x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

ശുദ്ധീകരണസ്ഥലവും മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും

Authored by : Mar Joseph Pamplany On 09-Sep-2020

മാരകപാപത്തില്‍ (ചാവുദോഷത്തില്‍) അനുതാപമില്ലാതെ മരിക്കുന്നവര്‍ക്കും ലഘുപാപത്തില്‍ മരിക്കുന്നവര്‍ക്കും ഒരേ ശിക്ഷയല്ല ലഭിക്കുന്നത് എന്ന് സഭ പഠിപ്പിക്കുന്നു. ലഘുവായ പാപങ്ങളില്‍ നിന്ന് പൂര്‍ണ്ണമായ മോചനം നേടാതെ മരിക്കുന്നവര്‍ക്ക് ശുദ്ധീകരണത്തിനുള്ള അവസരം തന്‍റെ അനന്ത സ്നേഹത്താല്‍ ദൈവം നല്‍കുന്നു. ഇപ്രകാരം മരണാനന്തരം വിശുദ്ധീകരിക്കാന്‍ ദൈവം മനുഷ്യാത്മാവിനു നല്‍കുന്ന അവസരത്തെയും അവസ്ഥയെയുമാണ് പരമ്പരാഗതമായി ശുദ്ധീകരണ സ്ഥലം എന്നു പറയുന്നത്.

ശുദ്ധീകരണസ്ഥലം ബൈബിളില്‍

1.  ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച് വി.ഗ്രന്ഥത്തില്‍ പരാമര്‍ശങ്ങളുണ്ട് (2 മക്കാ 12:43-45; 1 കോറി 3:12-15; മത്താ 5:26 12:32).

2 മക്ക 12:43-45: "അനന്തരം, അവന്‍ അവരില്‍നിന്നും രണ്ടായിരത്തോളം ദ്രാക്മാ വെള്ളി പിരിച്ചെടുത്തു. പാപപരിഹാരബലിക്കായി ജറുസലെമിലേക്ക് അയച്ചുകൊടുത്തു. പുനരുത്ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ് ചെയ്ത ഈ പ്രവര്‍ത്തി ശ്രേഷ്ഠവും ഉചിതവും തന്നെ. മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു. എന്നാല്‍, ദൈവഭക്തിയോട് മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യ സമ്മാനത്തെക്കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്തിപൂര്‍ണ്ണവുമായ ഒരു ചിന്തയാണ്.

അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാര കര്‍മ്മം അനുഷ്ഠിച്ചു.ڈ മരിച്ചവര്‍ക്ക് പാപമോചനം ലഭിക്കുന്നതിനായുള്ള പരിഹാര കര്‍മ്മങ്ങളെക്കുറിച്ചാണ് ഈ വചനം സാക്ഷ്യപ്പെടുത്തുന്നത്. മരണശേഷവും പാപങ്ങളില്‍നിന്നും ശുദ്ധീകരിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ച് പഴയനിയമകാലം മുതല്‍ക്കേ വിശ്വാസം നിലനിന്നിരുന്നു എന്നതിന്‍റെ സൂചനയാണിത്.

1 കോറി 3:12-15 : "കര്‍ത്താവിന്‍റെ ദിനത്തില്‍ ... ഓരോരുത്തരുടെയും പണി ഏതുതരത്തിലുള്ളവയാണെന്നു വെളിവാക്കപ്പെടും... ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടിവരും എന്നാല്‍, അഗ്നിയിലൂടെയെന്നവണ്ണം അവന്‍ രക്ഷപ്രാപിക്കും." കര്‍ത്താവിന്‍റെ ദിനത്തില്‍ ശുദ്ധീകരണംവഴിയുള്ള രക്ഷയ്ക്കുള്ള സാധ്യതയെക്കുറിച്ചാണ് പൗലോസ് അപ്പസ്തോലന്‍ ഓര്‍മ്മിപ്പിക്കുന്നത്. ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള പരോക്ഷമായുള്ള പരാമര്‍ശമായി ഈ വചനഭാഗത്തെ മനസ്സിലാക്കാവുന്നതാണ്.

