We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Saji Mathew Kanayinkal CST On 09-Jun-2021
ഭൂമിയും ഇതിലെ ജീവജാലങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് നാം ഇന്ന് ഏറെ ബോധവാന്മാരാണ്. ആധുനികലോകം നേരിടുന്ന ഈ വലിയ പ്രതിസന്ധിയെ തരണം ചെയ്യുവാൻ രാഷ്ട്രതന്ത്രജ്ഞരും, സാമൂഹിക-രാഷ്ട്രീയ-ബൗദ്ധിക മണ്ഡലങ്ങളിലുള്ളവരും നിരന്തരമായ പരിശ്രമങ്ങൾ നടത്തുന്നുമുണ്ട്. ആഗോളതലത്തിലും പ്രാദേശിക തലങ്ങളിലുമുള്ള പരിസ്ഥിതി സംരക്ഷണത്തിന് തക്ക ആത്മീയ കരുത്ത് നൽകുക എന്നതാണ് ഈ രംഗത്ത് കത്തോലിക്കാസഭയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ സംഭാവന. ലോകസമാധാനദിനമായ 1990 ജനുവരി ഒന്നിന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ നൽകിയ 'സമാധാനം സർവ്വസൃഷ്ടികളോടും കൂടെ' എന്ന സന്ദേശം ഈ രംഗത്ത് സഭയുടെ ഔദ്യോഗിക ശബ്ദമായി കണക്കാക്കുകയും ചെയ്യുന്നു. അനുദിനം സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിയെ മറികടക്കണമെങ്കിൽ അടിസ്ഥാനപരമായി ചിലമാറ്റങ്ങൾ മനുഷ്യന് ഉണ്ടാവേണ്ടതുണ്ട്. സഭയുടെ ക്രിയാത്മകമായ ഇടപെടലുകൾ ഇതിനുള്ള ചില ഉൾക്കാഴ്ചകളാണ് നൽകുന്നത്.
ഒരു ധാർമ്മിക പ്രശ്നം
പ്രപഞ്ചം ഇന്നു നേരിടുന്ന അതീവഗൗരവമായ പ്രതിസന്ധിയെക്കുറിച്ച് ഏറെനാളായി ഒട്ടനവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ശാസ്ത്ര-സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങൾ നിർണ്ണയം നടത്തിയിട്ടുള്ള സാങ്കേതിക തലങ്ങൾക്കപ്പുറം പാരിസ്ഥിതിക പ്രതിസന്ധിയെ ഒരു ധാർമ്മിക പ്രശ്നമായിട്ടാണ് സഭ കാണുന്നത്. സാങ്കേതികമായ പല മേഖലകളും ഇതിനോടു ബന്ധപ്പെട്ടാണ് കിടക്കുന്നതും. ശാസ്ത്രസാങ്കേതിക വിദ്യകളുടെ വികസന ഫലമായി 'മനുഷ്യപുരോഗതി' മാത്രം ലക്ഷ്യമാക്കി മനുഷ്യൻ ഭൂമിയുടെമേൽ നടത്തിയിട്ടുള്ള അധിനിവേശവും ചൂഷണവുമാണ് ഇന്ന് നാം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്കു മൂലകാരണം. ഭൗമ പ്രപഞ്ചത്തെയും അതിലെ ശക്തികളെയും കീഴടക്കുവാനും, അവയുടെമേൽ ആധിപത്യം സ്ഥാപിക്കുവാനും, അവയെ തങ്ങൾക്കായി ഉപയോഗിക്കാനുമുള്ള മനുഷ്യൻറെ അടിസ്ഥാന ത്വര പ്രകൃതിയുടെയും ഭൗമവിഭവങ്ങളുടെയും ചൂഷണത്തിലേയ്ക്കാണ് നയിച്ചത്. സാങ്കേതിക വിദ്യയുടെ ഉപയോഗവും നവമായ കണ്ടുപിടുത്തങ്ങളും മാനവസമൂഹത്തിന് പുരോഗതിയുടെ കനത്ത സംഭാവനകൾ നൽകിയിട്ടുണ്ട് എന്നതിന് സന്ദേഹമൊന്നുമില്ല. എങ്കിലും ഈ കണ്ടുപിടുത്തങ്ങളുടെ ഉത്തരവാദിത്വരഹിതവും (irresponsible) ചൂഷണോന്മുഖവു (exploit) മായ ദുരുപയോഗം മനുഷ്യനു മാത്രമല്ല, പ്രപഞ്ചക്രമത്തിനുതന്നെ ഹാനികരമായി തീർന്നിരിക്കുന്നു.
