We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 07-Sep-2020
തനതുവിധിയില്ല പൊതുവിധിമാത്രമേ ഉള്ളൂ; ഇനി അഥവാ തനതുവിധിയുണ്ടെങ്കില്‍ത്തന്നെ അതു ശാശ്വതമായ വിധിയല്ല പൊതുവിധിവരെ ആത്മാക്കള്‍ക്ക് മാനസാന്തരത്തിന് അവസരമുണ്ട് തുടങ്ങിയ പ്രബോധനങ്ങള്‍ അടുത്ത കാലത്ത് ചില വിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.
1. തനതുവിധിയുണ്ട് എന്നത് വി. ഗ്രന്ഥവും സഭാപ്രബോധനവും ഒരുപോലെ പഠിപ്പിക്കുന്ന സത്യമാണ്. മരണസമയത്ത് ദൈവം ആത്മാവിനെ സംബന്ധിച്ച വിധി നടത്തുന്നു. അതാണ് തനതുവിധി. ഇത് മാറ്റമില്ലാത്തതും നിത്യവുമായ വിധിയാണ്. തനതുവിധിയില്‍ ദൈവം നടത്തിയ വിധിയെ സകല സൃഷ്ടികള്‍ക്കുംവേണ്ടി വെളിപ്പെടുത്തുന്ന അവസരമാണ് പൊതുവിധി. തനതുവിധിയില്‍നിന്നു വ്യത്യസ്തമായ ഒരുവിധി പൊതുവിധിയില്‍ പ്രതീക്ഷിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. തനതുവിധിക്ക് അപ്പീല്‍ നല്‍കി പൊതുവിധിയില്‍ അനുകൂലവിധി സമ്പാദിക്കാമെന്നു കരുതുന്ന വാദം വിഡ്ഢിത്തമാണ്. കാരണം തനതുവിധി നടത്തുന്ന ദൈവം തന്നെയാണ് പൊതുവിധി നടത്തുന്നത്. ദൈവത്തിന് തെറ്റുപറ്റില്ലാത്തതിനാലും അവിടുത്തെ വിധികള്‍ മാറ്റാനാകാത്തവയായതിനാലും തനതുവിധിയില്‍ നിന്നുവ്യത്യസ്തമായ പൊതുവിധി എന്ന ചിന്ത അടിസ്ഥാനരഹിതമാണ്.
2. തനതുവിധിയുടെ സാധുതയെ വി. ഗ്രന്ഥം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ധനവാന്‍റെയും ലാസറിന്‍റെയും ഉപമ തന്നെ ഇത് വ്യക്തമാക്കുന്നു. ലൂക്ക 16:22-23, "ആ ദരിദ്രന്‍ മരിച്ചു. ദൈവദൂതന്മാര്‍ അവനെ അബ്രാഹത്തിന്‍റെ മടിയിലേക്ക് സംവഹിച്ചു. ആ ധനികനും മരിച്ച് അടക്കപ്പെട്ടു. അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകളുയര്‍ത്തി നോക്കി. ദൂരെ അബ്രാഹത്തെയും അവന്‍റെ മടിയില്‍ ലാസറിനെയും കണ്ടു". ലാസറിന്‍റെയും ധനവാന്‍റെയും മരണശേഷം ഉടനടി സംജാതമാകുന്ന അവസ്ഥയെക്കുറിച്ചാണ് ഈശോ ഇവിടെ വ്യക്തമാക്കുന്നത്. തനതുവിധിയുടെ സാധുതയിലേക്കാണ് ഈ ഉപമ വിരല്‍ ചൂണ്ടുന്നത്. വീണ്ടും നല്ല കള്ളനോട് ഈശോ അരുള്‍ചെയ്യുന്നു: "ഇന്നു നീ എന്നോടുകൂടി പറുദീസായിലായിരിക്കും" (ലൂക്കാ 23:24). അവന്‍റെ മരണത്തിന്‍റെ നിമിഷം മുതല്‍ ഈശോയോടൊത്ത് അവന്‍ പറുദീസായിലായിരിക്കും എന്നതിന്‍റെ അര്‍ത്ഥം മരണത്തോടെ ഒരുവന്‍റെ തനതുവിധി നടപ്പിലാകുന്നു എന്നതുതന്നെയല്ലേ? അല്ലായിരുന്നുവെങ്കില്‍ ഈശോ പറയുമായിരുന്നു: നിന്‍റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു; പക്ഷേ പൊതുവിധിവരെ നീ കാത്തിരിക്കണം."എന്നാല്‍, ഇന്ന് നീ എന്നോടുകൂടി പറുദീസായിലിരിക്കുമെന്ന്" വ്യക്തമാക്കിക്കൊണ്ട് തനതുവിധിയുടെ സാധുതയെ ഈശോ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ഹെബ്രായ ലേഖനകര്‍ത്താവും ഇതേ ആശയംതന്നെ വ്യക്തമാക്കുന്നുണ്ട്: മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്നു നിശ്ചയിക്കപ്പെട്ടിരിക്കുന്നു 9:27-28) ( മരണശേഷമുള്ള ഈ വിധിയെയാണ് പരി. കത്തോലിക്കാ സഭ തനതുവിധി എന്നു പറയുന്നത്. 2 കോറി 5:8-ല്‍ ശരീരത്തില്‍ നിന്നകന്ന് (മരിച്ച്) ക്രിസ്തുവിനോടൊന്നായി (സ്വര്‍ഗ്ഗത്തിലായിരിക്കാന്‍) ആഗ്രഹിക്കുന്ന പൗലോസിനെ നാം കണ്ടുമുട്ടുന്നു. മരണശേഷം ഉടനടി ക്രിസ്തുവിനോടൊത്തു ചേരാനാകുമെന്നല്ലേ വി.പൗലോസ് അര്‍ത്ഥമാക്കുന്നത്.
3. തനതുവിധി സത്യമായതുകൊണ്ടാണ് സഭാമാതാവ് വിശുദ്ധരെ/ വാഴ്ത്തപ്പെട്ടവരെ വണക്കയോഗ്യരായി പ്രഖ്യാപിക്കുന്നത്. തനതുവിധിയില്ലായിരുന്നെങ്കില്‍ പൊതുവിധി ദിവസത്തിനുമുമ്പേ ഇപ്രകാരം പ്രഖ്യാപിക്കുക അസാധ്യമായിരുന്നു. തനതുവിധിയില്ല എന്ന പഠനം സത്യമാണെങ്കില്‍ സഭയുടെ പ്രഖ്യാപിക്കപ്പെട്ട എല്ലാ വിശുദ്ധരും വണക്കയോഗ്യരല്ലാതാവും. വിശുദ്ധരെ പ്രഖ്യാപിക്കാന്‍ സഭയ്ക്ക് അധികാരവുമില്ലെന്നുവരും.
തനതുവിധിയും സഭയുടെ പാരമ്പര്യവും
4. മരണശേഷം ആത്മാക്കള്‍ക്കു ലഭിക്കുന്ന തനതുവിധിയെക്കുറിച്ച് സഭാപിതാവായ റോമിലെ ഹിപ്പോളിറ്റസിന്‍റെ പഠനം ശ്രദ്ധാര്‍ഹമാണ്. മരണശേഷമുള്ള തനതുവിധിയോടെ നീതിമാന്മാര്‍ നിത്യവിശ്രമത്തിലേക്കും നീതിരഹിതര്‍ നിത്യസഹനത്തിലേക്കും പ്രവേശിക്കുന്നു എന്ന് ഹിപ്പോളിറ്റസ് പഠിപ്പിച്ചു. തനതുവിധിയെക്കുറിച്ച് സഭാപിതാക്കന്മാരെല്ലാം ഒരേ സ്വരത്തില്‍ സംസാരിച്ചു എന്നതു സത്യമാണ്. തനതുവിധിയിലൂടെ ലഭിക്കുന്ന നിത്യമായ നരകശിക്ഷയെക്കുറിച്ചും സഭാപിതാക്കന്മാരുടെ പഠനങ്ങളില്‍ ഐകരൂപ്യമുണ്ട്.
