x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ മത ശാസ്ത്ര സംവാദം

പ്രപഞ്ചോല്‍പത്തി ശാസ്ത്രത്തിലെ വെളിപാട്

Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 04-Feb-2021

പ്രപഞ്ചോല്‍പത്തിയുടെ പൊരുളറിയാനുള്ള അദമ്യമായ അഭിവാഞ്ഛ മനുഷ്യബുദ്ധിയെ എക്കാലവും അകമ്പടി സേവിച്ചിരുന്നു. ഈ അഭിവാഞ്ഛയുടെ മതാത്മകമായ പ്രകാശനമാണ് "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു" എന്നു തുടങ്ങിയ പ്രസ്താവനകള്‍. പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഇന്ന് ആധുനിക ശാസ്ത്രത്തിന്‍റെയും ഉദ്വേഗജനകമായ സംരംഭങ്ങളിലൊന്നാണ്. നമ്മുടെ രഹസ്യാത്മകതാബോധത്തിന്‍റെ പ്രഥമബിന്ദുവായ പ്രപഞ്ചാനുഭവത്തില്‍നിന്നും ഉരുത്തിരിയുന്ന സംരംഭങ്ങളെന്നനിലയില്‍ ആത്യന്തിക വിശകലനത്തില്‍ മതത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും കാഴ്ചപ്പാടുകള്‍ തമ്മില്‍ അടിസ്ഥാനപരമായ വൈരുദ്ധ്യം ഉണ്ടാവുക അസാധ്യമാണ്. എന്നാല്‍ അവയുടെ പ്രതിപാദനങ്ങള്‍ക്കുതമ്മില്‍ ഭിന്നാത്മകമായ തനിമയുണ്ട്. അതിനാല്‍തന്നെ ലോകാരംഭത്തെക്കുറിച്ചുള്ള ശാസ്ത്രത്തിന്‍റെയും മതത്തിന്‍റെയും വിവരണങ്ങള്‍ തമ്മില്‍ ഏകമാനമായ സമാന്തരത്വം കണ്ടെത്തുക അസാധ്യവും അനുചിതവുമാണ്. പ്രപഞ്ചോല്‍പത്തിയുടെ രഹസ്യാത്മകതകളിലേക്ക് മുന്‍മ്പെന്നത്തേക്കാളുപരി ഇന്നും ശാസ്ത്രം ചൂഴ്ന്നിറങ്ങുന്നുണ്ട്. ശാസ്ത്രത്തിന്‍റെ അമൂല്യമായ ഈ ഉള്‍ക്കാഴ്ചകള്‍ മതദര്‍ശനങ്ങളെ വലിയ ഒരളവുവരെ പരിപോഷിപ്പിക്കുന്നതിനും പുനരാവിഷ്ക്കരിക്കുന്നതിനും ഉപയുക്തമാണ്. ലോകാരംഭത്തെക്കുറിച്ചു വിവരിക്കുന്ന ആധുനികശാസ്ത്രത്തിലെ മുഖ്യസിദ്ധാന്തങ്ങളാണ് സ്ഥിരാവസ്ഥാസിദ്ധാന്തം  , മഹാവിസ്ഫോടന സിദ്ധാന്തം ,  ഹോക്കിംഗിന്‍റെ അതിര്‍ത്തിരഹിതസിദ്ധാന്തം തുടങ്ങിയവ. ഈ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളുടെ വെളിച്ചത്തില്‍ ബൈബിളിലെ സൃഷ്ടിവിവരണങ്ങളെ എപ്രകാരം പുനരവലോകനം ചെയ്യണമെന്നും പ്രപഞ്ചത്തിന്‍റെ കേവലതുടക്കം  എന്നതിലുപരി അനുസ്യൂതമായ സൃഷ്ടി എന്ന ആശയത്തെ, അവയെങ്ങനെ പിന്താങ്ങുന്നുവെന്നും വഴിയേ കാണാം.

സ്ഥിരാവസ്ഥാസിദ്ധാന്തം

പ്രപഞ്ചത്തിന് ആത്യന്തികമായ ഒരാംരംഭം ഇല്ലെന്നും ഇന്നു നമ്മള്‍ കാണുന്നതുപോലെ ഈ പ്രപഞ്ചം എക്കാലവും നിലനിന്നിരുന്നു എന്നുമാണ് ഈ സിദ്ധാന്തത്തിന്‍റെ മുഖ്യപ്രമേയം. പ്രപഞ്ചം നിത്യമായ സന്തുലിതാവസ്ഥയില്‍ നില്നില്‍ക്കുന്നതിനാല്‍ ഇതിന് ആരംഭവും അവസാനവും ആവശ്യമില്ല. പ്രപഞ്ചത്തിന്‍റെ സാന്ദ്രത എന്നും എക്കാലവും ഒരുപോലെ നിലനില്‍ക്കും. അതിലോലമായ അവസ്ഥയില്‍നിന്നും അതിസാന്ദ്രമായ അവസ്ഥയിലേക്കുള്ള പ്രപഞ്ചത്തിന്‍റെ പ്രയാണത്തിലാണ് നക്ഷത്രങ്ങളും താരവ്യൂഹങ്ങളും സൃഷ്ടിക്കപ്പെട്ടതത്രേ. ഹൈഡ്രജന്‍ കണങ്ങളുടെ ലോലമായ ഒരു മേഘവ്യൂഹം ഉണ്ടായിരുന്നുവെന്നും, ഈ കണങ്ങളുടെ പരസ്പരാകര്‍ഷണ ഫലമായി ഈ വ്യൂഹം സങ്കോചിക്കുകയും അത് അനിവാര്യമായ താപോര്‍ജ്ജത്തിന്‍റെ ബഹിര്‍ഗമനത്തിന് ഇടയാവുകയും ചെയ്തു എന്നും ഈ സിദ്ധാന്തത്തിന്‍റെ മുഖ്യവക്താവായ ഫ്രെഡ് ഹോയ്ലി വാദിക്കുന്നു. ഈ ഉയര്‍ന്ന ഊഷ്മാവ് വന്‍തോതില്‍ പ്രകാശവും താപവും ഉത്പാദിപ്പിക്കുന്ന തെര്‍മ്മോ ന്യൂക്ലിയര്‍ റിയാക്ഷന്  ഇടയാക്കുന്നു.  ഇതിന്‍റെ ഫലമായാണ് ഇന്നു പ്രപഞ്ചത്തില്‍ നാം കാണുന്ന വസ്തുക്കളെല്ലാം ഉണ്ടായത്.1                                                                                       

ലോകോല്‍പത്തിക്ക് ആധികാരികമായ തെളിവുകളൊന്നും കുറെ വര്‍ഷങ്ങള്‍ക്കുമുമ്പുവരെ ഉണ്ടായിരുന്നില്ല എന്നതിനാലാണ് ഈ സിദ്ധാന്തം ശാസ്ത്രലോകത്ത് സ്ഥാനം പിടിച്ചത്. എന്നാല്‍ ഇന്നു സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുന്നു. ഇത് പ്രപഞ്ചോല്‍പത്തിയെക്കുറിച്ചുള്ള ശാസ്ത്രത്തിന്‍റെ ഇന്നത്തെ ആധികാരിക സിദ്ധാന്തമായ മഹാവിസ്ഫോടന സിദ്ധാന്തത്തിലേയ്ക്കു നമ്മെ നയിക്കുന്നു.

