We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 07-Sep-2020
1. ദൈവം മനുഷ്യാത്മാവിനെ വിധിക്കുമെന്നും മരണാനന്തരം തുടര്‍ന്ന് നിത്യരക്ഷയോ നിത്യശിക്ഷയോ ലഭിക്കുമെന്നും ക്രൈസ്തവ സഭ വിശ്വാസസത്യമായി പഠിപ്പിക്കുന്നു. വിശ്വാസപ്രമാണത്തില്‍ നാം ഇപ്രകാരം ഏറ്റുപറയുന്നു:
"ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ അവന്‍ (മിശിഹാ) വീണ്ടും വരുമെന്നും അവന്‍റെ രാജ്യത്തിന് അവസാനമുണ്ടാകുകയില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു..... മരിച്ചവരുടെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു."
മരണാനന്തര ജീവിതത്തെക്കുറിച്ച് പരിശുദ്ധ കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങളാണ് ഇവിടെ നാം ഏറ്റുപറയുന്നത്. സഭയുടെ പ്രബോധനങ്ങളെ അവഗണിച്ചുകൊണ്ടും വി. ഗ്രന്ഥവചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടും പല അബദ്ധ പ്രബോധനങ്ങളും അടുത്തകാലത്തായി പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്. സ്പിരിറ്റ് ഇന്‍ ജീസസ്, എമ്മാനുവല്‍ എംപറര്‍ ട്രസ്റ്റ്, ആത്മാഭിഷേകസഭ, അപ്പര്‍ റൂം തുടങ്ങിയ വിഘടിത വിഭാഗങ്ങള്‍ മരണാനന്തര ജീവിതത്തെക്കുറിച്ചു നല്‍കുന്ന വിവരണങ്ങള്‍ സത്യവിശ്വാസത്തിനു വിരുദ്ധമാണ്. മരണാനാന്തര ജീവിതത്തെക്കുറിച്ചുള്ള മനുഷ്യന്‍റെ അനിശ്ചിതത്വം മുതലെടുത്തുകൊണ്ടാണ് ഇത്തരം പ്രസ്ഥാനങ്ങള്‍ കത്തോലിക്കാ സഭയ്ക്ക് ഉള്ളിലും പുറമേയും ഉടലെടുത്തിട്ടുള്ളത്. സഭയുടെ സത്യപ്രബോധനം ശരിയാംവിധം മനസ്സിലാക്കാത്തതിനാല്‍ അനേകം സത്യവിശ്വാസികളെ തങ്ങളുടെ അബദ്ധ പ്രബോധനങ്ങള്‍ മൂലം വഴിതെറ്റിക്കാന്‍ വിഘടിത വിഭാഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ സത്യസഭ മരണാനന്തരജീവിതത്തെക്കുറിച്ചു നല്‍കുന്ന പ്രബോധനങ്ങള്‍ നമ്മുടെ ആഴത്തിലുള്ള വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്.
മരണാനന്തര ജീവിതം
2. മരണമുള്ളതുകൊണ്ടാണ് മനുഷ്യന് മര്‍ത്യന്‍ എന്ന പേരുള്ളത്. മരണം സുനിശ്ചിതമാണെങ്കിലും മരണത്തോളം മനുഷ്യമെ അനിശ്ചിതത്വത്തിലാക്കുന്നതൊന്നുമില്ല. മരണത്തോടെ അവസാനിക്കുന്നതല്ല മനുഷ്യജീവിതമെന്ന് ലോകത്തെ വിവിധ സംസ്കാരങ്ങളും മതങ്ങളും പഠിപ്പിച്ചിരുന്നു.
ബൈബിളില്‍ മരണത്തെ പാപത്തിന്‍റെ ശിക്ഷയായി (ഉല്‍പ 2:17; 3:19; റോമ 5:12; 1 കോറി 15:22) അവതരിപ്പിച്ചിട്ടുണ്ട്. പാപാവസ്ഥയിലുള്ള മരണം ശിക്ഷാവിധിയിലേക്കും നിത്യനാശത്തിലേക്കുമുള്ള വാതായനമാണ് എന്ന അര്‍ത്ഥത്തിലാണ് ഈ വചനഭാഗങ്ങളെ മനസ്സിലാക്കേണ്ടത്.
