We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 09-Sep-2020
ഭൂമിയിലായിരിക്കുമ്പോള്‍ തിന്മ പ്രവര്‍ത്തിച്ചു ജീവിക്കുകയും ദൈവനിഷേധത്തില്‍ ആനന്ദിക്കുകയും ചെയ്യുന്നവര്‍ മരണശേഷം എത്തിച്ചേരുന്ന അവസ്ഥയായിട്ടാണ് നരകത്തെക്കുറിച്ച് സഭ പഠിപ്പിക്കുന്നത്.
1. പഴയനിയമത്തില്‍ സകല മരിച്ചവരും ചെന്നെത്തുന്ന സ്ഥലമായി പാതാളത്തെ അവതരിപ്പിക്കുന്നു. ഹീബ്രുവില്‍ ഷെയോള്‍ എന്നും ഗ്രീക്കില്‍ ഹാദെസ് എന്നുമാണ് പാതാളത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന പദങ്ങള്‍. ഭൂമിക്കടിയിലുള്ള ഗര്‍ത്തം എന്ന അര്‍ത്ഥത്തിലാണ് ഈ പദങ്ങള്‍ ഉപയോഗിച്ചിരുന്നത്. ആര്‍ക്കും മടങ്ങിവരാനാവാത്ത (ജോബ് 7:9), അന്ധകാരാവൃതവും ശൂന്യവുമായ (ജോബ് 10:21-22) പാതാളം സകല മനുഷ്യരുടെയും അന്ത്യവിശ്രമസ്ഥലമാണ് (സുഭാ 1:12). പാതാള വാസികളെ ദൈവം പോലും ഓര്‍ക്കുന്നില്ലെന്നും യഹൂദര്‍ കരുതിയിരുന്നു (സങ്കീ 88:5-6). മൃതശരീരം മണ്ണില്‍ കുഴിയെടുത്ത് മറവുചെയ്യുന്ന പതിവ് നിലനിന്നിരുന്ന യഹൂദരെ സംബന്ധിച്ചിടത്തോളം മണ്ണിനടിയില്‍ അവസാനിക്കുന്നതായാണ് അവര്‍ ജീവിതത്തെ മനസ്സിലാക്കിയിരുന്നത്. മരണാനന്തര ജീവിതത്തില്‍ വിശ്വാസമില്ലാതിരുന്ന കാലത്ത് മനുഷ്യന്‍റെ ജീവിതം ശവക്കുഴിയില്‍ (ഭൂമിക്കുള്ളില്‍) അവസാനിച്ചു എന്ന അര്‍ത്ഥത്തിലാണ് യഹൂദര്‍ പാതാളം എന്ന പദം ഉപയോഗിച്ചിരുന്നത്. എന്നാല്‍ സകല മനുഷ്യരും പാതാളത്തില്‍ അവസാനിക്കുന്നു എന്ന ചിന്ത നീതിക്കു നിരക്കുന്നതല്ല എന്ന ചിന്ത സാവകാശം ദൈവജനത്തിന് വെളിപ്പെടുത്തപ്പെട്ടു. തിന്മ ചെയ്തവര്‍ പാതാളത്തിന്‍റെ ശൂന്യതയില്‍ പതിക്കുമ്പോള്‍ നന്മചെയ്തവര്‍ ദൈവകാരുണ്യത്തിന്‍റെ അനുഭവത്തില്‍ പങ്കാളികളാക്കപ്പെടുന്നു എന്ന വിശ്വാസം യഹൂദരുടെയിടയില്‍ രൂഢമൂലമായി തുടങ്ങി (ഉദാ. ജ്ഞാനം 4:7-14). നന്മ ചെയ്തവര്‍ നീതിമാന്മാരായ പൂര്‍വ്വികരുടെ കൂട്ടായ്മയില്‍ എത്തിച്ചേരുന്നു എന്ന അര്‍ത്ഥത്തില്‍ നന്മ ചെയ്തവരുടെ നിത്യവിശ്രമസ്ഥലത്തെ അബ്രാഹത്തിന്‍റെ മടിത്തട്ട് (crf. ലൂക്കാ 16:22-23) എന്നും യഹൂദര്‍ വിളിച്ചിരുന്നു. ബി.സി. രണ്ടാം നൂറ്റാണ്ടു മുതല്‍ യഹൂദ വെളിപാടുചിന്തയില്‍ (Apocalyptic thought) നിത്യശിക്ഷയെക്കുറിച്ച് മറ്റൊരു ചിന്താഗതി രൂപം കൊണ്ടു: യൂദാരാജാക്കന്മാരായ ആഹാസും മനാസ്സെയും സ്വന്തം മക്കളെ നരബലിയര്‍പ്പിച്ചു മ്ലേച്ഛമാക്കിയ ബെന്‍ഹിന്നോം താഴ്വര (2 ദിന 28:3; 33:6) ദൈവകോപാഗ്നി ആളിക്കത്തുന്ന നിത്യശിക്ഷയുടെ സ്ഥലമാകുമെന്ന് (ഗെഹന്ന) ജറെമിയ 