x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ മത ശാസ്ത്ര സംവാദം

ജീവന്‍റെ ഉത്ഭവം: ആകസ്മികതയോ രൂപകല്പനയോ?

Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 04-Feb-2021

ജീവന്‍ എന്നത് വെറും രസതന്ത്രമാണ് എന്നു പറയുന്നത്  ശരിയാണെങ്കിലും അരോചകമാണ്; ഫുട്ബോള്‍ എന്നത് ഭൗതികശാസ്ത്രമാണ് എന്നു പറയുന്നതുപോലെ.

                                                                    - റിഡ്ലി1

ഒരു പ്യൂപ്പക്ക് സംസാരിക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍ താന്‍ ഒരു ചിത്രശലഭം ആയിത്തീരുവാന്‍ പോകുന്നുവെന്ന് അതു നിങ്ങളോടു പറയുമായിരുന്നോ? അപ്രകാരം സംഭവിക്കുന്നത് നേരത്തെ കണ്ടിരുന്നില്ലെങ്കില്‍ നിങ്ങളതു വിശ്വസിക്കുമായിരുന്നോ?  മള്‍ബറിയുടെ ആകൃതിയില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്ന എട്ടു സമാന കോശങ്ങളില്‍ നിന്നും ഒരു മനുഷ്യന്‍ ഉണ്ടായിവരുമെന്ന് ആര്‍ക്കു വിശ്വസിക്കാ നാവും?

                                                               - ഷ്റോഡര്‍2

"മോളിക്യൂലാര്‍ ബയോളജിയുടെ സ്വപ്നതുല്യമായ കണ്ടുപിടിത്തങ്ങള്‍ ജീവന്‍റെ ഉത്ഭവം എന്ന പ്രശ്നത്തെ മുന്‍പെന്നത്തേക്കാളു മധികം ഇന്നൊരു കടങ്കഥയായി മാറ്റിയിട്ടുണ്ട്. നവീനവും ആഴമേറിയതുമായ പ്രശ്നങ്ങളെ ഇന്നു നമ്മള്‍ അഭിമുഖീകരിക്കുന്നു".3 ജീവന്‍റെ ഉത്ഭവത്തെ സംബന്ധിച്ച പുതിയ ശാസ്ത്രീയ ഉള്‍ക്കാഴ്ചകള്‍ കൂടുതല്‍ അടിസ്ഥാനപരവും ദാര്‍ശനികവുമായ പ്രശ്നങ്ങളിലേക്കുകൂടി വിരല്‍ ചൂണ്ടുന്നതായികാള്‍  പോപ്പറിന്‍റെ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നു. ജീവന്‍റെ ഉത്ഭവം ഇന്നും ശാസ്ത്രത്തിന് മുന്നില്‍ ചുരുളഴിയാത്ത ഒരു സമസ്യയായി നിലകൊള്ളുന്നു. എന്നിരുന്നാലും ആധുനികശാസ്ത്രം ഏതാണ്ടൊക്കെ ഈ മഹാരഹസ്യത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലെങ്കിലും എത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന് തുടര്‍ന്നുവരുന്ന ഭാഗങ്ങള്‍ സൂചിപ്പിക്കുന്നു. ജീവന്‍റെ ഉത്ഭവത്തിന് വഴിതെളിച്ച അന്തരീക്ഷത്തെക്കുറിച്ചും സാഹചര്യങ്ങളെക്കറുച്ചും ഒക്കെ ശാസ്ത്രത്തിന് ഏതാണ്ട് വ്യക്തമായ നിഗമനങ്ങള്‍ ഇന്നുണ്ട്. ഈ നിഗമനങ്ങളുടെ പരിശോധന തന്നെ ദാര്‍ശനികവും മതാത്മകവുമായ ഒട്ടേറെ വഴിത്താരകള്‍ വിചിന്തനത്തിനായി തുറന്നു തരുന്നവയാണ്.

പരമ്പരാഗത കാഴ്ചപ്പാടുകള്‍

ജീവന്‍റെ ഉത്ഭവത്തെക്കുറിച്ച് വളരെക്കാലം മുന്‍പുതന്നെ ശാസ്ത്രേതരങ്ങളായ പല സിദ്ധാന്തങ്ങളും നിലവിലിരുന്നു. അവയെ വേണമെങ്കില്‍ അതിസ്വാഭാവികസിദ്ധാന്തം , സ്വയം പ്രേരിത ഉത്ഭവം  പദാര്‍ത്ഥിക സനാതനത്വം എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്. തത്ത്വ ശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള സങ്കലനത്തില്‍ നിന്നാണ് ജീവന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള അതിസ്വാഭാവിക വ്യാഖ്യാനങ്ങള്‍ കടന്നുവരുന്നത്. ഈ വീക്ഷണത്തില്‍ ശാസ്ത്രത്തിന് വിവരിക്കാനാവാത്ത ചില പ്രകൃത്യാതീത സംഭവവികാസങ്ങളുടെ പരിണതഫലമാണ് ജീവന്‍റെ ഉത്ഭവം.

രണ്ടാമത്തെ സിദ്ധാന്തം-സ്വയംപ്രേരിത ഉത്ഭവം- വിവക്ഷിക്കുന്നത് ജീവന്‍റെ ലഘുരൂപങ്ങള്‍ ജീവരഹിത പദാര്‍ത്ഥത്തില്‍നിന്നും സ്വമേധയാ കടന്നുവന്നു എന്നാണ്. ഇതിന്‍റെ സാധ്യത പരിശോധിക്കാന്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. ലൂയി പാസ്റ്ററുടെ പരീക്ഷണങ്ങള്‍ ഈ നിഗമനത്തെ പൂര്‍ണ്ണമായും എഴുതിത്തള്ളി. തുറക്കുന്ന ഭാഗം അണു വിമുക്തമാക്കിയ ഫ്ളാസ്കില്‍ കുറെ മാംസം നിക്ഷേപിച്ചു കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ പരീക്ഷണം. ഫ്ളാസ്കിലെ മാംസം യാതൊരു നശീകരണഫലവും കാണിക്കുന്നില്ലെന്ന് അദ്ദേഹം തുടര്‍ന്നു മനസ്സിലാക്കി. മാംസത്തില്‍ ഈച്ചകള്‍ ഇടുന്ന മുട്ടകളാണ് സൂക്ഷ്മ ജീവരൂപങ്ങള്‍ക്ക് രൂപം നല്‍കുന്നത്. ഈ നിഗമനങ്ങള്‍ സ്വയം പ്രേരിത ഉത്ഭവസിദ്ധാന്തത്തെ നിരാകരിക്കുവാന്‍ ഉപയുക്തമായിരുന്നു.

ജീവന്‍ പദാര്‍ത്ഥത്തോടൊപ്പം നിത്യം നിലനിന്നിരുന്നു എന്നതാണ് മൂന്നാമത്തെ സിദ്ധാന്തം. ഇതിന് പ്രത്യേകമായ ഒരു ആരംഭവുമില്ല. ഭൂമിയുടെ ജനനത്തോടെ ജീവനും ഭൂമിയില്‍ ആവിഷ്കൃതമായി. 10-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണ് ഈ ചിന്താഗതി കടന്നുവരുന്നത്. ഈ മൂന്നു സിദ്ധാന്തങ്ങള്‍ക്കും ശാസ്ത്രീയമായ സാധ്യതയാതൊന്നും തന്നെയില്ല. ജീവന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള ആധികാരിക പഠനങ്ങളുടെ അഭാവത്തില്‍ കടന്നുവന്ന ചില ചിന്താപ്രധാനങ്ങളായ കാഴ്ചപ്പാടുകള്‍ മാത്രമാണിവ.

