We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Noble Thomas Parackal On 29-May-2021
സാമൂഹ്യമാധ്യമങ്ങള്‍ ആധികാരികതയോടെ പറയുകയും അടിസ്ഥാനമില്ലാതെ കൂട്ടിക്കെട്ടുകയും ചെയ്യുന്ന രണ്ടു വാക്കുകളാണ് പൗരോഹിത്യവും പണപ്പിരിവും. വൈദികര്‍ അനാവശ്യമായി പണപ്പിരിവുകള്‍ നടത്തുകയും അതുപയോഗിച്ച് ആഡംബരജീവിതം നയിക്കുകയും ചെയ്യുന്നുവെന്നാണ് എല്ലാവിധ ആരോപണങ്ങളുടെയും അടിസ്ഥാനം. എന്നാല്‍ അടുത്ത് നിന്ന് പരിശോധിക്കുമ്പോള്‍ പൗരോഹിത്യവും പണപ്പിരിവും തമ്മിലുള്ള ബന്ധം തികച്ചും സാങ്കേതികമാണെന്നും ഇടവകയില്‍ നിശ്ചയിക്കപ്പെടുന്ന പലവിധ പിരിവുകളുടെയും കാരണക്കാരന്‍ വൈദികനല്ലെന്നും അല്ലെങ്കില്‍, വൈദികന്‍ മാത്രമല്ലെന്നും മനസ്സിലാക്കാവുന്നതാണ്.
പള്ളിയോഗത്തിൻ്റെ അവകാശാധികാരങ്ങളില്‍പ്പെട്ടതാണ് ഇന്ന് വൈദികരുടെ മേല്‍ പക്ഷപാതപരമായി അടിച്ചേല്പിച്ചിരിക്കുന്ന പിരിവുകളുടെ മുഴുവന്‍ സാങ്കേതികതകളും. പള്ളിയോഗത്തിന്‍റെ തീരുമാനങ്ങള്‍ പള്ളിയില്‍ അറിയിക്കേണ്ടതും അത് നടപ്പില്‍ വരുത്തേണ്ടതും ഇടവകയിലെ വികാരിയായതിനാല്‍ പിരിവിന്‍റെ മുഴുവന്‍ പാപഭാരവും അയാളുടെ തലയിലേക്ക് വീഴുന്നു എന്നതാണ് സത്യം.
സീറോ മലബാര്‍ സഭയുടെ പള്ളിയോഗനടപടിക്രമങ്ങള്‍ ഇടവകയുടെ നടത്തിപ്പില്‍ ഇടവകയുടെ സാമ്പത്തികകാര്യങ്ങളും സ്വത്തും കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും പള്ളിയോഗത്തിന് നല്കിയിരിക്കുന്ന അവകാശാധികാരങ്ങള്‍ താഴെപ്പറയുന്നവയാണ്.
പള്ളിയോഗത്തിന്‍റെ കടമകളും ഉത്തരവാദിത്വങ്ങളും
സീറോ മലബാര്‍ സഭയുടെ ചിരന്തരനമായ പാരമ്പര്യമാണ് പള്ളിയോഗം. പള്ളിയോഗത്തിന് (പൊതുയോഗം, പ്രതിനിധിയോഗം) പ്രത്യേക കടമകളും ഉത്തരവാദിത്വങ്ങളും സഭാനിയമങ്ങള്‍ നല്കുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍പൊതുയോഗം ക്രിയാത്മകമായി ഇടപെടലുകള്‍ നടത്താത്തതിനാല്‍ വൈദികര്‍തന്നെ സ്വേച്ഛാനുസരണം കാര്യങ്ങള്‍ നിര്‍വ്വഹിക്കാറുണ്ട്. എന്നാല്‍ പള്ളിയോഗം അതിന്‍റെ കടമകളും ഉത്തരവാദിത്വങ്ങളും യഥോചിതം നിര്‍വ്വഹിച്ചാല്‍ വലിയ സ്വാധീനശക്തിയോടുകൂടി അല്മായര്‍ സഭാസ്വത്തുക്കളുടെ ക്രയവിക്രയങ്ങളില്‍ പങ്കാളികളാകും. ഇടവകയുടെ സുസ്ഥിരമായ ഭരണത്തിനു വേണ്ടി പൊതുയോഗം തിരഞ്ഞെടുക്കുന്ന പ്രാതിനിധ്യസ്വഭാവമുള്ള യോഗമാണ് പ്രതിനിധിയോഗം. പൊതുയോഗത്തിനു വേണ്ടിയാണ് പ്രതിനിധികള്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. ഇവരെ തിരഞ്ഞെടുത്ത് നിയോഗിക്കുന്നത് പൊതുയോഗമാണ് (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ 8.3).