പരിസ്ഥിതി പ്രശ്നത്തെ ധാർമ്മികതയുടെ പരിപ്രേക്ഷ്യത്തിൽ വീക്ഷിക്കുമ്പോൾ, മനുഷ്യൻറെ അടിസ്ഥാനപരമായ ജീവിതശൈലിയേയും, ജീവിതവീക്ഷണത്തേയുമാണ് നാം പുനർ പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. പ്രപഞ്ചത്തോടും ഇതിലെ സർവ്വ ചരാചരങ്ങളോടുമുള്ള നമ്മുടെ മനോഭാവത്തിനും തത്ഫലമായി നാം രൂപം കൊടുത്തിരിക്കുന്ന ജീവിത വീക്ഷണത്തിനും ചില പൊളിച്ചെഴുത്തുകൾ നടത്തുവാൻ ഇതു നമ്മെ നിർബന്ധിതരാക്കുന്നു. പ്രപഞ്ചവും അതിലെ വസ്തുക്കളും മനുഷ്യൻറെ മാത്രം ഉപയോഗത്തിനുള്ളതല്ല, മറിച്ച് ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങൾക്കും അവയുടെമേൽ അവകാശമുണ്ട് എന്ന് ഇത് നമ്മെ ഓർമ്മിക്കുകയും ചെയ്യുന്നു. മനുഷ്യർക്കും മറ്റ് സൃഷ്ടവസ്തുക്കൾക്കും സസ്യ ജന്തുജാലങ്ങൾക്കും 'തുല്യാവകാശ'മുള്ള ഈ ഭൂമിയിലെ വസ്തുക്കളുടെ ഉപയോഗത്തിലും ഉപഭോഗത്തിലും അവയുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അമിതവും ക്രമരഹിതവുമായ ആസക്തിയുടെ കനലുകളെ കെടുത്തി, ഉത്തരവാദിത്വപൂർണ്ണമായും കാര്യ ഗൗരവത്തോടുകൂടിയുമായിരിക്കണം നാം പ്രപഞ്ച വസ്തുക്കളെ ഉപയോഗിക്കേണ്ടത്.
പരിസ്ഥിതിയും നീതിയും
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമായോ/ ബന്ധരാഹിത്യമോ മാത്രമായി പരിസ്ഥിതി പ്രശ്നങ്ങളെ വിലയിരുത്തുന്നത് നാം ഇവയെ നിസ്സാരവത്ക്കരിക്കുന്നതുകൊണ്ടാണ്. പരിസ്ഥിതി പ്രശ്നം അടിസ്ഥാനപരമായി മനുഷ്യൻറെ നീതി ബോധവുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. വ്യവസായവത്ക്കരണത്തിൻറെയും തുടർന്നുണ്ടായ കമ്പോളവത്ക്കരണത്തിൻറെയും ഫലമായ വളർച്ചയുടെയും പുരോഗതിയുടെയും ഗുണഭോക്താക്കളായി നാം മാറിയപ്പോൾ പുതിയൊരു ദർശനം ഉടലെടുത്തു. തലമുറകളായി ആർജ്ജിച്ചെടുത്തിരുന്ന നീതിയുടെ ക്രമങ്ങൾ മാറ്റിവയ്ക്കപ്പെട്ടു. ആഗോളവത്ക്കരണവും ഉദാരവത്ക്കരണവും ലാഭത്തിൻറെ പുതിയ മണ്ഡലങ്ങൾ ചമച്ചപ്പോൾ പണാധിപത്യമുള്ള പുതിയൊരു ലോകക്രമം ഉദയം ചെയ്തു. നഗരവത്ക്കരണത്തിൻറെ പാർശ്വവർത്തികളായി രംഗത്തുവന്ന പുത്തൻ വരേണ്യവർഗ്ഗത്തിൻറെ ലാഭേച്ഛയോടുകൂടിയുള്ള കണ്ണുകൾ എല്ലാറ്റിനെയും കച്ചവട ദൃഷ്ടിയോടെ കണ്ടു തുടങ്ങി. ഭൂമിയിൽ ലഭ്യമാകുന്ന വിഭവങ്ങളെ ചെറുന്യൂനപക്ഷം പരമാവധി ഉപയോഗിച്ചപ്പോൾ നഷ്ടമായത് പ്രകൃതിയുടെ താളക്രമമാണ്. എനിക്ക് ഈ പ്രപഞ്ചത്തോട് ഉത്തരവാദിത്വമുണ്ട് എന്ന ബോധ്യം വിസ്മൃതമായിടത്താണ് ചൂഷണത്തിൻറെ ഈ തലങ്ങൾ ശക്തിപ്രാപിച്ചത്.
