x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ മത ശാസ്ത്ര സംവാദം

ശാസ്ത്രലോകത്തിലെ സഭാവിജ്ഞാനീയം

Authored by : Dr. Augustine Pamplany On 28-May-2021

ശാസ്ത്രലോകത്തിലെ സഭാവിജ്ഞാനീയം

ശാസ്ത്രലോകത്തിലെ സഭാവിജ്ഞാനീയം തിരുസഭ:

അസ്തിത്വത്തിന്‍റെ നവീനഭാവം നൂതനവും അനുസ്യൂതവുമായ യാഥാര്‍ത്ഥ്യത്തിന്‍റെ ആവിര്‍ഭവിക്കുന്ന പരിണാമാത്മക വീക്ഷണം സഭയ്ക്കു നേരെ നോക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. ഈ വീക്ഷണം സഭയ്ക്ക് നിരവധി പുതിയ മാനങ്ങള്‍ നല്‍കുന്നു - പ്രത്യേകമായി അവളുടെ ആത്മാവബോധത്തിലും ദൗത്യത്തിലും. 


സഭാസ്വത്വത്തിന്‍റെ നിര്‍വ്വചനം

അതിരിക്തതയിലേക്കു കടന്നുപോകുവാനുള്ള പ്രപഞ്ചത്തിന്‍റെ അഭിവാഞ്ചയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ സഭ എന്ന യാഥാര്‍ത്ഥ്യം, ഈ ആന്തരികമുന്നേറ്റത്തെ ത്വരിതപ്പെടുത്തുന്ന പുതിയ തരം അസ്തിത്വാവസ്ഥയായി പരിഗണിക്കാം. ഏകതാനതയുടെ (wholeness) പ്രഭവവും പ്രയാണവും ഒരു വ്യക്തിയിലേക്ക് ഒതുക്കാനാകില്ല. പകരം ഒരു സമൂഹത്തിന്‍റെ ഒരുമയില്‍ ഈ ഏകതാനത അതിന്‍റെ സാഫല്യം കണ്ടെത്തും. പൂര്‍ണ്ണത തേടിയുള്ള ഒരു യാഥാര്‍ത്ഥ്യത്തിന്‍റെ വ്യക്തിപരവും ഐകരൂപ്യമാര്‍ന്നതുമായ പ്രവര്‍ത്തനശക്തി പൂര്‍ണ്ണവും പക്ഷേ അപൂര്‍ണ്ണവുമായ രീതിയില്‍ സഭയുടെ കൂട്ടായ്മയില്‍ സ്വയം പ്രകടമാക്കുന്നു. അതിനാല്‍ സഭയുടെ ചരിത്രം പ്രപഞ്ചത്തിന്‍റെ ചരിത്രം വരെ പരന്നു കിടക്കുന്നു. പ്രപഞ്ചചരിത്രത്തിലുള്ള സഭയുടെ സാന്നിദ്ധ്യം കഴിഞ്ഞകാലത്തെ എല്ലാ അസ്തിത്വങ്ങള്‍ക്കും യാഥാര്‍ത്ഥ്യത്തിന്‍റെ ഒരു സ്വതന്ത്രസ്ഥാനം നല്കുന്നു. അതുപോലെതന്നെ പ്രാപഞ്ചികമായ ഐക്യത്തില്‍ ഇനിയും പങ്കെടുക്കാനുള്ളവയ്ക്ക് സഫലീകൃതമാകുന്ന പുതിയ സാമൂഹികാവസ്ഥയും നല്കുന്നു. അതിനാല്‍, സഭയുടെ അസ്തിത്വം, അസ്തിത്വത്തിന്‍റെ സത്താപരമായ ഐക്യം സംരക്ഷിക്കാനും സഫലീകരിക്കാനുമായി ദൈവികമായി സംവിധാനം ചെയ്യപ്പെട്ട ഒരു പ്രാപഞ്ചികചട്ടക്കൂടാണ്.


സഭയെ സംബന്ധിച്ചുള്ള ബൈബിളധിഷ്ഠിത ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനപരമായ ഉള്‍ക്കാഴ്ചയാണ് നാം ദാര്‍ശനികമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സഭ പുതിയ ഇസ്രായേലായുള്ള കാഴ്ചപ്പാടും അതിനു പിന്നിലെ യഥാര്‍ത്ഥദര്‍ശനവും സഭയുടെ പ്രഥമ ദൈവവിളി അസ്തിത്വത്തിന്‍റെ പൂര്‍ണ്ണത പ്രോത്സാഹിപ്പിക്കുകയാണെന്ന് സ്ഥിരീകരിക്കുന്നു. [50] ബൈബിള്‍കഥ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും സൃഷ്ടിയോടു കൂടി ആരംഭിച്ച് (ഉത്.1:12) പുതിയ ആകാശത്തോടും പുതിയ ഭൂമിയോടും കൂടി അവസാനിക്കുന്നു (വെളി.21:10). സ്വാരസ് പ്രഭുവിന്‍റെ അഭിപ്രായത്തില്‍, "പൂര്‍ണ്ണതയ്ക്ക് (shalom) നേരേയുള്ള അവരുടെ യാത്രയില്‍ മനുഷ്യവംശത്തിന്‍റെയും പ്രപഞ്ചത്തിന്‍റെയും പരിണാമത്തിന്‍റെ കഥയാണ്" [51] ഇത്. ഒന്നുമില്ലായ്മയില്‍ നിന്ന് ക്രമം സൃഷ്ടിക്കുന്ന ദൈവത്തിന്‍റെ പ്രവൃത്തിയാണ് സൃഷ്ടി. പക്ഷേ മനുഷ്യന്‍റെ പാപാവസ്ഥ ക്രമവും ഐക്യവും നശിപ്പിക്കുന്നു. അപ്പോള്‍ ദൈവം പ്രപഞ്ചത്തില്‍ ക്രമം പുനസ്ഥാപിക്കുന്നതിനുള്ള മുന്‍കൈയ്യെടുക്കുന്നു. ഈ ഉദ്ദേശത്തോടു കൂടി അവന്‍ ഇസ്രായേലിനെ തിരഞ്ഞെടുക്കുന്നു. ദൈവത്തിന്‍റെ നവീകരണപദ്ധതിയുടെ സാര്‍വ്വത്രികസാദ്ധ്യത ആരംഭം മുതലേ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. വാള്‍ട്ടര്‍ ബ്രൂഗ്മാന്‍റെ അഭിപ്രായത്തില്‍, "ഇസ്രായേലിന്‍റെ രൂപീകരണത്തോടും സൃഷ്ടിയുടെ പുനഃക്രമീകരണത്തോടുമൊപ്പം വെറുതെയൊന്നായിരുന്നില്ല അബ്രാമിന്‍റെയും സാറായുടെയും വിളി.... വിളിച്ചവന്‍റെ ആഗ്രഹം പോലെ ഈ പുതിയ കുടുംബത്തിലൂടെ മനുഷ്യചരിത്രം മുഴുവന്‍ ഐക്യവും യോജിപ്പും കൊണ്ടുവരാനാകുമെന്നായിരുന്നു ദൈവത്തിന്‍റെ പ്രത്യാശ." [52]


