x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ മത ശാസ്ത്ര സംവാദം

ദൈവകണം

Authored by : Dr. Augustin Pamplany On 10-Sep-2020

കണികാപരീക്ഷണം നടക്കുന്ന ബേണിലേ ഭൂഗര്‍ഭ ലാബില്‍നിന്ന് 2012 ജൂലൈ നാലാം തിയതി ഹിഗ്സ് ബോസോണ്‍ എന്ന "ദൈവകണ" ത്തെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ അറിയിക്കുകയുണ്ടായി. ഇതോടെ പദാര്‍ത്ഥങ്ങളുടെ ഉത്ഭവ കാരണം ശാസ്ത്രീയമായി കണ്ടെത്തിയതായും ഇനിമേല്‍ പദാര്‍ത്ഥങ്ങളുടെ സ്രഷ്ടാവായി ദൈവത്തെ സങ്കല്പിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നുമുള്ള വാദഗതികള്‍ പല യുക്തിവാദികളും ഉന്നയിക്കുകയുണ്ടായി. കേരളത്തിലെ പല ബുദ്ധിജീവികളും ദൈവനിഷേധത്തിനുള്ള ഏറ്റവും സജീവമായ തെളിവായി ദൈവകണത്തിന്‍റെ കണ്ടെത്തലിനെ അവതരിപ്പിച്ചു. എന്നാല്‍ ദൈവകണത്തിന്‍റെ നിജസ്ഥിതി എന്താണെന്നു മനസ്സിലാക്കാതെയാണ് ഈ ബുദ്ധിജീവികള്‍ ദൈവനിഷേധത്തിനു മുതിര്‍ന്നത് എന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ മനസ്സിലാകും.

1. പദാര്‍ത്ഥങ്ങള്‍ തന്മാത്രകളാലും തന്മാത്രകള്‍ ആറ്റങ്ങളാലും നിര്‍മ്മിതമാണ്. ആറ്റങ്ങളാകട്ടെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ഇലക്ട്രോണുകളുടെയും സമാഹാരമാണ്. ഈ മൂലകണങ്ങള്‍പോലും അവയുടെ പ്രാഥമിക കണികകളായ ക്വാര്‍ക്കുകള്‍ ലെപ്റ്റോണുകള്‍ ഗ്ലൂമോണുകള്‍ എന്നിവ ചേര്‍ന്നുണ്ടാകുന്നവയാണ്. എന്നാല്‍ കണികകള്‍ക്ക് ഇപ്രകാരം കൂടിച്ചേരാന്‍ അവയ്ക്ക് പിണ്ഡം എന്ന മൂലഗുണം അനിവാര്യമാണ്. പിണ്ഡം ഇല്ലാത്ത കണികകള്‍ പ്രാഥമിക കണികകളായി നിലകൊള്ളുമ്പോള്‍ ചില കണികകള്‍ പിണ്ഡം ആര്‍ജ്ജിച്ച് കൂടിച്ചേരലുകളിലൂടെ പദാര്‍ത്ഥമായി മാറുന്നു. കണികകള്‍ക്ക് പിണ്ഡം നല്‍കുന്ന ഒരു അടിസ്ഥാന കണിക ഉണ്ടായിരിക്കണം എന്ന നിഗമനത്തിലേക്ക് ശാസ്ത്രജ്ഞന്മാര്‍ എത്തിച്ചേരാന്‍ കാരണമിതാണ്. പിണ്ഡം നല്‍കുന്ന കണികയുമായി സംഗമിക്കുന്ന പ്രാഥമികകണികകള്‍ മാത്രമേ കൂടിച്ചേരലുകളിലൂടെ പദാര്‍ത്ഥമായി മാറുകയുള്ളൂ എന്ന് ശാസ്ത്രജ്ഞര്‍ നിരൂപിച്ചു. ഇപ്രകാരം പ്രാഥമികകണികകള്‍ക്ക് പിണ്ഡം നല്‍കാന്‍ കഴിവുള്ള ഈ കണികകള്‍ "ഹിഗ്സ് ബോസോണ്‍" എന്നു നാമകരണം ചെയ്യപ്പെട്ടു.

