x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റിന്‍റെ വിശ്വാസ ഭ്രംശങ്ങള്‍

Authored by : Mar Joseph Pamplany On 17-Oct-2020

എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റിന്‍റെ വിശ്വാസ ഭ്രംശങ്ങള്‍

പേരു സൂചിപ്പിക്കുന്നതുപോലെ എംപററ് എമ്മാനുവല്‍ ട്രസ്റ്റ് ഒരു സഭയോ വിശ്വാസ സമൂഹമോ അല്ല. മറിച്ച്, ട്രസ്റ്റ് ആണ്. "ട്രസ്റ്റ്" എന്ന പദത്തിന് വിഖ്യാതമായ നിഘണ്ടുക്കള്‍ നല്‍കുന്ന നിര്‍വ്വചനം ശ്രദ്ധിക്കുക: "ഗുണഭോക്താക്കളുടെ ഉപയോഗത്തിനായി സ്വന്തം സമ്പത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം ഏതെങ്കിലുമൊരു വ്യക്തിയെ (Trustee) ചുമതലപ്പെടുത്തുന്ന നൈയാമിക വ്യവസ്ഥയ്ക്കാണ് ട്രസ്റ്റ് എന്നുപറയുന്നത്." ഇത്തരം ട്രസ്റ്റുകള്‍ക്ക് സര്‍ക്കാരില്‍നിന്ന് നികുതി ആനുകൂല്യങ്ങളും ലഭ്യമാണ്. എമ്മാനുവല്‍ എംപററിലുള്ള വിശ്വാസം സാമ്പത്തിക മേഖലയെ ലാക്കാക്കിയാണെന്ന് ഈ പേരുതന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഇവര്‍ കത്തോലിക്കാവിശ്വാസത്തിലെ അടിസ്ഥാന പ്രമാണങ്ങളില്‍ പലതും നിഷേധിക്കുന്നവരാണ്. താഴെപ്പറയുന്ന വസ്തുതകളില്‍ നിന്ന് ഇവ വ്യക്തമാണ്:

1.  ത്രിത്വൈക ദൈവത്തിലെ രണ്ടാമത്തെ ആളും ദൈവത്തിന്‍റെ ഏകപുത്രനും കന്യകാ മറിയത്തില്‍ നിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നവനും പന്തിയോസ് പീലാത്തോസിന്‍റെ കാലത്തു കുരിശില്‍ മരിച്ചവനുമായ യേശുക്രിസ്തുവാണ് ക്രൈസ്തവവിശ്വാസത്തിന് ആധാരം. യേശുവിലൂടെ കൈവന്ന രക്ഷയാണ് ക്രിസ്തീയ പ്രത്യാശയുടെ ഉറവിടം. എന്നാല്‍, പിതാവായ ദൈവം ആരംഭിച്ച രക്ഷാപദ്ധതിയില്‍ രക്ഷകന്‍ ഇനിയും വന്നിട്ടില്ല എന്നും കന്യകയില്‍ നിന്നും ജനിക്കുന്ന എമ്മാനുവല്‍ എംപററിലൂടെയാണ് രക്ഷകൈവരുന്നതെന്നും ഇവര്‍ പഠിപ്പിക്കുന്നു. അടുത്തകാലത്ത് അത്ഭുത ശിശുവായി എംപറര്‍ ജനിച്ചതായും ഇവര്‍ പഠിപ്പിക്കുന്നു. ദൈവപുത്രനായ ക്രിസ്തുവിനെയും അവിടുന്നു നേടിത്തന്ന രക്ഷയെയും നിഷേധിക്കുന്നു എന്നതാണ് ഇവരുടെ പഠനങ്ങളിലെ ഏറ്റവും നിഷേധാത്മകമായിട്ടുള്ളത്.
യേശു നേടിത്തന്ന രക്ഷയെ നിഷേധിക്കുന്നതിനാല്‍ തിരുസ്സഭ, കൂദാശകള്‍, സഭയുടെ ഹയരാര്‍ക്കി എന്നിവയെ ഇവര്‍ നിഷേധിക്കുന്നു. ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വൈദിക വിദ്വേഷം ജനിക്കുന്നതിനുതകുന്ന പഠനങ്ങളും ദൃശ്യങ്ങളും ഇവര്‍ സംലഭ്യമാക്കുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു വശത്ത് കൂദാശകള്‍ക്കെതിരായി പഠിക്കുമ്പോഴും തങ്ങളുടെ വലയില്‍ അകപ്പെട്ട രണ്ടു വൈദികരെ ഉപയോഗിച്ചുകൊണ്ട് ഇവരുടെ കൂടാരത്തില്‍ കുമ്പസാരവും വി. കുര്‍ബ്ബാനയും പരികര്‍മ്മം ചെയ്തുകൊണ്ട് സാധാരണക്കാരായ വിശ്വാസികളുടെയിടയില്‍ തങ്ങള്‍ കത്തോലിക്കാ ആധ്യാത്മികതയാണ് പിന്‍തുടരുന്നത് എന്ന പ്രതീതി ജനിപ്പിക്കാന്‍ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്.