പ്രകൃതി വിഭവങ്ങളുടെ നാശവും, പാരിസ്ഥിതിക പ്രശ്നങ്ങളും ഇന്ന് ഏറ്റവുമധികം ബാധിക്കുന്നത് സമൂഹത്തിലെ ദുർബ്ബലരും അവശരുമായ ജനവിഭാഗത്തെയാണ്. വൻ ഡാമുകളുടെയും, വ്യവസായ യൂണിറ്റിൻറെയും നിർമ്മാണത്തിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരെ നോക്കുക. സമൂഹത്തിലെ അസംഘടിതരും ദുർബ്ബലരുമായ ആദിവാസികൾ, ദളിതർ, കർഷകർ എന്നിവരാണ് ഏറ്റവുമധികം ചൂഷണത്തിനു വിധേയരാവുന്നത്. ഈ ദുർബ്ബല വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെടുന്ന നീതിയുടെ നിലവിളിയും, തങ്ങളുടെ ആവാസ ഗേഹത്തിൽ നിന്നും പടിയിറങ്ങിപോകേണ്ടി വരുന്ന ജീവജാലങ്ങളുടെ രോദനവും, അതിജീവനത്തിനായി കേഴുന്ന ഭൂമിയുടെ ഗദ്ഗദങ്ങളും ഒരേ ചാലിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണീർത്തുള്ളികളാണ്. പ്രപഞ്ചക്രമത്തിന്മേലുള്ള ഇത്തരം കയ്യേറ്റങ്ങളും നീതി നിഷേധങ്ങളും കണ്ടില്ലെന്നു നടിക്കുന്നതും, വികസനത്തിൻറെ പേരിൽ ഇത്തരം അതിക്രമങ്ങൾക്ക് അംഗീകാരം നൽകുന്നതും ഗൗരവമായ തെറ്റായിത്തന്നെ നാം ഗണിക്കേണ്ടിയിരിക്കുന്നു.
നീതിനിഷേധത്തിൻറെയും കയ്യേറ്റത്തിൻറെയും ഇത്തരം മുഖങ്ങൾ നീതി ബോധത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടുകളെ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. "ഓരോരുത്തർക്കും അവർക്കർഹമായത് നൽകുക" (each one according to his due) എന്ന സാമ്പ്രദായിക നീതി കല്പനയുടെ നിർവ്വചനത്തിൻറെ പരിധിയിൽ മനുഷ്യരെ മാത്രമല്ല, പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളെയും ഉൾപ്പെടുത്തേണ്ടതുണ്ട്. 'വ്യക്തി' എന്ന നിലയിൽ മനുഷ്യന് ഈ പ്രപഞ്ചത്തിൽ അവകാശമുള്ളതുപോലെ തന്നെ 'സൃഷ്ടി' എന്ന നിലയിൽ എല്ലാ ജീവജാലങ്ങൾക്കും ഇവിടെ തനതായ അവകാശമുണ്ടെന്നും നാം അവ അംഗീകരിക്കണമെന്നുള്ള പാരിസ്ഥിതിക പാഠങ്ങളിലേയ്ക്കുള്ള തുറവിയാണ് നമുക്കാവശ്യം.
