We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 15-Sep-2020
കാലാകാലങ്ങളില്‍ സംഭവിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ സംഭവവികാസങ്ങളും മനുഷ്യന്‍റെ ആരോഗ്യസ്ഥിതിയെ ബാധിക്കുന്ന രോഗങ്ങളും, അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും അപകടങ്ങളുമെല്ലാം ശരിയായി മനസ്സിലാക്കുവാന്‍ തക്ക വിശ്വാസബോധ്യം ജനങ്ങള്‍ക്ക് നല്കുന്നതില്‍ പരമ്പരാഗതമതങ്ങള്‍ക്ക് പരാജയം സംഭവിച്ചിടത്തുനിന്നുമാണ് നവയുഗപ്രസ്ഥാനങ്ങളുടെ ഉത്ഭവം. മന്ത്രവാദം, ജ്യോതിഷം, ജ്ഞാനവാദം, ആത്മവാദം തുടങ്ങിയവയില്‍ അധിഷ്ഠിതമാണ് നവയുഗപ്രസ്ഥാനങ്ങള്‍. കൂണുപോലെ മുളച്ചുവരുന്ന ഈ പ്രസ്ഥാനങ്ങള്‍ വ്യക്തികള്‍ക്ക് സര്‍വ്വസ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ പരമ്പരാഗതമായ നിയമങ്ങളും വിലക്കുകളുമായി നില്ക്കുന്ന മതങ്ങള്‍ക്കിടയിലേക്ക് ഇവ കടന്നുകയറുന്നു. ഏതെങ്കിലും കാരണത്താല്‍ മതനേതൃത്വവുമായി പിണങ്ങിക്കഴിയുന്നവര്‍ ഒരു ആശ്വാസവും പ്രതികാരവുമെന്ന നിലയില്‍ ഇതില്‍ ചെന്നുപെടുന്നു. പക്ഷേ, ചേര്‍ന്നുകഴിഞ്ഞാല്‍ അവരുടെ അബദ്ധസിദ്ധാന്തങ്ങള്‍ക്ക് അവരെ അടിമകളാക്കി നിര്‍വീര്യമാക്കും. എന്നാല്‍ ചില വൈകാരിക അനുഭവങ്ങളും അനുഭൂതികളും പ്രദാനം ചെയ്തുകൊണ്ട് ഇവര്‍ സാധാരണ ജനത്തിന്‍റെ ചിന്താശേഷിതന്നെ ഇല്ലാതാക്കുകയും സ്വാതന്ത്ര്യത്തെ ശരിയായി മനസ്സിലാക്കുന്നതില്‍ അവരെ പരാജയപ്പെടുത്തുകയും ചെയ്യുന്നു. ഇവരുടെ പ്രധാന ആശയങ്ങള്‍ താഴെ പറയുന്നു:
(i) ദൈവവചനത്തെയും ദൈവീക വെളിപാടിനെയുംകാള്‍ പൈശാചിക ശക്തികളോടു സംവദിക്കുന്നതിനും മരിച്ചവരുടെ ആത്മാക്കളെ വിളിച്ചുവരുത്തി ഭാവികാര്യങ്ങള്‍ അറിയുന്നതിനുമാണ് (Necromancy) ഇവര്‍ പ്രാധാന്യം നല്കുന്നത്. മനുഷ്യന് സ്വയം ദൈവത്വം കല്പിക്കുന്ന ചിന്താശൈലിയും (വിശ്വദൈവവാദം - Pantheism) ഇവരുടെയിടയില്‍ പ്രകടമാണ്. പുനര്‍ജന്മവിശ്വാസം, പരകായപ്രവേശം തുടങ്ങിയ ചിന്താഗതികളെ ഇവര്‍ പഠിപ്പിക്കുന്നു. മരണശേഷം വീണ്ടും ജനിക്കുകയും വീണ്ടും മനുഷ്യരെപ്പോലെ ജീവിക്കുകയും ഈ ക്രമം പല പ്രാവശ്യം ആവര്‍ത്തിക്കപ്പെടുകയും ചെയ്യുമെന്ന് ഇവര്‍ കരുതുന്നു.