2.  പരി. ത്രിത്വത്തെക്കുറിച്ചും വികലമായ പഠനങ്ങളാണ് ഇവര്‍ നടത്തുന്നത്. പരി. മറിയത്തെ ത്രിത്വൈക ദൈവത്തിലെ ആളായി അവതരിപ്പിച്ചുകൊണ്ട് നിഖ്യാ - കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കൗണ്‍സിലുകള്‍ പഠിപ്പിച്ച ത്രിത്വൈക ദൈവവിശ്വാസത്തെ ഇവര്‍ നിഷേധിക്കുന്നു. ഉത്പ 1:25-27; വെളി 12:1-4 എന്നീ വചനഭാഗങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്താണ് എംപറര്‍ എമ്മാനുവലിനു ജന്മം നല്‍കുന്ന മറിയത്തെ ദൈവികസത്തയുടെ ഭാഗമായി അവതരിപ്പിക്കുന്നത്. ഏറ്റവും അനുഗൃഹീതയും ഭാഗ്യവതിയുമായ മറിയം ദൈവമാതാവും നിത്യകന്യകയും അമലോത്ഭവവും സ്വര്‍ഗ്ഗാരോപിതയുമാണെന്ന് തിരുസ്സഭ പഠിപ്പിക്കുന്നു. എന്നാല്‍, മറിയത്തെക്കുറിച്ചുള്ള ഈ നാലു വിശ്വാസസത്യങ്ങളിലും പരി. അമ്മ ദൈവത്തിന്‍റെ സൃഷ്ടിയാണെന്നും ദൈവമല്ലെന്നും വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ക്രിസ്തുവിനെ മനസ്സിലാക്കാത്തവര്‍ക്ക് മറിയത്തെ ശരിയായി മനസ്സിലാക്കാനാകില്ല എന്ന സത്യത്തിനുള്ള സജീവദൃഷ്ടാന്തമാണ് എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റ്.

