x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾ

കത്തോലിക്കര്‍ ദൈവകല്‍പനകള്‍ തിരുത്തിയോ?

Authored by : Mar Joseph Pamplany On 15-Sep-2020

ക്രിസ്തുനാഥന്‍റെയും പരി.അമ്മയുടെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും ചിത്രങ്ങളും ഉപയോഗിക്കുന്നതിനാല്‍ കത്തോലിക്കരെ വിഗ്രഹാരാധകരായി ചിത്രീകരിക്കുവാനുള്ള ശ്രമം പല പന്തക്കുസ്താവിഭാഗങ്ങളിലും കാണാം. വിഗ്രഹാരാധനയെ ന്യായീകരിക്കാന്‍ കത്തോലിക്കര്‍ പത്തുകല്പനകളില്‍ തിരുത്തല്‍ വരുത്തി എന്ന ഗുരുതരമായ ആരോപണവും ഇവര്‍ ഉന്നയിക്കുന്നു. വൈരാനിര്യാതനബുദ്ധിയോടെ ഉന്നയിക്കപ്പെടുന്ന ഈ ആരോപണങ്ങളുടെ വസ്തുത പരിശോധിക്കുകയാണ് ഈ ലേഖനത്തിന്‍റെ ലക്ഷ്യം.

ദൈവകല്പന

സീനായി മലയില്‍ വച്ച് ദൈവം നല്കിയ പ്രമാണങ്ങളില്‍ പുറ 20:3-5 ല്‍ നാം ഇപ്രകാരം വായിക്കുന്നു: "ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കിടയിലോ ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്; അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍ നിന്‍റെ ദൈവമായ കര്‍ത്താവ് അസഹിഷ്ണുവായ ദൈവമാണ്". നിയമാവര്‍ത്തന ഗ്രന്ഥം 5:8-9ലും ഈ കല്പന ആവര്‍ത്തിക്കുന്നുണ്ട്.                                                                                                                                                                               
ഈ കല്പന കത്തോലിക്കാ സഭ പഠിപ്പിക്കുന്ന പത്തുപ്രമാണങ്ങളിലില്ല എന്നതാണ് ഏറ്റവും പ്രസ്ക്തമായ ആരോപണം. കൂടാതെ, അവസാനത്തെ പ്രമാണത്തെ കത്തോലിക്കര്‍ രണ്ടായിതിരിച്ച് പ്രമാണങ്ങളുടെ എണ്ണം പത്തായി നിലനിര്‍ത്തി എന്നും ഇവര്‍ ആരോപിക്കുന്നു. പുറ 20:1-17ലെയും നിയ 5:6-21ലെയും പത്തുകല്പനകളുടെ വിവരണങ്ങള്‍ സൂക്ഷമമായി പരിശോധിച്ചാല്‍ ചില വ്യത്യാസങ്ങള്‍ കാണാനാകും.

പുറപ്പാടു ഗ്രന്ഥത്തില്‍ സാബത്താചരണത്തിനു കാരണം സൃഷ്ടികര്‍മ്മമാണെങ്കില്‍ (20:8-11) നിയമാവര്‍ത്തന ഗ്രന്ഥത്തില്‍ അത് ഇസ്രായേലിന്‍റെ ഈജിപ്തില്‍ നിന്നുള്ള മോചനമാണ് (5:15). "മോഹിക്കരുത്" എന്ന അവസാനപ്രമാണത്തില്‍ പുറപ്പാടുഗ്രന്ഥം ''അയല്‍ക്കാരന്‍റെ ഭവനം മോഹിക്കരുത് " ( എന്നതിന്‍റെ വിശദീകരണമായാണ് "അയല്‍ക്കാരന്‍റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ" മോഹിക്കരുത് എന്നു കല്പിക്കുന്നത് (20:17). എന്നാല്‍ നിയമാവര്‍ത്തനഗ്രന്ഥത്തില്‍ "അയല്‍ക്കാരന്‍റെ ഭാര്യയെ മോഹിക്കരുത്" എന്ന കല്പന ഇതര ആസ്തികളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് നല്‍കിയിരിക്കുന്നത് (5:21). ഭാര്യയെ കാളയ്ക്കും കഴുതയ്ക്കും ഒപ്പം പരിഗണിക്കുന്ന പുറപ്പാടുപാരമ്പര്യത്തില്‍നിന്നും വ്യത്യസ്തമായി ഭാര്യയുടെ മഹത്വം വ്യതിരിക്തമായി ഊന്നിപ്പറയുന്ന നിയമാവര്‍ത്തന പാരമ്പര്യമാണ് കത്തോലിക്കാസഭ പത്തുകല്പനകള്‍ക്ക് ആധാരമായി സ്വീകരിച്ചത്.