ഉപഭോഗ സംസ്കാരം തുറക്കുന്ന വെല്ലുവിളികൾ
കമ്പോളവത്ക്കരണത്തിൻറെയും, മാത്സര്യത്തിൻറെയും ഫലമായി ഉടലെടുക്കുകയും കാലിക ലോകത്തെ ഏറെക്കുറെ കീഴടക്കുകയും ചെയ്തിരിക്കുന്ന ഉപഭോഗ സംസ്കാരം (consumeric culture) പ്രപഞ്ച ക്രമത്തിനു നേരെ നടത്തുന്ന വെല്ലുവിളികൾ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്നു സംശയിക്കുന്നു. ഉല്പാദകൻറെയും ഉല്പാദനത്തിൻറെയും താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുവാനും, ലാഭത്തിൻറെ പരമാവധി സ്വന്തമാക്കുവാനുമായുള്ള കമ്പോളത്തിൻറെ കപട തന്ത്രങ്ങൾ ഇന്ന് അധികമാരും തിരിച്ചറിയുന്നില്ല. മൂല്യമോ ഗുണമോ ഉള്ളവയ്ക്കല്ല 'നല്ല പരസ്യം' ഉള്ളവയ്ക്കേ ഇന്ന് പ്രസക്തിയുള്ളൂ. പരസ്യപ്രചാരകരുടെ നാട്യവചനങ്ങളിൽ വശംവദരായി നല്ല ഒരു വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങൾ ഇന്ന് സൃഷ്ടിക്കപ്പെടുകയാണ്. അതീവ കുശാഗ്രതയോടെ നിർമ്മിച്ചെടുക്കുന്ന മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ ഉല്പന്നങ്ങൾ വാങ്ങാൻ ജനങ്ങൾ ഇന്ന് നിർബന്ധിതരാക്കപ്പെടുന്നു. കമ്പോളത്തിൻറെ ഈ കാപട്യങ്ങൾ സൃഷ്ടിക്കുന്ന മൂല്യശോഷണത്തെക്കുറിച്ചോ, പ്രകൃതിയിൽ ഇവ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ നാം വേണ്ടത്ര ജാഗരൂകരല്ല. എൻറെ ആവശ്യങ്ങൾ അന്യർ- വ്യക്തികളായാലും, കമ്പനികൾ ആയാലും - നിർണ്ണയിക്കുന്നിടത്ത് എൻറെ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടും. ഈ അവബോധമുള്ളതുകൊണ്ടാണ് "വലിച്ചെറിയലിൻറെ സംസ്കാര (culture of throwing away)" ത്തെക്കുറിച്ചും അതുളവാക്കുന്ന പാർശ്വഫലങ്ങളെക്കുറിച്ചും ജാഗരൂകരാകാൻ ജോൺ പോൾ രണ്ടാമൻ മാർ പാപ്പ ആവശ്യപ്പെട്ടിരുന്നത്.
നഷ്ടമാകുന്ന ദൈവാവബോധം
പരിസ്ഥിപ്രശ്നങ്ങളെക്കുറിച്ചുള്ള ആധുനിക ശാസ്ത്രപഠനങ്ങൾ പലതും മതനിരപേക്ഷമെന്നുമാത്രമല്ല, മതത്തെ നിഷേധിക്കുന്നതുമാണ്.
മതരഹിതക്കാഴ്ച്ചപ്പാടുകൾക്ക് സമൂഹത്തിൽ വേരോട്ടമുണ്ടായപ്പോൾ മതാത്മകതയുടെ ആന്തരികഭാവങ്ങൾ നഷ്ടമായി. സമൂഹത്തിൽ നിന്നും മനുഷ്യൻറെ ചിന്തയിൽ നിന്നും 'ദൈവം' അപ്രത്യക്ഷനായി. പകരം മനുഷ്യൻറെ താൻ പോരിമയും അഹന്തയും പ്രാമാണ്യം നേടി. മനുഷ്യകേന്ദ്രീകൃതമായ (anthropocentric) തത്വചിന്തയുടെ പരിണിതഫലമായി ഇതര ജീവജാലങ്ങൾക്കുള്ള പ്രാധാന്യവും നഷ്ടമായി. മനുഷ്യൻറെ യുക്തിയ്ക്കും വ്യക്തിപരതയ്ക്കും അതിർവിട്ട് പ്രാധാന്യം നൽകിയപ്പോൾ ഭൂമിയും പ്രപഞ്ചവസ്തുക്കളും കേവലം ചൂഷണോപാധിയായി മാറുകയും ചെയ്തു.
