We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 04-Feb-2021
ആമുഖം
മനുഷ്യന്‍ എന്നും ദൈവാന്വേഷിയായിരുന്നു. വീശിയടിക്കുന്ന കൊടുങ്കാറ്റിലും അതിരുകളില്ലാത്ത സാഗരസമൃദ്ധിയിലും ദൈവീകത ദര്‍ശിക്കുന്ന മനുഷ്യനെ ദൈവാന്വേഷണചരിത്രത്തിന്‍റെ ആദ്യഘട്ടത്തില്‍ കണ്ടുമുട്ടുവാന്‍ കഴിയും. സാവധാനം പരമനിഗൂഢതയായ ദൈവികസത്തയെക്കുറിച്ചുള്ള അവന്‍റെ അറിവ് വളര്‍ന്നു. ദൈവാന്വേഷണങ്ങള്‍ ദൈവാനുഭവങ്ങള്‍ക്ക് നിമിത്തമായി *ദെവത്തെക്കുറിച്ചറിഞ്ഞവരൊക്കെ അവരുടേതായ ഭാഷയില്‍ അവ വിവരിച്ചു തുടങ്ങി. അങ്ങനെ വ്യത്യസ്ത മതങ്ങള്‍ക്ക് ഉദയമായി. ഓരോ മതവും അവയുടെ വിശ്വാസസംഹിതകളനുസരിച്ച് മനുഷ്യനെന്ന രഹസ്യത്തിന്‍റെ ചുരുളഴിക്കുവാന്‍ പരിശ്രമിച്ചു. ഹൈന്ദവമതവും ക്രൈസ്തവമതവും ഇസ്ലാംമതവുമെല്ലാം മനുഷ്യനെ ദര്‍ശിക്കുന്നത് അവരുടേതായ വീക്ഷണകോണിലൂടെയാണ്. സൃഷ്ടിയുടെ മകുടമായി ക്രൈസ്തവമതം മനുഷ്യനെ കാണുമ്പോള്‍, മനുഷ്യജീവിതത്തിലെ ദുഃഖവും അതിന്‍റെ പരിഹാരമാര്‍ഗ്ഗങ്ങളുമാണ്, ബുദ്ധമതത്തില്‍ മനുഷ്യനെക്കുറിച്ചുള്ള മുഖ്യപ്രമേയം. ഹിന്ദുപുരാണങ്ങള്‍ മനുഷ്യന്‍റെ ഉത്ഭവം ബ്രഹ്മനില്‍ നിന്നെന്ന് വിശ്വസിക്കുമ്പോള്‍, ഇസ്ലാംമതം സകലചരാചരങ്ങളുടെയും സ്രഷ്ടാവായ അല്ലാഹുവിനെ തത്സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. ഇപ്രകാരം വിവിധമതങ്ങളില്‍ കാണുന്ന മനുഷ്യദര്‍ശനങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും അവലോകനമാണ് ഈ അധ്യായം.
യഹൂദമനുഷ്യദര്‍ശനം
ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് യഹൂദര്‍ വിശ്വസിക്കുന്നു. മനുഷ്യന്‍ സ്രഷ്ടാവിന്‍റെ രൂപത്തില്‍ സൃഷ്ടിക്കപ്പെട്ട സൃഷ്ടിയായതിനാല്‍ സൃഷ്ടിയുടെ മകുടമാണ്. തന്‍റെ ഛായയില്‍ സൃഷ്ടിച്ചതുകൊണ്ടാണ് മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തമായി, ചിന്തിക്കാന്‍ ബുദ്ധിയും, പ്രവര്‍ത്തിക്കാന്‍ ഇച്ഛാശക്തിയും, വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള കഴിവും ദൈവം മനുഷ്യന് നല്‍കിയിരിക്കുന്നത്. മനുഷ്യന്‍ തന്‍റെ കഴിവുകള്‍ അവയുടെ പൂര്‍ണ്ണതയില്‍ ഉപയോഗിച്ച് ദൈവേഷ്ടം പോലെ ജീവിച്ച് മറ്റു ജീവികളുടെമേല്‍ ആധിപത്യം പുലര്‍ത്തി ജീവിക്കണമെന്നാണ് സ്രഷ്ടാവിന്‍റെ ഇഷ്ടം.
സര്‍വ്വശക്തനും സര്‍വ്വവ്യാപിയും സര്‍വ്വജ്ഞനും സ്രഷ്ടാവുമായ യാഹ്വേയുടെ കല്പനകള്‍ പാലിച്ച് ജീവിക്കുകയാണ് യഹൂദര്‍ക്ക് മതജീവിതം. യാഹ്വേ എന്നാല്‍, ആയിരിക്കുന്നവന്‍ എന്നാണ് അര്‍ത്ഥം. യഹൂദമനുഷ്യദര്‍ശനമനുസരിച്ച് മനുഷ്യന് രണ്ടുതരം സ്വഭാവങ്ങളുണ്ട്. ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്‍റെ ശ്വാസം അവന്‍റെ നാസാരന്ധ്രങ്ങളിലേയ്ക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങനെ അവന്‍ ജീവനുള്ളവനായിത്തീര്‍ന്നു (ഉല്‍പത്തി 2:7). പൂഴികൊണ്ട് രൂപപ്പെടുത്തിയതിനാല്‍ ഭൗതികസ്വാഭാവവും ദൈവം നിശ്വസിച്ചതിനാല്‍ ആത്മീയസ്വഭാവവും മനുഷ്യനുണ്ട്. എന്നാല്‍ അവന്‍ വ്യത്യസ്തങ്ങളായ രണ്ട് പ്രതിഭാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദ്വൈതഭാവമല്ല, പ്രത്യുത സമജ്ഞസമായി സമ്മേളിക്കപ്പെട്ട മൂന്നാമതൊരു സൃഷ്ടിയായിട്ടാണ് യഹൂദര്‍ മനുഷ്യനെ അവതരിപ്പിക്കുന്നത്. മനുഷ്യനെ "അഫേഷ്" എന്ന് വിളിക്കുന്നു; 'ജീവനുള്ള ദേഹി.' ഇത് ഏകീഭൂതമായ ആളത്തമാണ്. ഈ ആളത്തത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി പുരുഷന്‍റെ വാരിയെല്ലില്‍ നിന്നും സ്ത്രീ സൃഷ്ടിക്കപ്പെട്ടു. അതിനാല്‍ പൂര്‍ണ്ണ മനുഷ്യര്‍ ബഹുമുഖമാണ് അഥവാ സാമൂഹ്യപരമാണ്. മനുഷ്യസത്തതന്നെയാണ് സ്ത്രീയും പങ്കിടുന്നത്.
ഭൗതിക മനുഷ്യനെപ്പറ്റി വേദപുസ്തകം പറഞ്ഞിരിക്കുന്നത്, പൊടിയില്‍നിന്നും രൂപപ്പെട്ടവന്‍ പൊടിയിലേയ്ക്ക് തന്നെ മടങ്ങും എന്നാണ്. പക്ഷേ, അവന്‍റെ ആത്മീയ ഘടകത്തിന് അന്ത്യമില്ല, അത് നിത്യമാണ്. ജീവിതം ഒന്നേയുള്ളൂ. യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മരണം എന്നൊന്നില്ല. ഭൗതിക മനുഷ്യന്‍ പൊടിയാകാനുള്ള ഒരു പ്രക്രിയ മാത്രമാണ് മരണം. മരണം ജീവിതത്തിന്‍റെ അന്ത്യമാകുന്നില്ല. യഹൂദ നിയമങ്ങള്‍ മൃതശരീരങ്ങളെ പോസ്റ്റുമാര്‍ട്ടം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുരാതന യഹൂദവിശ്വാസമനുസരിച്ച് മരണശേഷം പാതാളത്തിലേയ്ക്കാണ് എല്ലാവരും ചെന്നുചേരുന്നത്. നിശ്ചലവും പ്രകാശരഹിതവുമായ ആ സ്ഥലത്ത്, നല്ലവരും മോശമായവരും എത്തിപ്പെടുന്നു. പക്ഷേ ദാനിയേല്‍, മക്കബായര്‍, വിജ്ഞാനം എന്നീ ഗ്രന്ഥങ്ങളിലൂടെ മരണാനന്തര വിധിയിലും പുനരുത്ഥാനത്തിലും യഹൂദര്‍ വിശ്വസിച്ചു തുടങ്ങി. യഹൂദമതത്തിനുവേണ്ടി മരിക്കുന്നവരുടെ പുനരുത്ഥാനവും അന്തിമവിജയവും ഈ പുസ്തകങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളെയും സമന്വയിപ്പിച്ച് നിര്‍ത്തുന്നത് മനുഷ്യനാണ്; തുടര്‍ന്നുള്ള സൃഷ്ടിയില്‍ ദൈവത്തിന്‍റെ പങ്കാളിയായിരിക്കാനും ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം വരുത്താനുമാണ് മനുഷ്യനെ സൃഷ്ടിച്ചത്.
ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ജനതയാണ് തങ്ങളെന്ന് യഹൂദര്‍ വിശ്വസിക്കുന്നു; ബാക്കിയുള്ളവരെല്ലാം വിജാതീയരും നശിച്ചുപോകാനുള്ളവരുമാണ്. തങ്ങള്‍ക്ക് ദൈവം വാഗ്ദാനം ചെയ്ത രക്ഷകന്‍ വരാനിരിക്കുന്നുവെന്നും യഹൂദര്‍ വിശ്വസിക്കുന്നു. യഹൂദര്‍ക്ക് തങ്ങളുടെ സമുദായത്തെപ്പറ്റിയുള്ള മനുഷ്യസങ്കല്പമല്ല മറ്റുള്ളവരോടുണ്ടായിരുന്നത്. യഹൂദര്‍ക്ക് മനുഷ്യന്‍ നിയമങ്ങളനുസരിച്ച് ജീവിക്കേണ്ടവനാണ്. വേദപുസ്തകത്തിലെ ആദ്യത്തെ പുസ്തകങ്ങളായ ഉല്‍പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം എന്നിവ ഉള്‍പ്പെടുന്ന തോറയാണ് അവരുടെ നിയമപുസ്തകം. നിയമത്തിലുള്ള ഭക്തിയും വിശ്വാസവും കൊണ്ടാണ് യഹൂദര്‍ അവരുടെ വീടുകളിലും, വസ്ത്രങ്ങളിലും, നെറ്റിയിലും, കൈത്തണ്ടയിലുമെല്ലാം നിയമങ്ങള്‍ എഴുതി സൂക്ഷിക്കുന്നത്.
യഹൂദ മാനവീയ വീക്ഷണത്തില്‍, സ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ മനുഷ്യനെ ആറായി തരം തിരിക്കാം. സംയോജിത മനുഷ്യന്‍, വിയോജിത മനുഷ്യന്‍, സ്വതന്ത്ര മനുഷ്യന്‍, സാമൂഹ്യ മനുഷ്യന്‍, സാമാന്യ മനുഷ്യന്‍, ആദര്‍ശ മനുഷ്യന്‍. ഈശ്വരന്‍റെയും പ്രകൃതിയുടെയും സംയോജിത അവസ്ഥയാണ് സംയോജിത മനുഷ്യന്‍. ഈ സംയോജിത അവസ്ഥയില്‍ നിന്നും മാറി ഈശ്വരനോട് ആഭിമുഖ്യം കുറഞ്ഞ് പ്രകൃതിയോടു മാത്രം ആഭിമുഖ്യം പുലര്‍ത്തി ജീവിക്കുന്നവനാണ് വിയോജിത മനുഷ്യന്‍. ഈശ്വരനോടും പ്രകൃതിയോടും ഒരുപോലെ ആഭിമുഖ്യം പുലര്‍ത്തി, കടപ്പാടുകള്‍ നിറവേറ്റുന്ന മനുഷ്യനാണ് സ്വതന്ത്ര മനുഷ്യന്‍. ദൈവത്തിന്‍റെയും പ്രകൃതിയുടെയും നിയമങ്ങള്‍ നിറവേറ്റി ജീവിക്കുന്ന സ്വതന്ത്രമനുഷ്യനില്‍ സാമൂഹ്യഭാവം ജന്മസിദ്ധമാണ്. അതിനാല്‍ സ്വതന്ത്ര മനുഷ്യന്‍ ഒരു സാമൂഹ്യ മനുഷ്യന്‍ കൂടിയാണ്. പ്രാപഞ്ചികനായ മനുഷ്യന്‍ താല്ക്കാലികനും, അസ്ഥിരനും, മാറ്റത്തിനു വിധേയനുമാണ്. അതിനാല്‍ പ്രപഞ്ചത്തോടുള്ള ബന്ധം നഷ്ടപ്പെടുത്താതെ തങ്ങളുടെ അപൂര്‍ണ്ണതയിലും ജീവിതപരാജയത്തിലും ഈശ്വരനെ ആശ്രയിക്കുന്നവനാണ് സാമാന്യ മനുഷ്യന്‍. ആത്യന്തിക ലക്ഷ്യപ്രാപ്തിക്കുവേണ്ടി സ്വധര്‍മ്മം നിറവേറ്റുവാന്‍ പരിശ്രമിക്കുന്ന സാമാന്യ മനുഷ്യനാണ് ആദര്‍ശ മനുഷ്യന്‍. മനുഷ്യനില്‍ ആറ് സവിശേഷ ഗുണങ്ങള്‍ ഉണ്ടായിരിക്കണം: പ്രത്യേക സാമര്‍ത്ഥ്യം, സമ്പത്ത്, ശത്രുവിനെ ജയിക്കാനുള്ള കഴിവ്, സരളസംസാരം, ആകര്‍ഷകമായ ആകാരം, ദൈവഭക്തി എന്നിവയാണവ.
