We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev Dr. Augustine Pamplany On 28-May-2021
എല്ലാ വസ്തുക്കളുടെയും ദൈവികാടിസ്ഥാനം, മനുഷ്യബുദ്ധിയുടെ അടിസ്ഥാനപരമായ ഐക്യം, ശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള ഭാഷാപരവും രീതിശാസ്ത്രപരവുമായ സാധര്‍മ്മ്യങ്ങള്‍ എന്നിവ ശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ്. ശാസ്ത്രീയപ്രപഞ്ചവിജ്ഞാനീയത്തിലധിഷ്ഠിതമായ വസ്തുതകളെ ദൈവശാസ്ത്രസത്യങ്ങളുമായി കൂട്ടിയിണക്കുന്നതിനുവേണ്ടിയാണല്ലോ ശ്രമിക്കുന്നത്. അതിനാല്‍ നമ്മുടെ സംരംഭത്തിന്‍റെ വിഷയാന്തരചക്രവാളങ്ങളുടെ കൃത്യമായ സ്വാംശീകരണത്തിനായി ഇത്തരം ധാരണകളുടെ അടിസ്ഥാനപരമായ ചില സങ്കീര്‍ണ്ണതകളെ വ്യക്തമാക്കാന്‍ നമുക്കു ശ്രമിക്കാം.
രഹസ്യത്തിന്‍റെ വ്യാഖ്യാനശാസ്ത്രം (hermeneutics of mystery)
എല്ലാ വസ്തുക്കളുടെയും ദൈവികാടിസ്ഥാനത്തെക്കുറിച്ചുള്ള മതദര്‍ശനം അതില്‍ത്തന്നെ വിശദീകരിക്കാനാവാത്ത നമ്മുടെ അതിഭൗതികാനുഭവങ്ങളുടെ പ്രകടനമാണ്. സത്താപരമായ ഒരു ഉപസംഹാരമെന്നതിലുപരി, ഈ വിശദീകരണം ദൃശ്യപ്രപഞ്ചത്തിന്‍റെ അളക്കാനാവാത്ത രഹസ്യങ്ങളോടുള്ള മനുഷ്യബുദ്ധിയുടെ പ്രതികരണങ്ങളാണ്. ഈ രഹസ്യത്തിന്‍റെ വ്യത്യസ്ത സംവേദനങ്ങളും ആവിഷ്കാരങ്ങളും കൂടാതെ, അതിന്‍റെ പ്രാപഞ്ചികബന്ധം ഈ വ്യത്യസ്തതകളെയെല്ലാം സമഗ്രമായ ഒരു അതിഭൗതികസാകല്യത (metaphysical wholeness) യില്‍ കണ്ടെത്തുന്നു. ഭൗതികമായ അടിസ്ഥാനത്തിന്‍റെ പൊതുഭാവം ഓരോ ശാസ്ത്രശാഖയേയും അന്വേഷണത്തിന്‍റെ സമഗ്രമായ ഒരു ശൃംഖലയിലേക്ക് ഉള്‍ച്ചേര്‍ക്കുന്നു. ഈ രഹസ്യാവബോധ(mystery consciousness)ത്തിന്‍റെ ഹേതുവും വാസസ്ഥലവുമായ ലോകം ശാസ്ത്രത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകുമ്പോള്‍ മതപരമായ അന്വേഷണം ഈ അവബോധത്തിന്‍റെ രഹസ്യാത്മകവും ശ്രദ്ധേയവുമായ അടിസ്ഥാനതത്ത്വങ്ങളെ പരിഗണിക്കുന്നു.
ക്രിസ്തീയവീക്ഷണത്തില്‍, ഈ രഹസ്യം എല്ലാക്കാലത്തിനും മുമ്പേ ആവിഷ്കരിക്കപ്പെട്ട ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയുടെ ഭാഗവും, ദൈവത്തില്‍ മറഞ്ഞിരിക്കുന്നതും, ഇപ്പോള്‍ കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ നമുക്കു വെളിപ്പെടുന്നതുമാണ് (റോമ. 16:25, 1കൊറി. 2:7-10). [1] ഇവിടെ രഹസ്യത്തിന്‍റെ അര്‍ത്ഥം കൂടുതല്‍ വ്യക്തികേന്ദ്രീകൃതവും മനുഷ്യകേന്ദ്രീകൃതവുമായ തലങ്ങളിലേക്ക് മാറുന്നത് കാണാം. രഹസ്യാവബോധത്തിന്‍റെ സമഗ്ര അതിഭൗതികസാഹചര്യത്തിലേക്കെത്തുമ്പോള്‍ ഈ സാങ്കല്പികവൈരുദ്ധ്യം മാഞ്ഞുപോകുന്നതായി കാണാനാകും. നമ്മുടെ രഹസ്യാവബോധത്തിന്‍റെ അതിഭൗതികാടിസ്ഥാനത്തിന്‍റെ ഏകത്വം ഓരോ രഹസ്യത്തിന്‍റെയും സമഗ്രമായ ആഴത്തെ വിശദമാക്കുന്ന ഒരു വ്യാഖ്യാനശാസ്ത്രം അനിവാര്യമാക്കുന്നു. രഹസ്യാത്മകതയുടെ അവബോധം ലോകബദ്ധവും ലോകാതീതവുമായ ധ്രുവങ്ങളാല്‍ അനുധാവനം ചെയ്യപ്പെടുന്നതാകയാല്‍ രഹസ്യാത്മകതയുടെ വ്യാഖ്യാനത്തില്‍ നമ്മള്‍ ലോകത്തെ നോക്കിക്കാണുന്ന രീതിക്ക് ഒരു പ്രധാനപ്പെട്ട സ്വാധീനമുണ്ട്. ശാസ്ത്രരംഗത്തെ നിരന്തരമായ മാറ്റങ്ങള്‍ ഈ വ്യാഖ്യാനശാസ്ത്രത്തെ ഏറെ എളുപ്പമാക്കുന്നുണ്ട്. രഹസ്യത്തിന്‍റെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനു വേണ്ടി ശാസ്ത്രവും ദൈവശാസ്ത്രവും പിന്തുണയ്ക്കുന്ന രഹസ്യത്തിന്‍റെ ഏതു വ്യാഖ്യാനശാസ്ത്രവും ലോകത്തിന്‍റെ ആകമാനമുള്ള ശാസ്ത്രീയകാഴ്ചപ്പാടില്‍ കേന്ദ്രീകൃതമായിരിക്കാന്‍ നാം ശ്രദ്ധിക്കണം. അത് ഒരു പ്രത്യേകശാസ്ത്രീയസിദ്ധാന്തത്തില്‍ മാത്രമായി ഒതുങ്ങിപ്പോകരുത്. നമ്മുടെ ജ്ഞാനസമ്പാദനപ്രക്രിയയുടെ പൊതുഅടിസ്ഥാനത്തില്‍ വേരോടിയിരിക്കുന്ന രഹസ്യത്തിന്‍റെ ഇത്തരം വ്യാഖാനശാസ്ത്രം രഹസ്യത്തിന്‍റെ ആഴത്തെ കാത്തുസൂക്ഷിക്കുക മാത്രമല്ല, എല്ലാവസ്തുക്കളുടെയും ദൈവികാടിസ്ഥാനത്തേക്കുറിച്ചുള്ള ദൈവശാസ്ത്രവാദത്തിന് വലിയ വിശ്വസ്യത നല്കുകയും ചെയ്യുന്നു. കേന്ദ്രീകരണം, പരസ്പരപൂരകത്വം, സമഗ്രത, ഉള്‍ക്കൊള്ളല്‍, കൂട്ടിച്ചേര്‍ക്കല്‍ മുതലായ ആശയങ്ങള്‍ രഹസ്യത്തിന്‍റെ ഇത്തരം വ്യാഖ്യാനശാസ്ത്രത്തില്‍ പ്രധാനസ്ഥാനം വഹിക്കുന്നു.
