We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Augustine Pamplany On 28-May-2021
മതവും ശാസ്ത്രവും തമ്മിലുള്ള പരമ്പരാഗതസംവാദത്തിന്‍റെ വിഷയങ്ങള്‍ പ്രപഞ്ചത്തിന്‍റെ ഉത്ഭവം, പരിണാമം, അന്ത്യം തുടങ്ങിയ ബൃഹദ്പ്രശ്നങ്ങളാണ്. മനുഷ്യനിര്‍മ്മിതമായവയില്‍ വച്ചേറ്റവും വിജയകരവും കൗശലപൂര്‍ണ്ണവുമായ ക്വാണ്ടം സിദ്ധാന്തം സൂക്ഷ്മലോകത്തെ രഹസ്യങ്ങളുടെ കണ്ടെത്തലാല്‍ തത്തുല്യമായ മറ്റൊരജണ്ടയും ഇന്ന് ദൈവശാസ്ത്രത്തിന് നല്കുന്നുണ്ട്. ഭൗതികശാസ്ത്രത്തിന്‍റെ ചരിത്രത്തില്‍ ക്വാണ്ടം ഭൗതികശാസ്ത്രത്തിന്‍റെ പുരോഗതി "പുതിയ ഭൗതികശാസ്ത്ര"ത്തിന് ആരംഭം കുറിച്ചു. പുതുഭൗതികശാസ്ത്രം യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഭൗതികശാസ്ത്രജ്ഞരുടെ ആശയാടിത്തറകള്‍ തന്നെ മാറ്റിമറിച്ചുകളഞ്ഞു. എല്ലാം വിശദീകരിക്കാമെന്നവകാശപ്പെടുന്നതിനാല്‍ ക്ലാസിക്കല്‍ ഫിസിക്സ് സ്വയം പുറന്തള്ളപ്പെട്ടു. "യുവാവേ, ഭൗതികശാസ്ത്രം അവസാനിച്ചിരിക്കുന്നു. ഇത് അടഞ്ഞ പാതയാണ്." [1]
മാക്സ് പ്ലാങ്കിന്‍റെ ഗുരുവിന്‍റേതായ ഈ വാക്കുകള്‍ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ക്ലാസിക്കല്‍ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു. ക്ലാസിക്കല്‍ അസ്തിത്വങ്ങളായ പദാര്‍ത്ഥം, ഊര്‍ജ്ജം (field), എന്നിവയിലൂടെ പൂര്‍ണ്ണമായി വെളിപ്പെടുത്താന്‍ മാത്രം ലളിതമായിരുന്നില്ല പ്രകൃതി. ഭൗതികശാസ്ത്രജ്ഞര്‍ക്ക് അവരുടെ തല പുകയ്ക്കുന്നതിനായി പ്രകൃതിക്ക് അവളുടേതായ ആന്തരികവൈരുദ്ധ്യങ്ങളും അന്തഃസ്ഥിതരഹസ്യങ്ങളുമുണ്ടായിരുന്നു. യാഥാര്‍ത്ഥ്യത്തിന്‍റെ ക്ലാസിക്കല്‍ ചിത്രത്തെക്കുറിച്ചുള്ള വിക്ടോറിയന്‍ തീര്‍ച്ചപ്പെടുത്തലുകളിലും വ്യക്തതയിലും ക്വാണ്ടം യാഥാര്‍ത്ഥ്യത്തിന്‍റെ മേഘപടലങ്ങള്‍ നിഴല്‍വീഴ്ത്തി. സര്‍വ്വശക്ത ക്ലാസിക്കല്‍ ആശയങ്ങളായിരുന്ന നിര്‍ണ്ണീതവാദം (determinism), യാഥാര്‍ത്ഥ്യവാദം, ന്യൂനീകരണവാദം (reductionism) എന്നിവ പുത്തനാശയങ്ങളായ തീര്‍ച്ചയില്ലായ്മ (indeterminacy), ക്രമമില്ലായ്മ (randomness), അപ്രവചനീയത (unpredictability) എന്നിവയുമായി സംയോജിച്ചപ്പോള്‍ പുതിയ സാഹചര്യത്തിന്‍റെ ആന്തരികാവശ്യകതയും ദാര്‍ശനികാവശ്യങ്ങളും യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഒരു പുതുദര്‍ശനത്തിന്‍റെ ഈറ്റുനോവ് ശാസ്ത്രജ്ഞരില്‍ സൃഷ്ടിച്ചു. ഈ പുതിയദര്‍ശനത്തിന്‍റെ അതിഭൗതിക അനുമാനങ്ങള്‍ നമുക്കു മുമ്പില്‍ പുതിയ ദൈവശാസ്ത്ര അതിര്‍ത്തികള്‍ തുറന്നുതരുന്നു.
1. ക്വാണ്ടം പദാര്‍ത്ഥരഹസ്യങ്ങള്‍:
ദാര്‍ശനികസ്വാധീനങ്ങള്‍ സബ്ആറ്റോമിക തലത്തിലെ പ്രപഞ്ചത്തിന്‍റെ ആകസ്മികതാസ്വഭാവമാണ് (chance character) ക്വാണ്ടം ഭൗതികശാസ്ത്രം അവതരിപ്പിക്കുന്നത്. ക്വാണ്ടം സ്റ്റാറ്റിസ്റ്റിക്കല്‍ രൂപങ്ങള്‍ ക്ലാസിക്കല്‍ ഭൗതികശാസ്ത്രത്തിന്‍റേതില്‍ നിന്നു വ്യത്യസ്തമാണ്. റസ്സല്‍ താഴെപ്പറയുന്ന വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു: [12]
1. അടിസ്ഥാനകണങ്ങളുടെ സ്വഭാവം രണ്ടു വ്യത്യസ്തതരത്തിലുള്ള ക്വാണ്ടം സ്റ്റാറ്റിസ്റ്റിക്സ് പ്രദര്‍ശിപ്പിക്കുന്നു. ഒന്ന് പദാര്‍ത്ഥത്തിന്‍റെ അഭേദ്യതയെയും (impenetrability) മറ്റൊന്ന് ഇടപഴകുന്ന മണ്ഡലങ്ങളുടെ പരസ്പരഭേദ്യതയെയും ( interpenetrability ) കാണിക്കുന്നു.
2. കാരണാത്മകമായ പ്രക്ഷ്യേപ്യപഥങ്ങളെ (causal trajectories) നാം പരസ്പരം ചേര്‍ത്തുവച്ചതിന്‍റെ ഫലമാണ് ക്വാണ്ടം ഫിസിക്സിന്‍റെ വിശേഷലക്ഷണങ്ങള്‍ എന്നുപറയാനാവില്ല.
3. ബൃഹദ്തലത്തില്‍പ്പോലും ഒരുവന്‍ ഒരേപോലുള്ള വസ്തുക്കളെ പൂര്‍ണ്ണമായും അറിയുന്നില്ല. എന്നാല്‍ അടിസ്ഥാനകണങ്ങള്‍ പലതുംതന്നെ ആന്തരികമായി ഒരേവിധത്തിലുള്ളവയും തത്ഫലമായി വേര്‍തിരിച്ചറിയാന്‍ പറ്റാത്തവയുമാണ്.
4. അടിസ്ഥാനകണങ്ങളുടെ ഇടകലരുന്ന സ്വഭാവം ദൃശ്യലോകത്തിലെ പദാര്‍ത്ഥങ്ങളുടെ വ്യതിരിക്തതയ്ക്ക് കാരണമാകുന്നു.
5. ക്വാണ്ടം തലത്തില്‍ പ്രകൃതി സ്ഥലബന്ധിയല്ലാത്തതും സമഗ്രവുമായ ഒരു സ്വഭാവം പ്രകടിപ്പിക്കുന്നു. ബൗദ്ധികാന്വേഷണങ്ങള്‍ക്ക് പരിധികളുണ്ടെന്ന് ക്വാണ്ടം സിദ്ധാന്തം പഠിപ്പിക്കുന്നു. [13] ക്വാണ്ടം ഭൗതികശാസ്ത്രത്തില്‍ വ്യക്തിഗത ക്വാണ്ടം സംഭവങ്ങള്‍ കാരണരഹിതമാണ്. അവയുടെ ആകെപ്പാടെയുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ ഘടന വിശദീകരിക്കാനേ നമുക്കാവുകയുള്ളു.