3.  ലോകാവസാനത്തെക്കുറിച്ച് വികലമായ ധാരണകള്‍ പുലര്‍ത്തുന്ന ഇവര്‍ അണികളില്‍ അനാവശ്യമായ ഭയം ജനിപ്പിക്കുന്നു. 2010, 2012, 2014, 2020 വര്‍ഷങ്ങള്‍ ലോകാവസാനത്തിന്‍റെ വര്‍ഷങ്ങളായി ഇവര്‍ മാറിമാറി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജ പ്രസ്താവനകളെ ശാസ്ത്രീയ നിഗമനങ്ങളായി അവതരിപ്പിക്കുന്നതിലൂടെ ഒട്ടനവധി വ്യക്തികള്‍ക്കിടയില്‍ ഭയവും തെറ്റിദ്ധാരണയും ജനിപ്പിക്കാന്‍ ഈ പ്രസ്ഥാനം ഇടവരുത്തുന്നുണ്ട്. ബൈബിളിലെ ലോകാവസാന വിവരണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ ഇവര്‍ പ്രാഗല്‍ഭ്യം കാട്ടുന്നു. വെളിപാടു സാഹിത്യശൈലിയുടെ പ്രതീകങ്ങളും രൂപകങ്ങളുമുപയോഗിച്ചാണ് സുവിശേഷങ്ങളില്‍ ഈശോ ലോകാവസാനത്തെക്കുറിച്ചു പഠിപ്പിക്കുന്നത് (മത്താ 24; മര്‍ക്കോ 13; ലൂക്ക 21). ലോകസൃഷ്ടിയെക്കുറിച്ചുള്ള ഉത്പത്തി പുസ്തകത്തിലെ വിവരണം അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനത്തിനുള്ളതല്ലാത്തതുപോലെ ലോകാവസാനത്തെക്കുറിച്ചുള്ള വിവരണങ്ങളും അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാനുള്ളതല്ല.
(വിശദാംശങ്ങള്‍ക്ക് ഈ ഗ്രന്ഥത്തിലെ ലോകാവസാനം എപ്പോള്‍ എന്ന പഠനം കാണുക.)

4.  രാജാവായ എമ്മാനുവലിന്‍റെ ആഗമനം അത്യാസന്നമാണെന്ന് എമ്മാനുവല്‍ എംപറര്‍ ട്രസ്റ്റ് പഠിപ്പിക്കുന്നു. കര്‍ത്താവിന്‍റെ പെട്ടെന്നുള്ള ആഗമനത്തെ സൂചിപ്പിക്കുന്ന ചില വചനഭാഗങ്ങള്‍ പുതിയനിയമത്തിലുണ്ട്: "കര്‍ത്താവു വാതില്‍ക്കല്‍ എത്തിയിരിക്കുന്നു" (യാക്കോബ് 5:9); "എത്തിക്കഴിഞ്ഞു" (ഫിലി 4:5;1 പത്രോ 4:7), "ആഗമനം സമീപസ്ഥമായി" (ഹെബ്രാ 10:25)," പെട്ടെന്നു വരുന്നു" (വെളി 3:11; 22:7) എന്നീ പദപ്രയോഗങ്ങളെല്ലാം തന്നെ കര്‍ത്താവിന്‍റെ ആഗമനത്തിന്‍റെ ആസന്ന സ്വഭാവം വ്യക്തമാക്കുന്നതാണ്. എന്നാല്‍, ക്രിസ്തുവിന്‍റെ പ്രത്യാഗമനം വൈകുന്നത് വിശ്വാസികളെ സന്ദിഗ്ദ്ധാവസ്ഥയിലാക്കി. ഇതിനുള്ള പരിഹാരമാണ് പുതിയ നിയമഗ്രന്ഥങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്.

