We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : James kiliyananikkal On 09-Jun-2021
നാം ജീവിക്കുന്ന സാമൂഹ്യാന്തരീക്ഷം ശക്തമായ ക്ലേറിക്കലിസത്തിൻറെയും ആൻറിക്ലേറിക്കലിസത്തിൻറെയും പ്രതിധ്വനികളാൽ മുഖരിതമാണ്. അവയ്ക്ക് കാതുകൊടുത്തുകൊണ്ടായിരിക്കണം സഭ തൻറെ പടുത്തുയർത്തലുകൾ നടത്തേണ്ടതും സുവിശേഷ ശുശ്രൂഷ നിർവഹിക്കേണ്ടതും. ഈ പ്രതിഭാസങ്ങളെ മിശിഹായുടെ മനസ്സോടെ അഭിമുഖീകരിക്കാൻ സഭയ്ക്ക് കഴിയണം.
ക്ലേറിക്കലിസം
എന്താണ് ക്ലേറിക്കലിസം? ഒറ്റവാക്കിൽ, നിർവചിക്കാൻ വിഷമമുള്ള പദമാണത്. വിവിധ രൂപങ്ങളും ഭാവങ്ങളും അതിനുണ്ട് എന്നതുകൊണ്ടുതന്നെ അതിനെ നിർവചിക്കുക അത്ര എളുപ്പമല്ല. ആയതിനാൽ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി അതിൻറെ പൊതുസ്വഭാവങ്ങൾ നമുക്കു പരിശോധിക്കാം. മതങ്ങൾക്ക്, വിശിഷ്യാ, പൗരോഹിത്യം നിലനിൽക്കുന്ന മതങ്ങൾക്ക്, അവയുടെ ചരിത്രത്തിൽ സംഭവിക്കാനിടയുള്ള അപകടമാണ് ക്ലേറിക്കലിസം. വൈദികമേധാവിത്വം എന്ന് തർജമ ചെയ്യാവുന്ന പദമാണ് ക്ലേറിക്കലിസം. സമൂഹത്തിൽ പൂരോഹിതവൃന്ദം (clergy) ഒരു പ്രത്യേക വിഭാഗമായി മാറിക്കൊണ്ട് ഒരു വെണ്ണപ്പാളിയായി (cream layer) രൂപപ്പെടുകയും തൽഫലമായി ഭരിക്കുന്നവരുടെ ഒരു ഗണമായിത്തീരുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ക്ലേറിക്കലിസം.ക്ലേറിക്കലിസത്തിൻറെ പ്രകടന ഭാവങ്ങൾ പലതാണ്. അത് ശുശ്രൂഷാസ്ഥാനത്തെ അതിൻറെ ചൈതന്യം കെടുത്തി ഭരണസംവിധാനമാക്കി മാറ്റുന്നു എന്നതാണ് പ്രധാനമായ സവിശേഷത. സേവനം ചെയ്യുക, ശുശ്രൂഷിക്കുക എന്നതൊക്കെ തത്വത്തിൽ മാത്രം ഒതുങ്ങിനിൽക്കുകയും പ്രയോഗത്തിൽ ക്ലേർജി തങ്ങളുടെ മേൽക്കോയ്മ സ്ഥാപിച്ച് അധികാരം പുലർത്തുന്നവരായിത്തീരുകയും ചെയ്യുന്നു. അതോടുകൂടി വൈദികരും ജനങ്ങളും തമ്മിലുള്ള ബന്ധം, ഭരിക്കുന്നവരും ഭരണീയരും എന്ന തലത്തിലേക്ക് മാറുന്നു.
മറ്റൊരു പ്രത്യേകത സ്ഥാപനവൽക്കരണവും അനുബന്ധ ചെയ്തികളുമാണ്. സേവനത്തിനായി പടുത്തുയർത്തപ്പെട്ട സ്ഥാപനങ്ങൾ ക്രമേണ അധികാരം ഉറപ്പിക്കാനും സ്വാധീനം വളർത്താനുമുള്ള ഉപാധികളായി മാറുന്നു. സാമ്പത്തികലാഭവും ഇവയോടൊപ്പം ലക്ഷ്യമായി മാറാം. ഇവയുടെ പടുത്തുയർത്തലാണ് മതത്തിൻറെ ലക്ഷ്യമെന്നുപോലും വ്യാഖ്യാനിക്കപ്പെടാനിടയുണ്ട്. അവയുടെ നടത്തിപ്പിനായി ക്രമേണ സ്നേഹത്തിൻറെ നിയമത്തെയും കാരുണ്യത്തെയും മാറ്റിവയ്ക്കുകയുംനീതിയും സത്യവും പോലും ധ്വംസിക്കപ്പെടുകയും ചെയ്യാനിടയാകുന്നു.
ക്ലേറിക്കലിസത്തിൽ സ്നേഹവും കരുണയും നിയമത്തിനു വഴിമാറുന്നു. മതത്തിന് കരുണയുടെ മുഖം നഷ്ടമാവുകയും, സംവിധാനങ്ങളെ നിലനിർത്താനുള്ള നിയമങ്ങൾ കർക്കശമാവുകയും ചെയ്യും. ക്ലേറിക്കലിസത്തിൻറെ ഭാഗമായി ആത്മീയതലത്തിലെ പ്രവർത്തനങ്ങളെക്കാളധികമായി മതം ഭൗതികമണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനാരംഭിക്കും. കച്ചവടങ്ങളും സാമ്പത്തിക ഇടപാടുകളും മതം ഏറ്റെടുത്തു നടത്താൻ വ്യഗ്രത കാണിച്ചു തുടങ്ങും. ഇവയൊക്കെയും നിലനിർത്താൻ രാഷ്ട്രീയാധികാരത്തിൻറെ ആശ്രിതരായിത്തീരുകയും തത്ഫലമായി ധാർമ്മികത കൈമോശം വരികയും ചെയ്യും. സുഖലോലുപതയും അലസതയും കടന്നുകയറുന്നു എന്നതാണ് ക്ലേറിക്കലിസത്തിൽ സംഭവിക്കാവുന്ന മറ്റൊരു കാര്യം. ദാരിദ്ര്യവും ലാളിത്യവും മൂല്യങ്ങളല്ലാതാവുകയും ആഡംബരത്തിനും സുഖലോലുപതയ്ക്കും ക്ലേർജി സ്വയം
വിട്ടുകൊടുക്കുകയും ചെയ്യും. ആത്മീയശുശ്രൂഷകൾപോലും സാമ്പത്തികലാഭം മുൻനിർത്തി നിർവ്വഹിക്കാനിടയാകും.
ഭൗതിക, രാഷ്ട്രീയ സംവിധാനങ്ങളിൽ നിയമനിർമ്മാണവും (legistic power) കാര്യനിർവഹണവും (executive power) നീതിനിർവഹണവും (judiciary power) വ്യത്യസ്ത അധികാരകേന്ദ്രങ്ങൾ കൈകാര്യം ചെയ്യുന്നതുകൊണ്ട് പരസ്പരം തിരുത്തൽ ശക്തികളായി അവ വർത്തിക്കാൻ സാധ്യതയുണ്ട്. എന്നാൽ മതരംഗത്ത് ത്രിവിധ അധികാരങ്ങൾ ഒരേ കേന്ദ്രത്തിൽ ഉറപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ പരസ്പരമുള്ള തിരുത്തലുകൾ വിഷമകരവും അപൂർവ്വവുമായിരിക്കും.
