x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ ഇതര മതസംവാദം

ബഹുത പുതിയനിയമത്തിൽ

Authored by : Dr. Vincent Kundukulam, Fr. Tom Olikkarottu On 22-Feb-2023

5

ബഹുത - പുതിയനിയമത്തിൽ

പഴയനിയമത്തിന്റെ പൂർത്തീകരണമാണല്ലോ പുതിയ നിയമം. അതിനാൽ ബഹുതയോടുള്ള ക്രൈസ്തവസമീപനത്തിന് ദിശാബോധം നൽകേണ്ടത് പഴയനിയമത്തേക്കാൾ പുതിയനിയമത്തിന്റെ ചൈതന്യമാണെന്നതിൽ സംശയമില്ല. ക്രിസ്തുവിലൂടെ സംഭവിച്ച ദൈവികവെളിപാടിന്റെ പൂർണതയാണ് പുതിയനിയമത്തിന്റെ അന്തഃസത്ത. ഹെബ്രായർക്കെഴുതിയ ലേഖനം പറയുന്നതുപോലെ, പൂർവകാലങ്ങളിൽ പ്രവാചകന്മാർവഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാൽ ഈ അവസാന നാളുകളിൽ തന്റെ പുത്രൻവഴി അവിടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു (ഹെബ്രാ 1,1).

പുതിയ നിയമത്തിലും പഴയനിയമത്തിലേതുപോലെ ഇതരമത മനോഭാവങ്ങളോട് നിഷേധാത്മകവും ഭാവാത്മകവുമായ സമീപനങ്ങൾ കാണാനാവും. സമയത്തിന്റെ പൂർത്തിയിൽ മനുഷ്യനായി അവതരിച്ച യേശു ദൈവമാണെന്നും അവനിൽ സകല വെളിപാടുകളുടെയും പൂർണതയുണ്ടെന്നും രക്ഷയുടെ ഏക മദ്ധ്യസ്ഥൻ അവനാണെന്നും അനിഷേധ്യമായി പ്രസ്താവിക്കുന്ന തിരുവചനഭാഗങ്ങൾ ഇതരമതങ്ങളോടുള്ള ഇടുങ്ങിയ മനോഭാവത്തിന് ഉദാഹരണമായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. അതേസമയം പിതാവിനോടൊപ്പം ആദിമുതലേ ഉണ്ടായിരുന്നതും സൃഷ്ടികർമ്മത്തിലൂടെ സർവജീവജാലങ്ങളിലും സന്നിഹിതമായതും കുരിശുമരണവും ഉത്ഥാനവും വഴി സകല മനുഷ്യരുടെയും രക്ഷ സാധിച്ചതുമായ വചനമായ യേശുവിനെ ഏറ്റു പറയുന്ന ഭാഗങ്ങളിൽ ഭാവാത്മകവും സാർവലൗകികവുമായ ഭാവമാണ് നിഴലിക്കുന്നത്. ഈ രണ്ടു മനോഭാവങ്ങളെയും വിശകലനം ചെയ്യാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.

5.1 യേശുവിന്റെ മനോഭാവം

യേശുവിന്റെ ജനനത്തോട് ബന്ധപ്പെട്ടു നടന്ന സംഭവങ്ങളിൽത്തന്നെ രക്ഷയുടെ സാർവത്രികഭാവം വെളിപ്പെടുന്നുണ്ട്. വിശുദ്ധ മത്തായി സുവിശേഷകൻ അവതരിപ്പിക്കുന്ന ജ്ഞാനികളുടെ സന്ദർശനമാണ് അതിലൊന്ന്. ലോകരക്ഷകനായ യേശു പിറന്ന സദ്‌വാർത്ത ആദ്യം ഗ്രഹിക്കുന്നത് യഹൂദപണ്ഡിതരല്ല മറിച്ച്, പൗരസ്ത്യദേശക്കാരായ ജ്ഞാനികളാണ്. ജ്യോതിഷശാസ്ത്രപ്രകാരം ക്രിസ്തുവിന്റെ ജന്മസ്ഥലം ഊഹിച്ചെടുക്കാൻ വിജാതിയരായ പൂജരാജാക്കന്മാർക്ക് സാധിച്ചു. വിശുദ്ധ മത്തായിയുടെ സുവിശേഷം 2, 1-12 വരെയുള്ള ഭാഗങ്ങളിൽ വിവരിക്കപ്പെട്ടിട്ടുള്ള ഈ സംഭവത്തെ അധികരിച്ച് ഇപ്പോഴത്തെ പാപ്പയായ ജോസഫ് റാറ്റ്സിംഗർ 1968 ൽ നടത്തിയ വ്യാഖ്യാനം ശ്രദ്ധേയമാണ്. ജ്ഞാനികളുടെ സന്ദർശനം വെളിവാക്കുന്നത് രക്ഷയുടെ വിശാലതയാണ്. വിജാതിയർക്കും അവരുടെ സാംസ്കാരിക മുറകളനുസരിച്ച് ദൈവത്തെ തേടിയാൽ രക്ഷയുടെ പാതയിലെത്താമെന്ന് ഇത് സൂചിപ്പിക്കുന്നു (J. Ratzinger, Christianity and World Religions', One Holy Catholic and Apostolic, p. 210).

ഹെറോദേസ് രാജാവ് ബെത്ലഹേമിലെ ആൺകുട്ടികളെ വധിച്ചസംഭവത്തിൽ യേശുവിന് അഭയമാകാൻ ദൈവത്തിന്റെ പദ്ധതിയിൽ ഈജിപ്തിനു കൈവന്ന അവസരം സാന്ദർഭികമായി കരുതാവുന്നതല്ല. വിജാതിയരാജ്യമായ ഈജിപ്തിനെ ദൈവപുത്രന്റെ സംരക്ഷണത്തിനുള്ള ഇടമായി തിരഞ്ഞെടുക്കുകവഴി, രക്ഷയുടെ വിശാലതയാണ് ദൈവം വെളിപ്പെടുത്തിയത്.

