x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ സഭാസംബന്ധമായ പൊതുവിഷയങ്ങൾ

ക്രിസ്തീയത നേരിടുന്ന വെല്ലുവിളികൾ

Authored by : James kiliyananikkal On 09-Jun-2021

ഒട്ടേറെ വെല്ലുവിളികളെ നേരിട്ടുകൊണ്ട് പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് ക്രിസ്തീയത ഇക്കാലഘട്ടത്തിൽ മുന്നോട്ടുപോകുന്നത്. മധ്യശതകങ്ങളിൽ യൂറോപ്യൻ സഭ കടന്നുപോയ ഇരുണ്ടയുഗത്തിലൂടെയെന്നവിധം തകർച്ചയിലൂടെ കേരളസഭ കടന്നുപോവുകയാണോ എന്ന് പലരും വിമർശനം ഉന്നയിക്കുന്നു. ഭൗതികതയുടെ അതിപ്രസരവും സുഖലോലുപതയും അധികാരഭ്രമത്തതയും ധാർഷ്ട്യവും അക്കാലത്ത് യൂറോപ്യൻ സഭയുടെ മുഖമുദ്രയായി മാറിയിരുന്നു. ലാളിത്യവും വിശുദ്ധിയും സത്യവും നീതിയും സഭാനേതൃത്വത്തിൽ വിരളമായിരുന്നു. ഇത് ആ സഭയെ തകർത്തുകളഞ്ഞു. ആന്തരിക വിശുദ്ധി നഷ്ടപ്പെട്ട സഭ ജീർണതയിലേയ്ക്ക് കൂപ്പുകുത്തി. സഭ എല്ലാവർക്കും നിന്ദാപാത്രമായി മാറി. കേരളസഭ അതേ ജീർണതയുടെ വക്കിലെത്തിയിരിക്കുന്നുവെന്ന് ലോകം വിലയിരുത്തുന്നു. ക്രിസ്തുശിഷ്യർ അഭിമാനം നഷ്ടപ്പെട്ട് സമൂഹത്തിൽ പരിഹാസപാത്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. താൻ വിശ്വസിച്ച് ജീവിക്കുന്ന മതം ഒരുവന് ആത്മാഭിമാനവും ആത്മബോധവും നല്കുന്നില്ലെങ്കിൽ അവൻ എങ്ങനെ ആ മതത്തിൽ അംഗമായി തുടരും? ക്രിസ്തുശിഷ്യർ ഈ കാലഘട്ടത്തിൽ ആത്മാഭിമാനവും അസ്തിത്വബോധവും നഷ്ടപ്പെട്ട ഒരു വിഭാഗം ആളുകളായി സമൂഹത്തിൽ മാറിയിരിക്കുകയാണോ? നമ്മുടെ സ്വത്വബോധം എവിടെ? ക്രിസ്ത്യാനി ഇന്ന് ഒരു ഐഡൻറിറ്റി ക്രൈസിസ്സിൽ അകപ്പെട്ടിരിക്കുകയാണോ? എവിടെ നമുക്ക് ഈ പ്രതിസന്ധിക്ക് ഉത്തരം കണ്ടെത്താൻ കഴിയും?

ഓരോ മതവിശ്വാസിയും താൻ വിശ്വസിക്കുന്ന മതത്തെക്കുറിച്ച് ആത്മാർത്ഥതയോടെ പഠിക്കുകയും അതിനെ പരിശോധനാ വിഷയമാക്കുകയും ചെയ്യേണ്ടതുണ്ട്. ഞാൻ വിശ്വസിക്കുന്ന മതത്തിന് എന്തു സവിശേഷതയാണുള്ളത്? എന്നെ നന്മയിലും പൂർണതയിലും എത്തിക്കാൻ എൻറെ മതം സഹായകമാകുന്നുണ്ടോ? എൻറെ മതം മാനവരാശിയുടെ വളർച്ചയ്ക്ക് എന്തു സംഭാവനകൾ നല്കുന്നുണ്ട്? ദൈവത്തെയും സഹജീവികളെയും സ്നേഹിച്ച് പ്രപഞ്ചത്തിൽ നന്മ വിതയ്ക്കാൻ ഞാൻ വിശ്വസിക്കുന്ന മതം സഹായകമാകുന്നുണ്ടോ? ഇതര മതവിശ്വാസികളുമായുള്ള ബന്ധത്തിൽ എൻറെ മതം എവിടെ നില്ക്കുന്നു? ഈ ചോദ്യങ്ങൾ നാം വിശ്വസിക്കുന്ന മതത്തെക്കുറിച്ചുള്ള സത്യസന്ധമായ ഒരു വിലയിരുത്തൽ നമ്മിൽ നിന്നാവശ്യപ്പെടുന്നു. ഈ വിലയിരുത്തൽ എൻറെയും ഞാൻ വിശ്വസിക്കുന്ന മതത്തിൽപ്പെട്ടവരുടെയും മാത്രം താല്ക്കാലിക ലാഭവും ഭൗതിക നേട്ടവും പരിഗണിച്ചുകൊണ്ട് നടത്തപ്പെടാൻ പാടുള്ളതല്ല. മാനവരാശി മുഴുവനെയും ഉത്കൃഷ്ടവും പൂർണവുമായ ഒരു നന്മയിലേയ്ക്ക് ഉയർത്താൻ ഞാൻ അംഗമായിരിക്കുന്ന മതത്തിനു കഴിയുന്നുണ്ടോ എന്നതായിരിക്കണം നമ്മുടെ പരിശോധന.

ഓരോ മതത്തിൻറെയും വ്യതിരിക്തതയെക്കുറിച്ച് പഠിക്കാൻ ഇതരമതങ്ങളുടെ സാന്നിധ്യം സഹായകമാണ്. ഇതരമതങ്ങളെ ശത്രുപക്ഷത്ത് നിർത്തി വിലയിരുത്താതെ അവയെ സ്വന്തം മതത്തിൻറെ വ്യതിരിക്തതയെ പരിശോധനാ വിഷയമാക്കാൻ ഉപയുക്തമായ മാർഗമായി പരിഗണിച്ചാൽ, അവയുടെ സാന്നിധ്യം നമ്മെത്തന്നെ ആഴത്തിൽ കണ്ടെത്താൻ സഹായകമാകും. തികഞ്ഞ ആത്മാർത്ഥതയോടും തുറന്ന മനസ്സോടും കൂടെയുള്ള ആശയ സംവാദത്തിലേയ്ക്ക് കടന്നുവരാൻ മതങ്ങൾക്ക് ഇടയാകും.