യഹൂദ ദര്‍ശനമനുസരിച്ച് വ്യത്യസ്തമായ പ്രവൃത്തികളാണ് മനുഷ്യന്‍ ചെയ്യുന്നതെങ്കിലും എല്ലാ മനുഷ്യരും ദൈവത്തിന്‍റെ പദ്ധതി നടപ്പിലാക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മനുഷ്യനിലൂടെ പ്രവര്‍ത്തിക്കുന്നത് ദൈവം തന്നെയാണ്. ഇവിടെ ഒരു യാഥാര്‍ത്ഥ്യമേയുള്ളൂ, നിത്യമായ അതിരുകളില്ലാത്ത ദൈവം. മനുഷ്യന്‍ മനസ്സു തുറന്നു നോക്കിയാല്‍ ദര്‍ശിക്കുന്നത് ദൈവത്തിന്‍റെ ഛായയിലുള്ള മനുഷ്യനെയല്ല; മറിച്ച്, ദൈവത്തെതന്നെയാണ്.
ക്രിസ്തുമത മനുഷ്യദര്‍ശനം
ക്രൈസ്തവ ദര്‍ശനത്തില്‍ മനുഷ്യന്‍ ജീവോന്മുഖ സത്തയാണ്. സൃഷ്ടിയുടെ നാഴികക്കുടമായ അവന്‍ പ്രപഞ്ചത്തിന്‍റെ കേന്ദ്രമാണ് (ഉല്‍പ.1:26). മനുഷ്യനെ സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത് (ഉല്‍പ 1:26). ഇത് ഉദ്ദേശിക്കുന്നത്, മനുഷ്യന്‍ ലോകത്തില്‍ ഈശ്വര സ്വരൂപമാണെന്നും ദൈവത്തിന്‍റെ ഛായ മനുഷ്യന്‍റെ ശാരീരിക പ്രകൃതിയിലല്ല, മറിച്ച്, ബുദ്ധിയും സ്വതന്ത്രമായ ഇച്ഛാശക്തിയുമുള്ള ആത്മാവിന്‍റെ സാന്നിദ്ധ്യത്തിലൂടെയാണ് വെളിവാകുന്നതെന്നുമാണ്. ഈ ആത്മാവ് ശരീരത്തിനെതിരായ യാഥാര്‍ത്ഥ്യമല്ല. മനുഷ്യജീവന്‍റെ ഉറവിടവും ദൈവചൈതന്യവും ഈ ആത്മീയ ശക്തിയാണ്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ 'സഭ ആധുനിക ലോകത്തില്‍' എന്ന പ്രമാണരേഖയില്‍ ആധുനിക ഹ്യൂമനിസത്തിന്‍റെ ന്യൂതന കാഴ്ചപ്പാടും ദൈവവിജ്ഞാനത്തിലെ പുതുചലനങ്ങളും കൂട്ടിയൊരുക്കി മനുഷ്യന്‍റെ സമഗ്രമായ രൂപം വരച്ചുകാട്ടുന്നുണ്ട്. മനുഷ്യമഹത്വത്തിന്‍റെ പൂര്‍ണ്ണത അടങ്ങിയിരിക്കുന്നത് സ്വതന്ത്ര്യത്തിലാണ്. ബുദ്ധിയെയും ഇച്ഛാശക്തിയെയും വികാരങ്ങളെയും സ്വതന്ത്രമായി കൈകാര്യം ചെയ്യാനുള്ള സിദ്ധി മനുഷ്യനെ ഇതരജീവികളില്‍ നിന്ന് വേര്‍പെടുത്തുന്നു. അതിനാല്‍ മനുഷ്യമഹത്വം അതിന്‍റെ പൂര്‍ണ്ണതയിലെത്തുന്നത് പരസ്പരമുള്ള സ്നേഹത്തിലാണ്. ഈശ്വരസാന്നിദ്ധ്യം നിറഞ്ഞ മനുഷ്യന്‍ ദൈവവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തണം. ഇതു സാധിക്കുന്നത് അനുദിനജീവിതത്തില്‍ ദൈവസാന്നിദ്ധ്യം നിലനിര്‍ത്തികൊണ്ടുതന്നെയാണ്. ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റി തന്‍റെ ഉന്നമനത്തിനായി പരിശ്രമിക്കുമ്പോള്‍ അവനിലുള്ള ദൈവത്തിന്‍റെ സാരൂപ്യം വികസിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന്‍റെ മുന്നില്‍ കേവലം ഒരു സൃഷ്ടിമാത്രമാണ് മനുഷ്യന്‍. അതുകൊണ്ട് ദൈവവുമായി ഗാഢമായ ബന്ധത്തിലാണ് അവന്‍. ഈ ബന്ധത്തെ ആശ്രയിച്ചാണ് അവന്‍ ജീവിതം കരുപ്പിടിക്കുന്നത്. ഈ ബന്ധത്തെ ശ്രേഷ്ഠതയിലേക്കുയര്‍ത്തുന്നത് അവന്‍റെ വിശുദ്ധജീവിതമാണ്. ഈ ജീവിതമാണ് ദൈവത്തിന് അവനില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമായി തീരുന്നത് (ഉല്‍പ.17:1) അവിടുന്ന് ഓരോ മനുഷ്യനില്‍ നിന്നും പ്രത്യുത്തരം ആവശ്യപ്പെടുന്നു (മത്താ.5:48).
മനുഷ്യന്‍റെ ഘടന
ആത്മശരീരങ്ങളോടെ നിര്‍മ്മിതമാണ് മനുഷ്യനെങ്കിലും അവന്‍ അവിഭാജ്യനാണ്. തന്‍റെ ശാരീരികഘടനയിലൂടെ ഭൗതികലോകത്തിന്‍റെ അംശങ്ങള്‍ അവന്‍ തന്നില്‍ സമാഹരിക്കുന്നു. അങ്ങനെ മനുഷ്യനിലൂടെ അവ മകുടമണിയുന്നു; സ്വതന്ത്രമായി സ്രഷ്ടാവിനെ സ്തുതിക്കുന്നു. അതിനാല്‍ മനുഷ്യന്‍ തന്‍റെ ശാരീരികജീവിതത്തെ അവഗണിക്കാന്‍ പാടില്ല. മറിച്ച് തന്‍റെ ശരീരത്തിന്‍റെ ശ്രേഷ്ഠതയോടുകൂടി ദൈവത്തെ സ്തുതിക്കാനാണ് അവന്‍ പരിശ്രമിക്കേണ്ടത്. സ്വശരീരത്തെ വിലമതിക്കാനും ശരീരത്തിന്‍റെ ദുര്‍വാസനകളെ സേവിക്കാതിരിക്കാനും മനുഷ്യന്‍റെ വ്യക്തിമാഹാത്മ്യം ആവശ്യപ്പെടുന്നു. തന്‍റെ ഹൃദയാന്തരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍, തന്‍റെ അകക്കണ്ണ് തുറക്കുമ്പോള്‍, അവന്‍ കണ്ടെത്തുന്നു; തന്നെ കാത്തിരിക്കുന്ന ഹൃദയങ്ങള്‍ പരിശോധിക്കുന്ന ദൈവം അവിടെ അവനെ കാത്തിരിക്കുന്നു എന്ന്. ആ മഹാസാന്നിധ്യത്തിന്‍റെ മുമ്പില്‍ തന്‍റെ ശരിയായ ഭാഗധേയം മനുഷ്യന്‍ വിവേചിച്ചറിയുന്നു. അങ്ങനെ പദാര്‍ത്ഥാക്തിതവും ശ്രേഷ്ഠവുമായ ആത്മാവിനെ തന്നിലേക്ക് അവന്‍ അംഗീകരിക്കുമ്പോള്‍ വെറും കായികവും സാമൂഹികവുമായ സ്വാധീന വലയങ്ങളില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന സങ്കല്‍പ്പങ്ങളാല്‍ അവന്‍ വഞ്ചിതനാകുന്നില്ല.
മനുഷ്യന്‍റെ പതനം
ദൈവം മനുഷ്യന് അസ്തിത്വം നല്‍കിയത് തന്‍റെ ഛായാസാദൃശ്യത്തിലാണ്. സ്വതന്ത്ര്യത്തെ ദുരുപയോഗിച്ച് അവന്‍ ദൈവത്തിന്‍റെ പദ്ധതികള്‍ക്കെതിരായി പ്രവര്‍ത്തിച്ചു. ദൈവത്തെ പോലെ ആകാനുള്ള അവന്‍റെ അഭിലാഷം അവനെ അധഃപതനത്തിലേക്ക് നയിച്ചു. അങ്ങനെ ദൈവത്തിന് മനുഷ്യനോടുള്ള ആദ്യചോദ്യമുണ്ടായി. മനുഷ്യാ നീ എവിടെയാകുന്നു? (ഉല്‍പ 3:9) മനുഷ്യന്‍ ഓരോ പാപങ്ങള്‍ ചെയ്യുമ്പോഴും ഈ ചോദ്യം ആവര്‍ത്തിക്കപ്പെടുന്നു. ആദ്യപാപം വഴി അവന്‍റെ ജീവിതത്തിലേക്ക് അസ്വസ്ഥതയും ക്ലേശവും കടന്നുവന്നു (ഉല്‍പ 3:17). ഈ ആദ്യപാപം മനുഷ്യന് ആന്തരിക ലക്ഷ്യത്തിലേക്കെത്തിച്ചേരാന്‍ വിഘാതമായിത്തീര്‍ന്നു. അവന്‍റെ മനസ്സ് സ്രഷ്ടാവിനു പകരം സൃഷ്ടിയെ സേവിച്ചു. തന്നോടും മറ്റുള്ളവരോടും എല്ലാ സൃഷ്ടവസ്തുക്കളോടുമുള്ള ഐക്യബന്ധത്തില്‍ നിന്ന് മനുഷ്യന്‍ പുറംതള്ളപ്പെട്ടു. അവന്‍റെ രക്ഷയ്ക്കായും നഷ്ടപ്പെട്ട പറുദീസ സ്വപ്നത്തിലേയ്ക്കും അവനെ സ്വതന്ത്രനും ശക്തനുമാക്കാന്‍ ദൈവം ഒരു രക്ഷകനെ വാഗ്ദാനം ചെയ്തു (ഉല്‍പ 3:15).
ആദര്‍ശ മനുഷ്യന്‍
ദൈവത്തിന് തങ്ങളെത്തന്നെ സമര്‍പ്പിച്ചവനാണ് ആദര്‍ശമനുഷ്യന്‍. വി. മത്തായിയുടെ സുവിശേഷം 5-ാം അധ്യായത്തില്‍ ഒരു ആദര്‍ശമനുഷ്യനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ വിവരിക്കുന്നുണ്ട്. സമ്പത്തിലാശ്രയിക്കാതെ സ്വന്തം കഴിവുകളെ ഊന്നു വടികളാക്കാതെ ദൈവത്തില്‍ മാത്രം ആശ്രയിക്കുന്നവര്‍ ആത്മാവില്‍ ദരിദ്രരായവരും (മത്താ 5:8) ശിശുക്കളുടെ നിഷ്കളങ്കതയോടെ ജീവിക്കുന്നവരും ഹൃദയശുദ്ധിയുള്ളവരും (മത്താ 5:8) ശാന്തശീലരും (മത്താ 5:4) സമാധാനപാലകരും (മത്താ 5:6-9) കാരുണ്യവാന്മാരും (5:7) ആദര്‍ശ മനുഷ്യരായി കാണപ്പെടുന്നു. ഈ പോരാട്ടത്തിനായി പീഡകള്‍ ഏല്‍ക്കേണ്ടി വരും (മത്താ 5:11). ഇതിനെയൊക്കെ അതിജീവിക്കുന്നവനാണ് ആദര്‍ശ മനുഷ്യന്‍.