സാധാരണജനങ്ങളുമായുള്ള ബന്ധത്തിൽ ക്ലേറിക്കലിസം ഒട്ടനവധി പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ജനങ്ങളെ തങ്ങളെക്കാൽ താഴ്ന്നവരായി കണ്ടുകൊണ്ട് അവരെ അവഗണിക്കുകയും മാറ്റിനിർത്തുകയും ചെയ്യും. താൻപോരിമയും, ധിക്കാരവും, ധാർഷ്ട്യവും നിറഞ്ഞ ഇടപെടലുകൾ ജനത്തിൻറെമേൽ ഉണ്ടാകും. ജനങ്ങളുടെ അഭിപ്രായങ്ങൾ അവഗണിക്കപ്പെടും. ജനത്തിന് ന്യായമായി ലഭിക്കേണ്ട സേവനങ്ങൾ പോലും നടത്തിക്കൊടുക്കാൻ വിമുഖത കാണിക്കും.ഒരു പടികൂടികടന്ന്, കരുണയും സ്നേഹവും പ്രകടിപ്പിക്കേണ്ട മതത്തെ നീതിയുടെയും സത്യത്തിൻറെയും കാര്യത്തിൽപ്പോലും രാഷ്ട്രം അതിൻറെ നിയമങ്ങൾ കൊണ്ട് തിരുത്തേണ്ടതായി വരും. രാഷ്ട്രം മതത്തെ നീതിയുടെയും സത്യത്തിൻറെയും പേരിൽ ശാസിക്കാനും തിരുത്താനും ഇടയാവുക എന്ന അവസ്ഥ ശോചനീയം തന്നെ. കരുണയില്ലാത്ത ഇടയന്മാർ എന്നതിനെക്കാൾ, നീതിരഹിതരായ ന്യായാധിപന്മാരായി ക്ലേർജി അധഃപതിക്കാനിടയാകുന്നു.ജനത്തിൻറെമേൽ മതം അമിതഭാരം ചുമത്തുന്ന സ്ഥിതിവിശേഷം ക്ലേറിക്കലിസത്തിൻറെ പ്രത്യേകതയാണ്. അന്തഃസാരശൂന്യമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും കൊണ്ട് മതജീവിതം ഭാരമായിത്തീരും. അതിനുപുറമെ സംവിധാനങ്ങളുടെ ബാഹുല്യവും ജീവിതശൈലിയുടെ പ്രത്യേകതകളും കൊണ്ട് സാമ്പത്തികഭാരം വർദ്ധിക്കുകയും അവയൊക്കെയും ജനം വഹിക്കാൻ നിർബ്ബന്ധിതരാവുകയും ചെയ്യും. മതാധികാരികൾ തങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് ജനം ക്രമേണ ചിന്തിച്ചുതുടങ്ങും. ആദർശങ്ങൾ പലതും വിസ്മരിക്കപ്പെടുകയും മൂല്യങ്ങൾ തകരുകയും ചെയ്യുന്നതായും മതജീവിതം ചില ആഘോഷങ്ങളിൽ മാത്രം ഒതുക്കപ്പെട്ടിരിക്കുന്നതായും കാണാനിടയാകും. ഇത് ജനസാമാന്യത്തിനിടയിൽ വലിയ അതൃപ്തിയും വിമർശനവും ഉടലെടുക്കാനിടവരുത്തും.
ക്ലേറിക്കലിസം കൂടുതൽ ശക്തമാകുന്നതോടുകൂടി ആദർശനിഷ്ഠരായവരും കഴിവുള്ളവരും അവഗണിക്കപ്പെടുകയോ മാറ്റിനിർത്തപ്പെടുകയോ ചെയ്യാനിടവരും. പ്രീതിസമ്പാദിക്കുക മാത്രമായിരിക്കും 'വിജയിക്കാനുള്ള' ഏകമാനദണ്ഡം.ക്ലേറിക്കലിസം അതിൻറെ പാരമ്യത്തിലെത്തുമ്പോൾ ദൈവത്തിൻറെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിതരായി ക്ലേർജി മാറുന്നതിനിടയാകും. ദൈവം തന്നെയും തങ്ങളുടെ തീരുമാനങ്ങൾക്കുള്ളിലാണെന്നും ദൈവാനുഗ്രഹം പ്രാപിക്കാനുള്ള ഏകമാർഗ്ഗം തങ്ങളാണെന്നുമുള്ള പ്രവർത്തന രീതികളായിരിക്കും അവരുടെ ഭാഗത്തു നിന്നും ഉണ്ടാവുക. തങ്ങൾ പറയുന്നതെന്തോ അതാണ് ദൈവഹിതം എന്നുറപ്പിക്കാനുള്ള പ്രവണത പ്രകടമാകും. അതിനെതിരു നില്ക്കുന്നവരെ ശാപംകൊണ്ടും, ശിക്ഷണ നടപടികൾ കൊണ്ടും നിശബ്ദരാക്കാൻ ശ്രമിക്കും.സമൂഹത്തിൽ പ്രധാനമായും മൂന്ന് അധികാരകേന്ദ്രങ്ങളാണുള്ളത്. രാഷ്ട്രീയാധികാരം (political power), സാമ്പത്തികാധികാരം (business power), ആത്മീയാധികാരം (religious power). ക്ലെറിക്കലിസം ശക്തമാകുന്നതോടുകൂടി സമൂഹത്തിലെ ത്രിവിധ അധികാരകേന്ദ്രങ്ങൾ തമ്മിൽ വടംവലിയും വിലപേശലും വിട്ടുവീഴ്ചകളും നടത്താനും അങ്ങനെഅവനവൻറെ ഇരിപ്പിടങ്ങൾ ഉറപ്പിക്കാനും വ്യഗ്രത കാട്ടും. മതം അതിൻറെ ധാർമ്മികതയും വിശ്വാസവും പോലും വിലനല്കിക്കൊണ്ട് സംവിധാനങ്ങൾ സംരക്ഷിക്കാനും അധികാരം ഉറപ്പിക്കാനും അവിഹിത കൂട്ടുകെട്ടുകൾ നടത്തും. രാഷ്ട്രീയാധികാരികൾ സഭയുടെ ജീർണത മുതലെടുത്ത് അവയെ ആയുധമാക്കി ഉയർക്കാണിച്ച് ഭീഷണിപ്പെടുത്തി അവളെ ചൊൽപടിയിൽ നിർത്തും. അവരുടെ ഇംഗിതങ്ങൾ സാധിച്ചുകൊടുക്കേണ്ടതിന് സുവിശേഷമൂല്യങ്ങൾ കൈവെടിയാൻ സഭയ്ക്ക് ഇടയാകും.ഇതിൻറെയെല്ലാം പരിണിതഫലമെന്നോണം ജനം മടുത്തു എന്ന അവസ്ഥ സംജാതമാവുകയും ക്ലേറിക്കലിസത്തിൻറെ സ്വാഭാവിക ശിശു - ആൻറി ക്ലേറിക്കലിസം - ഉടലെടുക്കുകയും ചെയ്യും.