മരണശേഷം നരകത്തിനര്‍ഹരാകുന്നവരുടെ ആത്മാക്കള്‍ നിത്യനരകത്തിലാകുന്നുവെന്നും അവരുടെ മോചനം അസാധ്യമാണെന്നും അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം സഭാപിതാക്കന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. മരണസമയത്തുതന്നെ തനതുവിധിയുണ്ടെന്നും അതിനെത്തുടര്‍ന്ന് സ്വര്‍ഗ്ഗമോ നരകമോ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അനുഭവിക്കുന്നുവെന്നും സഭാപിതാക്കന്മാര്‍ പഠിപ്പിച്ചു. മഹാനായ ഗ്രിഗറി മാര്‍പാപ്പയും ഇതേ സത്യം തന്നെ പഠിപ്പിച്ചു: മരണസമയത്തെ തനതുവിധിയോടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ സ്വര്‍ഗ്ഗഭാഗ്യം അനുഭവിച്ചുതുടങ്ങുന്നതുപോലെ തങ്ങളുടെ മരണസമയം മുതല്‍ ദുഷ്ടര്‍ നരകശിക്ഷ അനുഭവിച്ചുതുടങ്ങുന്നു. പാപരഹിതരുടെ ആത്മാക്കള്‍ മരണസമയത്തുതന്നെ സ്വര്‍ഗ്ഗത്തിലെത്തുമെന്ന് (mox in caelum recipi)
മരണത്തോടെ ശരീരത്തില്‍ നിന്നു വേര്‍പിരിയുന്ന ആത്മാവിനെ ആന്തരികമായി ദൈവം പ്രകാശിപ്പിക്കുന്നതിന്‍റെ ഫലമായി തന്‍റെ നിഷ്കളങ്കതയോ അഥവാ തിന്മയോ തിരിച്ചറിയുന്ന ആത്മാവ് സ്വര്‍ഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ ശുദ്ധീകരണ സ്ഥലത്തേയ്ക്കോ നീങ്ങുന്ന പ്രക്രിയയാണ് തനതുവിധി എന്ന് വി. അക്വീനാസ് പഠിപ്പിച്ചു. തനതുവിധി നടക്കുന്നത് മരണസ്ഥലത്തുവെച്ചു തന്നെയാണെന്ന് സഭാപണ്ഡിതര്‍ പഠിപ്പിച്ചിട്ടുണ്ട്.
5. തനതുവിധിയെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ പഠനം എവുജിന്‍ കഢ (1439) ന്‍റെ ഐക്യരേഖയിലാണ് (union decree) നാം കാണുന്നത്. "മരണത്തിലൂടെ ശരീരത്തെ വേര്‍പെടുന്ന ആത്മാവ് പ്രസാദവരാവസ്ഥയിലാണെങ്കിലും വിശുദ്ധീകരണം ആവശ്യമുണ്ടെങ്കില്‍ ശുദ്ധീകരണസ്ഥലത്തേക്കും പൂര്‍ണ്ണമായ പ്രസാദവരാവസ്ഥയിലായിരുന്ന ആത്മാവ് ത്രിത്വൈക ദൈവിക ദര്‍ശനത്തിനുള്ള ഭാഗ്യമുള്ളതാകയാല്‍ (Ipsum Deum unum et trinum) മരണസമയത്തുതന്നെ സ്വര്‍ഗ്ഗഭാഗ്യത്തിലേക്കും മാരകപാപത്തില്‍ മരിക്കുന്നവര്‍ മരണനേരത്തുതന്നെ നിത്യനരകത്തിലേക്കും പ്രവേശിക്കുന്നു. 1336-ല്‍ ബെനദിക്തൂസ് ദേവൂസ് എന്ന പ്രമാണരേഖയിലൂടെ പന്ത്രണ്ടാം ബനഡിക്ട് പാപ്പായും തനതുവിധിയെക്കുറിച്ച് ആധികാരികമായി പഠിപ്പിച്ചിരുന്നു.