"അത്ഭുതപ്പെടുത്തുന്ന ഒരു പുതിയ രൂപകം നല്കാന്‍ ക്വാണ്ടം സ്റ്റാറ്റിസ്റ്റിക്സിന് കഴിയും: പ്രവചനാതീതമായവയെക്കൊണ്ട് പ്രപഞ്ചം നിറഞ്ഞിരിക്കുന്നു. അതിനാല്‍ "അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക" എന്നതാണ് ഇവിടെ നിയമം. കോടിക്കണക്കിന് സദൃശ്യആറ്റങ്ങളെ ഉള്‍ക്കൊള്ളിച്ച് ഒരു മാതൃക തയ്യാറാക്കി ഒരുവന്‍ കാത്തിരിക്കുന്നു. പെട്ടെന്ന് ആറ്റങ്ങള്‍ നശിക്കാന്‍ തുടങ്ങുന്നു.... ക്വാണ്ടം ആകസ്മികത വെറുതെ സാന്ദര്‍ഭികമല്ല... അവ അതിശയിപ്പിക്കുന്നത് നമ്മുടെ ജീവിതത്തിലുള്ളവയില്‍ നിന്ന് വ്യത്യസ്തമായ ഒരു ക്രമത്തിലാണ്." [14] കേഴ്വി, സ്പര്‍ശനം, അളവ്, ചലനം തുടങ്ങി അനുദിനജീവിതത്തിലെ സാധാരണഅനുഭവങ്ങള്‍ക്കെല്ലാം ക്വാണ്ടം ഫിസിക്സ് ഒരു രഹസ്യാത്മകത നല്കുന്നു. "പ്രകൃതിയെ മറഞ്ഞിരിക്കുന്നതായി വിശദീകരിക്കുന്ന ക്വാണ്ടം ഫിസിക്സ് കാണപ്പെടുന്നവയ്ക്കിടയില്‍ നിലകൊള്ളുന്ന രഹസ്യാത്മകഘടകങ്ങളെയും പരിഗണിക്കുന്നു. അനുദിനവസ്ത്രത്തിനുള്ളില്‍ കുടുങ്ങിക്കിടക്കേണ്ടിയിരുന്ന ഒരു അതിസാധാരണ യാഥാര്‍ത്ഥ്യത്തെയും രഹസ്യാത്മകഗുണത്തെയും പ്രകൃതി വെളിപ്പെടുത്തുന്നു." [15] ജോണ്‍ പേക്കിംഗ്ഹോണിന്‍റെ ക്വാണ്ടം ഫിസിക്സിനെക്കുറിച്ചുള്ള ചോദ്യം ശക്തമായ ഒരു ദൈവശാസ്ത്രപ്രശ്നമാണ്: "ഇത്തരമൊരു ഭൗതികകാരണത്തിന്‍റെ അഭാവം, പ്രപഞ്ചത്തിന്‍റെ ഏറ്റവും താഴ്ന്ന തലങ്ങളിലെങ്കിലും, സൃഷ്ടികള്‍ക്ക് നല്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ നിലനില്പിനെ പ്രതിനിധീകരിക്കുന്നുണ്ടോ? അവിടുത്തെ വിശ്വസ്തത നിര്‍ബന്ധിക്കുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ റെഗുലാരിറ്റിയെ ബുദ്ധിപൂര്‍വ്വം ബഹുമാനിക്കുമ്പോള്‍ത്തന്നെ, ആത്യന്തികമായി മറഞ്ഞിരിക്കുന്നതായ ദൈവം, ലോകത്തിന്‍റെ ബലഹീനങ്ങളായ മൂലരൂപങ്ങളെ വൈദഗ്ധ്യത്തോടെ നിര്‍മ്മിക്കുകയായിരുന്നുവോ?...." [16]
2. ക്വാണ്ടം യാഥാര്‍ത്ഥ്യത്തിന്‍റെ വിശദീകരണങ്ങള്‍
ക്വാണ്ടം മെക്കാനിക്സ് അറിയുന്നതുവഴി സബ്ആറ്റോമികലോകത്ത് എന്താണു സംഭവിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാനാകും. സബ്ആറ്റോമികലോകം കടങ്കഥകളുടെയും വൈരുദ്ധ്യങ്ങളുടെയും ഉത്കണ്ഠകളുടെയും ലോകമാണ്. അനിശ്ചിതാവസ്ഥയുടെയും ശൂന്യതയുടെയും സാദ്ധ്യതകളാണ് അവിടെ ഭരണം നടത്തുന്നത്. അതായത് സബ്ആറ്റോമികലോകം നിയതമായ ഒരു ചിട്ടയും ക്രമവും പുലര്‍ത്തുന്നില്ല എന്നുതന്നെ. ഈയര്‍ത്ഥത്തില്‍ ഭൗതികശാസ്ത്രജ്ഞര്‍ അഭിമുഖീകരിക്കുന്ന ചില വൈരുദ്ധ്യാത്മകപ്രവണതകളെ നമുക്കൊന്നു പരിശോധിക്കാം. തരംഗ-കണ ദ്വന്ദം ക്വാണ്ടംഫിസിക്സിലെ ഒരു കുഴപ്പിക്കുന്ന പ്രശ്നമാണ്. പദാര്‍ത്ഥത്തിന്‍റെ സബ്ആറ്റോമികഘടകങ്ങള്‍ തികച്ചും ദ്വന്ദ്വസ്വഭാവമുള്ള അമൂര്‍ത്തഅസ്തിത്വങ്ങളാണ്. നാമവയെ നിരീക്ഷിക്കുന്നുവെന്നതനുസരിച്ച് ചിലപ്പോള്‍ കണങ്ങളായും മറ്റു ചിലപ്പോള്‍ തരംഗങ്ങളായും അവ പ്രത്യക്ഷപ്പെടുന്നു. ഒരു വസ്തു ഒരേസമയം കണികയും തരംഗവുമാണ് എന്ന വസ്തുത സ്വീകാര്യമല്ല. കണിക വളരെ ചെറിയ അളവിലുള്ള ഒന്നാണ്. എന്നാല്‍ തരംഗം ഒരുപാട് സ്ഥലത്ത് വ്യാപിച്ചിരിക്കും. ഈ വൈരുദ്ധ്യത്തിന്‍റെ നിരീക്ഷണമാണ് അവസാനം പുതിയ ക്വാണ്ടം സിദ്ധാന്തത്തിന്‍റെ കണ്ടെത്തലിലേക്ക് നയിച്ചത്. ഭൗതികശാസ്ത്രജ്ഞര്‍ പദാര്‍ത്ഥത്തിന്‍റെ യാഥാര്‍ത്ഥ്യത്തെ തന്നെ ചോദ്യം ചെയ്തപ്പോള്‍ കണങ്ങളും തരംഗങ്ങളും തമ്മിലുള്ള വൈരുദ്ധ്യം പരിഹൃതമായി. സബ്ആറ്റോമികതലത്തില്‍ നിശ്ചിതസ്ഥലത്ത് കൃത്യതയോടെ പദാര്‍ത്ഥം നിലകൊള്ളുന്നില്ല. മറിച്ച് നിലനില്പിന്‍റെ ഒരു പ്രവണത കാണിക്കുക മാത്രമേ ചെയ്യുന്നുള്ളു. അറ്റോമികസംഭവങ്ങളും നിശ്ചിതരീതിയില്‍ നിശ്ചിതസമയത്ത് നടക്കുന്നതിനുപകരം സംഭവിക്കാനുള്ള ഒരു പ്രവണത കാണിക്കുക മാത്രം ചെയ്യുന്നു. [17]
ഇതര്‍ത്ഥമാക്കുന്നത്, നമ്മുടെ അനുഭവത്തില്‍ നിന്നും വ്യത്യസ്തമായി സബ്ആറ്റോമിക തലത്തില്‍ പദാര്‍ത്ഥം ഒരു ഭാഗികയാഥാര്‍ത്ഥ്യം (quasi-reality) മാത്രമാണ്. ക്വാണ്ടം ഫിസിക്സ് പദാര്‍ത്ഥത്തെക്കുറിച്ച് പുതിയ ഒരു കാഴ്ചപ്പാട് കൊണ്ടുവന്നു. ക്വാണ്ടം ഫിസിക്സില്‍ പദാര്‍ത്ഥം തന്നെ ഭൗതികമല്ല. ഇവിടെയാണ് ഭൗതികശാസ്ത്രത്തിന്‍റെ അടിത്തറകള്‍ വഴുക്കുന്നതായി അവര്‍ക്കു തോന്നിയത്. ഇവിടെയാണ് യാഥാര്‍ത്ഥ്യത്തിനുമേല്‍ തങ്ങള്‍ക്കുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതായി അവര്‍ക്കു തോന്നിയത്. ഇത് ഭൗതകവാദത്തിനുള്ള കനത്ത പ്രഹരമായിരുന്നു. ക്വാണ്ടം ലോകത്തിലെ മറ്റൊരു വൈരുദ്ധ്യമാണ് സാധ്യതകളുടെ (probability) സാന്നിദ്ധ്യം. അറ്റോമിക ഭൗതികശാസ്ത്രത്തിന്‍റെ എല്ലാ നിയമങ്ങളും സാധ്യതകളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അറ്റോമികപ്രതിഭാസത്തെ നമുക്ക് പ്രവചിക്കുക സാധ്യമല്ല; അതെപ്രകാരം സംഭവിക്കാമെന്ന് പറയുവാന്‍ മാത്രമേ നമുക്കു കഴിയു. ഇത് വ്യക്തിഗത ആറ്റോമികപ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടതാണ്. ഏത് ഓര്‍ബിറ്റിലേക്കാണ് ഒരു ഇലക്ട്രോണ്‍ ചാടുക എന്ന് നമുക്ക് പറയുവാന്‍ കഴിയുകയില്ല. ഇന്ന സാഹചര്യങ്ങള്‍ വച്ച് ഈ പ്രത്യേക ഇലക്ട്രോണ്‍ ഈ പ്രത്യേക ഓര്‍ബിറ്റിലേക്ക് ചാടിയേക്കാം എന്നുമാത്രമേ നമുക്കു പറയാന്‍ കഴിയു. ഒരു ഇല്ക്ട്രോണ്‍ എവിടെയായിരിക്കുമെന്ന് കൃത്യമായി നമുക്കു പറയുവാനാവില്ല.
ഇലക്ട്രോണിനെ കണ്ടെത്താന്‍ സാധ്യതയുള്ള ഒരു പ്രവചനത്തിനേ നമുക്കു കഴിയു. സബ്ആറ്റോമിക പ്രതിഭാസങ്ങള്‍ കൃത്യതയോടെ സംഭവിക്കാത്തതിനാലാണ് ഈ സാധ്യതകള്‍ ഉണ്ടാകുന്നത്. അവ ക്രമമില്ലാതെ സംഭവിക്കുന്നു. ബൃഹദ്ലോകത്തില്‍ നിശ്ചിതങ്ങളായുള്ളവയെല്ലാം സൂക്ഷ്മലോകത്തില്‍ അനിശ്ചിതങ്ങളായി മാറുന്നു. യാന്ത്രികസ്ഥിരത (mechanical stability) എന്ന സവിശേഷ ക്വാണ്ടം പ്രതിഭാസം അര്‍ത്ഥമാക്കുന്നത് ഓരോ സെക്കന്‍റിലും കോടിക്കണക്കിന് തവണ കൂട്ടിയിടിക്കുന്ന ആറ്റങ്ങള്‍ ഓരോ കൂട്ടിയിടിക്കു ശേഷവും യഥാര്‍ത്ഥരൂപത്തിലേക്ക് മടങ്ങിവരുമെന്നാണ്. ഈ പ്രതിഭാസത്തിന് ബൃഹദ്മാതൃകകള്‍ ലഭ്യമല്ല. ക്ലാസിക്കല്‍ ഫിസിക്സിന്‍റെ നിയമമനുസരിച്ച് ഓരോ കൂട്ടിമുട്ടലും ഗ്രഹവിഷയകസംവിധാനങ്ങള്‍ക്ക് (planetary systems) മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കും. അണുശക്തിയുടെ സ്വാധീനത്താല്‍ ഇലക്ട്രോണുകള്‍ക്കുള്ള തരംഗസ്വഭാവം മൂലമാണ് ഈ സ്ഥിരതയുണ്ടാകുന്നത്. ഒരു തരംഗത്തിന് പ്രത്യേകരൂപത്തില്‍ മാത്രമേ നിലനില്ക്കാനാകൂ. ക്വാണ്ടം കണങ്ങളുടെ സ്റ്റാറ്റിസ്റ്റിക്കല്‍ പ്രകൃതം മറ്റൊരു പ്രശ്നമാണ്. ക്വാണ്ടം ഫിസിക്സിന് സമൂഹമായുള്ള പെരുമാറ്റങ്ങളെ മാത്രമേ പ്രവചിക്കാനാകൂ. വ്യക്തിഗതപെരുമാറ്റങ്ങള്‍ പ്രവചിക്കുക സാദ്ധ്യമല്ല. കൂടാതെ, ബൃഹദ്ലോകത്തിലെ വ്യക്തി-വസ്തു വ്യത്യാസങ്ങള്‍ വ്യക്തമായി സൂക്ഷ്മലോകത്തില്‍ നിലനില്ക്കുന്നില്ല. സൂക്ഷ്മലോകത്തിലെ ഭൗതികശാസ്ത്രജ്ഞരുടെ അനുഭവത്തില്‍ നിന്ന് ഇത് വ്യക്തമാണ്. ഉദാഹരണത്തിന്, പ്രശസ്ത ക്വാണ്ടം ഭൗതികശാസ്ത്രജ്ഞനായ മാക്സ് തിങ്കളാഴ്ച രാവിലെ ക്വാണ്ടം വസ്തുതകളെ അഭിമുഖീകരിക്കുവാന്‍ തീരുമാനിച്ചുവെന്ന് ഒരാള്‍ സങ്കല്പിക്കുന്നു.