7:32 ന്‍റെയും 19:6 ന്‍റെയും വെളിച്ചത്തില്‍ യഹൂദര്‍ വ്യാഖ്യാനിച്ചു തുടങ്ങി. നഗരത്തിലെ മാലിന്യങ്ങള്‍ കൂട്ടിയിട്ടുകത്തിച്ചിരുന്നതിനാല്‍ അവിടെ അഗ്നി സദാ കെടാതെയുണ്ടായിരുന്നു. കത്താതെ അവശേഷിക്കുന്ന മാലിന്യങ്ങളില്‍ പുഴുക്കളും സര്‍വ്വസാധാരണമായിരുന്നു. കെടാത്തതീയും ചാകാത്ത പുഴുവും നിറഞ്ഞ ഈ താഴ്വര (ഗെഹെന്ന) നരകത്തിന്‍റെ പ്രതീകമായി മാറുന്നത് ഈ പശ്ചാത്തലത്തിലാണ്.
സുവിശേഷങ്ങളില്‍ ഗെഹന്നാ "എന്ന പദത്തെ നരകം എന്നാണ് മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. (മത്താ 5:22; 10:28; 18:9; 23:15; മര്‍ക്കോ 9:43, 45-47; ലൂക്കാ 12:5). നരകത്തെ സൂചിപ്പിക്കാന്‍ മറ്റു പദങ്ങളും പ്രതീകങ്ങളും പുതിയ നിയമം ഉപയോഗിക്കുന്നുണ്ട്. കെടാത്ത അഗ്നി" (മത്താ 18:8); നരകാഗ്നി"(മത്താ 5:22), അഗ്നികുണ്ഠം"(മത്താ 13:42), വിലാപത്തിന്‍റെയും പല്ലുകടിയുടെയും സ്ഥലം"(മത്താ 8:12; 13:42; 22:13), പുഴുചാകാത്തതും തീ കൊടാത്തതുമായ സ്ഥലം" (മര്‍ക്കോ 9:48), പുറത്തെ അന്ധകാരം" (മത്താ 8:12; 22:13), അഗ്നിത്തടാകം"(വെളി 20:10,14-15) തുടങ്ങിയ സംജ്ഞകളും നരകത്തെയാണ് വിവക്ഷിക്കുന്നത്.
2. നരകശിക്ഷ നിത്യമല്ലെന്നും നരകത്തില്‍ ആയിരിക്കുന്ന ആത്മാക്കളോട് വചനം പ്രസംഗിച്ചു രക്ഷിക്കാനാവുമെന്നും പഠിപ്പിക്കുന്നത് സത്യവിശ്വാസത്തിന് വിരുദ്ധമാണ്. AD 543 ലെ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു: നരകശിക്ഷ നിത്യമല്ലെന്നു പഠിപ്പിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകുന്നു. പിശാചുകള്‍ക്കും തിന്മപ്രവര്‍ത്തിച്ചവര്‍ക്കുമായി നല്‍കപ്പെടുന്ന നരകശിക്ഷ നിത്യമല്ലെന്നു പഠിപ്പിക്കുന്നവരെല്ലാം ശപിക്കപ്പെട്ടവരാകുന്നു.1215 -ലെ ലാറ്ററന്‍ കൗണ്‍സിലും നരകശിക്ഷയുടെ നിത്യതയെ ഊന്നിപ്പറയുന്നു: നരകത്തിലായ ആത്മാക്കള്‍ പിശാചിനോടൊപ്പം നിത്യശിക്ഷയ്ക്കും പീഡനത്തിനും വിധേയമാണ്. സഭയുടെ സാര്‍വ്വത്രിക മതബോധന ഗ്രന്ഥവും ഈ ആശയം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. മാരകപാപത്തോടെ മരിക്കുന്നവരുടെ ആത്മാക്കള്‍ മരണനിമിഷത്തില്‍ത്തന്നെ നരകത്തില്‍ നിപതിക്കുന്നു. ദൈവത്തില്‍ മാത്രമേ മനുഷ്യന് ജീവനും സന്തോഷവും കണ്ടെത്താന്‍ കഴിയൂ. അതിനുവേണ്ടിയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. അവന്‍റെ ഏറ്റം വലിയ ആത്മദാഹവും അതുതന്നെയാണ്. ആ ദൈവത്തില്‍നിന്ന് എന്നേക്കുമായി അകറ്റപ്പെടുക എന്നതുതന്നെയാണ് ഏറ്റംവലിയ നരകശിക്ഷ" (CCC 1033 -1037).