മത്താ 5:26 - "അവസാനത്തെ ചില്ലിക്കാശും കൊടുത്തു വീട്ടുവോളം നീ അവിടെ നിന്ന് പുറത്തു വരികയില്ലെന്ന് സത്യമായും ഞാന്‍ നിങ്ങളോടു പറയുന്നു."

പ്രത്യക്ഷത്തില്‍ ഈ വചനം കോടതി വ്യവഹാരത്തിന്‍റെ പശ്ചാത്തലത്തില്‍ പറയപ്പെടുന്നതാണെങ്കിലും അന്തിമ വിശകലനത്തില്‍ ഈ വചനഭാഗത്തെ നിത്യവിധിയാളനായ ദൈവത്തിന്‍റെ വിധിയായി കരുതാവുന്നതാണ്. കടം വീട്ടുവോളം അനുഭവിക്കേണ്ടിവരുന്ന തടവിനെക്കുറിച്ചുള്ള പരാമര്‍ശം ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള സൂചന നല്‍കുന്നു.

മത്താ 12:32 - "പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല."
വരാനിരിക്കുന്ന യുഗത്തില്‍, അഥവാ മരണാനന്തരം, ക്ഷമിക്കപ്പെടാവുന്ന പാപങ്ങളുണ്ട് എന്ന സൂചന ഈ വചനം നല്‍കുന്നുണ്ട് തന്മൂലം ശുദ്ധീകരണസ്ഥലത്തു നടക്കുന്ന മരണാനന്തര വിശുദ്ധീകരണത്തിന്‍റെ സാധ്യത ഈ വചനം സ്പഷ്ടമാക്കുന്നു.

വ്യക്തമായി അറിഞ്ഞ ദൈവഹിതത്തോട് മന:പൂര്‍വ്വം മറുതലിക്കുന്നവന്‍ കഠിനമായി പ്രഹരിക്കപ്പെടും; എന്നാല്‍ അറിയാതെയാണ് ഒരുവന്‍ ശിക്ഷാര്‍ഹമായ തെറ്റു ചെയ്തതെങ്കില്‍ അവന്‍ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ"(ലൂക്ക 12:47-48). വിധിയെക്കുറിച്ചാണ് യേശു ഇവിടെ പറയുന്നത്. മനുഷ്യന്‍ പറയുന്ന ഓരോ വ്യര്‍ത്ഥ വാക്കിനും വിധി ദിവസത്തില്‍ കണക്കുകൊടുക്കേണ്ടി വരും"(മത്താ 12:36). ശിക്ഷിക്കപ്പെടും എന്നാണ് ഇതിന്‍റെ അര്‍ത്ഥം. എന്നാല്‍ ഒരു വ്യര്‍ത്ഥ വാക്കിന്‍റെ പേരില്‍ ഒരാള്‍ നിത്യശിക്ഷയ്ക്കിരയാകും എന്നു കരുതുക സാധ്യമല്ല. അപ്പോള്‍ നിത്യമല്ലാത്തതും ലഘുവുമായ ഒരു ശിക്ഷ യേശു വിഭാവനം ചെയ്തു എന്നല്ലേ കരുതേണ്ടത്?

