We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 04-Feb-2021
ലോകത്തിലെ അഞ്ചു ഭൂഖണ്ഡങ്ങളിലായി അതിപുരാതനകാലംമുതല്‍ വസിക്കുന്ന മനുഷ്യകുലമത്രയും ഏക മാതാപിതാക്കളായ ആദത്തില്‍ നിന്നും ഹവ്വായില്‍നിന്നും ജനിച്ചതാണോ? ആദവും ഹവ്വായും വ്യക്തികളാണോ അതോ മനുഷ്യകുലത്തിന്‍റെ പ്രതിനിധികളാണോ? മനുഷ്യകുലം ഏകമാതാപിതാക്കളില്‍നിന്നു ജനിച്ചവരാണെങ്കില്‍ കായേന്‍ വിവാഹം ചെയ്തത് ആരെയാണ്?
മനുഷ്യവംശത്തിന്‍റെ ഉത്ഭവം ഏകമാതാപിതാക്കളില്‍ നിന്നാണ് എന്ന വാദവും (ഏകോത്ഭവവാദം-) ബഹുമാതാപിതാക്കളില്‍ നിന്നാണെന്ന വാദവും (ബഹുതോത്ഭവവാദം-) ഏറെക്കാലമായി ദൈവശാസ്ത്രത്തില്‍ സജീവ ചര്‍ച്ചാവിഷയമാണ്. സകല മനുഷ്യരും ആദാമിന്‍റെയും ഹവ്വായുടെയും സന്തതിപരമ്പരകളാണ് എന്ന വിശ്വാസമാണ് ഏകോത്ഭവവാദത്തിന്‍റെ പ്രത്യക്ഷ പരാമര്‍ശമെങ്കിലും ശാരീരിക സന്താനങ്ങള്‍ എന്നതിനേക്കാളുപരി ആത്മീയതലത്തിലെ സന്താനങ്ങള്‍ എന്ന പരോക്ഷ പരാമര്‍ശവും ഈ പദത്തിന്‍റെ പരിപ്രേക്ഷ്യത്തിലുണ്ട്. പാപംമൂലം വരപ്രസാദം നഷ്ടമാക്കിയ ആദിമാതാപിതാക്കളുടെ സന്താനങ്ങളാണ് സകല മനുഷ്യരും എന്ന അര്‍ത്ഥത്തിലാണ് ഏകോത്ഭവവാദത്തെ മനസ്സിലാക്കേണ്ടത്. സകല മനുഷ്യരും ആദം-ഹവ്വാ ദമ്പതികളില്‍നിന്ന് ശാരീരികമായി ജനിച്ചു എന്നതിനേക്കാള്‍ മനുഷ്യപ്രകൃതിക്കു കൈവന്ന വരപ്രസാദനഷ്ടത്തിന്‍റെ പൈതൃകം ആദിമാതാപിതാക്കള്‍ക്കായിരുന്നു എന്ന അര്‍ത്ഥത്തിലാണ് ഏകോത്ഭവവാദത്തെ ദൈവശാസ്ത്രപരമായി മനസ്സിലാക്കേണ്ടത്. ആദം-ഹവ്വാ എന്നീ വ്യക്തികളുടെ കഥ പറയാന്‍ ഉല്‍പത്തി ഗ്രന്ഥകാരന്‍ (ഖ) ഉപയോഗിച്ചിരിക്കുന്നത് പ്രതീകാത്മകവും നാടകീയവും ഇതിഹാസപരവുമായ ഭാഷാശൈലിയാണ്. രണ്ടു വ്യക്തികളെ അവതരിപ്പിക്കാന്‍ ഉപയോഗിച്ച ഭാഷാശൈലി പ്രതീകാത്മകമായതുകൊണ്ട് പ്രസ്തുത വ്യക്തികള്‍ സാങ്കല്പികമാണ് എന്ന് അവശ്യം കരുതേണ്ടതില്ല. ഉല്‍പത്തിയുടെ കഥയിലെ പാമ്പുവരുന്നതും പഴംതിന്നുന്നതുമായ കഥാവിവരണത്തില്‍ പ്രതീകാത്മകവും ഇതിഹാസപരവുമായ അംശങ്ങളുണ്ട് എന്നത് സത്യമാണ്. എന്നാല്‍ അതിന്‍റെ അര്‍ത്ഥം ആദിമാതാപിതാക്കള്‍ ഉണ്ടായിരുന്നു എന്നതും അവര്‍ പാപംചെയ്ത് വരപ്രസാദം നഷ്ടമാക്കി എന്നതും കെട്ടുകഥയാണ് എന്നല്ല. പില്‍ക്കാല വിശുദ്ധ ഗ്രന്ഥകാരന്മാര്‍ ആദിമാതാപിതാക്കളുടെ പാപത്തെ ഉദാഹരിക്കുന്നത് അതിന്‍റെ അടിസ്ഥാനപരതക്ക് സാക്ഷ്യംനല്‍കുന്നുണ്ട് (ജ്ഞാനം 10:1; അപ്പ 17:26; റോമാ 5:12-21; ഹെബ്രാ 2:11). കത്തോലിക്കാ ദൈവശാസ്ത്രചിന്താധാരക്കു പിന്‍ബലമായി വര്‍ത്തിക്കുന്നത് ഏകോത്ഭവവാദമാണ്. ആദത്തിന്‍റെയും ഹവ്വായുടെയും പാപം സകല