ജീവന്‍റെ ഘടകങ്ങള്‍

ഭൗതികശാസ്ത്രത്തിന്‍റെയും രസതന്ത്രത്തിന്‍റെയും അടിസ്ഥാന ത്തിലേക്ക് കടന്നുചെല്ലുന്നതാണ് ജീവന്‍റെ വേരുകള്‍. കുറേ സൂക്ഷ്മ തന്മാത്രകളുടെ സമന്വയമാണ് ഭൂമിയില്‍ ജീവന്‍റെ ഉത്ഭവത്തിനു വഴിതെളിച്ചത്. സങ്കീര്‍ണ്ണങ്ങളായ ജൈവ-രാസിക ഘടകങ്ങള്‍ക്ക് അനവധി രാസിക ബന്ധങ്ങള്‍ അനിവാര്യമാണ്. ഈ രാസികബന്ധ ങ്ങള്‍ക്ക് രൂപം നല്‍കുന്നത് കാര്‍ബണ്‍, ഓക്സിജന്‍, ഹൈഡ്രജന്‍ എന്നീ അടിസ്ഥാന ആറ്റങ്ങളാണ്. ഭൂമിയിലെ എല്ലാ ജീവനും കാര്‍ബണ്‍ അധിഷ്ഠിതമാണ്. ഇരുമ്പ്, സള്‍ഫര്‍, കാല്‍സ്യം, മഗ്നീഷ്യം എന്നിവയും ചെറിയ അളവില്‍ ജീവന്‍റെ  നിര്‍മ്മിതിക്കനിവാര്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ജീവ-പൂര്‍വ്വ പരിണാമം 

ജീവന്‍റെ ആരംഭത്തിനുമുന്‍പുതന്നെ ഇതിനു വഴിതെളിച്ചു കൊണ്ടു നടന്ന തന്മാത്രിക വ്യതിയാനങ്ങളെയാണ് ജീവ-പൂര്‍വ്വ പരിണാമം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. ജീവരഹിത പദാര്‍ത്ഥത്തില്‍നിന്നും ജീവതന്മാത്ര അനുസ്യൂതമായ ഒരു പരിണാമപ്രക്രിയക്കു വിധേയമായി ഉദയം ചെയ്തു എന്ന് ഇവിടെ വിവക്ഷിക്കുന്നു. 1929-ല്‍ റഷ്യന്‍ ബയോകെമിസ്റ്റ് അലക്സാണ്ടര്‍ ഒപാരിന്‍ ആണ് ഈ ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ആദ്യം ഈ ആശയം തന്മാത്രാപരിണാമം എന്നാണറിയപ്പെട്ടിരുന്നത്. ശാസ്ത്രലോകത്ത് കൂടുതലായും സ്വീകാര്യമായിട്ടുള്ളത് ജീവ-പൂര്‍വ്വ പരിണാമം ജീവന്‍റെ ഉത്ഭവത്തിനു വഴിതെളിച്ചു എന്നുള്ള കാഴ്ചപ്പാടാണ്. ചെറുതന്മാത്രകളില്‍നിന്നും സംയുക്തകങ്ങളില്‍നിന്നും തുടങ്ങി, വര്‍ദ്ധിതമായ തന്‍മാത്രാ സങ്കീര്‍ണ്ണതകളിലൂടെ, ആവിഷ്കൃതമാവുന്ന നവീന സവിശേഷതകളോടുകൂടി ഏറ്റവും അനിതരസാധാരണമായ ആ സവിശേഷത, ജീവന്‍, ആവിഷ്കൃതമായി.

ജീവന്‍റെ ആവിര്‍ഭാവത്തിനനുയോജ്യമായ അന്തരീക്ഷം

ജീവന്‍റെ ഉത്ഭവത്തെ മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുളവാക്കുന്ന ഒരു ഘടകം ജീവന്‍ ആദ്യമായി ആവിര്‍ഭവിച്ച ഭൗമാന്തരീക്ഷത്തെ ക്കുറിച്ചുള്ള അജ്ഞതയും വിഭിന്നങ്ങളായ കാഴ്ച്ചപ്പാടുകളുമാണ്. "മുന്നൂറോ നാനൂറോ കോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭൂമി എപ്രകാരമായിരുന്നു എന്നതിനെക്കുറിച്ച് യഥാര്‍ത്ഥമായ അറിവില്ല. അതുകൊണ്ട് പലവിധ സിദ്ധാന്തങ്ങളും നിഗമനങ്ങളും നിലനില്‍ക്കുന്നു. അന്തരീക്ഷം എപ്രകാര മുള്ളതായിരുന്നു എന്നതിനെക്കുറിച്ചാണ് മുഖ്യമായ അനിശ്ചിതത്വം. ഇത് അഭിപ്രായ ഭിന്നതകളുടെ മേഖലയാണ്".4 ജൈവാന്തരീക്ഷം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഭൂമിയുടെ ഉപരിതലത്തില്‍ ജീവന്‍റെ ആരംഭത്തിനും നിലനില്പിനും അനിവാര്യവും അനുയോജ്യവുമായ മേഖലകളും ഘടകങ്ങളുമാണ്. ചേതനാത്മക പദാര്‍ത്ഥത്തിന്‍റെ ആവിര്‍ഭാവത്തിനും നിലനില്‍പ്പിനും അനിവാര്യമായ സമുദ്രങ്ങളും ശുദ്ധജലവും, അന്തരീക്ഷവും, മണ്ണിന്‍റെ ഘടനയും ഊര്‍ജ്ജസ്രോ തസ്സുകളും എല്ലാം ഇതില്‍പ്പെടും. കാര്‍ബണ്‍, നൈട്രജന്‍, സള്‍ഫര്‍, ഇരുമ്പ് തുടങ്ങിയ സംയുക്തങ്ങള്‍ ഇവിടെ സന്നിഹിതമായിരിക്കണം.

അതിപ്രാചീന ഭൂമി പൊടിപടലങ്ങളുടെയും ഗ്യാസിന്‍റെയും ധാതു കണങ്ങളുടെയും ഒരു സമ്മിശ്രമായിരുന്നു. അന്നത്തെ ഉന്നതമായ താപനിലയില്‍ ഭൂമിക്ക് ഒരു അന്തരീക്ഷം ഉണ്ടായിരുന്നില്ല. ഭൂമിയുടെ താപനില താഴുകയും പാറകളില്‍ നിന്നുള്ള ഗ്യാസിന്‍റെ വികിരണം വഴിയായി ഒരു അന്തരീക്ഷം രൂപപ്പെടുകയുമുണ്ടായി. ഭൂമിയുടെ ക്രമാനുഗതവും മന്ദഗതിയിലുള്ളതുമായ ശീതീകരണത്തിന് സൂര്യനില്‍ നിന്നും ഉള്ള ഭൂമിയുടെ നിശ്ചിത അകലം കാരണമായി. ഭൂമിയിലെ വാതകങ്ങള്‍ സ്ഥിരമായി സാന്ദ്രീകരിക്കാതിരിക്കാന്‍ മാത്രം ഭൂമി സൂര്യനോട് അടുത്തുമായിരുന്നു.

ഭൂമിയുടെ ഉപരിതലത്തിനു മീതെ രൂപംകൊണ്ട വന്‍ വാതകപടലങ്ങള്‍ അന്‍പതു കോടി വര്‍ഷങ്ങള്‍ക്കുശേഷം ഉരുകിത്തുടങ്ങി. അതേത്തുടര്‍ന്ന് ആയിരക്കണക്കിന് വര്‍ഷങ്ങളിലേക്ക് ഭൂമിയില്‍ പെരുമഴ പെയ്യുകയുണ്ടായി. ഈ ജലമാണ് കടലായി രൂപം പ്രാപിച്ചതെന്ന് കരുതപ്പെടുന്നു. എന്നാല്‍ വാല്‍നക്ഷത്രങ്ങളാണ് ഭൂമിയില്‍ ജലം കൊണ്ടുവന്നതെന്ന് വാദിക്കുന്ന ശാസ്ത്രജ്ഞ രുമുണ്ട്.