2. "ഹിഗ്സ് ബോസോണ്‍" എന്ന പിണ്ഡദായക കണത്തെ "ദൈവകണം" എന്നു വിളിച്ചത് തികച്ചും ആകസ്മികമായിട്ടാണ്. ലിയോണ്‍ ലിന്‍ഡര്‍മാന്‍ എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഹിഗ്സ് ബോസോണിനെക്കുറിച്ചെഴുതിയ പുസ്തകത്തിന്‍റെ പ്രസാധകര്‍ പുസ്തകത്തെ കൂടുതല്‍ ജനകീയവും ശ്രദ്ധാര്‍ഹവുമാക്കാന്‍ ഹിഗ്സ് ബോസോണ്‍ എന്ന സങ്കീര്‍ണ്ണമായ പദത്തെ ദൈവകണം എന്നു പുനര്‍ നാമകരണം ചെയ്തു. സര്‍വ്വവ്യാപിയും എന്നാല്‍ അദൃശ്യവുമായി നിലകൊള്ളുന്ന പിണ്ഡദായകകണത്തിന് ദൈവകണം എന്നു പേരുനല്‍കുന്നത് അര്‍ത്ഥവത്താണെന്ന് പ്രസാധകര്‍ കരുതിയിട്ടുണ്ടാകാം. എന്നാല്‍ ഈ പുനര്‍നാമകരണം പല തെറ്റിദ്ധാരണകള്‍ക്കും ഇട നല്‍കിയിട്ടുണ്ട്. ദൈവം എന്ന പേരില്‍ വിശ്വാസികള്‍ വിളിച്ചിരുന്ന ശക്തിയെ പദാര്‍ത്ഥത്തിനുള്ളിലെ ഒരു കണികയായി ശാസ്ത്രം കണ്ടെത്തി എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും വലിയ അബദ്ധധാരണ. ചില യാഥാസ്ഥിതിക മതവാദികളാകട്ടെ ദൈവാസ്ഥിത്വത്തിനുള്ള ഏറ്റവും ശക്തമായ തെളിവായി ദൈവകണത്തിന്‍റെ കണ്ടെത്തലിനെ അവതരിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇതും അബദ്ധ ധാരണയാണ്.

3. പ്രപഞ്ചത്തിന്‍റെ അവര്‍ണ്ണനീയമായ വിസ്മയ രഹസ്യങ്ങളിലേക്കു വിരല്‍ചൂണ്ടുന്ന സത്യമായി ഹിഗ്സ് ബോസോണിനെ മനസ്സിലാക്കാം. അനന്തവിസ്തൃതമായ ഈ പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ ഇതിലെ ഒരു കണികയെ മനസ്സിലാക്കിയാല്‍ മതി; പ്രപഞ്ചത്തിന്‍റെ നാള്‍വഴിയും ഭാവിയുമറിയാന്‍ പ്രപഞ്ചോല്‍പത്തിയുടെ ആദ്യനിമിഷങ്ങളിലൊന്നിന്‍റെ അനേകായിരം കോടി അംശത്തിലൊന്നുമാത്രം അറിഞ്ഞാല്‍ മതി; എന്നു കണികാ പരീക്ഷകര്‍ സമര്‍ത്ഥിക്കുമ്പോള്‍ സ്ഥൂലം സൂക്ഷ്മത്തിലുണ്ട് (Macrocosm is within the microcosm) എന്ന തത്ത്വം സാക്ഷാത്കരിക്കപ്പെടുകയാണ്. ഈ പ്രപഞ്ചത്തിലെ ഓരോ പരമാണുവിലും സ്രഷ്ടാവിന്‍റെ മനസ്സിലെ വിശ്വം മുഴുവന്‍റെയും സൂക്ഷ്മഘടന ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന തിരിച്ചറിവുതന്നെ ഓരോ പരമാണുവിലുള്ള പരമാത്മാവിന്‍റെ സാന്നിധ്യത്തിനു തെളിവാണ്.

4. ഭൗതീകവാദികള്‍ പദാര്‍ത്ഥത്തിനപ്പുറം പരമാര്‍ത്ഥമില്ല എന്നു വാദിക്കുന്നവരാണ്. എന്നാല്‍ ആധുനിക ശാസ്ത്രത്തിന്‍റെ പദാര്‍ത്ഥദര്‍ശനം ഭൗതീകവാദത്തിന് കനത്ത ആഘാതമാണ് ഏല്പി ക്കുന്നത്. പദാര്‍ത്ഥത്തിന്‍റെ സൂക്ഷ്മാപഗ്രഥനം പദാര്‍ത്ഥത്തിനപ്പുറമുള്ള പരമാര്‍ത്ഥങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നുവെന്നാണ് ആധുനികശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായ വില്യം സ്റ്റേഗറിന്‍റെ നിരീക്ഷണം ചിന്തനീയമാണ്: ഒരുകാലത്ത് അരൂപിയും പദാര്‍ത്ഥവും തമ്മിലുള്ള അന്തരത്തെക്കുറിച്ചാണ് നാം വാചാലമായിരുന്നത്. എന്നാല്‍ ഇനിമേല്‍ ദൈവവും ദൈവമല്ലാത്തവയും തമ്മിലുള്ള അന്തരത്തെക്കുറിച്ചാണ് നാം ചിന്തിച്ചു തുടങ്ങേണ്ടത്.