മനുഷ്യര്‍ക്കുമുള്ള ദുര്‍മ്മാതൃക മാത്രമായിരുന്നെന്നും തന്മൂലം ജന്മപാപം എന്നത് ഈ ദുര്‍മാതൃകയുടെ അനുകരണം മാത്രമാണ് എന്നുമുള്ള വാദഗതികളെ (പെലാജിയൂസ്, എരാസ്മൂസ്) ത്രെന്തോസ് സൂനഹദോസ് തള്ളിക്കളഞ്ഞു. ജന്മപാപം ജനനത്തിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന ത്രെന്തോസ് സൂനഹദോസിന്‍റെ പഠനം ഏകോത്ഭവവാദത്തെ അംഗീകരിക്കുന്നതാണ്.
ബഹുതോത്ഭവവാദം അനുസരിച്ച് മനുഷ്യവംശം ലോകത്തെ വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത മാതാപിതാക്കളില്‍ നിന്നുത്ഭവിച്ചതാണ്. വിവിധ ദേശങ്ങളിലായി അനേകം ആദം-ഹവ്വാമാരുണ്ടായിരുന്നതായാണ് ഇക്കൂട്ടരുടെ അനുമാനം. പരിണാമസിദ്ധാന്തത്തിന്‍റെ ചുവടുപിടിച്ചാണ് ബഹുതോത്ഭവവാദം രൂപംകൊണ്ടത്. പരിണാമം ഒരു വ്യക്തിയില്‍ ഒറ്റപ്പെട്ടു സംഭവിക്കുന്ന പ്രക്രിയയല്ല, അത് ഒരു വംശത്തില്‍ സംഭവിക്കുന്നതാണ്. തന്മൂലം പരിണാമത്തിലെ മാനുഷീകരണതലം ഒരു വ്യക്തിയിലല്ല ഒരു വംശത്തിനു മുഴുവന്‍ സംഭവിച്ചതാണ് എന്ന നിഗമനത്തില്‍ നിന്നാണ് ബഹുതോത്ഭവവാദം രൂപംകൊണ്ടിരിക്കുന്നത്.
ബഹുതോത്ഭവവാദം കത്തോലിക്കാ വിശ്വാസവുമായി ഒത്തുപോകുന്നതല്ല എന്ന അസന്ദിഗ്ദ്ധമായ പ്രബോധനം നല്‍കിയത് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ 1950 -ല്‍ പുറപ്പെടുവിച്ച ഹുമാനി ജെനേരിസ് ചാക്രികലേഖനത്തിലൂടെയാണ്. പരിണാമസിദ്ധാന്തത്തെ ഒരു ശാസ്ത്രീയ നിഗമനമായി കരുതാന്‍ കത്തോലിക്കര്‍ക്ക് അവകാശമുണ്ടെന്നു പഠിപ്പിച്ച ഈ ചാക്രികലേഖനം, പക്ഷേ ബഹുതോത്ഭവവാദത്തെ നിരാകരിക്കുകയാണ് ചെയ്തത്. മാര്‍പാപ്പായുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു: "ആദിപിതാവായ ആദത്തില്‍നിന്ന് സ്വാഭാവികമായി ജനിക്കാത്ത മനുഷ്യര്‍ ഉണ്ടായിരുന്നു എന്ന ചിന്താഗതിയും ആദം എന്നത് ഒരുകൂട്ടം ആദിപിതാക്കന്മാരുടെ പ്രതിനിധിയാണെന്ന കാഴ്ചപ്പാടും ക്രൈസ്തവവിശ്വാസവുമായി ഒത്തുപോകുന്നതല്ല. കാരണം ജന്മപാപത്തെക്കുറിച്ച് ദൈവികവെളിപാടിലൂടെയും സഭയുടെ വിശുദ്ധ പാരമ്പര്യത്തിലൂടെയും നല്കപ്പെട്ടിട്ടുള്ള പ്രബോധനങ്ങളുമായി അത്തരം കാഴ്ചപ്പാടുകള്‍ ഒത്തുപോകുന്നില്ല" (ഉ 3897). ബഹുതോത്ഭവവാദത്തെ മാര്‍പാപ്പ ഒരു പാഷണ്ഡതയായി തള്ളിക്കളയുന്നില്ല എന്നത് ശ്രദ്ധാര്‍ഹമാണ്. ജന്മപാപം എന്ന വിശ്വാസസത്യത്തിനു ഭംഗം വരുത്തുന്നു എന്ന കാരണത്താലാണ് പാപ്പ ഈ വാദത്തെ തള്ളിക്കളയുന്നത്. ഇതിനു ഭംഗംവരാത്ത വിധത്തില്‍ ബഹുതോത്ഭവവാദത്തെ വിശദീകരിക്കാന്‍ കഴിഞ്ഞാല്‍ ബഹുതോത്ഭവവാദത്തെ വെളിപാടിനു വിരുദ്ധമായി കരുതേണ്ടതില്ല എന്നാണ് പണ്ഡിതന്മാരുടെ വിലയിരുത്തല്‍.