പുരാതന അന്തരീക്ഷത്തിന്‍റെ മൂന്നു വിഭിന്നങ്ങളായ മാതൃകകളെക്കുറിച്ച് ശാസ്ത്രം പ്രതിപാദിക്കുന്നുണ്ട്.

ഒന്നാമത്തെ അന്തരീക്ഷ മാതൃക

ഹൈഡ്രജനും ഹൈഡ്രജന്‍ കലര്‍ന്ന അമോണിയ, മീതേയ്ന്‍ എന്നീ തന്മാത്രകളോടുകൂടിയ, ഓക്സിജനില്ലാത്ത അന്തരീക്ഷമാണ് ഇത്. യുറേ, മില്ലര്‍ എന്നീ ശാസ്ത്രജ്ഞര്‍ 1953-ല്‍ നടത്തിയ സുപ്രധാന ഗവേഷണം ഈ അന്തരീക്ഷമാതൃകയെ അധികരിച്ചുള്ളതാണ്. യുറേയും മില്ലറും കാര്‍ബണ്‍, നൈട്രജന്‍, ഹൈഡ്രജന്‍ എന്നിവ ഒരു ഫ്ളാസ്കില്‍ നിക്ഷേപിച്ച് അതിലൂടെ ഇല്ട്രിക് ചാര്‍ജ് കടത്തിവിട്ടു. പിന്നീട് ഇതു പരിശോധിച്ചപ്പോള്‍ അതില്‍ ചില അമിനോ ആസിഡുകളും ജീവന്‍റെ നിര്‍മ്മിതിഘടകങ്ങളായ ജീവമൂലകങ്ങളും കണ്ടെത്തുകയുണ്ടായി. ഈ മിശ്രിതം ജീവനല്ലെങ്കിലും ജീവന് ആധാരമായി കരുതിപ്പോന്നിരുന്ന സംയുക്തങ്ങള്‍ക്ക് സമാനമായിരുന്നു. ജീവ-പൂര്‍വ്വപരിണാമ ത്തെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ ഈ ഗവേഷണം ഒരു വഴിത്തിരിവായിരുന്നു. മിതേയ്ന്‍ തുടങ്ങിയ ലഘുതന്മാത്രകളില്‍ നിന്നും അമിനോ ആസിഡുകള്‍പോലുള്ള സങ്കീര്‍ണ്ണ ജൈവ തന്മാത്രകള്‍ ഉണ്ടാക്കിയെടുക്കാമെന്നതാണ് ഈ ഗവേഷണത്തിന്‍റെ കണ്ടുപിടുത്തം.

രണ്ടാമത്തെ അന്തരീക്ഷം

ഹൈഡ്രജന്‍ നിയന്ത്രിത അന്തരീക്ഷം ക്രമേണ പ്രകാശസംശ്ലേഷണം വഴിയായി കാര്‍ബണ്‍ഡൈ ഓക്സൈഡും നൈട്രജനും കലര്‍ന്ന അന്തരീക്ഷമായി മാറുന്നതാണ് ഇവിടുത്തെ വിവക്ഷ. ഉപരി അന്തരീ ക്ഷത്തില്‍ ഇത് ഓസോണ്‍ പാളിയുടെ രൂപീകരണം അനുവദിക്കുന്നു. പ്രാചീന ഫോസിലുകളില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഈ അന്തരീക്ഷത്തെ പിന്തുണക്കുന്നു. ചൊവ്വ, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ക്ക് ഈ അന്തരീക്ഷമാണുള്ളത്.

മൂന്നാമത്തെ അന്തരീക്ഷം

ജീവജാലങ്ങളുടെ നിലനില്പിനനുയോജ്യമായ ഇപ്പോഴത്തെ അന്തരീക്ഷമാണിത്. പ്രാചീന ബാക്ടീരിയകളുടെ ജൈവ-രാസിക പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ അന്തരീക്ഷം ഉണ്ടായത്. ജീവന്‍റെ പ്രഥമ രൂപങ്ങളായ ബാക്ടീരിയകള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് കഴിച്ച് ഓക്സിജന്‍ പുറപ്പെടുവിച്ചു. ജീവന്‍റെ നിലനില്പിനനിവാര്യമായ കാലാവസ്ഥയെ സംരക്ഷിച്ചുപോന്നത് ഈ സൂക്ഷമ ജീവികളാണ്.

രാസിക-ജൈവ പരിണാമ ദശകള്‍

"ജീവന്‍റെ നാനോന്മുഖ മാനങ്ങള്‍ രൂപകല്പന ചെയ്യപ്പെട്ടത് തന്മാത്ര തലത്തിലാണ്. തന്മാത്രകളെ മനസ്സിലാക്കാതെ നമുക്ക് ജീവനെക്കുറിച്ച് വളരെ ഉപരിപ്ലവമായ അറിവ് മാത്രമേ സാധ്യമായിട്ടുള്ളു".5 ജീവന്‍റെ ഉത്ഭവത്തിന് വഴിതുറന്ന രാസിക പരിണാമത്തെ സാധൂകരിക്കുന്നതാണ് ഫ്രാന്‍സിസ് ക്രിക്കിന്‍റെ ഈ വാക്കുകള്‍.

പ്രാചീന അന്തരീക്ഷത്തിലെ കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്സിജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവയുടെ ആറ്റങ്ങള്‍ ചേര്‍ന്ന് തന്മാത്രകള്‍ രൂപപ്പെട്ടിരിക്കാം. പലതരം തന്മാത്രകള്‍ ഒന്നിച്ചുചേര്‍ന്നു ദശലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ സങ്കീര്‍ണ്ണങ്ങളായ തന്മാത്രകള്‍ രൂപം പ്രാപിക്കുന്നുവെന്നത് ഒരു വസ്തുതയാണ്. നക്ഷത്രങ്ങളില്‍നിന്നും വിദ്യുത്-കാന്തിക തരംഗങ്ങളുടെ വികിരണം ഏല്‍ക്കുമ്പോള്‍ തന്മാത്രകളില്‍ അത് ആന്തോളനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

നൈട്രജന്‍, നീരാവി, കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്നിവയില്‍നിന്ന് ലളിതങ്ങളായ സംയുക്തങ്ങള്‍ സൃഷ്ടിക്കാവുന്നതാണ്. ഇടിമിന്നലിന്‍റെ ഫലമായി കാര്‍ബണ്‍ ഡൈ ഓക്സൈഡും ജലവുമായി സംയോജിച്ച് നൈട്രജന്‍-ഡൈ ഓക്സൈഡായും അമോണിയയായും മാറാന്‍ സാധ്യതയുണ്ട്. ഇത്തരം തന്മാത്രവ്യതിയാനങ്ങള്‍ സൂര്യപ്രകാശത്തിന്‍റെയോ മറ്റ് ഊര്‍ജ്ജ സ്രോതസ്സുകളുടെയോ സ്വാധീനത്തില്‍ ജീവനെ ലക്ഷ്യമാക്കി മുകളിലോട്ടു പ്രയാണം ചെയ്തിരിക്കാം. ആറ്റങ്ങളും തന്മാത്രകളും ആകസ്മികവും സംഘര്‍ഷാത്മകവും ആയി സംയോജിക്കുകയും ചെറിയ ജീവതന്മാത്രകളായി ഉദയം ചെയ്യുകയും ചെയ്തിരിക്കാം. ഉദാഹരണമായി അമിനോ ആസിഡുകള്‍ പത്തുമുതല്‍   ഇരുപതുവരെ ഹൈഡ്രജന്‍, കാര്‍ബണ്‍, ഓക്സിജന്‍, നൈട്രജന്‍ എന്നിവയുടെ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടായ തന്മാത്രകളാണ്. ലളിതമായ ഘടനയുള്ള ഈ ജീവതന്മാത്രകള്‍ സംയോജിച്ച് ജീവശാസ്ത്രപരമായി കൂടുതല്‍ പ്രാധാന്യമുള്ള വലിയ തന്മാത്രകളായ പോളിമറുകള്‍ ഉണ്ടായി. പ്രാചീന സമുദ്രത്തിലെ അന്തരീക്ഷത്തിലെയും സ്വാഭാവികമായി ഭൗതിക, രാസികവ്യതിയാനങ്ങള്‍ പ്രോട്ടീനുകളുടെയും ന്യൂക്ലീക് ആസിഡുകളുടെയും നിര്‍മ്മിതിക്ക് കാരണമായിരുന്നിരിക്കാം.