ആൻറി ക്ലേറിക്കലിസം
സാമൂഹ്യരാഷ്ട്രീയമണ്ഡലത്തിൽ നിന്നും മതത്തിൻറെ സ്വാധീനത്തെ പാടേ നീക്കിക്കളയാനുള്ള സംഘടിത ശ്രമമായി ആൻറിക്ലേറിക്കലിസത്തെ കാണാവുന്നതാണ്. സഭാസംവിധാനത്തെ തകിടംമറിക്കുക, ക്ലേർജിയുടെ സ്വാധീനവും നിയന്ത്രണവും ഇല്ലാതാക്കുക, മതത്തെ ആത്മീയമേഖലയിൽ മാത്രമായി ഒതുക്കിനിർത്തുക, മതാചാരങ്ങളെ പൊതുജീവിതത്തിൽ നിന്ന് ഉച്ചാടനം ചെയ്യുക എന്നിവയെല്ലാം ആൻറിക്ലേറിക്കലിസത്തിൻറെ പ്രഖ്യാപിത നയങ്ങളാണ്. ക്ലേറിക്കലിസത്തിൽ മനംമടുത്ത ജനത്തിൻറെ പ്രതികരണമായോ, സഭാസംവിധാനത്തെ തകർക്കാനുള്ള നിരീശ്വരപ്രസ്ഥാനങ്ങളുടെ സംഘടിത ശ്രമത്തിൻറെ ഭാഗമായോ, ശത്രുതാമനോഭാവം പുലർത്തുന്ന ഇതരമതങ്ങളുടെ ഗൂഢപദ്ധതിയായോ ഒക്കെ ആൻറിക്ലേറിക്കലിസം ഉടലെടുക്കാനിടയുണ്ട്. നീതിയുടെയും സ്വാതന്ത്ര്യത്തിൻറെയും സമത്വത്തിൻറെയും രൂപഭാവങ്ങളിൽത്തന്നെയായിരിക്കും ആൻറിക്ലേറിക്കലിസം വിദ്വേഷത്തിൻറെ ഫണമുയർത്തുന്നത് എന്നകാര്യം ശ്രദ്ധേയമായ വസ്തുതയാണ്.
ആൻറിക്ലേറിക്കലിസം ഒട്ടനവധി രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങും. കടകമ്പോളങ്ങളിലും പൊതുനിരത്തുകളിലും സഭാസംവിധാനങ്ങൾക്കുള്ളിൽത്തന്നെയും പ്രകടമാകുന്ന വൈദിക, സന്ന്യസ്ത വിമർശനമായിട്ടായിരിക്കും അത് ആദ്യം രംഗപ്രവേശനം ചെയ്യുന്നത്. ക്രമേണ, അത് കലകളിലും, സാഹിത്യരചനകളിലും സിനിമകളിലും ചാനൽചർച്ചകളിലും പ്രകടമാകുന്ന വൈദികവിദ്വേഷത്തിൻറെയും പരിഹാസത്തിൻറെയും മതനിന്ദയുടെയും രൂപം ധരിക്കും. സാധാരണക്കാരായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിസ്സംഗതയുടെയും നിസ്സഹകരണത്തിൻറെയും ഭാവങ്ങളായിരിക്കും കൂടുതലായിട്ടുണ്ടാവുക. ആദ്യഘട്ടങ്ങളിലൊക്കെയും, സമൂഹത്തിൽ ക്ലേറിക്കലിസം ശക്തമായിരിക്കയാൽ ഇപ്രകാരമുള്ള വിമർശനങ്ങളെയും നിസ്സംഗതയെയും അവഗണിച്ചുകൊണ്ടുതന്നെ മതം മുന്നോട്ടുപോകും. അതോടെ ആൻറിക്ലേറിക്കലിസം കൂടുതൽ ശക്തി പ്രാപിക്കുകയും എതിർപ്പുകൾ തുറന്ന സംഘർഷത്തിലേക്ക് വഴിതുറക്കുകയും ചെയ്യും. അങ്ങനെ വൈദികർക്കും സന്ന്യസ്തർക്കും നേരെയുള്ള അതിക്രമങ്ങളും, സഭാസംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും നേർക്കുള്ള ആക്രമണങ്ങളും ഉണ്ടാകാൻ ഇടവരും. വിദ്വേഷം അടുത്ത പടിയിലേക്ക് എത്തുന്നതോടെ മതവിശ്വാസത്തെയും ആചാരങ്ങളെയും പുച്ഛിക്കുന്നതിലേക്കും, ദൈവത്തെയും മതചിഹ്നങ്ങളെയും അധിക്ഷേപിക്കുന്നതിലേക്കും കാര്യങ്ങൾ എത്തും. സ്ഥിതി നിയന്ത്രണാതീതമായിത്തീരുകയും ചെയ്യും.
ഫ്രാൻസിലെ സഭയ്ക്ക് എന്തു സംഭവിച്ചു? ആൻറിക്ലേറിക്കലിസം അതിൻറെ തേർവാഴ്ച നടത്തിയ ഫ്രഞ്ചുവിപ്ലവത്തിൻറെ ഏതാനും സംഭവങ്ങൾ നമുക്കു പരിശോധിക്കാം. അതിൻറെ ഭീകരത മനസ്സിലാക്കണമെങ്കിൽ ഫ്രഞ്ചു സഭയുടെ ചരിത്രവും അല്പ്പമെങ്കിലും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.ആഗോള കത്തോലിക്കാസഭാ പാരമ്പര്യങ്ങളിൽ സ്വാഭിമാനിതയായി ശിരസ്സുയർത്തി നിൽക്കുന്നവളാണ് ഫ്രാൻസിലെ സഭ. റോമൻ കത്തോലിക്കാസഭയുടെ "ആദ്യപുത്രി" എന്ന വിശേഷണത്താൽ പുകൾകൊള്ളുന്നവളാണവൾ. അവളുടെ ചരിത്രത്തിൻറെ ആരംഭം ഏതാണ്ട് ഇങ്ങനെയാണ്. ആദിമസഭയിൽ ജെറുസലെമിലുണ്ടായ മതപീഡനത്തെത്തുടർന്ന് മർത്താമറിയം സഹോദരികൾ സഹോദരൻ ലാസറിനോടൊപ്പം മെഡിറ്ററേനിയൻ കടന്ന് ഫ്രാൻസിലെ സാന്ത് മാരി ഡ് ലാ മേർ (sainte mariede de la Mer) ൽ എത്തിയെന്നും അവിടെ പ്രേഷിതപ്രവർത്തനം നടത്തി സഭ സ്ഥാപിച്ചുവെന്നും പാരമ്പര്യം. മർസയ്യിലെ (Marseillse) ആദ്യബിഷപ്പായിരുന്നു ലാസർ എന്നും പറയപ്പെടുന്നു. അങ്ങനെ ക്രിസ്തീയ വിശ്വാസത്തിൻറെ ഭദ്രദീപം ആദ്യനൂറ്റാണ്ടിൽത്തന്നെ ഫ്രാൻസിൽ തെളിക്കപ്പെട്ടു. രണ്ടാം നൂറ്റാണ്ടിൽ ഫ്രാൻസിലെ ലിയോൺസിൽ മതപീഡനമുണ്ടായെന്നും 90 വയസുള്ള പോതിനസ് എന്ന മെത്രാനും 177വിശ്വാസികളും രക്തസാക്ഷിത്വം വരിച്ചു എന്നുമുള്ള ഒരു വിവരണം ഇരണേവൂസ് നൽകുന്നുണ്ട്.റൈംസിലെ (Reism) മെത്രാനായിരുന്ന റെമീജിയൂസ് 496 ൽ ഫ്രാൻസിലെ രാജാവായിരുന്ന ക്ലോവിസ് ഒന്നാമനെ ക്രിസ്തുമതത്തിലേക്കു സ്വീകരിച്ച് ജ്ഞാനസ്നാനം നൽകി. ഫ്രാൻങ്കു ജനതകളെ ഒന്നിപ്പിച്ച് ഏകഭരണത്തിൻ കീഴിലാക്കി ഫ്രാൻസിൻറെ നിർമ്മാതാവായി ഭരണം നടത്തിയ വ്യക്തിയാണ് ക്ലോവിസ്. അദ്ദേഹമാണ് ഗോളിൻറെ (ഇന്നത്തെ ഫ്രാൻസിൻറെ) ആദ്യ ക്രിസ്ത്യൻ രാജാവ്. രാജാവിനോടൊപ്പം ഫ്രഞ്ചുജനത മുഴുവൻ ക്രിസ്തുമതം സ്വീകരിക്കുകയും ഫ്രാൻസ് കത്തോലിക്ക രാഷ്ട്രമായി മാറുകയും ചെയ്തു. അങ്ങനെ ക്രിസ്തുമതം ഫ്രാൻസിൻറെ ഔദ്യോഗിക മതമായിത്തീർന്നു. മതവും രാഷ്ട്രവും അന്നുമുതൽ കൈകോർത്തുമുന്നേറി. രാജാവിനെ വാഴിക്കുന്നത് കത്തീഡ്രൽ ദൈവാലയത്തിൽ വെച്ച് മെത്രാനായിരുന്നു.