അനിയന്ത്രിതമായ ഉപയോഗവും ഉപഭോഗവും വഴി പ്രപഞ്ചക്രമത്തിന് താളംതെറ്റിയിരിക്കുന്ന ഈ പരിതാവസ്ഥയിലാണ് 'ദൈവം പ്രപഞ്ചത്തിൻറെ സ്രഷ്ടാവാണ്' എന്ന ക്രൈസ്തവിശ്വാസത്തിന് പ്രസക്തിയേറുന്നത്. പ്രപഞ്ചത്തിൻറെ സൃഷ്ടികർത്താവായി ദൈവത്തെ അംഗീകരിക്കുമ്പോൾ മനുഷ്യൻ തൻറെ സൃഷ്ടിപരത അംഗീകരിക്കുകയാണ്. പ്രപഞ്ചം മനുഷ്യകേന്ദ്രീകൃതമല്ല (anthropocentric) മറിച്ച് ദൈവ കേന്ദ്രീകൃതമാണ് (theocentric) എന്ന ഉൾക്കാഴ്ച്ചയിലേയ്ക്കാണ് ക്രൈസ്തവ ദൈവശാസ്ത്ര ചിന്തകൾ നമ്മെ നയിക്കുന്നത്. ദൈവത്തെ പ്രപഞ്ചസൃഷ്ടാവായി കാണുമ്പോൾ മാത്രമേ ഇതര ജീവജാലങ്ങളെല്ലാം സഹസൃഷ്ടികളായി വീക്ഷിക്കുവാൻ നമുക്ക് കഴിയൂ. പ്രപഞ്ചത്തിലെ സർവ്വചരാചരാങ്ങളുമായുള്ള പാരസ്പര്യത്തിലേയ്ക്കും പങ്കാളിത്തത്തിലേയ്ക്കുമാണ് ഈ ദർശനം നമ്മെ നയിക്കുക. പരസ്പര ബന്ധിതമായ ഒരു ക്രമത്തിൽ സ്വയമേ ഒന്നിനും നിലനിൽക്കാനാവില്ല. ഏതെങ്കിലും ഒന്നിൻറെ നാശം മറ്റുള്ളവയേയും പ്രതികൂലമായി ബാധിക്കും. ഈ തിരിച്ചറിവിൽ ഇതര സ്രഷ്ടവസ്തുക്കളെ ആദരിക്കുവാനും അവയുടെ അസ്തിത്വത്തെ മാനിക്കുവാനും മനുഷ്യന് സാധിക്കും. ഈ ബോദ്ധ്യവും ഉൾക്കാഴ്ച്ചകളുമാണ് ഉത്തരവാദിത്വബോധമുള്ള ഒരു പ്രപഞ്ചവീക്ഷണത്തിന് ഒരുവനെ പ്രാപ്തനാക്കുന്നതും. പ്രപഞ്ചത്തിലെ സർവ്വചരാചരാങ്ങളുമായുള്ള പാരസ്പര്യത്തിലേയ്ക്കും പങ്കാളിത്തത്തിലേയ്ക്കുമാണ് ഈ ദർശനം നമ്മെ നയിക്കുക. പരസ്പര ബന്ധിത മായ ഒരു ക്രമത്തിൽ സ്വയമേ ഒന്നിനും നിലനിൽക്കാനാവില്ല. ഏതെങ്കിലും ഒന്നിൻറെ നാശം മറ്റുള്ളവയേയും പ്രതികൂലമായി ബാധിക്കും. ഈ തിരിച്ചറിവിൽ ഇതര സ്രഷ്ടവസ്തുക്കളെ ആദരിക്കുവാനും അവയുടെ അസ്തിത്വത്തെ മാനിക്കുവാനും മനുഷ്യന് സാധിക്കും. ഈ ബോദ്ധ്യവും ഉൾക്കാഴ്ച്ചകളുമാണ് ഉത്തരവാദിത്വബോധമുള്ള ഒരു പ്രപഞ്ചവീക്ഷണത്തിന് ഒരുവനെ പ്രാപ്തനാക്കുന്നതും.
ദൈവശാസ്ത്ര മാഗസികയായ കാരുണികന്റെ 2012 ഏപ്രിൽ മാസത്തിൽ നിന്നും.
nature christianity morality Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206