മുന്‍പ് പ്രതിപാദിച്ച രണ്ടാമത്തെ തരത്തിലുള്ള അന്തരീക്ഷത്തില്‍ ജൈവതന്മാത്രകളുടെ വലിയ ശേഖരം തന്നെ രൂപപ്പെടുകയും മഴ വെള്ളം അവയെ കടലിലേക്ക് ഒഴുക്കിക്കൊണ്ടുപോവുകയും ചെയ്തിരിക്കാം. അങ്ങിനെ കടലില്‍ ഒരു ജീവ-പൂര്‍വ്വധാതു സൂപ്പ് തന്നെ രൂപം കൊണ്ടു. ജീവരഹിതമായ കടലില്‍ രൂപം കൊള്ളുന്ന സംയുക്തങ്ങള്‍ നശിച്ചുപോകാന്‍ സാധ്യതയില്ല. കാരണം യാതൊന്നും അവയെ നശിപ്പിക്കുകയോ തിന്നുതീര്‍ക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല പ്രാചീന സമുദ്രത്തില്‍ ഓക്സീകരണം വഴിയായി തന്മാത്രകള്‍ക്ക് ഭേദനം  വരുത്താന്‍ ഓക്സിജന്‍ ഉണ്ടായിരുന്നില്ല. സങ്കീര്‍ണ്ണതന്മാത്രകളെ ഭേദിക്കുവാന്‍ സാധ്യതയുള്ള ഏക ഘടകം അവയുടെ നിര്‍മ്മിതിക്കുതന്നെ കാരണമായ അള്‍ട്രാവയലറ്റ് റേഡിയോ ആക്ടീവ് ഊര്‍ജ്ജവികിരണ ങ്ങള്‍ മാത്രമാണ്.

എന്നാല്‍ സമുദ്രജലപ്രവാഹങ്ങള്‍ ഈ സംയുക്തങ്ങളെ സമുദ്രത്തിന്‍റെ ആഴത്തിന്‍റെ ഏതാണ്ട് മദ്ധ്യതലത്തിലെ സുരക്ഷിത മേഖലയിലേക്ക് കൊണ്ട് ചെന്നെത്തിച്ചിരിക്കാം. അവിടെ അവ ഉപരിതലത്തിലെ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്നും ആഴത്തട്ടിലെ റേഡിയോ ആക്ടീവ് വികിരണങ്ങളില്‍നിന്നും സംരക്ഷിതമാണ്.

പുരാതന സമുദ്രത്തിലെ ഒരു ശതമാനത്തോളം ഇപ്രകാരം ജീവ സംയുക്തങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടതായിരിക്കാം എന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. അന്തരീക്ഷത്തില്‍ ഇതിന്‍റെ അളവ് ഒരു മില്യന്‍ ബില്യന്‍ ദ്രവ്യമാണ്. ഇത് പ്രകൃതിശക്തികള്‍ക്ക് സ്വാധീനം ചെലുത്താന്‍ പോന്നത്ര ഒരു അളവാണ്. അത്രയും വലിയ അളവില്‍ ഏറ്റവും അസാധ്യമായ സങ്കീര്‍ണ്ണതകളോടു  കൂടിയ ഘടകങ്ങള്‍ പോലും സൃഷ്ടിക്കപ്പെടാനിടയുണ്ട്. നൂറുകോടിവര്‍ഷത്തെ കാലയളവ് ഇതിന് ലഭ്യമാണു താനും.

തല്‍ഫലമായി കാലക്രമേണ അതിസങ്കീര്‍ണ്ണങ്ങളായ അമിനോ ആസിഡുകളും ലളിതങ്ങളായ ഷുഗറും സൃഷ്ടിക്കപ്പെട്ടു. അമിനോ അസിഡുകള്‍ സംയോജിച്ച് പെപ്റ്റൈഡുകള്‍ ഉണ്ടായി. പ്യൂരിന്‍സ്, പിരിമിഡൈന്‍സ്, ഷുഗര്‍, ഫോസ്ഫേറ്റ് എന്നിവ സംയോജിച്ച് ന്യൂക്ലിയോറ്റൈഡുകള്‍ സൃഷ്ടിക്കപ്പെട്ടു. തുടര്‍ന്ന് ജീവന്‍റെ ഉത്ഭവത്തിലെ ആ നിര്‍ണ്ണായക സംഭവം നടന്നിരിക്കാം. ആകസ്മിക സംയോജനങ്ങളുടെ ഫലമായി സ്വയം പ്രജനനശേഷിയുള്ള ഒരു ന്യൂക്ലിക്-ആസിഡ് തന്മാത്രയുടെ രൂപീകരണം, ആ നിര്‍ണ്ണായക നിമിഷ മാണ് ജീവന്‍റെ ഉത്ഭവമുഹൂര്‍ത്തം!

ബീജസങ്കലനം നടന്ന ഒരു ഏക കോശത്തിന് അതിസങ്കീര്‍ണ്ണമായ ഒരു ജീവിക്ക് രൂപം നല്‍കാനാവും. അതുപോലെ ആദ്യം ഉണ്ടായ ഏക ജീവതന്മാത്രക്ക് വൈവിദ്ധ്യാത്മകമായ ജീവവര്‍ഗ്ഗങ്ങള്‍ക്കു മുഴുവന്‍ ഹേതുവായി വര്‍ത്തിക്കാനാവും. ആദ്യത്തെ ജീവതന്മാത്രകള്‍ക്ക് കുറഞ്ഞ കാലയളവില്‍ തന്നെ അതിന്‍റെ ദശലക്ഷക്കണക്കിന് പകര്‍ച്ചകള്‍ക്ക് ജന്മം നല്‍കി. ഇടക്കിടെ സംഭവിച്ചിട്ടുള്ള ദ്രുത-വ്യതി യാനങ്ങള്‍ ആദ്യത്തെ ജീവതന്മാത്രയില്‍നിന്നും നേരിയ അന്തരമുള്ള തന്മാത്രകള്‍ക്ക് കാരണമായി. ഏതെങ്കിലും തരത്തില്‍ മറ്റുള്ളവയേക്കാള്‍ ശേഷി കൂടിയവ അവയുടെ സഹജീവികളുടെ ചെലവില്‍ തങ്ങളുടെ പൂര്‍വ്വികരെ മാറ്റി പ്രതിഷ്ഠിച്ചിരിക്കാം.

