We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 15-Sep-2020
1. ദൈവപുത്രനായ യേശുവിലൂടെ സംലഭ്യമായ രക്ഷയെ നിഷേധിച്ച്, പഴയനിയമചിന്തയില്‍ ജീവിക്കുന്ന പ്രസ്ഥാനമാണ് യഹോവാസാക്ഷികള്‍. 1931 മുതലാണ് യഹോവാസാക്ഷികള്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഇവരുടെ മറ്റൊരു പേര് റസ്സല്‍മതക്കാര്‍ എന്നാണ്. റസ്സല്‍ എന്ന വസ്ത്രവ്യാപാരി പ്രിസ്ബിറ്റേറിയന്‍ സഭാംഗമായിരുന്നുവെങ്കിലും അഡ്വൈന്‍റിസ്റ്റ് സഭകളുടെ പ്രബോധനത്തില്‍ ആകൃഷ്ടനാവുകയും അതില്‍ ചേരുകയും ചെയ്തു. എന്നാല്‍ 1879-ല്‍ അദ്ദേഹം അവരുമായി തെറ്റിപ്പിരിഞ്ഞ് സ്വയം ഒരു പ്രസ്ഥാനം ആരംഭിച്ചു. റസ്സലിന്‍റെ പിന്‍ഗാമിയായ റൂഥര്‍ഫോര്‍ഡിന്‍റെ കാലംമുതല്‍ യഹോവാസാക്ഷികള്‍ എന്നപേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. ആരംഭകാലത്തുതന്നെ ഇവരുടെ പ്രവചനങ്ങള്‍ പാഴാണെന്ന് തെളിയിക്കപ്പെട്ടതാണ്. 1844, 1874 എന്നീ വര്‍ഷങ്ങളില്‍ ലോകാവസാനവും മിശിഹായുടെ രണ്ടാമത്തെ ആഗമനവും അവര്‍ പ്രവചിച്ചിരുന്നു. 1914-ല്‍ സമാധാനകാലം തുടങ്ങുമെന്ന് അവര്‍ പ്രവചിച്ചതിനു തൊട്ടുപിറകെ ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുകയും ചെയ്തു. തികച്ചും വികലവും അടിസ്ഥാനരഹിതവും, വിശ്വാസത്തിനോ യുക്തിക്കോ ചേരാത്തതുമായ ആശയങ്ങളാണ് ഇവര്‍ പുലര്‍ത്തുന്നത്.
അവയില്‍ പ്രധാനമായവ താഴെ പറയുന്നവയാണ്:
യേശു ദൈവപുത്രനും രക്ഷകനുമാണ് എന്ന വിശ്വാസസത്യത്തെ ഇവര്‍ നിഷേധിക്കുന്നു. യേശു സന്മാതൃക നല്‍കിയ കേവലമൊരു മനുഷ്യവ്യക്തി മാത്രമായിരുന്നു എന്നതാണ് ഇവരുടെ നിലപാട്. എന്നാല്‍ ഈശോ സത്യദൈവമാണ് എന്നതിന് തിരുവചനം വ്യക്തമായ തെളിവു നല്കുന്നുണ്ട്: യേശുവും പിതാവും ഒന്നാണ് (യോഹ 10:30); ദൈവികതയുടെ പൂര്‍ണ്ണത യേശുവിലുണ്ട് (കൊളോ 2:9), വചനമായ അവിടുന്ന് ദൈവമാണ് (യോഹ 1:3). അപ്പസ്തോലനായ തോമസ് ഉത്ഥിതനായ യേശുവിനെ യാഹ്വെക്കു തുല്യം "കര്‍ത്താവും ദൈവവു"മായി ഏറ്റു പറഞ്ഞ് ആരാധിക്കുന്നതും യേശുവിന്‍റെ ദൈവികതയ്ക്കുള്ള വി. ഗ്രന്ഥ തെളിവാണ്.
