x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ സഭാസംബന്ധമായ പൊതുവിഷയങ്ങൾ

കാലഘട്ടത്തിൻറെ സ്വരങ്ങൾക്ക് സഭ കാതോർക്കുക

Authored by : James kiliyananikkal On 09-Jun-2021

കാലത്തിൻറെ അടയാളങ്ങൾ വിവേചിക്കുക മനുഷ്യബുദ്ധി നമ്മോടാവശ്യപ്പെടുന്ന കാര്യമാണ്. മതങ്ങളും പ്രത്യയശാസ്ത്രങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളുമെല്ലാം ചരിത്രഗതിയിൽ മൺമറഞ്ഞുപോകാതെ നിലകൊള്ളണമെങ്കിൽ കാലഘട്ടമുയർത്തുന്ന വെല്ലുവിളികൾക്ക് ഉത്തരം നൽകാൻ അവ കഴിവുള്ളതാകണം. കാലത്തിൻറെ മാറ്റങ്ങളെ യഥാവിധി ഉൾക്കൊണ്ട് സ്വയം രൂപപ്പെടാൻ കഴിയാത്തവയൊക്കെയും ചരിത്രഗതിയിൽ തകർന്നടിയും. ഏറ്റം ശക്തം എന്നു കരുതപ്പെട്ടിരുന്ന ഡിനോസറുകളുടെ നാശം ഇതിനുദാഹരണമാണ്. ഏറ്റം പരിഷ്കൃതം എന്നു കരുതപ്പെട്ടിരുന്ന ഗ്രീക്ക്, റോമൻ സംസ്ക്കാരങ്ങളുടെ പതനവും ഈ പാഠം നമുക്കു പങ്കുവച്ചുതരുന്നു.

സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കൃത്യതയോടെ അവലോകനം ചെയ്യാനുള്ള കഴിവ് അതിജീവനത്തിന് അനിവാര്യമാണ്. സമൂഹത്തിലെ മാറ്റങ്ങൾ പ്രസ്ഥാനങ്ങളെയും പ്രവർത്തനങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നും അതിൻറെ പരിണിതഫലം എന്തായിരിക്കുമെന്നും ഗ്രഹിക്കാൻ കഴിയണം. സഭ ഒരു ആത്മീയ യാഥാർഥ്യം മാത്രമല്ല, ഒരു മതമെന്ന നിലയിലും സാമൂഹ്യസംഘടനാ സ്വഭാവമുള്ള സ്ഥാപനം എന്ന നിലയിലും ബാഹ്യമായ ഘടകങ്ങൾകൂടി ചേർന്നതാണ്. ഈ ലോകത്തിലാണ് അതിൻറെ ഭൗമികഘടകം പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അതിനാൽ സാമൂഹികവും രാഷ്ട്രീയവും വൈജ്ഞാനികവും എന്നുവേണ്ട മനുഷ്യജീവിതവുമായി ബന്ധമുള്ള എല്ലാ മേഖലകളിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ സഭയിലും അതിൻറെ അലയൊലികൾ ഉളവാക്കിക്കൊണ്ടിരിക്കും. അവയെ ഗൗരവപൂർവം വിശകലനം ചെയ്യുക അനിവാര്യമാണ്. ഈ മാറ്റങ്ങളൊക്കെയും ക്രിസ്തീയതയുടെമേൽ വിവിധതരം ചോദ്യങ്ങളും വെല്ലുവിളികളും ഉയർത്തിക്കൊണ്ടാണിരിക്കുന്നത്. ക്രിസ്തീയ വ്യക്തിത്വത്തിൻറെ വ്യതിരിക്തഭാവങ്ങളെ കൂടുതൽ ആഴത്തിൽ പഠിക്കാനും കൂടുതൽ ഫലപ്രദമായ വിധത്തിൽ അവതരിപ്പിക്കാനും ഈ മാറ്റങ്ങൾ നമ്മോട് ആവശ്യപ്പെടുന്നു. ക്രിസ്തീയ ജീവിതമൂല്യങ്ങളെ കൂടുതൽ പ്രസക്തവും സ്വീകാര്യവുമായ വിധത്തിൽ സമൂഹമധ്യത്തിൽ അവതരിപ്പിക്കേണ്ടതിൻറെ അടിയന്തര ആവശ്യം ഈ മാറ്റങ്ങൾ നമ്മുടെ മുൻപിൽ തുറന്നു വയ്ക്കുന്നു. വിവിധ
മണ്ഡലങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങളിൽ പ്രധാനമായവ നമുക്കു പരിശോധിക്കാം.

1. ജനാധിപത്യത്തിലേക്കുള്ള ചുവടുവെയ്പ്

ഇരുപതാം നൂറ്റാണ്ട് ജനാധിപത്യത്തിൻറെ വിജയത്തിൻറെ ചരിത്രമുൾക്കൊള്ളുന്ന കാലഘട്ടമാണെന്നു പറയാൻ കഴിയും. യൂറോപ്യൻ രാജ്യങ്ങളുടെ കോളനി വാഴ്ചകൾക്ക് അന്ത്യം കുറിക്കപ്പെട്ട നൂറ്റാണ്ടാണിത്. നാഷണലിസത്തിൻറെയും സ്വാതന്ത്ര്യത്തിൻറെയും ചിന്ത ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളെ സ്വയം ഭരണത്തിൻറെയും ജനാധിപത്യത്തിൻറെയും പൊൻപുലരിയിലേക്കു നയിച്ചു. 1947ൽ ഭാരതം സ്വതന്ത്രയായി. രാജ്യഭരണവും വിദേശമേൽക്കോയ്മയും അവസാനിച്ചു. ജനാധിപത്യം ഭരണക്രമമായി മാറി.

ജനാധിപത്യത്തിലേക്കുള്ള ഈ ചുവടുവെയ്പ് ഒട്ടേറെ പ്രത്യേകതകൾ ഉൾക്കൊള്ളുന്നതായിരുന്നു. അതിൽ മുഖ്യമായത് അധികാരം ജനങ്ങളിലേക്ക് കൈമാറ്റപ്പെട്ടിരിക്കുന്നു എന്നതാണ്. അതോടുകൂടി രാജശാസനങ്ങളും കൽപനകളുടെ വിളംബരങ്ങളും അവസാനിച്ചു. ജനാധിപത്യം അക്ഷരാർത്ഥത്തിൽത്തന്നെ ജനങ്ങളുടെ ആധിപത്യമായി ഗണിക്കപ്പെട്ടു. തങ്ങളെ ആരു ഭരിക്കണമെന്ന് ജനം തീരുമാനിക്കുകയായി. ജനവിരുദ്ധനയങ്ങൾക്കെതിരെ സംഘടിതനീക്കങ്ങൾ നടത്താനും ഭരണാധികാരികളെ നിയന്ത്രിക്കാനുമുള്ള കഴിവും ശക്തിയും ജനത്തിനു കൈവന്നു. ജനങ്ങൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായി.

ജനാധിപത്യം നൽകിയ മറ്റൊരു സംഭാവനയാണ് നിയതമായ ഭരണഘടനയും അതിനെ അടിസ്ഥാനമാക്കിയുള്ള നീതിന്യായവ്യവസ്ഥിതിയും. ഭരിക്കുന്നവരും ഭരണീയരും ഒരേ നിയമത്തിന് വിധേയരായിരിക്കുന്നു എന്നതാണിതിൻറെ സവിശേഷത. ഭരിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങളല്ല, നിയമവാഴ്ചയാണ് സമൂഹത്തിൽ നടപ്പാകേണ്ടത് എന്ന സ്ഥിതി സംജാതമായി. ഭരണഘടന എന്ന മാനദണ്ഡം വച്ച് ഭരണവും നയങ്ങളും വിലയിരുത്തപ്പെടുന്നു. നിയമനിർമ്മാണം, കാര്യനിർവ്വഹണം, നീതിന്യായം എന്നീ ത്രിവിധ തലങ്ങളിലായി അധികാരം വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതിനാൽ അവ ഓരോന്നും പരസ്പര പാലകരായി നിലകൊള്ളുന്നു. അവ ഓരോന്നും മറ്റു രണ്ടിനെയും പരിപോഷിപ്പിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്നു.