ദൈവികപദ്ധതിയുടെ തുടര്‍ച്ചയെന്നവണ്ണം ഇസ്രായേലിന്‍റെ പാതയില്‍, സഭാസ്തിത്വത്തിന്‍റെ അര്‍ത്ഥം ഐക്യത്തിന്‍റെയും പൂര്‍ണ്ണതയുടെയും സംരക്ഷണമായിരിക്കാം. ഐക്യത്തിന്‍റെയും പൂര്‍ണ്ണതയുടെയും ദൗത്യം പുതിയ നിയമത്തില്‍ തുടര്‍ന്നുകൊണ്ടുപോയത് ക്രിസ്തുവിലൂടെയാണ്. "അതായത്, ദൈവം മനുഷ്യരുടെ തെറ്റുകള്‍ അവര്‍ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേല്‍പിച്ചുകൊണ്ട് ക്രിസ്തുവഴി ലോകത്തെ തന്നോട് രമ്യതപ്പെടുത്തുകയായിരുന്നു" (2 കൊറി.5:19). ക്രിസ്തുവിന്‍റെ അനുരജ്ഞന സന്ദേശം ഭരമേത്പിക്കപ്പെട്ടിരിക്കുന്ന സഭ ലോകത്തില്‍ ഐക്യത്തിന്‍റെ ഉറവിടമായി വര്‍ത്തിക്കുന്നു. ബൈബിള്‍ ബിംബമായ ദൈവരാജ്യത്തിലൂടെ സൂചിപ്പിക്കപ്പെടുന്ന സഭയും അതിന്‍റെ അര്‍ത്ഥം ഐക്യവും പുതുമയും പ്രോത്സാഹിപ്പിക്കുന്നത് എന്നതായി പ്രഖ്യാപിക്കുന്നു. പുരാതന പൗരസ്ത്യ സങ്കല്പമായ ദൈവത്തിന്‍റെ രാജത്വത്തിലാണ് ദൈവരാജ്യം എന്ന ആശയം അടിസ്ഥാനമിട്ടിരിക്കുന്നത്. ഈ മിത്തനുസരിച്ച് ഒന്നുമില്ലായ്മയെ അതിജീവിച്ച് ലോകത്തെ സൃഷ്ടിച്ചുകൊണ്ട് ദൈവം സ്വയം രാജാവാണെന്ന് കാണിച്ചുകൊടുക്കുന്നു. ഭൂമിയുടെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിച്ചുകൊണ്ടും ദൈവം രാജാവാണെന്ന് തെളിയിക്കുന്നു. അങ്ങനെ ഭൂമിയുടെ ഫലഭൂയിഷ്ഠത ദൈവത്തിന്‍റെ ആദ്യകാല സൃഷ്ടിപ്രവര്‍ത്തനത്തിന്‍റെ പുനരവതരണമാണ്. സഭ ദൈവരാജ്യമെന്ന നിലയില്‍ ശൂന്യതയില്‍ ഐക്യം സ്ഥാപിക്കുക, ലോകത്തിന്‍റെ എല്ലാ പ്രക്രിയകളിലും ഈ ഐക്യം സംരക്ഷിക്കുക എന്നീ ദൈവികദൗത്യങ്ങള്‍ ചെയ്യുന്നുവെന്ന് നമുക്കു പറയാനാകും. സഭടെ സംബന്ധിക്കുന്ന ബൈബിള്‍ രൂപകങ്ങളായ 'ഭൂമിയുടെ ഉപ്പ്' 'ലോകത്തിന്‍റെ പ്രകാശം' എന്നിവയും ഈ വീക്ഷണം ഉള്‍ക്കൊള്ളുന്നതിനായി വിശദീകരിക്കാവുന്നവയാണ്. 


സഭയും കൂദാശകളും 

സഭ ജീവിക്കുകയും വളരുകയും ചെയ്യുന്നത് കൂദാശകളിലും കൂദാശകളിലൂടെയുമാണ്. സഭയുടെ ജീവിതത്തെയും ദൗത്യത്തെയും സ്ഥാപിക്കുന്നത് തന്നെ കൂദാശകളാണ്. പുതിയ സമൂഹജീവിതത്തിലേക്കുള്ള സഭയുടെ സമഗ്രമായ വിളി, തന്‍റെ കൗദാശികജീവിതത്തിന്‍റെ സമഗ്രമായ ആഴങ്ങള്‍ കണ്ടെത്തുന്നതിന് അവളെ ക്ഷണിക്കുന്നു. ശാസ്ത്രീയലോകവീക്ഷണത്തിന്‍റെ അതിഭൗതികമായ ചട്ടക്കൂടും കൗദാശിക ദൈവശാസ്ത്രത്തിന്‍റെ വിശാലസാദ്ധ്യതകള്‍ അവതരിപ്പിക്കുന്നതിന് നമ്മെ സഹായിക്കുന്നു. ശാസ്ത്രങ്ങളുടെ രഹസ്യാത്മക പ്രപഞ്ചം ഒരു തരത്തില്‍ ഒരു കൗദാശിക യാഥാര്‍ത്ഥ്യമാണ്. അതിന് ക്രിസ്തീയ കൂദാശകളെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ പുതിയ വഴിയ്ക്ക് തിരിച്ചുവിടാനാകും. 


പ്രപഞ്ചത്തിന്‍റെ കൗദാശികത (The sacrementality of the cosmos)

ദൈവികവെളിപാടിന്‍റെ ഒരു രീതിയായും ദൈവികപ്രകൃതത്തിന്‍റെ ഒരു പ്രകടനമായും, ക്രിസ്തീയ ദൈവശാസ്ത്രത്തില്‍ ലോകം ഒരു പ്രതീകാത്മകയാഥാര്‍ത്ഥ്യമായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്. ഈ കാഴ്ചപ്പാട് ഇതിന്‍റെ പൂര്‍ണ്ണരൂപത്തില്‍ ഇനിയും വികസിതമായിട്ടില്ല. ദൈവികമായതിന്‍റെ അതിസ്വാഭാവികസൗന്ദര്യത്തിന്‍റ സാക്ഷ്യവും അതിന്‍റെ ആഴത്തിന്‍റെ പ്രകടനവുമാണ് ലോകം. "ലോകസൃഷ്ടി മുതല്‍ ദൈവത്തിന്‍റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്" (റോമ.1:20). "ആകാശം ദൈവത്തിന്‍റെ മഹത്ത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു" (സങ്കീ.19:1).
ദൈവികമായ പ്രത്യക്ഷവത്കരണത്തിന്‍റെ പ്രഥമവേദിയാണ് ലോകം. സൃഷ്ടിയിലെ ത്രിത്വദൈവത്തിലൂടെയാണ് ത്രിത്വൈകരഹസ്യം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്‍റെ സാന്നിദ്ധ്യത്തെ അനുസ്മരിപ്പിക്കുന്നതാണ് അടയാളം. യേശുക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തില്‍ ദൈവത്വം പ്രപഞ്ചത്തില്‍ തന്നെത്തന്നെ അവതരിപ്പിച്ചതുപോലെ ലോകത്തിന്‍റെ അടയാളത്തിലുള്ള ദൈവികമായ യാഥാര്‍ത്ഥ്യത്തിന്‍റെ സാന്നിദ്ധ്യം എല്ലാ സങ്കല്പങ്ങളെയും അതിവര്‍ത്തിക്കുന്നു. പ്രപഞ്ചത്തിന്‍റെ കൗദാശികത ദൈവികമായ മനുഷ്യാവതാരം സാദ്ധ്യമാക്കുന്നതില്‍ അതിന്‍റെ പൂര്‍ണ്ണമായ സാദ്ധ്യതകളെല്ലാം പ്രഘോഷിക്കുന്നു. എല്ലാ കൂദാശയുടെയും കേന്ദ്രമാകേണ്ടവന്‍ ലോകത്തിന്‍റെ പ്രഭവസ്ഥാനത്ത് തന്നെത്തന്നെ പ്രതിഷ്ഠിച്ചു. ലോകത്തിന് കൂദാശകളുടെ സ്ഥാപകകേന്ദ്രമാകുന്നതിനുള്ള വിശേഷാധികാരമുണ്ട്. ക്രിസ്തുയാഥാര്‍ത്ഥ്യത്താല്‍ ലോകം സ്ഥിരമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാല്‍, ലോകത്തിന്‍റെ കൗദാശികമായ ചലനാത്മകത (sacremental dynamism) അതിന്‍റെ കൗദാശികമായ സഫലതയ്ക്ക് ഉന്മുഖമാണ്. 