പ്രതിനിധിയോഗത്തിന്‍റെ കര്‍ത്തവ്യങ്ങളും ചുമതലകളും
മാസതിരട്ടോ കുറുംതിരട്ടോ (ത്രൈമാസതിരട്ട്) അര്‍ദ്ധവാര്‍ഷിക തിരട്ടോ ആണ്ട്തിരട്ടോ പാസ്സാക്കുക (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍18.2) എന്നതാണ് പ്രതിനിധിയോഗത്തിന്‍റെ പ്രധാനകര്‍ത്തവ്യം. പ്രതിനിധിയോഗം ഇടവകയുടെ സാമ്പത്തിക ക്രയവിക്രയങ്ങളുടെ കണക്കുകള്‍ വായിച്ചുകേട്ട് സംശയങ്ങള്‍ തീര്‍പ്പാക്കിയാണ് ഓരോ മാസത്തിലും മൂന്നൂമാസം കൂടുമ്പോഴും വര്‍ഷം പകുതിയാകുമ്പോഴും ആണ്ടവസാനവും കണക്ക് പാസാക്കുന്നത്. അവര്‍ ഇത് ചെയ്യുന്നത് പൊതുയോഗത്തിനു വേണ്ടിയായതിനാല്‍ പൊതുയോഗത്തില്‍ വാര്‍ഷിക കണക്കാണ് സാധാരണ അവതരിപ്പിക്കുന്നത്. ഇതില്‍ നിന്നു തന്നെയും ഇടവകയുടെ സമ്പത്ത് ആര്‍ക്കും - വൈദികനോ, കൈക്കാരന്മാര്‍ക്കോ, കണക്കനോ - സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യാനാവില്ല എന്ന് തീര്‍ച്ചയാണല്ലോ. പ്രതിനിധിയോഗമാണ് മാസതിരട്ട് പാസാക്കി അവ മാസംതോറും രൂപതാകച്ചേരിയിലേക്ക് അയക്കുന്നത്.
മുഖ്യതിരുനാളുകള്‍ ഒഴിച്ചുള്ള (അത് പൊതുയോഗമാണ് ചെയ്യുക) തിരുനാളുകളുടെ പരിപാടികള്‍ നിര്‍ദ്ദേശിക്കുകയും അത്തരം തിരുനാളുകള്‍ നടത്തുന്നതിന് സഹായിക്കുകയും ചെയ്യുക എന്നത് പ്രതിനിധിയോഗത്തിന്‍റെ മറ്റൊരു കടമയാണ് (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ 18.4). നിര്‍ദ്ദേശങ്ങള്‍ നല്കുക എന്നതില്‍ സാമ്പത്തികം എത്രമാത്രം ചെലവഴിക്കാം, ഏതു രീതികളില്‍ ചിലവഴിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടും.
ഇടവകാസ്വത്തിന്‍റെ ഭരണത്തിനുവേണ്ട പൊതുനയത്തിന് മാര്‍ഗ്ഗരേഖ നല്‍കുക എന്നതും പ്രതിനിധിയോഗത്തിന്‍റെ കടമയാണ് (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ 18.5).