2. കത്തോലിക്കാസഭയിലെ കുര്‍ബാനയും മറ്റു കൂദാശകളും വിശുദ്ധഗ്രന്ഥത്തിനു വിരുദ്ധമാണെന്നാരോപിച്ച് അവയെ നിരാകരിക്കുന്നു. എന്നാല്‍ സഭയിലെ ഏഴു കൂദാശകള്‍ക്കും വിശുദ്ധഗ്രന്ഥത്തില്‍ വ്യക്തമായ അടിസ്ഥാനങ്ങളുണ്ട്. താഴെപ്പറയുന്ന വചനഭാഗങ്ങള്‍ ഈ വസ്തുതയെ സാധൂകരിക്കുന്നു: മാമ്മോദീസ (മത്താ 28:19; മര്‍ക്കോ 16:16; യോഹ 3:5; അപ്പ 2:38; 16:15, 33; 18:8; 22:16; റോമ 6:3-4; 1 കോറി 6:11) സ്ഥൈര്യലേപനം (അപ്പ 8:14-19; 13:3; 19:1-6; 2 കോറി 1:21-22; ഹെബ്ര 6:1-2), വിശുദ്ധ കുര്‍ബ്ബാന (മര്‍ക്കോ 14:22-24, സമാന്തരഭാഗങ്ങള്‍ ; യോഹ 6:47-66; 1 കോറി 11:23-30), കുമ്പസാരം (പുറ 32:20; ലേവ്യ 19:20-20; സംഖ്യ 5:6-7; 14:19-23; 17:11-13; മത്താ 16:19; 18:18; ലൂക്കാ 15:18-19; യോഹാ 20:23; അപ്പ 19:18; 1 കോറി 5:3-5; 2 കോറി 5:18-20; യാക്കോ 5:16; 1 യോഹ 1:8-9), രോഗീലേപനം (മര്‍ക്കോ 6:5, 1213; ലൂക്കാ 13:13; അപ്പ 9:17-18; 1 കോറി 12:9,30; യാക്കോ 5:14-15), തിരുപ്പട്ടം (മത്താ 18:18; ലൂക്കാ 18:16; 22:19; 24:27; യോഹ 13:20; 15:5; അപ്പ 6:6; 15:2-6; 20:17; 21:18; 1 തിമോ 3:1-7; 4:14; 5:17; 2 തിമോ 1:6; തീത്തോ 1:5-9; 1 പത്രോ 5:1), വിവാഹം (മത്താ 5:31-32; 19:1-9; മര്‍ക്കോ 10:2-12; ലൂക്കാ 16:18; റോമാ 7:2-3; 1 കോറി 7:1-24; 7:39; ഹെബ്രാ 13:4; 1 പത്രോ 3:1-9).
3. ദൈവവും-സാത്താനും തമ്മിലുള്ള യുദ്ധത്തില്‍ യഹോവാസാക്ഷികളല്ലാത്ത എല്ലാ മനുഷ്യരും ചത്തൊടുങ്ങുമെന്നും അര്‍മാഗെദ്ദോനിലെ ഈ യുദ്ധത്തിന്‍റെ അവസാനം ഭൗമീകപറുദീസ സ്ഥാപിക്കപ്പെടുമെന്നും അത് യഹോവാസാക്ഷികള്‍ക്കു മാത്രമുള്ളതാണെന്നും ഇവര്‍ കരുതുന്നു. അന്ത്യവിധിയോ നിത്യമായ നരകമോ ഇല്ല. എല്ലാം ഇവിടെ സ്ഥാപിക്കപ്പെടുന്ന ആയിരംവര്‍ഷത്തെ ദൈവീകഭരണത്തിന്‍റെ (Millaniarism) തുടര്‍ച്ചയായ ഭൗമികപറുദീസ മാത്രമാണ്.