അതിനാല്‍, ലോകത്തിന്‍റെ ചരിത്രം ഒരുവിധത്തില്‍ കൗദാശിക ദൈവശാസ്ത്രത്തിലെ ആദ്യസാഹിത്യമാണ്. സ്വാഭാവികപ്രക്രിയകളും പ്രാപഞ്ചികപ്രതിഭാസങ്ങളും കൗദാശികഫലപ്രാപ്തിയെ സ്വാധീനിക്കുകയും പ്രാപഞ്ചികസമൂഹത്തിന്‍റെ അനുഭവകേന്ദ്രത്തെ ഉണര്‍ത്തുകയും ചെയ്യുന്ന ദൈവാരാധനയുടെ സംഭവമാണ്. ലോകത്തിന്‍റെ പ്രകൃതത്തിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമുള്ള അന്വേഷണങ്ങളും ലോകത്തിന് നേരെ തിരിച്ചുവിട്ട പ്രവര്‍ത്തനങ്ങളും അവയുടെ പ്രവര്‍ത്തനത്തിന്‍റെ കൗദാശികമായ പ്രഭവത്താല്‍ പ്രകൃതത്തില്‍ കൗദാശികമാണ്. ലോകത്തില്‍ സംഭവിക്കുന്നവയ്ക്കെല്ലാം അയഥാര്‍ത്ഥമായ ന്യായീകരണമോ നിഷ്കളങ്കമായ ശുഭപ്രതീക്ഷയോ പ്രോത്സാഹിപ്പിക്കുന്നതിനേക്കാള്‍ ഈ കാഴ്ചപ്പാട് സത്താപരമായി കൂടുതല്‍ സുന്ദരവും ചൈതന്യമുളളതുമായ ഒരു ലോകത്തെ അവതരിപ്പിക്കുന്നു.  തന്‍റെ കൗദാശിക ദൈവശാസ്ത്രത്തില്‍ വിമോചക ദൈവശാസ്ത്രജ്ഞനായ ലെയണാര്‍ദോ ബോഫ് സൃഷ്ടിയുടെ കൗദാശികകാഴ്ചപ്പാട് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബോഫിന്‍റെ അഭിപ്രായത്തില്‍ പ്രപഞ്ചം മുഴുവന്‍ ദൈവത്തിലൂടെയാണ് പൊട്ടിമുളച്ചത്. [53] പ്രപഞ്ചത്തിന്‍റെ സുതാര്യതയെന്ന പ്രവണതയിലൂടെ പുതിയ ഒരു കൗദാശികഘടനയും ചിന്തയും ബോഫ് അവതരിപ്പിക്കുന്നു. ലോകം അതിവര്‍ത്തനത്തിനും അന്തര്‍ലീനത്വത്തിനും ഇടയിലായി വിഭജിതമായിട്ടില്ല, എന്നാല്‍ ഏറ്റവുമടുത്ത സംജ്ഞയായ സുതാര്യത ഇവയെ രണ്ടിനെയും ആഗിരണം ചെയ്ത് അതിവര്‍ത്തിതവും അന്തര്‍ലീനുവുമായ ലോകങ്ങളില്‍ ഭാഗഭാക്കാകുന്നു. അങ്ങനെ അതിവര്‍ത്തിതം അന്തര്‍ലീനത്വത്തില്‍ സന്നിഹിതമാവുകയും അന്തര്‍ലീനമായത് അതിവര്‍ത്തിതമായതിനാല്‍ രൂപാന്തരപ്പെടുകയും ചെയ്യുന്നു. [54] എഫോസോസ് 4:6-ല്‍ ഈ സംജ്ഞകള്‍ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു: "സകലതിലുമുപരിയും സകലതിലൂടെയും (immanence) സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍ മാത്രം." സങ്കീര്‍ത്തകന്‍ കാവ്യഭാഷയില്‍ ആവിഷ്കരിച്ചതും പൗലോസ് പയന്നതും സൃഷ്ടവസ്തുക്കള്‍ സൂചിപപ്പിക്കുന്നതും അര്‍ത്ഥത്തിന്‍റെയും സത്യത്തന്‍റെയം  രഹസ്യത്തിന്‍റെയും ഒരു ധാരാളത്തം പ്രപഞ്ചത്തോടൊപ്പം സന്നിഹിതമാണ് എന്നാണ്. ശാസ്ത്രതലത്തിലെ ഒരു സംഗ്രഹിതനിരീക്ഷണത്തില്‍ ഡേവീസ് ഈ ഉദ്ദേശ്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്: "പ്രകൃതിയുടെ ശക്തികളെക്കുറിച്ച് പഠിച്ച ആര്‍ക്കും നമുക്കു ചുറ്റുമുള്ള ലോകം വളരെ വളരെ ബുദ്ധികൂര്‍മ്മതയുള്ള ഒന്നിന്‍റെ പ്രത്യക്ഷവത്കരണമാണെന്നത് സംശയിക്കാനാവില്ല." [55] ലോകത്തിന്‍റെ രഹസ്യത്തിന്‍റെ ചൈതന്യം നിറഞ്ഞ ഈ ഉള്‍ത്തലം വെളിപാടില്‍ സ്പഷ്ടമാക്കപ്പെടുകയും ശാസ്ത്രം ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. അത് ദൈവത്തെ നമ്മില്‍ സന്നിഹിതമാക്കുന്ന  ഒരു കൗദാശികയാഥാര്‍ത്ഥ്യമായി പ്രപഞ്ചത്തെ പരിഗണിക്കാനും നമ്മെ അതില്‍ പങ്കെടുപ്പിച്ചുകൊണ്ട് നമ്മുടെ അസ്തിത്വത്തിന് അര്‍ത്ഥം നല്കാനും തയ്യാറാകുന്നു. ലോകത്തെക്കുറിച്ചുള്ള ഈ കൗദാശികകാഴ്ചപ്പാടിന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കൂദാശകളുടെ അടയാളമാതൃക എന്നു വിളിക്കുന്നതിനോട് പൊതുവില്‍ പല സാദൃശ്യങ്ങളുമുണ്ട്. [56] ഈ അടയാളമാതൃകയില്‍ ലോകം ദൈവസാന്നിദ്ധ്യത്തിന്‍റെ സ്ഥലമാണ്. ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന ചൈതന്യത്തെ വ്യക്തമാക്കലാണ് ക്രൈസ്തവദൗത്യം. രക്ഷിക്കപ്പെട്ട ഒരു ലോകത്തിലുള്ള ക്രിസ്തുവിലാണ് ദൈവം സന്നിഹിതമായിരിക്കുന്നത്. 


കൂദാശകളുടെ പ്രാപഞ്ചികത (The cosmicality of the sacraments)


പ്രപഞ്ചത്തിന്‍റെ കൗദാശികത കൗദാശിക ദൈവശാസ്ത്രത്തിന് കൂടുതല്‍ വിശാലമായ അടിത്തറകള്‍ തിരയുന്നതിന് നമ്മെ നിര്‍ബന്ധിക്കുന്നു. യാഥാര്‍ത്ഥ്യത്തെ നാം പരസ്പരബന്ധിതപൂര്‍ണ്ണതയായി തിരിച്ചറിയുന്ന ഓരോ സന്ദര്‍ഭവും, യാഥാര്‍ത്ഥ്യത്തിന്‍റെ അനുഭവമുണര്‍ത്തുന്നതായിരിക്കണം. ദൈവികാനുഭവങ്ങള്‍ ഉണര്‍ത്തുന്നതും നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ അര്‍ത്ഥതലങ്ങളെ ആശ്ലേഷിക്കുന്നതുമായ കൂദാശകള്‍ക്ക് അതുണര്‍ത്തുന്ന അനുഭവവും സ്ഥാപിക്കുന്ന അര്‍ത്ഥവും ആധികാരികവും സമഗ്രവുമാകുന്നതിനുവേണ്ടി  യാഥാര്‍ത്ഥ്യത്തിന്‍റെ പ്രാപഞ്ചികതലങ്ങളുടെ ഒരു കൂടിച്ചേരല്‍ ഉണ്ടാകണം. O.C. ക്വിക്ക് പ്രസ്താവിക്കുന്നു, "ദൈവവുമായി സത്യത്തിലുള്ള ബന്ധം പ്രതിനീധികരിക്കപ്പെടുകയും ഫലപ്രദമായി സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുന്ന പൂര്‍ണ്ണതയുടെ ഒരു ഭാഗമെന്ന നിലയ്ക്കേ കൂദാശകള്‍ക്ക് പ്രസക്തിയുള്ളു." [57] ഇന്നത്തെ കൗദാശിക ദൈവശാസ്ത്രത്തിന്‍റെ മനുഷ്യകേന്ദ്രീകൃതമായ ഊന്നല്‍ കൂദാശകളുടെ പ്രാപഞ്ചികമാനങ്ങളാല്‍ തിരുത്തപ്പെടുകയും കൂട്ടിച്ചേര്‍ക്കപ്പെടുകയും പൂര്‍ത്തിയാക്കപ്പെടുകയും വേണം. ഫ്രാന്‍സിസ്  എസ്. ഡിസ അഭിപ്രായപ്പെടുന്നു: "ലോകമാണ് ആദ്യകാലകൂദാശ (the Ursakrament the Sacramentum mundi). ഈ തലത്തെ അവഗണിക്കുകയെന്നാല്‍ കൗദാശികദൈവശാസ്ത്രത്തിന്‍റെ ചരിത്രം മുഴുവന്‍ സാക്ഷ്യപ്പെടുത്തുന്നതു പോലെ അതിന്‍റെ അടിത്തറ മുഴുവന്‍ അവഗണിക്കുകയെന്നാണ്. ലോകത്തെ ഗൗരവമായെടുക്കുന്ന ഒരു കൗദാശിക ദൈവശാസ്ത്രത്തെ നാം കണ്ടെത്തുന്നത് അപൂര്‍വ്വമാണ്." [58] 