മഹാവിസ്ഫോടന സിദ്ധാന്തം

ആദിയില്‍ നടന്ന ഒരു മഹാവിസ്ഫോടനത്തിന്‍റെ ഫലമായാണ് ഈ ലോകം ഉണ്ടായതെന്ന് ഈ സിദ്ധാന്തം വാദിക്കുന്നു. ഇന്നു നാം കാണുന്ന നക്ഷത്രങ്ങളും താരവ്യൂഹങ്ങളും അവയിലെ പദാര്‍ത്ഥം മുഴുവനും ആദിയില്‍ ഒരു ചെറിയ പദാര്‍ത്ഥ സഞ്ചയത്തില്‍ കേന്ദ്രീകരിച്ചിരുന്നത്രേ. ഈ പദാര്‍ത്ഥസഞ്ചയം പെട്ടെന്നു വികസിക്കുകയും പൊട്ടിത്തെറിക്കുകയുമാണുണ്ടായത്. ഈ സ്ഫോടനം ക്രമേണ ശീതീകരിക്കപ്പെടുകയും അങ്ങനെ ക്രമേണ ന്യൂക്ലിയസ്സുകളും അണുക്കളും നക്ഷത്രങ്ങളും, ഗ്രഹങ്ങളും രൂപം പ്രാപിക്കുകയും ചെയ്തു. ഈ വിസ്ഫോടനത്തെത്തുടര്‍ന്നുള്ള വികാസം ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആകയാല്‍, മഹാവിസ്ഫോടനത്തെ ഒരു നൈമിഷിക പ്രതിഭാസമെന്നതിലുപരി, ഒരു സംഭവപരമ്പരയായും പ്രക്രിയയായും കാണേണ്ടതുണ്ട്. ബല്‍ജിയന്‍ ജ്യോതിശാസ്ത്രജ്ഞനും ഈശോസഭാ വൈദികനുമായ ലെമായത്തര്‍  ആണ് ഈ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്. ഈ വിസ്ഫോടനത്തിന്‍റെ ആദ്യ മൂന്നു മിനിറ്റുകളാണ് ഏറ്റവും നിര്‍ണ്ണായകം എന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു.2 പ്രപഞ്ചത്തിന്‍റെ ഭൗതികവും ജൈവികവും രാസികവുമായ സകല രഹസ്യങ്ങളും ആദ്യത്തെ  ഈ മൂന്നു മിനിറ്റുകളില്‍ കുടികൊള്ളുന്നുവെന്നാണ് അവരുടെ സിദ്ധാന്തം. ഒരുപരിധിവരെ ഈ മൂന്നു മിനിറ്റുകളെ ന്യൂക്ലിയര്‍ ലബോറട്ടറിയില്‍ പുനരാവിഷ്ക്കരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കു സാധിക്കുന്നതിനാല്‍ പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് വളരെ കൃത്യതയോടെ പ്രതിപാദിക്കാന്‍ അവര്‍ക്കു സാധിക്കുന്നു. 

"ഉല്‍പത്തിڈക്കുശേഷമുള്ള ആദ്യത്തെ നിമിഷത്തിന്‍റെ 10-49 മൈക്രോ സെക്കന്‍റില്‍ നിന്നാണ് മഹാവിസ്ഫോടന സിദ്ധാന്തത്തിന്‍റെ സൈദ്ധാന്തിക മാതൃക ആരംഭിക്കുന്നത്. ഉത്പത്തിയും ആദ്യത്തെ നിമിഷത്തിന്‍റെ ആദ്യത്തെ 10-49 മൈക്രോ സെക്കന്‍റും തമ്മിലുള്ള കാലയളവില്‍ എന്തു സംഭവിച്ചു എന്നുള്ളത് ഇന്നും പ്രവചനാതീതമാണ്. ഈ കാലയളവില്‍ ഊഷ്മാവും സാന്ദ്രതയും അത്യന്തം ഉയര്‍ന്നതാകയാല്‍ അവയെ ലബോറട്ടറികളില്‍ പുനരാവിഷ്കരിക്കാന്‍ സാദ്ധ്യമല്ല. ഹൈസന്‍ബര്‍ഗിന്‍റെ  അനിശ്ചിതത്വ തത്ത്വം  ഇന്‍ഫ്ളേഷനറി ഹൈപ്പോതീസിസ്  ബഹുപ്രപഞ്ച പരികല്‍പനം എന്നീ ശാസ്ത്രസങ്കല്‍പങ്ങളുടെ വെളിച്ചത്തില്‍ ഈ കാലയളവിനെക്കുറിച്ച് ഒട്ടേറെ വിചിന്തനങ്ങള്‍ നടക്കുന്നുണ്ട്. സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ സൂപ്പര്‍ സ്രിട്രിംഗ് തിയറിയും ഈ കലയളവിലെ സംഭവങ്ങളെ മനസ്സിലാക്കാന്‍ പരിശ്രമിക്കുന്നതാണ്.

ആദ്യത്തെ നിമിഷത്തിന്‍റെ ആദ്യത്തെ നൂറിലൊരംശത്തിന്‍റെ പദാര്‍ത്ഥസഞ്ചയം ഇലക്ട്രോണുകളും പോസിട്രോണുകളും ഫോട്ടോണുകളും ന്യൂട്രിനോസും ആന്‍റിന്യൂട്രിനോസും  കലര്‍ന്നവയായിരുന്നു. ഈ അവസ്ഥയില്‍ ഊഷ്മാവ് നൂറു ബില്യണ്‍ ഡിഗ്രി കെല്‍വിന്‍ ആയി കുറഞ്ഞു. പതിനാലു നിമിഷങ്ങള്‍ക്കുശേഷം അത് ഒരു ഡിഗ്രി കെല്‍വിനായി കുറഞ്ഞു. ഇലക്ട്രോണുകളെയും പോസിട്രോണുകളെയും ഫോട്ടോണുകളില്‍നിന്നും ന്യുട്രിനോസുകളില്‍നിന്നും  സ്വതന്ത്രമാക്കാന്‍ ഇതു സഹായകമായി. മൂന്നു മിനിറ്റുകള്‍ക്കുശേഷം ഊഷ്മാവ് വീണ്ടും വളരെ കുറഞ്ഞു. ഇവിടെ പ്രോട്ടോണുകളും ന്യൂട്രോണുകളും ഒന്നുചേര്‍ന്ന് ന്യൂക്ലീയസ്സുകള്‍ക്കു ജന്മം കൊടുത്തു. നൂറായിരം വര്‍ഷങ്ങള്‍ക്കുശേഷം ഊഷ്മാവ് വളരെ താഴ്ന്ന് ഇലക്ട്രോണുകള്‍ ന്യൂക്ലീയസ്സികളോടു ചേര്‍ന്നതിന്‍റെ ഫലമായി അണുക്കള്‍  രൂപം പ്രാപിച്ചു. അങ്ങനെ മഹാവിസ്ഫോടനത്തിന്‍റെ ഫലമായുണ്ടായ അണുപദാര്‍ത്ഥങ്ങളുടെ പടലങ്ങള്‍ നക്ഷത്രങ്ങളും താരവ്യൂഹങ്ങളുമായി സാന്ദ്രീകരിക്കുകയാണുണ്ടായത്. ഏതാനും ബില്യണ്‍ വര്‍ഷങ്ങള്‍ക്കുശേഷം പ്രപഞ്ചം ഇന്നു കാണുന്ന രീതിയില്‍ കാണപ്പെടുവാന്‍ തുടങ്ങി. ഇന്ന് ഇത് ഏകദേശം 15 ബില്യണ്‍ വര്‍ഷങ്ങള്‍ പ്രായം ചെന്നതാണെന്നു കണക്കാക്കപ്പെടുന്നു.

ആദ്യത്തെ സെക്കന്‍റിന്‍റെ ആദ്യത്തെ നൂറിലൊരംശത്തിനു പിന്നിലേയ്ക്ക് ഇന്നു ഭൗതികശാസ്ത്രം പോയിട്ടുണ്ട്. ഈ കാലയളവില്‍ പദാര്‍ത്ഥസഞ്ചയം അടിസ്ഥാനകണങ്ങളായ ലെപ്റ്റോണു  കളും ക്വാര്‍ക്കു (ഝൗമൃസെ) കളും ഗ്ലൂവോണുകളും ചേര്‍ന്നതായിരുന്നു. ഇതിലും ഉയര്‍ന്ന ഏറ്റവും ഉന്നതമായ താപാവസ്ഥയില്‍ സര്‍വ്വഭേദങ്ങളെയും വിനിമയങ്ങളെയും അതിലംഘിക്കുന്ന സമ്പൂര്‍ണ്ണ സമതുലനാവസ്ഥ  യുടെ പ്രപഞ്ചമായിരുന്നു നിലനിന്നിരുന്നതെന്നു ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.