ക്രിസ്ത്യാനിയ്ക്കും തൻറെ മതത്തെക്കുറിച്ച് ഇപ്രകാരം ചോദ്യങ്ങൾ ഉന്നയിക്കാനും അതിനുള്ള ഉത്തരങ്ങൾ കണ്ടെത്താനും കഴിയണം. അപ്പോൾ മാത്രമേ മതവിശ്വാസം ബോധ്യമായി ഉറപ്പിക്കപ്പെടുകയുള്ളു. ഇപ്രകാരം ഓരോ ക്രിസ്തു ശിഷ്യനും സ്വയം ചോദിക്കുന്നതോ, മറ്റുള്ളവരാൽ ചോദ്യം ചെയ്യപ്പെടുന്നതോ ആയ കാര്യമാണ് "നീ എന്തുകൊണ്ട് ക്രിസ്ത്യാനിയായിരിക്കുന്നു" എന്നത്. നീ ക്രിസ്ത്യാനിയായിരിക്കുന്നതിൻറെ കാരണമെന്ത്? ലക്ഷ്യമെന്ത്? അതിലുള്ള നേട്ടമെന്ത്? ക്രിസ്ത്യാനിയുടെ സവിശേഷതകളെന്ത്? മാനവരാശിയുടെ പൊതുനന്മ പടുത്തുയർത്താൻ ക്രിസ്തീയതയ്ക്ക് എന്തു സംഭാവന നല്കാൻ കഴിയുന്നു? ഇതരമതവിശ്വാസികളെ എങ്ങനെയാണ് ക്രിസ്തീയത വീക്ഷിക്കുന്നത്? കൃത്യമായി പരിശോധിച്ചാൽ മനസ്സിലാകും ഈ ചോദ്യങ്ങളെല്ലാം ഉന്നം വെക്കുന്നത് ഒരേ ഒരു കാര്യത്തിലേക്കാണ്: ക്രിസ്തീയതയുടെ തനിമ, വ്യതിരക്തത എന്തിലടങ്ങിയിരിക്കുന്നു എന്ന വസ്തുതയിലേക്ക്.

ക്രിസ്തീയ വ്യതിരിക്തത, ക്രിസ്തീയ തനിമ  എന്നു പറയാൻ കഴിയുന്ന ഒന്ന് ഉണ്ടോ? ഉണ്ടെങ്കിൽ അത് എന്തിൽ അടങ്ങിയിരിക്കുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്തിയാൽ മാത്രമേ എന്തുകൊണ്ട് ഒരുവൻ ക്രിസ്ത്യാനി ആയിരിക്കുന്നു എന്നതിൻറെ അർത്ഥം ഗ്രഹിക്കാൻ കഴിയുകയുള്ളു. വിവിധങ്ങളായ കോണുകളിൽ നിന്ന് ഇന്നിൻറെ പശ്ചാത്തലത്തിൽ ക്രിസ്തീയതയുടെ തനിമ എന്ത് എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു. ക്രിസ്തീയതയുടെ വ്യതിരിക്തതയെക്കുറിച്ച് ചോദ്യമുയരുന്ന ചില പ്രധാന മേഖലകളെ നമുക്ക് പരിശോധിക്കാം.

1. ഇതര മതങ്ങളുടെ സാന്നിധ്യവും ക്രിസ്തീയതയുടെ തനിമയും

ക്രിസ്തീയതയുടെ സവിശേഷത എന്ത് എന്ന ചോദ്യമുയരുന്നത് പ്രധാനമായും ഇതര മതങ്ങളുടെ സാന്നിധ്യത്താലാണ്. ഹൈന്ദവ, ഇസ്ലാം മതങ്ങളുടെ സാന്നിധ്യമുള്ള സമൂഹത്തിൽ ജീവിക്കാനാണ് ഭാരതത്തിലെ ക്രിസ്തുമതവിശ്വാസികൾ വിളിക്കപ്പെട്ടിരിക്കുന്നത്. ഇതരമതങ്ങളുടെ ശക്തമായ സാന്നിധ്യവും സാംസ്ക്കാരികപശ്ചാത്തലവും നമ്മോടു ചോദിക്കുന്നു: എന്താണ് വിശേഷവിധിയായി ക്രിസ്ത്യാനിക്ക് ഉള്ളത്? പ്രാർത്ഥന, നോമ്പ്, തപശ്ചര്യകൾ, തീർത്ഥാടനങ്ങൾ, നേർച്ചകാഴ്ചകൾ എന്നിവയെല്ലാം ഇതരമതങ്ങൾക്കുമുണ്ട്. മതഗ്രന്ഥവും ധാർമ്മിക നിയമങ്ങളുമുണ്ട്, ദൈവാലയങ്ങളും വ്യവസ്ഥാപിത സംവിധാനങ്ങളും എല്ലാവർക്കുമുണ്ട്. പിന്നെ എന്തുകൊണ്ട് ക്രിസ്ത്യാനിയായിരിക്കണം? അതും ഒരു വൈദേശിക പ്രതിഛായയുള്ള മതത്തിൻറെ അംഗത്വത്തിൻറെ ആവശ്യമുണ്ടോ നമുക്ക്? തന്നെയുമല്ല, നമ്മുടെ രാജ്യത്ത് തികച്ചും ന്യൂനപക്ഷമായിരിക്കുന്ന ഒരു മതത്തിൽ അംഗമായിരിക്കുന്നതിൽ എന്തു പ്രസക്തി? ക്രിസ്ത്യാനിയായിരിക്കുന്നതിൽ നമുക്ക് എന്തു സവിശേഷതയാണുള്ളത്?

ഇതര മതങ്ങളിൽ നിന്ന് ഈ ചോദ്യം ഉയരുന്നത് ചിലപ്പോഴെങ്കിലും ആശയസംവാദത്തിൻറെയും ചർച്ചകളുടേയും രൂപത്തിലായിരിക്കാം. എന്നാൽ മിക്കപ്പോഴും അങ്ങനെയായിരിക്കണമെന്നില്ല; ക്രിസ്തീയതയെക്കുറിച്ചുള്ള അന്വേഷണത്തിൻറെ രൂപത്തിലായിരിക്കാം, ചിലപ്പോൾ അത് വിമർശനത്തിൻറെ രൂപത്തിലോ മറ്റു ചിലപ്പോൾ എതിർപ്പുകളുടെ രൂപത്തിലോ ആയിരിക്കാം. ഇവയെല്ലാം അഭിമുഖീകരിക്കേണ്ടിവരുന്നത് ക്രിസ്തീയതയുടെ തനിമയെക്കുറിച്ചുള്ള ചോദ്യങ്ങളായി പരിഗണിക്കാവുന്നതാണ്. നീ എന്തുകൊണ്ടു ക്രിസ്ത്യാനിയായിരിക്കുന്നു എന്ന ചോദ്യത്തിൻറെ പ്രകടനഭാവങ്ങളാണ് ഇത്തരം പ്രതികരണങ്ങൾ. മാത്രവുമല്ല, ഇത്തരം അനുഭവങ്ങളെ ക്രിസ്തീയതയുടെ തനിമ പ്രകടിപ്പിക്കാനുള്ള അവസരങ്ങളായി ഗണിക്കാവുന്നതുമാണ്.

ഇതര മതങ്ങളുടെ സാന്നിധ്യം നിഷേധാത്മകമായ ഒന്നായിട്ടല്ല, ഭാവാത്മകവും നന്മയുമായിട്ടുവേണം ക്രിസ്ത്യാനി വിലയിരുത്താൻ. നമ്മെത്തന്നെ ആഴത്തിൽ മനസ്സിലാക്കാനും ആത്മശോധന ചെയ്യാനും ഇതരമതങ്ങളുടെ സാന്നിധ്യം സഹായകമാണ്. വ്യക്തിത്വത്തിൻറെ തനിമയും വ്യതിരിക്തതയും പ്രകടമാകുന്നതും, പ്രസക്തമാകുന്നതും മറ്റുള്ളവരുടെ സാന്നിധ്യം ഉള്ളപ്പോഴാണല്ലോ. ക്രിസ്തീയതയുടെ തനിമ പഠിക്കാനും പ്രകടിപ്പിക്കാനുമുള്ള അവസരം കൂടിയാണ് ഇതരമതസാന്നിധ്യം. മറ്റുമതങ്ങളെ നന്മയായി കാണണം എന്നതിനർത്ഥം അവയുടെ എല്ലാ പ്രബോധനങ്ങളും ആചരണങ്ങളും നന്മയാണ് എന്നല്ല, അവയൊക്കെയും അതേപടി അംഗീകരിക്കണമെന്നുമല്ല, മറിച്ച്, അവയിൽ നന്മയുണ്ടെന്നും തങ്ങളുടെ സാന്നിധ്യത്താൽ നന്മ ഉളവാക്കാൻ അവയ്ക്ക് കഴിയുന്നതുമാണ് എന്നതാണ്.