4. വെളിപാട് 20:1-6 നെ ആധാരമാക്കി ലോകാവസാനത്തിനുമുമ്പ് ആയിരംവര്‍ഷത്തെ ഭരണത്തിനായി ക്രിസ്തുവരുമെന്നും അതിനുശേഷം അല്‍പകാലം അന്തിക്രിസ്തുവിന്‍റെ ഭരണമായിരിക്കുമെന്നും അന്തിക്രിസ്തുവിനെ പരാജയപ്പെടുത്തി ക്രിസ്തു നിത്യരാജാവായി വാഴുമെന്നുള്ള വിശ്വാസമാണ് "ആയിരംവര്‍ഷഭരണം" (Millenialism) എന്ന പേരില്‍ അറിയപ്പെടുന്നത്. ഇപ്രകാരമൊരു അബദ്ധ വ്യാഖ്യാനം കൊമ്മോഡിയുന്‍, ലക്താന്തിയൂസ്, മെത്തോഡിയൂസ്, ലാവോദീസിയായിലെ അപ്പോളിനാരീസ് എന്നിവര്‍ ആദിമസഭയില്‍ പ്രചരിപ്പിച്ചിരുന്നു. ലോകാവസാനത്തിനുമുമ്പ് മിശിഹാ ആയിരം വര്‍ഷത്തേക്കു ഭൗമികരാജ്യം സ്ഥാപിച്ചു ഭരിക്കുമെന്നും (Pre Millenialism), തന്‍റെ രണ്ടാമത്തെ ആഗമനത്തോടനുബന്ധിച്ച് ആയിരം വര്‍ഷം ഭരിക്കുമെന്നും (Pre Millenialism) ആയിരം വര്‍ഷം ഭരണം എന്നത് സഭയുടെ കാലമാണെന്നും (Amillenialism) മൂന്നു വ്യത്യസ്ത വീക്ഷണങ്ങള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ യേശുവിന്‍റെ രണ്ടാമത്തെ ആഗമനത്തിനുമുമ്പോ അതിനുശേഷമോ ആയിരം വര്‍ഷം ഭരണമില്ലെന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് (Amillenialism).
"അവന്‍ വീണ്ടും വരുമെന്നും അവന്‍റെ രാജ്യത്തിന് അവസാനമുണ്ടാകില്ലെന്നും" നിഖ്യാസൂനഹദോസ് (A.D 325)-ല്‍ പ്രഖ്യാപിച്ചത് ആയിരം വര്‍ഷം ഭരണം എന്ന ആശയത്തെ ഖണ്ഡിക്കുവാനാണ്. വെളി 20:1-6 ല്‍ വിവരിക്കുന്ന ആയിരം വര്‍ഷഭരണം എന്നത് പ്രതീകാത്മകമായാണ് വ്യാഖ്യാനിക്കേണ്ടത്. ആയിരം പൂര്‍ണ്ണതയെ സൂചിപ്പിക്കുന്ന സംഖ്യയാണ്. ക്രിസ്തുവിന്‍റെ നിത്യമായ ഭരണം എന്ന അര്‍ത്ഥത്തില്‍ വേണം ഈ വചനം വ്യാഖ്യാനിക്കാന്‍. ആയിരം വര്‍ഷത്തേക്ക് സാത്താന്‍ ബന്ധിതനായി എന്നതിന്‍റെ അര്‍ത്ഥം സാത്താന്‍ നിത്യമായും ബന്ധിതനായി എന്നു തന്നെയാണ. "ആയിരം വര്‍ഷം സഭയുടെ പ്രതീകം കൂടിയാണ്." ദീര്‍ഘകാലം ഭൂമിയില്‍ കഷ്ടത അനുഭവിച്ചും എന്നാല്‍ ക്രിസ്തുവിന്‍റെ പരിരക്ഷണയിലും കഴിഞ്ഞ സഭയുടെ പീഢാനുഭവകാലം അവസാനിപ്പിച്ച് ക്രിസ്തുസഭയെ നിത്യമകുടം ചൂടിക്കുന്ന സംഭവമായും ആയിരം വര്‍ഷഭരണത്തെ മനസ്സിലാക്കാം. ക്രിസ്തുവിന്‍റെ ആയിരംവര്‍ഷഭരണം ആരംഭിച്ചതും നിത്യതയോളം തുടരുന്നതും സഭയിലാണെന്നു സാരം.