തുറന്ന ചർച്ചകൾക്കും ആശയസംവാദങ്ങൾക്കും അഭിപ്രായപ്രകടനങ്ങൾക്കും സാധ്യത കൈവരുത്തി എന്നതാണ് ജനാധിപത്യത്തിൻറെ മറ്റൊരു സംഭാവന. വ്യത്യസ്ത ചിന്താഗതികൾ മാത്രമല്ല, എതിരഭിപ്രായങ്ങളും പ്രകടിപ്പിക്കാനും ചർച്ചകളിലൂടെ വിലയിരുത്തപ്പെടാനും അവസരങ്ങൾ കൈവന്നു. പ്രതിപക്ഷത്തിൻറെ സാന്നിധ്യം ശല്യമല്ല അനിവാര്യമാണ് എന്ന വസ്തുത അംഗീകരിക്കപ്പെട്ടു. ആവിഷ്ക്കാരസ്വാതന്ത്ര്യത്തോടൊപ്പം അവകാശങ്ങൾക്കുവേണ്ടി പ്രത്യക്ഷ സമരമുറകൾ സ്വീകരിക്കാനുള്ള അവകാശവും ജനത്തിനു സംലഭ്യമായി.

പ്രത്യേകം എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ്, മുമ്പൊരു കാലഘട്ടത്തിലും ഉണ്ടായിട്ടില്ലാത്തവിധം മനുഷ്യാവകാശത്തെക്കുറിച്ചുള്ള ശക്തമായ അവബോധം ജനഹൃദയങ്ങളിൽ രൂപപ്പെട്ടിരിക്കുന്നു എന്നത്. മനുഷ്യാവകാശലംഘനം വലിയ തിന്മയായി ഗണിക്കപ്പെടുന്നു. ഇതോടൊപ്പം വിവരാവകാശനിയമം പ്രാബല്യത്തിൽ വന്നതോടെ നീതിനിഷേധം ഒരു പരിധിവരെ തടയപ്പെടാൻ ഇടയായി. ജനാധിപത്യവ്യവസ്ഥിതിയോടു ചേർന്നുപോകുന്ന മൂല്യങ്ങളായ സമത്വം, സ്വാതന്ത്ര്യം, നീതി, സത്യം എന്നിവയും സമൂഹത്തിൽ ഉറപ്പിക്കപ്പെട്ടു. ഈ വിധമുള്ള മാനുഷിക മൂല്യങ്ങളെ അടിസ്ഥാനമാക്കി രാഷ്ട്രീയ, സാമൂഹിക ജീവിതത്തെ വിലയിരുത്തുന്ന ശൈലി രൂപപ്പെട്ടു എന്നതും ജനാധിപത്യത്തിൻറെ സൽഫലമാണ്.

ഇപ്രകാരം ഒരു ജനാധിപത്യ ജീവിതക്രമത്തിൻറെ ഉള്ളിലാണ് സഭ ഒരു സാമൂഹ്യസംവിധാനമെന്ന നിലയിൽ നിലകൊള്ളുന്നത്. ജനാധിപത്യത്തിൻറെ അനുരണനങ്ങൾ സഭക്കുമേൽ സമ്മർദ്ദങ്ങൾ ഏൽപ്പിക്കുക എന്നത് സ്വാഭാവികം തന്നെ. ജനാധിപത്യമൂല്യങ്ങളെ ഉൾച്ചേർത്തുകൊണ്ട് സുവിശേഷമൂല്യങ്ങളെ അവതരിപ്പിക്കുക എന്ന വെല്ലുവിളിയാണ് സഭക്കുള്ളത്. സഭയുടെ മക്കൾ ലോകത്ത് ജനാധിപത്യത്തിൻറെ മക്കളാണ് എന്ന യാഥാർഥ്യം സഭയുടെ പ്രവർത്തനശൈലിയുടെമേൽ
എപ്പോഴും ചോദ്യമുന്നയിച്ചുകൊണ്ടിരിക്കും എന്ന സ്വാഭാവികസത്യം വിസ്മരിക്കാവുന്നതല്ല. ജനാധിപത്യമൂല്യങ്ങളെ മാനദണ്ഡങ്ങളായി സ്വീകരിച്ചുകൊണ്ട് സഭാ പ്രവർത്തനശൈലികളെ വിലയിരുത്താനുള്ള പ്രേരണ ജനഹൃദയങ്ങളിൽ വളർന്നുകൊണ്ടിരിക്കും. ക്രിസ്തുവിൻറെ ഭരണവും ദൈവികഅധികാരവും നിലനില്ക്കുന്ന സഭയിൽ സഭാനേതൃത്വം ആ അധികാരം വിനിയോഗിക്കുമ്പോൾ, ജനാധിപത്യ ഭരണത്തിന് വിരുദ്ധ ചേരിയിലാണ് സഭാധികാരം എന്ന തോന്നൽ ഉളവാകാനിടവരുന്നു. ഈ വൈരുദ്ധ്യത്തെ യഥാവിധി കൈകാര്യം ചെയ്യുക എന്നത് വലിയ വെല്ലുവിളിതന്നെയാണ്. ഇവിടെ സഭാമക്കൾ സദാ ഓർമ്മയിൽ സൂക്ഷിക്കേണ്ട വലിയ സത്യമുണ്ട്. ഇടവക പള്ളിയോഗങ്ങൾ മുതൽ മെത്രാൻ സിനഡുകളും റോമൻ കൂരിയായും വരെയുള്ള ഭരണ സംവിധാനങ്ങൾ നടപ്പിലാക്കേണ്ടത് ദൈവത്തിൻറെ തിരുമനസ്സാണ്. അത് വിശുദ്ധ ഗ്രന്ഥത്തിലൂടെയും സഭാ പാരമ്പര്യങ്ങളിലൂടെയും യേശുക്രിസ്തുവിലൂടെ ദൈവം വെളിപ്പെടുത്തിയതും പരിശുദ്ധാത്മാവ് പ്രചോദനം നല്കിയിട്ടുള്ളതുമായ സത്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടാകണം. ജനാധിപത്യം ജനങ്ങളുടെ ഭൂരിപക്ഷത്തിൻറെ അഭിപ്രായം നടപ്പിലാക്കലാണ്. സഭ സത്യത്തെ കണ്ടെത്തുന്നത് പാർലമെൻറിലെന്നപോലെ ഭൂരിപക്ഷ ന്യൂനപക്ഷങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല. പ്രാർത്ഥനയിൽ, എളിമയിൽ, വിശുദ്ധിയിൽ തങ്ങളുടെ മനസ്സും ഹൃദയവും കണ്ണും കാതും ദൈവത്തിങ്കലേയ്ക്കു ചേർത്തുവച്ച് ദൈവസ്വരം കേൾക്കാൻ തയ്യാറായിക്കൊണ്ടാണ്, അഥവാ അങ്ങനെയായിരിക്കണം. ആയതിനാൽ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഉള്ള ന്യായവാദമല്ല, ദൈവഹിതമാണോ അല്ലയോ എന്നതാണ് സഭയുടെ ഓരോ ഘടകവും അവയുടെ തീരുമാനങ്ങളിൽ അടിസ്ഥാന കാരണമായി പരിഗണിക്കേണ്ടത്. ഈ സത്യം ജനാധിപത്യ വ്യവസ്ഥിതിയിലെ തലമുറയ്ക്ക് ബോധ്യപ്പെടുത്തുക എന്നതാണ് സഭയുടെ വെല്ലുവിളി. അതോടൊപ്പം, തങ്ങൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾ ദൈവഹിതാനുസാരമാണ് എന്ന് ഉറപ്പുവരുത്തുക എന്ന വലിയ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ പാടുള്ളതുമല്ല.

2. ബോധനസമ്പ്രദായത്തിലും വൈജ്ഞാനികരംഗത്തും വന്ന മാറ്റം

വളരെ പ്രകടവും ദൂരവ്യാപകവുമായ ഫലങ്ങളുളവാക്കുന്ന മാറ്റങ്ങൾ ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസ ബോധനമേഖലയിൽ സംഭവിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അദ്ധ്യാപകൻ പഠിപ്പിക്കുന്നത് അക്ഷരംപ്രതി മനഃപാഠമാക്കുക എന്ന ശൈലിയായിരുന്നു ലോകത്ത് മിക്ക രാജ്യങ്ങളിലും, വിശിഷ്യ ഭാരതത്തിലും ഈ അടുത്ത കാലംവരെ നിലനിന്നിരുന്നത്. എന്നാൽ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ "എന്തുകൊണ്ട്" എന്ന ചോദ്യമുന്നയിച്ച് കാരണത്തെയും,"എന്തിനുവേണ്ടി"എന്ന ചോദ്യമുന്നയിച്ച് ലക്ഷ്യത്തെയും, "എങ്ങനെ" എന്ന ചോദ്യമുന്നയിച്ച് അവസ്ഥാന്തരങ്ങളെയും അപഗ്രഥിക്കുന്ന രീതി നിലവിൽ വന്നു. ഇപ്രകാരമുള്ള അപഗ്രഥന രീതി (analytical method) പ്രാബല്യത്തിൽ വന്നതോടെ പറയുന്ന കാര്യങ്ങളെ ചോദ്യംചെയ്യുന്ന പ്രവണത വർദ്ധമാനമായി. പഠിപ്പിക്കുന്നത് അപ്രകാരം മനഃപാഠമാക്കുക എന്നതായിരുന്നു കഴിഞ്ഞ നാളുകളിലെ പഠന ശൈലിയെങ്കിൽ ഇപ്പോൾ അതുമാറിയിരിക്കുന്നു. ശരിയായവിധം ചോദ്യമുന്നയിക്കുക എന്നത് ബുദ്ധിയുടെ പ്രകടനമായി കരുതപ്പെടുന്നു.