ഇതരമതങ്ങളുടെ സാന്നിധ്യം പ്രധാനമായും മൂന്ന് തലങ്ങളിൽ നമ്മെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നതായി നമുക്ക് ഗ്രഹിക്കാവുന്നതാണ്: മതത്തിൻറെ അടിസ്ഥാനഘടകങ്ങളായ ആത്മീയതയുടെയും മതാത്മകതയുടെയും ധാർമ്മികതയുടെയും തലങ്ങളിൽ. ആത്മീയതയുടെ തലത്തിൽ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ ശ്രദ്ധേയമാണ്. ക്രിസ്തീയ ആത്മീയതക്ക് എന്തു സവിശേഷതയാണുള്ളത്? ക്രിസ്തുമതം പ്രഘോഷിക്കുന്ന ദൈവദർശനത്തിനും മനുഷ്യദർശനത്തിനും പ്രപഞ്ചദർശനത്തിനും എന്തു പ്രത്യേകതകളാണുള്ളത്? ക്രിസ്തുമതം ദൈവമനുഷ്യബന്ധത്തെക്കുറിച്ച് എന്തു പഠിപ്പിക്കുന്നു? എങ്ങനെ ദൈവമനുഷ്യബന്ധം യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്നു?

മതാത്മകമാനത്തെക്കുറിച്ചും ഇതരമതങ്ങൾ ചോദ്യമുതിർക്കുന്നു. ക്രിസ്തുമതത്തിൻറെ ആചാരനുഷ്ഠാനങ്ങളുടെ വ്യതിരിക്തത എന്തിലധിഷ്ഠിതമാണ്? അതിൻറെ സവിശേഷമായ പ്രയോജകത്വം എന്ത്? എന്ത് അനുഭവമാണ് ക്രിസ്തുമതം അതിൻറെ അനുഷ്ഠാനങ്ങളിലൂടെ പ്രദാനം ചെയ്യുന്നത്? ധാർമ്മിക മേഖലയെക്കുറിച്ചും ചോദ്യം ഉന്നയിക്കപ്പെടുന്നു. പാപം പരിത്യജിച്ച് പുണ്യം ചെയ്യാൻ എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. എന്നിരിക്കെ, ക്രിസ്തീയ ധാർമ്മികത എന്നു പറയാവുന്ന ഒരു പ്രത്യേക ധാർമ്മികത ഉണ്ടോ? അതിൻറെ സവിശേഷത എന്ത്? മനുഷ്യനെ നന്മയിൽ വളരാൻ അത് എങ്ങനെ സഹായിക്കുന്നു?
ഇപ്രകാരം ഇതരമതങ്ങൾ ക്രിസ്തുമതത്തിൻറെ ആത്മീയ മതാത്മക ധാർമ്മിക മേഖലകളിലെ സവിശേഷതകൾ എന്തെന്ന് അവയുടെ സാന്നിധ്യത്താൽത്തന്നെ ചോദ്യമുന്നയിക്കുകയാണ് ചെയ്യുന്നത്. ഇതരമതങ്ങളുടെ സാന്നിധ്യവും വളർച്ചയും ക്രിസ്തീയതയുടെ കുറവുകളെയും മികവുകളെയും കുറിച്ചുള്ള ചോദ്യം ഉൾക്കൊള്ളുന്നതാണ് എന്നു സ്പഷ്ടം. എല്ലാ പ്രതിസന്ധികളും ക്രിസ്തീയതയ്ക്ക് അതിൻറെ തനിമ പ്രകാശിപ്പിക്കാനുള്ള അവസരങ്ങൾ കൂടിയാണ്.

2. നിരീശ്വരത്വം ഉയർത്തുന്ന വെല്ലുവിളികൾ

കേരള സമൂഹം ശക്തമാംവിധം മതസാന്ദ്രമാണ്. വിവിധ മതങ്ങൾ ഏറ്റം ആഴത്തിൽത്തന്നെ ഈ സമൂഹത്തിൽ വേരോടിയിരിക്കുന്നു. എന്നിരിക്കിലും ആശ്ചര്യകരമെന്നു പറയട്ടെ, നിരീശ്വര പ്രസ്ഥാനങ്ങൾക്കും ദൈവനിഷേധം പ്രോത്സാഹിപ്പിക്കുന്ന സാഹിത്യരചനകൾക്കും ഏറെ അംഗീകാരവും പ്രചാരവും ലഭിക്കുന്ന സമൂഹം കൂടിയാണ് ഇത്. അപ്രധാനം എന്നവഗണിച്ച് തള്ളിക്കളയാവുന്നതല്ല ഈ പ്രവണത. ഇത്രയേറെ മതസ്വാധീനമുള്ളതും മതാചാരാനുഷ്ഠാനങ്ങളും മതസ്ഥാപനങ്ങളും കൊണ്ട് നിബിഡവുമായ കേരളസമൂഹത്തിൽത്തന്നെ നിരീശ്വരവാദത്തിനും നിരീശ്വരപ്രസ്ഥാനങ്ങൾക്കും ലഭിക്കുന്ന ഈ വർദ്ധിച്ച അംഗീകാരവും സ്വീകാര്യതയും ശ്രദ്ധയോടെ പഠനവിഷയമാക്കേണ്ടതുണ്ട്. അവയെ ശത്രുപക്ഷത്തു നിർത്തുകയല്ല മറിച്ച്, അവയുടെ വളർച്ച ഒരു ക്രിസ്ത്യാനി തൻറെ ആത്മീയ, മതാത്മക, ധാർമ്മിക മാനങ്ങളെ കൂടുതൽ കൃത്യതയോടെ വിലയിരുത്താനുള്ള അവസരമായി പരിഗണിക്കുകയാണ് വേണ്ടത്.