ഉല്‍പത്തിയുടെ ആദ്യ അധ്യായങ്ങള്‍ വിവിധ ജനവിഭാഗങ്ങളുടെ സാന്നിധ്യത്തിനു സൂചന നല്‍കുന്നുണ്ട്. പിത്തള, ഇരുമ്പ് എന്നിവ ഉപയോഗിച്ച് ജോലി ചെയ്തിരുന്നവരെക്കുറിച്ചുള്ള പരാമര്‍ശം (4:22), കാണുന്നവരെല്ലാം എന്നെ കൊല്ലാന്‍ നോക്കും എന്ന കായേന്‍റെ വിലാപം (4:14), തുകല്‍ പണിക്കാരെക്കുറിച്ചുള്ള സൂചന (4:21) തുടങ്ങിയവരൊക്കെ ആദം, ഹവ്വാ, കായേന്‍ എന്നീ മൂന്നു മനുഷ്യവ്യക്തികളെക്കൂടാതെ മറ്റു മനുഷ്യരും ഭൂമുഖത്തുണ്ടായിരുന്നു എന്നതിന്‍റെ സൂചന നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ കായേന് എവിടെനിന്നു ഭാര്യയെ ലഭിച്ചു എന്ന ചോദ്യം ഒരു വിഷമപ്രശ്നമല്ല.
കത്തോലിക്കാ വിശ്വാസമനുസരിച്ച് ഏകോത്ഭവവാദം നാം അംഗീകരിക്കണം. എന്നാല്‍ ആദം ഒന്നാമത്തെതും കായേന്‍ രണ്ടാമത്തെതും ഹെനോക്ക് മൂന്നാമത്തെതും... മനുഷ്യന്‍ എന്ന അക്ഷരാര്‍ത്ഥ വ്യാഖ്യാനത്തില്‍ ഏകോത്ഭവവാദത്തെ മനസ്സിലാക്കണം എന്ന് കത്തോലിക്കാ സഭ ആവശ്യപ്പെടുന്നില്ല (അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനത്തെ സഭ എതിര്‍ക്കുന്നുമില്ല). ആദിമാതാപിതാക്കളുടെ പൈതൃകം വരപ്രസാദനഷ്ടം വരുത്തിയ ആദിപാപത്തിലുള്ള പൈതൃകമാണ്. ആദിമാതാപിതാക്കളില്‍നിന്നു കൈമാറ്റം ചെയ്യപ്പെട്ട ജന്മപാപത്തില്‍ സകല മനുഷ്യരും പങ്കാളിയാകുന്നു എന്ന അര്‍ത്ഥത്തില്‍ ആദിമാതാപിതാക്കള്‍ സകല മനുഷ്യരുടെയും മാതാപിതാക്കളാണ്.
പരിണാമ സിദ്ധാന്തവുമായി ബന്ധിപ്പിച്ച് ഉല്‍പത്തി വിവരണത്തെ വ്യാഖ്യാനിക്കാനുള്ള വ്യഗ്രതയാണ് ബഹുതോല്പത്തിവാദത്തിനടിസ്ഥാനം എന്നു നാം കണ്ടുകഴിഞ്ഞതാണ്. വെളിപാടിനെ ശാസ്ത്രവസ്തുതകള്‍ക്ക് അനുരൂപമാക്കാനുള്ള വ്യഗ്രതയില്‍ അടിസ്ഥാന വിശ്വാസ സത്യങ്ങളെ വിസ്മരിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല.
origin-of-man-from-single-parents-or-different-parents- Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu catholic malayalam origin of man Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206