അനുഭവത്തിന്‍റെ വ്യാഖ്യാനശാസ്ത്രം (hermeneutics of experience)
രഹസ്യം അനുഭവത്തിലേക്കു നയിക്കുന്നു. രഹസ്യം അഭിമുഖീകരിക്കപ്പെടുന്നതും സ്വാംശീകരിക്കപ്പെടുന്നതും അനുഭവത്തിലൂടെയാണ്. അനുഭവത്തിന്‍റെ തുടര്‍ച്ച രഹസ്യത്തിന്‍റെ സ്വാംശീകരണത്തെ പോഷിപ്പിക്കുന്നു. ഒരു വ്യക്തിക്ക് തന്‍റെ അനുഭവത്തിന്‍റെ വ്യാഖ്യാനം പരിശോധിച്ച് തെറ്റുകളും മുന്‍വിധികളും തിരുത്തുന്നതിന് സഹായകമായ നിയമങ്ങള്‍ ചരിത്രവും സമൂഹത്തിന്‍റെ അനുഭവങ്ങളുടെ ആകെത്തുകയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. [2] ക്രിസ്തീയവിശ്വാസത്തില്‍ അനുഭവത്തിന്‍റെ തുടര്‍ച്ച ചരിത്രപരമായ വെളിപാടില്‍ സംലഭ്യമാണ്. അങ്ങനെ ക്രിസ്തീയ അനുഭവത്തില്‍, ചരിത്രവും പാരമ്പര്യത്തിലൂടെയുള്ള അതിന്‍റെ തുടര്‍ച്ചയുമാണ് അനുഭവത്തിന്‍റെ അടിസ്ഥാനപരമായ വിശദീകരണചക്രവാളം. ഇത് രഹസ്യത്തെക്കുറിച്ചുള്ള വിവരണത്തില്‍ ഒരു ധ്രുവീകരണം സംഭവിക്കുന്നതായി കാണപ്പെടുന്നു. കാരണം, ഓരോ അനുഭവത്തിന്‍റെയും അടിസ്ഥാനചട്ടക്കൂടായ ലോകത്തെ ഇവിടെ താഴ്ത്തിക്കെട്ടുന്നു. ചരിത്രതലത്തിന്‍റെ അമൂര്‍ത്തവത്കരണം നമ്മുടെ ചരിത്രപരതയുടെ അവശ്യപരിമിതിയെ കണ്ടുമുട്ടുന്നു: അതായത്, ചരിത്രപരമായ സംഭവ്യതയും (historical contingency) പ്രാപഞ്ചികമായ അന്തതയും (cosmic finitude).
നമ്മുടെ ചിന്തയുടെ അടിസ്ഥാനപരമായ ചട്ടക്കൂടിന്‍റെ സ്വാധീനത്താല്‍ അതില്‍ത്തന്നെ സമ്പൂര്‍ണ്ണമായ ഒരു അനുഭവം നമുക്ക് സാധ്യമല്ല. അതിനാല്‍ ചരിത്രപരമായ ഏതനുഭവവും അതിന്‍റെ ആധികാരികതയ്ക്ക് ലോകത്തിന്‍റെയും ചരിത്രത്തിന്‍റെയും സംവേദനങ്ങളോട് കടപ്പെട്ടിരിക്കുന്നു. ചരിത്രപരമാകേണ്ടതിനാവശ്യമായ ഭൗതീകഘടകങ്ങളുടെ വിശകലനങ്ങളുടെ അഭാവം മൂലം ചരിത്രപരമായ അനുഭവങ്ങള്‍ അപൂര്‍ണ്ണവും അപര്യാപ്തവുമായി നിലകൊള്ളുന്നു. നമ്മുടെ മതപരമായ അനുഭവത്തിന്‍റെ കേന്ദ്രം ലോകമല്ല ദൈവമാണെന്നും അതിനാല്‍ ചരിത്രപരമായ വെളിപാടിന്‍റെ വിശദീകരണത്തിന് ലോകത്തെക്കുറിച്ചുള്ള അറിവ് രണ്ടാംസ്ഥാനത്താണുള്ളതെന്നും എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്നില്ല. ഈ എതിര്‍പ്പ് ആശയപരമായ കാലഗണനാസ്ഖലനം (conceptual anachronism) രൂപപ്പെടുത്തുന്നു. അങ്ങനെ ദൈവത്തെക്കുറിച്ചുള്ള അറിവ് ലോകത്തെക്കുറിച്ചുള്ള അറിവിന് മുമ്പേ സ്ഥാപിക്കപ്പെടുന്നു. ദൈവമെന്ന ആശയം ലോകത്തിന്‍റെ അസ്തിത്ത്വത്തെ മുന്‍കൂട്ടി വിഭാവനം ചെയ്യുന്നു. നിലനില്‍ക്കുന്ന അവസ്ഥയ്ക്കല്ലാതെ ശൂന്യതയ്ക്ക് ദൈവമെന്ന ആശയം രൂപപ്പെടുത്താനാവില്ല. അതിനാല്‍ "ദൈവം ലോകത്തെ സൃഷ്ടിച്ചു" എന്നപോലുള്ള പ്രസ്താവനകള്‍ എല്ലാ മതപാരമ്പര്യങ്ങളിലും നമുക്കുണ്ട്. അങ്ങനെ നമ്മുടെ ചരിത്രപരമായ അനുഭവം പ്രാപഞ്ചികാനുഭവത്താല്‍ പോഷിപ്പിക്കപ്പെടുന്നു. യാഥാര്‍ത്ഥ്യത്തിന്‍റെ സാകല്യത സ്വാഭാവികമായും അനുഭവത്തിന്‍റെ സാകല്യതയെയും ആവശ്യപ്പെടുന്നു.