നിരീശ്വരപ്രസ്ഥാനങ്ങൾ ക്രിസ്തീയതയുടെമേൽ ഉയർത്തുന്ന വെല്ലുവിളികൾ നമുക്കു പരിശോധിക്കാം. കഴിഞ്ഞ ദശകങ്ങളിൽ നിരീശ്വരപ്രസ്ഥാനങ്ങൾ ഉയർത്തിയിരുന്ന ചോദ്യങ്ങൾ പ്രധാനമായും ദൈവാസ്തിത്വത്തിൻറെ തലത്തിലുള്ളവയായിരുന്നു. മതങ്ങളുടെയും പുരോഹിതരുടെയും സാങ്കൽപിക സൃഷ്ടിയാണ് ദൈവമെന്നും മതാനുയായികളെ ചൂഷണം ചെയ്യാനുള്ള ഉപാധികളാണ് വിശ്വാസ സംഹിതകളും മതാചാരവുമെന്നും പ്രചരിപ്പിച്ചുകൊണ്ട് ദൈവനിഷേധവും പുരോഹിതവിദ്വേഷവും വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടന്നിരുന്നത്. മാനവരാശി നേരിടുന്ന സഹനങ്ങളും പ്രകൃതി ദുരന്തങ്ങളും എടുത്തുകാണിച്ചുകൊണ്ട് ദൈവാസ്തിത്വത്തെ നിഷേധിക്കുക എന്നവിധമുള്ള വാദഗതിക്ക് ഏറെ പ്രചാരം ലഭിക്കുകയുണ്ടായി.
എന്നാൽ ഈ നാളുകളിൽ നിരീശ്വരപ്രസ്ഥാനം ഉയർത്തുന്ന വെല്ലുവിളി ദൈവനിഷേധത്തിലൂടെയല്ല, വിശ്വാസവിഷയങ്ങളെ ചോദ്യം ചെയ്തുകൊണ്ടുമല്ല, മറിച്ച് ധാർമ്മിക മണ്ഡലത്തിലാണ് എന്നത് പ്രത്യേകം ശ്രദ്ധ അർഹിക്കുന്നു. സാമൂഹ്യനീതി, സമത്വം, സത്യസന്ധത, സ്വാതന്ത്ര്യം ഇങ്ങനെയുള്ള മാനുഷിക മൂല്യങ്ങളുടെ വക്താക്കളായി സ്വയം അവതരിപ്പിച്ചുകൊണ്ട് ക്രിസ്തീയ സഭയെ എതിർചേരിയിൽ നിർത്തുവാൻ ശ്രമിക്കുകയാണ് നിരീശ്വര പ്രസ്ഥാനങ്ങൾ. പാവങ്ങളുടെ പക്ഷം ചേരാനും സാമൂഹ്യനീതി ഉറപ്പാക്കാനും തങ്ങൾക്കു മാത്രമേ കഴിയൂ എന്നു വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങൾ നടന്നുകൊണ്ടാണിരിക്കുന്നത്. മാനുഷികനന്മയുടെ കാര്യത്തിൽ സാമാന്യജനത്തിന് ആശ്രയിക്കാനും വിശ്വസിക്കാനും കഴിയുന്നത് മതനേതാക്കളെക്കാൾ തങ്ങളെയാണ് എന്ന് ഇവർ സ്ഥാപിച്ചെടുക്കുന്നു. അതോടൊപ്പംതന്നെ മതവും മതനേതൃത്വവും മാനുഷികനന്മകളുടെ കാര്യത്തിൽ പിന്നിലാണെന്നും അവർ മിക്കപ്പോഴും ചൂഷകരും അധർമ്മത്തിൻറെ വക്താക്കളുമാണെന്നും അവതരിപ്പിക്കാൻ അറിഞ്ഞോ അറിയാതെയോ ചില ശ്രമങ്ങൾ നടക്കുന്നു. ഇങ്ങനെ നിരീശ്വരപ്രസ്ഥാനങ്ങൾക്ക് നിരീശ്വരവാദംകൊണ്ട് നേടിയെടുക്കാൻ കഴിയാതിരുന്ന ജനപിന്തുണ ധാർമ്മികമണ്ഡലത്തിൽ ആർജിച്ചെടുക്കാൻ കഴിയുന്നു എന്നതാണ് ക്രിസ്തുമതം നേരിടുന്ന പുതിയ വെല്ലുവിളി. അതായത്, വിശ്വാസ വിഷയങ്ങളിൽ നിന്നും സാമൂഹിക ധാർമ്മിക മണ്ഡലത്തിലേയ്ക്ക് ചുവടുമാറ്റി ചവിട്ടിക്കൊണ്ട് മതത്തെ പ്രതിസ്ഥാനത്തു നിർത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ഈയവസ്ഥയിൽ ക്രിസ്തീയതയുടെ വിശ്വാസമണ്ഡലത്തിലെ മാത്രല്ല, ധാർമ്മികമണ്ഡലത്തിലെയും വ്യതിരിക്തത ബോധ്യപ്പെടാനും അത് പ്രകടമാക്കാനും നിർബന്ധിക്കപ്പെട്ടിരിക്കുകയാണ് ക്രൈസ്തവ വിശ്വാസികൾ. ധാർമ്മികതയ്ക്ക് അടിസ്ഥാനമായി ഒരാത്മീയത ആവശ്യമുണ്ടോ എന്ന ചോദ്യം ഏറെ പ്രസക്തമാകുകയാണിവിടെ. മതം കൂടാതെ തന്നെ ധാർമ്മികതയെ ഉറപ്പിക്കാൻ കഴിയുകയില്ലേ?

മതജീവിതത്തിൽ അധർമത്തിൻറെ അംശങ്ങളും ചൂഷണത്തിൻറെ ശൈലികളും പ്രകടമാകുന്നതോടുകൂടി ഈ ചോദ്യങ്ങൾ കൂടുതൽ പ്രസക്തങ്ങളായിത്തീരുന്നു എന്നത് തർക്കമറ്റ സംഗതിയാണ്.


3. മതനിരപേക്ഷതയും മതതീവ്രവാദവും

ക്രിസ്തീയത നേരിടുന്ന രണ്ടു വലിയ വെല്ലുവിളികളാണ് മതനിരപേക്ഷതയുടെ പേരിൽ മതത്തെ ആപേക്ഷികമായി കാണുന്ന രീതിയും, മതത്തിൻറെ പേരിൽ വളർന്നു വരുന്ന മതതീവ്രവാദവും. മതനിരപേക്ഷത എല്ലാ മതങ്ങളെയും സമഭാവനയോടെ വീക്ഷിക്കുന്നു എന്ന ആദർശത്തിൽ നിന്നും വഴുതിമാറി മതത്തിന് പ്രസക്തിയില്ല എന്ന ചിന്തയിലേയ്ക്ക് എത്തിനില്ക്കുന്നു. മതത്തെ അപ്രസക്തമായ ഒരു കാര്യമായി അവതരിപ്പിക്കാനുള്ള പ്രേരണ പൊതുസമൂഹത്തിൽ ശക്തമായി കടന്നു വരുന്നു. വിദ്യാസമ്പന്നരായ ആളുകളുടെ ഇടയിൽ ഈ പ്രവണത കൂടുതൽ പ്രകടമാണ്. സെക്കുലറിസം എന്നാൽ മതനിഷേധമാണ് എന്ന് അവതരിപ്പിച്ചുകൊണ്ട് മതത്തെ മാറ്റിനിർത്തുന്നതോടുകൂടി, മതനിരപേക്ഷത ഒരു സമുന്നത ആദർശമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഇത് മതം ഒരു അപകടകാരിയായ യാഥാർത്ഥ്യമായി മാധ്യമങ്ങളിലും പൊതുവേദികളിലും അവതരിപ്പിക്കപ്പെടുന്നതിലേയ്ക്ക് എത്തുന്നു. അതോടൊപ്പം മതാചാര്യന്മാർ ഇടുങ്ങിയ ചിന്താഗതി പുലർത്തുന്നവരെന്ന് പരക്കെ വീക്ഷിക്കപ്പെടാൻ ഇടയാകുകയും ചെയ്യുന്നു. കേരള സമൂഹത്തിൽ, വിശിഷ്യ ന്യൂ ജനറേഷൻറെയും വിദ്യാസമ്പന്നരുടെയും ഇടയിൽ വലിയ പ്രചാരം ലഭിച്ചിരിക്കുന്ന ആദർശമാണ് "മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്നത്. ജാതിമതചിന്തയാൽ സമൂഹം വിഷലിപ്തമായ ഒരു കാലഘട്ടത്തിലാണ് ശ്രീ നാരായണഗുരു ഈ ദർശനം അവതരിപ്പിച്ചത്. മതങ്ങൾ ലക്ഷ്യമിടേണ്ടത് മനുഷ്യൻറെ നന്മയാണ്.

