x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ ഇതര മതസംവാദം

ദൈവശാസ്ത്രത്തിലെ സമസ്യകൾ

Authored by : Dr. Vincent Kundukulam, Fr. Tom Olikkarottu On 27-Dec-2022

I

ദൈവശാസ്ത്രത്തിലെ സമസ്യകൾ

ലോകമതങ്ങൾ

1. Christianity: 2.1 billion

2. Islam: 1.5 billion

3. Secular/Non religious/Agnostic/Atheist: 1.1 billion

4. Hinduism: 900 million

5. Primal indigenous/Tribals/Animists: 457 million

6. Chinese traditional religions: 394 million

7. Buddhism: 376 million

8. Sikhism: 23 million.

9. Judaism: 14 million

10. Baha'i: 7 million

11. Jainism: 4.2 million

12. Shinto: 4 million

13. Zoroastrianism: 26 million

* 3-ാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാവരും, ശീർഷകം സൂചിപ്പിക്കുന്നതുപോലെ, നിരീശ്വരവാദികൾ ആകണമെന്നില്ല. മാർക്സിസം സെക്കുലറിസം പോലുള്ള ദർശനങ്ങളോട് കടുത്ത പ്രതിബന്ധത പുലർത്തുന്ന ചിലർ ഈശ്വരനിഷേധികളാകാമെങ്കിലും കൂടുതൽ പേർ അതിഭൗതികശക്തിയിൽ വിശ്വസിക്കുന്നവരാണ്. സംഘടിത മതങ്ങളോട് അകൽച്ച പാലിക്കുമെങ്കിലും മതചടങ്ങുകളുടെ സാംസ്ക്കാരികമൂല്യങ്ങളെ ആദരിക്കുന്നവരാണിവർ.

* ചൈനീസ് മതങ്ങൾ എന്ന സംജ്ഞകൊണ്ട് കൺഫ്യൂഷിനിസം, താവോയിസം, നാടോടി മതങ്ങൾ എന്നിവ കൂടിച്ചേർന്ന് രൂപപ്പെട്ട സങ്കലതിമത വിശ്വാസങ്ങളെയാണ് വിഭാവനം ചെയ്യുന്നത്.

Source: http://www.adherents.com/Religions By Adherents.html

ഇന്ത്യയിലെ മതവിശ്വാസങ്ങൾ

Hindus                               827,578,868    (80.5)

Muslims                             138,188,240   (13.4)

Christians                           24,080,016    (2.3)

Sikhs                                 19,215,730    (1.9)

Buddhists                           7,955,207      (0.8)

Jains                                  4,225,053      (0.4)

Others                               6,639,626       (0.6)

Religion not stated              727,588  (0.1)

Source: Religion, Census of India 2001

മുകളിൽ കൊടുത്തിരിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ നമ്മെ ചില നിരീക്ഷണങ്ങളിലേക്കു നയിക്കുന്നു.

* ലോകമതങ്ങളിൽ ഭൂരിഭാഗവും ഏഷ്യയിൽ ഉത്ഭവിച്ചവയാണ്.

* ഏകദൈവവിശ്വാസികളാണ് ലോകജനസംഖ്യയിൽ പകുതിയിലേറെയും

* ലോകത്തിലെ 14 ശതമാനത്തോളം ജനങ്ങൾ ഒരു പ്രത്യേക മതവിശ്വാസത്തിലും ഉൾചേരാതെ ജീവിക്കുന്നു.

* സമകാലീനലോകത്തിൽ വ്യവസ്ഥാപിതങ്ങളല്ലാത്ത മതങ്ങൾ താരതമേന്യ മെച്ചപ്പെട്ട വളർച്ചാനിരക്കു പ്രകടിപ്പിക്കുന്നുണ്ട്.

* അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ക്രിസ്തുമതത്തിനു പിറകിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഇസ്ലാം മതം അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒന്നാണ്.

* രണ്ടായിരം വർഷത്തെ പാരമ്പര്യമുണ്ടെങ്കിലും ലോകജനതയുടെ ഏകദേശം മൂന്നിലൊന്ന് ഭാഗം മാത്രമേ ഇപ്പോഴും ക്രിസ്തുമതത്തിന്റെ ഔദ്യോഗിക അംഗങ്ങളായിട്ടുള്ളൂ.