മനുഷ്യന്‍റെ അന്ത്യം
മരണത്തിന്‍റെ മുന്‍പിലാണ് മനുഷ്യന്‍ നിഷ്ക്രിയനാകുന്നത്. മരണം മനുഷ്യന്‍റെ പ്രകൃതമാണെങ്കിലും ക്രൈസ്തവവിശ്വാസങ്ങള്‍ക്കനുസരിച്ച് മരണം പാപത്തിന്‍റെ ശമ്പളമാണ് (റോമാ 6:23, ഉല്‍പ 2:17, 3:3, 3:19 ജ്ഞാനം 1:13). പാപം ചെയ്തില്ലായിരുന്നുവെങ്കില്‍ ശാരീരികമായ മരണം തന്നെ ഉണ്ടാകുമായിരുന്നില്ല. സ്വന്തം ചെയ്തികളാല്‍ നാശത്തിന്‍റെ പടുകുഴിയിലേയ്ക്ക് കൂപ്പുകുത്തിയ മനുഷ്യനെ, അവന്‍റെ പൂര്‍ണ്ണതയിലേയ്ക്ക്, സര്‍വ്വശക്തനും കരുണാ സമ്പന്നനുമായ രക്ഷകന്‍, നാശത്തിന്‍റെ ഗര്‍ത്തത്തില്‍ നിന്ന് ഉയര്‍ത്തുമ്പോള്‍ മരണം കീഴ്പ്പെടും. മനുഷ്യന്‍റെ മുഴുവന്‍ അസ്ഥിത്വത്തോടുകൂടി തന്‍റെ സ്രഷ്ടാവില്‍ പറ്റിച്ചേരാനാണ് അവിടുന്നു മനുഷ്യനെ വിളിക്കുന്നത്. ജീവനിലേയ്ക്ക് പുനരുത്ഥാനം ചെയ്തപ്പോള്‍ ക്രിസ്തു മരണത്തിന്മേല്‍ വിജയം നേടിയെടുത്തു. അവിടുന്നു തന്‍റെ മരണത്തിലൂടെ മനുഷ്യനെ മൃത്യുവില്‍ നിന്ന് മോചിപ്പിച്ചു. ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തതു പോലെ അന്ത്യദിനത്തില്‍ മനുഷ്യരെല്ലാവരും ഉത്ഥാനം ചെയ്യും എന്നത് ക്രൈസ്തവവിശ്വാസത്തിന്‍റെ കേന്ദ്രമാണ് (യോഹ 6:39-40, 5:29). നന്മ ചെയ്തവര്‍ ജീവന്‍റെ ഉയര്‍പ്പിനായും തിന്മ ചെയ്തവര്‍ അന്ത്യവിധിയുടെ ഉയര്‍പ്പിനായും, ക്രിസ്തുവിന്‍റെ ഉയര്‍പ്പിന്‍റെ ശക്തിയാല്‍, കല്ലറയില്‍ നിന്നും പുറത്തുവരും (ലൂക്ക 24:39), (ഫിലി 3:21), (1 കൊറി 15:44) എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു.
ക്രിസ്തു പൂര്‍ണ്ണമനുഷ്യന്‍
ദൈവപുത്രനായ ക്രിസ്തുവിന്‍റെ മനുഷ്യാവതാരം മനുഷ്യനെ സമുദ്ധരിച്ച് മനുഷ്യജീവിതത്തിന് അര്‍ത്ഥവും പ്രസക്തിയും പ്രദാനം ചെയ്യുന്നു. ആദ്യമനുഷ്യനായ ആദം വരാനിരിക്കുന്ന ക്രിസ്തുവിന്‍റെ പ്രതിരൂപമായിരുന്നു. രണ്ടാമത്തെ ആദമായ ക്രിസ്തു. ദൈവസ്നേഹത്തിന്‍റെ അധിഷ്ഠിതരൂപമായ തന്നിലൂടെ സ്വര്‍ഗ്ഗീയ പിതാവിനെ മനുഷ്യനു വെളിപ്പെടുത്തുകയും ചെയ്തു. അദൃശ്യ ദൈവത്തിന്‍റെ പ്രതിരൂപമായ (കൊളോ 1:15) അവിടുന്നുതന്നെ പരിപൂര്‍ണ്ണ മനുഷ്യനാണ്.
മനുഷ്യനെ ക്രിസ്തുരഹസ്യത്തിന്‍റെ വെളിച്ചത്തിലാണ് ക്രിസ്തുമതം വീക്ഷിക്കുന്നത്. ലോക രക്ഷകനായി അവതാരം ചെയ്ത ക്രിസ്തു ലോകത്തിനു നല്‍കിയത് പുതിയൊരു ജീവനാണ്. ലോകം ക്രിസ്തുവിന് നല്‍കിയ ശരീരത്തെ അവിടുന്ന് ഉത്ഥാനത്തിലെത്തിച്ചു. അതുപോലെ പ്രപഞ്ചം മുഴുവന്‍ യുഗാന്ത്യത്തില്‍ രൂപാന്തരം പ്രാപിക്കുമെന്ന് ക്രൈസ്തവന്‍ വിശ്വസിക്കുന്നു. ലോകത്തെ ദൈവീക ജീവനിലേക്കു നയിക്കുവാനാണ് ദൈവം മനുഷ്യനു ജന്മം നല്‍കിയത്. അതിനാല്‍ മനുഷ്യന്‍ തന്നെയാണ് ലോകത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യവും.
മനുഷ്യ സമീക്ഷ ബൈബിളില്‍
യഹൂദരുടെയും ക്രൈസ്തവരുടെയും മതാനുഭവങ്ങളുടെ ആലേഖനമായ ബൈബിള്‍ മനുഷ്യന്‍റെ സമഗ്രമായൊരു ചിത്രം വരച്ചുകാട്ടുന്നുണ്ട്. "മനുഷ്യനെ ദൈവം സ്വന്തം ഛായയില്‍ സൃഷ്ടിച്ചു" (ഉല്‍പ 1.27) എന്ന ആദ്യ അധ്യായത്തിലെ പ്രസ്താവന തന്നെ ബൈബിളിലെ മനുഷ്യ സമീക്ഷയുടെ ഉച്ചകോടിയാണ്. ഇതിനുപിന്നില്‍ മനുഷ്യനെക്കുറിച്ചുള്ള വ്യക്തമായ ഒരവബോധം കുടികൊള്ളുന്നുണ്ട്. ഇസ്രായേല്‍ക്കാര്‍ പൊതുവെ മൃഗസംരക്ഷകരായിരുന്നു. മൃഗങ്ങളുമായി ചിലകാര്യങ്ങളില്‍ മനുഷ്യന് സാമ്യമുണ്ടെങ്കിലും അവയ്ക്കുപരിയൊരു മഹത്വം മനുഷ്യനുണ്ടെന്ന് അവര്‍ കരുതിയിരുന്നു. മൃഗവും മനുഷ്യനും നശ്വരമായ മാംസത്താല്‍ നിര്‍മ്മിതരാണ്; ജീവശ്വാസമാണിരുവര്‍ക്കും ജീവന്‍ നല്‍കുന്നതും. എങ്കിലും മൃഗങ്ങളെ കൊന്നുഭക്ഷിക്കുവാന്‍ മനുഷ്യന് അധികാരമുണ്ടായിരുന്നു (ഉല്‍പ 9:2-3).
മനുഷ്യന്‍ ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടു എന്ന സമര്‍ത്ഥനത്തില്‍ പ്രസക്തമായ രണ്ട് ഉള്‍ക്കാഴ്ചസളുണ്ട്: 1) മനുഷ്യന്‍റെ മഹത്വവും 2) മനുഷ്യനെ ഭരമേല്‍ച്ചിരിക്കുന്ന കര്‍ത്തവ്യവും. ദൈവശാസ്ത്രചരിത്രത്തിലും മനുഷ്യന്‍ ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടു എന്ന പ്രസ്താവനയെ പല ചിന്തകരും വ്യാഖ്യാനിച്ചിട്ടുണ്ട്. ദൈവഛായയെ ദൈവത്തെ അഭിമുഖം ദര്‍ശിക്കുവാനുള്ള സ്വാഭാവിക അഭിവാഞ്ജയയാണ് വി. അഗസ്റ്റിന്‍ വ്യാഖ്യാനിക്കുന്നത്. വി. തോമസ് അക്വീനാസിന്‍റെ ഭാഷയില്‍ അത് ഇച്ഛാശക്തിയും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധമാണ്.
ആത്മാവ്, ശരീരം എന്നീ ഘടകങ്ങള്‍ ചേര്‍ന്നാണ് മനുഷ്യനുണ്ടാകുന്നത് എന്ന് തത്വചിന്തയിലും ദൈവഭാഷ്യത്തിലും പൊതുവെ സമര്‍ത്ഥിക്കാറുണ്ട്. ഈ വീക്ഷണത്തിന്‍റെ ചുവടുപിടിച്ച് ആത്മാവിനെ ദൈവം നേരിട്ടു സൃഷ്ടിക്കുന്നു എന്നൊരു സിദ്ധാന്തവും നിലകൊള്ളുന്നുണ്ട്. എന്നാല്‍ ബൈബിള്‍ ദര്‍ശനത്തോട് ഈ ആത്മശരീര വിവേചനം ഒത്തുപോകുന്നില്ല. ഗ്രീക്ക് ചിന്തകരും അവരെത്തുടര്‍ന്ന് ക്രൈസ്തവദാര്‍ശനികരുമാണ് മനുഷ്യനെ ആത്മാവും ശരീരവുമായി വിഭജിച്ചത്. ബൈബിള്‍ വീക്ഷണത്തില്‍ മനുഷ്യവ്യക്തി ജീവനുള്ള ഒരു പുരുഷാത്മക സാകല്യമാണ്.
മനുഷ്യനെ പരാമര്‍ശിക്കാന്‍ ജഡം, പ്രാണന്‍, ചൈതന്യം എന്നിങ്ങനെ ഒന്നിലേറെ ധാരണകള്‍ മനുഷ്യന്‍ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഒരൊറ്റ സാകല്യമായ മനുഷ്യനെ മൂന്നു വ്യത്യസ്തവശങ്ങളിലൂടെ നിര്‍വചിക്കുക മാത്രമാണ് അവ ചെയ്യുന്നത്. ജഡം മനുഷ്യന്‍റെ ശരീരബദ്ധവും ബലഹീനവുമായ വശത്തെ സൂചിപ്പിക്കുന്നു. ശാരീരികവും മാനസികവുമായ ജീവശക്തിയാണ് പ്രാണന്‍കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചൈതന്യമെന്നത് ജീവിതത്തിന്‍റെതന്നെ മറ്റൊരു വിവക്ഷയുമാണ്. ഇവ തമ്മിലുള്ള വ്യത്യാസം, സത്തയിലുള്ള വ്യത്യാസമല്ല, സത്തയുടെ പ്രകാശനത്തിലുള്ള വൈവിധ്യമാണ്.
മനുഷ്യനും ലോകവും
ആദം അഥവാ മനുഷ്യന്‍ എന്ന പദം തന്നെ ഭൂമി എന്നര്‍ത്ഥമുള്ള അദാമാ എന്ന വാക്കിനോട് ബന്ധമുള്ളതാണ്. വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു (യോഹ 1:14) ആദിയില്‍ ലോകത്തെ സൃഷ്ടിച്ച ദൈവം, ലോകമായിത്തീര്‍ന്നു എന്നതാണ് വചനം മാംസമായി എന്നതിന്‍റെ ആത്യന്തികമായ പൊരുള്‍. ലോകത്തിന്‍റെ കേന്ദ്രബിന്ദുവായ മനുഷ്യന്‍ ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുകയും അതിജീവിക്കുകയും ചെയ്യുന്നുണ്ട്. ആയതിനാല്‍, ദൈവം മനുഷ്യനായി എന്നത്, ദൈവം ലോകമായി എന്നയര്‍ത്ഥത്തിലും വ്യാഖ്യാനവിധേയമാണ്.