പൊതുയോഗത്തിന്‍റെ കര്‍ത്തവ്യങ്ങളും ചുമതലകളും
രൂപതാദ്ധ്യക്ഷന്‍റെ അംഗീകാരത്തിന് സമര്‍പ്പിക്കുവാന്‍ വാര്‍ഷികകണക്ക് പാസ്സാക്കുക എന്നത് പൊതുയോഗത്തിന്‍റെ പ്രധാനകര്‍ത്തവ്യമാണ്(സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ 8.1). പ്രതിനിധിയോഗം ഓരോ മാസത്തിലും മൂന്നു മാസം കൂടുമ്പോഴും പാസാക്കുന്ന കണക്കുകളുടെ സംഗ്രഹമാണ് വാര്‍ഷികക്കണക്ക്. പൊതുയോഗത്തില്‍ സംബന്ധിക്കുന്ന ആര്‍ക്കും കണക്കു സംബന്ധമോ സ്വത്ത് ക്രയവിക്രയം സംബന്ധിച്ചതോ ആയ ഏതുവിധത്തിലുള്ള സംശയവും അവിടെ പരിഹരിക്കാവുന്നതാണ്.
ഇടവകയുടെ ബജറ്റ് ചര്‍ച്ച ചെയ്ത് പാസ്സാക്കുകയും ചെലവിനങ്ങളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുകയും ചെയ്യുക എന്നത് പൊതുയോഗത്തിന്‍റെ കടമയാണ് (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ 8.4). തന്നാണ്ടിലേക്കുള്ള ഇടവകയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും നിര്‍മ്മാണവുമെല്ലാം ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നത് പൊതുയോഗമാണ്. ഈ സമയം പൊതുയോഗത്തിന്‍റെ ചര്‍ച്ചയിലൂടെ ഭൂരിപക്ഷത്തിന്‍െറ തീരുമാനം വേണ്ടപ്പെട്ടവരുടെ സമ്മതത്തോടെ നടപ്പില്‍ വരുത്തുകയാണ് ചെയ്യുക.
രൂപതാനിയമങ്ങള്‍ക്കു വിധേയമായി ഫണ്ടുശേഖരണത്തിന് വഴി കണ്ടുപിടിക്കുകയും ദൈനംദിന ചിലവുകള്‍ക്കും പ്രത്യേകപദ്ധതികള്‍ക്കും ഓരോ ഇടവകക്കാരനും നല്‍കേണ്ട സംഭാവനതുക നിശ്ചയിക്കുകയും ചെയ്യുക എന്ന കടമയും പൊതുയോഗത്തിന്‍റേതാണ് (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ 18.5). സാമ്പത്തികമായി വേണ്ടത്രയുള്ള ഇടവകകളില്‍ ഇത്തരം ഫണ്ടുശേഖരണങ്ങള്‍ നടക്കാറില്ല. എന്നാല്‍ പ്രത്യേക ആവശ്യങ്ങള്‍ സംബന്ധിച്ച് (നിര്‍മ്മാണം മുതലായവ) അവ നടപ്പില്‍വരുത്തണമോ, വേണമെങ്കില്‍ എങ്ങനെ ചെയ്യണം, സാമ്പത്തികം എപ്രകാരം കണ്ടെത്തണം, പിരിവ് ആവശ്യമെങ്കില്‍ ഓരോ ഇടവകക്കാരനും എത്ര നല്കണം എന്നിങ്ങനെ എല്ലാക്കാര്യങ്ങളും പൊതുയോഗമാണ് തീരുമാനിക്കുന്നത്, അല്ലെങ്കില്‍ തീരുമാനിക്കേണ്ടത്.