മേല്പറഞ്ഞ നിരീക്ഷണങ്ങളിൽ അവസാനത്തേത് ഗൗരവമായ ഒരു ദൈവശാസ്ത്രപ്രശ്നത്തിലേക്കു നമ്മുടെ ശ്രദ്ധക്ഷണിക്കുന്നു. യേശുനാഥൻ സഭയെ സ്ഥാപിച്ചത് അവളിലേക്കു തന്നെ ചുരുങ്ങിക്കൂടുന്ന സമൂഹമാകാനായിരുന്നില്ല; മറിച്ച് ലോകത്തിൽ ദൈവരാജ്യത്തിന്റെ വിത്തും അടയാളവും ഉപകരണവുമാകാനാണ് (കർത്താവായ യേശു, 18). അതിന് സഭാസമൂഹത്തിന്റെ കാഴ്ചപ്പാടുകൾ ലോകജനതയുടെ ജീവിതത്തെ സാരമായി സ്വാധീനിക്കുവാൻ കെൽപ്പുള്ളതായിരിക്കണം. ഈ പാതയിൽ തടസ്സമായി നില്ക്കുന്ന ചില ദൈവശാസ്ത്രവെല്ലുവിളികളെപ്പറ്റി ആദ്യം പ്രതിപാദിക്കാം.

1.1 സമന്വയിക്കപ്പെടേണ്ട സമീപനങ്ങൾ

പ്രപഞ്ചത്തിന്റെ മുഴുവൻ രക്ഷകനാണ് ക്രിസ്തു. കുരിശുമരണവും ഉത്ഥാനവുംവഴി അവിടുന്ന് മനുഷ്യകുലത്തെ പരമപിതാവുമായി അനുരഞ്ജനപ്പെടുത്തിയിരിക്കുന്നു. അക്രൈസ്തവരും പെസഹാരഹസ്യംവഴി ക്രിസ്തുവിനോട് രക്ഷാകരമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സഭ പഠിപ്പിക്കുന്നുണ്ട് (സഭ ആധുനിക ലോകത്തിൽ, 22). എങ്കിൽ, ക്രിസ്തുവിനെ സംബന്ധിച്ച സഭയുടെ വിശ്വാസ പ്രഖ്യാപനങ്ങൾ ഇതരമതസ്ഥരുടെ കൂടി രക്ഷകനായി അവിടുത്തെ അവതരിപ്പിക്കാനും ആ മതവിശ്വാസങ്ങളിൽ ലഭ്യമായിട്ടുള്ള രക്ഷാകരകൃപ അംഗീകരിക്കാനും ഉതകുന്നതായിരിക്കേണ്ടേ?

പക്ഷേ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. യേശുവാണ് യഥാർത്ഥ ദൈവമെന്നും അവിടുത്തെ അനുഗമിക്കുന്നവരെല്ലാം അവിടുന്ന് സ്ഥാപിച്ച സഭയുടെ ഭാഗമായിരിക്കുകയെന്നത് ദൈവികപദ്ധതിയാണെന്നുമുള്ളത് സഭയുടെ അടിസ്ഥാനവിശ്വാസമാണ്. അതേസമയം മനുഷ്യവംശം മുഴുവനും ഒരേ ദൈവത്തിൽ നിന്ന് ഉത്ഭവിച്ചതിനാലും ആ ദൈവത്തിലേക്കു തന്നെ ലക്ഷ്യമിട്ട് പ്രയാണം ചെയ്യുന്നതിനാലും യേശുനാഥൻ മരണവും ഉത്ഥാനവും വഴി സകല ജനപഥങ്ങളെയും രക്ഷിച്ചതിനാലും ഇതരമത വിശ്വാസികളെ ക്രിസ്തുവും അവിടുത്തെ സഭയുമായി ബന്ധമില്ലാത്തവരായി ചിത്രീകരിക്കുവാനും സാധ്യമല്ല. സാർവ്വത്രിക രക്ഷാകരപദ്ധതിയിൽ ഇതര മതങ്ങൾക്കുള്ള അർഹമായ സ്ഥാനവും ക്രിസ്തുവിനും അവിടുത്തെ സഭയ്ക്കുമുള്ള പ്രത്യേക പദവിയും ഒരേ സമയം മുറുകെപിടിക്കുന്ന ദൈവശാസ്ത്രസമീപനം രൂപപ്പെടുത്തുകയെന്നത് ശ്രമകരമാണ്.