യേശുവിന്റെ പരസ്യജീവിതകാലത്തെ പഠനങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും കണ്ണോടിക്കാം. പിതാവുമായുള്ള ബന്ധം അനുസ്മരിക്കുന്ന സന്ദർഭങ്ങളിലെല്ലാം യേശു തന്റെ ഈശ്വരതുല്യമായ വ്യക്തിത്വത്തെ തറപ്പിച്ച് പറയുന്നുണ്ട്. “പിതാവ് എന്നിലും ഞാൻ പിതാവിലുമാണെന്ന് നിങ്ങൾ അറിയുക" (യോഹ 10,38). “താനും പിതാവും ഒന്നായിരിക്കുന്നതുപോലെ മനുഷ്യരെല്ലാം ഒന്നാകണമെന്നതാണ് അവിടുത്തെ പ്രാർത്ഥന"(യോഹ 17,22). “എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു" (യോഹ 14,9). “സർവവും പിതാവ് എന്നെയേല്പിച്ചിരിക്കുന്നു... താനും താൻ ആർക്കുവെളിപ്പെടുത്തുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെ അറിയുന്നില്ല” (മത്താ 11,27).

“മനുഷ്യപുത്രൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?” എന്ന ചോദ്യത്തിന് “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന്" (മത്താ 16,16) പറഞ്ഞ പത്രോസിനെ യേശു അകമഴിഞ്ഞ് അഭിനന്ദിക്കുന്നുണ്ട്.

തന്റെ ദൈവാസ്ഥിത്വം വ്യക്തമാക്കുന്നതിനായി യേശു തന്റെ പരസ്യജീവിതകാലത്ത് അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നുണ്ട്. ദൈവത്തിനുമാത്രം സാധ്യമെന്നു കരുതിയ കാര്യങ്ങൾ യേശു ചെയ്തിരുന്നതായി സുവിശേഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഉദാഹരണമായി, പാപമോചനം ദൈവത്തിനു മാത്രം അനുവദനീയമെന്ന സങ്കല്പത്തിൽ ജീവിച്ച മനുഷ്യരുടെ ഇടയിൽ അവിടുന്ന് സൗഖ്യത്തിനായി എത്തിയ രോഗികളെ അവരുടെ പാപങ്ങൾ ക്ഷമിച്ചാണ് സുഖപ്പെടുത്തിയത് (മത്താ 9,1-8). മരിച്ചവരെ ഉയർപ്പിക്കുന്നതിലൂടെ താൻ ജീവന്റെയും മരണത്തിന്റെയും നാഥനാണെന്ന് അവിടുന്ന് വെളിവാക്കുന്നു (യോഹ 11,25). മനുഷ്യനു ദുഃസ്സഹമായിത്തീർന്ന സാബത്ത് നിയമങ്ങളെ പുനർവ്യാഖ്യാനിച്ചുകൊണ്ട് മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണെന്ന് അവിടുന്ന് വ്യക്തമാക്കുന്നു (മർക്കോ 2,28). തന്റെ സമയാതീതമായ അസ്തിത്വം ഉറപ്പിച്ചു കൊണ്ട് അവിടുന്നു പറയുന്നു, “അബ്രാഹത്തിനുമുമ്പേ ഞാനുണ്ട്” (യോഹ 8,58). ഇങ്ങനെ യേശു ദൈവമാണെന്ന വിശ്വാസപ്രഖ്യാപനം പുതിയ നിയമത്തിൽ ഉടനീളം കാണാൻ കഴിയും. യേശു ദൈവമാകയാൽ അവിടുന്ന് സകലജനപഥങ്ങളുടെയും രക്ഷകനാണെന്ന സത്യമാണ് സുവിശേഷകന്മാർ അനാവൃതമാക്കുന്നത്.

യേശു സകല ജനപഥങ്ങളുടേയും രക്ഷകനാണെങ്കിൽ എന്തുകൊണ്ടാണ് അവിടുന്ന് തന്റെ പരസ്യജീവിതം പ്രധാനമായും ഇസ്രായേൽക്കാരുടെ ഇടയിൽ മാത്രമായി ഒതുക്കിനിർത്തിയത് എന്നത് ഇവിടെ ചിന്തനീയമാണ്. യേശു പറയുന്നു: “ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണ് ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നത്" (മത്താ 15,24). ഇസ്രായേൽക്കാർ തിങ്ങിപ്പാർത്തിരുന്ന ഗലീലിയായുടെ മലയോരങ്ങളിലും ഗനേസറത്ത് തടാകത്തിന്റെ വടക്കുവശത്തും യേശു തന്റെ പരസ്യജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിച്ചതായാണ് സുവിശേഷങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ഗ്രീക്കുകാരുടെ കേന്ദ്രങ്ങളായിരുന്ന ഗലീലി, സെഫോറിസ്, തിബേരിയാസ് എന്നീ പട്ടണങ്ങളിൽ നിന്ന് അവിടുന്ന് മാറിനിന്നു. യേശു സന്ദർശിച്ച വിജാതിയ പട്ടണങ്ങളിൽ ഉൾപ്പെടുന്നത് ടയിർ, സീദോൻ, (മർക്കോ 7,24-31) കേസറിയാ - ഫിലിപ്പി (മർക്കോ 8,29) എന്നിവയാണ്. ഈ പട്ടണങ്ങൾ സന്ദർശിച്ചപ്പോഴും, ഇസ്രായേലിന്റെ വടക്കു ഭാഗത്തു നിന്ന് അവിടങ്ങളിൽ കുടിയേറിപ്പാർത്ത യഹൂദരോട് രക്ഷയുടെ സുവിശേഷം അറിയിക്കുക എന്നതായിരുന്നു യേശുവിന്റെ ലക്ഷ്യമെന്ന് ബൈബിൾ പണ്ഡിതന്മാർ അവകാശപ്പെടുന്നു (L. Legrand, Mission in the Bible, pp. 48-50).

പരസ്യജീവിതകാലത്ത് യേശു ശിഷ്യന്മാർക്കു നൽകിയ പ്രേഷിതദൗത്യത്തിലും വിജാതിയരെ ഒഴിവാക്കുന്ന മനോഭാവം നിഴലിക്കുന്നു. പന്ത്രണ്ട് അപ്പോസ്തോലന്മാരെ അയക്കുമ്പോൾ “നിങ്ങൾ വിജാതിയരുടെ അടുത്തേക്ക് പോകരുത് സമരിയാക്കാരുടെ പട്ടണത്തിൽ പ്രവേശിക്കുകയുമരുത്, പ്രത്യുത ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കുപോകുവിൻ" (മത്താ 10,5-6) എന്നാണ് അവിടുന്ന് മുന്നറിയിപ്പ് നൽകുന്നത്. വിജാതിയ വിരുദ്ധമെന്ന് തോന്നാവുന്ന മേൽ പറഞ്ഞ ഭാഗങ്ങളുടെ യഥാർത്ഥ അർത്ഥം ഗ്രഹിക്കണമെങ്കിൽ ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ യഹൂദവംശത്തിനുള്ള പ്രത്യേക സ്ഥാനത്തെപ്പറ്റി സുവിശേഷകന്മാർക്കുണ്ടായിരുന്ന ധാരണ മനസ്സിലാക്കേണ്ടതാണ്.