ക്രൈസ്തവദര്‍ശനമനുസരിച്ച് മനുഷ്യന്‍റെ ശരീരം, അവനെ ലോകവുമായി നേരിട്ടുബന്ധിപ്പിക്കുന്നതാണ്. വിശ്വത്തിന്‍റെ ആകെത്തുകയില്‍ ഒരംശമാണ് മനുഷ്യശരീരം. അതിനാല്‍ അവന്‍റെ ഉയര്‍ച്ച താഴ്ചകളിലും രക്ഷശിക്ഷകളിലും പ്രപഞ്ചവും പങ്കുചേരുന്നുണ്ട്. മനുഷ്യന്‍റെ പാപം മൂലം ഭൂതലം ശാപഗ്രസ്തമാവുകയും അദ്ധ്വാനവും കഷ്ടപ്പാടുകളും ഭൂമിയില്‍ ഉടലെടുക്കുകയും ചെയ്തു. ഭൂമിയിലവതീര്‍ണ്ണനായ ക്രിസ്തുവില്‍ മനുഷ്യനും പ്രപഞ്ചവും ഉദ്ധരിക്കപ്പെടുകവഴി മരണത്തിന്‍റെ ബന്ധനത്തില്‍ നിന്നു അവന്‍ മോചിതനായി. ലോകത്തിന്‍റെ ഏറ്റവും സമുല്‍ക്കൃഷ്ടമായ കേന്ദ്രബിന്ദുവാണ് ഓരോ മനുഷ്യനും. ലോകത്തിന്‍റെ ചിന്തയിം ബോധവുമൊക്കെ മനുഷ്യനിലൂടെയാണ് ഫലംചൂടി നില്‍ക്കുന്നത്. മനുഷ്യശരീരത്തിന്‍റെ ഉത്ഥാനത്തില്‍ വിശ്വസിക്കുന്നവരാണ് ക്രൈസ്തവര്‍. ശരീരം ഉത്ഥിതമാകാനുള്ളതെങ്കില്‍ ലോകവും ഉത്ഥിതമാകേണ്ടതുണ്ട്. പ്രപഞ്ചത്തിന്‍റെ തന്നെ ഭാഗമാണല്ലോ മനുഷ്യനും.
മനുഷ്യന്‍റെ ചരിത്രപരത
ക്രൈസ്തവദര്‍ശനം ചരിത്രത്തിന് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ചരിത്രപരത മനുഷ്യന്‍റെ സവിശേഷതയായി ക്രിസ്തുമതം കാണുന്നുണ്ട്. ലോകവേദിയില്‍ മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിലൂടെ അവന്‍റെ സര്‍ഗ്ഗശക്തിപ്രകടമാക്കുമ്പോഴാണ് ചരിത്രമുണ്ടാകുന്നത്. മറ്റൊരര്‍ത്ഥത്തില്‍, ലോകത്തോടു ബന്ധപ്പെട്ടിരിക്കുന്ന മനുഷ്യന്‍ ലോകത്തിനുപരി, സ്വാതന്ത്ര്യത്തിന്‍റെയും സര്‍ഗ്ഗാത്മകതയുടേയും സ്രഷ്ടാവുതന്നെയാണ്. ചരിത്രത്തിന്‍റെ വിധാതാവെന്ന നിലയില്‍, മനുഷ്യന്‍ പുതിയ ആകാശത്തിന്‍റെയും പുതിയ ഭൂമിയുടെയും സഹസ്രഷ്ടാവായിത്തീരുന്നു. ക്രൈസ്തവദര്‍ശനം ലോകത്തെയും അതില്‍ വീഴുന്ന വിയര്‍പ്പുതുള്ളികളെയും വിലമതിക്കുന്നതോടൊപ്പം ചരിത്രത്തിന്‍റെ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുകയും അതിനൊരന്ത്യമുണ്ടെന്ന് പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ലോകത്തെ ചരിത്രത്തിന്‍റെ പ്രക്രിയയില്‍ പ്രവേശിപ്പിച്ച്, ചരിത്രഗതിയിലൂടെ അതിനെ നയിച്ച് യുഗാന്ത്യത്തില്‍ സാക്ഷാത്കാരത്തിലെത്തിക്കേണ്ടവനാണ് മനുഷ്യന്‍. ഗ്രീക്ക് ചിന്തയില്‍ നിന്നും ഭാരതീയ സാംഖ്യ അദ്വൈതദര്‍ശനത്തില്‍നിന്നുമെല്ലാം വേറിട്ടുനില്‍ക്കുന്നൊരു ചിന്താധാരയാണിത്. ചരിത്രത്തിന്‍റെ അന്ത്യത്തെ മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ക്രൈസ്തവന് നിലവിലിരിക്കുന്ന വ്യവസ്ഥിതികളോട് അനുരൂപപ്പെടാനാവില്ല, എന്നാല്‍, ചരിത്രത്തിന്‍റെ ഏതൊരു വ്യവസ്ഥിതിയെയും മറികടക്കാനും അതിനായി പ്രവര്‍ത്തിക്കുവാനും സാധിക്കും.
ആദിയില്‍ ദൈവത്തോടുകൂടെയുണ്ടായിരുന്ന വചനം ചരിത്രത്തിന്‍റെ ഒരു പ്രത്യേക നിമിഷത്തില്‍ മനുഷ്യനായി അവതരിക്കുന്നു. അതോടൊപ്പം ചരിത്രത്തിലവതരിച്ചുകൊണ്ട് അതിനൊരു പുതിയ നേതൃത്വവും ചലനശേഷിയും പ്രദാനം ചെയ്തു. എല്ലാം ക്രിസ്തുവില്‍ കേന്ദ്രീകൃതമാകുന്ന ചരിത്രത്തിന്‍റെ അന്ത്യത്തെക്കുറിച്ചും ബൈബിള്‍ പഠിപ്പിക്കുന്നുണ്ട് (കൊളോ 1:19-12). ഈ യുഗാന്ത്യവ്യവസ്ഥിതിയെ പുതിയ ആകാശവും പുതിയ ഭൂമിയും എന്നാണ് ബൈബിള്‍ വിശേഷിപ്പിക്കുന്നത് (വെളി 21:1).
ക്രൈസ്തവ അസ്തിത്വത്തിന്‍റെ സ്വഭാവം
ക്രിസ്തുവിനോട് ബന്ധപ്പെട്ടാണ് ക്രിസ്ത്യാനിയുടെ അസ്തിത്വം. ഈ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവാസ്തിത്വത്തിന്‍റെ സ്വഭാവം നിര്‍ണയിക്കപ്പെടുന്നത്. ക്രിസ്തുവാണ് ഒരുവനെ ക്രിസ്ത്യാനിയാക്കുന്നത് അഥവാ, ഒരുവന്‍ എന്തായിത്തീരുവാന്‍ ക്രിസ്തു ആഗ്രഹിക്കുന്നുവോ, അതായിത്തീരുമ്പോള്‍, അവന്‍ ക്രിസ്ത്യാനിയാകുന്നു. ക്രൈസ്തവാസ്തിത്വം ക്രിസ്തുവിന്‍റെ അസ്തിത്വത്തിന്‍റെ തുടര്‍ച്ചയാണെന്ന് പറയാം. ക്രിസ്തു തടുങ്ങിവെച്ച ദൈവാനുഭവത്തിന്‍റെയും ദൈവവൈക്യത്തിന്‍റെയും വിധേയത്വത്തിന്‍റെയും ജീവിതം, സ്ഥലകാല സംസ്ക്കാര പരിഗണനകൂടാതെ തുടരുകയാണ് ക്രൈസ്തവാസ്തിത്വത്തിന്‍റെ ലക്ഷ്യം. ആത്മാര്‍ത്ഥവും നിരന്തരവുമായ സഹകരണത്താല്‍ നിലനിര്‍ത്തേണ്ടതും പരിപോഷിക്കപ്പെടേണ്ടതുമാണ് ദൈവമനുഷ്യസഹവാസത്തിലൂടെ നിലനില്‍ക്കുന്ന ക്രൈസ്തവാസ്തിത്വം. ക്രൈസ്തവാസ്തിത്വത്തെ അപ്പസ്തോല പ്രമുഖനായ പൗലോസ് ഓട്ടപന്തയത്തിലെ ഓട്ടക്കാരനോടാണ് ഉപമിക്കുന്നത് (ഫിലി 3:12-14). ക്രൈസ്തവന്‍ ആയിത്തീര്‍ന്നവനല്ല, ആയിത്തീരേണ്ടവനാണ്. ഓടിയെത്തിയവനല്ല, ഓടിക്കൊണ്ടിരിക്കേണ്ടവനാണ്; വിജയം വരിച്ചവനല്ല, യുദ്ധം ചെയ്യേണ്ടവനാണ് ക്രിസ്ത്വാനുഭവത്തിലൂടെ ദൈവത്തിന് സ്വയം വിട്ടുകൊടുക്കാത്തവന് ക്രൈസ്തവാസ്തിത്വത്തിന്‍റെ അന്തസത്തയില്ല. "നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവനുണ്ടായിരിക്കുകയില്ല" (യോഹ 6:54).
ലോകത്തില്‍ പ്രവര്‍ത്തിച്ച് ലോകത്തെയും തന്നെത്തന്നെയും സാക്ഷാത്കാരത്തില്‍ എത്തിക്കേണ്ടവനാണ് ക്രിസ്തുമതത്തിലെ മനുഷ്യന്‍. ചൈതന്യസിദ്ധിയുള്ള പ്രപഞ്ചാംശം എന്ന നിലയില്‍, മനുഷ്യന്‍ സ്വന്തം കര്‍മ്മങ്ങളിലൂടെ സാധിക്കേണ്ടത്, ആ ചൈതന്യത്തെ ലോകത്തില്‍ സാക്ഷാത്കരിക്കുകയാണ്. മനുഷ്യചൈതന്യത്തിന്‍റെ സാക്ഷാത്കാരം ദൈവീകചൈതന്യത്തിലാണ്. ദൈവസമ്പര്‍ക്കത്താല്‍ സമ്പന്നമായ മാനുഷിക ചൈതന്യം ലോകത്തില്‍ കര്‍മ്മനിരതമാകുമ്പോള്‍ ദൈവീകതചൈതന്യം തന്നെ ലോകത്തില്‍ വീണ്ടും അവതീര്‍ണ്ണമാകും. ചുണ്ടില്‍ പുഞ്ചിരിയും മനസ്സില്‍ ആരാധനയും കാലുകളില്‍ നൃത്തച്ചുവടുകളുമുണര്‍ത്തുന്ന ക്രൈസ്തവ ആദ്ധ്യാത്മികത, സൃഷ്ടിയുടെ സാക്ഷാത്കാരമായ ഉത്ഥാനത്തിലേക്ക് അവനെ അടുപ്പിക്കും.
ഇസ്ലാംമത മനുഷ്യദര്‍ശനം
പ്രവാചകനായ മുഹമ്മദിന് 610-നും 613നും ഇടയില്‍ അല്ലാഹു വെളിപ്പെടുത്തിക്കൊടുത്തതാണ് ഇസ്ലാംമതം. 'ഇന്‍സാന്‍' എന്ന പദത്തിന് സഹവര്‍ത്തിത്വത്തിലാവുക എന്നാണര്‍ത്ഥം. ഇതാണ് ഇസ്ലാംമതത്തില്‍ മനുഷ്യനെ സൂചിപ്പിക്കുന്ന പദവും. ഈ മനുഷ്യന്‍ സ്വതന്ത്രമനസ്സോടെ ജീവിച്ച്, അല്ലാഹുവിന് പൂര്‍ണ്ണമായി വിധേയപ്പെട്ട്, സാക്ഷാല്‍ മുസ്ലീമിന്‍റെ സ്വഭാവമഹിമകളുടെ പൂര്‍ണ്ണതയിലെത്തണമെന്നാണ് ഇസ്ലാം ആഗ്രഹിക്കുന്നത്.
സ്വന്തം സമൂഹത്തെ സ്വാഭീഷ്ടപ്രകാരം ക്രമപ്പെടുത്തുവാന്‍ കൂട്ടുത്തരവാദിത്വമുള്ള പ്രപഞ്ചത്തിലെ ഏകജീവി മനുഷ്യനാണ്. ജുര്‍ജാനി, ഇബ്നുസീസ തുടങ്ങിയ തത്വചിന്തകര്‍ മനുഷ്യനെ, സംസാരിക്കുന്ന മൃഗം എന്നാണ് വിശേഷിപ്പിക്കുന്നത്. അല്ലാഹുവാണ് സകലചരാചരങ്ങളെയും സൃഷ്ടിച്ചത്. അവന്‍ ഒന്നുമില്ലായ്മയില്‍ നിന്നു വരുന്നു. ആത്മാവില്‍ ഏറ്റവും ആദ്യം രൂപം കൊണ്ടത് മനുഷ്യരാശിയാണ്. അത് ബുദ്ധിയുടെമേല്‍ ആത്മാവിന്‍റെ ആദ്യഫലമാണ്. വിത്തില്‍ ഒരു മരം ഉറങ്ങിക്കിടക്കുന്നതുപോലെ ബുദ്ധി വിവേകിയായ മനുഷ്യാത്മാവിന്‍റെ ഉള്ളില്‍ മറഞ്ഞിരിക്കുന്നു. ഒരു വിത്തിന് ജലമെന്നപോലെ മനുഷ്യയുക്തിക്ക് പ്രവാചകവചനമാകുന്ന ജലവും വളവും ആവശ്യമാണ്.