ശുദ്ധീകരണസ്ഥലം സഭാ പാരമ്പര്യത്തില്‍

2.  ശുദ്ധീകരണ സ്ഥലം ഉണ്ട് എന്നത് സഭയുടെ വിശ്വാസ സത്യമാണ്. രണ്ടാം ലെയോണ്‍സ് കൗണ്‍സില്‍ 1274 ല്‍ ശുദ്ധീകരണസ്ഥലത്തിലുള്ള വിശ്വാസം സഭയുടെ വിശ്വാസമായി പ്രഖ്യാപിച്ചു. "പ്രവൃത്തിയാലോ ഉപേക്ഷയാലോ ചെയ്ത പാപങ്ങള്‍ക്ക് പൂര്‍ണ്ണ പരിഹാരമനുഷ്ഠിക്കാതെ മരിക്കാനിടവരുന്നവര്‍ക്ക് മരണാനന്തരം ശുദ്ധീകരണ പരിഹാരങ്ങള്‍ അനുഷ്ഠിച്ച് വിശുദ്ധീകരിക്കപ്പെടാന്‍ ദൈവം അനുവാദം നല്‍കുന്നു" എന്നതാണ് കൗണ്‍സിലിന്‍റെ പഠനം - 1336 ല്‍ ബനഡിക്ട് പന്ത്രണ്ടാമന്‍ പാപ്പായുടെ ബനഡിക്തൂസ് ദേവൂസ് എന്ന പ്രമാണരേഖയും ശുദ്ധീകരണ സ്ഥലമുണ്ടെന്നും ശുദ്ധീകരണത്തിനുശേഷം ശുദ്ധീകരാത്മാക്കള്‍ സ്വര്‍ഗ്ഗത്തിലെത്തിച്ചരുമെന്നും അര്‍ത്ഥശങ്കയ്ക്കിടമില്ലാത്തവിധം പഠിപ്പിച്ചു.

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ വിശുദ്ധീകരണത്തിന് പ്രാര്‍ത്ഥന, വി. കുര്‍ബ്ബാന, ദാനധര്‍മ്മം, പരിത്യാഗപ്രവൃത്തികള്‍ എന്നിവവഴി പരിഹാരം ചെയ്യാന്‍ (suffragia) ഭൂമിയിലുള്ള വിശ്വാസികള്‍ക്ക് സാധിക്കുമെന്ന് ഫ്ളോറന്‍സ് കൗണ്‍സില്‍ (1439) പഠിപ്പിച്ചു. ശുദ്ധീകരണസ്ഥലത്തെ നിഷേധിച്ചുകൊണ്ട് മാര്‍ട്ടിന്‍ ലൂഥര്‍ നടത്തിയ പഠനങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് 1563 ല്‍ ത്രെന്തോസ് സൂനഹദോസ് ശുദ്ധീകരണ സ്ഥലമുണ്ടെന്ന് അസന്ദിഗ്ധമായി പഠിപ്പിച്ചു. ഈ വിശ്വാസസത്യം സകല വിശ്വാസികളെയും പഠിപ്പിക്കാന്‍ സൂനഹദോസ് എല്ലാ മെത്രാന്‍മാരോടും ആവശ്യപ്പെടുകയും ചെയ്തു.

ജീവിതകാലത്തുതന്നെ തുടരുന്ന ശുദ്ധീകരണ പ്രക്രിയയുടെ പൂര്‍ത്തീകരണവും ശുദ്ധീകരണത്തിനുള്ള അന്തിമ അവസരവുമായിട്ടാണ് ശുദ്ധീകരണ സ്ഥലത്തെ സാര്‍വ്വത്രിക മതബോധനഗ്രന്ഥം അവതരിപ്പിക്കുന്നത്. നരകശിക്ഷയില്‍നിന്ന് സമ്പൂര്‍ണ്ണമായും ഭിന്നമാണ് ശുദ്ധീകരണാവസ്ഥ. നരകശിക്ഷയും ശുദ്ധീകരണ സ്ഥലത്തിലെ അവസ്ഥയും തമ്മില്‍ പീഡാനുഭവത്തിന്‍റെ ദൈര്‍ഘ്യത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ എന്ന സാമാന്യ പഠനം ശരിയല്ല.

3.  ശുദ്ധീകരണം എപ്രകാരം നടക്കുന്നു എന്നതിനെക്കുറിച്ചോ എത്രകാലം നീളുന്നു എന്നതിനെക്കുറിച്ചോ പ്രത്യേക പ്രബോധനങ്ങളൊന്നും നല്‍കിയിട്ടില്ല അതിനാല്‍തന്നെ ശുദ്ധീകരണസ്ഥലത്തെ പീഡകളെക്കുറിച്ച് വണക്കമാസ ഗ്രന്ഥങ്ങളില്‍ പ്രചരിക്കുന്ന കഥകള്‍ക്കോ പരമ്പരാഗത വിവരണങ്ങള്‍ക്കോ ആധികാരികതയൊന്നുമില്ല. വിശുദ്ധീകരിക്കുന്നത് ദൈവമാകയാല്‍ വിശുദ്ധീകരണ മാര്‍ഗ്ഗവും വിശുദ്ധീകരണ കാലവും ദൈവനിശ്ചിതമാണെന്ന് സഭ പഠിപ്പിക്കുന്നു.

