x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ സഭാസംബന്ധമായ പൊതുവിഷയങ്ങൾ

സഭയിൽനിന്നും ക്രിസ്തുവിലേയ്ക്ക് വളരുക

Authored by : James kiliyananikkal On 10-Jun-2021

നാം വിശ്വസിച്ചേറ്റുപറയുന്ന മതജീവിതത്തിൽ പ്രകടമാകുന്ന ജീർണതയും അപചയങ്ങളും നമ്മെ അസ്തിത്വത്തിൻറെ നൊമ്പരത്തിലേക്കും ആത്മബോധത്തിൻറെ ശുഷ്കതയിലേക്കും (Identity crisis) തള്ളിവിടാനിടയുണ്ട്. വിശ്വാസികളിൽ പലരും ഇങ്ങനെ ചോദിക്കുന്നു: എന്തിനുവേണ്ടി ക്രിസ്ത്യാനിയായി തുടരണം? എന്തിന് പള്ളിയിൽ പോകണം? എന്തിനു പ്രാർത്ഥിക്കണം? ക്രിസ്തീയത അപകീർത്തിപ്പെടുന്ന ഈ നാളുകളിൽ ക്രിസ്ത്യാനിയായിരിക്കുക എന്നതുതന്നെ അപമാനകരവുമായി വിശ്വാസിക്ക് തോന്നാനിടയുണ്ട്. എങ്ങനെ ഈ പ്രതിസന്ധിയെ മറികടക്കാൻ നമുക്കുകഴിയും? ക്രിസ്തുവിൽ നാം അസ്തിത്വത്തിന് അർത്ഥം കണ്ടെത്തുന്നതിലൂടെയും മതത്തിൻറെ സംഘടനാസംവിധാനങ്ങൾക്കുപരി ക്രിസ്തുവിലേക്ക് മുഖമുയർത്തിക്കൊണ്ട് ക്രിസ്തുവുമായി താദാത്മ്യപ്പെടുത്തുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി തരണം ചെയ്യാൻ നമുക്ക് സാധിക്കുകയുള്ളൂ.

അസ്തിത്വത്തിന് അർത്ഥം ക്രിസ്തുവിൽ കണ്ടെത്തുക അസ്തിത്വവാദ തത്വജ്ഞാനിയായ (existential philosopher) ഹൈഡഗറിൻറെ പഠനം ഇവിടെ പരാമർശിക്കട്ടെ. നാം രൂപീകരിക്കുന്ന അസ്തിത്വ അവബോധങ്ങൾ ഏവയെന്ന് പരിശോധിക്കാം. മറ്റുള്ളവർ നമ്മെക്കുറിച്ച് പറയുന്ന കാര്യങ്ങൾ, അവരുടെ വിലയിരുത്തലുകൾ, ഈ ലോകത്തിൻറെ സമ്പത്ത്, അധികാരം, ജനപ്രീതി, സുഖഭോഗങ്ങൾ ഇവയെയൊക്കെ ആശ്രയിച്ച് നാം വളർത്തിയെടുക്കുന്ന അസ്തിത്വബോധമാണ് നമുക്ക് ഉള്ളതെങ്കിൽ അത് അയഥാർത്ഥ അസ്തിത്വബോധമായിരിക്കും (inauthentic existence). കാരണം അവയ്ക്കൊന്നിനും നമ്മുടെ അസ്തിത്വത്തിന് അർത്ഥം പകരാൻ കഴിയുകയില്ല. അവയിൽ ഉറപ്പിക്കപ്പെട്ടു പണിതുയർത്തുന്ന അവബോധങ്ങൾ പ്രതിസന്ധിഘട്ടങ്ങളിൽ തകർന്നടിയും. നമ്മുടെ അസ്തിത്വത്തെ പടുത്തുയർത്താൻ ഈ ദൃശ്യപ്രപഞ്ചത്തിലെ യാഥാർത്ഥ്യങ്ങൾക്കാവുകയില്ല. ആയതിനാൽ ഹൈഡഗർ നിർദ്ദേശിക്കുന്നത് യഥാർത്ഥവും പൂർണവുമായ അസ്തിത്വ (authentic existence)അവബോധം രൂപീകരിക്കണമെന്നാണ്. ഇതാകട്ടെ അവനവനിൽ ഉറപ്പിക്കപ്പെട്ട ആത്മബോധമാണ്. ഞാൻ എന്നിൽതന്നെ കണ്ടെത്തുന്ന അസ്തിത്വ പൂർണതയാണ്, എന്നെക്കുറിച്ച് ഞാൻ രൂപീകരിക്കുന്ന അവബോധങ്ങളാണിതിനടിസ്ഥാനം. ആധുനിക മനഃശാസ്ത്രവും ഇതിനെ പിൻതുണയ്ക്കുന്നുണ്ട്.