മനുഷ്യന്‍ ഒരു സൃഷ്ടി മാത്രമാണ്. സ്രഷ്ടാവില്‍ നിന്നു വ്യതിരിക്തമായോ അധികമായോ ഒരു പ്രകൃതിയും അവനില്‍ ഇല്ല. മനുഷ്യന്‍ ഒരു ലക്ഷ്യമുള്ളവനും പരിണാമവിധേയനുമാണ്, കളിമണ്ണിന്‍റെസത്തില്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് പുനരുത്ഥാന ദിവസം നിങ്ങള്‍ എഴുന്നേല്‍പ്പിക്കപ്പെടുകയും ചെയ്യും. കൂടിച്ചേര്‍ന്ന ഇന്ദ്രിയത്തിന്‍റെ ഒരു ബിന്ദുവില്‍ നിന്നാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്. അങ്ങനെ നാം അവനെ സൃഷ്ടിച്ചത് അവനെ പരീക്ഷിക്കുവാന്‍ വേണ്ടിയാണ്. എന്നിട്ട് അവനെ നാം വളര്‍ത്തിക്കൊണ്ടു പോന്ന് കേള്‍വിയും കാഴ്ചയുള്ളവനാക്കിത്തീര്‍ത്തു. അവന് നാം മാര്‍ഗം ചൂണ്ടിക്കാട്ടിക്കൊടുത്തു. സ്രഷ്ടാവാണ് മനുഷ്യനെ സൃഷ്ടിച്ചതെന്നും വളര്‍ത്തിക്കൊണ്ടുവന്നതെന്നും വി. ഖുറാനിലെ ഈ വചനങ്ങള്‍ സാക്ഷിക്കുന്നു.
പ്രപഞ്ചകര്‍ത്താവിനുശേഷമുള്ള ഏറ്റവും ഉന്നതപദവിയിലിരിക്കുന്നത് മനുഷ്യനാണ്. ഈ പ്രപഞ്ചത്തെയും സൃഷ്ടിജാലങ്ങളെയുമെല്ലാം അല്ലാഹു സൃഷ്ടിച്ചത് മനുഷ്യനുവേണ്ടിയാണ്. മലക്കുകളോട് 'ആദാമിനെ നിങ്ങള്‍ സാഷ്ടാംഗം പ്രണമിക്കുക' എന്ന് അല്ലാഹു കല്‍പിച്ചത് മനുഷ്യന്‍റെ മഹത്വം കാണിക്കുന്നതിനുവേണ്ടിയാണ്. അവര്‍ അതനുസരിക്കുകയും ചെയ്തു. ഖുറാന്‍ തുടക്കത്തില്‍ത്തന്നെ ഇത് ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത് മനുഷ്യന്‍ തന്‍റെ പദവിക്കനുസരണം ജീവിക്കുന്നതിനാണ്. അത് മറക്കാതിരിക്കാന്‍
ദിവസത്തില്‍ ഏഴുപ്രാവശ്യം ദൈവസന്നിധിയില്‍ പ്രതിജ്ഞ ചെയ്യണമെന്നും അല്ലാഹു കല്‍പിച്ചു.
മനുഷ്യന് ദൈവത്തെ ആവശ്യമുണ്ട് എന്നതില്‍ സംശയത്തിനിടമില്ല. അവന്‍റെ പരിമിതികള്‍ത്തന്നെ അത് വിളിച്ചോതുന്നുണ്ട്. മനുഷ്യന്‍ ബലഹീനനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് . അതുകൊണ്ട് അവന് ദൈവകൃപ അത്യാവശ്യമാണ്. ആദാമിന്‍റെ വീഴ്ച തന്നെ അതിനുദാഹരണമാണ്. പക്ഷെ അവന്‍റെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു. മനുഷ്യന്‍ നിരാശയുള്ളവനാണെന്ന് അല്ലാഹുവിനറിയാം. പക്ഷെ അവനതില്‍ നിന്നുമുയരുവാന്‍ കഴിയുമെന്ന് അല്ലാഹു വിശ്വസിക്കുന്നു. ഇസ്ലാംമതം, സ്രഷ്ടാവ് നല്‍കിയ പ്രപഞ്ചനിയമങ്ങളിലും ധാര്‍മ്മികപ്രമാണങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്നു. പരിമിതികളില്‍ നിന്നുയരാന്‍ മനുഷ്യന് ദൈവദത്തമായ മൂല്യങ്ങളും ലക്ഷ്യങ്ങളും ആവശ്യമാണ്.
സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്ന പക്ഷം സത്യ അസത്യങ്ങളെ വേര്‍തിരിക്കാനുള്ള കഴിവ് അവന്‍ നിങ്ങള്‍ക്കു നല്‍കും. നിങ്ങളുടെ തിന്മകളെ അവന്‍ മായിച്ചുകളയുകയും നിങ്ങള്‍ക്കു പൊറുത്തുതരികയും ചെയ്യും . ഈ വാക്യം ഓര്‍മ്മിപ്പിക്കുന്നത് ഉന്നതങ്ങളിലേക്ക് മനുഷ്യന് ഉയരാനാവുമെന്നും അതിന് ദൈവാസ്തിത്വത്തിലുള്ള വിശ്വാസം അവന് ആവശ്യമാണെന്നുമാണ്. മനുഷ്യന്‍റെ സ്വാര്‍ത്ഥതയും ധിക്കാരവും അല്ലാഹുവിനറിയാം എന്നും ഖുറാനില്‍ പറയുന്നു; പക്ഷെ നല്ലവരുമുണ്ട്. എല്ലായ്പോഴും തന്നെ സ്മരിക്കുന്നവരുണ്ടെന്നും അവര്‍ക്ക് ഭൗമരഹസ്യങ്ങളില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ടെന്നും അവിടുന്ന് പറയുന്നു .
മനുഷ്യമനസ്സുകളില്‍ സമാധാനം ദൈവസ്മരണകൊണ്ടേ കൈവരു എന്നും, എല്ലാത്തിലുംനിന്ന് മോചനം നേടാന്‍ ആത്മീയമായ സഹായം ആവശ്യമാണെന്നും ഇസ്ലാം മതതത്വങ്ങള്‍ ഉപദേശിക്കുന്നു. മനുഷ്യന്‍ ഒരു സമൂഹജീവിയാണ്. അവന്‍റെ ഉത്ഭവത്തിലും പ്രകൃതിയിലും ലക്ഷ്യത്തിലും ഭാഗധേയത്തിലും ഭൂതവര്‍ത്തമാനഭാവിരാജികള്‍ തമ്മില്‍ അവിഘടിതമായ ഐക്യമുണ്ട്. ഒരുവന്‍റെ നേട്ടവും കോട്ടവും, മറ്റുള്ളവന്‍റെയും നേട്ടവും കോട്ടവുമാണ്.
വി. ഖുറാന്‍ അനുസരിച്ച് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ഏറ്റവും ഉത്കടമായ പ്രകൃതിയോടുകൂടിയാണ് പുനര്‍ജന്മ സങ്കല്‍പത്തിന് വിപരീതമായ ഒരു ദര്‍ശനമാണ് ഇസ്ലാം പുലര്‍ത്തുന്നത്. മനുഷ്യന് തിന്മയ്ക്കെതിരെ പടപൊരുതാന്‍ കഴിയും. ആദത്തിന്‍റെ കഥ ഇവിടെ പ്രസക്തമാണ്. മലക്കുകള്‍ അവനെ വണങ്ങി എന്നതിനര്‍ത്ഥം അവന്‍ മലക്കുകളുടേതുപോലെ വിശുദ്ധിയും നന്മയുള്ളവനായിരുന്നുവെന്നാണ്. പക്ഷെ ഇബലീസ് അവരുടെ സഹവര്‍ത്തിത്വം തകര്‍ത്തു.
മനുഷ്യന്‍ ആത്യന്തികമായി നല്ലവനെങ്കിലും അവന് ഏറ്റവും പരിതാപകരമായ അവസ്ഥയിലേക്കു താഴുവാനും കഴിയും . അവന്‍റെ കൊള്ളരുതായ്മ അവനെ അധമന്മാരില്‍ അധമനാക്കി മാറ്റുന്നു. മനുഷ്യന് സ്വതന്ത്രമനസ്സാണ് അല്ലാഹു നല്‍കിയിരിക്കുന്നത് നന്മയും തിന്മയും തിരഞ്ഞെടുക്കാനുള്ള പരിപൂര്‍ണസ്വാതന്ത്ര്യവും അവന് നല്‍കപ്പെട്ടിട്ടുണ്ട്. ധാര്‍മ്മികസംഘട്ടനവേദികളില്‍ ഇത് അവനെ സഹായിക്കുന്നു. ആകാശഭൂമികളുടെയും പര്‍വ്വതങ്ങളുടെയും മുന്നില്‍ നാം 'അമാനത്ത്' വച്ചുനീട്ടി അപ്പോള്‍ ആ ചുമതല വഹിക്കുവാന്‍ അവ കൂട്ടാക്കിയില്ല. അവ അമാനത്തിനെക്കുറിച്ച് ഭയം പുറപ്പെടുവിച്ചു. മനുഷ്യനാണ് അത് ഏറ്റെടുത്തത് . ഇതിന്‍റെ വിശദീകരണം, സര്‍ മുഹമ്മദ് ഇക്ബാല്‍ നല്‍കുന്നുണ്ട്. ഈ ഏറ്റെടുക്കല്‍ മനുഷ്യന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വത്തിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. നന്മയും തിന്മയും അവന്‍റെ മുമ്പിലുണ്ട്. തിരഞ്ഞെടുപ്പ് മനുഷ്യന് നല്‍കിയിരിക്കുന്നു. അങ്ങനെ അവന്‍ ദൈവത്തിന്‍റെ അനുസരണമുള്ള അടിമയും ഖലീഫയുമായിത്തീരുന്നു.
ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ അവന്‍റെ നിലപാടുകള്‍ മനുഷ്യന്‍റെ ശാരീരിക സ്ഥിതിയെയും ബാധിക്കുന്നു. അതുകൊണ്ട് അവന്‍ ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും അവന്‍റെ ധാര്‍മ്മികഗുണങ്ങള്‍ രൂപം കൊള്ളുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ശരീരം ആത്മാവിന്‍റെ മാതാവുകൂടിയാണ്. മനസ്സിനെയും ബുദ്ധിയെയും സ്വാധീനിക്കുന്ന സവിശേഷ അസ്ഥിത്വമായി മനുഷ്യന് ആത്മാവ് (റൂഹ്) നല്‍കപ്പെട്ടിരിക്കുന്നു; അത് മനുഷ്യന്‍ എത്ര നന്നായി പ്രയോജനപ്പെടുത്തും എന്നറിയുവാനാണ്.
മനുഷ്യന്‍ ദൈവത്തിന്‍റെ അടിമയും ഭൂമിയില്‍ അവന്‍റെ പ്രതിനിധിയുമാണ്. എനിക്ക് ഇബാദത് ചെയ്യുവാന്‍വേണ്ടി മാത്രമാണ് ഞാന്‍ ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചത് ഇബാദത് മനുഷ്യന്‍റെ മുഴുവന്‍ ജീവിതധര്‍മ്മത്തെയാണ് സൂചിപ്പിക്കുന്നത്. ഇബാദതിന്‍റെ അര്‍ത്ഥം വഴിപ്പെടുക, ആരാധന എന്നൊക്കെയാണ്. സമ്പൂര്‍ണ്ണ വിധേയത്വമാണ് അല്ലാഹു ആവശ്യപ്പെടുന്നത്. അതില്‍ ആരാധനയും നിരുപാധിക അനുസരണയുമെല്ലാം ഉള്‍പ്പെടുന്നു.