മനുഷ്യന്‍റെ വിശുദ്ധീകരണം സാധ്യമാക്കുന്ന പരമമായ ദൈവികകര്‍മ്മം യേശുവിന്‍റെ കുരിശിലെ ബലിയാണ്. യേശുവിന്‍റെ ബലിയുടെ വരപ്രസാദത്താല്‍തന്നെയാണ് ശുദ്ധീകരാത്മാക്കളും വിശുദ്ധീകരിക്കപ്പെടുന്നത്. മോശ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണെന്ന് ദൈവം വെളിപ്പെടുത്തിയത് കത്തുന്ന മുള്‍പ്പടര്‍പ്പില്‍ നിന്നായതുകൊണ്ടും ഏശയ്യായെ ദൈവം വിശുദ്ധീകരിച്ചത് തീക്കനല്‍ കൊണ്ടായതുകൊണ്ടും ശുദ്ധീകരണ സ്ഥലത്തെ അഗ്നിയുമായി ബന്ധിപ്പിക്കുന്ന ചിന്താഗതി പ്രബലപ്പെട്ടു. ശുദ്ധീകരണ ഉപാധിയായി അഗ്നിയെ വിശുദ്ധഗ്രന്ഥം ഉപയോഗിക്കുന്നു എന്നതും ഈ ചിന്താഗതിക്കു കാരണമായി.

മനുഷ്യന്‍റെ ജീവിതത്തെ വിശുദ്ധീകരിക്കുന്നതിന്‍റെ പ്രതീകമായി അഗ്നിയിലുള്ള ശുദ്ധീകരണത്തെക്കുറിച്ച് ബൈബിളില്‍ കാണാം. ദൈവം ജനത്തെ അഗ്നിശുദ്ധിചെയ്ത് മാറ്റു പരിശോധിക്കുന്നതിനെക്കുറിച്ച് സഖ. 13:9; മലാ. 3:2 എന്നിവിടങ്ങളില്‍ സൂചനയുണ്ട്. നീ ധനികനാകാന്‍ അഗ്നിശുദ്ധി വരുത്തിയ സ്വര്‍ണ്ണം എന്നോടു വാങ്ങുകയെന്ന് വെളി. 3:18 ല്‍ കാണുന്നു. ക്രിസ്തുവിന്‍റെ പ്രവര്‍ത്തനത്തിന്‍റെ അഗ്നിയാലും അവിടുത്തെ അവസാനവിധിയാലും മനുഷ്യവര്‍ഗ്ഗം മുഴുവനും ശുദ്ധീകരിക്കപ്പെടും (ലൂക്കാ 3:16 ff ; 12:49). കര്‍ത്താവിന്‍റെ വാഗ്ദാനങ്ങള്‍ നിര്‍മ്മലമായ ഉലയില്‍ ഏഴാവര്‍ത്തി ശുദ്ധിചെയ്തെടുത്ത വെള്ളിപോലെയുമാണ് (സങ്കീ. 12:6). ഈ വി. ഗ്രന്ഥവചനങ്ങളുടെ വെളിച്ചത്തില്‍ ശുദ്ധീകരണത്തിന്‍റെ മാര്‍ഗ്ഗം ദൈവനിശ്ചിതമാണെന്നും അഗ്നിയാലുള്ള ശുദ്ധീകരണം പ്രതീകാത്മകമാണെന്നും നമുക്ക് മനസ്സിലാക്കാം.