ആദിമാതാപിതാക്കള്‍ ദൈവഹിതം ധിക്കരിച്ചതിന്‍റെ ഫലമായി ലോകത്ത് രംഗപ്രവേശനം ചെയ്ത മരണത്തെ ഇല്ലാതാക്കാന്‍ ദൈവപുത്രനായ ക്രിസ്തു ദൈവഹിതാനുസൃതം മരിച്ചു. അനുസരക്കേടിന്‍റെ പാപത്തിനും മരണത്തിനും അനുസരണത്തിലൂടെ ക്രിസ്തു പരിഹാരം ചെയ്തു. ക്രിസ്തുവിലൂടെ മരണം നിത്യജീവനിലേക്കുള്ള വാതായനമായി മാറി. മരണം മനുഷ്യന്‍റെ മുന്നില്‍ ഉയര്‍ത്തുന്ന സാധ്യതകള്‍ രണ്ടാണ്. ആദത്തെപ്പോലെ ദൈവഹിതം ലംഘിച്ച് മരണത്തിലൂടെ ശിക്ഷാവിധി നേടുക എന്നതാണ് ആദ്യ സാധ്യത. എന്നാല്‍ രണ്ടാമത്തെ സാധ്യത ക്രിസ്തുവിനെപ്പോലെ ദൈവഹിതം നിറവേറ്റി മരണത്തിലൂടെ നിത്യജീവനിലേക്കു പ്രവേശിക്കുക എന്നതാണ്. തന്മൂലം മനുഷ്യജീവിതത്തിലെ നിര്‍ണ്ണായകമായ വസ്തുത മരണമല്ല മറിച്ച് മനുഷ്യന് ദൈവത്തോടുള്ള നിലപാടാണ് എന്ന് വ്യക്തമാകുന്നു. ദൈവനിഷേധിക്ക് മരണം നാശത്തിലേക്കുള്ള കവാടമാകുമ്പോള്‍ ദൈവഹിതാനുസൃതം ജീവിക്കുന്ന വിശ്വാസിക്ക് മരണം രക്ഷയിലേക്കുള്ള വാതിലാണ്.
ആത്മാവിന്‍റെ നിദ്ര
3. ജീവന്‍റെ നാഥന്‍ എന്നതുപോലെ ദൈവം മരണത്തിന്‍റെയും നാഥനാണെന്ന വിശ്വാസം പഴയനിയമത്തില്‍ ക്രമേണയാണ് വെളിപ്പെടുത്തപ്പെട്ടത്. "അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും" ദൈവമായി യാഹ്വെയെ വാഴ്ത്തുന്നത് മരണാനന്തര ജീവിതത്തിലുള്ള വിശ്വാസത്തിനു ദൃഷ്ടാന്തമാണ്. ദൈവത്തിന്‍റെ അചഞ്ചലമായ വിശ്വസ്തത മരണത്തിലൂടെ അവസാനിക്കുന്നില്ല എന്ന ചിന്തയാണ് മരണാനന്തര ജീവിതത്തിലേക്കു നയിച്ചത്. പ്രവാചകന്മാരുടെ പ്രബോധനം മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുന്നവയായിരുന്നു (ഉദാ എസെ 37:1-10). വിജ്ഞാന ഗ്രന്ഥങ്ങളും മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം ഊന്നിപ്പറഞ്ഞിരുന്നു (ജ്ഞാനം 3:1-9; 8:19-20; 9:15). യവന കാലഘട്ടത്തിലെഴുതപ്പെട്ട മക്കബായരുടെ പുസ്തകമാട്ടെ മരിച്ചവരുടെ ശുദ്ധീകരണത്തിനായുള്ള പ്രാര്‍ത്ഥനകളെക്കുറിച്ച് വിവരിക്കുന്നുണ്ട് (2 മക്ക 12:42-45).
ഓരോ മനുഷ്യാത്മാവും മരണശേഷം ക്രിസ്തുവിന്‍റെ രണ്ടാമത്തെ ആഗമനംവരെ നിദ്ര ചെയ്യുകയാണ് എന്ന ആശയം നെസ്തോറിയന്‍ പാഷണ്ഡതയിലൂടെ സഭയില്‍ ശക്തി പ്രാപിച്ചു. അന്ത്യവിധിയുടെ നാള്‍വരെ നീതിമാന്മാരുടെയും ദു:ഷ്ടരുടെയും ആത്മാക്കള്‍ അറിവോ ഓര്‍മ്മയോ പ്രവര്‍ത്തനങ്ങളോ ഇല്ലാത്ത ഗാഢനിദ്രയില്‍ ലയിച്ചിരിക്കുകയാണെന്ന് നെസ്തോറിയന്‍ വിഭാഗം പഠിപ്പിച്ചു.