ക്വാണ്ടം പ്രതിരോധ ശരീരകവചവും ധരിച്ച് തന്‍റെ കുമിളവാഹനത്തില്‍ കയറി സഹപ്രവര്‍ത്തകരോട് കൈവീശി യാത്രചോദിച്ച് ക്വാണ്ടത്തിന്‍റെ രഹസ്യാത്മകതലങ്ങളിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം ഒരുങ്ങുന്നു.... മാക്സ് പെടുന്നനെ ലോകത്തിന്‍റെ പ്രാതിഭാസികഉപരിതലത്തിലൂടെ ആഴമായ ക്വാണ്ടം യാഥാര്‍ത്ഥ്യത്തിലേക്ക് കൂപ്പുകുത്തുന്നു. പരിശുദ്ധനായ ഹെയ്സന്‍ബര്‍ഗ്! ന്യൂട്ടോണിയന്‍ ഉറപ്പുകളുടെ നൂറ്റാണ്ടുകള്‍ നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായി. വിഭജിതമല്ലാത്ത സ്ഥലത്തേക്ക് അദ്ദേഹം കടന്നതോടെ ഖരപദാര്‍ത്ഥങ്ങള്‍ അവിഭജിതമായ പൂര്‍ണ്ണതയിലേക്ക് അലിഞ്ഞുചേര്‍ന്നു. മാക്സിന്‍റെ വിഷയ/വസ്തു ബന്ധം അലിഞ്ഞില്ലാതായപ്പോള്‍ അദ്ദേഹം രഹസ്യവുമായി ഒന്നുചേര്‍ന്നു. പൂര്‍ണ്ണതയുമായി യോജിപ്പിലെത്തിയ ശേഷം താന്‍ നോക്കുന്നിടത്തെല്ലാം പ്രകാശത്തേക്കാള്‍ വേഗതയേറിയ ഒരു പ്രപഞ്ചത്തെ മാക്സ് സൃഷ്ടിക്കുന്നു. [18] ഭൗതികയാഥാര്‍ത്ഥ്യത്തിന്‍റെ ആന്തരികപ്രകൃതത്തിലേക്കുള്ള വാതിലായാണ് ക്വാണ്ടം ഭൗതികശാസ്ത്രം കണക്കാക്കപ്പെടുന്നത്. ഉള്‍പ്പെട്ടിരിക്കുന്ന പ്രശ്നങ്ങളില്‍ അടിസ്ഥാനപ്പെടുത്തി ക്വാണ്ടം ലോകത്തിനു കീഴിലുള്ള അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നിരവധി വിവരണങ്ങളുണ്ട്. ഏറ്റവും പ്രധാനആവശ്യം ക്വാണ്ടം സ്റ്റഫിന്‍റെ പ്രകൃതം അറിയുക എന്നതാണ്. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ കേന്ദ്രഭാഗത്തുള്ള അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ യാഥാര്‍ത്ഥ്യമെന്ന പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടത് അനിവാര്യമാക്കി മാറ്റി. സബ്ആറ്റോമിക കണങ്ങള്‍ (ഉദാ.ഇലക്ട്രോണ്‍സ്) അവയുടെ പ്രധാനഗുണങ്ങളെ കാത്തുസൂക്ഷിക്കുന്നതെങ്ങനെ എന്നതാണ് ആദ്യത്തെ പ്രശ്നം. [19] കണങ്ങള്‍ നൈസര്‍ഗ്ഗികമായി അവയെ ഉള്‍ക്കൊണ്ടിരുന്നുവെന്നാണ് ക്ലാസിക്കല്‍ ഭൗതികശാസ്ത്രം വിശ്വസിച്ചിരുന്നത്. നമ്മുടെ ലോകം സാധാരണ വസ്തുക്കളുടെ ഒരു കൂമ്പാരമാണെന്ന് അതര്‍ത്ഥമാക്കും. സ്ഥിരഗുണങ്ങള്‍ കണങ്ങളില്‍ നൈസര്‍ഗ്ഗികമാണെങ്കിലും ചലനാത്മകമായവ അങ്ങനെയല്ല. നാം കാണാന്‍ പോകുന്നതുപോലെ, "ഒരു ഇലക്ട്രോണ്‍ അതിന്‍റെ ചലനാത്മകഗുണങ്ങളെ നേടുകയും സ്വന്തമാക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ്‍ ക്വാണ്ടം യാഥാര്‍ത്ഥ്യത്തിന്‍റെ ചോദ്യം." [20] ക്വാണ്ടം അളവാണ് രണ്ടാമത്തെ പ്രശ്നം (quantum measurement problem). ഇവിടെ ഏറ്റവും രസകരമായത്, അളക്കപ്പെടാത്ത ഒരു ഇലക്ട്രോണിന്‍റെ പ്രകൃതം അളക്കപ്പെട്ട ഒരു ഇലക്ട്രോണിന്‍റേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ഭൗതികയാഥാര്‍ത്ഥ്യം എന്തെന്ന് നാമറിയണമെങ്കില്‍, അളവില്‍ എന്താണ് സംഭവിക്കുന്നതെന്ന് നാം നിര്‍ബന്ധമായും മനസ്സിലാക്കിയിരിക്കണം. ഈ വൈരുദ്ധ്യം ക്വാണ്ടം സിദ്ധാന്തത്തിന്‍റെ വ്യാഖ്യാനത്തെ ശ്രമകരമാക്കുന്നു. എന്‍. ഹെര്‍ബര്‍ട്ട് പറയുന്നതുപോലെ: "ഇത് (ക്വാണ്ടം അളവ്) യാഥാര്‍ത്ഥ്യത്തിന്‍റെ നാരുകളെ പുനര്‍രൂപീകരിക്കുന്നു." [21]
3. നിരീക്ഷക-നിര്‍മ്മിത യാഥാര്‍ത്ഥ്യം
ക്വാണ്ടം യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള ആദ്യത്തേതും പ്രധാനപ്പെട്ടതുമായ പ്രതികരണം കോപ്പന്‍ഹേഗന്‍ ക്വാണ്ടം മെക്കാനിക്സ് വിവരണമാണ്. [22] ഈ വിവരണത്തിന്‍റെ ആദ്യഭാഗം ആഴമായ യാഥാര്‍ത്ഥ്യങ്ങള്‍ (deep reality) ഇല്ല എന്നു സ്ഥാപിച്ചു. നീല്‍സ് ബോറും വെര്‍നര്‍ ഹെയ്സെന്‍ബര്‍ഗുമാണ് കോപ്പന്‍ഹേഗന്‍ വിവരണത്തിന്‍റെ മൂലക്കല്ലുകള്‍. അവര്‍ ആഴമായ യാഥാര്‍ത്ഥ്യത്തെ നിഷേധിച്ചതിന് കാരണം ക്വാണ്ടം അസ്തിത്വങ്ങള്‍ക്ക് അവയുടേതായ ചലനാത്മകഗുണങ്ങള്‍ ഇല്ല എന്നതാണ്. അളക്കുന്ന പ്രക്രിയയില്‍ മാത്രമാണ് അവ ചലനാത്മകഗുണങ്ങള്‍ സ്വീകരിക്കുന്നത്. ഇലക്ട്രോണിന്‍റെ ഈ വിശേഷലക്ഷണത്തെക്കുറിച്ച് അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായ ജെ. റോബര്‍ട്ട് ഒപ്പനെയ്മര്‍ സംസാരിക്കുന്നു: "ഉദാഹരണത്തിന്, ഇലക്ട്രോണിന്‍റെ സ്ഥാനം സ്ഥിരമായി നില്ക്കുകയാണോ എന്നു ചോദിച്ചാല്‍ 'അല്ല' എന്നു നാം ഉത്തരം പറയണം. ഇലക്ട്രോണിന്‍റെ സ്ഥാനം സമയത്തോടൊപ്പം മാറിക്കൊണ്ടിരിക്കുകയാണോ എന്ന് ചോദിച്ചാല്‍ 'അല്ല' എന്നു നാം മറുപടി പറയണം. ഇലക്ട്രോണ്‍ വിശ്രമത്തിലാണോ എന്നു ചോദിച്ചാല്‍ നാം 'അല്ല' എന്നു പറയണം; അത് ചലനത്തിലാണോ എന്നു ചോദിച്ചാലും നാം 'അല്ല' എന്നു പറയണം." [23]
4. അനിശ്ചിതത്വവും പരസ്പരപൂരകത്വവും
ക്വാണ്ടം ഫിസിക്സിന്‍റെ അടിസ്ഥാനപരമായ രണ്ടു തത്ത്വങ്ങളില്‍ നിന്നാണ് കോപ്പന്‍ഹേഗനിസ്റ്റുകളുടെ കേന്ദ്രആശയം രൂപപ്പെട്ടത്: അനിശ്ചിതത്വവും പരസ്പരപൂരകത്വവും. നീല്‍സ് ബോറാണ് പരസ്പരപൂരകത്വത്തിന്‍റെ തത്ത്വം മുന്നോട്ടുവച്ചത്. ആദ്യം അത് പ്രകാശത്തിന്‍റെ തരംഗ-കണദ്വന്ദത്തെ വിവരിക്കുന്നതിന് ഉദ്ദേശിച്ചുള്ളതായിരുന്നു. പിന്നീട് മറ്റ് തലങ്ങളിലേക്കും അദ്ദേഹം അത് വ്യാപിപ്പിച്ചു. ഈ തത്ത്വമനുസരിച്ച് രണ്ടു പ്രകൃതങ്ങളും-തരംഗങ്ങളും കണങ്ങളും-പരസ്പരം ഒഴിവാക്കുന്നുവെങ്കിലും പ്രകാശത്തിന്‍റെ പരസ്പരപൂരകങ്ങളായ ഘടകങ്ങളാണ്. പ്രകാശമെന്തെന്നറിയണമെങ്കില്‍, പരസ്പരം ഒഴിവാക്കുന്നുവെങ്കിലും അവ ആവശ്യമാണ്. കാരണം ഒന്ന് വ്യക്തമാകുമ്പോള്‍ അടുത്തത് അപ്രകാരമായിരിക്കില്ല. ഉദാഹരണത്തിന്, ഡബിള്‍-സ്ലിറ്റ് (double-slit) [24] പരീക്ഷണത്തിന്‍റെ പശ്ചാത്തലത്തില്‍ തരംഗസ്വഭാവം പ്രകടമാവുകയും കണികാസ്വഭാവം മറഞ്ഞിരിക്കുകയും ചെയ്യുന്നു. ബോറിന്‍റെ അഭിപ്രായത്തില്‍, പ്രകാശവുമായുള്ള നമ്മുടെ ഇടപഴകലിന്‍റെ (interaction) ഘടകങ്ങളാണ് അതിന്‍റെ തരംഗ,കണപ്രകൃതങ്ങള്‍. ഹെയ്സന്‍ബര്‍ഗ് വികസിപ്പിച്ചെടുത്ത അനിശ്ചിതത്വ തത്ത്വം, ക്വാണ്ടം സിദ്ധാന്തത്തിന്‍റെ കോപ്പന്‍ഹേഗന്‍ വിശദീകരണത്തിന്‍റെ അടിസ്ഥാനമാണ്. പുതിയ ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രധാന കണ്ടെത്തലാണ് അനിശ്ചിതാവസ്ഥാതത്ത്വങ്ങളുടേത് എന്ന് പറയപ്പെടുന്നു. ഇത് പറയുന്നത് ഒരു കണത്തിന്‍റെ സ്ഥാനവും ചലനശക്തിയും ഒരേ സമയത്ത് നിര്‍ണ്ണയിക്കുക തത്ത്വത്തില്‍ സാദ്ധ്യമല്ല എന്നാണ്.