4.  ദൈവസാന്നിധ്യത്തില്‍ പാപിയായ മനുഷ്യന് അസ്വസ്ഥതയും അയോഗ്യതാബോധവും അനുഭവപ്പെടുമെന്ന് വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. ദൈവദര്‍ശനം ലഭിച്ച ഏശയ്യായുടെ പ്രതികരണം തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം (ഏശ 6:1-10). ദൈവദര്‍ശനം ലഭിച്ച പൗലോസ് പാപികളില്‍ ഒന്നാമനായി തന്നെത്തന്നെ കരുതി. അസ്സീസ്സിയിലെ ഫ്രാന്‍സീസ് ദൈവാനുഭവം ലഭിച്ച നാള്‍മുതല്‍ തന്‍റെ അയോഗ്യത ഏറ്റുപറഞ്ഞ് പരിഹാരത്തിന്‍റെ ജീവിതം നയിച്ചു. ഈ വിശുദ്ധാത്മാക്കള്‍ക്കുപോലും ദൈവദര്‍ശനം തങ്ങളുടെ അയോഗ്യത വെളിപ്പെട്ട അനുഭവമാണെങ്കില്‍ കുറവുകളോടെ ദൈവസന്നിധിയിലെത്തുന്ന ആത്മാക്കളെ സംബന്ധിച്ച് ദൈവിക ദര്‍ശനം എത്രമാത്രം ദുസ്സഹവും പരിഹാരമാവശ്യപ്പെടുന്നതുമാകാമെന്ന് നമുക്ക് ഗ്രഹിക്കാനാവും.

തന്മൂലം ശുദ്ധീകരണസ്ഥലത്തെ ഘോരപീഡകള്‍ നല്‍കി ദൈവം ആത്മാവിനെ പീഡിപ്പിക്കുന്ന സ്ഥലമായിട്ടല്ല മരണശേഷവും തുടരുന്ന ദൈവകാരുണ്യത്തിന്‍റെ പ്രകാശനമായിട്ടാണ് മനസ്സിലാക്കേണ്ടത്.
മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

5.  മരിച്ചവര്‍ക്കുവേണ്ടി പ്രര്‍ത്ഥിക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് മക്കബായരുടെ രണ്ടാം പുസ്തകത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. വിഗ്രഹങ്ങളുടെ ചിഹ്നം ധരിച്ച് യുദ്ധത്തിനുപോയ ചില യഹൂദര്‍ മരിച്ചു. "അവരുടെ പാപങ്ങള്‍ തുടച്ചുമാറ്റണം എന്നു യാചിച്ച് യൂദാസ് മക്കബേയൂസും കൂട്ടരും പ്രാര്‍ത്ഥനയില്‍ മുഴുകി... മരിച്ചവര്‍ക്കും പാപമോചനം ലഭിക്കുന്നതിന് അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മ്മം അനുഷ്ഠിച്ചു" (2 മക്ക 12:42-45). ബി.സി. 165 ലാണ് ഇതു സംഭവിച്ചത്. പുതിയനിയമത്തിലും മരണാനന്തര ശുദ്ധീകരണത്തെക്കുറിച്ച് പരോക്ഷമായ ചില പരാമര്‍ശങ്ങള്‍ കാണാം.

താന്‍ തടവിലായിരുന്ന കാലത്ത് എഫേസൂസിലും റോമിലും വച്ച് വിശ്വസ്തതയോടെ തന്നെ പരിചരിച്ചശേഷം മരണമടഞ്ഞ ഒനേസിമോസിന് വിധി ദിവസം കര്‍ത്താവിന്‍റെ കരുണ ലഭിക്കട്ടെ എന്ന് പൗലോസ്ശ്ലീഹാ പ്രാര്‍ത്ഥിക്കുന്നുണ്ട് (2 തിമോ 1:16-18). മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന അപ്പസ്തോലിക കാലംമുതല്‍ സഭയില്‍ നിലനിന്നിരുന്നതായി ഈ പ്രാര്‍ത്ഥനയില്‍നിന്ന് അനുമാനിക്കാം.

6.  മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന പ്രയോജനകരമാണെന്ന് രണ്ടാം ലിയോണ്‍സ് കൗണ്‍സിലും (1274) ഫ്ളോറന്‍സ് കൗണ്‍സിലും (1439) അസന്ദിഗ്ധദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. പ്രൊട്ടസ്റ്റന്‍റുസഭകള്‍ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നിഷേധിച്ച പശ്ചാത്തലത്തില്‍ നടന്ന ത്രെന്തോസ് സൂനഹദോസിന്‍റെ അവസാന സെക്ഷനില്‍ ശുദ്ധീകരാത്മാക്കള്‍ക്കായുള്ള പ്രാര്‍ത്ഥനയുടെ ആവശ്യകതയെക്കുറിച്ചും ഫലത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്.

