x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ മത ശാസ്ത്ര സംവാദം

ക്രൈസ്തവര്‍ക്ക് പരിണാമസിദ്ധാന്തം സ്വീകരിക്കാമോ?

Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 04-Feb-2021

സൃഷ്ടിയും പരിണാമവും തമ്മിലുള്ള വൈരുധ്യത്തെക്കുറിച്ചുള്ള വാഗ്വാദം 1859-ല്‍ ചാള്‍സ് ഡാര്‍വിന്‍  (വര്‍ഗ്ഗങ്ങളുടെ ഉത്ഭവം) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചകാലം മുതല്‍ ആരംഭിച്ചതാണ്. ഭൗതികശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും തമ്മിലുള്ള വിവാദങ്ങളുടെ കേന്ദ്രബിന്ദു അന്നുമുതല്‍ പരിണാമ സിദ്ധാന്തമായിരുന്നു. ബൈബിളിലെ സൃഷ്ടിവിവരണം തെറ്റാണ് എന്ന് ഡാര്‍വിന്‍റെ സിദ്ധാന്തം തെളിയിച്ചു എന്ന വിധത്തിലായി തുടര്‍ന്നുള്ള പ്രചരണങ്ങള്‍. എന്നാല്‍ ഡാര്‍വിന്‍ ബൈബിള്‍ വിവരണത്തെയോ ദൈവവിശ്വാസത്തെയോ തെറ്റാണെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല. ജീവനെക്കുറിച്ചുള്ള ശാസ്ത്രത്തിന്‍റെ നാളിതുവരെയുള്ള നിഗമനം; ജീവജാലങ്ങളുടെ വര്‍ഗ്ഗീകരണത്തിന് സ്ഥായീഭാവമുണ്ട് എന്ന നിഗമനം; തെറ്റാണെന്ന് തെളിയിക്കാനാണ് ഡാര്‍വിന്‍ ശ്രമിച്ചത്. മനുഷ്യന് ഒരേ സമയം നല്ല വിശ്വാസിയും പരിണാമവാദിയും ആയിരിക്കാനാകുമെന്ന് ഡാര്‍വിന്‍ വിശ്വസിച്ചിരുന്നു. പരിണാമസിദ്ധാന്തത്തിന്‍റെ ദൈവശാസ്ത്രവസ്തുതകള്‍ പരിശോധിക്കും മുമ്പേ എന്താണ് ഡാര്‍വിന്‍ പരിണാമസിദ്ധാന്തത്തിലൂടെ ലക്ഷ്യമാക്കിയത് എന്ന് ഗ്രഹിക്കേണ്ടതുണ്ട്.

പരിണാമസിദ്ധാന്തങ്ങള്‍ ഡാര്‍വിനുമുമ്പും രൂപമെടുത്തിട്ടുണ്ട്. ബി.സി. 6-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അനക്സിമാണ്ടര്‍ എന്ന തത്വചിന്തകന്‍ കടല്‍ മത്സ്യങ്ങളില്‍നിന്ന് സൂര്യതാപത്തില്‍ ഉയരുന്ന നീരാവിയിലൂടെയാണ് കരയിലെ മനുഷ്യരും മൃഗങ്ങളും രൂപം കൊണ്ടത് എന്നു പഠിപ്പിച്ചിരുന്നു. അന്നുമുതല്‍ ജൈവപരിണാമം എന്ന ആശയം വിവധകാലഘട്ടങ്ങളില്‍ വിവിധരൂപങ്ങളില്‍ നിലനിന്നിരുന്നു. 19-ാം നൂറ്റാണ്ടില്‍ മനുഷ്യന്‍റെ ഉല്‍പത്തിയെക്കുറിച്ച് നിരവധിയായ ഗവേഷണങ്ങള്‍ നടന്നിരുന്നു. 1829-ല്‍ ഫിലിപ്പ് ചാള്‍സ് ഷ്മെര്‍ലിംഗ് എന്ന ശാസ്ത്രജ്ഞന്‍ ബെല്‍ജിയത്തെ എന്‍ഗിസില്‍ നിന്നു കണ്ടെടുത്ത മൂന്നു പുരാതന തലയോടുകളില്‍ നടത്തിയ നിരീക്ഷണങ്ങളാണ് മനുഷ്യന്‍റെ മുന്‍ഗാമികളെക്കുറിച്ചുള്ള നിഗമനത്തിലേക്ക് ആദ്യമായി വെളിച്ചം വീശിയത്. 1856-ല്‍ ജര്‍മനിയിലെ നെയാന്തര്‍താളില്‍നിന്നു കണ്ടെടുത്ത മനുഷ്യഫോസിലുകളില്‍  നടത്തിയ നിരീക്ഷണത്തിലൂടെ ഹെര്‍മന്‍ ഷാഫ്ഹൗസന്‍ എന്ന ശാസ്തജ്ഞന്‍ മനുഷ്യന് മുന്‍ഗാമികളായി ആള്‍ക്കുരങ്ങുകളോടു സാദൃശ്യമുള്ള ജീവികള്‍ ജീവിച്ചിരുന്നതായി സാക്ഷ്യപ്പെടുത്തി. സദൃശമായ നിരവധി പരീക്ഷണ നിരീക്ഷണങ്ങളുടെ നിഗമനങ്ങളെ ക്രോഡീകരിച്ചുകൊണ്ടാണ് ഡാര്‍വിന്‍ തന്‍റെ പരിണാമസിദ്ധാന്തം അവതരിപ്പിക്കുന്നത്. ഈ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനനിഗമനങ്ങള്‍ താഴെപ്പറയുന്നവയാണ്.