ഈ ബോധനരീതിയ്ക്ക് അടിസ്ഥാനമായി നിലകൊള്ളുന്ന പുതിയ ചില കണ്ടെത്തലുകൾ കൂടിയുണ്ട്. 1960 കളിൽ പാരിസ് സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന  അന്ത്വാൻ ദ് ലാ ഗാരന്തറിയുടെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമാണിത്. വിദ്യാർത്ഥികളിൽ ഒരുവിഭാഗം കേൾക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുന്നത് രൂപങ്ങളായിട്ടാണ്. എന്നാൽ മറ്റു ചിലരാകട്ടെ സ്വരങ്ങൾതന്നെ ഓർമ്മയിൽ സൂക്ഷിക്കുന്നു. എന്നാൽ കൂടുതൽ വിദ്യാർത്ഥികളും 'രൂപ'ങ്ങളായി അറിവ് ഓർമ്മയിൽ സൂക്ഷിക്കുന്നവരാണ്. ഇമേജുകളിലൂടെ സംവേദിക്കപ്പെടുന്ന ആശയം ഓർമ്മയിൽ സൂക്ഷിക്കപ്പെടാൻ എളുപ്പം കഴിയുന്നു എന്നു മാത്രമല്ല, സ്വരങ്ങൾ കേൾക്കെത്തന്നെ പലരും അവയ്ക്ക് തത്തുല്യമായ രൂപങ്ങൾ ഭാവന ചെയ്ത് ഓർമ്മയിൽ സൂക്ഷിക്കുകയാണ് എന്നും അദ്ദേഹം കണ്ടെത്തി. ആശയങ്ങൾ രുപസാദൃശ്യങ്ങളിലൂടെ ഇന്ദ്രിയഗോചരമായി നൽകാൻ തക്കവിധമുള്ള ബോധനരീതികൾ അവംലബിക്കാൻ ഇതു വഴിയൊരുക്കി. കാണുന്നവ കേൾക്കുന്നവയെക്കാൾ കൂടുതലായി ഓർമ്മയിൽ തങ്ങിനിൽക്കുമെന്നതും പുതിയ ബോധനരീതിയെ പോഷിപ്പിക്കുന്നു. ഇന്ന് വിദ്യാർത്ഥികൾ കേട്ടുപഠിക്കുന്നതിനെക്കാൾ കണ്ടുപഠിക്കാൻ ഇഷ്ടപ്പെടുന്നു. കംപ്യൂട്ടർ പോലുള്ള നവീന സാങ്കേതികവിദ്യകൾ ഇതിന് വലിയ സാധ്യത ഒരുക്കുകയും ചെയ്യുന്നു. കാണുന്നവ കേൾക്കുന്നവയെക്കാൾ കൂടുതൽ യാഥാർത്ഥ്യമാണ് എന്ന വിലയിരുത്തലും സ്വാഭാവികമായി ഉണ്ടാകുന്നു.
ബോധനരീതിയിൽ മാത്രമല്ല, വൈജ്ഞാനികരംഗത്തുതന്നെ ഉണ്ടായ വലിയ മാറ്റങ്ങൾക്ക് ഈ നൂറ്റാണ്ട് സാക്ഷ്യം വഹിക്കുന്നു. ആദ്യനൂറ്റാണ്ടുകളിൽ തത്വശാസ്ത്രമായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വൈജ്ഞാനികശാഖ. അതോടുചേർന്ന് ഗണിതശാസ്ത്രവും പ്രഭാഷണകലയും പ്രാധാന്യത്തോടെ കരുതപ്പെട്ടു. വലിയ ഗ്രന്ഥശാലകളിലൊക്കെയും ഗ്രന്ഥങ്ങൾ ക്രമീകരിച്ചിരുന്നത് തത്വശാസ്ത്രഗ്രന്ഥങ്ങളും ഇതരവിഭാഗങ്ങളും എന്ന വിഭജനരീതിയിലായിരുന്നു. തത്വശാസ്ത്ര വിഷയത്തിൽ മാത്രമായിരുന്നു ബിരുദവും നൽകപ്പെട്ടിരുന്നത്.എന്നാൽ കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിൽ ഈ അവസ്ഥക്കു പൊടുന്നനവെ മാറ്റമുണ്ടായതായി നാം കാണുന്നു. സാമൂഹ്യശാസ്ത്ര വിഭാഗങ്ങളും, മനുഷ്യശാസ്ത്രശാഖകളും ഏറെ പ്രാധാന്യത്തോടെ വീക്ഷിക്കപ്പെട്ടു. മനഃശാസ്ത്രം, സാമൂഹ്യശാസ്ത്രം, രാഷ്ട്രതന്ത്രജ്ഞത, മനുഷ്യശരീരശാസ്ത്രം എന്നിവയൊക്കെ പ്രഥമ പരിഗണനാവിഷയങ്ങളായി. ഒപ്പം, സ്പേയ്സ് സയൻസ്, രസതന്ത്രം, ജീവശാസ്ത്രം എന്നിവയും പ്രാമുഖ്യം നേടി.

ഉത്തരാധുനികയുഗത്തിലേക്ക് മാനവരാശി ചുവടുവെച്ചതോടെ ശാസ്ത്രത്തിൽനിന്ന് സാങ്കേതിക വിദ്യയിലേക്ക് ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടായി. കംപ്യൂട്ടർ യുഗത്തിൽ എത്തിനിൽക്കുന്നു മനുഷ്യൻ! ഒരു ഐക്കൺ തുറന്നാൽ വിശ്വമാകെ മനുഷ്യൻറെ മുമ്പിൽ തുറക്കപ്പെടുകയായി. ന്യൂ ജനറേഷൻറെ ബുദ്ധി കംപ്യൂട്ടർ ബുദ്ധിയായി രൂപപ്പെട്ടിരിക്കുകയാണ്. ചുരുക്കത്തിൽ വിദ്യാഭ്യാസസമ്പ്രദായത്തിലും ബോധനരീതിയിലും വൈജ്ഞാനികശാഖകളിലും വന്നിട്ടുള്ള മാറ്റങ്ങൾ മതജീവിതത്തിന്മേലും, ആത്മീയമണ്ഡലത്തിന്മേലും ഒട്ടനവധി വെല്ലുവിളികൾ ഉയർത്തിവിട്ടുകൊണ്ടിരിക്കുകയാണ്.

ആത്മീയതയിൽ ചിരപ്രതിഷ്ഠ നേടിയ തത്വമാണ്, "എന്തുകൊണ്ട് എന്നു ഞാൻ ഒരിക്കലും ചോദിക്കുകയില്ല, എല്ലാം ദൈവഹിതമായി സ്വീകരിക്കുന്നു" എന്നത്. പുതിയ വിദ്യാഭ്യാസസമ്പ്രദായത്തിലൂടെ കടന്നുവന്ന തലമുറ കാര്യകാരണങ്ങളെ അപഗ്രഥിച്ചുകൊണ്ട് വിശ്വാസസംഹിതകൾ പഠനവിധേയമാക്കുന്നു. "വെളിപ്പെടുത്തപ്പെട്ട സത്യങ്ങളായി നൽകപ്പെട്ടിരിക്കുന്നു" എന്നത് ഒരു വസ്തുതയെ അംഗീകരിക്കാനുള്ള കാരണമായി കരുതാൻ ആധുനിക തലമുറ വിഷമിക്കുന്നതിൻറെ കാരണമിതാണ്. ദൈവം പോലും അപഗ്രഥനാവിഷയമായിരിക്കുന്നു ഈ കാലഘട്ടത്തിൽ. എന്തുകൊണ്ട് ദൈവാസ്തിത്വം സത്യമായിരിക്കുന്നു? എന്തിനുവേണ്ടി ദൈവത്തിൽ വിശ്വസിക്കണം? പഞ്ചേന്ദ്രിയഗോചരമല്ലാത്ത കാര്യങ്ങൾ എന്തിന് അംഗീകരിക്കണം? അവയെ അംഗീകരിക്കാനുള്ള അടിസ്ഥാനങ്ങളുണ്ടോ? ദൈവമുണ്ടെങ്കിൽ എന്തുകൊണ്ട് അവിടുന്ന് ഈ വിധത്തിലായിരിക്കുന്നു?

ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നത് അധികവും പുതിയ തലമുറയാണ്. ദൈവാസ്തിത്വത്തെ നിഷേധിക്കുന്ന ശക്തമായ പ്രത്യയശാസ്ത്രങ്ങളായിരുന്നു കഴിഞ്ഞ തലമുറയിൽ സ്വാധീനം ചെലുത്തിയിരുന്നതെങ്കിൽ ഇന്നിപ്പോൾ "എനിക്ക് ദൈവത്തിൻറെ ആവശ്യമുള്ളതായി തോന്നുന്നില്ല" എന്ന ലളിതമായ പ്രതികരണത്തിലൂടെ ദൈവത്തെ പാർശ്വവൽക്കരിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. "ദൈവം ഒരു ബോറടിപ്പിക്കുന്ന ചിന്ത"യാണ് എന്നും മതം "ഉപയോഗശൂന്യമാണ്" "അനാവശ്യമാണ്", "ആർഭാടമാണ്" എന്നും ന്യൂജനറേഷൻ പ്രതികരിക്കുന്നു. ഇതു നിരീശ്വരത്വത്തെയും ദൈവവിരോധത്തെയും അജ്ഞേയവാദത്തെയുംകാൾ മതത്തിന് അഭിമുഖീകരിക്കാൻ വിഷമകരമായ അവസ്ഥാവിശേഷം സംജാതമാക്കുന്നു.

"സഭ പഠിപ്പിക്കുന്നതിങ്ങനെയാണ്", "ബൈബിളിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു", "അച്ചൻ പള്ളിയിൽ പറഞ്ഞിതിങ്ങനെയാണ്" എന്നീ വാദഗതികളൊന്നും ഒരു വസ്തുത അംഗീകരിക്കാനുള്ള യഥാർത്ഥ കാരണങ്ങളായി സ്വീകരിക്കാൻ കഴിയുന്നില്ല എന്നതാണ് പുതിയ തലമുറ അഭിമുഖീകരിക്കുന്ന പ്രതിസന്ധി. ധാർമ്മിക നിയമങ്ങളും, വിശ്വാസവിഷയങ്ങളും ഇപ്രകാരം അപഗ്രഥനത്തിനു വിഷയമായിരിക്കുന്നു. കാര്യകാരണ സഹിതം ബോധ്യപ്പെടുകയോ അനുഭവിക്കുകയോ ചെയ്താലല്ലാതെ ഒരു വസ്തുത അംഗീകരിക്കുക സാധ്യമല്ല എന്ന അവസ്ഥാവിശേഷം സംജാതമായിരിക്കുന്നു. ഇത് പുതിയ തലമുറയുടെ അഹന്തയെന്നും തൻറേടമെന്നും അനുസരണക്കേടെന്നും വിളിച്ച് അവഗണിക്കാൻ കഴിയില്ല. അവരുടെ ബൗദ്ധിക വളർച്ചയും ചിന്താരീതികളും ഈ വിധം രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്ന വസ്തുതയെ നാം അംഗീകരിച്ച് അതിൻപ്രകാരം വിശ്വാസവിഷയങ്ങളെ അവതരിപ്പിക്കുകയാണ് വേണ്ടത്.

വിശ്വാസവും ആദ്ധ്യാത്മികതയും അവയുടെ അടിസ്ഥാനമായി കരുതിയിരിക്കുന്നത് ആദികാരണത്തെയാണ് (primary cause) ഉപകാരണങ്ങളെയല്ല (secondary cause). എന്നാൽ യുക്തിയുടേയും ശാസ്ത്രത്തിൻറെതുമായ സ്വാധീനതയിൽപ്പെട്ട നവീന തലമുറ ആദികാരണത്തെ മാറ്റിനിർത്തിക്കൊണ്ട് ഉപകാരണങ്ങളിൽ യഥാർത്ഥ കാരണം കണ്ടെത്തി വസ്തുതകളെ അവയിൽത്തന്നെ അപഗ്രഥിച്ച് മനസിലാക്കാൻ ശ്രമിക്കുന്നു. ഉദാഹരണമായി പഴയതലമുറയോട് ജീവിതത്തിൻറെ പ്രതിസന്ധികളെയും സഹനങ്ങളെയും കുറിച്ച് പറയുമ്പോൾ "ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ല" എന്നും "ദൈവം ഭാവിയിൽ പ്രതിഫലം നൽകു"മെന്നും പറഞ്ഞാൽ സ്വീകാര്യമായിരുന്നു. ആദികാരണംകൊണ്ട് ജീവിതയാഥാർത്ഥ്യങ്ങളെ വിശദീകരിച്ചുനൽകുവാൻ കഴിയുമായിരുന്നു. എന്നാൽ യുവതലമുറ ആദികാരണത്തിൽ യഥാർത്ഥ കാരണം ദർശിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഓരോ വസ്തുതയും അതിൽത്തന്നെ വ്യാഖ്യാനിക്കപ്പെടാൻ (self explanatory) ആണ് ഇഷ്ടപ്പെടുന്നത്. കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയാതാവുമ്പോൾ എന്തുകൊണ്ട് ദൈവം ഇങ്ങനെ അയുക്തിപരമായും അസാധാരണമായും പെരുമാറുന്നു എന്ന ചോദ്യം അവർ ഉന്നയിക്കുന്നു. ചുരുക്കത്തിൽ, മനുഷ്യയുക്തിയെ തൃപ്തിപ്പെടുത്തും വിധം യുക്തിസഹമായിരിക്കണം ദൈവത്തിൻറെ യുക്തി എന്ന് ആധുനിക മനുഷ്യൻ ശഠിക്കുന്നു. അതിനുപരിയായി നിൽക്കുന്നവയെ വെളിപാടിൻറെ അടിസ്ഥാനത്തിൽ അംഗീകരിക്കണം എന്നാവശ്യപ്പെട്ടാൽ അത് സ്വീകരിക്കാൻ കഴിയാതായിരിക്കുന്നു. വെളിപ്പെടുത്തപ്പെട്ട ദൈവത്തെ നിരാകരിച്ചുകൊണ്ട് യുക്തിയുടെ ദൈവത്തെ പ്രതിഷ്ഠിക്കാനുള്ള പ്രേരണ കൂടുതൽ കൂടുതലായി പ്രകടമാകുന്നു.

ശാസ്ത്രയുഗത്തിൽ നിന്നും സാങ്കേതിക വിദ്യയുടെ യുഗത്തിലേക്കും കംപ്യൂട്ടർ യുഗത്തിലേക്കുമുള്ള ചുവടുവയ്പ് വിശ്വാസജീവിതത്തെയും ധാർമ്മിക മൂല്യങ്ങളെയും "പ്രായോഗികത" "പ്രയോജനകരം" എന്നീ മാനദണ്ഡങ്ങൾകൊണ്ട് വിലയിരുത്താനിടയാക്കി. പരമ്പരാഗത മൂല്യങ്ങൾ പലതും കാലഹരണപ്പെട്ടവയായി ഗണിക്കപ്പെടുകയും, ലാഭം, നേട്ടം, പ്രായോഗികത, അനായാസം, ഇഷ്ടം, എളുപ്പം, എന്നിവ മാനദണ്ഡങ്ങളായി കടന്നു വരികയും ചെയ്തിരിക്കുന്നു. ദൈവം, വിശ്വാസസത്യങ്ങൾ, മതജീവിതം തുടങ്ങിയവയൊക്കെയും ഇത്തരം മൂല്യങ്ങളാൽ വിലയിരുത്തപ്പെടാൻ ഇടയാവുകയും ചെയ്യുന്നു. തന്മൂലം കാലത്തിനൊത്ത് ഉയരുന്നില്ല എന്നു കംപ്യൂട്ടർ തലമുറ മതങ്ങളെ വിലയിരുത്തുന്നതിൽ അതിശയിക്കാനില്ല.