ആവിഷ്കാരത്തിന്‍റെ വ്യാഖ്യാനശാസ്ത്രം അനുഭവങ്ങളുടെ ഏകത ആവിഷ്കാരങ്ങളുടെ ഏകതയെയും അനിവാര്യമാക്കുന്നു. അനുഭവങ്ങളുടെ ഏകത യാഥാര്‍ത്ഥ്യത്തിന്‍റെ അസ്തിത്ത്വപരമായ ദ്വന്ദത്തെ അപ്രസക്തമാക്കുന്നു. അസ്തിത്വങ്ങളുടെ അതിഭൗതികഐക്യത്തിന്‍റെ ശരിയായ ധാരണ ആവിഷ്കാരങ്ങളുടെ സാങ്കല്പികദ്വന്ദങ്ങള്‍ക്കുമുപരിയായി അവയ്ക്കിടയിലെ ഏകതയുടെ തന്തു കാണുവാന്‍ നമ്മെ സഹായിക്കുന്നു. അതേസമയം ആവിഷ്കാരത്തിന്‍റെ വ്യത്യസ്തരൂപങ്ങളുടെ രീതിശാസ്ത്രപരവും ജ്ഞാനമീമാംസാപരവുമായ തനിമ കാത്തുസൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. ആധുനികശാസ്ത്രം നല്കുന്ന ദാര്‍ശനികസാധ്യതകള്‍ ഇത്തരം വ്യാഖ്യാനവൈരുദ്ധ്യങ്ങളെ ബലപ്പെടുത്തുന്നു. ശാസ്ത്രീയചോദ്യങ്ങളുടെ അതിഭൗതിക ഉള്ളടക്കങ്ങള്‍ ദൈവശാസ്ത്രആവിഷ്കാരങ്ങളുടെയും ശാസ്ത്രീയരൂപങ്ങളുടെയും സത്താപരമായ ഏകതയെ ആധികാരികമായി ഉറപ്പിക്കുന്നു. "എല്ലാ ശാസ്ത്രീയനിഗമനങ്ങളും യാഥാര്‍ത്ഥ്യത്തെ മുഴുവനായും അതിന്‍റെ പരിധിയില്‍ കാണുവാന്‍ പരിശ്രമിക്കുന്നു... പക്ഷേ ഈ രീതിയില്‍ രൂപപ്പെടുന്ന യാഥാര്‍ത്ഥ്യത്തിന്‍റെ വീക്ഷണങ്ങള്‍ പൂര്‍ണ്ണമായും ശാസ്ത്രത്തിന്‍റേതല്ല..." [3] അതിഭൗതികമായതിനെക്കുറിച്ച് നിരവധിപേരില്‍ രൂപപ്പെടുന്ന ജ്ഞാനമീമാംസാപരമായ ഈ പുതിയ അവബോധം ദൈവശാസ്ത്രജ്ഞാനത്തിന്‍റെ സാങ്കല്പികധ്രുവീകരണങ്ങളെയും തുടര്‍ച്ചാരാഹിത്യത്തെയും പരിഹരിക്കുന്നതായിരിക്കും. ഇത്തരം ധ്രുവീകരണങ്ങളെ രൂപാന്തരീകരിക്കുമ്പോള്‍ കാണുന്നതിനും കേള്‍ക്കുന്നതിനും ഉപരിയായി വെളിപാടുകളില്‍ നിന്ന് ധാരാളം പഠിക്കാനുണ്ടെന്ന് നമുക്കു മനസ്സിലാകും.
ചരിത്രത്തിലുള്ള ദൈവത്തിന്‍റെ ഇടപെടല്‍ സാന്ദര്‍ഭികമോ വല്ലപ്പോഴുമുള്ളതോ ആയ ഒന്നല്ല, മറിച്ച് ചരിത്രത്തെ നയിക്കുന്ന ദൈവം ഒരുതരത്തില്‍ ചരിത്രം തന്നെയാണ്. ദൈവം പ്രത്യക്ഷപ്പെടുകയും സംസാരിക്കുകയും ചെയ്ത മലകളും സമതലങ്ങളും ദൈവത്തിന്‍റെ ദര്‍ശനവും സ്വരവും തന്നെയാണ്. രൂപകഭാഷയില്‍, സൃഷ്ടി വെറും ആറു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനും പൂര്‍വ്വപിതാക്കന്മാരുടെ എണ്ണം മൂന്നില്‍ ഒതുക്കാനും കഴിയുകയില്ല. മുന്‍അദ്ധ്യായങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്ന ലോകത്തിന്‍റെ ശാസ്ത്രീയവിശകലനങ്ങള്‍ രഹസ്യത്തിന്‍റെ ഏകീകൃതതലത്തിലെ അതിഭൗതികതന്തുക്കള്‍ നമുക്ക് കാണിച്ചുതരുന്നു. അവിടെ അനുഭവവും ആവിഷ്കാരവും പദാര്‍ത്ഥത്തിന്‍റെ "അപവസ്തുവത്കരണവും" (de-materialization) ലോകത്തിന്‍റെ "രഹസ്യവത്കരണവും" (mystification) മൂലം യാഥാര്‍ത്ഥ്യം മുഴുവന്‍റെയും പുനഃക്രമീകരണം നടത്തുന്നു. സ്വാഭാവിക അറിവിന്‍റെ പ്രലോഭനകരമായ ഇത്തരം അതിഭൗതികചരടുകള്‍ സര്‍വ്വപ്രപഞ്ചത്തില്‍നിന്നുമാണ് രൂപപ്പെടുന്നത്. അതാകട്ടെ വെളിപ്പെടുത്തപ്പെട്ട ജ്ഞാനത്തിന്‍റെ രൂപകാത്മകമായ സൂചനകളോടു ബന്ധപ്പെട്ട മറ്റൊരു രൂപകമായി വര്‍ത്തിക്കുകയും ചെയ്യുന്നു. ഇത് ക്രിസ്തീയവെളിപാടിന്‍റെ അതിപ്രധാനകേന്ദ്രങ്ങളായ പരിശുദ്ധ ത്രിത്ത്വം, മനുഷ്യാവതാരം, ദൈവഛായയിലുള്ള മനുഷ്യര്‍, മരണാനന്തരജീവിതം മുതലായവയെ അര്‍ത്ഥവത്തായി അവതരിപ്പിക്കുവാന്‍ നമ്മെ യോഗ്യരാക്കുന്നു. നമ്മുടെ വിശ്വാസപ്രഖ്യാപനങ്ങള്‍, കുമ്പസാരം, ധാര്‍മ്മികപ്രബോധനങ്ങള്‍ തുടങ്ങിയവയ്ക്കും ഈ സംരംഭത്തില്‍ വിശാലവും ആഴമേറിയതുമായ പ്രയോഗസാധ്യതകള്‍ ലഭിക്കുന്നു.