ചുരുളഴിയപ്പെടാത്ത രഹസ്യങ്ങള്‍

ജീവന്‍റെ ആവിഷ്കാര പാതയില്‍ അഗ്രാഹ്യങ്ങളും നിര്‍വ്വചനാ തീതവുമായ ഒട്ടേറെ വിസ്മയങ്ങളും വിരോധാഭാസങ്ങളും കണ്ടെത്താനാവും. ശാസ്ത്രത്തിനു തന്നെ ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്ത ഒട്ടേറെ സമസ്യകള്‍ ജീവന്‍റെ രഥ്യകള്‍ക്കുള്ളില്‍ നില നില്‍ക്കുന്നുണ്ട്. ഈ സമസ്യകളെക്കുറിച്ച് ഒരു ലഘുവിവരണം ഇവിടെ പ്രസക്തമാണ്:

  1. കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍ തുടങ്ങിയ ആറ്റങ്ങളുടെ യഥോചിതമായ സംയോജനം ഒരര്‍ത്ഥത്തില്‍ അസാധ്യവും രാസികമായി ഭാവനാതീതവുമാണ്. പതിനായിരത്തോളം ന്യൂക്ലിയോറ്റൈഡുകള്‍ സ്വമേധയാ സംയോജിച്ച് ഒരു ഏക തന്മാത്രയായെന്നത് തീര്‍ത്തും വിസ്മയകരമാണ്.
  2. രാസികബന്ധങ്ങള്‍ക്ക് ബാഹികമായ ഒരു ഊര്‍ജ്ജസ്രോതസ്സ് അനിവാര്യമാണ്. ഇടിമിന്നല്‍ ഇതിന് ഒരു ഉദാഹരണമാണ്. എന്നിരുന്നാലും ഈ ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന ഊര്‍ജ്ജം തന്നെ അവയുടെ ഭേദനത്തിനും കാരണമായേക്കാം. മില്ലറുടെ ഗവേഷണം ഈ വസ്തുത അംഗീകരിക്കുന്നു. അമിനോ ആസിഡുകളും ഷുഗറും സംയോജിച്ചാല്‍ അവ പരസ്പരം നശിപ്പിക്കുന്നു. അതിനാല്‍ പരീക്ഷണശാലയിലെ ഗവേഷണത്തില്‍ അവയെ ശ്രദ്ധാപൂര്‍വ്വം വേര്‍തിരിച്ചു സൂക്ഷിക്കുന്നു. പ്രാചീന സമുദ്രത്തില്‍ ഈ വേര്‍തിരിവ് എപ്രകാരം സാധ്യമാണ്?
  3. പ്രാചീന സമുദ്രത്തിലെ ഓക്സിജന്‍റെ സാന്നിദ്ധ്യവും അഭാവവും ഒരുപോലെ ജീവനു ഭീഷണിയാണ്. ഓക്സിജനുണ്ടെങ്കില്‍ അമിനോ ആസിഡുകളും ഷുഗറും പ്യൂരിനുകളും സാധ്യമല്ല. കാരണം അമിനോ അസിഡുകളും ഷുഗറുകളും ഓക്സിജനുമായി പ്രതിപ്രവര്‍ത്തിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡും ജലവും ഉണ്ടാക്കുന്നു. ഓക്സിജനില്ലെങ്കില്‍ ഓസോണ്‍ പാളി ഇല്ലാതിരിക്കുകയും അള്‍ട്രാവയലറ്റ് രശ്മികളാല്‍ ജീവരൂപങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
  4. ഡി.എന്‍.എ., ആര്‍.എന്‍.എ. മുതലായവ ഒരു ജീവ-സംവിധാനമായി രൂപീകരിക്കപ്പെടുന്നത് എങ്ങനെയാണെന്നത് ഇന്നും ഒരു രഹസ്യമായി നിലകൊള്ളുന്നു. തന്മാത്രകള്‍ തമ്മിലുള്ള സഹകരണം ഇതിന് ഒരു സാധ്യതയായി കാണുന്നു. ഇത്തരുണത്തില്‍ സഹകരിക്കുന്ന തന്മാത്രകളെ ഹൈപ്പര്‍ സൈക്കിള്‍ എന്നു വിളിക്കുന്നു. ഹൈപ്പര്‍ സൈക്കിള്‍ ഒരു ജീവിയല്ല; നേരെമറിച്ച് പരിസ്ഥിതി സമാനമായ ബന്ധങ്ങളില്‍ ഒരുമിച്ച് കഴിയുന്ന ഒരു പറ്റം തന്മാത്രകളാണ്. ഇത്തരം തന്മാത്രാ സമൂഹങ്ങളാവാം ജീവവര്‍ഗ്ഗങ്ങളായി രൂപപ്പെട്ടതെന്ന് കരുതപ്പെടുന്നു.

ഒരു ജീവസമൂഹം കേവലം കുറേ തന്മാത്രകളുടെ ശേഖരമല്ല. സംയുക്തങ്ങളുടെ സമ്മിശ്രണമാണെന്നിരിക്കിലും അവ പ്രവര്‍ത്തനശേഷിയുള്ള വ്യൂഹങ്ങളാണ്. കോശങ്ങളുടെ വിശാല ലക്ഷ്യത്തിനനുസൃതമായി നിലകൊള്ളുന്ന ആന്തരികവും ബാഹികവുമായ പ്രവര്‍ത്തി വ്യൂഹങ്ങളാണവ. ശാസ്ത്രവിശകലനത്തില്‍ അജ്ഞാതമായ ഏതോ ഊര്‍ജ്ജശക്തി കടന്നുവരുന്നുണ്ടോ? ജീവവ്യൂഹങ്ങളുടെ ആവിര്‍ഭാവം ശാസ്ത്രസമസ്യതന്നെ.

  1. ഡി.എന്‍.എ. തന്മാത്രയുടെ ആവിര്‍ഭാവം ഇന്നും അജ്ഞാതമാണ്. ഡി.എന്‍.എ. എന്നത് അടിസ്ഥാനപരമായി ഒരു ജനിതകകോഡ് ആണ്; തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ഒരു വിവരശേഖരണവും സന്ദേശവും. അത് അധിവസിക്കുന്ന ജീവിയുടെ നിര്‍മ്മിതിക്കാവശ്യമായ സമസ്ത വിവരങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രാചീന ജീവതന്മാത്രകളോ ആറ്റങ്ങളോ എങ്ങിനെയോ തന്മാത്രകളായി രൂപീകരിക്കപ്പെട്ടു എന്നു മാത്രമേ പറയാണ്‍ കഴിയൂ. ആകസ്മിക വ്യതിയാനങ്ങള്‍ വഴിയായി ഡി.എന്‍.എ. തന്മാത്രകള്‍ രൂപീകരിക്കപ്പെട്ടേക്കാം. മറ്റു ഗ്രഹങ്ങളില്‍ നിന്നോ മറ്റോ ഭൂമിയില്‍ ജീവന്‍ കടന്നുവന്നുവെന്നു വാദിക്കുന്നവരുണ്ട്. എന്നിരുന്നാലും ഡി.എന്‍.എ. ബാഹ്യാകാശത്തെ വികിരണങ്ങളെ അതിജീവിച്ച് ദീര്‍ഘദൂരം നിലനില്‍ക്കുക അസാധ്യം.

ഡി.എന്‍.എ.യുടെ രൂപീകരണശേഷം ഇതിന്‍റെ പ്രത്യേക സവിശേഷതകള്‍കൊണ്ട് പൂര്‍വ്വ ജീവരൂപങ്ങളെയെല്ലാം ഡി.എന്‍.എ. പൂര്‍ണ്ണമായും മാറ്റി പ്രതിഷ്ഠിച്ചിരിക്കാം. ഡി.എന്‍.എ. തന്മാത്രകള്‍ക്ക് സ്വമേധയാ അവയിലെ ജനിതക വിവര സാങ്കേതത്തെ പുനര്‍സൃഷ്ടിക്കുവാന്‍ സാധിക്കുന്നു. 