ആയതിനാൽ മതത്തേക്കാൾ പ്രാധാന്യം മനുഷ്യ നന്മയ്ക്കാണ് എന്നു വ്യക്തം. ഏതെങ്കിലും ഒരു മതത്തിൻറെ അംഗത്വം ഒരുവനെ നന്മയിൽ എത്തിക്കുന്നില്ല. മതത്തിൻറെ പേരിൽ പരസ്പരം കലഹിക്കേണ്ടതില്ല. ഈവിധമുള്ള ആദർശങ്ങളെല്ലാം ഉൾക്കൊള്ളുന്ന സുന്ദരമായ ചിന്താധാരയാണിത്. എന്നാൽ ഈ കാലഘട്ടത്തിൽ മതനിരപേക്ഷതയുടെ പേരിലും സ്വകാര്യലാഭത്തിൻറെ പേരിലും മതത്തിൻറെ നിബന്ധനകളെ മറികടക്കാനുള്ള ഉപാധിയായി ചിലരെങ്കിലും എടുത്തുപയോഗിക്കുന്നതായി തോന്നുന്നു. മതജീവിതത്തെ ആപേക്ഷികമായി കരുതാൻ ഇടയാക്കുന്നു എന്നതാണ് ഇതിൻറെ പരിണിതഫലം. ഇവിടെ സംഭവിക്കുന്ന അപകടങ്ങൾ ആശയപരവും പ്രായോഗികപരവുമാണ്. മതത്തിൻറെ പ്രസക്തി ഇല്ലാതാകുന്നു എന്നതാണ് ഒരു വിപത്ത്. മതത്തെയും നന്മയെയും ആപേക്ഷികവത്ക്കരിക്കുകയും മതത്തെ നന്മയ്ക്കു തടസമായി നിൽക്കുന്ന സംവിധാനമായി അവതരിപ്പിക്കാൻ പ്രേരണ നൽകുകയും ചെയ്യുന്നു എന്നതാണ് മറ്റൊന്ന്.
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന പ്രസ്താവനയുടെ അപഗ്രഥനത്തിൽ ഉയർന്നുവരുന്ന ഏതാനും ചോദ്യങ്ങളുണ്ട്. മതമേതായാലും മനുഷ്യനു നന്നാകാൻ കഴിയുമോ എന്നതാണ് ഒന്നാമത്തെ ചോദ്യം. തെറ്റായ ദൈവദർശനവും തെറ്റായ മനുഷ്യദർശനവും അപക്വമായ ധാർമ്മിക മൂല്യങ്ങളും അനാചാരങ്ങളും പുലർത്തുന്ന മതമുണ്ടെങ്കിൽ ആ മതത്തിന് എങ്ങനെ മനുഷ്യനെ നന്മയിലേക്കു നയിക്കാൻ കഴിയും? അതുപോലെതന്നെ പ്രസക്തമായ മറ്റൊരു ചോദ്യമാണ്, എല്ലാ മതങ്ങളും ഒരേവിധം മനുഷ്യനെ നന്മയിലേക്കു നയിക്കാൻ പര്യാപ്തങ്ങളാണോ എന്നത്.

രണ്ടാമതായി ഉയർന്നു വരുന്ന ചോദ്യം മതങ്ങൾ കൂടാതെ മനുഷ്യന് നന്മയിൽ വളരാൻ കഴിയുമോ എന്നതാണ്. "മതം ഏതായാലും" എന്നത് മതത്തിൻറെ സാംഗത്യത്തെത്തന്നെ ചോദ്യം ചെയ്യുന്നില്ലേ? മനുഷ്യ നന്മയ്ക്ക് മതങ്ങൾ അനിവാര്യമാണോ? മൂന്നാമതായി, "നന്നായാൽ മതി" എന്ന പ്രസ്താവന ചില അവ്യക്തതകൾ ഉൾക്കൊള്ളുന്നതല്ലേ എന്ന സംശയം ഉദിക്കുന്നു. എന്താണ് "നന്നാവുക" എന്നാൽ അർത്ഥമാക്കുന്നത്? എപ്പോഴാണ് മനുഷ്യൻ നന്നാവുന്നത്? ഇത് ഓരോരുത്തരുടേയും വീക്ഷണങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നതല്ലേ? മനുഷ്യൻ കേവലം "നന്നായാൽ" മാത്രം മതിയോ? "നന്നാവുക" എന്നതുകൊണ്ട് മനുഷ്യൻ പ്രാപിക്കേണ്ട ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുമോ? "നന്നാവുക" എന്ന അവസ്ഥയിൽനിന്ന് "പൂർണനാവുക" എന്ന അവസ്ഥയിലേക്കുള്ള വളർച്ചയല്ലേ യഥാർത്ഥത്തിൽ മതങ്ങൾ ലക്ഷ്യം വയ്ക്കേണ്ടത്? അത് ആത്മീയ, ധാർമ്മിക മണ്ഡലങ്ങളിലെ പൂർണത ഉൾക്കൊള്ളുന്നതല്ലേ? അങ്ങനെയെങ്കിൽ മനുഷ്യനു പൂർണനാകാൻ മതങ്ങൾ എങ്ങനെ സഹായിക്കുന്നു? പ്രബോധനത്തിലും പ്രവർത്തനത്തിലും പൂർണത പ്രകടിപ്പിക്കാൻ കഴിയാത്ത മതങ്ങളുണ്ടെങ്കിൽ അവയ്ക്ക് മനുഷ്യനെ പൂർണതയിലെത്തിക്കാൻ കഴിയുമോ? മനുഷ്യനെ പൂർണതയിലെത്തിക്കുന്ന മതമുണ്ടോ? എന്താണ് മനുഷ്യൻ പ്രാപിക്കേണ്ട പൂർണത?

ഈവിധ ചോദ്യങ്ങളുടെ വെളിച്ചത്തിൽ വേണം ക്രിസ്തുമതത്തിൻറെ ആത്മീയ, മതാത്മക, ധാർമ്മിക മണ്ഡലങ്ങളെ വിലയിരുത്താനും പരിശോധിക്കാനും. ക്രിസ്തുമതം പൂർണത വിഭാവനം ചെയ്യുന്നുണ്ടോ? അതിൻറെ പ്രായോഗികത എങ്ങനെ നിറവേറ്റപ്പെടുന്നു?