1) മൂന്നര ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഏകകോശജീവിയായാണ് ഭൂമിയില്‍ ജീവന്‍ ആരംഭിക്കുന്നത്. ഇന്നു ഭൂമിയിലുള്ള 20 ദശലക്ഷം ജൈവവര്‍ഗ്ഗങ്ങളും ഈ ഏകകോശജീവിയുടെ പരിണാമഫലമായി രൂപം കൊണ്ടതാണ്.

2) പരിണാമത്തിനു കാരണമാകുന്ന ആദ്യഘടകം ജീവികളുടെ പരമ്പരാഗത ജീനുകളില്‍ വരുന്ന മാറ്റമാണ് . ഈ ജനിതക മാറ്റംമൂലം പ്രസ്തുത ജീവിയുടെ തൊലിയുടെ നിറവും ശരീരഘടനയും സാവകാശത്തില്‍ രൂപാന്തരപ്പെടുന്നു. ഇത്തരം ജനിതകമാറ്റം പ്രകൃതിയില്‍ അവിചാരിതമായി എന്നാല്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ്.

3) ജൈവലോകത്തെ നിലനില്പിനു വേണ്ടിയുള്ള സമരത്തില്‍ വിജയിക്കുന്നത് ഏറ്റവും കരുത്തുറ്റവയാണ്.  ഉദാഹരണമായി വരണ്ട ഭൂമിയില്‍ നില്ക്കുന്ന വൃക്ഷങ്ങളില്‍ കരുത്തുള്ളവ വേര് ആഴത്തിലിറക്കി ജലം വലിച്ചെടുക്കുകയും ആഴത്തില്‍ വേരിറക്കാന്‍ കഴിവുള്ള മരങ്ങളുടെ വിത്ത് ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. കലാന്തരത്തില്‍ മറ്റുമരങ്ങള്‍ നശിക്കുകയും ഇത്തരം   വൃക്ഷം ഭൂമിയില്‍ നിറയുകയും ചെയ്യും.

4) ഒരു ജൈവവിഭാഗത്തിലെ ഏതാനും അംഗങ്ങള്‍ പലവര്‍ഷങ്ങളായി തങ്ങളുടെ മുഖ്യ വിഭാഗവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിഞ്ഞാല്‍ അവ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താലും ജനിതകമാറ്റം മൂലവും തികച്ചും ഭിന്നമായ ജൈവവിഭാഗമായി രൂപപ്പെടാം .