5. ജലത്തില്‍ മുങ്ങിയുള്ള സ്നാനംവഴി ഒരാള്‍ യഹോവാസാക്ഷിയാണെന്ന് പരസ്യമായി പ്രകടിപ്പിക്കുന്നു. 144000 പേര്‍ രണ്ടാം മാമ്മോദീസാ സ്വീകരിക്കും, അത് അരൂപിയിലുള്ള മാമ്മോദീസായാണ്. യഹോവാസാക്ഷികള്‍ മാത്രമാണ് അതിനു യോഗ്യരാകുന്നത്. 144000 എന്ന സംഖ്യയുടെ യഥാര്‍ത്ഥ വ്യാഖ്യാനം മുന്‍പുനല്‍കിയിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ.
6. പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള എല്ലാ വിശ്വാസസത്യങ്ങളും ഇവര്‍ നിഷേധിക്കുന്നു. മറിയത്തിന്‍റെ അമലോത്ഭവം, ദൈവമാതൃത്വം, നിത്യകന്യാത്വം, സ്വര്‍ഗ്ഗാരോപണം എന്നീ സത്യങ്ങളെ വിശുദ്ധഗ്രന്ഥവിരുദ്ധമായി കരുതി ഇവര്‍ തള്ളിക്കളയുന്നു. എന്നാല്‍ ഇവ വിശുദ്ധഗ്രന്ഥാനുസൃതവും ആദിമസഭയുടെ വിശ്വാസത്തിന്‍റെ ഭാഗവുമാണെന്ന് മുന്‍പു വ്യാഖ്യാനിച്ചിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ (22-ാം ഖണ്ഡിക കാണുക).
7. സാമൂഹികമേഖലയില്‍ ഇവരുടെ പഠനങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിവാഹം ഒരു കൂദാശയല്ല, ഒരു കരാര്‍ മാത്രമാണ് എന്ന ചിന്തയിലൂടെ കുടുംബജീവിതത്തിന്‍റെ ഭദ്രതയ്ക്ക് ഇവര്‍ പോറല്‍ ഏല്‍പിക്കുന്നു. സിനിമ, ടി.വി, ഡാന്‍സ് എന്നിവ ഇവര്‍ നിഷിദ്ധങ്ങളായി കരുതുന്നു. സ്വരാജ്യസ്നേഹം ദൈവരാജ്യസ്നേഹത്തിന് തടസ്സമാകയാല്‍ ദേശീയഗാനം പാടാന്‍ ഇവര്‍ വിസമ്മതിക്കുന്നു.
പഴയനിയമത്തിന്‍റെ ആധ്യാത്മികതയ്ക്കാണ് ഇവര്‍ പ്രാധാന്യം നല്കുന്നത്. തന്മൂലം പഴയനിയമം നിഷിദ്ധമെന്ന് പറയുന്ന ആഹാരസാധനങ്ങള്‍ ഇവര്‍ നിരസിക്കുന്നു. പഴയനിയമസങ്കല്പം അനുസരിച്ച് രക്തം ജീവന്‍റെ പ്രവാഹമാകയാല്‍ രക്തം ദാനംചെയ്യുന്നതും സ്വീകരിക്കുന്നതും പാപമായി ഇവര്‍ കരുതുന്നു.
ഈ ആശയങ്ങളെല്ലാംതന്നെ അബദ്ധവും യാഥാര്‍ത്ഥ്യബോധത്തിന് നിരക്കാത്തതുമാണ്. തീവ്രമത സ്വഭാവരീതി ആശയത്തിലുള്ളതുമൂലം ചിലരെ സ്വാധീനിക്കുവാനും ഈ വിഭാഗത്തില്‍ ചേര്‍ന്നാല്‍ അന്ധമായ ആശയങ്ങളെ അനുകരിക്കാനും പ്രേരിപ്പിക്കപ്പെടുന്നു. ഇവര്‍ പറയുന്ന ലോകാവസാനകഥകള്‍തന്നെ ഇവരുടെ ആശയങ്ങളുടെ ദയനീയസ്ഥിതി വെളിപ്പെടുത്തുന്നു.
Jehovah's Witnesses Mar Joseph Pamplany Teachings of jehovah's witnesses Catholic church and Jehovah's witnesses Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206