ഏകതാനത: ലൗകികത്രിത്വശാസ്ത്രത്തിന്‍റെ രൂപകം (Harmony: Metaphor of a Secular Trinitology)
ഏകീകൃതവും പൂര്‍ണ്ണവുമായ ആവിഷ്കാരം ആവശ്യപ്പെടുന്ന ക്രിസ്തീയഅനുഭവങ്ങളില്‍ ക്രിസ്തീയവെളിപാടിന്‍റെ ഉച്ചകോടിയാണ് പരിശുദ്ധത്രിത്വത്തെക്കുറിച്ചുള്ള രഹസ്യം. പരിശുദ്ധത്രിത്വത്തിന്‍റെ പരസ്പരബന്ധിതമായ രഹസ്യങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ പുതിയ രഹസ്യാത്മകഘടകങ്ങളെ മനസ്സിലാക്കുന്നതിനുള്ള രൂപകങ്ങള്‍ പ്രദാനം ചെയ്യുന്നു. പ്രപഞ്ചസംവിധാനങ്ങളുടെ ഒരു വിമര്‍ശനാത്മകസംയോജനം ഇന്നത്തെ ത്രിത്വപഠനങ്ങളുടെ പ്രസക്തിയും അര്‍ത്ഥവും വെളിപ്പെടുത്തുക മാത്രമല്ല, യാഥാര്‍ത്ഥ്യം മുഴുവന്‍റെയും സാര്‍വ്വത്രികവീക്ഷണത്തിന് പുതിയ പ്രചോദനങ്ങള്‍ നല്കുകയും ചെയ്യുന്നു. "നമ്മുടെ, ചരിത്രപരമായി അവബോധമുള്ള ആധുനികലോകത്തിന്‍റെ പശ്ചാത്തലത്തില്‍, പാരമ്പര്യത്തിന്‍റെ പ്രാഥമികസംവാദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അര്‍ത്ഥത്തിന്‍റെ തുറവിക്കായി ത്രിത്വൈകദൈവശാസ്ത്രത്തെ കണ്ടുകൊണ്ട് നാം പുതിയ സംരംഭങ്ങളെ രൂപപ്പെടുത്തും." [4]
പരസ്പരാഗിരണം (interpenetration)
ത്രിത്വത്തെ സംബന്ധിക്കുന്ന ഈ പഠനത്തിന്‍റെ പ്രപഞ്ചവിജ്ഞാനീയ പശ്ചാത്തലം ഭൗതികയാഥാര്‍ത്ഥ്യങ്ങളുടെ ആന്തരികമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. കണികാഭൗതികത്തിന്‍റെ ഒരു ചിന്താധാരയാണ് ബൂട്ട്സ്ട്രാപ്പ് ഹൈപ്പോതീസിസ് (bootstrap hypothesis). ഇതിന്‍റെ മുഖ്യആസൂത്രകനായ ജോഫ്രി ച്യൂ, ഇതിനെ പ്രകൃതിയെക്കുറിച്ചുള്ള ഒരു ബൂട്ട്സ്ട്രാപ്പ് തത്ത്വചിന്തയായി വികസിപ്പിച്ചിട്ടുണ്ട്. അവശ്യകണങ്ങളും അടിസ്ഥാനതലങ്ങളുമായി പ്രകൃതിയെ മാറ്റിക്കൊണ്ട് അതിനെ മനസ്സിലാക്കാന്‍ കഴിയില്ല എന്നതാണ് ബൂട്ട്സ്ട്രാപ്പ് ഹൈപ്പോതീസിസിന്‍റെ തുടക്കം. പ്രപഞ്ചത്തിന്‍റെ അടിസ്ഥാനനിര്‍മ്മിതിഘടകങ്ങളെക്കുറിച്ചുള്ള ക്ലാസിക്കല്‍ ഫിസിക്സിന്‍റെ അന്വേഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബൂട്ട്സ്ട്രാപ്പ് സിദ്ധാന്തം പ്രപഞ്ചം അത് സ്വയം ഉള്‍ക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ (self-consistency) മനസ്സിലാക്കപ്പെടണമെന്ന് ആവശ്യപ്പെടുന്നു. അങ്ങനെ ബൂട്ട്സ്ട്രാപ്പ് തത്ത്വചിന്ത പ്രപഞ്ചത്തിന്‍റെ യാന്ത്രികവീക്ഷണത്തോടുള്ള അവസാനപ്രതിഷേധവും രേഖപ്പെടുത്തുന്നു. ഒപ്പം അതിപ്രധാനമായ സാര്‍വ്വത്രികപരസ്പരബന്ധത്തെ അംഗീകരിച്ചുകൊണ്ട് ക്വാണ്ടം സിദ്ധാന്തത്തില്‍ ഉയര്‍ന്നുവന്ന പ്രപഞ്ചവീക്ഷണത്തിന്‍റെ സമന്വയമായും ഇത് പരിഗണിക്കപ്പെടുന്നു. [5] ബൂട്ട്സ്ട്രാപ്പ് ഹൈപ്പോതീസിസ് പദാര്‍ത്ഥത്തിന്‍റെ എല്ലാരീതിയിലുമുള്ള അടിസ്ഥാനകണങ്ങളെയും, അടിസ്ഥാനഅസ്തിത്വങ്ങളെയും, പ്രകൃതിയുടെ അടിസ്ഥാനനിയമങ്ങളെയും നിരാകരിക്കുന്നു. പ്രപഞ്ചത്തിന്‍റെ ആകമാനമുള്ള സ്വയംനിറവ് (self-consistency) മാത്രമാണ് പ്രപഞ്ചത്തിന്‍റെ ഏകനിയമം. ശാസ്ത്രീയ ബൂട്ട്സ്ട്രാപ്പ്, ഹാഡ്രണ്‍സ് എന്നു വിളിക്കപ്പെടുന്ന പരസ്പരം ശക്തിയായി പ്രവര്‍ത്തിക്കുന്ന കണങ്ങളെക്കുറിച്ച് പഠിക്കുന്നു. ഈ സിദ്ധാന്തത്തിന് ഹാഡ്രണ്‍സിന്‍റെ എല്ലാ ഘടകങ്ങളെയും അവയുടെ പരസ്പരപ്രവര്‍ത്തനങ്ങളെയും കുറിച്ച് പഠിക്കാനാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സബ്ആറ്റോമിക കണങ്ങളുടെ പരസ്പരപ്രവര്‍ത്തനങ്ങള്‍ വളരെ സങ്കീര്‍ണ്ണമാകയാല്‍ അതില്‍ത്തന്നെ പൂര്‍ണ്ണമായ ഒരു ബൂട്ട്സ്ട്രാപ്പ് സിദ്ധാന്തം കണ്ടുപിടിക്കാന്‍ കഴിയില്ലെന്നാണ് ഭൗതികശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. എന്നിരുന്നാലും ഭാഗികമായി ഫലപ്രദമായ മാതൃകകള്‍ അവര്‍ കണ്ടെത്തിയിട്ടുണ്ട്. ഓരോ മാതൃകയിലും അതിന്‍റെ തന്നെ പരിമിതിയായി വിശദീകരണവിധേയമല്ലാത്ത പാരാമീറ്ററുകള്‍ ഉണ്ട്. എങ്കിലും, ഒരു മാതൃകയിലെ പാരമീറ്ററുകള്‍ മറ്റൊരു മാതൃകയാല്‍ വിശദീകരിക്കാനാകുമെന്നാണ് അവര്‍ കരുതുന്നത്. പരസ്പരം സ്വീകാര്യമായ മാതൃകകളുടെ സംയോജനത്തെ കുറിക്കാന്‍ ബൂട്ട്സട്രാപ്പ് എന്ന വിശേഷണം ഉപയോഗിക്കുന്നു. [6] ബൂട്ട്സ്ട്രാപ്പ് അവതരിപ്പിക്കുന്ന ലോകത്തിന്‍റെ ചിത്രം സംഗ്രഹിച്ചിരിക്കുന്നത് ഇപ്രകാരമാണ്: "ഓരോ കണവും എല്ലാ കണങ്ങളെയും ഉള്‍ക്കൊണ്ടിരിക്കുന്നു." [7] കണങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ശക്തി പരസ്പരം ആശ്രയിച്ചു കഴിയുന്ന കണങ്ങള്‍ തന്നെയാണ് എന്നതാണ് ഹാഡ്രണ്‍ ബൂട്ട്സ്ട്രാപ്പിന്‍റെ കേന്ദ്രആശയം. ഇത് തികച്ചും സങ്കല്പിക്കാനാവാത്ത ഒരു കാര്യമാണ്. അതിനാല്‍ ഹാഡ്രണ്‍ ബൂട്ട്സ്ട്രാപ്പിന്‍റെ ഭാവിവളര്‍ച്ച ശാസ്ത്രത്തിന്‍റെ തന്നെ ചട്ടക്കൂടുകള്‍ക്കു പുറത്തേക്ക് ഈ സിദ്ധാന്തത്തെ കൊണ്ടുചെന്നെത്തിക്കുമെന്ന് കരുതപ്പെടുന്നു.