  1. ഡി.എന്‍.എ.യ്ക്കു മുന്‍പുള്ള ജീവഘടകം എന്തായിരുന്നു എന്നത് അജ്ഞാതമാണ്. ആ ജീവഘടകമായിരിക്കാം ഡി.എന്‍.എ. നിര്‍മ്മിച്ചത്. ഒരു സാധ്യത ആര്‍.എന്‍.എ. ആണ്. ഇന്നു നമുക്ക് പരിചിതമായ ഡി.എന്‍.എ.യിലും ആര്‍.എന്‍.എ.യിലും പ്രോട്ടീനിലും അധിഷ്ഠിതമായ ജീവനായിരുന്നില്ല ഭൂമിയിലെ ആദ്യത്തെ ജീവരൂപങ്ങള്‍. ആര്‍.എന്‍.എ. മാത്രം ഭരിച്ചിരുന്ന ഒരു ലളിത ജീവ ലോകമായിരുന്നിരിക്കാം അന്നത്തേത്. ആര്‍.എന്‍.എ. ക്രമേണ ഡി.എന്‍.എ. ആയി മാറാം. അചേതനമായ പദാര്‍ത്ഥത്തില്‍നിന്നും ന്യൂക്ലിക് ആസിഡോ ആര്‍.എന്‍.എ. പോലുമോ ഗവേഷണശാലകളില്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. എന്നിരുന്നാലും അഞ്ചുകോടി വര്‍ഷത്തെ കാലയളവ് കണക്കിലെടുക്കുമ്പോള്‍ പ്രകൃതിയില്‍ അപ്രകാരം ഒരു പ്രതിഭാസം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ജനിതകവീക്ഷണത്തില്‍ സുപ്രധാന റോളു വഹിക്കുന്നതാണ് ഡി.എന്‍.എ. ആര്‍.എന്‍.എ. ഈ വിവരത്തിന്‍റെ നിര്‍വ്വഹണത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നു. ജീവികളുടെ ഘടനാരൂപത്തിന് കാരണമായിട്ടുള്ളത് പ്രോട്ടീനുകളാണ്. ജീവികളിലെ ജീവല്‍ പ്രക്രിയകളെല്ലാം സാധ്യമാക്കുന്നത് എന്‍സൈമുകളാണ്. അതിനാല്‍ ആദിയിലേക്കുനോക്കുമ്പോള്‍ വിഖ്യാതമായ മുട്ട-കോഴിവിവാദം ഇവിടെ കാണാനാവും. ആദ്യം ഉണ്ടായത് ന്യൂക്ലിക് ആസിഡുകളായ ഡി.എന്‍.എ. ആണോ, ആര്‍.എന്‍.എ. ആണോ, അതോ പ്രോട്ടീനുകളാണോ?

ഫ്രാന്‍സിസ് ക്രിക്കും കൂട്ടരും വാദിക്കുന്നത് ആര്‍.എന്‍.എ. ആദ്യം ഉണ്ടായി എന്നാണ്. എങ്കില്‍ ആര്‍.എന്‍.എ. ലോകത്തിന് അനിവാര്യമായ പല ഘടകങ്ങളെപ്പറ്റിയും വിവരങ്ങള്‍ ആവശ്യമാണ്. ആര്‍.എന്‍.എ. യുടെ നിര്‍മ്മിതി ഘടകങ്ങള്‍ എവിടെ നിന്ന്? പ്രോട്ടീന്‍ എന്‍സൈമുകളുടെ സഹായം കൂടാതെ ഈ നിര്‍മ്മിത ഘടകങ്ങളെ ആര്‍.എന്‍.എ. ആക്കി മാറ്റുന്ന സംവിധാനം എന്ത്? പ്രോട്ടീനുകളുടെ സഹായം കൂടാതെ ആര്‍.എന്‍.എ. തന്മാത്രകള്‍ക്ക് അവയുടെ പകര്‍പ്പ് സൃഷ്ടിക്കുവാന്‍ സാധിക്കുന്ന സംവിധാനം എന്ത്? ഈ ചോദ്യങ്ങള്‍ക്കുത്തരമായി കൂടുതല്‍ ലളിതഘടകമായ പി.എന്‍.എ. യെ ശാസ്ത്രജ്ഞര്‍ അവരോധിക്കുന്നുണ്ട്.

പീറ്റര്‍ നീല്‍സണ്‍  ആല്‍ബര്‍ട്ട് എഷെന്‍മെസര്‍  എന്നീ ശാസ്ത്രജ്ഞരാണ് പി.എന്‍.എ.യെ അവതരിപ്പിച്ചത്. ഓര്‍ജല്‍ തുടങ്ങിയ ശാസ്ത്രജ്ഞര്‍ പി.എന്‍.എ. യെക്കൊണ്ട് തൃപ്തരായിരുന്നില്ല. ഓര്‍ജല്‍ പറഞ്ഞു: "തീര്‍ത്തും ലളിതമായ ഒന്നാണ് നമുക്കാവശ്യവും. ഇതിലും ലളിതമായ ഒന്നിന് വിഭജിക്കാനല്ലെങ്കില്‍ അത് ദൈവത്തിന്‍റെ അസ്തിത്വത്തിനുള്ള ഒരു ശക്തമായ വാദമായിരിക്കാം".6

  1. ജീനുകളുടെ ഘടനയെപ്പറ്റി ശാസ്ത്രജ്ഞര്‍ക്ക് അറിയാമെങ്കിലും ശാസ്ത്രത്തിന് മനസ്സിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് ജീനുകള്‍ തമ്മിലുള്ള ആശയവിനിമയം, ജീനുകളുടെ ഇടയിലെ സമ്പര്‍ക്കം, അവയുടെ സമൂഹസ്വഭാവം, അവ പ്രവര്‍ത്തന നിരതമാകുകയും പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്ന രീതി, ക്രമം മുതലായവ. ജീവന്‍റെ അക്ഷരമാല അറിയാമെങ്കിലും പദാവലിയെ പൂര്‍ണ്ണമായും വായിച്ചെടുക്കുവാന്‍ ശാസ്ത്രത്തിന് സാധിച്ചിട്ടില്ല. ഡി.എന്‍.എ. യെ ജീവന്‍റെ ചവിട്ടുപടി എന്നു വിശേഷിപ്പിക്കാമെങ്കിലും ഡി.എന്‍.എ. ജീവനല്ല.
  2. ഡി.എന്‍.എ. വിഭജനത്തില്‍ പ്രകൃതി വരുത്തുന്ന തെറ്റുകളുടെ അഥവാ പ്രകൃതിയുടെ അബദ്ധങ്ങളുടെ വിവരണം തന്നെ വളരെ അത്ഭുതാവഹമാണ്. ഡി.എന്‍.എ. സ്വയം വിഭജിക്കുമ്പോള്‍ ആകസ്മികമായ തെറ്റുകള്‍ സംഭവിക്കാം. ദ്രോഹകരമായ തെറ്റുകള്‍ ജീവവര്‍ഗ്ഗത്തിന്‍റെ നാശത്തില്‍ കലാശിച്ചേക്കാം. നിരുപദ്രവ കരങ്ങളായ തെറ്റുകള്‍ ക്രമേണ ജനിതക വ്യതിയാനത്തിന് വഴിതെളിക്കാം. ക്രിയാത്മക അബദ്ധങ്ങള്‍ വര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പിനുതന്നെ സഹായകമാവാം. ഇത്തരം തെറ്റുകളെയാവാം ഡാര്‍വിന്‍ പ്രകൃതിനിര്‍ദ്ധാരണം  എന്ന തത്ത്വംകൊണ്ട് അര്‍ത്ഥമാക്കിയത്.

ആകസ്മികതയോ രൂപകല്പനയോ?

ജീവന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള ശാസ്ത്രപഠനങ്ങള്‍ക്ക് ദാര്‍ശനികവും മതാത്മകവും ആയ എന്തെങ്കിലും പ്രസക്തിയുണ്ടോ? ഐസക് ന്യൂട്ടന്‍റെ കാലം മുതല്‍ മത-ശാസ്ത്രസംവാദത്തിന്‍റെ വേദികളില്‍ ഉപയോഗിച്ചിരുന്ന അത്ര ആരോഗ്യകരമല്ലാത്ത ഒരു യുക്തിയാണ് 'പഴുതുകളുടെ ദൈവത്തെ' അന്വേഷിക്കുക എന്നുള്ളത്. ശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത തലങ്ങള്‍ എത്തുമ്പോള്‍ അവിടെ ദൈവത്തെ പ്രതിഷ്ഠിച്ച് വ്യാഖ്യാനത്തിലെ പഴുതുകളടക്കുക എന്നതാണ് ഇവിടുത്തെ സമീപനം. കാലക്രമേണ പഴുതുകള്‍ പലതും ശാസ്ത്രപുരോഗതിയുടെ വെളിച്ചത്തില്‍ ശാസ്ത്രം തന്നെ അടയ്ക്കുമ്പോഴും പുതിയ പുതിയ വിടവുകള്‍ സൃഷ്ടിക്കപ്പെടുന്നതുകൊണ്ടാണ് 'വിടവുകളുടെ ദൈവം' ഇന്നും ശാസ്ത്രത്തില്‍ നിലനില്‍ക്കുന്നുവെന്ന് വേണമെങ്കില്‍ പറയാം.