നിത്യശിക്ഷ - ബൈബിള്‍ വീക്ഷണത്തില്‍
3. നരകശിക്ഷ നിത്യമാണെന്ന് വിശുദ്ധ വചനം അസന്ദിഗ്ധമായി പഠിപ്പിക്കുന്നുണ്ട്: മത്താ 25:41 - ശപിക്കപ്പെട്ടവരേ നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്‍റെ ദൂതന്മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍. മത്താ 25:46 - ഇവര്‍ നിത്യശിക്ഷയിലേക്കും നീതിമാന്മാര്‍ നിത്യ രക്ഷയിലേക്കും പ്രവേശിക്കും.നരകശിക്ഷ നിത്യമാണെങ്കില്‍ അവിടെ നിന്ന് ആത്മാക്കളെ രക്ഷിക്കുക അസാധ്യമാണെന്ന് നാം മനസ്സിലാക്കണം.മരണശേഷമുള്ള മാനസാന്തരം അസാധ്യമാണെന്ന് വി. ഗ്രന്ഥം പഠിപ്പിക്കുന്നുണ്ട്. കതകടച്ചു കഴിഞ്ഞു വരുന്ന കന്യകമാരും (മത്താ 25:11-13), യജമാനന്‍ വരുമ്പോള്‍ നിരുത്തരവാദപരമായി പെരുമാറിയ ഭൃത്യനും (മത്താ 24:47-51) നിത്യമായും പുറത്താക്കപ്പെടുന്നു. തീരുമാനമെടുക്കാനും തിരുത്താനുമുള്ള നിശ്ചിതസമയം കഴിഞ്ഞാല്‍ അത് സാധ്യമാവില്ല എന്നാണ് ഈ ഉപമകളിലൂടെ യേശു വ്യക്തമാക്കുന്നത്. കര്‍ത്താവേ, എപ്പോഴാണ് ഞങ്ങള്‍ അങ്ങയെ വിശക്കുന്നവനും ദാഹിക്കുന്നവനും നഗ്നനും..... ആയി കണ്ടത്? എന്ന നീതിരഹിതരുടെ ചോദ്യം പശ്ചാത്താപത്തിന്‍റെ ലാഞ്ഛന കലര്‍ന്നതാണ്. പക്ഷേ അവരുടെ പശ്ചാത്താപം അവരെ നിത്യശിക്ഷില്‍നിന്നും രക്ഷിക്കുന്നില്ല (മത്താ 25:44-46). ആര്‍ക്കും ജോലിചെയ്യാന്‍ കഴിയാത്ത രാത്രികാലം വരുന്നു" (യോഹ 9:4) എന്ന മുന്നറിയിപ്പ് മരണശേഷം മാനസാന്തരം അസാധ്യമാണ് എന്ന സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
4. ദൈവം ആരെയും നരകശിക്ഷക്കായി മുന്‍കൂട്ടി നിശ്ചയിച്ചിട്ടില്ല. മനുഷ്യന്‍ തന്‍റെ സ്വാതന്ത്ര്യമുപയോഗിച്ച് ദൈവഹിതത്തിനെതിരായി പ്രവര്‍ത്തിക്കുമ്പോഴാണ് നരകത്തിന് അര്‍ഹനാകുന്നത്. ദൈവത്തിന്‍റെ നിരന്തരമായ മുന്നറിയിപ്പുകളെയും തിരുത്തലുകളെയും അവഗണിച്ച് ജീവിക്കുമ്പോള്‍ സ്വാഭാവികമായി എത്തിച്ചേരുന്ന അവസ്ഥയാണ് നരകം.
നരകത്തെ ദൈവം വിധിച്ച ശിക്ഷയായിട്ടല്ല മറിച്ച് ദൈവം മനുഷ്യന് നല്‍കാന്‍ ആഗ്രഹിക്കുന്ന രക്ഷയുടെ വിപരീത ബിന്ദുവായിട്ടാണ് മനസ്സിലാക്കേണ്ടത്. രക്ഷയ്ക്കായുള്ള നിരന്തര ക്ഷണത്തെ തള്ളിക്കളഞ്ഞ് ദൈവത്തില്‍നിന്ന് ബോധപൂര്‍വ്വം അകലുന്നവര്‍ ചെന്നെത്തുന്ന സ്വാഭാവിക പരിണതിയാണ് നരകം. അന്ധകാരത്തില്‍ ജീവിതം ശീലമാക്കിയവര്‍ക്ക് പ്രകാശം കാണുക ദുഷ്കരമാണ്. തിന്മയുടെ അന്ധകാരം ശീലിച്ച മനുഷ്യന് നീതിസൂര്യനായ ദൈവത്തെ വിധി ദിനത്തില്‍ അഭിമുഖീകരിക്കാനാവില്ല. മാരക പാപാവസ്ഥയില്‍ ദൈവസാന്നിദ്ധ്യം അസഹ്യമാംവിധം അസ്വസ്ഥതാജനകമാകയാല്‍ മനുഷ്യന്‍ ദൈവസാന്നിദ്ധ്യവും ദൈവീക രക്ഷയും വെടിഞ്ഞ് വിപരീത ദിശയിലെത്തുന്നതാണ് നരകാവസ്ഥ. ഈ ആശയം സഭയുടെ സാര്‍വ്വത്രിക മതബോധന ഗ്രന്ഥം വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.
5. മനസ്തപിച്ച് ദൈവത്തിന്‍റെ കരുണാര്‍ദ്രസ്നേഹം സ്വീകരിക്കാതെ ചാവുദോഷത്തില്‍ മരിക്കുകയെന്നാല്‍ നമ്മുടെ സ്വതന്ത്രമായ തീരുമാനംവഴി ദൈവത്തില്‍നിന്ന് എന്നേക്കുമായി അകറ്റപ്പെടുക എന്നതാണ് അര്‍ത്ഥം. ദൈവത്തോടും അവിടുത്തെ വിശുദ്ധരോടുമുള്ള കൂട്ടായ്മയില്‍നിന്ന് ഇപ്രകാരം എന്നേയ്ക്കുമായി സ്വയം വിച്ഛേദിക്കുന്നതിനെയാണ് നരകം എന്നു വിളിക്കുന്നത്.
ജീവിതാവസാനംവരെ വിശ്വസിക്കാനും മാനസാന്തരപ്പെടാനും വിസമ്മതിക്കുന്നവര്‍ക്ക് വേണ്ടി നീക്കിവച്ചിരിക്കുന്ന കെടാത്ത അഗ്നിയുടെ ഗേഹെന്നായെക്കുറിച്ച് യേശു പലപ്പോഴും പറയുന്നുണ്ട്. അവിടെ ശരീരവും ആത്മാവും നഷ്ടപ്പെടുന്നു (മത്താ 5,22; 10,28; 13,42; മര്‍ക്കോ 9, 43-48). യേശു തന്‍റെ ദൂതന്മാരെ അയച്ച് തിന്മ പ്രവര്‍ത്തിക്കുന്ന സകലരെയും ശേഖരിച്ച് നിത്യാഗ്നിയില്‍ എറിയുമെന്ന് വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട് (മത്താ 13, 41-42). ശപിക്കപ്പെട്ടവരേ, എന്നില്‍നിന്നകന്ന്, നിത്യാഗ്നിയിലേക്ക് പോകുവിൻ എന്ന ശിക്ഷാവിധി പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പും യേശു നല്‍കിയിട്ടുണ്ട്.