ഇസ്രായേലിലൂടെ ലോകരക്ഷ എന്നതായിരുന്നല്ലോ പഴയ നിയമവിശ്വാസം. ഇസ്രായേൽ പൂർണ്ണമായും യേശുവിനെ സ്വീകരിക്കുകയും ഈ സദ്‌വാർത്തയുടെ പ്രത്യക്ഷ അടയാളമായി ജീവിക്കുകയും ചെയ്യുമ്പോൾ പുറജാതികളും ആ മാർഗം കണ്ട് ദൈവത്തിന്റെ രക്ഷയിലേക്ക് കടന്നുവരുമെന്ന് ശിഷ്യന്മാർ വിശ്വസിച്ചു. അതിനാൽ ഇസ്രായേലിന്റെ മാനസാന്തരത്തിനായിരുന്നു ആദിമ ക്രൈസ്തവസഭ മുൻഗണന നല്കിയത്. ആ ശ്രദ്ധയാണ് യേശുവിന്റെ ഇംഗിതമായി സുവിശേഷകന്മാർ അവതരിപ്പിച്ചത്.

വിജാതിയരക്ഷ യുഗാന്ത്യോന്മുഖമാണെന്ന ബോധ്യവും യേശുവിന്റെ പരസ്യജീവിതകാലപ്രവർത്തനങ്ങളെ യഹൂദരോട് ബന്ധപ്പെടുത്തി ചിത്രീകരിക്കാൻ സുവിശേഷകന്മാരെ പ്രേരിപ്പിച്ചു. യേശുവിന്റെ ഉത്ഥാനത്തോടെയാണ് യുഗാന്ത്യോന്മുഖകാലഘട്ടം ആരംഭിക്കുന്നത്. അനേകർക്കായി യേശുവിന്റെ രക്തം ചിന്തപ്പെട്ട് കഴിയുമ്പോൾ (മർക്കോ 14,24) ദൈവരാജ്യത്തിന്റെ ഫലങ്ങൾ വിജാതീയരിലും പ്രകടമായിത്തുടങ്ങും. അതിനാലാണ് ഉത്ഥിതനായ ക്രിസ്തു ശിഷ്യന്മാരെ അയച്ചപ്പോൾ സകലജനതകളോടും സുവിശേഷമറിയിക്കാനുള്ള സാർവത്രിക ദൗത്യം നല്കുന്നത്. (മത്താ 28,19).

“വിജാതിയരുടെ അടുത്തേക്ക് പോകരുത് " എന്നതിന് ബൈബിൾ വ്യാഖ്യാതാക്കൾ നൽകുന്ന മറ്റൊരു വ്യാഖ്യാനം ഈ സന്ദർഭത്തിൽ സവിശേഷ ശ്രദ്ധയർഹിക്കുന്നു. AD 70-ൽ ജറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടതിനുശേഷം ജോഹന്നാൻ ബെൻ സക്കായിയുടെ നേതൃത്വത്തിൽ ജാമ്നിയായിലെ ഫരിസേയർ ക്രൈസ്തവ വിരുദ്ധമായ നീക്കങ്ങൾ നടത്തുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. യേശു ക്രിസ്തുവാണെന്ന് ഏറ്റുപറയുന്നവരെ സിനഗോഗുകളിൽ നിന്ന് പുറത്താക്കുകയും (യോഹ 9,22) അവരുമായി സഹകരിക്കുന്നതിൽ നിന്ന് യഹൂദരെ വിലക്കുകയും ചെയ്തിരുന്നു. തൽഫലമായി യഹൂദക്രിസ്ത്യാനികൾ സമൂഹത്തിൽ ഒറ്റപ്പെട്ടു. വിശ്വാസത്തെപ്രതി ഒരേഭവനത്തിലെ അംഗങ്ങൾ വരെ രണ്ട് ചേരികളിലാവുകയും അത് ഭിന്നതയ്ക്കും അസമാധാനത്തിനും വഴിവയ്ക്കുകയും ചെയ്തു. യഹൂദരുടെ മാനസാന്തരംമൂലം കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടായ ആശയക്കുഴപ്പങ്ങൾ തന്നെ പരിഹരിക്കുക ക്ലേശകരമായ സാഹചര്യത്തിൽ വിജാതിയ സമൂഹങ്ങളിൽ നിന്നുകൂടി മാനസാന്തരപ്പെട്ടവർ ക്രിസ്തു മാർഗത്തിലുണ്ടായാൽ അതു മൂലം രൂപപ്പെടാനിടയുള്ള പ്രതിസന്ധികളെക്കുറിചുള്ള ചിന്ത മത്തായി സുവിശേഷകനെ സന്നിഗ്ധാവസ്ഥയിൽ എത്തിച്ചിരിക്കാം. യഹൂദ ക്രിസ്ത്യാനികളുടെ ഇടയിലെ പ്രശ്നങ്ങൾ ആദ്യം തീരട്ടെ എന്നിട്ടാകാം പുതിയ പ്രശ്നങ്ങൾ വഴിതെളിയിക്കാനിടയുള്ള വിജാതിയ മിഷൻ പ്രവർത്തനമെന്ന് ചിന്തിക്കുക തികച്ചും സ്വാഭാവികവും യുക്തിസഹവുമാണല്ലോ. അന്ന് യഹൂദർ വിജാതീയർക്ക് ഭ്രഷ്ട് കല്പിച്ചിരുന്നു. ക്രിസ്തു മാർഗ്ഗത്തിൽ വിശ്വസിക്കുന്നു എന്ന ഒറ്റക്കാരണത്താൽ യഹൂദർ വിജാതിയരെ തുല്യരായി കണക്കാക്കുമോ? ചുരുക്കത്തിൽ യഹൂദസമൂഹം മാനസാന്തരപ്പെടുന്നതുവരെ വിജാതിയരുടെ മാനസാന്തരം നീട്ടിവയ്ക്കുകയാണ് പ്രായോഗിക ബുദ്ധിയെന്ന് സുവിശേഷകന്മാർ ചിന്തിച്ചിരിക്കണം.