കര്‍ത്താവിന്‍റെ ആഗമനദിനം ദൈവത്തിനുമാത്രമേ അറിയാനാകൂ (മത്താ 24: 42) എന്നും ദൈവത്തിന്‍റെ സമയക്രമത്തില്‍ ആയിരം വര്‍ഷം ഒരു ദിനംപോലെ ഹ്രസ്വകാലമായാല്‍ (2 പത്രോ 3:8) അവിടുന്ന് വൈകുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കര്‍ത്താവിന്‍റെ ആഗമനം വൈകുന്നത് സഹനത്തിലൂടെയുളള സഭയുടെ വിശുദ്ധീകരണം പൂര്‍ത്തിയാക്കുന്നതിനുവേണ്ടിയാണെന്നും (1 തെസ്സ 2:1-2; 2 തെസ്സ 2;13; പുതിയനിയമഗ്രന്ഥകര്‍ത്താക്കള്‍ വാദിച്ചു. കര്‍ത്താവിന്‍റെ വരവിനുവേണ്ടി ഒരുങ്ങാനുള്ള അവസരമാണ് കാത്തിരിപ്പിന്‍റെ കാലമെന്നും വിവിധ പുണ്യങ്ങള്‍ ഈ കാലഘട്ടത്തില്‍ അഭ്യസിക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. സ്ഥിരത (യാക്കോ 5:8); കാരുണ്യം (5:9); പ്രാര്‍ത്ഥനയിലുള്ള ജാഗ്രത (പത്രോ 4:7), വിശ്വസ്തത (ഹെബ്രാ 10:24-25), വിശുദ്ധി (2 പത്രോ 3:11), ക്രിസ്തുവിനുതുല്യമായ ശുദ്ധത (യോഹ 3:2-3) എന്നീ പൂണ്യങ്ങള്‍ അഭ്യസിക്കാന്‍ ദൈവം തന്ന അവസരമാണ് ഓരോരുത്തരുടെയും മരണംവരെ ലഭിക്കുന്നത്. സ്വന്തം ജീവിതകാലം മുഴുവന്‍ മാനസാന്തരത്തിനുള്ള അവസരം ലഭിക്കുന്നു എന്നതാണ് യുഗാന്ത്യം വൈകുന്നതിലൂടെ വിശ്വാസിക്കു ലഭിക്കുന്ന നേട്ടം. യുഗാന്ത്യത്തിന്‍റെ സമയത്തെക്കുറിച്ച് ആശങ്കപ്പെടുകയും ആശങ്കപ്പെടുത്തുകയും ചെയ്യാതെ മേല്‍പറഞ്ഞ പുണ്യങ്ങള്‍ അഭ്യസിക്കാന്‍ ശ്രമിക്കുക എന്നതാണ് വി. ഗ്രന്ഥം നല്‍കുന്ന സന്ദേശം.

കര്‍ത്താവിന്‍റെ ആഗമനം എപ്പോഴാണ് എന്നതിന്‍റെ കൃത്യമായ ഉത്തരം നല്‍കുന്നത് സഭയുടെ ആരാധനാക്രമമാണ്. മാറാനാത്താ (കര്‍ത്താവേ, വരേണമേ) എന്ന പ്രാര്‍ത്ഥനയാണ് ഡിഡാക്കെയിലെ വി. കുര്‍ബ്ബാന പ്രാര്‍ത്ഥനയില്‍ (Eucharistic Prayer) ആവര്‍ത്തിക്കുന്നത്. (cfr.വെളി 22:21) ഈ പ്രാര്‍ത്ഥനയ്ക്ക് ഓരോ വിശുദ്ധബലിയിലും സത്യമായും വ്യക്തിപരമായും പൂര്‍ണ്ണമായും സന്നിഹിതരായിക്കൊണ്ട് ക്രിസ്തു ഉത്തരം നല്‍കുന്നു. ഓരോ വിശുദ്ധ ബലിയും ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ രണ്ടാമത്തെ ആഗമനത്തിന്‍റെ മുന്നാസ്വാദനമാണ്. (CCC.1204). കര്‍ത്താവിന്‍റെ ആഗമനം ആഗ്രഹിക്കുന്നവര്‍ അവിടന്നു നിശ്ചയിക്കുന്ന മഹത്വപൂര്‍ണ്ണമായ ആഗമനം വരെ സഭയിലെ പരിശുദ്ധകുര്‍ബ്ബാനയിലെ യേശുവിന്‍റെ നിത്യമായ ആഗമനം അനുഭവിച്ചു ജീവിക്കണം. സഭയെയും സഭയുടെ കൗദാശിക ജീവിതത്തെയും തള്ളിപ്പറയുന്ന വിഭാഗീയ പ്രസ്ഥാനങ്ങള്‍ ലോകാവസാനത്തെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചും അമിതമായ ആകുലതയും ഉത്കണ്ഠയും ജനങ്ങളില്‍ ഉളവാക്കുന്നവരാണ്. എമ്മാനുവല്‍ എംപറര്‍ പ്രസ്ഥാനവും ചെയ്യുന്നത് ഇതുതന്നെയാണ്.