എവിടെനിന്നാണ് മഹാവിസ്ഫോടനത്തിന്‍റെ ആവിര്‍ഭാവം എന്ന ചോദ്യം പ്രസക്തമാണ്. ക്വാര്‍ക്കുകളുടെയും ഗ്ലൂവോണുകളുടെയും ലെപ്റ്റോണുകളുടെയും ഉത്ഭവം എന്താണ്? ഈ പ്രപഞ്ചം മുഴുവന്‍ തികഞ്ഞ ശൂന്യതയുടെ പുനരാവിഷ്കരണമാണ് എന്ന അനുമാനപരമായ ഉത്തരമാണ് ഇതിനുള്ളത്. അതായത് പ്രപഞ്ചം ശൂന്യതയില്‍നിന്നും ഉത്ഭവിച്ചു. പ്രപഞ്ചം ഇന്നത്തെ അവസ്ഥയില്‍ ശൂന്യതയ്ക്കു സമാനമാണ് എന്നുള്ള നീരീക്ഷണമാണ് ഈ അനുമാനത്തിന്‍റെ അടിസ്ഥാനം. പ്രപഞ്ചത്തിന്‍റെ ഊര്‍ജ്ജം മുഴുവന്‍ കൂട്ടിനോക്കിയാല്‍ കിട്ടുന്ന ഫലം  പൂജ്യമാണ് എന്നത് ഇന്നത്തെ പ്രപഞ്ചത്തിന്‍റെ വലിയ ഒരു സവിശേഷതയാണ്. താരവ്യൂഹങ്ങള്‍ തമ്മിലുള്ള ഗുരുത്വാകര്‍ഷണഫലമായുള്ള നെഗറ്റീവ് ഊര്‍ജ്ജവും കണങ്ങളുടെ ഊര്‍ജ്ജമായ പോസിറ്റീവ് ഊര്‍ജ്ജവും തമ്മില്‍ കൂട്ടിനോക്കിയാല്‍ കിട്ടുന്നത് ഏറെക്കുറെ പൂജ്യത്തിനടുത്തായിരിക്കും. പോസിറ്റീവ് ഊര്‍ജ്ജം ഏകദേശം നെഗറ്റീവ് ഊര്‍ജ്ജത്തിന്‍റെ പത്തിലൊരംശം കുറവായിരിക്കുമെന്നു മാത്രം.

മഹാവിസ്ഫോടന സിദ്ധാന്തവും ദൈവശാസ്ത്ര പ്രതികരണങ്ങളും

മഹാവിസ്ഫോടന സിദ്ധാന്തത്തെ സമയത്തിലുള്ള പ്രപഞ്ചത്തിന്‍റെ ആരംഭമായി വ്യാഖ്യാനിച്ചുകൊണ്ട് പല ദൈവശാസ്ത്രജ്ഞരും പ്രപഞ്ചവിജ്ഞാനീയത്തില്‍നിന്നു ദൈവാസ്തിത്വത്തിനു തെളിവുകള്‍ നിരത്തുന്നുണ്ട്. സ്റ്റാന്‍ലി ജാക്കിയുടെ വീക്ഷണത്തില്‍ പ്രപഞ്ചത്തിന്‍റെ ഉത്ഭവത്തെയും ആശ്രയത്വ ത്തേയുംകുറിച്ചു പ്രതിപാദിക്കാന്‍ ശാസ്ത്രം അപര്യാപ്തമാണ്. ശാസ്ത്രസിദ്ധാന്തങ്ങളുടെ അപര്യാപ്തത വിരല്‍ചൂണ്ടുന്നത് ദൈവത്തിലുള്ള പ്രപഞ്ചത്തിന്‍റെ ആശ്രയത്വത്തിലാണ്. "സംഭാവ്യമായൊരു പ്രപഞ്ചം യുക്തിവാദികളുടെയും പദാര്‍ത്ഥമാത്രവാദികളുടെയും സര്‍വ്വഭൂതദൈവവാദികളുടെയും ചിരകാല അഭയമായിരുന്ന  പ്രാപഞ്ചിക അനിവാര്യതയ്ക്കു കടകവിരുദ്ധമാണ്" അതിഭൗതികമായ അനുമാനങ്ങളുടെ അഭാവത്തില്‍ ശാസ്ത്രം അനന്തമായ പിന്‍വാങ്ങല്‍ തെറ്റ് വരുത്തിവയ്ക്കുകയായിരിക്കും. വേറെ ചിലര്‍ ശാസ്ത്രീയ വിവരണങ്ങളും ബൈബിളും തമ്മില്‍ ഏകമാനമായ സമാന്തരത്വം കണ്ടെത്തുന്നു. ഉദാഹരണമായി പീറ്റര്‍ സ്റ്റോണറുടെ വീക്ഷണത്തില്‍ ഉല്‍പത്തി 1-ലെ ഭൂമി ശൂന്യവും രൂപരഹിതവുമായിരുന്നു എന്ന പ്രസ്താവന ശാസ്ത്രത്തിലെ കറുത്ത വ്യോമപടലത്തെ പരാമര്‍ശിക്കുന്നതാണ്. ഇതും ഇതുപോലുള്ള മറ്റു സമാന്തരത്വങ്ങളും സൂചിപ്പിക്കുന്നത് വിശുദ്ധഗ്രന്ഥത്തിന്‍റെ ആധികാരികതയെയാണെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.4

വേറെ ചിലരുടെ വീക്ഷണത്തില്‍ മഹാവിസ്ഫോടനം ഒരുപാട് ദൈവശാസ്ത്രവിവക്ഷകളോടെ ഏതോ സൃഷ്ടികണക്കെ കാണപ്പെടുകയാല്‍ അതു ശരിയാകുവാന്‍ സാധ്യതയില്ല. അവരുടെ കാഴ്ചപ്പാടില്‍ ഒരു ശാസ്ത്രീയസിദ്ധാന്തം അതിഭൗതികവും മിത്തോളജി സംബന്ധവുമായ ഘടകങ്ങളൊന്നും കലര്‍ന്നതാവാന്‍ പാടില്ല. ആല്‍ഫ് വെന്നിന്‍റെ വീക്ഷണത്തില്‍ ലെമായത്തര്‍ മഹാവിസ്ഫോടന സിദ്ധാന്തം സ്വീകരിക്കാന്‍ കാരണം, തോമസ് അക്വിനാസ് ഒരു വിശ്വാസപ്രമാണംപോലെ വികസിപ്പിച്ചെടുത്ത ബൈബിളിലെ ശൂന്യതയില്‍നിന്നുള്ള സൃഷ്ടി എന്ന സങ്കല്‍പത്തെ അതു നീതികരിക്കുന്നതിനാലാണ്.5   

മഹാവിസ്ഫോടന സിദ്ധാന്തത്തിന്‍റെ മതപരമായ നിക്ഷ്പക്ഷതയ്ക്കുവേണ്ടി വാദിക്കുന്ന ചിന്തകരുമുണ്ട്. ഇന്നത്തെ അര്‍ത്ഥത്തിലുള്ള സമയസങ്കല്‍പങ്ങള്‍ പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ക്ക് ഉപയുക്തമല്ല എന്നുള്ളതാണ് അവരുടെ വാദം. സമയത്തിന്‍റെ  ഒരു വ്യത്യസ്ത നിര്‍വ്വചനത്തില്‍ ആരംഭബിന്ദു എന്നു പറയുന്നത് അനന്തതയ്ക്കു തുല്യമായിരിക്കാം. ആകയാല്‍ പ്രപഞ്ചം പത്തോ ഇരുപതോ ബില്ല്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് എന്ന പ്രസ്താവന തത്ത്വശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ ചര്‍ച്ചകള്‍ക്ക് ഉപയുക്തമല്ല.6  മില്‍ട്ടണ്‍ മ്യൂണിറ്റ്സിന്‍റെ വാക്കുകളില്‍ മഹാവിസ്ഫോടന സിദ്ധാന്തത്തിലെ വിവരണാതീതമായ മേഖലകള്‍ മതപരമായ നിഗമനങ്ങള്‍ക്കു നിതീകരണം നല്‍കുന്നില്ല. ശാസ്ത്രത്തില്‍ എപ്പോഴും പുതിയ പുതിയ കാരണങ്ങളും വിശദീകരണങ്ങളും കണ്ടെത്താന്‍ സാധ്യതകളുണ്ട്. ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത ഒരു നിര്‍ണ്ണായക സംഭവമുണ്ട് എന്നു പറയുന്നതുതന്നെ ശാസ്ത്രത്തിന്‍റെ രീതിശാസ്ത്രത്തിനു വിരുദ്ധമാണ്.7  സ്ഥിരാവസ്ഥാസിദ്ധാന്തവും മഹാവിസ്ഫോടനസിദ്ധാന്തവും തികച്ചും യുക്തിവാദപരമായും ദൈവാസ്തിത്വപരമായും ഒരുപോലെ വ്യാഖ്യാനിക്കാന്‍ സാധിക്കുന്നതാണ് എന്നു പലരും ചൂണ്ടികാണിച്ചിട്ടുണ്ട്. ആകയാല്‍ പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള ശാസ്ത്രീയ പ്രതിപാദനങ്ങള്‍ ഒരുപരിധിവരെ മതപരമായി നിക്ഷ്പക്ഷവും ബഹുമുഖവ്യാഖ്യാനങ്ങള്‍ക്കുള്ള സാധ്യതകള്‍ തുറന്നു തരുന്നവയുമാണെന്ന വസ്തുത അംഗീകരിക്കേണ്ടിയിരിക്കുന്നു.

സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ അതിര്‍ത്തി രഹിത സിദ്ധാന്തം 

ഭൗതികശാസ്ത്രത്തില്‍ ഒരു സംവിധാനത്തിന്‍റെ പ്രത്യേക നിമിഷത്തെ ഭൗതിക അവസ്ഥകള്‍ നിര്‍ണ്ണയിക്കാന്‍ ആ സംവിധാനത്തിന്‍റെതന്നെ വേറൊരു നിമിഷത്തെ അവസ്ഥകളും അതിലേയ്ക്കുള്ള പരിണാമത്തെ നിയന്ത്രിക്കുന്ന നിയമങ്ങളും അറിഞ്ഞാല്‍ മതിയാകും. മഹാവിസ്ഫോടനസിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിന്‍റെ ഏതൊരു നിമിഷത്തെയും അവസ്ഥ ആരംഭത്തിലെ ഭൗതികഘടനകളെ ആശ്രയിച്ചിരിക്കും. ഇവിടെ ആരംഭത്തെക്കുറിച്ചുള്ള അറിവുകള്‍ അതിര്‍ത്തി വ്യവസ്ഥ  ആയി നിലകൊള്ളുന്നു. അതിര്‍ത്തിവ്യവസ്ഥയുടെ അനിവാര്യത ഇത്തരം വിവരണങ്ങളുടെ ഒരു പരിമിതിയാണ്. മഹാവിസ്ഫോടനംപോലുള്ള ഒരു അടിസ്ഥാനസംഭവത്തെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ സമയം, കാലം എന്നിവയുടെ അതിര്‍ത്തികള്‍ കണക്കിലെടുക്കേണ്ടതുണ്ട്. അത്തരം ഒരു സിദ്ധാന്തത്തിനു സമയത്തിന്‍റെയും കാലത്തിന്‍റെയും ഉത്ഭവത്തെക്കുറിച്ച് ഒന്നുംതന്നെ പറയാനുണ്ടാവില്ല. ഈ പരിമിതികളെ ഒഴിവാക്കുന്നുവെന്നതാണ് സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ വിഖ്യാതമായ അതിര്‍ത്തിരഹിതസിദ്ധാന്തത്തിന്‍റെ സവിശേഷത.8 

പ്രപഞ്ചത്തെ സംബന്ധിച്ച ഹോക്കിംഗിന്‍റെ സൈദ്ധാന്തവും  ക്വാണ്ടം ബലതന്ത്രവും തമ്മിലുള്ള സംയോജനം സാധ്യമാണ്. (2) ക്വാണ്ടം ബലതന്ത്രത്തിന്‍റെ ചരിത്രസംക്ഷേപണസമീപനങ്ങള്‍ക്ക്  ഊന്നല്‍ നല്‍കണം. (3) സാങ്കല്‍പിക സമയത്തില്‍ മാത്രമേ പ്രപഞ്ചോല്‍പത്തിയെ വിവക്ഷിക്കാനാവൂ. (4) സമയത്തിനും കാലത്തിനും അതിര്‍ത്തികളില്ല എന്നത് ഈ കാഴ്ചപ്പാടിന്‍റെ പരിണിതഫലമാണ്.

ഹോക്കിംഗ് മുന്നോട്ടുവച്ചിരിക്കുന്ന മാതൃക സംവൃതമായ ഒരു യുക്ലീഡിയന്‍ സ്ഥലത്തെ അനുസ്മരിപ്പിക്കുന്നതാണ്. യുക്ലീഡിയന്‍ ഘടനയില്‍ സമയവും കാലവും ഒരേ അര്‍ത്ഥത്തില്‍ ഗണിക്കപ്പെട്ടിരിക്കുന്നു. സ്ഥലവും കാലവും അതിര്‍ത്തിയും അന്ത്യവുമില്ലാത്തതാണ്. സ്ഥലത്തിനും കാലത്തിനും അതിര്‍ത്തികളില്ലാത്തതിനാല്‍ ഒരുവന് ദൈവത്തെക്കുറിച്ചു പരാമര്‍ശിക്കേണ്ട ആവശ്യമേയില്ല.

പ്രപഞ്ചത്തിന്‍റെ ചരിത്രം മുഴുവനും ഭൂമിയുടെ ഉപരിതലത്തിന്‍റെ മാതൃകയില്‍ ഹോക്കിംഗ് ചിത്രീകരിക്കുന്നു. പ്രപഞ്ചത്തിന്‍റെ ചരിത്രം സാങ്കല്‍പികസമയത്തെ സൂചിപ്പിക്കുന്ന ഉത്തരധ്രുവത്തിലെ ഒരു ബിന്ദുവില്‍നിന്ന് ആരംഭിച്ചാല്‍ സാങ്കല്‍പികസമയത്തിന്‍റെ വളര്‍ച്ചയോടൊപ്പം വികാസം പ്രാപിക്കുകയും ഭൂമധ്യരേഖയില്‍ പരമാവധി ആകാരം പ്രാപിക്കുകയും പൂര്‍വ്വധ്രുവത്തിലെ ഒരു ബിന്ദുവിലേക്ക് ക്രമേണ സങ്കോചിക്കുകയും ചെയ്യുന്നു. ആകയാല്‍ പൂര്‍വ്വോത്തര ധ്രുവങ്ങളില്‍ പ്രപഞ്ചത്തിന്‍റെ ആകാരം പൂജ്യമാണ്. ഇവിടെ അതിര്‍ത്തി സങ്കല്‍പങ്ങളില്ല. ഒരു ബലൂണിന്‍റെ ദ്വിമാനങ്ങള്‍ സംവൃതമായിരിക്കുന്നതുപോലെ പ്രപഞ്ചത്താലെ സ്ഥലത്തിന്‍റെ ത്രിമാനങ്ങളും സംവൃതമായിരിക്കുന്നുവെന്നതാണ് ഏക അതിര്‍ത്തിവ്യവസ്ഥ.

സാങ്കല്‍പിക സമയത്തിന്‍റെ ഉപയോഗം ഹോക്കിംഗിന്‍റെ മാതൃകയിലെ മറ്റൊരു അനിവാര്യതയാണ്. ആരംഭബിന്ദുവും അതിര്‍ത്തിയും ഒഴിവാക്കാന്‍ സാങ്കല്‍പിക സമയത്തെ അവരോധിക്കണമെന്നു ഹോക്കിംഗ് വാദിക്കുന്നു. ഹോക്കിംഗിന്‍റെ വീക്ഷണത്തില്‍ ഈ സാങ്കല്‍പികസമയം തന്നെയാണ് യഥാര്‍ത്ഥസമയവും. യഥാര്‍ത്ഥ സമയമെന്നു നാം വിളിക്കുന്നത് നമ്മുടെ ഭാവനയുടെ ഒരു സങ്കല്‍പം മാത്രമാണ്.       

