x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ ഇതര മതസംവാദം

ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ ചില താരതമ്യങ്ങൾ സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങള്‍

Authored by : Syro Malabar Catechetical Commission On 14-May-2021

 

ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ ചില താരതമ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വിവാദ വിഷയമാകുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ചില വിവാദങ്ങളിലെങ്കിലും സഭയുടെ മതപഠന ഗ്രന്ഥങ്ങളെ പ്രതിസ്ഥാനത്തുനിർത്തുന്ന പരാമർശങ്ങൾ കാണാൻ ഇടവന്നതിനാൽ സീറോമലബാർ സഭയുടെ മതബോധന കമ്മീഷൻ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു.

1. ഇതര മതവിശ്വാസങ്ങളെയും അവരുടെ ആചാരങ്ങളെയും ആദരവോടെ വിലയിരുത്തുന്നതിൽ ക്രൈസ്തവർക്കു വീഴ്ചവരാൻ പാടില്ല എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചിന്തയാണ് നമ്മുടെ പ്രബോധനങ്ങൾക്ക് വഴിവിളക്കാവുന്നത്. അനാവശ്യമായ താരതമ്യങ്ങളിലൂടെ ഇതരമതവിശ്വാസങ്ങളെ ഇകഴ്ത്തുന്ന എല്ലാ പ്രവണതകളിൽ നിന്നും ബോധപൂർവ്വം അകന്നുനിൽക്കണം. കാരണം, എല്ലാ മനുഷ്യരുടെയും സ്രഷ്ടാവും പരിപാലകനുമാണ് ദൈവം, ദൈവപിതാവിന്റെ മക്കളെന്ന നിലയിൽ എല്ലാ മനുഷ്യരും നമുക്ക് സഹോദരങ്ങളാണ്.

2. ദൈവം ഒന്നേയുള്ളൂ. ആ ദൈവത്തിലാണ് എല്ലാ മതാനുയായികളും വിശ്വസിക്കുന്നത്. എന്നാൽ, ദൈവത്തെക്കുറിച്ചുള്ള അവബോധത്തിൽ വിവിധ മതങ്ങളുടെ പ്രബോധനങ്ങളിൽ വ്യതിരിക്തതകളുണ്ട്. പഴയ നിയമത്തിലെ യാഹ് വേയുമായി സാമ്യമുള്ള പല പരാമർശങ്ങളും ഖുറാനിലെ ദൈവമായ അള്ളായെക്കുറിച്ചും കാണാമെങ്കിലും ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ദൈവത്തെക്കുറിച്ചുള്ള ധാരണ ഒന്നാണെന്നു പറയുക സാധ്യമല്ല. ആ അർത്ഥത്തിൽ ഖുറാനിലെ ദൈവവും ബൈബിളിലെ ദൈവവും ഒന്നാണെന്ന പ്രസ്ഥാവനയും ശരിയല്ല. സ്നേഹവും കരുതലും കരുണയുമുള്ള പിതാവായ ദൈവത്തെക്കുറിച്ച് അവിടുത്തെ പുത്രനായ ഈശോ നൽകിയ വെളിപ്പെടുത്തലുകൾക്ക് ഉപരിയായ മറ്റൊരു വെളിപാടും ക്രൈസ്തവ വിശ്വാസത്തിനു നിരക്കുന്നതല്ല.