(ii) വര്‍ത്തമാനകാലത്തെക്കാള്‍ ഭാവികാലത്തിനാണ് ഇവര്‍ അമിതപ്രാധാന്യം നല്കുന്നത്. ജ്യോതിശാസ്ത്രത്തെ ഭാവിപ്രവചനരീതിയായി ഇവര്‍ കരുതുന്നു. ക്രിസ്റ്റലുകളെ (വജ്രം) ഊര്‍ജ്ജ ഉറവിടമായും സൗഖ്യശക്തിയുള്ളവയായും കരുതുന്നു. ഉപ്പ്, പഞ്ചസാര എന്നിവയ്ക്കും ഇതേ പ്രാധാന്യമുണ്ടെന്ന് ഇവര്‍ വാദിക്കുന്നു.
(iii) ഒരു വ്യക്തിക്ക് തന്‍റെ ചിന്തയും ഭാവനയും ഹിപ്നോട്ടിക് നിദ്ര, മയക്കുമരുന്നുകള്‍, ധ്യാനം എന്നിവവഴി തനിക്ക് അതീതമായ അനുഭവങ്ങളുടെ മേഖലയിലേക്ക് പ്രവേശിക്കാമത്രേ. ഹോളിസ്റ്റിക് (holistic) ചികിത്സാരീതികളോടാണ് ഇവര്‍ക്കു താത്പര്യം. ഗവണ്‍മെന്‍റ് ഒന്നും ഇല്ലാത്ത പുതിയ ഒരു ലോക ക്രമമാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്.
നവയുഗപ്രസ്ഥാനങ്ങളെ കാലാകാലങ്ങളില്‍ മാറിവരുന്ന 'ഫാഷന്‍' പോലെ മാത്രമേ കരുതാനാവൂ. ജനങ്ങള്‍ തുടക്കത്തില്‍ പുതുമതേടി ആകൃഷ്ടരാകുമെങ്കിലും ഇവയ്ക്ക് മനുഷ്യമനസ്സില്‍ സ്ഥായീഭാവമാര്‍ജ്ജിക്കുവാനാവില്ല. ഇവരുടെ പല ആശയങ്ങളും ആധുനിക മനുഷ്യജീവിതത്തിനോ, സാധാരണ യുക്തിക്കോ നിരക്കുന്നതല്ല.
ഓജോ (വീജാ) ബോര്‍ഡ്
പരേതാത്മാക്കളുടെ ലോകവുമായി സംവദിക്കാനുതകുന്ന ഉപകരണമായിട്ടാണ് ഓജോബോര്‍ഡുകള്‍ അറിയപ്പെടുന്നത്. ഇംഗ്ലീഷ് അക്ഷരമാലയും പൂജ്യം മുതല്‍ ഒന്‍പതുവരെയുള്ള അക്കങ്ങളും മറ്റുചില ചിഹ്നങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ഒരു ബോര്‍ഡും അതിന്മേല്‍ ചലിപ്പിക്കാനാകുന്ന ഒരു നാണയമോ ചെറു ഫലകമോ അടങ്ങുന്നതാണ് ഈ ഉപകരണം. ഉത്തരംകിട്ടേണ്ട ചോദ്യംചോദിച്ചുകൊണ്ട് നാണയത്തിന്മേല്‍ വിരല്‍വച്ചാല്‍ പ്രസ്തുത നാണയം വിവിധ അക്ഷരങ്ങളിലൂടെയും അക്കങ്ങളിലൂടെയും ചലിച്ച് ഉത്തരം എഴുതിക്കാണിക്കുന്നു എന്നതാണ് ഇതിന്‍റെ പ്രചാരകര്‍ അവകാശപ്പെടുന്നത്.