"ഹാഡ്രണ്‍ ബൂട്ട്സ്ട്രാപ്പുമായുള്ള നമ്മുടെ ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍, തികച്ചും പുതിയതും, ഭൗതികശാസ്ത്രത്തിന് പുറത്തുകിടക്കുന്നതുമായ ഒന്ന് എന്നത് മാത്രമല്ല 'ശാസ്ത്രീയം' എന്ന് വിശദീകരിക്കാന്‍ പോലും കഴിയാത്തതായ മാനുഷികബൗദ്ധികസംരംഭത്തിന്‍റെ മുന്നാസ്വാദനമായിരിക്കും." [8] ഈ സന്ദര്‍ഭത്തിലാണ് ഭൗതികശാസ്ത്രജ്ഞനായ ഡേവിഡ് ബോം ക്വാണ്ടം ഭൗതികശാസ്ത്രം ഒഴിവാക്കാനാവാത്ത ഒരു പുതിയ ക്രമം സൃഷ്ടിച്ചുവെന്ന് ചിന്തിക്കുന്നത്: ആന്തരികക്രമം (implicate order). [9] ക്വാണ്ടം സിദ്ധാന്തത്തിലെ ബുദ്ധിമുട്ടുകള്‍ പരമയാഥാര്‍ത്ഥ്യത്തിന് ആവശ്യമായ ഒരു പുതിയ ക്രമത്തിന്‍റെ സൂചനയായാണ് ബോം കണ്ടത്. പ്രപഞ്ചത്തിന്‍റെ പ്രക്രിയകള്‍ ദൃശ്യമല്ലാത്തതും എന്നാല്‍ അതിനെ പൊതിഞ്ഞിരിക്കുന്നതുമായ ഒരു ക്രമത്തെ ഉള്‍ക്കൊള്ളുന്നു. വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കണങ്ങള്‍ ഈ ക്രമത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. "ഇനിയും ചെറിയ കണങ്ങളായി ചുരുക്കാനാവില്ലായെങ്കില്‍ നീര്‍ച്ചുഴി ജലത്തിന്‍റെ ഒരു രൂപമായിരിക്കുന്നതുപോലെ, ആന്തരികക്രമത്തിന്‍റെ ഒരു രൂപമാണ് പദാര്‍ത്ഥം." [10] ഈ ക്രമം വ്യത്യസ്തമാനങ്ങളുള്ള സ്ഥലത്തിന്‍റെ അടയുകയും തുറക്കുകയും(fold and unfold) ചെയ്യുന്ന പ്രക്രിയയാണ്. പ്രപഞ്ചം എന്നത് അതിന്‍റെ മുഴുവന്‍ കണങ്ങളോടും ഫീല്‍ഡുകളോടും കൂടെ ഈ ക്രമത്തിന്‍റെ അനാവരണം ചെയ്യപ്പെടലാണ്. മറ്റുവാക്കുകളില്‍, ആന്തരികക്രമത്തിന്‍റെ പ്രത്യക്ഷരൂപമാണ് അത്. "സമഷ്ടിയുടെ ആകെത്തുക, അടയുകയും തുറക്കുകയും ചെയ്യുന്ന അവസ്ഥകള്‍ ക്രമത്തില്‍ വന്ന്, എല്ലായിടത്തും തത്ത്വത്തിലെങ്കിലും പരസ്പരം ഇടകലരുകയും ബന്ധപ്പെടുകയും ചെയ്യുക എന്നതാണ്." [11] ശാസ്ത്രകാഴ്ചപ്പാടിന്‍റെ ആകമാനമുള്ള ദാര്‍ശനികവിലയിരുത്തല്‍ ബാര്‍ബറുടെ വാക്കുകളില്‍ സംഗ്രഹിക്കാം: "ഏതൊരുവസ്തുവിന്‍റെയും ആയിരിക്കുന്ന അവസ്ഥ രൂപപ്പെടുന്നത് കൂടുതല്‍ അന്തര്‍ലീനമായ ചട്ടക്കൂടുകളോടുള്ള അതിന്‍റെ ബന്ധങ്ങളും പങ്കാളിത്തവും വഴിയാണ്." [12]
ദൈവത്തിന്‍റെ പരസ്പരസഹവാസം (Perechoresis)
ക്രിസ്തീയവെളിപാടില്‍ ആത്യന്തികയാഥാര്‍ത്ഥ്യം എന്നത് മൂന്ന് ആളുകളിലുള്ള ഏകദൈവമാണ്. ഈ മൂന്ന് ആളുകളെയും ബൈബിള്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന് തിരിച്ചറിയുന്നു (മത്താ.28:19; തെസ.2:13-14; 1കൊറി.12:4-6; 2കൊറി.13-14; എഫേ.2:18; എഫേ.2:20-22; എഫേ.3:14-16; റോമ.14:17-18). പിതാവും പുത്രനും പരിശുദ്ധാത്മാവും പരസ്പരം ബന്ധപ്പെട്ട് ഏകദൈവത്തിന് രൂപംനല്കുന്നു. ത്രിത്വൈകദൈവശാസ്ത്രത്തിന്‍റെ കേന്ദ്രപ്രശ്നം മൂന്നാളുകളും ഏകദൈവമാകുന്നത് എങ്ങനെ എന്ന് വിശദീകരിക്കലാണ്. ഇത് പരമ്പരാഗതമായി തത്ത്വചിന്തയുടെ വാക്കുകളിലാണ് വിശിദീകരിക്കപ്പെടുന്നത്. അതായത്, ദൈവം ഒരു പ്രകൃതത്തിലുള്ള (സ്വഭാവമുള്ള) മൂന്ന് വ്യക്തികളാണ്, അല്ലെങ്കില്‍, മൂന്ന് ഉപരിഅവസ്ഥകളിലുള്ള ഒരു അസ്തിത്വമാണ്. പ്രകൃതം, അസ്തിത്വം എന്നീ ആശയങ്ങളാല്‍ ത്രിത്വത്തിന്‍റെ ഏകത്വം പരിപോഷിക്കപ്പെടുമ്പോള്‍ ഏകത്വത്തിലുള്ള ത്രിത്വം സംരക്ഷിക്കപ്പെടുന്നത് വ്യക്തി ( person), പരമൈക്യം (hypostasis) എന്നീ ആശയങ്ങളാലാണ്. ദാര്‍ശനികമായി, സത്ത (substance) നിര്‍വ്വചിക്കപ്പെടുന്നത് മറ്റൊന്നിനെ ആശ്രയിക്കാതെ അതില്‍ത്തന്നെ നില്നില്ക്കുന്ന ഒന്ന് എന്നാണ്. സത്ത എന്ന പദം ദൈവശാസ്ത്രത്തില്‍ ആദ്യമായി രൂപപ്പെടുത്തിയത് തെര്‍ത്തുല്യനാണ്. വ്യക്തികള്‍ (persons) എന്ന് വിളിച്ച "മൂന്ന് ഉള്‍ച്ചേരലു"കളുള്ള (three coinhering) ദൈവികസത്തയായി അദ്ദേഹം ദൈവത്തെക്കുറിച്ച് സംസാരിച്ചു. അങ്ങനെ ദൈവശാസ്ത്രപരമായി, വ്യക്തി എന്ന പദം ഏകദൈവത്തില്‍ പരസ്പരബന്ധിതവും മൂന്നുവട്ടം തനിമയുള്ളതുമായ ഒന്നിനോട് ഉപമിക്കപ്പെട്ടു: പിതാവ്, പുത്രന്‍ പരിശുദ്ധാത്മാവ്. വ്യക്തി എന്നാല്‍ അതില്‍തന്നെ പൂര്‍ണ്ണവും ഉചിതവും ദൈവം