നാം എത്ര കഠിനമായി ശ്രമിച്ചാലും, നാമുപയോഗിക്കുന്ന ഉപകരണങ്ങള്‍ എത്ര മെച്ചപ്പെട്ടതായാലും, അനിശ്ചിതാവസ്ഥയുടെ ഒരു നിശ്ചിതരൂപം എല്ലായ്പോഴും ശേഷിക്കും. ചലനശക്തിയുടെ അളവിലെ അനിശ്ചിതത്വം dpയും സ്ഥാനം dqഉം പ്ലാങ്ക്സ് സ്ഥിരത hഉം ആണെങ്കില്‍ നമുക്കു കിട്ടുന്ന ഒരു ബന്ധമാണ് dp x dq>/= h. ഇത് അനിശ്ചിതാവസ്ഥാ തത്ത്വത്തിന്‍റെ ഗണിതശാസ്ത്രരൂപമാണ്. ക്വാണ്ടം ലോകത്തിലും അതുവഴി ശാസ്ത്രലോകത്തിലും ലഭ്യമാകുന്ന കൃത്യതയ്ക്ക് അനിശ്ചിതാവസ്ഥാതത്ത്വം ഒരു സ്വാഭാവിക പരിധി കല്പിക്കുന്നു. പ്രായോഗികബുദ്ധിമുട്ടുകളാലല്ല, മറിച്ച് സൈദ്ധാന്തികപരിഗണനകളാലും യാഥാര്‍ത്ഥ്യത്തിന്‍റെ പ്രകൃതത്താലുമാണ് ഈ പരിധി കല്പിക്കപ്പെട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ചലനശക്തിയെ കൃത്യതയോടെ നാം അറിയാന്‍ ശ്രമിച്ചാല്‍ (dp=0) സ്ഥാനം നമ്മില്‍ നിന്ന് പൂര്‍ണ്ണമായും രക്ഷപ്പെടുന്നു (dq=infinity). നാം അതിന്‍റെ സ്ഥാനത്തെക്കുറിച്ച് ഒന്നും അറിയില്ല. ഈ അനിശ്ചിതാവസ്ഥയ്ക്ക് ഭൗതികശാസ്ത്രജ്ഞര്‍ നിരവധി വിശദീകരണങ്ങള്‍ നല്കിയിട്ടുണ്ട്. അത് അടിസ്ഥാനകണങ്ങളുടെ പ്രത്യേകസ്വഭാവം മൂലമാണെന്ന് ചിലര്‍ പറയുന്നു. പ്രവേഗവും സ്ഥാനവും കൃത്യതയില്‍ ഒരേസമയം അളക്കാന്‍ അതനുവദിക്കുന്നില്ല എന്നതാണ് അതിന്‍റെ സ്വഭാവം. ഈയര്‍ത്ഥത്തില്‍ അവ സാധാരണശരീരങ്ങളല്ല. ചിലര്‍ അതിനെ ഇടപഴകലിനോട് ബന്ധപ്പെടുത്തുന്നു. നിരീക്ഷണത്തിനും അളവിനും ഇടപഴകല്‍ ആവശ്യമാണ്. നാം ഒരു സംഭവത്തെ നിരീക്ഷിക്കുന്നതെങ്ങനെയാണ്? ഇത് വിശദീകരിക്കാന്‍ ഹെയ്സന്‍ബര്‍ഗ് ഒരു ചിന്താപദ്ധതി അവതരിപ്പിക്കുന്നു (gamma ray microscope experiment). അടിസ്ഥാന ആശയം ഇതാണ്: നമുക്കൊരു ഇലക്ട്രോണിന്‍റെ കൃത്യമായ സ്ഥാനം കണ്ടുപിടിക്കണമെന്ന് സങ്കല്പിക്കുക. ഏതു നിരീക്ഷണത്തിനും കിരണങ്ങള്‍ വസ്തുവില്‍ പതിക്കാനും വസ്തുവില്‍ നിന്നുള്ള കിരണങ്ങള്‍ നമ്മുടെ റെറ്റിനയിലെത്താനും നാം അനുവദിക്കാറുണ്ട്. ഉപയോഗിക്കുന്ന വികിരണങ്ങളുടെ തരംഗദൈര്‍ഘ്യം കുറയുന്നതനുസരിച്ച് സ്ഥാനനിര്‍ണ്ണയവും കൂടുതല്‍ കൃത്യമായിരിക്കും. ഗാമാ കിരണങ്ങളുടെ തരംഗദൈര്‍ഘ്യം കുറവായതിനാല്‍ നമുക്ക് അതുപയോഗിക്കാം.
ഇലക്ട്രോണില്‍ പതിക്കുന്ന ഗാമാകിരണം അതിന് ശക്തമായൊരു തള്ളല്‍ നല്കുകയും, അത് ഇലക്ട്രോണിന്‍റെ ചലനഗതി നിര്‍ണ്ണയിക്കുന്നതിന് തടസ്സമാവുകയും ചെയ്യുന്നു. നമുക്ക് ഈ തള്ളലിന്‍റെ ശക്തി ദുര്‍ബലമായ ഗാമകിരണങ്ങളുപയോഗിച്ച് കുറയ്ക്കാനാകും. പക്ഷേ, അപ്പോള്‍ ദുര്‍ബലമായ വികിരണത്തിന് തരംഗദൈര്‍ഘ്യം കൂടുതലും അതുവഴി സ്ഥാനനിര്‍ണയത്തിന്‍റെ കൃത്യത നഷ്ടപ്പെടുകയും ചെയ്യും. ഇത് നമ്മെ ഒരു പ്രത്യേക അവസ്ഥയിലെത്തിക്കുന്നു: "തരംഗദൈര്‍ഘ്യം കുറഞ്ഞ പ്രകാശമുപയോഗിച്ച് മൈക്രോസ്കോപ്പിലൂടെ സ്ഥാനനിര്‍ണയം നമുക്ക് മെച്ചപ്പെടുത്താനാകും. പക്ഷേ അത് ഇലക്ട്രോണിന് ശക്തമായ തള്ളല്‍ നല്കുകയും ചലനശക്തിയുടെ നിര്‍ണയത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു."25 അങ്ങനെ അനിശ്ചിതാവസ്ഥാതത്തത്തില്‍ നിന്ന് പുറത്തുകടക്കാനാവില്ലെന്ന് ഹെയ്സന്‍ബര്‍ഗിന്‍റെ ചിന്താപദ്ധതി ഉറപ്പാക്കുന്നു; ഒരു പരീക്ഷണസാഹചര്യത്തിനും ഇതില്‍ നിന്ന് രക്ഷപെടാനാവില്ല.