ശാസ്ത്രവും സാങ്കേതികവിദ്യയും, ആധുനിക മാധ്യമങ്ങളും മനുഷ്യനെ തന്നിലേക്കുതന്നെയും, പ്രപഞ്ചത്തിലേക്കും തിരിഞ്ഞിരിക്കുന്നവനാക്കി മാറ്റിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ദൈവത്തിൽ നിന്നു വന്നവനും ദൈവത്തിലേക്കു തിരിഞ്ഞിരിക്കുന്നവനുമാണ് മനുഷ്യൻ എന്ന് മതം പഠിപ്പിക്കുമ്പോൾ മനുഷ്യനെ പ്രപഞ്ചത്തിൽ നിന്നുതന്നെ നിർവ്വചിക്കുവാൻ ശാസ്ത്രം ശ്രമിക്കുന്നു. മനുഷ്യാസ്തിത്വത്തിലെ അതിസ്വാഭാവിക മാനം (trancedental dimension) പരിഗണനാവിഷയമാക്കാതെ മനുഷ്യനെ ഭൗതികതയിൽ മാത്രം (materialistic) ദർശിക്കാനുള്ള പ്രേരണ ആധുനികയുഗം പ്രദാനം ചെയ്യുന്നു. മനുഷ്യനെ പഠിക്കുവാനും വ്യാഖ്യാനിക്കുവാനും ദൈവത്തെയോ, ആത്മാവിനെയോ കൂട്ടുപിടിക്കേണ്ടതില്ല, ഭൗതികപ്രപഞ്ചത്തിൻറെ ഭാഗമെന്ന നിലയിൽ മാത്രം വീക്ഷിച്ചാൽ മതി എന്ന് ആധുനിക ശാസ്ത്രശാഖകൾ ഉദ്ബോധിപ്പിക്കുന്നു. മാത്രവുമല്ല, ദൈവത്തെയും ആത്മാവിനെയും അടിസ്ഥാനപ്പെടുത്തി മനുഷ്യനെ പഠിക്കുന്നത് യഥാർത്ഥ "മനുഷ്യപഠനം" ആയിരിക്കുകയില്ല, അത് മതം പറയുന്ന മനുഷ്യപഠനം മാത്രമായിരിക്കും എന്നും വാദഗതി ഉയരുന്നു. ഈ വാദഗതികളെ ഗൗരവപൂർവം പരിഗണിച്ചുകൊണ്ടായിരിക്കണം മതം ഉത്തരാധുനിക യുഗത്തിൽ ചുവടുവയ്ക്കേണ്ടത്.

3. കുടുംബസംവിധാനങ്ങളിലെ മാറ്റങ്ങൾ

കുടുംബത്തെക്കുറിച്ചുള്ള ചിന്താഗതികളിൽ വന്നമാറ്റം ഏറെ പ്രകടമാണ്, ഏറെ പരിണിതഫലങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. "ദൈവസ്ഥാപിതമാണ് കുടുംബം" എന്ന വിശ്വാസം മാറ്റിനിർത്തപ്പെടുന്നു. വിശ്വാസം പുതിയ തലമുറയിലേയ്ക്ക് കുടുംബം വഴിയായി കൈമാറ്റം ചെയ്യപ്പെടുന്നു എന്നും, വിശ്വാസത്തിൻറെ പരിശീലനക്കളരിയാണ് കുടുംബം എന്നുമുള്ള ചിന്താഗതികൾ അപ്രസക്തമായിക്കൊണ്ടിരിക്കുന്നു. വിവാഹം ദമ്പതികളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിൻറെ മാത്രം ഫലമാണെന്ന ആദർശവും, സന്താനോല്പാദനം ദമ്പതികളുടെ വ്യക്തിസ്വാതന്ത്ര്യത്താൽ മാത്രം വീക്ഷിക്കപ്പെടണമെന്നും വിലയിരുത്തപ്പെടുന്നു. കുടുംബത്തിൻറെ നിർവചനം തന്നെ മാറ്റപ്പെടുംവിധം സ്വവർഗത്തിൽപെട്ടവർക്ക് 'കുടുംബം' രൂപീകരിക്കാൻ അവകാശമുണ്ടെന്ന വാദഗതി പല രാഷ്ട്രങ്ങളും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു.

തന്നെയുമല്ല, പരമ്പരാഗതമായി കുടുംബങ്ങളിൽ പുലർത്തിപ്പോന്നിരുന്ന നിരവധി ആചാരങ്ങളും, കുടുംബവുമായി ബന്ധപ്പെട്ടു വളർന്നുവന്നിരുന്ന മൂല്യങ്ങളും മാറ്റത്തിനു വിധേയമായിരിക്കുന്നു. മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന ശൈലി ഒരുപക്ഷേ പഴയതലമുറയിൽ അധികംപേർക്കും അന്യമായിരുന്നു. അപ്പൻ കേന്ദ്രീകൃത കുടുംബത്തിൽ പലപ്പോഴും മക്കളും അവരുടെ അഭിപ്രായങ്ങളും പരിഗണിക്കപ്പെട്ടിരുന്നില്ലെങ്കിൽ ഇന്ന് മക്കൾ ഏറെ ശ്രദ്ധാകേന്ദ്രവും അവരുടെ അഭിപ്രായം വിലപ്പെട്ടതുമായിരിക്കുന്നു. സുപ്രധാന കാര്യങ്ങളൊക്കെയും കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ചർച്ച ചെയ്തു തീരുമാനിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. കുടുംബസമേതം ഉല്ലാസയാത്ര പോകുന്നു, പാർക്കുകളിലും ഹോട്ടലുകളിലും പോകുന്നു; ഇങ്ങനെ ബന്ധങ്ങൾക്കു പുതിയമാനം കൈവന്നിരിക്കുന്നു. വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ, നിത്യോപയോഗവസ്തുക്കൾ എന്നിവയൊക്കെ മാതാപിതാക്കൾ മക്കൾക്കായി തിരഞ്ഞെടുക്കുന്ന പതിവ് മാറുകയും, മക്കൾ സ്വാഭീഷ്ടമനുസരിച്ച് ഷോപ്പിംഗ് നടത്തുന്ന രീതി സാധാരണമായിത്തീർന്നിരിക്കുകയും ചെയ്യുന്നു.

ഒരു പടി കൂടി കടന്ന് ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും മക്കൾ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ഉപയോഗിക്കാൻ പഠിപ്പിക്കുകയും ചെയ്തുകൊണ്ട് പുതിയ തലമുറ പഴയ തലമുറയുടെ 'കൊച്ചു ഗുരുഭൂതരായി' മാറിയിരിക്കുന്നു. ന്യൂജനറേഷൻ ജീവിതരീതിയിലേക്ക് മക്കൾ മാതാപിതാക്കളെ കൈപിടിച്ചുയർത്തുന്നു. കുടുംബത്തിൻറെ 'ഭരണകർത്താക്കളായി' മക്കൾ മാറവേ, മക്കളുടെ ഇഷ്ടാനിഷ്ടങ്ങളുടെ മുൻപിൽ മാതാപിതാക്കൾ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിലാക്കാൻ കെൽപ്പില്ലാതെ നിസ്സഹായരായി നിലകൊള്ളുന്നു.കുടുംബബന്ധങ്ങൾ മാത്രമല്ല, കുടുംബം തന്നെയും പുനർനിർവ്വചിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മതത്തിൻറെ ആദർശങ്ങൾക്കും വീക്ഷണങ്ങൾക്കും വിപരീതമായി കുടുംബത്തെ പുനർനിർവ്വചിക്കാൻ രാഷ്ട്രവും സമൂഹവും ഇന്നു രംഗത്തുണ്ട്. ഇതിനായി മനഃശാസ്ത്രത്തിൻറെയും സാമൂഹ്യശാസ്ത്രത്തിൻറെയും വിശകലനങ്ങളെ ആശ്രയിക്കുകയും വ്യക്തിസ്വാതന്ത്ര്യത്തെ മാത്രം പരിഗണനയ്ക്കെടുക്കുകയും ചെയ്യുന്നു.

പരമ്പരാഗതമായി മൂല്യങ്ങളായി കരുതിയിരുന്ന പല ആചാരങ്ങളിലും ജീവിതരീതികളിലും പൊടുന്നനവെ വന്നിരിക്കുന്ന മാറ്റങ്ങളും ഏറെ ശ്രദ്ധേയമാണ്. ഹെയർ സ്റ്റൈൽ, വസ്ത്രധാരണം, കർണാഭരണങ്ങളുടെ ഉപയോഗം എന്നിവയിലെല്ലാം കഴിഞ്ഞകാലങ്ങളിൽ മൂല്യങ്ങളായി ഗണിക്കപ്പെട്ടിരുന്നവയ്ക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യാനുള്ള പ്രവണത പ്രകടമാകുന്നു. ഇവിടെ ശരിതെറ്റുകളുടെ മാനദണ്ഡങ്ങൾ മാറുന്നു, നന്മ തിന്മകളുടെ അതിർവരമ്പുകൾ മാറ്റി വരക്കപ്പെടുന്നു, ധർമ്മാധർമ്മങ്ങൾ പരസ്പരം കൂട്ടിക്കുഴയ്ക്കപ്പെടുന്നു. ഫലമോ? മതം പഴഞ്ചൻ ധാർമ്മികതയുടെ വക്താവായി ചിത്രീകരിക്കപ്പെടുന്നു.