എന്നിരുന്നാലും, ക്രിസ്തീയ കൗദാശികഭാഷയുടെയും പ്രതീകാത്മകത്വങ്ങളുടെയും അന്തഃസത്ത കൂദാശകളുടെ മഹത്തായ പ്രാപഞ്ചിക ആഴങ്ങളെ സ്ഥിരീകരിക്കുന്നു. കൂദാശകളിലുപയോഗിക്കുന്ന ഭൗതികഘടകങ്ങളായ ജലം, എണ്ണ, അപ്പം, വീഞ്ഞ് മുതലായവ അവയിലേക്കുള്ള സൂചനകള്‍ മാത്രം. ദൈവത്തിന്‍റെ കൂദാശയായ ക്രിസ്തുവും സൃഷ്ടിയുടെ കൂദാശയും തമ്മിലുള്ള കൂടിച്ചേരലാണ്, അന്ത്യഅത്താഴവേളയില്‍ ക്രിസ്തു അപ്പവും വീഞ്ഞുമെടുത്ത് ഇതെന്‍റെ ശരീരവും രക്തവുമാണെന്ന് പറഞ്ഞപ്പോള്‍ സംഭവിച്ചത്. അവിടുന്ന് അപ്പത്തെയും വീഞ്ഞിനെയും തന്‍റെ ശരീരവും രക്തവുമാക്കി മാറ്റിയപ്പോള്‍ സൃഷ്ടി മുഴുവനും സത്താപരമായി ഒരു പുതിയ രീതിയില്‍ പുനഃക്രമീകരിക്കപ്പെടുകയും പുനര്‍സൃഷ്ടിക്കപ്പെടുകയും ചെയ്തു. ദിവ്യകാരുണ്യത്തില്‍ പ്രപഞ്ചം തന്‍റെ സൃഷ്ടാവിനോടൊന്നായിച്ചേരുകയും പ്രപഞ്ചത്തിന്‍റെ അടിസ്ഥാനമായ ദൈവം ദിവ്യകാരുണ്യത്തില്‍ അതിന്‍റെ ഉപരിതലത്തിലേക്കു വരുകയും ചെയ്യുന്നു. പ്രപഞ്ചത്തിന്‍റെ ദീപ്തമായ വിളക്കിലെ തുള്ളിച്ചാടുന്ന നാളമാണ് ദിവ്യകാരുണ്യം. അങ്ങനെ ദിവ്യകാരുണ്യത്തിന് പ്രപഞ്ചത്തെ എല്ലായ്പോഴും അതിന്‍റെ പുതുമയില്‍ കാത്തുസൂക്ഷിക്കാനാകുന്നു. ദിവ്യകാരുണ്യത്താല്‍ സ്ഥാപിക്കപ്പെട്ട പുതിയ ജീവിതരീതി ലോകത്തെ ഒരേസമയം സൃഷ്ടിയുടെയും പരിണാമത്തിന്‍റെയും സഫലീകരണത്തിന്‍റെയും പ്രക്രിയയാക്കി മാറ്റുന്നു. ശൂന്യതയ്ക്കും സംഘര്‍ഷങ്ങള്‍ക്കുമുപരി പ്രപഞ്ചത്തെ ഐക്യത്തിലും യോജിപ്പിലും കാത്തുസൂക്ഷിക്കാന്‍ ദിവ്യകാരുണ്യത്തിന്‍റെ തുടര്‍സ്വാധീനത്തിന് കഴിയുന്നു. അങ്ങനെ ദിവ്യകാരുണ്യത്തിന്‍റെ രഹസ്യം പ്രപഞ്ചം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നതിന്‍റെ ബഹുമാനപൂര്‍വ്വകമായ നിര്‍വ്വഹണം ഓര്‍മ്മപ്പെടുത്തുന്നു. പ്രപഞ്ചത്തിന്‍റെ രൂപാന്തരീകരിക്കപ്പെട്ട അവസ്ഥ ദിവ്യകാരുണ്യത്തില്‍ നമ്മോടൊന്നായിത്തീരുകയും, പ്രപഞ്ചഹൃദയത്തിന്‍റെ ആത്മീയകേന്ദ്രത്തിലുള്ള സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും താളാത്മകനൃത്തത്തില്‍ നാമും പങ്കാളികളാവുകയും ചെയ്യുന്നു. 


ദൈവത്തിന്‍റെയും മനുഷ്യന്‍റെയും പ്രപഞ്ചത്തിന്‍റെയും ആത്യന്തികമായ ഒന്നാകലിന്‍റെ ഉന്മാദനിമിഷമാണിത്. ദിവ്യകാരുണ്യത്തിന്‍റെ വിവരണാതീതമായ ആഴങ്ങളെക്കുറിച്ച് രണ്ടാം നൂറ്റാണ്ടില്‍ ഇരണേവൂസ് ബോധവാനായിരുന്നു: "യേശു തന്‍റെ ശിഷ്യരെ ദൈവത്തിന്‍റെ സൃഷ്ടിയുടെ ആദ്യഫലങ്ങളെ അവിടുത്തേക്ക് തന്നെ സമര്‍പ്പിക്കാന്‍ പഠിപ്പിക്കുകയായിരുന്നു. അവിടുത്തേക്ക് അവയെക്കൊണ്ട് ആവശ്യമുണ്ട് എന്ന രീതിയിലല്ല, മറിച്ച് അവര്‍ തന്നെ അവിശ്വസ്തരും നന്ദിയില്ലാത്തവരുമാകാതിരിക്കുന്നതിനു വേണ്ടിയാണ് സൃഷ്ടിയുടെ ഭാഗമായ അപ്പമെടുത്ത് കൃതജ്ഞതയര്‍പ്പിച്ച് 'ഇത് എന്‍റെ ശരീരമാണ്' എന്നു പറഞ്ഞത്. അപ്രകാരം തന്നെ നമ്മെപ്പോലുള്ള സൃഷ്ടവസ്തുക്കളില്‍ നിന്നെടുക്കപ്പെട്ട കാസ തന്‍റെ തന്നെ രക്തമായി സ്ഥിരീകരിക്കുകയും പുതിയ ഉടമ്പടിയുടെ അര്‍പ്പണത്തെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തു... അവിടുത്തെ സൃഷ്ടികളായ ഈ വസ്തുക്കളുടെ ആദ്യഫലങ്ങള്‍ ദൈവത്തിന് അര്‍പ്പിക്കാന്‍ നാം നിയുക്തരായിരിക്കുന്നു.. [59]"അല്‍ചിന്‍ കൂടുതല്‍ വ്യക്തമാക്കുന്നു: "ആരാധനക്രമം അതില്‍ത്തന്നെ മനുഷ്യന്‍ ലോകത്തെ ദൈവത്തിന് കാഴ്ചവെയ്ക്കുന്നതാണ്, ഇതൊരു കടന്നുപോകലാണ്; ഒരര്‍ത്ഥത്തിലും നിശ്ചലമായ ഒന്നല്ല, മറിച്ച് ഈ ലോകത്തില്‍ നിന്നും വരാനിരിക്കുന്ന ലോകത്തിലേക്കുള്ള, ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരു സഞ്ചാരം... ദൈവത്തിലേക്കുള്ള ഈ വരവില്‍, ഈ കാഴ്ചവയ്പ്പില്‍ മനുഷ്യവംശം മുഴുവനും പ്രപഞ്ചം മുഴുവനും ഒരര്‍ത്ഥത്തില്‍ സന്നിഹിതമാകുന്നുണ്ട്. [60]"
യാഥാര്‍ത്ഥ്യത്തിന്‍റെ സമഗ്രതയും അതുപോലെതന്നെ പാപം മൂലമുണ്ടായ അനൈക്യവും ശിഥിലീകരണവും സാര്‍വ്വത്രികമായും ശക്തമായും നാം നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കണം. അനുരജ്ഞനത്തിലേക്ക് നയിക്കുന്ന അനുതാപത്തിന്‍റെ ആഴം ഇവിടെയാണ് നാം തിരിച്ചറിയുന്നത്. തകര്‍ന്ന ഹൃദയങ്ങളെ പുനരുജ്ജീവിപ്പിച്ചുകൊണ്ടും ഐക്യം പുനസ്ഥാപിച്ചുകൊണ്ടും അനുതാപത്തിന്‍റെ കണ്ണുനീര്‍ പ്രപഞ്ചത്തിന്‍റെ അതിരുകളിലേക്ക് ഒഴുകിയിറങ്ങുന്നു. അനുരജ്ഞനത്തിന്‍റെ കൂദാശ സ്വാഭാവികവസ്ത്രം ധരിച്ച അതിസ്വാഭാവിക സംവിധാനമാണ്. അത് പ്രാപഞ്ചിക പൂര്‍ണ്ണതയുടെ ശരീരത്തെ കേടുപാടുകള്‍ പോക്കി പരിപാലിക്കുന്നു. ഇത് പണം ഈടാക്കാത്ത പരിപാലനമാണ്. ദുഃഖപൂര്‍ണ്ണമായ വിതയ്ക്കലില്ലാതെയുള്ള സന്തോഷപൂര്‍ണ്ണമായ കൊയ്ത്താണ്, കാരണം ഇതിനു മാത്രമേ പ്രപഞ്ചത്തോടുള്ള നമ്മുടെ കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ കഴിയൂ. അനുരജ്ഞനത്തോടൊപ്പമുള്ള ദിവ്യകാരുണ്യം സൃഷ്ടിമുഴുവനെയും ഒരു ദൈവികതലത്തില്‍ വീണ്ടെടുക്കുന്നു. ആധുനികശാസ്ത്രം ആവിഷ്കരിച്ച പ്രപഞ്ചത്തിന്‍റെ അടിസ്ഥാനഘടകങ്ങളുടെ അതിസ്വാഭാവിക പ്രകൃതവും ലോകത്തിന്‍റെ മൊത്തം ഘടനയുടെ വിവരണാതീതമായ അതിഭൗതികഅടിക്കെട്ടുകളും ദിവ്യകാരുണ്യത്തെയും അനുരജ്ഞനത്തെയും കുറിച്ചുള്ള നമ്മുടെ വിചിന്തനങ്ങള്‍ക്ക് പിന്തുണ നല്കിയേക്കാം. 