പ്രപഞ്ചത്തിന് ആരംഭം ഉണ്ടെങ്കില്‍ അതിനൊരു സ്രഷ്ടാവും ഉണ്ട് എന്ന് മാനിക്കുന്നതില്‍ തെറ്റില്ല. പക്ഷേ അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തില്‍ പ്രപഞ്ചം യാതൊരുവിധ അതിര്‍ത്തികളുമില്ലാത്ത ഒരു സമ്പൂര്‍ണ്ണ പ്രതിഭാസമാണ്. മുന്‍പുണ്ടായിരുന്ന പ്രപഞ്ചമാതൃകകളിലെല്ലാം "പ്രപഞ്ചത്തിന്‍റെ ആരംഭം അതിര്‍ത്തിവ്യവസ്ഥകളെ നിര്‍ണ്ണയിക്കുന്ന ഒരു ദൈവത്തില്‍  അവരോധിച്ചിരുന്നു. എന്നാല്‍ ഇന്നു ശാസ്ത്രം ഈ അതിര്‍ത്തി വ്യവസ്ഥകളെ ഒഴിവാക്കിയിരിക്കുന്നു. ആകയാല്‍ പ്രപഞ്ചോല്‍പത്തിയെ വിശദീകരിക്കുവാന്‍ ദൈവത്തെ വിളിച്ചുവരുത്തേണ്ട ആവശ്യമില്ല. ഹോക്കിംഗിന്‍റെതന്നെ വാക്കുകളില്‍, "പ്രപഞ്ചത്തിന് ഒരു ആരംഭം ഉണ്ടായിരുന്നിടത്തോളം അതിന് ഒരു സ്രഷ്ടാവുണ്ടെന്ന് നമുക്ക് അനുമാനിക്കാം. പക്ഷേ പ്രപഞ്ചം പൂര്‍ണ്ണമായും അതില്‍ത്തന്നെ ഉള്ളടങ്ങിയിരിക്കുന്നുവെങ്കില്‍ ഇതിന് ആരംഭവും അന്ത്യവുമില്ല. പ്രപഞ്ചത്തിന്‍റെ അവസ്ഥ കേവലം "ആയിരിക്കുക" എന്നുള്ളതാണ്. ഒരു സ്രഷ്ടാവിനു പിന്നെ എന്തുസ്ഥാനമാണുള്ളത്"

ഹോക്കിംഗ് - ഒരു ദൈവശാസ്ത്ര അപഗ്രഥനം

ദൈവത്തെ ഒരു സ്രഷ്ടാവെന്ന നിലയില്‍ ഹോക്കിംഗ് ഒഴിവാക്കിയാലും അദ്ദേഹത്തിന്‍റെ മാതൃകയില്‍ പ്രപഞ്ചോല്‍പത്തിയുടെ "മതിയായ ന്യായം" എന്ന നിലയില്‍ ദൈവത്തിന്‍റെ സ്ഥാനം നിലനില്‍ക്കുന്നു വെന്ന് ക്രെയ്ഗ് വാദിക്കുന്നു.10 കാരണം, എന്താണ് പ്രപഞ്ചം എന്ന ചോദ്യവും എന്തുകൊണ്ട് പ്രപഞ്ചം എന്ന ചോദ്യവും തമ്മില്‍ അദ്ദേഹം വേര്‍തിരിക്കുന്നു. "എന്‍റെ വീക്ഷണത്തില്‍ സത്യത്തില്‍ ദൈവത്തെ തുടച്ചുനീക്കുന്നതിനുപകരം അദ്ദേഹം ദൈവത്തെ എല്ലാ യാഥാര്‍ത്ഥ്യങ്ങളുടെയും അടിസ്ഥാനമായി അവരോധിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്ڈ.11      

പരമ്പരാഗതമായി സൃഷ്ടി എന്ന സംജ്ഞയില്‍ രണ്ടു ഘടകങ്ങള്‍ ആരോപിക്കുന്നുണ്ട്. ഉത്പത്തിഹേതുവായ സൃഷ്ടിയും അനുസ്യൂതമായ സൃഷ്ടിയും . ഉത്പത്തിഹേതുവായ സൃഷ്ടിയില്‍ മാത്രമേ സമയബദ്ധമായ ഒരു ആരംഭത്തിന്‍റെ ആവശ്യമുള്ളു. നിത്യതയില്‍നിന്നും നിത്യതവരെ നിലനില്‍ക്കുന്ന ഒരു പ്രപഞ്ചത്തെയാണ് അനുസ്യൂതമായ സൃഷ്ടി വിവക്ഷിക്കുന്നത്. അക്വിനാസിന്‍റെ വീക്ഷണത്തില്‍ ഉല്‍പത്തിഹേതുവായ സൃഷ്ടിപോലും സമയബദ്ധമായ ഉത്ഭവത്തെ അനിവാര്യമാക്കുന്നില്ല. ഇനി സമയബദ്ധമായ സൃഷ്ടിസിദ്ധാന്തത്തില്‍പോലും അതിലേറെ കാര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അതായത് ഹോക്കിംഗിന്‍റെ മാതൃകയിലേതുപോലെ സമയത്തിന്‍റെ ഒരു നിശ്ചിത ബിന്ദുവില്‍ ദൈവം പ്രപഞ്ചത്തില്‍ വേറെയും ഒരുപാടു കാര്യങ്ങള്‍ ചെയ്യുവാനുണ്ട്. പ്രപഞ്ചത്തിന്‍മേലുള്ള ദൈവത്തിന്‍റെ നിരന്തരമായ അസ്തിത്വവര്‍ഷം കൂടാതെ സര്‍വ്വപരിമിതയാഥാര്‍ത്ഥ്യങ്ങളും തികഞ്ഞ അസ്തിത്വ ശൂന്യതയിലേക്കു ശിഥിലീകരിച്ചുകൊണ്ടേയിരിക്കും. ആകയാല്‍ ഹോക്കിംഗ് സൃഷ്ടികര്‍ത്താവിന്‍റെ ഏതൊരു അനിവാര്യതയും ഒഴിവാക്കിയിരിക്കുന്നു എന്ന അവകാശവാദം ദൈവശാസ്ത്രപരമായി നിരര്‍ത്ഥകമാണ്.12

ശാസ്ത്രീയമായും തത്വശാസ്ത്രപരമായും ഹോക്കിംഗിന്‍റെ അനുമാനങ്ങള്‍ പലതും ഭാവാത്മകവും നീതീകരിക്കാനാവാത്തതുമാണ്. ക്വാണ്ടം ഫിസിക്സിനോടുള്ള അദ്ദേഹത്തിന്‍റെ ചരിത്ര സംക്ഷേപണ സമീപനം യഥാര്‍ത്ഥ വ്യാഖ്യാനത്തില്‍നിന്നും വളരെയേറെ വ്യതിചലിക്കുന്നതാണെന്ന് ക്രെയ്ഗ് ചൂണ്ടികാണിക്കുന്നു. അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ ക്വാണ്ടം ഫിസിക്സിന്‍റെ ബഹുപ്രപഞ്ച വ്യാഖ്യാനം  ശരിയായിരിക്കണം. പക്ഷേ പ്രമുഖ ശാസ്ത്രജ്ഞരുടെയൊക്കെ വീക്ഷണത്തില്‍ ഈ വ്യാഖ്യാനം അസാധുവാണ്. പൊതുവായി പറഞ്ഞാല്‍ ക്വാണ്ടം ഫിസിക്സിന്‍റെ പ്രപഞ്ചവിജ്ഞാനീയം ദൈവത്തെ സ്രഷ്ടാവെന്ന നിലയില്‍ ഒഴിവാക്കുന്നതിനുപകരം ദൈവത്തിനു നാടകീയമായി പുതിയ രംഗങ്ങള്‍ സങ്കല്‍പ്പിക്കുകയാണ്. "ആകയാല്‍ ഹോക്കിംഗിന്‍റെ സിദ്ധാന്തം ഒരുപാട് അതിഭൗതികമായ അവലംബനങ്ങള്‍ ഉള്‍കൊള്ളുന്നവയാണ്. അതിനാല്‍തന്നെ അദ്ദേഹത്തിന്‍റെ മാതൃക ഒരു സ്രഷ്ടാവിന്‍റെ അനിവാര്യതയെ ഒഴിവാക്കിയെന്നു പറയാന്‍ സാധിക്കുകയില്ലڈ.1"