ചരിത്രത്തിൽ ഫ്രഞ്ചുകത്തോലിക്കസഭയ്ക്ക് അഭിമാനിക്കാൻ ഏറെകാര്യങ്ങളുണ്ട്. 1309 മുതൽ 1377 വരെ അവിഞ്ഞോൺ പേപ്പസിയുടെ രൂപീകരണത്തിലൂടെ മാർപാപ്പമാർക്ക് അഭയമേകിയത് ഫ്രാൻസായിരുന്നു. ഏഴ് ഫ്രഞ്ചു പാപ്പാമാർ അവിഞ്ഞോണിൽ ഭരണം നടത്തിയിട്ടുണ്ട്. ക്ലോവിസ് ഒന്നു മുതൽ ഫ്രഞ്ചുവിപ്ലവം വരെ (1789) ക്രിസ്തുമതം ഫ്രാൻസിലെ ഏക ഔദ്യോഗികമതമായി നിലനിന്നുപോന്നു.
ഒട്ടനവധി വിശുദ്ധരെ സമ്മാനിച്ച സഭയാണ് ഫ്രാൻസിലെ കത്തോലിക്കാസഭ. സഭാപിതാക്കന്മാരിൽ മുൻനിരയിൽ സ്ഥാനം പിടിച്ചിട്ടുള്ള വി. ഇരണേവൂസ്, ക്ലയർവോയിലെ വി. ബർണ്ണാർദ്, ഇടവകവൈദികരുടെ മദ്ധ്യസ്ഥനായ ആർസിലെ വി. ജോൺ മരിയ വിയാനി, ആത്മീയാചാര്യനായ വി. ഫ്രാൻസിസ് ഡി സാലസ്, പാവങ്ങൾക്കു പിതാവായ വി. വിൻസെൻറ് ഡി പോൾ, വി. ഫ്രെഡറിക് ഓസാനാം, പ്രേഷിതമദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യ, വി. കാതറിൻ ലബോറെ, വി. മേരി ലാക്, വി. ബർണ്ണദീത്ത, വി. മാർഗ്ഗരറ്റ് മേരി അലക്കോക്ക്, വി. ജോവാൻ ഓഫ് ആർക്ക്, വി. ചാൾസ് ദി ഫുക്കോൾഡ്, വി. ജെർമയിൻ, വി. ലൂയിസ്മരിയ ഗ്രിഞ്ഞിയോൺ ഡ് മോൺഫോർട്ട് എന്നിങ്ങനെ ഒട്ടനവധിപുണ്യസൂനങ്ങളാൽ അലംകൃതയാണ് ഫ്രഞ്ചുസഭ.പരിശുദ്ധ കന്യകാമറിയത്തിൻറെ നിരവധി പ്രത്യക്ഷീകരണങ്ങൾ അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവളും മരിയൻ തീർത്ഥാടനകേന്ദ്രങ്ങളാൽ അനുഗ്രഹസമ്പന്നയുമാണ് ഫ്രഞ്ചുസഭ. പ്രതിവർഷം അമ്പതുലക്ഷത്തോളം തീർത്ഥാടകർ പ്രാർത്ഥനക്കായെത്തുന്ന ലൂർദ്ദ് പരി. അമ്മയുടെ തിരുസാന്നിദ്ധ്യത്തിൻറെ നിത്യനിദർശനമായി നിലകൊള്ളുന്നു. കൂടാതെ ലാസെലറ്റ്, റ്യൂ ദ്യൂ ബാക്, പോത്മാൻ ഇവയൊക്കെയും മരിയൻ സാന്നിധ്യം വിളിച്ചോതുന്ന തീർത്ഥാടനകേന്ദ്രങ്ങളാണ്.മിഷനറിമാരുടെ വിളഭൂമിതന്നെയായിരുന്നു ഒരുകാലത്ത് ഈ സഭ. യൂറോപ്യൻ നാടുകളിൽനിന്ന് വിദേശത്തേക്ക് പ്രേഷിതപ്രവർത്തനത്തിനു പോയിരുന്ന ആകെ മിഷനറിമാരിൽ അഞ്ചിലൊന്ന് ഫ്രാൻസിൽ നിന്നായിരുന്നു. ഒട്ടുമിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും, ഏഷ്യൻ രാജ്യങ്ങളായ വിയറ്റ്നാം, കൊറിയ, കംബോഡിയ, ബർമ്മ, തായ്ലാൻഡ്, ഇന്ത്യ, ചൈന എന്നിവിടങ്ങളിലെല്ലാം ത്യാഗോജ്വലമായ പ്രേഷിതസാക്ഷ്യം നൽകിയവരാണിവർ. ഇവരിൽനിന്നും ആയിരക്കണക്കിന് രക്തസാക്ഷികൾ ഉണ്ടായിട്ടുണ്ട്. ദൈവികജ്ഞാനത്താൽ ധന്യരായ അനേകം ദൈവശാസ്ത്രജ്ഞന്മാർ ഈ സഭയുടെ മണിമുത്തുകളായിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ പാരീസ് സർവ്വകലാശാലയും അതിൻറെ അഭിമാനമായ വി. അക്വിനാസും വി. ആൽബർട്ടും നൽകിയ സംഭാവനയും വി. ഇഗ്നേഷ്യസ് ലെയോളയുടെയും വി. ഫ്രാൻസിസ് സേവ്യറുടെയും സാന്നിധ്യം നൽകിയ പ്രഭാപൂരവും സഭക്കു മറക്കാനാവുന്നതല്ല. സഭയെയും ശാസ്ത്രത്തെയും സമന്വയിപ്പിക്കാൻ പരിണാമ സിദ്ധാന്തത്തിനു ക്രൈസ്തവ ഭാഷ്യം നല്കിയ തെയ്യാർഡ് ഷർദ്ദാനും ഈ സഭയുടെ മഹത് സന്താനമാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ, ഉറവിടങ്ങളിലേക്കു മടങ്ങുക (return to the sources) എന്ന ദൈവശാസ്ത്രദർശനം നൽകിയ ഹെൻട്രി ദ് ലുബാക്കും ഈ സഭയുടെ സൽഫലങ്ങളിൽപ്പെടുന്നു.