5. യാഥാര്‍ത്ഥ്യം പ്രാപഞ്ചിക ഐക്യം എന്ന നിലയില്‍
പ്രപഞ്ചത്തിന്‍റെ അവിഭജിതമായ ഐക്യത്തെ ഊന്നിപ്പറയുന്ന യാഥാര്‍ത്ഥ്യത്തിന്‍റെ ഒരു ക്വാണ്ടം ദര്‍ശനം ഭൗതികശാസ്ത്രജ്ഞരായ ഡേവിഡ് ബോം, വാള്‍ട്ടര്‍ ഹെയ്റ്റ്ലെര്‍ എന്നിവര്‍ രൂപപ്പെടുത്തി. ഇത് കോപ്പെന്‍ഹേഗനിസ്റ്റുകളുടെ ക്വാണ്ടം മെക്കാനിക്സിനെക്കുറിച്ചുള്ള വിവരണത്തിന്‍റെ വികസിതരൂപമാണ്. ക്വണ്ടം ഘടകങ്ങളെ കോപ്പെന്‍ഹേഗനിസ്റ്റുകള്‍ "മുഴുവന്‍ പരീക്ഷണസംവിധാനത്തില്‍" കണ്ടെത്തുന്നതായി നാം മനസ്സിലാക്കി. ഏകീകൃതയാഥാര്‍ത്ഥ്യത്തിന്‍റെ പ്രണേതാക്കളുടെ വാദപ്രകാരം "മുഴുവന്‍ പരീക്ഷണസംവിധാനവും" ഏറ്റവുമടുത്ത അളവുപകരത്തില്‍ മാത്രമായി പരിമിതപ്പെട്ടിട്ടില്ല. മറിച്ച് വിദൂരമായ സ്ഥലകാലങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും നമ്മുടെ അളവുകള്‍ക്കുമേല്‍ സ്വാധീനങ്ങളുണ്ട്. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഒരു പ്രധാനഭാഗമായ ഫേസ് എന്‍ടാംഗിള്‍മെന്‍റിലാണ് (phase entanglement) അവിഭജിതപൂര്‍ണ്ണത എന്ന ആശയം വേരൂന്നിയിരിക്കുന്നത്. പരസ്പരം ഇടപഴകുന്ന ഒരുപറ്റം കണികകള്‍32 അവയുടെ ഗുണങ്ങളാര്‍ജ്ജിക്കുന്ന രീതികളാണ് ഫേസ് എന്‍ടാംഗിള്‍മെന്‍റ് കൈകാര്യം ചെയ്യുന്നത്. രണ്ടു കണികകള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോഴെല്ലാം അവയെ പ്രതിനിധീകരിച്ച് രണ്ടു കല്പിതതരംഗങ്ങളും കണ്ടുമുട്ടുന്നു. തരംഗങ്ങളെ വേര്‍തിരിച്ചുകൊണ്ട് രണ്ടു കണികകളെ തമ്മില്‍ നമുക്ക് വേര്‍തിരിക്കാമെങ്കിലും അവയുടെ ഫേസുകളെ അകറ്റാന്‍ കഴിയുകയില്ല. കണിക A -യില്‍ ഇടപെടുന്നതിന്‍റെ സ്വാധീനങ്ങള്‍ കണിക B-യുടെ ക്രമവിധാനത്തെ ആശ്രയിച്ചിരിക്കുംവിധം രണ്ടു കണികാ ഫേസുകളും സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു. നാം നിരീക്ഷണത്തിനുവേണ്ടി ഒരു കണത്തെ റീജിയന്‍ A-യില്‍ തയ്യാറാക്കുന്നുവെന്ന് സങ്കല്പിക്കുക. അതിനെ അളക്കപ്പെടുന്നതിനുവേണ്ടി B-യിലേക്ക് സഞ്ചരിക്കാന്‍ അനുവദിക്കുക. കണങ്ങളുടെ വേഗത കൂട്ടുന്നതിനുള്ള ഒരു സംവിധാനത്തില്‍, അതിന്‍റെ ഊര്‍ജ്ജം ആവശ്യമാം വിധത്തില്‍ ഉയരുന്നതുവരെ ഭ്രമണം ചെയ്തുകൊണ്ട് കൊണ്ട് ഒരു കണം അളക്കപ്പെടുന്നതിന് തയ്യാറാകുന്നു. റീജിയന്‍ B-യില്‍ ആ കണം മറ്റൊന്നുമായി കൂട്ടിമുട്ടുന്നതിന് അനുദിക്കപ്പെടുന്നു. റീജിയന്‍ B-യിലെ കൂട്ടിമുട്ടലിലേര്‍പ്പെടുന്ന കണങ്ങളെ നിരീക്ഷിക്കുമ്പോള്‍ രണ്ടു റീജിയനുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു സംവിധാനം അവ രൂപപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കുന്നു. ഈ പരസ്പരബന്ധിതസാഹചര്യത്തില്‍ നിന്നു മാറി കണത്തെ ഒറ്റപ്പെട്ട അസ്തിത്വമായി കണക്കാക്കുക സാദ്ധ്യമല്ല. ഈ പരസ്പരബന്ധത്തിന്‍റെ പ്രശ്നത്തെ പരിഹരിക്കുന്നതിന് നാം ഭൗതികമായി റീജിയന്‍ ആയിലുള്ള ഉപകരണങ്ങളെ റീജിയന്‍ A-യിലുള്ള ഉപകരണങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നുവെന്ന് സങ്കല്പിക്കുക. നിരീക്ഷിതവസ്തുവിനെ ഒരു വ്യത്യസ്ത ഭൗതികയാഥാര്‍ത്ഥ്യമായി നാം നിര്‍വ്വചിച്ചാല്‍ രണ്ടു റീജിയനുകളും തമ്മിലുള്ള അകലം അനന്തമായിരിക്കും.
എല്ലാ സ്ഥലപരിമിതികള്‍ക്കും ഉപരിയായുള്ള എന്തോ ഒന്നുകൊണ്ടാണ് കണങ്ങള്‍ അടിസ്ഥാനപരമായി ബന്ധപ്പെട്ടിരിക്കുന്നത് എന്നു തോന്നും. അവിഭജിതപൂര്‍ണ്ണതയുടെ വക്താവായ ബോം പ്രസ്താവിക്കുന്നു: "ലോകത്തെ വേറിട്ടും സ്വതന്ത്രവുമായി നിലനില്ക്കുന്ന ഭാഗങ്ങളായി നിരീക്ഷിക്കാമെന്ന ക്ലാസിക്കല്‍ ആശയത്തെ നിഷേധിക്കുന്ന പുതിയ പ്രവണതയായ അവിഭക്ത പൂര്‍ണ്ണതയിലേക്ക് ഒരുവന്‍ നയിക്കപ്പെടുന്നു... സര്‍വ്വപ്രപഞ്ചത്തിന്‍റെയും അവിഭക്തമായ ക്വാണ്ടം പരസ്പരബന്ധമാണ് അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യം. ആപേക്ഷികമായി സ്വതന്ത്രമായി പെരുമാറുന്നവ ഈ പൂര്‍ണ്ണതയ്ക്കുള്ളിലുള്ള പ്രത്യേകവും അസ്ഥിരവുമായ ഭാഗങ്ങളാണ്." [33] ക്വാണ്ടം യാഥാര്‍ത്ഥ്യത്തിന്‍റെ അവിഭക്തപൂര്‍ണ്ണതാദര്‍ശനത്തിന്‍റെ അടുത്തുള്ള കാഴ്ച എവിടെയാണ് കോപ്പെന്‍ഹേഗനിസ്റ്റുകള്‍ നിരീക്ഷിതവസ്തുവും പരീക്ഷണസാഹചര്യവും തമ്മിലുള്ള ഇടപഴകലായി യാഥാര്‍ത്ഥ്യത്തെ പരിമിതപ്പെടുത്തിയത് എന്ന് നമുക്കു പറഞ്ഞുതരുന്നു. ബോമും അദ്ദേഹത്തെ പിന്താങ്ങുന്നവരും ഈ ഇടപഴകലില്‍ നിന്നാണ് യാഥാര്‍ത്ഥ്യത്തിന്‍റെ അടിസ്ഥാനസ്വഭാവം പൂര്‍ണ്ണതയാണെന്ന് മനസ്സിലാക്കിയത്. രണ്ടും തമ്മിലുള്ള വെറുമൊരു ഇടപഴകലായി ഫേസ് എന്‍ടാംഗിള്‍മെന്‍റിനെ കാണുന്നത് ബോമിനെ സംബന്ധിച്ചിടത്തോളം തൃപ്തികരമല്ല. പക്ഷേ ഇതില്‍ നാം യാഥാര്‍ത്ഥ്യത്തിന്‍റെ ഏറ്റവും അടിസ്ഥാനപരമായ ഒരു തലം കാണേണ്ടതുണ്ട്: നിരീക്ഷിതവസ്തുവും നിരീക്ഷകഉപകരണവും തമ്മില്‍ വേര്‍തിരിക്കാത്ത ഒരു പുതിയതരം വിവരണത്തെ ക്വാണ്ടം സന്ദര്‍ഭം ആവശ്യപ്പെടുന്നുണ്ട്. പകരം, പരീക്ഷണസാഹചര്യങ്ങളുടെ രൂപവും പരീക്ഷണഫലങ്ങളുടെ അര്‍ത്ഥവും ഇപ്പോള്‍ ഒരു പൂര്‍ണ്ണതയാകേണ്ടതുണ്ട്.... അങ്ങനെ, പരീക്ഷണഉപകരണവും നിരീക്ഷിതവസ്തുവും തമ്മിലുള്ള ഇടപഴകലിനെപ്പറ്റിയുള്ള സംസാരത്തിന് ഇപ്പോള്‍ അര്‍ത്ഥമില്ല... പ്രഥമശ്രദ്ധ ഇപ്പോള്‍ നിരീക്ഷണഉപകരണം നിരീക്ഷിതവസ്തുവില്‍ നിന്ന് വ്യത്യസ്തമല്ലാത്ത അവിഭജിതപൂര്‍ണ്ണതയിലാണ്. [34]
ക്ലാസിക്കല്‍ പഠനസ്വഭാവമായ ശിഥിലീകരണങ്ങളില്‍ നിന്ന് വേറിട്ട് എത്ര അത്ഭുതകരമായാണ് ക്വാണ്ടം ഫിസിക്സ് പ്രപഞ്ചത്തിന്‍റെ ഒരു മൗലികദര്‍ശനം നല്കുന്നതെന്ന് നാം മനസിലാക്കുന്നു. ക്വാണ്ടം ഭൗതികശാസ്ത്രത്തിലെ ഐക്യത്തിന്‍റെ ദര്‍ശനത്തെക്കുറിച്ച് എന്‍. ഹെര്‍ബര്‍ട്ട് അഭിപ്രായപ്പെടുന്നു: ഭൂഗുരുത്വം ഓരോ കണത്തെയും മറ്റൊന്നിനോട് ബന്ധപ്പെടുത്തുന്നു എന്ന ന്യൂട്ടന്‍റെ ഉള്‍ക്കാഴ്ച പോലെ, എല്ലാം എല്ലാത്തിനോടും ബന്ധപ്പെട്ടിരിക്കുന്നുവെന്ന പഴയ പഠനത്തിന്‍റെ പുനരവതരണമോ ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രതിധ്വനിയോ അല്ല ക്വാണ്ടം പൂര്‍ണ്ണത.... ക്വാണ്ടം പൂര്‍ണ്ണത, സ്ഥലകാലവിഭജനങ്ങള്‍ക്ക് നശിപ്പിക്കാനാവാത്ത അടിസ്ഥാനപരമായ ഒരു പുതിയതരം ഒത്തുചേരലാണ്. ഒരു പൂന്തോട്ടം കടന്നെത്തുന്നതുപോലെ ഗാലക്സികള്‍ കടന്നുവന്ന അതിവിദൂര അസ്തിത്വങ്ങളുടെ ശരിയായ സമ്മേളനമാണ് അത്.[35]
6. ബോധത്തോട് പരസ്പരബന്ധമുള്ള യാഥാര്‍ത്ഥ്യം
"അവബോധത്തെക്കുറിച്ച് പരാമര്‍ശിക്കാതെ എല്ലാമുള്‍ക്കൊള്ളുന്ന രീതിയില്‍ ക്വാണ്ടം മെക്കാനിക്സിന്‍റെ നിയങ്ങള്‍ രൂപീകരിക്കുക സാദ്ധ്യമല്ല.... നമ്മുടെ ഭാവി ആശയങ്ങള്‍ ഏതെല്ലാം രീതിയില്‍ പുരോഗമിച്ചാലും ഇത് പ്രധാനപ്പെട്ടതായിത്തന്നെ തുടരും. കാരണം ബാഹ്യലോകത്തെക്കുറിച്ചുള്ള പഠനം അവബോധത്തിന്‍റെ ഉള്ളടക്കം ഒരു ആത്യന്തികയാഥാര്‍ത്ഥ്യമാണെന്ന തീര്‍ച്ചപ്പെടുത്തലിലേക്കാണ് നയിക്കുക." [36] പദാര്‍ത്ഥത്തിന്‍റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യേണ്ട ഭൗതികശാസ്ത്രം അഭൗതികമായ മനുഷ്യാവബോധത്തിലെത്തിച്ചേര്‍ന്നതെങ്ങനെയാണെന്ന് മുകളിലുള്ള ഉദ്ധരണി സൂചിപ്പിക്കുന്നു. ഇത് ക്വാണ്ടം യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ട ഒരു രഹസ്യാത്മകപ്രശ്നമാണ്. ക്വാണ്ടം യാഥാര്‍ത്ഥ്യത്തെ നിര്‍ണയിക്കുന്നതില്‍ നിരീക്ഷകന്‍റെ അവബോധത്തിനുള്ള പങ്ക് ആദ്യമായി ചൂണ്ടിക്കാണിച്ചത് ഹംഗേറിയന്‍ ഭൗതികശാസ്ത്രജ്ഞനായ വോണ്‍ ന്യൂമന്‍ ആണ്. യാഥാര്‍ത്ഥ്യത്തിന്‍റെ ഈ ചിത്രവും ക്വാണ്ടത്തിന്‍റെ അളവ് എന്ന് പ്രശ്നത്തിലാണ് വേരൂന്നിയിരിക്കുന്നത്. ലോകത്തിലുള്ള എല്ലാത്തിലും ക്വാണ്ടം സിദ്ധാന്തം പ്രായോഗികമാണ് എന്നനുമാനിച്ചുകൊണ്ടാണ് ന്യൂമന്‍ ആരംഭിക്കുന്നത്. അപ്പോള്‍ അളക്കുന്നതിനുള്ള ഉപകരണങ്ങളുള്‍പ്പെടെ ലോകത്തിലുള്ളതെല്ലാം ഒരു കല്പിത (proxy) തരംഗത്താല്‍ പ്രതിനിധാനം ചെയ്യപ്പെടുന്നു. [37] ന്യൂമന്‍ മാതൃകയില്‍ ഊന്നല്‍ നല്കുന്നത് അളക്കുന്ന ഉപകരണത്തേക്കാള്‍ അളക്കുന്ന പ്രവത്തിക്കാണ്.