ഇക്കാരണത്താൽ യേശുവിന്റെ പ്രവർത്തനങ്ങൾ വിജാതിയരെ അവഗണിച്ചായിരുന്നു എന്നോ അവന്റെ മനോഭാവം ബഹുതയ്ക്ക് പ്രതികൂലമായിരുന്നു എന്നോ പറയാനാവില്ല. വിജാതിയരുടെ ഇടയിലുള്ള പ്രവർത്തനം വിജയിക്കാനാവശ്യമായ ആദ്യനടപടിയെന്നവണ്ണമാണ് യഹൂദരുടെ മാനസാന്തരം ലക്ഷ്യം വച്ച് അവരുടെ ഇടയിൽ മാത്രമായി അവൻ പ്രവർത്തിച്ചത് (J. Kuttianimattathil, Jesus-Christ, Unique and Universal, pp 66-67).

ബൈബിൾ വ്യാഖ്യാനകലയിലെ ഒരു സാമാന്യതത്വം ഇവിടെ സ്മർത്തവ്യമാണ്. സുവിശേഷത്തിലെ ഏതൊരു ഭാഗവും വ്യാഖ്യാനിക്കുമ്പോൾ അത് യേശുവിന്റെ മനോഭാവത്തിനും സുവിശേഷത്തിന്റെ മുഖ്യധാരാ സന്ദേശത്തിനും വിരുദ്ധമാകാൻ പാടില്ല. പുതിയ നിയമത്തിൽ തെളിഞ്ഞു നിൽക്കുന്നത് സാർവാശ്ലേഷിയായ സ്നേഹം സ്ഫുരിക്കുന്ന യേശുവിന്റെ മനസ്സാണ്. നീതിമാനെയും പാപിയെയും, സമൂഹത്തിന്റെ മുഖ്യധാരയിലുള്ളവരെയും, പാർശ്വവൽക്കരിക്കപ്പെട്ടവരെയും, ഒരുപോലെ നിർലോഭമായി സ്നേഹിക്കുന്ന ഒരു പിതാവിന്റെ ചിത്രമാണ് യേശുവിലൂടെ വെളിവായത്.

വിജാതിയർക്കുവേണ്ടി അത്ഭുതങ്ങൾ പ്രവർത്തിച്ച് ദൈവരാജ്യത്തിന്റെ ഫലങ്ങൾ അവർക്കും സംലഭ്യമാണെന്ന് യേശു തെളിയിച്ചിട്ടുണ്ട്. ടയിറിലെ ഒരു വീട്ടിലായിരിക്കെ സീറോ ഫിനിഷ്യൻ സ്ത്രീ വന്ന് മകളിൽ ആവസിച്ചിരിക്കുന്ന അശുദ്ധാത്മാവിനെ പുറത്താക്കണമെന്ന് അഭ്യർത്ഥിച്ചപ്പോൾ യേശു അത് നിറവേറ്റിക്കൊടുക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ മക്കളാണ് രക്ഷാകരകൃപയ്ക്ക് ആദ്യമേ അർഹതപ്പെട്ടവർ എന്ന് സ്മരിക്കുന്നുണ്ടെങ്കിലും വിജാതീയർക്ക് അവിടുന്ന് സൗഖ്യം നിഷേധിക്കുന്നില്ല (മർക്കോ 7,24-30). കഫർണാമിലെ ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തിയ ശേഷം ഇതുപോലുള്ള വിശ്വാസം ഇസ്രായേലിൽ ഒരുവനിൽപ്പോലും കണ്ടിട്ടില്ല എന്നാണ് യേശു പ്രശംസിച്ച് പറയുന്നത് (മത്താ 8,5-13). വിശ്വാസമുള്ള വിജാതിയനാണ് അവിശ്വസ്തരായ തിരഞ്ഞെടുക്കപ്പെട്ട ജനതയേക്കാൾ ദൈവത്തിന് സ്വീകാര്യനെന്നല്ലേ ഇത് അർത്ഥമാക്കുന്നത്.

അതുകൊണ്ടുതന്നെ സകലജനതകളിലും നിന്നുള്ളവർ സ്വർഗരാജ്യത്തിലെ വിരുന്നാസ്വദിക്കുമെന്ന് അവിടുന്ന് പ്രഖ്യാപിക്കുന്നു. "കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകൾ വന്ന് അബ്രാഹത്തിനോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗരാജ്യത്തിലെ വിരുന്നിനിരിക്കും" (മത്താ 8,5-13). ജാതിയുടെയോ വർഗത്തിന്റെയോ മതവിശ്വാസത്തിന്റെയോ മാനദണ്‌ഡങ്ങളിലായിരിക്കില്ല, സ്നേഹപ്രവൃത്തികളുടെ അടിസ്ഥാനത്തിലായിരിക്കും അന്ത്യവിധിയെന്ന് യേശു അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട് (മത്താ 25,31-46).

യേശുവിന്റെ വിജാതിയ മനോഭാവത്തെപ്പറ്റി നവമായ പല പഠനങ്ങളുമുണ്ട്. അതിലൊന്ന് യേശുവിന്റെ പ്രകടനപത്രികയ്ക്ക്‌ നല്കിയ വ്യാഖ്യാനമാണ്. ലൂക്കായുടെ സുവിശേഷം 4,18-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രഭാഷണം ഏശയ്യാപ്രവാചകന്റെ പുസ്തകം 61,1-2 വാക്യങ്ങളുടെ ആവർത്തനമാണ്. “ദൈവമായ കർത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട്, പീഡിതരെ സദ്‌വാർത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കുവാനും തടവുകാർക്ക് മോചനവും ബന്ധിതർക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കർത്താവിന്റെ കൃപാവത്സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവർക്ക് സമാശ്വാസം നൽകാനും എന്നെ അയച്ചിരിക്കുന്നു". എന്നാൽ ലൂക്കാ 4,18-ലെ ഉദ്ധരണിയിൽ ഏശയ്യായുടെ പ്രവചനത്തിലുള്ള "നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും” എന്ന ഭാഗം വിട്ടുകളഞ്ഞിരിക്കുന്നതായി കാണാം.