എന്നാൽ 1789 ൽ ആരംഭിച്ച ഫ്രഞ്ചുവിപ്ലവം സഭാനൗകയെ ആട്ടിയുലച്ചു. രാജ്യഭരണത്തിനെതിരായി ആരംഭിച്ച വിപ്ലവം സഭക്കും എതിരായിത്തീർന്നു. ഫ്യൂഡൽവ്യവസ്ഥിതിയും, സഭാധികാരവും അത്രമേൽ കൈകോർത്തുനിന്നിരുന്നു. മതാധികാരികൾ ഫ്യൂഡൽ വ്യവസ്ഥിതിയിൽ പ്രഭുക്കന്മാരുടെ സ്ഥാനത്തായിരുന്നു. മതം ആത്മീയതയെ പടുത്തുയർത്തുന്നതിനു പകരം അതിനെ വിൽപ്പനച്ചരക്കാക്കി, ചൂഷണമാർഗ്ഗമാക്കി മാറ്റിയിരുന്നു. സഭാനേതൃത്വത്തോടുള്ള വിദ്വേഷം (Anti Clericalism) സമൂഹത്തിൽ ആളിപ്പടർന്നു. വിപ്ലവത്തോടെ ഫ്രാൻസിൽ തുറന്നുവിട്ട ആൻറിക്ലേറിക്കലിസം എന്ന ദുർഭൂതം തുടർന്നങ്ങോട്ട് സ്വാതന്ത്ര്യത്തിൻറെ പേരിൽ നടത്തിയ തേർവാഴ്ചയാണ് ചരിത്രത്തിൽ നാം കാണുന്നത്. 1789 നവം. 2 ന് സഭയുടെ മുഴുവൻ സ്വത്തും കണ്ടുകെട്ടി. സന്ന്യാസവ്രതങ്ങൾ നിർത്തലാക്കി. എല്ലാ സന്ന്യാസസഭകളും പിരിച്ചുവിട്ടു. അവശേഷിച്ചവരെ രാഷ്ട്രത്തിൻറെ ജോലിക്കാരാക്കി മാറ്റി. 1790 ജൂലൈ 12 ന് റോമാ മാർപാപ്പയുമായുള്ള ബന്ധം വേർപെടുത്തി ഫ്രാൻസ് രാഷ്ട്രസഭയുണ്ടാക്കി. രാഷ്ട്രത്തോടു കൂറുപുലർത്തി 24% മതാധികാരികൾ രാജ്യത്തിൻറെ മേൽക്കോയ്മ അംഗീകരിച്ചു. അംഗീകരിക്കാത്ത വൈദികരെയും സന്ന്യസ്തരെയും വഞ്ചകരായി ചിത്രീകരിച്ചു കുറ്റം വിധിച്ചുകൊണ്ട് നാടുകടത്തുകയോ, കൂട്ടക്കൊല ചെയ്യുകയോ ആണുണ്ടായത്. പള്ളികൾ തകർത്തു, തിരുശേഷിപ്പുകൾ തെരുവിൽ എറിയപ്പെട്ടു, മതാഘോഷങ്ങൾ മാറ്റി പകരം രാഷ്ട്രത്തിൻറെ ആഘോഷങ്ങൾ നിലവിൽവന്നു. 1792 ൽ നിത്യം നിലനിൽക്കുന്ന റിപ്പബ്ലിക്കിൻറെ പ്രതീകമായി ലിബർട്ടി വൃക്ഷത്തിന് രൂപം കൊടുത്തു. രാഷ്ട്രീയ വിപ്ലവത്തിൻറെയും സ്വാതന്ത്ര്യത്തിൻറെയും അടയാളമായിരുന്നു അത്. യുക്തിയെ ദൈവസ്ഥാനത്തു പ്രതിഷ്ഠിച്ച് ആരാധന ആരംഭിച്ചു. ഇതാണ് യുക്തി ആരാധന (Cult of Reason) എന്നറിയപ്പെട്ടത്. 1793 നവംബർ 10 ന് പാരിസിലെ നോത്തർഡാം കത്തീഡ്രലിൽ ദീപ ശിഖ തെളിയിച്ച് യുക്തിയെ
പൂജിച്ച് ആഘോഷം നടത്തി. 1794 ൽ റോബസ്പിയർ (Robepsierre) രാഷ്ട്രത്തിന് ഒരു പുതിയ മതം കൊണ്ടുവന്നു. ദൈവത്തെ മാറ്റിനിർത്തി ഒരു പരാശക്തിയെ (Supreme Being) പ്രതിഷ്ഠിക്കുന്നതായിരുന്നു അത്. ജൂൺ 8 ന് അതിൻറെ ആഘോഷമായിരുന്നു. വിപ്ലവം അവസാനിച്ച്, ഫ്രാൻസിൽ നെപ്പോളിയൻ രാജാവായി.
1801 ജൂലൈ 15 ന് നെപ്പോളിയൻ ചക്രവർത്തിയും മാർപ്പാപ്പായുടെ പ്രതിനിധിയും കൊൺകോർഡാറ്റിൽ ഒപ്പുവച്ചുകൊണ്ട് സഭക്ക് ഭാഗിക സ്വാതന്ത്ര്യം അനുവദിച്ചു. സഭയുടെ സ്ഥാപനങ്ങളെല്ലാം രാഷ്ട്രത്തിൻറേതായി തുടരുകയും എന്നാൽ അവയിൽ ആരാധന നടത്താനുള്ള അവകാശം സഭക്കു നൽകുന്നതായി അംഗീകരിക്കുന്നതുമായിരുന്നു ഈ ഉടമ്പടി. 1814 ജൂൺ 4ന് കത്തോലിക്കാമതം ഫ്രാൻസിൻറെ മതമായി വീണ്ടും നിലവിൽവന്നു. ആരാധനാസ്വാതന്ത്ര്യം ഉറപ്പിക്കപ്പെട്ടു. 1830 ആഗസ്റ്റ് 14ന് ഫ്രാൻസിൻറെ ഭൂരിഭാഗം ആളുകളുടെയും മതം കത്തോലിക്കാ
മതം എന്ന ചാർട്ട് നിലവിൽവന്നു.എന്നാൽ തുടർന്നും ആൻറിക്ലേറിക്കലിസം അതിൻറെ വികൃത രൂപം പ്രകടമാക്കിക്കൊണ്ടിരുന്നു. 1877 മെയ് 4 ന് ഡപ്യൂട്ടി ചേംബറിൽ ഗാംബെത്ത (Gambetat) അലറി വിളിച്ചു. "ക്ലേറിക്കലിസം, അതാണ് ശത്രു". 1880 ജൂൺ 30 ന് എല്ലാ ഈശോസഭാവൈദികരെയും നാടുകടത്തി. 1880 ജൂലൈ 12 ന് ഞായറാഴ്ച അവധി എടുത്തു മാറ്റി. 1882 മാർച്ച് 28 ന് എല്ലാ പബ്ലിക് പ്രൈമറി സ്കൂളുകളിലും മതബോധനം നിരോധിച്ചു. 1882 നവംബർ 2 ന് സ്കൂളുകളിൽ നിന്ന് ക്രൂശിതരൂപങ്ങളും മതചിഹ്നങ്ങളും എടുത്തുമാറ്റാൻ നിയമമായി. 30 ഒക്ടോബർ 1886 ൽ ഏീയഹലേ നിയമത്തിലൂടെ പ്രൈമറി സ്കൂളുകളിൽ സന്ന്യാസികളും വൈദികരും പഠിപ്പിക്കാൻ പാടില്ലെന്ന നിബന്ധന കൊണ്ടുവന്നു. 24 ജനുവരി 1900 ൽ അസംപ്ഷനിസ്റ്റ് സന്ന്യാസസമൂഹത്തെ പിരിച്ചുവിട്ടു. ജൂലൈ 10, 1902 ആയപ്പോഴേക്കും 3000 കത്തോലിക്കാസ്കൂളുകൾ അനധികൃതം എന്ന ലേബലിൽ അടച്ചുപൂട്ടി. 1903 മാർച്ചു മുതൽ ജൂൺ വരെ കാലയളവിൽ 400 സന്ന്യാസസമൂഹങ്ങളെ നിരോധിച്ചു. 30,000 വൈദികർ നാടുകടത്തപ്പെട്ടു. ഫ്രഞ്ചുവിപ്ലവത്തിൽ 40000 പേർ ഗില്ലറ്റിൻ വഴി വധിക്കപ്പെട്ടു. വിപ്ലവത്തിൽ ആകെ