പരീക്ഷണസംവിധാനത്തിനും നിരീക്ഷകമനസ്സിനും ഇടയില്‍ ഒരു "ക്വാണ്ടം ചാട്ടം" സംഭവിക്കുന്നു. അതുവഴി തരംഗപ്രവര്‍ത്തനത്തിന്‍റെ നാശവും നിരവധി പകരതരംഗങ്ങളുടെ ചുരങ്ങലും സംഭവിക്കുന്നു. എല്ലായിടത്തും വികസിക്കുകയെന്നതാണ് പകരതരംഗത്തിന്‍റെ പ്രകൃതം. അതിന്‍റെ പ്രകൃതത്തിന് വിരുദ്ധമായി, എവിടെയും വികസിക്കാന്‍ കഴിവില്ലാത്തവിധം തരംഗങ്ങള്‍ ഒന്നിലേക്ക് ചുരുങ്ങുന്നതായി നാം കാണുന്നു. അപ്പോള്‍, ഈ തരംഗപ്രവര്‍ത്തനത്തിന്‍റെ നാശം സംഭവിക്കുന്നത് എവിടെയാണ് എന്നതാണ് ചോദ്യം. ക്വാണ്ടം സിദ്ധാന്തം ലോകത്തില്‍ എല്ലാത്തിനും ബാധകവും, അളവ്സംവിധാനങ്ങള്‍ ഇടപഴകുന്ന കണികകളെ ഉള്‍ക്കൊള്ളുന്നതിനാലും അളക്കുന്ന ഉപകരണത്തിലെങ്ങും ഇത്തരമൊരു ക്വാണ്ടം ചാട്ടത്തെ ഉള്‍ക്കൊള്ളാനുള്ള സ്ഥലമില്ല. പദാര്‍ത്ഥത്തിന്‍റെ സര്‍വ്വാധിപത്യത്തിന് പുറത്തു സ്ഥിതി ചെയ്യുന്ന ഏകകാര്യം നിരീക്ഷകന്‍റെ അവബോധമാണ്. അതായത് അളവിന്‍റെ ഫലത്തെ അനുമാനിച്ചെടുക്കുന്നതില്‍ നിരീക്ഷകന്‍റെ അവബോധത്തിന് വലിയ സ്ഥാനമുണ്ടെന്ന് അര്‍ത്ഥം. ഒരു അളവ് സാഹചര്യത്തില്‍ നിര്‍മ്മിക്കപ്പെട്ട നിരീക്ഷകന്‍റെ അവബോധവും നിരീക്ഷിതവസ്തുവും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കുന്നതിനുള്ള പ്രകൃതിയുടെ ശ്രമമാണ് ക്വാണ്ടം ചാട്ടം. ഒരാളുടെ അവബോധം അളവ് പ്രവര്‍ത്തനത്തില്‍ ഒരു പുതിയ വസ്തുനിഷ്ഠതയ്ക്ക് കാരണമാകുന്നു. ഇവിടെ പദാര്‍ത്ഥത്തിന്‍റെ രഹസ്യം മനസ്സിന്‍റെ രഹസ്യത്തിന് വഴിമാറിക്കൊടുക്കുന്നു. [38]
7. പരസ്പരബന്ധിതവും സ്ഥലബന്ധിയല്ലാത്തതുമായ യാഥാര്‍ത്ഥ്യം
പരസ്പരബന്ധിതവും സ്ഥലബന്ധിയല്ലാത്തതുമായ യാഥാര്‍ത്ഥ്യം ഐറിഷുകാരനും CERN [39] സൈദ്ധാന്തികഭൗതികശാസ്ത്രജ്ഞനുമായ ജോണ്‍ സ്റ്റുവര്‍ട്ട് ബെല്‍, നമ്മുടെ ലോകവീക്ഷണത്തെ കാര്യമായി സ്വാധീനിക്കുന്ന യാഥാര്‍ത്ഥ്യത്തിന്‍റെ ഒരു മാതൃക രൂപ്പെടുത്തുകയുണ്ടായി. ബെല്‍സ് തിയറം എന്നപേരില്‍ അദ്ദേഹം കൊണ്ടു വന്ന തെളിവുകള്‍, ക്വാണ്ടം വസ്തുതകള്‍ക്ക് അടിസ്ഥാനമിടേണ്ട പല തരത്തിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരവധി പരിമിതികള്‍ കല്പിച്ചു. ബെല്‍സ് തിയറത്തിന്‍റെ മുഴുവന്‍ സന്ദേശമിതാണ്: യാഥാര്‍ത്ഥ്യം സ്ഥലബന്ധിയാകരുത്. അതായത്, അടിസ്ഥാനതലത്തില്‍, നമ്മുടെ അനുഭവത്തിലെ വേറിട്ട വ്യത്യസ്തവസ്തുക്കള്‍ അടുത്തതും നേരിട്ടുള്ളതുമായ ഒരു രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്നു. സൂക്ഷ്മലോകത്തെ കൈകാര്യം ചെയ്യുന്ന നമ്മുടെ സാമാന്യബുദ്ധിയുടെ അപര്യാപ്തതയെ ക്വാണ്ടം ഭൗതികശാസ്ത്രം വെളിപ്പെടുത്തിയപ്പോള്‍, ബൃഹദ്പ്രതിഭാസവുമായി ഇടപഴകുന്നതിലും അതിനുള്ള അപര്യാപ്തതയെയാണ് ബെല്‍സ് തിയറം വെളിപ്പെടുത്തിയത്. ഹെന്‍റി സ്റ്റാപ്പ് പറയുന്നതുപോലെ: "ക്വാണ്ടം പ്രതിഭാസം ഉയര്‍ത്തിയ പ്രശ്നത്തെ ബ്രഹദ്പ്രതിഭാസങ്ങളുടെ തലത്തിലും വളരെ വ്യക്തമായി അവതരിപ്പിച്ചു എന്നതാണ് ബെല്‍സ് തിയറത്തിന്‍റെ പ്രത്യേകത... ലോകത്തെക്കുറിച്ചുള്ള നമ്മുടെ സാധാരണ ആശയങ്ങള്‍ ബൃഹദ്തലത്തില്‍പ്പോലും വലിയ ന്യൂനതകളുള്ളവയാണെന്ന് ഇത് കാണിക്കുന്നു." [40] ബെല്‍സ് തിയറത്തില്‍, വ്യത്യസ്തഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന ഒന്നായി ലോകത്തെ വീക്ഷിക്കുന്ന നമ്മുടെ സാമാന്യബുദ്ധിയുടെ ആശയത്തിനെതിരെ സ്ഥലമില്ലായ്മ സ്വയം ഒരു അടിസ്ഥാനയാഥാര്‍ത്ഥ്യമായി അവതരിപ്പിക്കുന്നു. യാഥാര്‍ത്ഥ്യത്തിന്‍റെ സ്ഥലബന്ധിയല്ലാത്ത ചിത്രീകരണം പ്രകാശത്തേക്കാള്‍ വേഗതയേറിയ ആശയക്കൈമാറ്റത്തെക്കുറിച്ച് ചിന്തിക്കാന്‍ ഭൗതികശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു. യാഥാര്‍ത്ഥ്യത്തെക്കുറിച്ചുളള ബെല്‍സ് മാതൃകയെക്കുറിച്ച് എന്‍. ഹെര്‍ബര്‍ട്ട് പറയുന്നു: "യാഥാര്‍ത്ഥ്യത്തില്‍ താത്പര്യമുള്ള ആര്‍ക്കും, ബെല്‍സ് തിയറം പ്രധാനപ്പെട്ട ഒരു ബൗദ്ധികനേട്ടമാണ്... യാഥാര്‍ത്ഥ്യത്തിന്‍റെ ബാഹ്യരൂപം നല്കുന്നതിന് ബെല്‍ വസ്തുതകള്‍ക്കും മേലേ സഞ്ചരിക്കുന്നു. സ്ഥലബന്ധിയല്ലാത്ത പ്രതിഭാസങ്ങളൊന്നും തന്നെ ആരും ഇതുവരെ കണ്ടിട്ടില്ലെങ്കിലും പ്രതിഭാസങ്ങള്‍ക്കു പിന്നിലുള്ള ലോകം തീര്‍ച്ചയായും സ്ഥലബന്ധിയായിരിക്കില്ല എന്ന് ബെല്‍ സംഗ്രഹിക്കുന്നു." [46]
8. ദൈവശാസ്ത്രആഭിമുഖ്യങ്ങള്‍
ക്വാണ്ടം സിദ്ധാന്തത്തിന്‍റെ പ്രായോഗികവിജയം, യഥാര്‍ത്ഥത്തില്‍ പ്രാതിഭാസികലോകത്തെ പിന്താങ്ങുന്ന യാഥാര്‍ത്ഥ്യം എന്താണെന്നതിനെ സംബന്ധിച്ച് ഭൗതകശാസ്ത്രജ്ഞര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചു. ക്വാണ്ടം യാഥാര്‍ത്ഥ്യത്തിന്‍റെ കടകളില്‍ വില്ക്കപ്പെട്ട യാഥാര്‍ത്ഥ്യത്തിന്‍റെ ഓരോ മാതൃകയ്ക്കും അതിന്‍റേതായ സാങ്കേതികപ്രശ്നങ്ങളും ദാര്‍ശനികപരിമിതികളും ഉണ്ടായിരുന്നു.