5. എമ്മാനുവല്‍ എംപററിന്‍റെ ആഗമനം ഉടനുണ്ടാകും എന്നതിനാല്‍ സ്വകാര്യ സമ്പത്തും കുടുംബ ജീവിതവുമൊക്കെ ഉപേക്ഷിച്ച് (പ്രസ്ഥാനത്തിന്‍റെ നേതാക്കളെ ഭരമേല്‍പ്പിച്ച്) എമ്മാനുവല്‍ എംപററിന്‍റെ യുഗത്തിനുവേണ്ടി ഒരുങ്ങണം എന്ന ആഹ്വാനമാണ് ഇതിന്‍റെ പ്രണേതാക്കള്‍ നല്‍കുന്നത്. സ്വകാര്യസ്വത്ത്, കുടുംബജീവിതം, സന്താനോത്പാദനം എന്നീ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരായ പഠനംവഴി വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ഈ പ്രസ്ഥാനം പ്രതിസന്ധി സൃഷ്ടിക്കുന്നു.
എമ്മാനുവല്‍ എംപറര്‍ പ്രസ്ഥാനത്തിന്‍റെ കൂടാരത്തിലെത്തി ധ്യാനം കൂടിയതിന്‍റെ ഫലമായി തകര്‍ന്നുപോയ കുടുംബജീവിതങ്ങളുടെ അനുഭവ കഥകള്‍ കേരളത്തിന്‍റെ പലഭാഗങ്ങളില്‍നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. "ദൈവം യോജിപ്പിച്ച ബന്ധമായ ദാമ്പത്യബന്ധത്തെ" (മത്താ 19:7) പൊട്ടിച്ചെറിഞ്ഞുകളഞ്ഞ് തങ്ങളോടൊത്തുവരാന്‍ ആഹ്വാനം ചെയ്യുന്ന ഈ പ്രസ്ഥാനം വിശ്വാസജീവിതത്തില്‍ മാത്രമല്ല സാമൂഹിക - കുടുംബ - സദാചാര മേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇവരുടെ കൂടാരത്തിനുചുറ്റും ഒളിക്യാമറകള്‍ സ്ഥാപിച്ച് സമീപവാസികളുടെപോലും ചലനങ്ങള്‍ സദാ നിരീക്ഷണ വിധേയമാക്കുന്നതും സമീപത്തെ പഞ്ചായത്തു റോഡിലൂടെ വഴിനടക്കുന്ന ആളുകളെപ്പോലും ചോദ്യംചെയ്യുന്നതും ഇവരുടെ പ്രവര്‍ത്തനങ്ങളിലെ സുതാര്യതയില്ലായ്മയെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കാന്‍ ഇടവരുത്തുന്നു.

6.  തങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന കൂടാരത്തില്‍ ആദ്യമെത്തുന്ന 1,44,000 പേര്‍ മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നും മറ്റെല്ലാവരും എമ്മാനുവലിന്‍റെ ആഗമനത്തില്‍ നശിച്ചുപോകും എന്നുമുള്ള ചിന്തയാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. വെളി 7:3-4; 14:3-5 എന്നീ വചനഭാഗങ്ങളെ ആധാരമാക്കിയാണ് ഇത്തരം അബദ്ധങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുന്നത്.