ആത്മാവിന്‍റെ നിദ്രയെക്കുറിച്ചുള്ള ഈ നെസ്തോറിയന്‍ നിലപാടാണ് ചില പെന്തക്കോസ്തു വിഭാഗങ്ങളും യഹോവ സാക്ഷികളും തങ്ങളുടെ അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. അടുത്ത കാലത്ത് വളര്‍ന്നുവന്ന സ്പിരിറ്റ് ഇന്‍ ജീസസ് പ്രസ്ഥാനത്തിന്‍റെ യും ചിന്താഗതികളുടെ പ്രചോദനം മറ്റൊന്നുമല്ല.
4. മരണത്തെ നിദ്രയോട് താരതമ്യപ്പെടുത്തുന്ന ഉപമാനങ്ങളും ഉപമേയങ്ങളും പുതിയനിയമത്തിലുണ്ട് (മത്താ 9:24; യോഹ 11:11; അപ്പ 7:60; 13:36; 1 തെസ 4:13-15; 1 കോറി 15:6,18,20,51). ഇപ്രകാരമുള്ള പ്രതീകാത്മക അര്‍ത്ഥത്തിലാണ് "മരിച്ചവര്‍ നിദ്ര ചെയ്യുന്നു" എന്ന് ആരാധനാ ക്രമത്തിലുള്ള പ്രാര്‍ത്ഥനകളെയും മനസ്സിലാക്കേണ്ടത്. മരിച്ചവര്‍ മിശിഹായുടെ രണ്ടാമത്തെ ആഗമനംവരെ നിദ്ര ചെയ്യുകയാണെന്ന് സഭ ഒരിക്കലും ഔദ്യോഗികമായി പഠിപ്പിച്ചിട്ടില്ല. സഭയുടെ ആരംഭകാലം മുതല്‍തന്നെ മരണ സമയത്തു തന്നെ നടക്കുന്ന വിധിയെക്കുറിച്ചും പ്രസ്തുത വിധിയനുസരിച്ച് ലഭിക്കുന്ന സ്വര്‍ഗ്ഗഭാഗ്യത്തെക്കുറിച്ചും നരകശിക്ഷയെക്കുറിച്ചുമുള്ള വിശ്വാസമാണ് നിലനിന്നിരുന്നത്.
1274 ല്‍ ഗ്രിഗറി പത്താമൻ പാപ്പ രണ്ടാം ലെയോണ്‍സ് കൗണ്‍സിലില്‍വച്ച് ഇത് സഭയുടെ വിശ്വാസസത്യമായി പ്രഖ്യാപിച്ചു. ബനഡിക്ട് പന്ത്രണ്ടാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച ബനഡിക്തൂസ് ദേവൂസ് (1336) എന്ന പ്രമാണരേഖയിലൂടെ മാമ്മോദീസാ സ്വീകരിച്ചു മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ ഉടനെതന്നെ (mox) വിധിക്കു വിധേയരാകുന്നതായി അസന്ദിഗ്ദ്ധമായി പഠിപ്പിച്ചു. ഈ വിധിയിലൂടെ സ്വര്‍ഗ്ഗത്തിലെത്തുന്ന വിശുദ്ധാത്മാക്കള്‍ക്ക് മാലാഖമാരോടൊത്ത് ദൈവികദര്‍ശനം മുഖാമുഖം ലഭിക്കുന്നു എന്നും മാര്‍പാപ്പ പ്രബോധനം നല്‍കി. 1439 ല്‍ എവുജിന്‍ പാപ്പ വിളിച്ചുകൂട്ടിയ ഫ്ളോറന്‍സ് കൗണ്‍സിലും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖകളും ഈ വിശ്വാസസത്യത്തെ എടുത്തു പറയുന്നുണ്ട്. സഭയുടെ സാര്‍വ്വത്രിക മതബോധന ഗ്രന്ഥവും (n.1021-1022) മരണശേഷം ഉടനെയുള്ള വിധിയെ ഊന്നിപ്പറയുന്നു. തന്മൂലം മരണശേഷം അന്ത്യവിധിവരെ ആത്മാക്കള്‍ പാതാളത്തില്‍ നിദ്ര ചെയ്യുകയാണ് എന്നു പഠിപ്പിക്കുന്നവര്‍ സഭാവിരുദ്ധ പ്രബോധനമാണ് നല്‍കുന്നത്.
eternal life life after death Mar Joseph Pamplany soul's sleep ബനഡിക്തൂസ് ദേവൂസ് Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206