 

ദൈവപ്രപഞ്ചത്തിന്‍റെ പുനരവതരണം (Reenchanting the Theocosm)

സാകല്യതയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഭയുടെ സാര്‍വ്വത്രികമായ വിളി, ദൗത്യത്തിന്‍റെ യഥാര്‍ത്ഥകേന്ദ്രം അരക്കിട്ടുറപ്പിക്കാനും മുന്‍ഗണനകളെ പുനര്‍നിര്‍വ്വചിക്കാനുമുള്ള സ്ഥലം നല്കുന്നു. സൃഷ്ടിയുടെ രഹസ്യത്തിലുള്ള സഭയുടെ സത്താപരമായ പ്രാധാന്യം, ഒരുപക്ഷേ, നാം ചിന്തിച്ചതിലും സാര്‍വ്വത്രികമാണ് അവളുടെ വിളിയും ദൗത്യവുമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. സഭയ്ക്ക് അവളുടെ അനന്യതയെയും തനിമയെയും ഭാവിയെയും കുറിച്ച് ആകുലപ്പെടേണ്ട ആവശ്യമില്ല. കാരണം അസ്തിത്വത്തിന്‍റെ പ്രാപഞ്ചികരംഗത്ത് അവളുടെ അനന്യത ഉറപ്പിക്കപ്പെട്ടതും സാര്‍വ്വത്രികവുമാണ്. ആവിര്‍ഭൂതമാകുന്ന പ്രപഞ്ചദര്‍ശനത്തിന്‍റെ ചട്ടക്കൂട് സഭയ്ക്ക് ആത്മവിശ്വാസം ഉറപ്പ് നല്കുന്നു. അതിലൂടെ അവള്‍ക്ക് ഇച്ഛാഭംഗങ്ങള്‍ ഉപേക്ഷിക്കാനും ലോകത്തിന്‍റെയും മനുഷ്യന്‍റെയും രൂപാന്തരീകരണത്തിനായി നിശ്ചയദാര്‍ഢ്യത്തോടെ മുന്‍നിരയിലേക്ക് വരാനും കഴിയുന്നു. സഭയുടെ പുതിയ പ്രതിബദ്ധത പൂര്‍ണ്ണമായ ഒരു സാര്‍വ്വത്രികതയ്ക്കു വേണ്ടിയുള്ളതല്ലാതെ മറ്റൊന്നല്ല. ഈ സാര്‍വ്വത്രികത ദൈവത്തെയും മനുഷ്യനെയും പ്രപഞ്ചത്തെയും അവയുടെ പൂര്‍ണ്ണതലങ്ങളില്‍ ഒരുമിപ്പിക്കുന്നു. "ബൈബിള്‍ കഥയുടെ പ്രാപഞ്ചികവും ചരിത്രപരവും ആത്മീയവുമായ തലങ്ങള്‍ ക്രിസ്തീയദൗത്യത്തില്‍ പ്രവേശിക്കണം. അതിലൂടെ അതിന്‍റെ ചക്രവാളങ്ങള്‍ പ്രപഞ്ചം പോലെ വിശാലമാവുകയും (കാരണം രക്ഷകനായ ദൈവം സൃഷ്ടിയെ ഉപേക്ഷിക്കാത്ത സ്രഷ്ടാവായ ദൈവം കൂടിയാണ്) അതിന്‍റെ പരിഗണനകള്‍ മനുഷ്യ-പ്രപഞ്ച മുക്തിയുടെ എല്ലാ തലങ്ങളെയും ആലിംഗനം ചെയ്യുകയും (ബൈബിള്‍ കഥ പോലെ) വേണം." [61]


ഇന്ന്, മതേതരവും ഭൗതീകവുമായ ഒരു പ്രപഞ്ചവിജ്ഞാനീയത്തില്‍ പ്രപഞ്ചത്തിന്‍റെ ആദ്യകാല കൗദാശികമൂല്യം പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ പരിണാമാത്മകവളര്‍ച്ചയില്‍ കൈമോശം വന്ന പ്രപഞ്ചരഹസ്യത്തെയും യുക്തിയിലുള്ള അമിതവിശ്വാസത്തില്‍ അന്ധവിശ്വാസമെന്നു നാം കുറ്റപ്പെടുത്തിയ പ്രപഞ്ചത്തിന്‍റെ പ്രതീകാത്മകതയും നാം വീണ്ടെടുക്കേണ്ടതുണ്ട്. ക്ലാസിക്കല്‍ ഭൗതികശാസ്ത്രത്തിന്‍റെ ഭൗതികപ്രപഞ്ചം ദൈവികതയാല്‍ ഗര്‍ഭവതിയായ രഹസ്യാത്മകപ്രപഞ്ചത്താല്‍ പുനഃപ്രതിഷ്ഠിക്കപ്പെട്ടണം. മനുഷ്യകേന്ദ്രീകൃതമായ അന്തര്‍മുഖ, നിഷ്ക്രിയ പ്രപഞ്ചം, എല്ലാത്തിനെയും ആഗിരണം ചെയ്യുന്ന ഐക്യത്തിന്‍റെ വാസസ്ഥലമായ പ്രതീകാത്മകപ്രപഞ്ചത്താലും പുനഃസ്ഥാപിക്കപ്പെടണം. പരിസ്ഥിതിപ്രതിസന്ധികള്‍ക്ക് പരിഹാരമെന്ന നിലയില്‍ നമ്മുടെ അസ്തിത്വത്തിന്‍റെ പ്രാപഞ്ചികവും ദൈവികവുമായ ആഴങ്ങള്‍ തിരിച്ചറിയണം. അതിന് ദൈവികവും പ്രാപഞ്ചികവുമായത് ഒന്നായിത്തീര്‍ന്ന ഉത്പത്തിപുസ്തകത്തിലെ ഐതിഹാസിക ജ്ഞാനത്തിന്‍റെ വീണ്ടെടുപ്പുണ്ടാകണം. പ്രപഞ്ചത്തിന്‍റെ പ്രതീകാത്മകമൂല്യത്തെ പരിസ്ഥിതിബോധത്തിന്‍റെ അടിസ്ഥാനമായി അംഗീകരിക്കുന്നത്, പരിസ്ഥിതിചിന്തകര്‍ക്ക് ഒരു പുതിയ ഉള്‍ക്കാഴ്ച അല്ല എങ്കിലും നമ്മുടെ സന്ന്യാസിമാരുടെയും താപസരുടെയും ആഴമായ ആത്മജ്ഞാനത്തിലേക്കുള്ള പിന്‍വാങ്ങലാണത്. പരിസ്ഥിതിയുടെ വീക്ഷണകോണില്‍ നിന്ന് സൃഷ്ടിയെക്കുറിച്ചുള്ള ബൈബിള്‍ഭാഗം വീണ്ടും വായിക്കുന്നതും, പൗരസ്ത്യ മിസ്റ്റിസിസത്തിലെ പ്രാപഞ്ചിക ദൈവശാസ്ത്രങ്ങള്‍ക്ക് കാതോര്‍ക്കുന്നതും ഘടനയില്‍ രൂപകാത്മകവും അസ്തിത്വത്തില്‍ രഹസ്യാത്മകവുമായ ഒരനുഭവത്തിലേക്ക് നമ്മെ കൊണ്ടുപോകും. 