രണ്ടുലക്ഷത്തി അൻപതിനായിരം പേർ വധിക്കപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. കാർമലിലെ ജയിലിൽ മാത്രമായി 3 മെത്രാന്മാരും 120 വൈദികരും 50 സന്ന്യസ്തരും വധിക്കപ്പെട്ടു. 1904 ഏപ്രിൽ 1 ന് ക്രൂശിതരൂപങ്ങൾ ട്രൈബൂണലുകളിൽ നിന്നും നീക്കം ചെയ്തു. 1904 ജൂലൈ 7 ന് മതാധികാരികൾക്ക് പബ്ലിക്ക് സ്കൂളുകളിൽ പഠിപ്പിക്കാൻ അവകാശമില്ലെന്ന് നിയമം കൊണ്ടുവന്നു. 1905 ഡിസംബർ 9 ന് സഭയും രാഷ്ട്രവും തമ്മിലുള്ള വേർതിരിവ് വോട്ടിനിട്ട് നിയമമായി പ്രാബല്യത്തിൽ വന്നു. ദേവാലയത്തിൽ ആരാധനാ കാര്യങ്ങൾ നടത്താൻ സിവിൽ അധികാരികളുടെ അനുവാദം വേണമെന്നും ഭക്തസംഘടനകൾക്ക് രാഷ്ട്രത്തിൻറെ അംഗീകാരം വേണമെന്നും നിയമമായി. ജനുവരി 2, 1907 ൽ അരമനകളും, സെമിനാരികളും പള്ളിമുറികളും രാജ്യത്തിൻറെ സ്വന്തമായി ഏറ്റെടുക്കപ്പെട്ടു. പള്ളികൾ മാത്രം വിശ്വാസികളുടെ
ഉപയോഗത്തിനായി നൽകി. വൈദികൻ പള്ളിമുറികളിൽ കേവലം താമസക്കാരൻ മാത്രമായി മാറി. 29 മാർച്ച് 1910ൽ എല്ലാ കോൺഗ്രിഗേഷനുകളെയും നിർമ്മാർജനം ചെയ്തു. 1914ൽ "ദൈവമില്ലാത്ത സ്കൂളുകൾ" (Ecole Sasn Dieu) എന്ന തത്വം പരക്കെ നിലവിൽ വന്നു. പാരീസിലെ തിയേറ്ററുകൾ വൈദികരെയും സന്യസ്തരെയും അസത്യവാദികളും അധാർമികരും അക്രമികളുമെന്നവിധം അവതരിപ്പിക്കുന്ന കഥകൾ കൊണ്ട് നിറഞ്ഞു. സഭാവിരോധം അതിൻറെ പാരമ്യത്തിൽ എത്തിയപ്പോൾ ദുഃഖവെള്ളിയാഴ്ചകളിൽ മൽസ്യമാംസാദികളും മദ്യവും കൊണ്ട് വിരുന്നൊരുക്കി ഫ്രാൻസിൻറെ തെരുവീഥികളിൽ സൗജന്യമായി വിതരണം ചെയ്യപ്പെട്ടു.മതത്തെയും ദൈവത്തെയും മാറ്റിനിർത്തി സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും സംജാതമാക്കാനുള്ള ശ്രമം സമ്മാനിക്കുന്നത് രക്തച്ചൊരിച്ചിലും അരാജകത്വവും അധാർമികതയും മാത്രമായിരിക്കുമെന്ന് ഫ്രഞ്ചുവിപ്ലവം തെളിയിച്ചു. ദൈവത്തെ കുടിയിറക്കുകയും മതപഠനം നിരോധിക്കുകയും ചെയ്തുകൊണ്ട് നേടിയെടുത്തത് മനുഷ്യത്വത്തെ അവമതിക്കലും ധാർമ്മിക അരാജകത്വവുമായിരുന്നു.കാലത്തിൻറെ ചുവരെഴുത്തുകളെ വായിക്കാൻ വൈകിപ്പോയ ഫ്രഞ്ചുസഭ കാരുണ്യത്തിൻറെ മുഖം നഷ്ടപ്പെടുത്തിയപ്പോൾ അതിനു കൊടുക്കേണ്ടിവന്ന വില എത്രയോ ഭീകരമായിരുന്നു. എളിമയും കാരുണ്യവും നഷ്ടപ്പെട്ട സഭ ഏറെ അവഹേളിതമായി. സർവ്വം നഷ്ടപ്പെട്ട അവൾക്ക് ഈ സഹനയാമങ്ങൾ സ്വയം ശുദ്ധീകരണത്തിൻറെ അവസരമായിരുന്നു. സഭയുടെ അന്ത്യം കാണാൻ കോപ്പുകൂട്ടിയിരുന്ന വിപ്ലവ വീരന്മാരോട് ഫ്രഞ്ചു സാഹിത്യകാരനായ വിക്ടർ ഹ്യൂഗോ ഇങ്ങനെ പ്രഖ്യാപിച്ചു:"നിങ്ങളുടെ കച്ചവടങ്ങൾ, നിങ്ങളുടെ കാര്യലാഭങ്ങൾ, നിങ്ങളുടെ അത്യാഗ്രഹങ്ങൾ സഭയുടെമേൽ വച്ചു കെട്ടി അവളെ തകർക്കാനുള്ള ശ്രമം അവസാനിപ്പിക്കുക. സഭയെ നിങ്ങളുടെ ദാസ്യവൃത്തിക്കായി മാറ്റാൻ അമ്മയെന്നു വിളിക്കരുത്. നിങ്ങളുമായി താദാത്മ്യപ്പെടുത്തി നിങ്ങൾ സഭയെ കാണരുത്. അവളുടെ മേൽ നിങ്ങൾ വരുത്തിവെച്ച നാശം നിങ്ങൾ കാണുക. നിങ്ങൾ സഭയെ അൽപ്പം സ്നേഹിക്കുന്നു, എന്നാൽ ഏറെ ദ്വേഷിക്കുന്നു. സത്യം ഞാൻ നിങ്ങളോടു പ്രഖ്യാപിക്കുന്നു:അവൾ നിങ്ങളെ അതിജീവിക്കും. നിങ്ങൾ അവസാനിക്കുമ്പോൾഅവൾ തിരിച്ചുവരും.
"ബഹുമാനിതയായ സഭയെ, ബഹുമാനിതയായ ഈ അമ്മയെ അവളുടെ പരിത്യക്തതയിൽ വിട്ടേക്കുക. അവളുടെ ശൂന്യവൽക്കരണത്തിൽ, അവളുടെ എളിമപ്പെടലിൽ അവളെ വിട്ടേക്കുക. ഇവയെല്ലാം അവളുടെ മഹത്വത്തെ രൂപപ്പെടുത്തിക്കൊള്ളും. അവളുടെ പരിത്യക്താവസ്ഥ ജനപദങ്ങളെ ആകർഷിച്ചുകൊള്ളും. ശൂന്യവൽക്കരണമാണ് അവളുടെ ശക്തി, എളിമയാണ് അവളുടെ മഹത്വം."നിങ്ങൾ മതബോധനത്തെക്കുറിച്ചാണോ എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്നത്? യഥാർത്ഥ മതബോധനത്തെക്കുറിച്ച്; പരമമായ മതപഠനത്തെക്കുറിച്ച്? നിങ്ങൾ എന്തു മനസ്സിലാക്കുന്നു? നാം ആ സത്യത്തിനു മുമ്പിൽ ശിരസു നമിക്കേണ്ടതാണ്. മരണാസന്നനായ രോഗിയുടെ കിടക്കയ്ക്കരികെ ഉറക്കമിളച്ചു കാത്തിരിക്കുന്ന സന്ന്യാസിനിയുടെ ശുശ്രൂഷയല്ലേ യഥാർത്ഥ മതബോധനം? തെരുവീഥിയിൽ അലഞ്ഞുതിരിയുന്ന അനാഥക്കുഞ്ഞുങ്ങളെയും പാവങ്ങളെയും പെറുക്കിയെടുത്തു വളർത്തുന്ന വിൻസെൻറ് ഡി പോളിൻറെ പ്രവർത്തനമല്ലേ മതബോധനം? പ്ലേഗുബാധിതരുടെ മധ്യത്തിലൂടെ ഇറങ്ങിനടന്ന് ശുശ്രൂഷ ചെയ്ത മർസയ്യിലെ (Marseillse) ബിഷപ്പ്! വിപ്ലവകാരികൾ പരസ്പരം കൊലവിളി
ഉയർത്തി ഏറ്റുമുട്ടവെ മരണത്തെ തെല്ലും കൂസാതെ, കയ്യിൽ കുരിശുയർത്തി സമാധാനം എന്നു പ്രഖ്യാപിച്ചു കടന്നുവന്ന പാരിസിലെ ആർച്ചുബിഷപ്പ്! ഇതല്ലേ യഥാർത്ഥ മതബോധനം?" (വിക്ടർ ഹ്യൂഗോ,ജനുവരി 15, 1850).