സ്വര്‍ഗ്ഗം
6. ആദിമാതാക്കളുടെ പാപം മൂലം നഷ്ടമായ ദൈവവുമായുള്ള വരപ്രസാദ ഐക്യം അതിന്‍റെ പൂര്‍ണ്ണതയില്‍ തിരികെ നല്‍കാനാണ് ക്രിസ്തു മനുഷ്യാവതാരം ചെയ്തത്. ക്രിസ്തുവിലൂടെ മനുഷ്യന് മരണശേഷം ലഭിക്കുന്ന സമ്പൂര്‍ണ്ണ ദൈവൈക്യത്തിന്‍റെ അവസ്ഥയാണ് സ്വര്‍ഗ്ഗം. പരിധിയില്ലാത്ത പരിപൂര്‍ണ്ണതക്കുവേണ്ടി ദൈവം മനുഷ്യനില്‍ നിക്ഷേപിച്ച ദാഹത്തിന് ക്രിസ്തുവിലൂടെ ലഭിക്കുന്ന സാക്ഷാത്കാരമായും സ്വര്‍ഗ്ഗത്തെ മനസ്സിലാക്കാം.
മരണാനന്തരം നീതിമാന്മാര്‍ക്കു ലഭിക്കുന്ന സ്വര്‍ഗ്ഗഭാഗ്യത്തെക്കുറിച്ച് വി. ഗ്രന്ഥം പഠിപ്പിക്കുന്നുണ്ട്. നീതിമാന്മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവവും അവരെ സ്പര്‍ശിക്കുകയില്ല. അവര്‍ മരിച്ചതായി ഭോഷന്മാര്‍ കരുതി; അവരുടെ മരണം പീഡനമായും നമ്മില്‍ നിന്നുള്ള വേര്‍പാട് നാശമായും അവര്‍ കണക്കാക്കി; അവരാകട്ടെ ശാന്തി അനുഭവിക്കുന്നു. (ജ്ഞാനം 3:1-3) സ്വര്‍ഗ്ഗം എന്നത് ദൈവിക സാന്നിധ്യത്തിന്‍റെയും ദൈവത്തിന്‍റെയും പര്യായമായിട്ടാണ് വി. ഗ്രന്ഥം ഉപയോഗിക്കുന്നത്. മനുഷ്യന്‍ ദൈവത്തെ മുഖാമുഖം കാണുന്നു എന്നതാണ് സ്വര്‍ഗ്ഗത്തില്‍ മനുഷ്യനു ലഭിക്കുന്ന സൗഭാഗ്യം (1 കോറി 13:13; 1 യോഹ 3:2; വെളി 22:4). ദൈവത്തെ കാണുന്നു എന്നതിന് ദൈവത്തെ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു എന്ന അര്‍ത്ഥമില്ല. നിത്യനൂതനമായ അറിവും സ്നേഹവുമാണ് ദൈവം സ്വര്‍ഗ്ഗവാസികള്‍ക്ക് അനുനിമിഷം വെളിപ്പെടുത്തുന്നത്. തന്മൂലം സ്വര്‍ഗ്ഗം എന്നത് സമ്പൂര്‍ണ്ണ വിശ്രമവും നിശ്ചലതയുമല്ല. മറിച്ച് ഓരോ നിമിഷവും ദൈവത്തിലേക്ക് കൂടുതല്‍ കൂടുതല്‍ ഐക്യപ്പെടുന്നതും ഓരോനിമിഷവും ദൈവത്തെ കൂടുതലായി അറിയാനും സ്നേഹിക്കാനും ദൈവൈക്യത്തില്‍ ആനന്ദിക്കാനും കഴിയുന്നതുമായ അനുഭവവും അവസ്ഥയുമാണ് സ്വര്‍ഗ്ഗം.
7. സ്വര്‍ഗ്ഗത്തിലെ മറ്റൊരു സൗഭാഗ്യം നിത്യജീവനാണ്. ജീവന്‍ സമ്പൂര്‍ണ്ണമായും ദൈവദാനമാണ്. നാമാരും അറിയും മുമ്പേ ദൈവം നമുക്കു ജീവനേകി. ജീവന്‍ നഷ്ടപ്പെടാന്‍ നിരവധി നിസ്സാര കാരണങ്ങളുള്ളതിനാല്‍ ജീവനെക്കുറിച്ച് മനുഷ്യന്‍ സദാ വ്യാകുലനാണ്. എന്നാല്‍, സ്വര്‍ഗ്ഗത്തില്‍ അനന്തമായ ജീവന്‍ നല്‍കി ദൈവം മനുഷ്യനെ അനുഗ്രഹിക്കുന്നു. സ്വര്‍ഗ്ഗത്തെ സൂചിപ്പിക്കാന്‍ നിത്യജീവന്‍ എന്ന പദം ബൈബിള്‍ ആവര്‍ത്തിച്ചുപയോഗിക്കുന്നുണ്ട് (മത്താ 19:16; 25:46; യോഹ 3:16; 6:27; റോമ 2:7; ഗലാ 6:8; 1 യോഹ 2:25). നിത്യനായ ദൈവത്തെ നിത്യനൂതന വഴികളിലൂടെ നിത്യമായും കണ്ട് ആനന്ദിക്കാനുള്ള ഭാഗ്യമാണ് സ്വര്‍ഗ്ഗവാസികള്‍ക്ക് ലഭിക്കുന്നത്.