4. മാധ്യമ സംസ്ക്കാരത്തിൻറെ ആവിർഭാവം

ലോകം കൈക്കുമ്പിളിൽ ഒതുക്കപ്പെട്ടിരിക്കുന്നു എന്നതാണ് മാധ്യമങ്ങൾ നൽകിയ വലിയൊരു സംഭാവന. എന്തിനെയും ഏതിനെയും കുറിച്ച് എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും അറിവു ലഭിക്കുന്നതിനും പ്രതികരണമറിയിക്കുന്നതിനും ഒരോ മനുഷ്യനും സാധിക്കുന്നു എന്നത് മാധ്യമങ്ങളുടെ ഔദാര്യത്താൽ മാത്രം നടക്കുന്ന കാര്യമാണ്. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്നു എന്നതാണ് മാധ്യമ സംസ്ക്കാരം സമ്മാനിച്ച മറ്റൊരു വിപ്ലവം. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തവയെന്നും അപ്രമാദിത്വങ്ങൾ എന്നും ഗണിക്കപ്പെടുന്നവയൊക്കെയും തുറന്ന ചർച്ചകൾക്കും വിമർശനങ്ങൾക്കും വിഷയങ്ങളായി ഭവിച്ചു. ജനസാമാന്യത്തിന് ബോധ്യമാകുന്ന യുക്തിഭദ്രതയോടെ വിശ്വാസവിഷയങ്ങൾ അവതരിപ്പിക്കാനും മതാചാരങ്ങൾ അനുഷ്ഠിക്കാനും മതാധികാരികൾ നിർബന്ധിതരായിരിക്കുന്നു. "അരുത്" എന്നു മതം വിലക്കിയിരുന്നവയും വിശ്വാസികൾ ചോദ്യം ചെയ്യാതെ അനുസരിച്ചിരുന്നവയുമായ ധാർമ്മിക വിഷയങ്ങൾപോലും മാധ്യമങ്ങൾ പൊതുചർച്ചാ വിഷയങ്ങളാക്കി. മതങ്ങൾ തങ്ങളുടെ ധാർമ്മിക സംഹിതകളുടെ പിന്നിലെ വാദഗതികൾ നവലോകത്തിന് സ്വീകാര്യമായ യുക്തിഭദ്രതയോടെ അവതരിപ്പിക്കാൻ ബാധ്യതപ്പെട്ടിരിക്കുന്നു എന്നത് മതത്തിൻറെ മേൽ ശക്തമായ വെല്ലുവിളിയായി ഉയർന്നു നില്ക്കുന്നു. ഉദാഹരണമായി ഭ്രൂണഹത്യ, സ്വവർഗ്ഗവിവാഹം, മനുഷ്യഭ്രൂണങ്ങളിന്മേലുള്ള പരീക്ഷണങ്ങൾ, ക്ളോണിംങ്, ടെസ്റ്റ്യൂബ് ശിശുക്കൾ, വാടക ഗർഭപാത്രം ഇങ്ങനെ ഒട്ടനവധി വിഷയങ്ങളിൽ അവസാന വാക്കു പറയാൻ മതത്തിനു കഴിയാതെ വന്നിരിക്കുന്നു. ധാർമ്മികതയുടെ നിയന്ത്രണരേഖ മതങ്ങളിൽനിന്ന് മാധ്യമങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്കു കൈമാറിക്കൊണ്ടിരിക്കുന്നു. പൊതുജനത്തിൻറെ യുക്തിയും, മതത്തിൻറെ യുക്തിയും വ്യത്യസ്തമായിരിക്കുമ്പോൾ മതസത്യങ്ങളെയും ധാർമ്മികപ്രബോധനങ്ങളെയും പൊതുജനത്തിൻറെ യുക്തിക്ക് ഗ്രഹിക്കാനാവും വിധം അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളികൾ ഉൾക്കൊള്ളുന്ന കാര്യമാണ്.

5. ബൗദ്ധികവാദവും അസ്തിത്വവാദവും

പരമ്പരാഗതമായി കൈമാറിപ്പോന്നിരുന്ന അറിവുകളെ (വിശ്വാസസംഹിതകളെ) സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നതിലൂടെ (methodic doubt) മാത്രമേ സത്യത്തെ കണ്ടെത്താനാവുകയുള്ളൂ എന്ന നിലപാടിലൂടെ രംഗപ്രവേശം ചെയ്ത ബൗദ്ധികവാദം (rationalism) മതവിശ്വാസത്തിന് കനത്ത ആഘാതമേൽപ്പിച്ചു. ശരിയുടെ ഏക മാനദണ്ഡം ബുദ്ധികൊണ്ടു ഗ്രഹിക്കുക എന്നതായപ്പോൾ വെളിപ്പെടുത്തപ്പെട്ട സത്യങ്ങളുടെമേൽ സംശയത്തിൻറെ നിഴൽ പരന്നു. റാഷണലിസം വിശ്വാസത്തിൻറെ തത്വത്തെ പ്രതിസന്ധിയിലാക്കി. "ഞാൻ ചിന്തിക്കുന്നു അതിനാൽ ഞാൻ നിലനിൽക്കുന്നു" എന്ന ബൗദ്ധികവാദത്തിൻറെ അടിസ്ഥാനപ്രമാണം പ്രചാരം നേടിയപ്പോൾ പരമ്പരാഗതമായി കരുതിപ്പോന്നിരുന്ന പ്രമാണങ്ങളായ "ഞാനുണ്ട് അതുകൊണ്ട് ഞാൻ ചിന്തിക്കുന്നു" "ഞാൻ വിശ്വസിക്കുന്നു അതിനാൽ ഞാൻ അറിയുന്നു" "ദൈവം ഉണ്ട് അതിനാൽ ഞാൻ നിലനിൽക്കുന്നു" എന്നിവയൊക്കെയും പാർശ്വവൽക്കരിക്കപ്പെട്ടു.

അസ്തിത്വവാദവും ആധുനിക മനുഷ്യനെ ഏറെ സ്വാധീനിച്ചു എന്നുതന്നെ വേണം കരുതാൻ. മനുഷ്യജീവിതത്തിൻറെ അർത്ഥമെന്ത്? അവൻ എവിടെ നിന്നു വരുന്നു? എവിടേക്കു പോകുന്നു? എന്താണ് മനുഷ്യാസ്തിത്വത്തിന് അർത്ഥം നൽകുന്ന വസ്തുത? ഈ വിധമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായി മനുഷ്യനെ അവനിൽത്തന്നെ പഠിക്കുക എന്ന നിലപാടു സ്വീകരിച്ചുകൊണ്ട് മനുഷ്യൻറെ അതിസ്വാഭാവികമാനത്തെ അസ്തിത്വവാദികളിൽ പലരും തള്ളിക്കളഞ്ഞു. സ്വാതന്ത്ര്യം എന്തിനും ഏതിനുമുള്ള അവകാശമായി വ്യാഖ്യാനിക്കപ്പെട്ടു. വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾകൊണ്ട് ധാർമ്മികതയെ നിർണയിക്കുന്ന പ്രവണത ശക്തമായി. ഇത് ശൂന്യതാവാദത്തിലേക്ക് വഴി തുറന്നു. മതജീവിതം ഒരു ഒളിച്ചോട്ടമാണെന്നും നിത്യജീവൻ മനുഷ്യൻറെ ഭാവനാ സൃഷ്ടി മാത്രമാണെന്നും വിലയിരുത്തപ്പെട്ടു. ധാർമ്മികതക്ക് ആത്മീയ അടിത്തറ നിഷേധിക്കപ്പെടുകയും കേവലം സാമൂഹ്യമാനം മാത്രം നൽകപ്പെടുകയും ചെയ്തു. വൈരുദ്ധ്യമെന്നേ പറയേണ്ടു അസ്തിത്വവാദം മനുഷ്യനു സമ്മാനിച്ചത് അസ്തിത്വ ദുഃഖമായിരുന്നു. മനുഷ്യൻ ശൂന്യതയിൽ തളയ്ക്കപ്പെട്ടതുപോലെയായി. ഇതിൻറെ പരിണിത ഫലമായി വിശ്വാസത്തിൻറെ മേഖലയിൽ വലിയ വെല്ലുവിളികൾ ഉടലെടുത്തു. സ്വാതന്ത്ര്യത്തെ നന്മ തെരഞ്ഞടുക്കുവാനുള്ള ഉത്തരവാദിത്വമായി അവതരിപ്പിക്കുക, നന്മയെ കേവല മാനദണ്ഡങ്ങൾക്കപ്പുറം ആത്മീയ മേഖലയുമായി ബന്ധിപ്പിച്ചവതരിപ്പിക്കുക, ദൈവവും മതവും മനുഷ്യാസ്തിത്വത്തിന് അർത്ഥവും പൂർണതയും നൽകുന്നവയാണെന്ന വസ്തുത അവതരിപ്പിക്കുക എന്നീ ദൗത്യങ്ങൾ ഗൗരവമായി മതം ഏറ്റെടുക്കേണ്ടതായി വന്നു.

ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യാസ്തിത്വത്തിന് അർത്ഥം നൽകി എന്നു കരുതുകയും രണ്ടു ലോകമഹായുദ്ധങ്ങളുടെയും കോൺസൻട്രേഷൻ ക്യാമ്പുകളുടെയും ഹിരോഷിമാ നാഗസാക്കിയിലെ അണുബോംബിൻറെയും ഭീകരതകൾ കാണുകയും ചെയ്ത മനുഷ്യൻ ദൈവാസ്തിത്വത്തെ നിരാകരിച്ചെങ്കിൽ അവനതിനു കാരണം പറയാനുണ്ടായിരുന്നു. "ആദം നീ എവിടെ?"എന്ന് ദൈവം പറുദീസയിൽ ഇറങ്ങി വന്നു ചോദിച്ചെങ്കിൽ ആധുനിക മനുഷ്യൻ ആകാശത്തേക്കു പറന്നുയർന്ന് ചോദിച്ചു, "ദൈവം എവിടെ?" ആദ്യത്തേതു സ്നേഹത്തോടെയുള്ള രക്ഷാകരമായ അന്വേഷണമായിരുന്നെങ്കിൽ രണ്ടാമത്തേതു നിഷേധത്തിൻറെ പ്രഖ്യാപനമായിരുന്നു. ആധുനികലോകം അന്വേഷിക്കുകയും കണ്ടെത്താനാഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തെ കാണിച്ചുകൊടുക്കാനുള്ള ബാധ്യത മതം ഏറ്റെടുത്ത് നിർവ്വഹിച്ചേ തീരു.

പഞ്ചേന്ദ്രിയഗോചരങ്ങളല്ലാത്തവയൊന്നും യാഥാർത്ഥ്യങ്ങളല്ല എന്ന ചിന്താധാര(empiricism)യും ആത്മീയ മതജീവിതത്തിന് ഏറെ വെല്ലുവിളി ഉയർത്തുകയുണ്ടായി. പഞ്ചേന്ദ്രിയഗോചരമായി ലഭിക്കുന്ന അറിവാണ് ശരിയായ അറിവെന്നും സത്യവും ശരിയും നിർണ്ണയിക്കുന്നത് പഞ്ചേന്ദ്രിയാനുഭവങ്ങളാണെന്നും സ്ഥാപിക്കപ്പെടുക വഴി ശാസ്ത്രം അതിൻറെ അടിസ്ഥാനം ഉറപ്പിച്ചെങ്കിലും മതം പുറംതള്ളപ്പെട്ടു. വിശ്വാസവിഷയങ്ങൾ ഇന്ദ്രിയഗോചരമല്ലാത്തതിനാൽ അവയെ അനുഭവപ്രദമായി അവതരിപ്പിക്കുക എന്ന വെല്ലുവിളിയും മതം ഏറ്റെടുക്കേണ്ടിവന്നു. "എനിക്ക് അനുഭവിക്കാൻ കഴിയാത്തവ ഞാനെന്തിനു വിശ്വസിക്കണം"എന്ന നിലപാടിലേക്ക് മനുഷ്യൻ എത്തിച്ചേർന്നു. ഇതിനും പുറമെ, മനഃശാസ്ത്രത്തിന് പ്രചുരപ്രചാരം സിദ്ധിച്ചത്തോടെ ദൈവാനുഭവത്തെയും ആത്മീയാനുഭവത്തെയും മനഃശാസ്ത്രത്തിനുള്ളിൽ നിന്നു വ്യാഖ്യാനിക്കാനുള്ള പ്രവണത ശക്തിപ്പെട്ടു. ഇത്തരുണത്തിൽ ദൈവാനുഭവത്തെ കേവലം മാനസികാനുഭവത്തിൽ നിന്നും വ്യത്യാസപ്പെടുത്തി അവതരിപ്പിക്കുക എന്ന വെല്ലുവിളിയും മതം നിർവ്വഹിക്കാൻ ബാധ്യതപ്പെട്ടു. അതോടൊപ്പം ശക്തമായ ദൈവാനുഭവം യാഥാർത്ഥ്യമാക്കുക എന്ന വലിയ ദൗത്യവും സഭ നിർവ്വഹിക്കേണ്ടതായി വന്നു.

കേരള സമൂഹത്തെ സംബന്ധിച്ചു പറയുകയാണെങ്കിൽ റാഷണലിസവും അസ്തിത്വവാദവും എംപിരിസിസവും തത്വശാസ്ത്ര പഠനമെന്ന നിലയിൽ പൊതുസമൂഹത്തിൽ വളർന്നിട്ടില്ലെങ്കിലും അവയുടെ സ്വാധീനം ആധുനിക കവിതകളിലും ലേഖനങ്ങളിലും നാടകങ്ങളിലും ചിത്രരചനയിലും നോവലുകളിലുമെല്ലാം ഏറെ പ്രകടമാണ്. ആ വിധത്തിൽ അവ ജനഹൃദയങ്ങളെ സ്വാധീനിച്ചിട്ടുമുണ്ട്. യൂറോപ്യൻ സമൂഹത്തിൽ നിന്ന് അവിടുത്തെ സഭയ്ക്ക് നേരിടേണ്ടിവന്ന പ്രതികരണങ്ങൾ കേരള സമൂഹത്തിൽനിന്നും ഇവിടുത്തെ സഭയും ആസന്നഭാവിയിൽ നേരിടേണ്ടിവരുമെന്നത് തർക്കമറ്റ സംഗതിയാണ്. എന്നിരിക്കിലും ഒരു സത്യം എന്നും എപ്പോഴും നിലനിൽക്കുന്നു. അത് മഹാനായ വി. ആൽബർട്ട് പ്രസ്താവിക്കുന്നതുപോലെ; "മനുഷ്യൻറെ ഏറ്റവും ശ്രേഷ്ഠമായ ശക്തി യുക്തിയാണ്. യുക്തിയുടെ ഏറ്റവും ഉന്നതമായ ലക്ഷ്യം ദൈവത്തെ അംഗീകരിക്കുക എന്നതാണ്".

6. മതം വ്യക്തിപരമായ തെരഞ്ഞെടുപ്പിൻറെ വിഷയം!

പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നു എന്ന കാരണത്താൽ ഏതെങ്കിലുമൊരു മതവിശ്വാസം സ്വീകരിക്കണമെന്ന് നിർബ്ബന്ധമില്ലാത്തവിധം പുതിയ തലമുറ വിശ്വാസത്തെയും മതത്തെയും വ്യക്തിപരമായ തെരഞ്ഞെടുപ്പിൻറെ വിഷയങ്ങളായി കാണുന്നു (religion beomes an object of personal choice ). അവനവൻറെ ബുദ്ധിക്കും യുക്തിക്കുമനുസരണമായി സ്വമനസാ നടത്തുന്ന തെരഞ്ഞെടുപ്പിൻറെ വിഷയമായി മാറിയിരിക്കുന്നു മതത്തിലുള്ള അംഗത്വം. സത്യവും ശരിയും ആരും മുകളിൽനിന്ന് നിർബ്ബന്ധിച്ച് ഏൽപിക്കേണ്ടതല്ല, സ്വയം ബോദ്ധ്യപ്പെട്ട് സ്വീകരിക്കേണ്ടതാണ് എന്ന ആദർശം പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. സമൂഹം "എല്ലാ മതങ്ങളുടെയും ഒരു സൂപ്പർമാർക്കറ്റ്" ആയിത്തീർന്നുകൊണ്ടിരിക്കുന്നു. ഇഷ്ടമുള്ളത് ഓരോരുത്തർക്കും തെരഞ്ഞെടുക്കാവുന്നതാണ്. മാത്രമല്ല ഇഷ്ടമുള്ളപ്പോഴും, ആവശ്യമെന്നു തോന്നുമ്പോഴും മാത്രം മതാചാരങ്ങളിൽ പങ്കുചേർന്നാൽ മതിയാവും എന്ന ചിന്തയും ന്യൂജനറേഷനിൽ വ്യാപകമായിരിക്കുന്നു. തന്നെയുമല്ല, മതത്തിലെ എല്ലാഘടകങ്ങളും സ്വീകരിക്കേണ്ടതില്ലെന്നും ആവശ്യമുള്ളതും സ്വീകാര്യവുമായവ മാത്രം സ്വീകരിച്ചാൽ മതിയെന്നുമുള്ള ചിന്തയും പ്രബലപ്പെട്ടിട്ടുണ്ട്.