വിക്ടർ ഹ്യൂഗോ അന്നു പ്രവചിച്ചതുപോലെതന്നെ സംഭവിച്ചു. ഫ്രഞ്ചുസഭ അവളുടെ വിലാപത്തിൻറെ മേലങ്കിയും, പരിത്യക്തതയുടെ വസ്ത്രവും മാറ്റി ഉപരി വിശുദ്ധിയുടെ ശുഭ്രവസ്ത്രമണിഞ്ഞ് വിപ്ലവനാളുകളെ അതിജീവിച്ച് പ്രത്യക്ഷയായി. അവിടെ വീണ്ടും പുണ്യപുഷ്പങ്ങൾ വിരിഞ്ഞു. അതിൽ ഏറ്റം സൗരഭ്യമേറിയതായിരുന്നു ലിസ്യുവിൽ വിരിഞ്ഞ ചെറുപുഷ്പം. ഇന്ന് ഫ്രഞ്ചുസഭക്ക് 98 രൂപതകളിലായി ഇരുപതിനായിരത്തിൽപ്പരം വൈദികരും, നാൽപ്പതിനായിരിത്തോളം സന്ന്യസ്തരുമുണ്ട്. ഫ്രാൻസിലെ ആകെ ജനസംഖ്യയുടെ എൺപതു ശതമാനത്തോളം കത്തോലിക്കരാണ്. എങ്കിലും സങ്കടകരമെന്നേ പറയേണ്ടൂ, അവരിൽ പത്തു ശതമാനത്തിൽ താഴെവരും കൗദാശികജീവിതം നയിക്കുന്നവർ. വി. ജോൺ മരിയ വിയാനി ഓർമപ്പെടുത്തുന്നു: "സഭയെ നശിപ്പിക്കാൻ ഒരുവൻ ആഗ്രഹിച്ചാൽ അയാൾ വൈദികരെ ആക്രമിച്ചുകൊണ്ടു തുടങ്ങുന്നു. എന്തെന്നാൽ എവിടെ വൈദികരില്ലാതാകുന്നുവോ അവിടെ വിശുദ്ധ കുർബാന ഇല്ലാതാകും. എവിടെ വിശുദ്ധ കുർബാന ഇല്ലാതാകുന്നുവോ അവിടെ മതവും ഇല്ലാതാകും". സഭയ്ക്കു നേരെയുള്ള ആക്രമണങ്ങളിൽ മനംനൊന്ത കാൾ റാനർ ഇങ്ങനെ പ്രതികരിക്കുന്നു: "സഭ മുഖത്ത് ചുളിവുകളും ചാലുകളും വന്ന ഒരു വൃദ്ധയാണ്. എന്നാലും അവൾ എൻറെ അമ്മയാണ്. എൻറെ അമ്മയെ ഒരുത്തനും തല്ലാൻ ഞാൻ സമ്മതിക്കുകയില്ല".
സഭ ദൈവജനത്തോടും ലോകത്തോടും, വിശിഷ്യ, പാവങ്ങളോടുമുള്ള കടമ മറക്കരുത് എന്ന് ഫ്രഞ്ചു സഭയുടെ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. ഒപ്പം മതം സുഖജീവിതത്തിനും ആധിപത്യത്തിനും ഉള്ള ഉപകരണമാക്കരുത് എന്ന താക്കീതും അതു നൽകുന്നു. സഭയുടെ ബാഹ്യഘടകത്തിൻറെ എല്ലാ ജീർണ്ണതകൾക്കുമപ്പുറം ദൈവത്തിൻറെ പരിപാലനയുടെ കരങ്ങൾ അവളെ സംരക്ഷിക്കുന്നു എന്ന പ്രത്യാശയുടെ സന്ദേശവും ഫ്രഞ്ചുസഭ നമുക്കായി പങ്കുവക്കുന്നു. സഭയിൽ ഇനിയും എന്താണ് മാറാനുള്ളത് എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം വാഴ്ത്തപ്പെട്ട മദർതെരേസ നൽകുന്നു: "നീയും ഞാനുമാണ് സഭയിൽ മാറേണ്ടത്. അഥവാ നിനക്കും എനിക്കുമാണ് മാറ്റമുണ്ടാകേണ്ടത്". ഈവസ്തുതയിലേക്കും ഫ്രഞ്ചുസഭ വിരൽചൂണ്ടുന്നു.
സ്പെയിനിലെ സഭയുടെ നൊമ്പരങ്ങൾ ആൻറിക്ലെറിക്കലിസം ദുരന്തം വിതച്ച മറ്റൊരു ക്രൈസ്തവ രാജ്യത്തിൻറെ ചരിത്രം കൂടി കുറിക്കട്ടെ. ആദ്യ നൂറ്റാണ്ടിൽത്തന്നെ സുവിശേഷവെളിച്ചത്താൽ പ്രകാശിതമായ രാജ്യമാണ് സ്പെയിൻ. വി. പൗലോസും വി. യാക്കോബും അവിടെയെത്തി ക്രൈസ്തവ സഭയ്ക്ക് ആരംഭംകുറിച്ചു. ക്രിസ്തീയ രാജ്യമായി മാറിയ സ്പെയിൻ എണ്ണിയാൽത്തീരാത്ത മിഷനറിമാർക്ക് ജന്മം നല്കിയിട്ടുണ്ട്. അനേകം വിശുദ്ധാത്മാക്കളാൽ ധന്യമാണ് സ്പെയിനിലെ കത്തോലിക്കാ സഭ. സന്ന്യാസ സഭകളും ദൈവിളികളുംകൊണ്ട് സമ്പന്നമായിരുന്നു ആ സഭ. മാനംമുട്ടെ ഉയർന്നുനില്ക്കുന്ന കമനീയങ്ങളായ ദൈവാലയങ്ങൾ ആ സഭയുടെ കഴിഞ്ഞകാല വിശ്വാസദാർഡ്യവും പ്രൗഢിയും വിളിച്ചോതുന്നു.