എന്തുകൊണ്ടായിരിക്കാം യേശു ഈ ഉപവാക്യം വിട്ടുകളഞ്ഞത്? ദൈവത്തിന്റെ പ്രതികാരദിനത്തിന്റെ പ്രത്യേകതയിലാണ് ഈ ഉപേക്ഷയുടെ രഹസ്യം അടങ്ങിയിരിക്കുന്നത്. മിശിഹാ വരുമ്പോൾ യഹൂദനിയമങ്ങൾ പാലിക്കാത്തവരെയും വിജാതിരെയയും ശിക്ഷിച്ച് പ്രതികാരം പൂർത്തിയാക്കും എന്നായിരുന്നു ഇസ്രായേല്യരുടെ വിശ്വാസം. ഏശയ്യായുടെ പ്രവചനം നിറവേറിയിരിക്കുന്നു എന്ന് അവകാശപ്പെടുമ്പോൾ താൻ മിശിഹായാണെന്നാണ് യേശു സ്ഥാപിക്കുന്നത്. അതേസമയം യഹൂദസങ്കൽപത്തിനനുസൃതമായി വിജാതിയരോട് പ്രതികാരം ചെയ്യുന്ന മിശിഹായല്ല താനെന്നാണ് പ്രതികാരദിനം എന്ന ഭാഗം ഉപേക്ഷിച്ചതുവഴി യേശു വ്യക്തമാക്കുന്നത്. മറിച്ച് വിജാതിയർക്കും രക്ഷ പ്രദാനം ചെയ്യുന്നവനാണ് യേശു.

ജറുസലേം ദേവാലയത്തിൽനിന്ന് കച്ചവടക്കാരെ പുറത്താക്കുന്ന യേശുവിന്റെ പ്രവാചകതുല്യമായ പ്രവൃത്തിയിലും (മർക്കോ 11,15-19) വിജാതീയരോടുള്ള സ്നേഹം ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് ബൈബിൾ പണ്ഢിതരുടെ അഭിമതം. കച്ചവടക്കാരെ ചാട്ടവാറ് ചുഴറ്റി ഓടിച്ചത് ദേവാലയത്തിന്റെ വിശുദ്ധിയെ ഓർമ്മിപ്പിക്കാൻ മാത്രമായിരുന്നില്ലത്രേ. ക്രയവിക്രയക്കാർ തമ്പടിച്ചിരുന്നത് ജെറുസലേം ദേവാലയത്തിൽ വിജാതിയരുടെ അങ്കണം എന്നറിയപ്പെട്ടിരുന്ന സ്ഥലത്തായിരുന്നു. യഹൂദരല്ലാത്തവർക്കു ദേവാലയത്തിലേക്കു പ്രവേശിക്കാൻ പ്രത്യേകം മാറ്റി വയ്ക്കപ്പെട്ടിരുന്ന ഈ സ്ഥലത്ത് വില്പന നടത്തുകവഴി വിജാതിയർക്ക് യഹോവയുടെ പക്കലേക്കു വരാനുള്ള അവസരമാണ് യഹൂദപ്രമാണികൾ നിഷേധിച്ചത്. ഈ പശ്ചാത്തലത്തിലാണ് 17-ാം വാക്യത്തിൽ “എന്റെ ഭവനം എല്ലാ ജനതകൾക്കും വേണ്ടിയുള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിട്ടില്ലേ?” എന്ന് യേശു ചോദിക്കുന്നത്. കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിലൂടെ വിജാതീയർക്കു രക്ഷയിലേക്കുള്ള വഴി തെളിക്കുകയാണ് കർത്താവ് ചെയ്തത്.

യേശുവിന്റെ വിജാതിയരോടുള്ള മനോഭാവം വെളിപ്പെടുത്തുന്ന മറ്റൊരു സന്ദർഭമാണ് ബാധയൊഴിപ്പിക്കുന്ന ഒരു മന്ത്രവാദിയുടെ നേർക്ക് അവിടുന്ന് സ്വീകരിച്ച നിലപാട് (മർക്കോ 9,38-41; ലൂക്കാ 9,49-50). യേശുവിന്റെ കാലത്ത് യഹൂദരുടെ ഇടയിലും വിജാതിയരുടെ ഇടയിലും സർവസാധാരണമായിരുന്നു ബാധയൊഴിപ്പിക്കൽ. വിജാതിയരായ മന്ത്രവാദികൾ യഹൂദരുടെ വിശ്വാസ ദുർഗങ്ങളായിരുന്ന അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരുടെയും മാലാഖമാരുടെയും പേരുകൾ ഉപയോഗിച്ച് പിശാചുക്കളെ ഒഴിപ്പിക്കുമായിരുന്നു. ആ പശ്ചാത്തലത്തിലാണ് ജനങ്ങളുടെ ഇടയിൽ അതിശയപുരുഷനും പ്രവാചകതുല്യനുമായ യേശുവിന്റെ നാമം പിശാചിനെ ഒഴിപ്പിക്കുന്നതിന് വിജാതിയമന്ത്രവാദി ഉപയോഗിക്കുന്നത്. ഇതറിഞ്ഞ ശിഷ്യന്മാർ യേശുവിനോട് അവനെ തടയാനാണ് ആവശ്യപ്പെടുന്നത്. പക്ഷേ, ഇതിനു മറുപടിയായി യേശു പറയുന്നത്: “നമുക്ക് എതിരല്ലാത്തവർ നമ്മുടെ ഭാഗത്താണ്' എന്നാണ്. പരസ്യമായി തന്നെ അനുഗമിക്കാത്തവനായിരുന്നിട്ടും ഒരു വിജാതിയനിലൂടെ പ്രവർത്തിക്കാൻ മനസ്സാകുന്നതുവഴി കർത്താവ് വ്യക്തമാക്കുന്ന സന്ദേശം എന്താണ്? തന്നിലുള്ള വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞ് തന്റെ സമൂഹത്തിൽ ചേരാത്തവർക്കും തന്നിൽ വിശ്വസിക്കുകയാണെങ്കിൽ രക്ഷയുടെ ഉപകരണങ്ങളാകാം എന്നല്ലേ? (J. Jeremias, Jesus' Promise to the Nations, Studies in Biblical Theology", no. 24, 1958, pp. 41-56; D, Senior and C. Stuhlmueller, The Biblical Foundations for Mission, pp. 153-154.)