പ്രപഞ്ചത്തില്‍ ദൈവികമായതിന്‍റെ അനുഭവം സാകല്യദര്‍ശനത്തിന്‍റെ പരിണിതഫലമാണ്. അത് അസ്തിത്വത്തിന്‍റെ ഏകത്വത്തിനുള്ള ഏറ്റവും ഉറപ്പേറിയ അടിസ്ഥാനമായി വര്‍ത്തിക്കുന്നു. ബൈബിള്‍ സാഹിത്യത്തില്‍ ലോകത്തെയും സൃഷ്ടിയെയും സംബന്ധിക്കുന്ന ഏറ്റവും മഹത്തും ശക്തവുമായ രൂപകം ഉത്പത്തി 1:31-ല്‍ കാണാവുന്നതാണ്: "താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്ന് ദൈവം കണ്ടു." അത്ഭുതത്തിന്‍റെയും ആശ്ചര്യത്തിന്‍റേതുമായ ഒരു ദൈവശാസ്ത്രത്തില്‍ ഒന്നുചേരുന്ന സൃഷ്ടിയുടെ ദൈവശാസ്ത്രമാണിത്. തന്‍റെ സൃഷ്ടിയുടെ നേര്‍ക്കുള്ള ഒരു കലാകാരന്‍റെയോ ശില്പിയുടെയോ സന്തോഷവും ആശ്ചര്യവും തന്‍റെ തന്നെ പകര്‍ച്ചയോടുള്ള ആശ്ചര്യമാണ്. സൃഷ്ടിയിലെ തന്‍റെ ആത്മസാക്ഷാത്കാരം കണ്ട് ആശ്ചര്യപ്പെടുവാന്‍ തക്കവിധം അത്രമാത്രം മഹത്തായിരുന്നു ദൈവത്തിന്‍റെ സ്വയംദാനം. ഓരോ ജീവിയുടെയും നന്മയുടെ സത്താപരമായ അടിത്തറ സൃഷ്ടിയിലെ ദൈവത്തിന്‍റെ സ്വയം ദാനത്തിന്‍റെയും, ആത്മസാക്ഷാത്കാരത്തിന്‍റെയും, പ്രത്യക്ഷവത്കരണത്തിന്‍റെയും രഹസ്യമാണ്. സൃഷ്ടിയില്‍ നന്മതിന്മകള്‍ തമ്മില്‍ വ്യത്യാസം കാണിക്കാതെയാണ് ദൈവികത യഥാര്‍ത്ഥത്തില്‍ സൃഷ്ടിയില്‍ പ്രത്യക്ഷീഭവിച്ചത്. വസ്തുക്കളുടെ ഗുണപരമായ സ്ഥാനക്രമം ഉണ്ടായിരുന്നില്ല; ഉപയോഗപ്രദം, ഉപയോഗശൂന്യം; അര്‍ത്ഥസമ്പുഷ്ടം അര്‍ത്ഥശൂന്യം എന്നിങ്ങനെയുള്ള വിരുദ്ധദ്വന്ദ്വങ്ങള്‍ നിലനിന്നിരുന്നില്ല. പ്രാപഞ്ചികമായ യോജിപ്പിലും കൂട്ടായ്മയിലും കലാശിക്കുന്ന എല്ലാ ജീവജാലങ്ങളിലുമായി എല്ലാത്തിനെയും ഒരുമിപ്പിക്കുന്ന ദൈവികത ആദിമമനുഷ്യന്‍ അനുഭവിച്ചു.

 
ഉത്പത്തിപുസ്തകത്തില്‍ സ്വര്‍ഗ്ഗം ഭൂമിയില്‍ നിന്ന് വ്യത്യസ്തമല്ലെന്നത് ആവേശകരമാണ്. ബൈബിളിലെ ആദ്യഗ്രന്ഥം സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും ഐക്യം സ്ഥിരീകരിക്കുമ്പോള്‍ അവസാനഗ്രന്ഥമായ വെളിപാട്, അതിന്‍റെ യുഗാന്ത്യദര്‍ശനത്തില്‍ പുതിയ ആകാശവും പുതിയ ഭൂമിയും ഒരു പോലെ പ്രാധാന്യമുള്ളതാണെന്ന് അഭിപ്രായപ്പെടുന്നു. പറുദീസ ദൈവികമായതും, മാനുഷികവും, മനുഷ്യേതരവുമായവയെ പരസ്പരമുള്ള ഐക്യത്തില്‍ ഉള്‍ക്കൊള്ളുന്നു. പഴയനിയമത്തില്‍ ആകാശങ്ങള്‍ (heavens) എപ്പോഴും ബഹുവചനരൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. പറുദീസയുടെ ആദ്യദര്‍ശനപ്രകാരം അത് എണ്ണത്തിലുള്ള ബാഹുല്യമല്ല, സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള അവിഭജിതമായ ബന്ധമാണ്. സൃഷ്ടിയുടെ അദ്ധ്യായം ഭൂമിയെ ഒരു ദൈവമേഘലയായി അവതരിപ്പിക്കുന്നു. ദൈവത്തിന്‍റെ ആത്മാവാണ് അന്ധകാരം നീക്കി സൃഷ്ടിയെ അസ്തിത്വത്തിലേക്ക് കൊണ്ടുവരുന്നത്. ആത്മാവ് സൃഷ്ടികളില്‍ ഐക്യം പ്രോത്സാഹിപ്പിക്കുന്നു. സൃഷ്ടി ആത്മാവിന്‍റെ തുടര്‍പ്രവര്‍ത്തനമാണ്. അതിനാല്‍ ലോകത്തിന്‍റെ പരിണാമം മനുഷ്യനാണ് നിയന്ത്രിക്കുന്നതെന്ന് പറയുന്നത് തെറ്റാണ്. ഓരോ ജീവനിലും അന്തര്‍ലീനമായ ദൈവാത്മാവിനെ തിരിച്ചറിയുന്നതില്‍ നിന്നുമാത്രമേ പരിസ്ഥിതിബോധം രൂപം കൊള്ളുകയുള്ളു. പരിസ്ഥിതിസൗഖ്യം അതിന്‍റെ ആദ്യകാല സൗന്ദര്യത്തിലും ഐക്യത്തിലും ലോകത്തിന്‍റെ പുനഃസൃഷ്ടി ആവശ്യപ്പെടുന്നുവെങ്കില്‍ ആത്മാവിനോടുള്ള പൂര്‍ണ്ണമായ തുറവി അനിവാര്യമാണ്. "എന്‍റെ ആത്മാവേ നിശബ്ദമാവുക, ഈ വൃക്ഷങ്ങള്‍ പ്രാര്‍ത്ഥനകളാണ്" [62] എന്ന് പ്രഘോഷിക്കുമ്പോള്‍ രവീന്ദ്രനാഥ് ടാഗോര്‍ സൃഷ്ടിയിലെ ഈ ആത്മാവിനെ തിരിച്ചറിയുകയാണ്. 


"വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവ് തോട്ടത്തില്‍ ഉലാത്തുന്നതിന്‍റെ ശബ്ദം അവര്‍ കേട്ടു" (ഉത്.3:8). സാന്നിദ്ധ്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഉത്തമ അടയാളമാണ് നടക്കല്‍. സമസ്തബന്ദുക്കളിലും തന്‍റെ സൃഷ്ടാവിന്‍റെ കാല്പാടുകളുള്ള പൂന്തോട്ടമാണ് ഭൂമി.  മനുഷ്യനിലുള്ള ദൈവത്തിന്‍റെ ഛായയോട് സദൃശ്യമായ സാന്നിദ്ധ്യമാണ് ഇത്. ഓരോ ദിവസത്തിന്‍റെയും മണിക്കൂറുകളില്‍ കോടിക്കണക്കിന് ജീവജാലങ്ങളോടൊപ്പം അവിടുന്ന് ഈ ഭൂമിയില്‍ നടക്കുന്നു. മനുഷ്യന്‍റെ സ്വത്വവും വ്യക്തിപരതയും അനുചിതസ്ഥാനങ്ങളിലായതാണ് പരിസ്ഥിതിപ്രതിസന്ധിയുടെ മൂലകാരണം. അങ്ങനെ ദൈവം തന്‍റെ സൃഷ്ടികളോടൊപ്പം നടക്കുന്നത് കാണുവാന്‍ കഴിയാതാകുന്നു. ദൈവികമായ കാല്പാടുകള്‍ തിരിച്ചറിയാതെ നാം ഭൂമിയെ മനുഷ്യനെന്ന രാജാവിന്‍റെ പാദപീഠമാക്കി മാറ്റി. ദൈവത്തിന്‍റെയും മനുഷ്യന്‍റെയും മനുഷ്യേതരമായവയുടെയും ഒരുമയായ പറുദീസാഅനുഭവത്തില്‍ നിന്നു മാത്രമേ ഒരുവനില്‍ പരിസ്ഥിതിബോധം രൂപപ്പെടുകയുള്ളു. 


അസ്തിത്വത്തിന്‍റെ പ്രാപഞ്ചികനാടകത്തില്‍ മനുഷ്യരുടെ പൂര്‍വ്വികരുമായുള്ള സംഘര്‍ഷവും ഒറ്റപ്പെടലും മനുഷ്യര്‍ തമ്മിലുള്ള പരസ്പരകലാപത്തില്‍ കലാശിക്കുന്നതാണ് കായേന്‍ ആബേലിനെ കൊല്ലുന്ന കഥയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കായേനോടുള്ള ദൈവത്തിന്‍റെ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്: "നിന്‍റെ സഹോദരന്‍റെ രക്തം മണ്ണില്‍നിന്ന് എന്നെ വിളിച്ചു കരയുന്നു. നിന്‍റെ കൈയില്‍ നിന്ന് നിന്‍റെ സഹോദരന്‍റെ രക്തം കുടിക്കാന്‍ വായ് പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും" (ഉത്.4:10-11). എല്ലാ പാപവും പ്രകൃതിക്കെതിരായതാണെന്ന് ഇത് സ്ഥിരീകരിക്കുന്നു. പ്രപഞ്ചത്തിന്‍റെയും തന്‍റെ സഹജീവികളുടെയും സാന്നിദ്ധ്യത്തില്‍ നിന്ന് മനുഷ്യന്‍ എത്ര അകലേക്കു പറന്നുപോയാലും, ആത്യന്തികമായി അവന്/അവള്‍ക്ക് ദൈവികമായ ഐക്യത്തിന്‍റെ ശ്രേണിയില്‍ നിന്ന് മോചനമില്ല. എത്രമാത്രം അവന്‍/അവള്‍ തന്നെത്തന്നെ പ്രാപഞ്ചികബന്ധത്തില്‍ നിന്ന് അകറ്റുന്നുവോ അത്രമാത്രം അവന്‍/അവള്‍ അതിനോട് കടപ്പെട്ടിരിക്കുന്നു. ആദ്യത്തെ കൊലപാതകത്തിന്‍റെ കഥ സ്ഥാപിക്കുന്നത് ആത്യന്തികമായ വിജയം പ്രകൃതിയുടേതായിരിക്കും, ഒറ്റപ്പെട്ട മനുഷ്യന്‍റേതായിരിക്കില്ല എന്നാണ്. കാരണം എല്ലാം നന്മയ്ക്കായിരിക്കണമെന്ന ദൈവികമായ ഉറപ്പ് അതിനുണ്ട്. നീണ്ടു നില്ക്കുന്ന ഒരു പരിഹാരത്തിനായി മനുഷ്യസമൂഹത്തിലെ സംഘര്‍ഷങ്ങളും പ്രശ്നങ്ങളും ശക്തമായ ഒരു പുനര്‍വിചിന്തനം ആവശ്യപ്പെടുന്നു. സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന സഹോദരങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും കലാപത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും ആദ്യമായി വേണ്ടത് മനുഷ്യേതരരായ നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള അനുരജ്ഞനമാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുള്ള നീതിയും തടവുകാര്‍ക്കുള്ള മോചനവും  മനുഷ്യേതരജീവിലോകവുമായി നാം പങ്കുവയ്ക്കേണ്ട പ്രാപഞ്ചികനീതിയെ ത്വരിതപ്പെടുത്തുന്നു. 


ദൈവത്തെ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും അതിലുള്ളവയുടെയും സൃഷ്ടാവായി ഏറ്റുപറഞ്ഞ് തുടങ്ങുന്ന ക്രിസ്തീയ വിശ്വാസപ്രമാണം സാവധാനം മനുഷ്യനും അവനോടുള്ള ദൈവത്തിന്‍റെ ഇടപെടലുമൊഴികെ മറ്റെല്ലാം മറന്നുവെന്ന് സാമുവല്‍ രായന്‍ നിരീക്ഷിക്കുന്നു. [63] എല്ലാത്തിന്‍റെയും ഉറവിടമായ പദാര്‍ത്ഥത്തിന് ക്രിസ്തീയ ദൈവശാസ്ത്രം വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല. യഥാര്‍ത്ഥത്തില്‍, ദൈവം പ്രീതനായ ഒന്നായിട്ടാണ് പ്രകൃതിയെ ബൈബിളില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദൈവവചനം പ്രകാശം സൃഷ്ടിച്ചു. മറ്റു ജീവജാലങ്ങളെ രൂപപ്പെടുത്തുവാന്‍ ഭൂമി കഴിവുറ്റവളായിരുന്നു, കാരണം, ദൈവികത ഭൂമിക്കുമേല്‍ സ്ഥാപിക്കപ്പെട്ടിരുന്നു. അതിനാല്‍ ലോകത്തിലെ ഓരോ അസ്തിത്വത്തെയും ദൈവത്തിന്‍റെ പ്രകടനവും അവിടുത്തെ സത്തയുടെ ഭാഗവുമായി സങ്കല്പിക്കുന്നതില്‍ തെറ്റില്ല: "സൃഷ്ടിക്ക് അതിന്‍റെ ആഴങ്ങളില്‍ അതിനെ സൃഷ്ടിച്ച ദൈവത്തിന്‍റെ അനുഭവമുണ്ട്; ഇത് ദൈവത്തിന്‍റെ സാന്നിദ്ധ്യം അനുഭവിക്കുന്നു, ദൈവത്തിന്‍റെ സ്പര്‍ശത്താല്‍ സന്തോഷിക്കുന്നു... മറിയത്തിന്‍റെ സാന്നിദ്ധ്യത്തില്‍ തുള്ളിച്ചാടുന്ന എലിസബത്തിന്‍റെ ഉദരത്തിലെ ക്രിസ്തുവിനെപ്പോലെയാണ് ലോകം. മൂലകങ്ങളുടെ സംവേദനക്ഷമത, വസ്തുക്കളിലെ കാന്തികത, നായയുടെ വിശ്വസ്തത, ആനയുടെ ഓര്‍മ്മശക്തി, ഡോള്‍ഫിനുകളുടെ പഠനശേഷി, പ്രകാശവും ഇലയും തമ്മിലുള്ള ബന്ധം - ഇവയെല്ലാം വ്യക്തമാക്കുന്നത് എല്ലാ ജീവജാലങ്ങളും അവയുടെ ഹൃദയത്തില്‍ അതിനു ജീവന്‍ നല്കിയ ആതികോശത്തിന്‍റെ പ്രതിധ്വനിയും, അവയെ രൂപപ്പെടുത്തി, ആത്മാവിനെ നെയ്തെടുത്ത വിരലുകളുടെ സ്പര്‍ശവും കാത്തുസൂക്ഷിക്കുന്നുണ്ട് എന്നാണ്. [64]"


സാധാരണയാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെയുള്ള ദൈവികമായ വീക്ഷണമാണ് പ്രാകൃതമനുഷ്യരുടെ അന്ധവിശ്വാസങ്ങളുടെ കാരണം: മുക്കുവരുടെ കടലിനോടുള്ള സ്നേഹം, എലി, പശു മുതലായവയെ ദൈവത്തെ വഹിക്കുന്നവയായി കണക്കാക്കുന്നത്... ഭൂമിക്ക് അവളുടെ പിതാവുമായുള്ള സ്നേഹത്തിന്‍റെ ഒരു നീണ്ട ചരിത്രം പറയാനുണ്ട്. ഭൂമി മഹത്തായ ഒരു കലാസൃഷ്ടിയും ദൈവം കലാകാരനുമാണ്. അവള്‍ ദൈവത്തിന്‍റെ ആദ്യജാതയാണ്. ആദിമുതലേ അവള്‍ തന്‍റെ പിതാവില്‍ മറഞ്ഞിരുന്നു. തന്‍റെ പുത്രീപുത്രന്മാരെ ഗര്‍ഭംധരിക്കുന്നതിനുവേണ്ടി ദൈവം തിരഞ്ഞെടുത്ത കന്യകയാണ് അവള്‍. അവിടുത്തെ പ്രകൃതി - സ്നേഹം, ക്ഷമ, സഹിഷ്ണുത, ശ്രദ്ധ മുതലായവ - ഭൂമിയുടെയും പ്രകൃതമാണ്. അവിടുന്ന് ബുദ്ധിയുള്ള ജീവികളുടെ ആവിര്‍ഭാവത്തിനു മുമ്പേ തന്നെ അവളെ പൂക്കള്‍ കൊണ്ടും സുഗന്ധം കൊണ്ടും പച്ചപ്പുകൊണ്ടും അലങ്കരിച്ചിരുന്നു. നമ്മുടെ ദൈവത്തിന്‍റെ കാവ്യഭാവന എത്ര മഹനീയം! അവിടുന്ന് കവിയും ഭൂമി കവിതയുമാണ്. 


ദൈവം മരുഭൂമിയില്‍ മോശയ്ക്ക് പ്രത്യക്ഷപ്പെടുന്നത് ഈ സാഹചര്യത്തില്‍ വളരെ അര്‍ത്ഥവത്താണ്. മുകളില്‍ നിന്ന് സംസാരിക്കാത്ത ഒരു ദൈവമാണ് അവിടുന്ന്. ദൈവം മോശയ്ക്ക് പ്രത്യക്ഷപ്പെടുകയല്ല, മോശയുടെ കണ്ണുകള്‍ ദൈവത്തെ കാണുവാനായി തുറക്കപ്പെടുകയാണുണ്ടായത്. മോശയ്ക്ക് പ്രത്യക്ഷപ്പെട്ടതിലൂടെ എല്ലാ മുള്‍ച്ചെടികളും മരങ്ങളും മണ്ണിലെ ഓരോ കണവും പരമാണുവും ദൈവത്തിന്‍റെ അഗ്നിയാല്‍ എരിയുകയാണെന്ന് അവിടുന്ന് മോശയ്ക്ക് കാണിച്ചുകൊടുത്തു. നമ്മുടെ ഭൗതികകാഴ്ചയെ അതിവര്‍ത്തിക്കുമ്പോള്‍ നമുക്കു ലഭിക്കുന്ന മിസ്റ്റിക് ദര്‍ശനമാണ് സാകല്യമായ കാഴ്ച. 


ദൈവികമായതിനെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ ലോകത്തിന്‍റെ കൗദാശികമായ മൂല്യം സ്ഥിരീകരിക്കപ്പെടുന്നു: "പ്രപഞ്ചം ദൈവികമായതില്‍ അലിഞ്ഞിരിക്കുന്നതിനാല്‍, ഈ മനോഭാവത്തെ ദൈവപ്രപഞ്ചമായല്ലാതെ മനസ്സിലാക്കാനാവില്ല: ദൈവവത്കൃത പ്രപഞ്ചത്തില്‍ പ്രകൃതിയുടെ പ്രകടനങ്ങളെല്ലാം ഭയഭക്തിയോടു കൂടിയാണ് വീക്ഷിക്കപ്പെട്ടിരുന്നത്. അതിന്‍റെ ഫലമായി ജൈവലോകമുള്‍പ്പെടെ എല്ലാമായും സഹാസ്തിത്വം സംജാതമായി." [65] നമ്മുടെ ശാസ്ത്രീയവും ദൈവശാസ്ത്രപരവുമായ ചിന്തയുടെ പശ്ചാത്തലത്തില്‍ സഭയുടെ പ്രതിബദ്ധത ഭൂമിയെക്കുറിച്ചുള്ള അവയുടെ പരിഗണനകളില്‍ കൃത്യമായ ഒരു രൂപം സ്വീകരിക്കേണ്ടതുണ്ട്.

ശൂന്യവത്കരണത്തിന്‍റെ പ്രയോഗത്വം (A Kenotic Praxis)


കൂടാതെ, നീതിയുടെ പരിപോഷണത്തിനായുള്ള പ്രതിബദ്ധത, ദൈവരാജ്യമൂല്യങ്ങളായ സ്വാതന്ത്ര്യം സാഹോദര്യം എന്നിവയുടെ പ്രോത്സാഹനം, പാവങ്ങളുടെ വിമോചനത്തിനായുള്ള പ്രതിബദ്ധത, മതാന്തരസംവാദത്തിലുള്ള ആഴമായ ഇടപെടലിനുള്ള പ്രതിബദ്ധത മുതലായവ  ഇന്നത്തെ ലോകത്തില്‍ സഭയ്ക്ക് ഐക്യത്തിന്‍റെയും പൂര്‍ണ്ണതയുടെയും വാസസ്ഥലമാകുന്നതിന് സഹായകമാകുന്ന ചില പ്രധാനമേഖലകളാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയുടെ ദൗത്യത്തിന്‍റെ സാര്‍വ്വത്രികത നന്നായി തിരിച്ചറിഞ്ഞിരുന്നു: "തന്‍റെ രക്ഷാദൗത്യം നേടിയെടുക്കുന്നതില്‍ സഭ മനുഷ്യന് ദൈവികജീവന്‍ കൈമാറ്റം ചെയ്യുന്നു എന്നതു മാത്രമല്ല, പ്രത്യേക അര്‍ത്ഥത്തില്‍ ദൈവീകജീവിതത്തെക്കുറിച്ചുള്ള ചിന്തയുടെ പ്രകാശം അത് ഭൂമിയുടെമേല്‍ പരത്തുകയും ചെയ്യുന്നു...." [66]


സഭയുടെ സാര്‍വ്വത്രികപ്രാധാന്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ ധാരണ അവളുടെ സ്വത്വത്തിന്‍റെ തലങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. അവളുടെ ആധികാരികമായ തനിമ ആശയപരമാ  യി നിര്‍മ്മിക്കപ്പെട്ട് താത്ത്വികമായി പ്രതിരോധിക്കപ്പെട്ട ഒന്നല്ല, മറിച്ച് സത്താപരമായി ആധികാരികമാക്കപ്പെട്ട സ്വയംശൂന്യവത്കരണത്തിലാണ്. സഭയുടെ രഹസ്യം പൂര്‍ണ്ണതയുടെ രഹസ്യം മാത്രമല്ല, ശൂന്യതയുടെ രഹസ്യം കൂടിയാണ്; സ്വയം ശൂന്യവത്കരണത്തിന്‍റെയും സ്വയം നല്കലിന്‍റേതുമാണ്. സ്വയംശൂന്യവത്കരണം പൂര്‍ണ്ണതയുടെയും ഐക്യത്തിന്‍റെയും കൂദാശ എന്നനിലയില്‍ അവളുടെ ആധികാരിക സ്വത്വത്തിന്‍റെ കേന്ദ്രമാണ്. പൂര്‍ണ്ണതയില്‍ നിന്ന് സ്വയം അകന്നുനില്ക്കുന്നതിന് പൂര്‍ണ്ണതയാകാനോ പൂര്‍ണ്ണതയെ പ്രോത്സാഹിപ്പിക്കാനോ കഴിയില്ല. അതിനാല്‍, ക്രിസ്തുവിന്‍റെ ഈ പ്രഘോഷണം ഇന്ന് ഒരു സഭാത്മക പ്രസ്താവനയായി പരിഗണിക്കേണ്ടതുണ്ട്: "ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടി തന്നെ ഇരിക്കുന്നു; അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും" (യോഹ.12:24). 

ecclesiology-in-the-world-of-science ecclesiology Dr.Augustine pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message