സൂഫി പാരമ്പര്യത്തില്‍ 'അല്‍ ഇന്‍സാനുല്‍ കാമില്‍' എന്ന പദം മനുഷ്യനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു. പൂര്‍ണ്ണ മനുഷ്യന്‍ എന്നാണിതിനര്‍ത്ഥം ആദം അല്ല മുഹമ്മദ് പരിപൂര്‍ണ്ണ മനുഷ്യനെന്ന് ഫുതുഹാലില്‍ ഇബ്നു അറബി പറയുന്നു. മഹാകവി ഡോ. മുഹമ്മദ് ഇക്ബാലിന്‍റെ അഭിപ്രായത്തില്‍ സാക്ഷാല്‍ മുസ്ലിമിന്‍റെ സ്വഭാവമഹിമകളുടെ ആകെത്തുകയാണ് പൂര്‍ണ്ണമനുഷ്യന്‍.
ഹൈന്ദവ മനുഷ്യദര്‍ശനം
ഹിന്ദുമതത്തെ നിര്‍വചിക്കുക ദുസ്സാധ്യമാണ്. ഏകശിലാരൂപമല്ല ബഹുസ്വരതയാണ്, ഹിന്ദുമത സ്വഭാവം. വൈവിധ്യമാര്‍ന്ന അവതാരഭേദങ്ങള്‍ ആശയസംഹിതകള്‍, ആചാരാനുഷ്ഠാനങ്ങള്‍, ജീവിതമാതൃകകള്‍, ആ ജീവിതമാതൃകകള്‍ക്കാധാരമായ അടിസ്ഥാന പരികല്പനകള്‍, ഈശ്വരന്‍, ആത്മാവ്, ലോകം ബന്ധനമോക്ഷങ്ങള്‍, മോക്ഷമാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വൈവിധ്യമാര്‍ന്ന നിലപാടുകള്‍ ഹിന്ദുമതത്തില്‍ അന്തര്‍ഹിതമാണ്. ചാര്‍വാകം, ബൗദ്ധം, ജൈനം, ന്യായം, വൈശേഷികം, സംഖ്യം, യോഗം, പൂര്‍വ്വമീമാംസ, ദ്വൈതം, വിശിഷ്ടാദ്വൈതം, അദ്വൈതം, ഋഗ്വേദം, ഭഗവത്ഗീത തുടങ്ങിയ ദാര്‍ശനിക വൈവിധ്യങ്ങളിലെല്ലാം വ്യത്യസ്തമാര്‍ന്ന കാഴ്ചപ്പാടുകളാണ് മനുഷ്യദര്‍ശനത്തെക്കുറിച്ചുള്ളത്.
ഹിന്ദുപുരാണമനുസരിച്ച് മനുഷ്യന്‍റെ ഉത്ഭം ആദ്യബ്രഹ്മാവില്‍ നിന്ന് സ്വയം ദൂമനുവും ആ മനുവില്‍നിന്ന് മനുഷ്യജാതിയുമുണ്ടായി എന്ന് കരുതപ്പെടുന്നു. ഇതനുസരിച്ച് മനുഷ്യനാണ് സൃഷ്ടികളില്‍ പ്രഥമസ്ഥാനം. ഹൈന്ദവദര്‍ശനപ്രകാരം മനുഷ്യനായി ജനിക്കുക എന്നതുതന്നെ വിശേഷഭാഗ്യമാണ്. മനുഷ്യന്‍റെ ഗുണസവിശേഷതകള്‍ ഹിന്ദുവേദങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഭക്തകവിയായ തുളസീദാസ് രാമചരിതമാനസമെന്ന തന്‍റെ കൃതിയില്‍ മനുഷ്യന്‍റെ സവിശേഷതകളെക്കുറിച്ച് പറയുന്നതിപ്രകാരമാണ്. "വേദങ്ങള്‍ പറയുമ്പോലെ നിങ്ങള്‍ക്ക് ഒരു മനുഷ്യശരീരം സ്വീകരിക്കാനായത് നിങ്ങളെ സംബന്ധിച്ച് അത്യന്തം ഭാഗ്യം നിറഞ്ഞ ഒന്നാണ്. കാരണം ഈ ശരീരം സ്വീകരിക്കാന്‍ സ്വര്‍ഗ്ഗവാസികള്‍ക്കുപോലുമാവില്ല. ആത്മീയ അഭ്യാസത്തിനുതകുന്ന ശ്രീകോവിലും വിമോചനത്തിന്‍റെ വാതിലുമാണ് മനുഷ്യശരീരം".
പുരുഷസൂക്തമനുസരിച്ച് മനുഷ്യസമൂഹത്തെ കര്‍മ്മങ്ങള്‍,ആചാരനുഷ്ഠാനങ്ങള്‍, ജീവിതരീതി എന്നിവയെ ആധാരമാക്കി നാലായി തിരിച്ചിരിക്കുന്നു. ബ്രാഹ്മണര്‍, ശൂദ്രര്‍, വൈശ്യര്‍, ക്ഷത്രിയര്‍ എന്നിവയാണിത്. ബ്രാഹ്മണര്‍ ലോകസ്രഷ്ടാവായ ബ്രഹ്മാവിന്‍റെ ശിരസ്സില്‍നിന്ന് ജനിച്ചവരായി കരുതപ്പെടുന്നു. സമൂഹത്തിലെ ഉന്നതസ്ഥാനീയരായ ഇവര്‍ ആരാധനകളും പുരോഹിതകര്‍മ്മങ്ങളും അനുഷ്ഠിക്കുന്നു. ബ്രഹ്മാവിന്‍റെ കൈകളില്‍ നിന്നുമുദയം ചെയ്തവരാണ് ക്ഷത്രിയര്‍. ധീരന്മാരും ശക്തരുമായ ഇവരുടെ ധര്‍മ്മം രാജ്യസംരക്ഷണമാണ്. വൈശ്യര്‍ കച്ചവടക്കാരാണ്. ഇവരുടെ ഉത്ഭവം ബ്രഹ്മാവിന്‍റെ തുടയില്‍ നിന്നുമത്രേ. സമൂഹത്തിലെ താഴേക്കിടയിലുള്ള ശൂദ്രര്‍ ബ്രഹ്മാവിന്‍റെ കാല്‍പാദത്തില്‍ നിന്നും ജനിച്ചതായി കണക്കാക്കപ്പെടുന്നു. ജന്മം കൊണ്ടാണ് ഓരോ ഹിന്ദുവും, ബ്രാഹ്മണനൊ, ക്ഷത്രിയനൊ എന്നു നിശ്ചയിക്കുന്നത്. ഓരോ സമൂഹത്തിനും അവരുടേതായ കര്‍മ്മാനുഷ്ഠാനങ്ങള്‍ നിശ്ചയിച്ചു നല്‍കപ്പെട്ടിരിക്കുന്നു.
ഹിന്ദുവേദങ്ങളനുസരിച്ച് ഒരു വ്യക്തിയുടെ പൂര്‍ണ്ണത കുടുകൊള്ളുന്നത് മോക്ഷത്തിലാണ്. ഈ മോക്ഷത്തിലേക്കെത്തുവാനായി ആശ്രമധര്‍മ്മങ്ങളും പുരുഷാര്‍ത്ഥങ്ങളും നല്‍കിയിരിക്കുന്നു. ഒരു വ്യക്തി ഏതൊക്കെ ജീവിതചര്യകളിലൂടെ കടന്നുപോകണമെന്ന് ആശ്രമധര്‍മ്മത്തിലൂടെ ഹിന്ദുപൈതൃകം വ്യക്തമാക്കുന്നുണ്ട്. ഹിന്ദുധാര്‍മ്മികത വിരല്‍ ചൂണ്ടുന്നത് മനുഷ്യന്‍റെ മോക്ഷമാണ്. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിവ ഈ മോക്ഷത്തിലേക്കു നയിക്കുന്ന നാല് ജീവിതചര്യകള്‍ അഥവാ ആശ്രമങ്ങളാണ്. വ്യക്തിയുടെ ജീവിതത്തിലെ പ്രഥമആശ്രമം ബ്രഹ്മചര്യാശ്രമമാണ്. ഇതില്‍ ഒരുവന്‍ ജ്ഞാനിയായ ഒരു ഗുരുവിന്‍റെ കീഴില്‍ വിദ്യ അഭ്യസിക്കുന്നു. ബ്രഹ്മചര്യാശ്രമത്തില്‍ ഒരു വ്യക്തിയുടെ ജീവിതചര്യ ക്രമപ്പെടുത്തുന്നു. ജീവിതമൂല്യങ്ങളും സ്വഭാവരൂപീകരണവും നടക്കുന്നത് ഈ കാലയളവിലാണ്. വ്യക്തിത്വരൂപീകരണം ലഭിച്ച വ്യക്തിയുടെ രണ്ടാം ജന്മമായി ഈ കാലഘട്ടം കണക്കാക്കപ്പെടുന്നു. ഗൃഹസ്ഥാശ്രമത്തില്‍ വ്യക്തി ഉത്തരവാദിത്വബോധമുള്ളവനാകുന്നു. വിവാഹിതന്‍റെ കാലഘട്ടം കൂടിയാണിത്. ഈ കാലയളവിലാണ് പുരുഷാര്‍ത്ഥങ്ങളായ ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവ ഒരു വ്യക്തിയെ സ്വാധീനിക്കുന്നത്. എല്ലാ നദികളും സമുദ്രത്തില്‍ ചെന്ന് ചേരുംപോലെ എല്ലാ ആശ്രമങ്ങളും ഗൃഹസ്ഥാശ്രമത്തില്‍ ചെന്നു ചേരുന്നതായി മനുസ്മൃതിയില്‍ മനു പറഞ്ഞിരിക്കുന്നു. ഉത്തരവാദിത്വങ്ങളുടെയും കടമകളുടെയും നിര്‍വ്വഹണശേഷം ആ വ്യക്തി വാനപ്രസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്നു. ഇത് മനുഷ്യജീവിതത്തിന്‍റെ മൂന്നാം ഘട്ടമാണ്. സ്വന്തം ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടവും ആത്മീയതയിലേക്കുള്ള ചവിട്ടുപടിയും സന്യാസത്തിലേക്കുള്ള ഒരുക്കവുമാണ് ഈ കാലഘട്ടം. ഹിന്ദുവേദങ്ങളനുസരിച്ച് മനുഷ്യജീവിതത്തിന്‍റെ അവസാനഘട്ടമാണ് സന്യാസം. ലോകസുഖം സര്‍വ്വവും വെടിഞ്ഞ് ധ്യാനത്തിലൂടെയും ആത്മീയചര്യകളിലൂടെയും മോക്ഷത്തിനായുള്ള കാത്തിരിപ്പാണിത്.
വ്യത്യസ്ഥ ജീവിതഘട്ടങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തി ആര്‍ജ്ജിച്ചെടുക്കേണ്ട പുണ്യങ്ങളാണ് പുരുഷാര്‍ത്ഥങ്ങള്‍. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ലക്ഷ്യങ്ങളെയാണ് ഇവ സൂചിപ്പിക്കുന്നത്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളാണ് ഹൈന്ദവമതം മുന്നോട്ടു വയ്ക്കുന്നത്, പ്രപഞ്ചത്തെ മുഴുവന്‍ ഒന്നിച്ചു ചേര്‍ക്കുന്ന ഒരു പ്രാപഞ്ചികശക്തിയാണ് ധര്‍മ്മം. മനുഷ്യന്‍ എന്താണ് ചെയ്യേണ്ടതെന്ന് ധര്‍മ്മം അവനെ ബോധ്യപ്പെടുത്തുന്നു. ഭാരതീയ തത്വശാസ്ത്രപണ്ഡിതനായ ഡോ. എസ്. രാധാകൃഷ്ണന്‍റെ അഭിപ്രായത്തില്‍ ധര്‍മ്മം ഒരു വ്യക്തിയുടെ ജീവിതത്തിലെ സത്യമോ അവയെ വേര്‍തിരിച്ചറിയാനുള്ള വഴിയോ ആണ്. ധര്‍മ്മം ഒരു ജീവിതരീതിയും മനുഷ്യജീവിതത്തിലെ ഒരു ധാര്‍മ്മിക മൂല്യവുമാണ്. മനുസ്മൃതിയില്‍ ഏഴുതരം ധര്‍മ്മങ്ങളെക്കുറിച്ചുള്ള സൂചനയുണ്ട്. ധര്‍മ്മത്തിലൂടെ ചരിക്കുന്ന വ്യക്തിക്കേ ജീവിതത്തില്‍ അര്‍ത്ഥം നേടാനാവൂ. സത്യത്തിന്‍റെ വഴിയിലൂടെയാണിവ നേടേണ്ടത്. ജീവിക്കുക എന്നാല്‍ സന്തോഷമായി ജീവിക്കുക എന്നതാണ്. പട്ടിണിയും വിശക്കുന്ന ഉദരവും പുണ്യമായി ഹിന്ദുപുരാണങ്ങളില്‍ കണക്കാക്കുന്നില്ല. അര്‍ത്ഥം നേടിയ മനുഷ്യന്‍ സന്തോഷത്തിലേക്കെത്തിച്ചേരുന്നു. കാമം മനുഷ്യന്‍റെ ജീവിതസന്തോഷത്തെയും സുഖത്തെയും സൂചിപ്പിക്കുന്നു. മനുഷ്യന്‍റെ വൈകാരികവും ആദ്ധ്യാത്മികവുമായ ഒരു സംതൃപ്തി കൂടിയാണിത്. ഈ മൂന്നു പുണ്യങ്ങളിലൂടെയും മനുഷ്യന്‍ മോക്ഷത്തിന്‍റെ വഴിയിലേക്കെത്തുന്നു. മനുഷ്യജീവിതത്തിന്‍റെ പൂര്‍ണ്ണത വരുന്നത് മോക്ഷത്തിലാണ്. ശരിയായ ധ്യാനത്തിലൂടെയും, പ്രവൃത്തിയിലൂടെയും ജ്ഞാനത്തിലൂടെയും ആരാധനയിലൂടെയും വ്യക്തി മോക്ഷം പ്രാപിക്കുന്നു.