1.2 ദൈവകല്പിതമായ വൈവിധ്യത

മതവിശ്വാസരംഗത്തെ വൈവിധ്യം ഭാവാത്മകമാണെന്നതും ഇതരമത ദൈവശാസ്ത്രചിന്തകളെ സങ്കീർണ്ണമാക്കുന്നു. നമുക്കിന്ന് സംലഭ്യമായ മാനവചരിത്രത്തിന്റെ താളുകൾ പരിശോധിക്കുമ്പോൾ മനുഷ്യസംസ്ക്കാരത്തിന്റെ പ്രാരംഭനാളുകൾ മുതലേ മതവൈവിധ്യം ഉണ്ടായിരുന്നുവെന്നു കാണാം. ഓരോ ദേശത്തും തനതായ വിശ്വാസ പാരമ്പര്യങ്ങളാണ് വളർന്നു വന്നത്. വൈവിധ്യമെന്നത് അടിസ്ഥാനപരമായി തിന്മയാണെങ്കിൽ നേരിട്ടും അല്ലാതെയും ഇടപെട്ട് ചരിത്രത്തെ അവിടുത്തെ പദ്ധതിയ്ക്കനുസരിച്ച് നയിക്കുന്ന ദൈവം ബഹുതയെ നശിപ്പിക്കുമായിരുന്നില്ലേ? മറിച്ച്, മതബഹുത്വത്തെ പരിപോഷിപ്പിക്കുന്ന ചിത്രമാണ് ബൈബിളിലെ പൂർവ്വസംഭവങ്ങൾ വരച്ചുകാട്ടുന്നത്.

ഉത്പത്തിയുടെ ഗ്രന്ഥം 11, 1 - 9 ൽ വിവരിക്കുന്ന ബാബേൽ ഗോപുരനിർമ്മാണത്തിനേറ്റ തിരിച്ചടി നോക്കുക. ഒരേ ഭാഷയും സംസ്ക്കാരവും നിലനിർത്താൻ ഗോപുരവും പട്ടണവും പണിത് ഒരിടത്തുതന്നെ തമ്പടിക്കാൻ ശ്രമിച്ച ജനതയോട് ഭാഷ ഭിന്നിപിച്ചും നാടാകെ ചിതറിച്ചും പ്രതികരിച്ച ദൈവത്തിന്റെ നടപടി ബഹുത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ സൂചനയായി ബൈബിൾ പണ്ഡിതന്മാർ വ്യാഖ്യാനിക്കുന്നു. ഏകതാനമായ സംസ്കാരം ശക്തിപ്പെടാൻ ദൈവം ആഗ്രഹിച്ചില്ല. മനുഷ്യവംശം വ്യത്യസ്തങ്ങളായ ജനതകളും സംസ്കാരങ്ങളുമായി വികസിക്കുവാൻ ദൈവം അനുവദിച്ചതിന്റെ പരിണിതഫലമാണ് ലോകത്തിലിന്നുള്ള വ്യത്യസ്ത മതങ്ങളെന്ന് നമ്മൾ കരുതേണ്ടിയിരിക്കുന്നു.

മതവൈവിദ്ധ്യങ്ങൾ ദൈവകല്പിതമാണെങ്കിൽ സകല ജനതകളുടെയും രക്ഷയ്ക്കായി യഹോവ ഇസ്രായേൽ ജനതയെ പ്രത്യേകമായി തിരഞ്ഞെടുത്തെന്നും പുതിയ നിയമത്തിലെ ഇസ്രായേലാണെന്നുമുള്ള വിശ്വാസങ്ങളുടെ അർത്ഥമെന്തെന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു. മതബഹുത്വത്തെ ഭാവാത്മകമായി കാണുമ്പോഴും ക്രിസ്തുവിന്റെ പിൻതുടർച്ചയായ സഭയ്ക്ക് ലഭിച്ച ദാനവും ദൗത്യവുമെന്ന് നിർവ്വചിക്കുകയെന്നതാണ് ഇതരമതദൈവശാസ്ത്രം നേരിടുന്ന വെല്ലുവിളി.