സഭാപിതാവായ ജോണ്‍ ക്രിസോസ്തോം മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, ക്രൈസ്തവ സാഹോദര്യത്തിന്‍റെ ഉത്തമപ്രകാശനമാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. മരണാനന്തരമുള്ള പ്രാര്‍ത്ഥനകള്‍ ശുദ്ധീകരാത്മാക്കള്‍ക്കായി നടത്താന്‍ ഓരോ ക്രിസ്ത്യാനിക്കും ഉത്തരവാദിത്വമുണ്ട്. ക്രിസ്തീയസഭയിലെ സകല അംഗങ്ങളും ക്രിസ്തുനാഥന്‍വഴി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതി നാല്‍ മരണശേഷവും ഈ ബന്ധം തുടരുന്നു. ഈ വിശ്വാസമാണ് പുണ്യവാന്മാരുടെ ഐക്യം എന്ന സത്യത്തിലൂടെ സ്പഷ്ടമാകുന്നത്.

7.  പരിശുദ്ധ സഭയ്ക്ക് മൂന്നു തലങ്ങളുണ്ട്. വിശുദ്ധജീവിതം നയിച്ച് സ്വര്‍ഗ്ഗത്തിലെത്തിയ പുണ്യാത്മാക്കളുടെ വിജയസഭയും, ഭൂമിയില്‍ തീര്‍ത്ഥാടനം ചെയ്യുന്ന വിശ്വാസികളുടെ സമരസഭയും, മരണാനന്തരം ശുദ്ധീകരണസ്ഥലത്ത് വിശുദ്ധീകരണത്തിന് വിധേയമാകുന്നവരുടെ സഹനസഭയും ചേരുന്ന കൂട്ടായ്മയാണ് പുണ്യവാന്മാരുടെ ഐക്യം എന്ന പേരില്‍ അറിയപ്പെടുന്നത്. വിജയസഭയിലെ പുണ്യാത്മാക്കള്‍ സഹനസഭയിലെയും സമരസഭയിലെയും സഹോദരങ്ങള്‍ക്കുവേണ്ടി മധ്യസ്ഥസഹായം നല്‍കുന്നു. സഹനസഭയിലെ അംഗങ്ങള്‍ക്ക് സമരസഭയിലെ അംഗങ്ങളെ സഹായിക്കാന്‍ സാധിക്കും.

സമരസഭയിലെ അംഗങ്ങള്‍ സഹനസഭയിലെ അംഗങ്ങളെ പ്രാര്‍ത്ഥനയും പരിത്യാഗവും വഴി സഹായിക്കണം. ക്രിസ്തുവിന്‍റെ ശരീരമായ സഭയില്‍ ഒരംഗം വേദനിക്കുമ്പോള്‍ എല്ലാ അംഗങ്ങളും വേദനിക്കുന്നു. ഒരംഗം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അംഗങ്ങളും പ്രശംസിക്കപ്പെടുന്നു (1 കോറി 12:26). തന്മൂലം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ സഹനം സഭ മുഴുവന്‍റെയും സഹനമാണ്. പുണ്യവാന്മാരുടെ ഐക്യം എന്ന വിശ്വാസസത്യത്തിന്‍റെ വെളിച്ചത്തില്‍ എല്ലാ മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നാം കടപ്പെട്ടിരിക്കുന്നു. മരണത്തിലും മനുഷ്യന്‍ ഒറ്റക്കല്ല എന്ന സത്യമാണ് പുണ്യവാന്മാരുടെ ഐക്യം എന്ന വിശ്വാസം വെളിപ്പെടുത്തുന്നത്. പുണ്യവാന്മാരുടെ ഐക്യം എന്ന വിശ്വാസസത്യത്തെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണ രേഖകള്‍ എടുത്തു പറയുന്നുണ്ട്.

purgatory prayer for the dead Mar Joseph Pamplany idea of purgatory in the Bible purgatory in church teachings Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message