6. സഭാചരിത്രത്തില്‍ തനതുവിധി ഇല്ല എന്നു പഠിപ്പിച്ചിരുന്ന അനേകം പാഷണ്ഡതകളുണ്ടായിരുന്നു. ലക്താന്തിയൂസ്, താസിയൂസ് എന്നിവരുടെ പഠനങ്ങളില്‍ തനതുവിധിയില്ലെന്നും പൊതുവിധി മാത്രമേ ഉള്ളൂ എന്നും പഠിപ്പിച്ചിരുന്നു. ഹിപ്നോസൈക്കിസം (Hypnopsychism) എന്ന പേരില്‍ പ്രചരിച്ച പാഷണ്ഡത തനതുവിധിയെ നിഷേധിക്കുകയും പൊതുവിധിവരെ ആത്മാക്കള്‍ അബോധ നിദ്രയിലാണെന്ന് പഠിപ്പിക്കുകയും ചെയ്തു. എന്നാല്‍ ത്രെറ്റോസൈക്കിസം (Thretopsychism) എന്ന പാഷണ്ഡത പ്രചരിപ്പിച്ചവരുടെ അഭിപ്രായത്തില്‍ ആത്മാക്കള്‍ സുബോധമുള്ളവരായി അലഞ്ഞു നടക്കുകയാണത്രേ.
പൊതുവിധിയുടെ സമയത്ത് ശരീരം ഉയര്‍പ്പിക്കപ്പെട്ട് ആത്മാവുമായി ചേരുമ്പോള്‍ മാത്രമേ വിധിയുണ്ടാകൂ എന്നു മേല്‍പറഞ്ഞ രണ്ടു പാഷണ്ഡതകളും വാദിച്ചു. പില്‍ക്കാലത്ത് നെസ്തോറിയന്‍, അനാബാപ്റ്റിസ്റ്റ്, സോചീനിയന്‍ എന്നീ പാഷണ്ഡതകളും പ്രൊട്ടസ്റ്റന്‍റ് വിപ്ലവകാലത്ത് ലൂഥറും കാല്‍വിനും തനതുവിധി നിരസിച്ചിരുന്നു. തനതു വിധിയില്ല എന്നുവാദിച്ച പ്രൊട്ടസ്റ്റന്‍റു സഭാതലവന്‍മാര്‍ വ്യത്യസ്തമായ ചിന്താധാര പുലര്‍ത്തിയിരുന്നു. ഉദാഹരണമായി മാര്‍ട്ടിന്‍ ലൂഥറിന്‍റെ അഭിപ്രായത്തില്‍ "സകലമരിച്ചവരും അബോധാവസ്ഥയില്‍ അന്ത്യവിധിവരെ കല്ലറകളില്‍ കഴിയുകയാണ്. ജോണ്‍ കാല്‍വിന്‍ ലൂഥറിനെ തിരുത്തിക്കൊണ്ടുപറഞ്ഞു. "മരിച്ചവര്‍ അബോധാവസ്ഥയിലല്ല. പൂര്‍ണ്ണബോധത്തോടെയാണ് കഴിയുന്നത്. നീതിമാന്മാരുടെ ആത്മാക്കള്‍ സന്തോഷത്തില്‍ സ്വസ്ഥരായിരിക്കുമ്പോള്‍ നീതിരഹിതരുടെ ആത്മാക്കള്‍ നിരാശയില്‍ അസ്വസ്ഥരായി അലഞ്ഞു നടക്കുന്നു. വാസ്തവത്തില്‍ സ്പിരിറ്റ് ഇന്‍ ജീസസ്, എമ്മാനുവല്‍ എംപറര്‍, അപ്പര്‍ റൂം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ പറയുന്നത് കാല്‍വിന്‍ പറഞ്ഞ അതേ ആശയം തന്നെയല്ലേ? അലഞ്ഞുനടക്കുന്ന അസ്വസ്ഥരായ നരകാത്മാക്കളെക്കുറിച്ചുള്ള വിശദീകരണത്തിന്‍റെ ഉറവിടം കത്തോലിക്കാ പാരമ്പര്യമല്ല എന്നു വ്യക്തമാണല്ലോ. കാല്‍വിനിസത്തില്‍നിന്ന് കത്തോലിക്കാസഭയിലേക്ക് ഏറെദൂരമുണ്ട് എന്ന് മനസ്സിലാക്കണം.