3. ത്രിയേക ദൈവത്തിലെ രണ്ടാം ആളായ പുത്രൻ തമ്പുരാനായ ഈശോ മിശിഹായും ഖുറാനിൽ പരാമർശിക്കുന്ന ഈസാ നബിയും തികച്ചും വ്യത്യസ്തരായ വ്യക്തികളാണ്. പുതിയ നിയമം എഴുതപ്പെട്ട് ആറുനൂറ്റാണ്ടുകൾക്കുശേഷം എഴുതപ്പെട്ട ഖുറാനിൽ ബൈബിളിലെ ഈശോ മിശിഹായുടെ ജനന വിവരണത്തിൽനിന്നുള്ള ചില പരാമർശങ്ങൾ ഈസാനബിയെക്കുറിച്ച് നൽകിയിട്ടുണ്ട്. എന്നാൽ, കേവലം ഒരു പ്രവാചകനായ ഈസായും ദൈവപുത്രനും ലോകരക്ഷകനുമായ ഈശോയും തമ്മിൽ സാമ്യത്തെക്കാൾ വ്യത്യാസമുണ്ട്. സ്നേഹത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും മനുഷ്യകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി കുരിശിലേറി മരിച്ച് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്ന വനായ ക്രിസ്തുവിലാണ് ക്രൈസ്തവർ വിശ്വസിക്കുന്നത്. ആകാശത്തിനു കീഴിൽ മനുഷ്യ നു വെളിപ്പെടുത്തപ്പെട്ട ഏകരക്ഷാമാർഗ്ഗം അവനാണ്. ക്രിസ്തുസംഭവത്തിലെ രക്ഷാകരര ഹസ്യങ്ങളൊന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നില്ല എന്നതിൽ നിന്നും ഈസാനബിയും ഈശോമിശിഹായും തമ്മിലുള്ള വ്യത്യാസം സ്പഷ്ടമാണ്.

4. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ത്രിയേക ദൈവത്തിലുള്ള വിശ്വാസമാണ്. പരിശുദ്ധ ത്രിത്വത്തെ നിഷേധിക്കുന്ന ഇസ്ലാമിക വിശ്വാസം ക്രൈസതവവിശ്വാസത്തിൽ നി ന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്. ഏകദൈവം എങ്ങനെ മൂന്ന് ആളുകളാകുന്നു. എന്ന ചോദ്യത്തിന് ക്രൈസതവ വിശ്വാസത്തിൽ വ്യക്തമായ ഉത്തരമുണ്ട്. ദൈവം തന്നെയായ ഈശോ ദൈവത്തെ ത്രീത്വമായി വെളിപ്പെടുത്തിയതിനാൽ ഈ വെളിപാട് സ്വീകരിച്ച് ഏറ്റുപറയുന്നവരാണ് ക്രൈസ്തവർ. തിത്വൈകമല്ലാത്ത ദൈവവിശ്വാസങ്ങൾക്ക് ക്രിസ്തീയതയുമായി ബന്ധമില്ല.

5. ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസാനബിയുടെ അമ്മയായ മിറിയാമും തമ്മിൽ പേരിലുള്ള സാമ്യം മാത്രമേയുള്ളൂ. പരിശുദ്ധമറിയം അമലോത്ഭവയും നിത്യകന്യകയും ദൈവമാതാവും സ്വർഗ്ഗാരോപിതയുമാണ്. ഈ സത്യങ്ങളൊന്നും ഖുറാനി ലെ മിറിയാമിനു ചേരുന്നതല്ല. അടിസ്ഥാനപരമായ വ്യത്യാസങ്ങളെ തമസ്കരിച്ചുകൊണ്ടു ള്ള അനാവശ്യ താദാത്മീകരണങ്ങൾ ക്രിസ്തീയ വിശ്വാസത്തിന്റെ തനിമയെ തകർക്കുന്നതാണ്.