5.2 അപ്പസ്തോലന്മാരുടെ പ്രതികരണം

വിജാതിയരോടുള്ള യേശുവിന്റെ തുറന്ന മനോഭാവമാണ് അപ്പസ്തോലന്മാരും പിൻതുടർന്നത്. അപ്പസ്തോലപ്രവർത്തനങ്ങളിൽ 10-ാം അദ്ധ്യായത്തിൽ പ്രതിപാദിക്കുന്ന “കൊർണേലിയൂസ്" സംഭവം ശ്രദ്ധിക്കുക. മറ്റ് വർഗക്കാരുമായി സമ്പർക്കം പുലർത്തുന്നത് യഹൂദക്ക് നിയമവിരുദ്ധമായിരുന്നതിനാൽ വിജാതിയരെ ക്രിസ്തീയ കൂട്ടായ്മയിൽ ഉൾപ്പെടുത്തരുതെന്നായിരുന്നു ആദിമക്രൈസ്തവരിൽ പലരും ചിന്തിച്ചിരുന്നത്. മിശിഹായുടെ വരവിന്റെ ലക്ഷ്യം യഹൂദസമുദായത്തിന്റെ മാത്രം നവീകരണവും രക്ഷയുമായിരുന്നു എന്ന തെറ്റിദ്ധാരണ അത്ഭുതകരമായ ഇടപെടലിലൂടെ ദൈവം തിരുത്തിയതിന്റെ ദൃഷ്ടാന്തമാണ് കോർണേലിയൂസ് സംഭവം.

ഇതിൽനിന്നും പ്രചോദനം ഉൾക്കൊണ്ട പത്രോസ് കേസറിയായിൽ വിജാതിയരെ സഭയിലേക്കു സ്വീകരിക്കുന്നതിനെപ്പറ്റി ചോദ്യമുയർന്നപ്പോൾ ഇങ്ങനെ പ്രഖ്യാപിച്ചു:- “ഒരു മനുഷ്യനെയും ഹീനജാതിക്കാരനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്ന് ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു” (അപ്പ 10,28). പത്രോസ് തുടർന്നു പറയുന്നു: “ദൈവത്തിന് പക്ഷപാതമില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന ആരും ഏതു ജനതയിൽപ്പെട്ടവനായാലും അവിടത്തേക്കു സ്വീകാര്യനാണെന്നും ഞാൻ സത്യമായും അറിയുന്നു” (അപ്പ 10,34-35). ദൈവഭക്തിയിലും പ്രാർത്ഥനയിലും ദാനധർമ്മത്തിലും മുന്നിട്ടുനിന്ന കൊർണേലിയൂസിന്റെയും മറ്റു വിജാതിയരുടെയും മേൽ പരിശുദ്ധാത്മാവിന്റെ ദാനം വർഷിക്കപ്പെടുന്നതുകണ്ട് സന്തോഷിച്ച പത്രോസ് അവർക്കു ജ്ഞാനസ്നാനം നൽകാൻ തയ്യാറായി (അപ്പ 10,44-48). ഈ സംഭവം ആദിമസഭയുടെ, അഥവാ അപ്പസ്തോലസമൂഹത്തിന്റെ ഹൃദയ വിശാലതയുടെ തെളിവാണ്. നന്മചെയ്യുന്നവനും ദൈവത്തെ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവനും ഏതു മതത്തിലും ജാതിയിലും പെട്ടവനാണെങ്കിലും ക്രിസ്തുവിന്റെ രക്ഷാകരകൃപയ്ക് അർഹരാകുമെന്നും പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ അവർക്കും സംലഭ്യമാകും എന്നുമുള്ള സന്ദേശമാണ് ഈ സംഭവം നൽകുന്നത്.

എപ്പിക്കൂറിയൻ - സ്റ്റോയിക് ചിന്തകരുടെ ആഹ്വാനപ്രകാരം ആഥൻസിലെ അരയോപ്പാഗസിൽ വി. പൗലോസ് പ്രസംഗിച്ചപ്പോൾ അന്നാട്ടുകാരുടെ മതനിഷ്ഠയെ ശ്ലീഹാ പ്രശംസിച്ചു പറയുന്നുണ്ട് (അപ്പ 17,22-34). അജ്ഞാതദേവനോടുള്ള അവരുടെ ആരാധന സത്യദൈവത്തെ അറിയാനുള്ള ആഗ്രഹത്തിന്റെ അടയാളമണെന്നു പറഞ്ഞുകൊണ്ടാണ് ശ്ലീഹാ പ്രസംഗം ആരംഭിക്കുന്നത്. എല്ലാവർക്കും ജീവനും ശ്വാസവും പ്രദാനം ചെയ്യുന്നത് ദൈവമാകയാൽ എല്ലാ ജനവിഭാഗങ്ങളും അവിടുത്തെ സന്താനങ്ങളാണെന്ന് ശ്ലീഹാ ഓർമ്മിപ്പിക്കുന്നു. എല്ലാവരും ജീവിക്കുന്നതും ചരിക്കുന്നതും നിലനിൽക്കുന്നതും ഒരേ ദൈവത്തിലാണ് (അപ്പ 17,25). ഭൂമിയിലുള്ള വൈവിധ്യങ്ങൾ ദൈവേഷ്ടപ്രകാരമാണെന്ന സൂചനയും പൗലോസ് നൽകുന്നുണ്ട്. “അവിടുന്ന് അവർക്കു വിഭിന്നകാലങ്ങളും വാസഭൂമികളും നിശ്ചയിച്ചുകൊടുത്തു. ഇത് അവർ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരുപക്ഷേ, അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ്” (അപ്പ 17,27).