ഹോക്കിംഗിന്‍റെ സാങ്കല്‍പിക സമയത്തിന്‍റെ ഉപയോഗം അദ്ദേഹത്തിന്‍റെ മാതൃകയുടെ അയഥാര്‍ത്ഥമായ അടിത്തറകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തില്‍ സാങ്കല്‍പിക സമയവും യുക്ലീഡിയന്‍ സ്ഥലകാലങ്ങളും കാല്‍പനിക ഉപകരണങ്ങളെന്നതിലുപരി ഭൗതിക യാഥാര്‍ത്ഥ്യത്തിന്‍റെ യഥാര്‍ത്ഥ പ്രതിബിംബങ്ങളായിട്ടാണ് പരിഗണിച്ചിരുന്നത്.14 സാങ്കല്‍പിക സമയത്തിന്‍റെ അവതരണം കേവലം ഗണിതശാസ്ത്രപരമായ ഒരു ഉപാധിയെന്ന പ്രതീതി  ജനിപ്പിക്കുമെങ്കിലും അദ്ദേഹത്തിന്‍റെ അന്തിമനിഗമനത്തില്‍ സാങ്കല്‍പിക സമയത്തെ യഥാര്‍ത്ഥ സമയമായി പരിഗണിച്ചിരിക്കുന്നു. ഹോക്കിംഗ് പ്രതിഭാസികസമയത്തെ സ്ഥലമാനത്തിലേയ്ക്കു വെട്ടിച്ചുരുക്കുന്നു. ഹോക്കിംഗിന്‍റെ അഭിപ്രായത്തില്‍ ആപേക്ഷികതാസിദ്ധാന്തം കേവലസമയസംജ്ഞയ്ക്കു അന്ത്യം കുറിച്ചു. ക്രെയ്ഗിന്‍റെ വാദത്തില്‍ ഇത് ആപേക്ഷികതാ സിദ്ധാന്തത്തെ സംബന്ധിച്ച സര്‍വ്വസാധാരണമായ ഒരു തെറ്റിദ്ധാരണയാണ്. ഐന്‍സ്റ്റീന്‍ കേവലമായ ഏകകാലികത്വത്തെ (അയീഹൌലേ ടശാൗഹമേിലശ്യേ) തള്ളിക്കളഞ്ഞിട്ടില്ല. ആകയാല്‍ സത്താപരമായ സമയത്തെ കേവലം സ്ഥലത്തിന്‍റെ ഒരു മാനമായി കണക്കാക്കാനാവില്ല. സത്താപരമായ സമയം ശാസ്ത്രീയമായി ഉപയോഗരഹിതമായിരിക്കുകയും അങ്ങനെ, ഹോക്കിംഗ് വാദിക്കുന്നതുപോലെ അതിഭൗതിക ശാസ്ത്രജ്ഞന് വിട്ടുകൊടുക്കുകയും ചെയ്യേണ്ടതാണെങ്കില്‍, "ഹോക്കിംഗ് അതിഭൗതികശാസ്ത്രത്തില്‍ വിഹരിക്കുകയാണ്. സ്ഥലകാലങ്ങളെക്കുറിച്ച് അനുമാനങ്ങള്‍ നടത്തുകയും അതുവഴി ദൈവത്തെ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു എന്ന അവകാശവാദംവഴി അദ്ദേഹം തത്വചിന്തകന്‍റെ മേഖലയില്‍ പ്രവേശിച്ചിരിക്കുന്നു. ഇവിടെ ഒന്നുകില്‍ അദ്ദേഹം വിശാലമായ ഒരു താത്വികമേഖലയില്‍ തത്വശാസ്ത്ര ആയുധങ്ങളുമായി യുദ്ധം ചെയ്യാന്‍ തയ്യാറാവുകയോ, അല്ലെങ്കില്‍ ഇടുങ്ങിയ ശാസ്ത്രീയ മേഖലകളുടെ മതില്‍കെട്ടുകളുടെ ഉള്ളിലേയ്ക്കു പിന്‍വാങ്ങുകയോ ചെയ്യേണ്ടിയിരിക്കുന്നുڈ.1" ഇത്തരുണത്തിലാണ് ക്രെയ്ഗിന്‍റെ അതിപ്രധാനമായ ചോദ്യം: ഈ പരിമിതികളുടെ വെളിച്ചത്തില്‍ ഹോക്കിംഗിനെയും നമ്മെയും ഒരുപോലെ വെല്ലുവിളിക്കുന്ന ഒരു ചോദ്യമാണ്, "സ്രഷ്ടാവിനെ ഇല്ലാതാക്കുന്നതിന് എന്തു മൂല്യംڈ?1"

ബൈബിളും സൃഷ്ടിയും - ദൈവശാസ്ത്രവീക്ഷണം

 ആധുനിക ശാസ്ത്രത്തിന്‍റെ ഉള്‍ക്കാഴ്ചകള്‍ ബൈബിളിന്‍റെ പ്രപഞ്ചദര്‍ശനത്തെ ഒരു പരിധിവരെ സമ്പുഷ്ടമാക്കുന്നതാണ്. ശാസ്ത്രദര്‍ശനങ്ങളെ ബൈബിള്‍ ദര്‍ശനങ്ങളുമായി സമന്വയിപ്പിക്കുന്നതിനുമുമ്പ് ബൈബിളിന്‍റെ സൃഷ്ടിവിവരണങ്ങള്‍ക്കു പിന്നിലെ കാഴ്ചപ്പാടുകളെ ശരിയാംവണ്ണം മനസ്സിലാക്കേണ്ടതുണ്ട്.

"ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു" (ഉല്‍പത്തി1:1). ദൈവം, പ്രപഞ്ചം എന്നീ രണ്ട് യാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിക്കുന്ന ഈ പ്രഖ്യാപനം ചരിത്രത്തിലുടനീളം ശൂന്യതയില്‍നിന്നുള്ള സൃഷ്ടിദര്‍ശനവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചുപോന്നു. ലുഡ് വിഗ് കോലറുടെ വീക്ഷണത്തില്‍ "പഴയനിയമത്തിലെ സൃഷ്ടിയുടെ കഥ പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനേക്കാള്‍ ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രം അര്‍ത്ഥം കൈവരിക്കുന്നത് എവിടെനിന്നാണ് എന്ന ചോദ്യത്തിനു ദൈവം സൃഷ്ടിയിലൂടെ ആ ജനതയുടെ ചരിത്രത്തിന് അര്‍ത്ഥം നല്‍കി എന്ന ഉത്തരം നല്‍കുകയാണ് ചെയ്യുന്നത്.17 അങ്ങനെ ബൈബിളില്‍ സ്രഷ്ടാവ് - വിമോചകന്‍ എന്നീ സങ്കല്‍പങ്ങള്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നിലനില്‍ക്കുന്ന എല്ലാന്‍റിന്‍റെയും കര്‍ത്താവ് ദൈവമാണ് എന്ന ദര്‍ശനം ആവിഷ്കരിക്കാനാണ് ബൈബിള്‍ പരിശ്രമിക്കുന്നത്. ഇസ്രായേലിന്‍റെ രക്ഷാകര്‍മ്മത്തിനുള്ള മുഖവുരയായിട്ടാണ് സൃഷ്ടിവിവരണം നിലനില്‍ക്കുന്നതെന്ന് ഫൊണ്‍റാഡ് ചൂണ്ടികാണിക്കുന്നു. ജെറമിയ 27:5; ഏശയ്യ 37:26 എന്നീ പാഠഭാഗങ്ങളിലെ സൃഷ്ടിസങ്കല്‍പങ്ങളിലും സങ്കീര്‍ത്തന പുസ്തകത്തിലും (73:12-15) ഇതേ ആശയംതന്നെയാണ് പ്രതിഫലിക്കുന്നത്.