എന്നാൽ, തത്വശാസ്ത്രത്തിൽനിന്നും ദൈവശാസ്ത്രത്തിലേയ്ക്കു വരുമ്പോൾ നാം മറ്റൊരു ദർശനം അവിടെ കാണുന്നു. ആധുനിക അസ്തിത്വ ദൈവശാസ്ത്രചിന്ത (Existential Theology) നല്കുന്ന ആഹ്വാനം ശ്രദ്ധിക്കുക. ദൈവശാസ്ത്രജ്ഞനായ റുഡോൾഫ് ബുൾട്ട്മാൻ നൽകുന്ന ദർശനം നമുക്കു വെളിച്ചം പകരുന്നതാണ്. അദ്ദേഹത്തിൻറെ വീക്ഷണത്തിൽ ഹൈഡഗർ അവതരിപ്പിക്കുന്ന രണ്ട് അസ്തിത്വാവബോധങ്ങളും (Authentic and Inauthentic existence) യഥാർത്ഥമോ പൂർണമോ അല്ല. മനുഷ്യാസ്തിത്വത്തിൻറെ യഥാർത്ഥവും പൂർണവുമായ അർത്ഥം പകർന്നുനല്കാൻ സൃഷ്ടപ്രപഞ്ചത്തിനോ മറ്റുള്ളവർക്കോ അവനവനുതന്നെയോ കഴിയുകയില്ല. ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലൂടെ മാത്രമേ ഒരു വ്യക്തിക്ക് സ്വത്വബോധം ലഭിക്കുകയുള്ളൂ. ഞാനാരാണെന്നും ഞാൻ എന്തായിരിക്കണമെന്നും എന്നെ പഠിപ്പിക്കാൻ കഴിയുന്ന ഏക വ്യക്തി ക്രിസ്തു മാത്രമാണ്. ക്രിസ്തു എന്ന വ്യക്തിയെ ഞാൻ കണ്ടെത്തുക, അവനെ അനുധാവനം ചെയ്യുക, അവൻറെ ആദർശങ്ങൾ എൻറെ ജീവിതാദർശങ്ങളായിമാറുക, അവനിൽ പടുത്തുയർത്തപ്പെടുക. അങ്ങനെ അവൻറെ പൂർണതയിലേക്കു വളരുക. അതാണ് യഥാർത്ഥ അസ്തിത്വ അവബോധം നേടിയെടുക്കാനുള്ള ഏക മാർഗ്ഗം. ക്രിസ്തുവിനെ കണ്ടെത്തുന്നവൻ അവനവനെത്തന്നെ സാക്ഷാത്കരിക്കുന്നു.

അതുകൊണ്ടാണ് യേശു ഇങ്ങനെ ഉദ്ഘോഷിച്ചത്: "ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എൻറെ അടുക്കൽ വന്ന് കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവൻറെ ഹൃദയത്തിൽനിന്ന് ജീവജലത്തിൻറെ അരുവികൾ ഒഴുകും".(യോഹ 7: 37-38). ദാഹിക്കുന്നവൻറെ ദാഹം ശമിക്കുക മാത്രമല്ല, അനേകരുടെ ദാഹം ശമിപ്പിക്കുവാൻ കഴിയുന്ന അരുവി അവനിൽനിന്ന് നിർഗ്ഗളിക്കാനിടയാകും. ക്രിസ്തുവിനെ യഥാവിധി കണ്ടെത്തിയ എല്ലാ വ്യക്തികളുടെയും ജീവിതാനുഭവമാണിത്. സുവിശേഷങ്ങൾ ഇപ്രകാരമുള്ള അനേക ജീവിതകഥ പങ്കുവയ്ക്കുന്നു. മീൻപിടിത്തത്തിൽ അർത്ഥം കണ്ടെത്തിയ ക്രിസ്തുശിഷ്യർ മിശിഹായെ കണ്ടെത്തിയപ്പോൾ അവയെല്ലാം ഉപേക്ഷിച്ച് അവനെ പിൻചെന്നു. അവർ പിന്നീട് അനേകരുടെ ദാഹം ശമിപ്പിക്കുന്നവരായി മാറി. സമരിയാക്കാരി സ്ത്രീ മിശിഹായെ കണ്ടെത്തിയപ്പോൾ കഴിഞ്ഞകാല ബന്ധങ്ങളെ ഉപേക്ഷിച്ച് ജീവിതത്തിനർത്ഥം കണ്ടെത്തിയവളായി. മത്തായി ചുങ്കസ്ഥലം വിട്ട് മിശിഹായിൽ ജീവിതത്തിനർത്ഥം കണ്ടെത്തി അവിടുത്തെ അനുഗമിച്ചു. സക്കേവൂസ് അസ്തിത്വപൂർണതയെന്നുകരുതി സൂക്ഷിച്ചുവച്ച സമ്പത്ത് ദരിദ്രർക്കു ദാനം ചെയ്ത് ക്രിസ്തുവിനെ സ്വന്തമാക്കി. മഗ്ദലനക്കാരി മറിയം പാപബന്ധങ്ങളും ലോകമോഹങ്ങളും പരിത്യജിച്ച് ക്രിസ്തുശിഷ്യത്വം സ്വീകരിച്ചു. യഥാർത്ഥ അസ്തിത്വബോധത്തിലേക്കുള്ള വളർച്ചയായിരുന്നു ഇവയൊക്കെ.

