകൊണ്ടും വീഴ്ചകളും പരാജയങ്ങളും ഉയര്‍ത്തിപ്പിടിച്ച് ആകമാനസഭയുടെ പരമപരിശുദ്ധിയെ വെല്ലുവിളിച്ചുകൊണ്ടും വര്‍ത്തമാനകലസഭയില്‍ വിമതചിന്തകര്‍ ആരംഭമിട്ടിരിക്കുന്നത് ഒരു പുതിയതരം പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തിനാണോയെന്ന് സംശയിക്കാതെ തരമില്ല. വിഭജനത്തിന്‍റെയും അനൈക്യത്തിന്‍റെയും വിത്തുകള്‍ അവര്‍ ആകമാനസഭയില്‍ വിതച്ചുതുടങ്ങിയിരിക്കുന്നു. പ്രശ്നങ്ങളെല്ലാം തനിക്ക് പുറത്താണെന്നും നവീകരിക്കപ്പെടേണ്ടവര്‍ മറ്റാരൊക്കെയോ ആണെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ കനമില്ലാത്ത വമ്പുപറച്ചിലുകള്‍ മാത്രമായി അധഃപതിക്കുന്ന വിമതരുടെ വിപ്ലവാഹ്വാനങ്ങളോട് സഹതാപം തോന്നുന്നു. കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരെന്ന് ഇവരെപ്പറ്റിയാണ് പറയപ്പെട്ടത്. ഫ്രാന്‍സിസ് മാര്‍പാപ്പായുടെ വാക്കുകളിങ്ങനെയാണ്: "പൂര്‍ണ്ണമായി ജീവിക്കപ്പെടുന്ന പരസ്നേഹമാണ് വിശുദ്ധി." "സ്നേഹമില്ലെങ്കില്‍ നാം മുഴങ്ങുന്ന ചേങ്ങിലയോ ചിലമ്പുന്ന കെത്താളമോ ആണ്" എന്ന് പൗലോസ് അപ്പസ്തോലനും പഠിപ്പിക്കുന്നു. നമുക്ക്, താളമില്ലാതെ കിലുങ്ങുന്ന ചേങ്ങിലയും ആരുടെയൊക്കെയോ താളത്തിന് തുള്ളുന്ന കെത്താളങ്ങളുമായ വിമതസ്വരങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം.

Rebellious tactics anti-church propaganda church reform noble thomas parackal noble parackal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message