ശൂന്യതയില്‍നിന്നുള്ള സൃഷ്ടിയെക്കുറിച്ചു സംശയലേശമന്യേ പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ ഒന്നുംതന്നെ ബൈബിളിലില്ല. ഉത്പത്തി1:1-2 വരെ ഭാഗങ്ങള്‍ ശൂന്യതയില്‍നിന്നുള്ള പ്രപഞ്ചസൃഷ്ടിയ്ക്കു തെളിവായി വ്യാഖ്യാനിക്കാറുണ്ട്. ഇറണേയൂസ്, അലക്സാണ്ട്രിയായിലെ ക്ലെമന്‍റ്, വി. അഗസ്റ്റിന്‍ തുടങ്ങിയ സഭാപിതാക്കന്മാരെല്ലാം ഈ കാഴ്ചപ്പാട് പുലര്‍ത്തിയവരാണ്, ജോബ് 26:7, വിജ്ഞാ.11:17, മക്കബ. 7:28, ഹെബ്ര.11:3 തുടങ്ങിയ വചനഭാഗങ്ങള്‍ ശൂന്യതയില്‍നിന്നുള്ള സൃഷ്ടിയെക്കുറിച്ചു പ്രതിപാദിക്കുന്നതായി കരുതപ്പെട്ടുപോന്നിരുന്നെങ്കിലും ആധുനിക പഠനങ്ങള്‍ ഈ അനുമാനങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്.

പ്രാചീനയുഗത്തിലെ പ്രകൃതിദൈവങ്ങളെ ഒഴിവാക്കുക എന്നതായിരുന്നു സൃഷ്ടിവിവരണങ്ങളുടെ പ്രഥമമായ ലക്ഷ്യം. പില്‍ക്കാലങ്ങളില്‍ ദ്വൈതവാദം, സര്‍വ്വഭൂതദൈവവാദം  ജ്ഞാനവാദം  തുടങ്ങിയ സിദ്ധാന്തങ്ങളില്‍നിന്നുള്ള വെല്ലുവിളികളും സൃഷ്ടിവിവരണങ്ങളുടെ വ്യാഖ്യാനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ആകയാല്‍ ദൈവത്തിന്‍റെ സര്‍വ്വാതിശായിത്വത്തെയും , സൃഷ്ടിയുടെ നന്മയെയും, പ്രപഞ്ചത്തിന്‍റെ ദൈവത്തിലുള്ള ആശ്രയത്വത്തെയും അരക്കിട്ട് ഉറപ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധമായിരുന്നു ബൈബിളിന്‍റെ സൃഷ്ടിവിവരണങ്ങള്‍. പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളും അതിനുമപ്പുറത്തേക്ക് ഒരു അതീന്ത്രീയ യാഥാര്‍ത്ഥ്യത്തിലേയ്ക്കു വിരല്‍ചൂണ്ടുന്നുവെന്നും ദൈവത്തിന്‍റെ ജ്ഞാനവും ശക്തിയും വെളിപ്പെടുത്തുന്ന സൃഷ്ടി (സങ്കീ 104:24, സുഭ. 3:19. ജെറ. 10:12-13) അവിടുത്തേക്കു സ്തുതിയും ആരാധനയും അര്‍പ്പിക്കാന്‍ ബാധ്യസ്ഥമാണെന്നും ബൈബിള്‍ ഓര്‍മ്മിപ്പിക്കുന്നു. "പരമമായ അര്‍ത്ഥത്തില്‍ സൃഷ്ടിയെക്കുറിച്ചു പ്രതിപാദിക്കുന്ന ബൈബിളിന്‍റെ  ദൈവശാസ്ത്രദര്‍ശനത്തിനു പിന്നിലെ അടിസ്ഥാനപരമായ ഉള്‍ക്കാഴ്ച സര്‍വ്വ അസ്തിത്വത്തിന്‍റെയും ഏക ഉറവിടവും ഉല്‍പത്തി മുഴുവന്‍റെയും പിന്നിലെ രഹസ്യാത്മകതയും ദൈവം മാത്രമാണെന്നതാണ്ڈ.1"

വെളിപാടിലെ  ڇശാസ്ത്രംڈ

ശാസ്ത്രത്തിന്‍റെ ഭൗതികവും ചരിത്രപരവുമായ  സ്വഭാവവും ബൈബിളിന്‍റെ അതിഭൗതികവും രക്ഷാകരവുമായ ആഭിമുഖ്യങ്ങളും ശാസ്ത്രത്തിന്‍റെയും ബൈബിളിന്‍റെയും സൃഷ്ടിവിവരണങ്ങള്‍ തമ്മില്‍ പ്രത്യക്ഷമായ സമാന്തരത്വം കണ്ടെത്തുവാന്‍ നമ്മെ അനുവദിക്കുന്നില്ല. മാത്രമല്ല; കേവലമായ ആരംഭം (മയീഹൌലേ യലഴശിിശിഴ) എന്ന കാഴ്ചപ്പാട് ശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഇപ്പോഴും ഒരുപോലെ തര്‍ക്കവിഷയമാണ്. സമയത്തിലുള്ള ആരംഭം വചനത്തിന്‍റെ ഭാഗമായി തോമസ് അക്വിനാസ് ചൂണ്ടികാണിക്കുന്നുണ്ട്. അതേസമയംതന്നെ നിത്യമായി നിലനില്‍ക്കുന്ന പ്രപഞ്ചത്തിലും ദൈവത്തിനു സ്രഷ്ടാവും സംരക്ഷകനുമെന്നനിലയില്‍ സ്ഥാനമുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.      

കേവലമായ ആരംഭത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ എന്തുതന്നെയായാലും ബൈബിളിന്‍റെയും ശാസ്ത്രത്തിന്‍റെയും കാഴ്ചപ്പാടുകള്‍ക്കു തമ്മില്‍ പലവിധത്തിലും പരസ്പരപൂരകത്വം കണ്ടെത്താവുന്നതാണ്. ഇയാന്‍ ബാര്‍ബറുടെ അഭിപ്രായത്തില്‍ ശാസ്ത്രീയ വീക്ഷണം  അസ്തിത്വത്തിന്‍റെയും അതിര്‍ത്തി വ്യവസ്ഥകളുടെയും പ്രകൃതിനിയമങ്ങളുടെയും ആശ്രയത്വത്തെ (ഇീിശേിഴലിര്യ) അനിവാര്യമാക്കുന്നതാണ്.19 ശാസ്ത്രത്തില്‍ ഒരു ചാക്രിക പ്രപഞ്ചദര്‍ശനംതന്നെ സ്ഥിരീകരിക്കപ്പെട്ടാലും അസ്തിത്വത്തിന്‍റെ ആശ്രയത്വം ശൂന്യതയില്‍നിന്നുള്ള സൃഷ്ടിയുടെതുപോലെ പ്രപഞ്ചം മുഴുവനും ബാധകമായിരിക്കും. പ്രകൃതിനിയമങ്ങളോടുള്ള ആശ്രയത്വം, ആകസ്മികത യോടുള്ള അവയുടെ സാമിപ്യം നിമിത്തം ദൈവശാസ്ത്രത്തിലെ ക്രമരൂപികരണ കാഴ്ചപ്പാടിനു സമാനമായി കരുതാവുന്നതാണ്.

പ്രപഞ്ചത്തിന്‍റെ ഭൗതികവും ജൈവികവുമായ പരിണാമാത്മകതയും സഹജവും നിതാന്തവുമായ ക്രിയാത്മകതയും അനുസ്യൂതസൃഷ്ടിയെന്ന സങ്കല്‍പത്തെ ശാസ്ത്രീയമായി ബലപ്പെടുത്തുന്നു. പ്രബലമായിക്കൊണ്ടിരിക്കുന്ന ആധുനിക ശാസ്ത്രദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ ദൈവവും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ അനുസ്യൂതമായ ഒരു സൃഷ്ടി ബന്ധമായി കണക്കാക്കാവുന്നതാണ്.