ഇങ്ങനെ ആരംഭിക്കുന്ന ക്രിസ്തുശിഷ്യരുടെ നിര കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി ക്രിസ്തുവിൽ ജീവിതത്തിന് അർത്ഥം കണ്ടെത്തിയ സാക്ഷ്യജീവിതങ്ങളുടെ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത വലിയഗണം ആളുകളെ ഉൾക്കൊള്ളുന്നതാണ്.
സഭയുടെ ചരിത്രത്തിൽനിന്നും ചില വ്യക്തിത്വങ്ങളെ ഇവിടെ രേഖപ്പെടുത്തുന്നത് ഉചിതമെന്നു കരുതുന്നു. ഭൗമശാസ്ത്രത്തിൽ സ്വർണമെഡൽ നേടിയവനും ലൗകായതിക ജീവിതം നയിച്ചവനുമായിരുന്ന ചെറുപ്പക്കാരൻ വിശുദ്ധ ചാൾസ് ഡി ഫുക്കോൾഡായി മാറി. ഡാൻസു ഹാളിൽനിന്ന് ദൈവസ്വരം കേട്ട് കന്യകാലയത്തിൽ പ്രവേശിച്ച ഹെലൻ വിശുദ്ധ ഫൗസ്റ്റീനയായി മാറി. മദ്യപനും ചൂതുകളിക്കാരനും വഴക്കാളിയുമായിരുന്ന ചെറുപ്പക്കാരൻ വിശുദ്ധ കമില്ലസ് ആയി രൂപാന്തരപ്പെട്ടു. സ്പെയിനിലെ വൈസ്രോയി സ്ഥാനത്തുനിന്നും ജീവിതത്തിൻറെ നശ്വരത ബോധ്യപ്പെട്ട ഫ്രാൻസിസ് സന്യാസം സ്വീകരിച്ചു. അദ്ദേഹം ഈശോസഭയുടെ മൂന്നാമത്ത സുപ്പീരിയർ ജനറാളായ വിശുദ്ധ ഫ്രാൻസീസ് ബോർജിയയായി മാറി. പ്രഗത്ഭ വക്കീലായിരുന്ന വ്യക്തി കോടതി മുറിവിട്ട് ആത്മീയതതേടി വിശുദ്ധ അൽഫോൻസ് ലിഗോരിയായി. അസീസ്സിയിലെ ധനാഢ്യനായ വസ്ത്രവ്യാപാരിയായിരുന്ന പീറ്റർ ബർണാഡിൻറെ മകൻ എല്ലാം ത്യജിച്ച് വിശുദ്ധ ഫ്രാൻസീസ് അസീസ്സിയായി പുനരവതരിച്ചു. പാരീസ് സർവ്വകലാശാലയിലെ പ്രശസ്ത അദ്ധ്യാപകൻ ജോലി ഉപേക്ഷിച്ച് ആത്മാക്കളെ തേടിയിറങ്ങിയ വിശുദ്ധ ഫ്രാൻസീസ് സേവ്യറായി മാറി. പ്രഭുകുടുംബം വിട്ട്, യുദ്ധരംഗത്തുനിന്ന് ക്രിസ്തുവിൻറെ സ്നേഹസാക്ഷിയായി മാറി വിശുദ്ധ ഇഗ്നേഷ്യസ് ലയോള. ഒരു കഴുതപ്പുറത്ത് അത്യാവശ്യ സാധനങ്ങൾ മാത്രം വച്ചുകെട്ടി സ്വരാജ്യമായ ഇറ്റലിയിൽ നിന്ന് ഫ്രാൻസിലെത്തി വിശുദ്ധ ജീവിതം നയിച്ചു ആൻസലെം. പ്രഭുഭവനത്തിൽ സ്വന്തം മുറിയിൽ പൂട്ടിയിടപ്പെട്ടവൻ ജനാലയിലൂടെ രക്ഷപ്പെട്ട് സന്യാസത്തിലേക്ക് ചുവടുവച്ചു. അവനാണ് വിശുദ്ധ തോമസ് അക്വീനാസ്. വിയന്നായിൽ നിന്ന് ആയിരം മൈൽ ദൂരം കാൽനടയായി യാത്രചെയ്ത് റോമിലെത്തി ഈശോ സഭയിൽ ചേർന്നു വിശുദ്ധ സ്തനിസ്ലാവോസ് കോസ്കോ. പാപകരമായ ജീവിതത്തിൽ നിന്ന് വിശ്വാസ വെളിച്ചം സ്വീകരിച്ച് ധന്യതപുൽകി വിശുദ്ധ അഗസ്റ്റിൻ. ഇവരെല്ലാം ക്രിസ്തുവിനെ കണ്ടുമുട്ടുകവഴി ജീവിതത്തിനർത്ഥം കണ്ടെത്തിയവരുടെ വലിയ ഗണത്തിൽപ്പെടുന്നവരാണ്. ഒരിക്കൽ തങ്ങൾ ആശ്രയിച്ചിരുന്ന ജീവിതപ്രമാണങ്ങളെ ഉഛിഷ്ടംപോലെ ഉപേക്ഷിച്ച് യേശുക്രിസ്തുവിനെ സ്വന്തമാക്കിയവരാണിവർ. വയലിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തിയവരാണിവർ. ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറമേൽ ഭവനം പണിത വിവേകികളാണിവർ.