അളക്കുന്ന ഉപകരണത്തിന്മേലുള്ള ഊന്നല്‍ കൊണ്ട് കോപ്പെന്‍ഹേഗനിസ്റ്റുകളും അതിന്‍റെ പരിണിതഫലമായ നിരീക്ഷകനിര്‍മ്മിത യാഥാര്‍ത്ഥ്യവും നമ്മുടെ അനുഭവത്തിലെ അളക്കപ്പെടാത്ത ലോകത്തിന് വിശദീകരണം നല്കാന്‍ പര്യാപ്തമായിരുന്നില്ല. ഐന്‍സ്റ്റീന്‍ തമാശരൂപത്തില്‍ പറഞ്ഞതിങ്ങനെയാണ്: "ഒരു എലിക്ക് വെറുതെ പ്രപഞ്ചത്തെ നോക്കിയിരുന്ന് അതിന് മാറ്റം വരുത്താന്‍ കഴിയുമെന്ന് സങ്കല്പിക്കാന്‍ എനിക്കാവില്ല." [47] യാഥാര്‍ത്ഥ്യത്തോടുള്ള അവരുടെ പ്രായോഗികസമീപനം അസ്തിത്വാത്മകമായ ഒരു അസ്തിത്വവാദത്തിലാണ് അവസാനിച്ചത്. അവിഭജിതപൂര്‍ണ്ണതയുടെ വക്താക്കള്‍, അവരുടെ വാദങ്ങള്‍ തത്ത്വചിന്തകര്‍ക്കും മിസ്റ്റിക്കുകള്‍ക്കും ആകര്‍ഷകമാണെങ്കിലും, ദാര്‍ശനികമായി പ്രധാനപ്പെട്ട ഒരു ചോദ്യത്തെ അഭിമുഖീകരിച്ചു: ക്വാണ്ടം അളവിലെ നിരീക്ഷിത പ്രദേശം പ്രപഞ്ചം മുഴുവന്‍റെയും ഒരു മാതൃകയാണോ? പൂര്‍ണതയെ മനസ്സിലാക്കുന്നതിനുവേണ്ടി അതിന്‍റെ ചില ഭാഗങ്ങളെ നാം പരിഗണിക്കുമ്പോള്‍, പ്രപഞ്ചം മുഴുവനില്‍ നിന്നും എന്നതുപോലെ നിരീക്ഷിക്കാനാവുന്ന പ്രദേശത്തിന്‍റെ മാതൃകയായി ഭാഗം-പൂര്‍ണ്ണത ബന്ധത്തെ നമുക്കുപയോഗപ്പെടുത്താം. [48] കോപ്പെന്‍ഹേഗനിസ്റ്റുകള്‍ അവരുടെ അസ്തിത്വാത്മകമായ അജ്ഞേയതാവാദത്താല്‍ കുറ്റാരോപിതരാകുമ്പോള്‍, അവബോധനിര്‍മ്മിത യാഥാര്‍ത്ഥ്യത്തിന്‍റെ വക്താക്കള്‍ അവരുടെ വളരെ അനുമാനപരവും അതിഭൗതികവുമായ ചുമടുകള്‍ കൊണ്ട് വിമര്‍ശിക്കപ്പെടും. ശാസ്ത്രത്തില്‍ അവബോധം പദാര്‍ത്ഥത്തിന്‍റെ ഒരു ഉപപ്രതിഭാസമായിട്ടാണ് കണക്കാക്കപ്പെടുന്നത് എന്നതിനാല്‍ പ്രപഞ്ചത്തിന്‍റെ യാഥാര്‍ത്ഥ്യത്തെ വിശദീകരിക്കുന്നതില്‍ അവബോധത്തിന് പങ്കുണ്ടാകുന്നതെങ്ങനെയെന്ന് ശാസ്ത്രജ്ഞര്‍ക്കറിയില്ല. ഭൗതികശാസ്ത്രത്തിന്‍റെ അടിസ്ഥാനം മുഴുവന്‍ ശാസ്ത്രവും, സ്ഥലബന്ധിയായ കാരണത്തിന്‍റെ തത്ത്വത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു-ഒരിടത്തുണ്ടാകുന്ന ഭൗതികസംഭവങ്ങള്‍ അടുത്തുള്ള മറ്റ് ഭൗതികസംഭവങ്ങളാലാണ്.
പ്രപഞ്ചത്തിന്‍റെ ഒരു വശത്തുണ്ടാകുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി മറുവശത്തുള്ള സംഭവങ്ങളെ സ്വാധീനിക്കുന്നുവെങ്കില്‍ നമുക്ക് ഒരു ശാസ്ത്രം ഉണ്ടാകുന്നതെങ്ങനെ?" [49] യാഥാര്‍ത്ഥ്യത്തിന്‍റെ സ്ഥലബന്ധിയല്ലാത്ത പരസ്പരബന്ധത്തെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്. മൊത്തത്തില്‍ ഭൗതികയാഥാര്‍ത്ഥ്യത്തെ വിശദീകരിക്കുന്നതില്‍, വൈരുദ്ധ്യങ്ങളും യുക്തിയുടെ വിപരീതസത്യങ്ങളും അനുമാനപരമായ ചാട്ടങ്ങളുമെല്ലാം ക്വാണ്ടം സിദ്ധാന്തത്തിലുണ്ട്. ആധുനികഭൗതികശാസ്ത്രത്തിന്‍റെ യാഥാര്‍ത്ഥ്യവുമായുള്ള കണ്ടുമുട്ടല്‍, ശാസ്ത്രവും തത്ത്വശാസ്ത്രവും തമ്മിലുള്ള പരമ്പരാഗതവ്യത്യാസങ്ങളെ ദുര്‍ബലമാക്കി അവ തമ്മിലുള്ള ബന്ധം സുദൃഢമാക്കുവാന്‍ കാരണമായി. യാഥാര്‍ത്ഥ്യത്തിന്‍റെ വ്യത്യസ്ത ചിത്രങ്ങള്‍ രൂപീകരിക്കുന്നതിന് അവര്‍ക്കു കഴിഞ്ഞതിനാല്‍ ശാസ്ത്രജ്ഞര്‍ ക്വാണ്ടം വസ്തുതകളെക്കുറിച്ച് 'എന്തുകൊണ്ട്' എന്നു ചോദിക്കുവാന്‍ തുടങ്ങിയതാണ് ഇതിനു കാരണം. അവരുടെ തിരച്ചിലില്‍ അവരുടെ ചിത്രം 'ആത്യന്തികമായ എന്തുകൊണ്ട്' എന്നതിന്‍റെ അസാന്നിദ്ധ്യം പ്രദര്‍ശിപ്പിച്ചു. ഹെയ്സെന്‍ബര്‍ഗ് പറഞ്ഞതുപോലെ, "നാം പഠിക്കുന്നത് പ്രകൃതിയെ അതുപോലെതന്നെയല്ല, മറിച്ച് നമ്മുടെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെടുന്നതു പോലെയാണ്." ഭൗതികശാസ്ത്രജ്ഞരുടെ 'എന്തുകൊണ്ട്' ശാസ്ത്രീയപ്രശ്നങ്ങളെ സംബന്ധിച്ച ചോദ്യമാണ്. അതിനാല്‍ അവരുടെ ഉത്തരങ്ങള്‍ ഈ 'ശാസ്ത്രീയമായ എന്തുകൊണ്ട്' എന്നതിനുമാത്രമേ യോജിക്കുകയുള്ളു. 'ആകുന്നു' എന്നത് യാഥാര്‍ത്ഥ്യത്തോട് കൂട്ടിച്ചേര്‍ക്കുന്നത് അതിനെ ശിഥിലീകരിക്കുന്ന പ്രക്രിയയാണ്. സൂക്ഷ്മലോകത്തിലെ സംഘര്‍ഷഭരിതവും അപൂര്‍ണ്ണവുമായ ദൃശ്യം, യാഥാര്‍ത്ഥ്യത്തിന്‍റെ ഇനിയും കണ്ടെത്താത്ത മേഖലകളെ സൂചിപ്പിക്കുന്നതായി മനസ്സിലാക്കാം. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ അശുഭപ്രതീക്ഷ യാഥാര്‍ത്ഥ്യത്തിന്‍റെ ശുഭകരമായ ധ്രുവങ്ങളിലേക്ക് വെളിച്ചം വീശുകയും അതിന്‍റെ പ്രായോഗികത സാദ്ധ്യതാപരമായ ദാര്‍ശനികവിപ്ലവങ്ങളുടെ അടയാളമായിത്തീരുകയും ചെയ്യുന്നു. രഹസ്യാത്മകമായ ക്വാണ്ടം തലത്തിലെ ഗവേഷണങ്ങളുടെ ഫലമായി ലഭിച്ച യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ അറിവിന്‍റെ പ്രകാശപൂരിതമായ രശ്മികളും, പുതിയ ഭൗതികശാസ്ത്രത്തെ ഇപ്പോഴും അലട്ടുന്ന അറിയപ്പെടാത്തവയുടെ മേഘപടലങ്ങളും, നമുക്ക് യാഥാര്‍ത്ഥ്യത്തിന്‍റെ ഒരു പുതിയ ദര്‍ശനം സൃഷ്ടിക്കുന്നതിനുള്ള അക്ഷരമാലകളായിത്തീരും. ഉപരിശാസ്ത്ര ഘടകങ്ങള്‍ക്കും അതിഭൗതികഘടകങ്ങള്‍ക്കും സബ്ആറ്റോമിക കടങ്കഥകളും വൈരുദ്ധ്യങ്ങളും നല്കിക്കൊണ്ട്, അതുവഴി അതിലേക്ക് ഒരു മതപരമായ ഒരു തലം നല്കി, ഈശ്വരവാദിത്വപരമായ ഒരു ദൈവശാസ്ത്രത്തെ ഉണര്‍ത്തുക എന്ന അപകടത്തിന് അത് കാരണമാകുന്നു. എന്നിരുന്നാലും, ക്വാണ്ടം പദാര്‍ത്ഥരഹസ്യങ്ങളുടെ ഒരു വിമര്‍ശനാത്മകപഠനം വ്യക്തമായ ആശയാടിത്തറകള്‍ കൊണ്ട് പുതിയ ദൈവശാസ്ത്രസംരംഭങ്ങള്‍ക്ക് നമ്മെപ്രേരിപ്പിക്കുന്നു. ക്വാണ്ടം ഭൗതികസിദ്ധാന്തത്തിലെ പരിഹൃതമാകാത്ത സൈദ്ധാന്തികവും ഗണിതശാസ്ത്രപരവുമായ പ്രശ്നങ്ങളൊഴികെ അതിന്‍റെ പ്രധാനപ്പെട്ട പ്രപഞ്ചവിജ്ഞാനീയ അനുമാനങ്ങള്‍ ദൈവശാസ്ത്രത്തിന് പുതിയ ഒരു ആശയതലം സൃഷ്ടിച്ചിട്ടുണ്ട്. റോബര്‍ട്ട് ജോണ്‍ റസ്സല്‍ പറയുന്നു, "ദൈവം ലോകത്തില്‍ വസ്തുനിഷ്ഠമായി പ്രവര്‍ത്തിച്ചു എന്നും പ്രകൃതിയുടെ നിയമങ്ങളിലിടപെടാതെയും അതിനെ മാറ്റിനിര്‍ത്താതെയും ദൈവം അപ്രകാരം സൃഷ്ടിച്ചുവെന്നുമുള്ള രണ്ടു ആശയങ്ങളുമുള്‍ക്കൊള്ളുന്ന ഒരു പുതിയ കാഴ്ചപ്പാട് പ്രത്യേക പരിപാലനയെക്കുറിച്ച് നമുക്ക് സൃഷ്ടിക്കാം." [50] ക്വാണ്ടം ഭൗതികശാസ്ത്രത്തിന്‍റെ നിര്‍ണയിക്കപ്പെടാത്ത ലോകത്തില്‍ 'ഇടപെടലുകളില്ലാത്ത, വസ്തുനിഷ്ഠവും പ്രത്യേകവുമായ ദൈവിക പ്രവര്‍ത്തിയെ' റസ്സല്‍ മുമ്പോട്ടുവയ്ക്കുന്നു: "പ്രകൃതിയോടൊപ്പം ഒരു ക്വാണ്ടം സംഭവത്തിനുവേണ്ടി ദൈവം പ്രവര്‍ത്തിക്കുന്നു. പ്രകൃതി അവശ്യകാരണങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കിലും, പ്രകൃതിയോടൊപ്പമുള്ള ദൈവത്തിന്‍റെ പ്രവര്‍ത്തനമാണ് ഒരു സംഭവം നടക്കുന്നതിനുള്ള മതിയായ കാരണമായിത്തീരുന്നത്. ചുരുക്കത്തില്‍, രൂപകാത്മകമായി, പ്രകൃതി എന്നു നാം പരിഗണിക്കുന്നതിനെ യഥാര്‍ത്ഥത്തില്‍ ദൈവം+പ്രകൃതിയുടെ പ്രവര്‍ത്തനമായി വേണം കാണുവാന്‍." [51]
ദൈവശാസ്ത്രത്തിലെ ഈ പുതിയ പ്രാപഞ്ചികവിവരണങ്ങളുടെ ഉദ്ദേശം പ്രാപഞ്ചികസമാനവര്‍ഗ്ഗങ്ങളെ ദൈവശാസ്ത്രത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. വ്യക്തിനിഷ്ഠ തത്ത്വചിന്തകള്‍ രൂപപ്പെടുത്തിയ നരവംശശാസ്ത്രപരമായ മുന്‍വിധികളില്‍ നിന്ന് ഇത് ദൈവശാസ്ത്രത്തെ മോചിപ്പിക്കുകയും, വിചിന്തനങ്ങളുടെ വിശാലവും പ്രാപഞ്ചികവും സാര്‍വ്വത്രികവുമായ ആലോചനാപരിധി രൂപപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, പ്രാപഞ്ചികസംവാദങ്ങള്‍ ദൈവശാസ്ത്രത്തിന് അതിന്‍റെ ദൗത്യത്തിന്‍റെ സാര്‍വ്വത്രികത വീണ്ടെടുക്കുന്നതിന് സഹായകമാവുകയും ചെയ്യും. Physics and Faith: The Luminous We എന്ന തന്‍റെ ലേഖനത്തില്‍ ബാര്‍ബറ ബ്രൗണ്‍ എഴുതുന്നു: പ്രകാശപൂരിതമായ വല പോലുള്ള പ്രപഞ്ചത്തിന് കുറുകെ പറന്നുകൊണ്ട് ഞാന്‍ കണ്ടത് ബന്ധങ്ങളുടെ അനന്തമായ ഒരു വലയാണ്. ഇത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് നൂലുകൊണ്ടല്ല, ഊര്‍ജ്ജം കൊണ്ടാണ്. ഞരമ്പിലൂടെ ഒരു സ്പന്ദനം നീങ്ങുന്നതുപോലെ പ്രകാശം അതിലൂടെ സഞ്ചരിക്കുന്നത് ഞാന്‍ കണ്ടു. ഉള്ളില്‍ ഞാന്‍ അനുഭവിക്കുന്നതില്‍ വ്യത്യസ്തമായിരുന്നില്ല പുറത്തു ഞാന്‍ കണ്ടത്. നക്ഷത്രങ്ങളുടെ ചൂളയില്‍ നിന്നും വരുന്നതുപോലെ എന്‍റെ ന്യൂറോണില്‍ നിന്നും ഒരു മൂളിപ്പാട്ട് പുറപ്പെടുന്നു.... ഈ ചിത്രത്തില്‍ ഞാനെവിടെയാണ്? ഞാന്‍ എല്ലാ സ്ഥലങ്ങള്‍ക്കും മുകളിലാണ്. ഞാന്‍ മുകളിലും താഴെയും എന്‍റെ തൊലിക്കുള്ളിലും പുറത്തുമുണ്ട്. ഞാന്‍ ഒരു വൈറസിനേക്കാള്‍ വലുതും സൂര്യനേക്കാള്‍ ചെറുതുമാണ്. ഞാന്‍ തനിച്ചാണോ? എനിക്കെങ്ങനെ തനിച്ചാകാന്‍ കഴിയും? പ്രപഞ്ചം ഉണ്ടായ അന്നുമുതലുണ്ടായിരുന്നതും എനിക്ക് ലഭ്യമായതുമായ ഊര്‍ജ്ജത്താല്‍ ശുദ്ധബന്ധമായ ഒരു വലയുടെ ഭാഗമാണ് ഞാന്‍. ഈ ചിത്രത്തില്‍ ദൈവം എവിടെയാണ്? ദൈവം എല്ലായിടത്തുമുണ്ട്. ദൈവം അവിടെയും ഇവിടെയും എന്‍റെ തൊലിക്കടിയിലും പുറത്തുമുണ്ട്. ദൈവമാണ് വലയും, ഊര്‍ജ്ജവും, സ്ഥലവും, പ്രകാശവും-അവയില്‍ ബന്ധിതനല്ല, പക്ഷേ നിലനില്ക്കുന്ന എല്ലാത്തിനെയും ചലിപ്പിക്കുന്ന ബന്ധത്തിന്‍റെ വിശാലമായ ആ ഏകവലയില്‍ അവിടുന്ന് വെളിപ്പെടുന്നു. [52] ക്വാണ്ടം സിദ്ധാന്തം മുമ്പോട്ടു വയ്ക്കുന്ന ഭൗതികയാഥാര്‍ത്ഥ്യത്തിന്‍റെ പരസ്പരബന്ധവും ആശ്രിതത്വവും പ്രപഞ്ചത്തിന്‍റെ സ്ഥിരതയിലും നിയമങ്ങളിലും അന്തര്‍ലീനമായ ദൈവത്തിന്‍റെ തുടര്‍പ്രക്രിയയെ പുനര്‍നിര്‍വ്വചിക്കുന്നു. "പരസ്പരബന്ധം എന്ന നഗ്നവസ്തുത മാത്രം... ഒരുവിധത്തില്‍ ആധുനികമനസ്സിന് മനസ്സിലാക്കാന്‍ കഴിയുന്ന ദൈവത്തിന്‍റെ തുടര്‍പരിപാലനയെ സമ്മതിക്കുന്ന ദൈവശാസ്ത്രത്തിന് ഒരു അടിസ്ഥാനം നല്കുന്നു." [53] അപക്വമായ ദൈവശാസ്ത്ര തീര്‍ച്ചപ്പെടുത്തലുകളെ വെല്ലുവിളിക്കുമ്പോള്‍, ക്വാണ്ടം പ്രാപഞ്ചികദര്‍ശനത്തെക്കുറിച്ചുള്ള നമ്മുടെ അറിവുകള്‍, "സത്യസന്ധവും ആധികാരികവുമായി നാമാരാണെന്നും, ലോകവും പ്രപഞ്ചവും യഥാര്‍ത്ഥത്തില്‍ എന്താണെന്നും, ദൈവം യഥാര്‍ത്ഥത്തില്‍ ആരാണെന്നും ആരല്ലെന്നും പറയാന്‍" [54] നമ്മെ സഹായിക്കുന്നു. ദൈവികമായ അതിശായികത്വവും അന്തര്‍ലീനത്വവും തമ്മില്‍ ആവേശകരമായ ഒരു പുനരൈക്യം ക്വാണ്ടം സാഹചര്യത്തില്‍ ഡേവിഡ് കൊണ്ടുവരുന്നു: 'ലൈറ്റ് കോണ്‍' (light cone) ഡയഗ്രമനുസരിച്ച്, ദൈവം... സ്ഥലകാലത്തിനുള്ളില്‍ സന്നിഹിതനാകേണ്ടതാണ് (അന്തര്‍ലീനത്വം), എന്നാല്‍ അതേസമയം, അവയാല്‍ പരിമിതനോ അതില്‍ ഉള്‍പ്പെട്ടവനോ അല്ല (അതിശായികത്വം). തന്‍റെ അതിശായികത്വത്തില്‍ ദൈവം ലൈറ്റ് കോണിന് പുറത്തുനിന്ന്, റേഡിയോആക്ടീവ് ന്യൂക്ലിയസ്സുകളുടെ നാശമുള്‍പ്പെടെ സമയത്തിന്‍റെ അച്ചുതണ്ടിനോടൊപ്പം എല്ലാം കാണുന്നു. സ്രഷ്ടക്രമത്തോടുള്ള തന്‍റെ അന്തര്‍ലീനബന്ധത്തില്‍, ദൈവം തന്‍റെ സൃഷ്ടികളുമായി യഥാര്‍ത്ഥബന്ധം സ്ഥാപിക്കുകയും, തന്‍റെ സത്തയിലോ ആത്യന്തികലക്ഷ്യത്തിലോ സ്വഭാവത്തിലോ മാറ്റം വരുത്താതെ അവയോട് ജീവനുള്ള ദൈവമായി, വ്യക്തിപരമായി പ്രതികരിക്കുന്നു. [55]
Quantum Physics Quantum Physics and Theology Theology Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206