ഉത്പത്തിഹേതുവായ സൃഷ്ടിയില്‍നിന്നും അനുസ്യൂതമായ സൃഷ്ടിയിലേക്കും അതുവഴി അതിരിക്തതയില്‍നിന്നും അന്തര്യാമിത്വത്തിലേയ്ക്കും ഉള്ള ദൈവശാസ്ത്രപരിണാമത്തിന്‍റെ സ്വാധീനം ആധുനിക ദൈവശാസ്ത്രശാഖകള്‍ പലതിലും നിഴലിച്ചിട്ടുണ്ട്. പ്രോസെസ് തിയോളജി  , പാന്‍ - എന്‍ - തീയിസം , പേഴ്സണല്‍ ഏജന്‍റ് മോഡല്‍സ് തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ഏകവും ദ്വിതീയവുമായ കാരണങ്ങളുടെ  വെളിച്ചത്തിലുള്ള കര്‍ത്തൃത്വത്തെ പ്രോസെസ് തിയോളജി നിരാകരിക്കുന്നു. വൈറ്റ് ഹെഡിന്‍റെ വാക്കുകളില്‍, "ദൈവം എല്ലാ സൃഷ്ടികള്‍ക്കും മുന്‍പുള്ളവനല്ല, പ്രത്യുത എല്ലാ സൃഷ്ടിയോടും ഒപ്പമുള്ളവനാണ്." പാന്‍ - എന്‍ - തീയിസത്തില്‍ പ്രപഞ്ചം ദൈവത്തിനുള്ളില്‍ എന്നാലെന്നവണ്ണം സങ്കല്‍പിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ദൈവിക രഹസ്യം പ്രപഞ്ചത്താല്‍ പൂര്‍ണ്ണമായി അനാവൃതമാക്കപ്പെടുകയോ നിര്‍വ്വീര്യമാക്കപ്പെടുകയോ ചെയ്യുന്നില്ല.21 സൃഷ്ടിയെയും ദൈവിക സ്വഭാവത്തെയുംകുറിച്ചു പ്രതിപാദിക്കുവാന്‍ ആത്മ-ശരീര താദാത്മ്യങ്ങളും സ്ത്രൈണമായ രൂപങ്ങളുമാണ് പേഴ്സണല്‍ ഏജന്‍റ് മോഡല്‍സ്  ഉപയോഗിക്കുന്നത്. താത്വികമായി വളരെയേറെ പരിമിതികളുള്ള വീക്ഷണങ്ങളാണെങ്കിലും ദൈവത്തില്‍നിന്നുമുള്ള പ്രപഞ്ചത്തിന്‍റെ ജൈവികമായ ആവിര്‍ഭാവത്തെ ഈ ദര്‍ശനങ്ങളെല്ലാംതന്നെ ഉള്‍കൊള്ളുന്നു. 

അനുസ്യൂതമായ സൃഷ്ടിയുടെ ഉദാത്തമായ ക്രൈസ്തവ ദര്‍ശനമാണ് പരിശുദ്ധാത്മപരമായ സൃഷ്ടി. സൃഷ്ടിയുടെ പരിശുദ്ധാത്മപരമായ മാനങ്ങളെ സൂചിപ്പിക്കുന്ന ശക്തമായ രൂപകങ്ങള്‍ ബൈബിളില്‍ പലേടത്തും കാണാം. "അവിടുന്നു മുഖം മറയ്ക്കുമ്പോള്‍ അവ പരിഭ്രാന്തരാകുന്നു. അങ്ങ് അവയുടെ ശ്വാസം പിന്‍വലിക്കുമ്പോള്‍ അവ മരിച്ചു പൂഴിയിലേക്കു മടങ്ങുന്നു. അങ്ങ് ജീവശ്വാസം അയയ്ക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നുڈ (സങ്കീ. 104:29-30). ڇആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്‍റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നുڈ (ഉല്‍പ. 1:1). സമസ്തജാലങ്ങളുടെയും അസ്തിത്വത്തിന്‍റെയും ജീവന്‍റെയും ഉറവിടം ദൈവത്തിന്‍റെ അരൂപിയാണെന്ന് ഇതു കാണിച്ചു തരുന്നു. ഇത്തരമൊരു ദര്‍ശനത്തെ സഭാപിതാവായ നിസ്സായിലെ ഗ്രിഗറിയുടെ പദാര്‍ത്ഥവീക്ഷണത്തില്‍നിന്നും എളുപ്പത്തില്‍ അനുമാനിക്കാം. പ്ലേറ്റോ, അരിസ്റ്റോട്ടില്‍, സ്റ്റോയിക്സ് തുടങ്ങിയവരുടെ പദാര്‍ത്ഥനിര്‍വ്വചനങ്ങളെ നിരാകരിക്കുന്ന ഗ്രിഗറി, പദാര്‍ത്ഥത്തെ ദൈവത്തിന്‍റെ ഊര്‍ജ്ജമായിട്ടാണ് അവതരിപ്പിക്കുന്നത്.22 ഇന്നുള്ളതും നാളെ തീയില്‍ എറിയപ്പെടുന്നതുമായ പുല്ലിനെ ദൈവം ഒരര്‍ത്ഥത്തില്‍ ശാശ്വതമാക്കിത്തീര്‍ത്തിരിക്കുന്നുവെന്നു നമുക്കു പറയാം. കുതിച്ചൊഴുകുന്ന പ്രവാഹത്തിലും വിടരാന്‍ വെമ്പുന്ന പൂവിലും അണയാന്‍ മടിക്കുന്ന തിരിനാളത്തിലുമൊക്കെ നാം കണ്ടുമുട്ടുന്നത് അരൂപിയുടെ ഈ ശക്തിചൈതന്യമാണ്. "ദൈവാരൂപിയുടെ അനര്‍ഗ്ഗ പ്രവാഹത്തിലാണ് സൃഷ്ടവസ്തുക്കള്‍ രൂപവല്‍കൃതമാകുന്നത്. അവ അരൂപിയില്‍ ജനിക്കുകയും അരൂപിയിലൂടെ നവീകരിക്കപ്പെടുകയും ചെയ്യുന്നു. ചലനങ്ങളും താളങ്ങളും രൂപങ്ങളും സ്ഥിരാങ്കങ്ങളും അവയുടെ ഭൗതികമായ സമസ്തസംയോജനങ്ങളും എല്ലാം ദൈവാരൂപിയുടെ സമൂഹത്തില്‍നിന്നും ഉരുത്തിരിയുന്ന പ്രാപഞ്ചിക ഊര്‍ജ്ജത്തില്‍ അധിഷ്ഠിതമാണ്ڈ.2"

ഉപസംഹാരം

ശാസ്ത്രവും ദൈവശാസ്ത്രവും വരച്ചുകാട്ടുന്ന സൃഷ്ടിയുടെ അത്ഭുതങ്ങളെ സമന്വയിപ്പിക്കാന്‍ ഒരുപക്ഷേ പരിശുദ്ധാത്മപരമായ സൃഷ്ടിയുടെ പൂര്‍ണ്ണമായ ദൈവശാസ്ത്രവികസനം മതിയായേക്കാം. രീതിശാസ്ത്രപരവും ഉള്ളടക്കപരവുമായ ഭിന്നതകളാല്‍ ശാസ്ത്ര ത്തിന്‍റെയും ബൈബിളിന്‍റെയും സൃഷ്ടിദര്‍ശനങ്ങളെ അവയുടെ പ്രത്യക്ഷമായ അര്‍ത്ഥത്തില്‍ സമന്വയിപ്പിക്കാനാവില്ലെ ങ്കിലും സര്‍വ്വ ശ്ലേഷകമായ ഏകാത്മക യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള അതിഭൗതീക വീക്ഷണത്തില്‍ ബൈബിളും ശാസ്ത്രവുംതമ്മില്‍ ഒട്ടേറെ പൂരകത്വം നമുക്ക് കണ്ടെത്താവുന്നതാണ്. അതിനാല്‍തന്നെ ഉപരിവിപ്ലവങ്ങളായ താരതമ്യപഠനങ്ങളെക്കാള്‍ ഗഹനമായ താത്വിക അപഗ്രഥനങ്ങളിലേയ്ക്കാണ് ആധുനിക ശാസ്ത്രത്തിന്‍റെ പ്രപഞ്ചവിജ്ഞാനീയമായ ഉള്‍ക്കാഴ്ച ദൈവശാസ്ത്രത്തെ ആഹ്വാനം ചെയ്യുന്നത്.                  

 

Cosmology Revelation in science Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu catholic malayalam theology mananthavady diocese Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message