സത്യമിതാണ്: ലോകം ഒരിക്കലും നമ്മെ തൃപ്തിപ്പെടുത്തുകയില്ല. അസ്തിത്വത്തെ സമഗ്രതയിലെത്തിക്കാൻ ഭൗമികമായവയ്ക്കൊന്നും കഴിയുകയില്ല. സമ്പത്ത്, അധികാരം, സുഖഭോഗങ്ങൾ, ജനപ്രീതി, തൊഴിൽ, സംഘടനാ പ്രവർത്തനങ്ങൾ, ഇങ്ങനെയുള്ളവകൊണ്ട് അസ്തിത്വത്തിൻറെ ശ്യൂന്യത നിറയ്ക്കാൻ കഴിയുമെന്ന് മനുഷ്യൻ തെറ്റിദ്ധരിക്കുന്നു. ലോകം അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. പാപത്താൽ പ്രപഞ്ചോന്മുഖനായിത്തീർന്ന മനുഷ്യനിൽ വന്ന മാറ്റമാണിത്.

മനുഷ്യൻ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാലും, യേശുക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെട്ടിരിക്കുന്നതിനാലും, മനുഷ്യൻറെ അന്ത്യം ദൈവത്തെ പ്രാപിക്കുക എന്നതായിരിക്കുന്നതിനാലും, നിത്യവും പൂർണമായവയ്ക്കായുള്ള ആന്തരിക ദാഹം അവനിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നതിനാലും, മനുഷ്യന് അസ്തിത്വത്തിനർത്ഥം കണ്ടെത്താൻ കഴിയുന്നത് ദൈവത്തിൽ മാത്രമാണ്. യുവജന മതബോധനഗ്രന്ഥം പഠിപ്പിക്കുന്നതുപോലെ "മനുഷ്യൻ ദൈവത്തിൽ നിന്നു വന്നവനും ദൈവത്തിലേക്ക് പോകുന്നവനുമാണ്." ആധുനിക കത്തോലിക്കാ ദൈവശാസ്ത്രത്തിൻറെ പിതാവായ കാൾ റാഹ്നർ അവതരിപ്പിക്കുന്ന മനുഷ്യദർശനവും ഇതുതന്നെ (Transcendental Anthropology). മനുഷ്യൻ സ്വഭാവത്താൽത്തന്നെ ദൈവോന്മുഖനാണ്. അവൻ ദൈവത്തിലേയ്ക്ക് തിരിഞ്ഞിരിക്കുന്നവനാണ്. മനുഷ്യൻറെ ഈ ദൈവാന്വേഷണത്തിന് ദൈവം നല്കിയ ഉത്തരമാണ് ക്രിസ്തു. ദൈവത്തെ പ്രാപിക്കാനുള്ള സുനിശ്ചിതമായ സാധ്യതയാണ് ക്രിസ്തു. കാരണം അവിടുന്നാണ് മനുഷ്യനായി അവതരിച്ച ദൈവപുത്രൻ. അവനാണ് വഴിയും സത്യവും ജീവനും.

 ക്രിസ്തുവിനെ കണ്ടെത്തിയവർ ലോകത്തിൻറെ വ്യർത്ഥത ഗ്രഹിക്കും. കടന്നുപോകുന്നവയും താല്കാലികങ്ങളുമായവയിൽ അവർ അർത്ഥം തേടില്ല. അവയെ വാരിപ്പുണരില്ല. ക്രിസ്തുവിനുവേണ്ടി, അവിടുത്തെ സുവിശേഷത്തിനുവേണ്ടി ഒരു തിരഞ്ഞെടുപ്പ് നടത്താൻ അവൻ നിർബന്ധിതനാകുന്നു. അങ്ങനെ സ്വന്തമായവയെല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിനെ സ്വന്തമാക്കുന്നു. ക്രിസ്തുവിനെ കണ്ടെത്തിയവൻ അവനവൻറെതന്നെ അസ്തിത്വ പൂർണതയാണ് നേടിയെടുക്കുന്നത്. അതാണ് യഥാർത്ഥ അസ്തിത്വ പൂർണത (Authentic Existence). ഏതെങ്കിലും മതത്തിൻറെ, ക്രൈസ്തവമതത്തിൻറെ പോലും, ആചാരാനുഷ്ഠാനങ്ങളോ ആഘോഷങ്ങളോ പാരമ്പര്യങ്ങളോ വിശ്വാസസംഹിതകളോ നമ്മെ പൂർണരാക്കുന്നില്ല. ക്രിസ്തു എന്ന വ്യക്തിയിലാണ് നാം അസ്തിത്വ പൂർണത കണ്ടെത്തേണ്ടത്.  സഭയ്ക്ക് ക്രിസ്തുവിനെ നല്കാൻ കഴിയണമെങ്കിൽ സഭയുടെ മതാത്മകതയും ആത്മീയതയും ധാർമ്മികതയും ക്രിസ്തുവിൽ ഉറപ്പിക്കപ്പെട്ടതായിരിക്കണം. ക്രിസ്തുവിനെ പ്രകാശിതമാക്കുന്നില്ലായെങ്കിൽ സഭയുടെ ആത്മീയതയും മതാത്മകതയും ധാർമ്മികതയും അവളെ ഒരു വൈരുദ്ധ്യമായി അവതരിപ്പിക്കുകയാകും ചെയ്യുന്നത്.