ജീവന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള അനവധി ചോദ്യങ്ങള്‍ക്ക് ശാസ്ത്രത്തിന് വിശദീകരണശക്തി നഷ്ടപ്പെടുന്നതിനാല്‍ അവിടെയെല്ലാം സുഗമമായി ദൈവത്തെ തിരുകിക്കയറ്റാന്‍ ആസ്തിക്യവാദി തിടുക്കം കൂട്ടിയേക്കാം. ഇത്തരം ഉപരിപ്ലവങ്ങളായ സമീപനങ്ങള്‍ ഈശ്വരദര്‍ശനത്തിന്‍റെ ദാര്‍ശനികവ്യാപ്തിക്ക് കോട്ടം ചെയ്യുകയേ ഉള്ളൂ. ശാസ്ത്രഗവേഷണങ്ങളോടും ശാസ്ത്രസിദ്ധാന്തങ്ങളോടും മാത്രമല്ല, ശാസ്ത്രത്തിന്‍റെ അജ്ഞതകളോടും നാളത്തെ ശാസ്ത്രത്തിന്‍റെ അനന്തസാധ്യതകളോടുംകൂടി ഉള്ള പൂര്‍ണ്ണ ബഹുമാനത്തോടെ വേണം ശാസ്ത്രമേഖലയില്‍നിന്നും ദാര്‍ശനിക-ദൈവശാസ്ത്രനിഗമനങ്ങളില്‍ ചെന്നെത്തുവാന്‍.

ജീവന്‍റെ ഉത്ഭവത്തിലെ അഗ്രാഹ്യതകള്‍ ആത്യന്തികമായി അനിര്‍ വചനീയമായ ഒരു പ്രാപഞ്ചിക വിസ്മയത്തിലേക്കും പ്രാപഞ്ചിക ചേതനയുടെ തന്നെ ഒരു കാവ്യാത്മക സൗന്ദര്യത്തിലേക്കുമാണ് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. ഈ അനുഭവത്തില്‍ ഈശ്വരാനുഭൂതി കുടികൊള്ളുന്നുണ്ട് എന്നു കരുതുന്നതില്‍ തെറ്റില്ല. ശാസ്ത്രം പരാജയപ്പെടുന്നതുകൊണ്ട് ദൈവം അനിവാര്യമാണ് എന്ന സമീപനം അത്ര അഭികാമ്യമല്ല.

രൂപകല്പനയുടെ വക്താക്കള്‍ രൂപകല്പനയെ അനുമാനിക്കുന്നത് പ്രകൃതിപ്രതിഭാസങ്ങള്‍ക്ക് ജീവവ്യൂഹങ്ങളെന്ന നിലയില്‍ അത്തരം സംഗതികളുടെ ഉത്ഭവം തന്നെ വിശദീകരിക്കാന്‍ സാധിക്കാത്തതുകൊണ്ടല്ല, പ്രത്യുത ഈ വ്യൂഹങ്ങള്‍ ബുദ്ധിപൂര്‍വ്വം രൂപകല്പന ചെയ്ത വ്യൂഹങ്ങളുടെ മുഖമുദ്രകളെല്ലാം വെളിപ്പെടുത്തുന്നതുകൊണ്ടാണ്. അതായത് സംവേദനത്തിന്‍റെ വേറെ ഏതൊരു മേഖലയിലും ബുദ്ധിപൂര്‍വ്വകമായ ഒരു കാരണത്തെ അംഗീകരിക്കാന്‍ പോന്ന സവിശേഷതകള്‍ അവ ഉള്‍ക്കൊള്ളുന്നു.7

തത്ത്വചിന്തകനായ സ്റ്റീഫന്‍ മെയറുടെ ഈ വാക്കുകള്‍ ബുദ്ധിപൂര്‍വ്വകമായ രൂപകല്പന എന്ന ആശയത്തെ  അതിന്‍റെ ശരിയായ കാഴ്ചപ്പാടില്‍ പ്രതിഷ്ഠിക്കുന്നതാണ്. പാശ്ചാത്യ ചിന്താലോകത്ത് ബുദ്ധിപൂര്‍വ്വകമായ രൂപകല്പന എന്ന ആശയം വിഖ്യാതമായ ഒരു വിവാദ വിഷയം തന്നെയാണ്. ഈ ആശയം പലപ്പോഴും പരിണാമസിദ്ധാന്തത്തിലെ ആകസ്മികതയിന്മേലുള്ള ഊന്നലിനെ ചോദ്യം ചെയ്യുന്ന ഒന്നാണ്. ജീവജാലങ്ങളില്‍ നിരീക്ഷിക്കപ്പെടുന്ന സങ്കീര്‍ണ്ണസ്വഭാവങ്ങള്‍ കേവലം ആകസ്മികത കൊണ്ട് ഉണ്ടാവുക അസാധ്യമാണെന്നും ജീവവര്‍ഗ്ഗങ്ങളെയെല്ലാം വിഭാവനം ചെയ്ത ഒരു ശക്തിവിശേഷം ഉണ്ടായിരിക്കണം എന്നും ഈ ആശയം വാദിക്കുന്നു.

ബുദ്ധിപൂര്‍വ്വകമായ രൂപകല്പന എന്ന ആശയം അതില്‍ത്തന്നെ ശാസ്ത്രവുമല്ല ദൈവശാസ്ത്രവുമല്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. കാരണം ശാസ്ത്ര പുരോഗതിക്കനുസൃതമായി പല നിഗൂഢതകളും സാമാന്യ ജ്ഞാനങ്ങളായി മാറിയേക്കാം. ദൈവശാസ്ത്ര ദൃഷ്ട്യാ നോക്കുകയാണെങ്കില്‍ സങ്കീര്‍ണ്ണതകളുടെയോ നിഗൂഢതകളുടെയോ അഗ്രാഹ്യതകളില്‍ യുക്തിഭദ്രമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രം വെളിപ്പെടുന്നത് ഈശ്വരസ്വഭാവത്തിന്‍റെ പരിമിതിയായിട്ടെ കണക്കാക്കേണ്ടതുള്ളു. അതുകൊണ്ടാണ് 15-ാം നൂറ്റാണ്ടു മുതല്‍തന്നെ പല ദൈവശാസ്ത്രജ്ഞരും ആകസ്മികതയും രൂപകല്പനയും തമ്മില്‍ യാതൊരു വൈരുദ്ധ്യവും കണ്ടിരുന്നില്ല. ജീവന്‍റെ ഉത്ഭവത്തിലോ ജൈവവര്‍ഗ്ഗങ്ങളുടെ പരിണാമത്തിന്‍റെ വിവിധ ദശകളിലോ ആകസ്മികത നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുവെങ്കില്‍, പരമ്പരാഗത വിശ്വാസം പോലെ, അത് ദൈവത്തിന്‍റെ അസ്തിത്വത്തിനോ ദൈവത്തിന്‍റെ പ്രാപഞ്ചിക ബന്ധങ്ങള്‍ക്കോ യാതൊരു ഭീഷണിയും ഉയര്‍ത്തുന്നതല്ല. പ്രത്യുത, ദൈവസ്വഭാവത്തിന്‍റെ മാഹാത്മ്യത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുകയാണ് ചെയ്യുന്നത്. തത്ത്വജ്ഞാനിയും ദൈവശാസ്ത്രജ്ഞനുമായ തോമസ് അക്വിനാസ് പറഞ്ഞു: "എല്ലാക്കാര്യങ്ങളും അനിവാര്യതകൊണ്ട് സംഭവിച്ചതാണെങ്കില്‍ അത് ലോകത്തിന്‍റെ പൂര്‍ണ്ണതയ്ക്കും ദൈവപരിപാലനയുടെ സ്വഭാവത്തിനും വിരുദ്ധമായിരിക്കും".8 ഓക്സ്ഫോര്‍ഡിലെ ശാസ്ത്രജ്ഞനും ചിന്തകനുമായ ആര്‍തര്‍ പീക്കോക്കിന്‍റെ വീക്ഷണത്തില്‍, "പദാര്‍ത്ഥത്തിന്‍റെ അനന്തസാധ്യതകളെ സാക്ഷാത്കരിക്കാന്‍ ദൈവം തന്നെ ഉപയോഗിക്കുന്ന ഒരു ഉപാധിയാണ് ആകസ്മികത".9 