ക്രിസ്തീയത അഭിമുഖീകരിക്കുന്ന മറ്റൊരു വെല്ലുവിളിയാണ് മതതീവ്രവാദം. ഒരുപക്ഷേ മതതീവ്രവാദം ഈ കാലഘട്ടത്തിലെന്നപോലെ ഇത്രയേറെ ഭീകരമായ രൂപം സ്വീകരിച്ചിട്ടുള്ള മറ്റൊരു കാലഘട്ടം മനുഷ്യചരിത്രത്തിൽ ഇതിനുമുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഇവിടെ ക്രിസ്തീയത അഭിമുഖീകരിക്കുന്ന വെല്ലുവിളി സ്നേഹത്തിൻറെ തലത്തിലുള്ളതാണ്. സ്നേഹവും ക്ഷമയും ജീവിത പ്രമാണമായി സ്വീകരിച്ചിട്ടുള്ള ക്രിസ്തുമതത്തിന് എങ്ങനെ അതിനെതിരെ ഉയർന്നുവരുന്ന വിദ്വേഷാഗ്നിയെ തടയാനാകും? ക്രിസ്തീയസ്നേഹത്തെ പ്രകടമാക്കാനുള്ള വെല്ലുവിളിയാണ് മത ഭീകരവാദം നമുക്ക് മുൻപിൽ ഉയർത്തുന്നത്. ക്രിസ്തീയതയ്ക്ക് എങ്ങനെ അതിൻറെ ആദർശം ജീവിച്ച് മുന്നോട്ടുപോകാൻ കഴിയും എന്ന ചോദ്യം ഏറെ പ്രസക്തമാകുകയാണ് ഈ കാലഘട്ടത്തിൽ.

4. തീസിസ്സിനുള്ളിലെ ആൻറി തീസിസ്സ്

ക്രിസ്തീയത അതിൻറെ തത്വത്തിലും ആദർശത്തിലും ഒരു ആൻറി തീസിസ്സ് ഉൾക്കൊണ്ടിട്ടുള്ള മതമാണോ? വൈരുദ്ധ്യങ്ങൾ ഈ മതത്തിൽ എങ്ങനെ കടന്നുവന്നിരിക്കുന്നു? അവയെ എങ്ങനെ മനസ്സിലാക്കാനാവും? ഈ വിധ ചോദ്യങ്ങൾ ഏറെ അർത്ഥപൂർണമാണ് ഇത്തരുണത്തിൽ. ലോകത്തിലായിരിക്കുക എന്നത് അതിൻറെ വിളിയുടെയും ലോകത്തിൻറേതല്ലാതായിരിക്കുക എന്നത് അതിൻറെ ശൈലിയുടെയും ഭാഗമാണ്. ഇവ തമ്മിലുള്ള ഒരു വൈരുദ്ധ്യം ക്രിസ്തീയതയുടെ അസ്തിത്വത്തിൽത്തന്നെ ഉൾച്ചേർന്നിരിക്കുന്നു. കൂടുതൽ സ്പഷ്ടമാക്കിയാൽ സ്നേഹപ്രമാണത്തിൽ അധിഷ്ഠിതമായ മതമാണ് ക്രിസ്തുമതം. സ്നേഹമാകട്ടെ സ്വയം ദാനത്തിലും, ശൂന്യവൽക്കരണത്തിലുമാണ് പൂർണത കണ്ടെത്തേണ്ടത്. ശൂന്യവൽക്കരണത്തിലും സ്വയം ദാനത്തിലും അധിഷ്ഠിതമായ മതത്തിന് എങ്ങനെ ഈ ലോകത്ത് നിലനിൽക്കാനാവും? അതു സ്വയം ഇല്ലായ്മയായിത്തീരുകയല്ലേ ചെയ്യുന്നത്? അങ്ങനെ ക്രിസ്തീയതയുടെ അടിസ്ഥാനഭാവംതന്നെ അതിൻറെ ഈ ലോകത്തിലെ നിലനിൽപ്പിനു വിരുദ്ധമായി ഭവിക്കുകയല്ലേ ചെയ്യുന്നത്?

ഭൂമിയുടെ ഉപ്പും ലോകത്തിൻറെ പ്രകാശവും ആയിത്തീരുക എന്ന ആഹ്വാനം വ്യക്തമാക്കുന്നത് സ്വയം ശൂന്യവൽക്കരണമല്ലേ? ഉപ്പ് അതായിരിക്കുന്ന അവസ്ഥയിൽ തുടരാനുള്ളതല്ല, ലയിച്ചില്ലാതായി രുചി പകരാനുള്ളതാണല്ലോ. പ്രകാശവും ഓരോ നിമിഷവും സ്വയം നഷ്ടപ്പെടുത്തലിൻറെ കഥയല്ലേ പങ്കുവെക്കുന്നത്? ഇപ്രകാരം ക്രിസ്തീയത സ്നേഹപ്രമാണത്തിലൂടെ ലോകത്ത് സ്വയം നഷ്ടപ്പെടുത്തലിനായി വിളിക്കപ്പെട്ടിരിക്കുന്നു എന്നതാണ് അതിൻറെ അസ്തിത്വത്തിൽത്തന്നെയുള്ള വൈരുദ്ധ്യം! ക്രിസ്തീയതയ്ക്കു സ്നേഹപ്രമാണത്തിലധിഷ്ഠിതമായി ഈ ലോകത്ത് പിടിച്ചുനിൽക്കാനാവുമോ? ഈ ചോദ്യം ഏറെ പ്രസക്തമാവുകയാണ് സ്നേഹത്തിനു വിരുദ്ധമായ പ്രവർത്തനങ്ങൾ ക്രിസ്തീയത അഭിമുഖീകരിക്കേണ്ടി വരുമ്പോൾ. അഥവാ സ്നേഹപ്രമാണത്തിൽ ഊന്നി നിന്നുകൊണ്ട് ക്രിസ്തീയതയ്ക്ക് ഈ ലോകത്തിൽ എങ്ങനെ മുന്നോട്ടുപോകാൻ കഴിയും? ചുരുക്കത്തിൽ, ലോകത്തിൻറെ മാർഗം അവലംബിക്കാതെ എങ്ങനെ ലോകത്ത് വളർച്ച പ്രാപിക്കാൻ കഴിയും?
അതുപോലെതന്നെ, സുവിശേഷം അവതരിപ്പിക്കുന്ന യേശുവിൻറെ ഗിരിപ്രഭാഷണം ഏറെ വൈരുദ്ധ്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. ദരിദ്രർ, ദുഃഖിതർ എന്നിവരൊക്കെ അനുഗൃഹീതരാണ്! ശാന്തശീലരും കരുണയുള്ളവരും അനുഗൃഹീതരാണ്! ഈ പ്രസ്താവനകളൊക്കെയും ആധുനികലോകത്തിൽ ജീവിത വിജയം ആഗ്രഹിക്കുന്ന മനുഷ്യന് എങ്ങനെ ഉൾക്കൊള്ളാനാകും?