ക്രിസ്തുമതത്തിൽ നിന്ന് ക്രിസ്തുവിലേക്ക് വളരുക

പിതാക്കന്മാർ ധ്യാനിച്ചതും പഠിപ്പിച്ചതും സത്യംതന്നെ: ക്രിസ്തു നമുക്ക് സഭയെ നല്കി. ഇന്ന് സഭ ക്രിസ്തുവിനെ നല്കുന്നു. എന്നാൽ ക്രിസ്തു നമുക്ക് സഭയെ നല്കിയതും, സഭ ഇന്ന് നമുക്ക് ക്രിസ്തുവിനെ നല്കുന്നതും നാം സഭയിലേക്ക് എന്നതിനേക്കാൾ ക്രിസ്തുവിലേക്ക് മുഖമുയർത്താനും സഭയിലൂടെ ക്രിസ്തുവിനെ സ്വന്തമാക്കാനുമാണല്ലോ. സഭ ഒരു മതത്തിൻറെ രൂപഭാവം സ്വീകരിക്കുമ്പോൾ സഭയിൽനിന്നും ക്രിസ്തുവിലേക്ക് വളരാൻ ക്രിസ്തുശിഷ്യന് കഴിയണം. ഇതു സംഭവിക്കുന്നില്ലായെങ്കിൽ അസ്തിത്വദുഃഖവും ഐഡൻറിറ്റി ക്രൈസിസും ഉണ്ടാവുക സ്വാഭാവികമാണ്. സഭയുടെ മാനുഷിക ഘടകങ്ങളിലോ സഭാ നേതൃത്വത്തിലോ അടിസ്ഥാനമിട്ടുകൊണ്ടായിരിക്കരുത് നമ്മുടെ അസ്തിത്വബോധം നാം പടുത്തുയർത്തേണ്ടത്. അത് ക്രിസ്തുവിൽ മാത്രമായിരിക്കണം അടിസ്ഥാനം കാണേണ്ടത്. സത്യസന്ധമായ മറ്റൊരു വസ്തുതകൂടി ഇവിടെ തെളിയിക്കപ്പടുന്നു.

 'എല്ലാ മതങ്ങളിലും രക്ഷയുണ്ട്, 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നീ പ്രസ്താവനകൾ ആപേക്ഷികങ്ങളും അപൂർണങ്ങളുമാണ്. ഒരു മതത്തിലും രക്ഷയില്ല' എന്നതല്ലേ സത്യസന്ധമായ വസ്തുത? ക്രിസ്തു എന്ന വ്യക്തിയിൽ മാത്രമാണ് രക്ഷ. ക്രിസ്തുവിനെ അവതരിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ ക്രിസ്തുമതം പോലും കാപട്യവും ശിക്ഷാവിധിക്ക് അർഹവുമായിത്തീരുന്നു. ഇതാണ് സഭ നേരിടുന്ന ദുരന്തം.

ക്രിസ്തുവിനെ കണ്ടെത്തുകയും അവനിൽ അസ്തിത്വബോധം ഉറപ്പിക്കുകയും ചെയ്ത് യഥാർത്ഥ അസ്തിത്വബോധം (Authentic Existence) നേടിയെടുത്തവരുടെ കൂട്ടായ്മയായിരിക്കണം സഭ. ഇതിൽ നിന്നുള്ള വ്യതിചലനമാണ് സഭ ഇന്നനുഭവിക്കുന്ന ആന്തരിക സംഘർഷം. ക്രിസ്തുവല്ലാത്തതും ലോകത്തിൻറേതുമായ അനേക കാര്യങ്ങൾ സഭയെ വശീകരിച്ചുകഴിഞ്ഞിരിക്കുന്നു. ഇത് സഭയുടെ നിലനില്പിന് എതിരായ വസ്തുതയാണ്. ഈ കാലഘട്ടത്തിൻറെ ചുവരെഴുത്തുകൾ നമ്മോടുവിളിച്ചുപറയുന്നു, നമുക്കു ചുറ്റുമുള്ളവരിലേയ്ക്ക് നോക്കാതെ ക്രിസ്തുവിലേയ്ക്ക് നോക്കി അസ്തിത്വത്തിന് അർത്ഥം കണ്ടെത്തണമെന്ന്. നാം നോക്കേണ്ടത് സഭാശുശ്രൂഷകരിലേക്കല്ല, ക്രിസ്തുവിലേയ്ക്കും അവിടുത്തെ സുവിശേഷത്തിലേയ്ക്കുമാണെന്ന് സഭാശുശ്രൂഷകരുടെ വീഴ്ചകൾ വിളിച്ചറിയിക്കുന്നു. അങ്ങനെയെങ്കിൽ സഭാനേതൃത്വത്തിൻറെ വീഴ്ചകൾപോലും നമ്മെ യഥാർത്ഥ അസ്തിത്വബോധം ക്രിസ്തുവിൽ കണ്ടെത്താൻ ക്ഷണിക്കുന്നു എന്ന് കരുതാവുന്നതാണ്.