ആയിരിക്കുന്നതിനു സമാനമായ ഭിന്നവും സ്വതന്ത്രവുമായ അസ്ഥിത്വമായി കണക്കാക്കപ്പെട്ടു. അരിസ്റ്റോട്ടിലിനെ ആശ്രയിച്ചുകൊണ്ട് ബൊയേതിയൂസ് വ്യക്തിയെ, "ബൗദ്ധികപ്രകൃതമുള്ള വ്യക്തിസത്ത(individual substance of a rational nature)'" എന്ന് നിര്‍വ്വചിച്ചു. ആയിരിക്കുന്നവയ്ക്കിടയിലെ സ്വതന്ത്രജീവി. ഇത് വ്യക്തിയെക്കുറിച്ചുള്ള ബൈബിളധിഷ്ഠിതകാഴ്ചപ്പാടിലെ സ്വാതന്ത്ര്യം, പ്രവൃത്തി, ബന്ധം എന്നീ പരസ്പരം ബന്ധപ്പെട്ട പ്രവണതകളെ അവ്യക്തമാക്കുന്നതായി പറയപ്പെടുന്നു. [13] ബൊനവഞ്ചറും അക്വീനാസും വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും മഹത്ത്വത്തെയും അസ്ഥിത്വത്തിന്‍റെയും അറിവിന്‍റേയും ഏറ്റവും ഉയര്‍ന്ന അവസ്ഥയായി അവതരിപ്പിക്കുന്നുണ്ട്. സ്കൊളാസ്റ്റിക്കുകളുടെ കാലം മുതല്‍ ത്രിത്വൈകവ്യക്തി വൈവിദ്ധ്യമാര്‍ന്ന ബന്ധങ്ങളുടെ നിലനില്പായി മനസ്സിലാക്കപ്പെടുന്നുണ്ട്: പിതാവ് പിതൃത്വവും, പുത്രന്‍ പുത്രത്ത്വവും, പരിശുദ്ധാവ് ശ്വസനവുമാണ്. അങ്ങനെ ഈ കാഴ്ചപ്പാട് മൂന്ന് വ്യക്തികളുടെയും സ്വതന്ത്രവും പരസ്പരബന്ധിതവുമായ യാഥാര്‍ത്ഥ്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിന് പര്യാപ്തമാണ്. [14]
ഐക്യത്തെയും വിഭജനങ്ങളെയും കൂട്ടിച്ചേര്‍ക്കാനുള്ള അതിന്‍റെ കഴിവിനെ അവഗണിച്ച് സത്തയുടെയും വ്യക്തിയുടെയും അടിസ്ഥാനത്തില്‍ ത്രിത്വത്തെ വിശദീകരിക്കുന്നത്, ത്രിത്വത്തിന് പുറത്തുള്ള ഒരു ലോകത്തോട് ബന്ധമില്ലാത്ത, അതിന്‍റെ തന്നെ ഗൂഢമായ ഒരു ലോകത്തില്‍ അടയ്ക്കപ്പടുന്നതിന് കാരണമാകും. നിത്യമായ പരസ്പരസഹവാസത്തിന്‍റെ (perichoresis) അടിസ്ഥാനത്തില്‍ ത്രിത്വൈകപ്രശ്നത്തോടുള്ള ആധുനിക കാഴ്ചപ്പാടുകള്‍ മികച്ച ആശയ സംവേദനങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അതിനാല്‍ത്തന്നെ പ്രപഞ്ചത്തെക്കുറിച്ചും മികച്ചതായ ഒരു ധാരണ രൂപപ്പെടുന്നു. നിത്യമായ പരസ്പരസഹവാസത്തെക്കുറിച്ചുള്ള സിദ്ധാന്തം ദൈവത്തില്‍ പരസ്പരമുള്ള കൂടിച്ചേരലും തമ്മില്‍ത്തമ്മിലുള്ള ലയനവും ഉണ്ട് എന്ന് സ്ഥാപിക്കുന്നു. യോഹന്നാന്‍റെ വാക്കുകള്‍ അതിനെ സൂചിപ്പിക്കുന്നവയാണ്: "ഞാന്‍ പിതാവിലും പിതാവ് എന്നിലുമാണ്" (യോഹ.14:11). "ഞാനും പിതാവും ഒന്നാണ്" (യോഹ.10:30). ദൈവത്തിന്‍റെ പരസ്പര സഹവാസത്തിന്‍റെ ചലനാത്മക സ്വഭാവമാണ് ലോകത്തിന്‍റെ ജീവന്‍റെ ഉറവിടമായി കാണേണ്ടത്. "ത്രിത്വൈകപരസ്പരസഹവാസത്തെ നിശ്ചിതമായ ഒരു ചട്ടക്കൂടായി നാം കാണരുത്. ഒരേസമയം, ഏറ്റവും തീവ്രമായ അതിശയമായും, ജീവനുള്ളവ എല്ലാറ്റിലും രൂപംകൊള്ളുന്ന സ്നേഹത്തിന്‍റെ ഏകവാസസ്ഥലമായും, എല്ലാ പ്രഭവസ്ഥാനങ്ങളുടെയും സംഗ്രഹമായും, താളാത്മകമായി നൃത്തം ചെയ്യുകയും ചലിക്കുകയും ചെയ്യുന്ന ലോകങ്ങളുടെ ഉറവിടമായും വേണം നാമതിനെ കാണേണ്ടത്." [15] പരസ്പരം സഹവസിക്കുന്ന ത്രിത്വത്തോടുള്ള പ്രപഞ്ചത്തിന്‍റെ സാമീപ്യവും, എല്ലാവസ്തുക്കളിലുമുള്ള ദൈവികസാന്നിദ്ധ്യത്തെക്കുറിച്ചുള്ള സ്വാഭാവികദൈവശാസ്ത്രത്തിന്‍റെ വാദങ്ങളും പ്രപഞ്ചത്തില്‍ ത്രിത്വൈകകാല്പാടുകള്‍ തിരയാന്‍ നമ്മെ യോഗ്യരാക്കുന്നു. ത്രിത്വൈകസഹവാത്തില്‍ പ്രപഞ്ചത്തലെ പാരസ്പര്യങ്ങളുടെ അന്തര്‍ധാരകള്‍ പ്രതിഫലിക്കേണ്ടതുണ്ട്. ഒരു ത്രിത്വൈകരഹസ്യത്തിന്‍റെ പ്രാപഞ്ചികഘടകങ്ങളെ തിരിച്ചറിയുമ്പോള്‍, പ്രകൃതിശാസ്ത്രങ്ങളുടെ അതിഭൗതികഉള്‍ക്കാഴ്ചകള്‍ നമുക്ക് സഹായകരമാണ്. ശാസ്ത്രങ്ങള്‍ പ്രപഞ്ചത്തിന്‍റെ ഏകതയെക്കുറിച്ചുള്ള ധാരണയിലെത്തിയതെങ്ങനെ എന്നു നാം കണ്ടു. ഈ ഐക്യത്തെക്കുറിച്ചുള്ള ശക്തിമത്തായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയഭാഷ ചില ത്രിത്വൈകഅര്‍ത്ഥങ്ങളെ (trinitarian nuances) പ്രതിഫലിപ്പിക്കുന്നതായി കാണാം. ത്രിത്വൈകസഹവാസത്തിന്‍റെ മാഹ്ത്മ്യത്തെ സബ്ആറ്റോമികപരസ്പരബന്ധത്തിലേക്കോ പ്രാപഞ്ചികതലത്തിലേക്കോ താഴ്ത്തിക്കൊണ്ടുവരിക എന്നത് നമ്മുടെ ഉദ്ദേശമല്ല. അത്തരമൊരു ശ്രമം ന്യൂനീകരണത്തിന്‍റെ (reductionism) ഏറ്റവും മോശമായ രൂപമായി കണക്കാക്കപ്പെടും.