വിവാഹ അവസരത്തില്‍ സ്വീകരിക്കേണ്ട സംഭാവന, കല്ലറയുടെ നിരക്ക്, പള്ളി സാമഗ്രികളുടെയും പള്ളിവക അലങ്കാരവസ്തുക്കളുടെയും ഉപയോഗനിരക്ക് നിശ്ചയിക്കുക എന്നിവയും പൊതുയോഗമാണ് ചെയ്യുന്നത് (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ 8.6,7). അല്മായരുടെ കാശു കൊണ്ടു പണിത പള്ളിയും പള്ളിയുടെ സൗകര്യങ്ങളും അല്മായര്‍ തന്നെ ഉപയോഗിക്കുന്നതിന് അച്ചനെന്തിനാണ് പണം മേടിക്കുന്നതെന്ന് ചോദ്യത്തിന് ഇക്കാരണങ്ങളാല്‍ പ്രസക്തിയില്ല. കാരണം ഈ നിരക്കുകള്‍നിശ്ചയിക്കുന്നത് അല്മായരുടെ കൂട്ടായ്മയായ പൊതുയോഗം തന്നെയാണ്.
പള്ളി, കപ്പേളകള്‍, ഇടവകയിലെ ഏതെങ്കിലും സ്ഥാപനത്തിനുവേണ്ടിയുള്ള കെട്ടിടം എന്നിവ പണിയുക, സ്ഥാവരജംഗമ വസ്തുക്കള്‍ വാങ്ങുക, വില്കുക, ഉപയോഗത്തിനെടക്കുക, ദാനം ചെയ്യുക എന്നിവ തീരുമാനിക്കുന്നതും പൊതുയോഗമാണ് (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ 8.9). യാതൊരുവിധ നിര്‍മ്മാണപ്രവര്‍ത്തികളും വൈദികരുടെ മാത്രം ഇഷ്ടപ്രകാരമോ തീരുമാനപ്രകാരമോ നടക്കുന്നില്ല എന്നതാണ് ഈ നിയമം വ്യക്തമാക്കുന്നത്.
സമാപനം
യാഥാര്‍ത്ഥ്യങ്ങള്‍ ഇപ്രകാരമായിരിക്കേ ഇടവകദേവാലയവുമായി ബന്ധപ്പെട്ട മുഴുവന്‍ പിരിവുകളുടെയും ഉത്തരവാദിയും കാരണക്കാരനും വൈദികനാണെന്ന മട്ടിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇടവകയുടെ വാര്‍ഷികപൊതുയോഗത്തില്‍ സംബന്ധിക്കുകയും ഇടവകയുടെ ഭൂരിപക്ഷ അഭിപ്രായത്തിനനുസരിച്ച് ഇത്തരം പിരിവുകള്‍ അനീതിപരമാണെങ്കില്‍ അവ അവസാനിപ്പിക്കുകയും ചെയ്യുന്നതിന് ഇടവകജനങ്ങള്‍ക്ക് സാധിക്കും. ഇടവകാംഗങ്ങളാണെന്ന് പറയുകയും പൊതുയോഗങ്ങളില്‍ സംബന്ധിക്കാതിരിക്കുകയും ചെയ്തിട്ട് ഇവയെല്ലാം വികാരിയുടെ ഇഷ്ടാനുസരണം മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് നന്നല്ല.
ഇടവകയില്‍ നടക്കുന്ന ഓരോ പിരിവിനും അതിനാല്‍ത്തന്നെ ഓരോ ഇടവകാംഗത്തിനും പങ്കുണ്ട്. നവമാധ്യമങ്ങളിലും മറ്റും വൈദികവിദ്വേഷപരമായ നിലപാടുകള്‍ പുലര്‍ത്തുന്ന പലര്‍ക്കും അവരുടെ അഭിപ്രായത്തോട് യോജിക്കുന്ന ഭൂരിപക്ഷത്തെ ഇടവകയില്‍ കണ്ടെത്താന്‍ കഴിയുന്നില്ലായിരിക്കാം. അതിനു കാരണം ഇടവകജനത്തിന്‍റെ ഭൂരിപക്ഷവും സഭാജീവിതത്തിന്‍റെ അര്‍ത്ഥവും ആവശ്യവും അറിഞ്ഞ് ഇടവകയോട് സഹകരിക്കുന്നവരും ഇടവകാകൂട്ടായ്മയുടെ നന്മ ആഗ്രഹിക്കുന്നവരുമാണ് എന്നതിനാലാണ്.
priesthood Noble Thomas Parackal Noble Parackal fr noble fr noble parackal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206