പദാര്‍ത്ഥാപഗ്രഥനം പരമാര്‍ത്ഥസത്യമായി ദൈവത്തിലേക്കു നയിക്കുമെന്നാണ് ഈ ശാസ്ത്രജ്ഞന്‍റെ വാദം. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഭൗതികവാദിക്ക് ഇനിമേല്‍ ദൈവനിഷേധിയാകാനാവില്ല. കാരണം പദാര്‍ത്ഥംതന്നെ ദൈവികതയ്ക്കു തെളിവായി പരിണമിക്കുകയാണ്. ഓസ്ട്രിയന്‍ ഭൗതിക ശാസ്ത്രജ്ഞനായ പോള്‍ ഡേവീഡിന്‍റെ വാക്കുകള്‍ ഈ സത്യം കൂടുതല്‍ സ്പഷ്ടമാക്കുന്നുണ്ട്. "ദൈവത്തിലേക്കുള്ള സുനിശ്ചിതമായ പാത പ്രദാനം ചെയ്യാന്‍ ഇന്ന് മതത്തേക്കാളും പര്യാപ്തമായിരിക്കുന്നത് ശാസ്ത്രമാണ്." പഴയകാല ശാസ്ത്രത്തിലെ അല്പജ്ഞാനങ്ങളുടെ വെളിച്ചത്തില്‍ ദൈവനിഷേധം നടത്തിയിരുന്ന യുഗം ഇനിയൊരിക്കലും തിരിച്ചുവരാനാകാത്തവിധം അസ്തമിച്ചുപോയി. പ്രപഞ്ചത്തിലെ പരമാണുക്കളെക്കുറിച്ചുള്ള അറിവിന്‍റെ സമഗ്രതയുടെ ചുരുള്‍ നിവരുംതോറും ശാസ്ത്രത്തിന് ദൈവം കൂടുതല്‍ അനിവാര്യനും സ്വീകാര്യനുമായിതീര്‍ന്നുകൊണ്ടിരിക്കുകയാണ്.

5. പ്രപഞ്ചോല്പത്തിയുടെ ആദ്യനിമിഷത്തിന്‍റെ പതിനാറായിരം കോടിയിലധികം അംശം സമയത്തിലാണ് ഹിഗ്സ് ബോസോണുകള്‍ രൂപം കൊണ്ടത് എന്നാണു കണികാപരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. അനാദിയിലെ ശൂന്യതയില്‍ സര്‍ഗ്ഗാത്മകമായ സ്രഷ്ടാവിന്‍റെ കരവിരുതിന്‍റെ സാക്ഷ്യമായി മാത്രമേ ഹിഗ്സ് ബോസോണുകളുടെ ഉത്ഭവത്തെയും വ്യാഖ്യാനിക്കാനാകൂ. പദാര്‍ത്ഥങ്ങള്‍ക്കു പിണ്ഡം നല്‍കുന്ന ഹിഗ്സ് ബോസോണുകള്‍മൂലം രൂപീകൃതമായ പദാര്‍ത്ഥലോകം എന്നത് പ്രപഞ്ചത്തിന്‍റെ കേവലം അഞ്ചുശതമാനം മാത്രമേയുള്ളൂ എന്ന് ശാസ്ത്രം നിരീക്ഷിക്കുന്നുണ്ട്. 25% വരുന്ന തമോദ്രവ്യവും 7% വരുന്ന തമോഊര്‍ജ്ജവും പ്രപഞ്ചഘടനയില്‍ വലിയൊരുപങ്കുള്ള പ്രതിപദാര്‍ത്ഥങ്ങളും ഉള്‍പ്പെടുന്ന പ്രപഞ്ചത്തെക്കുറിച്ച് ശാസ്ത്രലോകത്തിനുള്ള അറിവ് ശൂന്യമാണ്. അതായത് ദൈവകണത്തിന്‍റെ കണ്ടുപിടുത്തത്തോടെ പ്രപഞ്ചരഹസ്യം പൂര്‍ണ്ണമായും ഗ്രഹിക്കാനായി എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. പ്രപഞ്ചത്തിന്‍റെ അനന്തമായ നിഗൂഢതയിലേക്കു ദൃഷ്ടിപായിക്കാനുള്ള കിളിവാതില്‍ മാത്രമാണ് ഈ കണ്ടെത്തല്‍ എന്നു മനസ്സിലാക്കാം.