"സഭ ക്രിസ്തുവിൻറെ മണവാട്ടിയാണ് ",സഭ ക്രിസ്തുവിൻറെ തുടർച്ചയാണ്, എന്നെല്ലാം പറയുമ്പോഴും സഭയും ക്രിസ്തുവും ഒന്നല്ല എന്ന സത്യവും നാം ബോധ്യപ്പെടണം. ക്രിസ്തുവിനെ ആരാധിക്കുന്നതുപോലെ സഭ ആരാധനാവിഷയമല്ലെന്നും തിരിച്ചറിയുക. സഭ മിശിഹായുടെ കൂദാശയാണ്. കൂദാശകൾ അടയാളങ്ങളാണ്. യാഥാർത്ഥ്യം ക്രിസ്തുവാണ്. അടയാളങ്ങൾ നല്കപ്പെട്ടത് യാഥാർത്ഥ്യത്തിലേയ്ക്ക് എത്താൻ വേണ്ടിയാണ്. സഭയിലൂടെ മിശിഹായിലേയ്ക്ക് എത്താൻ നമുക്കു കഴിയണം. മിശിഹായുടെതല്ലാതെ സഭയിലുള്ളതെല്ലാം, ദൈവഹിതത്തിനു വിരുദ്ധമായി സഭയിലുള്ളതെല്ലാം, തകർന്നടിയുക എന്നത് ദൈവപദ്ധതിയാണ്. അതു സംഭവിക്കുന്നതു കാണുമ്പോൾ വിശ്വാസികൾ സഭയെ വെറുക്കുകയോ ഉപേക്ഷിക്കുകയോ അല്ല ചെയ്യേണ്ടത്, ക്രിസ്തുവിൽ ദൃഷ്ടിയുറപ്പിക്കുകയാണ് വേണ്ടത്. സഭയിൽനിന്നും ദൃഷ്ടികൾ ക്രിസ്തുവിലേയ്ക്ക് ഉയർത്തുന്നത് നമ്മുടെ വളർച്ചയാണ്. അതിന് സഹായകരമാണ് ഈ ശുദ്ധീകരണം. സഭാ ശുശ്രൂഷകരുടെ തകർച്ചകളോർത്ത് നാം കരയണം, കണ്ണീരോടെ പ്രാർത്ഥിക്കണം. എന്നാൽ മിശിഹാ തൻറെ സഭയെ നിർദാക്ഷിണ്യം ശുദ്ധീകരിക്കുന്നതോർത്ത് ദൈവത്തിനു നന്ദിപറയാനും അവിടുത്തെ പദ്ധതികളെ പ്രകീർത്തിക്കാനും കഴിയണം. ജറുസലെം ദേവാലയത്തിൽ നിന്ന് ദൈവഹിതമല്ലാത്തവയെല്ലാം നീക്കിക്കളയാൻ നിർദാക്ഷിണ്യം ഇടപെട്ട മിശിഹാ തൻറെ യഥാർത്ഥ ആലയമായ സഭയിൽ നിന്നും ദൈവഹിതമല്ലാത്തവയെല്ലാം നീക്കിക്കളയുന്നതു കാണുമ്പോൾ നാം അത് സഭയുടെ തകർച്ചയാണെന്നു കരുതരുത്, മിശിഹാ സഭയെ വിശുദ്ധീകരിക്കുകയാണു ചെയ്യുന്നത് എന്ന് ബോധ്യപ്പെടുക. ഇത് സഭയെ കൈവെടിയാനല്ല, സ്വന്തമാക്കാനാണ്.