5) മനുഷ്യന്‍ വലിയ കുരങ്ങുകളുടെ വര്‍ഗ്ഗത്തില്‍ (ഗറില്ല, ചിമ്പാന്‍സി, ഒറാങ്ങൂട്ടാന്‍) പെടുന്നു. ഈ വിഭാഗത്തില്‍ നിന്ന് 16 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒറാങ്ങൂട്ടാന്‍ വിഭാഗം ഒറ്റപ്പെട്ടുപോയി. 10 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗറില്ലാകളും ഈ വിഭാഗത്തില്‍നിന്ന് ഒറ്റപ്പെട്ടുപോയി. ശേഷിച്ച ചിമ്പാന്‍സി വിഭാഗത്തിനും മനുഷ്യര്‍ക്കും ഒരേ പൂര്‍വ്വികരാണുണ്ടായിരുന്നത്. ചിമ്പാന്‍സിയില്‍ നിന്നും അസ്ട്രലോപിതേക്കസ് എന്ന വിഭാഗം കുരങ്ങുകള്‍ രൂപം കൊണ്ടെന്നും ഇവയ്ക്കു മനുഷ്യനോടു സദൃശ്യമായ ശരീരഘടനയും ബുദ്ധി വികാസവുമുണ്ടായിരുന്നത്രേ. ഇവയില്‍ നിന്ന് കൈകുത്തി നടക്കുന്ന നാല്‍ക്കാലി മനുഷ്യനും , നിവര്‍ന്നു നടക്കുന്ന മനുഷ്യനും  ചിന്തിക്കാന്‍ കഴിവുള്ള ആധുനിക മനുഷ്യനും  പരിണമിച്ചുവന്നു. ചിന്താശേഷിയുള്ള മനുഷ്യന്‍റെ ഉത്ഭവം എഴുപത്തായ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംഭവിച്ചത്. ഇവയുടെ ഫോസിലുകളാണത്രേ ജര്‍മ്മനിയിലെ നെയാന്തര്‍താള്‍ താഴ്വരയില്‍ കണ്ടെത്തിയത്. ആധുനിക മനുഷ്യന്‍ ഉത്ഭവിച്ചത് കേവലം 40000 വര്‍ഷങ്ങള്‍ക്കു മുന്‍പുമാത്രമാണത്രേ.

ഡാര്‍വിന്‍റെ സിദ്ധാന്തത്തിന് തെളിവായി അനേകം ഫോസില്‍ പഠനങ്ങള്‍  അവതരിപ്പിക്കുകയുണ്ടായി. ഉചഅ യുടെ ഘടന പരിശോധിച്ചാല്‍ സകല ജീവജാലങ്ങളുടെയും ഉചഅ നിര്‍മ്മിതമായിരിക്കുന്ന ഘടകങ്ങള്‍ ഒന്നുതന്നെയാണെന്ന് വ്യക്തമാകും ,  മനുഷ്യന് ചിമ്പാന്‍സിയുമായി 98.4% വും എലികളുമായി 75%  പൊരുത്തമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ശാസ്ത്ര ദൃഷ്ടിയിലെ വിലയിരുത്തല്‍