6. ക്രിസ്തീയ വിശ്വാസത്തിലെ പല നിഗൂഢസത്യങ്ങളെയും ആഴത്തില്‍ മനസ്സിലാക്കാന്‍ ദൈവകണത്തിന്‍റെ കണ്ടെത്തല്‍ സഹായകമായിട്ടുണ്ട്. നീളം, വീതി, ഉയരം, സമയം തുടങ്ങിയ പരമ്പരാഗതമാനങ്ങള്‍ക്കപ്പുറം പദാര്‍ത്ഥത്തിന്‍റെ അനേകമാനങ്ങളിലേക്കാണ് കണികാപരീക്ഷണത്തിലെ കണ്ടെത്തലുകള്‍ വിരല്‍ചൂണ്ടുന്നത്. പദാര്‍ത്ഥത്തിന്‍റെ ഉള്ളറയിലെ കണികാപ്രപഞ്ചം അത്ഭുതാവഹവും അനന്തസാധ്യതകള്‍ പേറുന്നവയുമാണ്. സ്ഥലകാല പരിമിതികളെ അതിലംഘിക്കാനുള്ള കഴിവ് പദാര്‍ത്ഥത്തില്‍തന്നെ സ്രഷ്ടാവ് നിക്ഷേപിച്ചിട്ടുണ്ട് എന്ന ശാസ്ത്രത്തിന്‍റെ കണ്ടെത്തല്‍ നിത്യജീവിതത്തെക്കുറിച്ചുള്ള ക്രൈസ്തവദര്‍ശനത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നുണ്ട്.

വിശുദ്ധര്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ഒരേസമയം കാണപ്പെടുന്നതും (replication) പുനരുത്ഥാനരഹസ്യവും ഈ പശ്ചാത്തലത്തില്‍ വിശദീകരിക്കാനാകും. പദാര്‍ത്ഥത്തിന്‍റെയും അതുവഴി ശരീരത്തിന്‍റെയും അനന്തമായ മരണാനന്തര സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നതാണ് ദൈവകണത്തിന്‍റെ കണ്ടെത്തല്‍. കാരണം സ്ഥലകാല മാനങ്ങള്‍ക്കുപരിയായി പദാര്‍ത്ഥത്തിന് അസ്ഥിത്വമുണ്ട് എന്ന തിരിച്ചറിവാണ് "ദൈവകണം" എന്ന വിഖ്യാത കണ്ടെത്തലിന്‍റെ പ്രായോഗികമാനം.

നൂറ്റാണ്ടുകളായി പ്രവാചകരിലൂടെയും വിശുദ്ധാത്മാക്കളിലൂടെയും കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ തന്‍റെ പുത്രനിലൂടെയും വെളിപ്പെടുത്തിയ നിത്യസത്യങ്ങള്‍ ഇന്ന് ദൈവം ശാസ്ത്രഗവേഷകരിലൂടെ വെളിപ്പെടുത്തുന്നു എന്നതാണ് സത്യം. ആധുനിക ഏശയ്യായും ജറെമിയായും ജീവിക്കുന്നത് ശാസ്ത്രപരീക്ഷണശാലകളിലാണ്. ചരിത്രത്തിന്‍റെ നാള്‍വഴികളില്‍ വച്ച് കലഹിച്ചു പിരിഞ്ഞ ദൈവശാസ്ത്രവും ഭൗതികശാസ്ത്രവും വീണ്ടും കൈകോര്‍ക്കുന്ന സുന്ദരനാളുകളുടെ തുടക്കമായി പുതിയ കണ്ടെത്തലുകളെ മനസ്സിലാക്കാം. ഒരു നാള്‍ സംശയദൃഷ്ടിയോടെ പരസ്പരം വീക്ഷിച്ചിരുന്ന മതവും ശാസ്ത്രവും വീണ്ടും ആലിംഗനബദ്ധരാവുകയാണ്. കഥയറിയാതെ ആട്ടം കാണുന്നവര്‍ക്കു മാത്രമേ ദൈവകണത്തിന്‍റെ കണ്ടെത്തലിനെ ദൈവനിഷേധത്തിന്‍റെ ശാസ്ത്രസാക്ഷ്യമായി മനസ്സിലാക്കാനാകൂ.

(ശാസ്ത്രീയ വസ്തുതകള്‍ക്ക് അവലംബം: ഡോ. അഗസ്റ്റിന്‍ പാംപ്ലാനി, "ദൈവകണവും കണങ്ങളുടെ ദൈവവും") ദൈവകണം

 

god god particle Dr. Augustin Pamplany ദൈവകണം Higgs boson religion and science higgs bosom and God's existence Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message