5. ക്രിസ്തീയതയ്ക്കുള്ളിൽ വളരുന്ന ജീർണ്ണത

എന്താണ് നമ്മുടെ സഭ ഈ കാലഘട്ടത്തിൽ അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രതിസന്ധി? പുതിയ തലമുറയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണോ? കുടുംബങ്ങളിൽ സന്ധ്യാപ്രാർത്ഥന കുറയുന്നു എന്നതാണോ? ദൈവവിളിയോടുള്ള ആഭിമുഖ്യം കുറയുന്നതാണോ? മക്കളുടെ എണ്ണം കുറയുന്നതാണോ? ഇതര മതങ്ങൾ നമ്മെ ഒറ്റപ്പെടുത്തുന്നു എന്നതാണോ? മാധ്യമങ്ങൾ നമ്മെ രാവും പകലും ഇടതടവില്ലാതെ വിമർശിക്കുന്നു എന്നതാണോ? ഇവയിലെല്ലാം പ്രതിസന്ധികളുടെ അംശങ്ങളുണ്ട് എന്നതു സത്യംതന്നെ. എന്നാൽ സഭയിന്ന് അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രതിസന്ധി സഭയ്ക്കുള്ളിലെ ജീർണതയാണ്. സഭാശുശ്രൂഷകരുടെ ആത്മീയതയുടെ അധഃപതനമാണ് സഭയുടെ ആന്തരികമുറിവ്. സുവിശേഷമൂല്യങ്ങൾ ജീവിക്കുന്നതിൽ പരാജയപ്പെട്ട സഭാതനയരാണ് സഭയുടെ നൊമ്പരം. ആത്മീയതയെക്കാൾ ഭൗതികതയ്ക്ക് പ്രാധാന്യം കല്പിക്കുന്ന സമർപ്പിതരാണ് സഭയുടെ ദുഃഖം. ദൈവികജ്ഞാനത്തിൻറെ തെളിച്ചം കുറഞ്ഞ പ്രഘോഷകരാണ് സഭയുടെ വേദന. ശുശ്രൂഷയെക്കാൾ അധികാരക്കസേരകളെ സ്നേഹിക്കുന്ന അജപാലകരാണ് സഭയുടെ രോദനം. ക്രിസ്തുവിൻറെ മുഖം വികൃതമാക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവരുടെ വീഴ്ചകളാണ് സഭയുടെ കണ്ണുനീർ. ഇതാണ് സഭ അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രതിസന്ധി. ക്രിസ്തീയതയ്ക്കുള്ളിൽ ഉടലെടുക്കുന്ന അപചയങ്ങൾ തന്നെയല്ലേ ക്രിസ്തീയതയെ തകർക്കുന്ന ആൻറി തീസിസ്സ്? ക്രിസ്തീയത അവതരിപ്പിക്കുന്ന സ്നേഹപ്രമാണത്തിനും നന്മപൂർണതക്കും എതിരായി അതിനുള്ളിൽത്തന്നെ വളർന്നുവരുന്ന എല്ലാ അപചയങ്ങളും ക്രിസ്തീയതയെ തകർക്കുകയല്ലേ ചെയ്യുന്നത്? വിദ്വേഷം, അസത്യം, അനീതി, അധർമ്മം എന്നിവയൊക്കെ താൽക്കാലിക വിജയങ്ങളും നേട്ടങ്ങളും ലോകത്ത് സമ്മാനിച്ചാൽത്തന്നെയും അവയൊക്കെയും ക്രിസ്തീയതയെ അതല്ലാതാക്കിത്തീർക്കുകയല്ലേ ചെയ്യുന്നത്? ക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവസങ്കൽപ്പത്തിനു നിരക്കാത്ത എല്ലാ പ്രബോധനങ്ങളും ക്രിസ്തീയതയെ തകർക്കുന്ന എതിർഘടകങ്ങളായിത്തീരുന്നു. ക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട മനുഷ്യദർശനത്തിനും മാനവികതക്കും വിരുദ്ധമായി നാം പിൻതുടരുന്ന എല്ലാ നയങ്ങളും അനുഷ്ഠാനങ്ങളും യഥാർത്ഥ ക്രിസ്തീയതയെ നശിപ്പിക്കുകയല്ലേ ചെയ്യുന്നത്. ക്രിസ്തുവിലൂടെ വെളിപ്പെട്ട സ്നേഹപ്രമാണത്തിനു വിരുദ്ധമായ എല്ലാ നിലപാടുകളും ക്രിസ്തീയതയെ തകർത്തുകൊണ്ടിരിക്കുന്നു എന്നു കരുതേണ്ടതല്ലേ? ഇവയൊക്കെയാണ് ക്രിസ്തീയതക്കുള്ളിൽ വളരുന്ന ആൻറി തീസിസ്സ്. ഇവ വികലമായ പ്രബോധനങ്ങളോ തെറ്റായ ആചാരനുഷ്ഠാനങ്ങളോ അധാർമ്മിക പ്രവർത്തനങ്ങളോ ആയി പ്രകടമായിക്കൊണ്ടിരിക്കുന്നു. സത്യത്തിലധിഷ്ഠിതമായ ഒരു സംവിധാനമോ പ്രസ്ഥാനമോ താത്കാലിക കാര്യസാധ്യത്തിനും വിജയത്തിനുമായി അസത്യത്തെ കൂട്ടുപിടിക്കുമ്പോൾ അത് സ്വയം നശീകരണത്തിൻറെ പാതയിലാണ് സഞ്ചരിക്കുന്നത് എന്ന് സ്പഷ്ടം. സ്നേഹവും കരുണയും അടിസ്ഥാന ഭാവമായിരിക്കേണ്ട ക്രിസ്തീയത വെറുപ്പും മാൽസര്യവും പ്രകടിപ്പിച്ചാൽ അത് സ്വയം തകരാൻ വിട്ടുകൊടുക്കുന്നു എന്നു സാരം. സ്വയം ശൂന്യവൽക്കരണത്തിൽ വളരേണ്ട പ്രസ്ഥാനം സ്വാർത്ഥതയിൽ വളർച്ച കാണാൻ ശ്രമിക്കുമ്പോൾ സ്വയം അന്ത്യം കുറിക്കുന്നു. ലാളിത്യം ജീവിതശൈലിയാക്കേണ്ടിടത്ത് ആഡംബരവും സുഖലോലുപതയും വ്യാപിക്കുമ്പോൾ പ്രസ്ഥാനം കടപുഴകി വീഴാനിടയാകുന്നു. പ്രത്യക്ഷത്തിൽ ലോകത്തിൻറെ ശൈലി സ്വീകരിക്കുക വഴി വളരുകയാണെന്നു തോന്നാമെങ്കിലും യഥാർത്ഥ ക്രിസ്തീയത ഇല്ലാതായിത്തീരുകയും ലോകത്തിൻറെ മുഖമുള്ള മറ്റൊരു മതമായി അതു മാറുകയും ചെയ്യുന്നു എന്നതല്ലേ വസ്തുത? ആൻറി തീസിസ്സ് വളർന്ന് ക്രിസ്തീയതയെ അതിൻറെ വിരുദ്ധമായ മറ്റൊരു മതമാക്കിത്തീർത്തുകൊണ്ടിരിക്കും എന്നതാണ് ചരിത്രത്തിൽ ക്രിസ്തുമതം നേരിടുന്ന ഏറ്റവും വലിയ അപകടം. അങ്ങനെ രൂപം കൊള്ളുന്ന മതശൈലിയാകട്ടെ, ലോകത്തോട് കൂടുതൽ സാദൃശ്യമുള്ളതും ലോകത്തിൽ എളുപ്പം പിടിച്ചുനിൽക്കാൻ കഴിയുന്നതും ആയിരിക്കും. എന്നാൽ അതു ക്രിസ്തുവിൻറേതായിരിക്കുകയില്ല. ഇതാണ് ക്രിസ്തീയതയ്ക്കുള്ളിൽ വളരുന്ന ശക്തമായ വൈരുദ്ധ്യം; തീസിസ്സിനുള്ളിൽ വളരുന്ന ആൻറി തീസിസ്സ്. ഇതിൻറെ പ്രകടിതരൂപങ്ങളാണ് പ്രബോധനത്തിൽ പ്രത്യക്ഷപ്പെടുന്ന വ്യതിചലനങ്ങൾ, ആചാരാനുഷ്ഠാനങ്ങളിൽ കുടുങ്ങിക്കഴിയുന്ന അവസ്ഥ, ധർമ്മത്തെയും മൂല്യങ്ങളെയും പ്രായോഗികതയുടെ പേരിൽ ആപേക്ഷികമായി കരുതുന്ന പ്രവണതകൾ എന്നിവയെല്ലാം. ഇത് വളരെയധികം പ്രകടമായ വിധം പ്രത്യക്ഷപ്പെടുമ്പോൾ നയിക്കുന്നവർ നയിക്കപ്പെടുന്നവർക്കു പിന്നിലായിത്തീരുന്ന അവസ്ഥാവിശേഷം ആത്മീയ ജീവിതത്തിൽ സംഭവിക്കുന്നു. ഇതാണ് വൈരുദ്ധ്യം വളരുന്നതിൻറെ ഏറ്റവും പ്രകടമായ തെളിവ്. ഉപ്പ് ഉറകെട്ടുപോകുന്ന അവസ്ഥ! വിളക്ക് അണയാൻ തുടങ്ങുന്ന അവസ്ഥ! അത്തിവൃക്ഷം ഇലച്ചാർത്തുള്ളതും എന്നാൽ ഫലമില്ലാതായിരിക്കുകയും ചെയ്യുന്ന അവസ്ഥ! ഇത് ക്രിസ്തീയതയെ പ്രതിനിധാനം ചെയ്യുന്ന വ്യക്തികളുടെയും ആത്മീയ സൗധങ്ങളായ സന്യാസ സഭകളുടെയും അപചയംമൂലം ഉളവാകുന്ന ഇടർച്ചയും, സാധാരണക്കാരായ വിശ്വാസികളുടെ ജീവിതത്തിലെ വീഴ്ചകളും ഒത്തുചേർന്നതാണ്. ഒപ്പം ഇത് അംഗങ്ങളുടെ വിശ്വാസത്തിൻറെ കുറവും മതജീവിതത്തോടുള്ള നിസ്സംഗതയും ധാർമ്മിക ജീവിതത്തിൻറെ അപചയങ്ങളും ഉൾക്കൊള്ളുന്നതാണ്. ഈ തകർച്ചകൾ യഥാർത്ഥ ക്രിസ്തീയ ജീവിതം എന്തെന്ന് കാണിച്ചുകൊടുക്കാനുള്ള വെല്ലുവിളി അതിശക്തമായി ഉയർത്തിക്കൊണ്ടിരിക്കുന്നു. ക്രിസ്തീയതയ്ക്കെതിരെ ഉയരുന്ന ഓരോ വിമർശനവും കുറ്റപ്പെടുത്തലും ക്രിസ്തീയതയുടെ തനിമയെന്തെന്ന് ഉയർത്തിക്കാണിക്കാനുള്ള വെല്ലുവിളി ഉൾക്കൊള്ളുന്നതാണ് എന്നു സ്പഷ്ടം.