സ്വര്‍ഗ്ഗത്തിലായിരിക്കുക എന്നതിന് യേശുവിനോടൊത്ത് ആയിരിക്കുക എന്നാണര്‍ത്ഥം. മനുഷ്യന്‍ ദൈവത്തിലും ദൈവം മനുഷ്യനിലും സമ്പൂര്‍ണ്ണമായി എത്തിച്ചേര്‍ന്നത് യേശുവിലാണ്. യേശുവിന്‍റെ കുരിശിലെ അനുസരണം വഴി ദൈവത്തെ സമ്പൂര്‍ണ്ണമായി മനുഷ്യന്‍ സ്വീകരിച്ചു. അതുപോലെതന്നെ യേശുവിന്‍റെ ഉത്ഥാനത്തിലൂടെ മനുഷ്യനെ സമ്പൂര്‍ണ്ണമായും ദൈവവും സ്വീകരിച്ചു. യേശുവിന്‍റെ മരണോത്ഥാനങ്ങളില്‍ വിശ്വാസം വഴി പങ്കാളിയാകുമ്പോഴാണ് ഒരു വ്യക്തി സ്വര്‍ഗ്ഗഭാഗ്യത്തിന് അര്‍ഹനാകുന്നത്. യേശുവിനോടൊത്ത് ആയിരിക്കുക എന്നതും സ്വര്‍ഗ്ഗത്തിലായിരിക്കുക എന്നതും തുല്യമാണ് (1 തെസ 4:16; ഫിലി 1:23; 2 കോറി 12:8).
ഈ ഭൂമിയില്‍ വിശ്വാസത്തെപ്രതി മനുഷ്യന്‍ സഹിച്ച സകല കഷ്ടതകള്‍ക്കുമുള്ള പരമോന്നതമായ സമ്മാനമായും സ്വര്‍ഗ്ഗത്തെ കാണാനാവും. സ്വര്‍ഗ്ഗത്തെ അനശ്വരമായ കിരീടമായും (1 കോറി 9:24-25), ജീവന്‍റെ കിരീടമായും (യാക്കോ 1:12), വിജയികള്‍ക്കുള്ള നിഗൂഢമന്നയും വെള്ളക്കല്ലുമായും (വെളി 2:17), സിംഹാസനാരോഹണമായും (വെളി 3:21) വി. ഗ്രന്ഥം അവതരിപ്പിക്കുന്നു. ഈ ലോകത്ത് മനുഷ്യന്‍ അനുഭവിക്കേണ്ടിവരുന്ന സകല ത്യാഗങ്ങള്‍ക്കും സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം ലഭിക്കും എന്ന ആശ്വാസകരമായ ആ പ്രത്യാശയുടെ സാക്ഷാത്കരണം കൂടിയാണ് സ്വര്‍ഗ്ഗം.
സകല മനുഷ്യരും ദൈവത്തെ പിതാവായി അംഗീകരിച്ച് സ്നേഹിക്കുമ്പോള്‍ രൂപംകൊള്ളുന്ന വിശ്വസാഹോദര്യത്തിന്‍റെ പുതിയ ആകാശവും പുതിയ ഭൂമിയുമാണ് സ്വര്‍ഗ്ഗം (ഏശ 11:6-9; വെളി 21:1). അവിടെ ദൈവം എല്ലാവര്‍ക്കും എല്ലാമാകുന്നു (1 കോറി 15:24-28).പ്രസാദവരാവസ്ഥയില്‍ മരിച്ച നീതിമാന്മാരുടെ ആത്മാക്കള്‍ തനതുവിധിയിലൂടെ മരണനിമിഷം മുതല്‍ സ്വര്‍ഗ്ഗീയാനന്ദം അനുഭവിച്ചു തുടങ്ങുന്നതായി സഭ പഠിപ്പിക്കുന്നു (Bendictus Deus, LG 49).
heaven hell Mar Joseph Pamplany Eternal Life gehenna eternal punishment in the Bible Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206