7. ഇത്തരം വികലമായ ചിന്തകള്‍ക്ക് മറ്റുപല ഐതിഹ്യങ്ങളും മതഗ്രന്ഥങ്ങളുമായി സാമ്യമുണ്ട്. ആഇ 400-ല്‍ എഴുതപ്പെടുന്ന ഏറിന്‍റെ ഐതിഹ്യം (Myth of Er) എന്ന ഗ്രന്ഥത്തില്‍ പ്ലേറ്റോ പറയുന്നു: മരണശേഷം നീതിരഹിതരുടെ ആത്മാക്കള്‍ പാതാളത്തില്‍ കഴിയുന്നു; തരം കിട്ടുമ്പോഴൊക്കെ ശപിക്കപ്പെട്ട ഈ ആത്മാക്കള്‍ ഭൂമിയിലെത്തി ജീവിച്ചിരിക്കുന്നവര്‍ക്ക് ശല്യം ചെയ്യുന്നു. പ്ലേറ്റോയുടെ കഥയും നവീന വിഭാഗങ്ങളുടെ കാഴ്ചപ്പാടും തമ്മിലുള്ള ബന്ധം വായനക്കാര്‍ക്കു വ്യക്തമാണല്ലോ. ഇസ്ലാം മതവിശ്വാസമനുസരിച്ച് മരണമടഞ്ഞവരുടെ ആത്മാക്കള്‍ നാകീര്‍, മുംകാര്‍ എന്നീ മാലാഖമാരാല്‍ വിചാരണ ചെയ്യപ്പെടുന്നു. തിന്മ ചെയ്തവര്‍ ശപിക്കപ്പെട്ട അവസ്ഥയിലും നീതിമാന്മാര്‍ അനുഗ്രഹീതാവസ്ഥയിലും അന്ത്യവിധിവരെ കുഴിമാടങ്ങളില്‍തന്നെ കഴിയുന്നു. അന്ത്യവിധിവരെ മരിച്ചവരുടെ ആത്മാക്കള്‍ ഈ ലോകത്ത് ഗതികിട്ടാതെ അലഞ്ഞു നടക്കുന്നു എന്ന വിശ്വാസത്തിന് ക്രിസ്തീയ വിശ്വാസത്തേക്കാളും അടുത്തബന്ധം മറ്റു മതങ്ങളുടെ വിശ്വാസത്തോടാണ്.
മരിച്ചവരുടെ ആത്മാക്കളെക്കുറിച്ച് വിഘടിത വിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്ന കഥകള്‍ക്ക് ഭാരതീയ സങ്കല്‍പത്തിലെ പ്രേത, യക്ഷിക്കഥകളോട് ഏറെ സാമ്യമുണ്ട്. പാലപ്പൂവും, പൂനിലാവും വെള്ളവസ്ത്രവും കൂട്ടിച്ചേര്‍ത്താല്‍ ഇവര്‍ പറയുന്ന "മോക്ഷം കിട്ടാത്ത ആത്മാക്കളും" നമ്മുടെ നാട്ടിന്‍പുറങ്ങളിലെ നാലുകെട്ടുകളിലും സര്‍പ്പക്കാവുകളിലും സീരിയല്‍-സിനിമാക്കഥകളിലും അലയുന്ന യക്ഷികളും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്.
judgements particular judgement general judgement last judgement Mar Joseph Pamplany heresies on particular judgement particular judgement teaching of the church Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206