ത്രിത്വൈകസഹവാസത്തിന്‍റെ ആന്തരികവൈവിദ്ധ്യം വിവിധരൂപങ്ങളിലുള്ള അസ്തിത്വത്തിന്‍റെ സത്താപരമായ ചട്ടക്കൂട് നിര്‍മ്മിക്കുന്നു എന്നത് നമ്മുടെ വാദം മാത്രമാണ്. പൂര്‍ണ്ണതയുടെ ഏറ്റവും ഉദാത്തമായ മാതൃകയാണ് ത്രിത്വൈകസഹവാസം. അവിടെ എല്ലാ ചരാചരങ്ങള്‍ക്കും സത്താപരമായ പാരസ്പര്യവും, അന്യോന്യതയും, ആശയവിനിമയവും സാധ്യമാകുന്നു. സ്വയം ആവിഷ്കരിക്കുന്നതും പരസ്പരം ബന്ധപ്പെടുത്തുന്നതുമായ ഒരു പാരസ്പര്യം ദൈവവും ലോകവും തമ്മില്‍ ഉണ്ട്. അതിനാല്‍ ത്രിത്വൈകശാസ്ത്രം പ്രപഞ്ചശാസ്ത്രവും, പ്രപഞ്ചശാസ്ത്രം ത്രിത്വൈകശാസ്ത്രവുമാണ്. ഭാഗങ്ങള്‍ പൂര്‍ണ്ണതയുടെ ഭാഗങ്ങളാണ്. ആയിരിക്കുക എന്നാല്‍ ബന്ധത്തില്‍ ആയിരിക്കുക, കൂടെ ആയിരിക്കുക എന്നാണ്. ആയിരിക്കുന്ന അവസ്ഥ പരസ്പരം ആയിരിക്കലും അസ്തിത്വം സഹാസ്തിത്വവുമാണ്. ത്രിത്വൈകപൂര്‍ണ്ണത സര്‍വ്വപ്രപഞ്ചത്തെയും ഒരു ഉപരിബന്ധത്തിലുള്ള ഇഴകളായി മാറ്റുന്നു. "ദൈവത്തോട് സമാനമായ എല്ലാ ബന്ധങ്ങളും ത്രിത്വൈകസഹവാസത്തിന്‍റെ മുഖ്യവും, പരസ്പരമുള്ളതുമായ ബന്ധത്തെയും പരസ്പരസഹവര്‍ത്തിത്ത്വത്തെയും പ്രതിഫലിപ്പിക്കുന്നു: ദൈവം ലോകത്തിലും, ലോകം ദൈവത്തിലും; അവന്‍റെ മഹിമയാല്‍ സ്വര്‍ഗ്ഗവും ഭൂമിയും ദൈവരാജ്യത്തില്‍; ആത്മാവും ശരീരവും ജീവദായകമായ ചൈതന്യത്തില്‍ ഏകീകരിക്കപ്പെട്ട് മനുഷ്യനാകുന്നു; സ്ത്രീയും പുരുഷനും ഉപാധികളില്ലാത്ത സ്നേഹസാമ്രാജ്യത്തില്‍ സ്വതന്ത്രരും പൂര്‍ണ്ണരുമായ മനുഷ്യരാകാന്‍ നിയോഗിക്കപ്പെടുന്നു." [16]
ഒരു ത്രിത്വൈകകൂട്ടായ്മയ്ക്ക് മാത്രമേ വ്യക്തിപരതയേയും, സ്വത്വത്തെയും, തനിമയെയും ഓരോ ജീവജാലത്തിന്‍റെയും പൂര്‍ണ്ണതയേയും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുകയുള്ളു. ദൈവത്തിന്‍റെ സത്താപരമായ പരസ്പരസഹവര്‍ത്തിത്ത്വം, ലോകത്തിന്‍റെ സത്താപരമായ മഹത്ത്വത്തെ വര്‍ദ്ധിപ്പിക്കുന്നു. എല്ലാ അസ്തിത്വവും പ്രത്യക്ഷത്തില്‍ ലളിതമാണ്, പക്ഷേ സംഗ്രഹിക്കാനാവാത്തവിധത്തില്‍ അളവുകള്‍ക്കുപരിയുമാണ്; വര്‍ദ്ധിപ്പിക്കാനാവാത്ത പൂര്‍ണ്ണത എല്ലാ ചരാചരങ്ങള്‍ക്കുമുണ്ട്, എന്നാല്‍ അതേസമയം അവയ്ക്ക് ഒരിക്കലുമവസാനിക്കാത്ത തുറവിയും സ്വകാര്യതയും ഉണ്ട്താനും. ശാസ്ത്രീയമായി നാം വാദിക്കുന്ന ലോകത്തിലെ ദൈവീകപ്രകൃതത്തെക്കുറിച്ചുള്ള സ്ഫുലിംഗങ്ങള്‍, സത്തയുടെയും വ്യക്തികളുടെയും അടിസ്ഥാനത്തില്‍ ത്രിത്വത്തെക്കുറിച്ചുള്ള പരമ്പരാഗതസങ്കല്പങ്ങളെ പുനഃപരിശോധിക്കുന്നതിന് ദൈവശാസ്ത്രത്തിനു ഒരു പുതിയ പ്രാപഞ്ചികചട്ടക്കൂട് നല്കുന്നു. സകലയാഥാര്‍ത്ഥ്യത്തിന്‍റെയും ഭൗതികഘടന ആന്തരികമായി പരസ്പരബന്ധിതമാകുമ്പോള്‍, സ്വയം നിലനില്ക്കുന്ന ഒന്ന് എന്ന സത്തയെക്കുറിച്ചുള്ള പരമ്പരാഗതസങ്കല്പം ആശയപരമായി ഒറ്റപ്പെടുന്നു, അതിനുലഭിക്കുന്ന പരിഗണനകള്‍ ഇല്ലാതാകുകയും ചെയ്യുന്നു. ശാസ്ത്രയുഗത്തിനും മുമ്പേ വ്യത്യസ്തവസ്തുക്കളുടെ ഒരു സംഗ്രഹമായി ലോകം കരുതപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ രൂപപ്പെട്ട ഇത്തരം സങ്കല്പങ്ങളില്‍ നമുക്ക് എത്രമാത്രം വിശ്വസിക്കാനാകും എന്നത് ഒരു ചോദ്യമാണ്. മോള്‍ട്ട്മാന്‍ വാദിക്കുന്നു: "പ്രപഞ്ചത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതും തിരിച്ചറിയാവുന്നതുമായ ദൈവികസത്തയിലെ ത്രിത്വൈകവ്യക്തികളുടെ പ്രതിനീധീകരണം, ത്രിത്വസങ്കല്പത്തെ ബോധപൂര്‍വ്വമല്ലെങ്കിലും രക്ഷപ്പെടാനാവാത്ത വിധം ഏകദൈവവിശ്വാസത്തിലേക്ക് നയിക്കുന്നു." "ആധുനികതയുടെ ആരംഭം മുതല്‍, അസ്തിത്വത്തെക്കുറിച്ച് ചിന്തിക്കുന്ന പഴയരീതിയില്‍നിന്ന് പ്രപഞ്ചവിജ്ഞാനീയത്തിന്‍റെ മടക്കം അസാദ്ധ്യമായെങ്കില്‍, സത്തയുടെ ത്രിത്വത്തിലേക്കുള്ള തിരിച്ചുപോക്കും പ്രായോഗികമായി അസാദ്ധ്യമാണ്." [17] യുക്തിയെയും ബന്ധത്തെയും കുറിച്ചുള്ള പുതിയ ധാരണകള്‍ ഇത്തരം വിഭാഗങ്ങളുടെ പ്രപഞ്ചവത്കരണം (cosmisation) നടത്തുന്നതായി കാണപ്പെടുന്നു. ദൈവത്തിന്‍റെ രഹസ്യാത്മകവ്യക്തിത്വത്തിലേക്കുള്ള