എന്നാല്‍ ജീവനെന്ന പ്രതിഭാസത്തിന്‍റെ ആവിഷ്കാരത്തിലെ പദാര്‍ത്ഥരഹസ്യങ്ങള്‍ക്കും പരിണാമ വിസ്മയങ്ങള്‍ക്കും അതിഭൗതികമായ യാതൊരു പ്രസക്തിയുമില്ല എന്നു പറയുന്നത് ശാസ്ത്രീയമായ അന്ധവിശ്വാസം എന്നേ വിശേഷിപ്പിക്കാനാവൂ. സാമാന്യ ബോധത്തിന്‍റെ  പ്രത്യക്ഷങ്ങളായ യുക്തിഭദ്രതയെ തന്നെ അവ നിഷേധിക്കുന്നു എന്നുതന്നെ ഇപ്പോഴത്തെ ശാസ്ത്ര വിജ്ഞാനത്തിന്‍റെ അവസ്ഥാതല ത്തില്‍നിന്നും പ്രതിപാദിക്കാം. ഹാര്‍വാര്‍ഡിലെ ബയോകെമിസ്റ്റ് ആയ ജോനാഥന്‍ എസ്സന്‍സ്റ്റാന്‍റെ അഭിപ്രായത്തില്‍, "ബുദ്ധിപൂര്‍വ്വകമായ രൂപകല്പന എന്ന ആശയം ചര്‍ച്ച ചെയ്യുവാന്‍പോലും യോഗ്യമല്ല, കാരണം അവ പരിണാമ സിദ്ധാന്തത്തിന്‍റെ പരിമിതികളെ ദുരുപയോഗം ചെയ്യുന്ന യാഥാസ്ഥിതിക മതവ്യവസ്ഥിതിയുടെ ഉല്പന്നമാണ്".10 റിച്ചാഡ് ഹാള്‍വോസണ്‍ ഈ കാഴ്ചപ്പാടിനെ വിശേഷിപ്പിച്ചത്, "ആനുകാലിക സമൂഹത്തിലെ ക്ഷമാര്‍ഹമല്ലാത്ത പാഷണ്ഡത" എന്നാണ്. "മദ്ധ്യകാല യൂറോപ്പില്‍ സഭയുടെ സത്യങ്ങളെ ചോദ്യം ചെയ്യുന്നതില്‍നിന്നും കര്‍ഷകരെ വിലക്കിയിരുന്നു. കമ്യൂണിസത്തിന്‍റെ കീഴില്‍ പാര്‍ട്ടിയെ സംശയിക്കുന്നവരെ അടിമകളാക്കിയിരുന്നു. ഇപ്പോള്‍ ഡാര്‍വിനിസത്തിന്‍റെ തത്ത്വങ്ങളെ പൗരന്മാര്‍ നിര്‍ബന്ധിത വിദ്യാഭ്യാസം വഴി ഏറ്റുപറയേണ്ടിവന്നിരിക്കുന്നു".11 ശാസ്ത്ര ത്തിന്‍റെ ദര്‍ശനശുഷ്കതയെ ഒറ്റിക്കൊടുക്കുന്ന ശരാശരി നിലവാരം മാത്രമുള്ള താത്വിക മുന്‍വിധികള്‍ക്കേ രൂപകല്നയെ അടിസ്ഥാനപരമായി നിഷേധിക്കാനാവൂ.      

1953-ല്‍ ഡി.എന്‍.എ യുടെ ഘടന കണ്ടുപിടിച്ച ഫ്രാന്‍സിസ് ക്രിക്ക് പറഞ്ഞു: "ദൈവം എന്ന പരികല്പനയെ എഴുതിത്തള്ളണം".12 ഡി.എന്‍.എ. യുടെ രഹസ്യങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കിയ ഹ്യൂമന്‍ ജീനോം പ്രോജക്ടിന്‍റെ ഡയറക്ടര്‍ ഫ്രാന്‍സിസ് കോളിന്‍സ് 2003-ല്‍ പറഞ്ഞു: "തനിക്ക് കൂട്ടായ്മ സാധിക്കുന്ന ഒരു വര്‍ഗ്ഗത്തെ സൃഷ്ടിക്കുവാന്‍ ദൈവം തീരുമാനിച്ചു. പരിണാമം എന്നത് അതു ചെയ്യുവാനുള്ള ബധിരമായ ഒരു മാര്‍ഗ്ഗമാണെന്ന് ആരു പറഞ്ഞു? അതുല്യമാംവിധം സുന്ദരമായ ഒരു മാര്‍ഗ്ഗമാണത്".13 ഈ അവബോധമായിരുന്നിരിക്കാം ചെറുപ്പ കാലത്ത് നിരീശ്വരനായിരുന്ന ഫ്രാന്‍സിസ് കോളിന്‍സിനെ ഈശ്വരവിശ്വാസത്തിലേക്ക് നയിച്ചത്. ഡി.എന്‍.എ. യില്‍ നടത്തിയ ഗവേഷണങ്ങളെപ്പറ്റി അദ്ദേഹം തുറന്നു പ്രസ്താവിക്കുകയുണ്ടായി. "മുന്‍പ് ദൈവം മാത്രം അറിഞ്ഞിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ മാനവരാശി മനസ്സിലാക്കിയിരിക്കുന്നു എന്ന വസ്തുതയില്‍ എനിക്കു ഒരുതരം അത്ഭുതം തോന്നുന്നു. ജീവന്‍റെ ആത്മീയമാനത്തെ അംഗീകരിക്കാന്‍ എന്നെ സഹായിക്കുന്ന ആഴമേറിയ ഒരു ചലനാത്മക വികാരമാണിത്".14 

 ജീവിതകാലം മുഴുവന്‍ ശാസ്ത്രീയ നിരീശ്വരവാദത്തിന്‍റെ കരുത്തുറ്റ വക്താവായിരുന്നു ഓക്സ്ഫോര്‍ഡിലെ ഫിലോസ ഫറായ ആന്‍റണി ഫ്ള്യൂ. ഡി.എന്‍.എ. യുമായി ബന്ധപ്പെട്ട പുതിയ കണ്ടുപിടുത്തങ്ങളുടെ വെളിച്ചത്തില്‍ ജീവന്‍റെ ആവിഷ്കാര പാതയില്‍ ഒരു അതിപ്രജ്ഞയുടെ സാന്നിദ്ധ്യത്തെ അംഗീകരിക്കേണ്ടിയിരിക്കുന്നു എന്ന അദ്ദേഹത്തിന്‍റെ 2004 ലെ പ്രസ്താവന മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടുകൂടിത്തന്നെ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. ഇതെല്ലാം സൂചിപ്പിക്കുന്നത് ആകസ്മികത കൊണ്ടായാലും രൂപകല്പനകൊണ്ടായാലും ജീവന്‍റെ ഉത്ഭവത്തിലെ അതിസ്വാഭാവിക വിസ്മയങ്ങളുടെ നേര്‍ക്ക് കണ്ണടയ്ക്കുവാന്‍ ശാസ്ത്രത്തിന് ഒരിക്കലും സാധ്യമല്ല എന്നാണ്.

 

Origin of life: Coincidence or design? catholic malayalam Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu origin of life Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message