ഹിന്ദുമതത്തില്‍ സംഹിതകളുടെ കാലഘട്ടത്തില്‍ മനുഷ്യനെ പ്രപഞ്ചസൃഷ്ടിയുടെ കേന്ദ്രബിന്ദുവായി കണക്കാക്കിയിരുന്നു. മഹാനായ പുരുഷന്‍റെ ശരീരമാണ് സൃഷ്ടിക്കുപയോഗിച്ചതെന്ന് ഋഗ്വേദം സാക്ഷിക്കുന്നു. അവന്‍റെ തല ആകാശമായും നാഭി വായുവായും പാദങ്ങള്‍ ഭൂമിയായും മനസ് ചന്ദ്രനായും കണ്ണ് സൂര്യനായും ശ്വാസം കാറ്റായും രൂപം പ്രാപിച്ചു (ഋഗ് 10.90 8-14). ഇവിടെ പ്രപഞ്ചത്തെ മുഴുവന്‍ വ്യക്തിയായി കാണുന്നു. മനുഷ്യവ്യക്തി പ്രപഞ്ചത്തിന്‍റെയും ഈശ്വരന്‍റെയും പ്രതിരൂപമാണ്.
ബ്രാഹ്മണ കാലഘട്ടത്തില്‍ മനുഷ്യന് കൂടുതല്‍ പ്രാധാന്യം കൈവന്നു. യജ്ഞങ്ങളുടെ ഫലസിദ്ധി മനുഷ്യന്‍റെ കഴിവിനനുസൃതമായിവന്നു. ശതപഥ ബ്രാഹ്മണത്തില്‍ പുരുഷനെ സൂചിപ്പിക്കാന്‍ നാരായണന്‍ എന്ന പദമുപയോഗിച്ചിരിക്കുന്നു. ഈ നാരായണന്‍ എല്ലാ സൃഷ്ടികളെയും അതിജീവിക്കുകയും പ്രപഞ്ചം മുഴുവന്‍ പ്രാപിക്കുകയും ചെയ്തിരിക്കുന്നു.
ഉപനിഷത് കാലഘട്ടത്തില്‍ മനുഷ്യനെ വിശ്വാസസത്തയുടെ ഭാഗമായി കാണുന്നു. മനുഷ്യാത്മാവും പ്രപഞ്ചാത്മാവും ഒന്നായി കണക്കാക്കുന്നു. ഭഗവത്ഗീതയനുസരിച്ച് മനുഷ്യനില്‍ നിത്യമായി നിലനില്‍ക്കുന്ന ആത്മാവുണ്ട്. ഈ ആത്മാവ് ജനിമൃതികള്‍ക്ക് അതീതമാണ്.
നാ ജായതേ മ്രിയതേ വാ കദാചിത്
നായം ദുത്യോ ഭവിതാ വാന ദുയ:
അജോ നിത്യ: ഗാഗ്യത്യേയം
ന ഹസ്യതേ ഹന്യമാനേ ശരീരേ (ഗീത 2:20)
"മനുഷ്യനിലെ ആത്മാവ് എപ്പോഴെങ്കിലും ഒരു ശരീരത്തോടുകൂടി ജനിച്ച് അതോടൊപ്പം നശിച്ചുപോകുന്ന ഒന്നല്ല. അതായത് ഞാന്‍ ഒരിക്കല്‍ മാത്രമുണ്ടാവുകയും പിന്നെ ഉണ്ടാകുകയേയില്ലാത്തതുമായ ഒരു താല്‍ക്കാലിക പ്രതിഭാസമല്ല. ഒരിക്കലും ഇല്ലാതിരുന്നിട്ടില്ലാത്തതിനാല്‍ ഞാന്‍ അജനും എന്നും നിലവില്‍ക്കുന്നവനും യാതൊരുവിധ ക്ഷയവും മാറ്റവും ഇല്ലാത്തവനുമാകുന്നു. ഈ ആത്മാവ് ശരീരം വധിക്കപ്പെടുമ്പോള്‍ ഒപ്പം വധിക്കപ്പെടുന്നില്ല."
ആത്മപൂജോ ഉപനിഷത്ത് അനുസരിച്ച് ശരീരം ആത്മാവിന്‍റെ ഭാഗമാണ്. ശരീരത്തിന്‍റെ ഓരോ പ്രവര്‍ത്തനവും പൂജയായി കണക്കാക്കപ്പെടുന്നു. ഇപ്രകാരം പരിപൂര്‍ണ്ണ രാജയോഗിയുടെ സര്‍വ്വാത്മക രൂപമായ പൂജയും ഉപചാരവും സര്‍വ്വാത്മകതയും തന്നെയാണ് ആത്മാവിന്‍റെ ആധാരം. ഇങ്ങനെ മനുഷ്യശരീരം മുഴുവനും ഒരു ആത്മപൂജയായിതീരുന്നു.
ഹിന്ദുമത മനുഷ്യദര്‍ശനത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് പുനര്‍ജന്മസിദ്ധാന്തം. കര്‍മ്മവും പുനര്‍ജന്മവും പരസ്പര പൂരകങ്ങളാണ്. ഒരു വ്യക്തിയുടെ പ്രവര്‍ത്തനങ്ങളുടെ നല്ലതോ ചീത്തയോ ആയ ഫലത്തെയാണ് കര്‍മ്മം സൂചിപ്പിക്കുന്നത്. കര്‍മ്മഫലമനുസരിച്ചാണ് ആ വ്യക്തിയുടെ പുനര്‍ജന്മം നിശ്ചയിക്കപ്പെടുന്നതെന്ന് വേദങ്ങള്‍ വിശ്വസിക്കുന്നു. സത്കര്‍മ്മം ചെയ്ത വ്യക്തി അടുത്ത ജന്മത്തില്‍ പഴയ ജീവിതാവസ്ഥയില്‍നിന്നും ഉയര്‍ന്ന ജീവിതാവസ്ഥയിലേക്ക് എത്തപ്പെടുന്നു. ദുഷ്കൃത്യങ്ങളുടെ കര്‍മ്മഫലമായി താഴ്ന്ന ജീവിതാവസ്ഥയിലേക്കും - പട്ടി, പുഴു, പന്നി - എന്നിവയായി പുനര്‍ജന്മം പ്രാപിക്കുന്നതായി ഹിന്ദുമതം പഠിപ്പിക്കുന്നു. ഈ രണ്ട് ദര്‍ശനങ്ങളാണ് ഒരു വ്യക്തിയുടെ ജീവിതപ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നത്. ഒരു വ്യക്തിയുടെ ജാതി നിര്‍ണ്ണയിക്കുന്നത് അവന്‍റെ ആദി ജീവിതത്തിന്‍റെ കര്‍മ്മമാണ്. പഴയ ജീവിതകര്‍മ്മ ഫലമായാണ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷവും ദുഃഖവും ഉണ്ടാകുന്നത്. മുന്‍കാല ജീവിതത്തിലെ ദുഷ്കൃത്യങ്ങള്‍ക്ക് ആ വ്യക്തി പുനര്‍ജന്മത്തില്‍ പരിഹാരം ചെയ്തേ മതിയാകൂ എന്ന് ഹിന്ദുവേദങ്ങള്‍ അഭിപ്രായപ്പെടുന്നു.
അദ്വൈതസിദ്ധാന്തത്തിന്‍റെയും ഉപനിഷത്തുകളിലെ ബ്രഹ്മാന്വേഷണത്തിന്‍റെയും ഉച്ചിയിലെത്തുമ്പോള്‍ നമ്മള്‍ കണ്ടെത്തുന്ന മനുഷ്യദര്‍ശനം 'അഹം ബ്രഹ്മാസ്മി', ഞാന്‍ തന്നെയാണ് ബ്രഹ്മന്‍, 'തത്ത്വമസി' നീ എന്തന്വേഷിക്കുന്നുവോ അത് നീ തന്നെ എന്ന ദര്‍ശനങ്ങളിലേക്കാണ്. ഈ ദര്‍ശനങ്ങളനുസരിച്ച് ഏകസത്ത മാത്രമാണുള്ളത്. ദൈവവും മനുഷ്യനും പ്രപഞ്ചവും ഇവിടെ ഏകസത്തയായിത്തീരുന്നു അഥവാ ഇവ മൂന്നും ഒന്നു തന്നെയാണ്.
ബുദ്ധമത മനുഷ്യദര്‍ശനം
ശ്രീബുദ്ധന്‍റെ ഉപദേശങ്ങളെ ആധാരമാക്കിയുള്ളതും ക്രിസ്തുവിനു മുമ്പ് 6-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജന്മമെടുത്തതുമായ മതമാണ് ബുദ്ധമതം. സിദ്ധാന്തങ്ങള്‍ക്കും ബാഹ്യാനുഷ്ഠാനങ്ങള്‍ക്കും ഉപരി മനുഷ്യന്‍റെ ദൈനംദിന ജീവിതത്തില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ പ്രഥമമായി ഗണിക്കുന്നതുകൊണ്ടും വ്യത്യസ്ഥ സംസ്ക്കാരങ്ങളുമായി ഇണങ്ങിച്ചേര്‍ന്നുപോകാന്‍ കഴിയുന്നതുകൊണ്ടും ബുദ്ധമതത്തിന് ഇന്നും പ്രചുരപ്രചാരം ലഭിക്കുന്നുണ്ട്. ബുദ്ധന്‍റെ ദര്‍ശനങ്ങളുടെയും ആശയങ്ങളുടെയും വെളിച്ചത്തിലുള്ള മനുഷ്യസങ്കല്പമാണ് ബുദ്ധമതത്തിന്‍റേത്.
സാന്മാര്‍ഗ്ഗിക തത്വങ്ങളാണ് ബുദ്ധമത തത്വങ്ങളുടെ ആധാരം. ബുദ്ധന്‍റെ വീക്ഷണത്തില്‍ മനുഷ്യന്‍ അനിയന്ത്രിത മോഹമുള്ളവനും രോഗിയും വൃദ്ധനും ജഢവുമാണ്. മനുഷ്യന്‍റെ അത്യന്താപേക്ഷിതമായ ആവശ്യം ദുഃഖത്തിന് പരിഹാരം കാണുക എന്നതാണ്. ദുഃഖത്തില്‍ നിന്നൊരു ശാശ്വതമോചനം നേടുകയെന്നതായിരുന്നു ബുദ്ധന്‍റെ പ്രയത്നവും ലക്ഷ്യവും. അതിനാലാണ് മറ്റു മതങ്ങളിലേതുപോലെ പ്രപഞ്ചം, ഈശ്വരന്‍ തുടങ്ങിയവയെക്കുറിച്ചുള്ള ദര്‍ശനങ്ങളൊന്നും ബുദ്ധമതത്തില്‍ ലഭ്യമല്ലാത്തത്.
മനുഷ്യന്‍ ഭൗതീക ശരീരത്തിന്‍റെയും അമൂര്‍ത്ത ചിത്തത്തിന്‍റെയും അരൂപമായ പ്രജ്ഞയുടെയും സമുച്ചയമാണ്. ഇവയുടെ വേര്‍പിരിയല്‍ മനുഷ്യാസ്തിത്വത്തെ ഇല്ലാതാക്കുന്നു. ആത്മാവ് അല്ലെങ്കില്‍ അഹം എന്നത് ഈ കൂടിച്ചേരലല്ലാതെ മറ്റൊന്നുമല്ല. ബുദ്ധമതത്തിലെ ആര്യചതുഷ്ടയത്തില്‍ ദുഃഖം, ദുഃസമുദായം, ദുഃഖനിരോധം, ദുഃഖനിരോധനമാര്‍ഗ്ഗം എന്നിവയെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്.