പ്രവേശനമാര്‍ഗ്ഗം വിദൂരമായ ഒരു ദൈവികതയിലല്ല ഉള്ളത്. മറിച്ച് വളരെ അടുത്തുള്ള വിവൃതപ്രാപഞ്ചിക(open universe)രഹസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് അതുള്ളത്. ഏറ്റവും ഉന്നതമായ ദൈവികരഹസ്യങ്ങളിലേക്കുള്ള അന്വേഷണം ഏറ്റവും ആഴത്തിലുള്ള പ്രകൃതിഘടനകളില്‍നിന്ന് ആരംഭിക്കണം. ത്രിത്വത്തെക്കുറിച്ചുള്ള പാശ്ചാത്യസിദ്ധാന്തങ്ങളില്‍നിന്ന് വ്യത്യസ്തമായി, പൗരസ്ത്യസമീപനം കൂടുതല്‍ സമഗ്രമായി കരുതപ്പെടുന്നുണ്ട്. പൗരസ്ത്യചിന്തയുടെ രഹസ്യാത്മകഘടകങ്ങള്‍ ത്രിത്വൈകബന്ധത്തെ ദൈവത്തിലുള്ള ആളുകളെ സ്ഥാപിക്കുന്നതിനുപകരം അവരെ പ്രത്യക്ഷവത്കരിക്കുന്നതായാണ് പരിഗണിക്കുന്നത്. ഇവിടെ ബന്ധം വ്യത്യസ്തതകളുടേതും, പരസ്പരസഹവര്‍ത്തിത്വത്തിന്‍റേതും, യോജിപ്പിന്‍റേതുമാണ്. അപ്പോള്‍ ദൈവത്തിന്‍റെ സ്വാതന്ത്ര്യത്തില്‍നിന്ന് സൃഷ്ടിക്കപ്പെട്ട എല്ലാ ജീവജാലങ്ങളും "വ്യക്തിപരം(personal)" [18] ആയി കണക്കാക്കപ്പെടും. പ്രാപഞ്ചികചട്ടക്കൂടിനാല്‍ പരിപോഷിപ്പിക്കപ്പെടുന്ന സുപ്രധാനമായ മറ്റൊരു ദൈവശാസ്ത്ര സരണിയാണ് അന്തര്‍ലീനവും സുവിദിതവുമായ (immanent and economic) ത്രിത്വം. പരമ്പരാഗത ദൈവശാസ്ത്രം അന്തര്‍ലീനവും സുവിദിതവുമായ ത്രിത്വങ്ങള്‍ തമ്മില്‍ വേര്‍തിരിവ് കണ്ടെത്തുന്നു. ഇക്കണോമിക് ത്രിത്വം മനുഷ്യന്‍റെ രക്ഷാകരചരിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ത്രിത്വമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും അവരുടെ ആന്തരികനിത്യജീവിതത്തില്‍ ആയിരിക്കുന്നതുപോലെ അന്തര്‍ലീനത്രിത്വം അതില്‍ത്തന്നെയുള്ള ത്രിത്വമാണ്. ചരിത്രപരമായ രക്ഷാകരസംഭവങ്ങള്‍ക്ക് വെളിയില്‍ അന്തര്‍ലീനത്രിത്വം ഒരു രഹസ്യമായി കണക്കാക്കപ്പെടുന്നു.
അന്തര്‍ലീനത്രിത്വത്തെ സുവിദിത ത്രിത്വത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് സ്വീകാര്യമല്ലെന്നതാണ് ത്രിത്വൈകദൈവശാസ്ത്രത്തിലെ ഇപ്പോഴത്തെ പൊതുധാരണ. റാനറുടെ അഭിപ്രായത്തില്‍, "സുവിദിത ത്രിത്വം തന്നെയാണ് അന്തര്‍ലീനത്രിത്വം, അന്തര്‍ലീനത്രിത്വം തന്നെയാണ് സുവിദിത ത്രിത്വം." [19] "ചരിത്രത്തിലും (സത്യത്തിന്‍റെ) ആത്മാവിലുമുള്ള (സ്നേഹത്തിന്‍റെ) ദൈവത്തിന്‍റെ ആത്മസംവേദനത്തിന്‍റെ വേര്‍തിരിവുകള്‍ ദൈവത്തില്‍ത്തന്നെ ആയിരിക്കണം. അല്ലെങ്കില്‍ തീര്‍ച്ചയായും നിലനില്ക്കുന്ന ഈ വിത്യാസം ദൈവത്തിന്‍റെ ആത്മസംവേദനത്തെത്തന്നെ ഇല്ലാതാക്കിക്കളയും" [20] എന്നത് റാനറുടെ അഭിപ്രായമാണ്. രക്ഷാകരചരിത്രത്തോടൊപ്പം, പ്രപഞ്ചവിജ്ഞാനീയ, ദൈവശാസ്ത്രചട്ടക്കൂട് ദൈവത്തിന്‍റെ പൂര്‍ണ്ണമായ ആത്മാവിഷ്കാരം കണ്ടുപിടിക്കുന്നതിന് വിശാലമായ ഒരു പശ്ചാത്തലം നല്കുന്നത് നമുക്കു കാണാനാകും. റാനറുടെ തത്ത്വമനുസരിച്ച് ദൈവം സ്വഭാവത്താല്‍ത്തന്നെ ആത്മസംവേദനം നടത്തണം. ഈ ആശയവിനിമയത്തിന്‍റെ പ്രക്രിയ സൃഷ്ടിയുടെ പ്രക്രിയകളിലും രൂപഘടനകളിലും ദര്‍ശിക്കാന്‍ കഴിയും. ഇന്നത്തെ ശാസ്ത്രം മനസ്സിലാക്കിയിരിക്കുന്ന ഈ ചട്ടക്കൂടുകള്‍ നമുക്ക് ത്രിത്വൈകദൈവത്തിന്‍റെയും ലോകത്തിന്‍റെയും ദര്‍ശനത്തിന് സഹായകമായ രൂപകങ്ങളും സദൃശ്യോദാഹരണങ്ങളും നല്കുന്നു. ശാസ്ത്രത്താല്‍ പരിപോഷിപ്പിക്കപ്പെടുന്ന ത്രിത്വദര്‍ശനം ത്രിത്വത്തെക്കുറിച്ചുള്ള യാഥാസ്ഥിതിക ദൈവശാസ്ത്രസിദ്ധാന്തങ്ങള്‍ക്കും ഉപരിയായി നിലകൊള്ളുന്നു. മറ്റ് അനുബന്ധദൈവശാസ്ത്രപ്രശ്നങ്ങളായ സൃഷ്ടി, ക്രിസ്തുവിജ്ഞാനീയം എന്നിവയിലും ഈ ദര്‍ശനത്തിന് സാധ്യതകളുണ്ട്. അവസാനവിശകലനത്തില്‍, ത്രിത്വൈകയാഥാര്‍ത്ഥ്യത്തിന്‍റെ പ്രാപഞ്ചിക ആന്ദോളനങ്ങള്‍ "ത്രിത്വത്തെക്കുറിച്ചുള്ള ക്രിസ്തീയപഠനങ്ങളെ" വിശാലമാക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ഒരു "ത്രിത്വൈകചിന്താധാരയെ" [21] സ്ഥിരപ്പെടുത്തുകകൂടി ചെയ്യുന്നു.
cosmology the holy trinity and cosmology the holy trinity Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206