എന്നാൽ 1930ൽ ആരംഭിച്ച ആഭ്യന്തര വിപ്ലവം 1936 ആയപ്പോഴേക്കും സംഘടിത രൂപം സ്വീകരിച്ച് ഗവൺമെൻറിനും ഭരണത്തെ പിന്തുണച്ചിരുന്ന കത്തോലിക്കാസഭയ്ക്കും എതിരായി ശക്തിയാർജ്ജിച്ചു.വിപ്ലവം കത്തോലിക്കാസഭയ്ക്കെതിരായി ഉയർന്നുവരാൻ കാരണങ്ങൾ പലതുണ്ടായിരുന്നു. കത്തോലിക്കാസഭ ക്രൈസ്തവ മൂല്യങ്ങൾ കൈവിട്ടു എന്നതാണ് അവയിൽ പ്രധാനമായത്. സാമാന്യജനത്തിൻറെആവശ്യങ്ങളിൽ ശ്രദ്ധ ചെലുത്താതെ പാരമ്പര്യങ്ങളെയും ആചാരനുഷ്ഠാനങ്ങളെയും മുറുകെപിടിച്ചുകൊണ്ട് നിയമങ്ങളെ കർക്കശമായി അവതരിപ്പിക്കുന്നതിൽ മാത്രമായിരുന്നു സഭാധികാരികളുടെ ശ്രദ്ധ.വിദ്യാഭ്യാസസ്ഥാപനങ്ങൾ സഭയുടെ കുത്തകയായിരുന്നു. സന്ന്യാസ സമൂഹങ്ങൾ ടെക്നിക്കൽ വിദ്യാഭ്യാസമേഖല കൈയടക്കിവച്ചിരുന്നു. കരകൗശലനിർമ്മാണം, തുന്നൽ, മരപ്പണി, ഇങ്ങനെ തൊഴിൽ മേഖലയിൽ അവർ പരിശീലനം നല്കിയിരുന്നു. അവർ നിർമ്മിച്ച ഉല്പന്നങ്ങൾ കമ്പോളങ്ങളിൽ നിറഞ്ഞിരുന്നു. അത് എതിർപ്പിനെ ക്ഷണിച്ചുവരുത്തി.
കമ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയും ചേർന്ന പോപ്പുലർ ഫ്രണ്ട് 1936 ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് ഗവൺമെൻറ് രൂപീകരിച്ചു. തുടർന്ന് സഭയെ ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങൾ ആരംഭിച്ചു. സ്കൂളുകളിൽ നിന്ന് ക്രൂശിതരൂപങ്ങളും വിശുദ്ധരുടെ ചിത്രങ്ങളും മാറ്റി. വിശുദ്ധരുടെ തിരുന്നാളുകൾ നിർത്തലാക്കി. പൊതുപ്രദക്ഷിണങ്ങൾ നിരോധിച്ചു. പള്ളികളും മഠങ്ങളും
തുടരെത്തുടരെയായി ആക്രമിക്കപ്പെട്ടു. അൾത്താരകളും അരമനകളും വൈദികരുടെയും മെത്രാന്മാരുടെയും രക്തംകൊണ്ട് കുതിർന്നു. സക്രാരികൾ കുത്തിത്തുറന്ന് തിരുവോസ്തികൾ തെരുവിലെറിഞ്ഞു.വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഴിക്കവലകളിൽ ചിതറിക്കിടന്നു. വെടിയേറ്റ്, രക്തം വാർന്നൊഴുകുന്ന ശവശരീരങ്ങൾക്കൊണ്ടു നിറഞ്ഞ ലോറികൾ രാത്രിയാമങ്ങളിലെല്ലാം നിരത്തിലൂടെ പായുന്നത് നിത്യസംഭവമായി. കൂടുതൽ ക്രൈസ്തവരെ കൊല്ലുന്നവർക്ക് മദ്യവും മദിരാഷിയും നല്കി വിജയം ഘോഷിച്ചു. ഈ വിപ്ലവത്തിൽ പതിമൂന്ന് മെത്രാന്മാരും, സന്ന്യസ്ഥരും വൈദികരുമായി 6832 പേരും, സാധാരണ വിശ്വാസികളായിരുന്ന 80000 പേരും വധിക്കപ്പെട്ടു. വൈദികരെയും സന്ന്യസ്ഥരെയും മുയലുകളെ കൊല്ലുന്നതുപോലെ വെടിവച്ചുകൊന്നു എന്ന്ചരിത്രം രേഖപ്പെടുത്തുന്നു. ബഹുഭൂരിപക്ഷം വൈദികരും സന്ന്യസ്ഥരുമെല്ലാം സാധാരണ ലളിതജീവിതം നയിക്കുന്നവരായിരുന്നെങ്കിലും അവർ പ്രതിനിധാനം ചെയ്തത് ഒരു കെടുകാര്യസ്ഥതാ സ്ഥാപനത്തെയാണ് എന്ന ധാരണ ജനങ്ങൾക്കിടയിൽ വ്യാപിച്ചിരുന്നു. കാരുണ്യം വിസ്മരിച്ച് ധാർഷ്ഠ്യം പുലർത്തിയ ക്ലേർജിക്ക് ജനം കൊടുത്ത മറുപടിയായിരുന്നു ഇതെന്ന് പലരും വിലയിരുത്തി.
റഷ്യൻ ചരിത്രവും നമുക്കുമുൻപിൽ മുന്നറിയിപ്പ് നൽകുന്നു. റഷ്യയിലെ കമ്യൂണിസ്റ്റ് ഭരണത്തിൽ കീഴിൽ ക്രിസ്തീയതയെ നാമാവശേഷമാക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം ഒടുവിൽ സമ്മാനിച്ചത് സമൂഹത്തിൻറെ ധാർമികാധഃപതനമായിരുന്നുവെന്ന് നവീന റഷ്യയുടെ ശില്പി ഗോർബച്ചേവ് പെരിസേത്രായിക്കയിലൂടെ തുറന്നു സമ്മതിക്കുന്നു. ദൈവത്തെയും മതത്തെയും നിഷേധിച്ചിടത്ത് മനുഷ്യനെയും മൂല്യങ്ങളെയും നിഷേധിക്കേണ്ടിവന്നു. കുടുംബത്തകർച്ചയും ലൈംഗിക അരാജകത്വവും മദ്യത്തിൻറെയും മയക്കുമരുന്നിൻറെയും ഉപയോഗവും നടമാടി. സമൂഹം ലക്ഷ്യമില്ലാത്ത യാത്ര ആരംഭിച്ചു. അധഃപതനത്തിൻറെ പടുകുഴിയിൽ രാഷ്ട്രം എത്തിച്ചേർന്നു. ക്രിസ്തീയതയെ മാറ്റി നിർത്തി മാനവികതയെ ഉറപ്പിക്കാനാവില്ല എന്ന സത്യം ഒരിക്കൽകൂടി ഉറപ്പിക്കപ്പെട്ടു.
ഇന്ന് യൂറോപ്യൻ രാജ്യങ്ങളും മറ്റു വികസിതരാജ്യങ്ങളും മതനിരപേക്ഷതയുടെപേരിൽ ക്രിസ്തുവിനെ നിഷേധിച്ചുകൊണ്ട് മാന്യതയുടെയും പുരോഗമനത്തിൻറെയും മൂടുപടം ധരിച്ച് വ്യക്തിസ്വാതന്ത്ര്യത്തിൻറെയും മാനവികതയുടെയും വക്താക്കളായി സ്വയം അവതരിക്കാൻ നടത്തുന്ന ശ്രമങ്ങളൊക്കെയും അവർക്കു സമ്മാനിക്കുന്നതും വരും തലമുറയുടെ അധാർമികതയും അരാജകത്വവുമായിരിക്കുമെന്നതിൻറെ സൂചനകൾ കണ്ടുതുടങ്ങിയിരിക്കുന്നു. ക്രിസ്തുവിനെ മാറ്റിനിർത്തുന്ന എല്ലാ രാജ്യങ്ങളും ആത്യന്തികമായി ചെന്നെത്തുന്നത് മാനവികതയുടെ നിഷേധത്തിലേയ്ക്കും മൂല്യത്തകർച്ചകളിലേയ്ക്കും കാടത്തത്തിൻറെയും പൈശാചികതയുടെയും ലോകത്തിലേയ്ക്കുമായിരിക്കും എന്നത് സ്പഷ്ടമായ വസ്തുതയാണ്.
clericalism anticlericalism James kiliyananikkal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206