സഭയ്ക്ക് ഒരു മാധ്യസ്ഥ്യവിളിയും ദൗത്യവുമുണ്ട്. ലോകത്തിനുവേണ്ടി നിരന്തരം അപേക്ഷകളും യാചനകളും സമർപ്പിക്കാനും ലോകത്തിൻറെ പാപങ്ങൾക്ക് പരിഹാരമായി കണ്ണീരോടും വിലാപത്തോടും കൂടി ബലിജീവിതം നയിക്കാനും വിളിക്കപ്പെട്ടവളാണ് സഭ. ലോകത്തിൻറെ മേൽ വന്നു ഭവിക്കാവുന്ന ശിക്ഷകൾ തടയാൻ തൻറെ മധ്യസ്ഥതയിലൂടെ സഭയ്ക്ക് കഴിയും. എന്നാൽ സഭയുടെ ജീർണത അവൾക്കും ലോകത്തിനും ദൈവശിക്ഷ ക്ഷണിച്ചുവരുത്തുമെന്നത് ഭീതിയോടെ നാം കാണണം. ആകയാൽ ലോകത്തെ വിശുദ്ധീകരിക്കാൻ വിളിക്കപ്പെട്ട സഭയിൽ, വിശുദ്ധസ്ഥലത്ത്, വിനാശത്തിൻറെ അശുദ്ധലക്ഷണം കടന്നുകയറിയിട്ടുണ്ടോ എന്ന് നിരന്തരമായ ആത്മപരിശോധന നാം നടത്തേണ്ടതുണ്ട്.

അതോടൊപ്പം ശ്രദ്ധവെക്കേണ്ട മറ്റൊരു മേഖല കൂടിയുണ്ട്. സഭ എന്നും ദൈവസ്വരം കേട്ട് അതു ലോകത്തെ അറിയിക്കാൻ വിളിക്കപ്പെട്ടവളാണ്. സഭാശുശ്രൂഷകർ ദൈവജനത്തെയും ലോകത്തെയും അറിയിക്കേണ്ടത് ദൈവഹിതം മാത്രമാണ്. തങ്ങളുടെ സ്വാർത്ഥതാല്പര്യങ്ങളുടെ ആജ്ഞാനുവർത്തികളായി അവർ അജഗണത്തെ കാണാനിടയാകരുത്. ഈ ദൗത്യം വേണ്ടവിധം നിർവഹിക്കണമെങ്കിൽ സഭാശുശ്രൂഷകർ ദൈവികജ്ഞാനത്തിൽ നിറഞ്ഞ് മിശിഹായോട് വിശ്വസ്തരായിരുന്ന് നിരന്തരം പ്രാർത്ഥനയിലും വിശുദ്ധിയിലും വ്യാപരിക്കേണ്ടതുണ്ട്.

നമ്മുടെ ഐഡൻറിറ്റി ക്രൈസിസ്സ് രൂപപ്പെടുന്ന രണ്ടാമത്തെ മേഖല നാം ആയിരിക്കുന്ന അവസ്ഥയും ആയിരിക്കേണ്ട അവസ്ഥയും തമ്മിലുള്ള അന്തരമാണ്. മറ്റൊരു ക്രിസ്തുവാകാൻ വിളിക്കപ്പെട്ട നാം അതായിത്തീർന്നിരുന്നെങ്കിൽ ലോകം മുഴുവൻ കല്ലെറിയുമ്പോഴും ക്രിസ്ത്യാനിയായിരിക്കുന്നതിൽ അഭിമാനിക്കുമായിരുന്നു. നമുക്കു ചുറ്റുമുള്ളവരിൽ നിന്ന് നാം ഏല്ക്കുന്ന പീഡനങ്ങളും പരിഹാസങ്ങളും എത്ര ദുസ്സഹമെന്നു തോന്നിയാലും നമ്മെ അത് തകർക്കുകയില്ല. ക്രിസ്തുശിഷ്യൻ അഭിമാനിക്കേണ്ടത് കുരിശിലാണ്. അവൻറെ അഭിമാനവിഷയങ്ങൾ മാറുന്നിടത്ത് അവൻറെ ഐഡൻറിറ്റി ചോദ്യം ചെയ്യപ്പെടുന്നു. സഭാശുശ്രൂഷകരുടെ അഭിമാനവിഷയങ്ങൾ ക്രൂശിതനായ ക്രിസ്തുവല്ലാതെ മറ്റെന്തെങ്കിലുമായാൽ സഭയുടെ മുഖം വികൃതമാവുന്നു. ക്രിസ്തുമതമല്ല ക്രിസ്തു എന്ന വ്യക്തിയായിരിക്കണം നമ്മുടെ ഐഡൻറിറ്റിയുടെ അടിസ്ഥാനശില.