തന്മൂലം "....... മോഹിക്കരുത്" എന്ന പ്രമാണങ്ങളില്‍ "അന്യന്‍റെ ഭാര്യയെ മോഹിക്കരുത്" എന്നത് ഒന്‍പതാം പ്രമാണവും "അന്യന്‍റെ വസ്തുക്കള്‍ മോഹിക്കരുത്" എന്നത് പത്താം പ്രമാണവുമായി മാറി. കത്തോലിക്കര്‍ പ്രമാണങ്ങളില്‍ മാറ്റം വരുത്തി എന്നു പറയുന്നവര്‍ നിയമാവര്‍ത്തമഗ്രന്ഥം വായിക്കാത്തവരാണ്. മറ്റൊരു പ്രധാനവസ്തുത കത്തോലിക്കരുടെ പത്തുകല്പനകളില്‍ വിഗ്രഹനിര്‍മ്മാണവും ആരാധനയും നിരോധിക്കുന്ന കല്പനവിട്ടുകളഞ്ഞിരിക്കുന്നു എന്നതാണ്. എന്നാല്‍ "നിന്‍റെ ദൈവമായ കര്‍ത്താവ്. ഞാനാണ്; ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്ക് ഉണ്ടാകരുത്" എന്ന കല്പനയുടെ വ്യാഖ്യാനമായിട്ടാണ് പുറപ്പാടുഗ്രന്ഥം വിഗ്രഹനിര്‍മ്മാണത്തെയും അവയുടെ ആരാധനയെയും വിലക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ തന്നെ ബോധ്യമാകും. ആദ്യത്തെ നാലുകല്പനകള്‍ക്ക് ഇപ്രകാരം പുറപ്പാടുഗ്രന്ഥം വ്യാഖ്യാനം നല്‍കുന്നുണ്ട്:

1. കല്പന : നിന്‍റെ ദൈവമായ കര്‍ത്താവ് ഞാനാണ് ഞാനല്ലാതെ മറ്റൊരു ദൈവവും നിനക്കുണ്ടാകരുത് (20:2-3).
വ്യാഖ്യാനം : മുകളില്‍ ആകാശത്തിലോ താഴെഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്. അവയെ പ്രണമിക്കുകയോ ആരാധിക്കുകയോ ചെയ്യരുത് (20:4-5).

2. കല്പന : നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ നാമം വൃഥാ ഉപയോഗിക്കരുത് (20:7b).
വ്യാഖ്യാനം : തന്‍റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവ് ശിക്ഷിക്കാതെ വിടുകയില്ല (20:7b).

3. കല്പന : ഏഴാം ദിവസം നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ സാബത്ത് ആചരിക്കണം (20:10).
വ്യാഖ്യാനം : സാബത്തില്‍ നീയോ നിന്‍റെ ദാസരോ നിന്‍റെ ഭവനത്തിലെ പരദേശിയോ വേലചെയ്യരുത്. എന്തെന്നാല്‍ ആറു ദിവസത്തെ സൃഷ്ടിക്കുശേഷം അവിടുന്ന് ഏഴാം ദിനം വിശ്രമിക്കുകയും അതിനെ അനുഗ്രഹിക്കുകയും ചെയ്തു (20:11).

4. കല്പന : മാതാപിതാക്കളെ ആദരിക്കുക (20:12b)
വ്യാഖ്യാനം : നിന്‍റെ ദൈവമായ കര്‍ത്താവ് നിനക്കുതരുന്ന ദേശത്ത് നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനാണിത് (20:12 a).

വ്യാഖ്യാനങ്ങളെയും കല്പനകളായി എണ്ണിയാല്‍ പത്തുകല്പനകള്‍ക്കുപകരം 14ല്‍ പരം കല്പനകള്‍ ഉണ്ടാകുമായിരുന്നു. കത്തോലിക്കാസഭ കല്പനകളെ കല്പനകളായും വ്യാഖ്യാനങ്ങളെ വ്യാഖ്യാനങ്ങളായും മനസ്സിലാക്കുന്നത് അപരാധമാണെന്നു പറയാനാകില്ലല്ലോ. പഴയനിയമത്തിലുടനീളം വിഗ്രഹാരാധനയെ ഏകദൈവവിശ്വാസത്തിനു വിരുദ്ധമായിട്ടാണ് അവതരിപ്പിക്കുന്നത്. തന്മൂലം ദൈവം ഏകനാണ് എന്ന വിശ്വാസത്തെ അനുസ്മരിപ്പിക്കുന്ന ഒന്നാം കല്പനയുടെ വിശദീകരണമാണ് വിഗ്രഹനിര്‍മ്മാണവും വിഗ്രഹാരാധനയും നിഷേധിക്കുന്ന തുടര്‍ന്നുള്ള വാക്യങ്ങള്‍ എന്ന കത്തോലിക്കാസഭയുടെ നിലപാട് പഴയനിയമത്തിന്‍റെ ദൈവശാസ്ത്രനിലപാടിനോടു വിശ്വസ്തത പുലര്‍ത്തുന്നതാണ്.

കത്തോലിക്കര്‍ വിഗ്രഹനിര്‍മ്മാണത്തെ അനുകൂലിക്കുകയോ വിഗ്രഹങ്ങളെ ആരാധിക്കുന്നതിനെ പിന്തുണക്കുകയോ ചെയ്യുന്നില്ല. കത്തോലിക്കാ ദേവാലയങ്ങളിലെ തിരുസ്വരൂപങ്ങളെ വിഗ്രഹങ്ങളായി കരുതുന്നവര്‍ വചനത്തിന്‍റെ അന്തസ്സത്ത ഗ്രഹിക്കാത്തവരാണ്. 

Did Catholics Amend God's Commandments? Mar Joseph Pamplany the ten commandments Catholics and idolatry meaning of the commandments Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message