6. യഹൂദ-ക്രിസ്ത്യൻ ഇസ്ലാം മതങ്ങൾ സെമിറ്റിക് പാരമ്പര്യത്തിൽ രൂപം കൊണ്ടതും ഏക ദൈവവിശ്വാസത്തിലധിഷ്ഠിതവുമായ മൂന്നു ലോകമതങ്ങളാണ്. അതിനാൽ തന്നെ മതഗ്രന്ഥങ്ങളിലെ വിവരണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ചില സാദൃശ്യങ്ങൾ സ്വാഭാവികമാണ്. എന്നാൽ പ്രസ്തുത സാദൃശ്യങ്ങളുടെ വെളിച്ചത്തിൽ മൂന്നു മതവിശ്വാസങ്ങളും ഒന്നാണെന്നു വരുത്താനുള്ള അനാവശ്യ വ്യഗ്രതയിൽ ചില ദുരുദ്ദേശങ്ങൾ സംശയിച്ചാൽ കുറ്റം പറയാനാവില്ല. അനാവശ്യവും അടിസ്ഥാനരഹിതവുമായ ഇത്തരം താരതമ്യ പ്രസ്താവനകൾ പലപ്പോഴും ക്രൈസ്തവ വിശ്വാസത്തിന്റെ അനന്യതയെ അപകടപ്പെടുത്തുന്നതാണ്. അതിനാൽത്തന്നെ അവയെ അംഗീകരിക്കാൻ ക്രൈസ്തവർക്കു കഴിയില്ല. എന്നാൽ എല്ലാ മതവിശ്വാസികളെയും ദൈവപിതാവിന്റെ മക്കളെന്ന നിലയിൽ സഹോദരങ്ങളായി കരുതി സ്നേഹിക്കാനും സേവിക്കാനും ക്രൈസ്തവർക്കു കടമയുണ്ട്. പരസ്പരം സ്നേഹിക്കുക എന്നതാണ് ക്രിസ്തുവിന്റെ കല്പനകളുടെ സാരസംഗ്രഹം. ക്രിസ്തീയവിശ്വാസത്തെ വളർത്തുന്നതും മതസൗഹാർദ്ദത്തെ പരിപോഷിപ്പിക്കുന്നതുമായ സത്യങ്ങൾ മാത്രമാണ് സഭയുടെ മതബോധനഗ്രന്ഥങ്ങളിലും (ഉദാ : പന്ത്രണ്ടാം ക്ലാസ്സ്, ക്രൈസ്തവ ജീവിതം സഭയിലും സമൂഹത്തിലും. 69) അനുബന്ധ പഠനങ്ങളിലും (ഉദാ : ഡോ. മൈക്കിൾ കാരിമറ്റം, കത്തോലിക്കാ വിശ്വാസവും വെല്ലുവിളികളും) നൽകിക്കൊണ്ടിരിക്കുന്നത്.

7. പന്ത്രണ്ടാം ക്ലാസ്സിലെ ക്രൈസ്തവജീവിതം സഭയിലും സമൂഹത്തിലും എന്ന പാഠപുസ്തകം തയ്യാറാക്കിയ കാലഘട്ടത്തിൽ നിന്നും ഏറെ വ്യത്യസ്തമായ മതാത്മക കാഴ്ചപ്പാടുകളാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അന്ന് നൽകിയ പ്രബോധനം, വിശ്വാസികൾക്ക് തെറ്റിദ്ധാരണകൾക്ക് ഇടയാകുമെന്ന് മനസ്സിലാക്കുന്നതിനാൽ തിരുത്തി ഇസ്ലാം മതത്തെക്കുറിച്ച് ഇപ്രകാരമാണ് 2021 മുതലുള്ള പുസ്തകത്തിൽ ചേർത്തിരിക്കുന്നത്. “ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യായിലെ മക്കയിൽ ജനിച്ച മുഹമ്മദ് നബിക്ക് ജബ്രീൽ എന്ന ദൈവദൂതൻ വഴി മുസ്ലീങ്ങളുടെ ദൈവമായ അള്ളാഹു നേരിട്ട് ഓതിക്കൊടുത്തു എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്ന ഖുറാന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട് മതമാണ് ഇസ്ലാം മതം. ഏകദൈവ വിശ്വാസികളാണ് മുസ്ലീങ്ങൾ. യഹൂദ ക്രൈസ്തവ വിശ്വാസപ്രമാണങ്ങൾ, ആചാരരീതികൾ, ദൈവശാസ്ത്ര വീക്ഷണങ്ങൾ എന്നിവയിൽ നിന്നും അടിസ്ഥാനപരമായ വ്യത്യാസങ്ങൾ ഇസ്ലാം മതം പുലർത്തുന്നു. ബൈബിളിൽ വെളിപ്പെടുത്തപ്പെടുന്ന ഏക സത്യ ദൈവത്തിൽ നിന്നും ഏറെ വിഭിന്നനാണ് ഖുറാനിലെ അള്ളാഹു". അതിനാൽ ഈ വിഷയത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കാതിരിക്കാൻ ഏവരും ശ്രദ്ധിക്കുമല്ലോ.

christian islam dialogue christian islam differences islam islam religion islam is different Syro Malabar Catechetical Commission Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message