1.3 ദൈവത്തിന്റെ പിതൃത്വവും ക്രിസ്തുവിന്റെ ഏകത്വവും

ബൈബിളിലെ ഇടുങ്ങിയതെന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കാവുന്ന തിരുവചനങ്ങളുടെ അപക്വമായ വ്യാഖ്യാനങ്ങളും ഇതരമതദൈവശാസ്ത്രനിലപാടുകളെ വ്യത്യസ്ത ധ്രുവങ്ങളിലേക്കു വലിച്ചകറ്റാറുണ്ട്. താഴെ പറയുന്ന വിശ്വാസപ്രഖ്യാപനങ്ങൾ ശ്രദ്ധിക്കുക: “ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല" (അപ്പ 4.12). "ദൈവങ്ങൾ എന്നു വിളിക്കപ്പെടുന്നവർ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ. അങ്ങനെ പല ദേവന്മാരും നാഥന്മാരും ഉണ്ടല്ലോ - എങ്കിലും നമുക്കു ഒരു ദൈവമേയുള്ളു. ആരാണോ സർവ്വവും സൃഷ്ടിച്ചത്, ആർക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു കർത്താവേ നമുക്കുള്ളു. ആരിലൂടെയാണോ സർവ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനിൽക്കുന്നത്, ആ യേശുക്രിസ്തു" (1 കോറി. 8,5-6). എന്തെന്നാൽ ഒരു ദൈവമേയുള്ളൂ. “ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായി ഒരുവനേയുള്ളൂ. മനുഷ്യനായ യേശുക്രിസതു” (1 തിമോ 2,5). ഈ വാക്യങ്ങളുടെ അടിസ്ഥാനത്തിൽ രക്ഷയ്ക്ക് യേശു മാത്രമല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന കാർക്കശ്യമേറിയ സമീപനം പുലർത്തുന്ന ചില നവീകരണവാദികളുണ്ട്. ക്രൈസ്തവരുടെയിടയിൽ ദൈവത്തിനും മനുഷ്യനുമിടയിൽ ഏക മധ്യസ്ഥൻ ക്രിസ്തുമാത്രമായതിനാൽ ഇതരമതങ്ങളിലെ ആത്മീയാചാര്യന്മാർക്കോ അവരുടെ വിശുദ്ധഗ്രന്ഥങ്ങൾക്കോ ഇവർ പ്രാധാന്യം കല്പിക്കുന്നില്ല.

മേൽപറഞ്ഞ ചിന്താഗതിയിൽ നിന്ന് വിഭിന്നമായ കാഴ്ചപ്പാടുകളുമുണ്ട് ബൈബിളിൽ. ദൈവം മനുഷ്യവംശത്തിന്റെ മുഴുവൻ പിതാവാണ്, എല്ലാ മനുഷ്യരും രക്ഷപ്പെടണമെന്നാണ് ദൈവേഷ്ടം (1തിമോ 2,4), ഈ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് യേശു കുരിശുമരണത്തിലൂടെയും ഉയർപ്പിലൂടെയും സാധിച്ചത് എന്നിങ്ങനെയുള്ള വിശുദ്ധ ഗ്രന്ഥ ചിന്തകൾ അക്രൈസ്തവരുടെ രക്ഷയെപ്പറ്റി തുറന്ന നിലപാടെടുക്കാൻ നിർബന്ധിക്കുന്നവയാണ്. രക്ഷണീയ കർമ്മത്തിൽ യേശു ക്രിസ്തുവിനുള്ള അനന്യമായ സ്ഥാനം ഏറ്റുപറയുമ്പോഴും ക്രൈസ്തവേതര മതങ്ങളിലെ പുണ്യപുരുഷന്മാർ ആ മതങ്ങളിൽപ്പെട്ട വിശ്വാസികൾക്കു രക്ഷയുടെ ഉപാധികളാകുന്നതെങ്ങിനെയെന്ന് വിശദീകരിക്കുക സഭയുടെ ഇതരമതദൈവശാസ്ത്ര രൂപീകരണത്തിൽ നേരിടുന്ന സുപ്രധാന വെല്ലുവിളിയാണെന്നു പറയാം. ഈ പ്രശ്നങ്ങൾക്കു സമഗ്രവും കാതോലികവും കാലോചിതവുമായ ഉത്തരങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള യാത്രയാണ് ഈ ഗ്രന്ഥം. അവ സഭയുടെ സാർവ്വത്രികമുഖം കൂടുതൽ ശോഭയുള്ളതാക്കുകയും ചെയ്യും.

ലോകമതങ്ങൾ ദൈവശാസ്ത്രത്തിലെ സമസ്യകൾ http://www.adherents.com/Religions By Adherents.html ദൈവകല്പിതമായ വൈവിധ്യത ദൈവത്തിന്റെ പിതൃത്വവും ക്രിസ്തുവിന്റെ ഏകത്വവും 1തിമോ 2 1 കോറി. 8 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message