പരിണാമസിദ്ധാന്തത്തെ ശാസ്ത്രലോകമൊന്നാകെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തു എന്നു കരുതരുത്. പരിണാമസിദ്ധാന്തം ശാസ്ത്രീയ അടിസ്ഥാനങ്ങളേക്കാള്‍ സാങ്കല്പിക നിഗമനങ്ങളെയാണ് ആധാരമാക്കുന്നത് എന്ന കാരണത്താലാണ് ശാസ്ത്രലോകം പരിണാമസിദ്ധാന്തത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത്. (1) ജീവികളിലെ പരിണാമത്തിനു കാരണമാകുന്ന ജനിതകമാറ്റം എങ്ങനെ, എപ്പോള്‍ സംഭവിക്കുന്നു എന്നു ശാസ്ത്രീയമായി വിശദീകരിക്കാന്‍ പരിണാമസിദ്ധാന്തത്തിനു കഴിയുന്നില്ല. (2) മൂന്നര ബില്യന്‍  വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവന്‍ എപ്രകാരം ഉത്ഭവിച്ചു എന്നതും പരിണാമസിദ്ധാന്തത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞില്ല. (3) പരിണാമസിദ്ധാന്തത്തിന്‍റെ ഏറ്റവും വലിയ തെളിവായി പറയപ്പെടുന്ന ഫോസിലുകള്‍ വളരെ പരിമിതമായതിനാല്‍ പരിണാമത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ക്ക് ഫോസലുകളിലൂടെ തെളിവു നല്‍കാന്‍ ഡാര്‍വിനു കഴിഞ്ഞില്ല. (4) മനുഷ്യകുലത്തിന്‍റെ ഉത്ഭവം 40000 വര്‍ഷങ്ങള്‍ മാത്രം മുന്‍പാണെന്ന നിഗമനം പൂര്‍ണ്ണമായും തെറ്റാണ്. കാരണം അനേക ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പേ മനുഷ്യന്‍ ഭൂമിയില്‍ വസിച്ചിരുന്നതായി ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. (5) 1987 ല്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി നടത്തിയ ജനിതക പഠനത്തിന്‍റെ വെളിച്ചത്തില്‍ മനുഷ്യകുലം ഉത്ഭവിച്ചത് 200,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയില്‍ ജീവിച്ചിരുന്ന ഏകമാതാവില്‍നിന്നാണ്. 2002 ല്‍   ക്രോമസോമുകളുടെയില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ സ്പെന്‍സര്‍ വെല്‍സ് എന്ന ശാസ്ത്രജ്ഞന്‍ മനുഷ്യോല്പത്തി ആഫ്രിക്കന്‍ പിതാവില്‍നിന്നാണെന്നു കണ്ടെത്തുകയുണ്ടായി. ഈ രണ്ടു ഗവേഷണങ്ങളും മനുഷ്യനു പൂര്‍വ്വികരായി വര്‍ത്തിച്ചത് കുരങ്ങാണ് എന്ന നിഗമനത്തെ നിരാകരിക്കുകയാണു ചെയ്തത്. അതായത് ശാസ്ത്രീയ ഗവേഷണങ്ങള്‍ പരിണാമസിദ്ധാന്തത്തെ സാധൂകരിക്കുന്നില്ല എന്നു വ്യക്തമാണ്. (6) ചിമ്പാന്‍സികള്‍ക്ക് മനുഷ്യനെപ്പോലെ  ഭാഷമനസ്സിലാക്കാനും പ്രതികരിക്കാനുമുള്ള ബുദ്ധിശക്തിയുണ്ടെന്ന് പരിണാമവാദികള്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദം അസ്ഥാനത്താണെന്ന് ഇന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. (7) പുരാതന ഫോസിലുകളില്‍ നിന്നു ലഭിക്കുന്ന വിവരണങ്ങളെ പരിണാമവാദികളായ ഗവേഷകര്‍ തങ്ങളുടെ വ്യക്തി  താല്പര്യങ്ങള്‍ക്കനുസൃതമായി വളച്ചൊടിക്കുകയും തെറ്റായനിഗമനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് എല്‍. തോംപ്സണും മൈക്കിള്‍ ക്രാമോയും ചേര്‍ന്നുനടത്തിയ ഫോസില്‍ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട് 

ശാസ്ത്രംതന്നെ അംഗീകരിക്കാത്ത ഈ സിദ്ധാന്തത്തിന് ഇത്രമേല്‍ പ്രചാരം കിട്ടാന്‍ കാരണം 19-ാം നൂറ്റാണ്ടില്‍ വളര്‍ന്നുവന്ന മതവിരുദ്ധചിന്താധാരയാണ്. സാമ്പത്തികരംഗത്ത് മാര്‍ക്സും മനശാസ്ത്രമേഖലയില്‍ ഫ്രോയിഡും താത്വികമേഖലയില്‍ സാര്‍ത്രും നീഷേയും ഒക്കെ ദൈവനിഷേധം പ്രചരിപ്പിച്ചിരുന്ന കാലത്താണ് പരിണാമസിദ്ധാന്തവും രംഗപ്രവേശം ചെയ്തത്. ക്രിസ്തുമതത്തെ അക്രമിക്കാനുള്ള വടി എന്ന നിലയിലാണ് പലരും പരിണാമസിദ്ധാന്തത്തെ പ്രചരിപ്പിച്ചത്. തത്ഫലമായി അതിന്‍റെ  ശാസ്ത്രീയമായ അടിസ്ഥാന രാഹിത്യവും തെളിവുകളുടെ അഭാവവും വിസ്മരിച്ച് പരിണാമസിദ്ധാന്തത്തിന് പ്രചുരപ്രചാരം നല്‍കാന്‍ പലരും മത്സരിക്കുകയായിരുന്നു.

For Christians Can the theory of evolution be accepted? Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu catholic malayalam theory of origin Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message