ജെറുസലേം സൂനഹദോസ് ഇതരമതങ്ങളോടുള്ള സമീപനത്തിൽ വിസ്മരിക്കാനാവാത്ത ഒരു നാഴികക്കല്ലാണ്. ക്രിസ്തു മാർഗം സ്വീകരിക്കുന്നവർ രക്ഷപ്രാപിക്കണമെങ്കിൽ മോശയുടെ നിയമം അനുസരിച്ച് പരിഛേദനം ചെയ്യപ്പെടണമോ? എന്നതായിരുന്നല്ലോ ജെറുസലേം കൗൺസിലിന്റെ ചർച്ചാവിഷയം. കൗൺസിലിന്റെ മദ്ധ്യേ പത്രോസ് ശ്ലീഹാ നൽകിയ മറുപടി ഇത്തരുണത്തിൽ സ്മർത്തവ്യമാണ്. “ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കെന്നതുപോലെ അവർക്കും (വിജാതിയർക്ക്) പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ടു അവരെ അംഗീകരിച്ചു. നമ്മളും അവരും തമ്മിൽ അവിടുന്ന് വ്യത്യാസം കല്പിച്ചില്ല" (അപ്പ 15,8). “നമ്മെപ്പോലെതന്നെ അവരും രക്ഷപ്രാപിക്കുന്നത് കർത്താവായ യേശുക്രിസ്തുവിന്റെ കൃപയാലാണെന്ന് നാം വിശ്വസിക്കുന്നു" (അപ്പ 15,11). “ദൈവത്തിലേക്കു തിരിയുന്ന വിജാതിയരെ നാം വിഷമിപ്പിക്കരുത്" (അപ്പ 15,11). വിഗ്രഹാരാധനയും വ്യഭിചാരവും അവിശുദ്ധമായ ജീവിതശൈലികളും ഉപേക്ഷിച്ചാൽ പിന്നെ മറ്റ് നിർബന്ധങ്ങൾ വിശ്വാസം സ്വീകരിക്കുന്ന വിജാതിയരുടെമേൽ അടിച്ചേൽപ്പിക്കരുതെന്ന ജറുസലേം സൂനഹദോസിന്റെ തീരുമാനം, ഇതരമതങ്ങളിൽ തിന്മയൊഴിച്ചുള്ളതെല്ലാം ദൈവത്തിന് സ്വീകാര്യമാണെന്ന സന്ദേശമാണ് നൽകുന്നത്. ചുരുക്കത്തിൽ, അപ്പസ്തോലന്മാരും ആദിമ ക്രൈസ്തവ സമൂഹവും വിശ്വാസപ്രഘോഷണം ജീവിതദൗത്യമായി ഏറ്റെടുത്തപ്പോഴും വിജാതിയ മതങ്ങളിൽ ദൈവത്തിന്റെ അദൃശ്യപ്രകൃതി സന്നിഹിതമാണെന്നു വിശ്വസിക്കുന്ന വിശാലമായ സമീപനമാണ് പുലർത്തിയിരുന്നത്.

5.3 തീവ്ര വിശ്വാസപ്രഖ്യാപനങ്ങളും

പുതിയ നിയമം പൊതുവിൽ ഇതരമതങ്ങളോടും അവയിലെ തിന്മയൊഴിച്ചുള്ള ആചാരങ്ങളോടും തുറന്ന മനോഭാവം കാണിക്കുന്നു എന്നു പറയുമ്പോൾ താഴെപ്പറയുന്ന വചനഭാഗങ്ങൾ എങ്ങനെ മനസ്സിലാക്കണമെന്ന ചോദ്യം നമ്മിൽ ഉയരുവാനിടയുണ്ട്. “എന്തെന്നാൽ ഒരു ദൈവമേ ഉള്ളൂ, ദൈവത്തിനും മനുഷ്യർക്കുമായി ഒരു മദ്ധ്യസ്ഥനേ ഉള്ളൂ- മനുഷ്യനായ യേശു ക്രിസ്തു” (1 തിമോ 2,5). “എങ്കിലും നമുക്ക് ഒരു ദൈവമേ ഉള്ളൂ; ആരാണോ സർവ്വവും സൃഷ്ടിച്ചത്, ആർക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു കർത്താവേ ഉള്ളൂ. ആരിലൂടെയാണോ സർവ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനിൽക്കുന്നത് ആ യേശുക്രിസ്തു" (1 കോറി 8,5-6). “വീടുപണിക്കാരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല; ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയിൽ നമുക്കു രക്ഷക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല" (അപ്പ 4,11-12). ദൈവം ഒന്നയുള്ളു എന്നും ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും രക്ഷകനുമായി കർത്താവായ യേശു മാത്രമേ ഉള്ളൂ എന്നുമാണ് ഈ വചനഭാഗങ്ങളുടെ സാരാംശം. ഇത് സത്യമാണെങ്കിൽ അന്യമത വിശ്വാസങ്ങളോട് നാം തുറവിയുള്ള മനോഭാവം പാലിക്കുന്നതെങ്ങനെ എന്ന ചോദ്യം സ്വാഭാവികമാണ്.

മേൽപറഞ്ഞ വചനഭാഗങ്ങൾ അവയുടെ പശ്ചാത്തലത്തിൽവ്യാഖ്യാനിക്കണം എന്നാണ് ബൈബിൾ പണ്ഢിതന്മാരുടെ അഭിപ്രായം (L. Legrand, Jesus et 1' Eglise Primitive, Spiritus, vol. 36 (1985) pp. 71-75; C.K. Barott, A Commentary on the First Epistle to the Corinthiana, pp. 192–194). ഇവരുടെ അഭിപ്രായത്തിൽ, വിജാതിയരോടുള്ള മനോഭാവം പ്രതിപാദിക്കാൻ നേരിട്ട് എഴുതിയ ഭാഗങ്ങളല്ല ഈ വാക്യങ്ങൾ. അതിനാൽ അന്യമതങ്ങളിലെ ഈശ്വരന്മാരെക്കുറിച്ചുള്ള വിധിതീർപ്പായിട്ട് ഇതിനെ കാണരുത്. ക്രിസ്തുമാർഗത്തിൽ ചേർന്നവരെ വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനായി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന സന്ദർഭത്തിലാണ് അപ്പസ്തോലന്മാർ ഈ തീവ്ര വിശ്വാസപ്രഖ്യാപനങ്ങൾ നടത്തിയിട്ടുള്ളത്. ലോകത്തിൽ ദേവന്മാർ പലരുണ്ടെങ്കിലും ക്രിസ്തുവിനെ അനുഗമിക്കാൻ തീരുമാനിച്ചവർക്ക് ഏകരക്ഷകൻ ക്രിസ്തുവാണെന്ന് തറപ്പിച്ചു പറയുകയാണിവിടെ. സഭയിൽ ചേർന്നവരുടെ വിശ്വാസത്തെ ആഴപ്പെടുത്താൻ ലക്ഷ്യം വച്ചെഴുതിയ ഈ വചനഭാഗങ്ങളെ വിശ്വാസികളുടെ സമൂഹത്തിന്റെ ആഭ്യന്തര വിശ്വാസപ്രകടനമായി മനസ്സിലാക്കണമെന്നു ചുരുക്കം.