ബൈബിളിലെ സെമിറ്റിക് സംഖ്യാശാസ്ത്രത്തിന്‍റെ പശ്ചാത്തലത്തില്‍ വേണം 1,44,000 എന്ന സംഖ്യയെ വിശദീകരിക്കാന്‍ 12x12x1000 =1,44,000 എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. 12, 1000 എന്നിവ പൂര്‍ണ്ണസംഖ്യകളാണ്. ഇവയുടെ ഗുണിതമാകട്ടെ സമ്പൂര്‍ണ്ണതയെ സൂചിപ്പിക്കുന്നു. തന്മൂലം സമസ്ത വിശ്വാസികളെയും (സഭയെ) സൂചിപ്പിക്കുന്ന സംഖ്യയാണ് 1,44,000 എന്നു കരുതാം. ഈ സംഖ്യയെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാനാവില്ലെന്ന് വെളിപാട് വിവരണം തന്നെ സൂചന തരുന്നുണ്ട്. കാരണം, അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചാല്‍ രണ്ടു സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താനാവില്ല: (1) ഓരോ യഹൂദ ഗോത്രത്തില്‍ നിന്നും 12000 വീതം ആളുകള്‍ മാത്രമേ രക്ഷപ്പെടുന്നുള്ളൂ. യഹൂദരല്ലാത്തവര്‍ (എമ്മാനുവല്‍ എംപറര്‍ വിഭാഗക്കാരുള്‍പ്പെടെയുള്ളവര്‍) രക്ഷപ്പെടുകയില്ലെന്നു വ്യാഖ്യാനിക്കേണ്ടിവരും; (2) ഓരോ യഹൂദഗോത്രത്തില്‍ നിന്നുമുള്ള "പുത്രന്മാര്‍" (Huioi) മാത്രമേ രക്ഷപ്പെടുകയുള്ളൂ, സ്ത്രീകളാരും രക്ഷിക്കപ്പെടുകയില്ല എന്നു സമ്മതിക്കേണ്ടിവരും.

1,44,000 ആളുകള്‍ മാത്രമല്ല സ്വര്‍ഗ്ഗത്തിലെത്തുന്നത് എന്നതിന്‍റെ ഏറ്റവും പ്രകടമായ സാക്ഷ്യം വെളി 7:9-10 ല്‍ വിവരിക്കുന്ന ആര്‍ക്കും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത ജനസഞ്ചയത്തിന്‍റെ വിവരണമാണ്. ലോകത്തിലെ സകല ജനപദങ്ങളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളലും നിന്നുവന്ന ഇവര്‍ വെള്ളയങ്കിയണിഞ്ഞ് കുരുത്തോലയുമായി കുഞ്ഞാടിന്‍റെ മുന്നില്‍ സ്തുതി പാടുന്നതായാണ് ഗ്രന്ഥകാരന്‍ ചിത്രീകരിക്കുന്നത്. ഇവര്‍ രക്ഷപ്രാപിച്ചവരാണെന്നു വ്യക്തം. കുഞ്ഞാടിന്‍റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രം കഴുകിയിട്ടുള്ളവര്‍ ലോകമാസകലമുള്ള സഭയിലെ വിശ്വാസികളാണെന്ന് (യഹൂദരല്ലാത്ത വിശ്വാസികള്‍) വ്യക്തം. ചുരുക്കത്തില്‍, 1,44,000 എന്ന സംഖ്യയിലൂടെയും അസംഖ്യംവരുന്ന ജനപദത്തിന്‍റെ വിവരണത്തിലൂടെയും സഭയെയാണ് യോഹന്നാന്‍ പ്രതീകവത്കരിക്കുന്നത്. അതിനാല്‍ ചെറിയ അജഗണമാകാന്‍, 1,44,000 ല്‍ അംഗമാകാന്‍ എമ്മാനുവല്‍ എംപററര്‍ പ്രസ്ഥാനത്തില്‍ അംഗമാകുകയല്ല വേണ്ടത്. മറിച്ച്, സത്യവിശ്വാസം പാലിച്ച്, ക്രിസ്തു തന്‍റെ രക്തത്താല്‍ വീണ്ടെടുത്ത തിരുസ്സഭയില്‍ നിലനില്‍ക്കുകയാണ് വേണ്ടത്.

Mar Joseph Pamplany Faults in the Emperor Emmanuel Trust teachings of emperor emmanuel trust Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message