ക്രിസ്തുവിനെ ലോകത്ത് അവതരിപ്പിക്കുകയാണ് ക്രൈസ്തവധർമ്മം. അത് ക്രിസ്തു ആരാണെന്നുള്ള അവികലവും പൂർണവുമായ പഠനം ഉൾക്കൊള്ളുന്നതായിരിക്കണം എന്നു തീർച്ച. എന്നാൽ ക്രിസ്തു ആരാണെന്നുള്ള പഠനം പോലതന്നെ പ്രസക്തമാണ് ക്രിസ്തുവിൻറെ പ്രബോധനങ്ങളും പ്രവർത്തനങ്ങളും നല്കുന്ന സന്ദേശം ഗ്രഹിക്കുക എന്നത്. ഇവയെ അവതരിപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന സഭയ്ക്ക് ഇത് കേവലം പ്രഘോഷണ വിഷയങ്ങൾ മാത്രമല്ല, സഭയുടെ ജീവിതശൈലി തന്നെയാണ് എന്ന സത്യം വിസ്മരിക്കപ്പെടാനിടയാകരുത്. ക്രിസ്തുവിനെയും ക്രിസ്തുവിൻറെ പ്രബോധനങ്ങളെയും അവതരിപ്പിക്കേണ്ടത് പ്രഥമവും പ്രധാനവുമായി ജീവിത സാക്ഷ്യത്തിലൂടെയാണ്. ഈ മേഖലയിൽ സഭയിൽ ഉണ്ടാകാവുന്ന അപചയങ്ങളാണ് ആൻറി തീസിസ്സായി പ്രബലപ്പെടുന്നത്. ലോകത്തിൻറെ ആദർശങ്ങൾ ക്രിസ്തീയശൈലിയായി മാറുന്നിടത്ത് സഭയ്ക്ക് കൈമോശം വരുന്നത് ക്രിസ്തുദർശനമാണ്. ക്രിസ്തുശിഷ്യനിലേക്ക് നോക്കുമ്പോൾ ലോകം ക്രിസ്തുവിനെ ദർശിക്കാനിടയാകണം. ക്രിസ്തുവിൻറെ ആദർശങ്ങൾക്ക് വിരുദ്ധമായവയാണ് ക്രിസ്തുശിഷ്യനിൽ തെളിയുന്നതെങ്കിൽ വികൃതമാകുന്നത് ക്രിസ്തുവിൻറെ മുഖമായിരിക്കും.
ഇതുവരെയും നാം പ്രതിപാദിച്ചതിൻറെ ചുരുക്കം ഇതാണ്: ആധുനിക സമൂഹത്തിൽ ക്രിസ്തീയത വ്യത്യസ്തങ്ങളായ മണ്ഡലങ്ങളിൽ നിന്ന് വെല്ലുവിളികൾ നേരിട്ടുകൊണ്ടാണിരിക്കുന്നത്. അവയെല്ലാം യഥാർത്ഥ ക്രിസ്തീയത എന്തെന്നു ചിന്തിക്കാനും ക്രിസ്തീയതയുടെ തനിമയെ അവതരിപ്പിക്കാനും നമ്മെ നിർബന്ധിക്കുന്നു. എന്തുകൊണ്ട് ക്രിസ്ത്യാനിയായിരിക്കുന്നു എന്ന് നമ്മുടെ ക്രിസ്തീയ അസ്തിത്വത്തെക്കുറിച്ച് ചോദ്യം ഉയരുമ്പോൾ അതിനുത്തരം നൽകാൻ കഴിവുള്ളവരായിരിക്കണമല്ലോ നാം.
ആധുനികകാലഘട്ടത്തിൽ സമൂഹത്തിൽ വന്ന മാറ്റങ്ങൾ ക്രിസ്തീയതയുടെ മേൽ അപ്രതിരോധ്യമാം വിധം ആഘാതങ്ങളേൽപിച്ചുകൊണ്ടാണിരിക്കുന്നത്. സഭ നിരന്തരം കാലത്തിൻറെ ചുവരെഴുത്തുകൾ വായിച്ചുകൊണ്ട് സ്വയം നവീകരിക്കപ്പെടേണ്ടതുണ്ട്. 

 

 

christianity challenges james kiliyananikkal challenges faced christianity Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message