ബഹുദൈവ വിശ്വാസങ്ങൾ നിലനിന്നിരുന്ന കാലഘട്ടത്തിൽ ക്രിസ്ത്യാനികളുടെ ഏകദൈവ വിശ്വാസം പ്രഘോഷിക്കുന്ന ഭാഗങ്ങളായി ഇവയെ വ്യാഖ്യാനിക്കാമെന്ന് ബൈബിൾ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. യഹൂദർ യഹോവയെ ഏക ദൈവമായി ആരാധിച്ചിരുന്നകാലത്ത് യേശുവിനെക്കൂടെ രക്ഷകനായികാണുമ്പോൾ അത് ഏകദൈവവിശ്വാസത്തിന് വിരുദ്ധമാകുമോ എന്ന സംശയം ചിലരിലുണ്ടായി. ഈ സാഹചര്യത്തിൽ യേശു ദൈവത്തോടു സമാനതയുള്ള പുത്രനാണെന്ന സത്യം ശ്ലീഹന്മാർ ഏറ്റു പറയുകയാണ്. ദൈവത്തിന്റെ ഏകത്വത്തിലും യേശുവിന്റെ മാദ്ധ്യസ്ഥത്തിലുമുള്ള വിശ്വാസം ഒരേ സമയം കൂട്ടിച്ചേർത്ത് എഴുതുന്ന ഈ ഭാഗങ്ങൾ ഏകദൈവ വിശ്വാസത്തിന്റെ പൊരുൾ മനസ്സിലാക്കാൻ ക്രിസ്ത്യാനികൾക്ക് ഏറെ സഹായകമായി.

ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ഇടപെടലുകൾക്ക് സാക്ഷ്യം വഹിച്ചവരായിരുന്നു ശിഷ്യന്മാർ. അത്ഭുതങ്ങളിലൂടെ തങ്ങളുടെ സുവിശേഷ പ്രഘോഷണ യത്നങ്ങളെ വിജയിപ്പിച്ച കർത്തവിന്റെ നാമത്തിലുള്ള ശക്തി അനുയായികളെ ബോധ്യപ്പെടുത്തുകയാണ് ഈ വാക്യങ്ങൾ. കർത്തൃനാമം സ്വീകരിക്കുന്നവർക്ക് രക്ഷാകരമായ കൃപ ലഭിക്കുമെന്ന പ്രത്യക്ഷ സത്യത്തെ ഉറപ്പിച്ച് പറഞ്ഞപ്പോൾ ഭാഷ കഠിനമായിട്ടുണ്ടാകാം. അനുഭവത്തിന്റെ തീവ്രത വാക്കുകൾക്ക് തീക്ഷ്ണത കൂട്ടുന്നത് സ്വാഭാവികമാണല്ലോ. ഇതര മതവിശ്വാസങ്ങളെ നിഷേധിക്കുന്നതിനേക്കാൾ ക്രിസ്തുവിന് ആദിമക്രൈസ്തവർ നൽകിയ പ്രാധാന്യത്തിന്റെ തെളിവായാണ് ഈ വചനഭാഗങ്ങളെ നാം വായിക്കേണ്ടത്. ചുരുക്കത്തിൽ, പുതിയനിയമത്തിൽ നാം കാണുന്ന തീവ്ര വിശ്വാസപ്രഖ്യാപനങ്ങൾ ഇതരമതവിശ്വാസങ്ങളെ നിഷേധിക്കുകയോ അധിക്ഷേപിക്കുകയോ അല്ല മറിച്ച്, സത്യദൈവത്തെ പ്രാപിക്കുന്നതിന് യേശു എത്രമാത്രം അനിവാര്യമാണെന്ന് ഉദ്ഘോഷിക്കുകയാണ് ചെയ്യുന്നത്.

മേൽ വിവരിച്ച വിചിന്തനങ്ങൾ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് ക്രിസ്തുവിന്റെ അനന്യതയെക്കുറിച്ചുള്ള ചോദ്യത്തിലാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് അപ്പസ്തോലന്മാരും ആദിമ ക്രൈസ്തവ സമൂഹവും ഇത്ര തീവ്രമായി യേശുവിനെ ഏറ്റുപറയുന്നത്? മനുഷ്യാവതാരം ചെയ്ത് മരണോത്ഥാനങ്ങളിലൂടെ ലോകത്തിന്റെ രക്ഷ സാധിച്ചു എന്നതിലാണ് ദൈവപുത്രനായ യേശുക്രിസ്തുവിന്റെ അനന്യത അടങ്ങിയിരിക്കുന്നത്. മരണോത്ഥാനങ്ങളിലൂടെ കർത്താവും ദൈവവുമായവനാണ് ക്രിസ്തു. അതിനാൽ മനുഷ്യരക്ഷയ്ക്കുവേണ്ടി ലോകത്തിൽ ഉദയം ചെയ്ത പൂർണതയുള്ള ഏക മദ്ധ്യസ്ഥനാണ് അവിടന്ന്. ഈ സത്യം, ഇതരമതങ്ങളിലും ജനപഥങ്ങളിലും രക്ഷാകരമായ വഴികൾ കാട്ടിക്കൊടുത്തവരും സുകൃതജീവിതം നയിച്ചവരുമായ പുണ്യാത്മാക്കളെ നിഷേധിക്കുന്നതല്ല. ആ മഹാത്മാക്കൾ ആ മതവിശ്വാസികൾക്കു ദൈവാനുഭൂതിയുടെ മാർഗങ്ങളാണങ്കിലും അവരൊന്നും ദൈവപുത്രരല്ല. ആ ദിവ്യാത്മാക്കളുടെ സത്പ്രവൃത്തികൾക്കു നിദാനവും കൃപയുടെ സ്രോതസ്സും പ്രപഞ്ചോത്പത്തിക്കുമുമ്പേ സമയാതീതനായി പിതാവിനോടൊത്ത് പ്രവർത്തിക്കുന്ന നിത്യവചനവും സത്യദൈവവുമായ യേശുക്രിസ്തുവാണ് (K. Rahner, One Mediator and Many Mediators, Theological Investigations, vol. 9, 1972, pp. 173-176).

ബഹുത - പുതിയനിയമത്തിൽ യേശുവിന്റെ മനോഭാവം അപ്പസ്തോലന്മാരുടെ പ്രതികരണം എന്തിന്റെ അടിസ്ഥാനത്തിലാണ് അപ്പസ്തോലന്മാരും ആദിമ ക്രൈസ്തവ സമൂഹവും ഇത്ര തീവ്രമായി യേശുവിനെ ഏറ്റുപറയുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message