ചുരുക്കത്തിൽ, വ്യക്തിസ്വാതന്ത്യത്തിൻറെ ഉള്ളിൽ മതവും വിശ്വാസവും നിർത്തപ്പെട്ടുകഴിഞ്ഞു. നമുക്കു ഗ്രഹിക്കാൻ കഴിയാത്തവയും നമ്മുടെ ബുദ്ധിക്കതീതമായവയും ദൈവം വെളിപ്പെടുത്തിയിരിക്കുന്നു എന്ന കാരണത്താൽ നാം വിശ്വസിക്കണം എന്ന തത്വം ന്യൂ ജനറേഷന് യുക്തിരഹിതവും വ്യക്തിസ്വാതന്ത്ര്യത്തിന് നിരക്കാത്തതുമായി അനുഭവപ്പെടുന്നു. എനിക്കു മനസ്സിലാക്കാൻ കഴിയാത്തവ ഞാനെന്തിന് അംഗീകരിക്കണം? എനിക്കിഷ്ടമില്ലാത്തതും ആവശ്യകത തോന്നാത്തതും ഞാനെന്തിനു പരിശീലിക്കണം? എനിക്കനുഭവമല്ലാത്തവ ഞാനെന്തിനു പിൻചെല്ലണം? എന്നിങ്ങനെ ഓരോ മനുഷ്യനും അവൻറെതന്നെ കർതൃത്വത്തിൽ (proper objectivity) നിന്നുകൊണ്ട് ചോദ്യം ഉന്നയിക്കുന്നു. എനിക്കിഷ്ടമുണ്ടെങ്കിൽ പ്രാർത്ഥിക്കും, എനിക്കിഷ്ടമുള്ളതു വിശ്വസിക്കും, എന്നിങ്ങനെ ഞാനും എൻറെ ഇഷ്ടവും മാത്രം മാനദണ്ഡമായി മാറുന്നു. മതാചാരങ്ങൾ മാത്രമല്ല, ധാർമ്മികതയും വ്യക്തിപരമായ തെരഞ്ഞെടുപ്പിനു വിഷയമായി മാറിയിരിക്കുന്നു. എൻറെ മനഃസാക്ഷി, എൻറെ ബോധ്യം, എൻറെ ഇഷ്ടം എന്നിവയായിത്തീർന്നിരിക്കുന്നു ശരിതെറ്റുകളെ നിർണ്ണയിക്കുന്ന മാനദണ്ഡങ്ങൾ. സമൂഹവും മതവും പാരമ്പര്യവും പിൻനിരയിലേക്ക് മാറ്റിനിർത്തപ്പെടുന്നു. എന്നാൽ ഒരുകാര്യം ഉറപ്പിച്ചു പറയാൻ കഴിയും, പാപത്തിൻറെ വേര് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മിഥ്യാധാരണയിലാണ് ഉറച്ചുനിൽക്കുന്നത്.

മൂല്യങ്ങൾ വ്യക്ത്യാധിഷ്ഠിതമായി മാറിയിരിക്കുന്നു എന്നതുപോലെതന്നെ സംഭവിച്ച മറ്റൊരു മാറ്റം കൂടിയുണ്ട്. മതമൂല്യങ്ങളെയും, ആത്മീയ സത്യങ്ങളെയും മാറ്റി, മാനുഷിക മൂല്യങ്ങളെ അതിൽത്തന്നെ വ്യാഖ്യാനിച്ചു നൽകാനുള്ള പ്രവണതയാണത്. സത്യം, സ്നേഹം, നീതി, സ്വാതന്ത്ര്യം, സമത്വം ഇവയൊക്കെ ആത്മീയാടിത്തറ കൂടാതെതന്നെ വ്യാഖ്യാനിച്ചു നൽകുന്ന രീതി സമൂഹത്തിൽ വ്യാപകമായിരിക്കുന്നു. അഥവാ, ധാർമ്മികതക്ക് നിലനിൽക്കാൻ ആത്മീയതയുടെയും മതത്തിൻറെയും ആവശ്യമില്ല എന്ന ചിന്താധാര പ്രബലപ്പെട്ടിരിക്കുന്നു. തന്നെയുമല്ല, മതത്തെ പലപ്പോഴും മാനുഷികമൂല്യങ്ങൾക്ക് എതിരുനിൽക്കുന്ന സംഘടിതശക്തിയായി ചിത്രീകരിക്കുകയും ചെയ്യുന്നു. ദൈവത്തെ
മാറ്റിനിർത്തി ധാർമ്മികത ഉറപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കിടയിൽ മതം മനുഷ്യത്വത്തിന് എതിരു നില്ക്കുന്നു എന്ന തോന്നൽ ഉണ്ടാകുന്നു.

ഇതോടൊപ്പം കടന്നു വന്നിട്ടുള്ള മറ്റൊരു പ്രവണത കൂടിയുണ്ട്. മൂല്യശ്രേണിയിൽ വന്ന മാറ്റമാണത്. പല പാരമ്പര്യ ധാർമ്മികമൂല്യങ്ങളെയും പിൻനിരയിൽ തള്ളി പുതിയ മൂല്യങ്ങൾ മുൻനിരയിലെത്തി. പ്രകൃതിസംരക്ഷണം, ഹരിതസംരക്ഷണം, വന്യജീവിസംരക്ഷണം തുടങ്ങിയവയ്ക്കു നൽകിയ ഊന്നൽ മനുഷ്യമഹത്വത്തെ വിലകുറച്ചു കാണാൻ ഇടയാക്കുംവിധം പ്രാധാന്യം നേടിയിരിക്കുന്നു. പ്രപഞ്ചത്തിലെ ജൈവവൈവിധ്യ ശൃംഖലയിലെ ഒരു ഘടകം മാത്രമാണ് മനുഷ്യൻ എന്ന ആപേക്ഷികവത്ക്കരണം പ്രകടമായിക്കൊണ്ടിരിക്കുന്നു. ഇവിടെ മതം ഒരു വലിയ വെല്ലുവിളി നേരിടുന്നുണ്ട്. ആത്മീയമേഖലയിൽ ഉറപ്പിക്കപ്പെട്ടു നിൽക്കുന്ന മൂല്യശ്രേണി അവതരിപ്പിക്കുക എന്ന ദൗത്യമാണത്.
ഈ വിധം നാം ഇതുവരെയും പ്രതിപാദിച്ച എല്ലാ ഘടകങ്ങളും, സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളൊക്കെയും, ക്രിസ്തീയതയുടെമേൽ വലിയ സമ്മർദ്ദം ചെലുത്തിക്കൊണ്ടാണിരിക്കുന്നത്. ക്രിസ്തീയ ആദ്ധ്യാത്മികതയുടെമേൽ, അതിൻറെ ദൈവ, മനുഷ്യ, പ്രപഞ്ച, ദർശനങ്ങളുടെമേൽ ഒക്കെയും പുതിയ പുതിയ വെല്ലുവിളികൾ ഉയർന്നുകൊണ്ടിരിക്കുന്നു. അതോടൊപ്പംതന്നെ ക്രിസ്തീയ മതാത്മകതയുടെയും ധാർമ്മികതയുടെയുംമേൽ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു. ക്രിസ്തീയത ഈ ത്രിവിധ മേഖലകളിൽ എന്തെന്ത് ഉത്തരങ്ങൾ നൽകുന്നു എന്നതും എന്തെന്ത് ദർശനങ്ങൾ ഉൾക്കൊള്ളുന്നു എന്നതും വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ഈ വിധമുയരുന്ന വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് മതബോധനപദ്ധതികൾ പുനർനവീകരിക്കുക എന്നത് അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നു. അവതരണത്തിൽ പുതിയ ശൈലിയും പുതിയ ചുവടുവയ്പുകളും അനിവാര്യമായിരിക്കുന്നു. എന്നാൽ എപ്പോഴും ഒരു സത്യം നാം ഓർമ്മിക്കേണ്ടതുണ്ട്. സഭയ്ക്ക് അവളുടെ പ്രബോധനത്തിൽ മായം ചേർക്കാൻ അനുവാദമില്ല. കാർഡിനൽ ലേമാൻ പറയുന്നു: "ഒരു ഉല്പന്നത്തിന് ആവശ്യക്കാർ കുറയുമ്പോൾ പകരം മറ്റൊന്ന് ഉത്പാദിപ്പിക്കുന്ന വ്യവസായം പോലെ പെരുമാറാൻ സഭയ്ക്ക് സാധ്യമല്ല".

trend church accept voice james kiliyananikkal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message