ക്രിസ്തുവിനെ കണ്ടെത്തിയവൻ അതിൽ അഭിമാനിതനാകുന്നു. സാവൂളിൽ നിന്ന് പൗലോസിലേക്കുള്ളവളർച്ചയാണിത്. എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ് എന്ന് പൗലോസിനെപ്പോലെ പ്രഖ്യാപിക്കാൻ എനിക്കു കഴിയും. ലോകത്തിൽ ലാഭമായി ഉണ്ടായിരുന്നതെല്ലാം ക്രിസ്തുവിനെ പ്രതി നഷ്ടമായി കണക്കാക്കാനുള്ള ദർശനം സിദ്ധിക്കലാണിത്. ക്രിസ്തുവിനെപ്രതി സകലതും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടം പോലെ കരുതുകയും ചെയ്യാനുള്ള പക്വതയാണിത്. യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു എന്നഅവബോധം ആർജിക്കലാണിത്. അപ്പോഴാണ് ഒരുവൻ യഥാർത്ഥ സ്വത്വബോധം നേടിയെടുക്കുന്നത്.അഗ്നിയിലേക്കും തിളച്ച എണ്ണയിലേക്കും വലിച്ചെറിയാൻ വിധിക്കപ്പെട്ടപ്പോൾ ക്രിസ്തുശിഷ്യൻ അസ്തിത്വ ദുഃഖത്തിലായിരുന്നില്ല. കൊളോസിയത്തിൽ വന്യ മൃഗങ്ങൾക്ക് ഭക്ഷണമായി എറിയപ്പെട്ടപ്പോൾ ക്രിസ്ത്യാനി സ്വയം പഴിച്ചില്ല. താൻ ക്രിസ്തുശിഷ്യനാണെന്ന അവബോധം അവന് അഭിമാനമായിരുന്നു. കുരിശിൽ കെട്ടിത്തൂക്കി ഉയർത്തി നിർത്തിയപ്പോൾ ക്രിസ്ത്യാനി ലജ്ജിച്ചില്ല, അവന് ഐഡൻറിറ്റി ക്രൈസിസ്സ് അനുഭവപ്പെട്ടില്ല. അവൻ ദൈവസ്തുതി പാടുകയാണുണ്ടായത്. ആദിമസഭയിൽ റോമാസാമ്രാജ്യത്തിലും പേർഷ്യയിലും പിന്നീട് ജപ്പാനിലും ചൈനയിലും വിയറ്റ്നാമിലും കൊറിയയിലും ഈ ആധുനിക യുഗത്തിൽ സിറിയയിലും ഇറാക്കിലും ലോകത്തിൻറെ ഇതരഭാഗങ്ങളിലും ലക്ഷോപലക്ഷം ക്രിസ്തു ശിഷ്യർ വിശ്വാസത്തെപ്രതി വേട്ടയാടപ്പെട്ടപ്പോൾ അവർക്ക് തങ്ങൾ ക്രിസ്ത്യാനികളാണ് എന്നത് അഭിമാനവിഷയം തന്നെയായിരുന്നു. ഇപ്രകാരം ഒരു അഭിമാനത്തിലേക്ക് കേരളസഭ ഉയരണമെങ്കിൽ ക്രിസ്തുവല്ലാത്ത എല്ലാ അഭിമാനവിഷയങ്ങളും ത്യജിക്കാൻ ഇടവരുന്ന സംഘർഷങ്ങളിലൂടെ സഭ കടന്നുപോകേണ്ടതുണ്ട്. വ്യർത്ഥാഭിമാനങ്ങൾ തകർന്നടിയാനും യഥാർത്ഥ അഭിമാനം ക്രിസ്തുവിൽ രൂപപ്പെടാനും ശുദ്ധീകരണത്തിൻറെ ഈ ക്ഷാളനം സഹായിക്കുമെന്ന് തീർച്ച.

ഒരു വസ്തുതകൂടി കുറിക്കട്ടെ. ഇവിടെ വെല്ലുവിളിക്കപ്പെടുന്നത് ക്രിസ്തീയതയല്ല, ക്രിസ്തീയതയുടെ വ്യതിചലനങ്ങളാണ്. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് ക്രിസ്തുവിൻറെ പ്രബോധനമല്ല, ആ പ്രബോധനം യഥാവിധി ജീവിക്കായ്കയാണ്. ഇവിടെ പരിഹസിക്കപ്പെടുന്നത് ക്രിസ്തു ശിഷ്യത്വമല്ല, ക്രിസ്തു ശിഷ്യത്വത്തിലെ ജീർണതയാണ്. ഈ തിരിച്ചറിവ് ക്രിസ്തുവിനോട് അനുരൂപപ്പെടാൻ സഭയ്ക്ക് ഇടയാക്കുമെങ്കിൽ ദൈവം അനുവദിക്കുന്ന ഈ ക്ഷാളനം നമ്മെ ശുദ്ധീകരിക്കുകതന്നെ ചെയ്യും. ഈ തിരിച്ചറിവ് ഓരോ ക്രിസ്തുശിഷ്യനും ഉണ്ടാകുമെങ്കിൽ കൂടുതൽ വിശ്വസ്തതയോടെ ക്രിസ്തുവിനെ അനുധാവനം ചെയ്യാൻ തയാറാവുകയും ലോകം ഉയർത്തുന്ന വെല്ലുവിളികൾക്ക് തൻറെ ജീവിതംകൊണ്ട് ഉത്തരം നല്കാൻ ഇടയാവുകയും ചെയ്യും. സുവിശേഷ മൂല്യങ്ങളിൽ ഉറപ്പിക്കപ്പെട്ട ജീവിതം നയിക്കുക എന്നതാണ് സഭയ്ക്ക് അസ്തിത്വബോധത്തിൽ വളരാനുള്ള ഏകമാർഗ്ഗം.

church growth christ James kiliyananikkal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message