മനുഷ്യന്‍റെ അന്തരംഗംതന്നെ അവന്‍റെ ദുഃഖത്തിന് കാരണമാകുന്നുവെന്ന് ബുദ്ധന്‍ പറയുന്നു. ജനിക്കുന്നതിലാണ് മനുഷ്യന്‍ ജരാനരകള്‍ക്കും മരണത്തിനും വിധേയനാകുന്നത്, ജനിച്ചില്ലായിരുന്നെങ്കില്‍ അവന് ദുഃഖമുണ്ടാകുമായിരുന്നില്ല. മനുഷ്യജന്മത്തിനു കാരണമായി നില്‍ക്കുന്നത് അവന്‍റെ ജനിക്കുവാനുള്ള ആഗ്രഹമാണ്. ഈ ലോകത്തിലെ മായികവസ്തുക്കളോടുള്ള ആസക്തിയാണ് ഈ ആഗ്രഹത്തിനു പിന്നില്‍. സന്തോഷം നിറഞ്ഞ പൂര്‍വ്വകാല ഇന്ദ്രിയ അനുഭവങ്ങളാണ് ഈ ആസക്തിക്കും കാരണമായി നില്‍ക്കുന്നത്. ഇന്ദ്രിയാനുഭവങ്ങള്‍ മനസ്സും പഞ്ചേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയുടെ അസ്ഥിത്വം ശരീരത്തിലുമാണ്. മാതാവിനുദരത്തില്‍ വളരുന്നൊരു ശിശുവിന് ലഭിക്കുന്ന വിജ്ഞാനം അവന്‍റെ പൂര്‍വ്വജന്മത്തിലെ സംസ്കൃതികളുടെ ഫലമാണ്. സത്യത്തെക്കുറിച്ചുള്ള അജ്ഞതയാണ് പൂര്‍വ്വകാല സംസ്കൃതിയുടെയും കാരണം. ഇപ്രകാരം ഈ ലോകാവസാനത്തിന്‍റെ നൈമിഷികവും ദുരിതപൂര്‍ണ്ണവുമായ സ്വഭാവം അറിഞ്ഞിരുന്നെങ്കില്‍ പുനര്‍ജന്മത്തിലേക്കു നയിക്കുന്ന ഇച്ഛാശക്തി മനുഷ്യനുണ്ടാകുമായിരുന്നില്ല. ബുദ്ധമതത്തില്‍ 'ദ്വാദശനിദാനം' എന്ന പേരിലാണ് വര്‍ത്തമാനചെയ്തികളെല്ലാം ആശ്രയിച്ചിരിക്കുന്നത്. മനുഷ്യന് അവന്‍റെ കര്‍മ്മഫലങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുവാനാവില്ല. ഒരു പ്രവൃത്തി നന്മയായാലും തിന്മയായാലും അവ അതിന്‍റെ പരിണിതഫലം പുറപ്പെടുവിക്കും. ബുദ്ധമതവീക്ഷണപ്രകാരം മാന്യനായ മനുഷ്യന്‍ ശുദ്ധവും ബഹുമാന്യവുമായ പാരമ്പര്യമുള്ളവനല്ല. മറിച്ച്, നിര്‍മ്മലവും ഉപകാരപ്രദവുമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവനാണ്.
അഷ്ടാംഗമാര്‍ഗ്ഗങ്ങള്‍
മനുഷ്യജീവിതത്തില്‍ ദുഃഖമെന്ന യാഥാര്‍ത്ഥ്യം ഒഴിവാക്കുവാന്‍ വേണ്ട ഉപായങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഷ്ടാംഗമാര്‍ഗ്ഗങ്ങള്‍ ബുദ്ധമതം ഉപദേശിക്കുന്നുണ്ട്. അഷ്ടാംഗമാര്‍ഗ്ഗം ബുദ്ധമത സന്മാര്‍ഗ്ഗശാസ്ത്രത്തിന്‍റെ സംക്ഷിപ്താവതരണം കൂടിയാണ്.അവയുടെ രത്നച്ചുരുക്കം താഴെ പ്രതിപാദിക്കുന്നു.
സത്യത്തെക്കുറിച്ചുള്ള അറിവ് മനുഷ്യനെ ദുഃഖവിമുക്തനാക്കും. ആ ജ്ഞാനം മനുഷ്യന്‍ സ്വന്തമാക്കണം. കാരണം ആത്മാവിനെയും ലോകത്തെയുംകുറിച്ചുള്ള മിഥ്യാധാരണയാണ് ദുഃഖത്തിന്‍റെ മൂലകാരണം. നിരര്‍ത്ഥകവും വേദനിപ്പിക്കുന്നതുമായ വാക്കുകള്‍ ഒഴിവാക്കുക, പഞ്ചശീലതത്വങ്ങള്‍ സ്വീകരിക്കുക തുടങ്ങിയവയാണ് ദുഃഖനിവാരണമാര്‍ഗ്ഗങ്ങള്‍. മനുഷ്യദുഃഖത്തിന്‍റെ കാരണം കണ്ടെത്തി അതിനെ ഉന്മൂലനം ചെയ്താല്‍ ദുഃഖത്തെ നിരോധിക്കുവാനാകും. ഈ പ്രക്രിയയ്ക്ക് ബുദ്ധമതത്തില്‍ നിര്‍വ്വാണമെന്നും അതു കൈവരിച്ചവനെ 'അര്‍ഹത്' എന്നും പറയുന്നു. നിര്‍വ്വാണയെന്നത് ദൈവവുമായി താദാത്മ്യപ്പെടലല്ല; മറിച്ച്, ശാശ്വതസത്യം വെളിപ്പെടുമ്പോഴുള്ള അതീന്ദ്രീയാനുഭവമാണ്.
ബുദ്ധമത തത്വങ്ങളനുസരിച്ച് മനുഷ്യജീവിതത്തെ സംബന്ധിച്ച് രണ്ടുതരം കര്‍മ്മങ്ങളുണ്ട്. രാഗദ്വേഷമോഹങ്ങളോടു കൂടിയതും അവയില്ലാത്തതും, ഇവയില്‍ ആദ്യത്തേത് മനുഷ്യനെ ഈ ലോകത്തോട് ഒന്നിപ്പിച്ചു നിര്‍ത്തുകയും പുനര്‍ജന്മത്തിന് കാരണമാക്കുകയും ചെയ്യുന്നു. എന്നാല്‍ രാഗദ്വേഷമോഹങ്ങളില്ലാതെ നിത്യജ്ഞാനത്തോടെ അനുഷ്ഠിക്കുന്ന കര്‍മ്മങ്ങള്‍ പുനര്‍ജന്മത്തിന് കാരണമൊരുക്കുന്നില്ല. നിര്‍വ്വാണാവസ്ഥയില്‍ ഒരുവന്‍ പിന്‍തുടരുന്നത് ഇത്തരം കര്‍മ്മങ്ങളാണ്. നിര്‍വ്വാണയ്ക്ക് രണ്ടുതരം നേട്ടങ്ങളുണ്ട്. ഒന്നാമതായി, അത് ദുഃഖവും പുനര്‍ജന്മവും ഒഴിവാക്കുന്നു. രണ്ടാമതായി, അത് മരണംവരെ പൂര്‍ണ്ണശാന്തി അനുഭവിക്കുവാന്‍ ഇടയാക്കുന്നു. ഇപ്രകാരമൊക്കെയാണെങ്കിലും മുക്തിപ്രാപിച്ച മനുഷ്യന്‍റെ മരണാനന്തര ജീവിതത്തെക്കുറിച്ച് ബുദ്ധന്‍ വ്യക്തമായൊന്നും പറയുന്നില്ല.
ബുദ്ധമതത്തിലെ കര്‍മ്മഫല സിദ്ധാന്തമനുസരിച്ച് മനുഷ്യന്‍റെ വര്‍ത്തമാനകാലം അവന്‍റെ ഭൂതകാലകര്‍മ്മഫലമാണ്. അതുപോലെ തന്നെ അവന്‍റെ ഭാവികാലം വര്‍ത്തമാനകാലജീവിതത്തെ ആശ്രയിച്ചാണിരിക്കുന്നത്. വ്യഭിചാരം, നുണ എന്നീ ദുര്‍മാര്‍ഗ്ഗങ്ങളോട് വിട പറയുക, താന്‍ വേദനിച്ചാലും മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുവാന്‍ ശ്രമിക്കുക, ദുര്‍വ്വിചാരങ്ങളെ നിഹനിച്ച് നിര്‍വ്വാണത്തിനൊരുങ്ങുക, ആത്മീയ അവബോധത്തിലേക്കുണരുക, ശരീരം വെറും ദുഃഖഹേതുക്കളായ പദാര്‍ത്ഥങ്ങളാല്‍ നിര്‍മ്മിതമാണെന്നറിയുക ഇങ്ങനെ ഏഴുഘട്ടങ്ങളും പിന്നീട് ആഴമായ ഏകാഗ്രതയിലേക്കു നീങ്ങി മനസ്സിനെ സത്യത്തില്‍ കേന്ദ്രീകരിച്ച് ധ്യാനത്തിന്‍റെ പടി കയറിയാണ് മനുഷ്യന്‍ നിര്‍വ്വാണം പുല്‍കുക.
മനുഷ്യാത്മാവ്
ബുദ്ധമതമനുസരിച്ച് മാറ്റത്തിന്‍റെ നിയമം സാര്‍വ്വത്രികമാണ്. സകലചരാചരങ്ങളും അതില്‍ ബന്ധിതവുമാണ്. ഭാരതദര്‍ശനമനുസരിച്ച് ആത്മാവ് നിത്യമാണെന്നും ഒരു ശരീരം നശിക്കുമ്പോള്‍ അത് മറ്റൊന്നിലേക്ക് പ്രവേശിക്കുമെന്നും ഒരു സങ്കല്‍പ്പമുണ്ട്. പക്ഷെ ബുദ്ധമതം മാറ്റത്തിന്‍റെ സാര്‍വ്വത്രികനിയമമനുസരിച്ചും പ്രതീത്യ സമൂദ്പാദദര്‍ശത്തിലൂടെയും ആത്മാവിന്‍റെ നിത്യതയെ നിരാകരിക്കുന്നു. അങ്ങനെ വരുമ്പോള്‍ ബുദ്ധമതം എങ്ങനെ തലമുറകളെത്തമ്മില്‍ ബന്ധിപ്പിക്കും എന്നൊരു ചോദ്യത്തിനിടമുണ്ട്. നിത്യമായ ആത്മാവ് എന്ന ധാരണ നിരാകരിക്കുന്നെങ്കിലും മനുഷ്യജീവിതത്തെ രൂപീകരിക്കുന്ന തുടര്‍ച്ചയായ അവസ്ഥാന്തരങ്ങളെ ബുദ്ധമതം അംഗീകരിക്കുന്നു. ജീവിതം ഇടമുറിയാത്ത അവസ്ഥകളുടെ പ്രവാഹമാണ്. ഓരോ അവസ്ഥക്കും അതിന്‍റേതായ കാരണങ്ങളും സാഹചര്യങ്ങളുമുണ്ട്. ഒരവസ്ഥ മറ്റൊന്നിന് കാരണമാകുന്നു. ഇപ്രകാരം മനുഷ്യജീവിതം കാരണങ്ങളാകുന്ന കണ്ണികള്‍ ചേര്‍ന്നുണ്ടാകുന്ന ഒരു ചങ്ങലയാണ്. പുനര്‍ജന്മം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരേ ആത്മാവ് ഒന്നിനുപുറകേ ഒന്നായി പുതിയശരീരങ്ങള്‍ സ്വീകരിക്കുന്നു എന്നല്ല. മറിച്ച്, അടുത്ത ജന്മത്തോട് ഇപ്പോഴത്തെ ജീവിതാവസ്ഥ കാര്യം കാരണത്തോടെന്നപോലെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. അങ്ങനെ ആത്മാവ് എന്ന സങ്കല്‍പ്പത്തിനുപകരം ഇടമുറിയാത്ത അവബോധാവസ്ഥകളുടെ അനുസ്യൂതമായ പ്രവാഹത്തില്‍ ബുദ്ധാനുയായികള്‍ വിശ്വസിക്കുന്നു.
human-philosophy-of-religions- catholic malayalam Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu religions human philosophy Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206