പരേതാത്മാക്കളുടെ ശക്തിയാലാണ് ഇപ്രകാരം സംഭവിക്കുന്നത് എന്നും ഇവര്‍ അവകാശപ്പെടുന്നു. ഈ പ്രതിഭാസത്തെക്കുറിച്ചു പഠനം നടത്തിയിട്ടുള്ള ഗവേഷകര്‍ വ്യത്യസ്തമായ നിഗമനങ്ങളിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. ഇത്തരം നിഗൂഢവിദ്യകള്‍ അനുഷ്ഠിക്കുന്നവരുടെ ബോധമനസ്സ് സുഷുപ്തിയിലാവുകയും അബോധമനസ്സ് ഉണരുകയും ചെയ്യുന്നതിനാല്‍ അബോധമനസ്സിന്‍റെ പ്രേരണയനുസരിച്ച് വ്യക്തിയുടെ വിരല്‍ ചലിക്കുന്നതിനാലാണ് നാണയം നീങ്ങുന്നത് എന്നതാണ് ഒരു വ്യാഖ്യാനം. ബോധമനസ്സ് നിര്‍ജീവമാകുമ്പോള്‍ അതീന്ദ്രിയ ശക്തികള്‍ (പൈശാചിക ശക്തികള്‍) വ്യക്തിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും അവരിലൂടെ അതിസ്വഭാവിക കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും വ്യാഖ്യാനിക്കപ്പെടാറുണ്ട്.
ഓജോ ബോര്‍ഡിന്‍റെ ഫലസിദ്ധിയെക്കുറിച്ച് വസ്തുനിഷ്ഠമായ തെളിവുകളൊന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടില്ല. ഇത്തരം ബോര്‍ഡുകളുടെ ഉപയോഗം ധാര്‍മ്മികമായും വിശ്വാസപരമായും നീതീകരിക്കാനാവില്ല. കാരണം:
(1) മനുഷ്യന്‍റെ ബോധമനസ്സിനെ നിര്‍വീര്യമാക്കുകവഴി മനുഷ്യവ്യക്തിത്വത്തിന്‍റെ സ്വഭാവിക പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ ഇതിന്‍റെ ഉപയോഗം തെറ്റാണ്.
(2) അമേരിക്കന്‍ ഗവേഷണസമിതി (PRS) യുടെ പഠനമനുസരിച്ച് ഓജോ ബോര്‍ഡ് ഉപയോഗിക്കുന്ന 95% പേരിലും മനോവൈകല്യങ്ങള്‍ രൂപപ്പെടുന്നുണ്ട്.
(3) പരേതാത്മാക്കളുമായി സംവദിക്കാനുള്ള ശ്രമം എന്നനിലയില്‍ ഇതിന്‍റെ ഉപയോഗം കത്തോലിക്കാവിശ്വാസത്തിന്‍റെ ലംഘനമാണ്. പരേതാത്മാക്കളുടെ സ്വാധീനം ഈ ലോകത്തില്ലായെന്നും അവയുമായി സംവദിക്കാനാവില്ലായെന്നുമാണ് സഭയുടെ പരമ്പരാഗത വിശ്വാസം.
(4) ഭാവി അറിയുന്നതിനായി ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിനെ വിശുദ്ധഗ്രന്ഥം ശക്തമായി വിലക്കുന്നുണ്ട് (നിയ 18:11-12; 1 സാമു 15:23; 2 രാജാ 9:22; 2 ദിന 33:6). ദൈവനിന്ദയാകയാല്‍ ഇതിനെ മരണശിക്ഷാര്‍ഹമായ തെറ്റായിട്ടാണ് നിയമഗ്രന്ഥം കാണുന്നത് (പുറ 22:18; ലേവ്യ 20:27).
New Age Movements and Ojo Boards Mar Joseph Pamplany ojo boards teaching of the church on ojo boards ഓജോ (വീജാ) ബോര്‍ഡ് Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206